Wednesday, August 26, 2026

വീണ്ടും തളിർക്കുന്ന പൂവുകൾ

 



പതിനഞ്ച് വർഷങ്ങൾ...!  അത്രയും കാലം ആയി ദേവൻ്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞിട്ട്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച, പത്തിൽ എട്ട് പൊരുത്തവും തികഞ്ഞ നല്ലൊരു വിവാഹം ആയിരുന്നു അവരുടേത്. നല്ല കുടുംബം, വിദ്യാഭ്യാസം, ജോലി... രണ്ട് വർഷം കൊണ്ട് ഒരു കുഞ്ഞും പിറന്നു.  എല്ലാം കൊണ്ടും മാതൃകാ ദമ്പതികൾ. 


പക്ഷേ, പരസ്പരം എടുത്ത് പറയാൻ കുറ്റമോ കുറവുകളോ ഒന്നും ഇല്ലായിരുന്നുവെങ്കിലും പതുക്കെ പതുക്കെ അവർ തമ്മിലുള്ള ആ സ്നേഹം ഒരു തരം യാന്ത്രികമായ ഒന്നായി മാറിക്കൊണ്ടിരുന്നത് അവർ ഇരുവരും തിരിച്ചറിയാതെ പോയി.


വർഷങ്ങൾ കഴിഞ്ഞപ്പോൾ ദേവൻ എന്ന പുരുഷന്റെ നിഴലായി ലക്ഷ്മി ആ വീട്ടിൽ ജീവിച്ചു. അവർ ഒരേ മേശയിൽ ഭക്ഷണം പങ്കിട്ടു, ഒരേ മേൽക്കൂരയ്ക്കടിയിൽ രാവുകൾ പിന്നിട്ടു,  മകളുടെ മാതാപിതാക്കളായി അവരവരുടെ കടമകൾ നിറവേറ്റി. പക്ഷേ, ഒരിക്കൽ പോലും അവർ പരസ്പരം 'കണ്ടിരുന്നില്ല'. 'കാണുക' എന്നാൽ വെറും കാഴ്ചയല്ലല്ലോ... അത് മറ്റൊരാളുടെ ആത്മാവിലേക്കുള്ള ഇറങ്ങിനടപ്പാണ്. ആ ആത്മബന്ധം അവർക്കിടയിൽ എവിടെയോ വെച്ച് അവർ പോലുമറിയാതെ അറ്റുപോയിരുന്നു.


വല്ലപ്പോഴുമൊക്കെ ലക്ഷ്മി ചോദിക്കുമായിരുന്നു, "ഇന്ന് ഓഫീസിൽ കാര്യങ്ങളൊക്കെ എങ്ങനെയായിരുന്നു?"


ദേവൻ പതിവായി മറുപടി പറയും, "ഓ... എല്ലാം പതിവ് പോലെ."


ആ 'പതിവ് പോലെ' എന്ന ഒറ്റവാക്കിൽ ഒളിച്ചിരുന്ന മൗനങ്ങളെക്കുറിച്ച് ലക്ഷ്മി പിന്നീട് അന്വേഷിച്ചതേയില്ല. ദേവൻ അത് പങ്കുവെച്ചതുമില്ല. വീട്ടമ്മയായി ജീവിതം കഴിച്ചു തീർക്കുന്ന ലക്ഷ്മിയുടെ വിശേഷങ്ങൾ ദേവൻ തിരക്കാറില്ല, അവളും  അതൊട്ടു പറഞ്ഞതുമില്ല.


അല്ലെങ്കിലും, പറയാൻ ആളില്ലാതാകുമ്പോൾ വാക്കുകൾ സ്വയം മരിച്ചു വീഴുമല്ലോ. അവരുടെ സംഭാഷണങ്ങളും അങ്ങനെ നിശ്ശബ്ദമായി.


വർഷങ്ങൾ ഒരു നദി പോലെ ഒഴുകിപ്പോയി. രാവിലെ ഒരു കപ്പ് ചായ, ഉച്ചയ്ക്കൊരു ഊണ്, വൈകുന്നേരങ്ങളിൽ ടി.വി, രാത്രിയിൽ ഒരു ബെഡ് റൂമിൽ ഒരേ കട്ടിലിൽ  ഉറക്കം... ലക്ഷ്മി ദേവന്റെ ഭാര്യയായി ജീവിച്ചു, ദേവൻ ലക്ഷ്മിയുടെ ഭർത്താവും... അത്രമാത്രം. 


'പ്രണയം' എന്ന വാക്ക് അവരുടെ ജീവിതത്തിലെ പൊടിപിടിച്ച അലമാരയിൽ, ആരും തുറക്കാത്ത ഒരു പഴയ പുസ്തകമായി അടഞ്ഞുകിടന്നു.


"ചിലപ്പോൾ പ്രണയം മരിക്കുകയല്ല ചെയ്യുന്നത്, അത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഏതെങ്കിലും മൗനത്തിന്റെ തണലിൽ ഒളിച്ചിരിക്കുകയാണ്..."


അതൊരു ഒരു വെള്ളിയാഴ്ച ആയിരുന്നു.  ലക്ഷ്മിയുടെ അമ്മയ്ക്ക് പെട്ടെന്ന് ഒരു ഹൃദയാഘാതമുണ്ടായി. വിവരമറിഞ്ഞ ഉടൻ ലക്ഷ്മി ആശുപത്രിയിലെത്തി. അവിടെ നിന്ന് ആകുലതയോടെ ദേവനെ ഫോണിൽ വിളിച്ചപ്പോൾ അവളുടെ ശബ്ദം ഇടറി: "അമ്മയ്ക്ക്... പെട്ടെന്ന് ഒരു നെഞ്ചു വേദന, ഞാൻ ആശുപത്രിയിൽ ആണ്. ഇപ്പോൾ പേടിക്കാൻ ഒന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. എങ്കിലും..."  വാചകം പൂർത്തിയാക്കാൻ അവൾക്കായില്ല.


വിവരം അറിഞ്ഞതും ദേവൻ ഓഫീസിൽ നിന്ന് തിടുക്കത്തിലിറങ്ങി, ഇരുപത് മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി. ആശുപത്രി കോറിഡോറിലെ തണുത്ത സ്റ്റീൽ കസേരയിൽ, കൈകൾ മടിയിൽ കൂട്ടിപ്പിടിച്ച് ലക്ഷ്മി ഇരിപ്പുണ്ടായിരുന്നു. കരഞ്ഞു തളർന്ന ആ കണ്ണുകളിൽ നിസ്സഹായത മാത്രം. ദേവൻ അടുത്തെത്തി, അവൻ ഒന്നും  മിണ്ടിയില്ല, സൗമ്യമായി തന്റെ കൈ അവളുടെ തോളിൽ ചേർത്തു വച്ചു.


ആ സ്പർശം... പതിനഞ്ച് വർഷത്തിനിടയിൽ ദേവൻ അവളെ ഒരുപാട് തവണ സ്പർശിച്ചിട്ടുണ്ട്, ആശ്ലേഷിച്ചിട്ടുണ്ട്, കൈ  പിടിച്ചിട്ടുണ്ട്. എന്നാൽ ഈ സ്പർശനത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിൽ... "ഞാൻ നിന്നോടൊപ്പമുണ്ട്" എന്ന ഉറപ്പുണ്ടായിരുന്നു. ഒരു കാറ്റിൽ ശാന്തമായി ചരിയുന്ന ദുർബലമായ മരം എന്ന പോലെ, ലക്ഷ്മി  അവൾ പോലും അറിയാതെ അവന്റെ തോളിലേക്ക് ചാഞ്ഞു.


ആ രാത്രി, ആശുപത്രിയിലെ മങ്ങിയ വെളിച്ചത്തിൽ ലക്ഷ്മി ആദ്യമായി ദേവനെ മറ്റൊരു വീക്ഷണ കോണിലൂടെ ശരിക്കും കണ്ടു. അവന്റെ കണ്ണിനടിയിലെ കറുപ്പും, നെറ്റിയിലെ ചുളിവുകളും, തലമുടിയിലെ നരയുമൊക്കെ അവൾ അന്നാണ് ശ്രദ്ധിക്കുന്നത്. ഇത്രയും കാലം 'ഭർത്താവ്' എന്ന പദവിയെ മാത്രം കണ്ടിരുന്ന അവൾ, അന്ന് തനിക്കായി ഓടിയെത്തിയ, ക്ഷീണിതനായ ഒരു മനുഷ്യനെ തിരിച്ചറിഞ്ഞു. ഇത്ര കാലം താനിത് എങ്ങനെ ശ്രദ്ധിക്കാതെ പോയെന്ന് അവളന്നു ആദ്യമായി ആശ്ചര്യപ്പെട്ടു.


"നീ വല്ലതും കഴിച്ചോ?" ദേവൻ ഒരു മന്ത്രണം പോലെ അവളോട് ചോദിച്ചു.


ലക്ഷ്മി ഇല്ലെന്ന മട്ടിൽ തലയാട്ടി.


ദേവൻ ഒന്നും പറയാതെ എഴുന്നേറ്റുപോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പേപ്പർ കപ്പിൽ ചൂടുചായയും മറു കയ്യിൽ ഒരു കൂട് ബിസ്കറ്റുമായി തിരിച്ചെത്തി. 


"നീയിത് കുടിക്ക്... തണുത്തുപോയാൽ വേറെ വാങ്ങിത്തരാം."


വലിയ സ്നേഹപ്രകടനങ്ങളോ പ്രണയവാക്കുകളോ വില പിടിച്ച ഭക്ഷണമോ അവിടെയുണ്ടായിരുന്നില്ല. എന്നാൽ ആ ചെറിയ ഒരു കപ്പ് ചായയിലും ആ കരുതൽ വാചകത്തിലും ലക്ഷ്മിക്ക് ഒരു ആയുസ്സിന്റെ മുഴുവൻ സ്നേഹവും അനുഭവപ്പെട്ടു.


"വലിയ വാക്കുകളിലല്ല പ്രണയം വസിക്കുന്നത്, തികച്ചും ലളിതമായ ചില കരുതലിന്റെ നിമിഷങ്ങളിലാണ്."


അമ്മയുടെ ആശുപത്രിവാസം അഞ്ച് ദിവസത്തോളം നീണ്ടു. ആ ദിവസങ്ങളിൽ അവർ പരസ്പരം കൂടുതൽ അടുക്കുകയായിരുന്നു, തിരിച്ചറിയുകയായിരുന്നു. രാത്രി കോറിഡോറിൽ അവർ ഒന്നിച്ചിരുന്നു, കാന്റീനിൽ നിന്ന് ഭക്ഷണം വാങ്ങി, അമ്മ ഉറങ്ങുമ്പോൾ പുറത്തെ പൂന്തോട്ടത്തിൽ പതുക്കെ നടന്നു.


നാലാം ദിവസം രാത്രി, പൂന്തോട്ടത്തിലെ ബെഞ്ചിലിരിക്കുമ്പോൾ ലക്ഷ്മി ചോദിച്ചു. "നമ്മൾ ഒടുവിൽ ഇങ്ങനെ മനസ്സു തുറന്ന് സംസാരിച്ചത് എപ്പോഴാണെന്ന് ഓർമ്മയുണ്ടോ?"


ദേവൻ ചിന്താധീനനായി.  "എനിക്കോർമ്മ കിട്ടുന്നില്ല..."


"എനിക്കും..." വിഷാദം കലർന്ന ഒരു ചെറിയ ചിരിയോടെ ലക്ഷ്മി പറഞ്ഞു.


"നമ്മൾ ഒരേ വീട്ടിൽ ജീവിച്ചു. പക്ഷേ, ഒരിക്കലും ഒരേ മനസ്സോടെ ആയിരുന്നില്ല, അല്ലേ?"


ദേവൻ ഒന്നും പറഞ്ഞില്ല. പകരം ആകാശത്തേക്ക് നോക്കി പതുക്കെ ചോദിച്ചു. "നീ ആ നക്ഷത്രങ്ങളെ കാണുന്നുണ്ടോ?"


"ഉണ്ട്."


"ഇത്രയും കാലവും അതവിടെ ഉണ്ടായിരുന്നു. നീ അത് കണ്ടിട്ടുണ്ടാകും, ഞാനും... പക്ഷേ, ഇതുവരെ നമ്മൾ ഒരുമിച്ച് ഈ ആകാശത്തേക്ക് ആ നക്ഷത്രങ്ങളെ ഇങ്ങനെ നോക്കിയിട്ടേയില്ല..."


ആ വാക്കുകൾ ലക്ഷ്മിയുടെ ഉള്ളിൽ ആഴത്തിൽ തറഞ്ഞു. വളരെ ലളിതമായ ആ ഒരു സത്യം മനസ്സിലാക്കാൻ തങ്ങൾക്ക്  പതിനഞ്ച് വർഷങ്ങൾ വേണ്ടി വന്നു!


അമ്മ സുഖം പ്രാപിച്ച് വീട്ടിലെത്തി. ജീവിതം പഴയ വഴിയിലേക്ക് മടങ്ങിയെങ്കിലും, അവർക്കിടയിൽ വലിയൊരു മാറ്റം സംഭവിച്ചിരുന്നു. രാത്രി കിടക്കുമ്പോൾ ദേവൻ ചോദിക്കാൻ തുടങ്ങി. "ഇന്ന് എന്തൊക്കെയായിരുന്നു വിശേഷങ്ങൾ?" ലക്ഷ്മി അത് സന്തോഷത്തോടെ പങ്കുവെച്ചു. അയൽപക്കത്തെ കാര്യങ്ങളും, വിലക്കയറ്റവും, റേഡിയോയിൽ കേട്ട പാട്ടുമൊക്കെ അവൾ ദേവനോട് പറഞ്ഞു. അപ്പോൾ താൻ ആ വീട്ടിൽ അന്യയല്ലെന്നും, തന്റെ ലോകത്തെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നും അവൾക്ക് തോന്നി.


രാവിലെ ദേവൻ ലക്ഷ്മിക്കായി ചായ ഉണ്ടാക്കാൻ തുടങ്ങി. അവൻ ഉണ്ടാക്കുന്ന ചായയിൽ മധുരം അല്പം കുറവായിരിക്കും. മധുരം കുറച്ച് കൂടുതൽ ഇട്ടു കുടിക്കുന്ന ലക്ഷ്മി പക്ഷേ അത് ഒരിക്കലും തിരുത്താൻ പോയില്ല. കാരണം, ആ ചായയിൽ അവൻ പകർന്നു നൽകിയ പരിഗണനയുടെ മധുരമായിരുന്നു അവൾക്ക് പ്രധാനം.


ഒരു ഞായറാഴ്ച രാവിലെ, ലക്ഷ്മിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് ദേവൻ പറഞ്ഞു. "നിന്റെ മുടിയിഴകളിലും നര വീണുതുടങ്ങിയിട്ടുണ്ട്..."


ലക്ഷ്മി ചെറിയൊരു പരിഭ്രമത്തോടെ ചോദിച്ചു, "അതോർത്ത് വിഷമം തോന്നുന്നുണ്ടോ?"


"ഒരിക്കലുമില്ല" ദേവൻ പുഞ്ചിരിച്ചു. "നമ്മൾ ഒന്നിച്ച് താണ്ടിയ ഓരോ വർഷങ്ങളുടെയും അടയാളമായിട്ടാണ് എനിക്കത് തോന്നുന്നത്."


ആ വാക്കുകൾ കേട്ടതും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു. അത് സങ്കടത്തിന്റെ കണ്ണീരായിരുന്നില്ല, മറിച്ച് സ്നേഹത്താൽ നിറഞ്ഞതായിരുന്നു. കാലം കവർന്നെടുത്ത ഒന്നായല്ല, മറിച്ച് ജീവിതം തങ്ങൾക്ക് സമ്മാനിച്ച മനോഹരമായ അനുഭവങ്ങളായിട്ടാണ് അവൻ തന്റെ നരയെ കാണുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞു.


"പ്രണയം എന്നാൽ പെട്ടെന്ന് മിന്നിമറയുന്ന ഒരു മിന്നൽപിണരല്ല. അത് പതുക്കെ എരിയുന്ന ഒരു വിളക്കാണ്. കാറ്റിൽ കെട്ടുപോകാതെ കൈകൾ കൊണ്ട് തണൽ പിടിച്ച് സംരക്ഷിച്ചാൽ, അത് ഒരുപാട് കാലത്തോളമങ്ങനെ തെളിഞ്ഞു കത്തിക്കൊണ്ടേയിരിക്കും."


"ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഇതുവരെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല" ഒരു രാത്രി ദേവൻ പതുക്കെ പറഞ്ഞു. "പറയാൻ എനിക്കറിയില്ലായിരുന്നു. എങ്കിലും, ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിച്ചില്ലല്ലോ. ഓരോ രാവിലും ഈ വീട്ടിലേക്ക്, നിന്നിലേക്ക് തന്നെ ഞാൻ മടങ്ങിയെത്തി. അതുതന്നെയായിരുന്നു എന്റെ സ്നേഹം. അത് പോരായിരുന്നോ ലക്ഷ്മി?"


ലക്ഷ്മി അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു. "മതിയായിരുന്നു ദേവാ... എങ്കിലും ചില വാക്കുകൾ ഇടയ്ക്കെങ്കിലും തുറന്നുപറയുമ്പോഴാണ് കേൾക്കുന്ന മനസ്സിന് പൂർണ്ണത കിട്ടുന്നത്."


അന്ന് രാത്രി, പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവർ മുഖാമുഖം കിടന്നു. പുറം തിരിഞ്ഞല്ല, പരസ്പരം കണ്ണുകളിൽ നോക്കി... അവളുടെ മുഖം കയ്യിലെടുത്ത് ദേവൻ പറഞ്ഞു " ഞാൻ എന്നും നിന്നെ സ്നേഹിച്ചിരുന്നു... ഇനിയെന്നും അങ്ങനെ തന്നെ സ്നേഹിക്കും". വിവാഹിതരായ രണ്ടു അപരിചിതരെയല്ല, മറിച്ച് വീണ്ടും പ്രണയിക്കാൻ തുടങ്ങിയ രണ്ടു ദമ്പതികളെയാണ് ആ വീട് അന്ന് മുതൽ കണ്ടത്.


പ്രണയം വിവാഹത്തിന് മുൻപ് മാത്രം സംഭവിക്കേണ്ട ഒന്നാണെന്ന് ആരാണ് പറഞ്ഞത്? ചില പ്രണയങ്ങൾ വിവാഹശേഷമാണ് ജനിക്കുന്നത്. ചില വിളക്കുകൾ ഇരുട്ടിന്റെ ആഴങ്ങളിലാണ് പ്രകാശം പരത്തുന്നത്. സ്നേഹം എന്നത് യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല; അത് ദിവസവും നമ്മൾ നടത്തുന്ന ഒരു തിരഞ്ഞെടുപ്പാണ്. ഓരോ വാക്കിലും, ഓരോ നോക്കിലും, ഓരോ മൗനത്തിലും നമ്മൾ സ്നേഹിക്കുന്ന ആളെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുക...


പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഉള്ളിൽ, പതിനഞ്ച് വർഷത്തെ മൗനത്തിന് ശേഷം ഒരു പ്രണയം പതുക്കെ പൂവിട്ടു തുടങ്ങി... വൈകിയാണെങ്കിലും, അവർ ആ മനോഹരമായ തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞിരുന്നു.


ശ്രീ


0 comments: