Wednesday, October 10, 2018

മെർക്കുറി ഐലന്റ്

പ്രായഭേദ്യമന്യേ ലോകമെമ്പാടുമുള്ള പുസ്തക പ്രേമികൾക്ക് എക്കാലവും ആസ്വാദ്യകരമായ  വിഷയം ആണ് ഫാന്റസി. കുട്ടിക്കാലത്തെ ഇഷ്ട കഥാപാത്രങ്ങളായ ടാർസനും മാൻഡ്രേക്കും ഫാന്റവും തുടങ്ങി നിധി ദ്വീപും മോണ്ടി ക്രിസ്റ്റോയും പോലെ വായനക്കാരെ നൂറ്റാണ്ടുകളായി ഹരം കൊള്ളിയ്ക്കുന്ന  എത്രയെത്ര നോവലുകൾ... കുട്ടിക്കാലങ്ങളിലെ എത്രയോ  സ്വപ്നങ്ങളിൽ  ഈ കഥകളിലെ വീരനായകന്മാരെ പോലെ സ്വയം സങ്കൽപ്പിച്ച് നിർവൃതി അടഞ്ഞിട്ടുണ്ടാകും നമ്മളെല്ലാം.

കുറച്ച് മുതിർന്ന ശേഷം വായന ഗൌരവമായെടുത്ത കാലം മുതൽ ഒരു നഷ്ടം പോലെ തോന്നാറുള്ള ഒന്നാണ് നമ്മുടെ സ്വന്തം മലയാള ഭാഷയിൽ നിന്നുള്ള ഒരു സാഹസിക നോവലിന്റെ കുറവ്. ഒന്നുമറിയാത്ത ഈ ഞാൻ പോലും എത്രയോ തവണ സാഹസിക നോവലുകൾ എഴുതാൻ തുടങ്ങിയിരിയ്ക്കുന്നു എന്ന് എനിയ്ക്ക് തന്നെ ഓർമ്മയില്ല. പക്ഷേ പലപ്പോഴും നമ്മുടെ കേരളീയമായ ചുറ്റുപാടുകളിൽ പരിമിതമായ ചട്ടക്കൂടുകളിൽ ശ്വാസം മുട്ടി അവയൊയ്ക്കെ അകാല ചരമം അടയുകയാണ് പതിവ്.

എന്നെങ്കിലും ഒരു പരിപൂർണ്ണ മലയാള സാഹസിക നോവൽ വായിയ്ക്കാൻ കഴിയും എന്ന മോഹം മാത്രം മനസ്സിൽ ഇത്ര നാളും താലോലിച്ച് കൊണ്ടു നടന്ന്... ഇപ്പോഴും അന്യ ഭാഷാ  നോവലുകൾ വീണ്ടും വീണ്ടും വായിച്ച് അത്തരം നോവലുകളോടുള്ള  അടങ്ങാത്ത ത്വര ഒരു വിധം ശമിപ്പിച്ച്  പോന്നു.  അങ്ങനെയിരിയ്ക്കുമ്പോഴാണ് തികച്ചും യാദൃശ്ചികമായി "മെർക്കുറി ഐലന്റ്"  എന്ന പേരിൽ മലയാളത്തിൽ ഒരു ഫാന്റസി നോവൽ ഇറങ്ങി എന്ന് സോഷ്യൽ മീഡിയയിൽ നിന്ന് അറിയുന്നത്. 


എന്നാൽ അതൊന്ന് വായിച്ചിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു. ഡി സി ബുക്ൿസിലും ഇന്ദുലേഖയിലും ഒക്കെ തപ്പി നോക്കിയപ്പോൾ നിരാശയായിരുന്നു ഫലം. ഗൂഗിളിനോട്  ചോദിച്ചപ്പോൾ ഒന്നു രണ്ടു ലിങ്കുകൾ കിട്ടി, ആമസോൺ ഉൾപ്പെടെ. പക്ഷേ  എഴുത്തുകാരന്റെ പേര് അഖിൽ പി ധർമജൻ. എനിയ്ക്ക് തീരെ പരിചയം തോന്നിയില്ല. എങ്ങും ആരും കക്ഷിയെ പറ്റി എഴുതി കാണുന്നുമില്ല. പകുതി ആവേശം അപ്പോഴേ പോയി.  എങ്കിലും ഗൂഗിളിൽ നിന്ന്  കിട്ടിയ ഫേസ്‌ബുക്ക്  ലിങ്കിൽ  ഒന്ന് പോയി  നോക്കി. അപ്പോഴാണ് മെർക്കുറി ഐലന്റിന് പുറമേ "ഓജോ ബോർഡ്"  എന്ന പേരിൽ  മറ്റൊരു പുസ്തകം കൂടെ ഇതേ ലേഖകന്റേതായി  മുൻപേ  പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്  എന്ന് ഞാൻ അറിയുന്നത്. ഓജോ ബോർഡ്! വീണ്ടും താൽപര്യമുള്ള വിഷയം തന്നെ. പിന്നെ ഒന്നും നോക്കിയില്ല, എന്തായാലും ലേഖകനെ നേരിട്ട് ഫേസ്‌ബുക്ക് ചാറ്റിൽ കമന്റായി  ചോദിച്ചു... ഈ പുസ്തകങ്ങൾ രണ്ടും കിട്ടാൻ വഴിയുണ്ടോ എന്ന്. (സത്യം പറഞ്ഞാൽ മറുപടി പ്രതീക്ഷിച്ചിരുന്നില്ല). ​പക്ഷേ, ഒരെഴുത്തുകാരന്റെ യാതൊരു ജാഡയുമില്ലാതെ ഉടനേ മറുപടി   കിട്ടി,അഡ്രസ്സ് തന്നാൽ അയച്ചു തരാമെന്ന്. അങ്ങനെ ഒട്ടും വൈകതെ  ബുക്ക് രണ്ടും എഴുത്തുകാരന്റെ കയ്യൊപ്പോടെ അയച്ചു കിട്ടി.


പുസ്തകം തുറന്ന് എഴുത്തുകാരനെ പറ്റിയുള്ള ഭാഗം വായിച്ചപ്പോഴാണ് യഥാർത്ഥത്തിൽ ഞെട്ടിയത്.  എന്തു കൊണ്ട് ഈ എഴുത്തുകാരനെ പറ്റി പറഞ്ഞു കേട്ടിട്ടില്ല എന്നും അപ്പോൾ ബോധ്യം വന്നു. അഖിലിന് പ്രായം വെറും 25 വയസ്സ് മാത്രം. അപ്പോഴേയ്ക്കും 2 പുസ്തകങ്ങൾ പുറത്തിറങ്ങി കഴിഞ്ഞിരിയ്ക്കുന്നു. അതും സോഷ്യൽ മീഡിയയിൽ നിന്ന് വായനക്കാരുടെ മാത്രം സഹകരണത്തോടെ പുറത്തിറങ്ങുന്ന ആദ്യ പുസ്തകം എന്ന ഖ്യാതിയോടെ. അതായത്, എഴുത്തുകാരനെയും സൃഷ്ടികളെയും ലോകം പരിചയപ്പെട്ടു വരുന്നതേയുള്ളൂ.

എന്തായാലും തൊട്ടടുത്ത ദിവസം തന്നെ ഓജോ ബോർഡ് വായിച്ചു തുടങ്ങി. തുടക്കക്കാരന്റേതായ ചില പതർച്ചകളും കഥാപാത്രങ്ങളുടെ സ്വഭാവ നിയന്ത്രണങ്ങളിൽ ചില്ലറ  പോരായ്മകളും മാറ്റി നിർത്തിയാൽ ഓജോ ബോർഡിന്റെ സാധ്യതകൾ നല്ലവണ്ണം ഉപയോഗിച്ച് എഴുതപ്പെട്ടിരിയ്ക്കുന്ന ഒന്നാന്തരം ത്രില്ലർ - ഹൊറർ നോവൽ. അതും അത് ഒരു എഴുത്തുകാരന്റെ ആദ്യ നോവൽ കൂടി എന്ന് പറയുമ്പോൾ അത് തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു.

അത് വായിച്ചു തീർത്ത ശേഷം മെർക്കുറി ഐലന്റ് കയ്യിലെടുത്തു. ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ പ്രേരിപ്പിയ്ക്കുന്ന കഥയും രചനാ വൈഭവവും. നല്ല കയ്യടക്കത്തോടെ, ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന ചടുലമായ ഒഴുക്കോടെ, "ഇനിയെന്ത് സംഭവിയ്ക്കുമോ ആവോ" എന്ന തോന്നൽ ഓരോ പേജുകളിലും നിലനിർത്തുവാൻ കഴിഞ്ഞിരിയ്ക്കുന്നു. 

ലോക പ്രശസ്തമായ ഫാന്റസി - ത്രില്ലർ നോവലുകളിൽ കാണുന്ന നിലവാരത്തിൽ ഉള്ള ഒരു മലയാള നോവൽ (ഒരു പക്ഷെ ആദ്യ മലയാള നോവൽ)എന്ന ലേബലിൽ അറിയപ്പെടാൻ പോകുന്ന ഒന്നായിരിയ്ക്കും "മെർക്കുറി ഐലന്റ്" എന്നതിൽ ഒരു സംശയവുമില്ല. 'ലോകാവസാനം' എന്ന കഥാതന്തുവിനെ കേന്ദ്രീകരിച്ച് ഒരുപാടൊരുപാട് കഥകൾ വന്നിട്ടുണ്ട് എങ്കിലും ഈ കഥയിലെ പോലെ ബർമൂഡ ട്രയാങ്കിളും മായന്മാരും എല്ലാം  പ്രധാന കഥാപാത്രങ്ങളായി വരുന്ന രീതിയിൽ ഒരു കഥ അതും മലയാളത്തിൽ നിന്ന്... ആദ്യമായിരിയ്ക്കും. 

ഓജോ ബോർഡ് വായിച്ച ശേഷം ചില ചില്ലറ പോരായ്മകൾ തോന്നിയിരുന്നെങ്കിൽ മെർക്കുറിയിലേയ്ക്ക് വരുമ്പോൾ ആ നിസ്സാര കുറവുകൾ പോലും പരിഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നത് സന്തോഷകരമാണ്. മെർക്കുറി ഐലന്റിൽ എത്തുമ്പോൾ കഥാപാത്ര നിർമ്മിതിയിലും ഭാഷ കൈകാര്യം ചെയ്തിരിയ്ക്കുന്നതിലും കാര്യമായ പുരോഗതി വന്നിരിയ്ക്കുന്നു. ഓരോ സീനുകളെയും വേണ്ടും വിധം വർണ്ണിയ്ക്കുവാനും അഖിലിന് സാധിച്ചിട്ടുണ്ട്. അത് ഈ നോവലിന്റെ വായനാസുഖം വർദ്ധിപ്പിയ്ക്കുന്നുണ്ടെന്നത് നിസ്തർക്കമാണ്.

നിധിദ്വീപും, മോണ്ടി ക്രിസ്റ്റോയും ഡ്രാക്കുളയും ഒക്കെ പോലെ വായനക്കാരെ പിടിച്ചിരുത്തി വായിച്ച് തീർക്കാൻ കഴിവുള്ള രചന. പലയിടങ്ങളിലും അത്ഭുതപ്പെടുത്തുന്ന, അതിശയിപ്പിയ്ക്കുന്ന ലോജിക്കുകൾ സങ്കൽപ്പിച്ച് വിശദമായി വർണ്ണിച്ചിരിയ്ക്കുന്നു. ഉദ്വേഗഭരിതമായ ഈ സംഘത്തിന്റെ യാത്രയും വഴിയിൽ പതിയിരിയ്ക്കുന്ന ചതിക്കുഴികളും 'ലൂത്ത' ഭാഷാ പ്രയോഗങ്ങ്ങ്ങളും അപ്രതീക്ഷിതമായ ചില ട്വിസ്റ്റ്കളും എല്ലാം വായനക്കാർക്ക് കണ്മുന്നിൽ കാണും പോലെ അനുഭവവേദ്യമാക്കാനും എഴുത്തിലൂടെ സാധിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പുറം ചട്ടയിൽ പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് സമ്മതിയ്ക്കേണ്ടി വരും, വായനക്കാർക്ക്. വായിയ്ക്കാൻ തുടങ്ങിയാൽ വായന നിർത്താൻ പ്രയാസം. ഇനിയെന്താകും എന്ന ആകാംക്ഷ...

തീർച്ചയായും മെർക്കുറി ഐലന്റിന്റെ അന്യ ഭാഷാ പതിപ്പുകൾ പുറത്തിറങ്ങും എന്ന് ഉറപ്പാണ്. അത് എത്രയും വേഗം ആകട്ടെ എന്നും ഇതര ഭാഷക്കാർക്കിടയിലും ഒരു കോളിളക്കമുണ്ടാക്കി മെർക്കുറി ഐലന്റ് ജൈത്ര യാത്ര തുടരട്ടെ എന്നും ആത്മാർത്ഥമായും പ്രാർത്ഥിയ്ക്കുന്നു.

 ഇതിനിടെ മറ്റൊന്നു പറയാൻ വിട്ടു. അഖിലിന്റെ പ്രതിഭ ഇനി സിനിമാലോകത്തേയ്ക്ക് കൂടി ചിറക് വിടർത്തുകയാണ് ... 

തുടരട്ടെ ഈ പ്രയാണം... ഒരിയ്ക്കൽ കൂടി അഭിനന്ദനങ്ങൾ!

*******

[ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നു വന്ന സാധാരണക്കാരനും എന്നാൽ പ്രതിഭാധനനായ ഒരു ചെറുപ്പക്കാരന്റെ വർഷങ്ങളുടെ അധ്വാനഫലമാണ്. പബ്ലിഷറെ ലഭിയ്ക്കാത ഏറെ നാൾ അച്ചടി മഷി പുരളാതെ മാറ്റിവയ്ക്കേണ്ടി വന്ന ഒരു പ്രൊജക്ട്. അതു കൊണ്ട് കഴിവതും പേർ പുസ്തകം തന്നെ വാങ്ങി വായിയ്ക്കാൻ ശ്രമിയ്ക്കുക. പുസ്തകം ആമസോണിൽ നിന്നോ ഫ്ലിപ്കാർട്ടിൽ നിന്നോ വാങ്ങാവുന്നതാണ് ]

8 comments:

  1. ശ്രീ said...

    ഒരു പുതിയ എഴുത്തുകാരന്റെ പുതിയ പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്.

    മലയാളത്തിൽ നിന്നുള്ള ഒരുഗ്രൻ ഫാന്റസി ത്രില്ലർ... അഖിൽ പി ധർമജന്റെ "മെർക്കുറി ഐലന്റ് - ലോകാവസാനം"

  2. വിനുവേട്ടന്‍ said...

    അഖിലിന് സർവ്വ ഭാവുകങ്ങളും നേരുന്നു...

    മെർക്കുറി ഐലന്റ് എനിക്കും ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്...

  3. Muralee Mukundan , ബിലാത്തിപട്ടണം said...

    നല്ല പരിചയപ്പെടുത്തൽ ...

  4. Typist | എഴുത്തുകാരി said...

    ഇത് വായിച്ചപ്പോള്‍ പുസ്തകവും ഒന്ന് വായിക്കണം എന്നുണ്ട്. ബുക്ക് സ്ടാളിലൊന്നും കിട്ടില്ലേ?

  5. ശ്രീ said...

    വിനുവേട്ടാ... ആദ്യ കമന്റിനു നന്ദി.

    മുരളി മാഷേ... നന്ദി.

    എഴുത്തുകാരി ചേച്ചീ... ഇല്ല, പ്രസാധകരോ വിതരണക്കാരോ ഒരു പുതിയ, ഇതു വരെ അറിയപ്പെടാത്ത ഒരു എഴുത്തുകാരനെ കയ്യൊഴിഞ്ഞപ്പോൾ സ്വയം പബ്ലിഷ് ചെയ്ത് പുസ്തകം കൊണ്ടു നടന്ന് വിൽക്കുകയാണ് അഖിൽ. അതു കൊണ്ട് ബുൿസ്ടാളുകളിൽ കിട്ടി തുടങ്ങിയിട്ടില്ല. ഇപ്പോൾ ആമസോണിലും ഫ്ലിപ്കാർട്ടിലും കിട്ടും. അല്ലെങ്കിൽ അഖിലിന്റെ ഫേസ്‌ബുക്കിൽ കമന്റ് വഴി ആവശ്യപ്പെട്ടാൽ അയച്ചു തരും.

  6. വീകെ. said...

    വിവരണം കേട്ടപ്പോൾ വായിക്കണമെന്നൊരു തോന്നലുണ്ട്. യുവാവായിരുന്ന കാലത്ത് ടാർസനും വെളുത്ത ചെകുത്താനും ചുവന്ന കൈപ്പത്തിയുമൊക്കെ തന്നിരുന്ന ഹരം ഇപ്പോഴുണ്ടാവുമോന്നറിയില്ല. പരിചയപ്പെടുത്തിയതിനു നന്ദി...
    ആശംസകൾ.....

  7. Areekkodan | അരീക്കോടന്‍ said...

    ഫാന്റസി അധികം വായിക്കാറില്ല എങ്കിലും ഈ പുതിയ കഥാകാരനെ എനിക്കും ഒന്ന്
    അറിയണം, വായിക്കണം.

  8. സുധി അറയ്ക്കൽ said...

    അഖിലിനെ നേരിട്ട്‌ കണ്ട്‌ ആണു രണ്ട്‌ ബുക്കുകളും വാങ്ങിയത്‌.