Thursday, September 13, 2018

പ്രളയാനന്തരം


2018 ആഗസ്ത് 15 ന് കേരളത്തിന് നേരിടേണ്ടി വന്നത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ പ്രകൃതി ദുരന്തം ആയിരുന്നു.  ചരിത്രത്തില്‍ 1924 ന് ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രളയം. തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളും കേരളീയര്‍ക്ക് പരീക്ഷണങ്ങളുടെ ദിവസങ്ങള്‍ ആയിരുന്നു.

എങ്കിലും എത്രയും വേഗം പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ക്യാമ്പുകളിലേയ്ക്ക് മാറ്റുവാനും അവര്‍ക്ക് യഥാസമയം അവശ്യ സാധനങ്ങള്‍ എത്തിയ്ക്കുകയും എല്ലാം വളരെ ഭംഗിയായി നിര്‍വഹിയ്ക്കാന്‍ ഗവണ്മെന്റിന്റേയും പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചു എന്നത് വളരെ വലിയ കാര്യമാണ്.

എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് മൂന്ന് നാല് ആഴ്ചകള്‍ക്ക് ശേഷം നാട്ടിലെ സാഹചര്യങ്ങൾ... അതായത് ശക്തമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ള ദുരിത ബാധിത പ്രദേശങ്ങളിലെ  സാഹചര്യങ്ങൾ നാം കരുതുന്നതിനെക്കാൾ  ഭീകരമാണ്. പ്രളയം ശക്തമായി ബാധിച്ച ജനങ്ങള്‍... താഴേക്കിടയിലുള്ള ജനവിഭാഗം പ്രത്യേകിച്ചും  ഇനി എന്തു ചെയ്ത് ജീവിതം പഴയ പോലെ ആക്കും എന്നറിയാന്‍ വയ്യാത്ത അവസ്ഥയില്‍ ആണ്.

പ്രളയ നഷ്ടം എല്ലാവര്‍ക്കും ഉണ്ടെങ്കില്‍ തന്നെയും (പ്രളയം ബാധിച്ച എന്റെ വീടിന്റെ കാര്യം ഉള്‍പ്പെടുന്നതിനാല്‍ ഞാനടക്കം) സ്വന്തം ജീവിത മാര്‍ഗം തന്നെ വഴിമുട്ടിപ്പോയ ഒട്ടേറെ ജനങ്ങള്‍ ഉണ്ട്. അവരില്‍ പലര്‍ക്കും കിടപ്പാടവും സാധന സാമഗ്രികളും വളര്‍ത്തു മൃഗങ്ങളും ഒക്കെ നഷ്ടമായ അവസ്ഥയാണുള്ളത്. പ്രത്യേകിച്ച് ഒരു കുടുംബനാഥന്‍ എന്നു പറയാന്‍ ആളില്ലാതെ പശുവിനെ വളര്‍ത്തിയും തയ്യല്‍ മെഷീന്‍ കറക്കിയും വീടിനോട് ചേര്‍ന്ന് ചായക്കട നടത്തിയും ഒക്കെ ജീവിത ചിലവുകള്‍ക്ക് വഴി കണ്ടെത്തിയിരുന്നവര്‍ ഒരുപാട്... പലരും  എല്ലാം നശിച്ച് മനസ്സു മടുത്ത് ആത്മഹത്യയെ പറ്റി പോലും ചിന്തിയ്ക്കുന്ന അവസ്ഥയിൽ ആണ്.

പല സംഘടനകളും ഇപ്പോഴും പലയിടങ്ങളിലും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്. പക്ഷെ, അത് എത്ര നാളേയ്ക്ക്?  അവര്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത് താല്‍ക്കാലികാശ്വാസം മാത്രമാണോ...  കിറ്റുകൾ വിതരണം ചെയ്തു കൊണ്ടിരിയ്ക്കാതെ എല്ലാം നഷ്ടപ്പെട്ടവർക്ക് എന്തെങ്കിലും ഉപജീവനമാർഗം ശരിയാക്കി കൊടുക്കുന്ന ശ്രമം ആണ് ഇപ്പോൾ നടക്കേണ്ടത്.

പലരും സര്‍ക്കാര്‍ വഴി വരുന്ന ദുരിതാശ്വാസം പ്രതീക്ഷിച്ച് കാത്തിരിപ്പാണ്. പക്ഷേ, അത് എപ്പോള്‍ എങ്ങനെ എത്ര മാത്രം എന്നൊന്നും ആര്‍ക്കും ഒരറിവുമില്ല... എത്ര മാത്രം സഹായകമാകും എന്നും അറിയില്ല. എത്രയായാലും എപ്പോഴായാലും അത് അതിന്റെ വഴിയ്ക്ക് നടക്കട്ടെ, നല്ലതു തന്നെ. എങ്കിലും സര്‍ക്കാരിന്റെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ കൂട്ടു ചേര്‍ന്ന് കൊണ്ടല്ലാതെയും നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ... നമ്മില്‍ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായിച്ചവരായിരിയ്ക്കും. എങ്കിലും അതൊക്കെ അര്‍ഹതപ്പെട്ടവരിലേയ്ക്ക് എത്തിപ്പെടാന്‍ സമയമെടുക്കുമോ എന്നറിയില്ല. എല്ലാവരിലും എത്തുമോ എന്നും അറിവില്ല.

നമ്മള്‍ വിചാരിച്ചാല്‍ എല്ലാവരെയും പെട്ടെന്ന് സഹായിയ്ക്കാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ, അവരില്‍ ചിലരെയെങ്കിലും... ഏറ്റവും അധികം കഷ്ടപ്പെടുന്ന കുറച്ചു പേരെ എങ്കിലും സഹായിയ്ക്കാന്‍ സാധിച്ചാല്‍ അതൊരു പുണ്യമായിരിയ്ക്കും. സാമ്പത്തിക സഹായം അല്ലാതെ, ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിയ്ക്കുന്ന കുറച്ച് വീടുകളെ എങ്കിലും അവര്‍ക്ക് ഒരു ഉപജീവന മാര്‍ഗം കണ്ടെത്താന്‍ സഹായിയ്ക്കാന്‍ നമുക്ക് കഴിയുമോ?

ഈ ഒരു ചിന്തയാണ് നാട്ടില്‍ തന്നെയുള്ള എന്റെ ചില അടുത്ത സുഹൃത്തുക്കളെ ചാലക്കുടി-പെരിയാര്‍ പുഴകളുടെ സംഗമ സ്ഥാനത്തുള്ള, പ്രളയം ഏറ്റവും അധികം നാശം വിതച്ച ചില വീടുകളില്‍ പോയി നോക്കാന്‍ പ്രേരിപ്പിച്ചത്. ഇവര്‍ ആദ്യം മുതല്‍ക്കേ rescue റ്റീമുകളിലും സജീവ സാന്നിധ്യമായിരുന്നു താനും. അതു കൊണ്ടു തന്നെ പല വീടുകളുടെയും അവിടുത്തെ ജനങ്ങളുടെയും അവസ്ഥയെ പറ്റി അവര്‍ ബോധവാന്മാരുമായിരുന്നു.

ആദ്യം സൂചിപ്പിച്ചതു പോലെ പലരുടെയും അവസ്ഥ വളരെ പരിതാപകരമായിരുന്നു.  ഒരു വീട്ടിലെ അവസ്‌ഥ പറഞ്ഞത് ഇങ്ങനെ... 'അവർ കൂട്ട ആത്മഹത്യയ്ക്ക് തയ്യാറായി വിഷവും സംഘടിപ്പിച്ച് ഇരിയ്ക്കുകയായിരുന്നുവത്രെ. കൂട്ടത്തിൽ ഏറ്റവും ഇളയ കുഞ്ഞിന് ഒരു ഐസ്ക്രീമില്‍ കലര്‍ത്തി കൊടുക്കാന്‍ കരുതിയിരുന്നതു കൊണ്ടു മാത്രം ഇവർ ആരൊക്കെയോ ചെല്ലുമ്പോൾ അത് കഴിച്ചിട്ടുണ്ടായിരുന്നില്ല എന്നേയുള്ളൂ. (ഒരു icecream സംഘടിപ്പിയ്ക്കാൻ വേണ്ടി അവരില്‍ ആരോ പുറത്ത്  കടകളില്‍ എങ്ങോ പോയിരുന്നത് കൊണ്ടു മാത്രം).

മറ്റൊരു വീട്ടില്‍ ഉപജീവനമാര്‍ഗമായിരുന്ന മൂന്നു പശുക്കളും ചത്തു പോയതിനാല്‍ ഇനി എന്തു ചെയ്യും എന്നറിയാതെ വിഷമിയ്ക്കുന്ന വീട്ടുകാര്‍... സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവര്‍ വേറെയും ഒരുപാട് പേരുണ്ടാകില്ലേ, പല നാടുകളിലായി? അവരില്‍ കുറച്ചു പേര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലുമൊക്കെ സഹായം... അതായത് വീണ്ടുമൊരു ഉപജീവന മാര്‍ഗം കണ്ടെത്താന്‍ കഴിയുന്ന സഹായം ചെയ്യാനുള്ള ശ്രമം... അത് നടത്താന്‍ കഴിയില്ലേ നമ്മള്‍ ഒന്നു ശ്രമിച്ചാല്‍ ?

നാട്ടില്‍ ഉള്ള ഞങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ വഴി അതു പോലെ ചില സഹായങ്ങള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.

തയ്യല്‍ മെഷീന്‍, ചായക്കട, പെട്ടിക്കട, ആട്, പശു അങ്ങനെ അവരുടെ ഉപജീവനമാര്‍ഗം എന്തായിരുന്നോ അത് വീണ്ടും തിരിച്ചു പിടിയ്ക്കാന്‍ തുടങ്ങാവുന്ന രീതിയില്‍ നേരിട്ട് ചെന്ന് അവര്‍ക്ക് അനുയോജ്യമായത് എന്താണോ അത് വാങ്ങി കൊടുത്ത് അവര്‍ക്ക് നിത്യ ചിലവിനുള്ള വരുമാനം കണ്ടെത്താന്‍ സഹായകമായേക്കാവുന്ന ഒരു മാര്‍ഗം ഉണ്ടാക്കി കൊടുക്കുക. അതാണ് ഉദ്ദേശ്ശം. രാഷ്ട്രീയ പാര്‍ട്ടികളെയോ ഇടനിലക്കാരെയോ ഇടപെടുത്താതെ നേരിട്ട് അവരിലേയ്ക്ക് സഹായം എത്തിയ്ക്കുക... സാമ്പത്തിക സഹായമായി ചെയ്യാന്‍ ശ്രമിച്ചാല്‍ അനര്‍ഹരുടെ കൈകളില്‍ കൂടി കടന്നു പോയാല്‍ ഒരു പക്ഷേ, ഉദ്ദേശ്ശിച്ച ഗുണം ലഭിയ്ക്കാതെ വരും.

ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതിന്റെ ഉദ്ദേശം വേറൊന്നുമല്ല. ഇതു പോലെ മുന്നിട്ടിറങ്ങാനും നമ്മുടെ നാടിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ കുറച്ചു പേരെ എങ്കിലും ഇതേ രീതിയില്‍സഹായിയ്ക്കാനും ഇത് വായിയ്ക്കുന്ന കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമായാലോ...


കേരളം മുഴുവന്‍ ഇതു പോലെ സഹായിയ്ക്കാന്‍ തയ്യാറായി ഇനിയും ഒരുപാട് പേര്‍ മുന്നിട്ടിറങ്ങട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

6 comments:

 1. ശ്രീ said...

  2018 ആഗസ്ത് 15 ന് കേരളത്തിന് നേരിടേണ്ടി വന്നത് ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ പ്രകൃതി ദുരന്തം ആയിരുന്നു. ചരിത്രത്തില്‍ 1924 ന് ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രളയം.

  എന്നാല്‍ ഇപ്പോള്‍ ആഴ്ചകള്‍ക്ക് ശേഷം നാട്ടിലെ സാഹചര്യങ്ങൾ... അതായത് ശക്തമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ള ദുരിത ബാധിത പ്രദേശങ്ങളിലെ സാഹചര്യങ്ങൾ നാം കരുതുന്നതിനെക്കാൾ ഭീകരമാണ്. പ്രളയം ശക്തമായി ബാധിച്ച ജനങ്ങള്‍... താഴേക്കിടയിലുള്ള ജനവിഭാഗം പ്രത്യേകിച്ചും ഇനി എന്തു ചെയ്ത് ജീവിതം പഴയ പോലെ ആക്കും എന്നറിയാന്‍ വയ്യാത്ത അവസ്ഥയില്‍ ആണ്.
  ചിലപ്രളയാനന്തര ചിന്തകള്‍ പങ്കു വയ്ക്കുകയാണ്. ഇതു പോലെ മുന്നിട്ടിറങ്ങാനും നമ്മുടെ നാടിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ കുറച്ചു പേരെ എങ്കിലും ഇതേ രീതിയില്‍സഹായിയ്ക്കാനും ഇത് വായിയ്ക്കുന്ന കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമായാലോ...

 2. നേരിടം said...

  സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുതാര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നാം ശബ്ദമുയര്‍ത്തണം. ഓരോ ഉദ്യോഗസ്ഥനേയും accountable ആക്കാനുള്ള സംവിധാനം ഉണ്ടാകണം. പൊതുവായി review ചെയ്യാനുള്ള വഴിയുണ്ടാകണം.

 3. Sukanya said...

  പരിതാപകരം തന്നെയാണ്‌ പല കുടുംബങ്ങളുടെയും സ്ഥിതി. നിങ്ങൾ സുഹൃത്തുക്കൾ നല്ലകാര്യമാണ്‌ ചെയ്തത്‌. അന്നവിടെ ചെന്നതുകൊണ്ട്‌ ഒരു കുടുംബം രക്ഷപ്പെട്ടു. ഇനി കരകയറാൻ കഴിയട്ടെ. കഴിയും. എല്ലാവരും കൂടെയുണ്ട്‌. ഒരു സർക്കാർ ഉദ്യോഗസ്ഥ എന്ന നിലയിൽ പറയട്ടെ അർഹതപ്പെട്ടവർക്ക്‌ സഹായം ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കും. ഉപജീവനമാർഗ്ഗം വീണ്ടും ഒരുക്കിക്കൊടുക്കുന്ന നിങ്ങളുടെ ആശയം പുണ്യം തന്നെ

 4. Muralee Mukundan , ബിലാത്തിപട്ടണം said...

  'തയ്യല്‍ മെഷീന്‍, ചായക്കട, പെട്ടിക്കട, ആട്, പശു
  അങ്ങനെ അവരുടെ ഉപജീവനമാര്‍ഗം എന്തായിരുന്നോ
  അത് വീണ്ടും തിരിച്ചു പിടിയ്ക്കാന്‍ തുടങ്ങാവുന്ന രീതിയില്‍ നേരിട്ട്
  ചെന്ന് അവര്‍ക്ക് അനുയോജ്യമായത് എന്താണോ അത് വാങ്ങി
  കൊടുത്ത് അവര്‍ക്ക് നിത്യ ചിലവിനുള്ള വരുമാനം കണ്ടെത്താന്‍
  സഹായകമായേക്കാവുന്ന ഒരു മാര്‍ഗം ഉണ്ടാക്കി കൊടുക്കുക...
  രാഷ്ട്രീയ പാര്‍ട്ടികളെയോ ഇടനിലക്കാരെയോ ഇടപെടുത്താതെ
  നേരിട്ട് അവരിലേയ്ക്ക് സഹായം എത്തിയ്ക്കുക... സാമ്പത്തിക സഹായമായി
  ചെയ്യാന്‍ ശ്രമിച്ചാല്‍ അനര്‍ഹരുടെ കൈകളില്‍ കൂടി കടന്നു പോയാല്‍ ഒരു പക്ഷേ,
  ഉദ്ദേശ്ശിച്ച ഗുണം ലഭിയ്ക്കാതെ വരും.'
  നല്ല നിർദ്ദേശങ്ങൾ ...!

 5. Typist | എഴുത്തുകാരി said...

  പ്രളയത്തിന്ടെ ഒരു സാക്ഷിയാണ് ശ്രീ, ഞാനും. ഇപ്പഴും മഴ വരുമ്പോള്‍ പേടിയാകുന്നു. എന്റെ അനുഭവങ്ങള്‍ ഒരു പോസ്ടിട്ടിട്ടുണ്ട് ഇവിടെ. (ലിങ്ക് കൊടുക്കാന്‍ പറ്റുന്നില്ല). സൗകര്യം പോലെ ഒന്നുപോയി നോക്കൂ.

  അതെ, ഇനി സ്ഥിരമായ ജീവിതോപാധിക്കുള്ള മാര്‍ഗ്ഗമാണ്‌ വേണ്ടത്.

 6. വിനുവേട്ടന്‍ said...

  അറിഞ്ഞിരുന്നു ശ്രീ...