Tuesday, September 5, 2023

സുന്ദരി ഹൈമവതി

 പുസ്തകം:  സുന്ദരി ഹൈമവതി 

രചയിതാവ് / എഡിറ്റർ : മോഹനചന്ദ്രൻ

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ:  കറന്റ് ബുക്ക്സ്

പേജ്: 232

വില: 175

Rating: 3.75/5


പുസ്തക പരിചയം:

തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ച ഒരു നോവൽ ആണ് മോഹന ചന്ദ്രന്റെ സുന്ദരി ഹൈമവതി. കലികയും കാക്കകളുടെ രാത്രിയും വായിച്ചതിന്റെ ത്രില്ലിൽ ആണ്  അത്രയൊന്നും കേട്ടു കേൾവി ഇല്ലാതിരുന്ന ഈ നോവൽ തേടി പിടിച്ചു വാങ്ങിയത്. എന്തായാലും അതൊരു നഷ്ടം ആയില്ല.

ജയവിലാസത്തിലെ നെടുങ്ങാടി യുടെ മകൾ ജയ യ്ക്ക് കുറച്ചു നാളുകൾ ആയി അത്ര സുഖമില്ല. സോമുനാംബുലിസം മാത്രമല്ല മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങളും ഇടയ്ക്ക് കാണിയ്ക്കുന്നു... സ്വന്തം ചേച്ചിയായ വിലാസിനിയുടെ അപമൃത്യു വിനു അബദ്ധത്തിൽ കാരണക്കാരിയായതിന്റെ ഷോക്ക്. വിലാസിനിയുടെ ഭർത്താവ് കുട്ടനും പ്രായമായ കോൽമ എന്ന സ്ത്രീയും ആശ്രിതൻ ആയ കുഞ്ഞിരാമനും കൂടാതെ പാചകക്കാരനായി വന്ന് കാര്യസ്ഥൻ വരെയായ തവളപ്പട്ടരും ചേർന്ന കുടുംബം ഇക്കാരണത്താൽ  തന്നെ അസ്വസ്ഥമാണ്.

ജയവിലാസത്തിന്റെ അയല്പക്കത്ത് താമസിയ്ക്കുന്ന,  മെഡിക്കൽ ഫീൽഡിൽ റിസർച്ച് ചെയ്യുന്ന ടോമി എന്ന ചെറുപ്പക്കാരന് ജയയോട് ഒരാകർഷണം ഉണ്ട്. അതു കൊണ്ട് തന്നെ ജയയുടെ അസുഖത്തിന് ഒരു പ്രതിവിധിയായി തന്റെ ഗുരുനാഥൻ  കൂടി ആയ സോക്ടർ കുമാറിനെ വിളിയ്ക്കാൻ  ടോമി നെടുങ്ങാടിയുടെ സുഹൃത്തു കൂടിയായ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദൻ മാസ്റ്ററുടെ സഹായത്തോടെ അവരോട് അഭ്യർത്ഥിയ്ക്കുന്നു. 

പൊതുവേ അന്തർമുഖൻ ആയ ഡോക്ടർ കുമാർ തന്റെ പ്രിയ ശിഷ്യന്റെ അഭ്യർത്ഥന പ്രകാരം അങ്ങോട്ട് പുറപ്പെടുന്നു.  ജയയെ കാണുന്ന ഡോക്റ്റർ കുമാർ അവളുടെ അസുഖം  മനോരോഗം മാത്രം ആണെന്നും ചേച്ചിയുടെ മരണം കണ്ടത്‌ കൊണ്ടുള്ള ഷോക്ക് ആണെന്നും വളരെ വേഗം ചികിത്സിച്ചു ഭേദമാക്കാം എന്നും ഉറപ്പ് കൊടുക്കുന്നു.

ആദ്യത്തെ സന്ദർശനത്തിനും ചില വിജയകരമായ പരീക്ഷണങ്ങൾക്കും ശേഷം ജയ നോർമൽ ആകുന്നതിന്റെ ലക്ഷണങ്ങൾ കാണിയ്ക്കുന്നുവെങ്കിലും അന്ന് രാത്രി വീണ്ടും ചേച്ചിയുടെ പ്രേതം തന്നെ സന്ദർശിയ്ക്കുന്നതായും സംസാരിയ്ക്കുന്നതായും തോന്നുന്ന ജയയുടെ നില മുൻപത്തെക്കാൾ വഷളാകുന്നു. വീണ്ടും ചികിത്സയ്ക്ക് എത്തുന്ന ഡോക്ടർ കുമാറിനെ ജയ അപ്രതീക്ഷിതമായി ആക്രമിയ്ക്കുകയും മുഖം കടിച്ചു പറിയ്ക്കുകയും ചെയ്യുമ്പോൾ പെട്ടെന്ന് നിയന്ത്രണം വിട്ട ഡോക്ടർ അവിടെ നിന്നും ഓടി പോകുന്നു. നിരാശനായ ഡോക്ടർ അന്ന് രാത്രി മുഴുവൻ തന്റെ പരാജയത്തിന്റെ ഷോക്കിൽ ഓരോന്ന് പറഞ്ഞും ഡയറി എഴുതിയും ആരെയും കാണാൻ കൂട്ടാക്കാതെ മുറിയ്ക്കുള്ളിൽ  കഴിയുന്നു. അടുത്ത ദിവസം ട്രെയിന് മുൻപിൽ ചാടി ഡോക്ടർ കുമാർ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് എല്ലാവരേയും കാത്തിരുന്നത്.

തുടർന്ന് ജയയുടെ ചികിത്സ വഴി മുട്ടിയപ്പോൾ പ്രൊഫസർ നെടുങ്ങാടി അവസാന ശ്രമമെന്ന നിലയ്ക്ക് രാമു കണിയാനെ വീളിച്ചു പ്രശ്നം വയ്പ്പിയ്ക്കുകയും അയാളുടെ അഭിപ്രായപ്രകാരം  അല്പ സ്വല്പം മന്ത്ര തന്ത്രങ്ങൾ ഒക്കെ അറിയുന്ന തവള പട്ടരെ  കൊണ്ട് നാല്പത്തൊന്നു ദിവസത്തെ പൂജ ചെയ്യിയ്ക്കാൻ ഉപദേശിയ്ക്കുകയും ചെയ്യുന്നു. പ്രശ്നവശാൽ പൂജയുടെ അവസാനം ഒരു നമ്പൂതിരിയുടെ സാന്നിധ്യം ആവശ്യമാകയാൽ നാട്ടിൽ നിന്ന് പേരിനു ഒരു  നമ്പൂതിരിയെ വരുത്താനുള്ള നടപടികൾ കൈക്കൊള്ളുവാൻ ഉപദേശിയ്ക്കുകയും ചെയ്യുന്നു.

തവളപ്പട്ടരെ താല്പര്യം ഇല്ല എങ്കിലും പ്രൊഫസർ നെടുങ്ങാടിയുടെ അഭ്യർത്ഥന പ്രകാരം ഗോവിന്ദൻ മാസ്റ്റർ നാട്ടിലെ സുഹൃത്ത് കൂടിയായ ഒരു നമ്പൂതിരി  - താരപ്പറമ്പന് കത്തെഴുതുന്നു. 

എന്നാൽ സ്വതേ മടിയൻ ആയ താരപ്പറമ്പൻ തടസം പറഞ്ഞു കത്തിനു മറുപടി അയയ്ക്കാൻ തുടങ്ങുമ്പോൾ ഇക്കാര്യം യാദൃശ്ചികമായി മനസ്സിലാക്കുന്ന അഞ്ചീരി ഇല്ലത്തെ ഉണ്ണി നമ്പൂതിരി ആ ദൗത്യം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിയ്ക്കുന്നു.

പ്രശസ്തമായ അഞ്ചീരി ഇല്ലത്തെ ചോമാതിരിപ്പാട് ന്റെ മകൻ മൂസ്സമ്പൂരിയുടെ പുത്രൻ ആണ് ഉണ്ണി. ഉണ്ണിയുടെ മുത്തച്ഛൻ സൗമ്യനായ എന്നാൽ അതിവിദഗ്ദനായ മാന്ത്രികൻ ആയിരുന്നെങ്കിൽ അച്ഛൻ കർക്കശക്കാരനും പണമുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധാലുവും ആയിരുന്നു. ചെറുപ്പത്തിലേ അമ്മയുടെ വിയോഗം കൂടി ആയപ്പോൾ  ഉണ്ണി പഠനത്തിൽ മിടുമിടുക്കൻ ആയിട്ടും കൂട്ടിനു ഒട്ടേറെ ദുശ്ശീലങ്ങൾ പരിചയിയ്ക്കുകയും വൈകാതെ സ്വപിതാവിനാൽ കൽക്കത്തയ്ക്ക് നാട് കടത്തപ്പെടുകയും ചെയ്തു. അവിടെ സ്വന്തം കഴിവ് കൊണ്ട് നല്ല ഒരു ജോലി നേടി നല്ലവണ്ണം സാമ്പാദിച്ചു വരവേ അപ്രതീക്ഷിതമായി ആ ജോലിയും വേണ്ടെന്ന് വച്ചു നാട്ടിൽ തിരിച്ചെത്തിയതാണ്. നാട്ടിൽ തിരിച്ചെത്തി, കുടിയും വലിയും കഞ്ചാവും മാത്രമല്ല സ്ത്രീ വിഷയങ്ങളിലും ഒരു നിയന്ത്രണവും ഇല്ലാതെ നടക്കുന്ന ആ സമയത്ത് ഉണ്ണി മദ്യ ലഹരിയിൽ ഒരു അക്രമം കാണിയ്ക്കുന്നു. 

ചെയ്തത് അതിക്രമം ആയിപ്പോയെന്ന് വൈകിയാണെങ്കിലും തിരിച്ചറിയുന്ന ഉണ്ണി എല്ലാമറിയുന്ന മുത്തച്ഛന്റെ സഹായത്തോടെ പൂജകളിലും ദേവീസ്തുതികളിലും മുഴുകി ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം എന്നവണ്ണം കഴിയുകയായിരുന്നു. ആ അവസരത്തിൽ ആണ് താരപ്പറമ്പൻ വഴി ജയവിലാസത്തിലെ വിശേഷങ്ങൾ അറിയുന്നതും പൂജയ്ക്ക് ഒരു നമ്പൂതിരി സാന്നിദ്ധ്യം ആവശ്യമാണ് എന്നറിഞ്ഞു അങ്ങോട്ട് പുറപ്പെടുന്നതും.

അവിടുന്നു അങ്ങോട്ട് കഥയുടെ ഗതി മാറുകയാണ്. ജയയുടെ സഹായത്തിന് ട്രെയിൻ കയറുന്ന ഉണ്ണിയെ കുടുംബ സുഹൃത്ത് കൂടിയായ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ച് വീട്ടിൽ കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ ആ നാട്ടിൽ ഉണ്ണിയെ കാത്തിരുന്നത് മാസ്റ്ററുടെ പെങ്ങളും ഉണ്ണിയുടെ കളിക്കൂട്ടുകാരിയും ആയ സുമതി മാത്രമായിരുന്നില്ല... ജയവിലാസത്തിലെ കുടുംബ ക്ഷേത്രത്തിലെ ദേവിയും കൂടി ആയിരുന്നു. 

തുടർന്ന് ഉണ്ണി ജയയുടെ അസുഖത്തെയും അവിടെ നടക്കുന്ന പ്രശ്നങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കുന്നു...

 അവസാനം വായനക്കാർ ഒട്ടും പ്രതീക്ഷിയ്ക്കാത്ത സംഭവ വികാസങ്ങളിൽ കൂടിയാണ് കഥ കടന്നു പോകുന്നത്.

ഒരു മാന്ത്രിക നോവൽ എന്ന് തന്നെ പറയാമെങ്കിലും 'സുന്ദരി ഹൈമവതി' എന്ന പേരും പുസ്തകത്തിന്റെ കവർ പേജും ബ്ലർബും  ആ ഉദ്ദേശം വ്യക്തമാക്കുന്നുണ്ടോ എന്ന് സംശയം തോന്നി. ഈ നോവൽ വേണ്ടത്ര വായനക്കാരിലേയ്ക്ക് എത്തിയിട്ടുണ്ടോ എന്നും അറിയില്ല. (അധികം ആരും പരാമർശിച്ചു കണ്ടിട്ടില്ല). ശ്ലോകങ്ങളും മന്ത്രങ്ങളും എല്ലാം ഇടയ്ക്കിടെ വരുന്നു എന്നത് മുഷിപ്പ് ആയി തോന്നാതെ കുറച്ചു അദ്ധ്യായങ്ങൾ ക്ഷമയോടെ വായിയ്ക്കാൻ ശ്രമിച്ചാൽ അവസാനം വരെ നല്ലോരു ത്രില്ലിംഗ് വായനാനുഭവം തരുന്ന നോവൽ ആണ് സുന്ദരി ഹൈമവതി.


- ശ്രീ

0 comments: