പുസ്തകം : വൺ ബൈ വൺ
രചയിതാവ് : അൻവർ അബ്ദുള്ള
വിഭാഗം : നോവൽ
ഭാഷ : മലയാളം
പ്രസാധകർ : ഡി സി ബുക്ക്സ്
പേജ് : 350
വില : 410
Rating : 4/5
പുസ്തക പരിചയം :
ഇന്നത്തെ മലയാള അപസർപ്പക സാഹിത്യ രംഗത്ത് എറ്റവും മുന്നിൽ നിൽക്കുന്ന എഴുത്തുകാരൻ ആണ് അൻവർ അബ്ദുള്ള. കുറ്റാന്വേഷണ നോവലുകളെ രണ്ടാം തരം എന്ന് പൂച്ഛിച്ചു തള്ളിയിരുന്ന കാലഘട്ടത്തിൽ നിന്ന് പൊതു വായനക്കാർക്കിടയിൽ ഒരു നല്ല സ്ഥാനം നേടിക്കൊടുക്കുവാൻ അൻവർ മാഷിന്റെ ശിവശങ്കർ പെരുമാൾ എന്ന കുറ്റാന്വേഷകൻ നായകനായ ഒരു പിടി മിക്കവുറ്റ നോവലുകൾ വഹിച്ച പങ്ക് എടുത്തു പറയാതെ വയ്യ.
കുറ്റാന്വേഷണ നോവലുകൾക്ക് പുറമെ ഒരു പിടി പുസ്തകങ്ങൾ വേറെയും അദ്ദേഹം എഴുതിയിട്ടുണ്ട് എങ്കിലും ഈ കാലഘട്ടത്തിലെ എറ്റവും മികച്ച കുറ്റാന്വേഷണ നോവലിസ്റ്റ് എന്ന പേരിൽ തന്നെ ആകും അൻവർ മാഷ് ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്.
അതിനൊപ്പം എടുത്തു പറയാനുള്ളത് അൻവർ മാഷ് ഉപയോഗിച്ചിരിയ്ക്കുന്ന ഭാഷയാണ്. 'വെറുമൊരു ജനപ്രിയ കുറ്റാന്വേഷണ സാഹിത്യം' എന്ന പുച്ഛം കലർന്ന മുൻ വിധി ഇത്തരം സാഹിത്യ വിഭാഗങ്ങളോട് മുൻ കാലങ്ങളിൽ വായനക്കാർക്ക് ഉണ്ടായിരുന്നു. അത് ഈ അടുത്ത കാലത്തായി മാറി വരുന്നുണ്ട്. അതിന് പ്രധാന കാരണവും അൻവർ മാഷേ പോലെ കുറ്റാന്വേഷണ നോവലും ഗൗരവത്തോടെ നല്ല സാഹിത്യത്തിൽ തന്നെ എഴുതാൻ ശ്രമിയ്ക്കുന്ന മികവുള്ള എഴുത്തുകാർ തന്നെയാണ്.
"അവൾ ടോർച്ചുമായിവന്ന് മുറ്റത്തുനിന്നു പുറംലോകത്തേക്കു വമിച്ചുകിടന്ന ഇരുട്ടിലേക്കു പായിച്ചു. ഇരുട്ട്, പേടിച്ച് രണ്ടു വഴിക്ക് ഓടിമാറി. വെളിച്ചത്തിന്റെ തിരശ്ചീനഗോപുരത്തിന്റെ താരവീഥിയുടെ അതി മുകളിൽ അതു നിന്നു കിതയ്ക്കുകയും തിരിച്ചുവരാൻ തക്കം പാർക്കുകയും ചെയ്തു."
ഇത് പോലെയുള്ള മനോഹരമായ വാചകങ്ങളെ കഥയുടെ ഒഴുക്ക് നഷ്ടപ്പെടുത്താതെ തന്നെ ഒരു കുറ്റാന്വേഷണ നോവലിൽ കാണുന്നത് ഈ സാഹിത്യ ശാഖയുടെ വളർച്ച തന്നെയാണെന്ന് അഭിമാനത്തോടെ പറയാം.
അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പെരുമാൾ സീരീസിനു പുറമെ പിറവി കൊണ്ട ഡിറ്റക്റ്റീവ് ജിബ്‌രീൽ സീരീസ് ലെ രണ്ടാമത്തെ പുസ്തകം ആണ് വൺ ബൈ വൺ ചെയ്യാൻ (ആദ്യത്തേത് കോമ - 2021 ൽ പുറത്തിറങ്ങിയിരുന്നു).
ജിബ്‌രീൽ അലി, ജിബ്‌രീൽ അബു എന്നീ ഇരട്ട സഹോദരന്മാർ. അവർ തമ്മിലുള്ള സാമ്യതകൾ ഒരുപാടുണ്ട്, വ്യത്യാസങ്ങളും. അബു ഒരു പത്രത്തിൽ ആണ് വർക്ക് ചെയ്യുന്നത്... ഭൂരിഭാഗവും യാത്രകളും അന്വേഷണങ്ങളും എല്ലാം നടത്തുന്നതും അബു ആയിരിയ്ക്കും. എന്നാൽ അലി പലപ്പോഴും മുറി വിട്ടിറങ്ങാറേയില്ല. കക്ഷി ഒരു പ്രത്യേക തരം ആണ്. എറ്റവും ചുരുക്കി പറഞ്ഞാൽ 'ഇൻവെസ്റ്റിഗേറ്റർ' എന്ന യൂ ട്യൂബ് ചാനൽ നടത്തുകയാണ് എന്ന് പറയാം.
ഇന്ത്യയിൽ നടക്കുന്ന ഒരു ക്രിക്കറ്റ് ടൂർണ്ണമെന്റ് നോട് അനുബന്ധമായി അബു ഒരു കോളമെഴുതുന്നുണ്ടായിരുന്നു. കളി നടക്കുന്ന സാഹചര്യങ്ങളും കളിക്കാരുടെ ശക്തിയും ദൗർബല്യവും മത്സര ചരിത്രവും പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയും പോലും കണക്കിലെടുത്തു നടത്തുന്ന ഒരു പ്രവചന പരമ്പര തന്നെ. ആദ്യ മത്സരം മുതൽ അബുവിന്റെ പ്രവചനം കൃത്യമായതോടെ ആ കോളം ഒരു തരംഗം സൃഷ്ടിയ്ക്കുന്നു. തുടർന്ന് ഓരോ മത്സരത്തിലും അബുവിന്റെ പ്രവചനങ്ങൾ ഏറെക്കൂറെ എല്ലാം തന്നെ അതേപടി ഫലിയ്ക്കുന്നുവെങ്കിലും ഫൈനലിൽ എല്ലാം തകിടം മറിയുന്നു. ടോസ് മുതൽ എല്ലാം തെറ്റുകയും മത്സര ഫലം തന്നെ തകിടം മറയുകയും ചെയ്യുന്നു.
അതോടെ തീർത്തും നിരാശനായ അബു കുറച്ചു ദിവസത്തെ അവധിയെടുത്ത് തന്റെയും അലിയുടെയും ഫ്ലാറ്റിൽ (221 A/B) തിരിച്ചെത്തുന്നു.
അബുവിന്റെ മടുപ്പ് മാറ്റാൻ ഉള്ള ഒരു മാർഗം അലി മുന്നോട്ട് വയ്ക്കുന്നു. അടുത്ത കാലത്ത് ഉണ്ടായ ചില പത്രവാർത്തകൾ എടുത്ത് കാണിച്ചു കൊണ്ട് അതിൽ ഇഷ്ടമുള്ള രണ്ടോ മൂന്നോ കേസുകളിൽ ആരെയും ബോധിപ്പിയ്ക്കാൻ അല്ലാതെ ഒരന്വേഷണം നടത്തുക... അബു അത് അംഗീകരിച്ചു കൊണ്ട് അതിൽ നിന്ന് മൂന്ന് കേസുകൾ തിരഞ്ഞെടുക്കുന്നു.
"ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം", "പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ", "തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം". ഈ മൂന്നു കേസുകളും വൺ ബൈ വൺ ആയി അന്വേഷിക്കാൻ അബു ഇറങ്ങുന്നു.
എന്നാൽ അബുവിനെ മാത്രമല്ല, നമ്മൾ വായനക്കാരെയും കാത്തിരുന്നത് അതിശയിപ്പിയ്ക്കുന്ന... എന്നാൽ ഇടയ്ക്കൊരു വേള കുഴപ്പിച്ചേക്കാവുന്ന സംഭവ പരമ്പരകൾ ആയിരുന്നു.
കഥയുടെ സസ്പെൻസ് നഷ്ടപ്പെടാതെ ഇരിയ്ക്കുവാൻ വിശദ വിവരങ്ങളിലെയ്ക്ക് കടക്കുന്നില്ല. എങ്കിലും കഥയുടെ ക്ലൈമാക്സിലെയ്ക്ക് എത്തുമ്പോഴാണ് ഈ ഓരോ കേസുകളുടെയും യഥാർത്ഥ സ്വഭാവം നമുക്ക് പിടി കിട്ടുകയുള്ളൂ... നാം പത്രങ്ങളിൽ കാണുന്ന നിസ്സാരമെന്ന് കരുതുന്ന ഓരോ വാർത്തകളുടെയും പുറകിൽ എത്രയോ വലിയ ഭീകരമായ സാദ്ധ്യതകൾ ആണ് ഉള്ളത് എന്ന് വൺ ബൈ വൺ എന്ന ഈ കുറ്റാന്വേഷണ നോവലിലൂടെ അൻവർ മാഷ് നമുക്ക് മുൻപിൽ കാണിച്ചു തരുന്നു.
മൂന്ന് വ്യത്യസ്ഥ കേസുകളുടെ അന്വേഷണം നാലാമത് ഒരു കേസിന്റെ നിർദ്ധാരണത്തെ ഏത് വിധത്തിൽ സഹായിയ്ക്കുന്നു എന്നതും ഈ കേസ് തന്നെ എത്ര വലിയ, ലോകമൊട്ടാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന കുറ്റകൃത്യ ശൃംഖലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതും വായനക്കാരെ പോലും ഞെട്ടിയ്ക്കും, ഇരുത്തി ചിന്തിപ്പിയ്ക്കും.
അപ്പോൾ വായനാപ്രേമികളെ... സമയം കളയാതെ വായന തുടങ്ങിക്കോളൂ... വൺ ബൈ വൺ ആയി. ഇതിലെ ഓരോ കേസുകളായി നമ്മൾ വായിച്ചെത്തുമ്പൊൾ ആ ഒരു ഇമ്മിണി വലിയ കേസിന്റെ പരിസമാപ്തിയിൽ ജിബ്‌രീൽ നമ്മളെ വഴി കാണിയ്ക്കും... വായനയുടെ വഴികളിലെ ഓരോ കേസുകളുടെയും അവസാനത്തെ വിട്ടു പോയ വിടവുകൾ തുന്നിച്ചേർത്ത് നമ്മുടെ മുന്നിൽ അവതരിപ്പിയ്ക്കും. അപ്പോൾ നമ്മളും മനസ്സിലാക്കും അലി പറയും പോലെ ജിബ്‌രീൽ അബുവും ജിബ്‌രീൽ അലിയും രണ്ടല്ല എന്ന്... അബുവില്ലാതെ അലിയില്ല, അലിയില്ലാതെ അബുവും.
- ശ്രീ
0 comments:
Post a Comment