നാട്ടിന്‍പുറങ്ങളില്‍ ജനിച്ചു വളര്‍ന്ന എല്ലാവരെയും എന്ന പോലെ എനിയ്ക്കും എന്റെ കുട്ടിക്കാലത്തെല്ലാം ഓണം എന്നു കേള്‍ക്കുന്നതു തന്നെ വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു. അന്നെല്ലാം ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേയ്ക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ തന്നെ. അത്തം മുതല്‍ തുടങ്ങുന്ന പൂക്കള്‍ പറിയ്ക്കലും കളമൊരുക്കലും ഓണക്കളികളും സദ്യവട്ടങ്ങളും എല്ലാം.
മിക്ക വര്‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍ കഴിയും മുന്‍പേ അത്തം തുടങ്ങിക്കാണും. എങ്കിലും പരീക്ഷത്തിരക്കുകള്‍ക്കുള്ളിലും അതിരാവിലെ അല്‍പ സമയം പൂക്കളമൊരുക്കാന്‍ മാറ്റി വയ്ക്കുമായിരുന്നു. എല്ലാ മലയാളികളുടേയും ആഘോഷം എന്ന പേര് അന്വര്‍ത്ഥമാക്കും വിധം ജാതി മത വ്യത്യാസങ്ങളൊന്നുമില്ലാതെ നാട്ടില്‍ എല്ലാവരും കളമൊരുക്കി ഓണത്തെ വരവേറ്റിരുന്നു.
ഓണപ്പരീക്ഷകള്‍ക്കു ശേഷം പള്ളിക്കൂടം അടച്ചാല്‍ പിന്നെ ഓണക്കളികളും മറ്റും തുടങ്ങുകയായി. എന്നും അതി രാവിലെ തന്നെ എഴുന്നേറ്റ് പൂക്കള്‍ പറിയ്ക്കാനായി പാടവരമ്പുകളിലും മറ്റും പോകും. എത്ര നേരം ക്ഷമയോടെ ശ്രമിച്ചാലാണ് ഒരു ചേമ്പില/വാഴയില നിറയെ തുമ്പപ്പൂവും മുക്കുറ്റിയുമെല്ലാം ശേഖരിയ്ക്കാനാകുക എന്നോര്‍ക്കുമ്പോള്‍ ഇന്നും അതിശയം തോന്നുന്നു. ആവശ്യത്തിനു പൂക്കള്‍ ശേഖരിച്ചാല്‍ പിന്നെ ചാണകം കൊണ്ട് കളമെഴുതി അതില്‍ പൂക്കളമൊരുക്കുന്ന തിരക്കായി. മുറ്റമടിച്ചു വൃത്തിയാക്കി ചാണകം കൊണ്ട് കളമെഴുതി തരുന്നത് അമ്മൂമ്മയോ അമ്മയോ ആയിരിയ്ക്കും.
രാവിലെ ഭക്ഷണം കഴിച്ചു തീരുമ്പൊഴേയ്ക്കും അയല്‍വീടുകളിലെ കൂട്ടുകാരെല്ലാം തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ പലതരം കളികള്‍ തുടങ്ങുകയായി. ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും കിളിത്തട്ടും ആറൂമാസവും (ഇതിന് മറ്റു നാടുകളില്‍ എന്തു പേരാണ് പറയുന്നതെന്നറിയില്ല) നാടന്‍ പന്തുകളിയും കുട്ടിയും കോലും ഒളിച്ചു കളിയും കള്ളനും പോലീസും കളിയും നിധി വേട്ടയും കരുനീക്കവും നൂറാം കോലും അങ്ങനെയങ്ങനെ ഒട്ടേറെ തനി നാടന്‍ കളികള്‍… അല്ലലില്ലാതെ സന്തോഷം മാത്രമുള്ള ഒരു ബാല്യം. [പിന്നീടെപ്പോഴാണ് ഓണക്കാലത്തെ കളികളായി ക്രിക്കറ്റും ഫുട്ബോളും ചെസ്സുമെല്ലാം കടന്നു വന്നത്?]
പകല്‍ മുഴുവനും കളികള്‍ക്കു പുറകേയാണെങ്കില്‍ രാത്രികാലങ്ങളില്‍ അടുക്കളയിലും മറ്റുമായിരിയ്ക്കും. അപ്പോള്‍ അമ്മയും അമ്മൂമ്മമാരുമെല്ലാം ഓണപ്പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലായിരിയ്ക്കും, കൂടെ അച്ഛനും. കളികള്‍ക്കും കുസൃതികള്‍ക്കുമിടയില്‍ അടുക്കളയില്‍ ഒരു പ്രദക്ഷിണം വച്ച് ഒരു പിടി ഉപ്പേരിയോ മറ്റോ വാരി അതും കൊറിച്ച് നടക്കുന്നത് ഒരു രസം തന്നെ ആയിരുന്നു.
മൂലം, പൂരാടം, ഉത്രാടം നാളുകള്‍ ആകുമ്പോഴേയ്ക്കും ഓണപ്പൂക്കളങ്ങളുടെയെല്ലാം മട്ടുമാറും. അപ്പോഴേയ്ക്കും പൂത്തറ കെട്ടി അതിലായിരിയ്ക്കും പൂക്കളമൊരുക്കുന്നത്. ചിലപ്പോള്‍ മഴയെ പേടിച്ച് ഒരു കൊച്ചു ഓലപ്പന്തലും കെട്ടിയിട്ടുണ്ടാകും. പന്തലുണ്ടെങ്കില്‍ അതിനു ചുറ്റും കുരുത്തോലയിട്ട് അലങ്കരിയ്ക്കും.
തിരുവോണമടുത്താല്‍ എല്ലാ വീട്ടിലും എപ്പോഴും വിരുന്നുകാരുടെ തിരക്കുകളും ഉണ്ടാകും. അങ്ങനെ ഉത്രാടം നാള്‍ ആകുമ്പോഴേയ്ക്കും അച്ഛന്‍ ഓണക്കോടി തയ്ച്ചു തരും. [അച്ഛന് തയ്യലറിയാമായിരുന്നതിനാല്‍ കോടി വാങ്ങാറില്ല; തുണി എടുത്ത് അച്ഛന്‍ തന്നെ തയ്ച്ചു തരാറാണ് പതിവ്]. അന്നെല്ലാം കോടിയുടുപ്പ് ലഭിയ്ക്കുന്ന രണ്ട് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ – പിറന്നാളിനും ഓണത്തിനും. അതു കൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു.
ഏറ്റവും കൂടുതല്‍ തിരക്കുകളും ആഘോഷങ്ങളുമുള്ള ദിവസമായിരിയ്ക്കും ഉത്രാട ദിവസം. പിറ്റേ ദിവസം തിരുവോണം ആയതിനാല് അന്ന് പണികളും തിരക്കുകളും ഒന്നും കാണില്ല. അതിനു വേണ്ടി എല്ലാം ഒരുക്കി വയ്ക്കുന്നത് ഉത്രാട ദിവസമായിരിയ്ക്കും.
ഉത്രാട ദിവസം വൈകുന്നേരമാകുമ്പോഴേയ്ക്കും ഞങ്ങള്‍ കുട്ടികള്‍ നാടു മുഴുവന് ഓടി നടന്ന് തുമ്പക്കുടങ്ങളും ചെത്തി, മന്ദാരം, കോളാമ്പി, തുടങ്ങിയ പൂക്കളെല്ലാം ശേഖരിയ്ക്കും. അങ്ങനെ തിരുവോണ ദിവസം അതിരാവിലെ തന്നെ അച്ഛന്‍ പൂത്തറയില്‍ കോലം വരച്ച് തൃക്കാക്കരയപ്പന്‍ വച്ച് ആര്‍പ്പു വിളിച്ച് ഓണം കൊള്ളും. തിരുവോണ ദിവസം പുലികളി പോലുള്ള കലാരൂപങ്ങളും പല വിധം ഓണക്കളികളും മത്സരങ്ങളും നാട്ടില്‍ ഉണ്ടാകും.
പിന്നെ രാവിലെ മുതല്‍ സദ്യയ്ക്കുള്ള ഒരുക്കങ്ങളായിരിയ്ക്കും വീട്ടില്‍. വിഭവ സമൃദ്ധമായ സദ്യയാണ് അന്നുച്ചയ്ക്ക്. സാമ്പാര്‍, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, തോരന്‍,പുളിശ്ശേരി, പച്ച മോര്, പപ്പടം, പല തരം ഉപ്പേരികള്‍, ഇലക്കറികള്‍, അച്ചാറുകള്‍, കായ ഉപ്പേരി, പഴം നുറുക്ക്, ശര്‍ക്കര പുരട്ടി എന്നിവയ്ക്കൊപ്പം പ്രഥമനും കൂടി ചേരുമ്പോള്‍ ഓണ സദ്യ വിശേഷമാകുന്നു.
തിരുവോണ സദ്യ കഴിഞ്ഞാല്‍ ബന്ധു മിത്രാദികളുടെ വീടു സന്ദര്‍ശനവും മറ്റുമായി ഒന്നു രണ്ടു ദിവസം പോയിക്കിട്ടും. അതു പോലെ തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടില്‍ ഓണക്കളികളും മറ്റും ഉണ്ടായിരിയ്ക്കും. അങ്ങനെ പത്തു ദിവസം കഴിയുമ്പോഴേയ്ക്കും ഒരുപാട് നല്ല നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കിയാണ് എല്ലാ ഓണക്കാലവും കടന്നു പോയ്ക്കോണ്ടിരുന്നത്.
ഇന്ന് ഓണവും ഓണാഘോഷവും ഓര്‍മ്മകളില്‍ മാത്രമായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും 24 മണിക്കൂറും ടെലിവിഷന്‍ ചാനലുകള്‍ നിറയേ പരിപാടികള്‍ ഉള്ളതിനാലാകാം മറ്റൊരു കളികള്‍ക്കും കുട്ടികള്‍ക്ക് ആര്‍ക്കും താല്പര്യമില്ല. നാട്ടിലും പഴയ ആഘോഷം ഒന്നും കാണാറില്ല. പൂക്കളമിടണമെന്നു തോന്നിയാല്‍ തന്നെ എല്ലാത്തരം പൂക്കളും കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടും. എന്തിന്, ഓണക്കിറ്റ് ആയി സദ്യ പോലും സുലഭമായിക്കഴിഞ്ഞു.
പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍ ഓണവും ഓണക്കാലം പകര്‍ന്നു നല്‍കുന്ന നന്മകളും നമുക്കു കൈമോശം വന്നു കൊണ്ടിരിയ്ക്കുകയല്ലേ? ഇന്ന് ഓണക്കാലത്ത് പൂക്കള്‍ പറിയ്ക്കാന്‍ പോകുന്ന എത്ര കുട്ടികള്‍ ഉണ്ട്? ഓണപ്പാട്ടുകളും ഓണക്കളികളും അറിയുന്ന എത്ര പേരുണ്ട്? ഓണത്തിനു വീട്ടില്‍ തന്നെ സദ്യ ഒരുക്കുന്ന എത്ര കുടുംബങ്ങളുണ്ട്?
എങ്കിലും കുട്ടിക്കാലത്തെ ഓണവും ഓണക്കാലവും ഒരു മലയാളിയും മറക്കുമെന്നു തോന്നുന്നില്ല. എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍പ്പം മാത്രം ആയിരിയ്ക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ നമുക്കു ശ്രമിയ്ക്കാം…
എല്ലാവര്ക്കും ഹൃദയപൂര്വ്വം ഓണാശംസകള്!
'ദൂരെയാണ് കേരളം...' എന്നു തുടങ്ങുന്ന മനോഹരമായ ഓണപ്പാട്ട് ഇവിടെ നിന്നും കേള്‍ക്കാം/ഡൌണ്‍ലോഡ് ചെയ്യാം
123 comments:
"മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
വെള്ളിക്കോലാദികള് നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ"
ഇന്നത്തെ ഓണക്കാലങ്ങളേക്കാള്‍ നമ്മുടെയെല്ലാം ഓര്‍മ്മകളില്‍ നില്‍ക്കുന്ന പഴയ ഓണക്കാലത്തെ ആകും എല്ലാവരും കൂടുതല്‍ സ്നേഹിയ്ക്കുന്നത്. ഞാനും അങ്ങനെ തന്നെ.
എന്റെ ബാല്യത്തിലെ ഓണക്കാലത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മക്കുറിപ്പ്.
എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ഓണാശംസകള്...
Hi Sree,
Sree paranjapolee, Ennum ee chingamasthinu Vendiyulla kathiruppu oru pakshe ell malayale kaludeyum jeeveththillee oru kootam ormakalvum.Oru pakshe Natilullavrekal nammalee pole natil ninum veetil ninum vittu jeevikkuna varayirikkum Onama innum valare nannayi orkunathum athu oru aghoshamayi mattan vendi sramikkunathum.Minimum oru Masam Mumbe yengilum veetil pokan ticket book cheyyan ulla thirakkayi pineee veetilekkula dressum mattumm
Vallarre nannayirikkunu sree yude ormakkal, Ellavarkum orkkan ee onkalavum enthengilum tharatte enuu prathiysahikkunuuu
Thanks
Abhi
ഇങ്ങനെ ഒരു പോസ്റ്റു അടുത്ത് തന്നെ പ്രതീക്ഷിചിരുന്നൂ. കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലിനും തെളിമയാര്‍ന്ന വിവരണത്തിനും നന്ദി!
ലോകത്തിന്റെ ഏതൊക്കെ കോണിലിരുന്നാലും ഓണത്തിന്റെ ഓര്‍മ്മകള്‍ എല്ലാരുടേം ഇതൊക്കെത്തന്നെയാവും അല്ലെ ശ്രീ.......ഓണാശംസകള്.
വളരെ ശരിയാണ് ... കുറച്ചു മുന്‍പ് കണ്ട ഒരു ഹ്രസ്വ ചിത്രം ഓര്‍മ വരുന്നു . നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും ഓണക്കളികള്‍ , ഓണ സദ്യ എന്നിവ ഒരു ഇവെന്റ്റ് മാനേജ്‌മന്റ് ടീം വഴി സംഘടിപ്പിച്ചു കൊടുത്ത ഒരു മറു നാടന്‍ മകനെയും , കുടുംബത്തെയും രസകരമായി അവതരിപ്പിച്ചിരുന്നു അതില്‍ ( സത്യത്തില്‍ വേദന തോന്നി അത് കണ്ടപ്പോള്‍ ) .ജോലിത്തിരക്ക് , കുട്ടികളുടെ പഠിപ്പ് അങ്ങനെ ഒരു പാട് കാരണങ്ങള്‍ ( ഒരു പരിധി വരെ ശരിയുമാണ് ; ഞാനും വ്യത്യസ്തനല്ല എന്ന് തുറന്നു സമ്മതിക്കട്ടെ ) . എങ്കിലും ആ നല്ല കാലഘട്ടങ്ങളിലൂടെ കടന്നു പോകാനെങ്കിലും ഭാഗ്യം സിദ്ധിച്ച ഭാഗ്യം സിദ്ധിച്ച നമ്മുടെ തലമുറയ്ക്ക് , അതിന്‍റെ പ്രാധാന്യവും , മഹത്വവും, വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള കഴിവും , സാഹചര്യവും ഈശ്വരന്‍ തരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു കൊണ്ട് ...
ശ്രീക്കും , മറ്റു ബൂലോക സുഹൃത്തുകള്‍ക്കും പൊന്നോണാശംസകള്‍ നേരുന്നു ...
മനോഹരമായിരിക്കുന്നു ശ്രീ ഓണസ്മരണകള്‍!! പഴയ ഓണസ്മരണകള്‍ തിരിച്ചു കൊണ്ടു വന്നതിനു നന്ദി...
ഓണാശംസകള്!
"ഇന്നത്തെ ഓണക്കാലങ്ങളേക്കാള്‍ നമ്മുടെയെല്ലാം ഓര്‍മ്മകളില്‍ നില്‍ക്കുന്ന പഴയ ഓണക്കാലത്തെ ആകും എല്ലാവരും കൂടുതല്‍ സ്നേഹിയ്ക്കുന്നത്"
വളരെ ശരിയാണ്.
ഓണാശംസകള്
അന്നെല്ലാം കോടിയുടുപ്പ് ലഭിയ്ക്കുന്ന രണ്ട് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ – പിറന്നാളിനും ഓണത്തിനും. അതു കൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു.
ശ്രീ ഒരു പാട് ഒരുപാടിഷ്ടമായി ഈ ഓണസ്മരണ
എന്തായാലും നല്ലൊരു സദ്യ ഉണ്ട പ്രതിതി, മധുരം അല്‍പ്പം കൂടി പോയി എന്നാ സംശയം മാത്രമേ ഉള്ളു.
എല്ലാവര്ക്കും എന്റെയും ഓണ ആശംസകള്‍
പ്രിയ സുഹ്രുത്തേ ഓണം ഇപ്പോഴാണു..ഈ പോസ്റ്റ് വായിച്ചപ്പോഴാണു സ്മരണകളിലൂടെ ഒരു ഓണതുമ്പിയായ് പറക്കാൻ തുടങ്ങുന്നതു..അല്ലായിരുന്നെങ്കിൽ ഈ തിരക്കിൽ അതു അലിഞ്ഞ് ഇല്ലാതെ പോയേനെ... നന്ദി സുഹ്രുത്തേ..ഹൃദയം നിറഞ്ഞ നന്ദി..സ്നേഹപൂർവ്വം ഓണാശംസകൾ
ശ്രീ.,ഇന്നത്തെ ഓണക്കാലങ്ങളേക്കാള്‍ നമ്മുടെയെല്ലാം ഓര്‍മ്മകളില്‍ നില്‍ക്കുന്ന പഴയ ഓണക്കാലത്തെ ആകും എല്ലാവരും കൂടുതല്‍ സ്നേഹിയ്ക്കുന്നത്.അതിനു താഴെയൊരു ഒപ്പ്..
ശ്രീയുടെ ഓര്‍മ്മകളിലെ പോലെ എല്ലാത്തരം ഓണക്കളികളൊന്നും ഇല്ലായിരുന്നെങ്കിലും രസമുള്ള കൊച്ചോര്‍മ്മകള്‍ ഇപ്പോഴുമുണ്ടു മനസ്സില്‍.അത്തരം ഓര്‍മ്മകളൊന്നും ഇപ്പോഴുള്ള ഓണങ്ങള്‍ക്ക് തരാനാകുന്നില്ലല്ലോയെന്നുള്ള വിഷമമുണ്ടു.ശ്രീക്കും,മറ്റു ബൂലോക കൂട്ടുകാര്‍ക്കും പൊന്നോണാശംസകള്‍ നേരുന്നു...
ശ്രീ,
ഓണത്തിന്റെ നല്ല ഓര്‍മ്മകള്‍ നിറഞ്ഞ പോസ്റ്റ്. ഓണ പരീക്ഷകള്‍ക്കിടയിലെ അത്തപ്പൂവിടല്‍ എന്നും നല്ല ഓര്‍മ്മയാണ്. പരീക്ഷ തീരുന്ന ദിവസമാണ് വീട്ടില്‍ ഊഞ്ഞാല്‍ കെട്ടിതരുന്നത്. അതുകൊണ്ടുതന്നെ അവസാനദിവസത്തെ പരീക്ഷ തീരാന്‍ കാത്തിരിക്കും ഓടി വീട്ടില്‍ വരാന്‍. ഇവിടെ ഓണത്തിന്റെ അന്ന് മാത്രം പൂക്കളമിടും, മാര്‍ക്കറ്റില്‍ നിന്നും പൂക്കള്‍ വാങ്ങിച്ച്. മോന്‍ വലുതാവുമ്പോള്‍ അവന്റെ ഓണസ്മരണകളില്‍ അത്രയെങ്കിലും ഉണ്ടാവുമല്ലോ.
ഞങ്ങളുടെ ഓണാശംസകള് !
shariyaanu..suhruthe...onam oru nalla ormma mathramaanu ellavarudeyum manassil..oru nalla "bhootham" !!
ശ്രീയുടെ ബാല്യകാല ഓണ സ്മരണകൾ നന്നായി....
പാട്ടിനു നന്ദി....
ഓണാശംസകൾ....
onasmaranakal ishtaayi..
onaashamsakal..
Abhilash K Gupthan...
സ്വാഗതം. ആദ്യ കമന്റിനു നന്ദി, അഭിലാഷ്. ഒപ്പം ഓണ സ്മരണകള്‍ ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം.
Baiju Elikkattoor...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
പ്രയാണ്‍...
വളരെ ശരിയാണ്. ലോകത്തിന്റെ ഏതൊക്കെ കോണിലിരുന്നാലും എല്ലാരുടേം മനസ്സില്‍ ഓണത്തിന്റെ ഓര്‍മ്മകള്‍ ഇതൊക്കെത്തന്നെയാവും. നന്ദി.
വിനോദ് ചേട്ടാ...
ശരിയാണ്. നമ്മുടെയെല്ലാം മുന്‍ തലമുറയുടെ അത്രയും വരില്ലെങ്കിലും ആ നല്ല കാലഘട്ടങ്ങളിലൂടെ കടന്നു പോകാനെങ്കിലും ഭാഗ്യം സിദ്ധിച്ച നമുക്ക് അതിന്‍റെ മഹത്വമെല്ലാം വരും തലമുറയ്ക്ക് പകര്‍ന്ന് നല്‍കാനെങ്കിലും കഴിയട്ടേ എന്ന് തന്നെ ഞാനും പ്രാര്‍ത്ഥിയ്ക്കുന്നു.
കുമാരേട്ടാ...
വളരെ നന്ദി ട്ടോ.
വശംവദൻ...
വായനയ്ക്കും കമന്റിനും വളരെ നന്ദി.
കുറുപ്പിന്‍റെ കണക്കു പുസ്തകം ...
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം മാഷേ.
വരവൂരാൻ ...
തിരക്കുകള്‍ക്കിടയിലും ഓണത്തെക്കുറിച്ച് ഓര്‍ക്കാന്‍, ആഘോഷിയ്ക്കാന്‍ ഇന്ന് ആരെങ്കിലും ശ്രമിയ്ക്കുന്നുണ്ടോ മാഷേ? കമന്റിനു നന്ദി.
Rare Rose ...
ശരിയാണ്. അത്തരം നല്ല ഓര്‍മ്മകളൊന്നും ഇപ്പോഴുള്ള ഓണങ്ങള്‍ക്ക് തരാനാകുന്നില്ല. ഇനി വരും കാലങ്ങളുടെ ഗതി എന്താകുമോ ആവോ. കമന്റിനു നന്ദി.
Sreenanda ചേച്ചീ...
ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി, ചേച്ചീ. മോന്റെ മനസ്സിലും ഓണത്തെക്കുറിച്ചുള്ള വര്‍ണ്ണശബളമായ മനോഹരമായ ഒരു ചിത്രം നിലനില്‍ക്കാന്‍ ഇടവരട്ടെ എന്നാശംസിയ്ക്കുന്നു.
VEERU...
അതെ. ഇന്ന് ഓണസ്മരണകള്‍ മാത്രമേയുള്ളൂ...ആഘോഷങ്ങളില്ലാതായിരിയ്ക്കുന്നു. കമന്റിനു നന്ദി.
ചാണക്യന്‍ മാഷേ...
പോസ്റ്റും പാട്ടും ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം, മാഷേ.
the man to walk with...
വളരെ നന്ദി.
നല്ല ബാല്യകാലസ്മരണകള്‍...വിഢിപ്പെട്ടി നമ്മെയെല്ലാം വീട്ടിനുള്ളില്‍ തളച്ചപ്പോള്‍ നമുക്ക് നഷ്ടമായത് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ഇങ്ങനെ പലതുമാണ് എന്ന് തിരിച്ചറിയുന്നവര്‍ വളരെ വളരെ വിരളം.... ഓണാശംസകള്
പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍ ഓണവും ഓണക്കാലം പകര്‍ന്നു നല്‍കുന്ന നന്മകളും നമുക്കു കൈമോശം വന്നു
ഓര്‍മയിലെ ഓണത്തിന് ഓണത്തിന്റെ നിലാവ് , നിറവ്
ശ്രീ.... ഹൃദയം നിറഞ്ഞ ഓണാശംസകള്
ശ്രീ.. പോസ്റ്റ് വായിച്ചപ്പോള്‍ തൂശനിലയില്‍ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ച അനുഭവം.... നോമ്പായിട്ടും വയറു നിറഞ്ഞു. :)
നിറമുള്ള ഓര്‍മ്മകള്‍ ....ശ്രീ
ഓണാശംസകള്
വളരെ വളരെ ശരിയാണു് ശ്രീ. ഇവിടെയൊക്കെ ഇഷ്ടം പോലെ പൂക്കളുണ്ട്, ചെമ്പരത്തിയുമൊക്കെ. എന്നിട്ടും ആ പൂക്കളൊക്കെ പൊട്ടിക്കാതെ നില്‍ക്കുന്നതു കണ്ടിട്ടു ഇന്നു കൂടി ഞാന്‍ വിചാരിച്ചേയുള്ളൂ, എവിടെപ്പോയി നമ്മുടെ കുട്ടികളൊക്കെ എന്നു്!
പിന്നൊന്നുണ്ട്, അന്നു് കുട്ടികള്‍ സ്കൂള്‍ വിട്ടുവന്നാലും, രാവിലെ സ്കൂളില്‍ പോകുന്നതുവരേയും സമയമുണ്ട്. ഇന്നതല്ല, രാവിലെ 5.45 നും 6 നും തുടങ്ങുന്നു ട്യൂഷന്‍, വൈകീട്ടും അതു തന്നെ. അതില്ലാത്തവര്‍ വളരെ ചുരുക്കവും.ഞാന്‍ എന്നും കാണാറുണ്ട്. സ്കൂളില്‍ പോകുന്ന പോലെ കൂട്ടമായി കുട്ടികള്‍ ട്യൂഷനു പോകുന്നതു്, അതിരാവിലെ തന്നെ. പിന്നെ അവര്‍ക്കെവിടെ നേരം?
അവര്‍ക്കെന്തൊക്കെയാ നഷ്ടപ്പെടുന്നതു്, അല്ലേ?
ഓണാശംസകള്!!
പൂത്തറ കെട്ടി അതിലായിരിയ്ക്കും പൂക്കളമൊരുക്കുന്നത്. ചിലപ്പോള്‍ മഴയെ പേടിച്ച് ഒരു കൊച്ചു ഓലപ്പന്തലും കെട്ടിയിട്ടുണ്ടാകും
njaanum manoharamaaya aa pazhaya onakkaalatheykk thirich poyi
(sorry foe manglish,,)
ഓനമോ?
അദെന്റാണ് ശ്രീ?
:)
നന്നായി ഈ വിവരണം.
പൂക്കള്‍ പറിക്കാന്‍ റോഡിലൂടെ നടക്കുന്ന കുട്ടികളെ, മലപ്പുറത്തിന്റെ ഉള്‍വഴികളിലൂടെ യാത്രചെയ്യുന്ന വഴിക്ക് ഇന്നലെ കണ്ടു, സത്യത്തില്‍ അത്ഭുതം തോന്നി.
പൂക്കളുടെ കിറ്റ് തന്നെ വാങ്ങാന്‍കിട്ടുമെന്നിരിക്കെ ആ കുട്ടികള്‍ ശരിക്കും ഓണം ആസ്വദിക്കുകയാണെന്ന് ബൊദ്ധ്യപ്പെട്ടു.
ഓണത്തിന്റെ നന്മകൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു പോസ്റ്റ്.ഇതു കാണാനും വായിക്കാനും വൈകി.വായിച്ചില്ലായിരുന്നു എങ്കിൽ ഒരു നഷ്ടമായേനേ.നല്ല പോസ്റ്റ് ശ്രീ
മറ്റു എത്ര തുണി കിട്ടിയാലും...ഓണക്കോടി കിട്ടുന്നതും.. അത് ഉടുത്തു തിരുവോണത്തിന്റെ അന്ന് ഗമയില്‍ നടക്കുന്നതും ഒക്കെ ഒരു പ്രത്യേകത തന്നെയാ....
ഇപ്പൊ എനിക്ക് എടുത്തു തരാന്‍ അലില്യണ്ടായി..വളര്‍ന്നു ജോലിയും ഒക്കെ ആയപ്പോ കുട്ടി എന്നുള്ള പരിഗണന പോയി...
ഇപ്പൊ അനിയന്മാര്‍ക്കും അമ്മാമ്മയ്ക്കും അച്ഛനും അമ്മയ്കും ഒക്കെ കോടി എടുത്തു വച്ചിട്ടുണ്ട്... നാട്ടില്‍ ചെന്നിട്ടു കൊടുക്കാന്‍...
ഓണം എന്നും മലയാളിയുടെ ഗ്രുഹാതുരത്വമാണു. അതു പോലും നഷ്ടപ്പെടുത്തുന്നു ഇന്നത്തെ ഓണം എന്നത് തികച്ചും വേദനാജനകം. ഏറ്റവും പുതിയ തലമുറയുടെ ഓണത്തിണ്റ്റെ ഓര്‍മ്മച്ചെപ്പില്‍ എന്തായിരിക്കും സൂക്ഷിച്ചു വെക്കാനുണ്ടാവുക..?.
ശ്രീ,ഇത് വായിച്ചപ്പോൾ എന്റെ മനസ്സിലും ഗൃഹാതുരത ഒരു ഓണപൂക്കളം തീർക്കുന്നു.”ഉത്രാട പൂനിലാവെ വാ..മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
അരീക്കോടന്‍ മാഷേ...
അതെ മാഷേ. ഇന്നത്തെ മലയാളികളുടെ ജീവിതത്തിന്റെ നല്ലൊരു ഭാഗം അപഹരിയ്ക്കുന്നത് ടെലിവിഷന്‍ തന്നെയാണ്. നന്ദി.
പാവപ്പെട്ടവന്‍ ...
വീണ്ടും ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി, മാഷേ.
Smitha Nair...
വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി.
ശ്രദ്ധേയന്‍...
നോമ്പുകാലത്തെ ഓണത്തിന് എല്ലാ ആശംസകളും നേരുന്നു... കമന്റിനു നന്ദി.
രഘുനാഥന്‍...
നന്ദി മാഷേ.
എഴുത്തുകാരി ചേച്ചി...
ശരി തന്നെയാണ് ചേച്ചീ. ഇന്നത്തെ കുട്ടികള്‍ക്ക് ട്യൂഷനും മറ്റുമൊക്കെയായി സമയം തികയുന്നില്ല എന്നത് സമ്മതിയ്ക്കുന്നു. എങ്കില്‍ തന്നെയും നമ്മുടെ സംസ്കാരത്തില്‍ നിന്ന് അവര്‍ക്ക് നഷ്ടപ്പെടുന്നവയ്ക്കൊക്കെ പകരമാകുന്നുണ്ടോ ഇങ്ങനെ കഷ്ടപ്പെട്ട് സമ്പാദിയ്ക്കുന്ന അറിവുകള്‍?
babette ...
സ്വാഗതമ്. വായനയ്ക്കും കമന്റിനും നന്ദി.
പൊറാടത്ത് ...
വളരെ നന്ദി മാഷേ.
അനിൽ@ബ്ലൊഗ് ...
അങ്ങനെ ആസ്വദിച്ച് ഓണം ആഘോഷിയ്ക്കുന്ന കുട്ടികള്‍ ഇന്നുമുണ്ടെന്ന അറിവ് തന്നെ സന്തോഷകരം... അല്ലേ മാഷേ. കമന്റിനു നന്ദി.
മീര അനിരുദ്ധൻ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി, ചേച്ചീ.
കണ്ണനുണ്ണി ...
കിട്ടേണ്ട കാലത്ത് കിട്ടാത്തവയുടെ മാധുര്യം മറ്റൊന്നിനും തിരികേ തരാനാകില്ല. എങ്കിലും ഇന്നും ഓണം ആഘോഷിയ്ക്കാന്‍ സാധിയ്ക്കുന്നു എന്നത് നല്ലത് തന്നെ, നന്ദി.
khader patteppadam...
ചിന്തിയ്ക്കേണ്ടതു തന്നെയാണ് മാഷേ. ഇന്നത്തെ തലമുറയുടെ ഓണസ്മരണകളില്‍ എടുത്തു പറയാന്‍ എന്താണുണ്ടാകുക?
താരകൻ ...
വളരെ നന്ദി, മാഷേ.
"ഉത്രാടപ്പൂനിലാവേ വാ...
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവണിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ വാ വാ..."
..എത്ര സുന്ദരവും, ലളിതവുമാണു ശ്രീ താങ്കളുടെ ഓരോ വരികളും..വല്ലാത്ത ഒരു ഫീല്‍ തന്നു കൊട്ടോ താങ്കളുടെ ഈ പോസ്റ്റ്. ഞാനൊരു അന്യ സമുദായക്കാരനാണെങ്കിലും കുട്ടിക്കാലത്ത് പൂക്കളമൊരുക്കിയിരുന്നതും, കിഷോറിന്റെ വീട്ടിലെ സദ്യയും ഒക്കെ ഓര്‍മ്മായില്‍ വന്നു.
നന്ദിയുണ്ട് കൊട്ടോ....
ശ്രീ,
കാണാൻ അല്പം വൈകി
മനോഹരമായ് ഓർമ്മകൾ...!
“കാവിലെ പൂവള്ളി
പൊന്നൂയലിൽ മെല്ലെ
ചേർന്നിരുന്നൊന്നാടാൻ മോഹം”
അല്ലേ?
ഓണാശംസകൾ !
ശ്രീ എല്ലാവരുടേയും ഓണത്തെ ഒപ്പിയെടുത്തിരിക്കുന്നു:)
ആശംസകൾ.
ശ്രീ,
ഓണം വലിയ രസകരമായിരുന്നില്ല കുട്ടികാലത്ത്, ഓണം കഴിഞ്ഞ് സ്ക്കൂള്‍ തുറന്നാല്‍ കിട്ടാന്‍ പോകുന്ന ഉത്തരകടലാസുകള്‍, പ്രോഗ്രസ്സ് കാര്‍ഡ്, അതു തിരുത്തി അച്ചന്റെ ഒപ്പുവാങ്ങിക്കല്‍ തുടങ്ങിയ ടെന്‍ഷനിടക്ക് എന്ത് ഓണാഘോഷം...
തമാശിച്ചതാണ്....
നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നു..
ഓണാശംസകള്
ശ്രീ,
നാട്ടിന്‍ പുറത്തെ ഓണം ഓര്‍മ്മ വരുന്നു
ഓണം അടിച്ച് പൊളിക്ക്:)
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
വെള്ളിക്കോലാദികള് നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ
എന്റെ ഓണം ഇവിടെ ജര്‍മ്മനിയില്‍ തന്നെ... :)
കേരളസമാജവും മലയാളിസുഹൃത്തുക്കളും ഒക്കെയായി.. ഒരോണം കൂടി.
ശ്രീ..
നാടന്‍ കളികള്‍ക്ക് പകരം ക്രിക്കറ്റും ഫുട്ബാളും വന്നപോലെ പൂക്കളത്തിന് പകരം ഇപ്പോ ഉപ്പുകളമല്ലേ..അതിനിപ്പോ പൂ എവിടെ കിട്ടാനാ..
ഓണാശംസകള്‍..
ഓണക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് മനോഹരമായിരിക്കുന്നു ശ്രീ....ഒരുപാട് ഒരുപാടിഷ്ടമായി...ഹൃദയം നിറഞ്ഞ ഓണാശംസകള്...
കാലമിനിയും ഉരുളും ,വിഷു വരും തിരുവോണം വരും ....
ഓരോ തളിരിലും പൂ വരും കായ് വരും ......
ശ്രീ .... എന്റെയും ഓണാശംസകള് !
Onashamsakal
ഓണക്കാലം.... :)
(കളിയാക്കിയതല്ലേ കേട്ടോ ശ്രീയേ)
“ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ നമുക്കു ശ്രമിയ്ക്കാം…“
വളരെ നല്ല ഈ ഓർമ്മക്കുറിപ്പുകൾക്ക് നന്ദി, ഓണാശംസകൾ.
Onasamsakal
നന്നായിരിക്കുന്നു ശ്രീ, കൊഴിഞ്ഞുപോയ സുന്ദരമായ ആ ബാല്യകാലത്തെക്കുറിച്ച് നല്ല ഒരു ഓര്‍മ്മക്കുറിപ്പ്. ഇപ്പോഴത്തെ കുട്ടികള്‍ക്കൊക്കെ ഓണത്തെക്കുറിച്ച് ഒരു ഓര്‍മ്മക്കുറിപ്പ് എഴുതാനുള്ള വകകള്‍ എന്തെങ്കിലും ഉണ്ടാകുമോ?
ഓണം വന്നേ..ആര്‍പ്പോയ്.....ഇപ്പൊ പൂക്കളവും, ഓണസദ്യയും എല്ലാം "റെഡി മെയിഡ്" ആയി കിട്ടുന്ന കാലമല്ലേ., പിന്നെ ഇപ്പോള്‍ പ്ലാസ്റ്റിക് പൂക്കള്‍ ആണ് ട്രെന്‍ഡ്, ..വളരെ നന്ദി ശ്രീയേട്ടാ, വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്..
ഓണത്തിന്റെ ഒരു പിടി നല്ല ഓര്‍മകള്‍ പങ്കുവെച്ചതിന് നന്ദി .
ശെരിക്കും വിഷമം തോന്നി ഇത് വായിച്ചപ്പോള്‍ ..ഇനി ഒരിക്കലും ആ നല്ല കാലങ്ങള്‍ തിരിച്ചു കിട്ടില്ലല്ലോ ...
ഒരു അടിപൊളി ഓണം ആശംസിക്കുന്നു
ചെറിയപാലം...
ഈ കമന്റിനു നന്ദി മാഷേ. ഓണം എല്ലാ മലയാളികളുടേയും ആഘോഷമല്ലേ... പഴയ കാലത്തെ ഓര്‍മ്മിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
സുനിൽ കൃഷ്ണൻ...
വൈകിയിട്ടൊന്നുമില്ല മാഷേ.
“കാവിലെ പൂവള്ളി
പൊന്നൂയലിൽ മെല്ലെ
ചേർന്നിരുന്നൊന്നാടാൻ മോഹം”
ഈ മോഹമില്ലാത്ത മലയാളികള്‍ ഉണ്ടാകുമോ മാഷേ... :)
വികടശിരോമണി ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
ആര്‍ദ്ര ആസാദ് ...
സ്വാഗതം. വായന്യ്ക്കും കമന്റിനും വളരെ നന്ദി.
അരുണ്‍ കായംകുളം...
നന്ദി, അരുണ്‍... :)
Sands...
ജര്‍മ്മനിയിലാണെങ്കിലും അവിടുത്തെ മലയാളി സുഹൃത്തുക്കളോടൊത്ത് നല്ലൊരു ഓണാഘോഷത്തിന് സാധിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു.
Shara...
സ്വാഗതം. ശരിയാണ്. ഇന്ന് പൂക്കളം കാണാന്‍ തന്നെ കൊതിയ്ക്കണം. കമന്റിനു നന്ദി.
devarenjini...
വായനയ്ക്കും കമന്റിനും ആശംസകള്‍ക്കും നന്ദി.
ചേച്ചിപ്പെണ്ണ്...
വളരെ നന്ദി ചേച്ചീ.
കിഷോര്‍ലാല്‍ പറക്കാട്ട് ...
നന്ദി.
അപ്പുവേട്ടാ...
വളരെ നന്ദി
നന്ദേട്ടാ...
ആശംസകള്‍ക്ക് നന്ദീട്ടോ.
EKALAVYAN | ഏകലവ്യന്‍ ...
സ്വാഗതം മാഷേ. ഇന്നത്തെ കുട്ടികള്‍ക്ക് ഭാവിയില്‍ നല്ല ഓര്‍മ്മകള്‍ നല്കാന്‍ ഒരു ഓണക്കാലമെങ്കിലും കാണുമോ ആവോ...
തൃശൂര്‍കാരന്‍...
പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില് വളരെ സന്തോഷം.
മനു...
സ്വാഗതമ്. വായനയ്ക്കും കമന്റിനും നന്ദി.
Rani ചേച്ചീ...
അതെ. ഇനി ആ കാലമെല്ലാം ഓര്‍മ്മകളില്‍ മാത്രം. കമന്റിനു നന്ദി.
ശ്രീ,
പഴയകാല ഓണാഘോഷത്തിനെ ഓർമ്മിപ്പിച്ചതിന് നന്ദി.
നല്ല പോസ്റ്റ് ശ്രീയേട്ടാ... :)
7 വര്‍ഷത്തിനു ശേഷം ഞാന്‍ പൂക്കളം ഇടലും കാര്യങ്ങളും ഒക്കെ ആയിട്ട് വന്‍ ആഘോഷ പരിപാടികളിലാണ്... :D
പാടോം പറമ്പും ഒക്കെ ഇന്ടെങ്കിലല്ലേ പൂ പറിക്കാന്‍ പോവാന്‍ പറ്റൂ...അതോണ്ട് ദിവസോം വൈകുന്നേരം കടേന്നു വാങ്ങിക്കും... :-/
Happy Onam to you tooo... :)
post valare nannayitund. naattile onam , bangalore'l janicchu valarnna enikku kettarivaanengilum, chilathokke ende balyatheyum ormipichhu. pirannalinum, onathinum , pinne vishuvinum maathramaayirunnu enikkum pudhiya uduppu kittiyirunnath. enthu thanneyayaalum allalittha aa baalya kaalathile onaagoshangal orkkumboz enthu sugam.
‘അന്നെല്ലാം കോടിയുടുപ്പ് ലഭിയ്ക്കുന്ന രണ്ട് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ – പിറന്നാളിനും ഓണത്തിനും. അതു കൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു’
ഈ പറഞ്ഞതിനുതാഴെ എന്റെ നീട്ടിയൊരു ഒപ്പ് :)
അയ്യോ, മറന്നു; ശ്രീയ്ക്കും കുടുംബത്തിനും കൂട്ടുകാർക്കും നല്ലൊരു ഓണം ആശംസിയ്ക്കുന്നു..
ഓര്‍മകളില്‍ ഓണം പൂക്കളം തീര്‍ക്കുന്നു... :)
പുത്തന്‍ പ്രതീക്ഷകളുടെ പുതുനാമ്പുകളുമായ് വീണ്ടും ഒരോണം കൂടി...ഏവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍.......
ഇതുവരെ ഞാന്‍ ശ്രീ വിവരിച്ചതുപോലെ ഓണം ആഘോഷിച്ചിട്ടില്ലെങ്കിലും ഓണം എന്നും ഞാന്‍ കാത്തിരിക്കുന്ന ഒന്നാണ്. പൂക്കളവും കളികളും ഇല്ലെങ്കിലും അമ്മ ഉണ്ടാക്കി വിളന്വിത്തരുന്ന ഇലത്തുന്വിലെ ഭക്ഷണം ഒരുമിച്ചിരുന്നുണ്ണുന്വോള്‍ ഓണത്തിന്ടെ എല്ലാ സന്തോഷവും നിറഞ്ഞുനില്‍ക്കുന്നത് വീട്ടില്‍ ആണെന്നു തോന്നും.
പ്രിയപ്പെട്ടവരോടൊത്ത് നല്ലൊരു ഓണം ആഘോഷിക്കൂ ശ്രീ. എല്ലാ ആശംസകളും.
ഒരുപാട് ഓര്‍മ്മകള്‍ക്ക് നിറം ചാര്‍ത്താന്‍ ഈ സ്മരണകള്ക്കായി.. നന്ദി .. വീട്ടില്‍ നിന്നും വളരെ അകലെ നിന്നുകൊണ്ട് ഓണത്തിനെ ഓര്‍മ്മകളില്‍ നിന്നും ആസ്വദിക്കാനെ
പ്രവാസികള്‍ക്കാവു.. എങ്കിലും നിറഞ്ഞ മനസ്സോടെ ഓണാശംസകള്‍ നേരുന്നു
ഒരിക്കല്‍ കൂടി ഓര്‍മ്മകള്‍ റിവേര്‍സ് ഗിയറില്‍ പുറകോട്ട് പോയി.നന്ദി....
നല്ല വിവരണം. ഓണം എന്നോര്‍ക്കുമ്പോള്‍ ഓടിയെത്തുന്ന ചില ചിത്രങ്ങള്‍ അനുഭവവേദ്യം ആക്കി.
ഓണമെത്തിയപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടര്‍ പരിസരത്ത് തുമ്പയെ ധാരാളം കണ്ടു. പക്ഷെ പറിക്കാന്‍ തിരക്ക് കൂട്ടുന്ന കുട്ടികള്‍ ആരും ഇല്ല. എല്ലാവര്‍ക്കും അങ്ങാടിയില്‍ കിട്ടുന്ന ചെണ്ടുമല്ലി, വാടാമല്ലി മതി. അതാണല്ലോ ഈസി.
"Easy onam" "Readymade onam" :)
ഒരു കമന്റിന് ഇത്രയും മാസം താമസിച്ചത് ക്ഷമിക്കുക. ഞാന്‍ മലയാളം ബ്ലോഗ്ഗിങ്ങില്‍ പുതിയ ആളാണെന്ന് അറിയാമല്ലോ. തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ശ്രീയുടെ ഓണവും ഞങ്ങളുടെ ഓണവും തമ്മില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ട് അതു കൂടി കുറിയ്ക്കട്ടെ.
പായിപ്പാടു വള്ളംകളി നടക്കുന്ന പുഴക്കരയിലാണ് ഞങ്ങളുടെ വീട്. വലിയദിവാന്‍ ജി വള്ളം ഞങ്ങളുടെ കരയുടെത്. അപ്പോള്‍ ഞങ്ങളുടെ ഓണക്കളികള്‍ പ്രധാനമായും വള്ളം കളിപ്രധാനമായിരുന്നു.
കാലത്തുമുതല്‍ ഉച്ചവരെ കുട്ടികള്‍ക്ക് വള്ളം കളിക്കാം അതിന്റെ അമരം നയിക്കാന്‍ മാത്രം വലിയവര്‍ ഉണ്ടാകും. രാമപുരത്തുവാരിയരുടെ കുചേലവൃത്തം താളത്തിലും ഈണത്തിലും പാടി തുഴഞ്ഞു കളിക്കും . അടുത്ത കരയിലെ വള്ളങ്ങളുമായി സൗഹൃദമല്‍സരവും.
പ്രൊഫഷനല്‍ തുഴക്കാരല്ലാത്തതുകൊണ്ട് പെട്ടെന്നു തന്നെ ക്ഷീണിക്കും മല്‍സരവും നില്‍ക്കും. ഏകദേശം നാലു കിലോമീറ്റര്‍ ദൂരം വരുന്ന ഭാഗത്താണ് വള്ളം തുഴഞ്ഞു കളിക്കുന്നത്. അതിനാല്‍ ഇടയ്ക്കിടയ്ക്ക് മല്‍സരത്തുഴച്ചിലും , കുഴയുമ്പോള്‍ സാധാരണ തുഴച്ചിലും.
തിരുവോണനാളില്‍ കാലത്ത് വള്ളത്തില്‍ കയറി ഹരിപ്പാട് ക്ഷേത്രത്തില്‍ പോകണം. നെല്‍പ്പുരക്കടവില്‍ വള്ളം നിര്‍ത്തിയിട്ട്, അവിടെ നിന്നും തുഴക്കാരെല്ലാവരും കൂടി വഞ്ചിപ്പാട്ടും പാടി റോഡില്‍ കൂടി അമ്പലത്തിലെത്തും. അവിടെ നിന്നും ഓരോ വള്ളത്തിനും പൂജിച്ച മാല നല്‍കും . അവരവരുടെ മാലയും കൊണ്ട് തിരികെ വന്ന് ഞങ്ങളുടെ വള്ളത്തില്‍ ചാര്‍ത്തി തിരികെ എത്തുന്നതോടു കൂടി തിരുവോണനാളിലെ ഞങ്ങളുടെ വള്ളം കളി കഴിഞ്ഞു. പിന്നീട് ഉച്ചയ്ക്ക് വലിയവരുടെ വകയാണ്. അവരെല്ലാവരും പുതിയ കോടിയൊക്കെ ഉടുത്ത് മേല്‍പ്പറഞ്ഞതു പോലെ വഞ്ചിപ്പാട്ടും പാടി കളിക്കും.
ദോഷം പറയരുതല്ലൊ ഇടയ്കിടയ്ക്ക് മറ്റു കരക്കാരെ ആക്ഷേപിക്കുവാന്‍ പോന്ന ചില വരികളും പാട്ടിനിടയില്‍ സമയത്തിനനുസരിച്ച് പാടി തല്ലുണ്ടാക്കലും കാണും
ഒരുദാഹരണത്തിന് ഹനുമാന്‍ ലങ്കയിലേക്കു ചാടിയ ഭാഗം വരുന്ന ഒരു വള്ളപ്പാട്ടുണ്ട്. അതിലെ
"അങ്ങുമിങ്ങും നോക്കി നിന്നു വാനരരെല്ലാം " എന്ന വരി അടുത്ത കരയിലെത്തുമ്പോള്‍ വരത്തക്കവണ്ണം പാടിത്തുടങ്ങും. അവിടെ എത്തിയാല്‍ ആ വരി വളരെ ഉച്ചത്തില്‍ ചുറ്റും നില്‍ക്കുന്നവരെ കൈചൂണ്ടിക്കൊണ്ട് പാടൂകയും അവര്‍ എറിയുന്ന കല്ലുകള്‍ തുഴകൊണ്ട് തടുക്കാന്‍ സാധിച്ചാല്‍ തടുത്തും ഇല്ലെങ്കില്‍ ശരീരത്തില്‍ മേടിച്ചും അനഗ്നെ ഒക്കെ ഒരു കാലം.
തിരുവോണം അവിട്ടം ചതയം എന്നീ മൂന്നു ദിവസഗളിലും വള്ളം കളി നടക്കുന്ന ഒരേ ഒരു സ്ഥലമേ കേരളത്തിലുള്ളു അത് ഞങ്ങളുടെ പായിപ്പാടാറ്റിലാണ്.
ചതയം നാളില്‍ ഉച്ചയ്ക്കു ശേഷം എല്ലാ വള്ളങ്ങലും കൂടി ഘോഷയാത്ര്യായി കളിച്ചു നീങ്ങുന്നത് ഒരു കാഴ്ച്ച തന്നെ ആയിരുന്നു.
അന്നത്തെ തുഴക്കാരെല്ലാം അടുത്തടൂത്ത കരകളില്‍ താമസിക്കുന്ന ഗ്രാമവാസികള്‍ തന്നെ ആയിരുന്നു.
ഇന്നോ?
ഞങ്ങളുടെ വള്ളങ്ങളെല്ലാം പുറമെ നിന്നുള്ള ടീമുകള്‍ വാടകയ്ക്കെടൂക്കും. അവര്‍ അയ്യൊ പൊത്തോ എന്നു പാടി മല്‍സരിച്ചു തുഴഞ്ഞു പോകും അതില്‍ ഏതെങ്കിലും ഒന്നു ജയിക്കും. ഗ്രാമവാസികള്‍ തനിയെ തുഴയുന്ന വളരെ കുറച്ചു വള്ളങ്ങളെ ഉള്ളു.
ശ്രീയുടെ ഓണപ്പോസ്റ്റ് കണ്ടില്ലല്ലോ എന്ന് ആലോചിച്ചിരിക്കുവാരുന്നു. പതിവുപോലെതന്നെ കലക്കി.ഓണത്തിന്റെ ഓര്‍മ്മകള്‍ എന്ന് പറയുന്നത് മലയാളികള്‍ക്കെല്ലാം ഒരു പോലെ ഇഷ്ട്പ്പെടുന്ന ഒന്നാണ്, ശ്രീയുടെ പോസ്റ്റ് പഴയകാലത്തേക്ക് ഒരിക്കല്‍ കൂടി കൊണ്ടുപോയി. നന്ദി ശ്രീ..
ഒപ്പം ഓണാശംസകള്‍ഊം നേരുന്നു.
ഓണത്തിന്റെ ഓര്‍മ്മകള്‍... വര്‍ഷങ്ങള്‍ക്ക് പിറകിലേക്ക് കൊണ്ട് പോയി... ഏതാണ്ട് മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ പിന്നിലേക്ക്... പൊന്നാനിയില്‍ നിന്ന് തിരൂര്‍ക്ക് ബോട്ട് സര്‍വീസ് ഉണ്ടായിരുന്ന കാലം. അച്ഛന്റെ ജോലി സ്ഥലമായ കൂട്ടായിയിലാണ് അന്ന് താമസം. ഉത്രാടത്തിന്റെയന്ന് ഓണത്തിനുള്ള അത്യാവശ്യ സാധനങ്ങളുമായി പൊന്നാനിയില്‍ നിന്ന് 'മോഹനം' ബോട്ടില്‍ കൂട്ടായിയിലേക്കുള്ള യാത്ര. എതിരേയുള്ള സീറ്റില്‍ കൂലിപ്പണിക്കാരനായ കുമാരേട്ടന്‍. ബോട്ട് 'ഗോമുഖ'ത്ത് എത്താറായപ്പോള്‍ തന്റെ കൈയിലെ സഞ്ചിയില്‍ നിന്ന് ഒരു പാക്കറ്റ് എടുത്ത് തുറന്നു. ഒരു സാധാരണ ബനിയന്‍ ആയിരുന്നു അത്. തന്റെ മകനായ ഷണ്മുഖന് വേണ്ടി വാങ്ങിയത്. നിര്‍നിമേഷനായി ആ ഓണക്കോടിയും നോക്കിയിരിക്കുന്ന കുമാരേട്ടന്റെ മുഖത്തെ നിര്‍വൃതി ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
വളരെ നന്നായിരിക്കുന്നു ശ്രീ ഓണത്തിന്റെ ഓര്‍മ്മകള്‍... എന്റെയും കുടുംബത്തിന്റെയും ഓണാംശകള്‍...
ശ്രീ, ഓണമെന്നാല്‍ എനിക്ക് പൂക്കളമാണ് ഓര്‍മ്മ വരുന്നത്.. , തുമ്പപൂവ് ശ്രീപാര്‍വ്വതിയുടെ പാദമാണെന്ന് പറഞ്ഞു തന്ന കൂട്ടുകാരി എവിടെയാണാവോ..!? ഇന്നും ന്യൂസ് പേപ്പര്‍ നിരത്തി വച്ച് പാക്കറ്റില്‍ പൂവ് വാങ്ങി ഞങ്ങള്‍ പൂക്കളമിടും.. ആ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടു പോയതിനു നന്ദി.. ശ്രീക്കും കുടുംബത്തിനും ഓണാശംസകള്.....!!!
പാര്‍ത്ഥന്‍ മാഷേ...
വീണ്ടും ഇവിടെ വവ്വതിനും വായിച്ച് കമന്റിട്ടതിനും നന്ദി.
സുമ ...
സ്വാഗതം. കടയില്‍ നിന്നും വാങ്ങിയാണെങ്കിലും പൂക്കളമിട്ട് ഓണമാഘോഷിയ്ക്കുവാന്‍ പറ്റുന്നുണ്ടല്ലോ. അതെങ്കിലും നന്നായി. കമന്റിനു നന്ദി.
Jyothi Sanjeev...
സ്വാഗതം. ബാംഗ്ലൂരില്‍ ജനിച്ചു വളര്‍ന്ന ഒരു മലയാളി ആയിട്ടു കൂടി, ഓണത്തെ ഇഷ്ടപ്പെടുന്നു എന്നത് സന്തോഷകരമായ വാര്‍ത്ത തന്നെ.
പഴയ ഓണക്കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും സുഖകരം തന്നെ. ഈ അമ്പതാം കമന്റിനു നന്ദി.
ബിന്ദു ചേച്ചീ...
വളരെ നന്ദി, ചേച്ചീ.
Jenshia...
വീണ്ടും വന്നതില്‍ സന്തോഷം. കമന്റിനും ആശംസകള്‍ക്കും നന്ദി.
Sayuri...
വളരെ ശരിയാണ്. വീട്ടില്‍ എല്ലാവരും ചേര്‍ന്ന് ഉണ്ടാക്കി, തൂശനിലയില്‍ വിളമ്പിയ ഭക്ഷണം ഒരുമിച്ചിരുന്നുണ്ണുന്വോള്‍ തന്നെയാണ് ഓണത്തിന്റെ എല്ലാ സന്തോഷവും നമുക്ക് ലഭിയ്ക്കുന്നത്. കമന്റിനു നന്ദി.
ശ്രീ..jith...
പ്രവാസികള്‍ക്ക് വേറെ നിവൃത്തിയില്ലല്ലോ. കമന്റിനു നന്ദി.
Vellayani Vijayan/വെള്ളായണിവിജയന്‍ ...
വളരെ നന്ദി മാഷേ.
Sukanya ചേച്ചീ...
ശരിയാണ്. ഇന്ന് മിനക്കെട്ടിരുന്ന് തുമ്പപ്പൂ നുള്ളുന്ന കുട്ടികള്‍ എവിടെയെങ്കിലും കാണുമോ ആവോ... വായനയ്ക്കും കമന്റിനും നന്ദി.
പ്രിന്‍സ് മോന്‍ ...
സ്വഗതം. കമന്റിനു നന്ദീട്ടോ.
ഇന്‍ഡ്യാഹെറിറ്റേജ്...
ഇത്രയും വിശദമായ, പോസ്റ്റിനൊപ്പം നില്‍ക്കുന്ന ഈ കമന്റിനു നന്ദി. ഈ വിവരണം വായിയ്ക്കുമ്പോള്‍ ആ ദൃശ്യങ്ങളെല്ലാം മനസ്സില്‍ കാണാന്‍ കഴിയുന്നുണ്റ്റ്. ഇന്ന് അത്തരം ആഘോഷങ്ങള്‍ എല്ലാം തന്നെ കൈമോശം വന്നുവെന്നത് കഷ്ടം തന്നെ.
പിന്നെ, പായിപ്പാട്ടാലെ വള്ളം കളിയെ പറ്റി കേട്ടറിവുണ്ട്.
“പായിപ്പാട്ടാറ്റില്‍ വള്ളം കളി...
പമ്പാ നദി തീരത്ത് ആര്‍പ്പു വിളി...” :)
ഷിജുച്ചായാ...
കമന്റിനും ആശംസകള്‍ക്കും നന്ദീട്ടോ.
വിനുവേട്ടാ...
പഴയ ഓണത്തിന്റെ ഓര്‍മ്മകളിലൂടെ കുമാരേട്ടന്റെ ഓണസമ്മാനം പരിചയപ്പെറ്റുത്തിയതിനു നന്ദി, വിനുവേട്ടാ.
ചക്കിമോളുടെ അമ്മ ...
അതെ. ഓണമെന്നാല്‍ പൂക്കളുടെ ഉത്സവം എന്നല്ലേ? തുമ്പപ്പൂവിനെ ശ്രീപാര്‍വ്വതിയുടെ പാദമായി കണക്കാക്കുന്ന കഥ എവിടെയോ കേട്ടിട്ടുണ്ടെന്ന് തോന്നുന്നു. കമന്റിനു നന്ദി.
ശ്രീ..ഒരു ഓണ സദ്യ കഴിച്ചു ഞാന്‍...:)
ഓണാശംസകള്....
തൊടിയില്‍ വന്ന് പൂ പറിക്കുന്ന കുട്ടികളുടെ പൂവേ പൊലി കേട്ട് അത്തത്തിന്റെ പത്തു നാളും ഉണര്‍ന്നിരുന്ന ഒരു ബാല്യകാലമുണ്ടായിരുന്നു എനിക്ക്,സത്യത്തില്‍ ഞാന്‍ തന്നെ മറന്നുപോയ കുറേ ഓര്‍മ്മകള്‍...നന്ദി അതെല്ലാം ഓര്‍മ്മിപ്പിച്ചതിന്.
(ഇപ്പോള്‍ ഓണത്തിന് നാട്ടിലുണ്ടായാലും പൂവേ പൊലിയൊന്നും കേള്‍ക്കാറില്ല)
വളരെ നന്ദി ശ്രീ ഈ പോസ്റ്റിന്
ഓണാശംസകള്‍ !!!!
അനിയന്റെ പഴയകാല ഓണത്തിന്റെ .ഓര്‍മ്മകള്‍..പങ്കു വെച്ചതിനു നന്ദി ട്ടോ. ഓണാശംസകള്‍!!
നന്നായി ശ്രീ
നന്ദി
ഓണാശംസകള്
happy onam..:)
നമ്മുടെ നാട്ടില്‍ നിന്നും എത്ര അകലെ ആനന്കിലും ഓണം ആകുമ്പോള്‍ ആ പഴയ ഓര്‍മ്മകള്‍ മുഴുവന്‍ മനസ്സില്‍ കൂടി കടന്നു പോകും! കഴിഞ്ഞ മൂന്നു വര്‍ഷമായി നാട്ടില്‍ ഓണം ആഘോഷിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല.
ഓണാശംസകള്!
Testing..
ശ്രീ, ക്ഷമിക്കുക. ചിലപ്പോൾ കമന്റ്സ് എഴുതി എന്റർ അടിച്ചാൽ എന്റെ സിസ്റ്റം പറയും ട്രൈ...വീണ്ടും ട്രൈ.. അതു കൊണ്ടാ ഒരു ടെസ്റ്റിങ്ങ് മുകളിൽ.
(വൈകിയതും)
ഓണം, ഒരു പഴയ കാല തിരിച്ച് പോക്ക്.
അതിനി മനസ്സിൽ മാത്രം.
എഴുത്തിൽ കൂടി പറയാം.
ഒരോർമപ്പെടുത്തലായി.
നൊമ്പരമായി.
ദീർഘനിശ്വാസത്തോടെ
നമ്മെപ്പോലുള്ളവർ പറയും.
‘എന്റെ കുട്ടിക്കാലം’
“-കൊല്ലത്തിൽ രണ്ട് കൂട്ടം ഡ്രസ്സ്...”
കേട്ടാൽ അൽഭുതപ്പെടുകയല്ല കുട്ടികൾ.
കളിയാക്കി ചിരിക്കുന്നു.
‘നോനൊ..
ഇമ്പോസിബിൾ..
കമ്പ്ലീറ്റ്ലി വെജിറ്റബിൾ???
ഈ ഉപ്പാന്റെ ഒരു ബഡായി....’
ഓണം...ഇന്നത് മത്സരിക്കാനുള്ള ഒരു ആണ്ടറുതി മാത്രം.
ജീവിതം മുഴുവൻ വടം വലിച്ച് തോല്പിച്ച് തീറ്റയിലും ഞാനൊന്നാമൻ
ആണെന്ന് എന്റെ ശരീരം മറ്റുള്ളവർ കണ്ടാൽ തോന്നണം എന്ന രീതിയല്ലെ ഇന്നുള്ളവന്റെ മനസ്സിൽ.
എള്ള്,പറ, നാഴി, വെള്ളിക്കോൽ ഇവരൊക്കെ ആരാ?
എവിടെയും കള്ളും കള്ളവുമേയുള്ളു.
ഓണാശംസകളോടെ..
ഓണം മനസ്സിലെ നന്മയാണ്...ഓണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പണ്ടു വീട്ടില്‍ എല്ലാവരും ചേര്‍ന്നിരുന്നു ഉണ്ണുന്ന ഓണസദ്യയാണ് മനസ്സിലേക്ക് ആദ്യം കടന്നു വരുന്നതു...ഒരു വലിയ കൂട്ടുകുടുംബത്തിന്റെ സ്നേഹം അനുഭവിച്ചു കൊതി തീരാത്ത പോലെ....ഒരു അഞ്ചു വയസ്സുകാരനായി അമ്മയുടെയും ഇളയമ്മമാരുടെയും സാരിത്തുമ്പില്‍ തൂങ്ങി നടക്കാനും........ അടുക്കളയില്‍ നിന്നും പപ്പടവും ശര്‍ക്കര ഉപ്പേരിയും കട്ടുകൊണ്ടോടാനും.......പിന്നെ ആ വലിയ വീട്ടിലെ എല്ലാവരുടെയും പ്രിയ്യപെട്ടവനെന്ന അഹങ്കാരത്തോടെ നടക്കാനും......
പക്ഷെ ഇപ്പോള്‍ ആ വീട്ടില്‍ പഴയ ഒച്ചയനക്കങ്ങളില്ല........എല്ലാവരും പുതിയ പുതിയ ചില്ലകള്‍ തേടി പോയപ്പോള്‍...ഓര്‍മകളുടെ മഹാക്ഷേത്രമായി എന്റെ പഴയ വീട് ഇന്നും എന്നെ മാടി വിളിക്കുന്നു...
ഓണക്കാലം എന്നെ അങ്ങോട്ട് കൊണ്ടു പോവുകയാണ്....
ഒരുവട്ടം കൂട്ടിയെന്‍.............
ഓണത്തെ കുറിച്ചുള്ള ശുദ്ധമായ ഈ ഓര്‍മകള്‍ക്ക് നന്ദി...
ഓണാശംസകള്‍ ...
ഓണം...എന്നും ഗ്രിഹാതുരത്വം തരുന്ന ഓര്‍മ്മകള്‍!
തെളിമയുള്ള വിവരണം!
ഓണത്തിലും മാധുര്യം ഓണം കൊണ്ടൂ വരുന്ന പഴയ ഓര്‍മ്മകള്‍ക്കാണെന്നു തോന്നാറുണ്ടു...
നന്നായിറിക്കുന്നു..ഓണാശംസകള്...
ശ്രീക്കും കുടുംബത്തിനും ഓണാശംസകള്‍.
ഓണക്കളികളും ഊഞ്ഞാലാട്ടവും ഒന്നും പറ്റിയില്ലെങ്കിലും സദ്യ ഒരുക്കാറുണ്ട് ഇപ്പോഴും.
കുക്കു...
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
കുഞ്ഞായി...
അന്നത്തെ ആ നല്ല കാലം ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്ടിനു കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം മാഷേ.
raadha ചേച്ചീ...
വളരെ നന്ദി ട്ടോ.
പി എ അനിഷ്, എളനാട് ...
ആശംസകള്‍ക്കു നന്ദി.
keerthi...
വളരെ നന്ദി.
പയ്യന്‍സ് ...
വീണ്ടും ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി.
OAB/ഒഎബി...
എപ്പോഴും പറയാറുള്ളതു പോലെ മാഷുടെ അനുഭവങ്ങളുമായി വച്ചു നോക്കുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ എന്ത് പറയാനുണ്ട് എന്ന് തന്നെ ഇപ്പോഴും തോന്നുന്നു. ഇന്നത്തെ തലമുറ കഷ്ടപ്പാടുകള്‍ അറിയാതെ വളരുന്നത് നല്ലതു തന്നെ... പക്ഷേ, അതു മൂലം അവര്‍ നഷ്ടപ്പെടുത്തുന്ന എന്തൊക്കെയോ ഉണ്ടെന്ന് സമ്മതിയ്ക്കാതെ തരമില്ല. നന്ദി മാഷേ.
പ്രവാസി ...
സ്വാഗതം. നന്ദി മാഷേ, ഈ കമന്റിന്. വായിയ്ക്കുമ്പോള്‍ ഞാനും ഒരു അഞ്ചു വയസ്സുകാരനാകുന്ന പോലെ.
ഓണത്തിന്റെ ഓര്‍മ്മകളിലൂടെയെങ്കിലും ആ പഴയ നല്ലകാലത്തിലേയ്ക്ക് ഒരു തിരിച്ചു പോക്ക് സാധിയ്ക്കുന്നുവെങ്കില്‍ നല്ലതു തന്നെ... അല്ലേ മാഷേ.
ജോണ്‍ ചാക്കോ, പൂങ്കാവ് ...
വീണ്ടും വന്നതിനും വായിച്ചു കമന്റിട്ടതിനും നന്ദി, മാഷേ.
jayanEvoor ...
ഓണം എന്നും ഓര്‍മ്മകളുടെ ഉത്സവമല്ലേ മാഷേ. കമന്റിനു നന്ദി.
ശംഖു പുഷ്പം...
ശരിയാണ്. ഇന്നത്തെ കാലത്ത് ഓണത്തെക്കാള്‍ മാധുര്യം ഓണം കൊണ്ടൂ വരുന്ന പഴയ ഓര്‍മ്മകള്‍ക്കാണ്. ആശംസകള്‍ക്ക് നന്ദി.
ഗീതേച്ചീ...
വീണ്ടും ഇവിടെ കണ്ടതില് സന്തോഷം ചേച്ചീ. ഓണ സദ്യ ഒരുക്കി ആഘോഷിയ്ക്കാനെങ്കിലും ഇന്ന് കഴിയുന്നത് തന്നെ ഭാഗ്യം! അതു പോലുമില്ലാത്ത എത്രയോ കുടുംബങ്ങള്‍...
ഇവിടം സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്മകള്‍ മാത്രം നിറഞ്ഞ നല്ലൊരു ഓണക്കാലം ആശംസിയ്ക്കുന്നു.
എന്നോട് എന്റെ ഒരു brother ചോദിച്ചു ഓണംത്തിനെ പറ്റി നല്ല writings എവിടേലും ഉണ്ടോ ന്നു... ഞാന്‍ ചേട്ടന്റെ link കൊടുത്തതാ, പക്ഷെ ഈ പോസ്റ്റ് അന്നേരം ഇല്ലായിരുന്നു! :(
So ഇതു ഞാന്‍ എന്റെ flickr ല്‍ പോസ്റ്റ് ചെയ്യുവാ ട്ടോ!
http://www.flickr.com/photos/cybershots/3875003944/
ഓണാശംസകള്‍!
:)
എന്നോട് എന്റെ ഒരു brother ചോദിച്ചു ഓണംത്തിനെ പറ്റി നല്ല writings എവിടേലും ഉണ്ടോ ന്നു... ഞാന്‍ ചേട്ടന്റെ link കൊടുത്തതാ, പക്ഷെ ഈ പോസ്റ്റ് അന്നേരം ഇല്ലായിരുന്നു! :(
So ഇതു ഞാന്‍ എന്റെ flickr ല്‍ പോസ്റ്റ് ചെയ്യുവാ ട്ടോ!
here
ഓണാശംസകള്!
:)
very happy onam dear...ഓണമെന്നൊന്ന് ഇല്ലായിരുന്നു. അന്നും ഇന്നും,
ഇപ്പോഴത്തെ മലയാളി മറന്ന് കൊണ്ടിരിക്കുന്ന പഴയ ഓണക്കാലത്തിന്റെ നേർകാഴ്ച. വളരെ ലളിതം, മനോഹരം..
ഏവർക്കും എന്റേയും കുടുംബത്തിന്റേയും ഓണാശംസകൾ!
hi
valare nannayittundu..ttto;
enikku sihabinte blog ID onnu paranjutharamo?
sheeba
ഓണാശംസകള്!
its good Sree. Onam wishes
wish you happy onam..
seen you in koodaram some time back..
not from koratty.. from next village... studied in JTS though, from 5 to 10 so has many friends from valoor area... my favourite math teacher from valoor.. Flossy Teacher. but you are too young to know any of my friends...
shenny is from valloor area... he was a good athlete. had some meat business in that area... now I lost touch with him though :)
ഓണാശംസകള് ശ്രീ..
എന്നിട്ട് ഈ ഓണം എങ്ങനെയുണ്ടായിരുന്നു ശ്രീക്ക്????
-പെണ്‍കൊടി
ഓണാശംസകള്‍.....
ശ്രീ വളരെ നല്ല പോസ്റ്റ് ,അന്യനാടുകളില്‍ സൌഭാഗ്യം തേടി പോയ മറുനാടന്‍ മലയാളികളും ,പിന്നെ ബാക്കി ഉള്ള സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടം പണിഞ്ഞു പ്രകൃതിയെ അകറ്റിയ നാട്ടിലെ മലയാളികളും ...ഓണം ഓര്‍മകളിലും ഇത് പോലുള്ള പോസ്റ്റുകളിലും ,പിന്നെ അപൂര്‍വ്വം ചില നന്മ നിറഞ്ഞ നാട്ടിന്പുരങ്ങളിലും മാത്രം ....
അപ്പോള്‍ പിന്നെ ഭൂരിപക്ഷം വരുന്ന മലയിളികല്ക് ഈ പാക്കറ്റില്‍ വരുന്നതും പിന്നെ ടിവിയില്‍ കാന്നുന്നതും ആയ ഒരോണം എങ്കിലും ഉണ്ടല്ലോ ,അത് കൂടി ഇല്ലായിരുന്നെങ്കില്‍ ഓണവും മാവേലിയും എല്ലാം വരും തലമുറയ്കു ഒരോര്‍മ പോലും അല്ലാതായി മാറില്ലേ ?
പാക്കറ്റ് ഓണവും ടിവി ഓണവും... എങ്കിലും ഇതെല്ലാം നിലനിര്തട്ടെ , പിനേ ശ്രിയുടെ പോലത്തെ ഈ പോസ്റ്റും
Tv യുടെ മുമ്പില്‍ പകച്ചു നില്‍കുന്ന, ഇന്നത്തെ ഓണം കണ്ട് മടുത്തു നില്‍ക്കുന്ന യുവതലമുറക്ക് ഒരു വെളിച്ചമാകട്ടെ ഈ സ്മരണകള്‍.പ്രതീക്ഷയോടെ....
Sreyetta...
Valare vaikiya :( onashamsakal :)
Orupadu nalla ormakal... oppam kurachu nombarangalum...
_Sudhee
Subin Paul ...
ഫ്ലിക്കറില്‍ ലിങ്ക് കൊടുത്തതിനു നന്ദി, സുബിന്‍.
സാല്‍ജോҐsaljo...
വീണ്ടും ഇവിടെ കണ്ടതില് സന്തോഷം സാല്‍ജോ ഭായ്... :)
നരിക്കുന്നൻ മാഷേ...
വളരെ നന്ദി, മാഷേ.
ഷീബ ചേച്ചീ...
സിയാബിന്റെ ആണോ? ആണെങ്കില്‍ ഇവിടെ ഉണ്ട്.
e - പണ്ഡിതന്‍ ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
shajkumar...
വളരെ നന്ദി, മാഷേ.
മുക്കുവന്‍...
വിശദമായ കമന്റിനു നന്ദി മാഷേ. ജെ.ടി.എസിനെ പറ്റി ഒരിയ്ക്കല്‍ എഴുതിയിരുന്നത് കൊണ്ടാണ് അന്ന് വിവരങ്ങള്‍ ചോദിച്ചത്. മാഷ് സൂചിപ്പിച്ചതു പോലെ തന്നെ ഫ്ലോസ്സി ടീച്ചറെയോ ഷെന്നിയേയോ പരിചയം തോന്നുന്നില്ല :(
പെണ്‍കൊടി...
ഇത്തവണ തിരുവോണത്തിന്റെ അന്ന് മുതല്‍ 3 ദിവസം ഞാന്‍ നാട്ടിലായിരുന്നു. എല്ലാവരും ഒരുമിച്ച് ഉണ്ടായിരുന്നതിനാല്‍ ആഘോഷം മോശമാക്കിയില്ല. കമന്റിനു നന്ദി.
പാവത്താൻ...
നന്ദി മാഷേ.
Readers Dais...
സ്വാഗതം. സത്യമാണ് എഴുതിയത്. ഇന്നത്തെ കാലത്ത് പായ്ക്കറ്റ് ഓണമെങ്കിലും ആഘോഷിയ്ക്കാന്‍ സമയം കണ്ടെത്തുന്നവര്‍ എങ്കിലും ഉണ്ടല്ലോ. നാളത്തെ അവസ്ഥ എന്താകുമോ...
കൃഷ്ണഭദ്ര ...
സ്വാഗതം. ഇന്നത്തെ തലമുറയ്ക്ക് ഓണം ടിവി യിലെ ഓണക്കാഴ്ചകള്‍ മാത്രമാകുകയല്ലേ... കമന്റിനു നന്ദി.
Sudhi|I|സുധീ...
വളരെ നന്ദീട്ടോ.
belated onam wishes sree .....
nalla onakkalam ormayil undallo athuthanne aanu bhaagyavum...
aa onakkalathe madura smaranakal orkkamallo idakku bhaagyavaan
ഓര്‍മ്മക്കുറിപ്പ് നന്നായി. ഓണാശംസകള്,
Onam ivide poothunikkunnallo..!
Manoharam, ashamsakal...!!!
ശ്രീയേട്ടാ...ഓണം കഴിഞ്ഞു...പുതിയ പോസ്റ്റ് പോരട്ടെ....
ഡാ സത്യമയിട്ടും നീ ജനികെണ്ഡ അവനെ അല്ല
ante onashamsagal....
ഇത്തവണത്തെ ഓണം എപ്പടി :)
ഓണം കഴിഞ്ഞിട്ടും ഈ കുറിപ്പ് വായിക്കുന്നത് ഒരു സുഖം തന്നെ.
സഞ്ച്വറിയടിച്ചതു ഞാനാണല്ലോ...
ശ്രീയില്‍ നിന്ന് നല്ലൊരു ഓണപ്പോസ്റ്റു പ്രതീക്ഷിച്ചിരുന്നു. തൃപ്തിയായി...
ആശംസകള്‍...
ആ പഴയഓണസ്മരണകൾ തിരിച്ചുതന്നതിന് നന്ദി..ശ്രീ..
പിരിക്കുട്ടി...
വളരെ നന്ദി കേട്ടോ.
കുട്ടന്‍മേനൊന്‍ ...
നന്ദി, മേനോന്‍ ചേട്ടാ.
Sureshkumar Punjhayil...
നന്ദി മാഷേ.
തൃശൂര്‍കാരന്‍...
:)
ശ്രീജു ...
സ്വാഗതം. ഇത് തന്നെ ആണല്ലോടാ എല്ലാവരും പറയുന്നത് ;)
പാലക്കുഴി...
നന്ദി, മാഷേ
വേദ വ്യാസന്‍...
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണയാണ് ഞങ്ങള്‍ വീട്ടിലെല്ലാവരും ഒരുമിച്ച് ഓണം ആഘോഷിച്ചത്. അതു കൊണ്ടു തന്നെ ഓണം നന്നായിരുന്നു.
ജ്വാല...
വളരെ നന്ദീട്ടോ.
കൊട്ടോട്ടിക്കാരന്‍...
ഈ നൂറാം കമന്റിനു നന്ദി, മാഷേ. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
bilatthipattanam...
വളരെ നന്ദി, മാഷേ.
വളരെ മനോഹരമായിട്ടുണ്ട്
വളരെ മനോഹരമായിട്ടുണ്ട്
ശ്രീ..ഞാൻ ഒരുപാട്
വൈകിപോയി നിന്റെ പോസ്റ്റുകൾ
വായിക്കാൻ..
ഈ സ്മൃതികളിലൂടെ പോകുമ്പോൾ
ഞാൻ എന്റെ ഓർമ്മകളിലേയ്ക്ക്
തിരികെ വരുന്നു..മനോഹരം...
ആശംസകൾ..!
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍... ശ്രീ ഒരിക്കല്‍ കൂടി എന്നെ എങ്ങോട്ടെല്ലാം കൂട്ടിക്കൊണ്ട് പോയി.
ഇപ്പൊ ഓണം എന്ന് പറഞ്ഞാല്‍ ഒഴുകിനടക്കുന്ന ആമ്പല്‍ പൂക്കളും(ചുള്ളന്മാര്‍)ഇഴഞ്ഞ് നീങ്ങുന്ന പാമ്പുകളും(കിളവന്‍സ്)ആയിത്തീര്‍ന്നിരിക്കുന്നു.വൈകിയാണെങ്കിലും ശ്രീ ഓണാശംസകള്
നമ്മുടെ വരും തലമുറയുടെ ഓണാഘോഷങ്ങളെകുറിച്ചു പരിതാപം തോന്നുമ്പോള്‍ തന്നെ, നമ്മുടെ മുന്‍ തലമുറയുടെ ഓണം ഇന്നത്തേക്കാള്‍ എത്ര മേല്‍ മിഴിവുറ്റതായിരുന്നിരിക്കാം എന്നോര്‍ത്തു പോകുന്നു.
എല്ലാം വായിച്ചപ്പോഴേക്കും എന്തെഴുതണമെന്നു വിചാരിച്ചുവോ അതു മറന്നു പോയി കുട്ടി.
ശ്രീയില്‍തുടങ്ങിയതുകൊണ്ട് വല്ലരെ ഇഷ്ടപ്പെട്ടുവെന്ന് പ്രത്യേകം പറയട്ടെ.
nice n fantastic detailing..
keep it up..
ഓര്‍മയിലുള്ള ഓണം എത്ര മനോഹരം. ഇപ്പോള്‍ ഓണം വെറും ഫ്ലാറ്റിനുള്ളിലും ടെലിവിഷനുള്ളിലും ഒതുങ്ങി പോകുന്നു. എന്താ ചെയ്യുക...
ഞാൻ ശ്രീയുടെ എല്ലാ പോസ്റ്റുകളും വായിച്ചു വരാമെന്ന് കരുതി, വൈകിപ്പോയി.
നല്ല ഓർമ്മകൾ ഉള്ളവർ ഭാഗ്യം ചെയ്തവരാണ്.
ഓർമ്മകൾ അവരെ ആഹ്ലാദിപ്പിക്കുന്നു, എപ്പോഴും.
ശ്രീയെപ്പോലെ അതു പങ്ക് വെയ്ക്കുവാൻ കഴിയുന്നവർ നല്ല ഓർമ്മകളില്ലാത്തവരേയും ആഹ്ലാദിപ്പിക്കുന്നു.
മറ്റുള്ളവരെ ആഹ്ലാദിപ്പിക്കുവാൻ കഴിയുന്നത് പുണ്യമാണ്.
എല്ലാ നന്മകളും നേരുന്നു.
വൈകിയെങ്കിലും ഓണാശംസകൾ!!!
ശ്രീ, കുറെ നാളുകളായി ബൂലോകത്തൂന്ന് ലീവിലായിരുന്നു. ശ്രീയുടെ ഓണാശംസയും ഇന്നാണ് കണ്ടത്. ഓണം ഒക്കെ നന്നായെന്നു കരുതുന്നു.
(ഹോ, എന്തുമ്മാത്രം സ്ക്രോള്‍ ചെയ്താലാണ് ഒന്നു കമന്റെഴുതാന്‍ പറ്റുക! അസൂയയൊന്നുമല്ലാ കേട്ടോ :D)
രാഹുല്‍ ...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
സുനില്‍ പണിക്കര്‍...
സ്വാഗതം പണിയ്ക്കര്‍ മാഷേ. വൈകിയാണെങ്കിലും ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും വളരെ നന്ദി.
യൂസുഫ്പ...
അതെ. ശരിയാണ് യൂസഫ്പാ. ഇന്നത്തെ ഓണം അങ്ങനെ മാറിക്കഴിഞ്ഞു.
ദ്രാവിഡന്‍...
വളരെ ശരി, മാഷേ. നമുക്ക് ഇത്രയൊക്കെ പറയാനുണ്ടെങ്കില്‍ മുന്‍ തലമുറകള്‍ക്ക് എന്തെല്ലാം ഓര്‍ക്കാനുണ്ടാകും... കമന്റിന് നന്ദി.
Akliyath Temple - Azhikode...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി. ബ്ലോഗ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
ഗിനി...
സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.
കൊച്ചു മുതലാളി...
എന്തു ചെയ്യാന്‍ കൊച്ചു മുതലാളീ... അതെല്ലാം ഓര്‍ത്ത് നെടുവീര്‍പ്പിടുകയല്ലാതെ?
Echmu Kutty...
എല്ലാ പോസ്റ്റുകളും വായിയ്ക്കാന്‍ സമയം കണ്ടെത്തുന്നുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം ചേച്ചീ.
വീണ...
കുറേ നാളുകള്‍ക്ക് ശേഷം ഇവിടെ വീണ്ടും കണ്ടതില്‍ സന്തോഷം. ഇത്തവണ ഓണമെല്ലാം നന്നായിരുന്നു. :)
innane kandathe maashe...
Onam the patti ni ezhuthyathokke enikkum badhakamaane. ippol valiya interest on numilla
:-)
Upasana
കാലം മാറുമ്പോൾ പലതും മാറുമെങ്കിലും ഓണമെന്ന മനോഹര സങ്കൽപം മാറാതിരിക്കട്ടെ.നന്നായിരിക്കുന്നു ശ്രീ.
ചാലക്കുടി ഇപ്പോള്‍ ബംഗളൂരിലാണെന്നു പറഞതു പോലെ ഓണക്കാലത്ത് ഇപ്പോള്‍ പൊന്നും വെയില്‍ ഇല്ല ....കനത്ത മഴ...
അടുത്തതിനു നേരായില്ലേ ശ്രീയേ??
ഏറെ ആസ്വാദ്യകരം ഈ ഓണ ഓർമ്മകൾ.. നന്ദി.
ശ്രീ!
ഓണം എവിടെയായിരുന്നു ഇപ്രാവശ്യം?
ശ്രീയുടെ എഴുത്തിന് നല്ല വ്യത്യാസം വന്നിട്ടുണ്ട്.
ഒരു ഓഫ് ഇട്ടോട്ടെ. നാട്ടിലായിരുന്നു രണ്ട് മാസം. ഇപ്പോള്‍ ബ്ലോഗിലേയ്ക്കു കയറല്‍ വളരെ കുറഞ്ഞു. അല്പം വായന ഉണ്ടെന്നു മാത്രം.
:)
സ്നേഹത്തോടെ..
ശ്ശോ....ആ പഴയ ഓണമൊന്നും എന്നെ ഓര്‍മ്മിപ്പിച്ചു കൊതിപിറ്റിപ്പിക്ക്കല്ലേ...!!!
Next installment please.
THRIPTHI SHIJU
Enne valareyadhikam sankadapeduthukayum santhoshippikukayum cheythu.aanallakalam orkankoodi samayamillandayirikkunnu.aanalla kalathilekke orunimisham konde odi ethan kazhinju.nashtappetta aakalamorthe valareyadhikam vishamam.puthiyathalamura enthokke nediyalentha alle akalam sopnam kanan polum avarke pattillallo.
10 വർഷങ്ങൾക്ക് ശേഷവും ഓണക്കാലത്ത് ഈ പോസ്റ്റ് വായിക്കാനൊരു സുഖം...
Post a Comment