മറ്റാരെക്കാളും നന്നായി ഇൻസ്റ്റാഗ്രാമിന് നമ്മെ അറിയാമോ?ഇൻസ്റ്റയുടെയും എഫ് ബിയുടെയും യൂട്യൂബിന്റെയും അൽഗോരിതങ്ങൾക്ക് നമ്മെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നമ്മൾ പോലുമറിയാതെ നമ്മളെ നിയന്ത്രിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് എന്ന് നാം പലപ്പോഴും മനസ്സിലാക്കാറില്ല. അതല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിയ്ക്കാറില്ല. നമ്മൾ വെറുതെ ഫോണിൽ സ്ക്രോൾ ചെയ്യുമ്പോൾ അതിനു പുറകിൽ നടക്കുന്നത് വലിയൊരു ബിസിനസ് കൂടിയാണ്.
ഇവയൊന്നും വെറുമൊരു app മാത്രമല്ല, അവ യതാർത്ഥത്തിൽ Machine Learning ഉം Artificial Intelligence ഉം കൂടി ചേർന്ന ഒരു അത്ഭുതമാണ്.
നമ്മൾ ഏതെങ്കിലും ഒരു റീൽ എത്ര സെക്കൻഡ് കണ്ടു? എന്ത് content സ്കിപ്പ് ചെയ്തു? ഏതു റീലിന് ലൈക്കും കമന്റും കൊടുത്തു? ഏത് ഷെയർ ചെയ്തു? ഏത് വീണ്ടും വീണ്ടും കണ്ടു? എന്ന് തുടങ്ങി നമ്മൾ കമന്റ് ചെയ്യുന്ന വാക്കുകൾ വരെ പരിശോധിച്ച് നമ്മുടെ ഒരു "Digital Personality Profile"ഈ അൽഗോരിതം തയ്യാറാക്കി വയ്ക്കുന്നു.
നമ്മൾ പോലും അറിയാതെ നമ്മുടെ പ്രവൃത്തികൾ മൂലമുള്ള മൈക്രോ സിഗ്നലുകൾ അവ decode ചെയ്യുന്നു. ഒരു ഇമോഷണൽ വീഡിയോയിൽ വെറുതെ ഒരു 3 സെക്കന്റിൽ അധികം നാം തങ്ങിയാൽ മതി, അൽഗോരിതം ഉടനെ മനസ്സിലാക്കും "ഈ വ്യക്തിയ്ക്ക് ഇപ്പോൾ ഇമോഷണൽ കണ്ടന്റ് ആണ് വേണ്ടത്" എന്ന്.
നമ്മൾ ബോധപൂർവം ഒന്നും ചെയ്യുന്നില്ല, പക്ഷേ നമ്മുടെ ഓരോ ചലനവും അത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ തവണ ഒരു റീൽ കാണുമ്പോഴും നമ്മുടെ തലച്ചോറിൽ ഒരു ഹോർമോൺ ഉത്പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. അടുത്ത റീൽ ഇതിലും മികച്ചതാകും എന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും സ്ക്രോൾ ചെയ്യാൻ ഡോപമിൻ എന്ന ഈ ഹോർമോണുകൾ നമ്മെ പ്രേരിപ്പിയ്ക്കുന്നു.
ഇത് നമ്മളെ സോഷ്യൽ മീഡിയയുടെ അടിമയാക്കാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്ത ഒന്നാണ് എന്ന് നാം മനസ്സിലാക്കുന്നില്ല എന്ന് മാത്രം.
അത് തന്നെ ആണ് യൂട്യൂബിലും സംഭവിയ്ക്കുന്നത്. യൂട്യൂബിന്റെ ഓട്ടോപ്ലേ സംവിധാനം നമ്മുടെ മൂഡിന് ഇണങ്ങുന്ന പാട്ടുകൾ ഒന്നിനുപുറകെ ഒന്നായി തന്നുകൊണ്ടേയിരിക്കും. അതു കണ്ട് സമയം പോകുന്നത് നമ്മൾ അറിയുകയേയില്ല, ആ ഒരു ലൂപ്പിൽ നിന്ന് പുറത്തുകടക്കാൻ നമുക്ക് തോന്നുകയില്ല, എന്തിന് നമ്മെ നിയന്ത്രിയ്ക്കുന്നത് ഇത്തരം അൽഗോരിതങ്ങളാണെന്ന്പോലും നാം തിരിച്ചറിയുകയില്ല.
ചുരുക്കി പറഞ്ഞാൽ "ഇൻസ്റ്റ/എഫ് ബി നമ്മെ മനസ്സിലാക്കുന്നു, നമ്മുടെ മനസ്സറിഞ്ഞ് പ്രവർത്തിയ്ക്കുന്നു" എന്നത് വെറുമൊരു തോന്നലാണ്. യഥാർത്ഥത്തിൽ അത് നമ്മൾ എന്ത് ചെയ്യുമെന്ന് പ്രവചിക്കുക മാത്രമാണ് ചെയ്യുന്നത്. ഒറ്റ നോട്ടത്തിൽ അത് ഒരു ഉറ്റ
സുഹൃത്തിനെപ്പോലെ നമുക്കൊപ്പം എന്നും എന്തിനും മനസ്സറിഞ്ഞ് കൂടെ നിൽക്കുന്നത് പോലെ തോന്നിപ്പിയ്ക്കുമെങ്കിലും, യതാർത്ഥത്തിൽ അതിന്റെ ഒരേയൊരു ലക്ഷ്യം നമ്മുടെ സ്ക്രീൻ ടൈം കൂട്ടുക എന്നത് മാത്രമാണ്.
ശ്രീ

0 comments:
Post a Comment