പുസ്തകം: ശിവകാമിയുടെ ശപഥം
രചയിതാവ് / എഡിറ്റർ : കൽക്കി കൃഷ്ണമൂർത്തി
പരിഭാഷകന്‍: ബാബുരാജ് കളമ്പൂർ
വിഭാഗം: നോവൽ
ഭാഷ: മലയാളം
പ്രസാധകർ: ഡി സി ബുക്ക്സ്
പേജ്: 1104
വില: 1199
Rating: 3.75/5
പുസ്തക പരിചയം:
തമഴ് നാട്ടിൽ ചരിത്രം സൃഷ്ടിച്ച കൽക്കി കൃഷ്ണമൂർത്തിയുടെ ക്ലാസിക് കൃതിയാണു ശിവകാമിയിൻ ശപഥം (ശിവകാമിയുടെ ശപഥം).
തമിഴ് സാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചരിത്രനോവലുകളിൽ ഒന്ന് എന്നാണ് ഈ കൃതി അറിയപ്പെടുന്നത്. പൊന്നിയിൽ സെൽവൻ എന്ന ചരിത്ര കഥ നടക്കുന്നതിനും 300 വർഷങ്ങൾക്ക് മുൻപ് ആറാം നൂറ്റാണ്ടിൽ നടന്ന കഥയാണ് ഇത്. ഇന്ത്യയുടെ വടക്കു ഭാഗം മുഴുവനായും അടക്കി ഭരിച്ചിരുന്ന ഹർഷവർദ്ധനു പുറമെ ശക്തരായ മറ്റു രണ്ടു സാമ്രാജ്യങ്ങൾ ആയിരുന്നു ചാലൂക്യരും പല്ലവരും. കലകളെ അതിരറ്റ് പ്രോത്സാഹിപ്പിച്ചിരുന്ന ആ പല്ലവ സാമ്രാജ്യത്തിൻ്റെ കഥയാണു ഇത്. അന്നത്തെ പല്ലവ ചക്രവർത്തിയായിരുന്ന അതീവ ബുദ്ധിശാലിയും വീര പരാക്രമിയും ദീർഘദർശിയുമായ മഹേന്ദ്രവർമ്മൻ്റെയും മകൻ മാമല്ലനെന്ന് പേരു കേട്ട നരസിംഹ വർമ്മൻ്റെയും കഥ. ചെറുപ്പക്കാരനായ, ചുറുചുറുക്കുള്ള, രാജ്യസ്നേഹിയായ അവരുടെ
സേനാപതി പരംജ്യോതിയുടെ യുദ്ധ തന്ത്രങ്ങളുടെ കഥ... അതിശക്തനായ പ്രതിയോഗി നാഗനന്ദിയെന്ന ബുദ്ധഭിക്ഷുവിൻ്റെ കുതന്ത്രങ്ങളുടെ കഥ.
വാതാപിയിലെ ചാലൂക്യവംശരുടെ രാജാവായ സത്യാശ്രയ പുലികേശിയുടെ ക്രൂരതകളുടെ യും അതിസുന്ദരിയായ നർത്തകി ശിവകാമിയുടെ കണ്ണീരിന്റെയും പകയുടെയും പ്രണയത്തിന്റെയും ഭക്തിയുടെയും നീറുന്ന കഥ...
ഇവർക്കിടയിൽ
യുദ്ധങ്ങൾക്കും പകപോക്കലുകൾക്കുമിടയിൽ ദുരിതം അനുഭവിയ്ക്കുന്ന പ്രഗത്ഭനായ ശില്പി ആയനാരും നേരം പോക്കുകൾ കൊണ്ട് എല്ലാവരേയും ചിരിപ്പിയ്ക്കുന്ന സാരഥി കണ്ണഭിരാനും ഭാര്യ കമലിയും വിദഗ്ദരായ ചാരന്മാർ ശത്രുഘ്നനും കുണ്ഡോദരനും തിരുനാവക്കരശ് സ്വാമിയും ലങ്കൻ യുവരാജാവ് മാനവന്മനും വേങ്കിയിലെ ആദിത്യവർമ്മനും നെടുമാരനും അങനെയങനെ ഒട്ടനവധി പേരും കഥയിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട്.
നൃത്തകലയെയും ശില്പ കലയേയും എല്ലാ മതങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിച്ചിരുന്ന, ഈ മൂന്നു സാമ്രാജ്യങ്ങളും പരസ്പര സഹകരണത്തോടെ കഴിയണം എന്നാഗ്രഹിച്ചിരുന്ന പ്രഗത്ഭനായ ഭരണാധികാരി ആയിരുന്നു മഹേന്ദ്രവർമ്മൻ. അച്ഛൻറെ ഏത് ആജ്ഞ്ഞയും അതേ പടി അനുസരിയ്ക്കുന്ന, പതിനെട്ട് വയസ്സിനുള്ളിൽ എല്ലാ മല്ലന്മാരെയും തോൽപിച്ചു മാമല്ലൻ എന്ന് പേര് കേട്ട മിടുക്കനായ യുവരാജാവ് നരസിംഹവർമ്മനെ മികച്ച ഒരു പോരാളിയും ഭരണാധികാരിയുമാക്കി മാറ്റാൻ മഹേന്ദ്രവർമ്മൻ പല്ലവരുടെ സേനാപതിയായി പരംജ്യോതി എന്ന യുവാവിനെ നിയമിയ്ക്കുന്നു. കഥയുടെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രമാണ് പരംജ്യോതിയുടേത്.
ശാന്തമായി പോകുന്ന രാജ്യത്തിന്റെ അവസ്ഥ, ചാലൂക്യ സേനയുടെ യുദ്ധഭീഷണി വരുന്നതോടെ തകിടം മറിയുന്നു. പല്ലവ സൈന്യത്തിന്റെ മൂന്നിരട്ടി ആൾബലവും ആയുധബലവും ഉള്ള, അയൽ രാജ്യങ്ങളുടെ പിന്തുണയുള്ള (ബുദ്ധ-ജൈന മതക്കാരുടെ ഏഷണി മൂലം) ചാലൂക്യ സൈന്യം ശക്തമായ വെല്ലുവിളി ആകുന്നുവെങ്കിലും പുലികേശിയെയും സംഘത്തെയും തുരത്തുന്നുവെങ്കിലും പോകുന്ന പോക്കിൽ അവർ നാട് മുഴുവൻ ചുട്ടെരിച്ചു, ആണുങ്ങളെ കൊന്നും വികലാംഗരാക്കിയും യുവതികളെ തടവിലാക്കിയും ഒപ്പം രാജാവിനെതിരെ വിഷക്കത്തി പ്രയോഗിച്ചും നാട് വിടുന്നു. ഒപ്പം നടനമയൂരം എന്നു പേര് കേട്ട ശിവകാമിയെയും തടവിലാക്കി കൊണ്ടു പോകുന്നു...
പല്ലവരുടെ കഥ എന്ന് പറയാം എങ്കിലും ഈ കഥ നരസിംഹന്റെയും ശിവകാമിയുടെയും പ്രണയത്തെ ചുറ്റിപ്പറ്റിയാണു മുന്നേറുന്നത്. അയൽ രാജ്യത്തിന്റെ പിടിയിൽ ആയതിനെ തുടർന്ന് നാഗനന്ദി സ്വാമിയുടെ തന്ത്രഫലമായി ഒരു പ്രത്യേക സാഹചര്യത്തിൽ അവളൊരു ശപഥം ചെയ്യുന്നു. 9 വർഷങ്ങൾ കൊണ്ട് ഒരുപാട് പേരുടെ ജീവിതം തന്നെ മാറി മറിയാനും രണ്ട് രാജ്യങ്ങളുടെ തലവര തന്നെ മാറാനും ആ ശപഥം കാരണമാകുന്നു...
അതാണു ശിവകാമിയുടെ ശപഥം എന്ന 1100 ലധികം പേജുകൾ ഉള്ള ഈ നോവൽ.
- ശ്രീ
1 comments:
sree,pazhaya blog/post okke onneduthu nokki innu. pazhaya aarenkilum okke ippazhum undo ennu. Sreeye maathramaanu kandathu.
valiya santhosham thonni.
sukhamalle?
Post a Comment