Wednesday, April 1, 2009

ഒരു വിഡ്ഢി ദിനത്തിലെ വിക്രിയകള്‍

1998 ലെ വിഡ്ഢി ദിനം അടുത്തപ്പോഴേ ഞാന്‍ ചേട്ടനുമായി ഗഹനമായ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. മറ്റൊന്നുമല്ല, ഈ വര്‍ഷം ആരെയൊക്കെ എങ്ങനെയൊക്കെ വിഡ്ഢികളാക്കാം എന്നതു തന്നെ. (സാധാരണയായി എല്ലാവരും എനിയ്ക്കിട്ടാണ് പണി തരാറുള്ളത്, എന്റെ ചേട്ടനുള്‍പ്പെടെ. ആ അപകടം കാലേ കൂട്ടി ഒഴിവാക്കാനും അതേ സമയം ആര്‍ക്കെങ്കിലും ചേട്ടന്റെ സപ്പോര്‍ട്ടോടെ ഒരു പണി കൊടുക്കാനും കൂടി വേണ്ടിയാണ് ആ വര്‍ഷം ഞാന്‍ മുന്നിട്ടിറങ്ങിയത്)

എന്തായാലും ആ ശ്രമം പാഴായില്ല. ചേട്ടനും കൂടെ കൂടാമെന്ന് സമ്മതിച്ചു. മാര്‍ച്ച് മാസം അവസാനമായപ്പോള്‍ തന്നെ ഞങ്ങള്‍ കൂലങ്കഷമായ ആലോചനകള്‍ തുടങ്ങി. ഞങ്ങളുടേത് ഒരു തനി നാട്ടിന്‍‌പുറമായതു കൊണ്ടും സുഹൃത്തുക്കളും അയല്‍ക്കാരുമെല്ലാം ഒരുവിധ തന്ത്രങ്ങള്‍ എല്ലാം പയറ്റിത്തെളിഞ്ഞവരായതു കൊണ്ടും സാധാരണ പ്രയോഗിയ്ക്കാറുള്ള ചീള് നമ്പറുകളൊന്നും ഏശാന്‍ പോകുന്നില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

അതു കൊണ്ട് ഞങ്ങള്‍ പുതുമയുള്ള എന്തെങ്കിലും തന്ത്രത്തിനു വേണ്ടി തല പുകച്ചു കൊണ്ടിരുന്നു. അവസാനം ചേട്ടന്‍ ഒരു വഴി കണ്ടെത്തി. സംഭവം കേട്ടപ്പോള്‍ എനിയ്ക്കും കൊള്ളാമല്ലോ എന്ന് തോന്നി. അക്കാലത്ത് ഞങ്ങളുടെ ആ ചുറ്റുവട്ടങ്ങളിലുള്ള വീടുകളിലെല്ലാം പത്രം ഇട്ടിരുന്ന ചേട്ടന്‍ സാധാരണയായി വരാറുള്ളത് രാവിലെ ആറരയ്ക്കും ഏഴിനുമിടയ്ക്കായിരുന്നു. ഒരുമാതിരിപ്പെട്ട വീട്ടുകാരെല്ലാം അന്ന് ഉണരാറുള്ളതും ഏതാണ്ട് ആ സമയത്തു തന്നെ ആയിരുന്നു. ഓരോ വീടുകളിലും ഏതൊക്കെ പത്രമാണ് ഇടുന്നത് എന്നും അവിടങ്ങളിലൊക്കെ ആരാണ് ആദ്യം പത്രം വായിയ്ക്കാറുള്ളത് എന്നുമൊക്കെ ഞങ്ങള്‍ മനസ്സിലാക്കി വച്ചിരുന്നു. ആ ആശയത്തില്‍ നിന്നാണ് ചേട്ടന്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.

അതായത് എല്ലാ വീടുകളിലേയ്ക്കും വേണ്ടി പഴയ പത്രങ്ങള്‍ സംഘടിപ്പിയ്ക്കുക. കാഴ്ചയില്‍ ചുളിവും മടക്കുമൊന്നും വീഴാതെ അധികം പഴക്കം തോന്നാത്തവയായിരിയ്ക്കണം. കഴിയുന്നതും ഏപ്രില്‍ 1 ലെ തന്നെ. അതല്ലെങ്കില്‍ ഒന്നാം തീയതി ബുധനാഴ്ച വരുന്ന ഏതെങ്കിലും ഒരു മാസത്തെ. (കാരണം 1998 ഏപ്രില്‍ 1 ഒരു ബുധനാഴ്ചയായിരുന്നല്ലോ). എന്നിട്ട് പിറ്റേന്ന് അതിരാവിലെ അയല്‍ക്കാര്‍ എഴുന്നേല്‍ക്കും മുന്‍‌പ് ഓരോ വീട്ടിലും അവര്‍ വരുത്തുന്ന അതേ പത്രം പത്രക്കാരന്‍ എറിഞ്ഞിടുന്നതു പോലെ കൊണ്ടിടുക എന്നതായിരുന്നു പ്ലാന്‍.

കൂടുതലും മനോരമക്കാരും മാതൃഭൂമിക്കാരും ആയിരുന്നുവെന്നതും ഞങ്ങളുടെ വീട്ടില്‍ മനോരമയും തറവാട്ടില്‍ മാതൃഭൂമിയുമാണ് വരുത്തിയിരുന്നത് എന്നുള്ളതും അനുഗ്രഹമായി. കുറച്ചു നാള്‍ ഞങ്ങളുടെ വീട്ടില്‍ ഇന്‍‌ഡ്യന്‍ എക്സ്പ്രെസ്സ് വരുത്തിയിരുന്നതിനാല്‍ (ഭാഷ പഠിയ്ക്കാന്‍ തുടങ്ങിയതാണെങ്കിലും അന്ന് അതു കൊണ്ട് വല്യ പ്രയോജനമൊന്നും കിട്ടില്ലെന്നും കാശു പോകുകയേയുള്ളൂ എന്നും മനസ്സിലാക്കി, അച്ഛന്‍ ആ സാഹസം അധികനാള്‍ തുടര്‍ന്നിരുന്നില്ല) അതും പ്രയോജനപ്പെട്ടു.
പിന്നെ, അക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ പത്രം വായിച്ചു കഴിഞ്ഞാലും അതെല്ലാം ഓരോ മാസത്തേയും പ്രത്യേകം കെട്ടുകളാക്കി ഭംഗിയായി അടുക്കി, കുറെ കാലം കൂടി സൂക്ഷിച്ചു വയ്ക്കുമായിരുന്നു . (അന്ന് 1998 ലും ഞങ്ങളുടെ വീട്ടില്‍ 1993 മുതലുള്ള പത്രങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അത് മനസ്സിലാക്കാമല്ലോ). അതു കൊണ്ട് പഴയ പത്രങ്ങള്‍ തപ്പിയെടുക്കാന്‍ വല്യ ബുദ്ധിമുട്ട് നേരിട്ടില്ല. എല്ലാ പത്രവും ഭംഗിയായി ഇസ്തിരിയിട്ട് തേച്ചു മടക്കി വച്ചു. പോരാത്തതിന് ആ അടുത്ത കാലത്ത് പത്രത്തിന്റെ കൂടെ കിട്ടാറുള്ള പരസ്യ നോട്ടീസുകളും മറ്റും പെറുക്കി ഓരോന്നിനും ഇടയില്‍ തിരുകാനും ഞങ്ങള്‍ മറന്നില്ല (ഒരു ഒറിജിനാലിറ്റിയ്ക്കു വേണ്ടി)

അന്നെല്ലാം കുഞ്ഞച്ഛന്റെ മകനായ സംഗന്‍ എപ്പോഴും ഞങ്ങളുടെ കൂട്ടത്തില്‍ കാണുമായിരുന്നു. ഞങ്ങള്‍ അവനില്‍ നിന്നും ആദ്യം ഈ പ്ലാന്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചെങ്കിലും (കാരണം അവരുടെ വീട്ടിലും അതാ‍യത് ഞങ്ങളുടെ തറവാട്ടിലും ഇതേ ഐഡിയ പ്രയോഗിയ്ക്കണം എന്നും കരുതിയിരുന്നു) അവന്‍ എങ്ങനെയോ ഇക്കാര്യം അറിഞ്ഞതിനാല്‍ അവനെയും കൂടെ കൂട്ടി. അല്ലെങ്കില്‍ അവന്‍ ഞങ്ങളുടെ പദ്ധതി പരസ്യമാക്കിയാലോ?

എന്നാലും അവനിട്ട് വേറെ ഒരു കൊച്ചു പണി കൊടുക്കാനും ഞാനും ചേട്ടനും പ്ലാനിട്ടിരുന്നു. അതിനു വേണ്ടിയുള്ള കുതന്ത്രങ്ങള്‍ രൂപപ്പെടുത്തിയത് ഒരു രാത്രിയിലാണ്. കാരണം അവന്‍ കൂടെ ഉണ്ടാകരുതല്ലോ. അവന് അന്നേ ഒരു ക്രിക്കറ്റ് ഭ്രാന്തനായിരുന്നു എന്നതിനാല്‍ ആ ആശയം എന്റേതായിരുന്നു. (ക്രിക്കറ്റ് പ്രേമികള്‍ ഇന്നും മറക്കാനിടയില്ല, 1998 ഏപ്രില്‍ 1 നായിരുന്നു കൊച്ചിയില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം നടന്നത്). അന്ന് സംഗന്റെ ഇഷ്ട താരമായിരുന്നു റോബിന്‍‌ സിങ്ങ്. പിറ്റേ ദിവസം കൊച്ചിയില്‍ സച്ചിനും ജഡേജയും റോബിനും എങ്ങനെ കളിയ്ക്കും എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുകയായിരുന്നു അവന്‍ (ഞങ്ങളും). റോബിന്റെ കളിയ്ക്കാണ് അവന്‍ പ്രാധാന്യം കൊടുത്തത് എന്നതിനാല്‍ ഞാനും ചേട്ടനും ഒരു പരിപാടി ഒപ്പിച്ചു. ഒരു പഴയ ഓഡിയോ കാസറ്റില്‍ വാര്‍ത്ത വായിയ്ക്കുന്നതു പോലെ ശബ്ദമെല്ലാം മാറ്റി “ഒരു ആകാശവാണി വാര്‍ത്തകള്‍” തയ്യാറാക്കി വച്ചു. അതിലെ പ്രധാന വാര്‍ത്തകള്‍ മാത്രം. അതിന്റെ ഉള്ളടക്കം (അവസാന ഭാഗം) ഏതാണ്ട് ഇങ്ങനെയായിരുന്നു.

“ക്രിക്കറ്റ്: ഇന്ന് കൊച്ചിയില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുന്നു. മികച്ച ഫോമില്‍ കളിയ്ക്കുന്ന സച്ചിനിലും ജഡേജയിലുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. എന്നാല്‍ പരിശീലനത്തിനിടെ പരിക്കേറ്റ ഓള്‍‌റൌണ്ടര്‍ റോബിന്‍‌സിങ്ങ് ഇന്ന് കളിയ്ക്കില്ല. പ്രധാന വാര്‍ത്തകള്‍ കഴിഞ്ഞു, നമസ്കാരം. അല്‍പ്പ സമയത്തിനുള്ളില്‍ സംസ്കൃതത്തില്‍ വാര്‍ത്തകള്‍ കേള്‍ക്കാം”

അങ്ങനെ സംഭവദിവസം അതിരാവിലെ തന്നെ ഞങ്ങള്‍ മൂവരും ഒത്തു കൂടി. പത്രം കൊണ്ടിടുന്ന ചുമതല എനിയ്ക്കും ആരെങ്കിലും ശ്രദ്ധിയ്ക്കുന്നുണ്ടോ എന്നും പത്രക്കാരനെങ്ങാനും വരുന്നുണ്ടോ എന്നും നോക്കാനുള്ള ചുമതല സംഗനുമായിരുന്നു. എന്തായാലും അന്ന്‍ വരാന്‍ അയാള്‍ പതിവിലും നേരം വൈകിയത് ഞങ്ങള്‍ക്ക് ഉപകാരപ്പെട്ടു. ഞങ്ങള്‍ എല്ലാ വീടുകളിലും പത്രം കൊണ്ടിടുകയും കാര്യം മനസ്സിലാക്കാതെ ഒരുവിധം എല്ലാ‍വരും തന്നെ പറ്റിയ്ക്കപ്പെടുകയും ചെയ്തു. ‘ഇന്ന് അയാള്‍ മുഴിഞ്ഞ പത്രമാണല്ലോ ഇട്ടത്’ എന്നും പറഞ്ഞു കൊണ്ട് പത്രം എടുത്തു കൊണ്ടു പോയ ജിബീഷ് ചേട്ടന്റെ അച്ഛന്‍ ബാലന്‍ മാഷിനേയും രാവിലെ എഴുന്നേറ്റ് കണ്ണടയും ഫിറ്റു ചെയ്ത് പഴയ പത്ര വാര്‍ത്തകള്‍ വള്ളിപുള്ളി വിടാതെ വായിച്ച അയലത്തെ അച്ചീച്ചനെയും ഇന്നും ഓര്‍മ്മിയ്ക്കുന്നു. അത് പഴയ പത്രമായിരുന്നു എന്നും ഞങ്ങള്‍ എല്ലാവരെയും ഫൂളാക്കിയതാണെന്നും എല്ലാവരും തിരിച്ചറിയുന്നത് ഒറിജിനല്‍ പത്രം വന്നപ്പോള്‍ മാത്രമായിരുന്നു. എന്തായാലും ഞങ്ങളുടെ കുസൃതിയില്‍ അവരെല്ലാവരും പങ്കു ചേര്‍ന്നു എന്നതും അക്കിടി പറ്റിയത് ആസ്വദിച്ചു എന്നതും ആശ്വാസം.

അയല്‍ക്കാരെ എല്ലാം പറ്റിച്ച ശേഷം ഞങ്ങള്‍ മുന്‍‌നിശ്ചയപ്രകാരം ഞങ്ങളുടെ വീടിനകത്ത് ഒത്തു കൂടി എല്ലാവരെയും പറ്റിച്ചതിനെ പറ്റി പറഞ്ഞ് ചിരിയ്ക്കുകയായിരുന്നു. ആ സമയത്ത് ഞാനും ചേട്ടനും വാര്‍ത്തകള്‍ കേള്‍ക്കാനെന്ന ഭാവേന സംഗനെയും കൂടെ കൂട്ടിക്കൊണ്ട് തന്ത്രപൂര്‍വ്വം റേഡിയോ‍ (ടേപ്പ്) ഓണാക്കി. (കൊച്ചി എഫ് എം ലെ 6.45ന്റെ വാര്‍ത്തകള്‍ കേള്‍ക്കാനെന്ന പോലെ) എന്നിട്ട് ക്രിക്കറ്റ് ന്യൂസ് കേള്‍ക്കാനെന്ന പോലെ അതില്‍ ശ്രദ്ധിച്ചു. സ്വാഭാവികമായും സംഗനും അത് ശ്രദ്ധിച്ചു. വാര്‍ത്തകള്‍ കഴിഞ്ഞ ഉടനേ ചേട്ട്ന് സൂത്രത്തില്‍ ടേപ്പ് ഓഫ് ചെയ്തു. അപ്പോഴേയ്ക്കും സംഗന്‍ ആകെ നിരാശയിലായി കഴിഞ്ഞിരുന്നു. അവന്റെ ഇഷ്ടതാരം റോബിന്‍ പരിക്കേറ്റ് കളിയ്ക്കുന്നില്ല എന്ന വാര്‍ത്ത അവനെ വല്ലാതെ നിരാശപ്പെടുത്തി. അക്കാര്യം തന്നെ പിന്നെയും പിന്നെയും പറഞ്ഞു കൊണ്ടാണ് അവന്‍ രാവിലെ കുളിയ്ക്കാനും മറ്റുമായി തറവാട്ടിലേയ്ക്ക് പോയത്.

അവന്‍ പോയിക്കഴിഞ്ഞതും ഞാനും ചേട്ടനും പൊട്ടിച്ചിരിച്ചു പോയി. ഞങ്ങളുടെ കഴിവില്‍ സ്വയം പുകഴ്ത്തിക്കൊണ്ട് അന്നത്തെ വിജയകരമായ സംഭവങ്ങളെല്ലാം ആസ്വദിച്ചു കൊണ്ടാണ് അന്നത്തെ ദിവസം ഞങ്ങള്‍ ആരംഭിച്ചത്. മാത്രമല്ല, മറ്റാരും ഞങ്ങളെ ഫൂളാക്കിയതുമില്ലല്ലോ എന്ന സമാധാനവും.
പക്ഷേ അതിനൊരു ആന്റി ക്ലൈമാക്സ് കാണുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. അന്ന് ടീവിയില്‍ ക്രിക്കറ്റ് മത്സരം കാണാനിരുന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അന്നത്തെ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം എഴുതിക്കാണിച്ചു. ടീമില്‍ റോബിനില്ല. ഞാനും ചേട്ടനും ഞെട്ടി... മുഖത്തോടു മുഖം നോക്കി. പരിശീലനത്തിനിടെ പന്തു കൊണ്ട് കൈയില്‍ പരിക്കു പറ്റി റോബിന്‍ ഗാലറിയില്‍ ഇരിയ്ക്കുന്നതു കണ്ട് സംഗന്‍ മാത്രം ഞെട്ടിയില്ല. അവന്‍ ന്യൂസ് രാവിലെ കേട്ടതാണല്ലോ. ഞാനും ചേട്ടനും ഒന്നും മിണ്ടാനാകാതെ ഇരുന്നു പോയി. (ഞങ്ങള്‍ കഷ്ടപ്പെട്ട് കരുതിക്കൂട്ടി ഉണ്ടാക്കിയെടുത്ത കള്ളക്കഥ യഥാര്‍ത്ഥത്തില്‍ അതേ പോലെ തന്നെ സംഭവിയ്ക്കും എന്ന് ഞങ്ങളെങ്ങനെ പ്രതീക്ഷിയ്ക്കാനാണ്?)

പിന്നീട് എന്തായാലും അക്കാര്യം അവനോട് പറയാനും നിന്നില്ല. പറഞ്ഞാല്‍ സത്യത്തില്‍ അന്ന് വിഡ്ഢികളായത് ഞങ്ങളാണെന്ന് സമ്മതിയ്ക്കേണ്ടി വരുമല്ലോ. ഇനിയിപ്പോള്‍ ഈ പോസ്റ്റ് വായിച്ചാലാണ് 11 വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ അന്നത്തെ സംഭവത്തിലെ സത്യമറിയാന്‍ പോകുന്നത്.