Monday, July 27, 2026

രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ

 പുസ്തകം:  രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ

രചയിതാവ് / എഡിറ്റർ : ആദർശ് എസ്

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ : ഡിസി ബുക്സ് 

വില : ₹260/-

കുറിപ്പ് : ശ്രീ



ഡാർക്ക്നെറ്റ്, ഹാക്കർ എക്സ് രണ്ടാമൻ എന്നീ സൂപ്പർ ഹിറ്റ് ത്രില്ലർ നോവലുകളിലൂടെ മലയാള ത്രില്ലർ സാഹിത്യത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച ആദർശിൻ്റെ ഏറ്റവും പുതിയ പുസ്തകമാണ് രാസലഹരി. മുൻ പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സൈബർ ലോകത്ത് അതി നൂതന സാങ്കേതിക വിദ്യകളുടെയോ ടെക്നോളജിയുടെയോ പിൻബലത്തിൽ അല്ല, സാധാരണക്കാർക്കിടയിൽ തന്നെ ആണ്  ഈ കഥ നടക്കുന്നത്.


 'മൊണ്ടി ഷാജി' വെറുമൊരു പ്രാദേശിക ഗുണ്ടയല്ല. അവൻ നാട്ടിലെ മയക്കു മരുന്ന് സംഘത്തിലെ പ്രധാനിയാണ്... അവരുടെ പ്രധാന കച്ചവടം നടക്കുന്നത് നാട്ടിലെ വിദ്യാലയപരിസരങ്ങളിലും. പോലീസും  രാഷ്ട്രീയക്കാരും എല്ലാം കണ്ണികളായ ആ ലഹരി മാഫിയയുടെ തലപ്പത്ത് അവൾ... ചിത്രലേഖ!


ഇൻസ്പെക്ടർ രാംകുമാർ സ്റ്റേഷനിൽ ചാർജ് എടുക്കുന്നതോടെ ലഹരി മാഫിയക്കാർക്ക് തലവേദനയാകുന്നു. അയാൾ ചിത്രലേഖയുടെ കൂട്ടാളികളെ ഓരോരുത്തരെയായി കുടുക്കുന്നു. മഹാദേവൻ, നിയാസ്, പ്രദീപൻ.. അവസാനം അവളുടെ വലം കൈ ആയ ഷാജിയും പോലീസിൻ്റെ കയ്യിൽ പെടുന്നു. പോലീസ് താക്കീത് ചെയ്ത് വിട്ടയക്കുന്നുവെങ്കിലും അന്ന് രാത്രി ഷാജി സ്വന്തം വീട്ടിലെ കിണറിന് മുകളിൽ കയറി തൂങ്ങി മരിക്കുന്നു.


അത് ആത്മഹത്യയാണോ കൊലപാതകമാണോ ? പലരും പല അഭിപ്രായങ്ങൾ പറയുന്നു.  പൊലീസിന് അത് തിരിച്ചറിയാനും തെളിയിക്കാനും ഒരു പാട് വഴികളുണ്ട്. ഷാജിയുടെ കേസിൽ അവർ അതൊക്കെ പരീക്ഷിച്ചതുമാണ്. പക്ഷേ വ്യക്തമായ ഒരു തെളിവും കിട്ടുന്നില്ല.  ഇനി അഥവാ അത്രയും കുറ്റമറ്റ രീതിയിൽ തെളിവുകളില്ലാതെ ഒരു കൊലപാതകം ആസൂത്രണം ചെയ്തു നടത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ആരായിരിക്കും? 


പോലീസ് കസ്റ്റഡിയിൽ നിന്നിറങ്ങിയ ശേഷമുള്ള മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം പോലീസിനെ സമ്മർദ്ദത്തിലാക്കുന്നു. നാട്ടുകാരുടെ മുന്നിൽ നിന്ന് ഷാജിയെ തള്ളി, അറസ്റ്റ് ചെയ്തു കൊണ്ട് പോയ ഇൻസ്പെക്ടർ രാംകുമാറിനെതിരെ പ്രതിഷേധം കടുക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാകാമെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും സംശയിക്കുന്നു. പക്ഷേ,  രാംകുമാർ അതൊരു ആത്മഹത്യയാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. 


അവസാനം അന്വേഷണം  പുതിയൊരു ഉദ്യോഗസ്ഥൻ  ഏറ്റെടുക്കുന്നു.  തുടർന്ന് ദുരൂഹമായ അനവധി ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും  അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനയെ ആകാംക്ഷാഭരിതമാക്കുന്നു.


ഒറ്റയിരുപ്പിൽ നല്ല ഒഴുക്കോടെ വായിച്ചു തീർക്കാവുന്ന ലളിതമായ ഒരു ത്രില്ലർ ആണ് രാസലഹരി. രസകരമായ, നർമ്മം കലർത്തിയ ശൈലിയിൽ വേഗത്തിൽ വായിച്ചു പോകാവുന്ന എഴുത്ത്. 


എന്നാൽ ഒരു ത്രില്ലർ എന്നതിലുപരി നമുക്കു ചുറ്റും നാം അറിയാതെ പിടിമുറുക്കുന്ന ലഹരി മാഫിയയെ, അവരുടെ വലക്കണ്ണികളിൽ സ്വയമറിയാതെ ഇയാം പാറ്റകളെ പോലെ വന്നു വീണു നശിക്കുന്ന പുതു തലമുറയെ, ഇതൊക്കെയാണ് 'ജെൻ സി വൈബ്' എന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് അവരെ കുടുക്കുകയും എതിർക്കുന്നവരെ തന്ത വൈബ് എന്ന് വിളിച്ച് ഒതുക്കുകയും ചെയ്യുന്ന  കച്ചവട  തന്ത്രത്തെ വളരെ വ്യക്തമായി തുറന്നു കാട്ടുന്ന സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന ഒരു ഉള്ളടക്കം കൂടിയാണ് രാസലഹരി ദ ഗ്യാങ് ഓഫ് ചിത്രലേഖ. 


പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.

Sunday, July 26, 2026

കസ്തൂരിമാവിന്റെ തണലിൽ


മലനിരകളെ തഴുകിയെത്തിയ കാറ്റിന് പൈൻമരങ്ങളുടെയും നനഞ്ഞ മണ്ണിന്റെയും മണമായിരുന്നു. മൂവാറ്റുപുഴ - കോതമംഗലം ബസ്സിന്റെ അരികിലെ സീറ്റിലിരുന്ന് തന്റെ നാടിന്റെ കാഴ്ചകൾ കൺകുളിർക്കെ കാണുകയായിരുന്നു വേണു മാഷ്.


ഇടമലയാർ കവലയിൽ ബസ്സ് നിന്നപ്പോൾ, റിട്ടയേർഡ് പ്രൊഫസർ വേണുഗോപാൽ ഊന്നുവടിയിൽ ഊന്നിക്കൊണ്ട് താഴെയിറങ്ങി. ഡൽഹിയിലെ പ്രൊഫസർഷിപ്പിൽ നിന്ന് വിരമിച്ച്, നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് തന്റെ ജന്മനാടായ ഇടമലയാറിലെ 'ചോലയ്ക്കൽ' തറവാട്ടിലേക്ക് ഇരുപത് വർഷങ്ങൾക്ക് ശേഷം തനിയെ തിരികെ വരികയാണദ്ദേഹം. കയ്യിലൊരു ചെറിയ ട്രാവലിംഗ് ബാഗും, ആരും കാണാതെ മനസ്സിൽ സൂക്ഷിക്കുന്ന കുറേ ഓർമ്മകളും മാത്രം.


വേണുവിന്റെ ഏക മകൾ അമൃത ബാംഗ്ലൂരിൽ പ്രമുഖ ഐ.ടി കമ്പനിയിൽ പ്രവർത്തിക്കുകയാണ്. നഗരത്തിന്റെ തിരക്കുകളിലും വർണ്ണങ്ങളിലും ആധുനിക ജീവിതത്തിലും ജീവിക്കാൻ ഇഷ്ടപ്പെടുന്നവൾ.


"അച്ഛാ, അവിടെ തനിയെ പോയി കിടന്ന് കഷ്ടപ്പെടണോ? എന്റെ കൂടെ ബാംഗ്ലൂരിലേക്ക് പോര്. ഇവിടെ ഒരു ഫ്ലാറ്റ് എടുക്കാം" മാഷ് നാട്ടിലേക്ക് തിരിക്കും മുൻപ് അവൾ വിളിച്ചിരുന്നു. എന്നാൽ മാഷ് അതിലത്ര താല്പര്യം കാണിച്ചില്ല. അതിലപ്പുറം അവൾ നിർബന്ധിച്ചതുമില്ല. കാരണം അച്ഛന് നഗരത്തിന്റെ തിരക്കുകൾ ഇഷ്ടമല്ലെന്ന് അവൾക്ക് അറിയാമായിരുന്നു. മാത്രമല്ല, അച്ഛൻ കൂടെ വന്നാൽ തന്റെ സ്വാതന്ത്ര്യവും തിരക്കുകളും തടസ്സപ്പെടുമോ എന്നൊരു നേരിയ ഭയം അവളുടെ ഉള്ളിലുമുണ്ടായിരുന്നു.


ബസ്സിറങ്ങി വേണു മാഷ് തന്റെ പഴയ വീടിന്റെ വഴിയേ നടന്നു. പഴയ ഗ്രാമമല്ല ഇന്ന് അത്. വയലുകൾ പകുതിയും കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് വഴിമാറിയിരിക്കുന്നു. പഴയ ചായക്കടയുടെ സ്ഥാനത്ത് മിന്നിത്തിളങ്ങുന്ന ഒരു സൂപ്പർമാർക്കറ്റ് ഉയർന്നുനിൽക്കുന്നു. എങ്കിലും, കാറ്റിന് ഇപ്പോഴും മണ്ണിലെ പച്ചപ്പിന്റെയും, ചെമ്പകപ്പൂക്കളുടെയും ആ പഴയ മണമുണ്ടായിരുന്നു.


ഇരുപത് വർഷങ്ങളായി ചോലയ്ക്കൽ തറവാട് ആരും നോക്കാനില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നു. വേലിക്കെട്ടുകൾ തകർന്നിരുന്നു. മുറ്റത്തും വീടിന്റെ വശങ്ങളിലുമായി പായലും കാട്ടുചെടികളും പടർന്നുപിടിച്ചിരുന്നു. എങ്കിലും മുറ്റത്തിന്റെ അതിരിൽ, ഇടവഴിയോട് ചേർന്ന് ഒരു വൻവൃക്ഷം പോലെ പടർന്നുപന്തലിച്ചു നിൽക്കുന്ന ആ മാവ് ഇപ്പോഴുമുണ്ട്. 'കസ്തൂരിമാവ്'. അമൃത ജനിച്ച വർഷം, മരിച്ചുപോയ ഭാര്യ ഗായത്രിയോടൊപ്പം വേണു നട്ടുവളർത്തിയ മരമാണത്.


വീടും പരിസരവും വൃത്തിയാക്കാനും വേണുവിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും ഏറ്റിരുന്നത് മാധവിയമ്മയായിരുന്നു. വേണുവിന്റെ മരിച്ചുപോയ ഭാര്യ ഗായത്രിയുടെ അടുത്ത കൂട്ടുകാരി. മാധവിയമ്മ വീടും പുരയിടവും അടിച്ചുവാരി വൃത്തിയാക്കി, വേണു മാഷിന് ഭക്ഷണവും കൊണ്ടുവന്നു. ഒപ്പം അവരുടെ മകനുണ്ട്, ജീവൻ. ഇരുപത്തിയൊന്ന് വയസ്സുള്ള ആ ചെറുപ്പക്കാരന് ചെറുപ്പത്തിലുണ്ടായ ഒരസുഖം കാരണം ഒരു കാലിന് നല്ല സ്വാധീനക്കുറവുണ്ട്. സംസാരിക്കാൻ മടിയുള്ള, ചെറിയ കണ്ണുകളുള്ള പയ്യൻ. പക്ഷേ, അവന്റെ ഉള്ളിൽ വരകളുടെയും നിറങ്ങളുടെയും വലിയൊരു ലോകമുണ്ടായിരുന്നു.


മകളുടെ അകൽച്ച നൽകിയ ശൂന്യതയിൽ വേണു തറവാട്ടിലിരുന്ന് തന്റെ പുസ്തകത്തിന്റെ എഴുത്തുമായി ദിനങ്ങൾ തള്ളിനീക്കി. പലപ്പോഴും മാധവിയമ്മയോടൊപ്പം ജീവനും അവിടെ വരുമായിരുന്നു. അവൻ മാഷ് നട്ടുവളർത്തിയ ചെടികളെ നോക്കിയും, പൂമുഖത്തിരുന്ന് തന്റെ ഡ്രോയിംഗ് ബുക്കിൽ കളറുകൾ പകർത്തിയും സമയം കളഞ്ഞു.


വേണു മാഷ് ആ പയ്യന്റെ ചിത്രങ്ങൾ കണ്ടു. അപാരമായ കഴിവ്! വരകളിൽ ഒളിച്ചിരിക്കുന്ന പ്രതിഭയെ അദ്ദേഹം തൊട്ടറിഞ്ഞു. അവൻ വരച്ച ചിത്രങ്ങൾക്ക് അനുയോജ്യമായ വിവരണങ്ങൾ തന്റെ പുസ്തകത്തിൽ ഉൾപ്പെടുത്താൻ മാഷ് തീരുമാനിച്ചു. അവനെ നിരന്തരം പ്രോത്സാഹിപ്പിച്ചു.


ദിവസങ്ങൾ കടന്നു പോയി. അങ്ങനെയിരിക്കെ, കർക്കിടകത്തിലെ കനത്ത മഴ പെയ്തൊഴിഞ്ഞ ഒരു രാത്രി... അപ്രതീക്ഷിതമായി, പതിറ്റാണ്ടുകൾക്ക് ശേഷം ഇടമലയാർ കരകവിഞ്ഞൊഴുകി. കനാലുകൾ വഴി വെള്ളം വേണുവിന്റെ വീടിന്റെ മുറ്റത്തേക്കും കയറിവന്നു.


കനത്ത പനിയും ശ്വാസംമുട്ടലും കാരണം മുറിക്കുള്ളിൽ വിറച്ചു വീണുപോയ വേണു മാഷിന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഫോൺ ഡെഡ് ആയി, കറന്റും പോയി. സഹായിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല.


അപ്പോഴാണ് ആ രാത്രിയിലെ ഇരുട്ടിനെയും പ്രളയജലത്തെയും വകവെക്കാതെ ഒരാൾ അവിടെയെത്തിയത്! അത് ജീവനായിരുന്നു! തൻ്റെ തളർന്ന കാലും വെച്ച്, മുട്ടറ്റം വെള്ളത്തിലൂടെ നീന്തി അവൻ ചോലയ്ക്കൽ തറവാട്ടിലെത്തി. പനി കാരണം തളർന്നു, ചുവരിൽ ചാരി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന വേണു മാഷിനെ കണ്ടപ്പോൾ അവൻ ഒട്ടും മടിച്ചില്ല. തന്റെ വയ്യാത്ത ശരീരത്തെ മറന്ന്, അത്രയും ഭാരമുള്ള മാഷിനെ അവൻ തോളിലേറ്റി! പതറുന്ന ചുവടുകളോടെ പ്രളയജലത്തിലൂടെ നടന്ന്, കിലോമീറ്ററുകൾക്കപ്പുറമുള്ള ദുരിതാശ്വാസ ക്യാമ്പിൽ അദ്ദേഹത്തെ എത്തിച്ചു. കൃത്യസമയത്ത് മെഡിക്കൽ ട്രീറ്റ്മെന്റ് കിട്ടിയതുകൊണ്ട് മാത്രം വേണു മാഷിന്റെ ജീവൻ രക്ഷപ്പെട്ടു.


വിവരമറിഞ്ഞ് ബാംഗ്ലൂരിൽ നിന്ന് അമൃത ഓടിയെത്തി. തന്റെ തിരക്കുകൾ മാറ്റിവെച്ച്, അച്ഛന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ വന്നതാണ് അവൾ. ഒരാഴ്ച കടന്നു പോയി. വേണുവിന്റെ ആരോഗ്യം മെച്ചപ്പെട്ടപ്പോൾ അവൾ പറഞ്ഞു: "അച്ഛാ, അച്ഛൻ ഇപ്പോ ഒക്കെ ആയല്ലോ. ഞാൻ അടുത്ത ആഴ്ച ബാംഗ്ലൂരിലേക്ക് തിരികെ പോവുകയാണ്. ഓഫീസ് കാര്യങ്ങളൊക്കെ മുടങ്ങി കിടക്കുകയാ."


വേണു മാഷ് തടസ്സം പറഞ്ഞില്ല. 


അവൾ തിരിച്ചുപോകാൻ പ്ലാൻ ചെയ്തതിന്റെ തലേന്ന്, മാധവിയമ്മ തറവാട്ടുവീട് വൃത്തിയാക്കാൻ വന്നു. പൂമുഖത്തെ പഴയ തേക്ക് അലമാരയുടെ മുകളിൽ നിന്ന് എന്തോ എടുക്കാൻ ശ്രമിക്കുമ്പോൾ, യാദൃശ്ചികമായി അവിടെയിരുന്ന ഒരു പഴയ തുണിസഞ്ചി താഴേക്ക് വീണു.


അതിലെ കത്തുകളും ബില്ലുകളും മുറിയിൽ ചിതറിവീണു. അത് കണ്ട് അമൃത അവ പെറുക്കിയെടുക്കാൻ നിലത്തേക്ക് കുനിഞ്ഞു. അത് മുഴുവൻ വാരി ബാഗിലിടുമ്പോൾ അറിയാതെ അതിലൊന്നിൽ കണ്ണുടക്കി. അവളുടെ പേരിലെഴുതിയ ഒരു മരുന്നിൻ്റെ ബിൽ... അതിനടിയിൽ മറ്റൊന്ന്... അവൾ ബാഗിൽ ഉണ്ടായിരുന്ന മുഴുവൻ വസ്തുക്കളും തിരികെ നിലത്ത് കുടഞ്ഞു. അതിൽ അവൾ കണ്ടത് പഴയ ആശുപത്രി ബില്ലുകളും, അച്ഛൻ സ്വന്തം കൈപ്പടയിൽ എഴുതിയ പഴയ ഡയറിയുമായിരുന്നു. അതിലൂടെ കണ്ണോടിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി! അതവൾക്ക് എട്ടു വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു! അവളെന്നോരാണ് പോയ ഒരു സംഭവം!


തുടർച്ചയായ രോഗം കാരണം അവൾ ആശുപത്രിയിലായപ്പോൾ, ഉയർന്ന ജോലി ഉപേക്ഷിച്ച്, മാസം മുഴുവൻ അരപട്ടിണി കിടന്ന്, തനിക്ക് ജീവൻ തന്ന അച്ഛൻ! അമ്മയില്ലാത്ത കുറവ് താൻ അറിയാതിരിക്കാൻ രാപകലില്ലാതെ തനിക്ക് കാവലിരുന്ന അച്ഛൻ!

ഡയറിയിലെ ഒരു താളിൽ അച്ഛൻ എഴുതിയിരുന്നു:


"അമൃതയ്ക്ക് ഇന്ന് പനി കുറവുണ്ട്. അവൾ ഉറങ്ങി. അവൾക്ക് കൊടുക്കാനുള്ള മരുന്നിന്റെ പണം തികയാത്തതുകൊണ്ട് ഇന്ന് ഞാൻ ആഹാരം കഴിച്ചില്ല. പക്ഷേ, അവൾ പുഞ്ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് വിശപ്പ് തോന്നാറില്ല. അവൾ വലുതായി ഈ ലോകത്ത് ജയിക്കണം... അതിന് വേണ്ടി ഞാൻ എത്ര വേണമെങ്കിലും കഷ്ടപ്പെടും."


അവൾ അടുത്ത ഡയറിയെടുത്തു. അതിലെ ഒരു വരി അവൾ വിതുമ്പലോടെ വായിച്ചു:


"അമൃതയുടെ ചിറകുകൾക്ക് ആകാശത്തോളം ഉയരാൻ കഴിയണം. അവൾക്ക് വേണ്ടി ഞാൻ എന്തും സഹിക്കും. പക്ഷേ, അവൾ വളരുമ്പോൾ എന്നെ ഓർത്ത് അവളുടെ ചിറകുകൾ തളരരുത്..."


അമൃതയുടെ കൈകൾ വിറച്ചു. അവളുടെ നിയന്ത്രണം വിട്ടു. താൻ സ്വന്തം കരിയറും പണവും തേടി പായുമ്പോൾ, തനിക്ക് വേണ്ടി സ്വന്തം ആയുസ്സും ആരോഗ്യവും പണയം വെച്ച അച്ഛനെ അവൾ തിരിച്ചറിയുകയായിരുന്നു! ഒരു ഫോൺ കോളിൽ പോലും സുഖവിവരങ്ങൾ തിരക്കാൻ സമയം കണ്ടെത്താത്ത തന്റെ സ്വാർത്ഥതയോർത്ത് അവൾ വിങ്ങിപ്പൊട്ടി.


അമൃത അടുത്ത ദിവസം ബാംഗ്ലൂരിലേക്ക് പോയില്ല. പകരം അവൾ തന്റെ കമ്പനിയുമായി സംസാരിച്ച് ജോലി രാജിവെക്കാതെ തന്നെ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് മാറ്റം വാങ്ങി!

തറവാട്ടിലെ ഒരു മുറി അവൾ തന്റെ ഓഫീസാക്കി മാറ്റി. രാവിലെ അച്ഛന്റെ മരുന്നുകളും ആഹാരവും നേരിട്ട് കൊടുത്തു. അച്ഛന്റെ വിശ്രമവേളകളിൽ അവൾ അരികിലിരുന്നു.


വേണുവിന്റെ ജീവിതത്തിലും മാറ്റങ്ങൾ വന്നു. മകളുടെ സാന്നിധ്യം അയാൾക്ക് വലിയ ആശ്വാസമായി. ഗ്രാമത്തിലെ കുട്ടികൾക്ക് അയാൾ സൗജന്യമായി ട്യൂഷൻ എടുക്കാൻ തുടങ്ങി. ജീവന്റെ ചിത്രകലാ പഠനത്തിന്റെ ചെലവുകൾ വേണു ഏറ്റെടുത്തു.


വൈകാതെ തന്നെ, ജീവൻ വരച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി വേണു എഴുതിയ 'കസ്തൂരിമാവിന്റെ തണലിൽ' എന്ന പുസ്തകം കൊച്ചിയിൽ വെച്ച് പ്രകാശനം ചെയ്തു. പുസ്തകം വൻ വിജയമായി മാറി.


 എഴുത്തുകാരൻ എന്ന നിലയിൽ വേണു മാഷ് പ്രശസ്തനായതിനൊപ്പം ജീവൻ എന്ന ഗ്രാമീണ യുവാവ് ഒരു പ്രമുഖ ചിത്രകാരനായി സാഹിത്യലോകത്ത് അംഗീകരിക്കപ്പെട്ടു!


അതേസമയം, ഗ്രാമത്തിലിരുന്ന് വർക്ക് ചെയ്തുകൊണ്ടുതന്നെ തന്റെ പുതിയ അന്താരാഷ്ട്ര ഐ.ടി പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയ അമൃതയെ, കമ്പനി ആ വർഷത്തെ 'ബെസ്റ്റ് പെർഫോർമർ' ആയി തിരഞ്ഞെടുത്തു!


ഒരു വൈകുന്നേരം ചോലയ്ക്കൽ തറവാടിന്റെ മുറ്റത്തുള്ള കസ്തൂരിമാവിൻ ചുവട്ടിൽ എല്ലാവരും ഒത്തുകൂടി.


വേണുഗോപാൽ മാഷ് പുസ്തകത്തിന്റെ അമ്പതാം പതിപ്പിനുള്ള തയ്യാറെടുപ്പിലാണ്. മാധവിയമ്മ വെച്ചുണ്ടാക്കിയ ചൂടുള്ള അടയും കാപ്പിയുമായി അമൃത വന്നു. ജീവൻ പുതിയൊരു കാൻവാസിൽ ആ മരത്തിന്റെ ചിത്രത്തിൻ്റെ ഒപ്പം ആ കുടുംബത്തെ വരയ്ക്കുന്നുണ്ടായിരുന്നു.


അമൃത അച്ഛന്റെ കൈകൾ ചേർത്തുപിടിച്ചു: "അച്ഛാ... അന്ന് ഞാൻ അച്ഛനെ തനിച്ചാക്കി പോകാൻ നോക്കിയതാണ്. എന്നോട് ക്ഷമിക്കണം. ഞാൻ ഒരു കാര്യം മനസ്സിലാക്കി. കരിയറും നേട്ടങ്ങളും വേണം, പക്ഷേ നമ്മളെ ഇവിടെ വരെ എത്തിച്ച മാതാപിതാക്കളുടെ സ്നേഹം തള്ളിപ്പറഞ്ഞിട്ടാകരുത് അത്."


വേണു മകളുടെ തലയിൽ മൃദുവായി തഴുകി.


പെട്ടെന്ന്, ആ കസ്തൂരിമാവിൽ നിന്ന് തണുത്ത ഒരു കാറ്റ് വീശിയടിച്ചു. ആ മരത്തിന്റെ ഇലകൾ അവരെ തലോടി കടന്നുപോയി.

അമൃത കണ്ണുകൾ അടച്ചു. ആ കാറ്റിന്... വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ തന്റെ അമ്മയുടെ കൈകളുടെ സ്നേഹമുള്ള തലോടൽ പോലെ അവൾക്ക് തോന്നി.


                      ***


ഓരോ മക്കളും തിരിച്ചറിയേണ്ട വലിയൊരു സത്യമുണ്ട്. നമ്മൾ വളർന്ന് വലുതാകുമ്പോൾ നമ്മളെ തണൽ പോലെ സംരക്ഷിച്ച മാതാപിതാക്കളുടെ വാർദ്ധക്യം നമ്മൾ ചുമക്കേണ്ട ഭാരമല്ല, മറിച്ച് നമ്മുടെ നേട്ടങ്ങൾക്കിടയിലും അവർക്ക് തിരികെ നൽകേണ്ട സ്നേഹത്തിന്റെ തണലാണ്!



       -ശ്രീ

Tuesday, July 7, 2026

കരിങ്കാളിക്കാവ്


​കുരുതിമല എന്ന ഗ്രാമത്തിൽ ഇന്നത്തെ തലമുറയിലെ ആരെങ്കിലുമൊക്കെ ജനിക്കുന്നതിനും മുമ്പ് പറഞ്ഞു പ്രചരിച്ച ഒരു കഥയുണ്ട്.  ആ ദേശത്തിന്റെ തെക്ക്കിഴക്കേ അതിരിൽ ഒരു വലിയ കാവുണ്ടായിരുന്നു. നാട്ടുകാർ അതിനെ 'കരിങ്കാളിക്കാവ്' എന്ന് വിളിച്ചു. പകലിൽ പോലും വെളിച്ചത്തെ ഉള്ളിലേക്ക് കടത്തിവിടാതെ, മരങ്ങൾ പരസ്പരം കഴുത്തുഞെരിച്ചു നിൽക്കുന്നതുപോലെയുള്ള ഒരിടം.ഒരു തരത്തിൽ ഒരു കാട് തന്നെ. അവിടുന്നങ്ങ് മുകളിലേയ്ക്ക് കിഴുക്കാം തൂക്കായ പാറകളും മനുഷ്യർക്ക് ചെന്നെത്താനാകാത്ത പ്രദേശങ്ങളുമായിരുന്നു. ആ കാടിന്റെ ആരംഭത്തിൽ തന്നെ  ഒരു കൽത്തറയുണ്ടായിരുന്നു. അതിന്മേൽ കൊത്തിവെച്ചിരുന്ന ഒരു കൂറ്റൻ കൽരൂപവും. ആരോ, എപ്പോഴോ കൊത്തിവെച്ച ഒരു രൂപം. മനുഷ്യന്റേതെന്നോ മൃഗത്തിന്റേതെന്നോ വേർതിരിച്ചറിയാൻ കഴിയാത്തവിധം കാലം മായ്ച്ചുകളഞ്ഞ ഒരു വിചിത്ര രൂപം. ആ രൂപത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിലേക്ക് കുറച്ചുനേരം നോക്കിനിന്നാൽ, ആ രൂപം നമ്മളെ നോക്കി പല്ലിളിച്ചു ചിരിക്കുന്നത് പോലെ തോന്നുമായിരുന്നു.


​തലമുറകളായി കൈമാറിവന്ന ഒരലിഖിത നിയമം ആ കാവിനുണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ ആരും അതിന്റെ അതിർത്തി കടക്കാൻ പാടില്ല. അതിലുമുപരി, സന്ധ്യയ്ക്ക് ശേഷം ആ വഴി നടക്കുമ്പോൾ കാടിനുള്ളിൽ നിന്ന് ആരെങ്കിലും തങ്ങളുടെ പേര് ചൊല്ലി വിളിയ്ക്കുന്നത് കേൾക്കാമത്രേ. പക്ഷേ, അത് വിളി കേട്ടാലും ആരും തിരിഞ്ഞുനോക്കാനോ വിളി കേൾക്കാനോ പാടില്ല. ഈ നിയമം ലംഘിച്ച ആരും പിന്നീട് അധികകാലം ജീവനോടെ ഇരുന്നിട്ടില്ല എന്നതായിരുന്നു നാട്ടിലെ അടക്കംപറച്ചിൽ. ഈ നിയമം ആരാണ് ഉണ്ടാക്കിയതെന്നോ ഇതിന് പിന്നിലെ കാരണമെന്തെന്നോ ആർക്കും അറിയില്ലായിരുന്നു. ഒരുപക്ഷേ, അതിന് കാരണം ആ അറിവുള്ളവരൊന്നും അത് പറഞ്ഞുതരാൻ ജീവനോടെ അവശേഷിച്ചിട്ടുണ്ടായിരുന്നില്ല എന്നതുമാകാം.


​അങ്ങനെയിരിക്കെ കുരുതിമല സർക്കാർ സ്കൂളിലേക്ക് ദൂരെ ഒരിടത്ത് നിന്ന് ഒരു ടീച്ചർ വന്നു ചേർന്നു. ദൂരെ എങ്ങു നിന്നോ ആണ് അവർ വന്നതെന്ന് മാത്രമേ നാട്ടുകാർക്കും അറിവുള്ളൂ.   ഭദ്ര എന്ന പേരുള്ള ആ സ്ത്രീ ആ നാട്ടിൽ  താമസത്തിനെത്തുന്നത് സ്വന്തം അമ്മയുടെ കൂടെ ആയിരുന്നു. അവർക്ക് സ്വന്തമെന്ന് പറയാൻ വേറാരും ഉണ്ടായിരുന്നില്ലത്രെ. നഗരത്തിൽ ജനിച്ച്, യുക്തിചിന്തകളിൽ മാത്രം വിശ്വസിച്ചിരുന്ന അവർക്ക് നാട്ടുകാരുടെ ഈ കഥകളെല്ലാം വെറും അന്ധവിശ്വാസങ്ങൾ മാത്രമായിരുന്നു. "ഭയം നിങ്ങളുടെ ഒക്കെ മനസ്സിലാണ്. ഇരുട്ടിനെ പേടിക്കുന്നവരാണ് ഈ കഥകളൊക്കെ ഉണ്ടാക്കുന്നത്. വെറും അന്ധ വിശ്വാസം!" അയൽവാസികളുടെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞ് അവർ ഉറപ്പിച്ചു പറഞ്ഞു.


​പക്ഷേ, വിധി മറ്റൊന്നായിരുന്നു.

​ഒരു കർക്കിടക മാസത്തിലെ കറുത്ത വാവുദിവസം. നേരം സന്ധ്യ മയങ്ങിയിരുന്നു. അന്തരീക്ഷം ഒരു മഴയ്ക്ക് മുന്നോടിയായിട്ടെന്ന പോലെ  മാറിയിരുന്നു.  പറമ്പിൽ കെട്ടിയിരുന്ന പശുവിനെ തിരഞ്ഞാണ് ഭദ്ര പുറത്തേക്കിറങ്ങിയത്. പക്ഷേ, പശു അവിടെങ്ങും ഉണ്ടായിരുന്നില്ല. "അമ്മിണി..." എന്ന് നീട്ടി വിളിച്ചു കൊണ്ട് അവർ എല്ലായിടത്തും തിരഞ്ഞു. അപ്പോഴാണ് ദൂരെ കാടിന്റെ ഉള്ളിൽ നിന്ന് ഒരു മണിയുടെ ശബ്ദം കേൾക്കുന്നതായി അവർക്ക് തോന്നിയത്. തൻ്റെ അമ്മിണി  പശുവിന്റെ കഴുത്തിലെ മണിനാദം പോലെ തന്നെ ഭദ്രയ്ക്ക് തോന്നി. 'അവൾ ഇനി കയറും പൊട്ടിച്ച് കാട്ടിൽ കയറിപ്പോയിക്കാണുമോ?'


നാട്ടുകാർ നൽകിയിരുന്ന മുന്നറിയിപ്പുകളെയെല്ലാം കാറ്റിൽപ്പറത്തി ഭദ്ര ആ കാവിനുള്ളിലേക്ക് നടന്നു.  പെട്ടെന്ന് കാടിന്റെ ഉള്ളിൽ നിന്ന് ഒരു വിചിത്രമായ ശബ്ദം അവർ കേട്ടു. ആരോ വിതുമ്പി കരയുന്നത് പോലെ. അതല്ല, ആരോ അവരുടെ പേര് വളരെ ദയനീയമായി വിളിക്കുന്നത് പോലെ. ആ ശബ്ദത്തിന് ഭദ്രയുടെ സ്വന്തം അമ്മയുടെ ശബ്ദവുമായി ഭയപ്പെടുത്തുന്ന ഒരു സാമ്യമുണ്ടായിരുന്നു! 'അമ്മ ഇതിനകത്തുണ്ടോ...? ഇനി ഒരു പക്ഷേ, തന്നെ പോലെ അമ്മിണിയെ തിരഞ്ഞു വന്നതാകുമോ?'


ഒരു മാസ്മരികതയിലെന്നോണം ഭദ്ര ടോർച്ചു തെളിച്ച് കാടിനുള്ളിലേക്ക് നടന്നു.

​ഉള്ളിലേക്ക് ചെല്ലുംതോറും അന്തരീക്ഷത്തിന് ഒരു അഴുകിയ മണം വരാൻ തുടങ്ങി. കാറ്റ് വീശാൻ തുടങ്ങി, ഒപ്പം മഴയും. പക്ഷേ, അവർ പിന്മാറിയില്ല. ഒരദൃശ്യ ശക്തി തന്നെ ഉള്ളിലേക്ക് ആകർഷിക്കുന്നത് പോലെ.


 കാറ്റും മഴയുമുണ്ടായിരുന്നിട്ടും, ആ കാവിനുള്ളിൽ ഒരു ഇലപോലും അനങ്ങുന്നുണ്ടായിരുന്നില്ല എന്നത് ഭദ്ര ശ്രദ്ധിച്ചില്ല. ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഒരു അമാനുഷികമായ നിശ്ശബ്ദത. പെട്ടെന്ന് ഭദ്രയുടെ കൈയിലെ ടോർച്ച് ലൈറ്റ് തനിയെ അണഞ്ഞു.   ചുറ്റും കട്ടപിടിച്ച ഇരുട്ട്! പെട്ടെന്നാണ് ഭദ്രയ്ക്ക് പരിസര ബോധം വന്നത്. കാട്ടിൽ നിന്ന് ഒരു ശബ്ദവും കേൾക്കാനില്ല. അമ്മയുമില്ല, അമ്മിണിയുമില്ല. ഉള്ളിൽ നിന്ന് ഒരാന്തൽ ! ഭദ്ര ഉടനടി തിരിച്ചു പോകാനായി തിരിഞ്ഞു.


അപ്പോഴതാ തൊട്ടു മുന്നിലെ ഇരുട്ടിൽ ഭീമാകാരമായ ഒരു രൂപം. അത് ആ കൂറ്റൻ കൽരൂപം തന്നെ ആയിരുന്നു. അവൾക്ക് അതിശയം തോന്നി. അതെങ്ങനെ ഇവിടെ എത്തി? ഭദ്രയുടെ കണ്ണുകൾ ആ  ശിലാരൂപത്തിൽ ഉടക്കി. പെട്ടെന്ന്, ആ കല്ലിന് ജീവൻ വെയ്ക്കുന്നത് പോലെ അവർക്ക് തോന്നി. രൂപത്തിന്റെ രണ്ട് ചെറിയ   ചോരക്കണ്ണുകൾ ഇരുട്ടിലും തിളങ്ങി. തൊട്ടുപിന്നാലെ, കാടിന്റെ ഇരുണ്ട നിഴലുകൾ ഒന്നടങ്കം ആ കൽത്തറയ്ക്ക് പിന്നിൽ വന്ന് ഒന്നുചേർന്ന്, അതിനേക്കാൾ ഉയരമുള്ള ഒരു വിചിത്ര രൂപമായി മാറി.

​ആ രൂപത്തിന് വ്യക്തമായ മുഖമുണ്ടായിരുന്നില്ല. ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ആ രൂപം അലറി. അത് ഭദ്രയുടെ നേർക്ക് കൈകൾ നീട്ടി. ഭയത്തിന്റെ ഒരു തണുത്ത അല കൈകാലുകളിലൂടെ പാഞ്ഞുകയറിയപ്പോഴാണ് ഭദ്രയ്ക്ക് ബോധം വന്നത്. ആ നിമിഷം, അവളുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി പുറത്ത് വന്നു. പക്ഷേ, ഒരു ശബ്ദം പോലും പുറത്തു കേട്ടില്ല. ഒടുവിൽ എങ്ങനെയോ സർവ്വശക്തിയുമെടുത്ത് അവർ തിരിഞ്ഞോടി. എങ്ങനെയാണ് വീട്ടിലെത്തിയതെന്നോ, വാതിലടച്ചതെന്നോ അവർക്ക് ഓർമ്മയുണ്ടായിരുന്നില്ല.


​അന്നു രാത്രിക്ക് ശേഷം ഭദ്ര പൂർണ്ണമായും മാറിപ്പോയി. അവർ ആരോടും സംസാരിച്ചില്ല, ആഹാരം കഴിച്ചില്ല. വായ വറ്റി വരണ്ടുണങ്ങിയിട്ടും അവർ ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല. അമ്മ കരഞ്ഞു. അലമുറയിട്ട് നാട്ടുകാരെ അറിയിച്ചു. ആർക്കും ഒരുതരം ഉണ്ടായില്ല.  ഓരോ സന്ധ്യക്കും അവരറിയാതെ തന്നെ അവരുടെ ശരീരം കാവിന്റെ ദിശയിലേക്ക് നീങ്ങാൻ തുടങ്ങുമായിരുന്നു. നാട്ടുകാർ അവരെ പിടിച്ചുമാറ്റി മുറിയിൽ പൂട്ടിയിട്ടു. എങ്കിലും, ഭദ്ര ജനലിലൂടെ കാവിലേക്ക് തന്നെ നോക്കിയിരുന്നു. അവരുടെ കണ്ണുകളിലെ ജീവൻ നഷ്ടപ്പെടുകയും, പകരം ഒരു ശൂന്യത വന്ന് നിറയുകയും ചെയ്തു. ചിലപ്പോഴൊക്കെ അവർ ഉറക്കത്തിൽ അറിയാത്ത ഏതോ ഒരു ഭാഷയിൽ പിറുപിറുത്തു.  ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ കണ്ണുകളിലെ കൃഷ്ണമണികൾ  അപ്രത്യക്ഷമാവുകയും, കണ്ണ് മുഴുവൻ വെളുത്ത നിറമാവുകയും ചെയ്തു! ചില രാത്രികളിൽ അവർ മുറിക്കുള്ളിൽ നിന്ന് സ്വന്തം ശബ്ദത്തിലല്ലാതെ, ഏതോ പുരുഷന്റെയോ മൃഗത്തിൻ്റെയോ എന്ന് തിരിച്ചറിയാനാകാത്ത ശബ്ദത്തിൽ അട്ടഹസിച്ചു ചിരിച്ചു.


​കൃത്യം ഒരു മാസം കഴിഞ്ഞ ഒരു അമാവാസി രാത്രിയിൽ, അകത്തുനിന്ന് സാക്ഷ ഇട്ട, പുറത്ത് നിന്നും പൂട്ടിയ മുറിയിൽ നിന്നും ഭദ്രയെ കാണാതായി. ജനലഴികൾക്കൊന്നും യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. പക്ഷേ, മുറി ശൂന്യമായിരുന്നു.  ആ മുറിക്കുള്ളിൽ മുഴുവൻ കാട്ടുപൂക്കളുടെയും അഴുകിയ മാംസത്തിന്റെയും ഒരു വിചിത്ര ഗന്ധം അവശേഷിച്ചിരുന്നു.


​നാട്ടുകാർ അവിടെ മുഴുവൻ തിരച്ചിൽ നടത്തി. അവസാനം ആരോ കാവിലെ കൽത്തറയ്ക്ക് അരികിൽ വരെ ഭദ്ര കാട്ടിലേക്ക് നടന്നു പോയ ചെരിപ്പിൻ്റെ പാടുകൾ കണ്ടു പിടിച്ചു. അവർ കൽത്തറയ്ക്ക് തൊട്ടരികെ ഭദ്രയുടെ ചെരിപ്പുകൾ കണ്ടെത്തി, ശ്രദ്ധയോടെ അഴിച്ചു വച്ച നിലയിൽ. പക്ഷേ  അതിശയകരമായ കാര്യം, ആ ചെരിപ്പുകൾ അഴിച്ചു വച്ചതിനു ശേഷം  കാണുന്നത് കൽത്തറയിലെ ശിലാരൂപത്തിന്റെ കാൽപ്പാടുകൾ എന്ന് തോന്നിക്കുന്ന രണ്ട് വലിയ അടയാളങ്ങൾ ചെളിയിൽ പതിഞ്ഞിരുന്നതാണ്. അത് കൽത്തറയിൽ നിന്ന് ആരംഭിച്ച് കാടിന്റെ ഉള്ളാഴങ്ങളിലേക്ക് പോയി മറഞ്ഞിരുന്നു. എന്നാൽ ഭദ്രയുടെ യഥാർത്ഥ കാൽപ്പാടുകൾ അവിടെയെങ്ങും ഉണ്ടായിരുന്നില്ല താനും!


​അതിനുശേഷം കരിങ്കാവ് കൂടുതൽ ഭയപ്പെടുത്തുന്ന ഒരിടമായി മാറി. ഇന്നും പകൽവെളിച്ചത്തിൽ പോലും ആരും ആ വഴിക്ക് പോകാറില്ല. ചില രാത്രികളിൽ, കാവിനടുത്തുകൂടി പോകുന്നവർക്ക് ഇപ്പോഴും കേൾക്കാം... ഒരു സ്ത്രീയുടെ ദയനീയമായ കരച്ചിലും, തൊട്ടുപിന്നാലെ   വിചിത്രമായ അട്ടഹാസവും.

​ഭദ്രയ്ക്ക് എന്ത് സംഭവിച്ചു എന്നത് ഇന്നും ഒരു നിഗൂഢതയാണ്.


 നാട്ടുകാരിൽ ചിലർ പറയുന്നു, കാവ് അവരെ ജീവനോടെ വിഴുങ്ങിയതാണെന്ന്. എന്നാൽ മറ്റുചിലർ വിശ്വസിക്കുന്നത്, അന്ന് രാത്രി ഭദ്രയല്ല വീട്ടിലേക്ക് തിരികെയെത്തിയത്, കാട്ടിലെ ആ കൽരൂപത്തിൻ്റെ ഏതോ ഒരവതാരമായിരുന്നു ഭദ്രയുടെ രൂപത്തിൽ വീട്ടിൽ കഴിഞ്ഞിരുന്നത് എന്നാണ്. അങ്ങനെയെങ്കിൽ, യഥാർത്ഥ ഭദ്ര അന്ന് രാത്രി തന്നെ ആ കൽത്തറയിൽ എവിടെയോ ആരോരുമറിയാതെ അവസാനിച്ചിരിക്കാം...


ശ്രീ

Saturday, April 11, 2026

രാത്രിയിലെ യാത്രക്കാരൻ


​​നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി, മലയോര പാതയിലെ വിജനതയിലേക്ക് ആ എസ്.യു.വി കാർ പ്രവേശിച്ചപ്പോൾ സമയം പുലർച്ചെ ഏതാണ്ട് രണ്ട് മണിയായിട്ടുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ഒരു ബിസിനസ് മീറ്റിംഗിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു റോണി. ഏറെ വൈകിയാണ് തൊട്ടടുത്ത ദിവസത്തെ മീറ്റിംഗിന്റെ അറിയിപ്പ് അവന് ലഭിച്ചത്. അവന്റെ സീനിയർ മാനേജർക്ക് അന്ന് മീറ്റിംഗിന് പോകാൻ കഴിയാത്ത സാഹചര്യം വന്നുപെട്ടതിനാൽ, അവസാന നിമിഷത്തിൽ ആ ചുമതല അസിസ്റ്റന്റ് മാനേജർ കൂടിയായ റോണിയിൽ വന്നുചേരുകയായിരുന്നു. ഒരു ബിസിനസ് ഡീലിന് വേണ്ടിയുള്ള ഒഴിവാക്കാനാകാത്ത യാത്രയാണത്.

​തന്റെ പ്രിയപ്പെട്ട ഭാര്യ ആനിയെയും ആറുമാസം മാത്രം പ്രായമുള്ള മകൾ ഏയ്ഞ്ചലിനെയും വീട്ടിൽ തനിച്ചാക്കി അപ്രതീക്ഷിതമായി യാത്ര ചെയ്യേണ്ടി വന്നതിൽ മാത്രം റോണിയ്ക്ക് അല്പം വിഷമം ഉണ്ടായിരുന്നു. എങ്കിലും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവക്കാരനായിരുന്നില്ല അവൻ. അതുകൊണ്ട് തന്നെ, തന്നെ ഏൽപ്പിച്ച ജോലി അവൻ മറുത്തൊന്നും പറയാതെ ഏറ്റെടുത്തു.

​ഏതാണ്ട് മുന്നൂറു കിലോമീറ്ററുകൾ ഡ്രൈവ് ചെയ്യാനുണ്ടായിരുന്നെങ്കിലും, അന്നത്തെ ജോലികളെല്ലാം തീർത്ത് റോണിയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ സാധിച്ചത് ഏറെ വൈകിയാണ്. 

യാത്ര പകുതിയിലധികം പിന്നിട്ടു. മഞ്ഞ് മൂടിയ ആ വിജനമായ പാതയിലൂടെ പോകുമ്പോൾ കാറിന്റെ ഹെഡ്‌ലൈറ്റുകൾ കൂരിരുട്ടിൽ വെളിച്ചത്തിന്റെ ഒരു തുരങ്കം തീർത്തു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ചുരം വഴിയുള്ള എളുപ്പവഴിയായിരുന്നു റോണി തിരഞ്ഞെടുത്തത്. വാഹനങ്ങൾ തീരെ കുറവായിരുന്നതിനാൽ ആ ചുരത്തിലെ കൊടുംവളവുകൾ ഓരോന്നായി പിന്നിടുമ്പോൾ അവന്റെ മനസ്സിൽ വരാനിരിക്കുന്ന ബിസിനസ് മീറ്റിംഗിന്റെ ചിന്തകളായിരുന്നു. ആ വഴിയിൽ, മരങ്ങൾക്കിടയിലൂടെ മൂളിയെത്തുന്ന കാറ്റിന്റെ ശബ്ദമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

​ഒരു ഹെയർപിൻ വളവ് തിരിഞ്ഞതും, എതിരെ വന്ന ഒരു ടാങ്കർ ലോറി റോണിയുടെ വശത്തേക്ക് പാഞ്ഞു വന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ റോണി സ്റ്റിയറിംഗ് ഇടത്തോട്ട് വെട്ടിച്ചു. വലിയൊരു ശബ്ദത്തോടെ കാർ റോഡരികിലെ കലുങ്കിൽ തട്ടി നിന്നു. അതേസമയം ആ ടാങ്കർ ലോറി നിർത്താതെ മുന്നോട്ട് പോയി ഇരുളിൽ മറഞ്ഞു.

​മരണം തൊട്ടുരുമ്മിപ്പോയ ആ നിമിഷം റോണിയെ വിറപ്പിച്ചു കളഞ്ഞു. ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ അവൻ പണിപ്പെട്ടു. ഏകാഗ്രത താളം തെറ്റിയ ഏതാനും നിമിഷങ്ങൾ... കിതപ്പടക്കാൻ പാടുപെട്ട് റോണി പുറത്തേക്കിറങ്ങി. പൊടിപടലങ്ങൾക്കിടയിലൂടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ, റോഡരികിലെ ആൽമരത്തിന്റെ അരികിൽ പഴയൊരു കലുങ്കിന് മുകളിൽ ഒരാൾ ഇരിക്കുന്നത് പോലെ അവന് തോന്നി. സാധാരണ ഒരു ഷർട്ടും മുണ്ടും ധരിച്ച ഒരാൾ. അത്രയും നേരം അവിടെ നടന്നതെല്ലാം കണ്ടുകൊണ്ട് അയാൾ അനങ്ങാതിരിക്കുന്നുണ്ടായിരുന്നു എന്നതിൽ റോണിയ്ക്ക് ആശ്ചര്യം തോന്നി.

​"സാറിന് ഒന്നും പറ്റിയില്ലല്ലോ അല്ലേ?" ശാന്തമായ ആ ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങി.

​അയാൾ പതുക്കെ കലുങ്കിൽ നിന്നിറങ്ങി നിഴലിൽ നിന്ന് ഒരടി മുന്നോട്ട് വന്നു. അയാളുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും അയാളുടെ സാന്നിദ്ധ്യം ആ അവസരത്തിൽ അവനൊരാശ്വാസമായി തോന്നി.

​"ഇല്ല, ഭാഗ്യം കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു," റോണി കിതപ്പോടെ പറഞ്ഞു.

​വണ്ടിയ്ക്ക് കാര്യമായ കേടുപാടുകൾ ഒന്നും പറ്റിയിരുന്നില്ല. അവന് സമാധാനമായി.

​"അല്ല, താൻ ഈ സമയത്ത് ഇത് എങ്ങോട്ടാ? ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല. ഞാൻ അടുത്ത ടൗൺ വരെ ഉണ്ട്. വേണമെങ്കിൽ കയറിക്കോ. ഞാൻ അവിടെ ഇറക്കി തരാം."

​അയാൾ ഒന്നുകൂടി അനങ്ങി. മുഖം വ്യക്തമായിരുന്നില്ലെങ്കിലും ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. വല്ലാത്തൊരു തണുത്ത കാറ്റ് ആ സമയം അവിടെ വീശി. അയാൾ പതുക്കെ പറഞ്ഞു: "ഞാൻ ദൂരെ നിന്ന് സാറിന്റെ വണ്ടി വരുന്നത് കണ്ടിരുന്നു. അതിൽ ലിഫ്റ്റ് ചോദിച്ചു സാറിന്റെ കൂടെ വരാമെന്ന് തന്നെ കരുതിയതാ... പക്ഷേ..." അയാൾ ഒന്ന് നിർത്തി. റോണിയെയും തകരാർ സംഭവിച്ച കാറിനെയും അയാൾ മാറി മാറി നോക്കി.

​"ഇനിയിപ്പോ വേണ്ട സാറേ. സാർ വേഗം പോകാൻ നോക്കൂ. വല്ല ഹോസ്പിറ്റലിലും ഒന്ന് കയറിക്കോ. കാറിനും പണി കാണുമായിരിക്കും. പുറകെ വേറെ വണ്ടി വരുന്നുണ്ട്. ഞാൻ അതിൽ പൊയ്ക്കോളാം."

​റോണിയ്ക്ക് അത് കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നി. ആ സമയത്ത് ഓഫർ ചെയ്ത ഒരു ലിഫ്റ്റ് ഒരാൾ നിരസിക്കുമെന്ന് അവൻ കരുതിയില്ല. "ഈ പാതിരാത്രി ഇനി ഏത് വണ്ടിയാ വരാൻ?" അവൻ പിറുപിറുത്തു.

​"വരും സാറേ... വരാതിരിക്കില്ല. സാർ വേഗം വിട്ടോളൂ."

 പതുക്കെയാണ് പറഞ്ഞതെങ്കിലും അത് അയാൾ കേട്ടെന്നു മനസ്സിലായപ്പോൾ റോണിയ്ക്ക് ജാള്യത തോന്നി. മാത്രവുമല്ല, അയാളുടെ ശബ്ദത്തിൽ വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു.

​"എന്നാൽ ശരി, കാണാം" കാറിന്റെ ഡോർ തുറന്ന് അകത്ത് കയറുമ്പോൾ റോണി പറഞ്ഞു.

​"തീർച്ചയായും സാറേ... കാണാം" അയാൾ പുഞ്ചിരിച്ചു കൊണ്ട് കൈവീശി.

അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. മിററിലൂടെ നോക്കിയപ്പോൾ അയാൾ ആ കലുങ്കിൽ കയറി ഇരിക്കുന്നത് അവൻ കണ്ടു. ഒരു വളവ് കഴിഞ്ഞപ്പോൾ മിററിൽ നിന്ന് അയാൾ അപ്രത്യക്ഷനായി.

​അടുത്ത ദിവസം വൈകുന്നേരം മീറ്റിംഗ് കഴിഞ്ഞ് കാറിൽ കയറുമ്പോൾ റോണി ഓഫീസിൽ നിന്ന് അന്നത്തെ പത്രം കയ്യിൽ എടുത്തിരുന്നു. കാറിൽ കയറിയ അവൻ വണ്ടി എടുക്കും മുൻപ് ആ പത്രം വെറുതെ ഒന്ന് മറിച്ചു നോക്കി. ഉൾപേജിലെ ഒരു വാർത്ത പെട്ടെന്ന് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

​"മലയോര പാതയിൽ വാഹനാപകടം: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു."

​വാർത്തയുടെ വിശദാംശങ്ങൾ വായിച്ച റോണിയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. തലേദിവസം താൻ അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത്, താൻ പോന്നതിന് മിനിറ്റുകൾക്ക് ശേഷം മറ്റൊരു കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞിരിയ്ക്കുന്നു. റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് കൊണ്ട് അന്ന് ആകെ രണ്ട് കാറുകൾ മാത്രമേ ആ ദിശയിൽ  കടന്നുപോയിട്ടുള്ളൂ എന്ന് ചെക്ക് പോസ്റ്റിലെ റിപ്പോർട്ടിൽ പറയുന്നു. ആദ്യത്തെ കാർ റോണിയുടേതായിരുന്നു. മിനിറ്റുകൾക്ക് ശേഷം കടന്നുപോയ രണ്ടാമത്തെ കാറാണ് അപകടത്തിൽപ്പെട്ടത്.

​കൂടുതൽ വിവരങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ റോണി അറിഞ്ഞത് മറ്റൊരു ഞെട്ടിക്കുന്ന സത്യമാണ്. അപകട സ്ഥലത്ത് കൂടി ആ സമയം കടന്നുപോയ ഒരു ബൈക്ക് യാത്രികൻ മൊഴി നൽകിയിരിക്കുന്നത്, മരിച്ച വ്യക്തി തന്റെ കാറിൽ ഒരാൾക്ക് ലിഫ്റ്റ് നൽകിയിരുന്നു എന്നാണ്. കൊക്കയിലേക്ക് നിയന്ത്രണം തെറ്റി മറിയുന്ന കാർ അയാൾ കണ്ടിരുന്നത്രേ. അയാൾ തന്നെ ആയിരുന്നു പോലീസ് കൺട്രോൾ റൂമിലെയ്ക്ക് വിളിച്ച് വിവരം നൽകിയത്. കാറിന്റെ മുൻസീറ്റിൽ ഡ്രൈവറുടെ അപ്പുറത്ത് ഒരാൾ ഇരിക്കുന്നത് കണ്ടതായി അയാൾ ഉറപ്പിച്ചു പറയുന്നു. അയാൾ നൽകിയ അടയാളങ്ങൾ പ്രകാരം അത് അയാളായിരുന്നു... അപകട സ്ഥലത്ത് കലുങ്കിൽ ഇരിക്കുന്നത് റോണി കണ്ട അതേയാൾ! എന്നാൽ അപകടസ്ഥലത്തു നിന്നും പരിസരത്തു നിന്നും പോലീസിന് മറ്റൊരു മൃതദേഹമോ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.

​റോണിയ്ക്ക് ദേഹം മുഴുവൻ കുളിരു കോരുന്നതായി തോന്നി. താൻ അന്ന് കൂട്ടുവിളിച്ചത് സ്വന്തം മരണത്തെയായിരുന്നു എന്നും, തനിക്ക് പകരമായി മറ്റൊരാൾ ആ യാത്ര ഏറ്റെടുത്തു എന്നും തിരിച്ചറിഞ്ഞ റോണിയ്ക്ക് ആ രാത്രി പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല. താൻ നൽകിയ ലിഫ്റ്റ് അയാൾ നിരസിച്ചത്, കൂടെ വരാൻ മറ്റൊരു 'യാത്രക്കാരനെ' അപ്പോഴേക്കും അയാൾക്ക് ലഭിച്ചത് കൊണ്ടായിരുന്നു. തനിക്ക് ലഭിച്ച ആ ഒരു സെക്കൻഡിന്റെ ആയുസ്സ്, ആ അപരിചിതൻ തന്റെ കാറിൽ കയറാത്തതായിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. 

പത്രം പിടിച്ചിരുന്ന റോണിയുടെ കൈകൾ  വിയർത്തു. പത്രത്താളിലെ അക്ഷരങ്ങൾ അവന് മുന്നിൽ മങ്ങാൻ തുടങ്ങി. തന്റെ കാറിന്റെ ഡോർ തുറന്ന് ആ അപരിചിതൻ അകത്തേക്ക് കയറിയിരുന്നെങ്കിൽ, ഇന്ന് ആ കൊക്കയുടെ ആഴങ്ങളിൽ നിശ്ചലമായി കിടക്കുന്നത് താനായിരുന്നേനെ എന്ന തിരിച്ചറിവ് അവന്റെ ശ്വാസം മുട്ടിച്ചു. ഭയത്തോടെ അവൻ തന്റെ കാറിന്റെ പിൻസീറ്റിൽ  പകപ്പോടെ നോക്കി. അവിടെ ആരുമുണ്ടായിരുന്നില്ല. പക്ഷേ, ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന റോണി വെറുതെ റിയർ വ്യൂ മിററിലേക്ക് കണ്ണുകളുയർത്തി. അവന്റെ രക്തം മരവിച്ചുപോയി.

​മിററിലെ പ്രതിബിംബത്തിൽ, പിൻസീറ്റിന്റെ മൂലയിൽ ആ കറുത്ത നിഴൽ പോലെ കണ്ട രൂപം ഇപ്പോഴും ഇരിക്കുന്നു! മിററിലൂടെ ആ തിളങ്ങുന്ന കണ്ണുകൾ റോണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പുറത്ത് നല്ല വെയിലായിരുന്നിട്ടും കാറിനുള്ളിൽ അർദ്ധരാത്രിയിലെ അതേ തണുത്ത കാറ്റ് വീശുന്നത് റോണി അറിഞ്ഞു.  കാറിന്റെ ഗ്ലാസുകൾ താനേ ഉയർന്നു. വിറയ്ക്കുന്ന കൈകളോടെ റോണി കാറിന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഡോറുകൾ ലോക്ക് ആയിക്കഴിഞ്ഞിരുന്നു. കാതുകളിൽ ആ മരവിച്ച ശബ്ദം ഒരിക്കൽ കൂടി മുഴങ്ങി 

" സാറേ... കാണാം എന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ?"



ശ്രീ

Monday, March 16, 2026

മനസ്സ് വായിയ്ക്കുന്ന സോഷ്യൽ മീഡിയ

 


​മറ്റാരെക്കാളും നന്നായി ഇൻസ്റ്റാഗ്രാമിന് നമ്മെ അറിയാമോ?ഇൻസ്റ്റയുടെയും എഫ് ബിയുടെയും യൂട്യൂബിന്റെയും  അൽഗോരിതങ്ങൾക്ക്  നമ്മെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നമ്മൾ പോലുമറിയാതെ നമ്മളെ നിയന്ത്രിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് എന്ന് നാം പലപ്പോഴും മനസ്സിലാക്കാറില്ല. അതല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിയ്ക്കാറില്ല.  ​നമ്മൾ വെറുതെ ഫോണിൽ സ്ക്രോൾ ചെയ്യുമ്പോൾ അതിനു പുറകിൽ നടക്കുന്നത് വലിയൊരു ബിസിനസ് കൂടിയാണ്.

ഇവയൊന്നും വെറുമൊരു app മാത്രമല്ല, അവ യതാർത്ഥത്തിൽ Machine Learning ഉം Artificial Intelligence ഉം കൂടി ചേർന്ന ഒരു അത്ഭുതമാണ്.

നമ്മൾ ഏതെങ്കിലും ഒരു റീൽ എത്ര സെക്കൻഡ് കണ്ടു? എന്ത് content സ്കിപ്പ് ചെയ്തു? ഏതു റീലിന് ലൈക്കും കമന്റും കൊടുത്തു? ഏത് ഷെയർ ചെയ്തു? ഏത് വീണ്ടും വീണ്ടും കണ്ടു? എന്ന് തുടങ്ങി നമ്മൾ കമന്റ് ചെയ്യുന്ന വാക്കുകൾ വരെ പരിശോധിച്ച് നമ്മുടെ ഒരു "Digital Personality Profile"ഈ അൽഗോരിതം  തയ്യാറാക്കി വയ്ക്കുന്നു.

​നമ്മൾ പോലും അറിയാതെ നമ്മുടെ പ്രവൃത്തികൾ മൂലമുള്ള മൈക്രോ സിഗ്നലുകൾ അവ decode ചെയ്യുന്നു.  ​ഒരു ഇമോഷണൽ വീഡിയോയിൽ വെറുതെ ഒരു 3 സെക്കന്റിൽ അധികം നാം തങ്ങിയാൽ മതി, അൽഗോരിതം ഉടനെ മനസ്സിലാക്കും "ഈ വ്യക്തിയ്ക്ക് ഇപ്പോൾ ഇമോഷണൽ കണ്ടന്റ് ആണ് വേണ്ടത്" എന്ന്.

നമ്മൾ ബോധപൂർവം ഒന്നും ചെയ്യുന്നില്ല, പക്ഷേ നമ്മുടെ ഓരോ ചലനവും അത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ​ഓരോ തവണ ഒരു റീൽ കാണുമ്പോഴും നമ്മുടെ തലച്ചോറിൽ ഒരു ഹോർമോൺ ഉത്പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. അടുത്ത റീൽ ഇതിലും മികച്ചതാകും എന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും സ്ക്രോൾ ചെയ്യാൻ ഡോപമിൻ എന്ന ഈ ഹോർമോണുകൾ നമ്മെ പ്രേരിപ്പിയ്ക്കുന്നു.

ഇത് നമ്മളെ സോഷ്യൽ മീഡിയയുടെ അടിമയാക്കാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്ത ഒന്നാണ് എന്ന് നാം മനസ്സിലാക്കുന്നില്ല എന്ന് മാത്രം.

അത് തന്നെ ആണ് യൂട്യൂബിലും സംഭവിയ്ക്കുന്നത്. ​യൂട്യൂബിന്റെ ഓട്ടോപ്ലേ സംവിധാനം നമ്മുടെ മൂഡിന് ഇണങ്ങുന്ന പാട്ടുകൾ ഒന്നിനുപുറകെ ഒന്നായി തന്നുകൊണ്ടേയിരിക്കും. അതു കണ്ട് സമയം പോകുന്നത് നമ്മൾ അറിയുകയേയില്ല, ആ ഒരു ലൂപ്പിൽ നിന്ന് പുറത്തുകടക്കാൻ നമുക്ക് തോന്നുകയില്ല, എന്തിന് നമ്മെ നിയന്ത്രിയ്ക്കുന്നത് ഇത്തരം അൽഗോരിതങ്ങളാണെന്ന്പോലും നാം തിരിച്ചറിയുകയില്ല.

ചുരുക്കി പറഞ്ഞാൽ "ഇൻസ്റ്റ/എഫ് ബി നമ്മെ മനസ്സിലാക്കുന്നു, നമ്മുടെ മനസ്സറിഞ്ഞ് പ്രവർത്തിയ്ക്കുന്നു" എന്നത് വെറുമൊരു തോന്നലാണ്. യഥാർത്ഥത്തിൽ അത് നമ്മൾ എന്ത് ചെയ്യുമെന്ന് പ്രവചിക്കുക മാത്രമാണ് ചെയ്യുന്നത്. ഒറ്റ നോട്ടത്തിൽ അത് ഒരു ഉറ്റ
സുഹൃത്തിനെപ്പോലെ നമുക്കൊപ്പം എന്നും എന്തിനും മനസ്സറിഞ്ഞ് കൂടെ നിൽക്കുന്നത് പോലെ തോന്നിപ്പിയ്ക്കുമെങ്കിലും, യതാർത്ഥത്തിൽ അതിന്റെ ഒരേയൊരു ലക്ഷ്യം നമ്മുടെ സ്ക്രീൻ ടൈം കൂട്ടുക എന്നത് മാത്രമാണ്.



ശ്രീ

Thursday, February 26, 2026

മാംഗോലീഫിലെ കൊലപാതകം - കവർ

 ​എന്റെ ആദ്യ നോവൽ, 'മാംഗോ ലീഫിലെ കൊലപാതകം' എന്ന ക്രൈം ത്രില്ലർ നിലവിൽ അവസാന ഘട്ട മിനുക്കുപണികളിലേയ്ക്കെത്തിയിരിയ്ക്കുകയാണ്.  പുസ്തകം ഉടൻ തന്നെ പ്രകാശിതമാകും.


വയനാട്ടിലെ ചെമ്പൻ ഹിൽസിന്റെ പശ്ചാത്തലത്തിൽ, ഒരു മഴയുള്ള രാത്രിയിൽ 'മാംഗോ ലീഫ്' ഗസ്റ്റ് ഹൗസിൽ നടക്കുന്ന ദുരൂഹതകളും അതിനു പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം.

​ഈ യാത്രയിൽ എന്നെ പിന്തുണച്ച പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് കരുത്തായത്.

പുസ്തകം : മാംഗോലീഫിലെ കൊലപാതകം

​പ്രസാധകർ: മാൻകൈൻഡ് ലിറ്ററേച്ചർ

മുഖവില: ₹360

പുസ്തകത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.

ഇതൊരു കൊലപാതകത്തിന്റെ കഥ മാത്രമല്ല. 

ഇത്, ഒളിപ്പിച്ചുവെച്ച നീതിക്ക് വേണ്ടി നടക്കുന്ന ഒരു ഭീകരമായ മാനസിക പോരാട്ടമാണ്.

വരൂ,  കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ നമുക്കൊരു യാത്ര പോകാം... വയനാട്ടിലെ ചെമ്പൻ ഹിൽസിലെ മാംഗോലീഫ് ഗസ്റ്റ് ഹൌസിലേയ്ക്ക്….

      "കാലം സത്യത്തെ മറക്കുന്നില്ല; 

അത് വിധിയെ നീട്ടിവക്കുന്നു എന്ന് മാത്രം!"

Friday, February 13, 2026

മരണത്തിലേയ്ക്കൊരു മണിനാദം


അക്കൊല്ലം ​വിയന്നയിലെ ശൈത്യം അസ്ഥികൾ തുളയ്ക്കുന്നതായിരുന്നു. ഇൻസ്പെക്ടർ മാർക്സ് തന്റെ ഓഫീസിലെ മങ്ങിയ വെളിച്ചത്തിൽ ആറാം വട്ടവും ചൂടാക്കിയ കോഫി കപ്പ് കയ്യിൽ എടുക്കുമ്പോഴാണ് ആ ഫോൺ കോൾ വന്നത്. 

മറുതലയ്ക്കൽ കേട്ട പരിഭ്രാന്തി നിറഞ്ഞ ശബ്ദം ആ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു.

​"ഇൻസ്പെക്ടർ, ഡോക്ടർ കാതറീൻ സ്‌റ്റെല്ല കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ വില്ലയിൽ..."

മാർക്സ് ഉടൻ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ​പ്രശസ്ത ന്യൂറോളജിസ്റ്റായ കാതറീന്റെ പഠനമുറി ഭയാനകമായ ഒരു ശ്മശാനം പോലെ നിശബ്ദമായിരുന്നു. മുപ്പത്തഞ്ചുകാരിയായ ആ പ്രതിഭ തന്റെ കസേരയിൽ പിന്നിലേക്ക് ചാരി കിടക്കുന്നു. കണ്ണുകൾ ഭയം കൊണ്ട് വിടർന്നിരുന്നു, ആ മുഖത്തെ പേടി ഒറ്റ നോട്ടത്തിൽ ആരെയും പിടിച്ചു നിർത്തുന്നതായി തോന്നി.

​"ഒരു പോറലോ മൽപിടുത്തത്തിന്റെ അടയാളമോ ഇല്ല. വാതിലുകളും ജനലുകളും ഉള്ളിൽ നിന്ന് ഭദ്രമായി പൂട്ടിയിരിക്കുന്നു," മാർക്സ് കുറിച്ചു.

​ഫോറൻസിക് റിപ്പോർട്ട് വന്നപ്പോൾ മാർക്സ് ഞെട്ടിപ്പോയി. മരണം ഹൃദയാഘാതം മൂലമാണ്. പക്ഷേ, ആരോഗ്യവതിയായ ആ യുവതിയുടെ ഹൃദയം പെട്ടെന്ന് നിലയ്ക്കാൻ ഒരു കാരണവുമില്ല.

 "അവൾ എന്തിനെയോ അതിഭീകരമായി ഭയപ്പെട്ടിരിക്കുന്നു" ഫോറൻസിക് വിദഗ്ദ്ധൻ ആലോചനയോടെ പറഞ്ഞു.

 "അക്ഷരാർത്ഥത്തിൽ മരണം അവളെ പേടിപ്പിച്ചു കൊന്നതാണ്."

മാർക്സ് ​മേശപ്പുറത്ത് ഇരുന്ന അവളുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയച്ചു. അതിന്റെ റിപ്പോർട്ട് വന്നപ്പോൾ ഫോണിൽ അവസാനമായി വന്ന കോൾ 47 മിനിറ്റ് നീണ്ടുനിന്നിരുന്നു എന്ന് തെളിഞ്ഞു.

 രാത്രി 11.42 മുതൽ 12.29 വരെ. വിളിച്ചത് ഒരു ബൾഗേറിയൻ നമ്പറിൽ നിന്ന്. മരണം നടന്ന സമയവും ഫോണിൽ സംസാരിച്ച സമയവും കൃത്യം.

ആ ​നമ്പർ ട്രാക്ക് ചെയ്ത മാർക്സ് എത്തിയത് അടുത്ത തെരുവിലെ പഴയ പബ്ലിക് ഫോൺ ബൂത്തിലാണ്. 

മാർക്സ് ഉടൻ അവിടുത്തെ CCTV യിലെ റെക്കോർഡിങ്ങുകൾ പരിശോധിച്ചു.  അതിലെ ദൃശ്യങ്ങൾ കണ്ട മാർക്സിന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു. കോൾ നടന്ന ആ 47 മിനിറ്റും ആ ബൂത്തിൽ ആരും ഉണ്ടായിരുന്നില്ല! 

മാർക്സ് ആശയക്കുഴപ്പത്തിലായി. പക്ഷേ കോൾ റെക്കോർഡുകൾ കള്ളം പറയില്ലല്ലൊ. അദ്ദേഹം ​കാതറീനയുടെ രഹസ്യ ഫയലുകൾ പരിശോധിച്ചു. അപ്പോഴാണ് അവരുടെ എറ്റവും പുതിയ "പ്രോജക്ട് വോയ്‌സ്" എന്ന ഗവേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞത്. 

മനുഷ്യ മസ്തിഷ്കത്തിലെ ഭയത്തെ നിയന്ത്രിക്കുന്ന 'അമിഗ്ഡാല'യെ പ്രത്യേക ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കാമെന്നും, അത് വഴി ഒരാളെ ബോധരഹിതനാക്കാനോ കൊലപ്പെടുത്താനോ കഴിയുമെന്നും അവൾ കണ്ടെത്തിയിരുന്നു.

​ദിവസങ്ങൾ നീണ്ട അന്വേഷണം മാർക്കസിനെ എത്തിച്ചത് കാതറീനയുടെ പഴയ പാർട്ട്‌ണറായ പ്രൊഫസർ അലക്സിൽ ആണ്. ചില പ്രൊഫഷണൽ തർക്കങ്ങളിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ പിന്നീട് കടുത്ത പകയായി മാറി അത് പിന്നെ ഒരു 'പെർഫെക്ട് ക്രൈമിൽ' അവസാനിക്കുകയായിരുന്നു.

​ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ അലക്സ് ആ ബൂത്തിലെ സിസ്റ്റം ഹാക്ക് ചെയ്തു. 47 മിനിറ്റ് നീണ്ട ആ കോളിലൂടെ അയാൾ കാതറീൻ കേൾക്കാൻ ആഗ്രഹിച്ച. അവൾക്കിഷ്ടമുള്ള ഒരു സംഗീതത്തിൽ, അവൾ തന്നെ വികസിപ്പിച്ചെടുത്ത മാരകമായ ഓഡിയോ ഫ്രീക്വൻസികൾ സന്നിവേശിപ്പിച്ചു.

കാതറീനു ആദ്യം അത് വെറുമൊരു സംഗീതം മാത്രമായി തോന്നിയിരിക്കാം. പക്ഷേ ക്രമേണ ആ ശബ്ദങ്ങൾ അവളുടെ നാഡീവ്യൂഹത്തെ തളർത്തി. ഫോൺ താഴെ വെക്കാനോ സഹായത്തിനായി നിലവിളിക്കാനോ കഴിയാത്തവിധം ഭയം അവളെ ഗ്രസിച്ചു. ഒടുവിൽ, ആ ശബ്ദവീചികൾ അവളുടെ ഹൃദയമിടിപ്പിനെ നിശ്ചലമാക്കി.

അലക്സ് കുറ്റം സമ്മതിച്ചു. അയാളെ വിലങ്ങങ്ങു വച്ച് കൊണ്ടുപോകുമ്പോൾ മാർക്സിന്റെ മുഖത്തേയ്ക്ക് നോക്കി അയാൾ നിഗൂഢമായി പുഞ്ചിരിച്ചു.

 "ഇൻസ്പെക്ടർ, നിങ്ങൾ ജയിച്ചു എന്ന് കരുതുന്നുണ്ടോ? കാതറീന്റെ ഗവേഷണം പൂർണ്ണമായത് അവളുടെ മരണത്തോടെയാണ്. ആ 47 മിനിറ്റിലെ അവസാനത്തെ അഞ്ച് മിനിറ്റ്... അത് ലോകം കേൾക്കാൻ പോകുന്ന വിനാശത്തിന്റെ സംഗീതമാണ്."

​മാർക്സ് അത് കാര്യമാക്കിയില്ല. അന്ന് രാത്രി വൈകി തന്റെ വിജനമായ അപ്പാർട്ട്മെന്റിലെത്തിയ അയാൾക്ക് വല്ലാത്തൊരു തളർച്ച തോന്നി. അയാൾ സോഫയിലെയ്ക്ക് വീണു. അപ്പോൾ അയാളുടെ ജാക്കറ്റിന്റെ പോക്കറ്റിലിരുന്ന് അയാളുടെ ഫോൺ വിറച്ചു. 

ഫോണെടുത്ത് നോക്കിയ അയാൾ ആശ്ചര്യപ്പെട്ടു.  ​അതൊരു വീഡിയോ കോളായിരുന്നു. വിളിക്കുന്നത്  മരിച്ച കാതറീന്റെ ഐഡിയിൽ നിന്ന്!

​നടുക്കത്തോടെ മാർക്സ് ആ കോൾ എടുത്തു. സ്ക്രീനിൽ ആരും ഉണ്ടായിരുന്നില്ല. ഇരുണ്ട ഒരു ലാബിന്റെ ദൃശ്യം മാത്രം. പെട്ടെന്ന് ഒരു വോയിസ് കമാൻഡ് മുഴങ്ങി: "പ്ലേ ബാക്ക് മോഡ് ആക്ടിവേറ്റഡ്."

​അതുവരെ താൻ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്രമായ ശബ്ദം ഫോണിലെ സ്പീക്കറിലൂടെ പുറത്തുവന്നു. അതൊരു പാട്ടായിരുന്നില്ല, കാറ്റോ കടലോ ആയിരുന്നില്ല. മറിച്ച്, തലയ്ക്കുള്ളിൽ ആരോ സൂചി കൊണ്ടു കുത്തുന്നതുപോലെ.

​മാർക്സ് ഫോൺ കട്ട് ചെയ്യാൻ ശ്രമിച്ചു. പക്ഷേ സ്ക്രീൻ ലോക്ക് ആയതു പോലെ. അയാൾക്ക് ഫോൺ താഴെ ഇടാൻ തോന്നി, പക്ഷേ കൈകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതു പോലെ. അയാളുടെ ശരീരം പെട്ടെന്ന് മരവിച്ചു. ശ്വാസം കിട്ടാതെ അയാൾ കുഴഞ്ഞു വീണു.

ഇതേ സമയം, ​അറസ്റ്റിലായ അലക്സ് തന്റെ സെല്ലിലിരുന്ന് ആ ഗാനം മൂളുന്നുണ്ടായിരുന്നു. കാതറീന്റെ ഫോൺ വഴി ആ പ്രോഗ്രാമിലെ തന്റെ ബഗ് അടുത്ത ഇരയെ തേടിപ്പോകുമെന്ന് അയാൾക്ക് അറിയാമായിരുന്നു.

വിയന്നയിലെ ആ തണുത്ത രാത്രിയിൽ, ഡിറ്റക്ടീവ് മാർക്സിന്റെ ഹൃദയമിടിപ്പ് പതുക്കെ നിലയ്ക്കുകയായിരുന്നു. 

Monday, February 9, 2026

കരുണയുടെ കൈകളെ ചൂഷണം ചെയ്യുന്ന ഭിക്ഷാടന മാഫിയകൾ


കഴിഞ്ഞ ദിവസം ഞങ്ങൾ കുടുംബമായി മൂകാംബിക ക്ഷേത്രത്തിൽ പോയിരുന്നു. വെള്ളിയാഴ്ച രാത്രി ഉള്ള ഓഖ എക്സ്പ്രസ് നു ടിക്കറ്റ് ബുക്ക് ചെയ്ത് ശനി മുഴുവൻ അവിടെ ചിലവഴിച്ച് കുടജാദ്രിയും സന്ദർശിച്ച് രാത്രി അവിടെ താമസിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ള അതേ  ട്രെയിന് തിരിച്ച് പോരുക... അതായിരുന്നു പ്ലാൻ. യാത്ര പ്ലാൻ ചെയ്ത പ്രകാരം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു.   

പറയാൻ ഉദ്ദേശിച്ചത് അതല്ല.  ക്ഷേത്രത്തിൽ ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കുവെക്കാനാണ്. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് നിൽക്കുമ്പോൾ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ സഹായത്തിനായി ആംഗ്യം കാണിച്ചു. ഞാൻ അടുത്തേയ്ക്ക് ചെന്നു. മലയാളിയാണെന്നും വർഷങ്ങളായി അവിടെ കഴിയുകയാണെന്നും പറഞ്ഞ അദ്ദേഹം, അന്ന് രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നും ഭക്ഷണത്തിനായി എന്തെങ്കിലും സഹായം ചെയ്യണമെന്നും അഭ്യർത്ഥിച്ചു. കൂടെ ഉണ്ടായിരുന്ന വൈഫിനോട് കാര്യം പറഞ്ഞ് കക്ഷിയ്ക്ക്
​ഭക്ഷണം വാങ്ങി നൽകാമെന്ന് കരുതി ഞാൻ അദ്ദേഹത്തെ കൂടെ വരാൻ ക്ഷണിച്ചു. എന്നാൽ കുടുംബത്തോടൊപ്പം നിൽക്കുന്ന എനിക്ക് ബുദ്ധിമുട്ടാകണ്ട എന്ന് പറഞ്ഞ് അദ്ദേഹം ഒപ്പം വരാൻ വിസമ്മതിച്ചു. 

കക്ഷി പറയുന്നത് 'നിങ്ങൾ ഫാമിലി ഒക്കെ ആയി നിൽക്കുമ്പോൾ ഞാൻ ശല്യം ചെയ്യുവാനോ സമയം കളയാനോ ഉദ്ദേശിയ്ക്കുന്നില്ല'എന്ന് ആണ്. അത് സാരമില്ലെന്ന് പറഞ്ഞിട്ടും കക്ഷി കൂടെ വരാൻ കൂട്ടാക്കുന്നില്ല. എന്നാൽ ഫുഡ്‌ ഓർഡർ ചെയ്ത് പൈസയും കൊടുത്ത് അപ്പോൾ തന്നെ ഞാൻ പോന്നോളാം എന്ന് ഞാൻ പറഞ്ഞു.  അപ്പോൾ  ' ഞാൻ വരേണ്ടതില്ല. ഫുഡ് വാങ്ങാൻ ഉള്ള പണം കൊടുത്താൽ മതി' എന്നായി കക്ഷി. എന്നെ പറഞ്ഞു സമ്മതിപ്പിയ്ക്കാൻ അദ്ദേഹം കൂടുതൽ അടുത്തേക്ക് വന്നു. 

ആ നിമിഷമാണ് അദ്ദേഹത്തിൽ നിന്നുള്ള മദ്യത്തിന്റെ രൂക്ഷഗന്ധം ഞാൻ തിരിച്ചറിഞ്ഞത്. ആ രാവിലെ എട്ടു മണിക്ക് പോലും മദ്യപിക്കാൻ പണം കണ്ടെത്താനാണ് അദ്ദേഹം 'വിശപ്പിന്റെ' മുഖംമൂടി അണിഞ്ഞതെന്ന് ആ നിമിഷം എനിക്ക് ബോധ്യമായി. മദ്യപിക്കാൻ പണം നൽകാൻ കഴിയില്ലെന്ന് തീർത്തു പറഞ്ഞ് ഞാൻ അവിടെ നിന്ന് മടങ്ങി. 

അല്ലെങ്കിലും കുറെ നാളായി ഭിക്ഷ ചോദിയ്ക്കുന്നവർക്ക് പോലും പണം നൽകാറില്ല. കാണുന്നവർക്കും ഇത് വായിയ്ക്കുന്നവർക്കും ക്രൂരമായി തോന്നിയേക്കാം. അതിപ്പോ, കുഞ്ഞുങ്ങൾ ആണെങ്കിൽ പോലും. പകരം, കഴിയുമെങ്കിൽ ഭക്ഷണ സാധനങ്ങൾ വല്ലതും കയ്യിലുണ്ടെങ്കിൽ അത് കൊടുക്കും
അതല്ല, അടുത്ത് വല്ല കടയുമുണ്ടെങ്കിൽ വാങ്ങി കൊടുക്കാമെന്ന് പറയും. ഒരു പക്ഷെ, നിങ്ങൾക്ക് അതിശയം തോന്നിയേക്കാം. ഭക്ഷണം തരാമെന്ന് പറഞ്ഞാൽ ഈ കൈ നീട്ടുന്ന കുട്ടികളിൽ 95% പേരും നമ്മളെ ഗൗനിയ്ക്കാതെ പൈസയും നീട്ടി പിടിച്ചു നിൽക്കുന്ന മറ്റൊരു കാരുണ്യവാനായ യാത്രക്കാരന്റെ അടുത്തേയ്ക്ക് പോകുന്നതായാണു അനുഭവം.

പലപ്പോഴും സഹായം ചോദിച്ചു വരുന്നവർക്ക് വേണ്ടത് അന്നമല്ല, മറിച്ച് നമ്മുടെ പണമാണ്. അവർക്ക് ഭക്ഷണം വാങ്ങി നൽകാൻ നാം തയ്യാറാകുമ്പോൾ മാത്രമാണ് അവരുടെ യഥാർത്ഥ ലക്ഷ്യം പുറത്തുവരുന്നത്.

ആരാധനാലയങ്ങളുടെ പടികളിലും നഗരവീഥികളിലും നീട്ടപ്പെടുന്ന ഓരോ കൈകൾക്കും പിന്നിൽ നാം കാണാത്ത ഒരു വലിയ ചതിക്കുഴിയുണ്ട്. നമ്മുടെ ഉള്ളിലെ കാരുണ്യത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്യുന്ന ഒരു ഭീകരമായ ബിസിനസ്സ് ശൃംഖലയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭിക്ഷാടനം ഒരു അതിജീവനമാർഗ്ഗമെന്നതിലുപരി, അന്താരാഷ്ട്ര തലത്തിൽ പോലും വേരുകളുള്ള ഒരു വമ്പൻ മാഫിയയായി വളർന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ, പ്രാർത്ഥനാലയങ്ങളിലും പൊതുവിടങ്ങളിലും ഭിക്ഷക്കാർക്ക് പണമായി ദാനം ചെയ്യുന്നത് നിർത്തലാക്കുക എന്നത് ഒരു സാമൂഹിക അനിവാര്യതയായി നാം കാണേണ്ടതുണ്ട്.

​യാചിക്കുന്നവർക്ക് ആഹാരവും വെള്ളവും നൽകി അവരെ ചേർത്തുപിടിക്കാം, എന്നാൽ പണമായി ഒരു രൂപ പോലും നൽകില്ലെന്ന ദൃഢനിശ്ചയം നമുക്കുണ്ടാകണം. ഈ നിലപാട് പരുഷമാണെന്ന് തോന്നാം, പക്ഷേ ഇത് ആ പാവപ്പെട്ടവരോടുള്ള ക്രൂരതയല്ല. മറിച്ച്, ദാരിദ്ര്യത്തിന്റെ മുഖമൂടിയണിഞ്ഞ് എത്തുന്ന മാഫിയ ഗ്രൂപ്പുകളെയും തട്ടിപ്പുകാരെയും പൂർണ്ണമായും തകർക്കാനുള്ള ഏക മാർഗ്ഗമാണ്. ഒരു നേരത്തെ അന്നത്തിനായി കൈ നീട്ടുന്നവന് അത് വാങ്ങി നൽകുന്നത് പുണ്യമാണ്. എന്നാൽ ആ പണം ആരുടെ കൈകളിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കാതെ നാം നൽകുന്ന ഓരോ നാണയത്തുട്ടും ഈ അധോലോകത്തിന്റെ അടിത്തറ ഭദ്രമാക്കുകയാണ് ചെയ്യുന്നത്.

​വഴിയരികിൽ മുറിവേറ്റ ശരീരവുമായി കൈനീട്ടുന്ന ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ ഉള്ളം പിടയും. എന്നാൽ ഓർക്കുക, നിങ്ങൾ നൽകുന്ന ആ നാണയം ആ കുഞ്ഞിന് സന്തോഷമല്ല നൽകുന്നത്. പകരം, സ്വന്തം മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട്, ക്രൂരമായ പീഡനങ്ങളിലൂടെയും അംഗഭംഗത്തിലൂടെയും ഭിക്ഷാടനത്തിന് നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ ദുരിതം നീട്ടിക്കൊണ്ടുപോകാനേ അത് ഉപകരിക്കൂ. പണം ലഭിക്കാതാകുമ്പോൾ ഇത്തരം ക്രിമിനൽ സംഘങ്ങൾക്ക് ഈ 'ബിസിനസ്സ്' ലാഭകരമല്ലാതാകുകയും, തട്ടിക്കൊണ്ടുപോകലുകളും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും താനേ കുറയുകയും ചെയ്യും. നമ്മുടെ അറിവില്ലായ്മ മൂലം മറ്റൊരു കുഞ്ഞു കൂടി ഈ നരകത്തിലേക്ക് വലിച്ചെറിയപ്പെടാൻ കാരണക്കാരാകരുത്.

​ഈ ആശയത്തോട് നിങ്ങൾ യോജിക്കുന്നുവെങ്കിൽ, ഇന്നുമുതൽ ഒരു ചെറിയ മാറ്റം നമ്മുടെ ശീലങ്ങളിൽ കൊണ്ടുവരാം. യാത്രികരാണെങ്കിൽ വാഹനത്തിൽ ചെറിയ ബിസ്‌ക്കറ്റ് പാക്കറ്റുകളോ ലഘുഭക്ഷണങ്ങളോ കരുതുക. വിശക്കുന്നു എന്ന് പറഞ്ഞ് കൈനീട്ടുന്നവർക്ക് അത് സന്തോഷത്തോടെ നൽകുക. വിശപ്പടക്കാൻ ആഹാരം നൽകുന്നതിനേക്കാൾ വലിയ ദാനം മറ്റൊന്നില്ല. എന്നാൽ ഓർക്കുക, ഒരു കാരണവശാലും പണം നൽകരുത്. നമ്മുടെ കരുതൽ വിശക്കുന്നവന്റെ വയറിനാകണം, അല്ലാതെ മാഫിയകളുടെ കീശയിലേക്കാകരുത്. നമുക്ക് ഒന്നിച്ചു തീരുമാനമെടുക്കാം; ഇന്ന് മുതൽ ഭിക്ഷയായി ഒരു രൂപ പോലും നൽകില്ല, പകരം സ്നേഹവും ഭക്ഷണവും നൽകി ഈ മാഫിയാ ചങ്ങലകൾ നമുക്ക് പൊട്ടിച്ചെറിയാം.

-ശ്രീ

Saturday, February 7, 2026

സിംഹമുദ്ര

പുസ്തകം : സിംഹമുദ്ര 

 രചന : ശിവൻ എടമന
പ്രസാധകർ : ഡി സി ബുക്ക്സ് 
 വില : 380 രൂപ (310 പേജുകൾ) 


 2020-ലെ ഡിസി ബുക്സ് ക്രൈം ഫിക്ഷൻ പുരസ്കാരം നേടിയിരുന്ന ന്യൂറോ ഏരിയ എന്ന അത്യുജ്ജ്വല ത്രില്ലറിനു ശേഷം ശിവൻ എടമന എഴുതുന്ന മറ്റൊരുഗ്രൻ ത്രില്ലർ... 

 'Surely some revelation is at hand; 
Surely the Second Coming is at hand' 

 "ഭൂമിയിൽ അരാജകത്വം നടമാടി ത്തുടങ്ങുമ്പോൾ രണ്ടാം വരവുണ്ടാകും!"

ജപ്പാനിലെ കാമികാസെ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ടെക് സാവികളായ ഇരട്ട സഹോദരങ്ങൾ ജയനും ഹരിയും. അതിലൊരാളെ - ജയനെ, കാണാതാകുന്നു. രണ്ടാമത്തെയാൾ ഹരി കേരളത്തിലേയ്ക്കെത്തുന്നു. കാമികാസെ കോർപ്പറേഷൻറെ ബയോടെക്നോളജി ലാബിൽനിന്നു കൈക്കലാക്കിയ ഒരു രഹസ്യവസ്തുവും കൊണ്ട്. അയാളുടെ പാർട്‌ണർ ജാസ്‌മിൻ, ഇവരുടെ സുഹൃത്ത് ബിജോയിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഒരു പ്രകാരത്തിൽ ജപ്പാൻ അധോലോകത്തിലെ യാക്കുസ എന്ന സംഘടനയുടെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കേരളത്തിലേയ്ക്കെത്തുന്നു. അവരെ പിൻതുടരുന്ന ഒരു ക്വട്ടേഷൻ ഗാങ്. അതിനു പുറമെ, എഡിജിപി നടരാജ് പരശുറാമിന്റെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ഡി വൈ എസ് പി അദിതി രാജൻ. പൊലീസിനു വേണ്ടത് ഹരിയെ. ക്വട്ടേഷൻ ഗാങ്ങിന് വേണ്ടതും അയാളെ തന്നെ. ജാസ്മിന്റെ കൂട്ടിന് ആകെയുള്ളത് അവളുടെ ഇക്ക ഹമീദ് അഷ്റഫ് റാവുത്തർ മാത്രം. 

 ഇതിനിടെ, ഒരു ദിവസം കേരള-തമിഴ്‌നാട് അതിർത്തി പ്രദേശത്ത് ഒരു മരണം സംഭവിക്കുന്നു. അതാരും ശ്രദ്ധിയ്ക്കുന്നില്ല. എന്നാൽ അടുത്ത ദിവസം കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അതേ രീതിയിലുള്ള മറ്റൊന്ന് നടക്കുമ്പോൾ പ്രശ്നം ഗുരുതരമാകുന്നു. 24 മണിക്കൂറിനു ശേഷം വീണ്ടും കേരള - തമിഴ്‌നാട് അതിർത്തിയിൽ അതേ രീതിയിലുള്ള ഒരു മരണം കൂടി സംഭവിക്കുന്നതോടെ കളി മുറുകുന്നു. എന്തു കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രം, എങ്ങനെ ഇരകൾ ഇത് വരെ ആരും കേൾക്കാത്ത തരത്തിൽ ഭീകരമായി മരണപ്പെടുന്നു? എന്തിന് അവർ കൊല്ലപ്പെടുന്നു? എന്താണ് ആ സിംഹമുദ്രയ്ക്ക് പിന്നിലുള്ള വലിയ രഹസ്യം? മാർത്താണ്ഡവർമ്മയുമായി ഈ സംഭവങ്ങൾക്കുള്ള ബന്ധമെന്ത് ? 

നൂറ്റാണ്ടുകൾ മുൻപുള്ള ചരിത്രവും നാനോ ടെക്നോളജി പോലുള്ള അത്യന്താധുനിക സാങ്കേതികവിദ്യയും ഇഴചേരുന്ന ഒരു പ്രമേയമാണ് ഈ നോവലിന്റേത്. മനുഷ്യന്റെ അധികാരഭ്രമവും ആഗ്രഹങ്ങളും കാലദേശഭേദമന്യേ എങ്ങനെ നിലനിൽക്കുന്നു എന്ന് ഈ കൃതി ചർച്ച ചെയ്യുന്നു. ആദ്യ പേജ് മുതൽ വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണം. 'നാനോ ടെക്നോളജി'യെക്കുറിച്ചും 'റിമോട്ട് റിലേ സിങ്ക് പ്രോട്ടോക്കോളി'നെക്കുറിച്ചും നോവലിലെ വിശദീകരണങ്ങൾ കൗതുകകരമാണ്. ഒരു മുടിനാരിന്റെ പത്തുകോടിയിലൊരംശം മാത്രം വലിപ്പമുള്ള യന്ത്രങ്ങളെ പരിചയപ്പെടുത്തുന്നത് മലയാള സാഹിത്യത്തിൽ ഒരുപക്ഷേ ഇത് ആദ്യമായാകും. അതും ഇത്രയും കൃത്യതയോടെ, മടുപ്പില്ലാതെ, ആകാംക്ഷ ജനിപ്പിയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്. 

അതു പോലെ മുന്നൂറു വർഷങ്ങൾക്ക് മുൻപത്തെ തിരുവാങ്കോട് രാജവംശവും മാർത്താണ്ഡവർമ്മയുടെ തന്ത്രങ്ങളും തെക്കുംകൂർ സ്വരൂപവും പത്മനാഭപുരം കൊട്ടാരവും അന്നത്തെ രഹസ്യഭാഷയായ മൂലഭദ്രിയും എല്ലാം നല്ല പങ്കു വഹിയ്ക്കുന്നുണ്ട് ഈ നോവലിൽ. ഒരു മികച്ച ഹിസ്റ്റോറിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലർ എന്ന് സിംഹമുദ്ര എന്ന ഈ നോവലിനെ നിസ്സംശയം പറയാം... ന്യൂറോ ഏരിയ പോലെ, മലയാളത്തിൽ ഒരു ഡാൻ ബ്രൗൺ നോവൽ വായിയ്ക്കുന്ന സുഖം! -ശ്രീ

Thursday, January 15, 2026

ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്ത് 'ബാലരമ'യിൽ എന്റെ ആദ്യ കഥ അച്ചടിച്ചു വന്നപ്പോൾ തോന്നിയ ആവേശം ഇന്നും മായാതെ നിൽക്കുന്നു. അവിടെ തുടങ്ങിയതാണ് എഴുത്തിനോടുള്ള എന്റെ അനുരാഗം. പിന്നീട് കോളേജ് മാഗസിനുകളിലും, മാതൃഭൂമി ആഴ്ചപ്പതിപ്പിലും, ഓൺലൈൻ മാസികകളിലും, ബ്ലോഗുകളിലും പ്രതിലിപിയിലുമൊക്കെയായി ആ യാത്ര തുടർന്നു.

ചില പുസ്തകങ്ങളിൽ... കഥാസമാഹാരങ്ങളിൽ മറ്റ് എഴുത്തുകാർക്കൊപ്പം എന്റെ കഥകളും ഇടംപിടിച്ചിരുന്നു. എങ്കിലും, എന്റെ പേരിൽ മാത്രമായി ഒരു പുസ്തകം എന്ന വലിയ സ്വപ്നത്തിലേക്ക് എത്താൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ആ സ്വപ്നം ഇതാ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. ഈ വരുന്ന ഫെബ്രുവരിയിൽ 'മാൻകൈൻഡ് ലിറ്ററേച്ചർ' (Mankind Literature) എന്റെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ 'മാംഗോലീഫിലെ കൊലപാതകം' പ്രസിദ്ധീകരിക്കുന്നു. എഴുത്തിനെ സ്നേഹിക്കാൻ പഠിപ്പിച്ച അദ്ധ്യാപകർക്കും, മാതാപിതാക്കൾക്കും, എന്നും തണലായി നിൽക്കുന്ന എന്റെ കുടുംബത്തിനും, കഥകൾ വായിച്ച് പ്രോത്സാഹിപ്പിച്ചവർക്കും, എന്റെ പുസ്തകം പ്രസിദ്ധീകരിച്ചു കാണാൻ എന്നെക്കാൾ ആഗ്രഹിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും... അങ്ങനെ ഈ യാത്രയിൽ കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. 🙏 നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയാണ് ഈ നാഴികക്കല്ല് പിന്നിടാൻ എന്നെ സഹായിച്ചത്. ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻ അറിയിക്കാം! ❤️📚 എന്റെ ആദ്യ നോവൽ 'മാംഗോലീഫിലെ കൊലപാതകം' ! ✍️✨

Monday, December 1, 2025

കരേഫർ കോണ്ട്രാക്റ്റ്

 പുസ്തകം : കരേഫർ കോണ്ട്രാക്ട്

രചന : ഡേവിഡ് വർഗീസ്

പ്രസാധകർ : മനോരമ ബുക്ക്സ്

വില : 360 രൂപ


ഡിറ്റക്റ്റീവ് വേലൻ പൗലോസ് , സുൽത്താൻ ബത്തേരിയിലേയ്ക്കുള്ള തീവണ്ടി എന്നീ ത്രില്ലുകൾക്ക് ശേഷം ഡേവിഡ് വർഗീസ് എഴുതിയ, ആടു ജീവിതം പോലുള്ള സർവൈവൽ ത്രില്ലർ !

​സാധാരണ കണ്ടുവരുന്ന കുറ്റാന്വേഷണ കഥകളിൽ നിന്ന് മാറി, മനുഷ്യശരീരത്തിലും മനസ്സിനും മേൽ നടത്തുന്ന ഭീകരമായ പരീക്ഷണങ്ങളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഒരു മികച്ച സർവൈവൽ ത്രില്ലറാണ് ഡേവിഡ് വർഗീസിന്റെ 'കരേഫർ കോൺട്രാക്ട്'. ശാസ്ത്രത്തിന്റെ ഇരുണ്ട വശങ്ങളെയും മനുഷ്യന്റെ അത്യാഗ്രഹത്തെയും ഇത്രമേൽ ഭീതിജനകമായി അവതരിപ്പിക്കുന്ന കൃതികൾ മലയാളത്തിൽ അധികമില്ല.

ഉയർന്ന ശമ്പളവും മികച്ച ജോലിയും വാഗ്ദാനം ചെയ്ത് ഒരു വ്യാജ കരാറിലൂടെ മനുഷ്യരെ കുടുക്കുന്ന 'കരേഫർ കോൺട്രാക്ട്' കേവലം ഒരു ചതിയല്ല, മറിച്ച് മരണത്തിലേക്കുള്ള വാതിലാണ്. അറ്റോമിക് പരീക്ഷണങ്ങൾ നടത്തപ്പെട്ട  ഇടങ്ങളിൽ ജോലി ചെയ്യപ്പെട്ട് അവർ പോലുമറിയാതെ ശാരീരികമായ വ്യാതിയാനങ്ങൾക്ക് വിധേയരാക്കപ്പെടുന്ന, പരീക്ഷണ മരുന്നുകൾ കഴിയ്ക്കേണ്ടി വരുന്ന മനുഷ്യരിലുണ്ടാകുന്ന അവസ്തകളും, അവരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളും വായനക്കാരെ ഭയപ്പെടുത്തുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഈ നോവലിന്റെ ജീവൻ അതിന്റെ വൈകാരികമായ അടിത്തറയാണ്. മാരകമായ പരീക്ഷണങ്ങളിൽ അകപ്പെട്ടുപോയ നായകൻ, അവിടെ നിന്ന് അവസാന നിമിഷം രക്ഷപ്പെടുന്നതും തുടർന്ന് തന്റെ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും പണ്ടു കാണാതായ തന്റെ മകളെ കണ്ടെത്താൻ നടത്തുന്ന പോരാട്ടവും ഹൃദയസ്പർശിയാണ്. ഓരോ നിമിഷവും മരണത്തോട് മല്ലിടുമ്പോഴും പിതൃത്വത്തിന്റെ കരുത്തിൽ അയാൾ നടത്തുന്ന നീക്കങ്ങൾ നോവലിനെ മികച്ചൊരു സർവൈവൽ ഡ്രാമയാക്കി മാറ്റുന്നു.

വിദേശ പശ്ചാത്തലത്തിലുള്ളതും ശാസ്ത്രീയമായ കാര്യങ്ങൾ പറയുന്നതുമായ ഇത്തരം നോവലുകൾ മലയാളത്തിലേക്ക് മാറ്റുമ്പോൾ ആ ഗാംഭീര്യം നിലനിർത്തുക പ്രയാസമാണ്. എന്നാൽ, ആ ഭീകരതയും ക്ലോസ്‌ട്രോഫോബിക്  ആയ ആ അന്തരീക്ഷവും വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഈ വിവർത്തനം വിജയിച്ചിട്ടുണ്ട്.

ഈ കഥ ഒരേ സമയം സയൻസ് ഫിക്ഷനും  സർവൈവൽ ത്രില്ലറും ചേർന്ന ഒരു വേറിട്ട വായനാനുഭവം നൽകുന്നതാണ്. വ്യത്യസ്തമായ വായനാനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ധൈര്യമായി തിരഞ്ഞെടുക്കാം. ഒരു പിതാവിന്റെ അവസാനത്തെ പോരാട്ടവും ഭീതിയുണർത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങളും ഇതിനെ വായനയ്ക്കുശേഷം ഒരു നൊമ്പരമായി മനസ്സിൽ അവശേഷിപ്പിക്കുന്നു.

Wednesday, September 10, 2025

ബംഗ്ലാവിലെ അതിഥി


അന്നൊരു വെള്ളിയാഴ്ച, അമാവാസി രാത്രിയായിരുന്നു. ​സമയം രാത്രി പത്ത് മണി. പുറത്ത് കാലവർഷം അതിന്റെ സർവ്വ ശക്തിയോടും കൂടി  പെയ്യുകയാണ്. ആ പഴയ ബ്രിട്ടീഷ് ബംഗ്ലാവിൻ്റെ ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ വന്നലയ്ക്കുന്ന ശബ്ദം ഭീതിജനകമായ ഒരു താളം സൃഷ്ടിച്ചു. 

നീന ആ വലിയ ബംഗ്ലാവിൽ  ഒറ്റയ്ക്കായിരുന്നു. ആദ്യമായാണ് അവൾക്ക് ആ ബംഗ്ലാവിൽ  ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നത്. അവളുടെ ഭർത്താവ് വിവേക് ഒരു ബിസിനസ്സ് മീറ്റിംഗിനായി ബാംഗ്ലൂരിലേക്ക് പോയിട്ട് ഇത് രണ്ടാം ദിവസം.

​1940-ൽ പണിത ആ വലിയ  ബംഗ്ലാവിന് ഒൻപത് മുറികളുണ്ട്. കൂറ്റൻ മേൽക്കൂരയുള്ള, കരിങ്കല്ല് പാകിയ തറയും കരിവീട്ടിയിൽ കടഞ്ഞെടുത്ത തടിത്തൂണുകളും കൊണ്ടു പണി തീർത്ത ആ വീടിനു എപ്പോഴും നിഗൂഢമായ പരിവേഷമായിരുന്നു നാട്ടുകാർക്കിടയിൽ ഉണ്ടായിരുന്നത്. ഇതൊന്നുമറിയാതെയാണ് വിവേകും നീനയും ആ ബംഗ്ലാവ് അടുത്ത കാലത്ത് വിലയ്ക്ക് വാങ്ങിയതും അവർ ഇരുവരും അങ്ങോട്ട് താമസം മാറിയതും.

ലിവിംഗ് റൂമിലെ ലൈറ്റ് മാത്രം കത്തിച്ച് നീന തന്റെ ലാപ്ടോപ്പിൽ ഒരു സിനിമ കണ്ട് തന്റെ വിരസത അകറ്റാൻ ശ്രമിച്ചു. ഒറ്റയ്ക്ക് ആ ബംഗ്ലാവിൽ കഴിയുമ്പോൾ അന്ന് വരെയില്ലാത്ത ഒരുൾക്കിടിലം അവൾക്ക് തോന്നി. തന്റെ ഭയത്തെ മറയ്ക്കാൻ അവൾക്ക് അതല്ലാതെ വഴിയില്ലായിരുന്നു.

സമയം രാത്രി ​പത്തരയായി. ശ്രമപ്പെട്ട് ആ ചലച്ചിത്രത്തിൽ മുഴുകാൻ ശ്രമിച്ച് അതിൽ ഏറെക്കൂറെ വിജയിച്ച് ഇരിയ്ക്കുമ്പോൾ പെട്ടെന്ന് അവൾക്ക് താൻ ഒരു ശബ്ദം കേട്ടത് പോലെ തോന്നി. മുകളിലത്തെ നിലയിൽ നിന്ന് ആണോ പുറത്ത് നിന്ന് ആണോ അതോ ഇനി തന്റെ തോന്നൽ ആണോ എന്ന് അവൾ ഒരു നിമിഷം സംശയിച്ചു. ഒന്ന് കൂടെ ശ്രദ്ധിച്ച ശേഷം തോന്നൽ തന്നെ എന്ന നിഗമനത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു കൊണ്ട് അവൾ വീണ്ടും സിനിമയിൽ മുഴുകി.

അപ്പോഴതാ വീണ്ടും ആ ശബ്ദം! ഇത്തവണ അവൾ അത് വ്യക്തമായും കേട്ടു. മുകളിലത്തെ നിലയിൽ  നിന്ന് ഒരു വാതിൽ തുറന്നടയുന്ന ശബ്ദം! 

നീന പെട്ടെന്ന് സിനിമ പോസ് ചെയ്തു. പഴയ വീടായതുകൊണ്ട് കാറ്റടിക്കുമ്പോൾ ജനലുകൾ ഇളകുന്നത് പതിവാണ്. "വിവേക് ഇതൊന്നും ഇനിയും ശ്രദ്ധിച്ചിട്ടില്ലേ?" അവൾ പിറുപിറുത്തു. ഉള്ളിൽ നിന്ന് വന്ന തന്റെ ഭയം മറയ്ക്കാൻ അത് കാറ്റിൽ ജനാല അടഞ്ഞതാകും എന്ന ഒരു ന്യായം സ്വയം കണ്ടെത്താനുള്ള ഒരു വിഫല ശ്രമം ആയിരുന്നു അത്.

അവൾ കുറച്ചു നേരം നിശബ്ദയായി കാതോർത്തു. ഇല്ല, അനക്കം ഒന്നും കേൾക്കാനില്ല. പുറത്ത് പെയ്യുന്ന മഴയുടെയും കാറ്റു വീശുന്നതിന്റെയും നേർത്ത ശബ്ദം മാത്രം. അവൾ ആശ്വാസത്തോടെ വീണ്ടും തന്റെ മുന്നിലെ ലാപ്ടോപ്പിലേയ്ക്ക് തിരിഞ്ഞതും പെട്ടെന്ന് അടുക്കളയിൽ നിന്ന് ഒരു പാത്രം വീഴുന്ന ശബ്ദം ഉയർന്നു കേട്ടു. ഇത്തവണ നീന വിറച്ചു പോയി. അവൾ അറിയാതെ തന്നെ ഒരു നിലവിളി തൊണ്ടയിൽ പാതി വഴിയിൽ തടഞ്ഞു.

അവൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്ത് വിവേകിനെ വിളിച്ചു.

"ഹലോ വിവേക്... ഞാൻ... ഇവിടെ... നമ്മുടെ ബംഗ്ലാവിൽ ആരോ ഉണ്ടെന്ന് തോന്നുന്നു!"

അപ്പുറത്തു നിന്ന് ഒരു ചിരിയാണ് കേട്ടത് " എന്താണ് നീന? അവിടെ ആരു വരാനാണ്?"

"സത്യമാണ് വിവേക്. ഞാൻ അടുക്കളയിൽ നിന്ന് പാത്രം വീഴുന്ന ശബ്ദം വ്യക്തമായും കേട്ടു. എനിയ്ക്ക് അങ്ങോട്ട് പോകാൻ പേടിയാകുന്നു"

അവൾ കരയും പോലെയാണ് അത്രയും പറഞ്ഞത്.

"പേടിയ്ക്കാതെ,  നീന" വിവേകിന്റെ ആത്മവിശ്വാസം നിറഞ്ഞ ശബ്ദം കേട്ടു. "അത്  അയല്പക്കത്തെ ആ കുറിഞ്ഞി പൂച്ചയായിരിക്കും. ജനൽ പാളി ഇളകിക്കിടക്കുകയല്ലേ? നീ ധൈര്യമായി പോയി നോക്ക്."

വിവേക് ഫോൺ വച്ചു.

​അവൾ മൊബൈലും കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു. ധൈര്യം സംഭറ്റരിച്ച് ലൈറ്റ് ഓണാക്കി. പക്ഷെ, അവിടെ ആരെയും കണ്ടില്ല.

 പക്ഷേ, തിരികെ നടക്കാൻ തുടങ്ങുമ്പോൾ വാഷ് ബേസിനരികിൽ ഒരു പാത്രം ചരിഞ്ഞു കിടക്കുന്നു. താൻ ഉച്ചയ്ക്ക് ഉപയോഗിച്ച പാത്രമാണത്. 'അത് താൻ കഴുകി കമിഴ്ത്തി വച്ചതായിരുന്നല്ലോ...' അവൾ ഓർത്തു.

 തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച അവളുടെ കണ്ണിൽ പെട്ടത്.

​വാതിലിനടുത്ത്  ഒരു ഷൂ. നനഞ്ഞ, ചെളി പുരണ്ട ഒരു ഷൂ! അത് പക്ഷെ, വിവേകിന്റേതല്ല, ഇത് വലുതാണ്. വിവേകിന്റെ ഷൂസിന്റെ സൈസ് ഇത്രയും വരില്ല. 

ഒൻപത് മണിക്ക് താൻ വാതിൽ പൂട്ടിയപ്പോൾ അവിടെ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല എന്നുറപ്പ്. ആ ബംഗ്ലാവിനുള്ളിൽ മറ്റാരോ ഉണ്ടെന്ന തിരിച്ചറിവ് ഒരു വിറയൽ പോലെ അവളുടെ ഉള്ളിൽ തീ പടർത്തി.

​പെട്ടെന്ന് മുകളിലെ നിലയിൽ നിന്ന് ആ ശബ്ദം വീണ്ടും കേട്ടു.  ആരോ സാവധാനം ഗോവണിപ്പടികൾ ഇറങ്ങി വരുന്നു. 

നീന മൊബൈൽ എടുത്ത് പോലീസിനെ വിളിക്കാൻ ശ്രമിച്ചു. പക്ഷേ, ആ നിമിഷം ഒരു മിന്നൽപ്പിണരിനൊപ്പം കറന്റ് പോയി, മൊബൈലിൽ റേഞ്ച് ഇല്ലാതായി. അവൾ വിറച്ചു കൊണ്ട് മൊബൈൽ ടോർച്ചിന്റെ ചെറിയ പ്രകാശത്തിൽ ഹാളിലേയ്ക്ക് നോക്കി.

​ഇരുട്ടിൽ, ഗോവണിയുടെ അവസാന പടിയിൽ ഒരാളുടെ നിഴൽ നിൽക്കുന്നതായി അവൾക്ക് തോന്നി. കറുത്ത കോട്ടിട്ട ഒരു രൂപം!

അവൾ അടുക്കളയുടെ ബർത്തിൽ  മുറുകെ പിടിച്ചു. ആ നിഴൽ കുറച്ചു കൂടെ അടുത്തേയ്ക്ക് നീങ്ങിയതായി അവൾക്ക് തോന്നി. അവൾ പതുക്കെ പിന്നോട്ട് നീങ്ങി. കൈപ്പൊക്കത്തിൽ ഇരുന്ന ഒരു കിച്ചൺ നൈഫ് അവളുടെ  കയ്യിൽ തടഞ്ഞു. ലോഹത്തിന്റെ തണുപ്പ് അവൾക്ക് നേരിയൊരു ധൈര്യം നൽകി. അപ്പോൾ,  ആ നിഴൽ അവളോട് സംസാരിച്ചു:

"നീന... എന്തു പറ്റി? നീ ഭയന്ന് പോയോ? ഇത് ഞാനാണ്"

​അത് വിവേകിന്റെ ശബ്ദമായിരുന്നു! അവൾ മൊബൈൽ ടോർച്ച് തെളിച്ചു. ആ അരണ്ട വെളിച്ചത്തിൽ വിവേക് നിൽക്കുന്നു. പക്ഷേ അവൻ ധരിച്ച കോട്ട് നനഞ്ഞു കുതിർന്നിരിക്കുന്നു.

അവൾക്ക് ഒരേ സമയം ആശ്വാസവും അതിശയവും തോന്നി. പേടിച്ചതു പോലെ ഒന്നുമല്ല എന്ന ആശ്വാസത്തിനു ഒപ്പം തലേന്ന് ബാംഗ്ലൂർക്ക് പോയ വിവേക് എങ്ങനെ ഇവിടെ എത്തി? താൻ തൊട്ട് മുൻപ് സംസാരിച്ചത് ? എന്നീ സംശയങ്ങളും അവളെ കുഴപ്പിച്ചു. 

​"വിവേക്? നീ... നീ എങ്ങനെ ഇവിടെ? നീ ബാംഗ്ലൂരിൽ പോയില്ലേ? നീ അകത്ത് എങ്ങനെ കയറി?"

"ഫ്ലൈറ്റ് ക്യാൻസലായി. നിന്നോട് സംസാരിച്ച് തീരും മുൻപ് ഫോൺ സ്വിച്ച് ഓഫ് ആയിപ്പോയി. ഞാൻ പിൻവാതിൽ തുറന്ന് അകത്തു കയറിയതാ" 

അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു.

​നീനയ്ക്ക് ആശ്വാസം തോന്നിയെങ്കിലും അവളുടെ ഉള്ളിലെ യുക്തി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. വിവേക് എങ്ങനെ പിൻവാതിൽ തുറന്നു? പിൻ വാതിൽ താൻ അകത്ത് നിന്ന് തഴുതിട്ടത് അവൾ വ്യക്തമായും ഓർമ്മിയ്ക്കുന്നുണ്ടായിരുന്നു.  

അവൾ അവനെ സൂക്ഷിച്ചു നോക്കി. അവന്റെ പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം. അവൾ മറ്റൊന്ന് കൂടെ ശ്രദ്ധിച്ചു. അവന്റെ നടത്തം! അവന്റെ ഒരു കാലിൽ ഷൂസ് ഇല്ല!

​"നീ പോയി ഡ്രസ്സ് മാറൂ, ഞാൻ ചായ എടുക്കാം" നീന പറഞ്ഞു.

വിവേക് മുകളിലേക്ക് പോയി. നീന അടുക്കളയിൽ ചായ തിളപ്പിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു. ഫോണിൽ റേഞ്ച് തിരികെ കിട്ടിയപ്പോൾ വന്ന പഴയ മെസ്സേജ്.

​വിവേകിന്റെ മെസ്സേജ്: "നീനാ, ഞാൻ ബാംഗ്ലൂർ എത്തി. രാവിലെ മീറ്റിംഗ് ഉണ്ട്. ഗുഡ് നൈറ്റ്."

 മെസ്സേജ് വന്ന സമയം: രാത്രി 10:45.

​നീനയുടെ കൈകൾ വിറച്ചു. ഇപ്പോൾ സമയം 11:30. വിവേക് ബാംഗ്ലൂരിൽ എത്തി എന്ന് 10:45-ന് അയച്ച മെസ്സേജ് സത്യമാണെങ്കിൽ, ഇപ്പോൾ മുകളിലുള്ളത് ആരാണ്?

​അവൾ പതുക്കെ മുകളിലേക്ക് നടന്നു. വിവേക് ബാത്റൂമിൽ കുളിക്കുകയാണ്. അവൾ ബെഡ്റൂമിലെ അവന്റെ ബാഗ് തുറന്നു. അതിൽ വിവേകിന്റെ ആ കറുത്ത കൊട്ടും,  കുറേ പഴയ പത്ര കട്ടിങ്ങുകളും ആയിരുന്നു. അതിലൊന്ന് ആ ബംഗ്ലാവിനെക്കുറിച്ചുള്ളതായിരുന്നു.  അവൾ തിടുക്കത്തിൽ അതെടുത്ത് വായിച്ചു നോക്കി. 1940-ൽ ആ വീട്ടിൽ വെച്ച് മരിച്ച വിക്ടർ ജോർജ് എന്ന ആളെ പറ്റിയുള്ള കുറിപ്പുകൾ ആയിരുന്നു അത്.  അയാൾക്ക് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു എന്നും  അയാൾ തന്റെ ഭാര്യയെ സംശയിച്ച് ആ വീട്ടിലെ ഒരു രഹസ്യ മുറിയിൽ പൂട്ടിയിട്ടിരുന്നു എന്നുമായിരുന്നു ആ പത്രവാർത്തകളുടെ ചുരുക്കം.

​പെട്ടെന്ന് വിവേക് ബാത്റൂമിൽ നിന്നിറങ്ങി വന്നു. അവൻ പഴയ കാലത്തെ ഒരു ബ്രിട്ടീഷ് കോട്ട് ധരിച്ചിരുന്നു.

"നീനാ.. പത്താം മുറിയുടെ താക്കോൽ നിന്റെ കയ്യിലുണ്ടോ?" അവൻ ശാന്തമായി ചോദിച്ചു.

അവൾ നടുങ്ങി. "വിവേക്... നീ എന്തൊക്കെയാണ് ഈ പറയുന്നത്? ഈ വീട്ടിൽ ഒൻപത് മുറികളേ ഉള്ളൂ!"

അവൻ ചിരിച്ചു. അത് പക്ഷെ വിവേകിന്റെ ചിരി പോലെയേ ആയിരുന്നില്ല.

​"നിനക്ക് തെറ്റി, നീന" അവൻ അവളുടെ അടുത്തേക്ക് നടന്നു.

 "നിനക്ക് അറിയാമോ, വിവേക് എന്നൊരാൾ ബാംഗ്ലൂരിലേക്ക് പോയിട്ടേയില്ല. അവൻ ഇവിടെ പത്താമത്തെ ഈ മുറിയിലുണ്ട്."

​അവൻ ഒരു ഭിത്തിയിലെ വലിയ അലമാരയ്ക്ക് നേരെ കൈ ചൂണ്ടി. എന്നിട്ട് ആ കൂറ്റൻ അലമാര അനായാസം നിരക്കി നീക്കി. അതിനു പിന്നിൽ ചെറിയൊരു വാതിൽ! നീന വിറച്ചു പോയി. ഇതു വരെ അവിടെ അങ്ങനെ ഒരു രഹസ്യ മുറിയൊ വാതിലോ ഉള്ളതായി അവൾക്ക് അറിയില്ലായിരുന്നു.

 പരിഭ്രാന്തിയോടെ ആ മുറിയ്ക്കുള്ളിലേയ്ക്ക് ഓടിക്കയറിയ അവൾ ഞെട്ടിപ്പോയി. ആ മുറിയ്ക്കുള്ളിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ യഥാർത്ഥ വിവേക് ബോധമറ്റ് കിടക്കുന്നു!

​അപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നതാര്? അവൾ തിരിഞ്ഞു നോക്കി.

ആ നേരത്ത് ഉണ്ടായ മിന്നലിന്റെ വെളിച്ചത്തിൽ അവൾ അവന്റെ മുഖം വ്യക്തമായി കണ്ടു. ഒറ്റ നോട്ടത്തിൽ അത് വിവേക് തന്നെയാണ്. പക്ഷേ, അവന്റെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം. ചിരിയ്ക്കുമ്പോൾ അയാൾക്ക് പത്രക്കട്ടിങ്ങുകളിൽ കണ്ട ആ വീടിന്റെ പഴയ ഉടമസ്ഥൻ വിക്ടർ ജോർജിന്റെ ഒരു വിദൂര ഛായ! 

"നിന്റെ ഊഹം ശരിയാണ് നീന! ഇത് ഞാൻ തന്നെയാണ്. വിക്ടർ! ഇതെന്റെ വീടാണ്!" അയാളുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങി.

നീന പരിഭ്രാന്തിയോടെ യഥാർത്ഥ വിവേകിനെ  വിളിച്ചുണർത്താൻ ശ്രമിച്ചു. ​പെട്ടെന്ന് പിന്നിൽ വാതിൽ അടയുന്ന ശബ്ദം കേട്ടു. അവൾ ഞെട്ടി തിരിഞ്ഞു. വാതിൽ പുറത്ത് നിന്ന് അടഞ്ഞു കഴിഞ്ഞു .  വിക്ടർ എന്ന് സ്വയം അവകാശപ്പെട്ട ആ മനുഷ്യൻ പുറത്തുനിന്ന് ചിരിക്കുന്നത് അവൾ വ്യക്തമായും കേട്ടു. 

"ഈ രാത്രി ഇരുട്ടിന്റെ ശക്തികളുടേതാണ് നീന. ഇന്ന് വെള്ളിയാഴ്ച.  ഇന്ന് ഈ ബംഗ്ലാവിൽ ഒൻപത് മുറികളില്ല, പത്തു മുറികളുണ്ട്. പത്താമത്തെ മുറിയിൽ നിങ്ങളും."

​പുറത്ത് വീണ്ടും ശക്തമായ ഒരു ഇടി മിന്നൽ തെളിഞ്ഞു. ആ വെളിച്ചത്തിൽ നീന കണ്ടത് മുറിയുടെ മൂലയിൽ ഇരിക്കുന്ന  വിവേകിനെയായിരുന്നു. അവളുടെ നോട്ടം അവന്റെ കാലുകളിലായിരുന്നു.  അവൾ താഴെ വച്ചു കണ്ട രണ്ട് ഷൂസും അവന്റെ കാലിൽ ഉണ്ട്. 

 ബോധം തെളിഞ്ഞ വിവേക് അവളെ നോക്കി ഭയത്തോടെ ചോദിച്ചു, "നീനാ... നിനക്ക്... നിനക്ക് എന്തു പറ്റി?  എന്തിനാ നീ എന്നെ ഈ മുറിയിൽ  കെട്ടിയിട്ടത്? നീ എന്തിനാ ഈ കറുത്ത കോട്ട് ഇട്ടിരിയ്ക്കുന്നത്?"

​നീന ഞെട്ടിപ്പോയി. അവനെ കെട്ടിയിട്ടത് താനാണെന്നോ ?അതു പോലെ താൻ കോട്ട് ഇട്ടിട്ടില്ലല്ലോ! അവൻ അല്ലേ കോട്ട് ഇട്ട് വീട്ടിൽ കയറിയത് ? 

"നീയെന്താ പറയുന്നത്? ഞാനാണോ നിന്നെ ഇവിടെ കെട്ടിയിട്ടത് ?  കോട്ട് ഇട്ടത് നീയാണ് വിവേക്. ആ കോട്ടും വിക്ടറിന്റെ വാർത്ത ഉള്ള പത്ര കട്ടിങ്ങുകളും നിന്റെ ബാഗിൽ അല്ലേ ഉള്ളത്?"

വിവേക് തല കുടഞ്ഞു. "നീ എന്തൊക്കെയാണ് പറയുന്നത് നീനാ... ആ കോട്ട് അല്ലേ നീ ഇപ്പോഴും ഇട്ടിരിയ്ക്കുന്നത് ?  നമ്മൾ ഇവിടെ താമസം തുടങ്ങിയ ദിവസം മച്ചിൽ നിന്ന് കിട്ടിയ വിക്ടറിന്റെ വാർത്ത ഉള്ള പത്ര കട്ടിങ്ങുകൾ എടുത്ത് വച്ചതും നീ തന്നെ അല്ലേ?"

അവൾ അവിശ്വസനീയതയോടെ തന്റെ ദേഹത്ത് നോക്കി. ആ നനഞ്ഞ കോട്ട് അതാ തന്റെ ദേഹത്ത്! അവളുടെ കയ്യിൽ ആ അടുക്കളയിലെ കത്തിയും ഉണ്ടായിരുന്നു. അപ്പോൾ  തനിക്കെതിരെയുള്ള  ജനലിലെ തന്റെ തന്നെ പ്രതിബിംബം കണ്ട് അവൾ മോഹാലസ്യപ്പെട്ട് വീണു. അത്  നീനയുടെതായിരുന്നില്ല. മറിച്ച് അവൾ അല്പം മുൻപ് പത്രവാർത്തയിൽ കണ്ട വിക്ടർ ജോർജിന്റേതായിരുന്നു.

​"സ്വാഗതം നീന... പത്താം മുറിയിലേക്ക്!" കുഴഞ്ഞ് താഴെ വീഴുമ്പോൾ അവൾ തന്റെ ചെവിയിൽ ആരോ മന്ത്രിയ്ക്കുന്നത് കേട്ടു.

​ പിറ്റേന്ന് രാവിലെ നാട്ടുകാർ ആ ബംഗ്ലാവിൽ വന്നു നോക്കുമ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല.  അവർക്ക് എന്തു സംഭവിച്ചു എന്ന ആ ചോദ്യത്തിന് ആ ബംഗ്ലാവ് ഒരിയ്ക്കലും മറുപടി നൽകിയില്ല. മഴ മാത്രം തോരാതെ പെയ്തുകൊണ്ടേയിരുന്നു.

 ഒൻപത് മുറികളുള്ള ആ വീട് എന്നത്തേയും പോലെ ശാന്തമായിരുന്നു. പത്താമത്തെ മുറി എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. പക്ഷേ, ആ ചുവരുകൾക്കുള്ളിൽ നിന്ന് ഇടയ്ക്ക് ഒരു സ്ത്രീയുടെ തേങ്ങലും ഒരു പുരുഷന്റെ അട്ടഹാസവും മഴയുള്ള രാത്രികളിൽ കേൾക്കാമെന്ന് മാത്രം ഇപ്പോഴും നാട്ടുകാർ പറയുന്നു. 

ബംഗ്ലാവ് ഇപ്പോഴും കാത്തിരിയ്ക്കുകയാണ്. പത്താമത്തെ മുറിയിലെ അടുത്ത അതിഥിയിയ്ക്ക് വേണ്ടി!


ശ്രീ

Wednesday, January 29, 2025

തെണ്ടൻ - അമാവാസി രാത്രിയിലെ അന്തകൻ

കുട്ടിക്കാലത്ത് അമ്മ വീട്ടിൽ അവധിക്കാലത്ത് പോകുമ്പോഴാണ് എറ്റവും അധികം കഥകൾ കേട്ടിട്ടുള്ളത്. ഒരുവിധം എല്ലാ രാത്രികളിലും അമ്മയും അമ്മൂമ്മയും ഉൾപ്പെടുന്ന സ്ത്രീജനങ്ങൾ എല്ലാവരും വീടിന്റെ പൂമുഖത്ത് ഒരു മൂലയിൽ ഒരുമിച്ചിരിയ്ക്കും. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഓരോ കഥകൾ പറയും. അതിൽ പലപ്പോഴും ഭയാനകമായ കെട്ടു കഥകളും സ്ഥാനം പിടിയ്ക്കും. അങ്ങനെ കുട്ടിക്കാലത്ത് വളരെയധികം പേടിപ്പിച്ചിട്ടുള്ള ഒരു കഥ. തെണ്ടൻ - അമാവാസി രാത്രിയിലെ അന്തകൻ കാറ്റു നിലച്ചു, പറമ്പിലെ ചീവീടുകൾ പോലും നിശബ്ദരായ അമാവാസി രാത്രികളിൽ പുറത്തേക്ക് നോക്കി നിൽക്കാനോ മുറ്റത്തിറങ്ങി കളിയ്ക്കാനോ ഞങ്ങൾ കുട്ടികൾക്ക് അനുവാദം ഇല്ലായിരുന്നു. മുതിർന്നവർ ആരെങ്കകിലും ഓർമ്മിപ്പിയ്ക്കും 'ഇവിടെങ്ങാനും അടങ്ങിയൊതുങ്ങി വന്നിരിയ്ക്ക് പിള്ളേരെ, ഇന്ന് അമാവാസിയാണ്... തെണ്ടൻ ഇറങ്ങുന്ന രാത്രി!' 'തെണ്ടനോ... അതാരാ?' പല കുറി കേട്ടിട്ടുണ്ടെങ്കിലും ഞങ്ങൾ ആരെങ്കിലും ആ ചോദ്യം ചോദിയ്ക്കും... അപ്പോൾ അമ്മൂമ്മ ആ കഥ പറഞ്ഞു തുടങ്ങും. ***** പണ്ട്, നിങ്ങളുടെയൊക്കെ പ്രായമുള്ളപ്പോൾ കാരണവന്മാർ പറഞ്ഞുതന്ന ഒരു കഥയുണ്ട്, തെണ്ടന്റെ കഥ! അന്നൊന്നും ഇത് പോലുള്ള കാലമല്ല. എങ്ങും കറണ്ടില്ല, വഴി വിളക്കുകൾ ഇല്ല, രാത്രിയായാൽ എല്ലായിട്ടത്തും കൂരിരുട്ട് മാത്രം... കൂരിരുട്ടത്ത്, ആരും തുണയില്ലാത്ത പാടവരമ്പിലൂടെയോ ഇടവഴിയിലൂടെയോ ഒറ്റയ്ക്ക് നടക്കില്ല. നടന്നാൽ... അവിടെ എവിടെയോ ഇരുട്ടിൽ അവൻ കാത്തുനിൽപ്പുണ്ടാകും. ഒരു ചങ്ങലയുടെ കിലുക്കം! ദൂരെനിന്ന് ഒരു ശബ്ദം കേൾക്കാം... കിലും... കിലും... കിലും... അത് കാറ്റിൽ ഇലകൾ അനങ്ങുന്നതാകും എന്ന് നമുക്ക് തോന്നും. എന്നാൽ അതല്ല, തെണ്ടന്റെ കയ്യിലെ ആ ഭാരമേറിയ ഇരുമ്പ് ചങ്ങലകൾ മണ്ണിൽ ഉരസുന്ന ശബ്ദമാണ്. ആ ശബ്ദം കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടും. ചോര മരവിക്കും. ആ ശബ്ദം അടുത്തടുത്ത് വരുന്നതായി തോന്നിയാൽ പിന്നെ രക്ഷയില്ല. ജീവൻ വേണമെങ്കിൽ ഓടണം, പ്രാണനും കൊണ്ട് ഓടണം! പക്ഷെ, ഒരിക്കലും, അറിയാതെ പോലും പുറകോട്ട് തിരിഞ്ഞു നോക്കരുത്! ആ ഭീകര രൂപത്തിനു മനുഷ്യന്റെ ഉള്ളറിയാം. നമ്മിലെ കൗതുകം ഉണർത്താൻ അറിയാം. അത് നമ്മെ ചതിക്കും. പേടിച്ച് വിറച്ച് ഓടുമ്പോഴും 'എന്താണാവോ ആ ശബ്ദം? എങ്ങനെയിരിയ്ക്കും ആ രൂപം?' എന്ന് മനുഷ്യമനസ്സ് ചിന്തിയ്ക്കും, ഒന്നു തിരിഞ്ഞു നോക്കാൻ തോന്നും. അങ്ങനെ നോക്കിയാൽ തീർന്നു... മനുഷ്യന്റേതല്ലാത്ത ആ ഭീകരരൂപം കറുത്ത മൂടുപടമിട്ട്, നീണ്ട മുടികളിൽ പുളയ്ക്കുന്ന നാഗങ്ങളുമായി, കണ്ണുകളിൽ തീപ്പൊരിയുമായി, ചോരയൊലിയ്ക്കുന്ന നീണ്ട നാവുമായി നമ്മെ പിന്തുടരും... തെണ്ടൻ! നാമവനെ തിരിഞ്ഞു നോക്കിയാൽ ആ നിമിഷം... അവന്റെ വായ പിളരും. ഭയാനകമായ ഒരു ഗർജ്ജനത്തോടെ അവൻ നമുക്കു നേർക്ക് രക്തം തുപ്പും. ജീവനുള്ള പുഴുക്കൾ വമിക്കുന്ന ആ ചുടുചോര നമ്മുടെ ദേഹത്ത് വീണാൽ പിന്നെ രക്ഷയില്ല. അടുത്ത ദിവസം വെട്ടം വീഴുമ്പോൾ, വഴിപോക്കർ കാണുന്നത് വിറങ്ങലിച്ചു കിടക്കുന്ന ഒരു ശവശരീരമായിരിക്കും. വായിൽ നിന്ന് ചോരയൊലിച്ച്, കണ്ണുകൾ പുറത്തേക്ക് തള്ളി, ആ അമാവാസി രാത്രിയിൽ തെണ്ടന്റെ ഇരയായി മാറിയ ഒരാൾ. അയാളും അടുത്ത തെണ്ടനായി തന്റെ അമാവാസി രാത്രിയ്ക്ക് വേണ്ടി പിന്നെ കാത്തിരിയ്ക്കും! അതുകൊണ്ട് കുഞ്ഞുങ്ങളേ, രാത്രികളിൽ ജനലുകൾ അടച്ചിടണം, വാതിൽ തുറന്ന് പുറത്തിറങ്ങരുത്, വെളിയിൽ പോയാൽ മുതിർന്നവരുടെ കൺ വെട്ടത്ത് നിന്ന് മാറരുത്, കൈയിൽ നിന്ന് പിടി വിടരുത്... ഉറങ്ങാൻ കിടക്കുമ്പോൾ സംസാരിയ്ക്കരുത്. പുറത്തെ ആ ചങ്ങല കിലുക്കം കേൾക്കാതിരിക്കാൻ ചെവി പൊത്തിപ്പിടിച്ച് ഉറങ്ങിക്കോളണം. തെണ്ടൻ വന്നാൽ ആർക്കും രക്ഷയില്ല! ***** ഇങ്ങനെ പറഞ്ഞു കൊണ്ടാകും ആ കഥ അവസാനിയ്ക്കുക. അപ്പോഴേയ്ക്കും ഞങ്ങൾ കുട്ടികൾ ഈ രംഗങ്ങൾ ഭാവനയിൽ കണ്ട് നിശ്ശബ്ദരായിട്ടുണ്ടാകും. കഥകളിൽ തെണ്ടനും ചാത്തനും രക്ഷസും യക്ഷിയും അഞ്ചു കണ്ണനും... അങ്ങനെ കഥാപാത്രങ്ങളും കഥകളും സന്ദർഭങ്ങളും മാറി മാറി വരും. ഈ മിത്തുകൾ കുട്ടികളെ രാത്രി നേരങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതിൽ നിന്നും സുരക്ഷിതരാക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു എന്നു വിശ്വസിയ്ക്കാൻ ആണ് ഇന്ന് ഇഷ്ടം! -ശ്രീ

Friday, August 2, 2024

ബി പി സി

പ്രിയ കവി അനിൽ പനച്ചൂരാൻറെ സ്മരണകളിൽ * അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ...' എന്ന ഗാനത്തിന്റെ ഈണത്തില്‍ ഞങ്ങളുടെ ബിപിസി 99 ബാച്ചിനു വേണ്ടി എഴുതിയത് പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം വേദനയിൽ നൂറു നൂറു വാക്കുകള്‍ പൊഴിയ്ക്കവേ ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ... ബി പി സീ... ബി പി സീ... പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം... സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?' റാങ്കുകാർക്കു ജന്മമേറെയേകിയ കലാലയം കണ്ണു നീരിൽ മങ്ങിടുന്ന കാഴ്ചയായ്‌ മാറിയോ... ബി പി സീ... ബി പി സീ... തിരിച്ചു പോകുവാൻ നമുക്കെളുപ്പമല്ലതോർക്കണം മിഴി തുടച്ചു വഴി തെളിച്ചു യാത്ര നമ്മൾ തുടരണം യാത്ര ചെയ്യുവാൻ കരുത്തു നേടണം, ഹതാശരായ്‌ വഴി പിഴച്ചു പോയിടാതെ പൊരുതി നമ്മൾ നേടണം നാളെ യെന്ന നാളുകൾ പ്രചോദനമായ്‌ മാറണം നാൾവഴിയിലെന്നും വീര ഗാഥകൾ രചിയ്ക്കണം നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ

Sunday, July 14, 2024

ഹാക്കർ എക്സ് രണ്ടാമൻ

പുസ്തകം : ഹാക്കർ എക്സ് രണ്ടാമൻ രചന : ആദർശ് എസ് പ്രസാധകർ : ഡി സി ബുക്ക്സ് വില : 399 പുസ്തകപരിചയം : ഡാർക്ക്നെറ്റ് എന്ന ആദ്യ പുസ്തകം കൊണ്ടു തന്നെ ഒട്ടനേകം മലയാളി വായനക്കാരുടെ മനസ്സിൽ ഇടം നേടിയ എഴുത്തുകാരൻ ആണ് ആദർശ് എസ്. മലയാളി വായനക്കാർക്ക് അതു വരെ അത്ര പരിചിതമല്ലാത്ത സൈബർ ലോകത്തിന്റെ, നാം പലപ്പോഴും അറിയാതെ പോകുന്ന ഒരു വശം തുറന്നു കാണിച്ച ഗംഭീരമായ ഒരു ക്രൈം ത്രില്ലർ ആയിരുന്നു ഡാർക്ക് നെറ്റ്. അതേ പുസ്തകത്തിന്റെ എഴുത്തുകാരനിൽ നിന്നും മറ്റൊരു രചന പ്രതീക്ഷിയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അവസാനം, ആ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ആ വാർത്തയും വന്നു. ആദർശിന്റെ രണ്ടാമത്തെ പുസ്തകം വരുന്നു... ഹാക്കർ എക്സ് രണ്ടാമൻ. സത്യം പറഞ്ഞാൽ... വളരെയധികം പ്രതീക്ഷയോടെയും ഒപ്പം ഉള്ളിൽ അല്പം പേടിയോടെയും കൂടിയാണു ഹാക്കർ എക്സ് ഓർഡർ ചെയ്തത്. ആദ്യത്തെ പുസ്തകം നൽകിയ സംതൃപ്തി തന്നെ ആണ് പ്രതീക്ഷയ്ക്ക് കാരണം. എന്നാൽ, ആ പുസ്തകം വായനക്കാരൻ എന്ന നിലയിൽ എന്നിൽ ആദ്യമേ രൂപപ്പെടുത്തിയ ഒരു പ്രതീക്ഷ ഉണ്ട്. അടുത്ത രചനയെ ആ ഒരു തലത്തിനും മുകളിൽ നാമറിയാതെ തന്നെ പ്രതീക്ഷിച്ചു പോകുന്നത് കൊണ്ടു തന്നെ ആ നിലവാരത്തിൽ തന്നെ ആദർശിനു പുതിയ പുസ്തകം നമുക്ക് നൽകാൻ കഴിയുമോ എന്ന ചിന്ത ആയിരുന്നു മേൽ പറഞ്ഞ പേടിയ്ക്ക് കാരണം. പക്ഷെ, പുസ്തകം കയ്യിൽ കിട്ടി, വായിയ്ക്കാൻ തുടങ്ങിയതോടെ ഇപ്പറഞ്ഞ പേടിയ്ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് ഉറപ്പായി. ആദ്യ പുസ്തകത്തെ പോലെ തന്നെ, സൈബർ ലോകവും ശാസ്ത്രവും ഹാക്കിങ്ങും എല്ലാം ഏതൊരു സാധാരണക്കാരനായ വായനക്കാരനും മനസ്സിലാക്കാൻ കഴിയുന്നത്ര ലളിതമായും സമഗ്രമായും എന്നാൽ ഒട്ടും തന്നെ വലിച്ചു നീട്ടൽ ഇല്ലാതെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ചു കൊണ്ട് എഴുതുവാൻ ആദർശിനു ഇത്തവണയും കഴിഞ്ഞിട്ടുണ്ട്. പേജുകൾ മറിയുന്നതും അദ്ധ്യായങ്ങൾ മാറി മാറി വരുന്നതും നാം അറിയുകയേയില്ല. വായന തുടങ്ങിയാൽ വായിച്ചവസാനിപ്പിയ്ക്കാതെ എഴുന്നേൽക്കാൻ തോന്നാത്ത തരത്തിൽ വായനക്കാരെ കഥയിൽ കുരുക്കിയിടാൻ ഹാക്കർ എക്സ് രണ്ടാമനു സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. വർഷങ്ങളായി ജർമ്മനിയിലെ ഒരു സ്ഥാപനത്തിൽ പ്രവർത്തിയ്ക്കുന്ന വിശാലിന് ഇങ്ങു കേരളത്തിൽ നിന്ന് ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ ഉള്ള ക്ഷണം ലഭിയ്ക്കുന്നു. ആ കത്ത് യഥാർത്ഥത്തിലുള്ള ഒരു ക്ഷണക്കത്ത് അല്ലെന്ന് പെട്ടെന്ന് തിരിച്ചറിയുന്ന വിശാലിന് അതെന്തു കൊണ്ട് തനിയ്ക്ക് അയച്ചു കിട്ടി എന്നും ആരയച്ചു എന്നും അറിയാൻ കൗതുകം തോന്നുന്നു. ഒപ്പം നാട്ടിലുള്ള തന്റെ പഴയ സഹപാഠികളെ വർഷങ്ങൾക്ക് ശേഷം കാണുവാനും അതൊരു അവസരമായി കണ്ട് വിശാൽ ലീവെടുത്ത് നാട്ടിലേയ്ക്ക് തിരിയ്ക്കുന്നു. പ്രശസ്തമായ ഒരു ഗവേഷണ സ്ഥാപനമായ സയൻസ് സോസൈറ്റിയുടെ കോർ കമ്മറ്റിയംഗവും ജനകീയ സോഷ്യൽ ആക്റ്റീവിസ്റ്റും അതിലുപരി ഇവരുടെ അദ്ധ്യാപിക കൂടി ആയിരുന്ന പ്രതിഭ ടീച്ചറെ ഒന്ന് കാണുക എന്നതും വിശാലിന്റെ വരവിന്റെ പുറകിലെ ഉദ്ദേശങ്ങളിൽ ഒന്നായിരുന്നു. എന്നാൽ നാട്ടിലെത്തുന്ന വിശാലിനെ കാത്തിരുന്നത് പ്രതിഭ ടീച്ചർ ദുരൂഹമായ സാഹചര്യത്തിൽ സയൻസ് സോസൈറ്റിയിൽ നിന്നും അപ്രത്യക്ഷയായെന്ന വാർത്തയാണ്. പ്രതിഭ ടീച്ചറുമായി വളരെ ആത്മബന്ധം വച്ചു പുലർത്തുന്ന, അമ്മ നഷ്ടപ്പെട്ട, അച്ഛനുമായി അകന്നു കഴിയുന്ന ശ്രീബാലയ്ക്ക് ടീച്ചറെ തിരിച്ചു നൽകണം എന്ന് വിശാൽ ആഗ്രഹിയ്ക്കുന്നു. അവർക്കൊപ്പം അവരുടെ മറ്റൊരു ആത്മ സുഹൃത്തും സ്ഥലം ഇൻസ്‌പെക്ടറും കൂടി ആയ കെവിൻ മോസസും ചേരുന്നു. വിശാലിന് താമസിയ്ക്കാൻ വാസ സ്ഥലം ശരിയാക്കുന്നത് ഇവരുടെ മറ്റൊരു സഹപാഠിയായ അന്നയുടെ ഗസ്റ്റ് ഹൗസിലാണ്. സയൻസ് സൊസൈറ്റിയിൽ നിന്ന് അവരുടെ കോർ കമ്മറ്റിയംഗമായ പ്രതിഭ ദേവി അപ്രത്യക്ഷമായതോടൊപ്പം വളരെ പ്രധാനപ്പെട്ട ചില റിപ്പോർട്ടുകളും കാണാതായത് സയൻസ് സോസൈറ്റിയിലെ ഉന്നതർക്കിടയിൽ ആശങ്ക പകരുന്നു. സുരക്ഷാ വിഭാഗം തലവൻ ഗാവിൻ ഐസക് ന്റെ മേൽനോട്ടത്തിൽ ടെക്കിയായ സൂരജ് ന്റെയും തന്റെ വലംകൈ ആയ അമീറിന്റെയും സഹായത്തോടെ പൂർണ്ണമായ തോതിൽ ഒരു സൈബർ അന്വേഷണം ആരംഭിയ്ക്കുന്നു. അവരുടെ വെബ്സൈറ്റിൽ ഹാക്കർ എക്സ് എന്ന അജ്ഞാതൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളും ഭീഷണിപ്പെടുത്തിക്കൊണ്ടും മുന്നറിയിപ്പ് നൽകിക്കൊണ്ടും അയയ്ക്കുന്ന ഈമെയിലുകളും ക്യാമ്പസിൽ നിന്ന് കിട്ടുന്ന ഒരു മുഖം മൂടിയും ഈ അവസരത്തിൽ പരസ്പരം ബന്ധപ്പെട്ടതാണോ എന്ന സംശയം അവരിൽ ബലപ്പെടുത്തുന്നു. ഇതിനിടെ സയൻസ് സോസൈറ്റിയിൽ ഒരു ശവശരീരം കണ്ടെത്തുന്നു. ഇതോടെ എസ് പി ത്രിലോകപതിയുടെ നേതൃത്വത്തിൽ കെവിൻ ഉൾപ്പെടുന്ന പോലീസ് സംഘവും അന്വേഷണം ഊർജ്ജിതമാക്കുന്നു. ഇതിനിടെ വിശാലിനെ സംശയിയ്ക്കത്തതായ തരത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ കെവിനെ ആശയക്കുഴപ്പത്തിൽ ആക്കുന്നു. ശരിയ്ക്കും ഡാൻ ബ്രൗൺ കഥകളെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിൽ ഒരേ സമയം ഉദ്വേഗജനകവും അറിവ് പകരുന്നതുമായ തരത്തിൽ ആണ് ആദർശ് ഈ പുസ്തകം എഴുതിയിരിയ്ക്കുന്നത്. ആരാലും അതുവരെ കണ്ടു പിടിയ്ക്കാൻ കഴിയാത്ത, വാടകക്കൊലയാളിയായ സ്നൈപ്പറെ അവതരിപ്പിയ്ക്കുന്നതെല്ലാം മലയാള നോവലുകളെക്കാൾ ഡാൻ ബ്രൗൺ കഥകളുടെ നിലവാരത്തിൽ തന്നെ ആണ്. അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനക്കാർ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത സംഭവ വികാസങ്ങളും കഥയെ കൂടുതൽ മികച്ചതാക്കുന്നു. സൈബർ ലോകത്തെ കുറിച്ച് സാധാരണക്കാർക്ക് അറിയാത്ത ഒരുപാട് പുതിയ അറിവുകൾ ഈ കഥയിലൂടെ വായനക്കാർക്ക് മനസ്സിലാക്കാൻ സാധിയ്ക്കുന്നുണ്ട്. ചില ചോദ്യങ്ങൾ ബാക്കി വച്ചു കൊണ്ട് ആണെങ്കിലും, നല്ലൊരു ത്രില്ലർ സിനിമ പോലെ ഗംഭീരമായ ഒരു ക്ലൈമാക്സിൽ കഥ പര്യവസാനിക്കുന്നു. ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഡാർക്ക് നെറ്റ് പോലെ, ഹാക്കർ എക്സ് രണ്ടാമനും മികച്ച ഒരു വായനാനുഭവം സമ്മാനിക്കും എന്നുറപ്പാണ്. - ശ്രീ

Friday, January 12, 2024

കാന്തമല ചരിതം (1,2,3 ഭാഗങ്ങൾ)

 പുസ്തകം :  കാന്തമല ചരിതം (1,2,3 ഭാഗങ്ങൾ)

രചയിതാവ് : വിഷ്ണു എം സി

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ : ലോഗോസ് ബുക്ക്സ്

Rating : 4/5


പുസ്തക പരിചയം :


സാഹസിക വായനകൾ ഇഷ്ടപ്പെടുന്ന ആർക്കും, ഏതു പ്രായക്കാർക്കും വായിക്കാവുന്ന  പുസ്തകങ്ങൾ ആണ് വിഷ്ണു എം സി യുടെ കാന്തമല ചരിതം പരമ്പരയിലെ മൂന്ന് പുസ്തകങ്ങൾ. ഹിസ്റ്റോറിക്കൽ മിത്തിക്കൽ ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്നവയാണു ഈ പുസ്തകങ്ങൾ.

 കാന്തമലയുടെ  ചരിത്രം ഈ മൂന്നു പുസ്തകങ്ങളിലായി വായിച്ചറിയുന്ന നേരമത്രയും വായനക്കാരൻ മലയാളികൾ മുൻപ് പരിചയിയ്ക്കാത്ത മറ്റൊരു ലോകത്ത്  ആയിരിയ്ക്കും എന്നുറപ്പാണ്.

നീണ്ട നാളുകളുടെ പ്രയത്നങ്ങൾക്ക് ഒടുവിൽ ആണ് കഥാകൃത്ത് ഈ നോവൽ ത്രയത്തിലെ ആദ്യ പുസ്തകം  എഴുതി തുടങ്ങിയത് തന്നെ. മൂന്നു ഭാഗങ്ങൾ ഇറങ്ങാനും മൂന്നിലധികം വർഷങ്ങളും വേണ്ടി വന്നു. വ്യക്തമായ, ആഴത്തിലുള്ള ഗവേഷണമില്ലാതെ എഴുതാനാകാത്ത വിഷയമായതു കൊണ്ടു തന്നെ ആ ദൈർഘ്യം സ്വാഭാവികം തന്നെയെന്ന് സമ്മതിയ്ക്കേണ്ടി വരും.

ഇതിൽ സ്വാമി അയ്യപ്പനുണ്ട്, ശബരിമലയുണ്ട്, കാന്തമലയുണ്ട്,  ഈജിപ്തിലെ ഒരു കാലഘട്ടമുണ്ട്,  അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുണ്ട്. 

‘കാന്തമല ചരിതം, അഖിനാതെന്റെ നിധി’ എന്ന പുസ്തകത്തിൽ നിന്നാണ് ഈ കഥ പറയാൻ തുടങ്ങുന്നത്.  ആരും കാണാത്ത, ആരും പോകാത്ത കാന്തമലയിലെ  ക്ഷേത്രത്തെ കുറിച്ച് അറിയാനാണ് നായകനായ മിഥുൻ യാത്ര തുടങ്ങുന്നത്. എന്നാൽ കാന്തമലയെ ചുറ്റി ഒരു വലിയ രഹസ്യം തന്നെയുണ്ട്. അതിനുള്ളിലുള്ളത് ലോകത്തെത്തന്നെ തകർക്കാൻ ശേഷിയുള്ള ഒരു രഹസ്യമാണ്, അതിനെ തേടി അവിടേയ്ക്ക് പോയവരാരും തിരികെ വന്നിട്ടില്ല.   നിഗൂഢ ശക്തികളുടെ നിയന്ത്രണത്തിലുള്ള ആ കാട്ടിലേക്കാണ് അതിന്റെ രഹസ്യമന്വേഷിച്ച് മിഥുൻ യാത്ര പോകുന്നത്.  അവിടെ വച്ച് അവന് ഒന്നുമെഴുതാത്ത ഒരു പുസ്തകം ലഭിക്കുന്നു, എന്നാൽ അതിലൂടെ അവൻ തിരിച്ചറിഞ്ഞതും അനുഭവിച്ചറിഞ്ഞതും കാന്തമലയുടെ ചരിത്രം തന്നെ ആയിരുന്നു.

എന്താണ് കാന്തമലയും ഈജിപ്തിലെ ഫറവോയും തമ്മിലുള്ള ബന്ധം? ഒരുപാട് രഹസ്യങ്ങളുടെ ഉത്തരങ്ങൾ ആണ് മൂന്ന് പുസ്തകങ്ങളിലായി നമ്മെ കാത്തിരിയ്ക്കുന്നത്.   ചരിത്രവും കൽപ്പനയും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കഥയിലൂടെ കടന്നു പോകുമ്പോൾ ഇവ തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നതും വായനക്കാർക്ക് അനുഭവിച്ചറിയാം. 

ഒന്നാം ഭാഗം റിലീസ് ചെയ്ത് കൃത്യം ഒരു വർഷത്തിനു ശേഷം ഇറങ്ങിയ 'അറോലക്കാടിന്റെ രഹസ്യം' എന്ന രണ്ടാം ഭാഗത്തിൽ ആഴവർ നമ്പിയും ഉദയനും ചിന്നത്തായിയും കരിമലയരയനും ബാബറും കടുത്തയും നീലിയും കാളിയനും ആദം സബ്രയും നേഫ്രിതിതിയും  മലയരയരും തുറയരയരും ശബരിമല കാടുകളും പാണ്ട്യ രാജ്യവും  മൂവായിരം വർഷം മുൻപത്തെ ഈജിപ്തും അവിടുത്തെ ഫറവോമാരും ഒക്കെ നിറഞ്ഞാടുകയാണ്.  രത്തപ്പറവൈ എന്ന പ്രാകൃതവും ക്രൂരവുമായ ശിക്ഷാരീതിയിലൂടെ നിലയ്ക്കൽ കാവൽ പടത്തലവനായ കുഞ്ഞമ്പു ചേകോനെ ചിന്ന കൊലപ്പെടുത്ത വിവരണം  ഏതൊരു വായനക്കാരനും ഉൾക്കിടിലത്തോടെ അല്ലാതെ വായിച്ചു മുഴുമിപ്പിയ്ക്കാൻ ആകില്ലെന്നുറപ്പ്.

ഈ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ഏതാണ്ടു രണ്ടര വർഷങ്ങങ്ങൾക്ക് ശേഷമാണ് മൂന്നാമത്തെയും അവസാനത്തെയും ഭാഗമായ യുദ്ധകാണ്ഠം ഇറങ്ങുന്നത്.

"ജീവന്റെ കല്ല്" വീണ്ടെടുക്കാനും സംരക്ഷിയ്ക്കാനും സ്വന്തം ജീവൻ പോലും കളയാൻ തയ്യാറായ ഒരു കൂട്ടം ആളുകളുടെ ത്രസിപ്പിയ്ക്കുന്ന പോരാട്ടം ആണ് മൂന്നാം ഭാഗം. ഇതിൽ മണികണ്ടനും മിഥുനും ശ്രീജിത്തിനും ഒപ്പം  വാവരും വെളുത്തച്ചനും  പഞ്ചമിയും പൂങ്കൊടിയും കമ്മാരപ്പണിക്കരുമെല്ലാം വായനക്കാരെ ഹരം കൊള്ളിയ്ക്കുന്നുണ്ട്. ഇവർക്ക്  ഒപ്പം മൂവായിരം വർഷങൾക്ക് മുൻപത്തെ ഈജിപ്തിൽ നിന്ന്  തുത്തമോസ്,   അഖിനാതെൻ,  നെഫ്രിതിതി,  നെഹസി,  താമോസ്, സെമ്പുലി ... അങ്ങനെ ഒരുപിടി കഥാപാത്രങ്ങൾ.  ഒന്നാം ഭാഗവും രണ്ടാം ഭാഗവും ബാക്കി വച്ചത് എല്ലാം ഈ മൂന്നാം ഭാഗത്തിൽ പൂരിപ്പിയ്ക്കപ്പെടുന്നുണ്ട്.

 ചരിത്രകഥകളിലെ വീര മണികണ്ഠനെ  മലയരയരുടെ കണ്ടന്റെ മകൻ മണികണ്ടനായി അവതരിപ്പിക്കുന്ന കഥാകൃത്ത് നാമറിയാത്ത, അഥവാ സൗകര്യപൂർവ്വം വിസ്മൃതിയിലാക്കിയ  ഗോത്രവംശജരുടേതു കൂടിയായ യഥാർത്ഥ  ചരിത്രത്തിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കു കൂടിയാണ് ഈ പുസ്തകങ്ങങ്ങളിലൂടെ നമുക്ക് നൽകുന്നത്.  

മൂവായിരം വർഷങ്ങൾക്ക് മുൻപുള്ള ഈജിപ്തിലെ ഫറവോമാരെയും നെഹസിയുടെ മെഡ്ജെയ് പ്രസ്ഥാനത്തിലെ പോരാളികളെയും ആയിരം വർഷം മുൻപുള്ള പാണ്ട്യരെയും ആഴ് വർ നമ്പിയുടെ കൊണ്ടെയ് വീരന്മാരെയും ഈ ആധുനിക കാലത്തുള്ളവരെയും ഒരുമിച്ചു ഒരൊറ്റ ക്യാൻവാസിൽ യുക്തിഭദ്രമായി അവതരിപ്പിയ്ക്കുക എന്നത് നിസ്സാര കാര്യമല്ല. അവിടെ അറോലക്കാടിനെ കൊള്ളയടിയ്ക്കാൻ വന്നവരും ആ രഹസ്യം സംരക്ഷിക്കാൻ ഇറങ്ങിയവരും എല്ലാം ഒത്തു ചേരുന്നു. 

ഈ കഥാപാത്രങ്ങൾക്കൊപ്പം ഈജിപ്തിലെ മരുഭൂമിയിലൂടെയും അറോല കാടുകളിലൂടെയും ഉള്ള ഒരു ഗംഭീര യാത്രയാണ് ഈ പുസ്തകം. അവിടെ നാം നടുക്കുന്ന യുദ്ധ രംഗങ്ങൾ കാണും...  രക്തം മരവിപ്പിയ്ക്കുന്ന കൊടും ക്രൂരതകൾക്ക് സാക്ഷിയാകും... ചിലപ്പോൾ  ടൈം ട്രാവൽ ചെയ്യും. ടൈം ലൂപ്പിൽ പെട്ട് ഉഴറും. 

മലയാളത്തിൽ  ഇത്തരത്തിലുള്ള കഥകൾ തീർച്ചയായും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പുസ്തകങ്ങൾക്കായി വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ നടത്തിയ വിഷ്ണുവിന് എല്ലാ ഭാവുകളും... ഒപ്പം കാന്തമല ചരിതം പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേയ്ക്ക് എത്തട്ടെ എന്നും ആശംസിയ്ക്കുന്നു. പുതിയ പുസ്തകങ്ങൾക്കായി കാത്തിരിയ്ക്കുന്നു.


- ശ്രീ

Monday, January 8, 2024

സസ്പെൻസ് ജീൻ

 പുസ്തകം :  സസ്പെൻസ് ജീൻ

രചയിതാവ് : രജത് ആർ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ബുക്ക്സ്

പേജ് : 254

വില : 310

Rating : 4.25/5


പുസ്തക പരിചയം :


ഒന്നാം ഫോറൻസിക് അദ്ധ്യായം, ബോഡി ലാബ് എന്നീ നോവലുകൾക്ക് ശേഷം ഡോക്ടർ രജത് ന്റേതായി പുറത്തിറങ്ങിയ മെഡിക്കൽ ത്രില്ലർ ആണ് സസ്പെൻസ് ജീൻ.

അദ്ദേഹത്തിന്റെ മുൻ രചനകളിൽ ഒന്നെങ്കിലും വായിച്ചിട്ടുള്ളവർക്ക് എഴുത്തിൽ ഉള്ള രജത് ഡോക്ടറുടെ മികവിനെ പറ്റി ഒരു സംശയവും ഉണ്ടാകാനിടയില്ല. എന്നിരുന്നാൽ തന്നെയും മുൻ പുസ്തകങ്ങളെ ബഹുദൂരം പിന്നിലാക്കുന്നത്ര മികവ് അവകാശപ്പെടാൻ കഴിവുള്ള പുസ്തകം ആണ് സസ്പെൻസ് ജീൻ.

ഓരോ മനുഷ്യരിലും സവിശേഷമായ ചില ജീനുകള്‍ ഉണ്ടത്രേ! മനുഷ്യ ശരീരങ്ങളിലുള്ള ആ ജീനുകളുടെ ഘടനകളിൽ ഉണ്ടാകാവുന്ന വ്യതിയാനങ്ങൾക്കും പ്രത്യേകതകൾക്കും അനുസരിച്ച് ഓരോ മനുഷ്യനും വ്യത്യസ്ത കഴിവുകളും ശാരീരികാവസ്ഥകളും... എന്തിനു സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളും പോലും മാറിവരുന്നു. 

കർണ്ണാടകയിലെ പവിത്ര മഠ് മെഡിക്കൽ കോളേജിൽ  നടക്കുന്ന മരണങ്ങൾക്ക് പിന്നിലെ ദുരൂഹതകളിലെയ്ക്കുള്ള ഒരു അന്വേഷണം ആണ് ഈ നോവൽ.

മുൻപ് ബോഡി ലാബ് എന്ന പുസ്തകത്തിലേത് പോലെ തന്നെ ആ ആശുപത്രിയും പരിസരവും നാനോലാബിലെ ഇടനാഴികളും എല്ലാം തന്നെ ഒരു സിനിമയിൽ എന്നത് പോലെ നമ്മുടെ മനസ്സിൽ കാണിച്ചു തരുവാൻ സാധിയ്ക്കുന്നത്ര ഭംഗിയായിട്ടാണ് ഡോക്ടർ രജത് ഈ നോവൽ എഴുതിയിരിയ്ക്കുന്നത്.  ഇത് പോലുള്ള ഒരു  മെഡിക്കൽ  പശ്ചാത്തലത്തിലുള്ള കഥയെ നല്ല അച്ചടക്കത്തോടെ, വായനാ സുഖം നഷ്ടപ്പെടുത്താതെ ഒട്ടും തന്നെ ബോറടിപ്പിയ്ക്കാതെ... എന്നാൽ വിശദാംശങ്ങൾ സാധാരണക്കാരന് പോലും മനസ്സിലാക്കാൻ കഴിയും വിധം വിവരിച്ചു കൊണ്ട് എഴുതി തീർക്കുക എന്നത് തീർച്ചയായും അഭിനന്ദനാർഹമാണ്.

കേന്ദ്ര കഥാപാത്രമായി വരുന്ന ഡോക്ടർ ഹരീഷിന്റെ പഠന കാലം മുതൽ പത്ത് പതിനഞ്ചു  വർഷത്തോളം വരുന്ന കാലയളവുകൾക്കുള്ളിൽ  പവിത്ര മഠ് മെഡിക്കൽ കോളേജിലും അതിനോട് ചേർന്നു നിൽക്കുന്ന റിസർച്ച് ലാബായ നാനോ ലാബിലും  നടക്കുന്ന ചില സംഭവങ്ങൾ ആണ് കഥയുടെ കാതൽ.

 അര്‍ബുദത്തിനെതിരേ പ്രയോഗിയ്ക്കാവുന്ന  'നാനോ മരുന്ന്‌' വികസിപ്പിച്ചെടുക്കാനുള്ള ലക്ഷ്യത്തിൽ ആണു ഡോക്ടർ ഹരീഷ്. ഒരു രാത്രിയിൽ എന്തോ ശബ്ദം കേട്ട് പുറത്തിറങ്ങുന്ന ഹരീഷ് ആശുപത്രിയിലെ ഒരു  ഇരുട്ടുമുറിയില്‍ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ തിളങ്ങുന്ന ശവശരീരം കണ്ട് ഭയക്കുന്നു. എന്നാൽ അത് ഒരു മായക്കാഴ്ച ആണോ എന്ന് ഉറപ്പിയ്ക്കാൻ കഴിയാതെ ഹരീഷ് വിഷമിയ്ക്കുന്നു, പതിയെ ആ സംഭവം മറക്കുന്നു. എന്നാൽ ഒന്നിന് പുറകെ ഒന്നായി അസ്വാഭാവികവും ദുരൂഹവുമായ സംഭവങ്ങൾ നടക്കാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

 ജീവൻ രക്ഷിക്കാനുള്ള മരുന്നിനായി വർഷങ്ങളോളം പരീക്ഷണങ്ങൾ നടത്തുന്നത് പലപ്പോഴും വലിയ വാർത്തയാകാറുണ്ട്. എന്നാൽ മരുന്നു പരീക്ഷണങ്ങൾ പരാജയമാകുന്നതിന്റെ അനന്തര ഫലമായുണ്ടാകുന്ന,  ഉപയോഗ്യശൂന്യമായതെന്ന് കരുതുന്ന പല ബൈ പ്രോഡക്റ്റുകളുടെയും മാരകശേഷി നാം അറിയാതെ പോകുന്നു. അപ്പോൾ അവ അനർഹമായ കൈകളിൽ എത്തിയാലോ?

ദുരൂഹമായ അനുഭവങ്ങളും മരണങ്ങളും അവിടെ ഒരു തുടർക്കഥ ആകുമ്പോൾ ആ ദുരൂഹതയുടെ ചുരുളഴിയ്ക്കാൻ ഇൻസ്‌പെകടർ ശേഖറിന് ഒപ്പം ഡോക്ടർ ഹരീഷും കൈ കോർക്കുന്നു.  

ഏതുനിമിഷവും നമുക്ക് പ്രിയപ്പെട്ടവരെ വേർപിരിയേണ്ടിവന്നേക്കാം. അതൊന്നും നമ്മുടെ കൈയിലല്ല. എന്നാൽ അവസാനശ്വാസംവരെ അവർക്കു വേണ്ടി കഴിയുന്നതെല്ലാം ചെയ്യാനാവുമ്പോഴാണ് ബന്ധങ്ങൾക്ക് പൂർണ്ണതയുണ്ടാവുന്നത്.

കോവിഡ് കാലഘട്ടത്തിലൂടെ കടന്നു പോകുന്ന നോവലിന്റെ അവസാന ഭാഗത്ത് ഈ വാചകം നമ്മെ ഒന്ന് മനസ്സിരുത്തി ചിന്തിപ്പിയ്ക്കുന്നുണ്ട് .

ആ കാലഘട്ടത്തിലെ ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും ബുദ്ധിമുട്ടുകളും അവരുടെ ആത്മാർഥതയും പരിശ്രമങ്ങളും എല്ലാം  ഒരിയ്ക്കൽ കൂടി   ഓർമ്മപ്പെടുത്തുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട് നോവലിലൂടെ.

ത്രില്ലർ പ്രേമികളായ വായനക്കാർക്ക് ഒരു സംശയവും കൂടാതെ വായിയ്ക്കാൻ തിരഞ്ഞെടുക്കാവുന്ന നല്ലോരു നോവൽ ആണ് സസ്പെൻസ് ജീൻ


ശ്രീ

Friday, December 15, 2023

ആനോ

 പുസ്തകം :  ആനോ

രചയിതാവ് : ജി. ആർ ഇന്ദുഗോപൻ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ഡി സി ബുക്ക്സ്

പേജ് : 544

വില : 699

Rating : 4/5

പുസ്തക പരിചയം :

1962ൽ വിശുദ്ധനഗരമായ വത്തിക്കാനിൽ ഗ്രന്ഥശാലയ്ക്ക് സമീപം കുഴിയെടുത്തപ്പോൾ അതിൽ നിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങളും പല്ലും കിട്ടി. ഇതിന്റെ രഹസ്യമറിയാൻ പിന്നെയും 25 വർഷങ്ങൾക്ക് ശേഷം ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹമാണു അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം ലോകത്തിനു മുൻപിൽ പരസ്യമാക്കുന്നത്.

 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് മാലിണ്ടി (കെനിയ) വഴി ഗുഡ് ഹോപ്‌ മുനമ്പിലെയ്ക്കും ഏതാണ്ട് ആറു മാസത്തെ യാത്രയ്ക്ക് ഒടുവിൽ പൊർച്ചുഗലിലെ ലിസ്ബൻ വഴി റോമിലേയ്ക്കും എത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു മലയാളിയായ ആനക്കുട്ടി - കേശവന്റെ അഥവാ "ആനോ"യുടെ കഥ. 

 മലയാളികളുടെ ദീർഘദൂര പ്രവാസം ഒരു പക്ഷെ ഈ കാലഘട്ടത്തിൽ ആകാം ആരംഭിച്ചത്. റോമിൽ നിന്ന് ഒരു ആനയും (കേശവൻ/ആനോ) പാപ്പാനും(ചീരൻ)  കഥ പറയുന്ന അപൂർവ്വമായ നോവൽ ആണ് ജി ആർ ഇന്ദുഗോപന്റെ ആനോ.

 ദീർഘ ഗവേഷണങ്ങളുടെ സഹായത്തോടെ, ഏതാണ്ടു പത്ത് വർഷത്തെ പ്രയത്നം കൊണ്ട് ഒരുപാട് റിസർച്ചുകൾക്ക് ശേഷം രൂപപ്പെടുത്തി എടുത്തത് ആണ് ഈ നോവൽ എന്ന് കഥാകൃത്ത് പറയുന്നു.

1500 കളിലെ കേരളത്തിലെ നാട്ടു രാജ്യങ്ങളുടെ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണാധികാരികളുടെയും പ്രഭുക്കന്മാരുടെയും അടിയാളന്മാരുടെയും അവസ്ഥകളും വ്യക്തമായും മനസ്സിലാക്കാൻ നോവലിന്റെ തുടക്കം മുതൽ സാധിയ്ക്കുന്നുണ്ട്. 

വാസ്കോ ഡ ഗാമ 1498ൽ കോഴിക്കോട് കപ്പലിറങ്ങിയതിന്റെ കഥകളേ നമ്മൾ  കൂടുതലും പറഞ്ഞു കേട്ടിട്ടുള്ളൂ. എന്നാൽ മാർക്കോപോളോ നടത്തിയ ലോക യാത്രകൾക്ക് ശേഷം വെനീഷ്യക്കാരൻ നിക്കോളോ ഡി കോൻടി തന്റെ മുപ്പത് വർഷങ്ങൾ കൊണ്ട് നടത്തിയ യാത്രകളിൽ നിന്ന് കിട്ടിയ അറിവുകൾ ചേർത്ത്  എഴുതിയ പുസ്തകം പിന്നീട് സഭയുടെ ഉടമസ്ഥതയിൽ പല ഭാഷകളിൽ  പ്രസിദ്ധീകരിച്ചതും ആ പുസ്തകത്തിന്റെയും, പ്രതീക്ഷാ മുനമ്പ് വരെ യാത്ര ചെയ്ത് അതിനപ്പുറം ഇന്ത്യ ഉണ്ട് എന്ന് ഉറപ്പ് നൽകിയ ബാർത്തലോമിയൊ ഡയസ് ന്റെയും സഹായത്തോടെയാണു ഗാമ പിന്നീട് ഇന്ത്യയിലെയ്ക്ക് വന്നത് എന്നതും പലർക്കും അജ്ഞാതമാണ്.  

ആദ്യമായി കേരളത്തിൽ കാലു കുത്തിയത് ഗാമ അല്ല, 'ജോവോ നൂനിസ്' എന്ന തടവുകാരനെ ആണു ഗാമ പരീക്ഷണാർത്ഥം തീരത്തെയ്ക്ക് അയച്ചത് എന്നും രണ്ടു ദിവസം കഴിഞ്ഞ് എല്ലാം സുരക്ഷിതം ആണെന്ന് ഉറപ്പ് കിട്ടിയിട്ടാണ് ഗാമ കപ്പലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയുള്ളൂ എന്നും ഈ നോവൽ വഴി കഥാകൃത്ത്  വെളിപ്പെടുത്തുന്നു. നില നിൽപ്പിനു വേണ്ടിയുള്ള പ്രാദേശിക നാട്ടു രാജാക്കന്മാരുടെ തമ്മിലടികളും മത്സരവും വിദേശികൾ മുതലെടുത്തത് എങ്ങനെ എന്ന് നോവലിൽ വ്യക്തമാക്കുന്നുണ്ട്.  

ബ്രസീൽ കണ്ടെത്തിയ പെഡ്രോ അൽവാരിസ് കബ്രാൾ ന്റെ കേരളാ സന്ദർശനവും അറബികളുമായ് നടത്തിയ യുദ്ധവും എല്ലാം പരാമർശ വിധേയമാകുന്നുണ്ട്. അതു പോലെ കോളമ്പസ് ആണ് അമേരിയ്ക്ക ആദ്യമായി കണ്ടെത്തിയത് എന്നിരിയ്ക്കലും അമരിഗോ വെസ്പൂചിയുടെ കുടുംബത്തിന്റെ സ്വാധീനം കാരണം കൊണ്ടാണ് ആ ഭൂഖണ്ഡത്തിനു പേരിട്ടപ്പോൾ അമേരിക്ക എന്നായത് എന്നതുമെല്ലാം വായനക്കാരിൽ കൗതുകം ജനിപ്പിയ്ക്കുന്ന അറിവുകളാണ്.  

അതു പോലെ റോമിൽ മാർപ്പാപ്പയാകാൻ പരസ്പരം പോരടിച്ചിരുന്ന നിലവിലെ കർദ്ദിനാൾമാരിൽ ശക്തരായ റിയെറിയൊയുടെ റോവറ കുടുംബവും ജോവന്നയുടെ മെഡിചി കുടുംബവും തമ്മിൽ നില നിന്നിരുന്ന മത്സരവും രക്തപങ്കിലമായ കുടുംബ ചരിത്രവുമെല്ലാം വായനക്കാരെ അതിശയിപ്പിയ്ക്കും. അധികാരത്തിനും ആർഭാടത്തിനും വേണ്ടി ശക്തമായ മത്സരം എന്നും എക്കാലവും ഉണ്ടെന്ന് ഈ അറിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

കശുവണ്ടി അഥവാ പറങ്കിയണ്ടി പോർച്ചുഗലിന്റെ സംഭാവന ആയിരുന്നുവെന്ന് അറിയുമായിരുന്നുവെങ്കിലുംപപ്പായ (അഥവാ കപ്പങ്ങ/ഒമയ്ക്ക) യും കപ്പലണ്ടിയും എല്ലാം അതു പോലെ കടൽ കടന്നു വന്നവർ ആണെന്നും കപ്പലിൽ യാത്ര ചെയ്ത് വന്നത് കൊണ്ടാണ് അവയ്ക്ക് ആ പേര് വന്നതെന്നും ഉള്ളതെല്ലാം എനിയ്ക്കും പുതിയ അറിവുകൾ ആയിരുന്നു.

ഈ നോവലിന്റെ കഥ നടക്കുന്ന കാലഘട്ടത്തിൽ മലയാള ഭാഷ രൂപപ്പെട്ടിട്ടില്ല. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ചന്റെ ഭാഷയെ ഏകോപിപ്പിയ്ക്കാനുള്ള ശ്രമങ്ങളെ പറ്റിയും ജാതി വിവേചനം ഇല്ലാതെ എല്ലാവർക്കും അറിവ് പകരാനുള്ള ശ്രമങ്ങളെ പറ്റിയും ചെറുതായ പരാമർശം നോവലിൽ വരുന്നുണ്ട്. അതു പോലെ ആനോയും ചീരനും ഒപ്പം റോമിൽ ആക്കാലത്തെ പ്രശസ്ത ചിത്രകാരന്മാരും ശില്പികളും ആയ ലിയാണാർഡൊ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേൽ എന്നിവർക്കും പുരൊഹിതനായിരുന്ന മാർട്ടിൻ ലൂഥറിനും എല്ലാം കഥയിൽ പ്രസക്തമായ റോളുകൾ  ഉണ്ട്.

ആനോ എന്ന ഈ നോവൽ വെറുമൊരു ആനയുടെയും ആനക്കാരന്റെയും കഥ മാത്രമല്ല മണ്മറഞ്ഞു പോയ അഞ്ഞൂറ് കൊല്ലം മുൻപത്തെ ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടി ആകുകയാണ്.

എന്നും ഉദ്വേഗപൂർണ്ണമായ  വായനകൾ നമുക്ക് സമ്മാനിക്കാറുള്ള ഇന്ദുഗോപനിൽ നിന്ന് ലഭിച്ച വേറിട്ട ഒരു പുസ്തകം തന്നെ ആണ് ആനോ.


ശ്രീ

Friday, November 10, 2023

സനാരി

 പുസ്തകം :  സനാരി 

രചയിതാവ് : മാനുവൽ ജോർജ്

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  മനോരമ ബുക്ക്സ്

പേജ് : 300

വില : 390

Rating : 4.25/5


പുസ്തക പരിചയം :

തികച്ചും പുതുമയുള്ള ഒരു മിസ്റ്ററി ത്രില്ലർ നോവൽ ആണ് മാനുവൽ ജോർജിന്റെ 'സനാരി'.  തുടക്കം മുതൽ അവസാന അദ്ധ്യായം വരെ ഉദ്വേഗം നില നിർത്തിക്കൊണ്ട് ശുദ്ധമായ ഭാഷയിൽ നല്ല വായനാസുഖം തരുന്ന മനോഹരമായൊരു കഥ. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലർ തന്നെയാണ് സനാരി.  വെറുമൊരു  ത്രില്ലർ എന്ന നിലയ്ക്ക് അല്ല,  നല്ല ആഴത്തിലുള്ള കഥയും ഈ നോവലിനെ മികച്ചതാക്കുന്നു.   

കഥ നടക്കുന്നത് 90 കളുടെ അവസാന കാലത്തിലാണ്. പോലീസ് സൂപ്രണ്ട് രാജ് മോഹനു അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പഴയ പുസ്തകങ്ങളുടെ വില്പനക്കാരൻ ആയ ബാബു  ഒരു പഴയ ബൈബിൾ സംഘടിപ്പിച്ചു കൊടുക്കുന്നു. 1968 ലെ ആ ബൈബിളിൽ നിന്ന് അദ്ദേഹം ഒരു പഴയ കല്യാണക്കുറി കണ്ടെത്തുന്നു. മുപ്പതു വർഷത്തിലേറെ  പഴക്കമുള്ള ആ ക്ഷണക്കത്തിന്റെ പുറകിലെ കുറച്ചു കറുത്ത വിരലടയാളങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിയ്ക്കുന്നു. ഒരു പോലീസുകാരനായത് കൊണ്ടാകാം അത് രക്തത്തിൽ മുക്കിയ വിരലട്ടയാളങ്ങൾ ആകാമെന്ന് അദ്ദേഹം സംശയിയ്ക്കുന്നു. കൃത്യം 42 വിരല്പാടുകൾ. അടിയിൽ BEAR എന്ന വാക്കും. ആ 1968 ലെ ക്ഷണക്കത്തിൽ നിന്ന് ഒരു കൗതുകം കൊണ്ട് മാത്രം അദ്ദേഹം പ്രൈവറ്റ് ആയി അന്വേഷണം ആരംഭിയ്ക്കുന്നു. കൂട്ടിന് അദ്ദേഹത്തിന്റെ സുഹൃത്തും  ഗുരുവും രക്ഷാകർത്താവും ഒക്കെ ആയ അലോഷ്യസ് അച്ചനും. ആ തുടരന്വേഷണം ചെന്നെത്തുന്നത് കർണ്ണാടകത്തിലെ സനാരി ഗ്രാമത്തിലാണ്. 

വർഗീയ ലഹളകളാൽ ഭീകരമായ സാഹചര്യം നേരിട്ടുന്ന സനാരി ഗ്രാമം യഥർത്ഥത്തിൽ ഇന്നത്തെയും കലാപ വാർത്തകളെ ഓർമ്മിപ്പിയ്ക്കുന്നു. ജാതിയുടെയും വർഗീയതയുടെയും പേരിൽ പരസ്പരം പോരടിയ്ക്കുന്ന ജന വിഭാഗങ്ങളും അവയുടെ മറവിൽ മുതലെടുക്കുന്ന രാഷ്ട്രീയക്കാരും നിയമപാലകരും. സനാരിയിലെ കിരീടം വയ്ക്കാത്ത രാജാവ് ശ്രീറാമും അദ്ദേഹത്തിന്റെ സന്തത സഹചാരിയായ അലിയും അവരുടെയും കുടുംബങ്ങളുടെയും  സൗഹൃദവും ശ്രീറാമിൽ പിന്നീട് വരുന്ന മാറ്റങ്ങളും അവസാനത്തെ പരിവർത്തനങ്ങളും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു, നോവലിൽ.

ഇവിടെ രാജ് മോഹന്റെ അന്വേഷണവും  കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തന്നെയാണു അന്വേഷിയ്ക്കുന്നത് എന്ന ഒരു പ്രത്യേകതയും നോവലിനുണ്ട്. അവസാനം കുറ്റം കണ്ടെത്തുമ്പോഴാകട്ടെ ഒരു ഗ്രാമത്തിലെ ഒട്ടനേകം പേരുടെയും  തലമുറകളുടെ തന്നെയും വിധി മാറ്റുന്ന ഒന്നായിരുന്നു അതെന്നതും  ചതിയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ പ്രതികാരമായിരുന്നു അതെന്നതും അവർ തിരിച്ചറിയുന്നു.

"ഇരുളിലിരിപ്പവനാരു? ചൊൽക നീയെന്നൊരുവനുരപ്പതു കേട്ടു താനുമേവം അറിവതിനായവനോടു “നീയുമാരെ ന്നരുളുമിതിൻ പ്രതിവാക്യമേകമാകും"

ആത്മോപദേശശതകത്തിൽ ശ്രീനാരായണഗുരു പറഞ്ഞത് പോലെ 'ഞാനാര്' എന്ന ചോദ്യത്തിന്റെ ഉത്തരം 'നീയാര്' എന്ന ചോദ്യത്തിന്റെ അതേ ഉത്തരം തന്നെ എന്ന തിരിച്ചറിവ് വായനക്കാർക്ക് കൂടി ആഴത്തിൽ ചിന്തിയ്ക്കാൻ ബാക്കി വച്ചു കൊണ്ടാണ് നോവൽ അവസാനിയ്ക്കുന്നത്. അതാകാം അവസാന അദ്ധ്യായം പെട്ടെന്ന് അവസാനിപ്പിചത്. അതു കൊണ്ട് തന്നെ അവസാന താളിന് ശേഷവും സനാരി അവസാനിയ്ക്കുന്നില്ല. പല കഥാപാത്രങ്ങളും, ഒപ്പം നോവലിന്റെ  ആത്മാവു തന്നെയും വായനക്കാരനൊപ്പം കൂടെ പോരുന്നു.


- ശ്രീ

Monday, October 30, 2023

സ്‌നൈപ്പർ

 പുസ്തകം :  സ്നൈപ്പർ 

രചയിതാവ് : ശശി വാര്യർ

പരിഭാഷ : യാമിനി

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  പൂർണ്ണ പബ്ലിക്കേഷൻസ്

പേജ് : 312

വില : 150

Rating : 4/5


പുസ്തക പരിചയം :

'കേണൽ രാജ' നായകൻ ആയ 'അണലി', 'അനാഥൻ' എന്നീ ത്രില്ലർ നോവലുകൾക്ക് ശേഷം ശശി വാര്യരുടെതായി പുറത്തിറങ്ങിയ മറ്റൊരു ഗംഭീര വർക്ക് ആണ് സ്നൈപ്പർ. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ അപകടകാരിയും ഒരു ഷാർപ്പ് ഷൂട്ടറുമായ  ഒരു നോർത്തിന്ത്യൻ വാടക കൊലയാളി കേന്ദ്ര കഥാപാത്രമാകുന്ന കഥയാണ് ഇത്.

ഇന്ത്യൻ പട്ടാളക്കാരുടെ വലയിൽ നിന്ന് വിദഗ്ദമായി രക്ഷപ്പെട്ട് സൗത്ത് ഇന്ത്യയിലെയ്ക്ക് രക്ഷപ്പെടുകയാണ് അതി ക്രൂരനായ ഒരു സ്നൈപ്പർ. ഇന്ത്യൻ സൈന്യം ലഫ്റ്റ്നന്റ് കേണൽ ഈശ്വരന്റെ നേതൃത്വത്തിൽ ഈ സ്നൈപ്പറെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുന്നു. 

അതേ സമയത്ത് ഇങ്ങ് കൊച്ചി നഗരത്തിൽ ഈശ്വരന്റെ മകൾ പ്രിയയെ കാണാതാകുന്നു. പോലീസിൽ പരാതി കൊടുത്തെങ്കിലും അവരുടെ അലംഭാവം കാരണം അന്വേഷണം ഒന്നും വേണ്ട പോലെ നടക്കുന്നില്ല.  തുടർന്ന് നീണ്ട അന്വേഷണത്തിനൊടുവിൽ ഒരു പെൺകുട്ടിയുടെ പൊള്ളലേറ്റ്, കത്തിക്കരിഞ്ഞു വികൃതമാക്കപ്പെട്ട, തലയില്ലാത്ത മൃതദേഹം കണ്ടു കിട്ടുന്നു. ആ മൃതദേഹം പ്രിയയുടെത് ആണെന്ന് തിരിച്ചറിയുന്ന കേണൽ ഈശ്വരൻ നാട്ടിലെയ്ക്ക് തിരിയ്ക്കുന്നു. 

ഈശ്വരന്റെ മകൾ പ്രിയയുടെ സുഹൃത്തായ പെൺകുട്ടി, പ്രിയയുടെ മരണവാർത്ത അറിഞ്ഞതിന് തൊട്ടു  പുറകെ ആത്മഹത്യ ചെയ്യുന്നു. ആ കുട്ടിയുടെ അച്ഛൻ ആയ മൂർത്തി എന്നയാളെ ഈശ്വരൻ മരണാനന്തര ചടങ്ങിനിടെ പരിചയപ്പെടുന്നു. എന്നാൽ അയാൾ ആരെയോ ഭയപ്പെടുന്നതിനാൽ ഒന്നും വ്യക്തമായി സംസാരിയ്ക്കാൻ കൂട്ടാക്കുന്നില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം പോലീസിൽ പരാതി കൊടുക്കാൻ ധൈര്യം കാണിയ്ക്കുന്ന മൂർത്തി  ആ രാത്രിയിൽ ക്രൂരമായി കൊല്ലപ്പെടുന്നു.

ഉന്നതങ്ങളിൽ പോലും പിടിപാടുള്ള ഒരു വിചിത്ര മനുഷ്യനായ 'നരച്ച മനുഷ്യൻ' എന്ന പേരിൽ അറിയപ്പെടുന്ന അതി ക്രൂരനായ ഒരാളാണു ഈ സംഭവങ്ങളുടെ എല്ലാം  പിന്നിലുള്ളത്.  അന്വേഷണച്ചുമതലയുള്ള പോലീസ് പോലും ഈ മനുഷ്യന്റെ  ആളാണ്.

കേണൽ ഈശ്വരൻ അന്വേഷണം എങ്ങുമെത്താതെ നിസ്സാഹായണാകുന്നു. എല്ലാം മറന്ന്, സ്വന്തം ഭാര്യയുടെയും ജേഷ്ഠ സ്ഥാനീയൻ ആയ കാര്യസ്ഥന്റെയും  ശാപ വാക്കുകൾ പോലും  വക വയ്ക്കാതെ അദ്ദേഹം  ഉദ്യോഗ സ്ഥലത്തേയ്ക്ക് തിരികെ പോകുന്നു. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ആരും തിരിച്ചറിയുന്നില്ല.

 കുറച്ചു മാസങ്ങൾക്ക് ശേഷം ഉദ്യോഗം രാജിവച്ച് കേണൽ ഈശ്വരൻ  നാട്ടിലെത്തുന്നു. മകളുടെ മരണത്തിന് പ്രതികാരം വീട്ടാനും അതിന്റെ പിന്നിലുള്ള സംഘത്തെ തകർക്കാനുമുള്ള അദ്ദേഹത്തിന്റെയും എന്തിനും പോന്ന  അദ്ദേഹത്തിന്റെ ഗൂർഖാ സഹായിയുടെയും പ്രതികാര കഥയാണ് സ്നൈപ്പർ. ഒട്ടനേകം ഉദ്വേഗ ജനകമായ മുഹൂർത്തങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് സ്നൈപ്പർ. ത്രില്ലർ പ്രേമികൾ തീർച്ചയായും വായിച്ചിരിയ്ക്കേണ്ടത് തന്നെ.

- ശ്രീ