Saturday, June 3, 2017

ജൂണ്‍ മാസത്തിലെ മഴയോര്‍മ്മകള്‍


ജൂണ്‍ മാസങ്ങള്‍ എന്നും മനസ്സിലുണര്‍ത്തുന്നത് തകര്‍ത്തു പെയ്യുന്ന ഇടവപ്പാതിയുടെ ഓര്‍മ്മകളാണ്.  ഒപ്പം പുസ്തകങ്ങളെ മാറോടടക്കിപ്പിടിച്ച് ഒരൊറ്റ കുടയില്‍ രണ്ടും മൂന്നും ചങ്ങാതിമാരോടൊപ്പം നനഞ്ഞൊട്ടിയ സ്കൂള്‍ യൂണിഫോമും ധരിച്ച് പള്ളിക്കൂടത്തിലേയ്ക്കുള്ള യാത്രകളും.

ഓരോ വര്‍ഷത്തെയും ആദ്യത്തെ അദ്ധ്യയന ദിവസം മഴയുടെ അകമ്പടിയോടെയായിരിയ്ക്കും... ഒന്നാം ക്ലാസ്സുകളില്‍ ആദ്യമായി ചേരാന്‍ വരുന്നവരാണെങ്കില്‍ അച്ഛനമ്മമാരെ കാണാതാകുമ്പോള്‍  മഴയോടും മത്സരിച്ച് ക്ലാസ്സ് മുറികളില്‍ ആര്‍ത്തലച്ച് ' പെയ്യാന്‍ ' തുടങ്ങിക്കാണും.

ഞാന്‍‌ ഒന്നാം ക്ലാസ്സു മുതല്‍‌ മൂന്നാം ക്ലാസ്സു വരെ പഠിച്ചിരുന്ന കൊരട്ടി കോണ്‍‌വെന്റ് സ്കൂളിന്റെ ജൂണ്‍ മാസ ഓര്‍മ്മകളിലായാലും അതിനു ശേഷം നാലു മുതല്‍ പത്തു വരെ പഠിച്ചിരുന്ന വാളൂര്‍ സ്കൂളിന്റെ ജൂണ്‍ മാസ ഓര്‍മ്മകളിലായാലും മഴ ഒഴിച്ചു കൂടാനാകാത്ത കൂട്ടുകാരനായിരുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍ സ്കൂള്‍ ഗേറ്റ് കടക്കുമ്പോഴേയ്ക്കും കാണാം, നിരവധി കുടകള്‍ മുട്ടിയുരുമ്മി പല ക്ലാസ്സുകളിലേയ്ക്കായി വഴി തിരിഞ്ഞു പോകുന്നത്... ഇടയ്ക്കിടെ ഓരോ വര്‍ണ്ണക്കുടകളും. എനിയ്ക്ക് ഒരിയ്ക്കലും വര്‍ണ്ണക്കുടകള്‍ ഉണ്ടായിരുന്നില്ല. (2 ഫോള്‍ഡ് 3 ഫോള്‍ഡ് കുടകളും അക്കാലത്ത് ആര്‍ക്കും ഉണ്ടായിരുന്നില്ല).  ചില്ലു കൊണ്ടുള്ള പിടിയുള്ള, തുണി കൊണ്ടുള്ള ശീലയില്‍ അച്ഛന്‍ എന്റെ പേര് വെളുത്ത നൂലില്‍ തുന്നിത്തന്ന, നരച്ചു തുടങ്ങിയ ഒരു കുടയാണ് എന്റെ സ്വന്തം കുടയായി മനസ്സില്‍ ആദ്യമെത്തുന്നത്. 

ഓരോ ക്ലാസ്സ് റൂമിന്റെയും വാതില്‍ക്കല്‍ നനഞ്ഞൊലിയ്ക്കുന്ന കുടകളെല്ലാം ചാരി വച്ചിട്ടുണ്ടാകും. ക്ലാസ്സ് റൂമിനകത്തും ബഞ്ചുകളിലും ഡസ്കുകളിലുമെല്ലാം ചാറ്റല്‍മഴ പാടുകള്‍ കാണാം. അവിടവിടെയായി ഓടിനിടയില്‍ കൂടി മഴത്തുള്ളികളും വീഴുന്നുണ്ടാകും... മഴശല്യം കാരണം ബഞ്ചും ഡസ്കുമെല്ലാം നിര തെറ്റിച്ച് ഇടുന്നതും ഒരൊറ്റ ബഞ്ചില്‍ അഞ്ചാറു പേര്‍ വരെ തിക്കിത്തിരക്കി ഇരിയ്ക്കേണ്ടി വരുന്നതുമെല്ലാം മഴക്കാലത്തിന്റെ മാത്രം പ്രത്യേകതകളായിരുന്നു. ഒപ്പം, കുറച്ചു നേരം വൈകി ക്ലാസ്സിലെത്തുന്നതിന്റെ പേരില്‍ കുട്ടികള്‍ക്ക് ടീച്ചര്‍മാരുടെ ചീത്ത കേള്‍ക്കാതെ രക്ഷപ്പെടാന്‍ പറ്റുന്നതും യൂണിഫോം (ഉണങ്ങാത്തതു കൊണ്ട്) നിര്‍ബന്ധമല്ലാതാകുന്നതും പലപ്പോഴും ശക്തമായ മഴയുടെ ചറപറ ശബ്ദവും ഇടി മുഴക്കങ്ങളും കാരണം ക്ലാസ്സെടുക്കാന്‍ പോലുമാകാതെ അദ്ധ്യാപകര്‍ ചില പിരിയഡുകളില്‍ പഠിപ്പിയ്ക്കാതെ വെറുതേയിരിയ്ക്കാറുള്ളതും എല്ലാം പലപ്പോഴും  മഴയുടെ പേരില്‍ കിട്ടാറുള്ള സൌജന്യങ്ങളില്‍ പെടാറുണ്ട്.

മഴക്കാലത്തെ കളികളെ കുറിച്ചാണെങ്കില്‍ പെരുമഴയത്ത് ഗ്രൌണ്ടിലിറങ്ങിയുള്ള ഒരു ഫുട്‌ബോള്‍ കളിയുണ്ട്. അതാണ് ഏറ്റവും ആവേശകരമായ ഓര്‍മ്മകളിലൊന്ന്. ചെളിവെള്ളത്തിലും മറ്റും അറിഞ്ഞും അറിയാതെയും തെന്നി വീണും സുഹൃത്തുക്കളെ തള്ളിവീഴ്ത്തിയും മറ്റും കളിച്ചിരുന്ന ആ കളിയോളം ആസ്വാദ്യകരമായി മറ്റൊന്നും തോന്നിയിട്ടില്ല.

അപൂര്‍വ്വമായാണെങ്കിലും ചില മഴക്കാലങ്ങളില്‍ ആലിപ്പഴം പെയ്യാറുണ്ടായിരുന്നു. കയ്യിലെടുക്കുമ്പോഴേയ്ക്കും അലിഞ്ഞു പോകാവുന്നത്ര ചെറിയ ഐസുകട്ടകള്‍... [ആലിപ്പഴം പെയ്യുന്നത് നല്ല പോലെ കാണാനും കയ്യിലെടുത്ത് പരിശോധിയ്ക്കാനും സാധിച്ചത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ ബാംഗ്ലൂര്‍ വന്നതിനു ശേഷമാണ്]

അതു പോലെ മറക്കാനാകത്ത ഒന്നാണ് വീട്ടില്‍ നിന്ന് സ്കൂളിലേയ്ക്കും തിരിച്ചുമുള്ള നടത്തം.  മഴ വെള്ളത്തില്‍ കളിച്ചും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഓടി വന്ന് ഒരു കാലു കൊണ്ട് തടുത്ത്, അതേ സമയം തന്നെ മറ്റേ കാലു കൊണ്ട് പടക്കം പൊട്ടിയ്ക്കുന്നതും കെട്ടി നില്‍ക്കുന്ന വെള്ളം ചാലു കീറി കണ്ട പറമ്പിലേയ്ക്കൊഴുക്കുന്നതും റോഡരുകില്‍ കാണുന്ന തവളകളുടേയും മറ്റും പുറകേ പോകുന്നതും യാത്രയ്ക്കിടെ കാണുന്ന പാടശേഖരത്തില്‍ വെള്ളം കയറുന്നതിന്റെ അളവ് നോക്കാന്‍ പോകുന്നതും അക്കൂട്ടത്തില്‍ മീനോ മറ്റോ ഉണ്ടോ എന്ന് നോക്കിയിരിയ്ക്കുന്നതും അങ്ങനെയങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍...

വെള്ളം കയറി റോഡു ഗതാഗതം തടസ്സപ്പെട്ട് ഒന്നോ രണ്ടോ ദിവസങ്ങള്‍ വിദ്യാലയങ്ങള്ക്ക്  അവധി കിട്ടാറുള്ളതെല്ലാം ഉത്സവക്കാലം പോലെയാണ്. അതിനു വേണ്ടി കാത്തിരിയ്ക്കാറുണ്ടെന്നതാണ് സത്യും. അന്നേരം വീട്ടില്‍ വെള്ളം കയറി കഷ്ടപ്പെടുന്ന പാവങ്ങളെ കുറിച്ച് ആലോചിയ്ക്കാനോ അവരുടെ കഷ്ടപ്പാടുകളെ കുറിച്ച് ചിന്തിയ്ക്കാനോ ഒന്നുമുള്ള അറിവില്ലായിരുന്നു.

പിന്നീട് വളര്‍ന്ന് വരും തോറും മഴയുടെ കൂടെ കളിയ്ക്കാന്‍ പറ്റാതായി. സ്കൂള്‍ പഠനകാലത്തിനു ശേഷം പ്രിഡിഗ്രി കാലത്തും മഴയും നനഞ്ഞ് ക്ലാസ്സില്‍ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും ഒന്നര മണിക്കൂര്‍ നനഞ്ഞ് ബസ്സിലിരിയ്ക്കേണ്ടി വരുന്നതും മറ്റും ആസ്വദിയ്ക്കാന്‍ പറ്റിയിട്ടില്ല. പിറവത്ത് പഠിയ്ക്കുന്ന കാലത്ത്  മഴ നനഞ്ഞ് ക്ലാസ്സില്‍ പോകേണ്ടി വന്നിട്ടില്ലെങ്കിലും പലപ്പോഴും മഴയത്ത് ക്രിക്കറ്റ് കളിയ്ക്കാറുണ്ട്. തഞ്ചാവൂരെ രണ്ടു വര്‍ഷത്തെ പഠനകാലത്തും മഴയെക്കാള്‍ പൊരിവെയിലായിരുന്നു പലപ്പോഴും കൂട്ട്.

ഇപ്പോള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍ വീടിന്റെ ടെറസ്സില്‍ കയറി നിന്ന് മഴയും നനഞ്ഞ് കുറച്ചു നേരം കിടക്കാറുള്ളതോ പറമ്പിലോ പാടത്തോ നടക്കുമ്പോള്‍ ചാറ്റല്‍ മഴ ആസ്വദിയ്ക്കാറുള്ളതോ ഒക്കെയായി ആ ശീലങ്ങള്‍ ചുരുങ്ങിക്കഴിഞ്ഞു.

എങ്കിലും, മനസ്സില്‍ ഓര്‍മ്മകളുടെ പെരുമഴക്കാലം സമ്മാനിച്ചിട്ട് കടന്നു പോയ ആ കുട്ടിക്കാലം ഇന്നും അതേ മിഴിവോടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഇന്നും തകര്‍ത്തു പെയ്യുന്ന ജൂണ്‍ മാസത്തിലെ മഴ എന്നെ ആ പഴയ കാലത്തിന്റെ ഇളം ചൂടു പകരുന്ന സുഖമുള്ള ഓര്‍മ്മകളിലേയ്ക്ക് കൊണ്ടു പോകുന്നു...