Sunday, January 3, 2021

കലാലയ വർണ്ണങ്ങൾ

 

പ്രിയ കവി അനിൽ പനച്ചൂരാൻറെ സ്മരണകളിൽ

* അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ...' എന്ന ഗാനത്തിന്റെ ഈണത്തില്‍ ഞങ്ങളുടെ ബിപിസി 99  ബാച്ചിനു വേണ്ടി എഴുതിയത്


* പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം 
വേദനയിൽ നൂറു നൂറു വാക്കുകള്‍ പൊഴിയ്ക്കവേ
ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ
ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ...

ബി പി സീ... ബി പി സീ...


പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം
ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ
പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം
ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ

കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ
മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ
സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ
നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം...

സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ
ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?'
റാങ്കുകാർക്കു ജന്മമേറെയേകിയ കലാലയം
കണ്ണു നീരിൽ മങ്ങിടുന്ന കാഴ്ചയായ്‌ മാറിയോ...

ബി പി സീ... ബി പി സീ...


തിരിച്ചു പോകുവാൻ നമുക്കെളുപ്പമല്ലതോർക്കണം
മിഴി തുടച്ചു വഴി തെളിച്ചു യാത്ര നമ്മൾ തുടരണം
യാത്ര ചെയ്യുവാൻ കരുത്തു നേടണം, ഹതാശരായ്‌
വഴി പിഴച്ചു പോയിടാതെ പൊരുതി നമ്മൾ നേടണം

നാളെ യെന്ന നാളുകൾ പ്രചോദനമായ്‌ മാറണം
നാൾവഴിയിലെന്നും വീര ഗാഥകൾ രചിയ്ക്കണം 
നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ

നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും
നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ...

Friday, January 1, 2021

മൂലഭദ്രി

 

300 കൊല്ലം മുമ്പ് കേരളത്തിൽ മാർത്താണ്ഡ വർമ്മ അദ്ദേഹത്തിന്റെ ഭരണകാലത്ത് രൂപം കൊടുത്ത ഒരു ഗൂഢ ഭാഷ ആണ് മൂലഭദ്രി.

മലയാളം അക്ഷരങ്ങൾ തന്നെ സ്ഥാനം തെറ്റിച്ചു എഴുതി ഉണ്ടാക്കിയ ഒരു കോഡ്‌ ഭാഷ. ഇപ്പോൾ  ചുരുക്കം പേരെ ഇത് അറിയുന്നവരായുള്ളൂ.  അതിലും വിരളമായുള്ളവർ മാത്രമേ ഇതുപയോഗിയ്ക്കുന്നുള്ളൂ.

മൂലഭദ്രി പഠിയ്ക്കാൻ ദാ ഇത്രേം ഓർത്താൽ മതി

"അകോ ഖഗോ ങഘ ശ്ചൈവ
ചടോ ഞണോ തപോ നമ:
യശോ രഷോ ലസ ശ്ചൈവ
വഹ ളക്ഷ റഴ റ്റന"

പെട്ടെന്നു ഒന്നും പിടി കിട്ടിക്കാണില്ല അല്ലെ?

ഒന്നൂടെ വിശദമാക്കാം.

അകോ : "അ"ക്ക് പകരം "ക"യും, തിരിച്ച് "ക"ക്ക് പകരം "അ"യും.

അതായത്

അ=ക
ആ=കാ
ഇ=കി
ഈ=കീ
ഉ=കു
ഊ=കൂ
ഋ=കൃ
എ=കെ
ഏ=കേ
ഐ=കൈ
ഒ=കൊ
ഓ=കോ
ഔ=കൗ
അം=കം
അ:=ക:

ബാക്കിയുള്ള അക്ഷരങ്ങൾ മുകളിൽ കൊടുത്തിരിക്കും വിധം ഉപയോഗിക്കുക.

ചടോ എന്നാൽ ച=ട

ച ഛ ജ ഝ ഞ
ട ഠ ഡ ഢ ണ

ഇത് ഓരോന്നും പരസ്പരം വച്ചു മാറും.

ഴ=റ,
റ്റ=ന(വനം എന്നതിലെ "ന").

അതേ സമയം, നാമം എന്നതിലെ ന എന്നതിന് മ ആണ് എന്നും ഓർക്കുക

നനഞ്ഞു = മറ്റണ്ണു

ൺ ൻ ർ ൽ ൾ ങ്ക ന്ത ത്സ എന്നിവയ്ക്ക് പകരം ഞ് റ്റ് ഴ്‌ സ്‌ ക്ഷ്‌ ങ്ങ മ്പ പ്ല എന്നിവ യഥാക്രമം വരും.

അതു പോലെ അക്കങ്ങൾക്ക്

1=2
3=4
5=6
7=8
9=0


ഇങ്ങനെ ആണ് ഉപയോഗിയ്ക്കുന്നത്