Sunday, December 21, 2014

ഒരു ക്യാമ്പും ക്രിസ്മസ് കാലവും

ലോകം മുഴുവന്‍ മതിമറന്നാഘോഷിയ്ക്കുന്ന സമയമാണ് ഡിസംബര്‍ മാസം. അഥവാ ഒന്നൂടെ സ്പഷ്ടമാക്കി പറഞ്ഞാല്‍ ക്രിസ്തുമസ്സ്-പുതുവത്സര കാലം. ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന... നല്ലതും ചീത്തയുമായ... ഓര്‍ത്തു വയ്ക്കേണ്ടതും മറക്കേണ്ടതുമായ... സന്തോഷം പകരുന്നതും സങ്കടപ്പെടുത്തുന്നതുമായ... അങ്ങനെയങ്ങനെ എല്ലാത്തരം ഓര്‍മ്മകളെയും മനസ്സില്‍ നിന്ന് മാറ്റി നിര്‍ത്തി, ഇനി വരാന്‍ പോകുന്ന പുതുവര്‍ഷത്തെ എല്ലാം മറന്ന് സ്വീകരിയ്ക്കാന്‍ തയ്യാറെടുക്കുന്നതിനും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ നമ്മെ വലിയൊരു അളവില്‍ സഹായിയ്ക്കുന്നുണ്ട്.

​ മനസ്സിന്റെയും ഉത്സവകാലമാണ് ക്രിസ്തുമസ്സ് കാലം. മറ്റെല്ലാ വിഷമതകളെയും മറന്ന് മനസ്സ് സന്തോഷം കൊണ്ട് നിറയ്ക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട് ക്രിസ്തുമസ്സ് നാളുകള്‍ക്ക്. എവിടെ തിരിഞ്ഞു നോക്കിയാലും പുല്‍ക്കൂടും, ക്രിസ്തുമസ്സ് ട്രീയും, തോരണങ്ങളും, പള്ളികളിലെ സ്പെഷല്‍ പ്രാര്‍ത്ഥനകളും കുര്‍ബാനകളും, ക്രിസ്മസ് കരോളുകളും, പടക്കം, കമ്പിത്തിരി തുടങ്ങി കുട്ടികളുടെ ആഘോഷങ്ങളും, എല്ലാത്തിനും പുറമേ ക്രിസ്മസ്സ് കേക്കുകളും... അങ്ങനെ പകരം വയ്ക്കാനില്ലാത്ത ഒരുപാടു പ്രത്യേകതകള്‍ ഉണ്ട് ക്രിസ്മസ്സ് നാളുകള്‍ക്ക്. പരസ്പരം സമ്മാനങ്ങളും ആശംസകളും കൈമാറി, ബന്ധങ്ങളും പരിചയങ്ങളും പുതുക്കാനും ക്രിസ്തുമസ്സ് നാളുകള്‍ നമ്മെ സഹായിയ്ക്കുന്നു.

എന്റെ മനസ്സിലുമുണ്ട് ഒരുപാട് ക്രിസ്തുമസ്സ് സ്മരണകള്‍. എങ്കിലും മനസ്സില്‍ ഏറ്റവും തെളിമയോടെ നില്‍ക്കുന്നത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഒരു ക്രിസ്തുമസ്സ് കാലമാണ്. ബിരുദ പഠനത്തിനായി ഞാന്‍ പിറവം ബി പി സി കോളേജില്‍ ചേര്‍ന്ന ആദ്യ വര്‍ഷത്തെ ക്രിസ്തുമസ്സ് കാലം.

​ ആ വര്‍ഷത്തെ NSS ദശദിന ക്യാമ്പ് നിശ്ചയിച്ചിരുന്ന സമയത്ത് സംഘടിപ്പിയ്ക്കാന്‍ സാധിയ്ക്കാതെ, അതിനുള്ള സമയം ഒത്തു കിട്ടിയത് ഡിസംബര്‍ അവസാനത്തോടെയായിരുന്നു. അതായത് കൃത്യം ക്രിസ്തുമസ്സ് നാളുകള്‍ക്കിടയില്‍. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാറും ടിജി സാറും ഇക്കാര്യം NSS മീറ്റിങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടേയും മുഖം വാടി. വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം സ്വന്തം വീട്ടിലും നാട്ടിലും ക്രിസ്മസ്സ് ആഘോഷിയ്ക്കാന്‍ തന്നെയായിരിയ്ക്കുമല്ലോ എല്ലാവര്‍ക്കും ഇഷ്ടം. പക്ഷേ ബിജു സാറിന്റെയും ടിജി സാറിന്റെയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം മൂലം അവസാനം കുറച്ചു പേരെങ്കിലും  അവസാനം ക്യാമ്പില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു.

ആദ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ക്കും താല്പര്യം തോന്നിയിരുന്നില്ല. പക്ഷേ, ഒരു വ്യത്യസ്തതയ്ക്കു വേണ്ടി അക്കൊല്ലം കോളേജില്‍ NSS ക്യാമ്പില്‍ അവിടത്തെ സുഹൃത്തുക്കളോടും നാട്ടുകാരോടുമൊപ്പം ക്രിസ്മസ് ആഘോഷിച്ചാലെന്ത് എന്ന ആശയം ഞങ്ങളുടെ കൂട്ടത്തിലേയ്ക്ക് ആദ്യം മുന്നോട്ടു വച്ചത് സുധിയപ്പനായിരുന്നു. ഞങ്ങളുടെ ടീമിലെ ആരെങ്കിലും പങ്കെടുക്കാമെന്നുണ്ടെങ്കില്‍ ഞാനും തയ്യാറാണെന്ന് ഞാന്‍ അപ്പഴേ പറഞ്ഞു. ആദ്യം ഒന്ന് സംശയിച്ചെങ്കിലും ജോബിയും ബിബിനും സഞ്ജുവും മത്തനും ഞങ്ങളുടെ ഒപ്പം നില്‍ക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ആവര്‍ഷത്തെക്രിസ്മസ് കാലം NSS ക്യാമ്പില്‍ തന്നെ ആകാമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. പതുക്കെ പതുക്കെ NSS അംഗങ്ങളില്‍ പലരും തീരുമാനം മാറ്റി, ക്യാമ്പില്‍ പങ്കെടുക്കാമെന്ന്  സമ്മതം മൂളി.

അങ്ങനെ ആളില്ലാതെ ക്യാമ്പ് വേണ്ടെന്ന് വയ്ക്കേണ്ടി വരുമോ എന്ന് സംശയിച്ചിടത്തുനിന്ന് 60 ലധികം പേര്‍ പങ്കെടുക്കാന്‍ പേരു കൊടുത്തതോടെ ബിജു സാറും ടിജി സാറും ആവേശത്തിലായി. ആ വര്‍ഷത്തെ ക്രിസ്തുമസ്, ക്യാമ്പിനിടയില്‍ ആയതു കൊണ്ടു തന്നെ ക്രിസ്തുമസ് ദിനം ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റി വയ്ക്കാനും തീരുമാനമായി. കാരണം ഈ അറുപതു പേരും വീട്ടുകാരോടൊത്തുള്ള ആഘോഷം മാറ്റി വച്ച് വന്നിരിയ്ക്കുകയാണല്ലോ.

ആ വര്‍ഷത്തെ ക്യാമ്പ് ഡിസംബര്‍ 17 മുതല്‍ 26 വരെ ആയിരുന്നു. 17 ന് ക്രിസ്മസ്സ് ആഘോഷങ്ങള്‍ക്ക് ശേഷം കോളേജ് 10 ദിവസത്തേയ്ക്ക് അടച്ച് എല്ലാവരും ക്രിസ്മസ് അവധിയ്ക്കായി പോകുമ്പോള്‍ ഞങ്ങള്‍ 60 പേര്‍ ആ വര്‍ഷത്തെ ദശദിന ക്യാമ്പ് "മനസ്സു നന്നാകട്ടെ* ..." എന്ന് തുടങ്ങുന്ന NSS ഗാനത്തോടെ അന്ന് വൈകുന്നേരം ആഘോഷപൂര്‍വ്വം ആരംഭിയ്ക്കുകയായിരുന്നു. ആദ്യത്തെ അഞ്ചു ദിവസങ്ങള്‍ സ്ഥിരം NSS ക്യാമ്പിന്റെ രീതികളില്‍ തന്നെ നാടും റോഡും ക്യാമ്പസ്സും മറ്റും വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള സേവന പ്രവൃത്തികളും, ദിവസവും ഉച്ചയ്ക്കു ശേഷം നടത്താറുള്ള സെമിനാറുകളും, ശേഷം രാത്രി വൈകും വരെ തുടരാറുള്ള കലാപരിപാടികളും, ദിവസം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന തമാശകളും കുസൃതികളും ഒക്കെയായി കടന്നു പോയി.

എന്നാല്‍ ഡിസംബര്‍ 22 മുതല്‍ എല്ലാവരും ക്രിസ്തുമസ്സ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ക്യാമ്പിലെ അംഗങ്ങളില്‍ നിന്നു തന്നെ ഒരു കരോള്‍ സംഘത്തെ തട്ടിക്കൂട്ടിയെടുത്തു. തരക്കേടില്ലാതെ പാടാനറിയുന്നവരെ തിരഞ്ഞെടുത്ത് കരോള്‍ ഗാനങ്ങള്‍ പ്രാക്ടീസ് ചെയ്യിച്ചു. ക്യാമ്പസ്സും കോളേജ് ജംഗ്ഷനുമെല്ലാം തോരണങ്ങളും മറ്റുമായി മോടി പിടിപ്പിച്ചു. ഇതിനിടെ കോളേജിന്റെ മ്യൂസിക് ട്രൂപ്പിന്റെ തന്നെ ഉപയോഗിയ്ക്കാതെ കിടന്നിരുന്ന ഒരു ട്രിപ്പിള്‍ ഡ്രം ജോബി എവിടുന്നോ തപ്പിയെടുത്തു. അത് നേരാം വണ്ണം ഉപയോഗിയ്ക്കാനറിയാവുന്ന ആരും തന്നെ ഇല്ലായിരുന്നെങ്കിലും ആ ചുമതലയും അവന്‍ തന്നെ ധൈര്യപൂര്‍വ്വം ഏറ്റെടുത്തു.

അങ്ങനെ അങ്ങനെ പ്രാക്ടീസ് എല്ലാം കഴിഞ്ഞ് ഡിസംബര്‍ 22 വൈകുന്നേരം ഇരുള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കോളേജിലെ NSS കരോള്‍ സംഘമായി കോളേജിനു സമീപത്തുള്ള വീടുകളിലേയ്ക്കിറങ്ങി. "യഹൂദിയായിലെ ഒരു ഗ്രാമത്തില്‍...", "പുല്‍ക്കുടിലില്‍, കാലിത്തൊട്ടിലില്‍...", "ദൈവം പിറക്കുന്നു മനുഷ്യനായ് ബെത്‌ലഹേമില്‍..."  എന്നീ കരോള്‍ ഗാനങ്ങളായിരുന്നു ഞങ്ങളുടെ ഹൈലൈറ്റ്. "ഹലേലൂയ... ഹലേലൂയ" എന്ന വരികളുടെ മാന്ത്രികത ശരിയ്ക്കും വിവരണാതീതമായിരുന്നു. അതിലേറെ അത്ഭുതം തോന്നിയത് കോളേജില്‍ വച്ച് കരോള്‍ പ്രാക്ടീസിനു പോലും ഇറങ്ങാതിരുന്ന പലരും ആവേശത്തോടെ പാട്ടുപാടാന്‍ തയ്യാറായി എന്നതും അവരെല്ലാവരും അതിമനോഹരമായി തന്നെ ഒരുമിച്ചു പാടി പരിപാടി കൊഴുപ്പിച്ചു എന്നതുമാണ്. സ്വയം മറന്ന് ഡ്രമ്മില്‍ താളമിട്ട് ജോബിയുടെ പെര്‍ഫോമന്‍സും ശ്രദ്ധ പിടിച്ചു പറ്റി. പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. കോളേജില്‍ നിന്നു വന്ന കരോള്‍ സംഘത്തെ പിറവത്തെ സ്നേഹധനരായ എല്ലാ വീട്ടുകാരും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു.

തൊട്ടടുത്ത ദിവസവും (ഡിസംബര്‍ 23) ഞങ്ങള്‍ കരോള്‍ ഗാനങ്ങളുമായി ഇറങ്ങി. ആദ്യ ദിവസത്തെ കോളേജ് കരോള്‍ സംഘത്തെ കുറിച്ച് കേട്ടറിഞ്ഞ നാട്ടുകാരില്‍ പലരും രണ്ടാമത്തെ ദിവസം ഞങ്ങളെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിച്ചിരുന്നു. കുറച്ചു ദൂരം നടക്കേണ്ടിയിരുന്നെങ്കിലും ഞങ്ങള്‍ അവരില്‍ പലരുടേയും ക്ഷണം സ്വീകരിച്ച് അവിടെയെല്ലാം പോയി, പാട്ടുപാടി. അവരെല്ലാവരും തന്നെ കേക്കുകളും പലഹാരങ്ങളും നല്ല തുക വീതം സംഭാവനകളും തന്നിട്ടായിരുന്നു ഞങ്ങളെ സ്വീകരിച്ചത്. പല സ്ഥലത്തു നിന്നും വയറു നിറഞ്ഞ കാരണം ഒരു വസ്തു പോലും തിന്നാന്‍ പറ്റാതെ ഇറങ്ങുമ്പോള്‍ അവരില്‍ പലരും കേക്കുകള്‍ ഞങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നിര്‍ബന്ധത്തോടെ പൊതിഞ്ഞു തന്ന് ഞങ്ങളെ യാത്രയാക്കി. ‌അങ്ങനെ കൊട്ടും പാട്ടും മറ്റുമായി ആഘോഷപൂര്‍വ്വം തിരിച്ചു കോളേജില്‍ തിരിച്ചു കയറുമ്പോഴേയ്ക്കും അന്ന് രാത്രി വളരെ വൈകിയിരുന്നു. പാടിയും നടന്നും അവശരായെങ്കിലും എല്ലാവരും ആവേശത്തിമര്‍പ്പിലായിരുന്നു.

സാധാരണയായി എല്ലാ ദിവസങ്ങളിലും എന്തൊക്കെ പരിപാടികള്‍ കഴിഞ്ഞാലും കോളേജില്‍ തിരിച്ചു പോയി പിറ്റേ ദിവസത്തെ പ്രോഗ്രാംസ് പ്ലാന്‍ ചെയ്ത് രാത്രി പ്രാര്‍ത്ഥനയും കഴിഞ്ഞ് പെണ്‍കുട്ടികളെ ഹോസ്റ്റലിലേയ്ക്ക് പറഞ്ഞയച്ച ശേഷമാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഉറങ്ങാന്‍ കിടക്കാറുള്ളത്. ആണ്‍കുട്ടികളെല്ലാവരും കോളേജിലെ ഏതെങ്കിലും ക്ലാസ്സ് റൂമുകളില്‍ (മിക്കവാറും അവരവരുടെ ക്ലാസ് റൂമുകളില്‍)കിടക്കുമ്പോള്‍ ഞങ്ങളുടെ ഒപ്പം തന്നെയായിരുന്നു (തൊട്ടപ്പുറത്തെ ഓഫീസ് ബ്ലോക്കില്‍)ക്യാമ്പ് കോ ഓര്‍ഡിനേറ്റേഴ്സ് ആയിരുന്ന ബിജു സാറും ടിജി സാറും കോളേജിലെ പ്യൂണ്‍ (പ്യൂണ്‍ എന്നതിനേക്കാള്‍ ഞങ്ങളെല്ലാം ഒരു മുതിര്‍ന്ന ചേട്ടനെ പോലെ കണ്ടിരുന്ന) ബെന്നിച്ചേട്ടനും കിടന്നിരുന്നത്. എന്നാല്‍ അന്നത്തെ ദിവസം ഒരുപാട് വൈകിയതിനാല്‍ കോളേജിലേയ്ക്ക് പോകും വഴിയുള്ള ഹോസ്റ്റലിലേയ്ക്ക് തിരിയും വഴിയില്‍ വച്ച് തന്നെ കുറച്ചു നേരം എല്ലാവരും ഒത്തു കൂടി, പിറ്റേന്നത്തെ പ്ലാനുകള്‍ തയ്യാറാക്കി പ്രാര്‍ത്ഥനാഗാനവും ചൊല്ലി പെണ്‍കുട്ടികളെ ഹോസ്റ്റലിലേയ്ക്ക് കൊണ്ടു വിട്ട് മഞങ്ങള്‍ കോളേജിലേയ്ക്ക് തിരിച്ചു. അന്ന് രാത്രി ആ നിലാവില്‍ കോളേജിലേയ്ക്കുള്ള വഴിയില്‍ നിന്ന് എല്ലാവരും ഒരുമിച്ച് "ഞാനുറങ്ങാന്‍ പോകും മുന്‍പായ്... നേരുന്നിതാ നന്ദി നന്നായ് ... ഇന്നു നീ കാരുണ്യ പൂര്‍വ്വം തന്ന നന്മകള്‍ ഒക്കേക്കുമായി..." എന്ന ഗാനത്തിന്റെ മാസ്മരികത ഇന്നും മനസ്സില്‍ ഒരു കുളിര്‍മ്മയോടെ നില നില്‍ക്കുന്നു.

അടുത്ത ദിവസം ഡിസംബര്‍ 24 ന് ക്യാമ്പില്‍ അനുവദിച്ചു കിട്ടാറുള്ള തുകയും കരോളിനു പോയപ്പോള്‍ കിട്ടിയ സംഭാവനയും ചേര്‍ത്ത് ഞങ്ങള്‍ ക്യാമ്പംഗങ്ങളെല്ലാവരും കോളേജ് ബസ്സില്‍ വാഗമണ്ണിലേയ്ക്ക് ഒരു യാത്രയും തരപ്പെടുത്തി. അങ്ങനെ അടുത്ത ദിവസം ആ വര്‍ഷത്തെ ക്രിസ്തുമസ് ദിവസവും വന്നെത്തി. ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു ആ ദിവസം. ക്രിസ്തുമസ് ആരവങ്ങളോടെ പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ടും കേക്കു മുറിച്ചും ആഘോഷത്തോടെ അന്നത്തെ ദിവസം ഉച്ച വരെ ഞങ്ങള്‍ ചിലവിട്ടു.

എന്നാല്‍ അതിലേറെ ഹൃദ്യമായ, മനസ്സിനെ സ്പര്‍ശിച്ച ഒരനുഭവമായിരുന്നു അന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങളെ കാത്തിരുന്നത്.  അവിടെ അടുത്തുള്ള ഒരു വൃദ്ധ സദനം സന്ദര്‍ശിയ്ക്കാം എന്ന തീരുമാനം ആദ്യം ഞങ്ങളെ നിരാശപ്പെടുത്തിയെങ്കിലും അവിടെ എത്തിയതോടെ എല്ലാവരുടേയും മനസ്സു മാറി. ആരുമില്ലാതെ വാര്‍ദ്ധക്യം ഏകാന്തതയോടെ നിശ്ശബ്ദമായി അനുഭവിയ്ക്കുന്നവരെ മാത്രമല്ല, എല്ലാവരും ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാതെ പുറത്താക്കപ്പെട്ടവരും മക്കളും കൊച്ചു മക്കളും അമേരിയ്ക്കയിലും മറ്റും ആയതിനാല്‍ നോക്കാന്‍ ആളില്ലാതെ അവിടെ എത്തിപ്പെട്ടവരുമായ കുറേ വൃദ്ധ ജനങ്ങളെ ഞങ്ങളവിടെ കണ്ടു. ലോകം മുഴുവനും അന്നേ ദിവസം ക്രിസ്മസ്സ് ആഘോഷിയ്ക്കുമ്പോള്‍ മറ്റേതൊരു ദിവസവും എന്ന പോലെ യാതൊരു പ്രത്യേകതകളുമില്ലാതെ അന്നേ ദിവസത്തെ തള്ളി നീക്കുകയായിരുന്നു, അവിടുത്തെ അന്തേവാസികള്‍.

എന്നാല്‍ കോളേജില്‍ ഞങ്ങള്‍ തയ്യാറാക്കിയ ബിരിയാണിയും കരോളിനു പോയപ്പോള്‍ സമ്മാനമായി കിട്ടിയ കേക്കുകളും പലഹാരങ്ങളും ഒക്കെയായി ഞങ്ങള്‍ ചെന്നപ്പോള്‍ അത് അവര്‍ക്കും പ്രതീക്ഷിയ്ക്കാതെ കിട്ടിയ ഒരു ക്രിസ്മസ്സ് സമ്മാനമായി മാറുകയായിരുന്നു. അവസാനം, രണ്ടു മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ കണ്ടത് നിര്‍വ്വികാരതയോടെ ഞങ്ങളെ സ്വികരിച്ച അവരുടെ മുഖങ്ങളായിരുന്നില്ല, മറിച്ച് ചിരിയ്ക്കുന്ന മുഖത്തോടെയാണ് അവരെല്ലാവരും ഞങ്ങള്‍ക്ക് യാത്ര പറഞ്ഞത്. അതേ സമയം മനസ്സില്ലാ മനസ്സോടെ അവിടേയ്ക്ക് യാത്ര തിരിച്ച ഞങ്ങളാണെങ്കില്‍ നിറഞ്ഞ മനസ്സോടെയായിരുന്നു കോളേജിലേയ്ക്ക് മടങ്ങിയത്. ഞങ്ങളുടെ എല്ലാവരുടേയും ജീവിതത്തിലെ തന്നെ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒരു ക്രിസ്തുമസ് ദിനം ആയിരുന്നു അത്.

പിറ്റേ ദിവസത്തെ കലാശ പരിപാടികളോടെ ആ ദശദിന ക്യാമ്പ് അവസാനിച്ചു. എങ്കിലും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍... ഇന്നും ജീവിതത്തിലെ ഏറ്റവും നല്ല ക്രിസ്തുമസ്സ് നാളുകള്‍ എന്ന് മനസ്സു നിറഞ്ഞ് ഓര്‍ക്കാന്‍ കഴിയുന്ന ദിവസങ്ങള്‍... അതായിരുന്നു ആ ദശദിന ക്യാമ്പ് സമ്മാനിച്ചത്.
*********
​*മനസ്സു നന്നാവട്ടേ
മതമേതെങ്കിലുമാവട്ടേ
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം
മാമ്പൂക്കള്‍ വിരിയട്ടേ... (മനസ്സു നന്നാവട്ടെ...)​

സൗഹൃദ സിദ്ധികള്‍ പൂത്താല്‍

സുവര്‍ണ്ണ നാഭ പരന്നാല്‍
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ... (മനസ്സു നന്നാവട്ടെ...)

സത്യം ലക്ഷ്യമതാവട്ടേ

ധര്‍മ്മം പാതയതാവട്ടേ
ഹൈന്ദവ ക്രൈസ്തവ  ഇസ്ലാമികരുടെ
കൈകളിണങ്ങീടട്ടേ... (മനസ്സു നന്നാവട്ടെ...)​

Thursday, November 27, 2014

പിള്ളേച്ചന്‍ നിഷ്കളങ്കനാണ്...


നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി അന്വേഷിച്ച് ബാംഗ്ലൂര്‍ വന്ന കാലം. അന്ന് ഞങ്ങള്‍ അഞ്ചുസുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു റൂമെടുത്ത് താമസിയ്ക്കുകയാണ്. പിള്ളേച്ചന്‍, രതീഷ്‌, സിബി, അനില്‍ എന്നിവരായിരുന്നു അന്ന് എന്റെ സഹ മുറിയന്മാര്‍...

ബാംഗ്ലൂരില്‍ ചിലവ് അധികമായതിനാല്‍ പാചകമെല്ലാം ഞങ്ങള്‍ തന്നെ ആയിരുന്നു. വല്ലപ്പോഴും മാത്രം പുറത്തു പോയി കഴിയ്ക്കും. അവധി ദിവസങ്ങളില്‍ എല്ലാത്തിനും ഒരു അമാന്തം കാണും. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കാനായാലും പാചകം ചെയ്യാനായാലും. അതും പോരാഞ്ഞ് എല്ലാവരും തുണി അലക്കലും മറ്റും തീര്‍ക്കുന്നതും അവധി ദിവസങ്ങളില്‍ തന്നെ ആയിരിയ്ക്കുമല്ലോ.

​ അങ്ങനെ ഒരു അവധി ദിവസം. ഞാന്‍ രാവിലെ ഉണര്‍ന്ന് പ്രഭാത കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് അലക്കും കുളിയും തീര്‍ത്ത് [ആരുമില്ലാത്തപ്പോള്‍ അലക്കിയില്ലെങ്കില്‍ അതിനും ക്യൂ ആകും] പതുക്കെ ടി വി യും ഓണാക്കി അതിന്റെ മുമ്പില്‍ ഇരിപ്പു പിടിച്ചു. ആരും ഉണര്‍ന്നിട്ടില്ലാത്തതിനാല്‍ ബ്രേക്ക്‍ഫാസ്റ്റ് തിരക്കിട്ട് ഉണ്ടാക്കേണ്ടതുമില്ലല്ലോ. സിബിയ്ക്ക് മാത്രം അക്കാലത്ത് നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. ബാക്കി എല്ലാവരും അവിടെ കിടന്ന് ഉറക്കമാണ്.

അപ്പോഴേയ്ക്കും സിബി ഓഫീസില്‍ നിന്ന് തിരിച്ചെത്തി. വന്ന ഉടനേ പല്ലു തേച്ച് മുഖവും കഴുകി അവന്‍ നേരെ അടുക്കളയിലേയ്ക്ക് പോയി, എന്നിട്ട് അവിടെ നിന്ന് എന്നോട്  വിളിച്ചു ചോദിച്ചു... "ബ്രേക്ക് ഫാസ്റ്റ് ഒന്നും ഉണ്ടാക്കാന്‍ തുടങ്ങിയിട്ടില്ലല്ലേടാ"

"ഇല്ലെടാ, എല്ലാരും ഉണരുമ്പോഴേയ്ക്കും മതിയല്ലോ"  ഞാന്‍ മറുപടി പറഞ്ഞു.

"എന്നാല്‍ ഞാന്‍ ഉണ്ടാക്കാമെടാ. ന്യൂഡില്‍സ് ഇരിപ്പുണ്ടല്ലോ. അപ്പോഴേയ്ക്കും അവന്മാര്‍ എഴുന്നേറ്റോളും. അതുമല്ല, എനിയ്ക്ക് വല്ലാത്ത വിശപ്പ്. വല്ലതും ഉണ്ടാക്കി കഴിച്ചിട്ട് വേണം ഒന്നുറങ്ങാന്‍."

"എന്നാല്‍ ഞാന്‍ പോയി പാലു വാങ്ങി വരാം" മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ ഞാന്‍ പാലു വാങ്ങാന്‍ പോയി.

പാലു വാങ്ങി ഞാന്‍ തിരിച്ചെത്തുമ്പോഴേയ്ക്കും സിബി തിരക്കിട്ട് ന്യൂഡില്‍സ് ശരിയാക്കുകയാണ്. അപ്പോഴേയ്ക്കും രതീഷും അനിലും ഉണര്‍ന്ന് പല്ലു തേപ്പും മറ്റ പരിപാടികളും കഴിഞ്ഞ് ടി വി യ്ക്ക് മുന്നില്‍ ഇരിപ്പായിട്ടുണ്ട്. പിള്ളേച്ചന്‍ മാത്രം പതിവു പോലെ ഉറക്കം വിട്ടെഴുന്നേറ്റിട്ടില്ല.

ഞാന്‍ ചായ തിളപ്പിച്ച് പകര്‍ത്തുമ്പോഴേയ്ക്കും സിബി ന്യൂഡില്‍സിന്റെ പണി തീര്‍ത്ത് എല്ലാവര്‍ക്കുമായി പ്ലേറ്റുകളില്‍ എടുത്തു കഴിഞ്ഞു. അവന്‍ തന്നെ ബെഡ് റൂമില്‍ പോയി പിള്ളേച്ചനെ കുലുക്കി വിളിച്ച് ബ്രേക്ക് ഫാസ്റ്റ് റെഡി ആയിട്ടുണ്ട് എന്നറിയിച്ച് ചായയും ഒരു പ്ലേറ്റ് ന്യൂഡില്‍സുമായി ടി വി യ്ക്ക് മുന്നിലെത്തി, മറ്റുള്ളവരെ കാക്കാതെ കഴിയ്ക്കാന്‍ തുടങ്ങി.

അതിനു പിറകെ ഞങ്ങള്‍ ഓരോരുത്തരായി പ്ലേറ്റും ചായയുമായി എത്തി, അപ്പോഴും പിള്ളേച്ചന്‍ ബെഡ് റൂമില്‍ നിന്ന് പുറത്തെത്തിയിരുന്നില്ല. അവന്റെ ഫുഡ്‌ അടുക്കളയിൽ തന്നെ  ഇരിപ്പാണ്.

ഞങ്ങള്‍ കഴിയ്ക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ഉറക്കപ്പിച്ചില്‍ പിള്ളേച്ചന്‍ ആടിയാടി ഞങ്ങള്‍ക്ക് മുന്നിലൂടെ അപ്പുറത്തെ മുറിയിലേയ്ക്കു പല്ലു തേയ്ക്കാനും മറ്റുമായി പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ആ മുറിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരിയ്ക്കുന്ന സിബിയുടെ മൊബൈല്‍ റിങ്ങ് ചെയ്യുന്ന കാര്യം പിള്ളേച്ചന് പല്ലു തേപ്പിനിടെ സിബിയെ വിളിച്ചറിയിച്ചു.

"നാശം പിടിയ്ക്കാന്‍... ഇതാരാണാവോ ഈ നേരത്ത് വിളിയ്ക്കുന്നത്. വിശന്ന് കണ്ണു കാണാന്‍ വയ്യ. ഇതൊന്ന് തിന്നാനും സമ്മതിയ്ക്കില്ല. " സിബി പ്രാകി കൊണ്ട് ഫോണെടുത്തു. അവന്റെ ഓഫീസിലെ ആരോ ആയതിനാല്‍ അവന്‍ കഴിച്ചു പകുതിയായ പ്ലേറ്റ് അടുക്കളയില്‍ വച്ച് ഫോണുമായി പുറത്തേയ്ക്ക് ഇറങ്ങി. അപ്പോഴേയ്ക്കും പിള്ളേച്ചനും പല്ലു തേപ്പൊക്കെ കഴിഞ്ഞ് അടുക്കളയില്‍ പോയി ഫുഡുമായി വന്ന് ഞങ്ങളുടെ കൂടെ ഇരിപ്പായി.

സിബിയുടെ ഫോണ്‍ വിളി കുറേ നേരം തുടര്‍ന്നു. അപ്പോഴേയ്ക്കും പിള്ളേച്ചനൊഴികെയുള്ള ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു തീര്‍ത്ത് പ്ലേറ്റും കഴുകി തിരിച്ച് വീണ്ടും ടിവിയ്ക്കു മുന്നില്‌ ഇരിപ്പു പിടിച്ചിരുന്നു.

അല്‍പ സമയത്തിനുള്ളില്‍ സിബി അപ്പോഴേയ്ക്കും ഫോണ്‍ വിളി അവസാനിപ്പിച്ച് തിരിച്ചു വന്നു. അത്രയും സമയം കളഞ്ഞതിന് ഫോണ്‍ വിളിച്ചവനെ അപ്പോഴും ചീത്ത പറഞ്ഞു കൊണ്ടാണ് കയറി വന്നത്. അവന്‍ വീണ്ടും അകത്തെ മുറിയില്‍ പോയി ഫോണ്‍ ചാര്‌ജ്ജ് ചെയ്യാന്‍ വച്ച ശേഷം അടുക്കളയിലേയ്ക്ക് പോയി.

ഒരു നിമിഷം കഴിഞ്ഞ് സിബി ദേഷ്യത്തില്‍ "ഇവിടെയിരുന്ന ആ പ്ലേറ്റ് എവിടെയാടാ"  എന്ന് വിളിച്ചു ചോദിയ്ക്കുന്നതു കേട്ടു. ഞങ്ങളെല്ലാവരും കാര്യം മനസ്സിലാക്കാതെ മിഴിച്ചിരിയ്ക്കുമ്പോള്‍ സിബി ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന് എല്ലാവരോടുമായി ചോദിച്ചു " എടാ, എന്റെ പ്ലേറ്റ് എവിടെയാടാ? ആരും കണ്ടില്ലേ? അതാരാ എടുത്തത്? "

ഞങ്ങള്‍ പരസ്പരം നോക്കി. എന്താണ് സംഭവമെന്ന് ആര്‍ക്കും പിടി കിട്ടിയില്ല. പിള്ളേച്ചന്‍ മാത്രം അതൊന്നും കാര്യമാക്കാതെ ടിവിയും കണ്ടു കൊണ്ട് സാവധാനം അവന്റെ പ്ലേറ്റില്‍ നിന്ന് കഴിച്ചു കൊണ്ടിരിയ്ക്കുകയാണ്.

സിബി കാര്യം ഒന്നു കൂടെ എല്ലാവരോടുമായി വിശദീകരിച്ചു. അതായത് താന്‍ തിന്നു പകുതിയാക്കിയ പ്ലേറ്റ് അടുക്കളയില്‍ വച്ചിട്ട് ഫോണ്‍ വിളിയ്ക്കാനായി പുറത്തു പോയതും തിരിച്ചു വന്നപ്പോ പ്ലേറ്റ് കാണുന്നില്ലെന്നും...

ഞങ്ങളാരും അങ്ങനെ തിന്നു പകുതിയാക്കിയ ഒരു പ്ലേറ്റ് അടുക്കളയില്‍ പാത്രം തിരിച്ചു വയ്ക്കാന്‍ പോയപ്പോള്‍ കണ്ടില്ലെന്ന് തീര്‍ത്തു പറഞ്ഞു. അപ്പോള്‍ സിബി പിള്ളേച്ചനു നേരെ തിരിഞ്ഞു. "ഡാ, പിള്ളേച്ചാ, നീ കണ്ടോ?"

 "എന്താടാ? എന്താ കാര്യം ?" ടിവിയില്‍ നിന്ന് ശ്രദ്ധ തിരിച്ചു കൊണ്ട് പിള്ളേച്ചന്റെ നിഷ്കളങ്കമായ മറുചോദ്യം .

സിബിയ്ക്ക് ദേഷ്യം വന്നു. "അപ്പോ ഇത്രേം നേരം ഞാനിവിടെ നിന്ന് പറഞ്ഞതൊന്നും നീ കേട്ടില്ലേ? നീ അല്ലേ അവസാനം പ്ലേറ്റ് എടുക്കാന്‍ അടുക്കളയില്‍ പോയത്. അപ്പോ എന്റെ പ്ലേറ്റ് അവിടിരിയ്ക്കുന്നത് നീ കണ്ടോ എന്നാ ഞാന്‍ ചോദിയ്ക്കുന്നത്?"

"കണ്ടു, അതിന്...?" പിള്ളേച്ചന്റെ ശാന്തമായ മറുപടി.

സിബിയ്ക്ക് കലിയിളകി. "എടാ, അതെവിടെ ആണെന്നാ ചോദിയ്ക്കുന്നത്. ഞാന്‍ തിന്ന് പകുതിയായപ്പോഴല്ലേ ഫോണ്‍ വന്നത്."

പിള്ളേച്ചന്റെ മുഖത്ത് ആശ്ചര്യം " അപ്പോ അതു നീ തിന്ന് മതിയാക്കി വച്ചതല്ലായിരുന്നോ... നീ മതിയാക്കിയതായിരിയ്ക്കും എന്നോര്‍ത്ത് അതും കൂടെ ഞാനെന്റെ പ്ലേറ്റിലേയ്ക്കിട്ടു, നിന്റെ പ്ലേറ്റ് കഴുകി വച്ചു"

അതും കൂടെ കേട്ടതോടെ സിബിയുടെ സകല കണ്‍ട്രോളും പോയി.  "എടാ... &%$#@, ഞാന്‍ തിന്നു മതിയാക്കിയതാണെന്ന് നീ കരുതി അല്ലേടാ പുല്ലേ... തിന്നോണ്ടിരിയ്ക്കുന്ന എന്നോട്, എന്റെ ഫോണ്‍ ബെല്ലടിയ്ക്കുന്നു എന്നും പറഞ്ഞ് പകുതിയ്ക്ക് നിര്‍ത്തിച്ചത് നീ തന്നെ അല്ലേടാ... എന്നിട്ട് ഇപ്പോ... നിന്നെ ഞാന്‍..."

ദേഷ്യവും സങ്കടവും കാരണം സിബി നിന്നു വിറച്ചു. എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. എന്നിട്ട് പെട്ടെന്ന്,  പിള്ളേച്ചന്റെ കയ്യില്‍ നിന്ന് അവന്റെ പ്ലേറ്റ് പിടിച്ചു വാങ്ങി.

എന്നിട്ട് ദേഷ്യത്തില്‍ "ഇത്രേം കഴിച്ചാല്‍ മതി, നീ... എന്റെ തീറ്റ മുടക്കീട്ട് നീ മാത്രം അങ്ങനെ വയറു നിറച്ച് കഴിയ്ക്കണ്ട" എന്നും പറഞ്ഞ്, ആ പ്ലേറ്റില്‍ ബാക്കിയുള്ളത് നേരെ വേസ്റ്റ് ബാസ്കറ്റിലേയ്ക്ക് തട്ടി. (പിള്ളേച്ചന്‍ അപ്പോഴേയ്ക്കും അതിന്റെ മുക്കാല്‍ പങ്കും അകത്താക്കി കഴിഞ്ഞിരുന്നു. അതു മാത്രവുമല്ല, പിള്ളേച്ചന്‍ ഭക്ഷണം കഴിയ്ക്കുന്ന പ്രത്യേക ശൈലി പരിചയമുള്ളതിനാല്‍ മറ്റാരും അവന്റെ പ്ലേറ്റില്‍ നിന്നോ അവന്‍ കഴിച്ചതിന്റെ ബാക്കിയോ കഴിയ്ക്കാറില്ല).

വിശപ്പു മാറാത്തതിലെ ദേഷ്യത്തിലും പകരത്തിനു പകരം ചെയ്യാന്‍ പറ്റാത്തതിന്റെ ദുഖത്തിലും 'ഇത്രയുമെങ്കിലും തിരിച്ചു ചെയ്യാനായല്ലോ' എന്ന സമാധാനത്തോടെ വിശക്കുന്ന വയറിനെയും സമാധാനിപ്പിച്ച് സിബി ഉറങ്ങുവാനായി പോയി.

ഒരിടത്തിരുന്ന് കഴിച്ചു കൊണ്ടിരുന്ന സിബിയെ 'ഫോണ്‍ വരുന്നു' എന്നും പറഞ്ഞ് വിളിച്ചെഴുന്നേല്‍പ്പിച്ച് അവന്റെ തീറ്റ മുടക്കിയ പിള്ളേച്ചന്‍ തന്നെ, അവന്‍ കഴിച്ചു മതിയാക്കിയതായിരിയ്ക്കും എന്നു കരുതി, അവന്റെ ബാക്കി വന്ന ഫുഡും കൂടെ തട്ടി  എന്നു പറയുന്നതിലെ ലോജിക് എന്തായിരിയ്ക്കും എന്നു കരുതി അന്തം വിട്ടു നില്‍ക്കുകയായിരുന്ന ഞങ്ങളെ നോക്കി, ഒരു വളിച്ച ചിരി ചിരിച്ച്... "അവനെ കുറ്റം പറയാന്‍ പറ്റില്ലെടാ, അവന്‍ അത്രയ്യും അല്ലേ ചെയ്തുള്ളൂ" എന്നും പറഞ്ഞ് പിള്ളേച്ചന്‍ അടുത്ത മുറിയിലേയ്ക്ക് പോകുമ്പോള്‍, പലപ്പോഴും എന്ന പോലെ പിള്ളേച്ചനെ ശരിയ്ക്ക് പിടി കിട്ടാതെ കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുകയായിരുന്നു ഞങ്ങള്‍...

Friday, October 24, 2014

​ഒരു അപൂര്‍വ്വ പ്രണയ ലേഖനം

ഞങ്ങള്‍ പിറവം ബി പി സി കോളേജില്‍ പഠനം ആരംഭിച്ച കാലം... തുടക്കത്തില്‍ ക്ലാസ്സില്‍ 60 പേരായിരുന്നു ഉണ്ടായിരുന്നത്. ക്ലാസ്സിലെ കുട്ടികളെല്ലാവരും പരസ്പരം പരിചയപ്പെട്ടും മനസ്സിലാക്കിയും വരുന്നതേയുള്ളൂ. തൊട്ടടുത്തിരിയ്ക്കുന്നവര്‍ മാത്രം സുഹൃത്തുക്കള്‍, ബാക്കി ആരേയും ഭൂരിഭാഗം പേര്‍ക്കും കാര്യമായി അറിയില്ല എന്ന ഒരു അവസ്ഥ. ഞാനും വ്യത്യസ്തനായിരുന്നില്ലെങ്കിലും ഒരേ ബെഞ്ചിലായിരുന്ന മറ്റു മൂന്നു പേരുമായും ആദ്യ ദിവസം തന്നെ നല്ല അടുപ്പമായിക്കഴിഞ്ഞിരുന്നു.

എങ്കിലും എവിടേയും ആരുടേയും ശ്രദ്ധയാകര്‍ഷിയ്ക്കുന്ന, എല്ലാവരോടും ഇടിച്ചു കയറി സംസരിയ്ക്കുന്ന രണ്ടു മൂന്നു പേര്‍ എല്ലായിടങ്ങളിലും എന്ന പോലെ ആ ക്ലാസ്സിലും ഉണ്ടായിരുന്നു. അങ്ങനെ ഉള്ളവരെ പറ്റി ക്ലാസ്സില്‍ എല്ലാവര്‍ക്കും പെട്ടെന്ന് നല്ലതോ, ചീത്തയോ ആയ ഒരഭിപ്രായം പെട്ടെന്ന് രൂപപ്പെട്ടു വരുക എന്നതും സ്വാഭാവികമാണല്ലോ. ഞങ്ങളുടെ ക്ലാസ്സില്‍ അങ്ങനെയുള്ളവരായിരുന്നു മത്തനും ജോബിയും അമ്പിളിയും അശ്വതിയും പിള്ളേച്ചനും എല്ലാം.

കോളേജ് ജംക്ഷനില്‍ നിന്നും വെറും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ വീടുണ്ടായിരുന്ന മത്തന്‍ ഇടക്കാലത്ത് ജോലി സംബന്ധമായി രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പഠിയ്ക്കാനായി കോളേജില്‍ ചേര്‍ന്ന വ്യക്തിയായിരുന്നു. വീട് തൊട്ടടുത്തായതു കൊണ്ട് സീനിയേഴ്സിന്റെ ചെറിയ രീതിയിലുള്ള റാഗിങ്ങ് പോലത്തെ കലാപരിപാടികളില്‍ നിന്നൊക്കെ നിഷ്പ്രയാസം രക്ഷപ്പെടാന്‍ അവനു കഴിയാറുള്ളതും മറ്റു കുട്ടികള്‍ക്കിടയില്‍ അവനെ ശ്രദ്ധാകേന്ദ്രമാക്കാന്‍ സഹായിച്ചിരുന്നു. അതും പോരെങ്കില്‍ എല്ലാവരേയും അങ്ങോട്ടു ഇടിച്ചു കയറി പരിചയപ്പെടുക എന്ന ഒരു സ്വഭാവവും അവനുണ്ടായിരുന്നു. ക്ലാസ്സില്‍ വന്ന ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അവന്‍ ഞങ്ങളുടെ ക്ലാസ്സിലെ (എന്തിന്, അടുത്ത ക്ലാസ്സുകളിലെ പോലും)  ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും ഒന്നൊഴിയാതെ വിശദമായി പരിചയപ്പെട്ട് കഴിഞ്ഞിരുന്നു.

അതേ സമയം ഒച്ചപ്പാടും ബഹളവുമൊക്കെയായി ഓളം വച്ചു നടക്കുന്ന അക്കാലത്തെ ഒരു ടിപ്പിയ്ക്കല്‍ കോളേജ് വിദ്യാര്‍ത്ഥി എന്ന രീതിയിലായിരുന്നു ജോബി ക്ലാസ്സില്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. ആദ്യ നാളുകളില്‍ ക്ലാസ്സിലെ ഏറ്റവും ആക്റ്റീവ് ആയ വിദ്യാര്‍ത്ഥി അവനായിരുന്നു എന്ന് നിസ്സംശയം പറയാം. സല്‍മാന്‍ ഖാന്‍ ആരാധകനും ഒരു കൊച്ചു "ജിമ്മനും" ആയ ജോബിയുടെ പ്രധാന ഹോബി ആദ്യ ദിവസം മുതല്‍ ക്ലാസ്സിലെ കുട്ടികളെ പഞ്ചഗുസ്തിയ്ക്ക് വിളിച്ച്  അവരെ പരാജയപ്പെടുത്തുക എന്നതായിരുന്നു.

അതേ സമയം സോഡാക്കുപ്പി കണ്ണടയും വച്ച്, മറ്റു കുട്ടികളോടൊന്നും അധികം കമ്പനിയടിയ്ക്കാതെ, അദ്ധ്യാപകര്‍ പറയുന്നത് മാത്രം ശ്രദ്ധിച്ച് എപ്പോഴും പുസ്തകം നിവര്‍ത്തി വച്ച് അതില്‍ നോക്കിയിരിയ്ക്കുകയോ, അല്ലെങ്കില്‍ പഠന കാര്യങ്ങളെ പറ്റി മാത്രം സംസാരിച്ചു കൊണ്ട് നടക്കുകയോ ചെയ്യുന്ന "ബു.ജി." എന്ന നിലയിലായിരുന്നു പിള്ളേച്ചന്‍ ആദ്യമേ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്.

എന്നാല്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ അശ്വതിയെ എല്ലാവരും ശ്രദ്ധിയ്ക്കാന്‍ കാരണം  അന്നത്തെ പ്രിന്‍സിപ്പളിന്റെ അടുത്ത ബന്ധുവായിരുന്നതു കൊണ്ടായിരുന്നെങ്കില്‍ 'പെണ്‍കുട്ടികള്‍ക്കിടയില്‍ ഏറ്റവും ധൈര്യശാലി' എന്ന രീതിയിലാണ് അമ്പിളി ശ്രദ്ധ നേടിയത്. 'എടീ' എന്നാരെങ്കിലും വിളിച്ചു തീരും മുന്‍പേ അതേ ടോണില്‍ 'എന്നാടാ' എന്ന് തിരിച്ചു ചോദിയ്ക്കാന്‍ അമ്പിളി മടിച്ചിരുന്നില്ല.

പെട്ടെന്ന് ശുണ്ഠി പിടിയ്ക്കുന്ന അമ്പിളിയുടെ ദേഷ്യപ്രകടനങ്ങള്‍ കാണാന്‍ പിന്നീടുള്ള മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അനവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അമ്പിളിയെ ദേഷ്യം പിടിപ്പിയ്ക്കാന്‍ വേണ്ടി മാത്രം ഞങ്ങളില്‍ പലരും പലതും കാണിച്ചു കൂട്ടിയിട്ടുമുണ്ട്. എങ്കിലും അത് ആദ്യം മനസ്സിലാക്കിയ ആള്‍ മത്തന്‍ ആയിരിയ്ക്കും എന്ന് തോന്നുന്നു. ക്ലാസിലെത്തി ആദ്യ ആഴ്ചക്കുള്ളില്‍ തന്നെ മത്തന്‍ അമ്പിളിയെ പല തവണ ചൊറിയാന്‍ ശ്രമിയ്ക്കുകയും എല്ലായ്പ്പോഴും അമ്പിളിയുടെ കയ്യില്‍ നിന്ന് ചീത്ത കേള്‍ക്കുകയും ചെയ്തു.

അങ്ങനെയിരിയ്ക്കേ, ഒരു ദിവസം ക്ലാസ്സില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഒരു പിരിയഡ് ഫ്രീ ആയിരുന്നു. എല്ലാവരും ക്ലാസ്സില്‍ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം നടന്ന് വര്‍ത്തമാനം പറച്ചിലും മറ്റുമായി സമയം കളഞ്ഞു കൊണ്ടിരിയ്ക്കുന്നതിനിടയിലും മത്തന്‍ അമ്പിളിയെ എന്തോ പറഞ്ഞ് ശുണ്ഠി പിടിപ്പിച്ച്, ചീത്ത കേട്ട് തിരിച്ച് ഞങ്ങളുടെ ബഞ്ചിലെത്തി.

അവന്‍ ഞങ്ങളോട് പറഞ്ഞു. "എടാ, ഞാന്‍ ഒരു ചെറിയ പണി ഒപ്പിയ്ക്കാന്‍ പോവുകയാണ്. നിങ്ങള്‍ കൂടെ നിന്നോണം"

എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചെങ്കിലും അവന്‍ ഒന്നും പറയാതെ ഞങ്ങളെ നോക്കി കണ്ണിറുക്കി കാണിച്ചതേയുള്ളൂ...

എന്നിട്ട് അവന്‍ ചെറുതായി ഒന്ന് പരുങ്ങി, അമ്പിളിയുടെ അടുത്തു പോയി ശബ്ദം താഴ്ത്തി പറഞ്ഞു. "അമ്പിളീ, നീ ക്ലാസ് കഴിഞ്ഞ് പെട്ടെന്ന് ഓടിപ്പോകരുത്. ഒരു കാര്യം പറയാനുണ്ട്."

എന്താണ് പറയാനുള്ളത് എന്ന് അമ്പിളി കുറച്ച് കടുപ്പത്തില്‍ തിരിച്ചു ചോദിച്ചെങ്കിലും ക്ലാസ് വിട്ടതിനു ശേഷം പറയാം എന്ന് മാത്രം പറഞ്ഞ് അവന്‍ തിരിച്ച് ഞങ്ങളുടെ അടുത്ത് തിരിച്ചു വന്നു. എന്നിട്ട് രഹസ്യമായി ഒരു പുസ്തകത്തില്‍ നിന്ന് ഒരു കഷ്ണം കടലാസ് വലിച്ചു കീറിയെടുത്ത് എന്തൊക്കെയോ ആലോചിച്ച് എഴുതാന്‍ തുടങ്ങി.

അവന്റെ എഴുത്തും മുഖ ഭാവവും എല്ലാം കണ്ട് ഞാന്‍ ഞെട്ടി. ഞാനവനെ തോണ്ടി വിളിച്ചു. "എടാ, നീ ഇതെന്തിനുള്ള പുറപ്പാടാ? ഇതെന്താ നീ എഴുതുന്നേ?"

ചെറിയൊരു പുഞ്ചിരിയോടെ അവന്‍ മറുപടി പറഞ്ഞു " ഇതോ... ഇത് അമ്പിളിയ്ക്ക് കൊടുക്കാനുള്ളതാ"

"എടാ, നീ..."

തുടര്‍ന്ന് പറയാന്‍ എന്നെ സമ്മതിയ്ക്കാതെ, എന്നെ തടഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു "നീ പേടിയ്ക്കേണ്ട. ഞാന്‍ പ്രശ്നമൊന്നും ഉണ്ടാക്കില്ല. നിങ്ങള്‍ കണ്ടോ..."

ഞങ്ങളുടെ ബെഞ്ചിലെ മറ്റു രണ്ടു പേരായിരുന്ന സഞ്ജുവും ബിബിനും ആ സമയമത്രയും മറ്റെന്തോ സംഭാഷണത്തിലായിരുന്നു. അവരും അപ്പോഴാണ് മത്തന്റെ എഴുത്തും എന്റെ ചോദ്യവുമെല്ലാം ശ്രദ്ധിയ്ക്കുന്നത്. അവരും അവനോട് കാര്യമന്വേഷിച്ചെങ്കിലും മത്തന്‍ അതേ മറുപടി തന്നെ പറഞ്ഞു.

ആതേ സമയം മത്തന്റെ പെരുമാറ്റത്തിലും അവസാനം പറഞ്ഞിട്ടു പോയ കാര്യത്തിലും എന്തോ അപാകത മണത്തറിഞ്ഞ അമ്പിളി ഇടയ്ക്കിടെ മത്തനെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. മത്തന്റെ ഇരിപ്പും എഴുത്തും എല്ലാം ശ്രദ്ധിച്ച അമ്പിളിയുടെ മുഖം കറുക്കുന്നതും അവള്‍ തന്റെ അപ്പുറത്തിരിയ്ക്കുന്ന അഞ്ജുവിനോട് എന്തോ രഹസ്യം പറയുന്നതും എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനത് മത്തനോട് പറഞ്ഞെങ്കിലും അവനു യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.

മത്തന്‍ അത് എഴുതി കഴിഞ്ഞപ്പോഴേയ്ക്കും ആ പിരിയഡ് കഴിഞ്ഞെന്നറിയിയ്ക്കുന്ന മണിയടിച്ചു. അവസാന പിരിയഡ് ആയി. ആ പിരിയഡ് കണക്ക് അദ്ധ്യാപിക ഗീത ടീച്ചര്‍ ക്ലാസ്സില്‍ വന്നതോ എന്തൊക്കെയോ ക്ലാസ്സെടുത്തതോ ഒന്നും മത്തനോ അമ്പിളിയോ അത്ര ശ്രദ്ധിച്ചതായി തോന്നിയില്ല. മത്തന്‍ ഇടയ്ക്കിടെ നിഗൂഢമായ പുഞ്ചിരിയോടെ താന്‍ എഴുതി മടക്കി വച്ച കടലാസ് പുസ്തകത്തിനുള്ളില്‍ നിന്ന് എടുത്തു വായിച്ചു നോക്കി, തിരിച്ചെടുത്തു വയ്ക്കുന്നതും അമ്പിളി ദേഷ്യ ഭാവത്തിലും ആശയക്കുഴപ്പത്തിലും മത്തനെ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നതും അഞ്ജുവിനോട് എന്തൊക്കെയോ അടക്കം പറയുന്നതും എല്ലാം പല തവണ ആവര്‍ത്തിച്ചു.

ഇടയ്ക്ക് സഞ്ജു ശബ്ദം താഴ്ത്തി, "അളിയാ ഇവന്‍ അവള്‍ക്ക് വല്ല ലവ് ലെറ്ററും എഴുതി കൊടുക്കാന്‍ പോകുകയാണോ... സംഗതി നാറ്റക്കേസാകും കേട്ടോ" എന്ന് മുന്നറിയിപ്പു പോലെ സൂചിപ്പിച്ചു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പണി പാളുമെന്ന് ഉറപ്പാണെന്ന് ഞാനും ബിബിനും സമ്മതിയ്ക്കുകയും ചെയ്തു.

അങ്ങനെയിരിയ്ക്കേ ബെല്ലടിച്ചു. എല്ലാവരും തിരക്കിട്ട് പുസ്തകങ്ങളും മറ്റും എടുത്ത് ബാഗിലാക്കി ഇറങ്ങി പോകാന്‍ തുടങ്ങി. അമ്പിളിയും കാത്തു നില്‍ക്കാനുള്ള ഭാവമൊന്നുമില്ലാതെ വേഗം പോകാനൊരുങ്ങിയെങ്കിലും മത്തന്‍ പെട്ടെന്ന് ഓടിച്ചെന്ന് അവളോട് ഒരു മിനിട്ടു കൂടി കാത്തു നില്‍ക്കാന്‍ പിന്നെയും പറഞ്ഞു.  അമ്പിളി എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തോടെ ഏതാനും നിമിഷം നിന്നിട്ട്, അവസാനം എന്തെന്നറിഞ്ഞിട്ട് തന്നെ കാര്യം എന്ന മട്ടില്‍ തന്നെ വിട്ട് പോകാനൊരുങ്ങിയ അഞ്ജുവിനെയും പിടിച്ചു നിര്‍ത്തി, അവിടെ തന്നെ നിന്നു.

അപ്പോഴേയ്ക്കും മത്തനും ബിബിനും സഞ്ജുവും ഞാനും അമ്പിളിയും അഞ്ജുവുമൊഴികെ ബാക്കിയെല്ലാവരും ക്ലാസ്സില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നു. മത്തനാകട്ടെ, ചെറിയൊരു പരുങ്ങലോടെ ആ കത്തു മടക്കി കയ്യില്‍ പിടിച്ച് അമ്പിളിയുടെ അടുത്തെത്തിയിട്ട്  പറഞ്ഞു. "അമ്പിളീ... എനിയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു കാര്യും നിന്നോട് പറയാനുണ്ട്. പറയാനുള്ളതൊക്കെ ഞാനീ കത്തില്‍ എഴുതിയിട്ടുണ്ട്. നീ ഇത് മുഴുവനും വായിച്ചു നോക്കിയിട്ട് ഉടനേ ഒരു മറുപടി തരണം".  ഇത്രയും പറഞ്ഞതും അമ്പിളിയ്ക്ക് എന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അവന്‍ നിര്‍ബന്ധ പൂര്‍വ്വം ആ കത്ത് അവളുടെ കയ്യില്‍ പെട്ടെന്ന് പിടിച്ചേല്‍പ്പിച്ചിട്ട് ബാഗുമെടുത്ത് പുറത്തേയ്ക്കോടി. ഞങ്ങളും പിന്നാലെ ഓടി. എന്നിട്ട് ആ ഇടനാഴിയില്‍ കാത്തു നില്‍പ്പാരംഭിച്ചു. അടുത്ത ക്ലാസ്സില്‍ നിന്ന് ക്ലാസ്സ് വിട്ടെത്തിയ കുല്ലുവും ആ സമയം ഞങ്ങളുടെ കൂടെ ചേര്‍ന്നു.

അപ്പോഴേയ്ക്കും വാതിലിനടുത്തു നിന്ന് അമ്പിളിയും അഞ്ജുവും കൂടി ആ കത്ത് തുറന്ന് വായിയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. വായിയ്ക്കാന്‍ ആരംഭിച്ചതും അമ്പിളിയുടെ മുഖം ദേഷ്യം കൊണ്ടു ചുമന്നു വരുന്നതും കത്തു പിടിച്ചിരുന്ന കൈ വിറയ്ക്കുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. ഒപ്പം അത് വായിച്ചു കൊണ്ടിരുന്ന അഞ്ജുവും അയ്യോ... എന്നും പറഞ്ഞ് വാ പൊത്തിക്കൊണ്ട് പരിഭ്രമത്തോടെ നില്‍ക്കുന്നതും കൂടി കണ്ടതോടെ കാര്യങ്ങളുടെ പോക്ക് ഏതു വഴിയ്ക്കാണെന്ന് ഏതാണ്ട് തീരുമാനമായതു പോലെ ഞങ്ങള്‍ക്ക് തോന്നി.

 "അളിയാ, പണി കിട്ടുമെന്നാ തോന്നുന്നേ കേട്ടോ. അവള്‍ ആ ലെറ്റര്‍ ഓഫീസ് റൂമില്‍ കൊണ്ടു കൊടുത്താല്‍ നിന്റെ കാര്യം..." മുഴുമിപ്പിയ്ക്കാതെ അത്രയും പറഞ്ഞ് സഞ്ജു ഞങ്ങളെ നോക്കി. മത്തന്‍ അപ്പൊഴും ഒരു കുലുക്കവുമില്ലാതെ നില്‍പ്പാണ്. ബിബിനാണെങ്കില്‍ കാര്യം പിടി കിട്ടാതെ നില്‍ക്കുകയായിരുന്ന കുല്ലുവിന് സംഭവം എന്തെന്ന് വിശദീകരിച്ചു കൊടുക്കുകയായിരുന്നു.

അമ്പിളിയില്‍ നിന്നും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്ന ഞങ്ങളെ പെട്ടെന്ന് ഉണര്‍ത്തിയത് ഒരു പൊട്ടിച്ചിരിയായിരുന്നു. ഞെട്ടിത്തിരിഞ്ഞു നോക്കുന്ന ഞങ്ങള്‍ കണ്ടത് ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വരുന്ന അമ്പിളിയെയും അഞ്ജുവിനെയുമാണ്. കയ്യിലിരുന്ന കടലാസ് ചുരുട്ടിക്കൂട്ടി ഒന്നും പറയാതെ മത്തന്റെ നേര്‍ക്ക് പതുക്കെ എറിഞ്ഞിട്ട് ഞങ്ങളെ എല്ലാവരെയും നോക്കി തന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരി അടക്കാന്‍ പാടു പെട്ടു കൊണ്ട് അമ്പിളി ഇറങ്ങിപ്പോയി. ഒപ്പമുണ്ടായിരുന്ന അഞ്ജുവും വിടര്‍ന്നു ചിരിയ്ക്കുന്നതു കണ്ടതോടെ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

എങ്കിലും അവന്‍ എന്തായിരിയ്ക്കും ആ കത്തില്‍ എഴുതിയിരിയ്ക്കുക എന്ന ആശയക്കുഴപ്പത്തോടെ നിന്ന ഞങ്ങള്‍ക്കു നേരെ ചിരിച്ചു കൊണ്ട് മത്തന്‍ തന്നെ ആ കടലാസ് നിവര്‍ത്തി നീട്ടി.

ഞങ്ങള്‍ അതു വാങ്ങി ഇങ്ങനെ വായിച്ചു.

പ്രിയപ്പെട്ട അമ്പിളിയ്ക്ക്...

ഇതെങ്ങനെ പറയണം എന്നെനിയ്ക്ക് അറിയില്ല. ഞാന്‍ കുറേ ആലോചിച്ചു, ഇത് ഞാനെങ്ങനെ ആണ്, എപ്പോഴാണ് നിന്നോട് പറയുക എന്ന്. പക്ഷേ ഇനിയും ഇത് പറയാതിരിയ്ക്കാന്‍ എനിയ്ക്കാവില്ല. നേരിട്ടു പറയാനുള്ള മടി കൊണ്ടാണ് എഴുത്ത് എഴുതുന്നത്.

ആദ്യം വന്ന ദിവസം മുതല്‍ തന്നെ ഞാന്‍ നിന്നെ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുമെങ്കിലും  നമ്മുടെ ക്ലാസ്സിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത നിനക്കുണ്ട്. അതായിരിയ്ക്കാം  നിന്നോടു മാത്രം എനിയ്ക്ക് ഇങ്ങനെ ഒരു പ്രത്യേക അടുപ്പം  തോന്നിയത്. അതു കൊണ്ടാണ് നിനക്കു മാത്രം ഞാന്‍ ഈ കത്തെഴുതുന്നതും.

ദയവു ചെയ്ത് ഇക്കാര്യം മറ്റാരും അറിയരുത്. ഞാനിതു പറഞ്ഞതായി നീ വേറെ ആരോടും പറയരുത്. അദ്ധ്യാപകരേയും ഈ കത്ത് കാണിയ്ക്കരുത്. ഞാനിത് എഴുതിയത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് നീ എന്നോട് മാത്രം പറയണം. വേറെ ആരോടും ഇതെക്കുറിച്ച് പറയുകയോ എന്നെ നാണം കെടുത്തുകയോ ചെയ്യരുത്. ശരിയ്ക്ക്‌ സമയമെടുത്ത്‌ ആലോചിച്ച്‌ ഒരു തീരുമാനം എടുക്കുക. അത്‌ പോസിറ്റീവ്‌ ആയാലും (അങ്ങനെ തന്നെ ആയിരിയ്ക്കണേ എന്ന് ഞാൻ പ്രാർത്ഥിയ്ക്കുന്നു) നെഗറ്റീവ്‌ ആയാലും മറുപടി എന്നോടു മാത്രം പറയുക. ഇനി നിനക്കു സമ്മതമല്ലെങ്കിൽ പോലും എന്നോടുള്ള നിന്റെ പെരുമാറ്റത്തിൽ വ്യത്യാസമൊന്നും കാണിയ്ക്കരുത്‌. മറ്റുള്ള കുട്ടികളോടെന്ന പോലെ തന്നെ എന്നോടും പെരുമാറണം. നാളെ മുതല്‍ എന്നെ കാണുമ്പോള്‍ മിണ്ടാതിരിയ്ക്കുകയോ അകല്‍ച്ച കാണിയ്ക്കുകയോ ചെയ്യരുത്. 

ഒരുപാടൊരുപാട്‌ ആലോചിച്ച ശേഷമാണ്‌ ഞാനിതെഴുതുന്നത്‌. ചെറിയ ചമ്മലോടെയാണെങ്കിലും ഞാനിത്‌ ചോദിയ്ക്കുകയാണ്‌… നിനക്ക്‌ മറ്റൊന്നും തോന്നരുത്‌. "കയ്യില്‍ ഒരു അമ്പതു പൈസ എടുക്കാനുണ്ടാകുമോ? ബസ്സില്‍ കൊടുക്കാനാണ്. കടമായിട്ടു മതി, നാളെ തന്നെ തിരിച്ചു തരാം."

റുപടി ഇപ്പോള്‍ തന്നെ പറയുമല്ലോ... 

സ്നേഹപൂര്‍വ്വം

ഒരു സഹപാഠി

കത്തു വായിച്ചു കഴിഞ്ഞതും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു പോയി. എന്തായാലും മത്തന്റെ കത്തു കൊണ്ട് ഒരു ഗുണം കൂടി ഉണ്ടായി. പിറ്റേന്നു മുതല്‍ മത്തനെ കാണുമ്പോഴേ അമ്പിളി ദേഷ്യപ്പെടുന്നതിനു പകരം ചിരിയ്ക്കാന്‍ തുടങ്ങി. വളരെ പെട്ടെന്നു തന്നെ അവര്‍ നല്ല സുഹൃത്തുക്കളുമായി.

Monday, September 22, 2014

ഓർമ്മകളിൽ ഒരു അന്താക്ഷരി

അന്താക്ഷരി എന്ന കളി കളിയ്ക്കാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമാ ഗാനങ്ങളുടെ ആദ്യ രണ്ടു വരികൾ/നാലുവരികള്‍ ഒരു ആൾ/ടീം പാടി, ആ  ഗാനത്തിന്റെ പല്ലവിയുടെ /അവസാന വരിയിലെ അവസാന വാക്കിന്റെ ആദ്യാക്ഷരം വച്ചു തുടങ്ങുന്ന ഗാനം മറ്റേയാൾ/ എതിർ ടീം പാടണം.  അങ്ങനെ പാടിയ ഗാനങ്ങൾ ആവർത്തിയ്ക്കാതെ, ഒരു മാല കോർത്തെടുക്കും പോലെ കോർത്തു കോർത്ത് അങ്ങനെ തുടരണം. എവിടെ വച്ച് പുതിയ ഗാനം പാടാൻ കഴിയാതാകുന്നോ ആ ആൾ/ടീം തോൽക്കും. അതാണ് മത്സരം.

വർ‌ഷം 1998. ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രീയ്ക്ക് പഠിയ്ക്കുന്നു (അന്ന് പ്ലസ് ടു അധികമില്ല). കൊരട്ടിയിൽ ഷഫീഖ് സാറിന്റെ അടുത്താണ് ട്യൂഷൻ. ശനിയാഴ്ച ഉൾ‌പ്പെടെ ആഴ്ചയിൽ‌ മൂന്ന് ദിവസം ഉണ്ട് ട്യൂഷൻ. കോളേജിലെ പ്രീഡിഗ്രി പഠനം വിരസമായിരുന്നെങ്കിലും ട്യൂഷൻ രസകരമാ‍യിരുന്നു. പല കോളേജിൽ‌ നിന്നുള്ളവരായിരുന്നു സഹപാഠികൾ‌. ഷഫീഖ് സാറാണെങ്കിൽ‌ ഒരു ജാഡയുമില്ലാതെ, എല്ലാവരേയും സ്നേഹത്തോടെ മാത്രം പഠിപ്പിയ്ക്കാനറിയാവുന്ന ഒരു അദ്ധ്യാപകനും. ഇടയ്ക്ക് വിരസത മാറ്റാൻ എന്തെങ്കിലുമൊക്കെ കഥകളും നുറുങുകളുമൊക്കെയായി സാർ നിറഞ്ഞു നിൽ‌ക്കും.

വെറുതേ ഒരു ട്യൂഷൻ‌ സെന്റർ‌ മാത്രമായിരുന്നില്ല അത്. കുട്ടികളുടെ അഭിപ്രായ പ്രകാരം വർഷത്തിൽ‌ ഒരു ടൂർ, വിശേഷ ദിവസങ്ങളിൽ‌ ആഘോഷങ്ങൾ‌, കലാപരിപാടികൾ‌ എന്നിവയൊക്കെ അവിടെ പതിവായിരുന്നു, പ്രത്യേകിച്ച് ക്രിസ്തുമസ്സിന്.  എല്ലാ വർ‌ഷവും ക്രിസ്തുമസ് അവധിയ്ക്ക് മുൻ‌പ് കാര്യമായ പരിപാടികൾ‌ പതിവായിരുന്നു.

1998 ലെ ഡിസംബറിൽ ഞങ്ങളുടെ ബാച്ചിന്റെ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം. മറ്റെന്തൊക്കെയോ കലാപരിപാടികൾ‌ക്ക് ശേഷം അവസാന ഇനമായ അന്താക്ഷരി തുടങ്ങുകയായി. ക്ലാസ്സിലെ ആൺകുട്ടികളും പെൺ‌കുട്ടികളും രണ്ടു ടീമായി തിരിഞ്ഞ് മത്സരം നടത്താൻ തീരുമാനമായി. ജഡ്ജ് ആയി ഷഫീഖ് സാറും.

അങ്ങനെ മത്സരം ആരംഭിച്ചു. “മലയാളം ഗാനങ്ങൾ‌ മാത്രം, ഒരു പാട്ടിന്റെ ആദ്യ രണ്ടു വരി മുഴുമിപ്പിയ്ക്കണം, രണ്ടാമത്തെ വരിയിലെ അവസാന വാക്കിന്റെ ആദ്യ അക്ഷരം വച്ച് എതിർ ടീം പാട്ട് തുടങ്ങണം“ ഇതായിരുന്നു ഞങ്ങളുടെ നിയമം.  രണ്ടു ടീമുകളും വാശിയോടെ മത്സരിച്ച് പാട്ടുകൾ പാടാൻ തുടങ്ങി. ഇടയ്ക്കൊക്കെ ചില്ലറ തർ‌ക്കങ്ങളും ബഹളങ്ങളുമൊക്കെയുണ്ടെങ്കിലും രണ്ടു ടീമുകളും വിട്ടു കൊടുക്കാൻ തയ്യാറാകാതെ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ചിലപ്പോഴൊക്കെ ചില പാട്ടുകൾ രണ്ടു വരി പോലും മുഴുമിപ്പിയ്ക്കാതെ വരുമ്പോഴും മറ്റും സാർ ഇടപെട്ട് അതെല്ലാം പരിഹരിച്ചു കൊണ്ടിരുന്നു.

അങ്ങനെ സമയം കടന്നു പോയ്ക്കോണ്ടിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ ആണ് മത്സര സമയമായി കണക്കാക്കിയതെങ്കിലും, പ്രതീക്ഷിച്ചിരുന്നതിലും അധികം സമയമായിട്ടും രണ്ടു ടീമുകളും തോൽ‌ക്കാനോ വിട്ടു കൊടുക്കാനോ തയ്യാറാകാതെ വീറോടെ മത്സരം തുടരുകയാണ്. നിശ്ചിത സമയം കഴിഞ്ഞിട്ടും ആരും തോൽ‌ക്കാതിരുന്നതിനാൽ സമനില എന്ന ആശയവുമായി സാർ മുന്നോട്ടു വന്നെങ്കിലും രണ്ടു ടീമുകളുടേയും അഭ്യർ‌ത്ഥന പ്രകാരം കുറച്ചു നേരം കൂടി തുടരാൻ സാറിന് സമ്മതിയ്ക്കേണ്ടി വന്നു. മാ‍ത്രമല്ല, സാറും മത്സരം ആസ്വദിയ്ക്കുകയായിരുന്നു.

പിന്നെയും കുറേ സമയം കഴിഞ്ഞു, രണ്ടു ടീമുകളുടേയും സ്റ്റോക്കൊക്കെ ഏതാണ്ട് തീർ‌ന്ന മട്ടായി. ചില ഗാനങ്ങൾ‌ ആവർ‌ത്തിച്ച് പാടാൻ‌ രണ്ടു ടീമുകളും ശ്രമിയ്ക്കുന്നതിന്റെ പേരിൽ തർ‌ക്കങ്ങളും കൂടുതലായി. ഒരുപാട് ആലോചിച്ചു മാത്രം കഷ്ടിച്ച് ഒരു പാട്ട് ഒപ്പിച്ച് പാടി രക്ഷപ്പെടുന്ന സ്ഥിതി വരെ എത്തി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ‌  ചില വാക്കുകൾ‌ വന്നാൽ‌ ഇനി രക്ഷയില്ല എന്ന അവസ്ഥയായി.

അങ്ങനെയിരിയ്ക്കേ പെൺ‌കുട്ടികളുടെ ടീം ഒരു പാട്ടിന്റെ രണ്ടു വരി പാടി അവസാനിപ്പിച്ച് “ക” എന്ന അക്ഷരം ഞങ്ങൾ‌ക്കിട്ടു തന്നു. അതിനു തൊട്ടു മുൻ‌പും രണ്ടു മൂന്നു റൗണ്ടു മുൻ‌പും “ക” എന്ന അക്ഷരം ഞങ്ങളെ കുറേ വെള്ളം കുടിപ്പിച്ചിരുന്നു. അതു വച്ച് പാടാൻ കഴിയാവുന്ന, ഞങ്ങൾ‌ക്കറിയാവുന്ന പാട്ടുകളൊക്കെ തീർ‌ന്നിരുന്നു. അതു കൊണ്ടു തന്നെ വീണ്ടുമൊരു “ക” വന്നു വീണപ്പോഴേ ‘പണി പാളിയെടാ’ എന്നും പറഞ്ഞ് വസീമും മറ്റും കരച്ചിൽ തുടങ്ങി. ഒപ്പം തന്നെ പെൺ‌ കുട്ടികളുടെ ഭാഗത്തു നിന്ന് വിജയാഹ്ലാദവും തുടങ്ങി.

എങ്ങനെ രക്ഷപ്പെടും എന്ന് ഞങ്ങൾ‌ തല ആലോചിച്ചു കൊണ്ടിരിയ്ക്കേ സമയം കഴിയാൻ‌ പോകുന്നു എന്ന് ഷഫീഖ് സാർ മുന്നറിയിപ്പ് തന്നു. ‘ശ്രീയേ, ഒന്നോർ‌ത്തു നൊക്കെടാ... വേഗം‘ എന്നും പറഞ്ഞ് എന്റെ തൊട്ടപ്പുറത്തിരുന്ന അൿബർ‌ എന്നെ തോണ്ടി വിളിച്ചു കൊണ്ടിരിയ്ക്കുകയാണ്. [അതിനു മുൻ‌പ് പല തവണ പാട്ടുകൾ‌ കണ്ടെത്തി, എനിയ്ക്ക് ഞങ്ങളുടെ ടീമിനു വേണ്ടി രക്ഷകനാകാൻ‌ കഴിഞ്ഞിരുന്നു. പക്ഷേ അത്തവണ, എത്ര ആലോചിച്ചിട്ടും എനിയ്ക്ക് “ക” യിൽ‌ ആരംഭിയ്ക്കുന്ന, ആവർ‌ത്തിയ്ക്കാത്ത ഒരു ഗാനവും കണ്ടെത്താൻ കഴിയുന്നുണ്ടായിരുന്നില്ല]. ഞാൻ എന്റെ തല പുകച്ചു കൊണ്ടിരുന്നു.

അപ്പോഴേയ്ക്കും ‘സമയം തിരാൻ‌ പോകുന്നു’ എന്ന രണ്ടാമത്തെ വാണിങും ഷഫീഖ് സാറിൽ‌ നിന്നു വന്നു. പെട്ടെന്നാണ് എന്റെ തലയിൽ ഒരു ബൾ‌ബ് കത്തിയത്. ഈ സംഭവം നടക്കുന്നതിനും കുറച്ചു നാൾ‌ മാത്രം മുൻ‌പാണ് തൃശ്ശൂരു നിന്നും വരും വഴി ചാലക്കുടി ‘അക്കര‘യിൽ‌ ഞാനും വസീമും അൿബറും വിമലും ‘സമ്മർ‌ ഇൻ‌ ബത്‌ലെഹേം’ എന്ന ചിത്രം കണ്ടത്. അതിൽ‌ ജയറാമും അഞ്ച് നായികമാരും ചേർന്ന് പാടുന്ന ആ ഗാനം പെട്ടെന്ന് എന്റെ മനസ്സിലേയ്ക്ക് ഓടി വന്നു. [അക്കാലത്ത് ചാനലുകൾ‌ ഒന്നും അധികമില്ലാതിരുന്നതിനാലും എല്ലാവരും ദൂരദർ‌ശനെ മാത്രം ആശ്രയിച്ചിരുന്നതിനാലും പാട്ടുകൾ എല്ലാം ദിവസവും കാണാനും പെട്ടെന്ന് ഹിറ്റാകാനും സാധ്യത കുറവായിരുന്നു. അതു കൊണ്ടു തന്നെ ആ ഗാനം പോപ്പുലറായി വരുന്നതേയുണ്ടായിരുന്നുള്ളൂ. അന്ന് മത്സരത്തിനിടെ ആരുമത് പാടിയിട്ടുമുണ്ടായിരുന്നില്ല]. ആ ഗാനത്തിലെ ‘കൺ‌ഫ്യൂഷൻ തീർ‌ക്കണമേ’ എന്ന വരി ഓർ‌മ്മിച്ചെടുത്ത ഞാൻ‌ വേഗം വസീമിനോടും അൿബറിനോടും അത് ധൃതിയിൽ‌ പങ്കിട്ടു.

അത് കേട്ടതും എല്ലാവരും ആവേശത്തിലായി. വസീം ആകാവുന്നത്ര ഉച്ചത്തിൽ‌

" കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ "

എന്ന് ആവർ‌ത്തിച്ച് പാടാൻ തുടങ്ങി (ബാക്കി വരിയൊന്നും ആർ‌ക്കും വല്യ പിടിയില്ലായിരുന്നു). ഒപ്പം ആൺ‌കുട്ടികൾ‌ മുഴുവൻ അത് ഏറ്റു പിടിച്ചു. എന്നിട്ട് “ത” എന്നും “ശ” എന്നുമുള്ള വാക്കുകളിൽ‌ കുറച്ച് സംശയിച്ച് അവസാനം “ശ” എന്ന വാക്ക് പെൺ‌കുട്ടികൾ‌ക്ക് പാടാനായി ഇട്ടു കൊടുക്കുകയും ചെയ്തു.

അതോടെ പെൺ‌കുട്ടികളുടെ ഭാഗത്ത് നിശ്ശ്ബ്ദതയും നിരാശയും പടർ‌ന്നു. അവരും ഞങ്ങളെപ്പോലെ കയ്യിലെ സ്റ്റോക്കെല്ലാം തീർ‌ന്ന അവസ്ഥയിൽ തന്നെ ആയിരുന്നു. “ത” ആയാലും “ശ” ആയാലും ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലായിരുന്നു അവരും. അവർ‌ തോൽ‌വി സമ്മതിയ്ക്കേണ്ടി വരും എന്ന് ഏതാണ്ട് ഉറച്ചിരിയ്ക്കേ പെട്ടെന്ന് അവരുടെ ഇടയിൽ‌ നിന്ന് ആരോ ഷഫീഖ് സാറിനോട് വിളിച്ചു പറഞ്ഞു. 

“സാറേ, അതു ശരിയല്ല. അവർ‌ക്ക് ആ പാട്ട് ശരിയ്ക്കറിയില്ല. “ശ” അല്ല ഞങ്ങൾ‌ക്കുള്ള വാക്ക്.

അതെന്താണെന്നായി സാർ. സാറും ആ പാട്ട് കേട്ടിട്ടുണ്ടെന്നല്ലാതെ അത്ര പരിചയമുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും ആൺ‌കുട്ടികളും പെൺ‌കുട്ടികളും തർ‌ക്കം തുടങ്ങിയിരുന്നു.

“എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...“ കഴിഞ്ഞ്  “ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ“ എന്ന വരികൾ‌ക്കിടയിലും ചില വരികളുണ്ടെന്നും അതു കൊണ്ട് “ശ” ശരിയാകില്ല എന്നായി അവർ‌.
അതു ശരിയാണെന്ന് ഞങ്ങൾ‌ക്കും സമ്മതിയ്ക്കേണ്ടി വന്നു. “എന്നാൽ‌ ശരി, ‘തീര്‍ക്കണമേ‘ എന്നതിലെ ‘ത‘ വച്ചു പാടട്ടെ“ എന്നായി ഞങ്ങൾ‌. അതും അവർ‌ക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ഞങ്ങൾ‌ വീണ്ടും അഹ്ലാദ പ്രകടനം തുടങ്ങി.

അപ്പോഴതാ, പെൺ‌കുട്ടികളുടെ ഇടയിൽ‌ നിന്നും വീണ്ടുമൊരു പ്രതിഷേധ സ്വരം! ആ ഗാനം അങ്ങനെയല്ല ആരംഭിയ്ക്കുന്നതെന്നും അതിനു മുൻ‌പ് മൂന്നാലു വരികൾ കൂടിയുണ്ടെന്നും അതു കൂടി ഞങ്ങൾ പാടിയാലേ അവർ സമ്മതിയ്ക്കൂ എന്നും അതല്ലെങ്കിൽ ഞങ്ങൾ‌ തോറ്റതായി പരിഗണിയ്ക്കണമെന്നുമായി അവരുടെ പുതിയ ആവശ്യം.

അതും നേരാണല്ലോ എന്ന് അപ്പോഴാണ് ഞങ്ങളും ഓർ‌ത്തത്. പാട്ടു പോലെ അല്ലാതെ, ജയറാം പ്രാർ‌ത്ഥിയ്ക്കുന്നതു പോലെ ഇരുന്ന് പറഞ്ഞു തുടങ്ങുന്ന ഇപ്പറഞ്ഞ നാലു വരികളിൽ നിന്നാണ് ആ ഗാനം ആരംഭിയ്ക്കുന്നത്. ആ അഭിപ്രായം സാറും ശരി വച്ചു.

ഞങ്ങൾ‌ പെട്ടതു പോലെയായി. ആ വരികൾ ആർ‌ക്കുമത്ര പിടിയില്ല. എല്ലാവരും വീണ്ടുമെന്റെ നേർക്ക് തിരിഞ്ഞു. ഞാനും ആ വരികൾ‌ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെങ്കിലും എനിയ്ക്കും അത് അത്ര പിടുത്തമില്ലായിരുന്നു. എങ്കിലും ഒന്ന് ആഞ്ഞു ശ്രമിച്ചപ്പോൾ‌ [അഞ്ചു നായികലമാരെയും സൂചിപ്പിയ്ക്കുന്ന വരിയിലാണ് ആ ഗാനം തുടങുന്നതെന്ന് ചിത്രം കാണുമ്പോൾ, ആദ്യമായി ആ ഗാനം കാണിയ്ക്കുമ്പോൾ ഞാൻ‌ ശ്രദ്ധിച്ചിരുന്നു] എനിയ്ക്ക് ആ വരികളുടെ തുടക്കം ഒരു വിധം ഓർത്തെടുക്കാനായി. ഞാൻ തട്ടിമുട്ടി “പച്ചക്കിളി... പവിഴ...പാല്‍‌വര്‍ണ്ണമൊത്ത...പല കൊച്ചുങ്ങളഞ്ചെണ്ണം“ എന്ന വരി വിക്കി വിക്കി ഓർ‌ത്തെടുത്ത് അങ്ങനെ എന്തോ ആണെന്ന് പറഞ്ഞു.

അപ്പോഴേയ്ക്കും വസീമും അൿബറുമെല്ലാം അതേറ്റെടുത്തു. എന്നിട്ട് “എന്നാൽ‌ ഇനി പാട്, കേൾ‌ക്കട്ടെ... ഇന്നാ പിടിച്ചോ അക്ഷരം പിന്നേം ‘ക’ “ എന്ന് വിളിച്ചു കൂവി.
അതോടെ പെൺ‌കുട്ടികൾ‌ തീർ‌ത്തും പെട്ടു. ഞങ്ങൾ‌ക്ക് ആ വരികൾ‌ ഓർ‌ത്തെടുക്കാനായേക്കുമെന്ന് അവർ കരുതിയതല്ല. അതുമല്ല, ‘ക’ യിൽ‌ തുടങ്ങുന്ന ഇനിയുമൊരു പാട്ട് അവർ‌ക്കും അറിയില്ലായിരുന്നു. അങ്ങനെ നിരാശയോടെ അവർ‌ തോൽ‌വി സമ്മതിച്ചു.

ആൺ‌കുട്ടികളുടെ ആർ‌പ്പു വിളികൾ‌ക്കിടെ സാർ ഞങ്ങളെ വിജയികളായി പ്രഖ്യാപിച്ച്, ഒപ്പത്തിനൊപ്പം അത്ര നേരം നിന്ന്, നല്ല മത്സരം കാഴ്ച വച്ചതിന് പെൺകുട്ടികളെയും അഭിനന്ദിച്ച് തിരിയുമ്പോൾ‌ ഞാൻ‌ ബഹളത്തിലൊന്നും കൂടാതെ ഒരാശയക്കുഴപ്പത്തിൽ‌ ഇരിയ്ക്കുകയായിരുന്നു.

എന്നെ ശ്രദ്ധിച്ച ഷഫീഖ് സാർ എന്നോട് എന്താ കാര്യമെന്ന് ചോദിച്ചു. ഒന്നു കൂടെ ആലോചിച്ചു കൊണ്ട് ഞാൻ സാറിനോട് ചോദിച്ചു. - “അല്ല സാറേ ഇവിടിപ്പോ സത്യത്തിൽ ആരാ ജയിച്ചത്?”

അതു കേട്ട് അതിശയത്തോടെ സാർ പറഞ്ഞു “നിങ്ങളു തന്നെ. നിങ്ങൾ‌ക്ക് ആ പാട്ട് പാടിയൊപ്പിയ്ക്കാൻ‌ കഴിഞ്ഞല്ലോ. അപ്പോൾ‌ വിജയികൾ‌ നിങ്ങൾ‌ തന്നെ അല്ലേ?”

അടക്കിപ്പിടിച്ച ചിരിയോടെ ഞാൻ എന്റെ സംശയം സാറുമായി പങ്കു വച്ചു. “അതല്ല സാറേ, ഞങ്ങൾ ആ പാട്ടു പാടി എന്നതു നേരു തന്നെ. പെൺ‌കുട്ടികൾ ഞങ്ങളുടെ ജയം അംഗീകരിയ്ക്കുകയും ചെയ്തു. പക്ഷേ യഥാർ‌ത്ഥത്തിൽ “ക” യിൽ തുടങ്ങുന്ന പാട്ടു പാടുക എന്നതായിരുന്നില്ലേ ഞങ്ങൾ‌ നേടേണ്ടിയിരുന്ന ലക്ഷ്യം. പക്ഷേ, ഇതിപ്പോ ഞങ്ങൾ‌ പാടിയത്  “ക” യിൽ ആരംഭിയ്ക്കുന്ന “കൺ‌ഫ്യൂഷൻ‌ തീർ‌ക്കണമേ...” എന്ന പാട്ടാണോ അതോ “പ” യിൽ ആരംഭിയ്ക്കുന്ന “പച്ചക്കിളിപ്പവിഴ” എന്ന പാട്ടാണോ?”

ഇതു കേട്ടതും സാറും പൊട്ടിച്ചിരിച്ചു പോയി. അങ്ങനെ ഒരു കാര്യം അത്രയും നേരം സാറുൾ‌പ്പെടെ ആരും കാര്യമാക്കിയിരുന്നില്ല എന്നതാണ് സത്യം. എന്തായാലും ഇക്കാര്യം സാർ ചിരിയോടെ എല്ലാവരുടേയും ശ്രദ്ധയിൽ‌ പെടുത്തിയതോടെ രണ്ടു ടീമുകളേയും സംയുക്ത വിജയികളായി പ്രഖ്യാപിയ്ക്കാം എന്ന ഷഫീഖ് സാറിന്റെ അഭിപ്രായം ഞങ്ങളെല്ലാവരും നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു.

എന്തായാലും ആ സംഭവം അന്നത്തെ മത്സരത്തിന്റെ പിരിമുറുക്കം ബാധിച്ചിരുന്ന ട്യൂഷൻ ക്ലാസ്സിലെ അന്തരീക്ഷത്തെ മയപ്പെടുത്തുവാൻ ശരിയ്ക്കും സഹായിച്ചു. എല്ലാവരും ചിരിയും വർ‌ത്തമാനങ്ങളുമായി അന്നത്തെ പരിപാടികളുടെ അവസാനം ഗംഭീരമാക്കി, സന്തോഷത്തോടെ പിരിഞ്ഞു.

***
ഗിരീഷ് പുത്തഞ്ചേരി എഴുതി, വിദ്യാസാഗർ‌ ഈണമിട്ട്, എം ജി ശ്രീകുമാർ‌ പാടിയ ആ ഗാനത്തിന്റെ ആദ്യ ഭാഗങ്ങൾ‌ ശരിയ്ക്കും ഇങ്ങനെ:

പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം 
നില്‍പാണു ശംഭോ...
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ... ശംഭോ ശംഭോ 

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ... എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ (2)
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ (2)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

Tuesday, July 1, 2014

പുലി പിടുത്തം

ഇതെന്റെ അനുഭവ കഥ ഒന്നും അല്ല. പണ്ടെങ്ങോ പറഞ്ഞു കേട്ടിട്ടുള്ള ഒരു തമാശ ഇവിടെ പങ്കു വയ്ക്കുകയാണ്. [ഇതൊരു തമാശ ആയി എല്ലാവരും കണക്കാക്കിയാല്‍ മതി എന്നൊരു മുന്‍കൂര്‍ അറിയിപ്പുണ്ടേ... ]

ലോകത്തെ ഏറ്റവും മികച്ച പോലീസിനെ കണ്ടെത്താന്‍ ഒരു മത്സരം നടക്കുകയാണ്. ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിയ്ക്കയുടെ പോലീസ് ഫോഴ്സ്, ബ്രിട്ടീഷ് പോലീസ്, റഷ്യന്‍ പോലീസ്, ആസ്ട്രേലിയന്‍ പോലീസ്, ആഫ്രിയ്ക്കന്‍ പോലീസ് അങ്ങനെ തുടങ്ങി പാക്കിസ്ഥാനി പോലീസും ശ്രീലങ്കന്‍ പോലീസും ഇന്ത്യന്‍ പോലീസും വരെ മത്സരാര്‍ത്ഥികളുടെ കൂട്ടത്തിലുണ്ട്. [ഇന്ത്യന്‍ പോലീസ് ഒരു മലയാളിയായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ അല്ലേ?]

മത്സരം നടക്കുന്ന സ്ഥലത്തിനടുത്തുള്ള ഘോര വനത്തിനുള്ളില്‍ ഒറ്റയ്ക്ക് കടന്ന് ഒരു പുലിയെ ജീവനോടെ പിടിച്ചു കൊണ്ടു വരണം. അതാണ് ഏറ്റവും മികച്ച പോലീസിനെ കണ്ടെത്താനുള്ള മാനദണ്ഡമായി കണക്കാക്കിയിട്ടുള്ളത്.

അങ്ങനെ മത്സര ദിവസം വന്നെത്തി. വിധികര്‍ത്താക്കളും കാണികളും മാധ്യമ പ്രതിനിധികളും ഉള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടം വന്നെത്തിക്കഴിഞ്ഞു. എല്ലാവരും അക്ഷമരായി മത്സരം കാണാന്‍ കാത്തിരിയ്ക്കുകയാണ്.

മത്സര സമയമായി. ആദ്യമായി അമേരിയ്ക്കന്‍ പോലീസ് തന്നെ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്നു.​
​ ​
കാണികളെല്ലാം ആകാംക്ഷയോടെ കാത്തിരിയ്ക്കേ, അമേരിയ്ക്കന്‍ പോലീസ് കുറേയേറെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കയ്യിലെടുത്ത് കാട്ടിലേക്ക് യാത്രയാ
യി. കുറച്ചു സമയത്തിനുള്ളില്‍ അമേരിയ്ക്കന്‍ പോലീസ് കാട്ടിനുള്ളിലേയ്ക്ക് നടന്ന് അപ്രത്യക്ഷനായി. വൈകാതെ കാട്ടിനുള്ളില്‍ നിന്ന് കുറേ ബീപ് ബീപ് ശബ്ദങ്ങളും അലാറങ്ങളും ഒപ്പം പുലിയുടെ ഭീകര ഗര്‍ജ്ജനവും കേള്‍ക്കുമാറായി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിജയശ്രീലാളിതനായി ചത്തുമലച്ചു കിടക്കുന്ന പുലിയുടെ വാലീല്‍ പിടിച്ച് വലിച്ചു കൊണ്ട് അമേരിയ്ക്കന്‍ പോലീസ് രംഗ പ്രവേശം ചെയ്തു. കാണികള്‍ വമ്പിച്ച കരഘോഷത്തോടെ അദ്ദേഹത്തെ വരവേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ അയാള്‍ക്ക് ചുറ്റും വട്ടമിട്ടു.

എങ്ങനെ പുലിയെ കീഴടക്കി എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അമേരിയ്ക്കന്‍ പോലീസ് ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു - "ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെക്‍നോളജീസ് കൈവശമുള്ളവരാണ് ഞങ്ങള്‍ അമേരിയ്ക്കക്കാര്‍. ഞങ്ങളുടെ സാങ്കേതിക വിദ്യകളുപയോഗിച്ച് ഒരു പുലിയെ പിടിയ്ക്കുക എന്നത് വളരെ നിസ്സാരമാണ്."

അടുത്തതായി ബ്രിട്ടീഷ് പോലീസ് പോകാനായി തയ്യാറെടുത്തു. കയ്യില്‍ അത്യന്താധുനിക വിദ്യകളുള്ള ഒരു തോക്കു മാത്രം കയ്യിലെടുത്ത് ബ്രിട്ടീഷ് പോലീസ് കാട്ടിലേയ്ക്ക് നടന്നു മറഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞു കാണും. കാടിനെയും നാടിനെയും നടുക്കിയ ഒരു പുലിയുടെ അലര്‍ച്ച മാത്രം കാണികള്‍ കേട്ടു. വൈകിയില്ല, അമേരിയ്ക്കക്കാരനെ പോലെ ചത്ത പുലിയുടെ വാലില്‍ പിടിച്ചു വലിച്ചു കൊണ്ട് ബ്രിട്ടീഷ് പോലീസും തിരികെ വന്നു. അയാളെയും കാണികള്‍ കയ്യടിച്ചു സ്വീകരിച്ചു.

പുലിയെ എങ്ങനെ കീഴ്പെടുത്തി എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അയാള്‍ മറുപടി പറ്ഞ്ഞു - "ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങള്‍ കൈമുതലായിട്ടുള്ളവരാണ് ഞങ്ങള്‍ ബ്രിട്ടീഷുകാര്‍. ഇതു കണ്ടോ, ഈ തോക്കു കൊണ്ടുള്ള വെടി കൊണ്ടത് ആ ചത്തു പോയ പുലി പോലും മനസ്സിലാക്കും മുന്‍പ് അതിന്റെ കഥ കഴിയും. അത്ര നിസ്സാരമാണ് ഇത് ഞങ്ങള്‍ക്ക്."

അടുത്തതായി ആഫ്രിയ്ക്കന്‍ പോലീസ് രംഗത്തു വന്നു. മറ്റുള്ളവരെ അപേക്ഷിച്ച് കായിക ശേഷിയില്‍ മുന്നിലുള്ള അയാള്‍ ആയുധങ്ങളൊന്നും കൂടാതെ വെറും കയ്യോടെയാണ് കാട്ടിലേയ്ക്ക് പോയത്. അധികം വൈകാതെ കാടു കിടുങ്ങുമാറുള്ള പുലിയുടെ അലര്‍ച്ചയുടെ ഒപ്പം കാടു മുഴുവന്‍ കുലുങ്ങി വിറയ്ക്കുന്നതും കാണുമാറായി. വൈകിയില്ല, മൃതപ്രായനായ ഒരു പുലിയെ കഴുത്തിലിട്ട് വിജയ കാഹളം മുഴക്കി ആഫ്രിയ്ക്കന്‍ പോലീസ് തിരിച്ചു വന്നു.

കാണികള്‍ ആവേശത്തോടെ കയ്യടിച്ചു. സ്ഥിരം ചോദ്യവുമായി വന്ന മാധ്യമങ്ങളോട് അയാള്‍ പറഞ്ഞു - " ലോകത്തെ ഏറ്റവും ശക്തന്മാരാണ് ഞങ്ങള്‍ ആഫ്രിയ്ക്കന്‍ വംശജര്‍. ഞങ്ങള്‍ക്ക് ഒരു പുലിയെ കീഴടക്കാന്‍ ഒരായുധവും ആവശ്യമില്ല. ഈ വെറും കൈ കൊണ്ട് ഞങ്ങള്‍ ആരെയും എന്തിനേയും കീഴടക്കും". അയാള്‍ വീണ്ടും വിജയ കാഹളം മുഴക്കി.

തുടര്‍ന്ന് ആസ്ട്രേലിയ, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ അവസാനം ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും പാക്കിസ്ഥാനും ശ്രീലങ്കയും ചൈനയുമൊക്കെ മത്സരത്തില്‍ പങ്കെടുത്തു. എല്ലാവരും ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ ഒരു വിധത്തില്‍ ഓരോ പുലിയെയും കീഴടക്കി വിജയകരമായി തിരിച്ചു വന്നു. എന്നിട്ടും ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ പോലീസ് മാത്രം മത്സരത്തിന് ഇറങ്ങാതെ മിണ്ടാതിരിയ്ക്കുകയാണ്. ചെറിയ രാജ്യങ്ങള്‍ പോലും മത്സരത്തിനിറങ്ങിയിട്ടും ഏഷ്യന്‍ ശക്തിയും ലോക രാജ്യങ്ങളില്‍ എണ്ണപ്പെട്ട രാജ്യങ്ങളില്‍ ഒന്നുമായ ഇന്ത്യ മത്സരത്തിനിറങ്ങാത്തതെന്ത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പരസ്പരം ചോദിയ്ക്കാന്‍ തുടങ്ങി.​


വൈകാതെ മാധ്യമ പ്രതിനിധികള്‍ അത് നേരിട്ട് ഇന്ത്യന്‍ പോലീസിനോട് തന്നെ ചോദിയ്ക്കുവാന്‍ ആരംഭിച്ചു. വൈകാതെ കാണികളും അതേ ചോദ്യം ഏറ്റു പിടിച്ചു.
പേടിച്ചിട്ടായിരിയ്ക്കും എന്നും മറ്റും പറഞ്ഞ് മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യന്‍ പോലീസിനെ കളിയ്ക്കാന്‍ കൂടി തുടങ്ങിയതോടെ ഇന്ത്യന്‍ പോലീസിന് ഇരിയ്ക്കപ്പൊറുതി ഇല്ലാതായി. ​
അവസാനം സഹികെട്ട് അയാള്‍ എഴുന്നേറ്റു. എന്നിട്ട് അയാള്‍ എല്ലാവരോടുമായി പറഞ്ഞു - "നിങ്ങള്‍ക്കിപ്പോ എന്താ വേണ്ടേ? ഞാനും പോയി ഒരു പുലിയെ പിടിച്ചോണ്ടു വരണം, അത്രയല്ലേ ഉള്ളൂ? ഇപ്പോ തന്നെ പോകാം, പോരേ?"  ഇത്രയും പറഞ്ഞിട്ട്‌ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി, മനസ്സില്ലാ മനസ്സോടെ എന്ന വണ്ണം അയാൾ കാട്ടിലേയ്ക്ക് നടന്നു.​


സമയം കടന്നു പോയ്ക്കോണ്ടിരുന്നു. ഒരു മണിക്കൂര്‍... രണ്ടു മണിക്കൂര്‍... അങ്ങനെ മൂന്നു മണിക്കൂറും കഴിഞ്ഞു. സന്ധ്യ ആകാറായി, കാട്ടില്‍ കുറേശ്ശെ ഇരുള്‍ പരക്കാന്‍ തുടങ്ങി.
സംഘാടകരും മറ്റു മത്സരാർത്ഥികളും ഉത്കണ്ഠാകുലരാകാനും കാണികള്‍ അന്യോന്യം പിറുപിറുക്കാനും  തുടങ്ങി. എല്ലാവരും കൂടി അയാളെ നിര്‍ബന്ധിച്ച് പറഞ്ഞു വിട്ടതാണെന്ന മട്ടില്‍ സംസാരം പരന്നു. മറ്റു രാജ്യങ്ങളിലെ പോലീസ് പ്രതിനിധികള്‍ക്കും കുറ്റബോധം തോന്നിത്തുടങ്ങി. അവര്‍ കൂടി കളിയാക്കിയതു കൊണ്ടാണല്ലോ ഇന്ത്യക്കാരന്‍ താല്പര്യമില്ലാഞ്ഞിട്ടും മത്സരിയ്ക്കാനിറങ്ങിയത്?​


അവസാനം കാണികളില്‍ ചിലര്‍ മുന്നിട്ടിറങ്ങി, സംഘാടകരോട് പൊട്ടിത്തെറിച്ചു. "ഒരാളുടെ ജീവന്‍ വച്ച് കളിയ്ക്കേണ്ടിയിരുന്നില്ല, അയാളെ എല്ലാരും നിര്‍ബന്ധിച്ച്  തള്ളിവിട്ടതല്ലേ, നേരം ഇത്ര കഴിഞ്ഞിട്ടും അയാളുടെ ജീവന് അപകടം വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ എന്തു ചെയ്യും?" എന്നിങ്ങനെ പല തരം ചോദ്യങ്ങള്‍ കേട്ട് സംഘാടകരും പരിഭ്രാന്തരായി.

അവസാനം മറ്റു രാജ്യങ്ങളിലെ മത്സരാര്‍ത്ഥികള്‍ തന്നെ ഇന്ത്യന്‍ മത്സരാര്‍ത്ഥിയെ അന്വേഷിച്ചിറങ്ങാന്‍ മുന്നിട്ടിറങ്ങി. കാര്യത്തിന്റെ അടിയന്തിരാവസ്ഥ മനസ്സിലാക്കി മുഴുവന്‍ സംഘാടകരും, കാണികള്‍ പോലും തിരച്ചിലില്‍ സഹായിയ്ക്കാനായി ഒപ്പമിറങ്ങി. ഒട്ടും സമയം കളയാതെ എല്ലാവരും കൂടി കാട്ടിലേയ്ക്ക് വച്ചു പിടിച്ചു. കാടു മുഴുവന്‍ അരിച്ചു പെറുക്കാന്‍ തുടങ്ങി. ​


സമയം പിന്നെയും കടന്നു പോയ്ക്കോണ്ടിരുന്നു. എല്ലാവരും ഇന്ത്യന്‍ പോലീസിനെ തിരഞ്ഞു തിരഞ്ഞ് കാട്ടിനകത്തേയ്ക്ക്‌ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്‌. സമയം കടന്നു പോകും തോറും എല്ലാവരുടെ മുഖത്തും നിരാശ പടരാന്‍ തുടങ്ങി. അയാള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകുമെന്ന് തന്നെ ഭൂരിഭാഗം പേരും ഭയന്നു. താല്‍പര്യമില്ലാതിരുന്ന അയാളെ മത്സരിപ്പിയ്ക്കാന്‍ വിടേണ്ടിയിരുന്നില്ലെന്ന് എല്ലാവരും സ്വയം പഴിയ്ക്കാന്‍ തുടങ്ങി.

അപ്പോഴാണ് കുറച്ചപ്പുറത്ത് ചില ആക്രോശങ്ങളും അടിപിടി ശബ്ദങ്ങളും അവര്‍ ശ്രദ്ധിച്ചത്. എല്ലാവരുടെ മുഖത്തും പ്രതീക്ഷകള്‍ തളിരിട്ടു. എല്ലാവരും വേഗം ആവേശത്തോടെ ശബ്ദം കേട്ട ദിക്കു ലക്ഷ്യമാക്കി ഓടി.

അവിടെ ചെന്നപ്പോള്‍ അവര്‍ കണ്ടതെന്താണെന്നോ...

അവിടെ ഒരു ചെറു യുദ്ധം കഴിഞ്ഞ പ്രതീതി, കുറേ ചെടികളും മരങ്ങളുമെല്ലാം ഒടിഞ്ഞും ചതഞ്ഞും കിടപ്പുണ്ട്. മൂലയിലായി ഒരു വലിയ മരത്തില്‍ ഒരു ഭീമന്‍ കരടിയെ ചേര്‍ത്ത് കെട്ടിയിട്ടിരിയ്ക്കുന്നു.​ അവശനായ ആ കരടിയെ തലങ്ങും വിലങ്ങും പ്രഹരിയ്ക്കുകയാണ് നമ്മുടെ ഇന്ത്യന്‍ പോലീസ്.​ അയാളുടെ ഡ്രസ്സും മറ്റും കീറിപ്പറിഞ്ഞിട്ടുണ്ട്. അവിടവിടെയായി രക്തവും. അയാളും ക്ഷീണിച്ചവശനാണ്.​
​ 'ഇയാളെന്താ ഈ കാണിയ്ക്കുന്നത് ' എന്ന അത്ഭുതത്തോടെ, അയാള്‍ ജീവനോടെ ഉണ്ടല്ലോ എന്ന സമാധാനത്തോടെ എല്ലാവരും അയാളുടെ അടുത്തേയ്ക്ക് അടുത്തു.

അപ്പോഴാണ് കരടിയെ പ്രഹരിയ്ക്കുന്നതിനിടയില്‍ അയാള്‍ ആക്രോശിയ്ക്കുന്നത് അവര്‍ വ്യക്തമായി കേട്ടത്..." സത്യം പറഞ്ഞോ... നീ അല്ലേടാ പുലി? നീ തന്നെ അല്ലേടാ പുലി? സമ്മതിച്ചില്ലെങ്കില്‍ നീ ഇവിടുന്ന് ജീവനോടെ പോകില്ല. പറയെടാ, നീ അല്ലേടാ പുലി???"​


എല്ലാവരും ഇതു കേട്ട് സ്തബ്ദരായി. സംഘാടകരില്‍ ചിലര്‍ ബലമായി അടുത്തു ചെന്ന് അയാളെ തടഞ്ഞു നിര്‍ത്തി. എന്നിട്ട് ചോദിച്ചു. " താനെന്താ ഈ കാണിയ്ക്കുന്നത്? എന്തിനാ ഈ കരടിയെ ഇങ്ങനെ പിടിച്ച് കൊല്ലാക്കൊല ചെയ്യുന്നത്? തന്നോട് പുലിയെ പിടിയ്ക്കാനല്ലേ പറഞ്ഞത്? അതിനു താന്‍ ഈ കരടിയെ ഇങ്ങനെ ഉപദ്രവിയ്ക്കുന്നതെന്തിനാ?"

ക്ഷീണിത സ്വരത്തില്‍ അയാള്‍ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു. " ഓ... ഞാന്‍ ഈ കാടു മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ഒരൊറ്റ പുലിയെ പോലും കണ്ടില്ല. മുന്‍പേ വന്നവര്‍ എല്ലാത്തിനേം പിടിച്ചെന്നു തോന്നുന്നു. അവസാനമാ ഇവനെയെങ്കിലും കയ്യില്‍ കിട്ടിയത്.  അതു പോട്ടെ, അപ്പഴേയ്ക്കും നിങ്ങളൊക്കെ എന്തിനാ ഇങ്ങു വന്നേ? ഇവന്‍ ഒരു വിധം സമ്മതിച്ചു വന്നതായിരുന്നു, ഇവനാണ് പുലി എന്ന്"

ഇതു കേട്ട് എല്ലാവരും വായും പൊളിച്ച് നില്‍ക്കുമ്പോള്‍ ആ കരടിയെ ഇടിച്ചു സമ്മതിപ്പിയ്ക്കാന്‍ കഴിയാത്ത നിരാശയോടെ അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു.

Tuesday, May 13, 2014

ഒരു എട്ടിന്റെ പണി - പിള്ളേച്ചന്‍ സ്പെഷ്യല്‍

ഞങ്ങള്‍ തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലം. അന്ന് 8 പേരാണ് റൂമില്‍ [ആ റൂം അറിയപ്പെട്ടിരുന്നത് "വൈറ്റ് ഹൌസ്" എന്നായിരുന്നു] ഉള്ളത്. രാവിലെ തന്നെ നേരത്തേ എഴുന്നേറ്റാലേ 9 മണിയോടെ കോളേജില്‍ പോകാന്‍ നേരമാകുമ്പോഴേയ്ക്കും എല്ലാവര്‍ക്കും റെഡിയാകാന്‍ ഒക്കുകയുള്ളൂ.[നാട്ടിലേതു പോലെ അല്ല, അവിടെ കോളേജില്‍ ഒരു കാരണവശാലും ലേറ്റ് ആയി ചെല്ലാനോ അവധി എടുക്കാനോ പറ്റില്ല].

 അതു കൊണ്ട് അഞ്ച് - അഞ്ചര മണി മുതല്‍ ഓരോരുത്തരായി ഉണര്‍ന്ന് കാര്യ പരിപാടികളിലേയ്ക്ക് കടക്കും. കുളിച്ച് റെഡിയായി, പ്രഭാത ഭക്ഷണം ഉണ്ടാക്കി കഴിച്ച്, ഉച്ച ഭക്ഷണം തയ്യാറാക്കി പായ്ക്ക് ചെയ്ത് ഡ്രെസ്സ് തേച്ചു മിനുക്കി വരുമ്പോഴേയ്ക്കും 9 മണി ആയിക്കാണും.

8 മുതല്‍ 9 വരെയുള്ള സമയത്ത് ആകെ തിരക്കും ഒച്ചപ്പാടും ബഹളവും ഒക്കെയാകും റൂമില്‍. എത്ര നേരത്തെയൊക്കെ എഴുന്നേറ്റാലും രണ്ടു മൂന്നു പേരെങ്കിലും മടി പിടിച്ച് എട്ടു മണി - എട്ടര വരെയൊക്കെ സമയം കളയും. അവസാനം എല്ലാവരും ഒരുമിച്ച് ഒരേ സമയത്താകും കുളിയ്ക്കാനും ഡ്രെസ്സ് അയേണ്‍ ചെയ്യാനുമൊക്കെ തിരക്കു കൂട്ടുക.

കൂട്ടത്തില്‍ സാധാരണയായി പിള്ളേച്ചന്‍ മാത്രം തന്റെ ചുമതലകളെല്ലാം കൃത്യമായി ചെയ്തു വച്ചിരിയ്ക്കും. അതു കൊണ്ടു തന്നെ കക്ഷി 9 മണിയ്ക്കു മുന്‍പേ തന്നെ പോകാന്‍ തയ്യാറായി കാണും. രാവിലെ തന്നെ കുളിച്ച് തയ്യാറാകുന്ന പതിവുള്ളതിനാലും ഡ്രെസ്സ് അയേണ്‍ ചെയ്യുന്നതു പോലുള്ള പരിപാടികള്‍ ഒറ്റയടിയ്ക്ക് അവധി ദിവസങ്ങളില്‍ തന്നെ ചെയ്തു വയ്ക്കാറുള്ളതിനാലും പിള്ളേച്ചന്‍ സാധാരണയായി രാവിലെ ആരെയും ശല്യപ്പെടുത്താറില്ല.

പക്ഷേ, ഒരു ദിവസം രാവിലെ ഇതേ പിള്ളേച്ചന്‍ ഞങ്ങള്‍ക്കിട്ട് നല്ലൊരു പണി തന്നെ തന്നു. അന്നാണെങ്കില്‍ ആദ്യത്തെ പിരിയഡ് തന്നെ HOD യുടെ ക്ലാസ്സ് ആണ്. നേരം വൈകാനേ പാടില്ലാത്തതാണ്.  അതും പോരാഞ്ഞ് HOD എടുക്കുന്ന ക്ലാസ്സില്‍ ലേറ്റ് ആയി ചെല്ലുന്ന കാര്യം ചിന്തിയ്ക്കുകയേ വേണ്ട. (പ്രത്യേകിച്ചു മലയാളികള്‍).

അന്ന് സമയം ഏതാണ്ട് എട്ടേ മുക്കാല്‍ - ഒമ്പത് മണി ആയിക്കാണും. സാധാരണ ആ സമയത്ത് പിള്ളേച്ചന്‍ നടയിറങ്ങാനുള്ള ഒരുക്കത്തിലാകാറാണ് പതിവ്. പക്ഷേ, അന്ന് പതിവില്ലാതെ കക്ഷി ബെഡ് റൂമില്‍ കണ്ണാടിയുടെ മുന്‍പില്‍ തന്നെ നില്‍പ്പാണ്. ഷോര്‍ട്ട് സൈറ്റ് കാരണം സ്ഥിരമായി കണ്ണട വച്ചിരുന്ന പിള്ളേച്ചന്‍ കണ്ണട മാറ്റി കണ്ണില്‍ ലെന്‍സ് വയ്ക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്.

ആ ലെന്‍സ് വയ്ക്കുന്ന ആ പ്രോസ്സസ് ആണെങ്കില്‍ ഒരു അഞ്ചു പത്തു മിനുട്ട് നീണ്ടു നില്‍ക്കുന്ന പരിപാടിയുമാണ്. ആ മുറിയിലെ ഫാന്‍ ഓഫാക്കി, അടുത്തുള്ള ആളുകളെ എല്ലാം മാറ്റി, കണ്ണാടിയ്ക്കു മുന്നില്‍ ചെന്ന് ലെന്‍സ് സൂക്ഷിയ്ക്കുന്ന ചെപ്പില്‍ നിന്ന് ഓരോ ലെന്‍സായി ശ്രദ്ധയോടെ എടുത്ത് ലിക്വിഡ് ഒഴിച്ച് തയ്യാറാക്കി അവസാനം കണ്ണട മാറ്റി ലെന്‍സ് ഓരോന്നായി കണ്ണില്‍ വയ്ക്കും. ഓരോ കണ്ണിലും വച്ച ശേഷം ഒരു കണ്ണടച്ച് കാഴ്ച ടെസ്റ്റ് ചെയ്യും. അങ്ങനെ സ്വയം ബോദ്ധ്യം വന്ന ശേഷം മാത്രം പുറത്തേയ്ക്ക് ഇറങ്ങും. അതാണ് പതിവ്. ഈ പരിപാടി സ്ഥിരമായതിനാലും എല്ലാവര്‍ക്കും പരിചിതമായതിനാലും അന്നേരം ആരും തന്നെ കക്ഷിയുടെ അടുത്തു പോകുകയോ ശല്യം ചെയ്യുകയോ പതിവില്ല.

പക്ഷേ, അന്ന് പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞിട്ടും അവന്‍ കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് അനങ്ങുന്നില്ല. ഓരോ കണ്ണടച്ചു പിടിച്ച് കാഴ്ച പരിശോധിയ്ക്കല്‍ തന്നെ പരിപാടി. കുറേ നേരമായിട്ടും ഈ പ്രക്രിയ അവസാനിയ്ക്കുന്നില്ലെന്ന് കണ്ട് സാധാരണയായി അവന്റെ കൂടെ കോളേജില്‍ പോകാനിറങ്ങാറുള്ള സഞ്ജു അവനോട് കാര്യമന്വേഷിച്ചു. അപ്പോഴാണ് കക്ഷി ആ സംശയം ഉന്നയിയ്ക്കുന്നത്. "ഒരു കണ്ണിലെ ലെന്‍സ് താഴെ എങ്ങാനും വീണു പോയോ" എന്ന് അവനൊരു സംശയം... ഒന്നു രണ്ടു തവണ ഒരു കണ്ണില്‍ ലെന്‍സ് വച്ചത് ശരിയായില്ല എന്ന് തോന്നിയതിനാല്‍ കക്ഷി അതെടുത്ത് വീണ്ടും വീണ്ടും ശരിയാക്കി വച്ചിരുന്നുവത്രെ. അതിനിടെ എപ്പോഴോ സംഗതി കയ്യില്‍ നിന്ന് പോയോ എന്നതാണ് സംശയം.

അപ്പോള്‍ തന്നെ സഞ്ജു എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഞാനും സഞ്ജുവും ആ മുറി ശ്രദ്ധയോടെ പരിശോധിയ്ക്കാന്‍ തുടങ്ങി. പിള്ളേച്ചനാണെങ്കില്‍  "എടാ, വേഗമാകട്ടെ. അത് വേഗം നോക്കിയെടുക്ക്. നേരം വൈകിയാല്‍ അതിന്റെ നനവ് പോയി, അത് ഉണങ്ങി ചുരുണ്ട് പോകും. പിന്നെ കണ്ടു പിടിയ്ക്കാന്‍ പറ്റില്ല" എന്നെല്ലാം പറഞ്ഞ് ബഹളം കൂട്ടാനും തുടങ്ങി.

ഒറ്റ നോട്ടത്തിലൊന്നും അത് കണ്ട് പിടിയ്ക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ ബാക്കിയുള്ളവരെ കൂടി സഹായത്തിനു വിളിച്ചു. എല്ലാവരും കാര്യത്തിന്റെ സീരിയസ്‌നെസ്സ് മനസ്സിലാക്കി മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് തിരയാന്‍ കൂടി. അവന്റെ കണ്ണിന്റെ കാര്യമല്ലേ, മാത്രവുമല്ല... അവന്‍ പറഞ്ഞതു പോലെ അതെങ്ങാനും ഉണങ്ങി ചുരുണ്ട് നശിച്ച് പോയാല്‍ പിന്നെ വീണ്ടും ഡോക്ടറെ കണ്ട് വേറെ ലെന്‍സ് ശരിയാക്കി വരുമ്പോഴേക്കും ദിവസങ്ങള്‍ പിടിയ്ക്കുകയും അവന്റെ കോളേജില്‍ പോക്കും പഠനവുമെല്ലാം അവതാളത്തിലാകുകയും ചെയ്യും.

അങ്ങനെ പിള്ളേച്ചനൊഴികെ എല്ലാവരും അവനു ചുറ്റും മുട്ടിലിഴഞ്ഞും കിടന്നുമെല്ലാം ആ മുറിയും തറയും എന്നു വേണ്ട, അവിടിരുന്ന ബാഗുകളും മേശയും കസേരയും താഴെ കിടക്കുന്ന കടലാസുകള്‍ പോലും ശ്രദ്ധയോടെ തിരയാന്‍ തുടങ്ങി.

അപ്പോഴാണ് ഞങ്ങളുടെ സഹപാഠിയും അയല്‍ വീട്ടിലെ താമസക്കാരനുമായ കിരണ്‍ എന്തോ ആവശ്യത്തിന് അങ്ങോട്ട് കയറി വന്നത്. അവന്‍ നോക്കുമ്പോള്‍ പിള്ളേച്ചന്‍ മാത്രം ഒരു മുറിയുടെ നടുക്ക് രാജകീയമായ സ്റ്റൈലില്‍  നില്‍പ്പുണ്ട്. ഞങ്ങള്‍ ബാക്കി ഏഴു പേരും അവനു ചുറ്റും ശയനപ്രദക്ഷിണം നടത്തുന്നു. "പിള്ളേച്ചനാണേല്‍ അവിടെ നോക്കെടാ, ഇവിടെ നോക്ക്" എന്നിങ്ങനെ ആജ്ഞകള്‍ നല്‍ക്കുന്നു. കിരണ്‍ ആദ്യം ഒന്ന് ഞെട്ടി. പിന്നെ കാര്യമറിഞ്ഞതോടെ ലെന്‍സ് തപ്പാന്‍ അവനും കൂടി.

​സമയം കഴിയുന്തോറും എല്ലാവരും ടെന്‍ഷനാകാന്‍ തുടങ്ങി. ആ ലെന്‍സ് ഏതാണ്ട് നഷ്ടപ്പെട്ടു എന്ന് തന്നെ ഞങ്ങളെല്ലാവരും ഉറപ്പിച്ചു...​
​ അപ്പോഴുണ്ട്, അതാ പിള്ളേച്ചന്റെ സന്തോഷത്തോടെയുള്ള ശബ്ദം " ഡാ, ഒരു മിനുട്ട്... ​
​ആ ലെന്‍സ് പോയിട്ടില്ലെന്ന് തോന്നുന്നു..."​
​ അവന്‍ ഒന്ന് നിര്‍ത്തി.​


"... പിന്നെ... ???" ഞങ്ങള്‍ എല്ലാവരും തലയുയര്‍ത്തി, കോറസായി ചോദിച്ചു.​


ചെറിയൊരു ചമ്മലോടെ പിള്ളേച്ചന്‍ തുടര്‍ന്നു " അത്.... അതെന്റെ കണ്ണില്‍ തന്നെ ഇരിപ്പുണ്ട്. സോറി...ഡാ!"​


​ എല്ലാവര്‍ക്കും ചിരിയും ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു. പോകാന്‍ തയ്യാറായിക്കൊണ്ടിരുന്നവരും കുളിയ്ക്കാന്‍ പോകാന്‍ നിന്നവരുമുള്‍പ്പെടെ എല്ലാവരെയും കുറച്ചു നേരം മുട്ടേലിഴയ്ക്കാനും നിലത്തു കിടന്ന് ഇഴയ്ക്കാനും മന:പൂര്‍വ്വമല്ലെങ്കിലും അവനെ കൊണ്ട് സാധിച്ചല്ലോ.  പിന്നെ ഒരു രണ്ടു മിനുട്ട് നേരം ​
​അതു വരെ കുളിയ്ക്കുക പോലും ചെയ്യാതിരുന്ന മത്തനും സുധിയപ്പനുമെല്ലാം ചീത്ത കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു.​


​അവസാനം എല്ലാവരും പോകാന്‍ തയ്യാറായി റൂമില്‍ നിന്നിറങ്ങുമ്പോഴേയ്ക്കും സമയം ഒമ്പതേ മുക്കാല്‍ കഴിഞ്ഞിരുന്നു.​
​ നാലു കിലോമീറ്ററോളം പോകാനുണ്ടെങ്കിലും നേരിട്ട് ബസ്സ് കിട്ടാത്ത റൂട്ട് ആയതിനാല്‍ എങ്ങനെയൊക്കെയോ ഏതോ ഒരു പാല്‍ [ആരോക്യ പാല്‍] വണ്ടിക്കാരുടെ കയ്യും കാലും പിടിച്ച് ഒരു വിധത്തില്‍ കോളേജില്‍ എത്തിപ്പെടുമ്പോഴേയ്ക്കും അവിടെ സെക്കന്റ് ബെല്‍ മുഴങ്ങുകയായിരുന്നു. ​


​ അതിനു ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം പലപ്പോഴായും തമാശയ്ക്കും പകുതി കാര്യമായും ഞങ്ങള്‍ പിള്ളേച്ചനോട് ചോദിയ്ക്കാറുണ്ട്. "സത്യത്തില്‍ അന്ന് ലെന്‍സ് കാണാതായി എന്ന് പറഞ്ഞത് സത്യത്തില്‍ അത് നഷ്ടപ്പെട്ടതായി തോന്നിയിട്ട് പറഞ്ഞതോ അതോ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മന:പൂര്‍വ്വം ഒരു പണി തന്നതോ" എന്ന്. അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി മാത്രമാകും മിക്കപ്പോഴും പിള്ളേച്ചന്റെ മറുപടി.

Thursday, April 3, 2014

ഏപ്രില്‍ സന്ധ്യയിലെ ഒരു വെളുപ്പാന്‍ കാലം

1988 ഏപ്രില്‍‌.ഞാന്‍‌ ഒന്നാം ക്ലാസ്സിലെ വലിയ പരീക്ഷ(ണം) കഴിഞ്ഞിരിക്കുന്ന കാലം… അന്നൊക്കെ അവധി കിട്ടിയാല്‍‌ നേരെ അമ്മ വീട്ടിലേയ്ക്കൊരു പോക്കുണ്ട്. അത്തവണയും അതു തെറ്റിച്ചില്ല. ഞാനും ചേട്ടനും അമ്മയും കുറച്ചു ദിവസം അവിടെ തങ്ങാന്‍‌ തന്നെ തീരുമാനിച്ചു. അച്ഛന്‌ ഞങ്ങളെ അവിടെ കൊണ്ടു ചെന്നാക്കിയ ശേഷം തിരിച്ചു പോയി.പിന്നെ തിരിച്ചു വിളിച്ചു കൊണ്ടു പോകാനേ വരികയുള്ളൂ. സര്‍‌ക്കാര്‍‌ ജോലിക്കാരനെങ്കിലും ആത്മാര്‍‌ത്ഥത ഇത്തിരി കൂടുതലായിരുന്നെന്നു കൂട്ടിക്കോ.

അമ്മയുടെ വീടെന്നു പറഞ്ഞാല്‍‌ എനിക്കത് അന്നൊരു മഹാ സംഭവം തന്നെയായിരുന്നു. ഒരുപാടു മുറികളും തട്ടു തട്ടായി കിടക്കുന്ന വലിയ പറമ്പും തോടും വയലുമൊക്കെയുള്ള ഒരു വലിയ സാമ്രാജ്യം തന്നെ. അന്ന് അച്ഛന്റെ ജോലിയുടെ സൌകര്യാര്‍‌ത്ഥം ഞങ്ങളെല്ലാം ഗവ: ക്വാര്‍‌ട്ടേഴ്സിലായിരുന്നു താമസം. അടുക്കളയും കിടപ്പുമുറിയും സ്വീകരണമുറിയും ഊണു മുറിയും എല്ലാമായി രണ്ടേ രണ്ടു മുറികള്‍‌. പിന്നെ, ഒരു കക്കൂസും കുളിമുറിയും…. മൂന്നു വര്‍‌ഷം ഇതായിരുന്നു ഞങ്ങളുടെ സങ്കേതം.

അങ്ങനെ അവധിക്കാലമായാല്‍‌ ഞങ്ങളെ കൂടാതെ വലിയൊരു പട കൂടി അവിടെ വന്നു ചേരും. പണ്ടത്തെ ഒരു നാട്ടാചാരം പോലെ ആ കുടുംബവും ഒരു ചെറിയ നാട്ടു രാജ്യം പോലെ ആയിരുന്നു. അച്ഛീച്ചനും അമ്മൂമ്മയ്ക്കും(മുത്തച്ഛനും മുത്തശ്ശിയ്ക്കും) ആകെ 12 മക്കള്‍‌. എന്റെ അമ്മ ഏഴാമത്തെ അംഗം... പറഞ്ഞു വന്നതെന്താണെന്നു വച്ചാല്‍‌ ഈ 12 പേരില്‍‌ വിദേശത്തായിരുന്ന 2ഓ 3ഓ പേരൊഴികെ മറ്റെല്ലാ പരിവാരങ്ങളും അവധിക്ക് അവിടെ ഒത്തു ചേരും. അങ്ങനെ അവധിക്കാലമായാല്‍‌ അച്ഛീച്ചനും അമ്മൂമ്മയും മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയായി ആകെയൊരു ബഹളം തന്നെയായിരിക്കും അവിടെ. കൂട്ടത്തില്‍‌ വികൃതികളായ ഞങ്ങളെ മേയ്ക്കുക എന്നതായിരുന്നു ഇവരുടെയെല്ലാം പ്രധാന അധ്വാനം.

വീട്ടിലുള്ള പെണ്‍‌പട പണികളെല്ലാം ഒരുവിധം തീര്‍‌ത്ത് ഉച്ച ഭക്ഷണം കഴിഞ്ഞാല്‍‌ കുറച്ചു നേരം മയങ്ങാന്‍‌ തുടങ്ങുമ്പോഴാകും ഞങ്ങളാരെങ്കിലും എന്തെങ്കിലും കുസൃതി ഒപ്പിച്ചു കൊണ്ടു വരുന്നത്. ആണുങ്ങളാരെങ്കിലും വീട്ടിലെത്തുന്നത് സന്ധ്യ കഴിഞ്ഞിട്ടായിരുന്നു, വൈദ്യരായിരുന്ന അച്ഛീച്ചനുള്‍‌പ്പെടെ. അവസാനം, വീട്ടിലെ പെണ്‍‌പടകളെല്ലാം കൂടി ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ ശേഷം പരമോന്നത കോടതിയില്‍‌ (അച്ഛീച്ചനും ആ വീട്ടില്‍‌ സ്ഥിരതാമസമുള്ള ഡോക്ടര്‍‌ കൂടിയായ മാമനും ഉള്‍‌പ്പെടുന്ന ആണ്‍‌ പട. മറ്റു മാമന്‍‌മാരും വലിയച്ഛന്‍‌മാരുമൊന്നും സ്ഥിരാംഗങ്ങളല്ലാത്തതിനാല്‍‌ അവര്‍‌ തീരുമാനങ്ങള്‍‌ മേല്‍‌പ്പറഞ്ഞ രണ്ടംഗ സംഘ്ത്തിനു വിടുകയായിരുന്നു പതിവ്.അതില്‍‌ തന്നെ, അച്ഛീച്ചനല്ല, മാമനായിരുന്നു അന്തിമമായ വിധി നടപ്പാക്കിയിരുന്നത്.) ഞങ്ങള്‍‌ക്കെതിരേ ഹര്‍‌ജി സമര്‍‌പ്പിച്ചു.

അങ്ങനെ വിധി വന്നു. ഉച്ചയ്ക്കു ഭക്ഷണം കഴിഞ്ഞാല്‍‌ വൈകുന്നേരം ചായ സമയം വരെ കുട്ടിപ്പട്ടാളം മുഴുവനും നിര്‍‌ബന്ധമായും ഉറങ്ങിയിരിക്കണം. എന്തെങ്കിലും ഗുലുമാലുകള്‍‌ ഒപ്പിക്കേണ്ടത് ഞങ്ങളുടെ ബാദ്ധ്യതയായി കണ്ടിരുന്ന ഞങ്ങള്‍‌ക്ക് ഒരു കനത്ത അടിയായിരുന്നു ഈ ഉത്തരവ്. ഞങ്ങള്‍‌ ഇതിനെതിരേ അപ്പീലുമായി പലരെയും എന്തിന്, വീട്ടിലെ പണിക്കാരെ വരെ സമീപിച്ചെങ്കിലും പരമോന്നത കോടതിയെ ചോദ്യം ചെയ്യാന്‍‌ ആരും മുതിര്‍‌ന്നില്ല. (മാത്രമല്ല, ഞങ്ങള്‍‌ക്കൊഴികെ മറ്റെല്ലാ അംഗങ്ങള്‍‌ക്കും ഈ വിധി 100 വട്ടം സ്വീകാര്യമായിരുന്നു.) ഈ ഉറക്കം പരിശോധിക്കേണ്ട ചുമതല കുട്ടിപ്പട്ടാളത്തിലെ തന്നെ തലമൂത്ത അനിഷേധ്യ നേതാവ് പപ്പ ചേട്ടനെയും ഏല്‍‌പ്പിച്ചു. ഞങ്ങള്‍‌ ഉറങ്ങുന്നുണ്ടോ എന്നു നോക്കാനെന്നും പറഞ്ഞ് പപ്പ ചേട്ടന്‍ ഉറങ്ങാതിരിക്കാം… ഭാഗ്യവാന്‍‌! കൂടെ പപ്പ ചേട്ടന്റെ വിശ്വസ്ഥനായ ശീങ്കിടിയായി എന്റെ ചേട്ടനും(ഹരിശ്രീ) കാണും.

അങ്ങനെ ഉച്ച സമയത്തെങ്കിലും അവര്‍‌ക്കു ഞങ്ങളുടെ ശല്യം ഒഴിവായി കിട്ടി. എന്നാല്‍‌ ഞങ്ങള്‍‌ക്കുണ്ടോ ഉച്ച നേരത്ത് ഉറക്കം വരുന്നു… തിരിഞ്ഞും മറിഞ്ഞും വര്‍‌ത്തമാനം പറഞ്ഞും അങ്ങിനെ കിടക്കും. അപ്പോള്‍‌ അവര്‍‌ വേറൊരു സൂത്രം കൂടി കണ്ടു പിടിച്ചു. ആദ്യം ഉറങ്ങുന്ന ആള്‍‌ക്കും ഏറ്റവും കൂടുതല്‍‌ നേരം ഉറങ്ങുന്ന ആള്‍‌ക്കും എല്ലാം അവര്‍‌ സമ്മാനമായി മിഠായികള്‍‌ പ്രഖ്യാപിച്ചു. ഞങ്ങളുടെ വീക്ക്നെസ്സ് അവര്‍‌ മനസ്സിലാക്കിയിരുന്നു. പിന്നെ, ഉറങ്ങിയോ എന്നറിയാനുള്ള പരിശോധനകളും…( എന്നു വച്ചാല്‍‌ ഉറങ്ങുന്നവരെല്ലാം ഇപ്പോള്‍‌ കൈ പൊക്കും… കാലിട്ടാട്ടും തുടങ്ങിയവ) പാവം ഞങ്ങള്‍‌ അതെല്ലാം ചെയ്യും. എങ്ങനെയൊക്കെ ആയാലും കുറെ നേരം കഴിഞ്ഞാല്‍‌ ഞങ്ങളൊക്കെ അറിയാതെ ഉറങ്ങിപ്പോകും . പിന്നെ, ഉണര്‍‌ന്നു വരുമ്പോഴേയ്ക്കും ചായയും പുട്ടോ ദോശയോ അടയോ അങ്ങനെ എന്തെങ്കിലും ഒക്കെ റഡിയായിട്ടുണ്ടാകും. അംഗ സംഖ്യ കൂടുതലായിരുന്നതിനാല്‍‌ അവിടെ രണ്ടു നേരവും പലഹാരം പതിവായിരുന്നു.

അങ്ങനെ ഒരു ദിവസമാണ് അതു സംഭവിച്ചത്. (ഇനിയാണ് സംഭവം നടക്കുന്നത് വായനക്കാരുടെ ക്ഷമ പരീക്ഷിച്ചതിനു മാപ്പ്). പതിവു കലാപരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങള്‍‌ കുട്ടിപ്പട്ടാളം മുഴുവന്‍‌ ചാള അടുക്കിയതു പോലെ ഉറങ്ങാന്‍‌‌ കിടന്നു. മേല്‍‌ നോട്ടക്കാരനായി പപ്പ ചേട്ടനും. കൂടെ പപ്പ ചേട്ടനെ സോപ്പിട്ട് എന്റെ ചേട്ടനും. അവര്‍‌ അന്ന് ഉറങ്ങാതിരുന്ന് എന്നെ പറ്റിക്കാനുള്ള വഴികളാലോചിക്കുകയായിരുന്നു(ദുഷ്ടന്‍‌മാര്‍‌!).അവസാനം അവര്‍‌ ഒരു വഴി കണ്ടെത്തി.സമയം ഏതാണ്ട് 4 കഴിഞ്ഞു കാണണം.ഞാനന്ന് കുറച്ചു കൂടുതല്‍‌ നേരം ഉറങ്ങിയെന്നു തോന്നുന്നു(തോന്നലല്ല, ഉറങ്ങി) . ഇവര്‍‌ രണ്ടു പേരും കൂടി എന്നെ കുലുക്കി വിളിച്ച് ഉണര്‍‌ത്തുമ്പോഴേയ്ക്കും മറ്റുള്ളവരെല്ലാം ഉണര്‍‌ന്നു കഴിഞ്ഞിരുന്നു. അതോ ആ പഹയന്‍‌മാര്‍‌ മന:പൂര്‍‌വ്വം മറ്റുള്ളവരെ ആദ്യമേ എഴുന്നേല്‍‌പ്പിച്ചതാണോ.

എന്തായാലും രണ്ടാളും കൂടി എന്നെ വിളിച്ചെഴുന്നേല്‍‌പ്പിച്ചു. എന്നിട്ടു പറഞ്ഞു ‘എടാ… എന്തൊരു ഉറക്കമാ ഇത്… ദേ നേരം വെളുത്തു. എല്ലാവരും എഴുന്നേറ്റു പല്ലു തേപ്പു വരെ കഴിഞ്ഞു.’

ആ സമയത്ത് വെയിലും മങ്ങി തുടങ്ങിയിരുന്നതിനാല്‍‌ നേരം പുലരുമ്പോഴത്തേതു പോലുള്ള ഒരു അന്തരീക്ഷമായിരുന്നു. അവര്‍‌ എന്നെ അടുക്കളയില്‍‌ വിളിച്ചു കൊണ്ടു പോയി, നേരം വെളുത്തിട്ട് അമ്മൂമ്മ പുട്ടു ചുടുന്നതാണെന്നും പറഞ്ഞ് അതും കാട്ടി തന്നു. യഥാര്‍‌ത്ഥത്തില്‍‌ അതിന്റെ യൊന്നും ആവശ്യമുണ്ടായിരുന്നില്ല. അവര്‍‌ ആദ്യം പറഞ്ഞപ്പോള്‍‌ തന്നെ നേരം വെളുത്തു കാണുമെന്നു ഞാന്‍‌ വിശ്വസിച്ചിരുന്നു. ഉറക്കം മുഴുവനാകാതെ കുലുക്കി വിളിച്ചതു കാരണം എന്റെ ‘റിലേ' ശരിക്കു വീണിരുന്നില്ല.

തുടര്‍‌ന്ന് അവര്‍‌ എന്നോട് പല്ലു തേയ്ക്കെടാ.. പല്ലു തേയ്ക്കെടാ‘ എന്നു തന്നെ പറഞ്ഞു കൊണ്ടിരുന്നു. പിന്നെ, അവര്‍‌ തന്നെ മുന്‍‌കൈയെടുത്ത് എനിക്ക് അടുക്കളയില്‍‌ കടന്ന് ഉമിക്കരിയെല്ലാം എടുത്തു തന്നു. അന്നു മാത്രം ഇവര്‍‌ക്കെന്താ ഇത്ര സ്നേഹം എന്നു ഞാന്‍‌ ആലോചിക്കാതെ ഇരുന്നില്ല. സംശയം കൂടാതെ ഞാന്‍‌ ഉമിക്കരി വാങ്ങി പല്ലു തേയ്ക്കാന്‍‌ തുടങ്ങിയതും രണ്ടു പേരും കൂടി ഉറക്കെ ചിരിച്ചു കൊണ്ട് എല്ലാവരെയും ഇതു വിളിച്ചു കാണിച്ചു. എല്ലാവരും കൂട്ടച്ചിരിയായി. എന്നിട്ടും ഞാന്‍‌ പല്ലു തേപ്പ് തുടരുന്നതു കണ്ട് രണ്ടു പേരും നിര്‍‌ബന്ധമായി എന്റെ കയ്യില്‍‌ നിന്നും ഉമിക്കരി തട്ടി കളഞ്ഞ് എന്നെ കൊണ്ട് മുഖം കഴുകിച്ചു. പിന്നെ, അവര്‍‌ക്കൊപ്പം ഭക്ഷണ മേശയില്‍‌ പിടിച്ചിരുത്തി. ഞങ്ങള്‍‌ ഒരുമിച്ചു ഭക്ഷണവും കഴിച്ചു.

എന്നാല്‍‌ അപ്പോഴും അവരെന്തിനാണ് എന്റെ കയ്യില്‍‌ നിന്നും ഉമിക്കരി തട്ടിക്കളഞ്ഞതെന്ന് എനിക്ക് മനസ്സിലായതേയില്ല. ഒരു പക്ഷേ അന്നു പല്ലു തേയ്ക്കാതെ ഭക്ഷണം കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടാവില്ലെന്നു കരുതി ഞാന്‍‌ ആശ്വസിച്ചു. പിന്നീട് ഞാന്‍‌ ആ സംഭവം തന്നെ മറന്നു പോയി. അന്ന് (ഇന്ന് അങ്ങനെയല്ലാട്ടോ)എന്നെ സംബന്ധിച്ചിടത്തോളം അതൊരു സംഭവമേ ആയിരുന്നില്ല.

പിന്നെയും കുറേ നാളുകള്‍‌ക്കു ശേഷം (ഒരു പക്ഷേ ഏതാനും വര്‍‌ഷങ്ങള്‍‌ക്കു ശേഷം) ആലോചിച്ചപ്പോഴാണ് എനിക്ക് ആ സംഭവത്തിലെ നര്‍‌മ്മം പിടി കിട്ടിയത്. ഇന്ന്‌ അതെല്ലാം ആലോചിയ്ക്കുമ്പോള്‍‌ വല്ലാത്ത നഷ്ടബോധം മാത്രം.

Friday, March 7, 2014

പെരുന്നാള്‍ ദിനത്തിലെ ബൂമറാങ്ങ്



നാട്ടില്‍ ഇപ്പോള്‍ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണല്ലോ. കഴിഞ്ഞ ദിവസം അത്താഴ ശേഷം അടുത്ത റൂമിലെ സുഹൃത്തുക്കള്‍ക്കൊപ്പം പഴയ പെരുന്നാള്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന വേളയില്‍ അതിലൊരു സുഹൃത്ത് (തല്‍ക്കാലം യഥാര്‍ത്ഥ പേരു വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ നമുക്കവനെ ജോര്‍ജ്ജ് എന്ന് വിളിയ്ക്കാം) അവനും അവന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കും പറ്റിയ ഒരു അക്കിടി അക്കൂട്ടത്തില്‍ പങ്കു വച്ചു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് അവര്‍ നാട്ടില്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. പഠനത്തില്‍ ആരും അത്ര മോശമൊന്നുമല്ലെങ്കിലും അത്യാവശ്യം തരികിടകളുമായി കഴിഞ്ഞു കൂടുന്നു. എന്നു വച്ചാല്‍ വല്ലപ്പോഴും തരം കിട്ടുമ്പോള്‍ ക്ലാസ് കട്ടു ചെയ്ത് കറങ്ങാന്‍ പോകുകയും, സിനിമയ്ക്ക് പോകുകയും ഒക്കെ... അക്കൂട്ടത്തില്‍ സുഹൃത്തുക്കളില്‍ ആരുടെയെങ്കിലും വീടുകളില്‍ എന്തെങ്കിലും ആഘോഷങ്ങളോ പള്ളിപ്പെരുന്നാളോ ഒക്കെ ഒത്തു വരുമ്പോള്‍ എങ്ങനേലും കൂട്ടം ചേര്‍ന്ന് ഒന്നു മിനുങ്ങാനുള്ള വക ഒപ്പിയ്ക്കുക എന്നതായിരുന്നു അവരുടെ  പരമപ്രധാനമായ ലക്ഷ്യം.

അങ്ങനെയിരിയ്ക്കേയാണ് ആ വര്‍ഷത്തെ പെരുന്നാള്‍ കാലം വന്നെത്തിയത്. കാത്ത് കാത്തിരുന്നു വന്നെത്തിയ പെരുന്നാള്‍ ആഘോഷിയ്ക്കുവാന്‍ തന്നെ നാല്‍വര്‍സംഘം തീരുമാനിച്ചു. അന്ന് ചില്ലറ വല്ലതും ഒപ്പിയ്ക്കുക എന്നത് ഇന്നത്തെ പോലെ അത്ര എളുപ്പമല്ല. പെരുന്നാള്‍ ദിനങ്ങള്‍ ഓരോന്നായി അവിടെവിടെയായി കറങ്ങി നടന്നും മറ്റും സമയം കളഞ്ഞ്, ഓരോരുത്തരായി അന്നു വരെ അരിഷ്ടിച്ചു പിടിച്ച്,  കിട്ടിയ തുക മുഴുവനും പെരുന്നാളിന്റെ അവസാന ദിവസത്തേയ്ക്ക് വേണ്ടി മാറ്റി വച്ചു.  അങ്ങനെ ആരോരുമറിയാതെ അവര്‍ രണ്ടു കുപ്പി ബിയര്‍ വാങ്ങി രഹസ്യമായി ഒളിപ്പിച്ചു വച്ചു. പെരുന്നാളിന്റെ അവസാന ദിവസം രാത്രി രഹസ്യമായി എവിടെയെങ്കിലും കൂടിയിരുന്ന് സംഗതി ഫിനിഷ് ചെയ്യണം, അതാണ് ലക്ഷ്യം. അവസാന ദിവസമായതിനാല്‍ കുറച്ചു വൈകി വീട്ടിലെത്തിയാലും പ്രശ്നമില്ലല്ലോ.

അങ്ങനെ ആ സുദിനം വന്നെത്തി. പകല്‍ മുഴുവന്‍ നാലു പേരും പള്ളിയിലും പരിസരത്തും പ്രാര്‍ത്ഥനയും മറ്റുമായി കുടുംബാംഗങ്ങളുടെ കൂടെ തന്നെ കൂടി. (രാത്രി കൂട്ടുകാരുടെ കൂടെ പോകുമ്പോള്‍ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുണ്ടാകരുതല്ലോ).  രാത്രി വൈകിയ ശേഷം അടുത്തുള്ള വാഴത്തോപ്പില്‍ ഒത്തു കൂടാനാണ് പ്ലാന്‍. ബിയര്‍ കുപ്പികള്‍ രണ്ടും രഹസ്യമായി അവിടെ ഒളിപ്പിച്ചു വച്ചിരിയ്ക്കുകയാണ്. 

സമയം രാത്രിയായി. പള്ളിയിലെ പരിപാടികള്‍ എല്ലാം ഏതാണ്ട് കഴിഞ്ഞു.  എല്ലാവരും പള്ളി മുറ്റത്താണ്. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ചുറ്റിലുമുണ്ട്. ഇനി വേറെ ആരുമറിയാതെ നാലു പേര്‍ക്കും തിരക്കിനിടയില്‍ നിന്ന് വലിഞ്ഞ് അവിടെ എത്തിപ്പെട്ടാല്‍ മാത്രം മതി. ഓരോരുത്തരായി ആരുടെയും ശ്രദ്ധയില്‍ പെടാതെ പതുക്കെ കൂട്ടത്തില്‍ നിന്ന് വലിയാന്‍ തുടങ്ങി. പക്ഷേ, ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ഇടയില്‍ പെട്ടു കിടക്കുകയായിരുന്നു, നമ്മുടെ ജോര്‍ജ്ജ്. അവന്റെ ബന്ധുക്കള്‍ പലരും പെരുന്നാള്‍ പ്രമാണിച്ച് വീട്ടിലെത്തിയിട്ടുണ്ട്. അവരുടെയെല്ലാവരുടെയും മക്കളുടെ ഉത്തരവാദിത്വം അവനെയാണ് വീട്ടുകാര്‍ ഏല്‍പ്പിച്ചിരുന്നത്. അവര്‍ക്ക് എല്ലാവര്‍ക്കും പീപ്പിയും ബലൂണും കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി കൊടുത്ത്, അവരെയെല്ലാം പെറുക്കി കൂട്ടി അവരുടെ ഒപ്പം നില്‍ക്കുകയായിരുന്നു അവന്‍. സമയം വൈകുന്തോറും അവന്റെ ക്ഷമ നശിച്ചു കൊണ്ടിരിയ്ക്കുകയാണ്. തന്റെ സുഹൃത്തുക്കള്‍ മൂന്നു പേരും തന്നെ മാത്രം കാത്തു നില്‍ക്കുകയാണെന്ന ബോധ്യവും തന്റെ കൂടെയുള്ള കുട്ടികളെ ഒഴിവാക്കാതെ ഒന്നും നടക്കില്ലെന്ന അറിവും അവനെ ഭ്രാന്തു പിടിപ്പിച്ചു. ഇടയ്ക്ക് ഒന്നു രണ്ടു തവണയായി ചെല്ലാനായി സുഹൃത്തുക്കളുടെ സിഗ്നല്‍ കിട്ടി. അവസാനം ഒരു വിധത്തില്‍ അവന്‍ കുട്ടികളുടെ ഉത്തരവാദിത്വം മുഴുവന്‍ ഒരു വിധത്തില്‍ അവന്റെ പെങ്ങളെ ഏല്‍പ്പിച്ച് അവിടെ നിന്നും സ്കൂട്ടായി.

സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് അവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഓടുകയായിരുന്നു. അവരുടെ അടുത്തെത്തും മുന്‍പ് തന്നെ അവന്‍ തിരക്കു കൂട്ടി. "വാടാ, വേഗം പോകാം". എല്ലാവരും ആവേശത്തോടെ പോകാനൊരുങ്ങുമ്പോള്‍ അതാ പുറകില്‍ നിന്നൊരു വിളി

 "അളിയാ... ജോര്‍ജ്ജേ..."

എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി. അതാ നില്‍ക്കുന്നു, ജോര്‍ജ്ജിന്റെ ബാല്യ കാല സുഹൃത്ത് ജോസ്. ജോര്‍ജ്ജിന്റെ പഴയ ഒരു സഹപാഠിയായിരുന്നു ജോസ്. ഒരു അടുത്ത സുഹൃത്ത് എന്നൊന്നും പറയാനാകില്ല,മാത്രവുമല്ല... ജോസ് വേറെ ഏതോ നാട്ടിലാണ് പഠിയ്ക്കുന്നത്. കുറേ നാളായി കാണാറുമില്ല.

ജോര്‍ജ്ജിന്റെ സുഹൃത്തുക്കള്‍ അമ്പരന്ന് ചോദ്യഭാവത്തോടെ നില്‍പ്പാണ്. ഇവനിപ്പോ എവിടുന്നു വന്നു ചാടി എന്ന ഭാവത്തില്‍ വലിയ താല്പര്യമില്ലെങ്കിലും ജോര്‍ജ്ജ് ഒരു ചിരി മുഖത്തു വരുത്തി കൊണ്ട് ജോസിനെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി. ജോസ് ഒരു ശുദ്ധനാണെങ്കിലും തന്റെയും സുഹൃത്തുക്കളുടെയും ടൈപ്പ് അല്ലാതിരുന്നതിനാല്‍ ജോര്‍ജ്ജിന് കക്ഷിയോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. ജോസാണെങ്കില്‍ അന്നു വരെ കാണിയ്ക്കാത്ത ആത്മാര്‍ത്ഥതയോടെ അവരുടെ ഒപ്പം നടന്ന് ജോര്‍ജ്ജിനോട് ആവേശത്തോടെ സംസാരിച്ചു കൊണ്ടുമിരിയ്ക്കുകയാണ്.

ജോര്‍ജ്ജിന്റെ സുഹൃത്തുക്കള്‍ക്ക് ക്ഷമ നശിയ്ക്കാന്‍ തുടങ്ങി. ആകെ ഉള്ളത് രണ്ടു കുപ്പിയാണ്. അത് പങ്കു വയ്ക്കാന്‍ ഇനി ഒരാള്‍ കൂടി വരുന്നത് അവര്‍ക്ക് ആലോചിയ്ക്കാനേ വയ്യ. അവര്‍ എങ്ങനെയെങ്കിലും ഈ മാരണത്തെ ഒഴിവാക്കാന്‍ ജോര്‍ജ്ജിനോട് ആംഗ്യങ്ങളിലൂടെ സൂചന നല്‍കി. ജോര്‍ജ്ജും അതു തന്നെയാണ് ശ്രമിയ്ക്കുന്നത്, പക്ഷേ കക്ഷിയ്ക്ക് പോകാനൊട്ടു ഭാവവുമില്ല.

ജോസ് തനിയേ ഒഴിഞ്ഞു പോകുന്ന ലക്ഷണമൊന്നും കാണിയ്ക്കുന്നില്ല. അവസാനം ജോര്‍ജ്ജ് ഒരു സാഹസത്തിനു തയ്യാറായി. (ജോസറിയാതെ) സുഹൃത്തുക്കള്‍ക്ക് സൂചന നല്‍കിയ ശേഷം അവന്‍ ജോസിനെയും കൂട്ടി കൂട്ടത്തില്‍ നിന്ന് മാറി നടന്നു.  "മറ്റു പലതിലേയ്ക്കും കക്ഷിയുടെ ശ്രദ്ധ തിരിച്ചു വിട്ട് അവനെ വേറെ എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ടു പോയി ആള്‍ക്കൂട്ടത്തില്‍ വിട്ട് 'തിരക്കിനിടെ കൂട്ടം തെറ്റിപ്പോയെന്ന ഭാവത്തില്‍' മുങ്ങുക, എന്നിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കൂടി തങ്ങളുടെ പ്ലാന്‍ പ്രകാരം മുമ്പോട്ടു പോകുക" ഇതായിരുന്നു അവന്റെ പ്ലാന്‍.

അങ്ങനെ അവനെയും കൂട്ടി ജോര്‍ജ്ജ് പെട്ടിക്കടകളും മറ്റുമുള്ളിടത്തേയ്ക്ക് ചുമ്മാ കറങ്ങാനെന്ന ഭാവേന പോയി. സൂത്രത്തില്‍ ആ തിരക്കില്‍ അവനെ വിട്ട്, തിരക്കില്‍ മിസ്സായി എന്ന ഭാവേന അവിടെ നിന്ന് വലിഞ്ഞു. ജോര്‍ജ്ജ് തന്റെ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് തിരികെ എത്തും മുന്‍പേ എവിടെ നിന്നെന്നറിയില്ല, "അളിയാ, തിരക്കില്‍ നിന്നെ പെട്ടെന്ന് കാണാതായെടാ" എന്നും പറഞ്ഞു കൊണ്ട് ജോസ് വീണ്ടും ഓടിയെത്തി. മുഖത്ത് ജോസിനെ തിരിച്ചു കിട്ടിയ ആശ്വാസ ഭാവം പ്രകടിപ്പിച്ച്, എന്നാല്‍ മനസ്സില്‍ അവനെ പ്രാകിക്കൊണ്ട് ജോര്‍ജ്ജ് അടുത്ത സ്ഥലത്തേയ്ക്ക് വച്ചു പിടിച്ചു. ഇത്തവണയും കഥ മാറിയില്ല. ജോസിനെ ഒരിടത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും അവന്‍ വീണ്ടും ജോര്‍ജ്ജിനെ കണ്ടു പിടിച്ചു. വീണ്ടും രണ്ടു മൂന്നു തവണ ഇതേ ശ്രമങ്ങള്‍ ജോര്‍ജ്ജ് നടത്തിയെങ്കിലും ഓരോ തവണയും ഒരു ബൂമറാങ്ങ് പോലെ ജോസ് അവനെ തേടി കണ്ടുപിടിച്ച് തിരിച്ചു വന്നു കൊണ്ടിരുന്നു.

അവസാനം ജോസിനെ ഒഴിവാക്കാന്‍ ശ്രമിച്ച് ജോര്‍ജ്ജിന്റെയും, ജോര്‍ജ്ജിനെ കാത്തു നിന്ന് അവന്റെ സുഹൃത്തുക്കളുടെയും ക്ഷമ നശിച്ചു. അങ്ങനെ നിവൃത്തിയില്ലാതെ അവര്‍ തങ്ങളുടെ "ഓപ്പറേഷന്‍ ബിയര്‍ പ്ലാനില്‍" ജോസിനെ കൂടി പങ്കെടുപ്പിയ്ക്കാന്‍ നിര്‍ബന്ധിതരായി. വളരെ വിഷമത്തോടെ, (എന്നാല്‍ ബൈ ചാന്‍സ്... ജോസ് എങ്ങാനും നിരസിച്ചെങ്കിലോ എന്ന കുഞ്ഞു പ്രതീക്ഷ ഉള്ളില്‍ വച്ച്) നാല്‍വര്‍ സംഘം ജോസിനെ തങ്ങളുടെ രഹസ്യ അജണ്ടയിലേയ്ക്ക് ക്ഷണിയ്ക്കുമ്പോള്‍ സന്തോഷത്തോടെ (അവരുടെ പ്രതീക്ഷയുടെ ആ കുഞ്ഞു നാളം നിഷ്കരുണം ഊതിക്കെടുത്തി) ആ ക്ഷണം സ്വീകരിച്ചു കൊണ്ട് ജോസ് അവരുടെ കൂടെ കൂടി.

എന്തായാലും ആ രണ്ടു കുപ്പി ബിയര്‍ അവരുടെ തല്‍ക്കാലത്തെ വിഷമങ്ങളെല്ലാം മാറ്റി. ആകെ രണ്ടു ബോട്ടിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവര്‍ ഉള്ളത് അഞ്ചു പേര്‍ക്കായി പങ്കു വച്ചു. കുറേശ്ശെ ആസ്വദിച്ചു കുടിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ ഓരോന്ന് പറയുന്ന കൂട്ടത്തില്‍ ജോസ് മൂന്നു നാലു തവണ ജോര്‍ജിനെ തിരക്കില്‍ കാണാതായതും ഓരോ തവണയും വീണ്ടും കണ്ടുപിടിയ്ക്കാനായതുമെല്ലാം സൂചിപ്പിച്ചു.

മനസ്സില്‍ തികട്ടി വന്ന ദേഷ്യവും നിരാശയും കടിച്ചമര്‍ത്തി, തെല്ലൊരു അതിശയത്തോടെ ജോര്‍ജ്ജ് ജോസിനോട് ചോദിച്ചു "എന്നാലും ഈ രാത്രി ഇത്രയും തിരക്കിനിടയിലും നീയെന്നെ എങ്ങനെ കണ്ടു പിടിച്ചെടാ???"

ചെറിയൊരു ചിരിയോടെ ജോസ് പറഞ്ഞു "അതിനാടാ ബുദ്ധി ഉപയോഗിയ്ക്കണമെന്ന് പറയുന്നത്. ഓരോ തവണയും നിന്നെ കാണാതാകുമ്പോള്‍ ഞാന്‍ നേരെ മുകളിലേയ്ക്ക് നോക്കും. ഒരു ചുവന്ന ഹൈഡ്രജന്‍ ബലൂണ്‍ എവിടെയെങ്കിലും പറക്കുന്നുണ്ടോ എന്ന്.  സത്യത്തില്‍ നിന്റെ കയ്യിലെ ആ ബലൂണാണ് ഓരോ തവണയും എന്നെ രക്ഷിച്ചത്. ഭാഗ്യമായി, അല്ലേ അളിയാ? അല്ലെങ്കില്‍ നമുക്ക് ഇന്ന് ഇങ്ങനെ കൂടാന്‍ പറ്റുമായിരുന്നോ???"

"അതെയതെ... ശരിയ്ക്കും ഭാഗ്യമായി" തന്റെ ബന്ധുക്കളുടെ കുട്ടികള്‍ക്ക് ബലൂണും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്ത കൂട്ടത്തില്‍ ഒരു കൌതുകം തോന്നി, ഒരു ഹൈഡ്രജന്‍ ബലൂണ്‍ തന്റെ കയ്യില്‍ തന്നെ പിടിയ്ക്കാന്‍ തോന്നിയ ആ നിമിഷത്തെ മനസ്സില്‍ ശപിച്ചു കൊണ്ട് ജോര്‍ജ്ജ് അറിയാതെ പറഞ്ഞു പോയി.

Monday, February 10, 2014

ഓര്‍മ്മയില്‍ ഒരു അത്താഴം

​​​ഞങ്ങള്‍ ബിരുദപഠനത്തിന് പിറവം ബി പി സി കോളേജില്‍ പഠിയ്ക്കുന്ന കാലം. കോളേജിന് അടുത്തു തന്നെ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന, 'ഫ്രണ്ട്സ്' എന്ന് ഞങ്ങള്‍ പേരിട്ടിരുന്ന ഞങ്ങളുടെ റൂം.​

​​ഞാനും സഞ്ജുവും കുല്ലുവും മാത്രമായിരുന്നു അവിടത്തെ യഥാര്‍ത്ഥ താമസക്കാരെങ്കിലും മത്തന്‍, സുധി, ജോബി, ബിബിന്‍ എന്നിവരും അവിടത്തെ നിത്യ സന്ദര്‍ശകരായിരുന്നതിനാല്‍ എപ്പോഴും റൂമില്‍ ചുരുങ്ങിയത് നാലഞ്ചു പേരെങ്കിലും കാണും. ​
 സ്ഥിര താമസക്കാരനായിരുന്ന കുല്ലുവിനേക്കാള്‍ കൂടുതല്‍ അവിടെ താമസിച്ചിട്ടുണ്ടാകുക മത്തനും സുധിയപ്പനും ആയിരിയ്ക്കുമെന്നതില്‍ യാതൊരു സംശയവുമില്ല​.

​​
അന്നെല്ലാം വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ സ്വയം പാചകം ചെയ്താണ് കഴിച്ചിരുന്നത്. പാചകമെന്നു വച്ചാല്‍ അത് സംഭവ ബഹുലമായ കാര്യമൊന്നുമല്ല. അടുത്തുള്ള മണി ചേട്ടന്റെ കടയില്‍ നിന്ന് കുത്തരി വാങ്ങും (അന്ന് കിലോയ്ക്ക് 8-9 രൂപ ആയിരുന്നു വില). ​

​അതു കൊണ്ട് കഞ്ഞി ഉണ്ടാക്കും, ഒപ്പം ഓരോ മുട്ടയും വറുക്കും. എല്ലാവരും എന്തെങ്കിലുമൊക്കെ അച്ചാര്‍ കൊണ്ടു വന്നിട്ടുണ്ടാകും.​

​ ഓരോ ദിവസവും അതിലേതെങ്കിലും അച്ചാറും കൂടെ കാണും. ​

​തീര്‍ന്നു, അത്രേയുള്ളൂ ഞങ്ങളുടെ അത്താഴം!​


​ ഇടയ്ക്കൊക്കെ ബിബിനോ ജോബിയോ അവരുടെ വീട്ടില്‍ നിന്ന്  ചമ്മന്തിപ്പൊടി കൊണ്ടു തരും. സുധിയപ്പനും മത്തനും ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് കറികള്‍ എന്തെങ്കിലും കൊണ്ടു വരും. അതെല്ലാം ഉള്ളത്രയും നാളുകള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആര്‍ഭാടമാണ്. അവസാന വര്‍ഷമായപ്പോഴേയ്ക്കും ഞങ്ങളുടെ അയല്‍പക്കത്ത് ഒരു വീടു കൂടി വന്നു - രാമന്‍ ചേട്ടനും കുടുംബവും. വളരെ പെട്ടെന്നു തന്നെ അവര്‍ ഞങ്ങളുമായി നല്ല ലോഹ്യത്തിലായി. ഒരു വൈകുന്നേരം ആ ഒറ്റമുറിയില്‍ ഞങ്ങളുടെ ഒപ്പം സംസാരിച്ചിരിയ്ക്കുന്ന വേളയില്‍ കക്ഷി ഞങ്ങളുടെ 'അത്താഴത്തിന്റെ മെനു' കാണാനിടയായി.അതിനു ശേഷം മിക്കവാറും രാത്രികളില്‍ "കഞ്ഞി ഇട്ടോടാ" എന്ന ചോദ്യവുമായി, ഒരു പാത്രം കറിയുമായി കയറി വരുന്ന രാമന്‍ ചേട്ടന്‍ ഒരു സ്ഥിരം കാഴ്ചയായിരുന്നു.

​ഇവിടെ പറയാന്‍ പോകുന്ന സംഭവം രാമന്‍ ചേട്ടനും കുടുംബവും വരുന്നതിനു മുന്‍പ് നടന്നതാണ്.​
​​
​ അന്ന് വൈകുന്നേരം ജോബിയും സുധിയപ്പനും ക്ലാസ്സ് കഴിഞ്ഞ് അവിടെ കൂടാന്‍ തീരുമാനിച്ച ദിവസമായിരുന്നു.​
​ പതിവു പോലെ കോളേജ് ജങ്ക്ഷനില്‍ നിന്ന് അവസാനത്തെ കുട്ടിയും ബസ് കയറി പോയ ശേഷം കുറച്ചു നേരം കൂടി അവിടെയിരുന്ന് സമയം കളഞ്ഞ ശേഷം ഇരുട്ടാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ റൂമിലെത്തി. കുളിയെല്ലാം കഴിഞ്ഞ് വീണ്ടും ​
കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞും
​ മറ്റും ഇരുന്ന് സമയം പോയതറിഞ്ഞില്ല. അങ്ങനെ രാത്രി എട്ടര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍  അത്താഴത്തിന്റെ ഒരുക്കങ്ങളിലേയ്ക്ക് കടക്കാന്‍ തുടങ്ങുകയായിരുന്നു. ​
​അപ്പോഴാണ് ജോബിയുടെ ചോദ്യം: "കഞ്ഞിയ്ക്ക് എന്തോന്നെടേയ് കറി?"

അവന്റെ ചോദ്യും കേട്ട് ഞങ്ങള്‍ ഒന്നമ്പരന്നു. ആ ചോദ്യം അപ്രസക്തമാണ്. ഞങ്ങളുടെ ഔദ്യോഗിക ഭക്ഷണമാണ് 'കഞ്ഞിയും മുട്ട വറുത്തതും അച്ചാറും'. അത് അവര്‍ക്കും അറിവുള്ളതുമാണ്. [ഇത്രയും കാലങ്ങള്‍ക്ക് ശേഷവും അക്കാലത്തെ "കഞ്ഞി - മുട്ട വറുത്തത് - അച്ചാര്‍" കോമ്പിനേഷന്റെ രുചി മനസ്സിലുണ്ട്].

ഞങ്ങള്‍ ചോദ്യ ഭാവത്തില്‍ നോക്കുന്നത് കണ്ട് അവന്‍ തുടര്‍ന്നു. "എടാ, സ്ഥിരം മുട്ട വറുത്തതും അച്ചാറുമല്ലേ, ഇന്നൊരു വെറൈറ്റിയ്ക്ക് വേണ്ടി മറ്റെന്തെങ്കിലും കിട്ടുമോ എന്ന് നമുക്ക് നോക്കാം. സുധിയപ്പാ, വാടാ. നമുക്ക് ശശി ചേട്ടന്റെ കടയിലൊരു സന്ദര്‍ശനം നടത്താം. സമയം ഇത്രയായില്ലേ? കട അടയ്ക്കാറായി കാണും. എന്തെങ്കിലും കറി ബാക്കി ഉണ്ടെങ്കില്‍ ചുളു വിലയ്ക്ക് വല്ലതും വാങ്ങി കൊണ്ടു വരാം"

അങ്ങനെ അവന്മാര്‍ അങ്ങോട്ട് പുറപ്പെട്ടു. [അന്ന് ജംഗ്‌ഷനിലുള്ള ഒരേയൊരു ഹോട്ടലാണ് ശശി ചേട്ടന്റെ കട. സ്ഥിരം കോളേജ് വിദ്യാര്‍ത്ഥികളും ചില്ലറ നാട്ടുകാരും മാത്രമേ രാത്രി സമയത്ത് ഭക്ഷണത്തിന് അവിടെ കാണാറുള്ളൂ.]

നേരെ ചെന്നു കയറി കറി ചോദിയ്ക്കുകയല്ല അവന്മാര്‍ ചെയ്തത്. വെറുതേ നടക്കാനിറങ്ങിയ കൂട്ടത്തില്‍ ചെന്നു കയറിയതെന്ന പോലെ വെറുതേ അങ്ങോട്ട് കടന്നു ചെന്നു. [ പലപ്പോഴും അത് പതിവുള്ളതായതിനാല്‍ ശശി ചേട്ടന് അതില്‍ അസ്വഭാവികമായി ഒന്നും തോന്നിയില്ല].

കുറച്ചു നേരം ലോഹ്യം പറയാനെന്ന മട്ടില്‍ അവന്മാര്‍ അവിടെ ചുറ്റിപ്പറ്റി നില്‍പ്പായി. കടയില്‍ ആരുമുണ്ടായിരുന്നില്ല. സ്ഥിരം ആളുകളെല്ലാം ഭക്ഷണം കഴിഞ്ഞ് പോയിക്കാണണം. അടുക്കളയില്‍ എല്ലാം ഒതുക്കി വച്ചു കൊണ്ടു തന്നെ ശശി ചേട്ടനും അവരുടെ കൂടെ സംസാരിയ്ക്കാന്‍ കൂടി. ഒപ്പം സുധിയപ്പനെ കണ്ടപ്പോള്‍ തന്റെ സ്ഥിരം ചോദ്യം ചോദിയ്ക്കാനും കക്ഷി മറന്നില്ല.

"സുധീ, നീ എന്നാ നിന്റെ കണക്ക് സെറ്റില്‍ ചെയ്യുന്നേ? ഇപ്പോ പറ്റു ബുക്കില്‍ നിന്റെ രണ്ടു പേജ് നിറഞ്ഞു കേട്ടോ"

സുധിയപ്പനും മോശമാക്കിയില്ല. തന്റെ പതിവു മറുപടി തന്നെ അവനും പറഞ്ഞു "ശശി ചേട്ടാ. ഞാനെത്ര തവണ പറഞ്ഞു -  ഞാനെന്തായാലും ആ പറ്റ് തീര്‍ക്കാനൊന്നും പോകുന്നില്ല. പിന്നെന്തിനാ വെറുതേ അതെഴുതി പുസ്തകവും മഷിയും വേസ്റ്റ് ആക്കുന്നേ? അതെങ്കിലും ലാഭിച്ചു കൂടേ?"

ശശി ചേട്ടന് തുടര്‍ന്നെന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അടുക്കള വാതിലില്‍ നില്‍ക്കുകയായിരുന്ന ജോബി ഇടപെട്ടു " അല്ല, ശശി ചേട്ടാ, ഇന്നത്തെ കച്ചവടമെല്ലാം കഴിഞ്ഞോ? കട അടയ്ക്കാറായോ?"

"ഉവ്വെടാ, ഇനി ആരും വരുമെന്നു തോന്നുന്നില്ല"

"പക്ഷേ, ഇനിയും കുറേ അപ്പവും കടലകറിയും തോരനും മറ്റും ബാക്കി ഉണ്ടല്ലോ ശശി ചേട്ടാ?"

 "ഇതാകും ഇനി നാളെ ഞങ്ങള്‍ക്ക് വീണ്ടും ചൂടാക്കി തരാന്‍ പോകുന്നതല്ലേ?" സുധിയപ്പനും ഏറ്റുപിടിച്ചു.

ആ ചോദ്യം ഏറ്റു. അത് ശശി ചേട്ടന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതു പോലെയായി. ഒട്ടും ആലോചിയ്ക്കാതെ ശശി ചേട്ടന്‍ മറുപടി പറഞ്ഞു " ഹേയ്, അതെന്താടാ നിങ്ങള്‍ അങ്ങനെ പറഞ്ഞത്? ഞാന്‍ അങ്ങനെ ചെയ്യുമോ? ഒരു ദിവസം ബാക്കി വരുന്ന ഭക്ഷണം ഞാന്‍ അടുത്ത ദിവസത്തേയ്ക്ക് ഒരിയ്ക്കലും ഉപയോഗിയ്ക്കാറില്ല"

"കഷ്ടം! അപ്പൊ ഈ ഭക്ഷണം മുഴുവന്‍ വേസ്റ്റ് ആകുമല്ലോ ശശി ചേട്ടാ" സഹതാപ ഭാവത്തില്‍ ജോബി വീണ്ടും.

"അതേടാ, എന്തു ചെയ്യാനാ? നിങ്ങളൊക്കെ കൃത്യമായി വന്ന് തിന്നു തീര്‍ക്കുമെന്ന് കരുതിയല്ലേ ഞാന്‍ ഇത്രയൊക്കെ ഉണ്ടാക്കുന്നത്. ചില ദിവസങ്ങളില്‍ ഇങ്ങനെ ആളുകള്‍ കുറവ് വരുമ്പോള്‍ ഇങ്ങനെ ഭക്ഷണം വേസ്റ്റ് ആയി പോകും. ഇപ്പോ മനസ്സിലായോ?" ശശി ചേട്ടന്‍ അവിടെ ഒന്നു സ്കോര്‍ ചെയ്യാന്‍ ശ്രമിച്ചു. (കാരണം ഞങ്ങള്‍ അവിടുത്തെ സ്ഥിരം പറ്റുകാര്‍ ആയിരുന്നില്ലല്ലോ)

എന്നാല്‍ ജോബിയുടെ അടുത്ത മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു." എന്നാല്‍ പിന്നെ, എന്തായാലും ഈ ഭക്ഷണം മുഴുവന്‍ വേസ്റ്റ് ആയില്ലേ ശശി ചേട്ടാ? ചേട്ടനാണെങ്കില്‍ കട അടയ്ക്കാനും തുടങ്ങുന്നു. അപ്പോള്‍ പിന്നെ ഈ അപ്പം നാലഞ്ചെണ്ണം ഞങ്ങള്‍ക്ക് തന്നു കൂടേ? വെറുതേ കളയുന്നതിലും ഭേദമല്ലേ?"

അങ്ങനെ ഒരു പാര ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാതിരുന്ന ശശി ചേട്ടന്‍ കണ്ണു മിഴിച്ചു കുറച്ചു നേരം നിന്നു. അടുത്ത ദിവസം ആ ഭക്ഷണമൊന്നും ഉപയോഗിയ്ക്കില്ലെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ആ അഭ്യര്‍ത്ഥന നിരസിയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു പാവം.

നിവൃത്തിയില്ലാതെ, മുഖഭാവത്തില്‍ മാറ്റം വരാതിരിയ്ക്കാന്‍ ശ്രമപ്പെട്ട് കക്ഷി സമ്മതിച്ചു." അതിനെന്താടാ, അത് എന്തായാലും കളയാന്‍ വച്ചതല്ലേ? ആവശ്യമുള്ളത് നിങ്ങള്‍ എടുത്തോ"

ആ മറുപടി കേള്‍ക്കാന്‍ കാത്തിരിയ്ക്കുകയായിരുന്ന സുധിയപ്പന്‍ ചാടി വീണ് ആറ് അപ്പം അതില്‍ നിന്ന് പൊതിഞ്ഞെടുത്തു. നോക്കുമ്പോള്‍ ബാക്കി നാലഞ്ചെണ്ണമേ ഉള്ളൂ. "ഇതിവിടെ ബാക്കി വയ്ക്കണോ ശശി ചേട്ടാ?" അവന്റെ ചോദ്യം!

എന്തായാലും സംഗതി കൈ വിട്ടു പോയെന്നു മനസ്സിലാക്കിയ ശശി ചേട്ടന്‍ തടസ്സം പറഞ്ഞില്ല. "വേണ്ടെടാ, അതും എടുത്തോ. കൂടെ ആ കടലക്കറിയും എടുത്തോ. നിങ്ങള്‍ക്കെല്ലാവര്‍ക്കും കഴിയ്ക്കാമല്ലോ"

വെറുതേ ചോദിച്ചതാണെങ്കിലും അവര്‍ അത്രയും പ്രതീക്ഷിച്ചില്ലായിരുന്നു. സന്തോഷത്തോടെ അവര്‍ അതും പൊതിഞ്ഞെടുത്തു. പിന്നൊന്നും പറയാന്‍ നില്‍ക്കാതെ അവര്‍ ആ പൊതിയും കൊണ്ട് പോരാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ അവരെ ഒരിയ്ക്കല്‍ കൂടി ശശി ചേട്ടന്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ശശി ചേട്ടന്‍ പറഞ്ഞു "നില്ലെടാ. ഇന്നാ, കുറച്ച് തോരനും കൂടെ കൊണ്ടു പൊയ്ക്കോ. ഇതും ഇവിടിരുന്ന് കേടാക്കിയിട്ട് എന്തു കാര്യം!"

അതും കൂടി കേട്ട്  അന്തം വിട്ടു നില്‍ക്കുകയായിരുന്ന ജോബിയെയും സുധിയെയും അതിശയിപ്പിച്ചു കൊണ്ട് ശശി ചേട്ടന്‍ തന്നെ അതെല്ലാം പൊതിഞ്ഞു കൊടുത്തു. ശശിച്ചേട്ടനോട് നന്ദി പറഞ്ഞ്, ശുഭരാത്രി ആശംസിച്ച് അവര്‍ അവിടെ നിന്നിറങ്ങി.

അന്ന്  കൈ നിറയെ ഭക്ഷണ സാധനങ്ങളുമായി അവര്‍ വിജയാശ്രീലാളിതരായിട്ടാണ് ഞങ്ങളുടെ റൂമില്‍ വന്നു കയറിയത്. അന്ന് രാത്രി, ശശി ചേട്ടന്റെ കാരുണ്യം കൊണ്ട് ചില്ലിക്കാശ് മുടക്കാതെ തന്നെ ഞങ്ങള്‍ വിഭവ സമൃദ്ധമായ അത്താഴം വയറു നിറയെ കഴിച്ചു.
​​

അന്നത്തെ കാലം ഓര്‍മ്മയില്‍ വരുമ്പോഴൊക്കെ ശശി ചേട്ടനും അന്നത്തെ ആ രാത്രിയും മനസ്സില്‍ ഓടിയെത്താറുണ്ട്. സ്വതവേ അല്‍പസ്വല്‍പം പിശുക്കനായ ശശി ചേട്ടനില്‍ നിന്ന് അങ്ങനെ ഒരു നീക്കം അന്ന്ഞങ്ങളാരും ഒരിയ്ക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു പക്ഷേ, മക്കളില്ലാത്ത ശശി ചേട്ടന്‍ ഇടയ്ക്കെപ്പോഴെങ്കിലുമൊക്കെ ഇങ്ങനെയുള്ള പ്രവൃത്തികളില്‍ സംതൃപ്തി കണ്ടെത്തുന്നുണ്ടായിരുന്നിരിയ്ക്കണം.

Thursday, January 16, 2014

ദൃശ്യാനുഭവം

ഒരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ ഒരു സൂപ്പര്‍ താര ചിത്രം തീയറ്ററില്‍ കാണുന്നത്. കുറച്ചു വര്‍ഷങ്ങളായി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാറില്ലാത്തതിനാല്‍ നല്ല പോലെ കേട്ടറിഞ്ഞ ശേഷമേ (കഥയല്ല) അങ്ങനെ ഒരു ചിത്രം കാണാന്‍ പോകൂ എന്നുറപ്പിച്ചിരുന്നു.

ഇത്തവണത്തെ ക്രിസ്തുമസ്സ് - ന്യൂ ഇയര്‍ അവധിയ്ക്ക് നാട്ടിലെത്തുമ്പോഴും ഒരു സിനിമ മനസ്സില്‍ ഇല്ലായിരുന്നു. കുറച്ചു ദിവസം അവധി ഉള്ളതിനാല്‍ ഒത്തു വന്നാല്‍കുടുംബാംഗങ്ങളോടെല്ലാം ചേര്‍ന്ന് ചെറിയ ഒരു യാത്ര പോയാല്‍ കൊള്ളാമെന്ന് ഉണ്ടായിരുന്നു. പക്ഷേ, നാട്ടിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ടോ എന്തോ മോള്‍ക്ക് നല്ല സുഖമില്ലാതായതോടെ ആ പ്ലാന്‍ പൊളിഞ്ഞു. അപ്പഴേയ്ക്കും എല്ലാരുടേയും അവധിയും തീര്‍ന്നു.

അപ്പോഴാണ് എല്ലാവര്‍ക്കും കൂടി ഒരു സിനിമയ്ക്ക് പോയാലോ എന്ന ഐഡിയ ചേട്ടന്‍ മുമ്പോട്ടു വച്ചത്. ഏതു സിനിമ എന്ന് ചോദിയ്ക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം റിലീസ് ചെയ്ത ദിവസം മുതല്‍ ഏതാണ്ട് ഒരു മാസമായിട്ടും നല്ല അഭിപ്രായങ്ങള്‍ മാത്രം കേള്‍ക്കുന്നത് ഒരേ ഒരു സിനിമയ്ക്ക് മാത്രമായിരുന്നു. എന്തായാലും അച്ഛനെയും അമ്മയെയും അവരുടെ പൂര്‍ണ്ണ സമ്മതമില്ലാതെ തന്നെ കൂടെ കൂട്ടി. (അവര്‍ 17 വര്‍ഷം മുന്‍പാണ് ഒരു ചിത്രം തീയറ്ററില്‍ കണ്ടത്).

അങ്ങനെ എല്ലാവരും കൂടി തീയറ്ററില്‍ എത്തി. 9 മാസം പ്രായമായ മോളും രണ്ടര വയസ്സുകാരനായ ചേട്ടന്റെ മോനും ഞങ്ങള്‍ക്ക് പാരയായേക്കുമോ എന്ന പേടി ഉണ്ടായിരുന്നു. ഒപ്പം അങ്ങനെയിങ്ങനെ ഒന്നും സിനിമ ഇഷ്ടപ്പെടാത്ത അച്ഛനെ നിര്‍ബന്ധിച്ചു കൊണ്ടു വന്നിട്ട് അച്ചന് കഥ ഇഷ്ടപ്പെടാതിരിയ്ക്കുമോ എന്ന സംശയവും.

എന്തായാലും എല്ലാ സംശയങ്ങളും അസ്ഥാനത്താക്കി, നല്ലൊരു ദൃശ്യാനുഭവം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഞങ്ങളെല്ലാവരും തീയറ്ററില്‍ നിന്നിറങ്ങിയത്. ഒരുമാതിരി സമീപകാല ചിത്രങ്ങളോടൊന്നും ഇഷ്ടം കാണിക്കാത്ത അച്ഛന്‍ പോലും സംതൃപ്തിയോടെയാണ് ചിത്രം കണ്ടിറങ്ങിയത്. ഏതാണ്ട് ഒരു മാസത്തിനു ശേഷവും നിറഞ്ഞ തീയറ്ററും, അതില്‍ തന്നെ 90% കുടുംബ പ്രേക്ഷകരും എന്നിവയെല്ലാം തന്നെ ആ ചിത്രത്തിന്റെ വിജയത്തിന്റെ തെളിവായിരുന്നു.

സിനിമ തുടങ്ങി ആദ്യ പത്തു പതിനഞ്ചു മിനിട്ടുകള്‍ക്കിടയില്‍ മുന്‍ നിരകളിലെങ്ങോ സിനിമാ ഡയലോഗിനൊപ്പം ആരോ എന്തോ തമാശ പറഞ്ഞ് ചിരിച്ചു എന്നതു മാറ്റി നിര്‍ത്തിയാല്‍ ചിത്രം അവസാനിയ്ക്കുന്നതു വരെ ഇടയ്ക്കിടെ കേട്ട കയ്യടികള്‍ മാത്രമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും കേള്‍ക്കാനായത്. അവസാനം പുറത്തിറങ്ങുമ്പോള്‍ സ്ത്രീ പ്രേക്ഷകരില്‍ ചിലര്‍ കണ്ണു തുടയ്ക്കുന്നത് ശ്രദ്ധിച്ചതായി വര്‍ഷയും ചേച്ചിയും പറയുന്നുമുണ്ടായിരുന്നു.

വ്യത്യസ്തമായ കഥ എന്നോ വ്യത്യസ്തമായ അവതരണം എന്നോ അതുമല്ലെങ്കില്‍ ഇതു വരെ കണ്ടിട്ടില്ലാത്ത അഭിനയത്തികവ് എന്നോ ഒന്നും അവകാശവാദങ്ങള്‍ ഉന്നയിയ്ക്കാതെ (പക്ഷേ ഒരാള്‍ ഇക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നു - ഷാജോണിന്റെ പോലീസ് കഥാപാത്രം) തികച്ചും സാധാരണമായ ഒരു കഥ, മലയാളികള്‍ക്ക് സുപരിചിതമായ സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലും ചിത്രീകരിച്ച്, അസാധാരണമായ കയ്യടക്കത്തോടെ സംവിധാന മികവിലൂടെ അമിതാഭിനയങ്ങളില്ലാതെ കൃത്യമായ, കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന നടീനടന്മാരിലൂടെ നമുക്കു മുന്നില്‍ അവതരിപ്പിച്ചു ഫലിപ്പിയ്ക്കാന്‍ സാധിച്ചു എന്നതിലാണ് ചിത്രത്തിന്റെ വിജയം.

അഭിനയത്തിന്റെ കാര്യത്തിലാണെങ്കില്‍ സമീപ കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായി, എല്ലാമറിയുന്ന അതി മാനുഷനായ സൂപ്പര്‍ സ്റ്റാറിനെ അല്ല, സൂക്ഷ്മാഭിനയം കൊണ്ട് പണ്ട് നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള ഒരു മികച്ച നടനെയാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാനാകുന്നത്. ഒപ്പം നായികാ വേഷങ്ങളില്‍ നിന്നും മാറി, പ്ലസ്സ് ടു ക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയായി മികച്ച അഭിനയം കാഴ്ച വച്ച മീന, സ്ഥിരം വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങളില്‍ തിളങ്ങിയ കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ് തുടങ്ങിയവരും... അതില്‍ തന്നെ ഷാജോണിന്റെ കരിയറിലെ തന്നെ ഇതുവരെ കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച വേഷമാണ് ഇതിലെ സഹദേവന്‍ എന്ന് നിസ്സംശയം പറയാം.

രാജാക്കാട് നിവാസിയായ, വെറുമൊരു നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന ഒരു അപ്രതീക്ഷിതമായി വന്നു ചേരുന്ന ഒരു ദുരന്തം/ക്രൈം. അതില്‍ നിന്നും രക്ഷപ്പെടുവാനായി ജീവിതാനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത അറിവുകളുമായി ജോര്‍ജ്ജുകുട്ടിയുടെ നേതൃത്വത്തില്‍ ആ കുടുംബം ശക്തരായ നിയമപാലകരോടു നടത്തുന്ന ചെറുത്തു നില്‍പ്പ്... അതാണ് ഈ ചിത്രം.

അസാമാന്യമായ വൈദഗ്ദ്യത്തോടെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത് എന്നത് വിമര്‍ശന ബുദ്ധിയോടെ മാത്രം സിനിമയെ സമീപിയ്ക്കുന്നവര്‍ പോലും സമ്മതിച്ചു തരുമെന്നാണ് തോന്നുന്നത്. കഥാരംഭം മുതല്‍ കാണിയ്ക്കുന്ന/പറയുന്ന അപ്രധാനമെന്ന് തോന്നിയേക്കാവുന്ന പല സീനുകളും കഥ പുരോഗമിയ്ക്കുന്തോറും പ്രാധാന്യം നേടുന്നതും അവസാന സീന്‍ വരെ (മുന്‍പ് കഥ കേട്ടിട്ടില്ലാത്ത) പ്രേക്ഷകന് ഊഹിയ്ക്കാന്‍ കഴിയാത്ത സസ്പെന്‍സ് നിലനിര്‍ത്താനായി എന്നതുമെല്ലാം ജിത്തുവിന്റെ തിരക്കഥയുടെ ആഴമാണ് സൂചിപ്പിയ്ക്കുന്നത്.

ചിത്രത്തില്‍ കുറച്ചെങ്കിലും കുറ്റം പറയാനായി എന്തെങ്കിലും കണ്ടെത്തണമെങ്കില്‍ എനിയ്ക്ക് പറയാനാകുന്നത് - റാണി എന്ന വീട്ടമ്മയായി അഭിനയിച്ച മീനയുടെ മേക്കപ്പും 'ആന്റണി' എന്ന പോലീസുകാരനായി വരുന്ന ആന്റണി പെരുമ്പാവൂരിന്റെ ഡയലോഗ് ഡെലിവറിയില്‍ തോന്നിയേക്കാവുന്ന നേരിയ കൃത്രിമത്വവും വേണമെങ്കില്‍ ഒഴിവാക്കാമായിരുന്ന ചില പൈങ്കിളി രംഗങ്ങളും മാത്രമാണ്.

തീര്‍ച്ചയായും മലയാളികള്‍ക്ക് ഒരു പുതിയ 'ദൃശ്യാനുഭവം' സമ്മാനിച്ചു കൊണ്ടു തന്നെയാണ് "മലയാള സിനിമ 2013" അവസാനിയ്ക്കുന്നത് എന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മുഴുവനും അഭിമാനിയ്ക്കാം...