Friday, November 10, 2023

സനാരി

 പുസ്തകം :  സനാരി 

രചയിതാവ് : മാനുവൽ ജോർജ്

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  മനോരമ ബുക്ക്സ്

പേജ് : 300

വില : 390

Rating : 4.25/5


പുസ്തക പരിചയം :

തികച്ചും പുതുമയുള്ള ഒരു മിസ്റ്ററി ത്രില്ലർ നോവൽ ആണ് മാനുവൽ ജോർജിന്റെ 'സനാരി'.  തുടക്കം മുതൽ അവസാന അദ്ധ്യായം വരെ ഉദ്വേഗം നില നിർത്തിക്കൊണ്ട് ശുദ്ധമായ ഭാഷയിൽ നല്ല വായനാസുഖം തരുന്ന മനോഹരമായൊരു കഥ. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലർ തന്നെയാണ് സനാരി.  വെറുമൊരു  ത്രില്ലർ എന്ന നിലയ്ക്ക് അല്ല,  നല്ല ആഴത്തിലുള്ള കഥയും ഈ നോവലിനെ മികച്ചതാക്കുന്നു.   

കഥ നടക്കുന്നത് 90 കളുടെ അവസാന കാലത്തിലാണ്. പോലീസ് സൂപ്രണ്ട് രാജ് മോഹനു അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പഴയ പുസ്തകങ്ങളുടെ വില്പനക്കാരൻ ആയ ബാബു  ഒരു പഴയ ബൈബിൾ സംഘടിപ്പിച്ചു കൊടുക്കുന്നു. 1968 ലെ ആ ബൈബിളിൽ നിന്ന് അദ്ദേഹം ഒരു പഴയ കല്യാണക്കുറി കണ്ടെത്തുന്നു. മുപ്പതു വർഷത്തിലേറെ  പഴക്കമുള്ള ആ ക്ഷണക്കത്തിന്റെ പുറകിലെ കുറച്ചു കറുത്ത വിരലടയാളങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിയ്ക്കുന്നു. ഒരു പോലീസുകാരനായത് കൊണ്ടാകാം അത് രക്തത്തിൽ മുക്കിയ വിരലട്ടയാളങ്ങൾ ആകാമെന്ന് അദ്ദേഹം സംശയിയ്ക്കുന്നു. കൃത്യം 42 വിരല്പാടുകൾ. അടിയിൽ BEAR എന്ന വാക്കും. ആ 1968 ലെ ക്ഷണക്കത്തിൽ നിന്ന് ഒരു കൗതുകം കൊണ്ട് മാത്രം അദ്ദേഹം പ്രൈവറ്റ് ആയി അന്വേഷണം ആരംഭിയ്ക്കുന്നു. കൂട്ടിന് അദ്ദേഹത്തിന്റെ സുഹൃത്തും  ഗുരുവും രക്ഷാകർത്താവും ഒക്കെ ആയ അലോഷ്യസ് അച്ചനും. ആ തുടരന്വേഷണം ചെന്നെത്തുന്നത് കർണ്ണാടകത്തിലെ സനാരി ഗ്രാമത്തിലാണ്. 

വർഗീയ ലഹളകളാൽ ഭീകരമായ സാഹചര്യം നേരിട്ടുന്ന സനാരി ഗ്രാമം യഥർത്ഥത്തിൽ ഇന്നത്തെയും കലാപ വാർത്തകളെ ഓർമ്മിപ്പിയ്ക്കുന്നു. ജാതിയുടെയും വർഗീയതയുടെയും പേരിൽ പരസ്പരം പോരടിയ്ക്കുന്ന ജന വിഭാഗങ്ങളും അവയുടെ മറവിൽ മുതലെടുക്കുന്ന രാഷ്ട്രീയക്കാരും നിയമപാലകരും. സനാരിയിലെ കിരീടം വയ്ക്കാത്ത രാജാവ് ശ്രീറാമും അദ്ദേഹത്തിന്റെ സന്തത സഹചാരിയായ അലിയും അവരുടെയും കുടുംബങ്ങളുടെയും  സൗഹൃദവും ശ്രീറാമിൽ പിന്നീട് വരുന്ന മാറ്റങ്ങളും അവസാനത്തെ പരിവർത്തനങ്ങളും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു, നോവലിൽ.

ഇവിടെ രാജ് മോഹന്റെ അന്വേഷണവും  കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തന്നെയാണു അന്വേഷിയ്ക്കുന്നത് എന്ന ഒരു പ്രത്യേകതയും നോവലിനുണ്ട്. അവസാനം കുറ്റം കണ്ടെത്തുമ്പോഴാകട്ടെ ഒരു ഗ്രാമത്തിലെ ഒട്ടനേകം പേരുടെയും  തലമുറകളുടെ തന്നെയും വിധി മാറ്റുന്ന ഒന്നായിരുന്നു അതെന്നതും  ചതിയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ പ്രതികാരമായിരുന്നു അതെന്നതും അവർ തിരിച്ചറിയുന്നു.

"ഇരുളിലിരിപ്പവനാരു? ചൊൽക നീയെന്നൊരുവനുരപ്പതു കേട്ടു താനുമേവം അറിവതിനായവനോടു “നീയുമാരെ ന്നരുളുമിതിൻ പ്രതിവാക്യമേകമാകും"

ആത്മോപദേശശതകത്തിൽ ശ്രീനാരായണഗുരു പറഞ്ഞത് പോലെ 'ഞാനാര്' എന്ന ചോദ്യത്തിന്റെ ഉത്തരം 'നീയാര്' എന്ന ചോദ്യത്തിന്റെ അതേ ഉത്തരം തന്നെ എന്ന തിരിച്ചറിവ് വായനക്കാർക്ക് കൂടി ആഴത്തിൽ ചിന്തിയ്ക്കാൻ ബാക്കി വച്ചു കൊണ്ടാണ് നോവൽ അവസാനിയ്ക്കുന്നത്. അതാകാം അവസാന അദ്ധ്യായം പെട്ടെന്ന് അവസാനിപ്പിചത്. അതു കൊണ്ട് തന്നെ അവസാന താളിന് ശേഷവും സനാരി അവസാനിയ്ക്കുന്നില്ല. പല കഥാപാത്രങ്ങളും, ഒപ്പം നോവലിന്റെ  ആത്മാവു തന്നെയും വായനക്കാരനൊപ്പം കൂടെ പോരുന്നു.


- ശ്രീ