Thursday, December 2, 2021

ഹാഫ് ഗേൾഫ്രൻഡ്

പുസ്തകം : ഹാഫ്  ഗേൾഫ്രണ്ട്

രചന            : ചേതൻ ഭഗത്

പ്രസാധകർ : ഡിസി ബുക്ക്സ്

പേജ്             : 292

വില               : 200


എല്ലായ്പോഴും പുസ്തകത്തിന്റെ പേരുകൾ കൊണ്ട് വായനക്കാരെ ആകർഷിയ്ക്കാൻ ഒരു പ്രത്യേക കഴിവുണ്ട് ചേതൻ ഭഗത്തിന്. ഈ പുസ്തകവും വ്യത്യസ്ഥമല്ല. "ഹാഫ് ഗേൾഫ്രൻഡ്!" അതെന്താണ് അങ്ങനെ ഒരു പേര് എന്ന ആകാംക്ഷ നമ്മൾ വായനക്കാർക്ക് തുടക്കം മുതലേ ഉണ്ടാകുമെന്നുറപ്പാണ്. അതു പോലെ വളരെ അനായാസമായി കഥയിൽ ലയിച്ചിരുന്നു പെട്ടെന്ന് വായിച്ചു തീര്ക്കാൻ നമ്മെ പ്രേരിപ്പിയ്ക്കാൻ ഈ കഥയിലും കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്.


മാധവ്... റിയ... ഇവരുടെ കഥയാണ് ഇത്. തന്നെ എറ്റവും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന  ബീഹാറിലെ ഒരു ദാരിദ്ര രാജ കുടുംബാഗം  ആയ മാധവും ഹൈ ക്ലാസുകാരുടെ ദില്ലിയിൽ നിന്നും വന്ന റിയയും  തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ കഥയാണ് ഹാഫ് ഗേൾ ഫ്രൻഡ്. ഇംഗ്ലീഷ് നന്നായി പറയൻ അറിയാത്ത, ബാസ്കറ്റ് ബോൾ പ്ലെയർ ആയ മാധവ് ഝാ കോളേജിലെ ബാസ്കറ്റ് ബോൾ കോർട്ടിൽ വച്ചാണ് മറ്റൊരു പ്ലെയർ ആയ റിയാ സോമാനിയെ ആദ്യമായി കണ്ടു മുട്ടുന്നത്. പിന്നീട് ആ പരിചയം അടുത്ത സൗഹൃദമായി മാറുന്നു.


വൈകാതെ പിരിയുവാൻ ആകാത്ത വിധം മാധവിന് റിയ യോട് പ്രണയം തോന്നുന്നു. ഇക്കാര്യം സൂചിപ്പിയ്ക്കുമ്പോൾ ചില നിബന്ധനകളോടെ താൻ അവന്റെ "ഹാഫ് ഗേൾ ഫ്രൻഡ്" ആകാൻ തയ്യാറാണ് എന്നു റിയ അറിയിയ്ക്കുന്നു.


ഗാഢമായ ആ ബന്ധത്തിന് എങ്ങനെ വിള്ളൽ വീഴുന്നു എന്നും    അവർ എങ്ങനെ വേർപിരിയുന്നു എന്നും എല്ലാം തുടർന്ന് വരുന്ന ഭാഗങ്ങൾ നമ്മോട് പറയുന്നു.


റിയായുടെ അപ്രതീക്ഷിതമായ വിവാഹത്തോടെ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടെന്ന് തോന്നുന്ന  ആ ബന്ധം പിന്നീട് ഒന്നൊന്നര വർഷങ്ങൾക്ക് ശേഷം വ്യത്യസ്തമായ ഒരു സാഹചര്യത്തിൽ ചുറ്റുപാടുകളിൽ വീണ്ടും പുനരാരംഭിയ്ക്കുന്നു. ഡൽഹിയിൽ വലിയ ശമ്പളം കിട്ടുന്ന നല്ലോരു ബാങ്ക് ജോലി ഉപേക്ഷിച്ചു നാട്ടിലെ ദരിദ്രമായ, തന്റെ അമ്മ നടത്തുന്ന സ്കൂളിന്റെ ആവശ്യങ്ങൾക്കായി പ്രവർത്തിച്ചു വരികയായിരുന്നു അപ്പോൾ മാധവ്. റിയ ആകട്ടെ, വിവാഹ ബന്ധവും കുടുംബ ബന്ധവും ഉപേക്ഷിച്ചു സ്വന്തം നിലയ്ക്ക് ഒരു ജോലിയുമായി പാട്ന യിൽ എത്തിപ്പെടുകയാണ്.


 റിയയുടെ ചില നിബന്ധനകളോടെ വീണ്ടും ഇരുവരുടെയും സൗഹൃദം പൂത്ത്‌ തളിർക്കുന്നു... പക്ഷെ വീണ്ടും ഒരിയ്ക്കൽ കൂടി ജീവിതത്തിലെ എറ്റവും സന്തോഷപ്രദമായ ഒരു അവസരത്തിൽ (മൈക്രോസോഫ്ട് ഫൌണ്ടേഷനും ബിൽഗേറ്റ്സും എല്ലാം ഇവിടെ കഥാപാത്രമാകുന്നുണ്ട്) ഒരു കത്തും എഴുതി വച്ചു റിയ അപ്രത്യക്ഷമാകുന്നു. റിയയെ എന്നന്നേക്കുമായി നഷ്ടപ്പെട്ട മാധവ് പൂർണ്ണമായും തകർന്നു പോകുകയാണ്.


യാദൃശ്ചികമായി കിട്ടിയ അവളുടെ പഴകിയ ഡയറിക്കുറിപ്പുകൾ ഇഷ്ട എഴുത്തുകാരൻ ചേതൻ ഭഗത്തിനെ നിർബന്ധപൂർവ്വം ഏൽപ്പിച്ചു, റിയയുടെ ഓർമ്മകളിൽ മാത്രം ഒതുങ്ങിക്കൂടി മാധവ് യാത്രയാകുന്നു. ആ ഡയറിയിൽ എന്താണെന്ന് തനിയ്ക്ക് അറിയില്ല എന്നും എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ട അവളുടെ കുറിപ്പുകൾ വായിയ്ക്കാനോ നശിപ്പിയ്ക്കാനോ തനിയ്ക്ക് കരുത്തില്ലെന്നും എഴുത്തിനു ഉപകാരപ്പെടുമെങ്കിൽ ഉപയോഗിയ്ക്കാമെന്നും  അതല്ലെങ്കിൽ നശിപ്പിച്ചു കളഞ്ഞു കൊള്ളാനും അയാൾ പോകുമ്പോൾ അറിയിയ്ക്കുന്നു.

      

ആദ്യം താല്പര്യത്തോടെ അല്ലെങ്കിലും പഴകി പൊടിഞ്ഞു തുടങ്ങിയ ആ ഡയറിയിലെ വായനായോഗ്യമായ ഏതാനും താളുകൾ വായിയ്ക്കുന്ന ചേതൻ ഭഗത്ത് ഉടനെ തന്നെ മാധവിനെ വിളിച്ചു വരുത്തുന്നു... 


 യഥാർത്ഥത്തിൽ റിയ എന്തായിരുന്നു എന്നതിൻ്റെ ഉത്തരം അവൾ എഴുതിയിരുന്ന ഡയറി ആയിരുന്നു. അവളുടെ മനസ്സായിരുന്നു ആ ഡയറി. 


തുടർന്ന് വായനക്കാർക്കും ഉദ്വേഗം ജനിപ്പിക്കുന്ന കഥാഭാഗങ്ങൾ സമ്മാനിയ്ക്കുന്ന നോവൽ ഒരേ സമയം ദേഷ്യവും സ്നേഹവും  റിയയോട് നമുക്ക് തോന്നിപ്പിയ്ക്കുന്നുണ്ട്.


 അവസാനം ഒരുപാട് അലച്ചിലിനും അന്വേഷണങ്ങൾക്കും ഒടുവിൽ ശുഭപര്യവസായിയായി കഥ തീരുമ്പോൾ വായനക്കാരെയും തൃപ്തരാക്കാൻ ഈ നോവലിനു കഴിയുന്നുണ്ട്.   


- ശ്രീ