Saturday, April 11, 2026

രാത്രിയിലെ യാത്രക്കാരൻ


​​നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി, മലയോര പാതയിലെ വിജനതയിലേക്ക് ആ എസ്.യു.വി കാർ പ്രവേശിച്ചപ്പോൾ സമയം പുലർച്ചെ ഏതാണ്ട് രണ്ട് മണിയായിട്ടുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ഒരു ബിസിനസ് മീറ്റിംഗിന് വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു റോണി. ഏറെ വൈകിയാണ് തൊട്ടടുത്ത ദിവസത്തെ മീറ്റിംഗിന്റെ അറിയിപ്പ് അവന് ലഭിച്ചത്. അവന്റെ സീനിയർ മാനേജർക്ക് അന്ന് മീറ്റിംഗിന് പോകാൻ കഴിയാത്ത സാഹചര്യം വന്നുപെട്ടതിനാൽ, അവസാന നിമിഷത്തിൽ ആ ചുമതല അസിസ്റ്റന്റ് മാനേജർ കൂടിയായ റോണിയിൽ വന്നുചേരുകയായിരുന്നു. ഒരു ബിസിനസ് ഡീലിന് വേണ്ടിയുള്ള ഒഴിവാക്കാനാകാത്ത യാത്രയാണത്.

​തന്റെ പ്രിയപ്പെട്ട ഭാര്യ ആനിയെയും ആറുമാസം മാത്രം പ്രായമുള്ള മകൾ ഏയ്ഞ്ചലിനെയും വീട്ടിൽ തനിച്ചാക്കി അപ്രതീക്ഷിതമായി യാത്ര ചെയ്യേണ്ടി വന്നതിൽ മാത്രം റോണിയ്ക്ക് അല്പം വിഷമം ഉണ്ടായിരുന്നു. എങ്കിലും ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സ്വഭാവക്കാരനായിരുന്നില്ല അവൻ. അതുകൊണ്ട് തന്നെ, തന്നെ ഏൽപ്പിച്ച ജോലി അവൻ മറുത്തൊന്നും പറയാതെ ഏറ്റെടുത്തു.

​ഏതാണ്ട് മുന്നൂറു കിലോമീറ്ററുകൾ ഡ്രൈവ് ചെയ്യാനുണ്ടായിരുന്നെങ്കിലും, അന്നത്തെ ജോലികളെല്ലാം തീർത്ത് റോണിയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങാൻ സാധിച്ചത് ഏറെ വൈകിയാണ്. 

യാത്ര പകുതിയിലധികം പിന്നിട്ടു. മഞ്ഞ് മൂടിയ ആ വിജനമായ പാതയിലൂടെ പോകുമ്പോൾ കാറിന്റെ ഹെഡ്‌ലൈറ്റുകൾ കൂരിരുട്ടിൽ വെളിച്ചത്തിന്റെ ഒരു തുരങ്കം തീർത്തു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണമുള്ള ചുരം വഴിയുള്ള എളുപ്പവഴിയായിരുന്നു റോണി തിരഞ്ഞെടുത്തത്. വാഹനങ്ങൾ തീരെ കുറവായിരുന്നതിനാൽ ആ ചുരത്തിലെ കൊടുംവളവുകൾ ഓരോന്നായി പിന്നിടുമ്പോൾ അവന്റെ മനസ്സിൽ വരാനിരിക്കുന്ന ബിസിനസ് മീറ്റിംഗിന്റെ ചിന്തകളായിരുന്നു. ആ വഴിയിൽ, മരങ്ങൾക്കിടയിലൂടെ മൂളിയെത്തുന്ന കാറ്റിന്റെ ശബ്ദമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

​ഒരു ഹെയർപിൻ വളവ് തിരിഞ്ഞതും, എതിരെ വന്ന ഒരു ടാങ്കർ ലോറി റോണിയുടെ വശത്തേക്ക് പാഞ്ഞു വന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ റോണി സ്റ്റിയറിംഗ് ഇടത്തോട്ട് വെട്ടിച്ചു. വലിയൊരു ശബ്ദത്തോടെ കാർ റോഡരികിലെ കലുങ്കിൽ തട്ടി നിന്നു. അതേസമയം ആ ടാങ്കർ ലോറി നിർത്താതെ മുന്നോട്ട് പോയി ഇരുളിൽ മറഞ്ഞു.

​മരണം തൊട്ടുരുമ്മിപ്പോയ ആ നിമിഷം റോണിയെ വിറപ്പിച്ചു കളഞ്ഞു. ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ അവൻ പണിപ്പെട്ടു. ഏകാഗ്രത താളം തെറ്റിയ ഏതാനും നിമിഷങ്ങൾ... കിതപ്പടക്കാൻ പാടുപെട്ട് റോണി പുറത്തേക്കിറങ്ങി. പൊടിപടലങ്ങൾക്കിടയിലൂടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ നോക്കിയപ്പോൾ, റോഡരികിലെ ആൽമരത്തിന്റെ അരികിൽ പഴയൊരു കലുങ്കിന് മുകളിൽ ഒരാൾ ഇരിക്കുന്നത് പോലെ അവന് തോന്നി. സാധാരണ ഒരു ഷർട്ടും മുണ്ടും ധരിച്ച ഒരാൾ. അത്രയും നേരം അവിടെ നടന്നതെല്ലാം കണ്ടുകൊണ്ട് അയാൾ അനങ്ങാതിരിക്കുന്നുണ്ടായിരുന്നു എന്നതിൽ റോണിയ്ക്ക് ആശ്ചര്യം തോന്നി.

​"സാറിന് ഒന്നും പറ്റിയില്ലല്ലോ അല്ലേ?" ശാന്തമായ ആ ശബ്ദം ആ നിശബ്ദതയിൽ മുഴങ്ങി.

​അയാൾ പതുക്കെ കലുങ്കിൽ നിന്നിറങ്ങി നിഴലിൽ നിന്ന് ഒരടി മുന്നോട്ട് വന്നു. അയാളുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും അയാളുടെ സാന്നിദ്ധ്യം ആ അവസരത്തിൽ അവനൊരാശ്വാസമായി തോന്നി.

​"ഇല്ല, ഭാഗ്യം കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു," റോണി കിതപ്പോടെ പറഞ്ഞു.

​വണ്ടിയ്ക്ക് കാര്യമായ കേടുപാടുകൾ ഒന്നും പറ്റിയിരുന്നില്ല. അവന് സമാധാനമായി.

​"അല്ല, താൻ ഈ സമയത്ത് ഇത് എങ്ങോട്ടാ? ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല. ഞാൻ അടുത്ത ടൗൺ വരെ ഉണ്ട്. വേണമെങ്കിൽ കയറിക്കോ. ഞാൻ അവിടെ ഇറക്കി തരാം."

​അയാൾ ഒന്നുകൂടി അനങ്ങി. മുഖം വ്യക്തമായിരുന്നില്ലെങ്കിലും ആ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. വല്ലാത്തൊരു തണുത്ത കാറ്റ് ആ സമയം അവിടെ വീശി. അയാൾ പതുക്കെ പറഞ്ഞു: "ഞാൻ ദൂരെ നിന്ന് സാറിന്റെ വണ്ടി വരുന്നത് കണ്ടിരുന്നു. അതിൽ ലിഫ്റ്റ് ചോദിച്ചു സാറിന്റെ കൂടെ വരാമെന്ന് തന്നെ കരുതിയതാ... പക്ഷേ..." അയാൾ ഒന്ന് നിർത്തി. റോണിയെയും തകരാർ സംഭവിച്ച കാറിനെയും അയാൾ മാറി മാറി നോക്കി.

​"ഇനിയിപ്പോ വേണ്ട സാറേ. സാർ വേഗം പോകാൻ നോക്കൂ. വല്ല ഹോസ്പിറ്റലിലും ഒന്ന് കയറിക്കോ. കാറിനും പണി കാണുമായിരിക്കും. പുറകെ വേറെ വണ്ടി വരുന്നുണ്ട്. ഞാൻ അതിൽ പൊയ്ക്കോളാം."

​റോണിയ്ക്ക് അത് കേട്ടപ്പോൾ ഒരു വല്ലായ്മ തോന്നി. ആ സമയത്ത് ഓഫർ ചെയ്ത ഒരു ലിഫ്റ്റ് ഒരാൾ നിരസിക്കുമെന്ന് അവൻ കരുതിയില്ല. "ഈ പാതിരാത്രി ഇനി ഏത് വണ്ടിയാ വരാൻ?" അവൻ പിറുപിറുത്തു.

​"വരും സാറേ... വരാതിരിക്കില്ല. സാർ വേഗം വിട്ടോളൂ."

 പതുക്കെയാണ് പറഞ്ഞതെങ്കിലും അത് അയാൾ കേട്ടെന്നു മനസ്സിലായപ്പോൾ റോണിയ്ക്ക് ജാള്യത തോന്നി. മാത്രവുമല്ല, അയാളുടെ ശബ്ദത്തിൽ വല്ലാത്തൊരു ഗൗരവമുണ്ടായിരുന്നു. കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു.

​"എന്നാൽ ശരി, കാണാം" കാറിന്റെ ഡോർ തുറന്ന് അകത്ത് കയറുമ്പോൾ റോണി പറഞ്ഞു.

​"തീർച്ചയായും സാറേ... കാണാം" അയാൾ പുഞ്ചിരിച്ചു കൊണ്ട് കൈവീശി.

അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു. മിററിലൂടെ നോക്കിയപ്പോൾ അയാൾ ആ കലുങ്കിൽ കയറി ഇരിക്കുന്നത് അവൻ കണ്ടു. ഒരു വളവ് കഴിഞ്ഞപ്പോൾ മിററിൽ നിന്ന് അയാൾ അപ്രത്യക്ഷനായി.

​അടുത്ത ദിവസം വൈകുന്നേരം മീറ്റിംഗ് കഴിഞ്ഞ് കാറിൽ കയറുമ്പോൾ റോണി ഓഫീസിൽ നിന്ന് അന്നത്തെ പത്രം കയ്യിൽ എടുത്തിരുന്നു. കാറിൽ കയറിയ അവൻ വണ്ടി എടുക്കും മുൻപ് ആ പത്രം വെറുതെ ഒന്ന് മറിച്ചു നോക്കി. ഉൾപേജിലെ ഒരു വാർത്ത പെട്ടെന്ന് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

​"മലയോര പാതയിൽ വാഹനാപകടം: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു."

​വാർത്തയുടെ വിശദാംശങ്ങൾ വായിച്ച റോണിയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. തലേദിവസം താൻ അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത്, താൻ പോന്നതിന് മിനിറ്റുകൾക്ക് ശേഷം മറ്റൊരു കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞിരിയ്ക്കുന്നു. റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നത് കൊണ്ട് അന്ന് ആകെ രണ്ട് കാറുകൾ മാത്രമേ ആ ദിശയിൽ  കടന്നുപോയിട്ടുള്ളൂ എന്ന് ചെക്ക് പോസ്റ്റിലെ റിപ്പോർട്ടിൽ പറയുന്നു. ആദ്യത്തെ കാർ റോണിയുടേതായിരുന്നു. മിനിറ്റുകൾക്ക് ശേഷം കടന്നുപോയ രണ്ടാമത്തെ കാറാണ് അപകടത്തിൽപ്പെട്ടത്.

​കൂടുതൽ വിവരങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ റോണി അറിഞ്ഞത് മറ്റൊരു ഞെട്ടിക്കുന്ന സത്യമാണ്. അപകട സ്ഥലത്ത് കൂടി ആ സമയം കടന്നുപോയ ഒരു ബൈക്ക് യാത്രികൻ മൊഴി നൽകിയിരിക്കുന്നത്, മരിച്ച വ്യക്തി തന്റെ കാറിൽ ഒരാൾക്ക് ലിഫ്റ്റ് നൽകിയിരുന്നു എന്നാണ്. കൊക്കയിലേക്ക് നിയന്ത്രണം തെറ്റി മറിയുന്ന കാർ അയാൾ കണ്ടിരുന്നത്രേ. അയാൾ തന്നെ ആയിരുന്നു പോലീസ് കൺട്രോൾ റൂമിലെയ്ക്ക് വിളിച്ച് വിവരം നൽകിയത്. കാറിന്റെ മുൻസീറ്റിൽ ഡ്രൈവറുടെ അപ്പുറത്ത് ഒരാൾ ഇരിക്കുന്നത് കണ്ടതായി അയാൾ ഉറപ്പിച്ചു പറയുന്നു. അയാൾ നൽകിയ അടയാളങ്ങൾ പ്രകാരം അത് അയാളായിരുന്നു... അപകട സ്ഥലത്ത് കലുങ്കിൽ ഇരിക്കുന്നത് റോണി കണ്ട അതേയാൾ! എന്നാൽ അപകടസ്ഥലത്തു നിന്നും പരിസരത്തു നിന്നും പോലീസിന് മറ്റൊരു മൃതദേഹമോ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.

​റോണിയ്ക്ക് ദേഹം മുഴുവൻ കുളിരു കോരുന്നതായി തോന്നി. താൻ അന്ന് കൂട്ടുവിളിച്ചത് സ്വന്തം മരണത്തെയായിരുന്നു എന്നും, തനിക്ക് പകരമായി മറ്റൊരാൾ ആ യാത്ര ഏറ്റെടുത്തു എന്നും തിരിച്ചറിഞ്ഞ റോണിയ്ക്ക് ആ രാത്രി പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല. താൻ നൽകിയ ലിഫ്റ്റ് അയാൾ നിരസിച്ചത്, കൂടെ വരാൻ മറ്റൊരു 'യാത്രക്കാരനെ' അപ്പോഴേക്കും അയാൾക്ക് ലഭിച്ചത് കൊണ്ടായിരുന്നു. തനിക്ക് ലഭിച്ച ആ ഒരു സെക്കൻഡിന്റെ ആയുസ്സ്, ആ അപരിചിതൻ തന്റെ കാറിൽ കയറാത്തതായിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. 

പത്രം പിടിച്ചിരുന്ന റോണിയുടെ കൈകൾ  വിയർത്തു. പത്രത്താളിലെ അക്ഷരങ്ങൾ അവന് മുന്നിൽ മങ്ങാൻ തുടങ്ങി. തന്റെ കാറിന്റെ ഡോർ തുറന്ന് ആ അപരിചിതൻ അകത്തേക്ക് കയറിയിരുന്നെങ്കിൽ, ഇന്ന് ആ കൊക്കയുടെ ആഴങ്ങളിൽ നിശ്ചലമായി കിടക്കുന്നത് താനായിരുന്നേനെ എന്ന തിരിച്ചറിവ് അവന്റെ ശ്വാസം മുട്ടിച്ചു. ഭയത്തോടെ അവൻ തന്റെ കാറിന്റെ പിൻസീറ്റിൽ  പകപ്പോടെ നോക്കി. അവിടെ ആരുമുണ്ടായിരുന്നില്ല. പക്ഷേ, ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന റോണി വെറുതെ റിയർ വ്യൂ മിററിലേക്ക് കണ്ണുകളുയർത്തി. അവന്റെ രക്തം മരവിച്ചുപോയി.

​മിററിലെ പ്രതിബിംബത്തിൽ, പിൻസീറ്റിന്റെ മൂലയിൽ ആ കറുത്ത നിഴൽ പോലെ കണ്ട രൂപം ഇപ്പോഴും ഇരിക്കുന്നു! മിററിലൂടെ ആ തിളങ്ങുന്ന കണ്ണുകൾ റോണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പുറത്ത് നല്ല വെയിലായിരുന്നിട്ടും കാറിനുള്ളിൽ അർദ്ധരാത്രിയിലെ അതേ തണുത്ത കാറ്റ് വീശുന്നത് റോണി അറിഞ്ഞു.  കാറിന്റെ ഗ്ലാസുകൾ താനേ ഉയർന്നു. വിറയ്ക്കുന്ന കൈകളോടെ റോണി കാറിന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഡോറുകൾ ലോക്ക് ആയിക്കഴിഞ്ഞിരുന്നു. കാതുകളിൽ ആ മരവിച്ച ശബ്ദം ഒരിക്കൽ കൂടി മുഴങ്ങി 

" സാറേ... കാണാം എന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ?"



ശ്രീ

Monday, March 16, 2026

മനസ്സ് വായിയ്ക്കുന്ന സോഷ്യൽ മീഡിയ

 


​മറ്റാരെക്കാളും നന്നായി ഇൻസ്റ്റാഗ്രാമിന് നമ്മെ അറിയാമോ?ഇൻസ്റ്റയുടെയും എഫ് ബിയുടെയും യൂട്യൂബിന്റെയും  അൽഗോരിതങ്ങൾക്ക്  നമ്മെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നമ്മൾ പോലുമറിയാതെ നമ്മളെ നിയന്ത്രിക്കുന്ന ചില കാര്യങ്ങൾ ഉണ്ട് എന്ന് നാം പലപ്പോഴും മനസ്സിലാക്കാറില്ല. അതല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിയ്ക്കാറില്ല.  ​നമ്മൾ വെറുതെ ഫോണിൽ സ്ക്രോൾ ചെയ്യുമ്പോൾ അതിനു പുറകിൽ നടക്കുന്നത് വലിയൊരു ബിസിനസ് കൂടിയാണ്.

ഇവയൊന്നും വെറുമൊരു app മാത്രമല്ല, അവ യതാർത്ഥത്തിൽ Machine Learning ഉം Artificial Intelligence ഉം കൂടി ചേർന്ന ഒരു അത്ഭുതമാണ്.

നമ്മൾ ഏതെങ്കിലും ഒരു റീൽ എത്ര സെക്കൻഡ് കണ്ടു? എന്ത് content സ്കിപ്പ് ചെയ്തു? ഏതു റീലിന് ലൈക്കും കമന്റും കൊടുത്തു? ഏത് ഷെയർ ചെയ്തു? ഏത് വീണ്ടും വീണ്ടും കണ്ടു? എന്ന് തുടങ്ങി നമ്മൾ കമന്റ് ചെയ്യുന്ന വാക്കുകൾ വരെ പരിശോധിച്ച് നമ്മുടെ ഒരു "Digital Personality Profile"ഈ അൽഗോരിതം  തയ്യാറാക്കി വയ്ക്കുന്നു.

​നമ്മൾ പോലും അറിയാതെ നമ്മുടെ പ്രവൃത്തികൾ മൂലമുള്ള മൈക്രോ സിഗ്നലുകൾ അവ decode ചെയ്യുന്നു.  ​ഒരു ഇമോഷണൽ വീഡിയോയിൽ വെറുതെ ഒരു 3 സെക്കന്റിൽ അധികം നാം തങ്ങിയാൽ മതി, അൽഗോരിതം ഉടനെ മനസ്സിലാക്കും "ഈ വ്യക്തിയ്ക്ക് ഇപ്പോൾ ഇമോഷണൽ കണ്ടന്റ് ആണ് വേണ്ടത്" എന്ന്.

നമ്മൾ ബോധപൂർവം ഒന്നും ചെയ്യുന്നില്ല, പക്ഷേ നമ്മുടെ ഓരോ ചലനവും അത് പഠിച്ചുകൊണ്ടിരിക്കുകയാണ്. ​ഓരോ തവണ ഒരു റീൽ കാണുമ്പോഴും നമ്മുടെ തലച്ചോറിൽ ഒരു ഹോർമോൺ ഉത്പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. അടുത്ത റീൽ ഇതിലും മികച്ചതാകും എന്ന പ്രതീക്ഷയിൽ വീണ്ടും വീണ്ടും സ്ക്രോൾ ചെയ്യാൻ ഡോപമിൻ എന്ന ഈ ഹോർമോണുകൾ നമ്മെ പ്രേരിപ്പിയ്ക്കുന്നു.

ഇത് നമ്മളെ സോഷ്യൽ മീഡിയയുടെ അടിമയാക്കാൻ വേണ്ടി മാത്രം ഡിസൈൻ ചെയ്ത ഒന്നാണ് എന്ന് നാം മനസ്സിലാക്കുന്നില്ല എന്ന് മാത്രം.

അത് തന്നെ ആണ് യൂട്യൂബിലും സംഭവിയ്ക്കുന്നത്. ​യൂട്യൂബിന്റെ ഓട്ടോപ്ലേ സംവിധാനം നമ്മുടെ മൂഡിന് ഇണങ്ങുന്ന പാട്ടുകൾ ഒന്നിനുപുറകെ ഒന്നായി തന്നുകൊണ്ടേയിരിക്കും. അതു കണ്ട് സമയം പോകുന്നത് നമ്മൾ അറിയുകയേയില്ല, ആ ഒരു ലൂപ്പിൽ നിന്ന് പുറത്തുകടക്കാൻ നമുക്ക് തോന്നുകയില്ല, എന്തിന് നമ്മെ നിയന്ത്രിയ്ക്കുന്നത് ഇത്തരം അൽഗോരിതങ്ങളാണെന്ന്പോലും നാം തിരിച്ചറിയുകയില്ല.

ചുരുക്കി പറഞ്ഞാൽ "ഇൻസ്റ്റ/എഫ് ബി നമ്മെ മനസ്സിലാക്കുന്നു, നമ്മുടെ മനസ്സറിഞ്ഞ് പ്രവർത്തിയ്ക്കുന്നു" എന്നത് വെറുമൊരു തോന്നലാണ്. യഥാർത്ഥത്തിൽ അത് നമ്മൾ എന്ത് ചെയ്യുമെന്ന് പ്രവചിക്കുക മാത്രമാണ് ചെയ്യുന്നത്. ഒറ്റ നോട്ടത്തിൽ അത് ഒരു ഉറ്റ
സുഹൃത്തിനെപ്പോലെ നമുക്കൊപ്പം എന്നും എന്തിനും മനസ്സറിഞ്ഞ് കൂടെ നിൽക്കുന്നത് പോലെ തോന്നിപ്പിയ്ക്കുമെങ്കിലും, യതാർത്ഥത്തിൽ അതിന്റെ ഒരേയൊരു ലക്ഷ്യം നമ്മുടെ സ്ക്രീൻ ടൈം കൂട്ടുക എന്നത് മാത്രമാണ്.



ശ്രീ

Thursday, February 26, 2026

മാംഗോലീഫിലെ കൊലപാതകം - കവർ

 ​എന്റെ ആദ്യ നോവൽ, 'മാംഗോ ലീഫിലെ കൊലപാതകം' എന്ന ക്രൈം ത്രില്ലർ നിലവിൽ അവസാന ഘട്ട മിനുക്കുപണികളിലേയ്ക്കെത്തിയിരിയ്ക്കുകയാണ്.  പുസ്തകം ഉടൻ തന്നെ പ്രകാശിതമാകും.


വയനാട്ടിലെ ചെമ്പൻ ഹിൽസിന്റെ പശ്ചാത്തലത്തിൽ, ഒരു മഴയുള്ള രാത്രിയിൽ 'മാംഗോ ലീഫ്' ഗസ്റ്റ് ഹൗസിൽ നടക്കുന്ന ദുരൂഹതകളും അതിനു പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം.

​ഈ യാത്രയിൽ എന്നെ പിന്തുണച്ച പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് കരുത്തായത്.

പുസ്തകം : മാംഗോലീഫിലെ കൊലപാതകം

​പ്രസാധകർ: മാൻകൈൻഡ് ലിറ്ററേച്ചർ

മുഖവില: ₹360

പുസ്തകത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.

ഇതൊരു കൊലപാതകത്തിന്റെ കഥ മാത്രമല്ല. 

ഇത്, ഒളിപ്പിച്ചുവെച്ച നീതിക്ക് വേണ്ടി നടക്കുന്ന ഒരു ഭീകരമായ മാനസിക പോരാട്ടമാണ്.

വരൂ,  കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ നമുക്കൊരു യാത്ര പോകാം... വയനാട്ടിലെ ചെമ്പൻ ഹിൽസിലെ മാംഗോലീഫ് ഗസ്റ്റ് ഹൌസിലേയ്ക്ക്….

      "കാലം സത്യത്തെ മറക്കുന്നില്ല; 

അത് വിധിയെ നീട്ടിവക്കുന്നു എന്ന് മാത്രം!"

Friday, February 13, 2026

മരണത്തിലേയ്ക്കൊരു മണിനാദം


അക്കൊല്ലം ​വിയന്നയിലെ ശൈത്യം അസ്ഥികൾ തുളയ്ക്കുന്നതായിരുന്നു. ഇൻസ്പെക്ടർ മാർക്സ് തന്റെ ഓഫീസിലെ മങ്ങിയ വെളിച്ചത്തിൽ ആറാം വട്ടവും ചൂടാക്കിയ കോഫി കപ്പ് കയ്യിൽ എടുക്കുമ്പോഴാണ് ആ ഫോൺ കോൾ വന്നത്. 

മറുതലയ്ക്കൽ കേട്ട പരിഭ്രാന്തി നിറഞ്ഞ ശബ്ദം ആ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു.

​"ഇൻസ്പെക്ടർ, ഡോക്ടർ കാതറീൻ സ്‌റ്റെല്ല കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ വില്ലയിൽ..."

മാർക്സ് ഉടൻ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ​പ്രശസ്ത ന്യൂറോളജിസ്റ്റായ കാതറീന്റെ പഠനമുറി ഭയാനകമായ ഒരു ശ്മശാനം പോലെ നിശബ്ദമായിരുന്നു. മുപ്പത്തഞ്ചുകാരിയായ ആ പ്രതിഭ തന്റെ കസേരയിൽ പിന്നിലേക്ക് ചാരി കിടക്കുന്നു. കണ്ണുകൾ ഭയം കൊണ്ട് വിടർന്നിരുന്നു, ആ മുഖത്തെ പേടി ഒറ്റ നോട്ടത്തിൽ ആരെയും പിടിച്ചു നിർത്തുന്നതായി തോന്നി.

​"ഒരു പോറലോ മൽപിടുത്തത്തിന്റെ അടയാളമോ ഇല്ല. വാതിലുകളും ജനലുകളും ഉള്ളിൽ നിന്ന് ഭദ്രമായി പൂട്ടിയിരിക്കുന്നു," മാർക്സ് കുറിച്ചു.

​ഫോറൻസിക് റിപ്പോർട്ട് വന്നപ്പോൾ മാർക്സ് ഞെട്ടിപ്പോയി. മരണം ഹൃദയാഘാതം മൂലമാണ്. പക്ഷേ, ആരോഗ്യവതിയായ ആ യുവതിയുടെ ഹൃദയം പെട്ടെന്ന് നിലയ്ക്കാൻ ഒരു കാരണവുമില്ല.

 "അവൾ എന്തിനെയോ അതിഭീകരമായി ഭയപ്പെട്ടിരിക്കുന്നു" ഫോറൻസിക് വിദഗ്ദ്ധൻ ആലോചനയോടെ പറഞ്ഞു.

 "അക്ഷരാർത്ഥത്തിൽ മരണം അവളെ പേടിപ്പിച്ചു കൊന്നതാണ്."

മാർക്സ് ​മേശപ്പുറത്ത് ഇരുന്ന അവളുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയച്ചു. അതിന്റെ റിപ്പോർട്ട് വന്നപ്പോൾ ഫോണിൽ അവസാനമായി വന്ന കോൾ 47 മിനിറ്റ് നീണ്ടുനിന്നിരുന്നു എന്ന് തെളിഞ്ഞു.

 രാത്രി 11.42 മുതൽ 12.29 വരെ. വിളിച്ചത് ഒരു ബൾഗേറിയൻ നമ്പറിൽ നിന്ന്. മരണം നടന്ന സമയവും ഫോണിൽ സംസാരിച്ച സമയവും കൃത്യം.

ആ ​നമ്പർ ട്രാക്ക് ചെയ്ത മാർക്സ് എത്തിയത് അടുത്ത തെരുവിലെ പഴയ പബ്ലിക് ഫോൺ ബൂത്തിലാണ്. 

മാർക്സ് ഉടൻ അവിടുത്തെ CCTV യിലെ റെക്കോർഡിങ്ങുകൾ പരിശോധിച്ചു.  അതിലെ ദൃശ്യങ്ങൾ കണ്ട മാർക്സിന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു. കോൾ നടന്ന ആ 47 മിനിറ്റും ആ ബൂത്തിൽ ആരും ഉണ്ടായിരുന്നില്ല! 

മാർക്സ് ആശയക്കുഴപ്പത്തിലായി. പക്ഷേ കോൾ റെക്കോർഡുകൾ കള്ളം പറയില്ലല്ലൊ. അദ്ദേഹം ​കാതറീനയുടെ രഹസ്യ ഫയലുകൾ പരിശോധിച്ചു. അപ്പോഴാണ് അവരുടെ എറ്റവും പുതിയ "പ്രോജക്ട് വോയ്‌സ്" എന്ന ഗവേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞത്. 

മനുഷ്യ മസ്തിഷ്കത്തിലെ ഭയത്തെ നിയന്ത്രിക്കുന്ന 'അമിഗ്ഡാല'യെ പ്രത്യേക ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കാമെന്നും, അത് വഴി ഒരാളെ ബോധരഹിതനാക്കാനോ കൊലപ്പെടുത്താനോ കഴിയുമെന്നും അവൾ കണ്ടെത്തിയിരുന്നു.

​ദിവസങ്ങൾ നീണ്ട അന്വേഷണം മാർക്കസിനെ എത്തിച്ചത് കാതറീനയുടെ പഴയ പാർട്ട്‌ണറായ പ്രൊഫസർ അലക്സിൽ ആണ്. ചില പ്രൊഫഷണൽ തർക്കങ്ങളിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ പിന്നീട് കടുത്ത പകയായി മാറി അത് പിന്നെ ഒരു 'പെർഫെക്ട് ക്രൈമിൽ' അവസാനിക്കുകയായിരുന്നു.

​ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ അലക്സ് ആ ബൂത്തിലെ സിസ്റ്റം ഹാക്ക് ചെയ്തു. 47 മിനിറ്റ് നീണ്ട ആ കോളിലൂടെ അയാൾ കാതറീൻ കേൾക്കാൻ ആഗ്രഹിച്ച. അവൾക്കിഷ്ടമുള്ള ഒരു സംഗീതത്തിൽ, അവൾ തന്നെ വികസിപ്പിച്ചെടുത്ത മാരകമായ ഓഡിയോ ഫ്രീക്വൻസികൾ സന്നിവേശിപ്പിച്ചു.

കാതറീനു ആദ്യം അത് വെറുമൊരു സംഗീതം മാത്രമായി തോന്നിയിരിക്കാം. പക്ഷേ ക്രമേണ ആ ശബ്ദങ്ങൾ അവളുടെ നാഡീവ്യൂഹത്തെ തളർത്തി. ഫോൺ താഴെ വെക്കാനോ സഹായത്തിനായി നിലവിളിക്കാനോ കഴിയാത്തവിധം ഭയം അവളെ ഗ്രസിച്ചു. ഒടുവിൽ, ആ ശബ്ദവീചികൾ അവളുടെ ഹൃദയമിടിപ്പിനെ നിശ്ചലമാക്കി.

അലക്സ് കുറ്റം സമ്മതിച്ചു. അയാളെ വിലങ്ങങ്ങു വച്ച് കൊണ്ടുപോകുമ്പോൾ മാർക്സിന്റെ മുഖത്തേയ്ക്ക് നോക്കി അയാൾ നിഗൂഢമായി പുഞ്ചിരിച്ചു.

 "ഇൻസ്പെക്ടർ, നിങ്ങൾ ജയിച്ചു എന്ന് കരുതുന്നുണ്ടോ? കാതറീന്റെ ഗവേഷണം പൂർണ്ണമായത് അവളുടെ മരണത്തോടെയാണ്. ആ 47 മിനിറ്റിലെ അവസാനത്തെ അഞ്ച് മിനിറ്റ്... അത് ലോകം കേൾക്കാൻ പോകുന്ന വിനാശത്തിന്റെ സംഗീതമാണ്."

​മാർക്സ് അത് കാര്യമാക്കിയില്ല. അന്ന് രാത്രി വൈകി തന്റെ വിജനമായ അപ്പാർട്ട്മെന്റിലെത്തിയ അയാൾക്ക് വല്ലാത്തൊരു തളർച്ച തോന്നി. അയാൾ സോഫയിലെയ്ക്ക് വീണു. അപ്പോൾ അയാളുടെ ജാക്കറ്റിന്റെ പോക്കറ്റിലിരുന്ന് അയാളുടെ ഫോൺ വിറച്ചു. 

ഫോണെടുത്ത് നോക്കിയ അയാൾ ആശ്ചര്യപ്പെട്ടു.  ​അതൊരു വീഡിയോ കോളായിരുന്നു. വിളിക്കുന്നത്  മരിച്ച കാതറീന്റെ ഐഡിയിൽ നിന്ന്!

​നടുക്കത്തോടെ മാർക്സ് ആ കോൾ എടുത്തു. സ്ക്രീനിൽ ആരും ഉണ്ടായിരുന്നില്ല. ഇരുണ്ട ഒരു ലാബിന്റെ ദൃശ്യം മാത്രം. പെട്ടെന്ന് ഒരു വോയിസ് കമാൻഡ് മുഴങ്ങി: "പ്ലേ ബാക്ക് മോഡ് ആക്ടിവേറ്റഡ്."

​അതുവരെ താൻ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്രമായ ശബ്ദം ഫോണിലെ സ്പീക്കറിലൂടെ പുറത്തുവന്നു. അതൊരു പാട്ടായിരുന്നില്ല, കാറ്റോ കടലോ ആയിരുന്നില്ല. മറിച്ച്, തലയ്ക്കുള്ളിൽ ആരോ സൂചി കൊണ്ടു കുത്തുന്നതുപോലെ.

​മാർക്സ് ഫോൺ കട്ട് ചെയ്യാൻ ശ്രമിച്ചു. പക്ഷേ സ്ക്രീൻ ലോക്ക് ആയതു പോലെ. അയാൾക്ക് ഫോൺ താഴെ ഇടാൻ തോന്നി, പക്ഷേ കൈകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതു പോലെ. അയാളുടെ ശരീരം പെട്ടെന്ന് മരവിച്ചു. ശ്വാസം കിട്ടാതെ അയാൾ കുഴഞ്ഞു വീണു.

ഇതേ സമയം, ​അറസ്റ്റിലായ അലക്സ് തന്റെ സെല്ലിലിരുന്ന് ആ ഗാനം മൂളുന്നുണ്ടായിരുന്നു. കാതറീന്റെ ഫോൺ വഴി ആ പ്രോഗ്രാമിലെ തന്റെ ബഗ് അടുത്ത ഇരയെ തേടിപ്പോകുമെന്ന് അയാൾക്ക് അറിയാമായിരുന്നു.

വിയന്നയിലെ ആ തണുത്ത രാത്രിയിൽ, ഡിറ്റക്ടീവ് മാർക്സിന്റെ ഹൃദയമിടിപ്പ് പതുക്കെ നിലയ്ക്കുകയായിരുന്നു. 

Monday, February 9, 2026

കരുണയുടെ കൈകളെ ചൂഷണം ചെയ്യുന്ന ഭിക്ഷാടന മാഫിയകൾ


കഴിഞ്ഞ ദിവസം ഞങ്ങൾ കുടുംബമായി മൂകാംബിക ക്ഷേത്രത്തിൽ പോയിരുന്നു. വെള്ളിയാഴ്ച രാത്രി ഉള്ള ഓഖ എക്സ്പ്രസ് നു ടിക്കറ്റ് ബുക്ക് ചെയ്ത് ശനി മുഴുവൻ അവിടെ ചിലവഴിച്ച് കുടജാദ്രിയും സന്ദർശിച്ച് രാത്രി അവിടെ താമസിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ള അതേ  ട്രെയിന് തിരിച്ച് പോരുക... അതായിരുന്നു പ്ലാൻ. യാത്ര പ്ലാൻ ചെയ്ത പ്രകാരം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു.   

പറയാൻ ഉദ്ദേശിച്ചത് അതല്ല.  ക്ഷേത്രത്തിൽ ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കുവെക്കാനാണ്. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് നിൽക്കുമ്പോൾ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ സഹായത്തിനായി ആംഗ്യം കാണിച്ചു. ഞാൻ അടുത്തേയ്ക്ക് ചെന്നു. മലയാളിയാണെന്നും വർഷങ്ങളായി അവിടെ കഴിയുകയാണെന്നും പറഞ്ഞ അദ്ദേഹം, അന്ന് രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നും ഭക്ഷണത്തിനായി എന്തെങ്കിലും സഹായം ചെയ്യണമെന്നും അഭ്യർത്ഥിച്ചു. കൂടെ ഉണ്ടായിരുന്ന വൈഫിനോട് കാര്യം പറഞ്ഞ് കക്ഷിയ്ക്ക്
​ഭക്ഷണം വാങ്ങി നൽകാമെന്ന് കരുതി ഞാൻ അദ്ദേഹത്തെ കൂടെ വരാൻ ക്ഷണിച്ചു. എന്നാൽ കുടുംബത്തോടൊപ്പം നിൽക്കുന്ന എനിക്ക് ബുദ്ധിമുട്ടാകണ്ട എന്ന് പറഞ്ഞ് അദ്ദേഹം ഒപ്പം വരാൻ വിസമ്മതിച്ചു. 

കക്ഷി പറയുന്നത് 'നിങ്ങൾ ഫാമിലി ഒക്കെ ആയി നിൽക്കുമ്പോൾ ഞാൻ ശല്യം ചെയ്യുവാനോ സമയം കളയാനോ ഉദ്ദേശിയ്ക്കുന്നില്ല'എന്ന് ആണ്. അത് സാരമില്ലെന്ന് പറഞ്ഞിട്ടും കക്ഷി കൂടെ വരാൻ കൂട്ടാക്കുന്നില്ല. എന്നാൽ ഫുഡ്‌ ഓർഡർ ചെയ്ത് പൈസയും കൊടുത്ത് അപ്പോൾ തന്നെ ഞാൻ പോന്നോളാം എന്ന് ഞാൻ പറഞ്ഞു.  അപ്പോൾ  ' ഞാൻ വരേണ്ടതില്ല. ഫുഡ് വാങ്ങാൻ ഉള്ള പണം കൊടുത്താൽ മതി' എന്നായി കക്ഷി. എന്നെ പറഞ്ഞു സമ്മതിപ്പിയ്ക്കാൻ അദ്ദേഹം കൂടുതൽ അടുത്തേക്ക് വന്നു. 

ആ നിമിഷമാണ് അദ്ദേഹത്തിൽ നിന്നുള്ള മദ്യത്തിന്റെ രൂക്ഷഗന്ധം ഞാൻ തിരിച്ചറിഞ്ഞത്. ആ രാവിലെ എട്ടു മണിക്ക് പോലും മദ്യപിക്കാൻ പണം കണ്ടെത്താനാണ് അദ്ദേഹം 'വിശപ്പിന്റെ' മുഖംമൂടി അണിഞ്ഞതെന്ന് ആ നിമിഷം എനിക്ക് ബോധ്യമായി. മദ്യപിക്കാൻ പണം നൽകാൻ കഴിയില്ലെന്ന് തീർത്തു പറഞ്ഞ് ഞാൻ അവിടെ നിന്ന് മടങ്ങി. 

അല്ലെങ്കിലും കുറെ നാളായി ഭിക്ഷ ചോദിയ്ക്കുന്നവർക്ക് പോലും പണം നൽകാറില്ല. കാണുന്നവർക്കും ഇത് വായിയ്ക്കുന്നവർക്കും ക്രൂരമായി തോന്നിയേക്കാം. അതിപ്പോ, കുഞ്ഞുങ്ങൾ ആണെങ്കിൽ പോലും. പകരം, കഴിയുമെങ്കിൽ ഭക്ഷണ സാധനങ്ങൾ വല്ലതും കയ്യിലുണ്ടെങ്കിൽ അത് കൊടുക്കും
അതല്ല, അടുത്ത് വല്ല കടയുമുണ്ടെങ്കിൽ വാങ്ങി കൊടുക്കാമെന്ന് പറയും. ഒരു പക്ഷെ, നിങ്ങൾക്ക് അതിശയം തോന്നിയേക്കാം. ഭക്ഷണം തരാമെന്ന് പറഞ്ഞാൽ ഈ കൈ നീട്ടുന്ന കുട്ടികളിൽ 95% പേരും നമ്മളെ ഗൗനിയ്ക്കാതെ പൈസയും നീട്ടി പിടിച്ചു നിൽക്കുന്ന മറ്റൊരു കാരുണ്യവാനായ യാത്രക്കാരന്റെ അടുത്തേയ്ക്ക് പോകുന്നതായാണു അനുഭവം.

പലപ്പോഴും സഹായം ചോദിച്ചു വരുന്നവർക്ക് വേണ്ടത് അന്നമല്ല, മറിച്ച് നമ്മുടെ പണമാണ്. അവർക്ക് ഭക്ഷണം വാങ്ങി നൽകാൻ നാം തയ്യാറാകുമ്പോൾ മാത്രമാണ് അവരുടെ യഥാർത്ഥ ലക്ഷ്യം പുറത്തുവരുന്നത്.

ആരാധനാലയങ്ങളുടെ പടികളിലും നഗരവീഥികളിലും നീട്ടപ്പെടുന്ന ഓരോ കൈകൾക്കും പിന്നിൽ നാം കാണാത്ത ഒരു വലിയ ചതിക്കുഴിയുണ്ട്. നമ്മുടെ ഉള്ളിലെ കാരുണ്യത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്യുന്ന ഒരു ഭീകരമായ ബിസിനസ്സ് ശൃംഖലയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭിക്ഷാടനം ഒരു അതിജീവനമാർഗ്ഗമെന്നതിലുപരി, അന്താരാഷ്ട്ര തലത്തിൽ പോലും വേരുകളുള്ള ഒരു വമ്പൻ മാഫിയയായി വളർന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ, പ്രാർത്ഥനാലയങ്ങളിലും പൊതുവിടങ്ങളിലും ഭിക്ഷക്കാർക്ക് പണമായി ദാനം ചെയ്യുന്നത് നിർത്തലാക്കുക എന്നത് ഒരു സാമൂഹിക അനിവാര്യതയായി നാം കാണേണ്ടതുണ്ട്.

​യാചിക്കുന്നവർക്ക് ആഹാരവും വെള്ളവും നൽകി അവരെ ചേർത്തുപിടിക്കാം, എന്നാൽ പണമായി ഒരു രൂപ പോലും നൽകില്ലെന്ന ദൃഢനിശ്ചയം നമുക്കുണ്ടാകണം. ഈ നിലപാട് പരുഷമാണെന്ന് തോന്നാം, പക്ഷേ ഇത് ആ പാവപ്പെട്ടവരോടുള്ള ക്രൂരതയല്ല. മറിച്ച്, ദാരിദ്ര്യത്തിന്റെ മുഖമൂടിയണിഞ്ഞ് എത്തുന്ന മാഫിയ ഗ്രൂപ്പുകളെയും തട്ടിപ്പുകാരെയും പൂർണ്ണമായും തകർക്കാനുള്ള ഏക മാർഗ്ഗമാണ്. ഒരു നേരത്തെ അന്നത്തിനായി കൈ നീട്ടുന്നവന് അത് വാങ്ങി നൽകുന്നത് പുണ്യമാണ്. എന്നാൽ ആ പണം ആരുടെ കൈകളിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കാതെ നാം നൽകുന്ന ഓരോ നാണയത്തുട്ടും ഈ അധോലോകത്തിന്റെ അടിത്തറ ഭദ്രമാക്കുകയാണ് ചെയ്യുന്നത്.

​വഴിയരികിൽ മുറിവേറ്റ ശരീരവുമായി കൈനീട്ടുന്ന ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ ഉള്ളം പിടയും. എന്നാൽ ഓർക്കുക, നിങ്ങൾ നൽകുന്ന ആ നാണയം ആ കുഞ്ഞിന് സന്തോഷമല്ല നൽകുന്നത്. പകരം, സ്വന്തം മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട്, ക്രൂരമായ പീഡനങ്ങളിലൂടെയും അംഗഭംഗത്തിലൂടെയും ഭിക്ഷാടനത്തിന് നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ ദുരിതം നീട്ടിക്കൊണ്ടുപോകാനേ അത് ഉപകരിക്കൂ. പണം ലഭിക്കാതാകുമ്പോൾ ഇത്തരം ക്രിമിനൽ സംഘങ്ങൾക്ക് ഈ 'ബിസിനസ്സ്' ലാഭകരമല്ലാതാകുകയും, തട്ടിക്കൊണ്ടുപോകലുകളും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും താനേ കുറയുകയും ചെയ്യും. നമ്മുടെ അറിവില്ലായ്മ മൂലം മറ്റൊരു കുഞ്ഞു കൂടി ഈ നരകത്തിലേക്ക് വലിച്ചെറിയപ്പെടാൻ കാരണക്കാരാകരുത്.

​ഈ ആശയത്തോട് നിങ്ങൾ യോജിക്കുന്നുവെങ്കിൽ, ഇന്നുമുതൽ ഒരു ചെറിയ മാറ്റം നമ്മുടെ ശീലങ്ങളിൽ കൊണ്ടുവരാം. യാത്രികരാണെങ്കിൽ വാഹനത്തിൽ ചെറിയ ബിസ്‌ക്കറ്റ് പാക്കറ്റുകളോ ലഘുഭക്ഷണങ്ങളോ കരുതുക. വിശക്കുന്നു എന്ന് പറഞ്ഞ് കൈനീട്ടുന്നവർക്ക് അത് സന്തോഷത്തോടെ നൽകുക. വിശപ്പടക്കാൻ ആഹാരം നൽകുന്നതിനേക്കാൾ വലിയ ദാനം മറ്റൊന്നില്ല. എന്നാൽ ഓർക്കുക, ഒരു കാരണവശാലും പണം നൽകരുത്. നമ്മുടെ കരുതൽ വിശക്കുന്നവന്റെ വയറിനാകണം, അല്ലാതെ മാഫിയകളുടെ കീശയിലേക്കാകരുത്. നമുക്ക് ഒന്നിച്ചു തീരുമാനമെടുക്കാം; ഇന്ന് മുതൽ ഭിക്ഷയായി ഒരു രൂപ പോലും നൽകില്ല, പകരം സ്നേഹവും ഭക്ഷണവും നൽകി ഈ മാഫിയാ ചങ്ങലകൾ നമുക്ക് പൊട്ടിച്ചെറിയാം.

-ശ്രീ

Saturday, February 7, 2026

സിംഹമുദ്ര

പുസ്തകം : സിംഹമുദ്ര 

 രചന : ശിവൻ എടമന
പ്രസാധകർ : ഡി സി ബുക്ക്സ് 
 വില : 380 രൂപ (310 പേജുകൾ) 


 2020-ലെ ഡിസി ബുക്സ് ക്രൈം ഫിക്ഷൻ പുരസ്കാരം നേടിയിരുന്ന ന്യൂറോ ഏരിയ എന്ന അത്യുജ്ജ്വല ത്രില്ലറിനു ശേഷം ശിവൻ എടമന എഴുതുന്ന മറ്റൊരുഗ്രൻ ത്രില്ലർ... 

 'Surely some revelation is at hand; 
Surely the Second Coming is at hand' 

 "ഭൂമിയിൽ അരാജകത്വം നടമാടി ത്തുടങ്ങുമ്പോൾ രണ്ടാം വരവുണ്ടാകും!"

ജപ്പാനിലെ കാമികാസെ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ടെക് സാവികളായ ഇരട്ട സഹോദരങ്ങൾ ജയനും ഹരിയും. അതിലൊരാളെ - ജയനെ, കാണാതാകുന്നു. രണ്ടാമത്തെയാൾ ഹരി കേരളത്തിലേയ്ക്കെത്തുന്നു. കാമികാസെ കോർപ്പറേഷൻറെ ബയോടെക്നോളജി ലാബിൽനിന്നു കൈക്കലാക്കിയ ഒരു രഹസ്യവസ്തുവും കൊണ്ട്. അയാളുടെ പാർട്‌ണർ ജാസ്‌മിൻ, ഇവരുടെ സുഹൃത്ത് ബിജോയിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഒരു പ്രകാരത്തിൽ ജപ്പാൻ അധോലോകത്തിലെ യാക്കുസ എന്ന സംഘടനയുടെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കേരളത്തിലേയ്ക്കെത്തുന്നു. അവരെ പിൻതുടരുന്ന ഒരു ക്വട്ടേഷൻ ഗാങ്. അതിനു പുറമെ, എഡിജിപി നടരാജ് പരശുറാമിന്റെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ഡി വൈ എസ് പി അദിതി രാജൻ. പൊലീസിനു വേണ്ടത് ഹരിയെ. ക്വട്ടേഷൻ ഗാങ്ങിന് വേണ്ടതും അയാളെ തന്നെ. ജാസ്മിന്റെ കൂട്ടിന് ആകെയുള്ളത് അവളുടെ ഇക്ക ഹമീദ് അഷ്റഫ് റാവുത്തർ മാത്രം. 

 ഇതിനിടെ, ഒരു ദിവസം കേരള-തമിഴ്‌നാട് അതിർത്തി പ്രദേശത്ത് ഒരു മരണം സംഭവിക്കുന്നു. അതാരും ശ്രദ്ധിയ്ക്കുന്നില്ല. എന്നാൽ അടുത്ത ദിവസം കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അതേ രീതിയിലുള്ള മറ്റൊന്ന് നടക്കുമ്പോൾ പ്രശ്നം ഗുരുതരമാകുന്നു. 24 മണിക്കൂറിനു ശേഷം വീണ്ടും കേരള - തമിഴ്‌നാട് അതിർത്തിയിൽ അതേ രീതിയിലുള്ള ഒരു മരണം കൂടി സംഭവിക്കുന്നതോടെ കളി മുറുകുന്നു. എന്തു കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രം, എങ്ങനെ ഇരകൾ ഇത് വരെ ആരും കേൾക്കാത്ത തരത്തിൽ ഭീകരമായി മരണപ്പെടുന്നു? എന്തിന് അവർ കൊല്ലപ്പെടുന്നു? എന്താണ് ആ സിംഹമുദ്രയ്ക്ക് പിന്നിലുള്ള വലിയ രഹസ്യം? മാർത്താണ്ഡവർമ്മയുമായി ഈ സംഭവങ്ങൾക്കുള്ള ബന്ധമെന്ത് ? 

നൂറ്റാണ്ടുകൾ മുൻപുള്ള ചരിത്രവും നാനോ ടെക്നോളജി പോലുള്ള അത്യന്താധുനിക സാങ്കേതികവിദ്യയും ഇഴചേരുന്ന ഒരു പ്രമേയമാണ് ഈ നോവലിന്റേത്. മനുഷ്യന്റെ അധികാരഭ്രമവും ആഗ്രഹങ്ങളും കാലദേശഭേദമന്യേ എങ്ങനെ നിലനിൽക്കുന്നു എന്ന് ഈ കൃതി ചർച്ച ചെയ്യുന്നു. ആദ്യ പേജ് മുതൽ വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണം. 'നാനോ ടെക്നോളജി'യെക്കുറിച്ചും 'റിമോട്ട് റിലേ സിങ്ക് പ്രോട്ടോക്കോളി'നെക്കുറിച്ചും നോവലിലെ വിശദീകരണങ്ങൾ കൗതുകകരമാണ്. ഒരു മുടിനാരിന്റെ പത്തുകോടിയിലൊരംശം മാത്രം വലിപ്പമുള്ള യന്ത്രങ്ങളെ പരിചയപ്പെടുത്തുന്നത് മലയാള സാഹിത്യത്തിൽ ഒരുപക്ഷേ ഇത് ആദ്യമായാകും. അതും ഇത്രയും കൃത്യതയോടെ, മടുപ്പില്ലാതെ, ആകാംക്ഷ ജനിപ്പിയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്. 

അതു പോലെ മുന്നൂറു വർഷങ്ങൾക്ക് മുൻപത്തെ തിരുവാങ്കോട് രാജവംശവും മാർത്താണ്ഡവർമ്മയുടെ തന്ത്രങ്ങളും തെക്കുംകൂർ സ്വരൂപവും പത്മനാഭപുരം കൊട്ടാരവും അന്നത്തെ രഹസ്യഭാഷയായ മൂലഭദ്രിയും എല്ലാം നല്ല പങ്കു വഹിയ്ക്കുന്നുണ്ട് ഈ നോവലിൽ. ഒരു മികച്ച ഹിസ്റ്റോറിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലർ എന്ന് സിംഹമുദ്ര എന്ന ഈ നോവലിനെ നിസ്സംശയം പറയാം... ന്യൂറോ ഏരിയ പോലെ, മലയാളത്തിൽ ഒരു ഡാൻ ബ്രൗൺ നോവൽ വായിയ്ക്കുന്ന സുഖം! -ശ്രീ

Thursday, January 15, 2026

ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്ത് 'ബാലരമ'യിൽ എന്റെ ആദ്യ കഥ അച്ചടിച്ചു വന്നപ്പോൾ തോന്നിയ ആവേശം ഇന്നും മായാതെ നിൽക്കുന്നു. അവിടെ തുടങ്ങിയതാണ് എഴുത്തിനോടുള്ള എന്റെ അനുരാഗം. പിന്നീട് കോളേജ് മാഗസിനുകളിലും, മാതൃഭൂമി ആഴ്ചപ്പതിപ്പിലും, ഓൺലൈൻ മാസികകളിലും, ബ്ലോഗുകളിലും പ്രതിലിപിയിലുമൊക്കെയായി ആ യാത്ര തുടർന്നു.

ചില പുസ്തകങ്ങളിൽ... കഥാസമാഹാരങ്ങളിൽ മറ്റ് എഴുത്തുകാർക്കൊപ്പം എന്റെ കഥകളും ഇടംപിടിച്ചിരുന്നു. എങ്കിലും, എന്റെ പേരിൽ മാത്രമായി ഒരു പുസ്തകം എന്ന വലിയ സ്വപ്നത്തിലേക്ക് എത്താൻ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ആ സ്വപ്നം ഇതാ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. ഈ വരുന്ന ഫെബ്രുവരിയിൽ 'മാൻകൈൻഡ് ലിറ്ററേച്ചർ' (Mankind Literature) എന്റെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ നോവൽ 'മാംഗോലീഫിലെ കൊലപാതകം' പ്രസിദ്ധീകരിക്കുന്നു. എഴുത്തിനെ സ്നേഹിക്കാൻ പഠിപ്പിച്ച അദ്ധ്യാപകർക്കും, മാതാപിതാക്കൾക്കും, എന്നും തണലായി നിൽക്കുന്ന എന്റെ കുടുംബത്തിനും, കഥകൾ വായിച്ച് പ്രോത്സാഹിപ്പിച്ചവർക്കും, എന്റെ പുസ്തകം പ്രസിദ്ധീകരിച്ചു കാണാൻ എന്നെക്കാൾ ആഗ്രഹിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും... അങ്ങനെ ഈ യാത്രയിൽ കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. 🙏 നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയാണ് ഈ നാഴികക്കല്ല് പിന്നിടാൻ എന്നെ സഹായിച്ചത്. ഈ പുതിയ യാത്രയിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പിന്തുണയും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പുസ്തകത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഉടൻ അറിയിക്കാം! ❤️📚 എന്റെ ആദ്യ നോവൽ 'മാംഗോലീഫിലെ കൊലപാതകം' ! ✍️✨