Monday, February 9, 2026

കരുണയുടെ കൈകളെ ചൂഷണം ചെയ്യുന്ന ഭിക്ഷാടന മാഫിയകൾ


കഴിഞ്ഞ ദിവസം ഞങ്ങൾ കുടുംബമായി മൂകാംബിക ക്ഷേത്രത്തിൽ പോയിരുന്നു. വെള്ളിയാഴ്ച രാത്രി ഉള്ള ഓഖ എക്സ്പ്രസ് നു ടിക്കറ്റ് ബുക്ക് ചെയ്ത് ശനി മുഴുവൻ അവിടെ ചിലവഴിച്ച് കുടജാദ്രിയും സന്ദർശിച്ച് രാത്രി അവിടെ താമസിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഉള്ള അതേ  ട്രെയിന് തിരിച്ച് പോരുക... അതായിരുന്നു പ്ലാൻ. യാത്ര പ്ലാൻ ചെയ്ത പ്രകാരം വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ കഴിഞ്ഞു.   

പറയാൻ ഉദ്ദേശിച്ചത് അതല്ല.  ക്ഷേത്രത്തിൽ ഉണ്ടായ ഒരു അനുഭവം ഇവിടെ പങ്കുവെക്കാനാണ്. ഞായറാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് നിൽക്കുമ്പോൾ 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ സഹായത്തിനായി ആംഗ്യം കാണിച്ചു. ഞാൻ അടുത്തേയ്ക്ക് ചെന്നു. മലയാളിയാണെന്നും വർഷങ്ങളായി അവിടെ കഴിയുകയാണെന്നും പറഞ്ഞ അദ്ദേഹം, അന്ന് രാവിലെ ഒന്നും കഴിച്ചിട്ടില്ലെന്നും ഭക്ഷണത്തിനായി എന്തെങ്കിലും സഹായം ചെയ്യണമെന്നും അഭ്യർത്ഥിച്ചു. കൂടെ ഉണ്ടായിരുന്ന വൈഫിനോട് കാര്യം പറഞ്ഞ് കക്ഷിയ്ക്ക്
​ഭക്ഷണം വാങ്ങി നൽകാമെന്ന് കരുതി ഞാൻ അദ്ദേഹത്തെ കൂടെ വരാൻ ക്ഷണിച്ചു. എന്നാൽ കുടുംബത്തോടൊപ്പം നിൽക്കുന്ന എനിക്ക് ബുദ്ധിമുട്ടാകണ്ട എന്ന് പറഞ്ഞ് അദ്ദേഹം ഒപ്പം വരാൻ വിസമ്മതിച്ചു. 

കക്ഷി പറയുന്നത് 'നിങ്ങൾ ഫാമിലി ഒക്കെ ആയി നിൽക്കുമ്പോൾ ഞാൻ ശല്യം ചെയ്യുവാനോ സമയം കളയാനോ ഉദ്ദേശിയ്ക്കുന്നില്ല'എന്ന് ആണ്. അത് സാരമില്ലെന്ന് പറഞ്ഞിട്ടും കക്ഷി കൂടെ വരാൻ കൂട്ടാക്കുന്നില്ല. എന്നാൽ ഫുഡ്‌ ഓർഡർ ചെയ്ത് പൈസയും കൊടുത്ത് അപ്പോൾ തന്നെ ഞാൻ പോന്നോളാം എന്ന് ഞാൻ പറഞ്ഞു.  അപ്പോൾ  ' ഞാൻ വരേണ്ടതില്ല. ഫുഡ് വാങ്ങാൻ ഉള്ള പണം കൊടുത്താൽ മതി' എന്നായി കക്ഷി. എന്നെ പറഞ്ഞു സമ്മതിപ്പിയ്ക്കാൻ അദ്ദേഹം കൂടുതൽ അടുത്തേക്ക് വന്നു. 

ആ നിമിഷമാണ് അദ്ദേഹത്തിൽ നിന്നുള്ള മദ്യത്തിന്റെ രൂക്ഷഗന്ധം ഞാൻ തിരിച്ചറിഞ്ഞത്. ആ രാവിലെ എട്ടു മണിക്ക് പോലും മദ്യപിക്കാൻ പണം കണ്ടെത്താനാണ് അദ്ദേഹം 'വിശപ്പിന്റെ' മുഖംമൂടി അണിഞ്ഞതെന്ന് ആ നിമിഷം എനിക്ക് ബോധ്യമായി. മദ്യപിക്കാൻ പണം നൽകാൻ കഴിയില്ലെന്ന് തീർത്തു പറഞ്ഞ് ഞാൻ അവിടെ നിന്ന് മടങ്ങി. 

അല്ലെങ്കിലും കുറെ നാളായി ഭിക്ഷ ചോദിയ്ക്കുന്നവർക്ക് പോലും പണം നൽകാറില്ല. കാണുന്നവർക്കും ഇത് വായിയ്ക്കുന്നവർക്കും ക്രൂരമായി തോന്നിയേക്കാം. അതിപ്പോ, കുഞ്ഞുങ്ങൾ ആണെങ്കിൽ പോലും. പകരം, കഴിയുമെങ്കിൽ ഭക്ഷണ സാധനങ്ങൾ വല്ലതും കയ്യിലുണ്ടെങ്കിൽ അത് കൊടുക്കും
അതല്ല, അടുത്ത് വല്ല കടയുമുണ്ടെങ്കിൽ വാങ്ങി കൊടുക്കാമെന്ന് പറയും. ഒരു പക്ഷെ, നിങ്ങൾക്ക് അതിശയം തോന്നിയേക്കാം. ഭക്ഷണം തരാമെന്ന് പറഞ്ഞാൽ ഈ കൈ നീട്ടുന്ന കുട്ടികളിൽ 95% പേരും നമ്മളെ ഗൗനിയ്ക്കാതെ പൈസയും നീട്ടി പിടിച്ചു നിൽക്കുന്ന മറ്റൊരു കാരുണ്യവാനായ യാത്രക്കാരന്റെ അടുത്തേയ്ക്ക് പോകുന്നതായാണു അനുഭവം.

പലപ്പോഴും സഹായം ചോദിച്ചു വരുന്നവർക്ക് വേണ്ടത് അന്നമല്ല, മറിച്ച് നമ്മുടെ പണമാണ്. അവർക്ക് ഭക്ഷണം വാങ്ങി നൽകാൻ നാം തയ്യാറാകുമ്പോൾ മാത്രമാണ് അവരുടെ യഥാർത്ഥ ലക്ഷ്യം പുറത്തുവരുന്നത്.

ആരാധനാലയങ്ങളുടെ പടികളിലും നഗരവീഥികളിലും നീട്ടപ്പെടുന്ന ഓരോ കൈകൾക്കും പിന്നിൽ നാം കാണാത്ത ഒരു വലിയ ചതിക്കുഴിയുണ്ട്. നമ്മുടെ ഉള്ളിലെ കാരുണ്യത്തെയും വിശ്വാസത്തെയും ചൂഷണം ചെയ്യുന്ന ഒരു ഭീകരമായ ബിസിനസ്സ് ശൃംഖലയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭിക്ഷാടനം ഒരു അതിജീവനമാർഗ്ഗമെന്നതിലുപരി, അന്താരാഷ്ട്ര തലത്തിൽ പോലും വേരുകളുള്ള ഒരു വമ്പൻ മാഫിയയായി വളർന്നു കഴിഞ്ഞു. അതുകൊണ്ടുതന്നെ, പ്രാർത്ഥനാലയങ്ങളിലും പൊതുവിടങ്ങളിലും ഭിക്ഷക്കാർക്ക് പണമായി ദാനം ചെയ്യുന്നത് നിർത്തലാക്കുക എന്നത് ഒരു സാമൂഹിക അനിവാര്യതയായി നാം കാണേണ്ടതുണ്ട്.

​യാചിക്കുന്നവർക്ക് ആഹാരവും വെള്ളവും നൽകി അവരെ ചേർത്തുപിടിക്കാം, എന്നാൽ പണമായി ഒരു രൂപ പോലും നൽകില്ലെന്ന ദൃഢനിശ്ചയം നമുക്കുണ്ടാകണം. ഈ നിലപാട് പരുഷമാണെന്ന് തോന്നാം, പക്ഷേ ഇത് ആ പാവപ്പെട്ടവരോടുള്ള ക്രൂരതയല്ല. മറിച്ച്, ദാരിദ്ര്യത്തിന്റെ മുഖമൂടിയണിഞ്ഞ് എത്തുന്ന മാഫിയ ഗ്രൂപ്പുകളെയും തട്ടിപ്പുകാരെയും പൂർണ്ണമായും തകർക്കാനുള്ള ഏക മാർഗ്ഗമാണ്. ഒരു നേരത്തെ അന്നത്തിനായി കൈ നീട്ടുന്നവന് അത് വാങ്ങി നൽകുന്നത് പുണ്യമാണ്. എന്നാൽ ആ പണം ആരുടെ കൈകളിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കാതെ നാം നൽകുന്ന ഓരോ നാണയത്തുട്ടും ഈ അധോലോകത്തിന്റെ അടിത്തറ ഭദ്രമാക്കുകയാണ് ചെയ്യുന്നത്.

​വഴിയരികിൽ മുറിവേറ്റ ശരീരവുമായി കൈനീട്ടുന്ന ഒരു കുഞ്ഞിനെ കാണുമ്പോൾ നമ്മുടെ ഉള്ളം പിടയും. എന്നാൽ ഓർക്കുക, നിങ്ങൾ നൽകുന്ന ആ നാണയം ആ കുഞ്ഞിന് സന്തോഷമല്ല നൽകുന്നത്. പകരം, സ്വന്തം മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട്, ക്രൂരമായ പീഡനങ്ങളിലൂടെയും അംഗഭംഗത്തിലൂടെയും ഭിക്ഷാടനത്തിന് നിയോഗിക്കപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ ദുരിതം നീട്ടിക്കൊണ്ടുപോകാനേ അത് ഉപകരിക്കൂ. പണം ലഭിക്കാതാകുമ്പോൾ ഇത്തരം ക്രിമിനൽ സംഘങ്ങൾക്ക് ഈ 'ബിസിനസ്സ്' ലാഭകരമല്ലാതാകുകയും, തട്ടിക്കൊണ്ടുപോകലുകളും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും താനേ കുറയുകയും ചെയ്യും. നമ്മുടെ അറിവില്ലായ്മ മൂലം മറ്റൊരു കുഞ്ഞു കൂടി ഈ നരകത്തിലേക്ക് വലിച്ചെറിയപ്പെടാൻ കാരണക്കാരാകരുത്.

​ഈ ആശയത്തോട് നിങ്ങൾ യോജിക്കുന്നുവെങ്കിൽ, ഇന്നുമുതൽ ഒരു ചെറിയ മാറ്റം നമ്മുടെ ശീലങ്ങളിൽ കൊണ്ടുവരാം. യാത്രികരാണെങ്കിൽ വാഹനത്തിൽ ചെറിയ ബിസ്‌ക്കറ്റ് പാക്കറ്റുകളോ ലഘുഭക്ഷണങ്ങളോ കരുതുക. വിശക്കുന്നു എന്ന് പറഞ്ഞ് കൈനീട്ടുന്നവർക്ക് അത് സന്തോഷത്തോടെ നൽകുക. വിശപ്പടക്കാൻ ആഹാരം നൽകുന്നതിനേക്കാൾ വലിയ ദാനം മറ്റൊന്നില്ല. എന്നാൽ ഓർക്കുക, ഒരു കാരണവശാലും പണം നൽകരുത്. നമ്മുടെ കരുതൽ വിശക്കുന്നവന്റെ വയറിനാകണം, അല്ലാതെ മാഫിയകളുടെ കീശയിലേക്കാകരുത്. നമുക്ക് ഒന്നിച്ചു തീരുമാനമെടുക്കാം; ഇന്ന് മുതൽ ഭിക്ഷയായി ഒരു രൂപ പോലും നൽകില്ല, പകരം സ്നേഹവും ഭക്ഷണവും നൽകി ഈ മാഫിയാ ചങ്ങലകൾ നമുക്ക് പൊട്ടിച്ചെറിയാം.

-ശ്രീ

0 comments: