Wednesday, June 15, 2022

പൊന്നിയിൽ സെൽവൻ

രചന : പൊന്നിയിൽ സെൽവൻ

രചയിതാവ് : കൽക്കി കൃഷ്ണമൂർത്തി

പേജ് : 1200

വില : 1399

പ്രസാധകർ : ഡിസി ബുക്ക്സ്


ചോള രാജവംശത്തിലെ ചരിത്ര പ്രസിദ്ധനായ രാജ രാജ ചോളൻ എന്ന പേരിൽ പിൽക്കാലത്ത് പ്രശസ്തനായ അരുൾ മൊഴി വർമ്മന്റെ കഥയാണ് കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൽ സെൽവൻ.


അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരൻ  ആദിത്യ കരികാലനിൽ നിന്ന് മഹാ രാജാവായ സുന്ദര ചോളനും രാജകുമാരി കുന്തവയ്ക്കും സന്ദേശം നൽകാൻ ചോളദേശത്തേക്ക് പുറപ്പെടുന്ന ധീരനായ വല്ലവരയൻ  വന്ദ്യദേവൻ എന്ന കഥാപാത്രത്തിലൂടെയാണ് പൊന്നിയിൻ സെൽവൻ കഥ ആരംഭിയ്ക്കുന്നത്. കഥ ആദ്യാവസാനം വികസിയ്ക്കുന്നതും വന്ദ്യദേവനിലൂടെ തന്നെ ആയതിനാൽ കഥാ നായകനായി വന്ദ്യദേവനെ കണക്കാക്കുന്നതിലും തെറ്റില്ല.


 കഥ ആരംഭിയ്ക്കുന്ന കാലത്ത്  രാജാവ് സുന്ദര ചോളൻ അനാരോഗ്യം മൂലം വിശ്രമാവസ്ഥയിലും മൂത്ത മകൻ ആദിത്യ കരിംകാലൻ കാഞ്ചിയിൽ സൈന്യാധിപനായും ഇളയ മകൻ ഏവരുടെയും കണ്ണിലുണ്ണിയായ അരുൾമൊഴി വർമ്മൻ യുദ്ധാവശ്യങ്ങളുമായി ലങ്കയിലും ആകയാൽ  രാജകുമാരി കുന്തവ ആയിരുന്നു രാജ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നത്.  


യഥാർത്ഥത്തിൽ സുന്ദര ചോളനു മുൻപ് രാജാവായിരുന്ന രാജാദിത്യൻ യുദ്ധത്തിൽ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ സഹോദരനെ രാജാവായി അഭിഷേകം ചെയ്യുകയും അദ്ദേഹത്തിന്റെ മരണ സമയത്ത് അടുത്ത രാജാവാകേണ്ടിയിരുന്ന മകൻ മധുരാന്തകൻ തീരെ ചെറിയ കുഞ്ഞായത് കൊണ്ട് മരണ സമയത്ത്  അദ്ദേഹത്തിന്റെ   പകരക്കാരൻ ആയി സുന്ദര ചോളന്റെ അഛൻ അരിഞ്ജയനെ രാജാവാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം മധുരാന്താകനെ ഒരു ശിവഭക്തനായി വളർത്തണം എന്നായിരുന്നു. അത് പ്രകാരമായിരുന്നു അരിഞ്ജയനു ശേഷം മകൻ സുന്ദരചോളൻ അധികാരത്തിൽ വരുന്നത്.


 ഈ  കാലഘട്ടത്തിൽ നാട് ഒരു സന്നിഗ്ദാവസ്ഥ നേരിടുകയാണ്. എന്തെന്നാൽ കുന്തവയുടെ രാജകാര്യങ്ങളിൽ ഉള്ള ഇടപെടൽ ഇഷ്ടപ്പെടാത്ത മുൻ സൈന്യാധിപനും നിലവിലെ ധനാധികാരിയും ആയ വലിയ പഴുവേട്ടരയർ, അദ്ദേഹത്തിന്റെ അനുജനും കോട്ടയുടെ അധികാരി ആയ ദളപതി ചെറിയ പഴുവേട്ടരയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അധികാരം മധുരാകാന്തനു തിരിച്ചു പിടിച്ചു കൊടുക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നു. ഇതിനെല്ലാം പുറകിലെ യഥാർത്ഥ ശക്തിയായി വർത്തിയ്ക്കുന്നത് കഥയിലെ എറ്റവും ദുരൂഹത നിറഞ്ഞ, എന്നാൽ അതിസുന്ദരിയായി അവതരിപ്പിയ്ക്കപ്പെടുന്ന പഴവൂർ ഇളയറാണി എന്നറിയപ്പെടുന്ന, വലിയ പഴുവേട്ടരയർ അറുപതാം വയസ്സിൽ വിവാഹം ചെയ്ത നന്ദിനി എന്ന  കഥാപാത്രം ആണ്. വീരപാണ്ഡ്യന്റെ തലയറുത്ത ആദിത്യ കരികാലന്റെയും ചോള രാജ വംശത്തിന്റെയും നാശം ആണ് നന്ദിനിയുടെ പരമമായ ലക്ഷ്യം.  നന്ദിനിയുടെ യഥാർത്ഥ ലക്ഷ്യം ഏറെക്കൂറെ അവസാനം വരെ നോവലിൽ വ്യക്തമാക്കുന്നില്ല.


  സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട് ഈ ചരിത്ര നോവലിൽ. നന്ദിനി എന്ന പ്രതിനായികാ സ്ഥാനത്ത് ഉള്ള കഥാപാത്രത്തെ കൂടാതെ നായികാ സ്ഥാനത്ത് ഉള്ള ബുദ്ധിമതിയായ കുന്തവ റാണി, കുന്തവയുടെ ഉറ്റ മിത്രം കടമ്പാളൂർ റാണി വാനതി, കടമ്പൂർ കൊട്ടാരത്തിലെ  മണിമേഖല രാജകുമാരി, ധൈര്യശാലിയായ, നല്ലോരു ഗായിക കൂടിയായ ഓടക്കാരിപ്പെണ്ണ് പൂങ്കുഴലി എന്നിവരും അസാമാന്യ കഴിവുകൾ ഉള്ള ഊമ റാണി എന്നറിയപ്പെടുന്ന മന്ദാകിനി, ഏവരും ബഹുമാനിയ്ക്കുന്ന ചെമ്പിയൻ മഹാറാണി എന്നിവർ എല്ലാം തന്നെ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ ആണ്.


 അതു പോലെ അരുൾ മൊഴി വർമ്മനെയും  ആദിത്യ കരികാലനെയും വന്ദ്യദേവനെയും കൂടാതെ സുന്ദര ചോള രാജന്റെ പ്രഥമ മന്ത്രി അനിരുദ്ധർ, ഭാര്യാ പിതാവ് മലയമാൻ, ശംഭുവരയർ, വേളാർ, മധുരാന്തകൻ, ചേന്ദൻ അമുദൻ, കന്തന്മാറൻ, പാർത്ഥിപേന്ദ്രൻ, പിനാകപാണി, കരുത്തിരുമൻ, രവിദാസൻ  തുടങ്ങിയവരെ കൂടാതെ  ചാരനായ ആഴ് വാർ കടിയാൻ , തിരുമല നമ്പി തുടങ്ങി പല വേഷത്തിലും പേരുകളിലും പ്രത്യക്ഷപ്പെടുന്ന, വന്ദ്യദേവന്റെ ആത്മ സുഹൃത്ത് ആയി തീരുന്ന ഒരു കഥാപാത്രവും  ഈ കഥയിൽ  നിറഞ്ഞു നിൽക്കുന്നുണ്ട്.   ഒരുപാട് അവസരങ്ങളിൽ ഈ കഥാപാത്രം വന്ദ്യദേവനെ  അയാൾ  അകപ്പെടുന്ന പ്രശ്നങ്ങളിൽ നിന്ന്     രക്ഷിക്കുന്നുണ്ട്.


പ്രായത്തിന്റെയും അനാരോഗ്യത്തിന്റെയും ദുരിതങ്ങൾക്കിടയിലും രാജ്യത്തെയും രാജാവിന്റെ സഹായികളെയും വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ വേദനിപ്പിയ്ക്കാത്ത ഉത്തമ രാജാവ് ആയ സുന്ദര ചോളൻ, വില്ലാളി വീരൻ ആയ , ആരോടും എന്തും വെട്ടി തുറന്ന് പറയാൻ മടിയ്ക്കാത്ത യുവ രാജാവായി വാഴ്ത്തപ്പെട്ട വീരശൂര പരാക്രമി ആദിത്യ കരിംകാലൻ എന്നിവരെക്കാൾ ഒട്ടേറെ മുൻപിലാണ് പൊന്നിയിൽ സെൽവൻ (ആ പേര് വന്ന കഥയും നോവലിൽ പ്രതിപാദിയ്ക്കുന്നുണ്ട്) എന്നറിയപ്പെടുന്ന അരുൾമൊഴി വർമ്മൻ. സൗമ്യനും പ്രജാവത്സലനും  വില്ലാളി വീരനും ഒറ്റ കാഴ്ചയിൽ തന്നെ ആരുടെയും മനം കവരുന്ന സ്വഭാവ വിശേഷങ്ങൾക്ക് ഉടമയുമായ  അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളും എല്ലാം നോവലിൽ വിശദമാക്കുന്നുണ്ട്.


അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും ചില കഥാപാത്രങ്ങളുടെ തന്നെ മനം മാറ്റവും ചതി പ്രയോഗങ്ങളും അതേ സമയം മറ്റു ചില കഥാപാത്രങ്ങളുടെ ആത്മാർഥതയും നിസ്വാർത്ഥ സേവനങ്ങളും എല്ലാം കഥയിൽ ഉടനീളം പ്രതിഫലിയ്ക്കുന്നു.


പണ്ടു കാലങ്ങളിൽ രാജ കൊട്ടാരങ്ങളിൽ നില നിന്നിരുന്ന രഹസ്യ തുരങ്ക പാതകളുടെ ഉപയോഗത്തിലും ക്ഷേത്ര നിർമ്മാണത്തിലും ദാനശീലത്തിലും എല്ലാം ചോളരാജവംശം എത്ര മാത്രം ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നതും ഈ കഥയിൽ നിന്നും വായനക്കാർക്ക് മനസ്സിലാക്കാൻ കഴിയും.


യഥാർത്ഥ ചരിത്രത്തെ ഈ കഥ നടക്കുന്ന കാലഘട്ടത്തെ മുൻ നിർത്തി എഴുതിയതിനാൽ അവസാന ഭാഗത്ത് ഒരല്പം വേഗത്തിൽ കഥ പറഞ്ഞവസാനിപ്പിച്ചു എന്ന തോന്നൽ ഉണ്ടാക്കുമെങ്കിലും ആദ്യ കാലത്ത് ഈ നോവൽ പ്രസിദ്ധീകരിച്ച കാലത്ത് വായനക്കാരുടെ ഭാഗത്തു നിന്ന് കിട്ടിയ പ്രതികരണങ്ങളെ മുൻ നിർത്തി, നോവലിനു ശേഷം ഒരു ഉപസംഹാരം കൂടെ ചേർത്തിട്ടുണ്ട്. ഈ കഥയ്ക്ക് ശേഷം ഓരോ കഥാപാത്രങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് ചരിത്രം പറയുന്നു എന്ന സൂചനകൾ നമുക്ക് അതിൽ നിന്നും ലഭിയ്ക്കുമ്പോൾ മനോഹരമായ ഒരു വീര ചരിത്ര കഥ വായിച്ചവസാനിപ്പിച്ചതിന്റെ സംതൃപ്തി നമ്മൾ വായനക്കാർക്കും ലഭിയ്ക്കുന്നു.


- ശ്രീ

Tuesday, February 1, 2022

കർണൻ [Karnan]


മറാഠി നോവലിസ്റ്റ് ശിവാജി സാവന്തിന്റെ 

മൃത്യുഞ്ജയം എന്ന പ്രശസ്ത നോവലിന്റെ മലയാള പരിഭാഷ ആണ് കർണൻ എന്ന ഈ പുസ്തകം.  മഹാഭാരതത്തെ കർണ പക്ഷത്തു നിന്നും  അവതരിപ്പിയ്ക്കുകയാണ് ഈ പുസ്തകത്തിലൂടെ. 


മഹാഭാരത കഥ നമുക്ക് ഏവർക്കും പരിചിതം ആണെങ്കിലും പ്രധാന കഥയിൽ അപ്രശസ്തർ എന്ന് തോന്നിപ്പിയ്ക്കുന്ന ചിലരെ എങ്കിലും വിശദമായി പരിചയപ്പെടുത്തുന്നുണ്ട്  ഈ നോവൽ.  ഒൻപത് അദ്ധ്യായങ്ങളിലായി കുന്തി, വൃഷാലി,  ദുര്യോധനൻ, കർണൻ, ശോണൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ചിന്തകളിൽ  വളരെ മികച്ചൊരു വായനാനുഭവം നോവൽ നമുക്ക് തരുന്നു.


കുന്തിയുടെ കുട്ടിക്കാലത്ത് നിന്ന് ആരംഭിച്ച്,  കർണന്റെ ജനനത്തിനു ശേഷം പലരിലൂടെ വികസിയ്ക്കുന്ന നോവൽ മഹാഭരത കഥയെ മറ്റൊരു കോണിലൂടെ,  സാഹചര്യങ്ങളിലൂടെ അവതരിപ്പിചിരിയ്ക്കുകയാണ് ശിവാജി സാവന്ത്. 


മഹാഭരത കഥയിൽ മാറ്റാരെക്കാളും മികച്ച യോദ്ധാവും സേനാ നായകനും ദാനശീലനും ആയിട്ടും ജീവിതത്തിൽ 99 ശതമാനവും ന്യായത്തിനും ധർമ്മത്തിനും ഒപ്പം നിന്നിട്ടും ജീവിതത്തിൽ ഉടനീളം അപമാനവും അവഗണനകളും ഏറ്റുവാങ്ങാൻ വിധിയ്ക്കപ്പെട്ടവൻ ആയിരുന്നു കർണൻ.  


സൂര്യപുത്രൻ ആയിട്ടും സൂതപുത്രൻ ആയി അറിയപ്പെട്ടവൻ... കൗന്തേയൻ ആയിട്ടും രാധേയൻ ആയി അറിയപ്പെട്ടവൻ... കുലമഹിമയുടെ പേരിൽ ഗുരുകുലത്തിലും മത്സര രംഗത്തും സ്വയംവര വേദിയിലും അപമാനിയ്ക്കപ്പെട്ട് മാറ്റി നിർത്തപ്പെട്ടവൻ...!


തന്റെ നിസ്സാഹായതയെ സൗഹൃദത്തിന്റെ മറവിൽ മുതലെടുത്തതാണെങ്കിൽ കൂടി ദുര്യോദനനു കൊടുത്ത വാക്ക് ഒരിയ്ക്കലും തെറ്റിയ്ക്കുന്നില്ല കർണൻ. അതു പോലെ ദാന ധർമ്മങ്ങളിൽ തന്റെ മരണ സമയത്തു പോലും വിസ്മയിപ്പിയ്ക്കുന്നുണ്ട്  ഈ സൂര്യപുത്രൻ. കർണനെ അടുത്തറിഞ്ഞു, ഉപാധികളില്ലാതെ സ്നേഹിയ്ക്കുന്നവരിൽ വൃഷാലി, ശോണൻ എന്നിവരെ കൂടാതെ അശ്വത്ഥാത്മാവ് മാത്രം വേറിട്ട് നിൽക്കുന്നു. അതു പോലെ ഭീഷ്മരും.


 തന്നെ മാറ്റാരെക്കാളും ആരാധിയ്ക്കുന്നുവൻ ആണു കർണൻ എന്ന് തിരിച്ചറിയാവുന്ന ശ്രീകൃഷ്ണൻ പോലും അയാൾ ആരെന്ന് തിരിച്ചറിയുന്നുവെങ്കിൽ പോലും ഒരു പരിധി വരെ പക്ഷപാതപരമായ നിലപാട് ആണ് സ്വീകരിയ്ക്കുന്നത്.


 തന്റെ ജീവിതത്തിൽ ധർമ്മത്തിനെതിരെ കർണ്ണൻ നില കൊള്ളുന്ന ഒരേയൊരു അവസരം പാഞ്ചാലീ വസ്ത്രാക്ഷേപ സന്ദർഭം ആണ്. ആ അവസരത്തിൽ കർണ്ണൻ എടുക്കുന്ന ഒരേയൊരു തെറ്റായ നിലപാട് തന്നെ ആയിരുന്നു അവസാനം  യുദ്ധസമയത്ത് ആയുധമില്ലാതെ നിൽക്കുമ്പോൾ ധർമ്മം പാലിയ്ക്കാൻ തുടങ്ങുന്ന അർജ്ജുനനോട് ആ ദയ കർണ്ണൻ അർഹിയ്ക്കുന്നില്ല എന്ന് കൃഷ്ണനെ കൊണ്ട് പറയിപ്പിയ്ക്കുന്നത് പോലും.


വായനക്കാരുടെ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു കൊണ്ടു മാത്രമേ ഈ നോവൽ വായിച്ചു  അവസാനിപ്പിയ്ക്കാൻ കഴിയൂ എന്നുറപ്പ്.


- ശ്രീ

Saturday, January 1, 2022

കോമ

പുസ്തകം   : കോമ

രചന            : അൻവർ അബ്ദുള്ള

പ്രസാധകർ : ഡിസി ബുക്ക്സ്

പേജ്             : 262

വില               : 280


പുതിയ കാലത്തെ മലയാള കുറ്റാന്വേഷണ നോവൽ രംഗത്ത് ഏറെ ചലനമുണ്ടാക്കിയ സിറ്റി ഓഫ് എം, മരണത്തിന്റെ തിരക്കഥ, കമ്പാർട്ട്മെന്റ്, പ്രൈം വിറ്റ്നസ് എന്നീ പെരുമാൾ സീരീസിന്റെ പുറകെ ഒരു ഇടവേളയ്ക്ക് ശേഷം അൻവർ മാഷ് ന്റെ പുസ്തകം വരുന്നു എന്ന അറിയിപ്പ് കിട്ടിയപ്പോൾ മുതൽ വളരെ ആകാംക്ഷയോടെ തന്നെയാണ് കാത്തിരുന്നത്.


എന്നാൽ പുതിയ പുസ്തകത്തിൽ പെരുമാൾ അല്ല പകരം പുതിയൊരു കഥാപാത്രം ആയ ജിബ്‌രീൽ ആണെന്നറിഞ്ഞപ്പോൾ ചെറിയൊരു നിരാശ തോന്നിയതുമാണ്. എങ്കിലും പെരുമാൾ ആയാലും ജിബ്‌രീൽ ആയാലും രണ്ടിന്റെയും ഉത്ഭവം അൻവർ അബ്ദുള്ള എന്ന ഒന്നാം കിട എഴുത്തുകാരൻ തന്നെ ആണല്ലോ എന്ന് ആശ്വസിച്ചു... 


അങ്ങനെ പുസ്തകം ബുക്ക് ചെയ്ത് കാത്തിരിപ്പായിരുന്നു. അവസാനം രണ്ടു ദിവസം മുൻപ് പുസ്തകം കയ്യിൽ കിട്ടി.  ഇന്നലെയും ഇന്നുമായി വായിച്ചു തീർത്തു.


പ്രതീക്ഷകൾ ഒന്നും അസ്ഥാനത്ത് ആയില്ല എന്നു മാത്രമല്ല, അവസാന അദ്ധ്യായം വരെ സസ്പെൻസിന്റെ മുൾമുനയിൽ ആയിരുന്നു. 


എടുത്തു പറയേണ്ടത് സാധാരണ ഡിറ്റക്റ്റീവ് നോവലുകളിൽ നിന്ന് വ്യത്യസ്തമായി അൻവർ മാഷ് ഉപയോഗിച്ചിരിയ്ക്കുന്ന സാഹിത്യ ഭാഷ ആണ്. ഒരു കുറ്റാന്വേഷണ നോവലിനു ഉണ്ടായിരിയ്ക്കേണ്ട ഉദ്വേഗം ഓരോ പേജിലും നില നിർത്തിക്കൊണ്ടു തന്നെ വളരെ ഭംഗിയായി അത് സാധിച്ചിട്ടുണ്ട്.


മാളവിക എന്ന ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുടെ അപകട മരണകേസ് കൈകാര്യം ചെയ്തു വരുന്നതിനിടെ ആ കേസ് അതിന്റെ വഴിത്തിരിവിൽ നിൽക്കുമ്പോൾ അത് കൈകാര്യം ചെയ്തു വന്നിരുന്ന സീനിയർ അഡ്വയ്ക്കേറ്റ് പോൾ ഗ്രേഷ്യസ് കൊമ്പശ്ശേരിൽ തന്റെ സ്വന്തം വീട്ടിൽ വച്ചു ഒരപകടത്തിൽ പെടുന്നു... തുടർന്ന് കോമാ അവസ്ഥയിൽ ആകുന്നു. അത് യാദൃശ്ചികമായി നടന്ന ഒരപകടമോ അതോ ഒരു കൊലപാതക ശ്രമമോ ? 


തുടർന്ന് കഥ ഇതിലെ കഥാപാത്രങ്ങളിൽ പലരുടെയും ദുരൂഹമായ ചരിത്രത്തിലൂടെ കടന്നു പോകുകയാണ്. 

പ്രധാന കഥാപാത്രമായ   ഡിറ്റക്റ്റീവ് "ജിബ്രീൽ" എന്ന ഒരു കുറ്റാന്വേഷകനെ  നമുക്ക്  മുന്നിൽ അവതരിപ്പിയ്ക്കുന്നത് കഥയുടെ ആദ്യ ഘട്ടം പിന്നിട്ട ശേഷമാണ്. ചിലപ്പോഴെങ്കിലും ഹോംസ് നെയും പൊയ്റോട്ടിനെയും അനുസ്മരിപ്പിയ്ക്കുന്നുണ്ട് എങ്കിലും

പൊതുവെ വ്യത്യസ്തമായ ഒരു ശൈലി ആണ് ഈ പുതിയ ഡിറ്റക്ടീവിന് ഉള്ളത്. ജിബ്രീൽ ന്റെ താമസ സ്ഥലത്തിന്റെ പേരും അത് വന്ന വഴിയും രസകരമായിട്ടുണ്ട്. 


അവസാന അദ്ദ്ധ്യായം വരെ ഒരു സസ്പെൻസ് നില നിർത്തിക്കൊണ്ട് , ഓരോ കുറ്റകൃത്യത്തിനും പുറകിൽ ഓരോ ചരിത്രം ഉണ്ടെന്നും ഒന്നും ആ നിമിഷത്തിൽ മാത്രം ആരംഭിയ്ക്കുന്നത് അല്ല എന്നും കോമാ എന്ന നോവൽ നമുക്ക് കാണിച്ചു തരുന്നു.


പേഴ്സണലി ജിബ്‌രീൽ നേക്കാൾ മനം കവർന്നത് വിക്ടർ ബാനർജി എന്ന കഥാപാത്രം ആയിരുന്നു.


- ശ്രീ