Monday, February 15, 2021

ശവങ്ങളുടെ കഥ, എൻ്റേയും


വയനാട്ടിലെ ഒരു ദരിദ്ര കുടുംബത്തിലെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പട പൊരുതി ആദ്യം അദ്ധ്യാപകനായും 1989 മുതൽ പോലീസുകാരൻ ആയും  ജീവിത വിജയം കരസ്ഥമാക്കിയ,  ഒരു കലാകാരന്റെ  ആത്മ കഥാംശം കലർന്ന കുറിപ്പുകൾ ആണ് ഒറ്റയിരുപ്പിൽ ഓർമ്മക്കുറിപ്പുകൾ പോലെ വായിച്ചു തീർക്കാവുന്ന ഈ ചെറിയ പുസ്തകം.

മരണം... അത് കൊലപാതകമായും ആത്മഹത്യ ആയും അപ്രതീക്ഷിതമായ അപകട മരണമായും  ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നു. പേരറിയാത്ത നാടുകളിലും കാടുകളിലും പുഴയോരത്തുമൊക്കെ ചിലപ്പോൾ ദിവസങ്ങൾ പഴക്കം  വന്ന ശവങ്ങൾക്ക് ഒറ്റയ്ക്ക് കൂട്ടിരിയ്ക്കേണ്ടി വരുന്ന കാക്കിക്കുപ്പായക്കാരുടെ ഉള്ളറിയുവാൻ പൊതുവെ ആരും ശ്രമിയ്ക്കാറില്ല. 

അനുഭവത്തിലെ ശവങ്ങളുടെ കഥകൾക്കൊപ്പം സംഭവ ബഹുലമായ തന്റെ കുട്ടിക്കാലത്തെ ചില ചിത്രങ്ങളും വായനക്കാരുടെ മനസ്സിൽ കോറിയിടുന്നുണ്ട്, രഘു സർ... മെഡിക്കൽ കോളേജ്, ഉപ്പുമാവ്, വിരുന്നുകരൻ, വാറ്റു പുര, സായി ബാബയും ഞാനും തുടങ്ങിയ ചില കഥകളിലൂടെ...

ട്രെയിനിന് മുന്നിൽ ചാടി മരിയ്ക്കുന്ന സ്ത്രീയും രക്ഷപ്പെട്ട അവരുടെ കുട്ടികളും, ഉളിയത്തടുക്കയിലെ അരുന്ധതി അഡിഗയുടെ  നൊമ്പരങ്ങളും, വാറ്റുപുരയുടമയുടെ മകൾ അലീനയുടെ ഞെട്ടിപ്പിയ്ക്കുന്ന ദുരന്തവും, ഇഞ്ചക്കാട്ടിലെ നൂഞ്ചന്റെ വിചിത്ര പ്രതികാരവും, വിധിയുടെ വിചിത്ര തീരുമാനങ്ങളിൽ കോമാളി കഥാപാത്രം ആകേണ്ടി വന്ന ശ്രീകുമാറും, ഇടച്ചേരി ദേവസ്യയുടെ വെട്ടു കൊണ്ടോടുന്ന വട്ടക്കാട്ട് വർഗീസും, ആരുടെയോ കൈത്തെറ്റു കൊണ്ട് ജീവൻ നഷ്ടപ്പെട്ട മണിയേട്ടനും, ഒരിയ്ക്കലും കാണാതെ പോലും നഷ്ടങ്ങളുടെ കണക്കിൽ മുൻ നിരയിൽ വന്ന തങ്കരാജണ്ണന്റെ മകൾ പൂങ്കുഴലിയും ആ മൊട്ടത്തല വരച്ച കലങ്ങളും ഒക്കെ വായനയ്ക്ക് ശേഷവും കുറെ കാലമെങ്കിലും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കും. അത്രയും ദുരിതങ്ങളും പേറി ഷീനപ്പ പൂജാരിയുടെ കുടുംബം അയാൾക്ക് ശേഷം എത്ര കാലം അതിജീവിച്ചിരിയ്ക്കും എന്നത് ഒരു നെടുവീർപ്പോടെയാണ് ചിന്തിച്ചത്... 

ഉപ്പുമാവിലെ നൊമ്പരങ്ങളും, രുഗ്മിണി അമ്മാളിന്റെ ബുദ്ധിയും സായി ബാബയുമായുണ്ടായ കൂടിക്കാഴ്ചയിലെ ആശ്ചര്യകരമായ അനുഭവവും 14 വർഷത്തെ ഒളി ജീവിതത്തിൽ നിന്ന് പിടി കൂടി സുഹൃത്താക്കിയ ഗോപിയുടെ കേസും...എല്ലാം ഒരു മുപ്പത് - നാല്പത് വർഷം മുൻപത്തെ കാലഘട്ടത്തിലൂടെ കണ്മുന്നിൽ കാണും പോലെ വായിച്ചു തീർന്നത് അറിഞ്ഞതു പോലുമില്ല.

23 കൊച്ചു കൊച്ചു ജീവിത അനുഭവങ്ങൾ കോർത്തെടുത്ത് ലളിതമായാ, എന്നാൽ മികച്ച രചനാ വൈഭവത്തോടെ എഴുതിയ  ഈ പുസ്തകം ആർക്കും നല്ലൊരു വായന സമ്മാനിയ്ക്കും എന്നതിൽ തർക്കമില്ല.

Friday, February 5, 2021

കാറ്റിന്റെ നിഴൽ

 

1940 കളിലെ ബാഴ്സിലോണ. ഒരിയ്ക്കൽ ഒരു  ഗ്രന്ഥശാല ഉടമ കൂടിയായ തന്റെ അച്ഛന്റെ കൂടെ ഡാനിയേൽ എന്ന കുട്ടി ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് ചെന്നെത്തുന്നു... ആ സ്ഥലത്തിന്റെ പേര് "വിസ്മരിയ്ക്കപ്പെട്ട പുസ്തകങ്ങളുടെ സെമിത്തേരി". അപൂർവ്വമായ, ആർക്കും വേണ്ടാതായ, അരുടേതുമല്ലാത്ത പഴയ പുസ്തകങ്ങളുടെ  നിഗൂഢമായ കലവറ ആണ് ഈ പുസ്തകങ്ങളുടെ സെമിത്തേരി എന്നറിയപ്പെടുന്ന ഇടം.  ആദ്യമായി അവിടം സന്ദർശിയ്ക്കുന്ന ആൾക്ക് തനിക്കിഷ്ടമുള്ള ഒരു പുസ്തകം അവിടെ നിന്നും തിരഞ്ഞെടുക്കാം. അപ്പോൾ മുതൽ അയാളാണ് ആ പുസ്തകത്തിന്റെ ഉടമസ്ഥൻ. അത് കൈമോശം വരാതെ, നശിപ്പിയ്ക്കപ്പെടാതെ ആയുഷ്കാലം സംരക്ഷിയ്ക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കേണ്ടത് അയാളാണ്. അങ്ങനെ അവിടെ നിന്നും ഏറെ നേരം തിരഞ്ഞു ഡാനിയേൽ കണ്ടെടുക്കുന്ന പുസ്തകമാണ് ജൂലിയൻ കാരക്‌സ് എന്ന, അധികം ആരാലും അറിയപ്പെടാത്ത ഒരു എഴുത്തുകാരന്റെ  "കാറ്റിന്റെ നിഴൽ".


ആ പുസ്തകം ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർക്കുന്ന ഡാനിയേൽ ആ കൃതിയിൽ ആകൃഷ്ടനായി ജൂലിയൻ കാരക്സിന്റെ മറ്റു സൃഷ്ടികൾ അന്വേഷിച്ചിറങ്ങുന്നു.


 ആശ്ചര്യപ്പെടുത്തുന്ന വിവരം എന്തെന്നാൽ ജൂലിയൻ കാരക്‌സ് എന്ന എഴുത്തുകാരന്റെ ഒരൊറ്റ കൃതികൾ പോലും ഒരിടത്തും ലഭ്യമല്ല എന്നാണ്. മികച്ച കലാ സൃഷ്ടികൾ ആയിരുന്നിട്ടു പോലും എഴുതിയ കാലത്തു ഒട്ടും വിറ്റു പോകാതെ, വായിയ്ക്കപ്പെടാതെ ഇരുന്ന ആ പുസ്തകങ്ങൾ ആയിരുന്നത്രെ അവ. എന്നാൽ വർഷങ്ങൾക്ക് ശേഷം  ആരോ ഒരാൾ  കാരക്സ് കൃതികൾ തിരഞ്ഞു പിടിച്ചു കണ്ടെത്തി, അവയുടെ ഓരോ കോപ്പികളും കൈവശപ്പെടുത്തി നശിപ്പിച്ചു കളയുകയായിരുന്നു. വൈകാതെ ഒരാൾ ഡാനിയേലിനെയും സമീപിയ്ക്കുന്നു... നിലവിൽ കാരക്‌സിന്റെതായി ബാക്കിയായ ഒരേയൊരു പുസ്തകമായ ആയ കാറ്റിന്റെ നിഴലിന്റെ അവസാനത്തെ കോപ്പി കൈവസപ്പെടുത്തുകയാണ് അയാളുടെ ലക്ഷ്യം... അയാൾ ആരാണെന്നോ എന്താണെന്നോ എങ്ങനെയിരിയ്ക്കുമെന്നോ ഒന്നും ആർക്കും വ്യക്തതയില്ല... അറിയാവുന്നത് ഒന്നു മാത്രം! അയാളുടെ പേര് ... ലെയിൻ കൊബർട്ട്. അതാകട്ടെ, അവൻ വായിച്ച കാറ്റിന്റെ നോവലിലെ ദുഷ്ട കഥാപാത്രത്തിന്റെ പേരും.


 ഇതിന് പിന്നിൽ എന്തോ രഹസ്യം ഉണ്ടെന്ന് മനസ്സിലാക്കുന്ന  ഡാനിയേൽ, തന്റെ സുഹൃത്തായ ഫെർമിന്റെ പിന്തുണയോടെ ജൂലിയൻ കാരക്സിന്റെ പുറകിലുള്ള നിഗൂഢതകൾ അനാവരണം ചെയ്യാൻ ഇറങ്ങുകയാണ്...  


അവിടെ ദാനിയേലിനെ കാത്തിരിയ്ക്കുന്നത് നിരവധി വെല്ലുവിളികൾ ആയിരുന്നു... ഒപ്പം ആരോരുമറിയാതെ പോയ ഒട്ടേറെ പേരുടെ ജീവിത കഥകളും. കഥയ്ക്കുള്ളിലെ കഥ പറയുന്ന ഈ നോവൽ ആവേശ്വോജ്വലമായ ഒരു ത്രില്ലറിന് സമമാണ്. 


ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ഇഴയടുപ്പങ്ങൾ പകരുന്ന കുളിർമയും സമ്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ അക്കാലത്തെ ജനങ്ങൾ അനുഭവിയ്ക്കേണ്ടി വരുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചകൾ പകരുന്ന നെടുവീർപ്പുകളും ഉൾപ്പെടെ ശ്വാസമടക്കിപിടിച്ചു വായിയ്ക്കേണ്ടി വരുന്ന സന്ദർഭങ്ങളും കണ്ണു നനയിയ്ക്കുന്ന മുഹൂർത്തങ്ങളും അതിശയിപ്പിയ്ക്കുന്ന കഥാഗതികളും കൊണ്ട് സമ്പന്നമാണ്  കാർലോസ് റൂയിസ് സാഫോണിന്റെ ഈ നോവൽ.

 ഒരിയ്ക്കൽ എങ്കിലും വായിച്ചിരിയ്ക്കേണ്ട, 2001 ൽ പുറത്തിറങ്ങിയ 560 പേജുകളുള്ള ഈ നോവൽ (2020 ലെ വില 575 രൂപ) വിവിധ ഭാഷകളിലായി ലോകമെമ്പാടും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും മില്യണുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.


Monday, February 1, 2021

പെരുമാൾ! ശിവ ശങ്കർ പെരുമാൾ!

  

മലയാള അപസർപ്പക സാഹിത്യത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിനു മുകളിൽ പഴക്കമുണ്ട്. ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യ വർഷങ്ങളിൽ അപ്പൻ തമ്പുരാൻ രചിച്ച് പുറത്തിറങ്ങിയ 'ഭാസ്കരമേനോൻ' ആണ് മലയാളത്തിലെ ആദ്യ കുറ്റാന്വേഷണ നോവൽ ആയി കണക്കാക്കപ്പെടുന്നത് എന്നാണറിവ്. 


പിന്നെയും നീണ്ട പത്തെഴുപത് വർഷങ്ങൾ വേണ്ടി വന്നു മലയാളികൾക്ക് ഹോംസിനെയോ പോയ്‌റോട്ടിനെയോ പോലെ ഒരു സ്വന്തം ബ്രാൻഡ് കുറ്റാന്വേഷകൻ സ്വന്തമാകാൻ... കോട്ടയം പുഷ്പനാഥിന്റെ നോവലുകൾ വഴി ആയിരുന്നു അത്.  അതിനു ശേഷം മലയാളത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ നായകനാക്കി എടുത്തു പറയാൻ അധികം കുറ്റാന്വേഷണ നോവലുകൾ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.


നമ്മൾ അപ്പോഴും ഹോംസിനെയും പോയ്‌റോട്ടിനെയും പോലുള്ള ലോകപ്രശ സ്തരായ, മലയാളികൾ അല്ലാത്ത കുറ്റാന്വേഷകരുടെ കഥകളുടെ പരിഭാഷകൾ വായിച്ചു സംതൃപ്തിയടഞ്ഞു... 


മലയാളത്തിലെ ആ കുറവുകൾ നികത്തിക്കൊണ്ടാണ് മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ സേതുരാമയ്യർ സിബിഐ യുടെ മാനറിസങ്ങളുമായി 100% മലയാളിയായ ശിവ ശങ്കർ പെരുമാൾ എന്ന കുറ്റാന്വേഷകൻ രൂപം കൊള്ളുന്നത്. അതിനു കാരണക്കാരനായതോ 'അൻവർ അബ്ദുള്ള' എന്ന പ്രതിഭാധനനായ എഴുത്തുകാരനും.


-ദ സിറ്റി ഓഫ് എം-


മുംബൈയിൽ ,  സിബിഐ യിൽ നിന്നും ഉന്നത ഉദ്യോഗം രാജി വച്ചു  സ്വന്തം നാടായ കേരളത്തിൽ വന്നു ശാന്തമായ ജീവിതം നയിയ്ക്കാൻ തീരുമാനിയ്ക്കുന്ന കഥാ നായകനെ പരിചയപ്പെടുത്തിക്കൊണ്ടാണ് പെരുമാൾ സീരീസിലെ ആദ്യ നോവൽ ആയ സിറ്റി ഓഫ് എം തുടങ്ങുന്നത്.


കാണാതായ 2 മക്കളെ അന്വേഷിച്ചിറങ്ങുന്ന ആരോരുമില്ലാത്ത ഒരു പാവം വൃദ്ധയെ തന്റെ പഴയ സുപ്പീരിയരുടെ നിർബന്ധത്തിനു വഴങ്ങി സഹായിയ്ക്കാൻ നിയോഗിയ്ക്കപ്പെടുന്നതോടെയാണ് പെരുമാൾ അഥവാ ശിവശങ്കർ പെരുമാൾ സ്വകാര്യ കുറ്റാന്വേഷണ രംഗത്തേക്ക് രംഗ പ്രവേശം ചെയ്യുന്നത്.


'കാൽക്കർ സഹോദരന്മാരുടെ കേസ്' എന്ന പേരിൽ പിന്നീട് അറിയപ്പെടുന്ന ഈ കേസിന്റെ നൂലാമലകളിലേയ്ക്ക് പെരുമാൾ ഇറങ്ങിച്ചെല്ലുന്നതും അതിന്റെ പുറകിൽ ആരുമറിയാതെ പോയ ദുരന്തങ്ങളും അതിനു ചരട് വലിയ്ക്കുന്ന, ശക്തരായ ഭീകരന്മാരെയും നേരിടുന്നതിന്റെ അതിമനോഹരമായ, ത്രില്ലടിപ്പിയ്ക്കുന്ന ഒരു ആക്ഷൻ പാക്ക്ഡ് ത്രില്ലർ ആണ് ദ സിറ്റി ഓഫ് എം. (ഇതിന്റെ തുടർച്ചയായി വരുന്ന കഥകളിൽ നിന്നും വ്യത്യസ്തമായി ബുദ്ധിയേക്കാൾ കായികമായി വില്ലന്മാരെ നേരിടേണ്ടി വരുന്നുണ്ട് പെരുമാളിന്.  മാത്രമല്ല, ഇതിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ഫോണോ സോഷ്യൽ മീഡിയ അക്കൗണ്ടോ സ്ഥിരമായി ഒരു സഹായിയോ ഒന്നും ഇല്ല. ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഒരു പുതിയ അനുഭവം തന്നെ ആണ് പെരുമാളിന്റെ ദ സിറ്റി ഓഫ് എം എന്ന് നിസ്സംശയം പറയാം).


-മരണത്തിന്റെ തിരക്കഥ-

 പെരുമാൾ സീരീസിലെ രണ്ടാമത്തെ നോവൽ ആണ് "മരണത്തിന്റെ തിരക്കഥ". ആദ്യ കഥയിൽ നിന്നും വ്യത്യസ്തനായി കുറെ കൂടി ശാന്തനായ... എന്നാൽ കൂടുതൽ ബുദ്ധിയും നിരീക്ഷണ ശക്തിയും കൊണ്ട് വായനക്കാരെ അതിശയിപ്പിയ്ക്കുന്ന പെരുമാളിനെ ആണ് ഈ കഥയിൽ നമുക്ക് കാണാൻ കഴിയുക.


 കൊലപാതക കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെടുന്ന പ്രശസ്തയായ ഒരു സിനിമാ നടിയുടെ കേസിൽ ഇടപെടേണ്ടി വരുന്ന പെരുമാളിന്റെ ബുദ്ധിയെ വെല്ലുവിളിയ്ക്കുന്ന നിരവധി ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് മരണത്തിന്റെ തിരക്കഥ. ഒരു വിധത്തിലും ആർക്കും കണ്ടെത്താനാകില്ലെന്നു  തോന്നുന്നിടത്തു നിന്നും വിസ്മയിപ്പിയ്ക്കുന്ന തുമ്പുകൾ കണ്ടെത്തി കേസ് ആവശ്യപ്പെടുന്ന തെളിവുകൾ കോടതിയിൽ നിരത്തുന്ന പെരുമാൾ, പിന്നീട് സത്യത്തിന്റെ ആരും അറിയാതെ പോയ അവസാന കണ്ണി കൂടി കണ്ടെത്തുന്നതോടെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റോടെ സത്യം പുറത്തു വരികയാണ്. ആദ്യാവസാനം സസ്പെൻസ് നിലനിർത്തുന്ന മറ്റൊരു രചന.


-കമ്പാർട്ട്മെന്റ്-


അടുത്തത്, ഒരു ട്രെയിൻ യാത്രാവേളയിൽ കൂടെ യാത്ര ചെയ്യുന്ന പെണ്കുട്ടിയുടെ കൊലപാതക കുറ്റം ചുമത്തപ്പെടുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന "കമ്പാർട്ട്മെന്റ്". പ്രത്യക്ഷത്തിൽ എല്ലാ തെളിവുകളും ആ ചെറുപ്പക്കാരന് എതിരായിട്ടും,  കേസന്വേഷണത്തിന് നിയോഗിയ്ക്കപ്പെടുന്ന ശിവശങ്കർ പെരുമാൾ  എന്ന കുറ്റാന്വേഷകനിൽ നിന്ന് ആരും ഒരു അത്ഭുതവും പ്രതീക്ഷിച്ചിരുന്നില്ല,  മകന്റെ നിരപരാധിത്വത്തിൽ ഉറപ്പില്ലാത്ത, പ്രതിയുടെ സ്വന്തം അച്ഛന് പോലും...

പക്ഷെ ആ പെണ്കുട്ടിയുടെ പൂർവ കഥകളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പെരുമാൾ സത്യം വെളിച്ചത്തു കൊണ്ട് വരുമ്പോൾ ഒട്ടും പ്രതീക്ഷിയ്ക്കാത്ത കുറ്റവാളികൾ ആണ് വായനക്കാർക്ക് മുൻപിൽ തെളിഞ്ഞു വരുന്നത്.


-പ്രൈം വിറ്റ്നസ്-


ഇതു വരെ ഇറങ്ങിയ സീരീസിൽ അവസാനത്തേത് എന്ന് പറയാവുന്നത് "പ്രൈം വിറ്റ്നസ്"  എന്ന മറ്റൊരു മികച്ച നോവൽ ആണ്. (കുറെ മുൻപ് എഴുതിയ ഈ നോവൽ പിന്നീട് മറ്റു ചില  കാരണങ്ങളാൽ പെരുമാൾ സീരീസിൽ ഉൾപ്പെടുത്തി മാറ്റി എഴുത്തുകയായിരുന്നു).


ജോലി സംബന്ധമായി പല കമ്പനികളിൽ നിന്ന് കടലോരത്തുള്ള ഒരു റിസോർട്ടിൽ താമസിയ്ക്കാനെത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ ഒരാളുടെ അപ്രതീക്ഷിത മരണവും അതേ തുടർന്നുള്ള വിസ്മയാവാഹമായ കണ്ടെത്തലുകളും സസ്പെന്സും നിറഞ്ഞ മറ്റൊരു പെരുമാൾ നോവൽ. അവസാന നിമിഷം വരെ ത്രിൽ നിറഞ്ഞു നിൽക്കുന്ന ഈ നോവലിൽ കുറ്റവാളിയോട് പെരുമാളിന്റെ മനുഷ്യത്വം നിറഞ്ഞ സമീപനവും വായനക്കാരുടെ ഹൃദയത്തെ സ്പർശിയ്ക്കും.


മലയാളികൾക്ക് സ്വന്തമായി  നമ്മുടെ സ്വന്തം ഡിറ്റക്ടീവ് ... അതാണ് ശിവശങ്കർ പെരുമാൾ! ലോക നിലവാരത്തിലുള്ള ഒരു അപസർപ്പക കഥകളിൽ പ്രതീക്ഷിയ്ക്കുന്ന എല്ലാ ചേരുവകളും ഉള്ള നോവലുകൾ ആണ് ഓരോന്നും. ഒരൊറ്റ നോവൽ പോലും വായനക്കാരെ നിരാശരാക്കില്ല എന്ന ഉറപ്പ് വായിച്ചവർ എല്ലാവരും നൽകും... അതു നിശ്ചയമാണ്.


എന്തു കൊണ്ട് ഈ നോവലുകൾ കൂടുതൽ വായനക്കാരിലേയ്ക്ക് എത്താൻ വൈകി എന്നത് തന്നെ അത്ഭുതമാണ്. പക്ഷെ, ഈ 2020 ഓട് കൂടെ വായനക്കാർ മറഞ്ഞു കിടന്ന ഒരു രത്നം എന്നത് പോലെ പെരുമാളിനെ തിരിച്ചറിഞ്ഞു കഴിഞ്ഞു... പുസ്തകങ്ങൾ ഇപ്പൊൾ പുതിയ പ്രിന്റുകൾ ഇറങ്ങുന്നത് കൊണ്ട് കൂടുതൽ പേരിലേക്ക് എത്തുമെന്ന് ആശ്വസിയ്ക്കാം.


നമുക്ക് ഇനിയും കാത്തിരിയ്ക്കാം... പുതിയ പെരുമാൾ കഥകളുമായി അൻവർ മാഷ് വരുന്നതും കാത്ത്...


-  ശ്രീ