Friday, January 12, 2024

കാന്തമല ചരിതം (1,2,3 ഭാഗങ്ങൾ)

 പുസ്തകം :  കാന്തമല ചരിതം (1,2,3 ഭാഗങ്ങൾ)

രചയിതാവ് : വിഷ്ണു എം സി

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ : ലോഗോസ് ബുക്ക്സ്

Rating : 4/5


പുസ്തക പരിചയം :


സാഹസിക വായനകൾ ഇഷ്ടപ്പെടുന്ന ആർക്കും, ഏതു പ്രായക്കാർക്കും വായിക്കാവുന്ന  പുസ്തകങ്ങൾ ആണ് വിഷ്ണു എം സി യുടെ കാന്തമല ചരിതം പരമ്പരയിലെ മൂന്ന് പുസ്തകങ്ങൾ. ഹിസ്റ്റോറിക്കൽ മിത്തിക്കൽ ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്നവയാണു ഈ പുസ്തകങ്ങൾ.

 കാന്തമലയുടെ  ചരിത്രം ഈ മൂന്നു പുസ്തകങ്ങളിലായി വായിച്ചറിയുന്ന നേരമത്രയും വായനക്കാരൻ മലയാളികൾ മുൻപ് പരിചയിയ്ക്കാത്ത മറ്റൊരു ലോകത്ത്  ആയിരിയ്ക്കും എന്നുറപ്പാണ്.

നീണ്ട നാളുകളുടെ പ്രയത്നങ്ങൾക്ക് ഒടുവിൽ ആണ് കഥാകൃത്ത് ഈ നോവൽ ത്രയത്തിലെ ആദ്യ പുസ്തകം  എഴുതി തുടങ്ങിയത് തന്നെ. മൂന്നു ഭാഗങ്ങൾ ഇറങ്ങാനും മൂന്നിലധികം വർഷങ്ങളും വേണ്ടി വന്നു. വ്യക്തമായ, ആഴത്തിലുള്ള ഗവേഷണമില്ലാതെ എഴുതാനാകാത്ത വിഷയമായതു കൊണ്ടു തന്നെ ആ ദൈർഘ്യം സ്വാഭാവികം തന്നെയെന്ന് സമ്മതിയ്ക്കേണ്ടി വരും.

ഇതിൽ സ്വാമി അയ്യപ്പനുണ്ട്, ശബരിമലയുണ്ട്, കാന്തമലയുണ്ട്,  ഈജിപ്തിലെ ഒരു കാലഘട്ടമുണ്ട്,  അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുണ്ട്. 

‘കാന്തമല ചരിതം, അഖിനാതെന്റെ നിധി’ എന്ന പുസ്തകത്തിൽ നിന്നാണ് ഈ കഥ പറയാൻ തുടങ്ങുന്നത്.  ആരും കാണാത്ത, ആരും പോകാത്ത കാന്തമലയിലെ  ക്ഷേത്രത്തെ കുറിച്ച് അറിയാനാണ് നായകനായ മിഥുൻ യാത്ര തുടങ്ങുന്നത്. എന്നാൽ കാന്തമലയെ ചുറ്റി ഒരു വലിയ രഹസ്യം തന്നെയുണ്ട്. അതിനുള്ളിലുള്ളത് ലോകത്തെത്തന്നെ തകർക്കാൻ ശേഷിയുള്ള ഒരു രഹസ്യമാണ്, അതിനെ തേടി അവിടേയ്ക്ക് പോയവരാരും തിരികെ വന്നിട്ടില്ല.   നിഗൂഢ ശക്തികളുടെ നിയന്ത്രണത്തിലുള്ള ആ കാട്ടിലേക്കാണ് അതിന്റെ രഹസ്യമന്വേഷിച്ച് മിഥുൻ യാത്ര പോകുന്നത്.  അവിടെ വച്ച് അവന് ഒന്നുമെഴുതാത്ത ഒരു പുസ്തകം ലഭിക്കുന്നു, എന്നാൽ അതിലൂടെ അവൻ തിരിച്ചറിഞ്ഞതും അനുഭവിച്ചറിഞ്ഞതും കാന്തമലയുടെ ചരിത്രം തന്നെ ആയിരുന്നു.

എന്താണ് കാന്തമലയും ഈജിപ്തിലെ ഫറവോയും തമ്മിലുള്ള ബന്ധം? ഒരുപാട് രഹസ്യങ്ങളുടെ ഉത്തരങ്ങൾ ആണ് മൂന്ന് പുസ്തകങ്ങളിലായി നമ്മെ കാത്തിരിയ്ക്കുന്നത്.   ചരിത്രവും കൽപ്പനയും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കഥയിലൂടെ കടന്നു പോകുമ്പോൾ ഇവ തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നതും വായനക്കാർക്ക് അനുഭവിച്ചറിയാം. 

ഒന്നാം ഭാഗം റിലീസ് ചെയ്ത് കൃത്യം ഒരു വർഷത്തിനു ശേഷം ഇറങ്ങിയ 'അറോലക്കാടിന്റെ രഹസ്യം' എന്ന രണ്ടാം ഭാഗത്തിൽ ആഴവർ നമ്പിയും ഉദയനും ചിന്നത്തായിയും കരിമലയരയനും ബാബറും കടുത്തയും നീലിയും കാളിയനും ആദം സബ്രയും നേഫ്രിതിതിയും  മലയരയരും തുറയരയരും ശബരിമല കാടുകളും പാണ്ട്യ രാജ്യവും  മൂവായിരം വർഷം മുൻപത്തെ ഈജിപ്തും അവിടുത്തെ ഫറവോമാരും ഒക്കെ നിറഞ്ഞാടുകയാണ്.  രത്തപ്പറവൈ എന്ന പ്രാകൃതവും ക്രൂരവുമായ ശിക്ഷാരീതിയിലൂടെ നിലയ്ക്കൽ കാവൽ പടത്തലവനായ കുഞ്ഞമ്പു ചേകോനെ ചിന്ന കൊലപ്പെടുത്ത വിവരണം  ഏതൊരു വായനക്കാരനും ഉൾക്കിടിലത്തോടെ അല്ലാതെ വായിച്ചു മുഴുമിപ്പിയ്ക്കാൻ ആകില്ലെന്നുറപ്പ്.

ഈ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ഏതാണ്ടു രണ്ടര വർഷങ്ങങ്ങൾക്ക് ശേഷമാണ് മൂന്നാമത്തെയും അവസാനത്തെയും ഭാഗമായ യുദ്ധകാണ്ഠം ഇറങ്ങുന്നത്.

"ജീവന്റെ കല്ല്" വീണ്ടെടുക്കാനും സംരക്ഷിയ്ക്കാനും സ്വന്തം ജീവൻ പോലും കളയാൻ തയ്യാറായ ഒരു കൂട്ടം ആളുകളുടെ ത്രസിപ്പിയ്ക്കുന്ന പോരാട്ടം ആണ് മൂന്നാം ഭാഗം. ഇതിൽ മണികണ്ടനും മിഥുനും ശ്രീജിത്തിനും ഒപ്പം  വാവരും വെളുത്തച്ചനും  പഞ്ചമിയും പൂങ്കൊടിയും കമ്മാരപ്പണിക്കരുമെല്ലാം വായനക്കാരെ ഹരം കൊള്ളിയ്ക്കുന്നുണ്ട്. ഇവർക്ക്  ഒപ്പം മൂവായിരം വർഷങൾക്ക് മുൻപത്തെ ഈജിപ്തിൽ നിന്ന്  തുത്തമോസ്,   അഖിനാതെൻ,  നെഫ്രിതിതി,  നെഹസി,  താമോസ്, സെമ്പുലി ... അങ്ങനെ ഒരുപിടി കഥാപാത്രങ്ങൾ.  ഒന്നാം ഭാഗവും രണ്ടാം ഭാഗവും ബാക്കി വച്ചത് എല്ലാം ഈ മൂന്നാം ഭാഗത്തിൽ പൂരിപ്പിയ്ക്കപ്പെടുന്നുണ്ട്.

 ചരിത്രകഥകളിലെ വീര മണികണ്ഠനെ  മലയരയരുടെ കണ്ടന്റെ മകൻ മണികണ്ടനായി അവതരിപ്പിക്കുന്ന കഥാകൃത്ത് നാമറിയാത്ത, അഥവാ സൗകര്യപൂർവ്വം വിസ്മൃതിയിലാക്കിയ  ഗോത്രവംശജരുടേതു കൂടിയായ യഥാർത്ഥ  ചരിത്രത്തിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കു കൂടിയാണ് ഈ പുസ്തകങ്ങങ്ങളിലൂടെ നമുക്ക് നൽകുന്നത്.  

മൂവായിരം വർഷങ്ങൾക്ക് മുൻപുള്ള ഈജിപ്തിലെ ഫറവോമാരെയും നെഹസിയുടെ മെഡ്ജെയ് പ്രസ്ഥാനത്തിലെ പോരാളികളെയും ആയിരം വർഷം മുൻപുള്ള പാണ്ട്യരെയും ആഴ് വർ നമ്പിയുടെ കൊണ്ടെയ് വീരന്മാരെയും ഈ ആധുനിക കാലത്തുള്ളവരെയും ഒരുമിച്ചു ഒരൊറ്റ ക്യാൻവാസിൽ യുക്തിഭദ്രമായി അവതരിപ്പിയ്ക്കുക എന്നത് നിസ്സാര കാര്യമല്ല. അവിടെ അറോലക്കാടിനെ കൊള്ളയടിയ്ക്കാൻ വന്നവരും ആ രഹസ്യം സംരക്ഷിക്കാൻ ഇറങ്ങിയവരും എല്ലാം ഒത്തു ചേരുന്നു. 

ഈ കഥാപാത്രങ്ങൾക്കൊപ്പം ഈജിപ്തിലെ മരുഭൂമിയിലൂടെയും അറോല കാടുകളിലൂടെയും ഉള്ള ഒരു ഗംഭീര യാത്രയാണ് ഈ പുസ്തകം. അവിടെ നാം നടുക്കുന്ന യുദ്ധ രംഗങ്ങൾ കാണും...  രക്തം മരവിപ്പിയ്ക്കുന്ന കൊടും ക്രൂരതകൾക്ക് സാക്ഷിയാകും... ചിലപ്പോൾ  ടൈം ട്രാവൽ ചെയ്യും. ടൈം ലൂപ്പിൽ പെട്ട് ഉഴറും. 

മലയാളത്തിൽ  ഇത്തരത്തിലുള്ള കഥകൾ തീർച്ചയായും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പുസ്തകങ്ങൾക്കായി വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ നടത്തിയ വിഷ്ണുവിന് എല്ലാ ഭാവുകളും... ഒപ്പം കാന്തമല ചരിതം പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേയ്ക്ക് എത്തട്ടെ എന്നും ആശംസിയ്ക്കുന്നു. പുതിയ പുസ്തകങ്ങൾക്കായി കാത്തിരിയ്ക്കുന്നു.


- ശ്രീ

1 comments:

  1. Dhanush | ധനുഷ് said...

    Great to see you are still going strong with the blog. An old reader :)