Friday, December 15, 2023

ആനോ

 പുസ്തകം :  ആനോ

രചയിതാവ് : ജി. ആർ ഇന്ദുഗോപൻ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ഡി സി ബുക്ക്സ്

പേജ് : 544

വില : 699

Rating : 4/5

പുസ്തക പരിചയം :

1962ൽ വിശുദ്ധനഗരമായ വത്തിക്കാനിൽ ഗ്രന്ഥശാലയ്ക്ക് സമീപം കുഴിയെടുത്തപ്പോൾ അതിൽ നിന്നും അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷണങ്ങളും പല്ലും കിട്ടി. ഇതിന്റെ രഹസ്യമറിയാൻ പിന്നെയും 25 വർഷങ്ങൾക്ക് ശേഷം ഒരു അമേരിക്കൻ ചരിത്രകാരൻ എത്തി. അദ്ദേഹമാണു അഞ്ച് നൂറ്റാണ്ടു മുൻപ് ജീവിച്ചിരുന്ന ഒരു ആനക്കുട്ടിയുടെ വിസ്മയചരിത്രം ലോകത്തിനു മുൻപിൽ പരസ്യമാക്കുന്നത്.

 1511 ഡിസംബറിൽ, കൊച്ചിയിൽനിന്ന് മാലിണ്ടി (കെനിയ) വഴി ഗുഡ് ഹോപ്‌ മുനമ്പിലെയ്ക്കും ഏതാണ്ട് ആറു മാസത്തെ യാത്രയ്ക്ക് ഒടുവിൽ പൊർച്ചുഗലിലെ ലിസ്ബൻ വഴി റോമിലേയ്ക്കും എത്തി, ലിയോ പത്താമൻ മാർപ്പാപ്പയുടെ ഓമനയായി മാറിയ ഒരു മലയാളിയായ ആനക്കുട്ടി - കേശവന്റെ അഥവാ "ആനോ"യുടെ കഥ. 

 മലയാളികളുടെ ദീർഘദൂര പ്രവാസം ഒരു പക്ഷെ ഈ കാലഘട്ടത്തിൽ ആകാം ആരംഭിച്ചത്. റോമിൽ നിന്ന് ഒരു ആനയും (കേശവൻ/ആനോ) പാപ്പാനും(ചീരൻ)  കഥ പറയുന്ന അപൂർവ്വമായ നോവൽ ആണ് ജി ആർ ഇന്ദുഗോപന്റെ ആനോ.

 ദീർഘ ഗവേഷണങ്ങളുടെ സഹായത്തോടെ, ഏതാണ്ടു പത്ത് വർഷത്തെ പ്രയത്നം കൊണ്ട് ഒരുപാട് റിസർച്ചുകൾക്ക് ശേഷം രൂപപ്പെടുത്തി എടുത്തത് ആണ് ഈ നോവൽ എന്ന് കഥാകൃത്ത് പറയുന്നു.

1500 കളിലെ കേരളത്തിലെ നാട്ടു രാജ്യങ്ങളുടെ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണാധികാരികളുടെയും പ്രഭുക്കന്മാരുടെയും അടിയാളന്മാരുടെയും അവസ്ഥകളും വ്യക്തമായും മനസ്സിലാക്കാൻ നോവലിന്റെ തുടക്കം മുതൽ സാധിയ്ക്കുന്നുണ്ട്. 

വാസ്കോ ഡ ഗാമ 1498ൽ കോഴിക്കോട് കപ്പലിറങ്ങിയതിന്റെ കഥകളേ നമ്മൾ  കൂടുതലും പറഞ്ഞു കേട്ടിട്ടുള്ളൂ. എന്നാൽ മാർക്കോപോളോ നടത്തിയ ലോക യാത്രകൾക്ക് ശേഷം വെനീഷ്യക്കാരൻ നിക്കോളോ ഡി കോൻടി തന്റെ മുപ്പത് വർഷങ്ങൾ കൊണ്ട് നടത്തിയ യാത്രകളിൽ നിന്ന് കിട്ടിയ അറിവുകൾ ചേർത്ത്  എഴുതിയ പുസ്തകം പിന്നീട് സഭയുടെ ഉടമസ്ഥതയിൽ പല ഭാഷകളിൽ  പ്രസിദ്ധീകരിച്ചതും ആ പുസ്തകത്തിന്റെയും, പ്രതീക്ഷാ മുനമ്പ് വരെ യാത്ര ചെയ്ത് അതിനപ്പുറം ഇന്ത്യ ഉണ്ട് എന്ന് ഉറപ്പ് നൽകിയ ബാർത്തലോമിയൊ ഡയസ് ന്റെയും സഹായത്തോടെയാണു ഗാമ പിന്നീട് ഇന്ത്യയിലെയ്ക്ക് വന്നത് എന്നതും പലർക്കും അജ്ഞാതമാണ്.  

ആദ്യമായി കേരളത്തിൽ കാലു കുത്തിയത് ഗാമ അല്ല, 'ജോവോ നൂനിസ്' എന്ന തടവുകാരനെ ആണു ഗാമ പരീക്ഷണാർത്ഥം തീരത്തെയ്ക്ക് അയച്ചത് എന്നും രണ്ടു ദിവസം കഴിഞ്ഞ് എല്ലാം സുരക്ഷിതം ആണെന്ന് ഉറപ്പ് കിട്ടിയിട്ടാണ് ഗാമ കപ്പലിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയുള്ളൂ എന്നും ഈ നോവൽ വഴി കഥാകൃത്ത്  വെളിപ്പെടുത്തുന്നു. നില നിൽപ്പിനു വേണ്ടിയുള്ള പ്രാദേശിക നാട്ടു രാജാക്കന്മാരുടെ തമ്മിലടികളും മത്സരവും വിദേശികൾ മുതലെടുത്തത് എങ്ങനെ എന്ന് നോവലിൽ വ്യക്തമാക്കുന്നുണ്ട്.  

ബ്രസീൽ കണ്ടെത്തിയ പെഡ്രോ അൽവാരിസ് കബ്രാൾ ന്റെ കേരളാ സന്ദർശനവും അറബികളുമായ് നടത്തിയ യുദ്ധവും എല്ലാം പരാമർശ വിധേയമാകുന്നുണ്ട്. അതു പോലെ കോളമ്പസ് ആണ് അമേരിയ്ക്ക ആദ്യമായി കണ്ടെത്തിയത് എന്നിരിയ്ക്കലും അമരിഗോ വെസ്പൂചിയുടെ കുടുംബത്തിന്റെ സ്വാധീനം കാരണം കൊണ്ടാണ് ആ ഭൂഖണ്ഡത്തിനു പേരിട്ടപ്പോൾ അമേരിക്ക എന്നായത് എന്നതുമെല്ലാം വായനക്കാരിൽ കൗതുകം ജനിപ്പിയ്ക്കുന്ന അറിവുകളാണ്.  

അതു പോലെ റോമിൽ മാർപ്പാപ്പയാകാൻ പരസ്പരം പോരടിച്ചിരുന്ന നിലവിലെ കർദ്ദിനാൾമാരിൽ ശക്തരായ റിയെറിയൊയുടെ റോവറ കുടുംബവും ജോവന്നയുടെ മെഡിചി കുടുംബവും തമ്മിൽ നില നിന്നിരുന്ന മത്സരവും രക്തപങ്കിലമായ കുടുംബ ചരിത്രവുമെല്ലാം വായനക്കാരെ അതിശയിപ്പിയ്ക്കും. അധികാരത്തിനും ആർഭാടത്തിനും വേണ്ടി ശക്തമായ മത്സരം എന്നും എക്കാലവും ഉണ്ടെന്ന് ഈ അറിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

കശുവണ്ടി അഥവാ പറങ്കിയണ്ടി പോർച്ചുഗലിന്റെ സംഭാവന ആയിരുന്നുവെന്ന് അറിയുമായിരുന്നുവെങ്കിലുംപപ്പായ (അഥവാ കപ്പങ്ങ/ഒമയ്ക്ക) യും കപ്പലണ്ടിയും എല്ലാം അതു പോലെ കടൽ കടന്നു വന്നവർ ആണെന്നും കപ്പലിൽ യാത്ര ചെയ്ത് വന്നത് കൊണ്ടാണ് അവയ്ക്ക് ആ പേര് വന്നതെന്നും ഉള്ളതെല്ലാം എനിയ്ക്കും പുതിയ അറിവുകൾ ആയിരുന്നു.

ഈ നോവലിന്റെ കഥ നടക്കുന്ന കാലഘട്ടത്തിൽ മലയാള ഭാഷ രൂപപ്പെട്ടിട്ടില്ല. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ചന്റെ ഭാഷയെ ഏകോപിപ്പിയ്ക്കാനുള്ള ശ്രമങ്ങളെ പറ്റിയും ജാതി വിവേചനം ഇല്ലാതെ എല്ലാവർക്കും അറിവ് പകരാനുള്ള ശ്രമങ്ങളെ പറ്റിയും ചെറുതായ പരാമർശം നോവലിൽ വരുന്നുണ്ട്. അതു പോലെ ആനോയും ചീരനും ഒപ്പം റോമിൽ ആക്കാലത്തെ പ്രശസ്ത ചിത്രകാരന്മാരും ശില്പികളും ആയ ലിയാണാർഡൊ ഡാവിഞ്ചി, മൈക്കലാഞ്ചലോ, റാഫേൽ എന്നിവർക്കും പുരൊഹിതനായിരുന്ന മാർട്ടിൻ ലൂഥറിനും എല്ലാം കഥയിൽ പ്രസക്തമായ റോളുകൾ  ഉണ്ട്.

ആനോ എന്ന ഈ നോവൽ വെറുമൊരു ആനയുടെയും ആനക്കാരന്റെയും കഥ മാത്രമല്ല മണ്മറഞ്ഞു പോയ അഞ്ഞൂറ് കൊല്ലം മുൻപത്തെ ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടി ആകുകയാണ്.

എന്നും ഉദ്വേഗപൂർണ്ണമായ  വായനകൾ നമുക്ക് സമ്മാനിക്കാറുള്ള ഇന്ദുഗോപനിൽ നിന്ന് ലഭിച്ച വേറിട്ട ഒരു പുസ്തകം തന്നെ ആണ് ആനോ.


ശ്രീ

Friday, November 10, 2023

സനാരി

 പുസ്തകം :  സനാരി 

രചയിതാവ് : മാനുവൽ ജോർജ്

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  മനോരമ ബുക്ക്സ്

പേജ് : 300

വില : 390

Rating : 4.25/5


പുസ്തക പരിചയം :

തികച്ചും പുതുമയുള്ള ഒരു മിസ്റ്ററി ത്രില്ലർ നോവൽ ആണ് മാനുവൽ ജോർജിന്റെ 'സനാരി'.  തുടക്കം മുതൽ അവസാന അദ്ധ്യായം വരെ ഉദ്വേഗം നില നിർത്തിക്കൊണ്ട് ശുദ്ധമായ ഭാഷയിൽ നല്ല വായനാസുഖം തരുന്ന മനോഹരമായൊരു കഥ. മതവും ആത്മീയതയും പ്രണയവും വെറുപ്പും പ്രതികാരവും ഇഴചേരുന്ന മിസ്റ്ററി ത്രില്ലർ തന്നെയാണ് സനാരി.  വെറുമൊരു  ത്രില്ലർ എന്ന നിലയ്ക്ക് അല്ല,  നല്ല ആഴത്തിലുള്ള കഥയും ഈ നോവലിനെ മികച്ചതാക്കുന്നു.   

കഥ നടക്കുന്നത് 90 കളുടെ അവസാന കാലത്തിലാണ്. പോലീസ് സൂപ്രണ്ട് രാജ് മോഹനു അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പഴയ പുസ്തകങ്ങളുടെ വില്പനക്കാരൻ ആയ ബാബു  ഒരു പഴയ ബൈബിൾ സംഘടിപ്പിച്ചു കൊടുക്കുന്നു. 1968 ലെ ആ ബൈബിളിൽ നിന്ന് അദ്ദേഹം ഒരു പഴയ കല്യാണക്കുറി കണ്ടെത്തുന്നു. മുപ്പതു വർഷത്തിലേറെ  പഴക്കമുള്ള ആ ക്ഷണക്കത്തിന്റെ പുറകിലെ കുറച്ചു കറുത്ത വിരലടയാളങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിയ്ക്കുന്നു. ഒരു പോലീസുകാരനായത് കൊണ്ടാകാം അത് രക്തത്തിൽ മുക്കിയ വിരലട്ടയാളങ്ങൾ ആകാമെന്ന് അദ്ദേഹം സംശയിയ്ക്കുന്നു. കൃത്യം 42 വിരല്പാടുകൾ. അടിയിൽ BEAR എന്ന വാക്കും. ആ 1968 ലെ ക്ഷണക്കത്തിൽ നിന്ന് ഒരു കൗതുകം കൊണ്ട് മാത്രം അദ്ദേഹം പ്രൈവറ്റ് ആയി അന്വേഷണം ആരംഭിയ്ക്കുന്നു. കൂട്ടിന് അദ്ദേഹത്തിന്റെ സുഹൃത്തും  ഗുരുവും രക്ഷാകർത്താവും ഒക്കെ ആയ അലോഷ്യസ് അച്ചനും. ആ തുടരന്വേഷണം ചെന്നെത്തുന്നത് കർണ്ണാടകത്തിലെ സനാരി ഗ്രാമത്തിലാണ്. 

വർഗീയ ലഹളകളാൽ ഭീകരമായ സാഹചര്യം നേരിട്ടുന്ന സനാരി ഗ്രാമം യഥർത്ഥത്തിൽ ഇന്നത്തെയും കലാപ വാർത്തകളെ ഓർമ്മിപ്പിയ്ക്കുന്നു. ജാതിയുടെയും വർഗീയതയുടെയും പേരിൽ പരസ്പരം പോരടിയ്ക്കുന്ന ജന വിഭാഗങ്ങളും അവയുടെ മറവിൽ മുതലെടുക്കുന്ന രാഷ്ട്രീയക്കാരും നിയമപാലകരും. സനാരിയിലെ കിരീടം വയ്ക്കാത്ത രാജാവ് ശ്രീറാമും അദ്ദേഹത്തിന്റെ സന്തത സഹചാരിയായ അലിയും അവരുടെയും കുടുംബങ്ങളുടെയും  സൗഹൃദവും ശ്രീറാമിൽ പിന്നീട് വരുന്ന മാറ്റങ്ങളും അവസാനത്തെ പരിവർത്തനങ്ങളും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിയ്ക്കുന്നു, നോവലിൽ.

ഇവിടെ രാജ് മോഹന്റെ അന്വേഷണവും  കുറ്റവാളിയെയല്ല മറിച്ച് കുറ്റത്തെ തന്നെയാണു അന്വേഷിയ്ക്കുന്നത് എന്ന ഒരു പ്രത്യേകതയും നോവലിനുണ്ട്. അവസാനം കുറ്റം കണ്ടെത്തുമ്പോഴാകട്ടെ ഒരു ഗ്രാമത്തിലെ ഒട്ടനേകം പേരുടെയും  തലമുറകളുടെ തന്നെയും വിധി മാറ്റുന്ന ഒന്നായിരുന്നു അതെന്നതും  ചതിയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ പ്രതികാരമായിരുന്നു അതെന്നതും അവർ തിരിച്ചറിയുന്നു.

"ഇരുളിലിരിപ്പവനാരു? ചൊൽക നീയെന്നൊരുവനുരപ്പതു കേട്ടു താനുമേവം അറിവതിനായവനോടു “നീയുമാരെ ന്നരുളുമിതിൻ പ്രതിവാക്യമേകമാകും"

ആത്മോപദേശശതകത്തിൽ ശ്രീനാരായണഗുരു പറഞ്ഞത് പോലെ 'ഞാനാര്' എന്ന ചോദ്യത്തിന്റെ ഉത്തരം 'നീയാര്' എന്ന ചോദ്യത്തിന്റെ അതേ ഉത്തരം തന്നെ എന്ന തിരിച്ചറിവ് വായനക്കാർക്ക് കൂടി ആഴത്തിൽ ചിന്തിയ്ക്കാൻ ബാക്കി വച്ചു കൊണ്ടാണ് നോവൽ അവസാനിയ്ക്കുന്നത്. അതാകാം അവസാന അദ്ധ്യായം പെട്ടെന്ന് അവസാനിപ്പിചത്. അതു കൊണ്ട് തന്നെ അവസാന താളിന് ശേഷവും സനാരി അവസാനിയ്ക്കുന്നില്ല. പല കഥാപാത്രങ്ങളും, ഒപ്പം നോവലിന്റെ  ആത്മാവു തന്നെയും വായനക്കാരനൊപ്പം കൂടെ പോരുന്നു.


- ശ്രീ

Monday, October 30, 2023

സ്‌നൈപ്പർ

 പുസ്തകം :  സ്നൈപ്പർ 

രചയിതാവ് : ശശി വാര്യർ

പരിഭാഷ : യാമിനി

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  പൂർണ്ണ പബ്ലിക്കേഷൻസ്

പേജ് : 312

വില : 150

Rating : 4/5


പുസ്തക പരിചയം :

'കേണൽ രാജ' നായകൻ ആയ 'അണലി', 'അനാഥൻ' എന്നീ ത്രില്ലർ നോവലുകൾക്ക് ശേഷം ശശി വാര്യരുടെതായി പുറത്തിറങ്ങിയ മറ്റൊരു ഗംഭീര വർക്ക് ആണ് സ്നൈപ്പർ. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ അപകടകാരിയും ഒരു ഷാർപ്പ് ഷൂട്ടറുമായ  ഒരു നോർത്തിന്ത്യൻ വാടക കൊലയാളി കേന്ദ്ര കഥാപാത്രമാകുന്ന കഥയാണ് ഇത്.

ഇന്ത്യൻ പട്ടാളക്കാരുടെ വലയിൽ നിന്ന് വിദഗ്ദമായി രക്ഷപ്പെട്ട് സൗത്ത് ഇന്ത്യയിലെയ്ക്ക് രക്ഷപ്പെടുകയാണ് അതി ക്രൂരനായ ഒരു സ്നൈപ്പർ. ഇന്ത്യൻ സൈന്യം ലഫ്റ്റ്നന്റ് കേണൽ ഈശ്വരന്റെ നേതൃത്വത്തിൽ ഈ സ്നൈപ്പറെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുന്നു. 

അതേ സമയത്ത് ഇങ്ങ് കൊച്ചി നഗരത്തിൽ ഈശ്വരന്റെ മകൾ പ്രിയയെ കാണാതാകുന്നു. പോലീസിൽ പരാതി കൊടുത്തെങ്കിലും അവരുടെ അലംഭാവം കാരണം അന്വേഷണം ഒന്നും വേണ്ട പോലെ നടക്കുന്നില്ല.  തുടർന്ന് നീണ്ട അന്വേഷണത്തിനൊടുവിൽ ഒരു പെൺകുട്ടിയുടെ പൊള്ളലേറ്റ്, കത്തിക്കരിഞ്ഞു വികൃതമാക്കപ്പെട്ട, തലയില്ലാത്ത മൃതദേഹം കണ്ടു കിട്ടുന്നു. ആ മൃതദേഹം പ്രിയയുടെത് ആണെന്ന് തിരിച്ചറിയുന്ന കേണൽ ഈശ്വരൻ നാട്ടിലെയ്ക്ക് തിരിയ്ക്കുന്നു. 

ഈശ്വരന്റെ മകൾ പ്രിയയുടെ സുഹൃത്തായ പെൺകുട്ടി, പ്രിയയുടെ മരണവാർത്ത അറിഞ്ഞതിന് തൊട്ടു  പുറകെ ആത്മഹത്യ ചെയ്യുന്നു. ആ കുട്ടിയുടെ അച്ഛൻ ആയ മൂർത്തി എന്നയാളെ ഈശ്വരൻ മരണാനന്തര ചടങ്ങിനിടെ പരിചയപ്പെടുന്നു. എന്നാൽ അയാൾ ആരെയോ ഭയപ്പെടുന്നതിനാൽ ഒന്നും വ്യക്തമായി സംസാരിയ്ക്കാൻ കൂട്ടാക്കുന്നില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം പോലീസിൽ പരാതി കൊടുക്കാൻ ധൈര്യം കാണിയ്ക്കുന്ന മൂർത്തി  ആ രാത്രിയിൽ ക്രൂരമായി കൊല്ലപ്പെടുന്നു.

ഉന്നതങ്ങളിൽ പോലും പിടിപാടുള്ള ഒരു വിചിത്ര മനുഷ്യനായ 'നരച്ച മനുഷ്യൻ' എന്ന പേരിൽ അറിയപ്പെടുന്ന അതി ക്രൂരനായ ഒരാളാണു ഈ സംഭവങ്ങളുടെ എല്ലാം  പിന്നിലുള്ളത്.  അന്വേഷണച്ചുമതലയുള്ള പോലീസ് പോലും ഈ മനുഷ്യന്റെ  ആളാണ്.

കേണൽ ഈശ്വരൻ അന്വേഷണം എങ്ങുമെത്താതെ നിസ്സാഹായണാകുന്നു. എല്ലാം മറന്ന്, സ്വന്തം ഭാര്യയുടെയും ജേഷ്ഠ സ്ഥാനീയൻ ആയ കാര്യസ്ഥന്റെയും  ശാപ വാക്കുകൾ പോലും  വക വയ്ക്കാതെ അദ്ദേഹം  ഉദ്യോഗ സ്ഥലത്തേയ്ക്ക് തിരികെ പോകുന്നു. എന്നാൽ അദ്ദേഹത്തിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ആരും തിരിച്ചറിയുന്നില്ല.

 കുറച്ചു മാസങ്ങൾക്ക് ശേഷം ഉദ്യോഗം രാജിവച്ച് കേണൽ ഈശ്വരൻ  നാട്ടിലെത്തുന്നു. മകളുടെ മരണത്തിന് പ്രതികാരം വീട്ടാനും അതിന്റെ പിന്നിലുള്ള സംഘത്തെ തകർക്കാനുമുള്ള അദ്ദേഹത്തിന്റെയും എന്തിനും പോന്ന  അദ്ദേഹത്തിന്റെ ഗൂർഖാ സഹായിയുടെയും പ്രതികാര കഥയാണ് സ്നൈപ്പർ. ഒട്ടനേകം ഉദ്വേഗ ജനകമായ മുഹൂർത്തങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് സ്നൈപ്പർ. ത്രില്ലർ പ്രേമികൾ തീർച്ചയായും വായിച്ചിരിയ്ക്കേണ്ടത് തന്നെ.

- ശ്രീ

Wednesday, October 25, 2023

അനാഥൻ

 പുസ്തകം :  അനാഥൻ 

രചയിതാവ് / എഡിറ്റർ : ശശി വാര്യർ

പരിഭാഷ : പി കെ വാസുദേവൻ നായർ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  പൂർണ്ണ പബ്ലിക്കേഷൻസ്

പേജ് : 396

വില : 200

Rating : 4/5


പുസ്തക പരിചയം :

കമാൻഡോ ഓപ്പറേഷനുകളാൽ സമ്പന്നമായ 'അണലി' എന്ന തന്റെ ത്രില്ലറിനു ശേഷം ശശി വാര്യർ എഴുതിയ പുസ്തകം ആണ് അനാഥൻ.  ഒരു ത്രില്ലറിനു യോജിച്ച പേര് ആണോ ഇത് എന്ന് വായനക്കാർക്ക് സംശയം തോന്നിയേക്കാമെങ്കിലും കഥയിൽ ആ പേരിന്റെ പ്രസക്തി പരിഗണിച്ചിട്ടാകാം അതേ പേര് തന്നെ പുസ്തകത്തിനും കൊടുത്തിരിയ്ക്കുന്നത്.

'അണലി' എന്ന കഥയിലെ നായകൻ ആയ കേണൽ രാജൻ മേനോൻ അഥവാ രാജ തന്നെ ആണ് ഈ കഥയിലും നായകൻ. അദ്ദേഹത്തിനു ഇപ്പോ മുപ്പത്തിയെട്ടു വയസ്സു കഴിഞ്ഞു. കമാൻഡോ സേനയിലെ തന്റെ നല്ലകാലം പിന്നിട്ടു കഴിഞ്ഞോ എന്ന് അദ്ദേഹം ഇടയ്ക്ക് ചിന്തിച്ചും തുടങ്ങി. എങ്കിലും അദ്ദേഹത്തിന്റെ വിദഗ്ധ സേവനം മിലിട്ടറി ഉപയോഗപ്പെടുത്തിക്കൊണ്ടേ ഇരിയ്ക്കുകയാണ്. 

കഥ തുടങ്ങുന്നത് പാക് അധിനിവേശ കാശ്മീരിൽ തടവിൽ വച്ചിരുന്ന ഒരു അമേരിക്കൻ ടൂറിസ്റ്റിനെ മോചിപ്പിച്ച്  ഇന്ത്യയിൽ കൊണ്ടു വരാൻ ഉള്ള ഉദ്ധ്യമത്തോടെ ആണ്. വിജയകരമായി ആ ദൗത്യം പൂർത്തീകരിയ്ക്കുന്ന കേണൽ രാജയ്ക്ക് മണിക്കൂറുകൾ തികയുന്നതിനു മുൻപ് വീണ്ടുമൊരു പ്രതിസന്ധിയെ നേരിടേണ്ടിവരുന്നു. 

 പ്രധാനമന്ത്രിയുടെ കൊച്ചു മകളെ ഭീകരന്മാർ റാഞ്ചിക്കൊണ്ടു പോയിരിക്കുന്നു. രാജ അതിസൂക്ഷ്മതയോടെ തയ്യാറാക്കുന്ന പദ്ധതിയിൽ മന്ത്രി സഭയുടെയും ഉപദേശക കമ്മറ്റിയുടെയും ഇടപെടലുകൾ കാരണം പല വിട്ടു വീഴ്ചകൾ വേണ്ടി വരുന്നു.  അവസാനം രണ്ടും കല്പ്പിച്ച് ഇന്ത്യൻ സേനയുടെ കമാൻഡോ വിഭാഗമായ സെപ്ഷ്യൽ ഓപ്പറേഷൻസ് ഫോഴ്സ് (എസ്.ഒ.എഫ്) ഭീകരന്മാരുടെ താവളം ആക്രമിക്കുന്നു. 

പക്ഷെ, തീർത്തും അപ്രതീക്ഷിതമായി രാജയുടെ പദ്ധതി പാളിപ്പോകുന്നു. ഗുരുതരമായ പരിക്കുകളോടെ രാജ കഷ്ടിച്ചു രക്ഷപ്പെടുന്നു.

ട്രീറ്റ്മെന്റിൽ മൃതപ്രായനായി കഴിയുമ്പോൾ ആണ് കുറ്റം മുഴുവനും തന്റെ ചുമലിൽ കെട്ടി വയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നും പരിക്കുകൾ ഭേദമായാൽ ചെയ്യാത്ത കുറ്റങ്ങൾക്ക് താൻ ബലിയാടാകാൻ പോകുകയാണ് എന്നും അദ്ദേഹം മനസ്സിലാക്കുന്നത്. എങ്ങനെയെങ്കിലും തന്റെ സൽപ്പേര് വീണ്ടെടുക്കണമെന്ന് ദൃഢനിശ്ചയം ചെയ്യുന്ന രാജ ആരോരുമറിയാതെ ആശുപത്രിയിൽ നിന്നും പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെടുന്നു.

 ഓപ്പറേഷന്റെ പരാജയകാരണം രാജയും ഭീകരന്മാരുമായുള്ള ഒരു ഒത്തുകളിയാണെന്ന നിഗമനത്തിൽ പോലിസും രഹസ്യാന്വേഷണ വിഭാഗക്കാരും അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങുന്നു. സത്യം കണ്ടെത്താനുള്ള  രാജയുടെ അന്വേഷണം അയാളെ കൊണ്ടെത്തിച്ചത്  പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ഇന്ത്യൻ പൊളിറ്റിക്സിലെ ഒരു ഭയങ്കര വഞ്ചനയുടെ പിന്നാമ്പുറങ്ങളിലാണ്. 

അവസാന പേജ് വരെ സസ്പെൻസ് നിറഞ്ഞു നിൽക്കുന്ന മറ്റൊരു ത്രില്ലർ...


- ശ്രീ

Wednesday, October 11, 2023

അണലി

 പുസ്തകം :  അണലി

രചയിതാവ് : ശശി വാര്യർ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  പൂർണ്ണ പബ്ലിക്കേഷൻസ്

പേജ് : 362

വില : 150

Rating : 4/5

പുസ്തക പരിചയം :

മലയാളി വായനക്കാർക്ക് തികച്ചും അപരിചിതമായ ഒരു മേഖലയാകണം തീവ്രവാദ പശ്ചാത്തലത്തിലുള്ള കഥയും അതിനെ ചെറുക്കുന്നതിനുള്ള കമാൻഡോ ഓപ്പറേഷനുകളും പ്രമേയമായിട്ടുള്ള ഒരു നോവൽ.  1995-2005 കാലഘട്ടങ്ങളിൽ പ്രത്യേകിച്ചും. ഇത്തരത്തിൽ പെട്ട കഥകൾ എഴുതുന്ന 'ആദ്യത്തെ ഇന്ത്യൻ നോവലിസ്റ്റ്' ആണത്രേ മലയാളി എങ്കിലും ആംഗലേയ സാഹിത്യകാരൻ ആയ 'ശശി വാര്യർ'. 

അദ്ദേഹത്തിന്റെ ആദ്യാവസാനം ത്രില്ലും സസ്പെൻസും നിറഞ്ഞ ഒരു നോവൽ ആണ് 'അണലി'. കഥയുടെ പേര് തന്നെ സൂചിപ്പിയ്ക്കുന്നത് പോലെ എറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ 'അണലി' യെ പോലെ എവിടെയോ ഒളിഞ്ഞിരുന്നു ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്ന  അപകടകാരിയായ ഒരു അജ്ഞാതന്റെ ബുദ്ധിപരവും മാരകവുമായ നീക്കങ്ങളിൽ നിന്ന് രാജ്യത്തെയും ഗവണ്മെന്റിനെയും രക്ഷിയ്ക്കുന്ന ഇന്ത്യൻ മിലിട്ടറിയിലെ 'സ്‌പെഷൽ ഓപ്പറേഷൻസ് ഫോഴ്സ്' ലെ സെക്കന്റ് ലെഫ്റ്റനന്റ് 'രാജ' എന്നറിയപ്പെടുന്ന രാജൻ മേനോന്റെ സാഹസികമായ തീരുമാനങ്ങളും നീക്കങ്ങളും കൗണ്ടർ അറ്റാക്കുകളുമെല്ലാം കൊണ്ട് അക്ഷരാർത്ഥത്തിൽ  ഒരു പരിപൂർണ്ണ ത്രില്ലർ ആണ് അണലി എന്ന ഈ നോവൽ.

യാത്രക്കാരുമായി പോകുകയായിരുന്ന ഒരു  ട്രെയിനിന്റെ ഒരു കമ്പാർട്ട്മെന്റ് തീവ്രവാദികൾ  ഹൈജാക്ക് ചെയ്തു എന്ന അറിയിപ്പ്  ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് ലഭിയ്ക്കുന്നു. യാത്രക്കാരെ മുഴുവൻ ബന്ദികൾ ആക്കുകയും റെയില് വേ സുരക്ഷാ പോലീസുകാരിൽ ഒരാളെ വെടിവച്ചു കൊല്ലുകയും ചെയ്തു. പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ച ഒരു യാത്രക്കാരനെയും. യാത്രക്കാരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കൂട്ടത്തിൽ ഒരാൾ ആകട്ടെ, ഭരണ പക്ഷത്തുള്ള ഒരു മന്ത്രിയുടെ ബന്ധുവും. അവരെ വിട്ടയയയ്ക്കുന്നതിന് വലിയൊരു സംഖ്യ വിദേശ കറന്സികൾ ആയും സ്വർണ്ണമായും വേണമെന്ന് റാഞ്ചികൾ ആവശ്യപ്പെടുന്നു. ഒപ്പം തടവിൽ കഴിയുന്ന കാശ്മീർ തീവ്രവാദികളെ വിട്ടയയ്ക്കുകയും വേണം. വളരെ കുറച്ചു സമയത്തിനുള്ളിൽ ഇത് ചെയ്തില്ലെങ്കിൽ തടവുകാരെ ഓരോരുത്തരെയായി വധിയ്ക്കും.   വല്ലാത്ത ഈ  ഒരു പ്രതിസന്ധിയിൽ ഗവണ്മെന്റ് രക്ഷാപ്രവർത്തനം മിലിട്ടറിയിലെ SOF വിങ് നെ ഏൽപ്പിയ്ക്കുന്നു.

കേണൽ രാജയുടെ നേതൃത്വത്തിൽ ഉള്ള വിദഗ്ദരായ ഒരു ടീം ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ഥിതിഗതികൾ പഠിയ്ക്കുകയും കൃത്യമായ പ്ലാൻ തയ്യാറാക്കി അപ്രതീക്ഷിതമായ ഒരാക്രമണത്തിലൂടെ തീവ്രവാദികളെ എല്ലാം കൊലപ്പെടുത്തി തടവുകാരെ രക്ഷിയ്ക്കുന്നു. പക്ഷെ, ഈ തട്ടിക്കൊണ്ടു പോകലിന്റെ പ്രധാന ആസൂത്രകൻ ആയി, പുറത്ത് നിന്നു ചരട് വലിയ്ക്കുന്ന, അതി ബുദ്ധിമാനും അത്യന്തം അപകടകാരിയുമായ ഉന്നതങ്ങളിൽ പിടിയുള്ള മറ്റൊരാൾ (അണലി)  ഉണ്ടെന്ന് രാജ മനസ്സിലാക്കുന്നു. അയാളെ മാത്രം പിടി കൂടാനോ കണ്ടെത്താനോ ഇവർക്ക് സാധിയ്ക്കുന്നില്ല. 

അതിന്റെ പരിണിത ഫലങ്ങൾ ഭയങ്കകരമായിരുന്നു. അണലി കൂടുതൽ ശക്തമായും ബുദ്ധിപരമായും തിരിച്ചടിയ്ക്കുന്നു. ഒന്നിന് പുറകെ ഒന്നായി കൂടുതൽ ശക്തിയായി തന്നെ. 

 അവസാനം അതി വിനാശകരമായ ഒരു പ്ലാൻ അണലി തയ്യാറാക്കുന്നു.  ഒപ്പമുള്ള ആരെ വിശ്വസിയ്ക്കണം എന്നു പോലും മനസ്സിലാകാത്ത ഒരു സാഹചര്യത്തിൽ, സ്വന്തം ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ പോലും രാജ അണലിയെ തടയാൻ ഇറങ്ങുന്നു.

ആദ്യാവസാനം ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന ഒരു ത്രില്ലർ തന്നെയാണ് ഈ നോവൽ. സിനിമകളിൽ എല്ലാം ഇത്തരം സീനുകൾ നാം കാണാറുണ്ട് എങ്കിലും അതൊരു നോവലിൽ വായിയ്ക്കുമ്പോൾ ആണ് ഇത്തരത്തിൽ നാം പത്രങ്ങളിൽ കാണുന്ന ഓരോ വാർത്തകൾക്കും പുറകിലും ഉണ്ടായേക്കാവുന്ന യഥാർത്ഥ ഭീകരതയുടെ വലിപ്പം നമുക്ക് ശരിയ്ക്ക് തിരിച്ചറിയാൻ കഴിയുക.

ഒരു മിലിട്ടറി കമാൻഡൊ ഓപ്പറേഷന്റെ ഒരുക്കങ്ങളും അതിൽ ഉൾപ്പെട്ടിരിയ്ക്കുന്നവർ അനുഭവിയ്ക്കുന്ന ത്യാഗങ്ങളും ബുദ്ധിമുട്ടുകളും പ്രതിബന്ധങ്ങളും വക വയ്ക്കാതെ സ്വന്തം ജീവൻ പോലും വക വയ്ക്കാതെ നാടിനു വേണ്ടി പോരാടുന്ന അവരുടെ ആത്മ വീര്യവും അതേ സമയം അവർക്ക് നഷ്ടമാകുന്ന കുടുംബ ബന്ധങ്ങളും... അത് പോലെ തന്നെ ബന്ധിയാക്കപ്പെട്ടവർക്ക് പിന്നീട് രക്ഷപ്പെട്ടാൽ പോലും ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും എല്ലാം നമ്മൾ വായനക്കാർക്ക് ഇത്രയും അനുഭവ വേദ്യമാക്കുന്ന ഇത് പോലുള്ള മറ്റൊരു നോവലും ഇത് വരെ വായിച്ചിട്ടില്ല. ഇത് പോലുള്ള ഒരു ഓപ്പറേഷനിൽ  ഓരോ സെക്കന്റുകളും എത്രത്തോളം നിർണ്ണായകമാണ് എന്ന് വായനയ്ക്ക് ഇടയിൽ നമ്മൾ അത്ഭുതപ്പെടും.

നമ്മുടെ സൈനികരെയും അവരുടെ ജീവിതത്തെയും അടുത്തറിയാൻ തീർച്ചയായും ഇത് പോലുള്ള കഥകൾ നമ്മൾ വായിച്ചിരിയ്ക്കേണ്ടത് തന്നെയാണ്. പക്ഷെ, നിർഭാഗ്യവശാൽ ശശി വാര്യരും അദ്ദേഹത്തിന്റെ നോവലുകളും എന്തു കൊണ്ടോ അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.

- ശ്രീ

Thursday, October 5, 2023

ബി.സി. 261

 പുസ്തകം :  ബി.സി. 261

രചയിതാക്കൾ : രഞ്ജു കിളിമാനൂർ, ലിജിൻ ജോൺ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  മാതൃഭൂമി ബുക്ക്സ്

പേജ് : 296

വില : 420

Rating : 3.75/5

പുസ്തക പരിചയം :

സമീപ കാലത്ത് ത്രില്ലർ രചനകൾ എഴുതി പ്രശസ്തരായ രണ്ട് എഴുത്തുകാർ - അലക്സി സീരീസിലൂടെ വായനക്കാർക്ക് സുപരിചിതനായ രഞ്ജു കിളിമാനൂരും ബ്ലഡ് മണി, നെഗറ്റീവ് എന്നീ ത്രില്ലറുകളുടെ രചയിതാവായ ലിജിൻ ജോണും ഒരുമിച്ചു കൈകോർക്കുന്ന ഹിസ്റ്ററിയും  

ഫാന്റസിയും ചേരും പടി ചേർത്തെഴുതിയ ഒരു ത്രില്ലർ  ആണ് ബി.സി. 261 എന്ന നോവൽ.

പേര് സൂചിപ്പിയ്ക്കും പോലെ തന്നെ ബി.സി. 261 ലെ അശോക ചക്രവർത്തിയുടെ മഗധയിൽ നിന്ന് ഈ 2023 വരെ എത്തി നിൽക്കുന്ന 2300 വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഒരു കഥാപരിസരവും കഥാ പാത്രങ്ങളും ഭൂതകാലവും വർത്തമാനകാലവും ഇട കലർത്തി വായനക്കാരെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തിക്കൊണ്ടു ഒറ്റ വായനയിൽ പുസ്തകം വായിയ്ക്കുന്നതിന് പ്രേരിപ്പിയ്ക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്.

ലോകർക്ക് മുഴുവൻ പരിചിതമായ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കി ഒരു നോവൽ എഴുതുമ്പോൾ നല്ല പോലെ ഹോം വർക്ക് ചെയ്യേണ്ടതായിട്ടുണ്ട്... ഒട്ടേറെ പഠിക്കേണ്ടതായും ഉണ്ട്. തീർച്ചയായും അതിൽ എഴുത്തുകാർ വിജയിച്ചിട്ടുണ്ട് എന്ന് സമ്മതിയ്ക്കേണ്ടി വരും. 

BC 261 ലെ ഒരു ചരിത്ര സംഭവത്തിൽ നിന്ന് ആരംഭിയ്ക്കുന്ന ആദ്യ അദ്ധ്യായം മുതൽ  വായനയുടെ ഡ്രൈവിങ് സീറ്റിൽ നമ്മൾ ഇരിപ്പുറപ്പിയ്ക്കും.  അടുത്ത അദ്ധ്യായത്തിൽ കഥ വർത്തമാന കാലത്തേയ്ക്ക് - 2018 ലേയ്ക്ക് തിരിച്ചു വരികയാണ്. കുപ്രസിദ്ധനായ ഒരു ആന്റിക് ഡീലർ വിക്ടറിന്റെ കൊലപാതകവും അതിന്റെ പേരിൽ പോലീസ് സംശയിയ്ക്കുന്ന രണ്ടു പ്രതികളും തുടർ അന്വേഷണങ്ങളുമായി അവിടെ മുതൽ കഥ കൊഴുക്കുകയാണ്. 

ഒരു പ്രത്യേക സാഹചര്യത്തിൽ വിക്ടറിന്റെ കൊലപാതകത്തിൽ പ്രതികളായി സംശയിയ്ക്കപ്പെടുന്ന ഹർഷൻ, ഹേമന്ദ് എന്നീ ചെറുപ്പക്കാർക്കൊപ്പം സത്യത്തെ തിരഞ്ഞു പോകാൻ നിർബന്ധിതനാകുകയാണ് ഫസ്റ്റ് വിഷൻ ചാനലിലെ ജേർണലിസ്റ്റ് കൂടിയായ വരദൻ. അവർക്ക് ഒപ്പം വരദന്റെ പത്നി ജ്യോതിയും. എന്നാൽ ഈ നാൽവർ സംഘത്തിനു നേരിടേണ്ടി വരുന്നത് അവർ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്തത്ര ശക്തനായ, അതിമാനുഷികനായ ഒരെതിരാളിയെ ആയിരുന്നു. അയാൾക്ക് മുൻപിൽ പോലീസ് ഫോഴ്സ് പോലും നിഷപ്രഭമാകുന്നു.

വിക്ടറിന്റെ മരണം ഒരു ഒറ്റപ്പെട്ട യാദൃശ്ചിക സംഭവം അല്ലെന്ന് മനസ്സിലാക്കുന്ന വരദനും സംഘവും നേരിടുന്ന തടസ്സങ്ങളും മനസ്സിലാക്കുന്ന ഞെട്ടിപ്പിയ്ക്കുന്ന സത്യങ്ങളും ഒക്കെയായി വലിയൊരു പശ്ചാത്തലത്തിൽ ആണ് കഥ വികസിയ്ക്കുന്നത്. അത് വായിച്ചു തന്നെ അറിയണം എന്നതിനാൽ വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ല.

കഥയിൽ ഉടനീളം ചരിത്രമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും അനായാസമായി ഒറ്റയിരുപ്പിന് വായിയ്ക്കാൻ ഉതകുന്ന വിധത്തിൽ ഉള്ള എഴുത്ത് കാരണം സുഗമമായി വായിച്ചു തീർക്കാൻ സാധിയ്ക്കുന്നുണ്ട്. 

എടുത്തു പറയേണ്ട മറ്റൊന്ന് പുസ്തകത്തിന്റെ കഥയ്ക്ക് എറ്റവും അനുയോജ്യമായ കവർ പേജ് ആണ്. കഥയുടെ ഒരു ഘട്ടത്തിൽ അല്ലെങ്കിൽ വായനയ്ക്ക് ശേഷം നമ്മൾ ആ കവർ പേജിൽ അല്പ സമയം നോക്കി ഇരുന്നു പോകും. അത്രയ്ക്ക് യോജിച്ച ഒന്നു ഡിസൈൻ ചെയ്ത ജോസ്മോൻ വാഴയിൽ തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു.

ഒരു സിനിമ എന്ന സ്വപ്നവുമായി തിരക്കഥാ രൂപത്തിൽ എഴുതി, പിന്നീട് രണ്ടു ഭാഗങ്ങൾ വരുന്ന നോവലുകൾ ആയി തീരുമാനിച്ച് അവസാനം ഒറ്റ പുസ്തകമാക്കാൻ ഒട്ടേറെ വെട്ടി ചുരുക്കലുകൾ വരുത്തേണ്ടി വന്നതിനു ശേഷം ആണ് പുസ്തകം ഇന്ന് കാണുന്ന രൂപത്തിൽ എത്തിയത് എന്ന് രണ്ടു രചയിതാക്കളും അറിയിച്ചിരുന്നു. അതിന്റെ ഒരു പോരായ്മ ചില ഭാഗങ്ങളിൽ കാണുന്നുണ്ട്. ചില സന്ദർഭങ്ങൾ ഒക്കെ അധികം വിശദീകരിയ്ക്കാതെ വെട്ടി ചുരുക്കിയത് പോലെ (വായനാസുഖം നഷ്ടമാകുന്നില്ലെങ്കിൽ കൂടി) തോന്നുന്നുണ്ട്.  അതു പോലെ സിനിമയ്ക്ക് വേണ്ടി എഴുതിയത് കൊണ്ടാണോ എന്നറിയില്ല, ഗൗരവമുള്ള കഥാ സന്ദർഭങ്ങളിൽ അല്പ സ്വല്പം തമാശ കലർത്തിയുള്ള സംഭാഷണങ്ങൾ ചില കഥാപാത്രങ്ങങ്ങൾക്ക് കൊടുത്തത്... അത് കഥയുടെ ഒഴുക്ക് കുറയ്ക്കുന്നതായി (എനിയ്ക്ക്) തോന്നി. അതും അല്ലറ ചില്ലറ എഡിറ്റിങ് പിഴവുകളും ഉണ്ടെന്നത് ഒഴിച്ചാൽ മികച്ച ഒരു വായന തരുന്ന ലക്ഷണമൊത്ത ഒരു ഹിസ്റ്ററിക്കൽ ത്രില്ലർ തന്നെ ആണ് ബി.സി. 261. 

കൂടുതൽ വായനക്കാരിലേയ്ക്ക് ബി.സി. 261 എത്തിച്ചേരട്ടെ എന്നും ഇനിയും നല്ല രചനകൾ രഞ്ജുവിൽ നിന്നും ലിജിനിൽ നിന്നും പിറവിയെടുക്കട്ടെ എന്നും ആശംസിയ്ക്കുന്നു.

- ശ്രീ

Friday, September 22, 2023

വൺ ബൈ വൺ

 പുസ്തകം :  വൺ ബൈ വൺ

രചയിതാവ് : അൻവർ അബ്ദുള്ള

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  ഡി സി ബുക്ക്സ്

പേജ് : 350

വില : 410

Rating : 4/5


പുസ്തക പരിചയം : 


ഇന്നത്തെ മലയാള അപസർപ്പക സാഹിത്യ രംഗത്ത് എറ്റവും മുന്നിൽ നിൽക്കുന്ന എഴുത്തുകാരൻ ആണ് അൻവർ അബ്ദുള്ള. കുറ്റാന്വേഷണ നോവലുകളെ രണ്ടാം തരം എന്ന് പൂച്ഛിച്ചു തള്ളിയിരുന്ന കാലഘട്ടത്തിൽ നിന്ന് പൊതു വായനക്കാർക്കിടയിൽ ഒരു നല്ല സ്ഥാനം നേടിക്കൊടുക്കുവാൻ അൻവർ മാഷിന്റെ ശിവശങ്കർ പെരുമാൾ എന്ന കുറ്റാന്വേഷകൻ നായകനായ ഒരു പിടി മിക്കവുറ്റ നോവലുകൾ വഹിച്ച പങ്ക് എടുത്തു പറയാതെ വയ്യ.


കുറ്റാന്വേഷണ നോവലുകൾക്ക് പുറമെ ഒരു പിടി പുസ്തകങ്ങൾ വേറെയും അദ്ദേഹം എഴുതിയിട്ടുണ്ട് എങ്കിലും ഈ കാലഘട്ടത്തിലെ എറ്റവും മികച്ച കുറ്റാന്വേഷണ നോവലിസ്റ്റ് എന്ന പേരിൽ തന്നെ ആകും അൻവർ മാഷ് ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്.


അതിനൊപ്പം എടുത്തു പറയാനുള്ളത് അൻവർ മാഷ് ഉപയോഗിച്ചിരിയ്ക്കുന്ന ഭാഷയാണ്. 'വെറുമൊരു ജനപ്രിയ കുറ്റാന്വേഷണ സാഹിത്യം' എന്ന പുച്ഛം കലർന്ന മുൻ വിധി ഇത്തരം സാഹിത്യ വിഭാഗങ്ങളോട് മുൻ കാലങ്ങളിൽ വായനക്കാർക്ക് ഉണ്ടായിരുന്നു. അത് ഈ അടുത്ത കാലത്തായി മാറി വരുന്നുണ്ട്. അതിന് പ്രധാന കാരണവും അൻവർ മാഷേ പോലെ കുറ്റാന്വേഷണ നോവലും ഗൗരവത്തോടെ നല്ല സാഹിത്യത്തിൽ തന്നെ എഴുതാൻ ശ്രമിയ്ക്കുന്ന മികവുള്ള എഴുത്തുകാർ തന്നെയാണ്. 


"അവൾ  ടോർച്ചുമായിവന്ന് മുറ്റത്തുനിന്നു പുറംലോകത്തേക്കു വമിച്ചുകിടന്ന ഇരുട്ടിലേക്കു പായിച്ചു. ഇരുട്ട്, പേടിച്ച് രണ്ടു വഴിക്ക് ഓടിമാറി. വെളിച്ചത്തിന്റെ തിരശ്ചീനഗോപുരത്തിന്റെ താരവീഥിയുടെ അതി മുകളിൽ അതു നിന്നു കിതയ്ക്കുകയും തിരിച്ചുവരാൻ തക്കം പാർക്കുകയും ചെയ്തു."


ഇത് പോലെയുള്ള മനോഹരമായ വാചകങ്ങളെ കഥയുടെ ഒഴുക്ക് നഷ്ടപ്പെടുത്താതെ തന്നെ ഒരു കുറ്റാന്വേഷണ നോവലിൽ കാണുന്നത് ഈ സാഹിത്യ ശാഖയുടെ വളർച്ച തന്നെയാണെന്ന് അഭിമാനത്തോടെ പറയാം.


 അദ്ദേഹത്തിന്റെ  തൂലികയിൽ നിന്ന് പെരുമാൾ സീരീസിനു പുറമെ പിറവി കൊണ്ട ഡിറ്റക്റ്റീവ് ജിബ്‌രീൽ സീരീസ് ലെ രണ്ടാമത്തെ പുസ്തകം ആണ് വൺ ബൈ  വൺ ചെയ്യാൻ (ആദ്യത്തേത് കോമ - 2021 ൽ പുറത്തിറങ്ങിയിരുന്നു). 


ജിബ്‌രീൽ അലി, ജിബ്‌രീൽ അബു എന്നീ ഇരട്ട സഹോദരന്മാർ. അവർ തമ്മിലുള്ള സാമ്യതകൾ ഒരുപാടുണ്ട്, വ്യത്യാസങ്ങളും. അബു ഒരു പത്രത്തിൽ ആണ് വർക്ക് ചെയ്യുന്നത്... ഭൂരിഭാഗവും യാത്രകളും അന്വേഷണങ്ങളും എല്ലാം നടത്തുന്നതും അബു ആയിരിയ്ക്കും. എന്നാൽ അലി പലപ്പോഴും മുറി വിട്ടിറങ്ങാറേയില്ല. കക്ഷി ഒരു പ്രത്യേക തരം ആണ്. എറ്റവും ചുരുക്കി പറഞ്ഞാൽ 'ഇൻവെസ്റ്റിഗേറ്റർ' എന്ന യൂ ട്യൂബ് ചാനൽ നടത്തുകയാണ് എന്ന് പറയാം. 


ഇന്ത്യയിൽ നടക്കുന്ന ഒരു ക്രിക്കറ്റ്  ടൂർണ്ണമെന്റ് നോട് അനുബന്ധമായി അബു ഒരു കോളമെഴുതുന്നുണ്ടായിരുന്നു. കളി നടക്കുന്ന സാഹചര്യങ്ങളും കളിക്കാരുടെ  ശക്തിയും ദൗർബല്യവും മത്സര ചരിത്രവും പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയും പോലും കണക്കിലെടുത്തു നടത്തുന്ന ഒരു പ്രവചന പരമ്പര തന്നെ. ആദ്യ മത്സരം മുതൽ അബുവിന്റെ പ്രവചനം കൃത്യമായതോടെ ആ കോളം ഒരു തരംഗം സൃഷ്ടിയ്ക്കുന്നു. തുടർന്ന് ഓരോ മത്സരത്തിലും അബുവിന്റെ പ്രവചനങ്ങൾ ഏറെക്കൂറെ എല്ലാം തന്നെ അതേപടി ഫലിയ്ക്കുന്നുവെങ്കിലും ഫൈനലിൽ എല്ലാം തകിടം മറിയുന്നു. ടോസ് മുതൽ എല്ലാം തെറ്റുകയും മത്സര ഫലം തന്നെ തകിടം മറയുകയും ചെയ്യുന്നു.


അതോടെ തീർത്തും നിരാശനായ അബു കുറച്ചു ദിവസത്തെ അവധിയെടുത്ത് തന്റെയും അലിയുടെയും ഫ്ലാറ്റിൽ (221 A/B) തിരിച്ചെത്തുന്നു. 


അബുവിന്റെ മടുപ്പ് മാറ്റാൻ ഉള്ള ഒരു മാർഗം അലി മുന്നോട്ട് വയ്ക്കുന്നു. അടുത്ത കാലത്ത് ഉണ്ടായ ചില പത്രവാർത്തകൾ എടുത്ത് കാണിച്ചു കൊണ്ട് അതിൽ ഇഷ്ടമുള്ള രണ്ടോ മൂന്നോ കേസുകളിൽ ആരെയും ബോധിപ്പിയ്ക്കാൻ അല്ലാതെ ഒരന്വേഷണം നടത്തുക... അബു അത് അംഗീകരിച്ചു കൊണ്ട് അതിൽ നിന്ന് മൂന്ന് കേസുകൾ തിരഞ്ഞെടുക്കുന്നു.


"ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം",  "പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ", "തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം".  ഈ മൂന്നു കേസുകളും വൺ ബൈ വൺ ആയി അന്വേഷിക്കാൻ  അബു ഇറങ്ങുന്നു.


എന്നാൽ അബുവിനെ മാത്രമല്ല, നമ്മൾ വായനക്കാരെയും കാത്തിരുന്നത് അതിശയിപ്പിയ്ക്കുന്ന... എന്നാൽ ഇടയ്ക്കൊരു വേള കുഴപ്പിച്ചേക്കാവുന്ന സംഭവ പരമ്പരകൾ ആയിരുന്നു. 


കഥയുടെ സസ്പെൻസ് നഷ്ടപ്പെടാതെ ഇരിയ്ക്കുവാൻ വിശദ വിവരങ്ങളിലെയ്ക്ക് കടക്കുന്നില്ല. എങ്കിലും കഥയുടെ ക്ലൈമാക്സിലെയ്ക്ക് എത്തുമ്പോഴാണ് ഈ ഓരോ കേസുകളുടെയും യഥാർത്ഥ സ്വഭാവം നമുക്ക് പിടി കിട്ടുകയുള്ളൂ... നാം പത്രങ്ങളിൽ കാണുന്ന നിസ്സാരമെന്ന് കരുതുന്ന ഓരോ വാർത്തകളുടെയും പുറകിൽ എത്രയോ വലിയ ഭീകരമായ സാദ്ധ്യതകൾ ആണ് ഉള്ളത് എന്ന് വൺ ബൈ വൺ എന്ന ഈ കുറ്റാന്വേഷണ നോവലിലൂടെ അൻവർ മാഷ് നമുക്ക് മുൻപിൽ കാണിച്ചു തരുന്നു. 


മൂന്ന് വ്യത്യസ്ഥ കേസുകളുടെ അന്വേഷണം നാലാമത് ഒരു കേസിന്റെ നിർദ്ധാരണത്തെ ഏത് വിധത്തിൽ സഹായിയ്ക്കുന്നു എന്നതും ഈ കേസ് തന്നെ എത്ര വലിയ, ലോകമൊട്ടാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന കുറ്റകൃത്യ ശൃംഖലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതും വായനക്കാരെ പോലും ഞെട്ടിയ്ക്കും, ഇരുത്തി ചിന്തിപ്പിയ്ക്കും.


അപ്പോൾ വായനാപ്രേമികളെ... സമയം കളയാതെ വായന തുടങ്ങിക്കോളൂ... വൺ ബൈ വൺ ആയി. ഇതിലെ ഓരോ കേസുകളായി നമ്മൾ വായിച്ചെത്തുമ്പൊൾ ആ ഒരു ഇമ്മിണി വലിയ കേസിന്റെ  പരിസമാപ്തിയിൽ ജിബ്‌രീൽ നമ്മളെ വഴി കാണിയ്ക്കും... വായനയുടെ വഴികളിലെ ഓരോ കേസുകളുടെയും അവസാനത്തെ  വിട്ടു പോയ വിടവുകൾ തുന്നിച്ചേർത്ത് നമ്മുടെ മുന്നിൽ അവതരിപ്പിയ്ക്കും. അപ്പോൾ നമ്മളും മനസ്സിലാക്കും അലി പറയും പോലെ ജിബ്‌രീൽ അബുവും ജിബ്‌രീൽ അലിയും രണ്ടല്ല എന്ന്... അബുവില്ലാതെ അലിയില്ല, അലിയില്ലാതെ അബുവും.


 - ശ്രീ

Wednesday, September 13, 2023

വേലൻ ചെടയൻ

 പുസ്തകം :  വേലൻ ചെടയൻ

രചയിതാവ്  : മോഹനചന്ദ്രൻ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  കറന്റ് ബുക്ക്സ്

പേജ് : 232

വില : 120

Rating : 3.25/5

പുസ്തക പരിചയം:

മോഹന ചന്ദ്രന്റെ ഞാൻ ഇതുവരെ വായിച്ച  നോവലുകളിൽ എറ്റവും വ്യത്യസ്തമായ ഒന്നാണ് വേലൻ ചെടയൻ. മാന്ത്രിക നോവൽ എന്ന് പറയാമെങ്കിലും അതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കഥ. നൂറ്റാണ്ടുകൾക്ക് മുൻപത്തെ കേരളത്തിന്റെ അവസ്ഥകളും ജാതി മത വ്യവസ്ഥകൾ നിലവിൽ വന്നതിന്റെ പശ്ചാത്തലവും ദൈവങ്ങളെ പോലും ചില വിഭാഗങ്ങൾക്ക് കൈമോസം വന്നതും അവർ ബഹിഷ്കൃതരാക്കപ്പെട്ടവർ ആയിത്തീർന്നതും എല്ലാം ഒരു പ്രത്യേക വിധത്തിൽ ഈ നോവലിൽ കൂടെ വിവരിച്ചിരിയ്ക്കുന്നു.

ഗോത്ര വർഗ്ഗയ്ക്കാരുടെ തലവൻ ആയ വേലൻ ചെടയനും ഇരുവശത്തും നിൽക്കുന്ന കാഞ്ഞിരാടനും കൊട്ടു കാലനും തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരിലും ഒരു പ്രത്യേക വിഭ്രമം സൃഷ്ടിയ്ക്കുന്നുണ്ട്.

കഥയുടെ ഉള്ളിലേയ്ക്ക് കടക്കുന്നില്ല. തൃശ്ശൂർ  ഇരിങ്ങാലക്കുടയ്ക്ക്  അടുത്ത് പുല്ലൂർ ആണു കഥയുടെ പ്രസക്ത ഭാഗങ്ങൾ നടക്കുന്നത്. അതിൽ കഞ്ചാവിന്റെ ലഹരിയും യക്ഷികളുടെ ഭീകര സാന്നിദ്ധ്യമുണ്ട്. കാടിന്റെ മക്കളും അവരെ അടിയാന്മാരാക്കിയവരും ഉണ്ട്. നമ്പ്യാർ, അപ്പു, കണ്ണൻ, മാരാർ,  കുറുപ്പ്, മാത്തുക്കുട്ടി, കുട്ടൻ, നായർ, കരുണൻ തുടങ്ങി ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ ഒട്ടേറെ ഉണ്ടെങ്കിലും എല്ലാവരെയും നിഷപ്രഭമാക്കി കൊണ്ട്  വേലൻ ചെടയനും കാളക്കുട്ടികളും അവസാന അദ്ധ്യായത്തിൽ അക്ഷരാർത്ഥത്തിൽ കളം  നിറഞ്ഞാടുകയാണു.

നോവൽ വായിച്ചു അവസാനിപ്പിച്ചാലും ഉപബോധ മനസ്സിന്റെ ആഴങ്ങളിൽ ഒരു കരിംപാറപ്പുറത്ത്, കൈപ്പത്തി നെറ്റിയിൽ വച്ച് പടിഞ്ഞാട്ടു നോക്കി വേലൻ ചെടയൻ നിൽക്കുന്നുണ്ടായിരിയ്ക്കും... ചെമ്പുതകിടിൽ തീർത്ത പ്രതിമയെ പോലെ, ഏതോ അജ്ഞാതേന്ദ്രിയം കൊണ്ട് ഈ ലോകത്ത് നടക്കുന്നതെല്ലാം കാണാൻ കഴിയുന്നതു പോലെ! പിന്നിൽ അവരും കാണും... സന്തത സഹചാരികളായ കൊട്ടുകാലനും കാഞ്ഞിരാടനും!

- ശ്രീ

Tuesday, September 5, 2023

സുന്ദരി ഹൈമവതി

 പുസ്തകം:  സുന്ദരി ഹൈമവതി 

രചയിതാവ് / എഡിറ്റർ : മോഹനചന്ദ്രൻ

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ:  കറന്റ് ബുക്ക്സ്

പേജ്: 232

വില: 175

Rating: 3.75/5


പുസ്തക പരിചയം:

തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിച്ച ഒരു നോവൽ ആണ് മോഹന ചന്ദ്രന്റെ സുന്ദരി ഹൈമവതി. കലികയും കാക്കകളുടെ രാത്രിയും വായിച്ചതിന്റെ ത്രില്ലിൽ ആണ്  അത്രയൊന്നും കേട്ടു കേൾവി ഇല്ലാതിരുന്ന ഈ നോവൽ തേടി പിടിച്ചു വാങ്ങിയത്. എന്തായാലും അതൊരു നഷ്ടം ആയില്ല.

ജയവിലാസത്തിലെ നെടുങ്ങാടി യുടെ മകൾ ജയ യ്ക്ക് കുറച്ചു നാളുകൾ ആയി അത്ര സുഖമില്ല. സോമുനാംബുലിസം മാത്രമല്ല മാനസിക അസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങളും ഇടയ്ക്ക് കാണിയ്ക്കുന്നു... സ്വന്തം ചേച്ചിയായ വിലാസിനിയുടെ അപമൃത്യു വിനു അബദ്ധത്തിൽ കാരണക്കാരിയായതിന്റെ ഷോക്ക്. വിലാസിനിയുടെ ഭർത്താവ് കുട്ടനും പ്രായമായ കോൽമ എന്ന സ്ത്രീയും ആശ്രിതൻ ആയ കുഞ്ഞിരാമനും കൂടാതെ പാചകക്കാരനായി വന്ന് കാര്യസ്ഥൻ വരെയായ തവളപ്പട്ടരും ചേർന്ന കുടുംബം ഇക്കാരണത്താൽ  തന്നെ അസ്വസ്ഥമാണ്.

ജയവിലാസത്തിന്റെ അയല്പക്കത്ത് താമസിയ്ക്കുന്ന,  മെഡിക്കൽ ഫീൽഡിൽ റിസർച്ച് ചെയ്യുന്ന ടോമി എന്ന ചെറുപ്പക്കാരന് ജയയോട് ഒരാകർഷണം ഉണ്ട്. അതു കൊണ്ട് തന്നെ ജയയുടെ അസുഖത്തിന് ഒരു പ്രതിവിധിയായി തന്റെ ഗുരുനാഥൻ  കൂടി ആയ സോക്ടർ കുമാറിനെ വിളിയ്ക്കാൻ  ടോമി നെടുങ്ങാടിയുടെ സുഹൃത്തു കൂടിയായ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ഗോവിന്ദൻ മാസ്റ്ററുടെ സഹായത്തോടെ അവരോട് അഭ്യർത്ഥിയ്ക്കുന്നു. 

പൊതുവേ അന്തർമുഖൻ ആയ ഡോക്ടർ കുമാർ തന്റെ പ്രിയ ശിഷ്യന്റെ അഭ്യർത്ഥന പ്രകാരം അങ്ങോട്ട് പുറപ്പെടുന്നു.  ജയയെ കാണുന്ന ഡോക്റ്റർ കുമാർ അവളുടെ അസുഖം  മനോരോഗം മാത്രം ആണെന്നും ചേച്ചിയുടെ മരണം കണ്ടത്‌ കൊണ്ടുള്ള ഷോക്ക് ആണെന്നും വളരെ വേഗം ചികിത്സിച്ചു ഭേദമാക്കാം എന്നും ഉറപ്പ് കൊടുക്കുന്നു.

ആദ്യത്തെ സന്ദർശനത്തിനും ചില വിജയകരമായ പരീക്ഷണങ്ങൾക്കും ശേഷം ജയ നോർമൽ ആകുന്നതിന്റെ ലക്ഷണങ്ങൾ കാണിയ്ക്കുന്നുവെങ്കിലും അന്ന് രാത്രി വീണ്ടും ചേച്ചിയുടെ പ്രേതം തന്നെ സന്ദർശിയ്ക്കുന്നതായും സംസാരിയ്ക്കുന്നതായും തോന്നുന്ന ജയയുടെ നില മുൻപത്തെക്കാൾ വഷളാകുന്നു. വീണ്ടും ചികിത്സയ്ക്ക് എത്തുന്ന ഡോക്ടർ കുമാറിനെ ജയ അപ്രതീക്ഷിതമായി ആക്രമിയ്ക്കുകയും മുഖം കടിച്ചു പറിയ്ക്കുകയും ചെയ്യുമ്പോൾ പെട്ടെന്ന് നിയന്ത്രണം വിട്ട ഡോക്ടർ അവിടെ നിന്നും ഓടി പോകുന്നു. നിരാശനായ ഡോക്ടർ അന്ന് രാത്രി മുഴുവൻ തന്റെ പരാജയത്തിന്റെ ഷോക്കിൽ ഓരോന്ന് പറഞ്ഞും ഡയറി എഴുതിയും ആരെയും കാണാൻ കൂട്ടാക്കാതെ മുറിയ്ക്കുള്ളിൽ  കഴിയുന്നു. അടുത്ത ദിവസം ട്രെയിന് മുൻപിൽ ചാടി ഡോക്ടർ കുമാർ ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് എല്ലാവരേയും കാത്തിരുന്നത്.

തുടർന്ന് ജയയുടെ ചികിത്സ വഴി മുട്ടിയപ്പോൾ പ്രൊഫസർ നെടുങ്ങാടി അവസാന ശ്രമമെന്ന നിലയ്ക്ക് രാമു കണിയാനെ വീളിച്ചു പ്രശ്നം വയ്പ്പിയ്ക്കുകയും അയാളുടെ അഭിപ്രായപ്രകാരം  അല്പ സ്വല്പം മന്ത്ര തന്ത്രങ്ങൾ ഒക്കെ അറിയുന്ന തവള പട്ടരെ  കൊണ്ട് നാല്പത്തൊന്നു ദിവസത്തെ പൂജ ചെയ്യിയ്ക്കാൻ ഉപദേശിയ്ക്കുകയും ചെയ്യുന്നു. പ്രശ്നവശാൽ പൂജയുടെ അവസാനം ഒരു നമ്പൂതിരിയുടെ സാന്നിധ്യം ആവശ്യമാകയാൽ നാട്ടിൽ നിന്ന് പേരിനു ഒരു  നമ്പൂതിരിയെ വരുത്താനുള്ള നടപടികൾ കൈക്കൊള്ളുവാൻ ഉപദേശിയ്ക്കുകയും ചെയ്യുന്നു.

തവളപ്പട്ടരെ താല്പര്യം ഇല്ല എങ്കിലും പ്രൊഫസർ നെടുങ്ങാടിയുടെ അഭ്യർത്ഥന പ്രകാരം ഗോവിന്ദൻ മാസ്റ്റർ നാട്ടിലെ സുഹൃത്ത് കൂടിയായ ഒരു നമ്പൂതിരി  - താരപ്പറമ്പന് കത്തെഴുതുന്നു. 

എന്നാൽ സ്വതേ മടിയൻ ആയ താരപ്പറമ്പൻ തടസം പറഞ്ഞു കത്തിനു മറുപടി അയയ്ക്കാൻ തുടങ്ങുമ്പോൾ ഇക്കാര്യം യാദൃശ്ചികമായി മനസ്സിലാക്കുന്ന അഞ്ചീരി ഇല്ലത്തെ ഉണ്ണി നമ്പൂതിരി ആ ദൗത്യം ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിയ്ക്കുന്നു.

പ്രശസ്തമായ അഞ്ചീരി ഇല്ലത്തെ ചോമാതിരിപ്പാട് ന്റെ മകൻ മൂസ്സമ്പൂരിയുടെ പുത്രൻ ആണ് ഉണ്ണി. ഉണ്ണിയുടെ മുത്തച്ഛൻ സൗമ്യനായ എന്നാൽ അതിവിദഗ്ദനായ മാന്ത്രികൻ ആയിരുന്നെങ്കിൽ അച്ഛൻ കർക്കശക്കാരനും പണമുണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധാലുവും ആയിരുന്നു. ചെറുപ്പത്തിലേ അമ്മയുടെ വിയോഗം കൂടി ആയപ്പോൾ  ഉണ്ണി പഠനത്തിൽ മിടുമിടുക്കൻ ആയിട്ടും കൂട്ടിനു ഒട്ടേറെ ദുശ്ശീലങ്ങൾ പരിചയിയ്ക്കുകയും വൈകാതെ സ്വപിതാവിനാൽ കൽക്കത്തയ്ക്ക് നാട് കടത്തപ്പെടുകയും ചെയ്തു. അവിടെ സ്വന്തം കഴിവ് കൊണ്ട് നല്ല ഒരു ജോലി നേടി നല്ലവണ്ണം സാമ്പാദിച്ചു വരവേ അപ്രതീക്ഷിതമായി ആ ജോലിയും വേണ്ടെന്ന് വച്ചു നാട്ടിൽ തിരിച്ചെത്തിയതാണ്. നാട്ടിൽ തിരിച്ചെത്തി, കുടിയും വലിയും കഞ്ചാവും മാത്രമല്ല സ്ത്രീ വിഷയങ്ങളിലും ഒരു നിയന്ത്രണവും ഇല്ലാതെ നടക്കുന്ന ആ സമയത്ത് ഉണ്ണി മദ്യ ലഹരിയിൽ ഒരു അക്രമം കാണിയ്ക്കുന്നു. 

ചെയ്തത് അതിക്രമം ആയിപ്പോയെന്ന് വൈകിയാണെങ്കിലും തിരിച്ചറിയുന്ന ഉണ്ണി എല്ലാമറിയുന്ന മുത്തച്ഛന്റെ സഹായത്തോടെ പൂജകളിലും ദേവീസ്തുതികളിലും മുഴുകി ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം എന്നവണ്ണം കഴിയുകയായിരുന്നു. ആ അവസരത്തിൽ ആണ് താരപ്പറമ്പൻ വഴി ജയവിലാസത്തിലെ വിശേഷങ്ങൾ അറിയുന്നതും പൂജയ്ക്ക് ഒരു നമ്പൂതിരി സാന്നിദ്ധ്യം ആവശ്യമാണ് എന്നറിഞ്ഞു അങ്ങോട്ട് പുറപ്പെടുന്നതും.

അവിടുന്നു അങ്ങോട്ട് കഥയുടെ ഗതി മാറുകയാണ്. ജയയുടെ സഹായത്തിന് ട്രെയിൻ കയറുന്ന ഉണ്ണിയെ കുടുംബ സുഹൃത്ത് കൂടിയായ ഗോവിന്ദൻ മാസ്റ്റർ സ്വീകരിച്ച് വീട്ടിൽ കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ ആ നാട്ടിൽ ഉണ്ണിയെ കാത്തിരുന്നത് മാസ്റ്ററുടെ പെങ്ങളും ഉണ്ണിയുടെ കളിക്കൂട്ടുകാരിയും ആയ സുമതി മാത്രമായിരുന്നില്ല... ജയവിലാസത്തിലെ കുടുംബ ക്ഷേത്രത്തിലെ ദേവിയും കൂടി ആയിരുന്നു. 

തുടർന്ന് ഉണ്ണി ജയയുടെ അസുഖത്തെയും അവിടെ നടക്കുന്ന പ്രശ്നങ്ങളെയും പറ്റി കൂടുതൽ മനസ്സിലാക്കുന്നു...

 അവസാനം വായനക്കാർ ഒട്ടും പ്രതീക്ഷിയ്ക്കാത്ത സംഭവ വികാസങ്ങളിൽ കൂടിയാണ് കഥ കടന്നു പോകുന്നത്.

ഒരു മാന്ത്രിക നോവൽ എന്ന് തന്നെ പറയാമെങ്കിലും 'സുന്ദരി ഹൈമവതി' എന്ന പേരും പുസ്തകത്തിന്റെ കവർ പേജും ബ്ലർബും  ആ ഉദ്ദേശം വ്യക്തമാക്കുന്നുണ്ടോ എന്ന് സംശയം തോന്നി. ഈ നോവൽ വേണ്ടത്ര വായനക്കാരിലേയ്ക്ക് എത്തിയിട്ടുണ്ടോ എന്നും അറിയില്ല. (അധികം ആരും പരാമർശിച്ചു കണ്ടിട്ടില്ല). ശ്ലോകങ്ങളും മന്ത്രങ്ങളും എല്ലാം ഇടയ്ക്കിടെ വരുന്നു എന്നത് മുഷിപ്പ് ആയി തോന്നാതെ കുറച്ചു അദ്ധ്യായങ്ങൾ ക്ഷമയോടെ വായിയ്ക്കാൻ ശ്രമിച്ചാൽ അവസാനം വരെ നല്ലോരു ത്രില്ലിംഗ് വായനാനുഭവം തരുന്ന നോവൽ ആണ് സുന്ദരി ഹൈമവതി.


- ശ്രീ

Tuesday, August 22, 2023

കലിക

 പുസ്തകം :  കലിക

രചയിതാവ് / എഡിറ്റർ : മോഹനചന്ദ്രൻ

വിഭാഗം :  നോവൽ 

ഭാഷ : മലയാളം

പ്രസാധകർ :  നാഗകൃഷ്ണ പബ്ലിക്കേഷൻസ്

പേജ് : 294

വില : 12

Rating: 4.5/5

പുസ്തക പരിചയം : 

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മാന്ത്രിക നോവൽ എന്ന് നിസ്സംശയം പറയാൻ കഴിയുന്ന ഒന്നാണ് ഏതാണ്ട് അമ്പതു വർഷങ്ങൾക്ക് മുൻപ് മോഹനചന്ദ്രന്റെ തൂലികയിൽ പിറന്ന കലിക എന്ന നോവൽ.

ഗ്രാമത്തിലെ തന്റെ മംഗലത്ത്  തറവാടിനെ (അച്ഛന്റെയും അമ്മയുടെയും ദുർ മരണങ്ങൾക്ക് ശേഷം) ഉപേക്ഷിച്ചു വർഷങ്ങൾക്ക് മുൻപ് മദ്രാസിലേയ്ക്ക് പാപ്പന്റെ ഒപ്പം പലായനം ചെയ്ത സദൻ പതിനേഴു വർഷങ്ങൾക്കിപ്പുറം ആത്മ സുഹൃത്തുക്കളായ ജോസഫ്, സഖറിയ, ജമാൽ എന്നിവർക്കൊപ്പം തന്റെ ഗ്രാമത്തിലെയ്ക്ക് തിരികെ വരുന്നതും തുടർ സംഭവങ്ങളും ആണ് നോവലിന്റെ ഇതിവൃത്തം.

അനാഥൻ എങ്കിലും വിദേശങ്ങളിൽ ജേർണലിസ്റ്റ് ആയി ജോലി നോക്കുന്ന സകലകലാവല്ലഭൻ ആയ ജോസഫ് (പൊടിമോൻ). ജന്മം കൊണ്ട് ഹിന്ദു എങ്കിലും അമ്മയുടെ മരണ ശേഷം ഒരു ഫാദറിന്റെ കാരുണ്യത്തിൽ അനാഥാലത്തിൽ തുടർന്ന് ജോസഫ് ആയി വളർന്നു... അടുത്തത് കൂട്ടത്തിലെ സുന്ദരൻ സഖറിയ (കറിയ). നസ്രാണിയാണെങ്കിലും മന്ത്രങ്ങളിലും ഹിന്ദുമതാചാരങ്ങളിലും പാവീണ്യം നേടിയ കറിയയുടെ മിടുക്കനായ മകൻ. അപ്പച്ചനെ പോലെ മകനും കുറെയൊക്കെ മന്ത്രവിധികൾ വശമുണ്ട്. ഒപ്പം മൂവരുടെയും ജേഷ്ഠ സ്ഥാനീയൻ ആയ ജമാൽ (ഇക്കാക്ക). കച്ചവട കണ്ണുള്ള ഒരു വ്യാപാരി ആണെന്നാലും സദനെയും സഖറിയയെയും ജോസഫിനെയും എറ്റവും അടുത്തറിയുന്ന ജേഷ്ഠനെ പോലെയാണ് ജമാൽ. ഒരപകടത്തിനു ശേഷം ശാരീരികമായും മാനസികമായും 'ചില പരിമിതി'കളാൽ  ഭക്ഷണം, പണം... എന്നീ ചിന്തകളിൽ മാത്രമായി ഒതുങ്ങി കഴിയുന്നു. 

സദനും കൂട്ടുകാരും അന്യ നാട്ടുകാരനായ രങ്കയ്യ എന്ന സ്വാമിയെയും കൂട്ടി നാട്ടിൽ എത്തുകയാണു. രങ്കയ്യ തറവാട്ടിന്റെ മുറ്റത്ത് നിന്ന് ആരോ ചെയ്ത ആഭിചാരത്തിന്റെ ആവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചില പൂജകൾക്ക് ശേഷം എല്ലാവർക്കും രക്ഷ കെട്ടി കൊടുത്ത ശേഷം തിരിച്ചു പോകുകയും ചെയ്യുന്നു. ശേഷം  ഗ്രാമത്തിൽ തങ്ങുന്ന ഈ നാൽവർ സംഘത്തെ ആ ഗ്രാമത്തിൽ കാത്തിരിക്കുന്നത് പകയും,  പ്രതികാരവും, പ്രണയവും എന്തിന് മരണം പോലും ആണെന്ന് അവരപ്പോൾ  അറിയുന്നില്ല.  

ഒട്ടനവധി നിഗൂഢതകളുടെ അഴിയാക്കുരുക്കുകളിൽ പെട്ട് കിടക്കുന്ന മംഗലത്ത് തറവാടിന്റെ ശാപം കഴുകി കളഞ്ഞു   ശുദ്ധീകരിയ്ക്കുവാൻ ചില ശ്ലോകങ്ങളുടെയും മന്ത്രങ്ങളുടെയും സഹായം വേണ്ടി വരുമെന്ന് സഖറിയ മനസ്സിലാക്കുന്നു. അതിന്റെ ഭാഗമായി ചില സംസ്കൃത ശ്ലോകങ്ങളുടെ അർത്ഥം കൃത്യമായി അറിയുവാൻ അവർ നാട്ടിലെ വിദ്യാലയത്തിലെ സംസ്കൃതാദ്ധ്യാപികയായ കലിക ടീച്ചറെ സമീപിയ്ക്കുന്നു. 

പിന്നീട് കഥ മറ്റൊരു തലത്തിലെയ്ക്ക് കടക്കുകയാണ്.

കലിക ഒരു വെറും പെണ്ണല്ല എന്ന് അവർ തിരിച്ചറിയുമ്പോഴേയ്ക്കും കുറേ വൈകിപ്പൊയിരുന്നു.  അപൂർണ്ണമായ കാവും മംഗലത്ത് തറവാടും കലികയുമായിട്ടുള്ള ബന്ധം എന്ത്... ഇടയ്ക്ക് കേൾക്കുന്ന ഒരു കൊച്ചു പെൺ കുട്ടിയുടെ കരച്ചിലിന്റെ പുറകിലെ യാഥാർത്ഥ്യം എന്ത്... ദുഷ്ട പിശാചുക്കളെ എതിർത്തു തോൽപ്പിയ്ക്കാൻ ഈ നാൽ വർ സംഘത്തിനു കഴിയുമോ ?

വെറുമൊരു മാന്ത്രിക നോവൽ മാത്രമല്ല, അടിച്ചമർത്തപ്പെട്ട ഒരു പെണ്ണിന്റെ  പ്രതികാരത്തിന്റെ കഥ കൂടി ആണ് ഈ നോവൽ. സൗന്ദര്യവും ലഹരിയും ഭീതിയും രതിയും പകയും പ്രതികാരവും സമാസമം ഇതിലൂടെ നമുക്ക് കാണാം.

(1980 ല്‍ ബാലചന്ദ്രമേനോൻ   കലിക സിനിമയാക്കി. പക്ഷെ,   ഷീല നായികയായ ഈ ചിത്രത്തിനു നോവലുമായി കാര്യമായ ബന്ധം അവകാശപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല.)

ഈ മാറിയ കാലഘട്ടത്തിൽ പോലും ആവേശത്തോടെ വായിച്ചിരുന്നു പോകും ഈ നോവൽ.   ഒട്ടനവധി മാന്ത്രിക നോവലുകൾ പിന്നീട് ഇറങ്ങാൻ കലിക പ്രചോദനമായിട്ടുണ്ട്. ഇത് ഇറങ്ങിയതിനു ശേഷം മാത്രമാണ് പി വി തമ്പി യുടെ കൃഷ്ണ പരുന്ത് പോലും വരുന്നത്. 

- ശ്രീ

Wednesday, August 16, 2023

ദി ഡിവോഷൻ ഓഫ് സസ്പെകട് എക്സ്

 പുസ്തകം:  ദി ഡിവോഷൻ ഓഫ് സസ്പെകട് എക്സ്

രചയിതാവ് / എഡിറ്റർ : കീഗോ ഹിഗാഷിനോ

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ: മഞ്ജുൾ  

പേജ്: 362

വില: 399

Rating: 4.5/5



പുസ്തക പരിചയം:


പ്രശസ്ത ജാപ്പനീസ് എഴുത്തുകാരനായ കെയ്ഗോ ഹിഗാഷിനോയുടെ ദി ഡിവോഷൻ ഓഫ് സസ്പെക്ട് എക്സ്   എന്ന പുസ്തകം ത്രില്ലറുകളിൽ ഒരുപാട് മുന്നിൽ നിൽക്കുന്ന ഒന്ന് തന്നെ എന്ന് നിസ്സംശയം പറയേണ്ടി വരും. ഒരിയ്ക്കലും ആരും പ്രതീക്ഷിയ്ക്കാത്ത ഒരു ട്വിസ്റ്റ് കഥയെ തികച്ചും വ്യത്യസ്തമാക്കുന്നു.അതറിയുമ്പോൾ വായനക്കാർ ശരിയ്ക്കും ഞെട്ടുക തന്നെ ചെയ്യും...


അബദ്ധത്തിൽ സംഭവിച്ചു പോകുന്ന ഒരു കൊലപാതകം... മരിച്ചയാൾ മരിയ്ക്കേണ്ടയാൾ തന്നെയാണെങ്കിലും കൊലപാതകം കുറ്റമല്ലാതാകുന്നില്ലല്ലോ.   പക്ഷെ അത് മറച്ച് വയ്ക്കാൻ സാധിച്ചാൽ ഒരു പാവം അമ്മയും മകളും ഒരു പക്ഷെ രക്ഷപ്പെട്ടാലൊ ? ആ കൊലപാതകം മറച്ചു വയ്ക്കാൻ ഒരു വ്യക്തി ശ്രമിച്ചാൽ അയാൾക്ക് അത് തെളിയിയ്ക്കപ്പെടാതിരിയ്ക്കാൻ അഥവാ അവർ ശിക്ഷിയ്ക്കപ്പെടാതിരിയ്ക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും ? അതെ സമയം അത് നടന്നെങ്കിൽ അതെങ്ങനെ ആയിരിയ്ക്കും എന്ന് തെളിയിയ്ക്കാൻ മറ്റൊരാൾ കൂടി രംഗത്തിറങ്ങിയാലോ? അതാണ് ദി ഡിവോഷൻ ഓഫ് സസ്പെക്ട് എക്സ് എന്ന നോവൽ. 


 യസൂക്കയും മകളായ മിസാറ്റോയും മാത്രം താമസിക്കുന്ന ഫ്ലാറ്റിലേക്ക് ശല്യക്കാരൻ ആയ മുൻ ഭർത്താവ് തൊഗാഷി അപ്രതീക്ഷിതമായി എത്തുന്നതും തുടർന്ന് അബദ്ധത്തിൽ നടക്കുന്ന ഒരു  കൊലപാതകം.  അത് അന്വേഷിക്കാനെത്തുന്ന കുസനഗി എന്ന പോലീസ് ഓഫീസർ... ഒറ്റ നോട്ടത്തിൽ ഒന്നിനും തെളിവില്ല. പക്ഷെ...!!!


യസൂക്കോയുടെ ഫ്ലാറ്റിന്റെ  തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന   പ്രൊഫസർ ഇഷിഗാമി ആ അമ്മയെയും മകളെയും സഹായിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ  മറുവശത്ത് കുസനഗിയോടൊപ്പം ചേരുന്നത് ഇഷിഗാമിയുടെ പഴയ സുഹൃത്ത് ആയ പ്രൊഫസർ യുകാവ ആണ്. കണക്ക് പ്രൊഫസർ ആയ ഇഷിഗാമിയുടെ ബുദ്ധിയും കൗശലവും ഊർജ തന്ത്ര അദ്ധ്യാപകൻ ആയ യുകാവയുടെ നിരീക്ഷണ പാടവവും തമ്മിലുള്ള മത്സരം ആണു വായനക്കാരെ ഹരം കൊള്ളിയ്ക്കുന്നത്. ഡിറ്റക്ടീവ് ഗലീലിയോ എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന, പോലീസിനെ പലപ്പോഴും സഹായിയ്ക്കാരുള്ള വ്യക്തി കൂടി ആണ് ഡോ. മനാബു യുകാവ എങ്കിൽ ഇതേ യുകാവ പോലും ബഹുമാനത്തോടെ കാണുന്ന വ്യക്തി ആണ് അദ്ദേഹത്തിന്റെ പഴയ സുഹൃത്ത് ഇഷിഗാമി. 


"ആർക്കും ഉത്തരം കണ്ടെത്താൻ  കഴിയാത്ത ഒരു സമസ്യ സൃഷ്ടിക്കുന്നതാണോ അതോ ആ സമസ്യയുടെ ഉത്തരം കണ്ടെത്തുന്നതാണോ  കൂടുതൽ ബുദ്ധിമുട്ട്?"


 രണ്ട് ദിവസം കൊണ്ട് 360 ൽ പരം പേജ് വരുന്ന ഈ പുസ്തകം മുഴുവൻ വായിച്ച് തീർത്തപ്പോൾ നല്ലോരു ഫീൽ ആയിരുന്നു. ഇഷിഗാമിയും യുകാവയും കുറേ കാലം മനസ്സിൽ ഉണ്ടാകുമെന്നുറപ്പ്.


- ശ്രീ

Wednesday, August 2, 2023

കലാലയ വര്‍ണ്ണങ്ങള്‍

ഇരുപത്തി നാലു വര്‍ഷങ്ങള്‍... അതെ, ഇരുപത്തി നാലു വര്‍ഷങ്ങള്‍ തികയുകയാണ്  പിറവത്തെ ബിപിസി എന്ന കലാലയത്തില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം തുടങ്ങിയിട്ട്. ബിരുദ പഠനത്തിനായി ചിലവിട്ട വെറും മൂന്നു വര്‍ഷങ്ങളേ അവിടെ പഠിച്ചുള്ളൂ എങ്കിലും ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു അത്. കോളേജ് ലൈഫ് ശരിയ്ക്ക് ആഘോഷിച്ചത് അവിടെ വച്ചായിരുന്നു.

1999 ല്‍ ഞങ്ങളുടെ ബാച്ച് ആരംഭിയ്ക്കുമ്പോള്‍ ബി പി സി കോളേജ് അതിന്റെ ബാല്യം പിന്നിട്ടിരുന്നില്ല. 1995 ല്‍ മാത്രം ആരംഭിച്ച ആ കൊച്ചു കോളേജ് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. മുഴുവനായും പണി പൂര്‍ത്തിയാകാത്ത കെട്ടിടം. താഴെ ബസ് സ്റ്റോപ്പില്‍ നിന്നും മുകളില്‍ കോളേജിന്റെ മുറ്റം വരെ മെറ്റല്‍ വഴി. ഒരു ഗേറ്റോ മതിലോ ഇല്ല. ചുറ്റിനും റബ്ബര്‍ കാട്. ഇതായിരുന്നു അന്നത്തെ ബിപിസി. ഒരു തനി നാട്ടിന്‍ പുറമായിരുന്ന പിറവം എന്ന ഗ്രാമം ഒരു കോളേജിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ടുണ്ടായിരുന്ന നാളുകളായിരുന്നു അത്. റബ്ബര്‍ മരങ്ങള്‍ നിറഞ്ഞതാണെങ്കിലും സ്വച്ഛമായ ഒരു ഗ്രാമം. ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ചുറ്റുപാടുകള്‍. 'കന്നീറ്റുമല' എന്നറിയപ്പെട്ടിരുന്ന ചെറിയ ഒരു കുന്ന്. അതിന്റെ ഒത്ത മുകളില്‍ ഒറ്റയ്ക്ക് ഒരു കോളേജ്. അതായിരുന്നു ഞങ്ങളുടെ ബിപിസി.

ആകെ മൂന്ന് ബാച്ച് മാത്രം (BCA, BSc Electronics, BBA). എല്ലാത്തിലും കൂടി 500 ല്‍ താഴെ മാത്രം വിദ്യാര്‍ത്ഥികള്‍. ചെറുപ്പക്കാരായ, ചുറുചുറുക്കുള്ള അദ്ധ്യാപകര്‍.  കേവലം അദ്ധ്യാപകരും സഹപാഠികളും എന്നതിലുപരി ബിപിസി ഞങ്ങളുടെ കുടുംബമായിരുന്നു. ഒരു സൌഹൃദ കുടുംബം. ക്ലാസ്സെടുക്കുന്ന സമയങ്ങളില്‍ മാത്രം അദ്ധ്യാപകര്‍, അല്ലാത്തപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍. അതായിരുന്നു ബിപിസിയിലെ അദ്ധ്യാപകരുടെ നയം. ഞങ്ങളുടെ മൂന്നു വര്‍ഷത്തിനിടയ്ക്ക് ഒരിയ്ക്കല്‍ പോലും സമരമോ പഠിപ്പു മുടക്കോ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍ തന്നെ ആ കലാലയാന്തരീക്ഷം എല്ലാവര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. അതിന്റെ ആവശ്യം വന്നിട്ടില്ല എന്നതാണ് സത്യം. തിരഞ്ഞെടുപ്പുകാലങ്ങള്‍ പോലും തികച്ചും ശാന്തമായിരുന്നു.

അന്ന് കോളേജിനു സ്വന്തമായി ഒരു ബോയ്‌സ് ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. എന്നെ പോലെ ദൂരദേശങ്ങളില്‍ നിന്നും വന്നിരുന്നവര്‍ കോളേജിനടുത്ത് കിട്ടിയിരുന്ന ഒഴിഞ്ഞ വീടുകളില്‍ വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു പതിവ്.  എന്നാല്‍ മറ്റൊരു നാട്ടിലാണ് എന്ന തോന്നല്‍ പോലും ഉണ്ടാകാത്തത്ര സൌഹാര്‍ദ്ദപരമായ അന്തരീക്ഷമായിരുന്നു അവിടെ. ആ നാട്ടിലെ ഒരാളെ എന്ന പോലെ നാട്ടുകാരും ഞങ്ങളെ സ്നേഹിച്ചു, പരിഗണിച്ചു. എല്ലാം കൊണ്ടും നല്ല ഓര്‍മ്മകള്‍ മാത്രം നിറഞ്ഞ മൂന്നു വര്‍ഷം.

ഇപ്പൊഴും ബി പി സി കോളേജിന്റെ ആ ഗ്രൌണ്ട് കാണുമ്പോള്‍ അല്ലെങ്കില്‍ അതെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ ഒരു അഭിമാനമാണ്... ഞങ്ങളുടെ പഠനകാലത്ത്, NSS ക്യാമ്പിന്റെ ഭാഗമായി കാടു വെട്ടിത്തെളിച്ച് ഗ്രൌണ്ട് നിര്‍മ്മാണത്തിന് തുടക്കമിട്ടത് ഞങ്ങളായിരുന്നു. കാടും പടലും വെട്ടിത്തെളിയ്ക്കുന്ന കൂട്ടത്തില്‍ നായ്‌ക്കുരണ ചെടികള്‍ തിങ്ങി നിന്നിരുന്ന ഒരു സ്ഥലമുണ്ടായിരുന്നു. അത് എന്താണെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും ഞങ്ങള്‍ മൂന്നു നാലു പേര്‍ (ഞാനും സുധിയപ്പനും ജെയ്‌സണ്‍ ചേട്ടനുമെല്ലാം) അതു മുഴുവന്‍ വെട്ടി വെളുപ്പിയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കാര്യം മനസ്സിലാക്കിയപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. ദേഹത്തെല്ലാം പൊടി വീണു കഴിഞ്ഞു. എങ്കിലും ഞങ്ങള്‍ പിന്മാറിയില്ല. എന്തായാലും ഞങ്ങളുടെ ദേഹത്ത് പൊടി പറ്റിക്കഴിഞ്ഞു. ഞങ്ങള്‍ ഉടനെ മറ്റെല്ലാവരേയും അവിടെ നിന്നും മാറ്റി. എന്നിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ആ ഏരിയ മുഴുവന്‍ വെട്ടിവെളുപ്പിച്ചു. എന്നിട്ട് വെട്ടി മാറ്റിയ നായ്ക്കുരണ ചെടികള് എല്ലാം ദൂരെ കൊണ്ടു കളഞ്ഞ ശേഷമാണ് ഞങ്ങള്‍ പിന്മാറിയത്. (പിന്നെ അന്നത്തെ ദിവസം മുഴുവന്‍ ചൊറിച്ചിലായിരുന്നു. ഒന്നര മണിക്കൂര്‍ പൈപ്പിന്‍ ചുവട്ടില്‍ തന്നെ നിന്ന് കുളിച്ച ശേഷമാണ് ചെറിയൊരു ആശ്വാസം കിട്ടിയത്).

ഇന്ന് കോളേജിനു മുന്‍‌പില്‍ കാണുന്ന ഒട്ടു മിക്ക മരങ്ങളും ചെടികളും ഞങ്ങളുടെ കയ്യൊപ്പു പതിഞ്ഞവയാണ്. അന്നത്തെ പ്രിന്‍‌സിപ്പാള്‍ ആയിരുന്ന ബേബി എം  വര്‍ഗ്ഗീസ് സാറിനും  തുടര്‍ന്നു വന്ന കെ എം കുര്യാക്കോസ് സാറിനും വളരെ ഇഷ്ടമായിരുന്നു മരം വച്ചു പിടിപ്പിയ്ക്കുന്നത്. അവരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ നട്ടു പിടിപ്പിച്ച മരങ്ങള്‍ മിക്കതും ഇന്നും അവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. വെറുതേ നടുക മാത്രമല്ല, ഞങ്ങള്‍ പോരുന്ന കാലം വരെ അവധി ദിവസങ്ങളിലെല്ലാം ഇടയ്ക്ക് കോളേജില്‍ പോയി ആ ചെടികളും മരങ്ങളുമെല്ലാം നനയ്ക്കാന്‍ ഞങ്ങള്‍ അക്കാലത്ത് സമയം കണ്ടെത്തിയിരുന്നു, കേട്ടോ. എല്ലാത്തിനും പിന്തുണയായി ബിജു സാറും ടിജി സാറും (NSS)  എന്നുമുണ്ടായിരുന്നു.

അതേ പോലെ ഒന്നാം സെമസ്റ്റര്‍ ക്ലാസ്സിലെ രണ്ടു സീലിങ്ങ് ഫാനുകള്‍ ഇന്നും ഞങ്ങളുടെ സ്വകാര്യ സന്തോഷമാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പിരിവിട്ട് വാങ്ങിയതായിരുന്നു അവ. അന്ന് അവ ഫിറ്റ് ചെയ്ത ദിവസം ഫിസിക്സ് വാദ്ധ്യാര്‍ ആയിരുന്ന സന്തോഷ് സാര്‍ ഞങ്ങളെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. “നിങ്ങള്‍ ഈ കോളേജില്‍ നിന്നും പോയാലും വര്‍ഷങ്ങളോളം നിങ്ങളുടെ ഓര്‍മ്മയ്ക്കായി ഇവ ഇവിടെയുണ്ടാകും”. അത് സത്യമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.

ഇപ്പോള്‍ ആലോചിയ്ക്കുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകള്‍...

1999 ല്‍ ആദ്യമായി ആ കലാലയത്തിന്റെ പടിയ്ക്കല്‍ ബസ്സിറങ്ങി പകച്ചു നിന്നതും... ഇളകിക്കിടക്കുന്ന വലിയ മെറ്റല്‍ പാകിയ, ഇരു വശങ്ങളിലും റബ്ബര്‍ മരങ്ങള്‍ മാത്രം വളര്‍ന്നു നില്‍ക്കുന്ന വഴിയിലൂടെ കുറച്ച് ആയാസപ്പെട്ട് കോളേജ് സ്ഥിതി ചെയ്യുന്ന കന്നീറ്റുമല എന്നറീയപ്പെടുന്ന ആ കുന്നു കയറിയതും... മറ്റു വമ്പന്‍ കോളേജുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന ചെറുതായ ആ കോളേജ് കെട്ടിടം കണ്ട് അതിശയിച്ചതും... അദ്ധ്യാപകരുള്‍പ്പെടെയുള്ള അന്നാട്ടുകാരുടെയും അതിനു തെക്കുള്ളവരുടെയും  പരിചിതമല്ലാത്ത ഭാഷ കേട്ട് അന്തം വിട്ടതും (അതേ പോലെ എന്റെ ചാലക്കുടി ഭാഷ കേട്ട് അവരും)... താമസിയ്ക്കാനായി ഒരു വീട് നോക്കി കുറേ ദൂരം അലഞ്ഞു നടന്നതും... വീട്ടുകാരെയും ബന്ധുക്കളെയും എല്ലാം വിട്ട് ആദ്യമായി മാറി താമസിച്ചതും... പതുക്കെ പതുക്കെ ആ നാടിനെയും നാട്ടുകാരെയും കോളേജിനെയും ആ ചുറ്റുപാടുകളെയും ഇഷ്ടപ്പെട്ടതും... പിന്നീടുള്ള 3 വര്‍ഷക്കാലം ജീവശ്വാസം പോലെ ഞങ്ങളുടെ ബി പി സി കോളേജിനെ സ്നേഹിച്ചതും... അവിടത്തെ ഓരോ ആഘോഷ ദിവസങ്ങളുടെയും തലേന്ന് ഉറക്കമിളച്ച്  കവല മുതല്‍ കോളേജിന്റെ മുറ്റം വരെ കുഴിയെടുത്ത്, പോസ്റ്റുകള്‍ നാട്ടി,  തോരണങ്ങള്‍ കെട്ടാറൂള്ളതും, കിഴക്കു വെള്ള കീറൂം വരെ കോളേജു മൊത്തം അലങ്കരിയ്ക്കാറുള്ളതും അതു കഴിഞ്ഞ് പിറ്റേ ദിവസം ആഘോഷപരിപാടികള്‍ അവസാനിയ്ക്കുമ്പോഴേയ്ക്കും ക്ഷീണം കാരണം ഉറക്കം തൂങ്ങി തളര്‍ന്ന് ഇരിയ്ക്കേണ്ടി വരാറുള്ളതും... അവിടുത്തെ അവസാന സെമസ്റ്റര്‍ കഴിയുന്നത്ര ആസ്വദിച്ച് അവിസ്മരണീയമായ ദിവസങ്ങളാക്കി മാറ്റിയതും... എല്ലാം... എല്ലാം ഇന്ന് സുഖമുള്ള ഓര്‍മ്മകള്‍!

ഇപ്പോള്‍ ഇരുപത്തി നാലു വര്‍ഷങ്ങള്‍ തികയുകയാണ്. ഇന്ന് ആ പഴയ നിലയില്‍ നിന്നും ഞങ്ങളുടെ ബിപിസി ഒട്ടേറെ വളര്‍ന്നു കഴിഞ്ഞു. രൂപവും ഭാവവും എല്ലാം മാറി. എങ്കിലും എത്രയൊക്കെ മാറിയാലും ഞങ്ങളുടെ മനസ്സില്‍ ബിപിസി എന്നും പഴയ ബിപിസി തന്നെ. വലിയ ടാര്‍ റോഡും നാലഞ്ചു നിലകളുള്ള വലിയ കെട്ടിടവും മതില്‍‌ക്കെട്ടും ഇരുമ്പു ഗേറ്റും വമ്പന്‍ ഗ്രൌണ്ടും ഒരുപാടു കോഴ്സുകളും എല്ലാമായി ബിപിസി വളര്‍ന്നു. പഴയ സഹപാഠികളില്‍ ഭൂരിഭാഗം പേരും ഈ കാലയളവിനുള്ളില്‍ കുടുംബസ്ഥരായിക്കഴിഞ്ഞു. നല്ലൊരു ശതമാനം പേരും ഇന്ന് നാട്ടിലില്ല. അടുത്ത സുഹൃത്തുക്കളെ അടിയ്ക്കടി കാണാറുണ്ടെങ്കിലും സോഷ്യൽ മീഡിയകളിലൂടെ ഉള്ള ചാറ്റും ഫോൺ സംഭാഷണങ്ങളിലും മാത്രമായി ബാക്കിയുള്ളവരുമായുള്ള ബന്ധം ചുരുങ്ങി.

എങ്കിലും, വര്‍ഷം എത്ര കഴിഞ്ഞാലും വേറെ എത്രയെത്ര സൌഹൃദങ്ങള്‍ ലഭിച്ചാലും ഞങ്ങള്‍ക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട കലാലയവും സൌഹൃദവും തന്ന ആ നാടും അവിടത്തെ ആ കലാലയവും എന്നും മനസ്സില്‍ ഒളി മങ്ങാതെ നിലനില്‍ക്കും എന്നുറപ്പാണ്. ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസത്തെ സ്മരിച്ചു കൊണ്ട്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തെ സ്മരിച്ചു കൊണ്ട്... ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്കും അന്നത്തെ എല്ലാ സഹപാഠികള്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.


Tuesday, May 23, 2023

ശിവകാമിയുടെ ശപഥം

 പുസ്തകം:  ശിവകാമിയുടെ ശപഥം

രചയിതാവ് / എഡിറ്റർ : കൽക്കി കൃഷ്ണമൂർത്തി   

പരിഭാഷകന്‍: ബാബുരാജ് കളമ്പൂർ 

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ: ഡി സി ബുക്ക്സ്

പേജ്: 1104

വില: 1199

Rating: 3.75/5



പുസ്തക പരിചയം:


തമഴ് നാട്ടിൽ ചരിത്രം സൃഷ്ടിച്ച കൽക്കി കൃഷ്ണമൂർത്തിയുടെ ക്ലാസിക് കൃതിയാണു ശിവകാമിയിൻ ശപഥം (ശിവകാമിയുടെ ശപഥം).


 തമിഴ് സാഹിത്യത്തിലെ തന്നെ  ഏറ്റവും മികച്ച ചരിത്രനോവലുകളിൽ ഒന്ന് എന്നാണ് ഈ കൃതി അറിയപ്പെടുന്നത്. പൊന്നിയിൽ സെൽവൻ എന്ന ചരിത്ര കഥ നടക്കുന്നതിനും 300 വർഷങ്ങൾക്ക് മുൻപ് ആറാം നൂറ്റാണ്ടിൽ നടന്ന കഥയാണ് ഇത്. ഇന്ത്യയുടെ വടക്കു ഭാഗം മുഴുവനായും അടക്കി ഭരിച്ചിരുന്ന ഹർഷവർദ്ധനു പുറമെ ശക്തരായ മറ്റു രണ്ടു സാമ്രാജ്യങ്ങൾ ആയിരുന്നു ചാലൂക്യരും പല്ലവരും.  കലകളെ അതിരറ്റ് പ്രോത്സാഹിപ്പിച്ചിരുന്ന ആ പല്ലവ സാമ്രാജ്യത്തിൻ്റെ കഥയാണു ഇത്.  അന്നത്തെ പല്ലവ ചക്രവർത്തിയായിരുന്ന അതീവ ബുദ്ധിശാലിയും വീര പരാക്രമിയും ദീർഘദർശിയുമായ മഹേന്ദ്രവർമ്മൻ്റെയും മകൻ മാമല്ലനെന്ന്  പേരു കേട്ട നരസിംഹ വർമ്മൻ്റെയും കഥ.  ചെറുപ്പക്കാരനായ, ചുറുചുറുക്കുള്ള, രാജ്യസ്നേഹിയായ അവരുടെ

സേനാപതി പരംജ്യോതിയുടെ യുദ്ധ തന്ത്രങ്ങളുടെ കഥ... അതിശക്തനായ പ്രതിയോഗി നാഗനന്ദിയെന്ന ബുദ്ധഭിക്ഷുവിൻ്റെ കുതന്ത്രങ്ങളുടെ കഥ.


വാതാപിയിലെ ചാലൂക്യവംശരുടെ രാജാവായ സത്യാശ്രയ പുലികേശിയുടെ ക്രൂരതകളുടെ യും അതിസുന്ദരിയായ നർത്തകി ശിവകാമിയുടെ കണ്ണീരിന്റെയും പകയുടെയും പ്രണയത്തിന്റെയും ഭക്തിയുടെയും നീറുന്ന കഥ...


ഇവർക്കിടയിൽ 

യുദ്ധങ്ങൾക്കും പകപോക്കലുകൾക്കുമിടയിൽ ദുരിതം അനുഭവിയ്ക്കുന്ന പ്രഗത്ഭനായ ശില്പി ആയനാരും നേരം പോക്കുകൾ കൊണ്ട് എല്ലാവരേയും ചിരിപ്പിയ്ക്കുന്ന സാരഥി കണ്ണഭിരാനും ഭാര്യ കമലിയും വിദഗ്ദരായ ചാരന്മാർ ശത്രുഘ്നനും കുണ്ഡോദരനും തിരുനാവക്കരശ് സ്വാമിയും ലങ്കൻ യുവരാജാവ് മാനവന്മനും വേങ്കിയിലെ ആദിത്യവർമ്മനും നെടുമാരനും അങനെയങനെ ഒട്ടനവധി പേരും കഥയിൽ പ്രധാന കഥാപാത്രങ്ങൾ ആകുന്നുണ്ട്.


നൃത്തകലയെയും ശില്പ കലയേയും എല്ലാ മതങ്ങളെയും ഒരുപോലെ പ്രോത്സാഹിപ്പിച്ചിരുന്ന, ഈ മൂന്നു സാമ്രാജ്യങ്ങളും പരസ്പര സഹകരണത്തോടെ കഴിയണം എന്നാഗ്രഹിച്ചിരുന്ന പ്രഗത്ഭനായ ഭരണാധികാരി ആയിരുന്നു മഹേന്ദ്രവർമ്മൻ. അച്ഛൻറെ ഏത് ആജ്ഞ്ഞയും അതേ പടി അനുസരിയ്ക്കുന്ന, പതിനെട്ട് വയസ്സിനുള്ളിൽ എല്ലാ മല്ലന്മാരെയും തോൽപിച്ചു മാമല്ലൻ എന്ന് പേര് കേട്ട മിടുക്കനായ യുവരാജാവ് നരസിംഹവർമ്മനെ മികച്ച ഒരു പോരാളിയും ഭരണാധികാരിയുമാക്കി മാറ്റാൻ മഹേന്ദ്രവർമ്മൻ പല്ലവരുടെ  സേനാപതിയായി പരംജ്യോതി എന്ന യുവാവിനെ നിയമിയ്ക്കുന്നു. കഥയുടെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന ഒരു കഥാപാത്രമാണ് പരംജ്യോതിയുടേത്. 


ശാന്തമായി പോകുന്ന രാജ്യത്തിന്റെ അവസ്ഥ, ചാലൂക്യ സേനയുടെ യുദ്ധഭീഷണി വരുന്നതോടെ തകിടം മറിയുന്നു. പല്ലവ സൈന്യത്തിന്റെ മൂന്നിരട്ടി ആൾബലവും ആയുധബലവും ഉള്ള, അയൽ രാജ്യങ്ങളുടെ പിന്തുണയുള്ള (ബുദ്ധ-ജൈന മതക്കാരുടെ ഏഷണി മൂലം) ചാലൂക്യ സൈന്യം ശക്തമായ വെല്ലുവിളി ആകുന്നുവെങ്കിലും പുലികേശിയെയും സംഘത്തെയും തുരത്തുന്നുവെങ്കിലും പോകുന്ന പോക്കിൽ അവർ നാട് മുഴുവൻ ചുട്ടെരിച്ചു, ആണുങ്ങളെ കൊന്നും വികലാംഗരാക്കിയും യുവതികളെ തടവിലാക്കിയും ഒപ്പം രാജാവിനെതിരെ വിഷക്കത്തി പ്രയോഗിച്ചും നാട് വിടുന്നു. ഒപ്പം നടനമയൂരം എന്നു പേര് കേട്ട ശിവകാമിയെയും തടവിലാക്കി കൊണ്ടു പോകുന്നു...


പല്ലവരുടെ കഥ എന്ന് പറയാം എങ്കിലും ഈ കഥ നരസിംഹന്റെയും ശിവകാമിയുടെയും പ്രണയത്തെ ചുറ്റിപ്പറ്റിയാണു മുന്നേറുന്നത്. അയൽ  രാജ്യത്തിന്റെ പിടിയിൽ ആയതിനെ തുടർന്ന് നാഗനന്ദി സ്വാമിയുടെ തന്ത്രഫലമായി ഒരു പ്രത്യേക സാഹചര്യത്തിൽ  അവളൊരു ശപഥം ചെയ്യുന്നു.  9 വർഷങ്ങൾ കൊണ്ട് ഒരുപാട് പേരുടെ ജീവിതം തന്നെ മാറി മറിയാനും രണ്ട് രാജ്യങ്ങളുടെ തലവര തന്നെ മാറാനും ആ ശപഥം കാരണമാകുന്നു...


അതാണു ശിവകാമിയുടെ ശപഥം എന്ന 1100 ലധികം പേജുകൾ ഉള്ള ഈ നോവൽ.


- ശ്രീ

Friday, February 17, 2023

മഹിഷ്മതിയുടെ റാണി

 

പുസ്തകം:  മഹിഷ്മതിയുടെ റാണി

രചയിതാവ് / എഡിറ്റർ : ആനന്ദ് നീലകണ്ഠൻ   

പരിഭാഷകന്‍: സുരേഷ് എം ജി

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ: ഡി സി ബുക്സ് 

പേജ്: 496

വില: 550

പുസ്തക പരിചയം:


ശിവഗാമിയുടെ ഉദയത്തിനും ചതുരംഗത്തിനും ശേഷമുള്ള മൂന്നാമത്തെയും അവസാനത്തെയും പുസ്തകമാണ് ഇത്. മഹിഷ്മതി വലിയൊരു അപകടത്തിലാണ്.  ശത്രുക്കളെല്ലാം ഒരുമിച്ച് രാജ്യത്തിനെതിരേ ആക്രമണം അഴിച്ചു വിടുമ്പോൾ മഹാരാജാവ് സോമദേവ ചതിയിൽ പെട്ട് പരാജയപ്പെടുമ്പോൾ... ബിജ്ജാല ദേവ സ്വാർത്ഥ താല്പര്യങ്ങൾക്കായി ചതിയ്ക്കുമ്പോൾ... മഹാദേവ പോലും രാജധർമ്മത്തെക്കാൾ സത്യവും നീതിയും പിന്തുടരുമ്പോൾ മുഴുവൻ ഉത്തരവാദിത്വങ്ങളും ശിവകാമിയിൽ നിക്ഷിപ്തമാകുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ പ്രതികാരത്തെക്കാൾ വലുത് പ്രതിരോധമാണെന്ന് ശിവഗാമി തിരിച്ചറിയുന്നു.


എന്നെന്നും വിശ്വസ്തനും വീര പരാക്രമിയുമായ കട്ടപ്പ,  ശിവഗാമിയ്ക്ക് വേണ്ടി എന്തിനും തയ്യാറായ ഗുണ്ടു രാമു എന്നിവർക്കും   കടൽക്കൊള്ളക്കാരനെങ്കിലും ഒട്ടേറെ കഴിവുകളുള്ള ജീമോതയുടെയും ഒപ്പം നേരിന്റെയും നന്മയുടെയും മുഖമായ വിക്രമ ദേവ മഹാദേവയും ശിവകാമിയോട്  കൂടി അണി  ചേരുമ്പോൾ ആവേശഭരിതമായ പോരിനാണ് മഹിഷ്മതി സാക്ഷിയാകുന്നത്.  ഗൗരീ പർവ്വതത്തിലും ആഴക്കടലിലും കൊട്ടാരത്തിലുമെല്ലാമായി നടക്കുന്ന ഗംഭീരമായ യുദ്ധ വിവരണങ്ങളാൽ സമ്പന്നമാണ് ഈ മൂന്നാം ഭാഗം. ഗരുഡ പക്ഷികളുടെ ആക്രമണങ്ങളും  പ്രത്യാക്രമണങ്ങളുമെല്ലാം വായനക്കാരെ മുൾമുനയിൽ നിർത്തുമെന്ന് തീർച്ച. മഹിഷ്മതി സാമ്രാജ്യത്തെ വിറപ്പിച്ച വിസ്മയ ഭരിതമായ, കേട്ടു കേൾവി പോലും ഇല്ലാത്ത അനേകം യുദ്ധങ്ങളുടെയും തന്ത്രങ്ങളുടെയും  കഥ പറയുന്ന ബാഹുബലി സീരീസിലെ മൂന്നാമത്തെയും അവസാനത്തെ പുസ്തകം ആണ് മഹിഷ്മതിയുടെ റാണി.

ഈ പുസ്തകത്തിന്റെ അവസാനത്തിൽ നിന്നാണ് ബാഹുബലി എന്ന ബ്രഹ്മാണ്ഠ ചലച്ചിത്രം ആരംഭിയ്ക്കുന്നത് തന്നെ.

ബാഹുബലി എന്ന ചിത്രത്തെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിയ്ക്കേണ്ടവയാണ് ഈ മൂന്നു പുസ്തകങ്ങളും.


- ശ്രീ

ചതുരംഗം

 



പുസ്തകം:    ചതുരംഗം

രചയിതാവ് / എഡിറ്റർ : ആനന്ദ് നീലകണ്ഠൻ   

പരിഭാഷകന്‍: സുരേഷ് എം ജി

വിഭാഗം:  നോവൽ 

ഭാഷ: മലയാളം

പ്രസാധകർ: ഡി സി ബുക്സ് 

പേജ്: 318

വില: 380



പുസ്തക പരിചയം:


ശിവഗാമിയുടെ ഉദയം എന്ന ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് ചതുരംഗം. ശിവഗാമിയുടെ അച്ഛൻ ദേവരായ എന്ന പ്രഗത്ഭനായ രാജ സേവകന്റെ ചിത്രവധം എങ്ങനെ ആയിരുന്നു എന്നും കുഞ്ഞു ശിവഗാമിയുടെ നഷ്ടം എത്ര വലുതായിരുന്നു എന്നും എന്തു കൊണ്ട് അവൾക്ക് മഹിഷ്മതി സാമ്രാജ്യത്തോട് ഇത്ര വെറുപ്പ് വന്നു എന്നുമെല്ലാം ഈ പുസ്തകം പറഞ്ഞു തരുന്നു.


പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുക എന്ന ഒറ്റ  ലക്ഷ്യത്തോടെ കഴിയുകയാണ് ശിവഗാമി. ഭൂമിപതി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ തന്റെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുവാനുള്ള അവസരമാണതെന്ന് അവൾ മനസ്സിലാക്കുന്നു.


രാഷ്ട്രീയ തന്ത്രങ്ങളുടെ ചതുരംഗക്കളിയിൽ ശത്രുക്കളോട് എതിരിടുമ്പോൾ തടസ്സമായി ഒരു  പ്രണയം അവളെ തേടിയെത്തുന്നു. തന്റെ ലക്ഷ്യത്തിനായി ആ പ്രണയ വാഗ്ദാനം അവൾ നിരസിയ്ക്കുന്നു.


 ശക്തരായ നിരവധി കളിക്കാരുള്ള  ചതുരംഗക്കളികൾ നിറഞ്ഞ ശിവഗാമിയുടെ വളർച്ചയും അതേ സമയം മഹിഷ്മതി സാമ്രാജ്യത്തിന്റെ  ഉള്ളറകളും തുറന്നു കാട്ടുന്ന ബാഹുബലി സീരീസിലെ രണ്ടാമത്തെ പുസ്തകം ആണ് ചതുരംഗം


- ശ്രീ

ശിവഗാമിയുടെ ഉദയം

 


പുസ്തകം:  ശിവഗാമിയുടെ ഉദയം : ബാഹുബലി തുടക്കത്തിനു മുൻപ്
രചയിതാവ് / എഡിറ്റർ : ആനന്ദ് നീലകണ്ഠൻ  
പരിഭാഷകന്‍: പി എൻ വേണുഗോപാൽ
വിഭാഗം:  നോവൽ
ഭാഷ: മലയാളം
പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്
പേജ്: 560
വില: 299

പുസ്തക പരിചയം:

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയ രാജാമൌലിയുടെ വാക്കുകൾ ആവർത്തിച്ചാൽ ബാഹുബലി സൃഷ്ടിച്ചപ്പോൾ വർ ഒരു ധർമ്മ സങ്കടത്തിലായിരുന്നുവത്രെ.  മഹിഷ്മതിയുടെ കഥാലോകം വളർന്നുകൊണ്ടിരുന്നുവെന്നും  മഹിഷ്മതിയുടെ കഥകൾ ഒരു സിനിമയുടെ എന്നല്ല, രണ്ട് ഭാഗങ്ങളുള്ള സിനിമയിൽ പോലും ഉൾക്കൊള്ളിക്കുവാൻ കഴിയുമായിരുന്നില്ല എന്നുമാണ്.

ആ കഥയിൽ നിന്ന് ഉയർന്നുവന്ന ആകർഷകമായ കഥാലോകത്തെ ഉപേക്ഷിക്കുവാനും അവർക്ക് ആകുമായിരുന്നില്ല. കാരണം ആ കഥയുടെ വരികൾക്കിടയിൽ പതുങ്ങിയിരിക്കുന്ന കഥാപാത്രങ്ങൾ അവരുടെ സ്വന്തം കഥകളുടെ മോക്ഷത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു, അനാവരണം ചെയ്യേണ്ട രഹസ്യങ്ങളുണ്ടായിരുന്നു, രോമാഞ്ചവും ഭയവും ഉളവാക്കുന്ന ഗൂഢാ ലോചനകൾ ഉണ്ടായിരുന്നു.

അങ്ങനെ രസകരമായ കഥകളുടെ  പരമ്പരകൾക്കായി മഹിഷ്മതിയുടെ ഭൂതകാലത്തിലേക്ക് വേട്ടയാടാൻ രാജമൌലി എന്ന സംവിധായകൻ ആനന്ദ് നീലകണ്ഠൻ എന്ന വിഖ്യാതനായ എഴുത്തുകാരനെ കൂട്ടു പിടിയ്ക്കുകയായിരുന്നു.

അങ്ങനെ ആണ് ബാഹുബലി 1,2 സിനിമകൾക്കും മുൻപ് നടന്ന കഥകളെ മൂന്ന് ഭാഗങ്ങളായി 'ശിവകാമിയുടെ ഉദയം, ചതുരംഗം, മഹിഷ്മതിയുടെ റാണി' എന്നിങ്ങനെ മൂന്ന് പുസ്തകങ്ങൾ ആക്കിയത്.

രാജ്യദ്രോഹം ചുമത്തപ്പെട്ടു വധിക്കപ്പെട്ട ഒരു ഭുമിപതിയുടെ മകളായ ശിവഗാമിയുടെ അനാഥാലയത്തിൽ നിന്നും അധികാരത്തിലേക്കുള്ള വളർച്ചയാണ് ശിവകാമിയുടെ ഉദയം എന്ന ആദ്യ നോവൽ.

ഉദ്വേഗജനകമായ ഒരുപാട് രംഗങ്ങളുള്ളതാണു ഈ കഥ. ബിജ്ജാല ദേവൻറെ അച്ഛനായ സോമദേവ ഭരിക്കുന്ന കാലത്താണ് ഈ കഥ നടക്കുന്നത്.  ഭൂരിഭാഗം കഥാപാത്രങ്ങളെയും നമുക്ക് പരിചയം കാണില്ല എന്ന് അറിയാവുന്നത് കൊണ്ട് ആകും നോവലിന്റെ തുടക്കത്തിലെ മൂന്നാലു പേജുകൾ കഥാപാത്രങ്ങളുടെ ചുരുക്കത്തിലുള്ള പരിചയപ്പെടുത്തലിനു വേണ്ടി മാറ്റി വച്ചിട്ടുണ്ട്. നമ്മളിൽ ഭൂരിഭാഗം പേർക്കും പരിചയമുള്ള  കഥാപാത്രങ്ങൾ ആയി ബിജ്ജാല, കട്ടപ്പ, ശിവഗാമി എന്നിങ്ങനെ വിരലിലെണ്ണാവുന്നവർ മാത്രമേ ഈ നോവലിലുള്ളൂ എന്നത് കൊണ്ട് ആകാം ഈ നല്ല തീരുമാനം.

ചതിയും വഞ്ചനയും നിറഞ്ഞ  മഹിഷ്മതി സാമ്രാജ്യത്തിൽ രാജ്യദ്രോഹികളും അധികാര മോഹികളും ചെയ്യുന്ന സ്വാർത്ഥതയും ചതി പ്രയോഗങ്ങളും  നമുക്കു മുന്നിൽ വെളിവാക്കുന്നുണ്ട് ഈ നോവൽ. ആ കാലഘട്ടത്തിലെ മഹിഷ്മതി സാമ്രാജ്യത്തിൻറെയും ചുറ്റുപാടുമുള്ള ഗൗരീ പർവ്വതത്തിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന കഥയാണ് ഈ പുസ്തകത്തിൽ പ്രധാനമായും പറയുന്നത്.

ദൈവീകവും പവിത്രമായതുമായി ഏവരും കണക്കാക്കുന്ന ഗൗരീപർവ്വതത്താൽ അനുഗ്രഹിക്കപ്പെട്ട  മഹിഷ്മതി സാമ്രാജ്യത്തിലെ പ്രഗത്ഭനായ രാജാവ് സോമദേവയോട് കടുത്ത പകയുമായി ജീവിക്കുകയാണ് ശിവഗാമി. രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട് രാജാവിനാൽ ചിത്രവധത്തിനു വിധിയ്ക്കപ്പെട്ട് അതി ഭീകരമായി കൊല ചെയ്യപ്പെട്ട തന്റെ പിതാവിന്റെയും പുറകെ മാതാവിന്റെയും മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ തേടിയിറങ്ങുന്ന ശിവഗാമി, അധികാരത്തിന്റെയും പ്രതികാരത്തിന്റെയും വഞ്ചനയുടെയും ഗൂഢാലോചനയുടെയും ലോകത്തേക്കാണ് എത്തപ്പെടുന്നത്.

ശിവഗാമിയ്ക്കും കട്ടപ്പയ്ക്കും ബിജ്ജാല ദേവനും പുറമെ സോമദേവ രാജൻ, ഹേമവതി  റാണി, മഹാദേവ, പരമേശ്വര, രുദ്രഭട്ട, കാളീചരൻ ഭട്ട, സ്കന്ദദാസ, പട്ടരായ, രൂപക, മേഖല, അഖില, ദേവരായ, ഗോമതി, കാദംബരി, തിമ്മ, ഗുണ്ടു രാമു, കാമാക്ഷി, കലിക, കേകി, ബൃഹന്നള, അല്ലി, ആച്ചി നാഗമ്മ, ശിവപ്പ,മലയപ്പ, ഭൂതരായ, ഹിഡുംബ, അക്കുണ്ടരായ, ഗുഹ, ജീമോത, നീലപ്പ, വാമന, ചിത്രവേണി, ശങ്കരദേവ, മാർത്താണ്ഠ, നരസിംഹ, കാർത്തികേയ, തോണ്ടക, ഉത്തുംഗ, രേവമ്മ മുതൽ കാലകേയരും വൈതാളികരും വരെ... അങ്ങനെയങ്ങനെ ഒട്ടനേകം കഥാപാത്രങ്ങളിൽ കൂടി വികസിയ്ക്കുകയാണ് ഈ കഥ.

അനാഥയായി മാറിയ ശിവഗാമിയുടെ നിശ്ചയധാർഢ്യത്തിന്റെയും ഒറ്റപ്പെട്ട പടയൊരുക്കത്തിന്റെയും കഥ പറയുന്ന, മഹിഷ്മതിയുടെ അറിയാക്കഥകൾ വായനക്കാരിലേക്കെത്തിക്കുന്ന ബാഹുബലി സീരീസിലെ ഒന്നാമത്തെ പുസ്തകം ആണ് ശിവഗാമിയുടെ ഉദയം.

- ശ്രീ

Monday, February 13, 2023

ഓറഞ്ചു തോട്ടത്തിലെ അതിഥി

 പുസ്തകം:  ഓറഞ്ചു തോട്ടത്തിലെ അതിഥി

രചയിതാവ് / എഡിറ്റർ :  ലാജോ ജോസ്

വിഭാഗം: ഡോമെസ്റ്റിക് ത്രില്ലർ

ഭാഷ: മലയാളം

പ്രസാധകർ: മാതൃഭൂമി ബുക്സ് 

പേജ്: 200

വില: 300


പതിവ് കുറ്റാന്വേഷണ നോവൽ എന്ന ലേബലിൽ നിന്ന് വ്യത്യസ്തമായി "കുറ്റകൃത്യവാസനയുള്ള മനുഷ്യരുടെ കഥ" എന്നാണു കഥാകൃത്ത് ലാജോ ജോസ് തന്റെ പുതിയ നോവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അത് ഏറെക്കൂറെ കൃത്യമാണ് എന്ന് നോവൽ വായിയ്ക്കുന്ന ആരും സമ്മതിയ്ക്കും എന്ന് തോന്നുന്നു. 'കൊലപാതകവും അന്വേഷണവും കൊലപാതകിയെ കണ്ടെത്തലും' എന്ന സ്ഥിരം മലയാള കുറ്റാന്വേഷണ നോവൽ ശൈലിയിൽ  നിന്നുമുള്ള വേറിട്ട ഒരു യാത്ര തന്നെ ആണ് ഈ കൃതി. ആ സ്റ്റൈലിൽ ഉള്ള ത്രില്ലറുകൾ ആണ് കൂടുതൽ ഇഷ്ടമെങ്കിലും ഇടയ്ക്ക് ഇത്തരം  വ്യത്യസ്തതകൾ തീർച്ചയായും അഭിനന്ദനാർഹം തന്നെയാണ്. 


ഒറ്റയിരിപ്പിന് വായിച്ചു തീര്ക്കാൻ പ്രേരിപ്പിയ്ക്കുന്ന എല്ലാ ഘടകങ്ങളും അടങ്ങിയ ഈ നോവൽ കുറ്റവാളികളുടെ  മനസ്സിലൂടെയുള്ള ഒരു യാത്രയും കൂടിയാണ്. ഓരോ ആദ്ധ്യായങ്ങളിലായി വിവേക്, അനുപമ, ജോഷ്വ എന്നീ കഥാപാത്രങ്ങളിലൂടെ കുറ്റകൃത്യങ്ങളുടെ  മനോവിചാരങ്ങളിലേക്ക് എഴുത്തുകാരൻ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.  കുട്ടിക്കാലം മുതൽ ചെയ്യുന്ന, പിടിയ്ക്കപ്പെടാത്ത ഓരോ തെറ്റുകളും അടുത്തതായി അതിലും വലുത് എന്തോ ചെയ്യാനുള്ള  ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്നത് സത്യമാണെന്നും അങ്ങനെ നോക്കിയാൽ നമ്മുടെ ഓരോരുത്തരുടെയും ഉള്ളിന്റെയുള്ളിൽ ഓരോ കൊച്ചു ക്രിമിനലുകൾ ഉറങ്ങിക്കിടപ്പില്ലേ എന്നു പോലും ഈ നോവൽ വായിയ്ക്കുമ്പോൾ നാം ഒരു ഞെട്ടലോടെ ചിന്തിച്ചു കൂടായ്കയില്ല.  


കഥയെ കുറിച്ചു അധികമൊന്നും പറയാൻ നിവൃത്തിയില്ല. അത് വായനയുടെ ഹരം കളഞ്ഞേക്കും.  എങ്കിലും ജോഷ്വ, ദുർഗ്ഗ എന്നീ കഥാപാത്രങ്ങളെ ഹൈലൈറ്റ് ചെയ്യാതെ വയ്യ. ചില സീനുകൾ visualize ചെയ്ത് നോക്കുമ്പോൾ  ശരിയ്ക്ക് ത്രിൽ തോന്നിപ്പിയ്ക്കുന്നുണ്ട്. അവസാന വരി വരെ വായനക്കാരെ പിടിച്ചിരുത്തുന്നുണ്ട് ഈ നോവൽ. 


(ഓഫ്: പണ്ടു കമൽ മുന്തിരിത്തോപ്പുകളുടെ അതിഥി എന്ന പേരിൽ, പേരിനെ അന്വർത്ഥമാക്കുന്ന പശ്ചാത്തലത്തിൽ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എന്ന് വായിച്ചത് ഓർക്കുന്നു. ആ വർക്ക് ഉപേക്ഷിച്ചെങ്കിലും അതേ പശ്ചാത്തലത്തിൽ ആയിരുന്നോ ആഗതൻ എന്ന ദിലീപ് ചിത്രം എടുത്തത് എന്ന് അറിയില്ല. അതേ പോലെ, ഈ ഓറഞ്ച് തോട്ടവും വെള്ളിത്തിരയിൽ കണ്ടാൽ കൊള്ളാം എന്നാഗ്രഹമുണ്ട്  😊)


- ശ്രീ

Friday, January 20, 2023

ഇൻസിഷൻ

 പുസ്തകം:  ഇൻസിഷൻ

രചയിതാവ് / എഡിറ്റർ :  മായാ കിരൺ

വിഭാഗം: ക്രൈം നോവൽ 

ഭാഷ: മലയാളം

പ്രസാധകർ: മാതൃഭൂമി ബുക്സ് 

പേജ്: 184

വില: 290


പുസ്തക പരിചയം: 


ബ്രെയിൻ ഗെയിമിനും പ്ലാനറ്റ് 9 നും ശേഷം ഞാൻ വായിയ്ക്കുന്ന മായാ കിരൺ നോവലാണ് ഇൻസിഷൻ. ഒരു മെഡിക്കൽ ക്രൈം ത്രില്ലർ എന്ന് പൂർണ്ണമായും വിശേഷിപ്പിയ്ക്കാവുന്ന, മികച്ച വായനാനുഭവം സമ്മാനിയ്ക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ തന്നെയാണ് ഇൻസിഷൻ.


സി എം സി ഹോസ്പിറ്റലാണ് പ്രധാന കഥാപശ്ചാത്തലമായി വരുന്നത്. പ്രശസ്തനായ കാർഡിയോളജിസ്റ്റ് പദ്മനാഭ കൈമൾ, മകൻ അർജുൻ പദ്മനാഭൻ എന്നിവരിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു ദിവസം അവിചാരിതമായി അർജുന് ലഭിക്കുന്ന ഒരു പാർസലിൽ ആരുടെയോ ആന്തരികാവയവം കണ്ടെത്തുന്നിടത്ത് നിന്നാണ് കൊലപാതക പരമ്പരയുടെ തുടക്കം. അർജുന്റെ അച്ഛന്റെ സുഹൃത്ത്  ഡോക്ടർ മനോജിന്റെതായിരുന്നു ആ ശരീരാവയവം എന്ന് മനസ്സിലാക്കുകയും, അതിനെ തുടർന്ന് അർജുന്റെ സഹപാഠി കൂടിയായ ആന്റി ക്രൈം ഡിപ്പാർട്ട്മെന്റ് ഓഫീസർ ശ്രീറാം ചന്ദ്രശേഖർ  കേസന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു.


 ശ്രീറാമിനെ അസിസ്റ്റ് ചെയ്യാൻ മിലൻ ജലീലും, സുരേന്ദ്രനും ഉണ്ട്. ടോണി തരകൻ, നൈന,ഡോക്ടർ   ഹിരണ്മയി അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങൾ വായനക്കാരിൽ സംശയമുണർത്തി കടന്നു പോകുന്നു.


ആരാണാ സീരിയൽ കില്ലർ എന്നും എന്താണ് അയാളുടെ ലക്ഷ്യം എന്നും തുടർന്ന് ശ്രീറാം  കണ്ടെത്തുന്നതാണ് കഥ. അപ്രതീക്ഷിതമായ ഒട്ടേറെ ട്വിസ്റ്റുകൾ വായനക്കാരെ കാത്തിരിയ്ക്കുന്നുണ്ട്.


ക്ലൈമാക്സ് എനിയ്ക്ക് എന്തോ കുറെയൊക്കെ ഊഹിയ്ക്കാൻ പറ്റി എന്നത് മാറ്റി നിർത്തിയാൽ മികച്ച ഒരു ക്രൈം ത്രില്ലർ എന്ന് തന്നെ പറയാം.


- ശ്രീ