അക്കൊല്ലം വിയന്നയിലെ ശൈത്യം അസ്ഥികൾ തുളയ്ക്കുന്നതായിരുന്നു. ഇൻസ്പെക്ടർ മാർക്സ് തന്റെ ഓഫീസിലെ മങ്ങിയ വെളിച്ചത്തിൽ ആറാം വട്ടവും ചൂടാക്കിയ കോഫി കപ്പ് കയ്യിൽ എടുക്കുമ്പോഴാണ് ആ ഫോൺ കോൾ വന്നത്.
മറുതലയ്ക്കൽ കേട്ട പരിഭ്രാന്തി നിറഞ്ഞ ശബ്ദം ആ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു.
"ഇൻസ്പെക്ടർ, ഡോക്ടർ കാതറീൻ സ്‌റ്റെല്ല കൊല്ലപ്പെട്ടിരിക്കുന്നു. അവരുടെ വില്ലയിൽ..."
മാർക്സ് ഉടൻ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. പ്രശസ്ത ന്യൂറോളജിസ്റ്റായ കാതറീന്റെ പഠനമുറി ഭയാനകമായ ഒരു ശ്മശാനം പോലെ നിശബ്ദമായിരുന്നു. മുപ്പത്തഞ്ചുകാരിയായ ആ പ്രതിഭ തന്റെ കസേരയിൽ പിന്നിലേക്ക് ചാരി കിടക്കുന്നു. കണ്ണുകൾ ഭയം കൊണ്ട് വിടർന്നിരുന്നു, ആ മുഖത്തെ പേടി ഒറ്റ നോട്ടത്തിൽ ആരെയും പിടിച്ചു നിർത്തുന്നതായി തോന്നി.
"ഒരു പോറലോ മൽപിടുത്തത്തിന്റെ അടയാളമോ ഇല്ല. വാതിലുകളും ജനലുകളും ഉള്ളിൽ നിന്ന് ഭദ്രമായി പൂട്ടിയിരിക്കുന്നു," മാർക്സ് കുറിച്ചു.
ഫോറൻസിക് റിപ്പോർട്ട് വന്നപ്പോൾ മാർക്സ് ഞെട്ടിപ്പോയി. മരണം ഹൃദയാഘാതം മൂലമാണ്. പക്ഷേ, ആരോഗ്യവതിയായ ആ യുവതിയുടെ ഹൃദയം പെട്ടെന്ന് നിലയ്ക്കാൻ ഒരു കാരണവുമില്ല.
"അവൾ എന്തിനെയോ അതിഭീകരമായി ഭയപ്പെട്ടിരിക്കുന്നു" ഫോറൻസിക് വിദഗ്ദ്ധൻ ആലോചനയോടെ പറഞ്ഞു.
"അക്ഷരാർത്ഥത്തിൽ മരണം അവളെ പേടിപ്പിച്ചു കൊന്നതാണ്."
മാർക്സ് മേശപ്പുറത്ത് ഇരുന്ന അവളുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയച്ചു. അതിന്റെ റിപ്പോർട്ട് വന്നപ്പോൾ ഫോണിൽ അവസാനമായി വന്ന കോൾ 47 മിനിറ്റ് നീണ്ടുനിന്നിരുന്നു എന്ന് തെളിഞ്ഞു.
രാത്രി 11.42 മുതൽ 12.29 വരെ. വിളിച്ചത് ഒരു ബൾഗേറിയൻ നമ്പറിൽ നിന്ന്. മരണം നടന്ന സമയവും ഫോണിൽ സംസാരിച്ച സമയവും കൃത്യം.
ആ നമ്പർ ട്രാക്ക് ചെയ്ത മാർക്സ് എത്തിയത് അടുത്ത തെരുവിലെ പഴയ പബ്ലിക് ഫോൺ ബൂത്തിലാണ്.
മാർക്സ് ഉടൻ അവിടുത്തെ CCTV യിലെ റെക്കോർഡിങ്ങുകൾ പരിശോധിച്ചു. അതിലെ ദൃശ്യങ്ങൾ കണ്ട മാർക്സിന്റെ നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു. കോൾ നടന്ന ആ 47 മിനിറ്റും ആ ബൂത്തിൽ ആരും ഉണ്ടായിരുന്നില്ല!
മാർക്സ് ആശയക്കുഴപ്പത്തിലായി. പക്ഷേ കോൾ റെക്കോർഡുകൾ കള്ളം പറയില്ലല്ലൊ. അദ്ദേഹം കാതറീനയുടെ രഹസ്യ ഫയലുകൾ പരിശോധിച്ചു. അപ്പോഴാണ് അവരുടെ എറ്റവും പുതിയ "പ്രോജക്ട് വോയ്‌സ്" എന്ന ഗവേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞത്.
മനുഷ്യ മസ്തിഷ്കത്തിലെ ഭയത്തെ നിയന്ത്രിക്കുന്ന 'അമിഗ്ഡാല'യെ പ്രത്യേക ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കാമെന്നും, അത് വഴി ഒരാളെ ബോധരഹിതനാക്കാനോ കൊലപ്പെടുത്താനോ കഴിയുമെന്നും അവൾ കണ്ടെത്തിയിരുന്നു.
ദിവസങ്ങൾ നീണ്ട അന്വേഷണം മാർക്കസിനെ എത്തിച്ചത് കാതറീനയുടെ പഴയ പാർട്ട്‌ണറായ പ്രൊഫസർ അലക്സിൽ ആണ്. ചില പ്രൊഫഷണൽ തർക്കങ്ങളിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ പിന്നീട് കടുത്ത പകയായി മാറി അത് പിന്നെ ഒരു 'പെർഫെക്ട് ക്രൈമിൽ' അവസാനിക്കുകയായിരുന്നു.
ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ അലക്സ് ആ ബൂത്തിലെ സിസ്റ്റം ഹാക്ക് ചെയ്തു. 47 മിനിറ്റ് നീണ്ട ആ കോളിലൂടെ അയാൾ കാതറീൻ കേൾക്കാൻ ആഗ്രഹിച്ച. അവൾക്കിഷ്ടമുള്ള ഒരു സംഗീതത്തിൽ, അവൾ തന്നെ വികസിപ്പിച്ചെടുത്ത മാരകമായ ഓഡിയോ ഫ്രീക്വൻസികൾ സന്നിവേശിപ്പിച്ചു.
കാതറീനു ആദ്യം അത് വെറുമൊരു സംഗീതം മാത്രമായി തോന്നിയിരിക്കാം. പക്ഷേ ക്രമേണ ആ ശബ്ദങ്ങൾ അവളുടെ നാഡീവ്യൂഹത്തെ തളർത്തി. ഫോൺ താഴെ വെക്കാനോ സഹായത്തിനായി നിലവിളിക്കാനോ കഴിയാത്തവിധം ഭയം അവളെ ഗ്രസിച്ചു. ഒടുവിൽ, ആ ശബ്ദവീചികൾ അവളുടെ ഹൃദയമിടിപ്പിനെ നിശ്ചലമാക്കി.
അലക്സ് കുറ്റം സമ്മതിച്ചു. അയാളെ വിലങ്ങങ്ങു വച്ച് കൊണ്ടുപോകുമ്പോൾ മാർക്സിന്റെ മുഖത്തേയ്ക്ക് നോക്കി അയാൾ നിഗൂഢമായി പുഞ്ചിരിച്ചു.
"ഇൻസ്പെക്ടർ, നിങ്ങൾ ജയിച്ചു എന്ന് കരുതുന്നുണ്ടോ? കാതറീന്റെ ഗവേഷണം പൂർണ്ണമായത് അവളുടെ മരണത്തോടെയാണ്. ആ 47 മിനിറ്റിലെ അവസാനത്തെ അഞ്ച് മിനിറ്റ്... അത് ലോകം കേൾക്കാൻ പോകുന്ന വിനാശത്തിന്റെ സംഗീതമാണ്."
മാർക്സ് അത് കാര്യമാക്കിയില്ല. അന്ന് രാത്രി വൈകി തന്റെ വിജനമായ അപ്പാർട്ട്മെന്റിലെത്തിയ അയാൾക്ക് വല്ലാത്തൊരു തളർച്ച തോന്നി. അയാൾ സോഫയിലെയ്ക്ക് വീണു. അപ്പോൾ അയാളുടെ ജാക്കറ്റിന്റെ പോക്കറ്റിലിരുന്ന് അയാളുടെ ഫോൺ വിറച്ചു.
ഫോണെടുത്ത് നോക്കിയ അയാൾ ആശ്ചര്യപ്പെട്ടു. അതൊരു വീഡിയോ കോളായിരുന്നു. വിളിക്കുന്നത് മരിച്ച കാതറീന്റെ ഐഡിയിൽ നിന്ന്!
നടുക്കത്തോടെ മാർക്സ് ആ കോൾ എടുത്തു. സ്ക്രീനിൽ ആരും ഉണ്ടായിരുന്നില്ല. ഇരുണ്ട ഒരു ലാബിന്റെ ദൃശ്യം മാത്രം. പെട്ടെന്ന് ഒരു വോയിസ് കമാൻഡ് മുഴങ്ങി: "പ്ലേ ബാക്ക് മോഡ് ആക്ടിവേറ്റഡ്."
അതുവരെ താൻ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്രമായ ശബ്ദം ഫോണിലെ സ്പീക്കറിലൂടെ പുറത്തുവന്നു. അതൊരു പാട്ടായിരുന്നില്ല, കാറ്റോ കടലോ ആയിരുന്നില്ല. മറിച്ച്, തലയ്ക്കുള്ളിൽ ആരോ സൂചി കൊണ്ടു കുത്തുന്നതുപോലെ.
മാർക്സ് ഫോൺ കട്ട് ചെയ്യാൻ ശ്രമിച്ചു. പക്ഷേ സ്ക്രീൻ ലോക്ക് ആയതു പോലെ. അയാൾക്ക് ഫോൺ താഴെ ഇടാൻ തോന്നി, പക്ഷേ കൈകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതു പോലെ. അയാളുടെ ശരീരം പെട്ടെന്ന് മരവിച്ചു. ശ്വാസം കിട്ടാതെ അയാൾ കുഴഞ്ഞു വീണു.
ഇതേ സമയം, അറസ്റ്റിലായ അലക്സ് തന്റെ സെല്ലിലിരുന്ന് ആ ഗാനം മൂളുന്നുണ്ടായിരുന്നു. കാതറീന്റെ ഫോൺ വഴി ആ പ്രോഗ്രാമിലെ തന്റെ ബഗ് അടുത്ത ഇരയെ തേടിപ്പോകുമെന്ന് അയാൾക്ക് അറിയാമായിരുന്നു.
വിയന്നയിലെ ആ തണുത്ത രാത്രിയിൽ, ഡിറ്റക്ടീവ് മാർക്സിന്റെ ഹൃദയമിടിപ്പ് പതുക്കെ നിലയ്ക്കുകയായിരുന്നു.
0 comments:
Post a Comment