കുട്ടിക്കാലത്ത് അമ്മ വീട്ടിൽ അവധിക്കാലത്ത് പോകുമ്പോഴാണ് എറ്റവും അധികം കഥകൾ കേട്ടിട്ടുള്ളത്. ഒരുവിധം എല്ലാ രാത്രികളിലും അമ്മയും അമ്മൂമ്മയും ഉൾപ്പെടുന്ന സ്ത്രീജനങ്ങൾ എല്ലാവരും വീടിന്റെ പൂമുഖത്ത് ഒരു മൂലയിൽ ഒരുമിച്ചിരിയ്ക്കും. മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഓരോ കഥകൾ പറയും. അതിൽ പലപ്പോഴും ഭയാനകമായ കെട്ടു കഥകളും സ്ഥാനം പിടിയ്ക്കും. അങ്ങനെ കുട്ടിക്കാലത്ത് വളരെയധികം പേടിപ്പിച്ചിട്ടുള്ള ഒരു കഥ. തെണ്ടൻ - അമാവാസി രാത്രിയിലെ അന്തകൻ കാറ്റു നിലച്ചു, പറമ്പിലെ ചീവീടുകൾ പോലും നിശബ്ദരായ അമാവാസി രാത്രികളിൽ പുറത്തേക്ക് നോക്കി നിൽക്കാനോ മുറ്റത്തിറങ്ങി കളിയ്ക്കാനോ ഞങ്ങൾ കുട്ടികൾക്ക് അനുവാദം ഇല്ലായിരുന്നു. മുതിർന്നവർ ആരെങ്കകിലും ഓർമ്മിപ്പിയ്ക്കും 'ഇവിടെങ്ങാനും അടങ്ങിയൊതുങ്ങി വന്നിരിയ്ക്ക് പിള്ളേരെ, ഇന്ന് അമാവാസിയാണ്... തെണ്ടൻ ഇറങ്ങുന്ന രാത്രി!' 'തെണ്ടനോ... അതാരാ?' പല കുറി കേട്ടിട്ടുണ്ടെങ്കിലും ഞങ്ങൾ ആരെങ്കിലും ആ ചോദ്യം ചോദിയ്ക്കും... അപ്പോൾ അമ്മൂമ്മ ആ കഥ പറഞ്ഞു തുടങ്ങും. ***** പണ്ട്, നിങ്ങളുടെയൊക്കെ പ്രായമുള്ളപ്പോൾ കാരണവന്മാർ പറഞ്ഞുതന്ന ഒരു കഥയുണ്ട്, തെണ്ടന്റെ കഥ! അന്നൊന്നും ഇത് പോലുള്ള കാലമല്ല. എങ്ങും കറണ്ടില്ല, വഴി വിളക്കുകൾ ഇല്ല, രാത്രിയായാൽ എല്ലായിട്ടത്തും കൂരിരുട്ട് മാത്രം... കൂരിരുട്ടത്ത്, ആരും തുണയില്ലാത്ത പാടവരമ്പിലൂടെയോ ഇടവഴിയിലൂടെയോ ഒറ്റയ്ക്ക് നടക്കില്ല. നടന്നാൽ... അവിടെ എവിടെയോ ഇരുട്ടിൽ അവൻ കാത്തുനിൽപ്പുണ്ടാകും. ഒരു ചങ്ങലയുടെ കിലുക്കം! ദൂരെനിന്ന് ഒരു ശബ്ദം കേൾക്കാം... കിലും... കിലും... കിലും... അത് കാറ്റിൽ ഇലകൾ അനങ്ങുന്നതാകും എന്ന് നമുക്ക് തോന്നും. എന്നാൽ അതല്ല, തെണ്ടന്റെ കയ്യിലെ ആ ഭാരമേറിയ ഇരുമ്പ് ചങ്ങലകൾ മണ്ണിൽ ഉരസുന്ന ശബ്ദമാണ്. ആ ശബ്ദം കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടും. ചോര മരവിക്കും. ആ ശബ്ദം അടുത്തടുത്ത് വരുന്നതായി തോന്നിയാൽ പിന്നെ രക്ഷയില്ല. ജീവൻ വേണമെങ്കിൽ ഓടണം, പ്രാണനും കൊണ്ട് ഓടണം! പക്ഷെ, ഒരിക്കലും, അറിയാതെ പോലും പുറകോട്ട് തിരിഞ്ഞു നോക്കരുത്! ആ ഭീകര രൂപത്തിനു മനുഷ്യന്റെ ഉള്ളറിയാം. നമ്മിലെ കൗതുകം ഉണർത്താൻ അറിയാം. അത് നമ്മെ ചതിക്കും. പേടിച്ച് വിറച്ച് ഓടുമ്പോഴും 'എന്താണാവോ ആ ശബ്ദം? എങ്ങനെയിരിയ്ക്കും ആ രൂപം?' എന്ന് മനുഷ്യമനസ്സ് ചിന്തിയ്ക്കും, ഒന്നു തിരിഞ്ഞു നോക്കാൻ തോന്നും. അങ്ങനെ നോക്കിയാൽ തീർന്നു... മനുഷ്യന്റേതല്ലാത്ത ആ ഭീകരരൂപം കറുത്ത മൂടുപടമിട്ട്, നീണ്ട മുടികളിൽ പുളയ്ക്കുന്ന നാഗങ്ങളുമായി, കണ്ണുകളിൽ തീപ്പൊരിയുമായി, ചോരയൊലിയ്ക്കുന്ന നീണ്ട നാവുമായി നമ്മെ പിന്തുടരും... തെണ്ടൻ! നാമവനെ തിരിഞ്ഞു നോക്കിയാൽ ആ നിമിഷം... അവന്റെ വായ പിളരും. ഭയാനകമായ ഒരു ഗർജ്ജനത്തോടെ അവൻ നമുക്കു നേർക്ക് രക്തം തുപ്പും. ജീവനുള്ള പുഴുക്കൾ വമിക്കുന്ന ആ ചുടുചോര നമ്മുടെ ദേഹത്ത് വീണാൽ പിന്നെ രക്ഷയില്ല. അടുത്ത ദിവസം വെട്ടം വീഴുമ്പോൾ, വഴിപോക്കർ കാണുന്നത് വിറങ്ങലിച്ചു കിടക്കുന്ന ഒരു ശവശരീരമായിരിക്കും. വായിൽ നിന്ന് ചോരയൊലിച്ച്, കണ്ണുകൾ പുറത്തേക്ക് തള്ളി, ആ അമാവാസി രാത്രിയിൽ തെണ്ടന്റെ ഇരയായി മാറിയ ഒരാൾ. അയാളും അടുത്ത തെണ്ടനായി തന്റെ അമാവാസി രാത്രിയ്ക്ക് വേണ്ടി പിന്നെ കാത്തിരിയ്ക്കും! അതുകൊണ്ട് കുഞ്ഞുങ്ങളേ, രാത്രികളിൽ ജനലുകൾ അടച്ചിടണം, വാതിൽ തുറന്ന് പുറത്തിറങ്ങരുത്, വെളിയിൽ പോയാൽ മുതിർന്നവരുടെ കൺ വെട്ടത്ത് നിന്ന് മാറരുത്, കൈയിൽ നിന്ന് പിടി വിടരുത്... ഉറങ്ങാൻ കിടക്കുമ്പോൾ സംസാരിയ്ക്കരുത്. പുറത്തെ ആ ചങ്ങല കിലുക്കം കേൾക്കാതിരിക്കാൻ ചെവി പൊത്തിപ്പിടിച്ച് ഉറങ്ങിക്കോളണം. തെണ്ടൻ വന്നാൽ ആർക്കും രക്ഷയില്ല! ***** ഇങ്ങനെ പറഞ്ഞു കൊണ്ടാകും ആ കഥ അവസാനിയ്ക്കുക. അപ്പോഴേയ്ക്കും ഞങ്ങൾ കുട്ടികൾ ഈ രംഗങ്ങൾ ഭാവനയിൽ കണ്ട് നിശ്ശബ്ദരായിട്ടുണ്ടാകും. കഥകളിൽ തെണ്ടനും ചാത്തനും രക്ഷസും യക്ഷിയും അഞ്ചു കണ്ണനും... അങ്ങനെ കഥാപാത്രങ്ങളും കഥകളും സന്ദർഭങ്ങളും മാറി മാറി വരും. ഈ മിത്തുകൾ കുട്ടികളെ രാത്രി നേരങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നതിൽ നിന്നും സുരക്ഷിതരാക്കാനുള്ള ഒരു മാർഗ്ഗമായിരുന്നു എന്നു വിശ്വസിയ്ക്കാൻ ആണ് ഇന്ന് ഇഷ്ടം! -ശ്രീ
Thursday, January 29, 2026
Subscribe to:
Post Comments (Atom)
0 comments:
Post a Comment