പുസ്തകം : കരേഫർ കോണ്ട്രാക്ട്
രചന : ഡേവിഡ് വർഗീസ്
പ്രസാധകർ : മനോരമ ബുക്ക്സ്
വില : 360 രൂപ
ഡിറ്റക്റ്റീവ് വേലൻ പൗലോസ് , സുൽത്താൻ ബത്തേരിയിലേയ്ക്കുള്ള തീവണ്ടി എന്നീ ത്രില്ലുകൾക്ക് ശേഷം ഡേവിഡ് വർഗീസ് എഴുതിയ, ആടു ജീവിതം പോലുള്ള സർവൈവൽ ത്രില്ലർ !
സാധാരണ കണ്ടുവരുന്ന കുറ്റാന്വേഷണ കഥകളിൽ നിന്ന് മാറി, മനുഷ്യശരീരത്തിലും മനസ്സിനും മേൽ നടത്തുന്ന ഭീകരമായ പരീക്ഷണങ്ങളുടെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഒരു മികച്ച സർവൈവൽ ത്രില്ലറാണ് ഡേവിഡ് വർഗീസിന്റെ 'കരേഫർ കോൺട്രാക്ട്'. ശാസ്ത്രത്തിന്റെ ഇരുണ്ട വശങ്ങളെയും മനുഷ്യന്റെ അത്യാഗ്രഹത്തെയും ഇത്രമേൽ ഭീതിജനകമായി അവതരിപ്പിക്കുന്ന കൃതികൾ മലയാളത്തിൽ അധികമില്ല.
ഉയർന്ന ശമ്പളവും മികച്ച ജോലിയും വാഗ്ദാനം ചെയ്ത് ഒരു വ്യാജ കരാറിലൂടെ മനുഷ്യരെ കുടുക്കുന്ന 'കരേഫർ കോൺട്രാക്ട്' കേവലം ഒരു ചതിയല്ല, മറിച്ച് മരണത്തിലേക്കുള്ള വാതിലാണ്. അറ്റോമിക് പരീക്ഷണങ്ങൾ നടത്തപ്പെട്ട ഇടങ്ങളിൽ ജോലി ചെയ്യപ്പെട്ട് അവർ പോലുമറിയാതെ ശാരീരികമായ വ്യാതിയാനങ്ങൾക്ക് വിധേയരാക്കപ്പെടുന്ന, പരീക്ഷണ മരുന്നുകൾ കഴിയ്ക്കേണ്ടി വരുന്ന മനുഷ്യരിലുണ്ടാകുന്ന അവസ്തകളും, അവരുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളും വായനക്കാരെ ഭയപ്പെടുത്തുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഈ നോവലിന്റെ ജീവൻ അതിന്റെ വൈകാരികമായ അടിത്തറയാണ്. മാരകമായ പരീക്ഷണങ്ങളിൽ അകപ്പെട്ടുപോയ നായകൻ, അവിടെ നിന്ന് അവസാന നിമിഷം രക്ഷപ്പെടുന്നതും തുടർന്ന് തന്റെ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും പണ്ടു കാണാതായ തന്റെ മകളെ കണ്ടെത്താൻ നടത്തുന്ന പോരാട്ടവും ഹൃദയസ്പർശിയാണ്. ഓരോ നിമിഷവും മരണത്തോട് മല്ലിടുമ്പോഴും പിതൃത്വത്തിന്റെ കരുത്തിൽ അയാൾ നടത്തുന്ന നീക്കങ്ങൾ നോവലിനെ മികച്ചൊരു സർവൈവൽ ഡ്രാമയാക്കി മാറ്റുന്നു.
വിദേശ പശ്ചാത്തലത്തിലുള്ളതും ശാസ്ത്രീയമായ കാര്യങ്ങൾ പറയുന്നതുമായ ഇത്തരം നോവലുകൾ മലയാളത്തിലേക്ക് മാറ്റുമ്പോൾ ആ ഗാംഭീര്യം നിലനിർത്തുക പ്രയാസമാണ്. എന്നാൽ, ആ ഭീകരതയും ക്ലോസ്‌ട്രോഫോബിക് ആയ ആ അന്തരീക്ഷവും വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഈ വിവർത്തനം വിജയിച്ചിട്ടുണ്ട്.
ഈ കഥ ഒരേ സമയം സയൻസ് ഫിക്ഷനും സർവൈവൽ ത്രില്ലറും ചേർന്ന ഒരു വേറിട്ട വായനാനുഭവം നൽകുന്നതാണ്. വ്യത്യസ്തമായ വായനാനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം ധൈര്യമായി തിരഞ്ഞെടുക്കാം. ഒരു പിതാവിന്റെ അവസാനത്തെ പോരാട്ടവും ഭീതിയുണർത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങളും ഇതിനെ വായനയ്ക്കുശേഷം ഒരു നൊമ്പരമായി മനസ്സിൽ അവശേഷിപ്പിക്കുന്നു.
0 comments:
Post a Comment