Sunday, September 30, 2007
ഐന്സ്റ്റീന് ചോദിച്ച ചോദ്യം
എഴുതിയത്
ശ്രീ
at
10:12 AM
Labels: ബുദ്ധിപരീക്ഷ
Friday, September 28, 2007
കണികാണും നേരം
പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്കും ചേട്ടനും ഒരു ശീലമുണ്ടായിരുന്നു. വൈകുന്നേരമായി വീട്ടില്‍ സന്ധ്യാദീപം തെളിയിച്ചാല്‍ കുളിച്ച് കുറച്ചു നേരം ഇരുന്ന് നാമം ജപിക്കുക. (‘ഇത് ഞങ്ങള്‍ സ്വമേധയാ ചെയ്യുന്നതു തന്നെ’ എന്നു കരുതിയെങ്കില്‍ തെറ്റി. പക്ഷേ, അച്ഛനെയും അമ്മയേയും പേടിച്ചിട്ടൊന്നുമല്ലാട്ടോ).
എന്തായാലും വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലെത്തിയാല്‍ കുറച്ചു നേരം കളിച്ചു നടന്ന്, പഠിക്കാനിരിക്കും മുന്‍പ് (ഉവ്വ, പഠിക്കാനേയ്) ഇതൊരു ശീലമായിരുന്നു.
അങ്ങനെ ഒരു വെക്കേഷന് കാലം. അതായത് ഏതോ ഒരു ഏപ്രില്‍ അവധി. മധ്യ വേനലവധി ആയതിനാല്‍ പഠനമൊന്നുമില്ലെങ്കിലും നാമജപം മുടക്കാറില്ല. മാത്രമല്ല, ഏപ്രില്‍ മാസം തുടങ്ങിയാല്‍ വിഷു കഴിയുന്നതു വരെ മറ്റൊരു പതിവു കൂടി ഉണ്ട്. നാമം ജപത്തോടൊപ്പം “കണി കാണും നേരം…” എന്ന ഗാനം (അതോ പ്രാര്‍ത്ഥനയോ) കൂടി ഈണത്തില്‍ ഉറക്കെ അങ്ങു ചൊല്ലും (ഉറക്കെ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെയാണ്. ചേട്ടന് അത്ര ഉറക്കെ ചൊല്ലാറില്ലെങ്കിലും ഞാനങ്ങ് വച്ചു കീറും. വിഷു അടുത്തല്ലോ എന്ന് ഞങ്ങളുടെ അയല്‍ക്കാരെല്ലാം ഓര്‍ക്കുന്നതു തന്നെ ഞാനിങ്ങനെ തൊണ്ട കീറി പാടുമ്പോഴായിരുന്നു(ഞാന്‍ പാട്ടു പാടുകയല്ലായിരുന്നു, പറയുകയായിരുന്നു എന്നും ചില ദുഷ്ട ശക്തികള്‍ തിരുത്തി പറയാറുണ്ട്, വിശ്വസിക്കരുതേ...!)
അവധിക്കാലങ്ങളില്‍ അമ്മായിയുടെ മക്കളും ചിലപ്പോഴെല്ലാം കൂടെ കാണും. അതു പോലെ ചില ദിവസങ്ങളില്‍ സംഗന്‍ അഥവാ സംഗപ്പന്‍ എന്നു ഞാന്‍ വിളിക്കാറുള്ള സംഗീത് (കുഞ്ഞച്ഛന്റെ മകന്) ഞങ്ങളുടെ കൂടെ കളിക്കാനും മറ്റുമായി കൂടാറുണ്ട്. അപൂര്‍വ്വം ദിവസങ്ങളില്‍ രാത്രി ഭക്ഷണം കഴിയും വരെ അവന് ഞങ്ങളുടെ കൂടെ കാണും.
അതു പോലെ അവനും കൂടി ഉണ്ടായിരുന്ന ഒരു സന്ധ്യ. (അന്ന് അവന് കൊച്ചു കുട്ടിയാണ്. സ്കൂളില്‍ പോയി തുടങ്ങിയിട്ടില്ല.) ഞങ്ങള്‍ നാമജപം തുടങ്ങി. ഞങ്ങളുടെ രണ്ടു പെരുടേയും നടുക്ക് ഇരുന്ന് സംഗപ്പനും ഉറക്കെ അവനറിയാവുന്ന പോലെ നാമം ജപിക്കാന്‍ കൂടി. ആളു കൂടിയ ഉത്സാഹത്തില്‍ ഞങ്ങള്‍ ഒന്നിനു പുറകേ ഒന്നായി അറിയാവുന്ന എല്ലാം ജപിക്കുകയാണ്. ഒപ്പം അവനും.
അങ്ങനെ പ്രാര്‍ത്ഥനയുടെ പ്രധാന സെക്ഷന്‍ തീര്‍ന്നു. അടുത്തതായി പ്രത്യേക മുന്നറിയിപ്പൊന്നും കൂടാതെ ചേട്ടന് ‘കണികാണും നേരം’ ചൊല്ലാന്‍ തുടങ്ങി. ഇതു മുന്‍പേ അറിയാവുന്നതിനാല്‍ ഞാനും കൂടെ ഏറ്റു പാടാന്‍ തുടങ്ങി. ഞങ്ങള്‍ രണ്ടു പേരും ഇടവും വലവും ഇരുന്ന് ഉറക്കെ പാടുന്നതു കണ്ട് സംഗന്‍ ഒന്നു പകച്ചു. പിന്നെ ഒരു നിമിഷം ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി. എന്നിട്ട് കണ്ണടച്ച് കൈ കൂപ്പി ഞങ്ങള്‍ക്കൊപ്പം ഉറക്കെ പാടി
“ മോഹന്‍ ലാല്‍ സീസ്സറടിച്ചൂ…
ശീനിവാസന്‍ ക്യാച്ചു പിടിച്ചൂ…”
ഞാനും ചേട്ടനും ഇതു കേട്ടതും ആദ്യമൊന്നു ഞെട്ടി. പിന്നെ, ‘കണി കാണും നേരം’ പാതി വഴിയില്‍ നിര്‍ത്തി ചിരി തുടങ്ങി. അന്നേരം ഇതു കേട്ട് ഇറയത്തേയ്ക്ക് വന്ന അച്ഛനും അമ്മയും ആ ചിരിയില്‍ പങ്കു ചേര്‍ന്നു. കുറച്ചു നേരം അന്തിച്ചിരുന്നുവെങ്കിലും സംഗനും കാര്യമറിയാതെയാണെങ്കിലും ഞങ്ങളോടൊപ്പം കൂടി.
ഞാനും ചേട്ടനും കണി കാണും നേരം തകര്‍ത്തു പാടുന്നതു കണ്ട സംഗപ്പന്‍ കരുതിയത് ഞങ്ങളേതോ സിനിമാപ്പാട്ട് പാടുന്നതാണെന്നായിരുന്നു. അത് അവനറിയാത്തതിനാല്‍ ആയിടെ ടിവിയിലോ മറ്റോ കണ്ട ഏതോ ഒരു പരിപാടിയില്‍ കേട്ട കോമഡി ഗാനം അവന് പാടുകയായിരുന്നു. (പ്രശസ്ത മലയാള ചലചിത്രമായ “ചിത്രം” എന്ന ചിത്രത്തിലെ ‘സ്വാമിനാഥ...’ എന്നു തുടങ്ങുന്ന പാട്ടിനിടയില്‍ അങ്ങനെ ഒരു സീനുണ്ടായിരുന്നു എന്നാണോര്‍മ്മ)
--------------------------------------------------------------------------------------------------
ഞാനും ചേട്ടനുമെല്ലാം പിന്നീട് പത്താം ക്ലാസ്സ് വരെ ഈ നാമജപം എന്ന ശീലം തുടര്‍ന്നു. പിന്നീട് വല്ലപ്പോഴും മാത്രമായി ആ ശീലം ഒതുങ്ങി. ഇന്ന് അതെല്ലാം ഓര്‍മ്മകളില്‍ മാത്രം.
എഴുതിയത്
ശ്രീ
at
8:05 AM
54
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Sunday, September 23, 2007
ശശി ചേട്ടനും കുല്ലുവും പിന്നെയൊരു വീണയും
ഞങ്ങള്‍ പിറവത്ത് പഠിക്കുന്ന സമയം. ഞങ്ങള്‍ അന്ന് താമസിക്കുന്നത് പിറവം-മുളക്കുളം റബ്ബര്‍ പാല് സംഭരണ കേന്ദ്രം വക ഓഫീസിനോട് ചേര്‍ന്നുള്ള ഒരു മുറിയിലാണ്. ഞങ്ങള്‍ എന്നു വച്ചാല്‍ ഞാനും ബിട്ടുവും കുല്ലുവും. ഇടയ്ക്ക് (എന്നല്ല മിക്കവാറും തന്നെ എന്നു പറയണം) മത്തനും സുധിയപ്പനും ബിമ്പുവും ജോബിയും കൂടെ കാണും.
കുല്ലു മിക്കവാറും തന്നെ സംഗീത പരിപാടികളും മറ്റുമായി തിരക്കുകളിലും യാത്രകളിലുമായിരിക്കും. കോളേജിലും എന്തെങ്കിലുമൊക്കെ സംഗീത പരിപാടികള്‍ ഉണ്ടെങ്കില്‍ അതില്‍ പ്രധാന ഗായകരിലൊരാള്‍ അവന് തന്നെ. നാട്ടിലും ചില ക്ഷേത്ര പരിപാടികളിലെല്ലാം പങ്കെടുക്കാറുള്ളതിനാല് നാട്ടുകാര്‍ക്കും അവന് പ്രിയങ്കരനായിരുന്നു.
വല്ലപ്പോഴും എന്തെങ്കിലും പരിപാടികള്‍ അടുത്താല്‍ അവന് അവന്റെ വീട്ടില്‍ നിന്നും ഞങ്ങളുടെ റൂമിലേയ്ക്കെത്തുമ്പോള് വയലിനോ ഹാര്‍മോണിയമോ മറ്റോ കൂടെ കാണും. പ്രാക്ടീസ് ചെയ്യുക എന്നതു തന്നെ ഉദ്ദേശ്ശം. അവനൊഴികെ ബാക്കി എല്ലാവരും അവധി ദിവസങ്ങളില്‍ വീട്ടില്‍ പോയിട്ടില്ലെങ്കില്‍ കോളേജ് ജംഗ്ഷനിലുള്ള കടകളിലേതിലെങ്കിലും കാണും.(അതിനു തൊട്ടടുത്തു തന്നെ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നതും. ഞങ്ങള്‍ മാത്രമല്ല വേറെ കുറച്ചു സുഹൃത്തുക്കളും ആ ചുറ്റുവട്ടത്തു തന്നെ ഉണ്ടായിരുന്നു). മിക്കവാറും മണിച്ചേട്ടന്റെ കടയില്‍…അല്ലെങ്കില്‍ ശശിച്ചേട്ടന്റെ കൊച്ചു ഹോട്ടലില്‍... തെറ്റിദ്ധരിക്കണ്ടാട്ടോ… ഹോട്ടലിലെന്നു പറഞ്ഞാല്‍, അതിനകത്ത് എന്നല്ല, ആ കടയുടെ മുന്‍പിലുള്ള വലിയ വരാന്തയില്‍ ഇട്ടിട്ടുള്ള കുറേ ബഞ്ചുകളിലേതിലെങ്കിലുമൊക്കെ ഇരുന്ന് ( പിന്നെ, അതൊരു ബസ് സ്റ്റോപ്പു കൂടിയാണ്, അതാണ് വലിയ വരാന്ത) വര്‍ത്തമാനം പറച്ചിലു തന്നെ.
അങ്ങനെ ഒരു ഞായറാഴ്ച കുല്ലുവൊഴികെ ഞങ്ങളാരും വീട്ടില്‍ പോയിരുന്നില്ല. മാത്രമല്ല, സ്ഥിരം അഭയാര്‍ത്ഥികളൊക്കെ അന്ന് റൂമിലുണ്ട്. (അഭയാര്‍ത്ഥികളെ കുറിച്ചെല്ലാം വിശദമായി വേറൊരു പോസ്റ്റില്‍) ഉച്ചയ്ക്ക് ഭക്ഷണമെല്ലാം കഴിഞ്ഞ് വെറുതേ അടുത്തുള്ള സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു ഞങ്ങള്‍. കുറേ നേരം അവിടെ ഇരുന്ന് വൈകുന്നേരം തിരികെ ഞങ്ങളുടെ റൂമിലേയ്ക്ക് പോകും വഴി ശശി ചേട്ടന്റെ കടയിലൊന്നു കയറി. എന്തായാലും ഒരു വഴിക്ക് ഇറങ്ങിയതല്ലേ, ഇനിയിപ്പോ ഒരു ചായ കൂടി കുടിച്ചിട്ടു പോകാമെന്നു കരുതി.
അവിടെ ആണെങ്കില്‍ ശശി ചേട്ടന് എപ്പോഴും തിരക്കാണ്. കടയില്‍ അകെ ഒരാളെ ഉള്ളൂവെങ്കിലും ശശി ചേട്ടനു തിരക്കുതന്നെ. ഒരാള്‍ ചായ ചോദിച്ചാല്‍ ഉടനേ ശശി ചേട്ടന് അകത്തേയ്ക്കു നോക്കി വിളിച്ചു പറയും “ ഇവിടെ 10 ചായേയ്.” എന്നിട്ട് പതുക്കെ കൂട്ടിച്ചേര്‍ക്കും “9 എണ്ണം ക്യാന്‍സെല്‍ഡ്”. ഇതും പറഞ്ഞ് ഓടി അകത്തേയ്ക്കു പോയി, സ്വയം ചായയിട്ടു കൊണ്ടു വരും. അതായിരുന്നു ശശിച്ചേട്ടന്.
ഞങ്ങള്‍ക്ക് ചായ തരുമ്പോള്‍ ശശി ചേട്ടന് പറഞ്ഞു “എടാ, നമ്മടെ കുല്ലു ,ദേ ഇപ്പോ ഒരു വീണയും കൊണ്ട് നിങ്ങടെ റൂമിലേയ്ക്ക് പോയല്ലോ”
ഞങ്ങളൊന്നു ഞെട്ടി. കുല്ലു വന്നോ? അല്ല, അതു ശരി തന്നെ, പക്ഷേ, വീണ? അവന് വീണ വായിക്കുമോ? തംബുരു, വയലിന്, ഗിറ്റാര്‍, ഹാര്‍മോണിയം, കീ ബോര്‍ഡ് ... എല്ലാം അറിയാം. പക്ഷേ, വീണ! അതു മാത്രമല്ല, ഇതിപ്പോ വീണ എന്തിനാണാവോ ഇങ്ങോട്ട് ? ഇനിയിപ്പോ തംബുരു ആയിരിക്കുമോ ? എന്നാലും ഒരൊ കൊച്ചു മനുഷ്യനായിട്ടും അവന് ഇത്ര സിമ്പിളായി ഒരു വീണയും കൊണ്ട് എറണാകുളത്തു നിന്ന് ബസ്സില്‍ വന്നിറങ്ങി, റൂമിലേയ്ക്ക് നടന്നു പോയോ? (കാര്യം 3 മിനുട്ട് നടന്നാല്‍ മതി, എന്നാലും…)
[ഞങ്ങളുടെ കൂട്ടത്തില്‍ ശരീര വലുപ്പത്തില്‍ ഏറ്റവും ചെറിയവനായിരുന്നു, കുല്ലു.]
ഒന്നു കൂടി ചോദിച്ചു “ശശി ചേട്ടന് കണ്ടോ അവനെ? വീണ തന്നെയാണോ കയ്യില്‍?”
“അതേടാ, ഞാനിവിടെ കടയുടെ മുന്പില് നില്‍ക്കുമ്പോഴല്ലേ അവന് വന്നിറങ്ങിയത്. കയ്യിലൊരു വീണയുമുണ്ട്. ഞാനെന്റെ കണ്ണു കൊണ്ടു കണ്ടതല്ലേ ”
ശശി ചേട്ടന് ഉറപ്പിച്ചു പറഞ്ഞു.
ഞങ്ങള്‍ ചായ കുടി കഴിഞ്ഞ് എഴുന്നേറ്റു. എന്നിട്ട് കടയില്‍ നിന്നിറങ്ങി.( പൈസ കൊടുത്തിട്ടു തന്നെ…).
“കുല്ലുവിന്റെ കയ്യിലിപ്പോള്‍ അങ്ങനെ വീണ കാണേണ്ട കാര്യമില്ലല്ലോ. എന്നാലതൊന്ന് അറിയണമല്ലോ തമ്പിയളിയാ” എന്ന ഭാവത്തില്‍ (മണിച്ചിത്രത്താഴിലെ ഇന്നച്ചന് സ്റ്റൈല്‍!) ഞങ്ങള്‍ റൂമിലേയ്ക്ക് വച്ചു പിടിച്ചു.
റൂമില്‍ വന്നു കയറുമ്പോള്‍ ശരിയാണ്, കുല്ലു എത്തിയിട്ടുണ്ട്. ചെന്നു കയറിയ പാടേ ബിട്ടു ചോദിച്ചു “അളിയാ, കുല്ലൂ, നീ എത്തിയോ? എവിടേടാ വീണ?”
കുല്ലു അമ്പരന്നു. “വീണയോ ? ഏതു വീണ? എനിക്കൊരു വീണയേയും അറിയില്ല. നീയാരുടെ കാര്യമാടാ പറയുന്നത്?”
അപ്പോള്‍ ഞാന്‍ കയറി ഇടപെട്ടു “ അതല്ലെടാ കുല്ലൂ, നീ ഒരു വീണയും കൊണ്ടാണ് വന്നതെന്ന് ശശി ചേട്ടന് പറഞ്ഞല്ലോ. എന്നിട്ട് ആ വീണയെന്തിയേ? ഞങ്ങളിതു വരെ നിനക്കു വീണയുണ്ടെന്ന് അറിഞ്ഞില്ലല്ലോ”
അതു കേട്ടതും കുല്ലു പൊട്ടിച്ചിരിച്ചു. “ആര്, ശശി ചേട്ടന് പറഞ്ഞോ? എന്നിട്ട് നിങ്ങളതും കേട്ട് ഇങ്ങു പോന്നോ? ശരി, ദേ ഇരിക്കുന്നു, ശശി ചേട്ടന് പറഞ്ഞ വീണ”
അവന് റൂമിന്റെ ഒരു മൂലയിലേയ്ക്കു കൈ ചൂണ്ടി. അവിടെ അതാ ഇരിക്കുന്നു അവന്റെ പഴയ വയലിന്!
“ങേ! അപ്പൊ ശശി ചേട്ടന് വീണ എന്നു പറഞ്ഞത് ഈ വയലിനെയാണോ?”
ഞങ്ങളെല്ലാവരും അതോര്‍ത്ത് ചിരിച്ചു പോയി. എന്തായാലും ഇക്കാര്യം അപ്പോത്തന്നെ ശശി ചേട്ടനോടൊന്ന് ചോദിച്ചേക്കാമെന്ന് കരുതി എല്ലാവരും കൂടി വീണ്ടും കവലയിലേയ്ക്കു നടന്നു. (വേറെ പണിയൊന്നുമില്ലല്ലൊ).
നേരെ ശശി ചേട്ടന്റെ കടയില്‍ കയറി. ഞങ്ങളുടെ കൂടെ കുല്ലുവിനെ കണ്ടപ്പോഴേ ശശിച്ചേട്ടന് പറഞ്ഞു “ കണ്ടോടാ, ഇവനെ കണ്ടപ്പോള്‍ നിങ്ങള്‍ക്കു വിശ്വാസമായില്ലേ?”
ഞങ്ങള്‍ ചോദിച്ചു “അതു വിട് ശശിച്ചേട്ടാ, ഇവന് വന്നൂ, ശരി തന്നെ. ഇവന്റെ കയ്യിലെന്തായിരുന്നൂന്നാ പറഞ്ഞത്?”
ആ ചോദ്യത്തില്‍ ശശിച്ചേട്ടന് എന്തോ ഒരു പന്തികേടു തോന്നി. ചെറിയ ഒരു സംശയത്തോടെ ശശി ചേട്ടന് പറഞ്ഞു “ വീണ എന്നല്ലേ ഞാന്‍ പറഞ്ഞത്? എന്താ കുല്ലൂ, അത് വീണയല്ലേ?”
കുല്ലു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു “ ഹ ഹ. എന്റെ പൊന്നു ശശിച്ചേട്ടാ, ഇനി ഇതാരോടും പറയല്ലേ, അതു വീണയല്ല, അതാണ് വയലിന്”
അവിടെ നിന്ന നാട്ടുകാരും ഞങ്ങളുടെ സുഹൃത്തുക്കളും എല്ലാം ശശിച്ചേട്ടന്റെ ചമ്മലു കണ്ട് കൂട്ടച്ചിരിയായി.
പറഞ്ഞത് അബദ്ധമായിപ്പോയി എന്നു മനസ്സിലാക്കിയ ശശിച്ചേട്ടന്, കുല്ലുവിനൊപ്പം ചേര്‍ന്ന് ചിരിച്ചു കൊണ്ടു നിന്ന എന്റെ അടുത്തു വന്നു. എന്നിട്ട് ചമ്മല് മറച്ചു വച്ച് ശബ്ദം താഴ്ത്തി ഒരു വിശദീകരണം പോലെ കുറച്ചു ഗൊരവത്തീല് പറഞ്ഞു “ എടാ, അതായത്, ഞാനുദ്ദേശ്ശിച്ചത് ഈ വീണയായാലും വയലിനായാലും എല്ലാമൊരു തരം ഹാര്മോണിയമാണല്ലോ… ഏത്?”
ഇത്രയും പറഞ്ഞ്, ശശിച്ചേട്ടന് ഒരാളെയെങ്കിലും തന്റെ ഭാഗം പറഞ്ഞു മനസ്സിലാക്കാന്‍ സാധിച്ചല്ലോ എന്ന ചാരിത്യാര്ത്ഥ്യത്തോടെ കടയിലേയ്ക്കു കയറിപ്പോകുമ്പോള്‍ ആ പാവം ശുദ്ധ മനുഷ്യന്റെ സംഗീതത്തെപ്പറ്റിയുള്ള അറിവിനെ ഓര്‍ത്ത് സഹതാപത്തോടെ പുഞ്ചിരിക്കുകയായിരുന്നു ഞാന്‍.
--------------------------------------------------------------------------------------------------
ഇതില്‍പ്പറഞ്ഞ കുല്ലു അഥവാ കുല്‍ദീപിനെ അറിയാനായി kullu നോക്കുക.
എഴുതിയത്
ശ്രീ
at
6:26 PM
36
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Tuesday, September 18, 2007
പാവം കള്ളന്
എന്റെ നാട്ടില്‍ എന്നോടൊപ്പം കുറച്ചു നാള് ട്യൂഷനു പഠിച്ചിരുന്ന ഒരു സുഹൃത്ത് എങ്ങനെയോ എന്റെ ബ്ലോഗ് വായിക്കാനിടയായി. ചിലതെല്ലാം വായിച്ചപ്പോള്‍ അവനെന്നോട് പറഞ്ഞു, ഞങ്ങള്‍ പഠിച്ചിരുന്ന ആ ട്യൂഷന് ക്ലാസ്സിനെ പറ്റിയുള്ള എന്തെങ്കിലും സംഭവങ്ങള്‍ ബ്ലോഗിലിടണമെന്ന്. അതു പ്രകാരം എഴുതിയ ഒരു കൊച്ചു സംഭവമാണ് ഇത്.
ഞാന്‍ പണ്ട് പ്രീഡിഗ്രി പഠിച്ചിരുന്ന സമയം. അന്ന് നാട്ടില്‍ നില നിന്നിരുന്ന ഒരു ഫാഷന്റെ തുടര്‍ച്ചയായി ഞാനും കൊരട്ടിയില്‍ ഷഫീക്ക് സാറിന്റെ ട്യൂഷന് ക്ലാസ്സില്‍ പോയിരുന്നു. ആഴ്ചയില്‍ 3 ദിവസമായിരുന്നു ക്ലാസ്സ്.
ട്യൂഷന് സെന്റര്‍ എന്നു വച്ചാല്‍ മാഷിന്റെ വീടിരിക്കുന്ന പറമ്പിന്റെ മൂലയോട് ചേര്‍ന്ന് ഒരു കൊച്ചു വീട് പൊലെ തോന്നും, അതാണ് സംഭവം. (ഒറ്റ നോട്ടത്തില്‍ അതൊരു കൊച്ചു വീടാണെന്നേ ആരും പറയൂ [അതിനു പിന്നിലും ഒരു കഥയുണ്ട്, അത് പിന്നീട്]. സാറാണെങ്കില്‍ ഒരു പരസ്യമൊ ബൊര്ഡോ അവിടെങ്ങും എഴുതി വച്ചിരുന്നുമില്ല. സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല, അദ്ദേഹം ക്ലാസ്സെടുത്തിരുന്നത് എന്നതു തന്നെ കാരണം) ക്ലാസ്സെടുക്കുന്നതില്‍ ഷഫിക്ക് സാറിനെ വെല്ലാന്‍ അന്നാട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സാറാണെങ്കില്‍ വളരെ നല്ല രീതിയില്‍ ക്ലാസ്സെടുക്കുമെന്ന് മാത്രമല്ല, ഒപ്പം എന്തെങ്കിലുമൊക്കെ രസകരങ്ങളായ സംഭവങ്ങള്‍ കൂടി സമയം പോലെ അവതരിപ്പിക്കുകയും ചെയ്യും. മിക്കവാറും ക്ലാസ്സു തുടങ്ങും മുന്‍പ് വീണുകിട്ടുന്ന ഒഴിവു സമയങ്ങളിലാകും.
അങ്ങനെ ഒരിക്കല്‍ ക്ലാസ്സ് തുടങ്ങുന്നതിനും കുറേ മുന്‍പേ ഞങ്ങള്‍ കുറച്ചു പേര് ട്യൂഷന് സെന്ററിലെത്തി. ട്യൂഷന് സെന്ററിന്റെ ഒരു വശം മുഴുവന്‍ കമ്പി വല കൊണ്ട് മാത്രമാണ് മറച്ചിരിക്കുന്നത്. ഞങ്ങള്‍ വെറുതേ ട്യൂഷന് സെന്ററിന്റെ പരിസരങ്ങളില്‍ കറങ്ങുമ്പോഴാണ് ആ കമ്പി വലയുടെ കുറച്ചു കണ്ണികള്‍ മാത്രം അറുത്തു മാറ്റപ്പെട്ട രീതിയില്‍ കണ്ടത്. അതാണെങ്കില്‍ ഒരു എലിക്കു പോലും കടക്കാന്‍ കഴിയാത്തത്ര ഭാഗം മാത്രം. ഇതു കണ്ട് ഞങ്ങള്‍ ഷഫീക്ക് സാറിനോട് അതിന്റെ കാരണം ചൊദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞത് ഒരു കൊച്ചു കഥയാണ്.
ഈ സംഭവം നടന്നത് ഞങ്ങളെല്ലാം അവിടെ ട്യൂഷന് പഠിക്കാന്‍ വരുന്നതിനും മുന്‍പായിരുന്നു. അന്ന് സാര്‍ അവിടെ ട്യൂഷന് ക്ലാസ്സിലാണ് അദ്ദേഹത്തിന്റെ വലിയൊരു പുസ്തക ശേഖരം സൂക്ഷിച്ചിരുന്നത്. എന്നിട്ട് മിക്ക ദിവസങ്ങളിലും അവിവാഹിതന് കൂടിയായ സാര്‍ രാത്രി ഏറെ ഇരുട്ടുന്നതു വരെ അവിടെ തന്നെ ഇരുന്ന് വായനയിലായിരിക്കും. പിന്നീട് അര്‍ദ്ധരാത്രിയോ മറ്റോ ആയിരിക്കും അവിടുന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകുന്നത് (അദ്ദേഹം ഇപ്പോഴും അവിവാഹിതനാണ് കേട്ടോ)
അങ്ങനെ അദ്ദേഹം കഥ പറഞ്ഞു തുടങ്ങി. അത് അദ്ദേഹം പറഞ്ഞ രീതിയില്‍ തന്നെ വിവരിക്കാം. [ഈ വിവരണമാണെങ്കില്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം അവിടെ കണ്ടെത്തിയ തെളിവുകളില്‍ നിന്നും ഷഫീക്ക് സാര്‍ തന്നെ ഊഹിച്ചെടുത്ത കഥയാണ് കേട്ടൊ.] എന്നാലും അത് ഇങ്ങനെയാണ്.
ഒരു രാത്രി സാര്‍ വിട്ടിലേയ്ക്ക് പോയ ശേഷം ഏതോ ഒരു കള്ളന് ആ ട്യൂഷന് ക്ലാസ്സില്‍ മോഷ്ടിക്കാനെത്തി. (ആ കള്ളന് ആ നാട്ടുകാരനല്ലായിരിക്കണം. കാരണം, അതു ട്യുഷന് ക്ലാസ്സാണെന്ന് അവനു അറിയില്ലായിരുന്നിരിക്കണം.അന്നാണെങ്കില്‍ അതിനടുത്തെങ്ങും മറ്റു വീടുകളുമില്ല.)
എന്തായാലും കള്ളന് അദ്യം തന്നെ വീടിനു പുറത്തു കൂടെ മുഴുവന്‍ ചുറ്റി നടന്ന് അകത്തു കടക്കാന്‍ പറ്റിയ മാര്‍ഗ്ഗം അന്വേഷിച്ചിരിക്കണം. ആ കൊച്ചു വീടിന് രണ്ടു വാതിലുകളാണ് ഉള്ളത്. എന്തായാലും വാതിലോ ഓടോ പൊളിച്ച് കയറും മുന്‍പ് കള്ളന്റെ കണ്ണില്‍ പെട്ടത് ഈ കമ്പിയഴികളുള്ള ഭാഗമായിരിക്കണം. കുറച്ചു കമ്പിയഴികള്‍ മാത്രം അറുത്താല്‍ അകത്തു കയറിപ്പറ്റാമെന്ന ധാരണയില്‍ അവന് അതിനു ശ്രമിച്ചിരിക്കാം. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഊഹിക്കാവുന്നതിനേക്കാള്‍ ബലമുള്ള ആ കമ്പിയഴികളില്‍ മൂന്നുനാലെണ്ണം അറുത്തപ്പൊഴേയ്ക്കും അവന് മടുത്തു കാണണം. മാത്രമല്ല, കമ്പി അറുക്കല്‍ എങ്ങുമെത്തുന്നതുമില്ല. അവസാനം അവന് ആ പദ്ധതി ഉപേക്ഷിച്ച് വേറെ മാര്‍ഗ്ഗം തേടി. എന്നു വച്ചാല്‍ ഏതെങ്കിലും വാതില്‍ കുത്തിത്തുറക്കാനോ മറ്റോ പ്ലാനിട്ടു കാണണം.
എന്നാല്‍ അത്ര കഷ്ടപ്പെടേണ്ടി വന്നു കാണില്ല. കാരണം ഷഫീക്ക് സാര്‍ അന്ന് ആ കൊച്ചു വീടിന്റെ വാതില്‍ പൂട്ടാതെയായിരുന്നു പോയത്.[സാറ് ഇപ്പോഴും ഈ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടില്ല](അത് കണ്ടപ്പോളേ പാവം കള്ളന്റെ സമനില തെറ്റിക്കാണും. വിലപ്പെട്ട (?) കുറേ സമയം കമ്പിയറുക്കാന്‍ ചിലവായില്ലേ).
എന്തായലും അതു കണ്ടു പിടിച്ച സ്ഥിതിക്ക് അധികം മിനക്കെടാതെ അയാള്‍ അകത്തു കയറിക്കാണും. എന്നാല്‍ പ്രതീക്ഷിച്ചതിനു വിരുദ്ധമായി അതിനകത്ത് ഉപയോഗശൂന്യമായ (കള്ളന് പുസ്തകങ്ങള്‍ കിട്ടിയിട്ടെന്തു ചെയ്യാന്‍) കുറേ പുസ്തകങ്ങള്‍ മാത്രം കണ്ട് അവനു കലി കയറിയിട്ടുണ്ടാകും. അവന് ആ പുസ്തകങ്ങളെല്ലാം ഷെല്‍ഫില്‍ നിന്നും വാരി നിലത്തിട്ടു. എന്നിട്ട് വെളിച്ചത്തിനായി ലൈറ്റിടാതെ അവിടെ കണ്ട മെഴുകു തിരി കത്തിച്ച് വീടു മുഴുവനും തപ്പിയിരിക്കണം. എന്തായാലും അവസാനം ഒന്നും കിട്ടാതെ മാഷെ പ്രാകിക്കൊണ്ടായിരിക്കണം ലവലേശം വിദ്യാഭ്യാസമില്ലാത്ത ആ കള്ളന് അവിടുന്ന് ഇറങ്ങി പോയത്. അയാളുടെ ഒരു ഫുള്‍ വര്‍ക്കിങ്ങ് ഡേ പോയിക്കിട്ടിയതു മാത്രം മിച്ചം.
കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സാറിനോട് ചോദിച്ചു, “അല്ലാ മാഷെ, അയാള്‍ വിദ്യാഭ്യാസമില്ലാത്തവനായിരിക്കുമെന്ന് എങ്ങനെ മനസ്സിലായി?”
സാറ് ചിരിച്ചു കൊണ്ടു പറഞ്ഞു “ അവിടെ ഇരുന്നിരുന്ന മിക്ക പുസ്തകങ്ങളും വളരെ വില പിടിപ്പുള്ളതും ഇവിടെങ്ങും വാങ്ങാന്‍ കിട്ടാത്തവയുമായിരുന്നു. അതും പോരാഞ്ഞ് ഇവിടെ അവനു ഉപയോഗപ്പെടുമായിരുന്ന ഒരേയൊരു സാധനമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ഒരു സുഹൃത്ത് ഗള്‍ഫില്‍ നിന്നും അയച്ചു തന്ന എന്റെ സയന്റിഫിക് കാല്‍ക്കുലേറ്റര്‍. അതാണെങ്കില്‍ കയ്യില്‍ കിട്ടിയിട്ടും എന്താണെന്നു മനസ്സിലാകാതെ അവന് ഉപയോഗിച്ചത് അവന് മെഴുകു തിരി കത്തിച്ചു വെയ്ക്കാന്‍ ഒരു സ്റ്റാന്‍ഡ് ആയിട്ടായിരുന്നു.
കഥ കേട്ട് ഞങ്ങളും അറിയാതെ പറഞ്ഞു പോയി “പാവം കള്ളന്!”
*************************************************************
ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട ഷഫീക്ക് സാറിനും ആ ബാച്ചില്‍ എന്റെ കൂടെ പഠിച്ച എല്ലാ സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു.
എഴുതിയത്
ശ്രീ
at
7:48 AM
52
comments
Labels: അനുഭവ കഥ
Monday, September 10, 2007
ചില ബാച്ചലേഴ്സ് പാചക പരീക്ഷണങ്ങള്‍
തഞ്ചാവൂരിലെ ബിരുദാനന്തര ബിരുദ പഠനകാലത്ത് ഒന്നാം വര്‍ഷം ആരംഭിച്ച് അധികം കഴിയും മുന്‍പെ ഞങ്ങള്‍ ഒരു സത്യം മനസ്സിലാക്കി. അവിടെ അതിജീവനത്തിന് സ്വയം പാചകം തുടങ്ങേണ്ടിയിരിക്കുന്നു. അവസാനം ഗതികേടു കൊണ്ട് ആ സാഹസം നടപ്പാക്കി. ഒരൊറ്റ കണ്ടീഷനില്‍ - ‘ആര് എന്ത് ഉണ്ടാക്കിയാലും ശരി, വലിയ കുറ്റമൊന്നും പറയാതെ മിണ്ടാതിരുന്ന് കഴിച്ചിട്ടു പോണം’. എല്ലാവരുടെയും സമ്മതത്തോടെ ഞങ്ങള്‍ അടുക്കള എന്ന പരീക്ഷണ ശാല ഉത്ഘാടനം ചെയ്തു.
പാചകം തുടങ്ങി, കുറെ നാളേയ്ക്ക് അധികം പരീക്ഷണങ്ങളിലേയ്ക്കൊന്നും കടക്കാതെ അറിയാവുന്ന പോലെ വല്ല കഞ്ഞിയോ ചപ്പാത്തിയോ ഒക്കെ മാത്രം ഉണ്ടാക്കിപ്പോന്നു. കുറച്ചു നാള് കഴിഞ്ഞപ്പോള്‍ കഞ്ഞി മാറി ചോറാക്കി, കൂടെ എന്തെങ്കിലും കറികളെല്ലാം പരീക്ഷിച്ചു തുടങ്ങി.
തുടര്‍ന്ന് അതി ഭീകരവും അത്യന്തം വിനാശകാരികളുമായ പല ഉത്പന്നങ്ങളും അവിടെ രൂപം കൊണ്ടു. ഉപ്പും മുളകുമില്ലാത്ത സാമ്പാറു മുതല്‍ മുളകുപ്പേരി, ഗോതമ്പു കറി, മസാല ഉപ്പുമാവ്, ഒനിയന്‍ ഫ്രൈ എന്നിങ്ങനെ കരിമ്പുട്ട് (അടി തൊട്ടു മുടി വരെ കത്തിക്കരിഞ്ഞ പുട്ട്) വരെയുള്ള ഒട്ടനേകം വിഷപദാര്‍ത്ഥങ്ങള്‍ ഞങ്ങള്‍ ആ പരീക്ഷണ ശാലയില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. (അതെല്ലാം പരിക്ഷിച്ചു പണി കിട്ടിയിട്ടുമുണ്ട്)
എന്നാലും ഇക്കൂട്ടത്തില്‍ ഏറ്റവും സവിശേഷമായ ഒരു ഐറ്റം ഇതൊന്നുമല്ല. അതിനു മുന്‍കൈയെടുത്ത ആ വ്യക്തി മറ്റാരുമല്ല, തഞ്ചാവൂര്‍ പള്ളിയിലെ കുര്‍ബാന ഫെയിം സില്‍വ(സ്റ്റ)ര്‍ ജോബി തന്നെ.
അവിടുത്തെ അരിയുടെ പ്രത്യേകത കാരണം അതിന്റെ നല്ല കട്ടിയുള്ള കഞ്ഞിപ്പശ മാറിക്കിട്ടാന്‍ മൂന്നുനാലു തവണ കഞ്ഞി വെള്ളമൊഴിച്ച് വാര്ക്കേണ്ടിയിരുന്നു. . അങ്ങനെ ഒരു ദിവസം അടുക്കളയില്‍ ഞാന്‍ കുക്കറില്‍ നിന്നും കഞ്ഞി കലത്തിലേയ്ക്കു പകര്‍ത്തി, കഞ്ഞിവെള്ളം ഊറ്റിക്കളയുകയായിരുന്നു. ഇതു കണ്ടു കൊണ്ട് എന്റെ അടുത്തു തന്നെ ജോബിയും നില്‍പ്പുണ്ട്. ഞാന്‍ ചെയ്യുന്നതും നോക്കിക്കൊണ്ടിരുന്ന അവന് പെട്ടെന്ന് എന്നെ വിളിച്ചു “ശ്രീക്കുട്ടാ”
കഞ്ഞി വാര്‍ത്തു കൊണ്ടിരുന്ന ഞാന്‍ പെട്ടെന്ന് ഞെട്ടി, തലയുയര്‍ത്തി അവനെ നോക്കി. അവന് എന്തോ കാര്യമായി ആലോചിച്ചു കൊണ്ട് എന്നോടു പറഞ്ഞു “ നീ, ഇനി കഞ്ഞി വാര്‍ക്കുമ്പോള്‍ ആ കഞ്ഞിവെള്ളം കളയരുത് കേട്ടോ”
‘അതെന്ത്? ഞാന്‍ വാര്‍ത്താല്‍ മാത്രമേ കഞ്ഞി ചോറാകത്തൊള്ളോ? വേണമെങ്കില്‍ വന്ന് വാര്ക്കെടാ ഉവ്വേ‘ എന്നു മനസ്സില്‍ പറഞ്ഞിട്ട് ഞാന്‍ ചോദിച്ചു.
“എന്തിനാ, നിനക്കു കുടിക്കാനാണോ”
“അല്ല. അതു കൊണ്ട് നമുക്കൊരു പണി ഒപ്പിയ്ക്കാം”
ഇതും കേട്ടുകൊണ്ടാണ് മത്തനും അടുക്കളയിലേയ്ക്ക് വന്നത്. “എടാ ജോബീ, പതിവു പോലെ എന്തെങ്കിലും മണ്ടത്തരമാണെങ്കില് പറയണ്ട കേട്ടോ”
“നീ പോടാ, ഞാന്‍ കാണിച്ചു തരാം. ഇനി അടുത്ത തവണ കഞ്ഞി വാര്‍ക്കാന്‍ നേരം എന്നെ വിളിക്ക്. ആ കഞ്ഞി വെള്ളം കൊണ്ട് ഞാനൊരു സൂത്രം കാണിക്കാം. ഉണ്ടാക്കി കഴിഞ്ഞിട്ട് നിങ്ങള്‍ വിശ്വസിച്ചാല്‍ മതി”
അപ്പോഴേയ്ക്കും ബാക്കിയുള്ളവരും അടുക്കളയിലെത്തി. എല്ലാവരും കൂടി നിര്‍ബന്ധിച്ചിട്ടും ജോബി തന്റെ ഉദ്ദേശ്ശം വെളിപ്പെടുത്തിയില്ല. ‘നിങ്ങള്‍ കണ്ടോ. അതൊരു സര്‍പ്രൈസാണ്’ എന്നു മാത്രം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
എന്തായാലും കൊള്ളാവുന്ന വല്ല ഐഡിയയുമാണെങ്കിലോ എന്നു കരുതി ഞങ്ങളും കാത്തിരുന്നു. അങ്ങനെ തൊട്ടടുത്ത ദിവസം രാവിലെ ഞങ്ങള്‍ കഞ്ഞി വച്ചു. എന്നിട്ട് വെന്തു കഴിഞ്ഞപ്പോള്‍ വാര്‍ക്കാനായി അവനെ വിളിച്ചു. ഒപ്പം അവനെന്താണ് ചെയ്യുന്നത് എന്നു കാണാന്‍ മറ്റുള്ളവരും.
ജോബി എല്ലാവരെയും കുറച്ചൊരു പുച്ഛത്തോടെ നോക്കി.നല്ല കട്ടിയുള്ള ആ കഞ്ഞിവെള്ളം ഒരു കപ്പിലേയ്ക്ക് പകര്‍ത്തി. അതില്‍ കുറേശ്ശെയായി ഉപ്പു ചേര്‍ത്ത് രുചി നോക്കി. എന്നിട്ട് അടുത്തതായി അതിലേയ്ക്ക് ശകലം മുളകു പൊടി കൂടി ചേര്‍ത്ത് നന്നായി ഇളക്കി.
ഒന്നും പിടി കിട്ടാതെ അന്തിച്ചു നില്ക്കുന്ന ഞങ്ങളെ നോക്കി ഒന്നു ആക്കിച്ചിരിച്ചിട്ട് അവന് ഞങ്ങളുടെ എല്ലാവരുടേയും ഭക്ഷണപാത്രങ്ങള്‍ നിരത്തി. (മൊത്തം 8 കിണ്ണം).എന്നിട്ട് വളരെ ശ്രദ്ധയോടെ ഓരോന്നിലേയ്ക്കും കുറേശ്ശെ ആ കഞ്ഞിവെള്ളം പകര്‍ന്നു. ഇതെന്താടാ അളന്ന് ഒഴിക്കുന്നെ എന്നു ചോദിച്ച പിള്ളേച്ചനോട് “നീ ഭാരിച്ച കാര്യമൊന്നും അന്വേഷിക്കണ്ട” എന്നും പറഞ്ഞ് ചൂടായി.. എന്നിട്ട് ഞങ്ങളോട് ആജ്ഞാപിച്ചു ‘എല്ലാവരും ഈ പാത്രങ്ങളെല്ലാം എടുത്തോണ്ട് എന്റെ പുറകെ വാ’.
എന്നിട്ട് രണ്ടു കിണ്ണം എടുത്തോണ്ട് അവന് ടെറസ്സിലേയ്ക്കു നടന്നു. കാര്യം പിടി കിട്ടിയില്ലെങ്കിലും ബാക്കി വന്ന പാത്രങ്ങളുമെടുത്ത് ഞങ്ങള്‍ പുറകേയും.
ടെറസ്സില്‍ നല്ല വെയിലു കിട്ടുന്ന സ്ഥലം നോക്കി അവന് ആ പാത്രങ്ങളെല്ലാം നിരത്തി വച്ചു. ഞങ്ങളും അതു തന്നെ ചെയ്തു.
മത്തന്‍ വീണ്ടും അടുത്തെത്തി ചോദിച്ചു “അളിയാ, എന്താ നിന്റെ പ്ലാന്‍? എന്നോടു മാത്രം പറയ്”
ജോബി അപ്പോഴും ഒന്നും പറയുന്നില്ല. “നമുക്കു കോളേജില്‍ പോകാം. വൈകുന്നേരം വന്നിട്ട് ഇവിടെ കയറി നോക്കാം. അപ്പോള്‍ കാണാം” അവന് പയ്യെ ചിരിച്ചു.
അവന്റെ ഉദ്ദേശ്ശം മനസ്സിലായില്ലെങ്കിലും ഞങ്ങളും സമ്മതിച്ചു. എന്തായാലും വൈകുന്നേരം അറിയാമല്ലൊ. കോളേജില്‍ പോകുന്ന വഴിയും എല്ലാവരും തിരിച്ചും മറിച്ചും ചൊദിച്ചിട്ടും അവന് ഒന്നും വിട്ടു പറഞ്ഞില്ല. അങ്ങനെ വൈകീട്ട് കോളേജില്‍ നിന്നും വന്നിട്ട് റൂമിലേക്കല്ല,എല്ലാവരും ഡ്രസ്സ് പോലും മാറാതെ ടെറസ്സിലേക്കാണ് ഓടിക്കയറിയത്. മുന്പില് ജോബി തന്നെ.
ഞങ്ങള്‍ നോക്കുമ്പോള്‍ എല്ലാ പാത്രങ്ങളിലും കഞ്ഞിവെള്ളം കട്ടിയായി വിണ്ടു കീറി ഇരിക്കുന്നുണ്ട്. അല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചോദ്യ ഭാവത്തില്‍ ജോബിയെ നോക്കി. ഒന്നും പറയാന്‍ പറ്റാതെ അവന്റെ മുഖം അതിനേക്കാള്‍ വിളറി വളിച്ചിരിക്കുന്നു. അപ്പോഴേ ഞങ്ങള്‍ക്കു സംഗതി പിടികിട്ടി. ഉദ്ദേശ്ശം എന്തു തന്നെയായിരുന്നാലും അവന്റെ ഉദ്ദേശ്ശം പരാജയപ്പെട്ടു എന്ന്.
എല്ലാവരും ചുറ്റും കൂടി നിന്ന് അവനോട് ചോദിച്ചു “ഈ വളിച്ച കഞ്ഞിവെള്ളം കാണിച്ചു തരാമെന്നാണോ അളിയാ നീ രാവിലെ പറഞ്ഞത്? ഇനി സത്യം പറയ്… എന്തായിരുന്നു നിന്റെ ഉദ്ദേശ്ശം?”
എല്ലാവരും കളിയാക്കാന്‍ തുടങ്ങി എന്നു മനസ്സിലാക്കിയ ജോബി ആദ്യം ഒന്നു പതറിയെങ്കിലും വീറോടെ തന്നെ മറുപടി പറഞ്ഞു “ആരും ആക്കണ്ട. ഞാന്‍ ഈ കഞ്ഞി വെള്ളം കൊണ്ട് പപ്പടം ഉണ്ടാക്കാന്‍ നോക്കിയതാ…”
ഇതു കേട്ടതും ഞങ്ങളെല്ലാവരും (പിള്ളേച്ചന് ഒഴികെ) കൂടി പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു. ‘കഞ്ഞിവെള്ളം കൊണ്ട് പപ്പടമോ? നിന്നോടാരാ പറഞ്ഞേ പപ്പടം കഞ്ഞി വെള്ളത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത് എന്ന്?’
എന്നിട്ടും അവന് വിട്ടു തരുന്നില്ല. ‘അങ്ങനെ എല്ലാ പപ്പടവുമല്ല. കഞ്ഞി വെള്ളത്തില്‍ നിന്നും ഉണ്ടാക്കുന്ന പപ്പടവും ഉണ്ട്. എന്റെ വീട്ടില്‍ ഞാന്‍ ഉണ്ടാക്കി കഴിച്ചിട്ടുള്ളതല്ലേ. നല്ല ടേയ്സ്റ്റുമാണ്.’
ഞങ്ങള്‍ എത്രയൊക്കെ കളിയാക്കിയിട്ടും അവന് പൂര്‍ണ്ണമായും പരാജയം സമ്മതിച്ചില്ല. (എന്തായാലും അവന്റെ വീരവാദം പിള്ളേച്ചനൊഴികെ ആരും കാര്യമായി എടുത്തില്ല. പിള്ളേച്ചനു മാത്രം അവന് പറഞ്ഞതിലെന്തോ കാര്യം ഉണ്ടെന്നു തോന്നി.) ഞങ്ങളെല്ലാവരും ആ വിഷയം പുച്ഛത്തോടെ അപ്പോഴേ ഉപേക്ഷിച്ചു.
എന്നാല്‍ പിന്നെയും കുറെക്കാലത്തേയ്ക്ക് ജോബി, അവന് പറഞ്ഞതില്‍ തന്നെ ഉറച്ചു നിന്നു. എന്നെങ്കിലും കഞ്ഞിവെള്ള പപ്പടം ഞങ്ങള്‍ക്കു ഉണ്ടാക്കി കാണിച്ചു തരുമെന്നു ഇടയ്ക്കിടെ പറയും.
അവസാനം രണ്ടാം വര്‍ഷം കഴിയാറായ ഒരു സന്ദര്‍ഭത്തിലാണ് അവന് ഞങ്ങളോട് കുറ്റ സമ്മതം നടത്തിയത്. കഞ്ഞിവെള്ളം കൊണ്ടുണ്ടാക്കുന്ന പപ്പടം എന്നത് അവന്റെ സങ്കല്‍പ്പത്തില്‍ രൂപമെടുത്ത ഒരു നൂതനാശയമായിരുന്നു എന്നത്. തഞ്ചാവൂരെ ശക്തമായ പൊള്ളുന്ന വെയില് കണ്ടപ്പോള്‍ അവനു തോന്നിയ ഐഡിയ. എന്തായാലും ഇങ്ങനെ ഒരു പുതിയ കണ്ടുപിടുത്തത്തിന് ഒരു നോബല്‍ സമ്മാനം അടിച്ചെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശ അന്നും അവന്റെ മുഖത്തുണ്ടായിരുന്നു.
[അതിനു ശേഷം കാലം കുറെ ആയെങ്കിലും ഇപ്പോഴും ചാറ്റിങ്ങിനോ മറ്റോ ഇടയില്‍ അവന്റെ പപ്പടക്കാര്യം സൂചിപ്പിച്ചാല്‍ ഉടനേ അവന്റെ മറുപടി കിട്ടും “I am logging out”. ]
എഴുതിയത്
ശ്രീ
at
11:53 AM
42
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Monday, September 3, 2007
കോളിളക്കം
ഇതൊരു പഴയ സംഭവ കഥയാണ്. ഉദ്ദേശ്ശം 18 വര്‍ഷമെങ്കിലും മുന്‍പ് നടന്നത്... ഞങ്ങളുടെ കൊച്ചു ഗ്രാമത്തില്‍ തന്നെ എന്റെ തറവാട്ടില്‍ വച്ചാണ് ഈ സംഭവം അരങ്ങേറുന്നത്...
അതൊരു മദ്ധ്യവേനലവധിക്കാലമായിരുന്നു... അന്നെല്ലാം അവധിക്കാലമായാല്‍ എന്നെയും ചേട്ടനേയും കൂടാതെ അമ്മായിയുടെ 3 മക്കളും അവധി ആഘോഷിക്കാനായി വീട്ടിലെത്തും. കുഞ്ഞഛന്റെ മകന് അന്ന് കുഞ്ഞായതിനാല്‍ ഞങ്ങളുടെ കൂടെ കൂടിയിരുന്നില്ല...(അവന്റെ ഭാഗ്യം!). എല്ലാവരും കൂടെ കൂടിയാല്‍ വീട്ടിലാകെ ബഹളമാണ്. ഇന്നത്തേയ്ക്ക് എന്ത് കുഴ്പ്പങ്ങളാണ് ഒപ്പിക്കാനാകുക എന്ന ഒരൊറ്റ ചിന്തയോടെയാണ് അന്ന് ഞങ്ങള്‍ ഓരൊ ദിവസവും കിടക്കപ്പായയില്‍ നിന്നുമെഴുന്നേല്ക്കുന്നതു തന്നെ എന്ന് ചിറ്റ എപ്പോഴും പറയും.(മന:പ്പൂര്‍വ്വമല്ലെങ്കിലും അത് സത്യമാണ് കേട്ടോ) .
പിന്നെ, കുറെക്കാലത്തേയ്ക്ക് ഞങ്ങളുടെ പ്രധാന വിനോദം കോളിളക്കം അനുകരിച്ചു കളിക്കുക എന്നതായി. വീടിനകത്താണെങ്കില്‍, കട്ടിലിലോ ജനലിലോ… മുറ്റത്താണെങ്കില്‍ അവിടെ കിടക്കുന്ന ഓലയോ വിറകു കഷ്ണങ്ങളോ അതുമല്ലെങ്കില്‍ മുറ്റത്തെ ചെടികളിലോ… അതല്ല പറമ്പിലാണെങ്കില്‍ ഏതെങ്കിലും മരത്തില്‍… എവിടെയായാലും കോളിളക്കത്തിലെ ജയനും ജയ്ന്റെ ബൈക്കും ഹെലികോപ്ടറും തന്നെ…
അങ്ങനെ ഒരു ദിവസം ഞങ്ങള്‍ 5 പേരും തറവാട്ടു പറമ്പിലൂടെ ചുറ്റിത്തിരിയുകയായിരുന്നു. അപ്പോഴാണ് പറമ്പിന്റെ ഒരു മൂലയിലുള്ള ഒരു വലിയ മുരിങ്ങ മരം (മുരിക്കു മരമല്ലാട്ടോ) ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. അതാണേങ്കില് കട ഭാഗം മുതലേ ഒരു വശത്തേയ്ക്കു ചെരിഞ്ഞ് നിറയെ ശാഖകളുമായിട്ടാണ് നില്പ്… പെട്ടെന്ന് നിഷാന്ത് ചേട്ടന് (അമ്മായിയുടെ രണ്ടാമത്തെ മകന്)ആ മരത്തിലേയ്ക്ക് ഓടിക്കയറി അതിന്റെ മുകളിലത്തെ ഒരു ശാഖയില്‍ ഇരുപ്പായി. പിന്നെ അമാന്തിച്ചില്ല, ഒന്നിനു പുറകെ ഒന്നായി ബാക്കി ഞങ്ങള്‍ നാലു പേരും കൂടി അതിലേയ്ക്ക് പിടച്ചു കയറി… അവരവരെ കൊണ്ടു പറ്റുന്നത്ര ഉയരങ്ങളില്‍ ഇരുപ്പായി….
പിന്നെ, വൈകിയില്ല… ആ മുത്തശ്ശി മരം ഞങ്ങള്‍ക്ക് ജയന്റെ കോളിളക്കത്തിലെ ഹെലികോപ്പ്ടറായി… ഓരോരുത്തരും അതില്‍ നിന്നും ഇരുന്നും കിടന്നും തൂങ്ങിയും സ്വയം ജയനാണെന്ന നാട്യത്തില്‍ കസര്‍ത്തുകള്‍ കാണിക്കാന്‍ തുടങ്ങി….
അങ്ങനെ ഞാനും ജയനെപ്പോലെ ഒരു കമ്പില്‍ തൂങ്ങിക്കിടക്കുമ്പോഴാണ് അതു സംഭവിച്ചത്… “ക്…റ്..റേ… റേ…ടക്ക്!” എന്നൊരു ശബ്ദം കേട്ടതേ എനിക്കു മനസ്സിലായുള്ളൂ…. ഒരല്പ്പ സമയം കഴിഞ്ഞ് പരിസര ബോധം വീണ്ടെടുക്കുമ്പോള്‍ ഞാന്‍ കാണുന്നത് താഴെ ചരലില്‍ മലര്‍ന്നടിച്ചു കിടക്കുന്ന എന്റെ ദേഹത്തേയ്ക്ക് വരുന്ന ഒരു മുരിങ്ങ കൊമ്പാണ്. (കൊമ്പൊടിഞ്ഞാണ് ഞാന്‍ താഴെ വീണതെങ്കിലും കൊമ്പിനേക്കാള്‍ വളരെ മുമ്പേ ഞാന്‍ എങ്ങനെ നിലത്തെത്തി എന്നതിന്റെ ലോജിക്ക് എനിക്കു മനസ്സിലായില്ല. എങ്കിലും അപ്പോള്‍ അതാലോചിച്ച് തല പുകച്ച് അടുത്ത ഐസക് ന്യൂട്ടനാകാന് എനിക്ക് അപ്പോ താല്പര്യം തോന്നിയില്ല. ) കിടന്ന കിടപ്പില്‍ ഞാന്‍ തല മാത്രം പൊക്കി നോക്കി…കുഴപ്പമില്ല. മറ്റു നാലു പേരും തറയില്‍ തന്നെയുണ്ട്…എല്ലാവരും ഉരുണ്ടു പിരണ്ട് എഴുന്നേല്‍ക്കുന്നതേയുള്ളൂ… പിന്നെ, സംശയിക്കാതെ ഞാനും ചാടിയെഴുന്നേറ്റു…
അപ്പോള്‍ എല്ലാവര്ക്കും ചെറിയൊരു പേടി… വീണതു കൊണ്ടോ കയ്യും കാലും വേദനിക്കുന്നതു കൊണ്ടോ ഒന്നുമല്ല….തറവാട്ടിലെ സ്ഥാവര ജംഗമ വസ്തുക്കള്‍, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങി, പറമ്പിലെയും പാടത്തെയും വരെ കാര്യങ്ങള്‍ കയ്യാളുന്നത് ഞങ്ങള്‍ “കൊച്ചമ്മൂമ്മ” അഥവാ ചുരുക്കി “കൊച്ചമ്മ”എന്നു വിളിക്കുന്ന അമ്മൂമ്മയാണ്. (അച്ഛന്റെ അമ്മായിയാണ് ഈ കൊച്ചമ്മൂമ്മ). കൊച്ചമ്മൂമ്മയ്ക്കാണെങ്കില് വീട്ടിനകത്തെയും പുറത്തേയും എല്ലാക്കാര്യങ്ങളെക്കുറിച്ചും നല്ല വ്യക്തവും വടിവൊത്തതുമായ അറിവുണ്ട്. അതു കൊണ്ടു തന്നെ, പറമ്പിന്റെ കണ്ണായ ഭാഗത്തു നിന്നിരുന്ന ആ വമ്പന്‍ മുരിങ്ങ മരം “വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്ന അവസ്ഥയില്‍ കണ്ടാല്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാവുന്ന കറുത്ത കൈകള്‍ ഞങ്ങളുടേതായിരിക്കുമെന്ന് മഷിയിട്ടു നോക്കാതെ തന്നെ കണ്ടു പിടിക്കാന്‍ കൊച്ചമ്മൂമ്മയ്ക്കു കഴിയുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. വളര്‍ത്തു മൃഗങ്ങളെയും തൊടിയിലെ ചെടികളേയും മരങ്ങളേയും എന്നും സ്നേഹിക്കുന്ന കൊച്ചമ്മൂമ്മ അത് വെറുതേ വിടില്ലെന്ന് ഉറപ്പല്ലേ… പിന്നെ അത് അച്ഛനോടോ അമ്മയോടോ പറഞ്ഞു കൊടുത്താല്‍ അവിടുന്നും കിട്ടാനുള്ളത് വാങ്ങുകയും വേണം, പിന്നെ തല്ക്കാലത്തേയ്ക്ക് പറമ്പിലുള്ള കളി പോലും നിരോധിക്കും…
അതെങ്ങനെ പരിഹരിക്കാം എന്ന് ശക്തമായി ആലോചിക്കുമ്പോഴാണ് നിഷാന്ത് ചേട്ടന് ഒരു ഐഡിയ കണ്ടു പിടിച്ചത്… ആ മുരിങ്ങ മരത്തിന്റെ കടയോടു ചേര്‍ന്ന് ഒരു സാമാന്യം വലിയ കുഴിയുണ്ടായിരുന്നു… മുമ്പെങ്ങോ ഒരു വാഴ നിന്നിരുന്ന സ്ഥലമാണ്… ഈ മുരിങ്ങയുടെ കടയ്ക്കലായി ഒരു ചിതല്‍പ്പുറ്റും.
ഇതു രണ്ടും കൂടി ചേര്‍ത്ത് ഞങ്ങളൊരു ഐഡിയ മെനഞ്ഞെടുത്തു. എല്ലാവരും കൂടി പണിപ്പെട്ട് ആ മുരിങ്ങ കുത്തിയുയര്‍ത്തി…എന്നിട്ട് അതിന്റെ ഒടിഞ്ഞ കട ഭാഗം ആ കുഴിയിലേക്കിറക്കി വച്ചു. കൊള്ളാം… പണ്ട് നിന്നിരുന്ന പോലെ തന്നെ ആ മരം ചെരിഞ്ഞ് നില്ക്കുന്നു… അതും പോരാതെ ചേട്ടന്മാര് പോയി രണ്ടു മൂന്ന് വെട്ടുകല്ലുകളും കൂടി പറമ്പില്‍ നിന്നും സംഘടിപ്പിച്ചു കൊണ്ടു വന്നു… അതും കൂടി വച്ചപ്പോള്‍ സംഗതി ഉഷാര്‍. കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ആരും പറയില്ല, ഒടിഞ്ഞതാണെന്ന്…
പക്ഷെ, കുറച്ചു കഴിഞ്ഞാല്‍ ഇലയെല്ലാം വാടില്ലേ? അപ്പോ വീണ്ടൂം എല്ലാവര്ക്കും മനസ്സിലാകില്ലേ? വീണ്ടും എല്ലാവരും ആലോചനയിലായി… വീണ്ടും നിഷാന്ത് ചേട്ടന് തന്നെ പുതിയ ആശയം പറഞ്ഞു… അത് എല്ലാവരും സമ്മതിച്ചു.
തുടര്‍ന്ന് ഞങ്ങള്‍ ന്യൂട്രലില്‍ അടുക്കളയിലെത്തി… കൊച്ചമ്മൂമ്മയെ സോപ്പിടാന്‍ തുടങ്ങി…കക്ഷിയെ എന്തെങ്കിലും പറഞ്ഞ് പ്രലോഭിപ്പിച്ച് ഒന്നു പുറത്തിറക്കിക്കിട്ടണമല്ലോ… അവസാനം ഒരു കശുമാവിന്റെ കാര്യം പറഞ്ഞത് അങ്ങേറ്റു… ആ പറമ്പിന്റെ മൂലയിലുള്ള ഒരു കശുമാവിന്റെ(പറങ്കി മാവ്) തൈ നമ്മുടെ പറമ്പിലാണോ അയല്ക്കാരുടെയാണോ എന്ന സംശയമാണ് കൊച്ചമ്മൂമ്മയെ സംശയാലുവാക്കിയത്…പറമ്പില്‍ ഞാനറിയാതെ ഒരു കശുമാവിന് തൈയോ എന്ന് ആലോചിച്ച് കൊച്ചമ്മൂമ്മ മുറ്റത്തേക്കിറങ്ങി. കൂടെ ചേട്ടന്മാരും ഞാനും.
പറമ്പിന്റെ മൂലയ്ക്കു നില്ക്കുന്ന കശുമാവിന് തൈ കണ്ട് കൊച്ചമ്മൂമ്മ അഭിമാനത്തോടെ പറഞ്ഞു “അത് ഞാന്‍ തന്നെ നട്ടതാടാ കൊച്ചേ” എന്ന്. ഞങ്ങളെല്ലാവരും കൊച്ചമ്മൂമ്മയുടെ മരങ്ങളോടുള്ള സ്നേഹത്തെ പുകഴ്ത്തി… അതും കക്ഷിക്ക് അങ്ങു പിടിച്ചു… പിന്നെ, ആ പറമ്പില്‍ അവിടെയിവിടെയായി നില്ക്കുന്ന താന്‍ നട്ട മരങ്ങളേല്ലാം ഞങ്ങളെ കാണിച്ചു തന്നു… പല തവണ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണെങ്കിലും അന്ന് ഞങ്ങളതെല്ലാം വളരെ ആരാധനയോടെ എന്ന പോലെ കേട്ടു നിന്നു.
അതു കഴിഞ്ഞ് തിരിച്ചു നടക്കുന്ന വഴി, നിഷാന്ത് ചേട്ടന് പതുക്കെ കൊച്ചമ്മൂമ്മയോട് പറഞ്ഞു… “നോക്കിയേ കൊച്ചമ്മേ… ഈ മുരിങ്ങ നിറയെ ചിതലാണല്ലോ” എന്ന്. ഞങ്ങളെല്ലാം പ്രതീക്ഷിച്ച പോലെ തന്നെ കൊച്ചമ്മൂമ്മ ചിതലിനെ പഴിച്ചു കൊണ്ട് ആ മുരിങ്ങയില്‍ കയറി പിടിച്ചതും ‘ധിം’ എന്ന ശബ്ദത്തോടെ മുരിങ്ങ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു.
ഞങ്ങള്‍ക്കും ആശ്വാസമായി… ഞങ്ങളെല്ലാം കൂടെ പറഞ്ഞു “കൊച്ചമ്മേ… കൊച്ചമ്മ ഒന്നു കയറിപ്പിടിച്ചപ്പോഴേക്കും അതൊടിഞ്ഞു വീണല്ലോ… ”
എന്താണു സംഭവിച്ചതെന്ന് കൊച്ചമ്മൂമ്മയ്ക്കും ശരിക്കും മനസ്സിലായില്ല… എന്നാലും ഇവന്മാരെല്ലാം കൂടെ സംഗതി കുളമാക്കണ്ട എന്നു കരുതി, കൊച്ചമ്മ ഒരു നിസ്സാര സംഭവം എന്ന പോലെ പറഞ്ഞു…“ങാ… അതു നിറച്ചും ചിതലായിരുന്നു…കുറച്ചു ദിവസമായി ഞാനത് ശ്രദ്ധിക്കുന്നു… അതു സാരമില്ല…നിങ്ങള്‍ അപ്പുറത്തെങ്ങാനും പോയി കളിച്ചോ”
ഞങ്ങള്‍ ആശിച്ചതും അത്രേയുള്ളൂ… സംഭവം നൈസായി ഞങ്ങളുടെ തലയില്‍ നിന്നും ഊരിക്കിട്ടി… അങ്ങനെ ഞങ്ങള്‍ കൊച്ചമ്മൂമ്മയില് നിന്നും മാത്രമല്ല, അവിടെയുള്ള എല്ലാവരുടെ ചീത്തയില്‍ നിന്നും രക്ഷപ്പെട്ടു.
കുറെക്കാലം കഴിഞ്ഞ് അച്ഛനോടും അമ്മയോടുമെല്ലാം ഇതിന്റെ യഥാര്‍ത്ഥ കഥ പറഞ്ഞപ്പോള്‍ അവരെല്ലാം അത് ആസ്വദിച്ചു ചിരിച്ചു. പക്ഷെ, കൊച്ചമ്മൂമ്മയ്ക്ക് ഇക്കാര്യം ഇന്നും അറിയില്ല… എന്തായാലും ഈ ബ്ലോഗ് വായിക്കാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ ഇനി അറിയാനും ഇടയില്ല. (ഇപ്പോള്‍ അതെല്ലാം ഓര്‍മ്മ കാണുമോ എന്നുമറിയില്ല. പഴയ പോലെ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കൂടുതല്‍ സമയവും ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന കൊച്ചമ്മൂമ്മയുടെ ദീര്‍ഘായുസ്സിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ഇതിവിടെ പോസ്റ്റുന്നു) .
എഴുതിയത്
ശ്രീ
at
7:59 AM
37
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍