Monday, September 3, 2007

കോളിളക്കം

ഇതൊരു പഴയ സംഭവ കഥയാണ്. ഉദ്ദേശ്ശം 18 വര്‍ഷമെങ്കിലും മുന്‍പ് നടന്നത്... ഞങ്ങളുടെ കൊച്ചു ഗ്രാമത്തില്‍ തന്നെ എന്റെ തറവാട്ടില്‍ വച്ചാണ് ഈ സംഭവം അരങ്ങേറുന്നത്...

അതൊരു മദ്ധ്യവേനലവധിക്കാലമായിരുന്നു... അന്നെല്ലാം അവധിക്കാലമായാല്‍ എന്നെയും ചേട്ടനേയും കൂടാതെ അമ്മായിയുടെ 3 മക്കളും അവധി ആഘോഷിക്കാനായി വീട്ടിലെത്തും. കുഞ്ഞഛന്റെ മകന്‍ അന്ന് കുഞ്ഞായതിനാല്‍ ഞങ്ങളുടെ കൂടെ കൂടിയിരുന്നില്ല...(അവന്റെ ഭാഗ്യം!). എല്ലാവരും കൂടെ കൂടിയാല്‍ വീട്ടിലാകെ ബഹളമാണ്. ഇന്നത്തേയ്ക്ക് എന്ത് കുഴ്പ്പങ്ങളാണ് ഒപ്പിക്കാനാകുക എന്ന ഒരൊറ്റ ചിന്തയോടെയാണ് അന്ന് ഞങ്ങള്‍ ഓരൊ ദിവസവും കിടക്കപ്പായയില്‍ നിന്നുമെഴുന്നേല്‍ക്കുന്നതു തന്നെ എന്ന് ചിറ്റ എപ്പോഴും പറയും.(മന:പ്പൂര്‍‌വ്വമല്ലെങ്കിലും അത് സത്യമാണ് കേട്ടോ) .

അങ്ങനെയിരിക്കെയാണ് ടിവിയില്‍ ‘കോളിളക്കം’ എന്ന ചിത്രം വരുന്നത്. ഇന്നത്തെപ്പോലെ കേബിളും ഡിഷും ഒന്നുമില്ലായിരുന്നതിനാല്‍ എന്തു വില കൊടുത്തും ആഴ്ചയില്‍ ഒരിക്കല്‍ മാത്രമുള്ള മലയാള ചലചിത്രം മുടങ്ങാതെ കാണുമായിരുന്നു. അതു മാത്രമല്ല, ടിവി എന്ന സംഭവം തന്നെ ആ ഏരിയയില്‍ ഒന്നോ രണ്ടോ വീട്ടിലേയുള്ളൂ. അതു കൊണ്ടു തന്നെ പടം തുടങ്ങുന്നതിനും കുറെ മുന്‍പേ ടിവി ഉണ്ടായിരുന്ന വീട്ടില്‍ എല്ലാവരും സന്നിഹിതരായിരിക്കും...

പറഞ്ഞു വന്നത് ഇതൊന്നുമല്ല.... കോളിളക്കം എന്ന ചിത്രം എല്ലാവരും ആഘോഷമായി തന്നെ കണ്ടു.(ആ ചിത്രം മലയാലത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ആയിരുന്ന ജയന്റെ അവസാന ചിത്രം കൂടി ആയിരുന്നല്ലോ?) എന്തായാലും ഞങ്ങള്‍ കുട്ടികള്‍‌ക്കെല്ലാം ആ ചിത്രം നന്നായങ്ങ് പിടിച്ചു. ആകെ അടിയും ബഹളവും,പിന്നെ ജയന്റെ സാഹസിക രംഗങ്ങളും ജയന്‍ അതോടെ എല്ലാവരുടെയും വീരപുരുഷനായി.

പിന്നെ, കുറെക്കാലത്തേയ്ക്ക് ഞങ്ങളുടെ പ്രധാന വിനോദം കോളിളക്കം അനുകരിച്ചു കളിക്കുക എന്നതായി. വീടിനകത്താണെങ്കില്‍, കട്ടിലിലോ ജനലിലോ
മുറ്റത്താണെങ്കില്‍ അവിടെ കിടക്കുന്ന ഓലയോ വിറകു കഷ്ണങ്ങളോ അതുമല്ലെങ്കില്‍ മുറ്റത്തെ ചെടികളിലോ അതല്ല പറമ്പിലാണെങ്കില്‍ ഏതെങ്കിലും മരത്തില്‍ എവിടെയായാലും കോളിളക്കത്തിലെ ജയനും ജയ്ന്റെ ബൈക്കും ഹെലികോപ്ടറും തന്നെ

അങ്ങനെ ഒരു ദിവസം ഞങ്ങള്‍ 5 പേരും തറവാട്ടു പറമ്പിലൂടെ ചുറ്റിത്തിരിയുകയായിരുന്നു. അപ്പോഴാണ് പറമ്പിന്റെ ഒരു മൂലയിലുള്ള ഒരു വലിയ മുരിങ്ങ മരം (മുരിക്കു മരമല്ലാട്ടോ) ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. അതാണേങ്കില്‍ കട ഭാഗം മുതലേ ഒരു വശത്തേയ്ക്കു ചെരിഞ്ഞ് നിറയെ ശാഖകളുമായിട്ടാണ് നില്പ് പെട്ടെന്ന് നിഷാന്ത് ചേട്ടന്‍ (അമ്മായിയുടെ രണ്ടാമത്തെ മകന്‍)ആ മരത്തിലേയ്ക്ക് ഓടിക്കയറി അതിന്റെ മുകളിലത്തെ ഒരു ശാഖയില്‍ ഇരുപ്പായി. പിന്നെ അമാന്തിച്ചില്ല, ഒന്നിനു പുറകെ ഒന്നായി ബാക്കി ഞങ്ങള്‍ നാലു പേരും കൂടി അതിലേയ്ക്ക് പിടച്ചു കയറി അവരവരെ കൊണ്ടു പറ്റുന്നത്ര ഉയരങ്ങളില്‍ ഇരുപ്പായി.

പിന്നെ, വൈകിയില്ല ആ മുത്തശ്ശി മരം ഞങ്ങള്‍ക്ക് ജയന്റെ കോളിളക്കത്തിലെ ഹെലികോപ്പ്ടറായി ഓരോരുത്തരും അതില്‍ നിന്നും ഇരുന്നും കിടന്നും തൂങ്ങിയും സ്വയം ജയനാണെന്ന നാട്യത്തില്‍ കസര്‍‌ത്തുകള്‍ കാണിക്കാന്‍ തുടങ്ങി.

അങ്ങനെ ഞാനും ജയനെപ്പോലെ ഒരു കമ്പില്‍ തൂങ്ങിക്കിടക്കുമ്പോഴാണ് അതു സംഭവിച്ചത് “ക്റ്..റേ റേടക്ക്!” എന്നൊരു ശബ്ദം കേട്ടതേ എനിക്കു മനസ്സിലായുള്ളൂ. ഒരല്‍പ്പ സമയം കഴിഞ്ഞ് പരിസര ബോധം വീണ്ടെടുക്കുമ്പോള്‍ ഞാന്‍ കാണുന്നത് താഴെ ചരലില്‍ മലര്‍ന്നടിച്ചു കിടക്കുന്ന എന്റെ ദേഹത്തേയ്ക്ക് വരുന്ന ഒരു മുരിങ്ങ കൊമ്പാണ്. (കൊമ്പൊടിഞ്ഞാണ് ഞാന്‍ താഴെ വീണതെങ്കിലും കൊമ്പിനേക്കാള്‍ വളരെ മുമ്പേ ഞാന്‍ എങ്ങനെ നിലത്തെത്തി എന്നതിന്റെ ലോജിക്ക് എനിക്കു മനസ്സിലായില്ല. എങ്കിലും അപ്പോള്‍ അതാലോചിച്ച് തല പുകച്ച് അടുത്ത ഐസക് ന്യൂട്ടനാകാന്‍ എനിക്ക് അപ്പോ താല്പര്യം തോന്നിയില്ല. ) കിടന്ന കിടപ്പില്‍ ഞാന്‍ തല മാത്രം പൊക്കി നോക്കികുഴപ്പമില്ല. മറ്റു നാലു പേരും തറയില്‍ തന്നെയുണ്ട്എല്ലാവരും ഉരുണ്ടു പിരണ്ട് എഴുന്നേല്‍ക്കുന്നതേയുള്ളൂ പിന്നെ, സംശയിക്കാതെ ഞാനും ചാടിയെഴുന്നേറ്റു

അപ്പോള്‍ എല്ലാവര്‍‌ക്കും ചെറിയൊരു പേടി വീണതു കൊണ്ടോ കയ്യും കാലും വേദനിക്കുന്നതു കൊണ്ടോ ഒന്നുമല്ല.തറവാട്ടിലെ സ്ഥാവര ജംഗമ വസ്തുക്കള്‍, വളര്‍‌ത്തു മൃഗങ്ങള്‍ തുടങ്ങി, പറമ്പിലെയും പാടത്തെയും വരെ കാര്യങ്ങള്‍ കയ്യാളുന്നത് ഞങ്ങള്‍ “കൊച്ചമ്മൂമ്മ” അഥവാ ചുരുക്കി “കൊച്ചമ്മ”എന്നു വിളിക്കുന്ന അമ്മൂമ്മയാണ്. (അച്ഛന്റെ അമ്മായിയാണ് ഈ കൊച്ചമ്മൂമ്മ). കൊച്ചമ്മൂമ്മയ്ക്കാണെങ്കില്‍ വീട്ടിനകത്തെയും പുറത്തേയും എല്ലാക്കാര്യങ്ങളെക്കുറിച്ചും നല്ല വ്യക്തവും വടിവൊത്തതുമായ അറിവുണ്ട്. അതു കൊണ്ടു തന്നെ, പറമ്പിന്റെ കണ്ണായ ഭാഗത്തു നിന്നിരുന്ന ആ വമ്പന്‍ മുരിങ്ങ മരം “വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്ന അവസ്ഥയില്‍ കണ്ടാല്‍ അതിന്റെ പിന്നില്‍ പ്രവര്‍‌ത്തിച്ചിരിക്കാവുന്ന കറുത്ത കൈകള്‍ ഞങ്ങളുടേതായിരിക്കുമെന്ന് മഷിയിട്ടു നോക്കാതെ തന്നെ കണ്ടു പിടിക്കാന്‍ കൊച്ചമ്മൂമ്മയ്ക്കു കഴിയുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. വളര്‍‌ത്തു മൃഗങ്ങളെയും തൊടിയിലെ ചെടികളേയും മരങ്ങളേയും എന്നും സ്നേഹിക്കുന്ന കൊച്ചമ്മൂമ്മ അത് വെറുതേ വിടില്ലെന്ന് ഉറപ്പല്ലേ പിന്നെ അത് അച്ഛനോടോ അമ്മയോടോ പറഞ്ഞു കൊടുത്താല്‍ അവിടുന്നും കിട്ടാനുള്ളത് വാങ്ങുകയും വേണം, പിന്നെ തല്‍ക്കാലത്തേയ്ക്ക് പറമ്പിലുള്ള കളി പോലും നിരോധിക്കും

അതെങ്ങനെ പരിഹരിക്കാം എന്ന് ശക്തമായി ആലോചിക്കുമ്പോഴാണ് നിഷാന്ത് ചേട്ടന്‍ ഒരു ഐഡിയ കണ്ടു പിടിച്ചത് ആ മുരിങ്ങ മരത്തിന്റെ കടയോടു ചേര്‍ന്ന് ഒരു സാമാന്യം വലിയ കുഴിയുണ്ടായിരുന്നു മുമ്പെങ്ങോ ഒരു വാഴ നിന്നിരുന്ന സ്ഥലമാണ് ഈ മുരിങ്ങയുടെ കടയ്ക്കലായി ഒരു ചിതല്‍പ്പുറ്റും.

ഇതു രണ്ടും കൂടി ചേര്‍ത്ത് ഞങ്ങളൊരു ഐഡിയ മെനഞ്ഞെടുത്തു. എല്ലാവരും കൂടി പണിപ്പെട്ട് ആ മുരിങ്ങ കുത്തിയുയര്‍‌ത്തിഎന്നിട്ട് അതിന്റെ ഒടിഞ്ഞ കട ഭാഗം ആ കുഴിയിലേക്കിറക്കി വച്ചു. കൊള്ളാം പണ്ട് നിന്നിരുന്ന പോലെ തന്നെ ആ മരം ചെരിഞ്ഞ് നില്‍ക്കുന്നു അതും പോരാതെ ചേട്ടന്മാര്‍ പോയി രണ്ടു മൂന്ന് വെട്ടുകല്ലുകളും കൂടി പറമ്പില്‍ നിന്നും സംഘടിപ്പിച്ചു കൊണ്ടു വന്നു അതും കൂടി വച്ചപ്പോള്‍ സംഗതി ഉഷാര്‍‌. കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ആരും പറയില്ല, ഒടിഞ്ഞതാണെന്ന്

പക്ഷെ, കുറച്ചു കഴിഞ്ഞാല്‍ ഇലയെല്ലാം വാടില്ലേ? അപ്പോ വീണ്ടൂം എല്ലാവര്‍‌ക്കും മനസ്സിലാകില്ലേ? വീണ്ടും എല്ലാവരും ആലോചനയിലായി വീണ്ടും നിഷാന്ത് ചേട്ടന്‍ തന്നെ പുതിയ ആശയം പറഞ്ഞു അത് എല്ലാവരും സമ്മതിച്ചു.

തുടര്‍‌ന്ന് ഞങ്ങള്‍‍ ന്യൂട്രലില്‍ അടുക്കളയിലെത്തി കൊച്ചമ്മൂമ്മയെ സോപ്പിടാന്‍ തുടങ്ങികക്ഷിയെ എന്തെങ്കിലും പറഞ്ഞ് പ്രലോഭിപ്പിച്ച് ഒന്നു പുറത്തിറക്കിക്കിട്ടണമല്ലോ അവസാനം ഒരു കശുമാവിന്റെ കാര്യം പറഞ്ഞത് അങ്ങേറ്റു ആ പറമ്പിന്റെ മൂലയിലുള്ള ഒരു കശുമാവിന്റെ(പറങ്കി മാവ്) തൈ നമ്മുടെ പറമ്പിലാണോ അയല്‍ക്കാരുടെയാണോ എന്ന സംശയമാണ് കൊച്ചമ്മൂമ്മയെ സംശയാലുവാക്കിയത്പറമ്പില്‍ ഞാനറിയാതെ ഒരു കശുമാവിന്‍ തൈയോ എന്ന് ആലോചിച്ച് കൊച്ചമ്മൂമ്മ മുറ്റത്തേക്കിറങ്ങി. കൂടെ ചേട്ടന്മാരും ഞാനും.

പറമ്പിന്റെ മൂലയ്ക്കു നില്‍ക്കുന്ന കശുമാവിന്‍ തൈ കണ്ട് കൊച്ചമ്മൂമ്മ അഭിമാനത്തോടെ പറഞ്ഞു “അത് ഞാന്‍ തന്നെ നട്ടതാടാ കൊച്ചേ” എന്ന്. ഞങ്ങളെല്ലാവരും കൊച്ചമ്മൂമ്മയുടെ മരങ്ങളോടുള്ള സ്നേഹത്തെ പുകഴ്ത്തി അതും കക്ഷിക്ക് അങ്ങു പിടിച്ചു പിന്നെ, ആ പറമ്പില്‍ അവിടെയിവിടെയായി നില്‍ക്കുന്ന താന്‍ നട്ട മരങ്ങളേല്ലാം ഞങ്ങളെ കാണിച്ചു തന്നു പല തവണ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണെങ്കിലും അന്ന് ഞങ്ങളതെല്ലാം വളരെ ആരാധനയോടെ എന്ന പോലെ കേട്ടു നിന്നു.

അതു കഴിഞ്ഞ് തിരിച്ചു നടക്കുന്ന വഴി, നിഷാന്ത് ചേട്ടന്‍ പതുക്കെ കൊച്ചമ്മൂമ്മയോട് പറഞ്ഞു “നോക്കിയേ കൊച്ചമ്മേ ഈ മുരിങ്ങ നിറയെ ചിതലാണല്ലോ” എന്ന്. ഞങ്ങളെല്ലാം പ്രതീക്ഷിച്ച പോലെ തന്നെ കൊച്ചമ്മൂമ്മ ചിതലിനെ പഴിച്ചു കൊണ്ട് ആ മുരിങ്ങയില്‍ കയറി പിടിച്ചതും ‘ധിം’ എന്ന ശബ്ദത്തോടെ മുരിങ്ങ മറിഞ്ഞു വീണതും ഒരുമിച്ചായിരുന്നു.

ഞങ്ങള്‍ക്കും ആശ്വാസമായി ഞങ്ങളെല്ലാം കൂടെ പറഞ്ഞു “കൊച്ചമ്മേ കൊച്ചമ്മ ഒന്നു കയറിപ്പിടിച്ചപ്പോഴേക്കും അതൊടിഞ്ഞു വീണല്ലോ

എന്താണു സംഭവിച്ചതെന്ന് കൊച്ചമ്മൂമ്മയ്ക്കും ശരിക്കും മനസ്സിലായില്ല എന്നാലും ഇവന്മാരെല്ലാം കൂടെ സംഗതി കുളമാക്കണ്ട എന്നു കരുതി, കൊച്ചമ്മ ഒരു നിസ്സാര സംഭവം എന്ന പോലെ പറഞ്ഞു“ങാ അതു നിറച്ചും ചിതലായിരുന്നുകുറച്ചു ദിവസമായി ഞാനത് ശ്രദ്ധിക്കുന്നു അതു സാരമില്ലനിങ്ങള്‍ അപ്പുറത്തെങ്ങാനും പോയി കളിച്ചോ”

ഞങ്ങള്‍ ആശിച്ചതും അത്രേയുള്ളൂ സംഭവം നൈസായി ഞങ്ങളുടെ തലയില്‍ നിന്നും ഊരിക്കിട്ടി അങ്ങനെ ഞങ്ങള്‍ കൊച്ചമ്മൂമ്മയില്‍ നിന്നും മാത്രമല്ല, അവിടെയുള്ള എല്ലാവരുടെ ചീത്തയില്‍ നിന്നും രക്ഷപ്പെട്ടു.

കുറെക്കാലം കഴിഞ്ഞ് അച്ഛനോടും അമ്മയോടുമെല്ലാം ഇതിന്റെ യഥാര്‍‌ത്ഥ കഥ പറഞ്ഞപ്പോള്‍ അവരെല്ലാം അത് ആസ്വദിച്ചു ചിരിച്ചു. പക്ഷെ, കൊച്ചമ്മൂമ്മയ്ക്ക് ഇക്കാര്യം ഇന്നും അറിയില്ല എന്തായാലും ഈ ബ്ലോഗ് വായിക്കാന്‍ ഒരു സാധ്യതയുമില്ലാത്തതിനാല്‍ ഇനി അറിയാനും ഇടയില്ല. (ഇപ്പോള്‍ അതെല്ലാം ഓര്‍മ്മ കാണുമോ എന്നുമറിയില്ല. പഴയ പോലെ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ കൂടുതല്‍ സമയവും ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന കൊച്ചമ്മൂമ്മയുടെ ദീര്‍‌ഘായുസ്സിനു വേണ്ടിയുള്ള പ്രാര്‍‌ത്ഥനകളോടെ ഇതിവിടെ പോസ്റ്റുന്നു) .

37 comments:

 1. ശ്രീ said...

  എന്റെ ഒരു പഴയ ഓര്‍‌മ്മക്കുറിപ്പ്. ഏതാണ്ട് 18 വര്‍‌‌ഷം മുന്‌പ് നടന്ന കഥ.

  ‘കോളിളക്കം’. പുതിയ പോസ്റ്റ്.

 2. Aravishiva said...

  അമ്പട വീരന്മാരേ!! എന്തൊരു പുത്തി....!

  :-D

  ശ്രീ...ഇത്തരം വീര സാഹസിക കഥകള്‍ ഇനിയും പോരട്ടേയ്

 3. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: നിന്റെ അഡ്രസ്സ് താടാ, കത്തെഴുതിയാല്‍ കൊച്ചമ്മൂമയ്ക്കിപ്പോഴൂം വായിക്കാലോ?

 4. തറവാടി said...

  ശ്രീ,

  അമിത വര്‍ണ്ണന , എഴുത്തുകാരന്‍റ്റെ മനോഗത വിവരണം , ഇതെല്ലാം വായനമടുപ്പിക്കുന്നു. , തുറന്ന് പറഞ്ഞതാണെ , കെറുവിക്കരുത്‌ :)

 5. കുഞ്ഞന്‍ said...

  മിടുക്കന്മാര്‍...:)

  ഒരു സംശയം, 18 വര്‍ഷം മുന്‍പ്,അതായിത് 1989ല്‍ TV അധികമില്ലാത്ത നാടൊ?

 6. ശ്രീ said...

  അരവീ...
  നന്ദി.
  ചാത്താ...
  പാര വയ്ക്കരുത്...
  :)
  തറവാടീ...
  അഭിപ്രായത്തിനു നന്ദി. ഇനി ശ്രദ്ധിക്കാം.
  :)
  കുഞ്ഞന്‍‌ ചേട്ടാ...
  1989 ല്‍ ഞങ്ങളുടെ നാട്ടിലൊന്നും ടിവി അധികം വീടുകളിലില്ല. (ഞങ്ങളുടെ വീട്ടില്‍‌ പോലും 1992 ലാണ്‍ വാങ്ങിയത്)
  കമന്റിനു നന്ദി ട്ടോ.
  :)

 7. സു | Su said...

  നല്ല പരിപാടി. ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്. അമ്മൂമ്മയെ അറിയിക്കുന്ന കാര്യം ഞാനേറ്റു.

 8. വേണു venu said...

  പറമ്പില്‍ ഞാനറിയാതെ ഒരു കശുമാവിന്‍ തൈയോ എന്ന് ആലോചിച്ച് മുറ്റത്തേക്കിറങ്ങിയ കൊച്ചമ്മൂമ്മ . ഒരു പക്ഷേ കൊച്ചു മക്കളെ വിഷമിപ്പിക്കേണ്ടെന്നു കരുതിയതാണോ.? അങങനെ ആയിരിക്കട്ടെ. ആ പ്രകൃതി സ്നേഹി അമ്മൂമ്മയ്ക്കു് എന്‍റെ പ്രണാമം.:)

 9. Sanal Kumar Sasidharan said...

  മുരിങ്ങയോ ഒടിഞ്ഞു ഇങ്ങനെ നുണയും പറയണോ?മുരിങ്ങ ഒടിഞ്ഞതുവരെ വിശ്വസനീയം ബാക്കി നുണ അല്ലേ ശ്രീ...എന്നാലും ഒരു കുട്ടിത്തമുണ്ട്.

 10. സഹയാത്രികന്‍ said...

  കൊള്ളാം കേട്ടോ... (കൊള്ളാഞ്ഞത് ഭാഗ്യം)
  :)

 11. കൃഷ്‌ | krish said...

  കൊച്ചമ്മൂമ്മയെ പറ്റിച്ച മുരിങ്ങവീരന്മാര്‍ കൊള്ളാം. അങ്ങിനെ ഒരു ‘കോളിളക്കം’ ഒഴിവായികിട്ടിയല്ലേ.

 12. ശ്രീ said...

  സൂവേച്ചി...
  സന്തോഷം. പിന്നേയ്, ജീവിക്കാന്‍‌ സമ്മതിക്കില്ലാല്ലേ... എനിക്കിനിയും അങ്ങോട്ടു പോകണ്ടതാണേ... ;)
  വേണുവേട്ടാ...
  നന്ദി. കൊച്ചമ്മൂമ്മ അന്നും ഇന്നും വലിയ പ്രകൃതി സ്നേഹി തന്നെ. ഞങ്ങള്‍‌ കുടുംബക്കാര്‍‌ മാത്രമേയുള്ളൂ എന്നും അമ്മൂമ്മയുടെ കൊച്ചു ലോകത്ത്.
  സനാതനന്‍‌ മാഷെ...
  കഥ നടന്നതു തന്നെയാണു കേട്ടോ. കമന്റിനു നന്ദി.
  സഹയാത്രികാ...
  അതെയെതെ... ഹഹ.
  ക്രിഷ് ചേട്ടാ...
  അതേ. ഒരു കൊച്ചു കോളിളക്കം അങ്ങനെ ഒഴിവായിക്കിട്ടി
  :)

 13. ചന്ദ്രകാന്തം said...

  ശ്രീ,
  കോളിളക്കം ഒഴിവാക്കിയ നുണ കൊള്ളാം..

  -ചന്ദ്രകാന്തം.

 14. മന്‍സുര്‍ said...

  ശ്രീ....
  എഴുത്തിന്‍റെ വേഗത കൂടിപോയോ എന്നൊരു തോന്നല്‍
  ശ്രീയുടെ മറ്റ് രചനകളുടെ നിലവാരം പുലര്‍ത്താന്‍ ഈ കോളിളകത്തിന്‌ കഴിഞില്ല.
  (വിമര്‍ശനമായ് കാണരുത് ഒരു കൂട്ടുക്കാരന്‍റെ അഭിപ്രായമായ് മാത്രം കാണുക).


  മന്‍സൂര്‍,നിലംബൂര്‍

 15. ശ്രീ said...

  ചന്ദ്രകാന്തം ചേച്ചീ...
  ഇതു സത്യമായും നടന്ന സംഭവമാണെ...
  (ശ്ശെടാ, ആരും വിശ്വസിക്കുന്നില്ലേ?)
  മന്‍‌സൂര്‍‌ ഭായ്...
  വിമര്‍‌ശനങ്ങളായാലും സ്വാഗതം. തുറന്ന അഭിപ്രായത്തിനു വളരെ നന്ദി. ഇനിയുള്ള പോസ്റ്റുകളില്‍ ശ്രദ്ധിക്കാം.
  :)

 16. സുല്‍ |Sul said...

  ശ്രീ
  കൊള്ളാം :)
  -സുല്‍

 17. G.MANU said...

  നീ ആളു കൊള്ളാല്ലോടെ..

  മുരിങ്ങമരം ഒക്കെ വീഴ്ത്താനുള്ള ആമ്പിയറ്‍ ഉണ്ടാരുന്നോ.. കലക്കി

 18. മുസ്തഫ|musthapha said...

  ശ്രീ said...
  ചന്ദ്രകാന്തം ചേച്ചീ...
  ഇതു സത്യമായും നടന്ന സംഭവമാണെ...
  (ശ്ശെടാ, ആരും വിശ്വസിക്കുന്നില്ലേ?)

  ഹഹഹ ശ്രീ പെട്ടുപോയി അല്ലേ... കൊച്ചമ്മൂമ്മയെ വീഴ്ത്തിയ പോലെ വായനക്കാരെ വീഴ്ത്താന്‍ പറ്റുന്നില്ലല്ലാ... ല്ലേ :)

  കൊച്ചമ്മൂമ്മയോട് പറയണം ആ കഥ... അവര്‍ക്കും അത് കേട്ടാല്‍ ചിരിയേ വരൂ.

 19. ശ്രീ said...

  സുല്‍‌ ചേട്ടാ...
  നന്ദി.
  മനുവേട്ടാ...
  ഒരു മുരിങ്ങ മരമൊക്കെ നമുക്കു കൈകാര്യം ചെയ്യാമെന്നേ... ഹ ഹ
  അഗ്രജേട്ടാ...
  ഒരു രക്ഷയുമില്ലാന്നേ... കൊച്ചമ്മൂമ്മയോട് ഒരിക്കല്‍‌ പറയണം.
  കമന്റിനു നന്ദി കേട്ടോ.
  :)

 20. Areekkodan | അരീക്കോടന്‍ said...

  I am late...But ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്

 21. ഉപാസന || Upasana said...

  അമ്മൂമ്മയോട് പറയാന്‍ പറ്റിയ ആള്‍ ആരാ മാഷെ..?
  എല്ലാം ജയന്റെ പണികള്‍. ഓന്‍ പണ്ട് ഷീലയെ മസില്‍ കാണിച്ച്, ചുണ്ട് കടിപ്പിച്ചു. ഇപ്പോഴിതാ ഇങ്ങിനെയും... എന്താ കഥ.
  :)
  സുനില്‍

 22. Sathees Makkoth | Asha Revamma said...

  മിടുക്കാ, കുസൃതി നന്നായി.

 23. അപ്പു ആദ്യാക്ഷരി said...

  ശ്രീക്കുട്ടാ... കൊച്ചമ്മയ്ക്ക് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ല, കുട്ടികളെ വിഷമിപ്പിക്കേണ്ടാ എന്നു കരുതി മനപ്പൂര്‍വ്വം കണ്ണടച്ചതവാനേ വഴിയുള്ളൂ

 24. ശ്രീ said...

  അരീക്കോടന്‍‌ മാഷെ...
  അഭിപ്രായത്തിനു നന്ദി.
  സുനില്‍‌...
  ജയന്‍‌ അന്നും ഇന്നും സ്റ്റാറല്ലേ...
  :)
  സതീശേട്ടാ...
  നന്ദി.
  അപ്പുവേട്ടാ...
  കൊച്ചമ്മൂമ്മ ഒരു പക്ഷേ മനപ്പൂര്‍‌വ്വം കണ്ണടച്ചതാവാം, ഞങ്ങളെ രക്ഷിക്കാന്‍‌!
  കമന്റിനു നന്ദി കേട്ടോ.
  :)

 25. ജാസൂട്ടി said...

  ഇപ്പോഴാണല്ലോ കാണുന്നത്...തരികിട അല്പ സൊല്പം അമ്മൂമയോടും കാട്ടികൂട്ടിയിട്ടുണ്ടല്ലേ?:)

  ഓ.ടോ: റ്റെമ്പ്ലേറ്റ് മാറ്റിയല്ലേ? ആദ്യത്തേതായിരുന്നു 'നീര്‍മിഴിപൂക്കള്‍' ക്ക് കൂടുതല്‍ അനുയോജ്യം എന്നു തോന്നുന്നു...

 26. മഴത്തുള്ളി said...

  “ക്…റ്..റേ… റേ…ടക്ക്!”

  ഞാനും മരത്തില്‍ നിന്നും വീഴാന്‍ തുടങ്ങിയതാ ;)

  ഹി ഹി... സംഗതി അടിപൊളിയായി കേട്ടോ

 27. ശ്രീ said...

  മുരളി മാഷെ...
  :)

  ജാസൂ...
  നന്ദി. ടെംബ്ലേറ്റ് മോശമായോ??? നോക്കാം.
  :)

  മഴത്തുള്ളി മാഷെ...
  കമന്റിയതിനു നന്ദി ട്ടോ.
  :)

 28. ഹരിശ്രീ said...

  Sobhi,

  Blog kandu....
  Janum athil oru kadhapatram ayirunnallo... Ethil nee ezhuthiyathellam sarikkum nadannakaryamgal thanne...Eppol orkkumbol... Sarikkum Thamasa thonnunnu...

  Sreechettan

 29. Typist | എഴുത്തുകാരി said...

  ഓര്‍മ്മക്കുറിപ്പു് കൊള്ളാം.

 30. ഹരിയണ്ണന്‍@Hariyannan said...

  ഓര്‍മ്മകള്‍ നന്നായിരിക്കുന്നു...
  ഇനിയും ഈ വഴി വരും.

 31. ശ്രീ said...

  ശ്രീച്ചേട്ടാ...

  അങ്ങനെ പറഞ്ഞ് കൊടുക്കെന്നേയ്...

  എഴുത്തുകാരീ...

  നന്ദി.

  ഹരിയണ്ണാ...
  ഈ വഴി ആദ്യമായാണല്ലേ... നന്ദി, കേട്ടോ.
  :)

 32. ഫസല്‍ ബിനാലി.. said...

  നന്നായിരിക്കുന്നു

 33. Unknown said...

  മി. ചാത്തന്‍,

  കത്തെഴുതുമ്പോള്‍ വളരെ സ്ലോ ആയി വേണം എഴുതാന്‍. പാവം വയസായ അമ്മൂമ്മയല്ലെ, സ്പീഡില്‍ വായിക്കാന്‍ പറ്റിയിലോ...

  അമ്മൂമ്മാ കീ ജയ്

 34. ശ്രീ said...

  ഫസല്‍‌...
  നന്ദി.
  പൊന്നമ്പലം...
  ഇതു വഴി ആദ്യമല്ലേ... നന്ദി കേട്ടോ.
  അപ്പോ ചാത്തനെക്കൊണ്ട് കത്തെഴുതിക്കാന്‍‌ പോവ്വാണോ. (അതു മറന്നു തുടങ്ങീതായിരുന്നു)
  :)

 35. rajan vengara said...

  പ്രിയ ശ്രീ, നന്നയിട്ടുണ്ടു.നല്ല കയ്യടക്കത്തോടെയും രസം കളായതെയും സംഭവങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.ആമുഖമായി പറഞ്ഞ കാര്യങ്ങള്‍ ഇനി മുഖവിലെക്കെടുക്കില്ല(ഞാനോരു നല്ല എഴുതുകാരനല്ല.......)നന്നായിടുണ്ടു..തുടര്‍ന്നും നല്ല രചനകള്‍ പ്രദീക്ഷിക്കുന്നു.
  രാജന്‍,വെങ്ങര,കണ്ണൂരു.

 36. ചിതല്‍/chithal said...

  ശ്രീ, ഈ പോസ്റ്റ് ഇപ്പോഴാണു്‌ കണ്ടതു്‌. എനിക്കു്‌ വളരെ ഇഷ്ടമായി. കുട്ടിക്കാലത്തെ ഒരു സത്യസന്ധത ഈ പോസ്റ്റിൽ നിറഞ്ഞുനിൽക്കുന്നു. ആസ്വദിച്ചു്‌ വായിക്കാൻ സാധിച്ചു.

 37. aswathi said...

  ജയന്റെ കോളിളക്കം തന്നെ ...നന്നായി എഴുതി ..