എന്റെ കുട്ടിക്കാലം മുതലേ ഞങ്ങളുടെ നാട്ടില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു പതിവുണ്ട്. ആ ഭാഗത്തുള്ള ഏത് വീടുകളിലായാലും ശരി, പറമ്പിലോ വേലിയരുകിലോ എവിടെയെങ്കിലും ഒരു പാമ്പിന്റെ തലവെട്ടം കണ്ടു എന്നിരിയ്ക്കട്ടെ. ഉടന്‍ തന്നെ ആ മെസ്സേജ് യുദ്ധകാലാടിസ്ഥാനത്തില്‍ ഞങ്ങളുടെ അയല്പക്കത്തെ വീട്ടിലെ കരുണന് വല്യച്ഛന് കിട്ടിയിരിയ്ക്കും. വേറൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ‘തന്നെ നാട്ടുകാര്‍ കണ്ടു കഴിഞ്ഞു’ എന്ന സത്യം ആ പാമ്പു പോലും മനസ്സിലാക്കും മുന്‍പേ വിവരമറിഞ്ഞ് കരുണന് വല്യച്ഛന് തന്റെ സ്പെഷ്യല്‍ വടിയുമായി(ഒരറ്റം കമ്പി കൊണ്ട് കെട്ടിയ ചൂരല്‍ വടി) ആ സ്പോട്ടില്‍ ഹാജരായിക്കഴിഞ്ഞിരിയ്ക്കും. പിന്നെ ആ പാമ്പിന് അധികം ആയുസ്സ് ഉണ്ടാകാറില്ല. മാത്രമല്ല, അന്നെല്ലാം നാട്ടിലെവിടെയോ ഒരു പാമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന വിവരം പലപ്പോഴും നാട്ടുകാര്‍ പോലും മനസ്സിലാക്കിയിരുന്നത് തന്റെ ചൂരല്‍ വടിയുമായി കരുണന് വല്യച്ഛന് പോകുന്നത് കാണുമ്പോഴായിരിയ്ക്കും.
ഞാനാണെങ്കില്‍ പണ്ടു മുതലേ പാമ്പുകളുമായി ഒത്തു പോകാറില്ല. അതു കൊണ്ട് തന്നെ വീടിന്റെ ചുറ്റുവട്ടത്തോ പരിസരപ്രദേശങ്ങളിലോ പാമ്പിനെ കണ്ടു എന്ന് കേട്ടാല്‍ ആ ഭാഗത്തേയ്ക്ക് ഉള്ള പോക്ക് കഴിയുന്നതും ഒഴിവാക്കാനും ഞാന്‍ ശ്രദ്ധിയ്ക്കാറുണ്ട്. വെറുതേ എന്തിന് പാമ്പിനെ മെനക്കെടുത്തണം? മാത്രമല്ല, വേറെ ഏത് ജീവി ആയിരുന്നാലും സമാധാനമുണ്ട്. ഒരു പേപ്പട്ടിയോ മദമിളകിയ ആനയോ ആയാലും നമുക്ക് ഓടി മാറാനും മറ്റും ആവശ്യത്തിന് സമയം കിട്ടുമല്ലോ. അതു പോലെയാണോ പാമ്പ്? അതെപ്പോഴാ എവിടെ നിന്നാ പ്രത്യക്ഷപ്പെടുക എന്ന് പറയാനേ പറ്റില്ല.
ഞാന്‍ സ്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് വിഷമുള്ളവയും ഇല്ലാത്തവയുമായി പലതരം പാമ്പുകളെ നാട്ടില്‍ അവിടെയും ഇവിടെയുമൊക്കെയായി കാണുന്നത് പതിവായിരുന്നു. (ഇന്ന് ആ സ്ഥിതി മാറി. ഇപ്പോള്‍ ഒറിജിനല്‍ പാമ്പുകളെ നാട്ടിലൊക്കെ വല്ലപ്പോഴുമേ കാണാറുള്ളൂ). മാത്രമല്ല, കരുണന് വല്യച്ഛന് അയല്പക്കത്ത് തന്നെ ഉണ്ടായിരുന്നത് കൊണ്ട് ഒരു പാമ്പിനെ എവിടെയെങ്കിലും കണ്ടാല്‍ തന്നെയും ഞങ്ങള്‍ക്ക് അധികം മിനക്കെടേണ്ടി വരാറില്ല. അതുമല്ലെങ്കില്‍ അച്ഛനോ കുഞ്ഞച്ഛനോ നിതേഷ് ചേട്ടനോ അങ്ങനെ ആരെങ്കിലുമൊക്കെ കാണും. (പണ്ടൊരിയ്ക്കല്‍ നിവൃത്തിയില്ലാതെ പാമ്പുവേട്ടയ്ക്ക് ഇറങ്ങിയ കാര്യം ഞാനൊരിയ്ക്കല്‍ എഴുതിയിരുന്നു)
നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വീട്ടിലും തറവാട്ടിലുമായി അച്ഛനും കുഞ്ഞച്ഛനുമുള്പ്പെടെ ആരുമില്ലാതിരുന്ന ഒരു ദിവസം. [പലപ്പോഴും പറഞ്ഞിട്ടുള്ളതു പോലെ എന്റെ വീടും പഴയ തറവാടും തമ്മില്‍ ഒരു വേലിയുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ]. ഞാനും ചേട്ടനും കണ്ണനും കൂടി അവിടെ പറമ്പില്‍ പേരയ്ക്കയോ മാങ്ങയോ മറ്റോ തിരഞ്ഞ് തറവാടിന്റെ പുറകിലെ പറമ്പില്‍ നില്‍ക്കുകയായിരുന്നു. അന്ന് വീട്ടില്‍ ഉണ്ടായിരുന്ന പൂച്ചക്കുഞ്ഞും ഞങ്ങളുടെ ഒപ്പം തന്നെ ഉണ്ട്. (ഞാനോ കണ്ണനോ അവിടെ ഉണ്ടെങ്കില്‍ അന്നൊക്കെ വാലു പോലെ ഈ പൂച്ചയും വരുമായിരുന്നു. ഞങ്ങളെന്തെങ്കിലും കഴിയ്ക്കുമ്പോള്‍ അതിനും അതില്‍ നിന്ന് ഇത്തിരി കൊടുക്കണമെന്ന് മാത്രം. അതിപ്പോ പഴമായാല്‍ പോലും ആശാന് ശാപ്പിടാതിരിയ്ക്കില്ല) അതിനിടെ നീളമുള്ള തോട്ടി തപ്പി, വിറകു പുരയ്ക്കടുത്തു പോയ കണ്ണന് പോയതിന്റെ ഇരട്ടി സ്പീഡില്‍ അലറിക്കൊണ്ട് തിരിച്ചെത്തി. അവന്റെ പരാക്രമം കണ്ട് എന്താണെന്ന് ചോദിച്ച ചോദ്യത്തിന് വിറച്ചു കൊണ്ട് അവന് മറുപടി പറഞ്ഞു... “അവിടെ വിറകു പുരയ്ക്കടുത്ത് ഒരു പാമ്പ്”
“പാ... പാാ...പാ... പാമ്പോ? വലുതാണൊ? നല്ല നീളമുണ്ടോ?” പെട്ടെന്ന് കേട്ട ഞെട്ടലില്‍ എന്റെ ചോദ്യത്തില്‍ വിക്കലും വിറയലും കലര്‍ന്നിരുന്നു.
‘വലുതു തന്നെ. നീളവുമുണ്ട്. പക്ഷേ, ഇപ്പോ ചേട്ടന് പറഞ്ഞ അത്രയ്ക്ക് നീളം വരില്ല.”
“നീ കിടന്ന് ബഹളം വച്ചത് കേട്ട് അതിപ്പോ അതിന്റെ വഴിയ്ക്ക് പോയിക്കാണും” ചമ്മിയെങ്കിലും ചമ്മല് പുറത്തു കാട്ടാതെ ഞാന്‍ പറഞ്ഞു.
“ഏയ്. അത് ഒരു മാളത്തില്‍ തലയിട്ട് ഇരിയ്ക്കുകയാ. എന്നെ കണ്ടുകാണില്ല. നിങ്ങളു രണ്ടാളും ഒന്നു വേഗം വാ. നമുക്ക് നോക്കാം”
ഞങ്ങള്‍ ചെന്നു നോക്കുമ്പോള്‍ സംഗതി സത്യമാണ്. ഒരു മുട്ടന്‍ പാമ്പ്. നല്ല മുഴുപ്പ്. ഏതാണ്ട് കറുത്ത അഥവാ ചെമ്പിച്ച ഒരു നിറം. സാധാരണ പാമ്പിനെ പോലെ മിനുസമുള്ള തോലല്ല; പരുപരുത്ത തോലാണ്. മൊത്തത്തില്‍ ഒരു ‘പെശക് ലുക്ക്’. വല്ല കരിമൂര്ഖനോ മറ്റോ ആയിരിയ്ക്കണം എന്ന നിഗമനത്തിലെത്തി, ഞങ്ങള്‍. വിറകു പുരയോട് ചേര്‍ന്നുള്ള ഒരു കൊച്ചു മാളത്തിനകത്ത് തലയിട്ട് ഇരിപ്പാണ് കക്ഷി. തല പൊത്തിനകത്ത് ആയതു കൊണ്ട് തന്നെ ആരും കാണില്ല എന്ന വിശ്വാസത്തിലാണോ അതോ ഈ ചീള് പിള്ളേരെ ഒന്നും അത്ര കാര്യമാക്കാനില്ല എന്ന ഭാവത്തിലാണോ എന്നറിയില്ല, ഞങ്ങളുടെ ഒച്ചയും ബഹളവുമെല്ലാം കേട്ടിട്ടും അവനത്ര കുലുക്കമില്ല. വല്ലപ്പോഴും വാല് ഒന്ന് അനക്കുന്നുണ്ട്... അത്ര മാത്രം.
പാമ്പിനെ കണ്ട മാത്രയില്‍ തന്നെ കരുണന് വല്യച്ഛനെ വിളിച്ചു കൊണ്ടു വരുവാനായി ചേട്ടന് പുറപ്പെട്ടു കഴിഞ്ഞിരുന്നു. പക്ഷേ, ഏതാനും നിമിഷങ്ങള്‍ക്കകം ചേട്ടന് ഒറ്റയ്ക്ക് തിരിച്ചു വന്നു. പാടത്ത് കൊയ്ത്തു കാലമായതു കൊണ്ട് കരുണന് വല്യച്ഗ്ഛന് ‘ഔട്ട് ഓഫ് സ്റ്റേഷന്’ ആയത് തന്നെ കാരണം. ഇനിയിപ്പൊ പാടം വരെ പോയി, കരുണന് വല്യച്ഛനെ വിവരമറിയിച്ച് ആളെയും കൂട്ടി പാമ്പിനെ കാണിച്ചു കൊടുക്കുമ്പോഴേയ്ക്കും ഒരു നേരമാകും. കാരണം കാലിന് ആണിരോഗമുള്ളതിനാല് ആള്‍ക്ക് അത്ര വേഗം നടക്കാനാകില്ല. അത് മാത്രവുമല്ല, ‘നിങ്ങള്‍ എന്നാല്‍ പോയി ആളെ വിവരമറിയിച്ച് കൂട്ടിക്കൊണ്ടു വാ... ഞാനിവിടെ വെയ്റ്റ് ചെയ്യാം‘ എന്ന് പറയാന്‍ പാമ്പ് നമ്മുടെ സ്വന്തക്കാരനൊന്നുമലല്ലോ. അത് അതിനു തോന്നുമ്പോള്‍ ഇഴഞ്ഞ് പോകില്ലേ?
ഞങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലായി. പാമ്പിനെ എന്ത് ചെയ്യണം ? വെറുതേ വിടുന്നതെങ്ങനെ? കൊല്ലാതെ വിട്ടാല്‍ രാത്രി സമയത്തോ മറ്റോ മുറ്റത്തിറങ്ങുന്നവര്ക്കിട്ട് അവനൊരു പണി തരില്ലെന്ന് എന്താണുറപ്പ്? കൊല്ലാനാണെങ്കില്‍ ആരു കൊല്ലും? പണ്ടു തൊട്ടേ എന്തെങ്കിലും കുരുത്തക്കേടുകള്‍ ഒപ്പിയ്ക്കുന്നത് ഞാനായിരുന്നതു കൊണ്ടാകണം ചേട്ടനും കണ്ണനും എന്നെത്തന്നെ പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്നത് കണ്ട് ഞാനൊന്നു ഞെട്ടി. എന്നിട്ട് ഒരു ചെറിയ പ്രത്യാശയോടെ ഞങ്ങളുടെ പൂച്ച നിന്നിടത്തേയ്ക്ക് നോക്കി.
എവടെ? ‘പൊടി പോലുമില്ല കണ്ടു പിടിയ്ക്കാന്‍’ എന്നു പറഞ്ഞതു പോലെ ആ സ്ഥലം ശൂന്യം... കശ്മലന്! അത്രയും നേരം ഞങ്ങളുടെ പുറകേ വാലുമാട്ടിക്കൊണ്ട് നടന്നവനാ. സംഗതി പാമ്പ് കേസാണെന്ന് മനസ്സിലാക്കിയ ഉടനേ അവന് സ്കൂട്ടായതാകണം. അങ്ങനെ ആ പ്രതീക്ഷയും പൊലിഞ്ഞു. ഇനിയിപ്പോള്‍ ഞങ്ങള്‍ തന്നെ എന്തെങ്കിലും ചെയ്തെ പറ്റൂ എന്നായി അവസ്ഥ.
എന്തായാലും ഞങ്ങളെല്ലാവരും ഓരോ വടിയും സംഘടിപ്പിച്ചു കൊണ്ടു വന്ന് പാമ്പിന്റെ ചുറ്റുമായി നിന്നു. ഇത്രയൊക്കെ ആയിട്ടും അതിനൊരു കുലുക്കവുമില്ല. ഇടയ്ക്ക് അനങ്ങുന്നുണ്ട്, പക്ഷെ ഇഴഞ്ഞു പോകാനൊന്നും ശ്രമിയ്ക്കുന്നില്ല.എന്നിട്ടും തല്ലാന്‍ ആര്‍ക്കും ധൈര്യം വരുന്നില്ല. ഒന്നാമതായി പാമ്പിനെ മുഴുവനായി പുറത്തു കാണാനില്ല. പുറത്തു കാണുന്നതിനേക്കാള്‍ കൂടുതല്‍ ശരീരം മാളത്തിനകത്താണെങ്കിലോ? പിന്നെ, ഏത് ഇനമാണെന്നും അറിയില്ല. ഇതൊന്നുമല്ല, ഇനി അടി കൊണ്ടിട്ടും അതെങ്ങാനും ചാകാതെ രക്ഷപ്പെട്ടാല്‍ അത് അതിലും വലിയ പ്രശ്നമാകില്ലേ? ആകെ കണ്ഫ്യൂഷന്!
[പാമ്പ് ഏത് ഇനമാണ് എന്ന് അറിഞ്ഞാല്‍ കൊല്ലാന്‍ മടിയില്ലേ എന്നോ മാളത്തിനകത്തിരിയ്ക്കാതെ നേരെ പുറത്തു വന്നിരുന്നെങ്കില്‍ കൊല്ലാന്‍ ധൈര്യമുണ്ടാകുമായിരുന്നോ എന്നോ ഉള്ള ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല എന്ന് എടുത്തു പറയേണ്ടതില്ലല്ലോ]
എല്ലാവരും വടിയും പിടിച്ച് വട്ടം കൂടി നിന്ന് “നീ അടിയ്ക്ക്!”... “ചേട്ടന് അടിയ്ക്ക്!” എന്ന് പരസ്പരം പറഞ്ഞു കൊണ്ട് നില്‍ക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. അവസാനം എനിയ്ക്കൊരു ഐഡിയ തോന്നി. ഞാന്‍ ഒരു വലിയ പാറക്കല്ല് പറമ്പില്‍ നിന്നും എടുത്തു കൊണ്ടു വന്നു. എന്നിട്ട് ചേട്ടനോടും കണ്ണനോടുമായി പറഞ്ഞു.
“ഞാന്‍ ഈ കല്ല് അതിന്റെ പുറത്തേക്കെറിയാം. പക്ഷെ എന്നിട്ട് ഞാന്‍ അങ്ങ് ഓടും. അതെങ്ങാനും ചത്തില്ലെങ്കിലോ? അതു കൊണ്ട് ഏറു കിട്ടിയ ശേഷവും ഈ പാമ്പെങ്ങാനും പുറത്തു ചാടി ഇഴയാന്‍ നോക്കിയാല്‍ ബാക്കി നിങ്ങള്‍ നോക്കിക്കൊള്ളണം”
പക്ഷേ ആ ഐഡിയ അവര്‍ ഇരുവരും സമ്മതിച്ചില്ല. കല്ലെടുത്ത് പാമ്പിന്റെ തലയ്ക്കോ നടുവിനോ എവിടെ വേണേലും എറിയാം. പക്ഷേ, ചത്തില്ലെങ്കില്‍ ഞാന്‍ തന്നെ അതിനെ തല്ലിക്കൊല്ലുകയും വേണമത്രേ. പാമ്പിന്റെ മൊത്തത്തിലുള്ള ഒരു ലുക്ക് വച്ച് എനിയ്ക്ക് അതിനെ തല്ലാനും ധൈര്യം വരുന്നില്ല.
അങ്ങനെ ഞങ്ങള്‍ അതുമിതും പറഞ്ഞ് നില്‍ക്കുമ്പോഴാണ് അടുത്ത വഴിയിലൂടെ കണ്ണന്റെ ഒരു സഹപാഠിയായ മാധവന് സൈക്കിളും ചവിട്ടി കടന്നു പോയത്. ഞങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് അവന് എന്താണ് കാര്യമെന്ന് വിളിച്ചന്വേഷിച്ചു. ‘പാമ്പ്’ എന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി അവന് സൈക്കിള്‍ സ്റ്റാന്റിലിട്ട് അങ്ങോട്ട് ഓടി വന്നു. വരും വഴി വേലിയരുകില്‍ നിന്നും നല്ലൊരു ശീമക്കൊന്ന ഒടിച്ചെടുത്ത് ഇല കളഞ്ഞ് വടിയാക്കുകയും ചെയ്തു.
പാമ്പിന്റെ അടുത്തെത്തി അവനും ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് പറഞ്ഞു “ കണ്ടിട്ട് കുറച്ചു കൂടിയ ഇനമാണെന്നാണ് തോന്നുന്നത്. കരി മൂര്‍ഖന്‍ തന്നെ ആണോ എന്നാ സംശയം. നിങ്ങള്‍ കുറച്ചങ്ങ് മാറി നിന്നോ. ഇത് ഞാനേറ്റു”
പറഞ്ഞു തീര്‍ന്നതും അവന് കയ്യിലിരുന്ന വടി കൊണ്ട് നാലഞ്ച് അടി. ആദ്യത്തെ അടിയ്ക്ക് തന്നെ പാമ്പ് മാളത്തിനു പുറത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാധവന് അതിനെ അടിച്ച് ശരിപ്പെടുത്തി. അതിനു ശേഷം ചത്ത പാമ്പിനെ മറിച്ചും തിരിച്ചുമിട്ട് നോക്കിയ ശേഷം അവന് പറഞ്ഞു “അയ്യേ... ഇത് വെറും ചേരയായിരുന്നു ചേട്ടാ. പക്ഷേ കുറച്ച് മൂത്ത ഇനമാണെന്ന് തോന്നുന്നു. പടം പൊഴിയാറായിട്ടുണ്ട്. അതാണ് തൊലിയെല്ലാം ഇങ്ങനെ ഇരിയ്ക്കുന്നത്. ഞാനും ആദ്യം കരുതി ഏതോ നല്ല പാമ്പായിരിയ്ക്കുമെന്ന്”
ഇത്രയും പറഞ്ഞ് നിരാശയോടെ മാധവന് സൈക്കിളില്‍ കയറി യാത്രയായി. അതു കേട്ടതോടെ ഞങ്ങളുടെ പേടിയെല്ലാം പമ്പ കടന്നു.എന്നാലും വെറുമൊരു ചേര ഞങ്ങളെ ഇത്രയും പേടിപ്പിച്ചല്ലോ എന്ന കാര്യവും പറഞ്ഞ് ചിരിച്ചു കൊണ്ട് ചേട്ടനും കണ്ണനും നില്ക്കുമ്പോള് അത്ര നേരം അവിടെ ഉണ്ടായിരുന്ന പൂച്ച എവിടെ പോയി എന്നാലോചിച്ച് ചുറ്റും പരതുകയായിരുന്നു ഞാന്‍. അങ്ങനെ നോക്കുമ്പോള്‍ പെട്ടെന്ന് അതാ പുറകില്‍ തൊട്ടടുത്ത വാഴപ്പടര്പ്പിലൊരു അനക്കം! ഇനി വേറെയും വല്ല പാമ്പുമായിരിയ്ക്കുമോ എന്ന സംശയത്തോടെ ഞെട്ടിത്തിരിഞ്ഞു നൊക്കുമ്പോഴുണ്ട് അതിനകത്ത് ഒളിച്ചു നില്ക്കുന്നു ഞങ്ങളുടെ പൂച്ച... ആശാന് തല മാത്രം പുറത്തേക്കിട്ട് അവിടെ കിടക്കുന്ന പാമ്പിനെ ശ്രദ്ധിച്ച് നോക്കി ഇനി പ്രശ്നമൊന്നുമില്ല എന്ന് ഉറപ്പാക്കിയ ശേഷം ഓടി ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. (ഞങ്ങളുടെ അല്ലേ പൂച്ച!). അതും പോരാഞ്ഞ് ചത്തു കിടക്കുന്ന പാമ്പിന്റെ അടുത്തു പോയി അതിനെ വെല്ലു വിളിയ്ക്കുന്ന പോലെ മുരളാനും ശേഷം അതിന്റെ തലമണ്ടയ്ക്കിട്ട് രണ്ടു കൊടുക്കാനും ആശാന് മറന്നില്ല.
പിന്നീട് ഞങ്ങള്‍ ആ പാമ്പിന്റെ ഡെഡ് ബോഡി ആഘോഷപൂര്‍വ്വം പൊക്കിയെടുത്ത് പറമ്പിന്റെ മൂലയ്ക്ക് ഒരു കുഴിയെടുത്ത് അതിലിട്ട് ഉപചാരപൂര്‍വ്വം മറവു ചെയ്തു. വെറുമൊരു ചേര ആണെങ്കിലും കുറച്ചു നേരം ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയവനല്ലേ? എന്തായാലും വെറുമൊരു ചേരയെ കൊല്ലാന്‍ വേണ്ടി കരുണന് വല്യച്ഛനെ വിളിച്ചു കൊണ്ടു വരാതിരുന്നത് കൊണ്ട് വലിയൊരു നാണക്കേട് ഒഴിവായി.
Monday, February 8, 2010
ഓപ്പറേഷന് കരിമൂര്ഖന്
എഴുതിയത്
ശ്രീ
at
6:10 AM
131
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Posts (Atom)