തഞ്ചാവൂരിലെ രണ്ടു വര്‍ഷത്തെ താമസക്കാലമാണ് സമയം. ഞങ്ങള്‍ അന്ന് റൂമില്‍ തനിയേ ഭക്ഷണമുണ്ടാക്കി കഴിയ്ക്കുകയാണ് പതിവ് (ഇപ്പോഴും അതെ). ഞങ്ങള്‍ 8 പേര്‍ക്കും പ്രത്യേകിച്ച് കണ്ടീഷന്‍സ് ഒന്നും ഇല്ലാതിരുന്നതിനാല്‍ എന്ത് ഭക്ഷണമായാലും ആര്‍ക്കും പ്രശ്നമുണ്ടാകാറില്ല. ചോറും ഒരു കറിയും ഉണ്ടാക്കും. പിന്നെ എന്തെങ്കിലും അച്ചാറും കാണും. അത്ര തന്നെ. എല്ലാവരും തികഞ്ഞ സംതൃപ്തിയോടെ കഴിച്ചിട്ടു പൊക്കോളും, അല്ല പോണം. അതാണ് പതിവ്. [അതിന്റെ വിശേഷങ്ങള്‍ കുറച്ചൊക്കെ മുന്പൊരിയ്ക്കല് പറഞ്ഞിട്ടുണ്ട്].
അന്നെല്ലാം മിക്കവാറും, മാസത്തില്‍ ഒരിയ്ക്കലെങ്കിലും ഞങ്ങള്‍ക്ക് വീട്ടില്‍ പോകാന്‍ സാധിയ്ക്കറുണ്ട്. അങ്ങനെ ഒരു ഓണക്കാലത്ത് ഞങ്ങള്‍ നാട്ടില്‍ പോയി തിരിച്ചു വന്ന ദിവസം. അന്ന് ഉച്ചയ്ക്ക് ഭക്ഷണമെല്ലാം ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ കറി വയ്ക്കാന്‍ ഒന്നും തന്നെ ഇല്ല. (കാരണം നാലഞ്ചു ദിവസത്തേയ്ക്ക് ഓണം അവധിയ്ക്ക് നാട്ടില്‍ പോകുന്നതു കാരണം ഞങ്ങള്‍ പച്ചക്കറി ഒന്നും ബാക്കി വച്ചിട്ടുണ്ടായിരുന്നില്ല. കേടാകരുതല്ലോ). എന്നാല്‍ പിന്നെ ഓരോ മുട്ട വറുത്ത് അതും കൂട്ടി ചോറ് കഴിയ്ക്കാം എന്ന് തീരുമാനമായി. മത്തന്‍ വേഗം അടുത്ത കടയില്‍ പോയി 8 മുട്ട വാങ്ങി വന്നു. ഉടനെ തന്നെ അത് പൊരിച്ച് ഭക്ഷണം തയ്യാറാക്കി. എല്ലാവര്ക്കും വിളമ്പി, ഞങ്ങള്‍ ഒരുമിച്ചിരുന്ന് കഴിയ്ക്കാന്‍ തയ്യാറായി.
പെട്ടെന്ന് പിള്ളേച്ചന് പാത്രത്തില്‍ നോക്കിയിട്ട് പറഞ്ഞു.
“ഓ... ഇന്ന് മുട്ടയാണോ? എന്നാല്‍ ഇതാരെങ്കിലും എടുത്തോടാ. എനിയ്ക്ക് അതു വേണ്ട”
ഞങ്ങള്‍ ഒന്ന് അമ്പരന്നു. മുട്ട വറുത്തത് വേണ്ട എന്നോ? അതും പിള്ളേച്ചന്?
ഞാന്‍ അവനോട് ചോദിച്ചു. “അതെന്തു പറ്റിയെടാ? എന്താ വേണ്ടാത്തത്? വേറെ കറി ഒന്നും ഇല്ല.”
“അതു സാരമില്ല. ഞാന്‍ ഇന്ന് അച്ചാര്‍ കൂട്ടി കഴിച്ചോളാം”. അവന്റെ മുഖഭാവത്തില്‍ മാറ്റമൊന്നും ഇല്ല. അപ്പോള്‍ തമാശ പറഞ്ഞതല്ല. അവന്റെ പാത്രത്തിലെ മുട്ട ആരെങ്കിലും എടുത്തോ എന്നുള്ള പറച്ചില് വീണ്ടും കേട്ടതും തൊട്ടപ്പുറത്തിരുന്ന സുധിയപ്പന്‍ അത് വേഗം കൈക്കലാക്കി.
പിള്ളേച്ചന് ഭാവഭേദമൊന്നും കൂടാതെ അച്ചാറും കൂട്ടി ചോറു തിന്നാന്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാലും എന്താണ് മുട്ട വേണ്ടാത്തത് എന്നറിയണമല്ലോ. ഞാന്‍ പിന്നെയും അവനോട് കാരണം ചോദിച്ചു.
“അതേയ്, ഞാന്‍ ഇപ്പോള്‍ ഒരു തരം നെയ്യ് കഴിയ്ക്കുന്നുണ്ട്. അതു കൊണ്ടാ” പിള്ളേച്ചന് മറുപടി പറഞ്ഞു.
“ച്ഛെ! എന്നാല്‍ നിനക്ക് ആദ്യമേ മുട്ട വാങ്ങും മുന്‍പേ പറയാമായിരുന്നില്ലേ? നമുക്ക് വേറെ വല്ല കറിയും ഉണ്ടാക്കാമായിരുന്നല്ലോ? അവന് അച്ചാറും തൊട്ടു നക്കി വെറും ചോറ് തിന്നുന്നതു കണ്ടപ്പോള്‍ എനിയ്ക്കും വിഷമം തോന്നി. വേറെ കറി ഒന്നും ഉണ്ടാക്കാന്‍ ഒന്നും ഇരിപ്പില്ലല്ലോ.
“അതേ, മുട്ട പൊരിച്ചാല്‍ പോരേ എന്ന് ഇവന് നമ്മളോട് ചോദിച്ചതല്ലേ? അപ്പോ നിനക്ക് പറയാമായിരുന്നില്ലേ? ഇതിപ്പോ അച്ചാറു മാത്രം കൂട്ടി ചോറ് തിന്നേണ്ടേ?” സഞ്ജുവും എന്റെ കൂടെ കൂടി.
“അത് സാരമില്ല. എനിയ്ക്ക് അച്ചാര്‍ മാത്രം കൂട്ടി തിന്നാനൊന്നും പ്രശ്നമില്ല. ആ നെയ്യ് അമ്മ നാട്ടില്‍ ഒരു അമ്പലത്തില്‍ പൂജിച്ചതാണ്”
“ങേ! അപ്പോ നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ലേ? എന്തു മാത്രം നെയ്യ് ഇനി ബാക്കി ഉണ്ട്?” മാഷിന് പിന്നെയും സംശയം.
“നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ല. ഒരു കുപ്പി നെയ്യ് ഉണ്ട്. അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അത് കഴിയ്ക്കുമ്പോള്‍ നോണ്‍ വെജ് തൊടരുത് എന്ന്”
പെട്ടെന്ന് ജോബി ഇടയ്ക്കു കയറി ചോദിച്ചു. “അപ്പോ നീ ഇനി നോണ്‍ വെജ് ഒന്നും കഴിയ്ക്കില്ലേ? അല്ലാ, ഈ നെയ്യ് എത്ര നാളത്തേയ്ക്ക് ഉണ്ട്?”
അവന്റെ ചോദ്യത്തിലെ പരിഹാസച്ചുവ മനസ്സിലാക്കിയ പിള്ളേച്ചന്റെ മറുപടി ഉടനെ വന്നു.
“എന്തിയേടാ? ഇനി ജീവിതകാലം മുഴുവന്‍ കഴിയ്ക്കും. അതു കൊണ്ട് ഞാന്‍ നോണ്‍ വെജ് പൂര്‍ണ്ണമായും നിര്‍ത്തി.”
പിള്ളേച്ചന് പറഞ്ഞത് കേട്ട് ഞങ്ങള്‍ക്ക് അത്ഭുതമായി. നോണ്‍ വെജ് എന്നു മുഴുവന്‍ കേള്‍ക്കും മുന്‍പേ ചാടി വീഴുന്ന ആളാണ് പിള്ളേച്ചന്. പിശുക്കിന്റെ ഉസ്താദ് ആയിരുന്നിട്ട് പോലും ഒരിയ്ക്കല്‍ തീറ്റപ്പന്തയം നടക്കുമ്പോള്‍ അത് കണ്ട് കണ്ട്രോള് കിട്ടാതെ സ്വന്തം പൈസ മുടക്കിയാണെങ്കിലും ഗ്രില്‍ഡ് ചിക്കന്‍ (ഹാഫ് ചിക്കന്‍ + 5 പൊറോട്ട) വാങ്ങി തിന്നാന്‍ തയ്യാറായ ആള്. [പിള്ളേച്ചന്റെ പിശുക്കിന്റെ കഥകള്‍ പറയാനാണെങ്കില്‍ ഒരുപാടുണ്ട്. അതൊക്കെ പിന്നീട് പറയാം]. ആ പിള്ളേച്ചന് ഇനി നോണ്‍ വെജ് തൊടുക പോലും ഇല്ലെന്നോ? എല്ലാവരും അതാലോചിച്ച് ചിരിച്ചു പോയി.
എന്നിട്ടും പിള്ളേച്ചന് തന്റെ തീരുമാനത്തില്‍ നിന്ന് മാറിയില്ല. “ആരും ആക്കി ചിരിയ്ക്കുകയൊന്നും വേണ്ട. ഞാന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് തീരുമാനിച്ചതു തന്നെയാ. ഇനി മാറ്റുന്ന പ്രശ്നമില്ല. അമ്മ പറഞ്ഞിട്ടുണ്ട്, ഈ നെയ്യ് തീര്‍ന്നാല്‍ അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ അടുത്ത കുപ്പി തരാമെന്ന്. അങ്ങനെ ഇനി എന്റെ ജീവിതകാലം മുഴുവനും ഞാന്‍ ഈ നെയ്യ് കഴിയ്ക്കാന്‍ പോവ്വ്വാ. അതോണ്ട് ഇനി മുതല്‍ ഞാന്‍ വെജിറ്റേറിയനാ.”
എന്തായാലും തല്ക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചു. പക്ഷേ, പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ഒരു മാസക്കാലത്തോളം ഞങ്ങള്‍ ശരിയ്ക്ക് കഷ്ടപ്പെട്ടു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇടയ്ക്കൊക്കെ മുട്ട വാങ്ങി ഒരു നേരത്തെ കറി ആക്കുന്നത് വളരെ സൌകര്യമായിരുന്നു. അധികം മിനക്കെടേണ്ടതുമില്ല, സമയ ലാഭവുമുണ്ട്. പിന്നെ വല്ലപ്പോഴുമൊക്കെ ചിക്കനോ ബീഫോ അപൂര്‍വ്വമായാണെങ്കിലും മീനോ മറ്റോ വാങ്ങുകയും ചെയ്യാറുണ്ടായിരുന്നു. പിള്ളേച്ചന്റെ ഈ കടും പിടുത്തം കാരണം ഞങ്ങള്‍ സ്ഥിരമായി പച്ചക്കറി മാത്രം വാങ്ങി കറി വച്ച് കഴിയ്ക്കാന്‍ തുടങ്ങി.
ഇത് മറ്റെല്ലാവര്‍ക്കും ഒരു പാരയായി എന്ന് പറയേണ്ടതില്ലല്ലോ. ചെറിയ മുറുമുറുപ്പോടെ ആണെങ്കിലും എല്ലാവരും ഇത് സഹിയ്ക്കാന്‍ നിര്‍ബന്ധിതരായി. സുധിയപ്പനും ജോബിയും ബിമ്പുവും മത്തനുമെല്ലാം മയത്തിലും ഭീഷണിയായുമൊക്കെ പിള്ളേച്ചനെ സ്വാധീനിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും തന്നെ വിലപ്പോയില്ല. അവന് തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവന് കഴിച്ചില്ലെങ്കിലും ഞങ്ങള്‍ നോണ്‍ വെജ് ഫുഡ് വാങ്ങി ഉണ്ടാക്കി കഴിയ്ക്കുമെന്നും അങ്ങനെ നോണ്‍ ഉണ്ടാക്കുന്ന ദിവസം അവന് അച്ചാറു കൂട്ടി കഴിക്കേണ്ടി വരും എന്ന് പറഞ്ഞു നോക്കി. അവന് അതു സമ്മതിച്ചു. അതിന്റെ പങ്ക് കഴിച്ചില്ലെങ്കിലും അവനും കൂടെ വഹിയ്ക്കേണ്ടി വരുമെന്നും വരെ പറഞ്ഞു നോക്കി. അതു സാരമില്ലെന്ന് പറഞ്ഞ് അവന് അതും പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു. അവസാനം ഞങ്ങള്‍ തന്നെ തോല്‍വി സമ്മതിച്ചു. കൂട്ടത്തിലൊരാള്‍ കഴിയ്ക്കില്ലെന്ന ഒരൊറ്റ കാരണം കൊണ്ട് അതെല്ലാം എല്ലാവര്ക്കും ഉപേക്ഷിയ്ക്കേണ്ടി വന്നു.
[ ഒരാള്‍ കഴിയ്ക്കില്ലെങ്കില്‍ വേണ്ട, ബാക്കി ഉള്ളവര്‍ക്ക് കഴിച്ചാലെന്താ എന്നൊരു ചോദ്യം ഉയര്‍ന്നേക്കാം. പക്ഷേ, അന്ന് ഞങ്ങള്‍ക്കിടയില്‍ ആ പതിവ് ഉണ്ടായിരുന്നില്ല. എന്ത് വാങ്ങിയാലും കിട്ടിയാലും ഉള്ളത് 8 പേര്‍ക്കുമായി പങ്കിട്ട്, ഒരുമിച്ചിരുന്ന് കഴിയ്ക്കും. അതായിരുന്നു പതിവ്. അല്ലെങ്കില്‍ അത് വേണ്ട എന്നങ്ങ് തീരുമാനിയ്ക്കും. എന്തിനും ഏതിനും കൂട്ടായ ഒരൊറ്റ തീരുമാനമേ ഉണ്ടാകാറുള്ളൂ. പിണക്കവും ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും തല്ലു പിടുത്തങ്ങളുമൊന്നും ഉണ്ടാകാറില്ലെന്നല്ല. പക്ഷേ അതിനെല്ലാം അല്പായുസ്സായിരുന്നു]
അങ്ങനെ ഒന്നൊന്നര മാസം കടന്നു പോയി. പൂജ അവധിയായി, മൂന്നു നാലു ദിവസത്തെ അവധി കിട്ടിയ സന്തോഷത്തില്‍ ഞങ്ങളെല്ലാം നാട്ടിലേയ്ക്ക് തിരിച്ചു. അവധി ദിവസമെല്ലാം വീട്ടില്‍ ആഘോഷിച്ച ശേഷം തിരിച്ചു പോകാനായി ഞങ്ങളെല്ലാവരും ഒരു ഞായറാഴ്ച വൈകുന്നേരത്തോടെ എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ ഒത്തു കൂടി. ഒമ്പതരയ്ക്കുള്ള ടീ ഗാര്ഡന് എക്സ്പ്രസ്സ് എത്തിയപ്പോഴേയ്ക്കും ഞങ്ങളുടെ കൂടെ പഠിയ്ക്കുന്ന പെണ്‍കുട്ടികളും അവിടെ എത്തിച്ചേര്‍ന്നു.
വണ്ടി സ്റ്റേഷനില്‍ എത്തിയപ്പോഴേയ്ക്കും പതിവു പോലെ മത്തനും ബിമ്പുവുമെല്ലാം ചാടിക്കയറി ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള സീറ്റ് പിടിച്ചു (ടീ ഗാര്ഡന് എക്സ്പ്രസ്സില്‍ ജെനറല്‍ കമ്പാര്‍ട്ട് മെന്റില്‍ പോയി പരിചയമുള്ളവര്‍ക്ക് അറിയാം അത് എത്രത്തോളം സാഹസികമാണെന്ന്). അങ്ങനെ എല്ലാവരും കൂടെ ഒരുമിച്ചിരുന്ന് ചിരിയും തമാശയുമെല്ലാമായി യാത്ര തുടങ്ങി.
സമയം ഏതാണ്ട് രാത്രി പത്തു മണിയായി. എല്ലാവര്ക്കും വിശപ്പും തുടങ്ങി. ഇങ്ങനെ ഉള്ള യാത്രകളില്‍ എല്ലാവരും വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു വരാറുണ്ട്. പെണ്‍കുട്ടികളില്‍ ഒന്നു രണ്ടു പേര് വീട്ടില്‍ നിന്ന് ചിക്കന്‍ കറി തയ്യാറാക്കി കൊണ്ടു വന്നിരുന്നു. ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ടും ഞങ്ങളും കൂടെ ഉണ്ടാകുമെന്നറിയാവുന്നതു കൊണ്ടും അവരുടെ അമ്മമാര്‍ ഞങ്ങള്‍ക്കും കൂടി കഴിയ്ക്കാനായി കൂടുതല്‍ ചിക്കന്‍ കൊടുത്തയച്ചിരുന്നു. [ഞങ്ങളെ എല്ലാവരെയും നന്നായറിയാവുന്നതു കൊണ്ട് എന്നതു കൊണ്ടുദ്ദേശിച്ചത് ‘ഞങ്ങളെ നല്ല പരിചയമുള്ളതു കൊണ്ട്’ എന്നേ അര്‍ത്ഥമുള്ളൂ. ‘ഞങ്ങളെല്ലാം നന്നായി കഴിയ്ക്കുമെന്ന് അറിയാവുന്നതു കൊണ്ട്’ എന്ന് ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല]
ചിക്കന്‍ പാത്രം പുറത്തെടുത്തതും എല്ലാവരും കൂടെ അതില്‍ ചാടി വീണു. പിന്നെ കുറച്ചു നേരത്തേയ്ക്ക് ആ കമ്പാര്‍ട്ട്മെന്റ് ഒരു യുദ്ധക്കളമായി. ഭക്ഷണം കഴിയ്ക്കുന്നതിന്റേയും ചിക്കന്‍ പീസ് കടിച്ചു പറിയ്ക്കുന്നതിന്റേയും മറ്റും ശബ്ദം മാത്രം. എല്ലാം കഴിച്ച് കഴിഞ്ഞ് എല്ലാവരും ഏമ്പക്കവും വിട്ട് തല പൊക്കി നോക്കുമ്പോഴുണ്ട് പിള്ളേച്ചന് അപ്പോഴും ഒന്നു രണ്ട് എല്ലിന് കഷ്ണങ്ങളെ വിടാതെ ആക്രമിച്ചു കൊണ്ടിരിയ്ക്കുന്നു. എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും പിള്ളേച്ചന് നിര്‍ത്തിയിട്ടില്ല.
അപ്പോഴാണ് എല്ലാവരും പിള്ളേച്ചന്റെ നെയ്യുടെ കാര്യം ഓര്‍ത്തത്. അത് കഴിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ അവനെങ്ങനെ നോണ്‍ വെജ് കഴിയ്ക്കാന്‍ പറ്റുന്നു? പൂജ അവധിയ്ക്ക് പോകുമ്പോഴേയ്ക്കും പിള്ളേച്ചന്റെ നെയ് കുപ്പി കാലിയായിട്ടുണ്ടായിരുന്നു. അടുത്ത കുപ്പിയുമായി വരുമെന്ന് പറഞ്ഞ് പോയ കക്ഷിയാണ് ഇപ്പോള്‍ ഒരു ചിക്കന്‍ കാലും കടിച്ചു പറിച്ചു കൊണ്ടിരിയ്ക്കുന്നത്. (സത്യം പറയാമല്ലോ. ആ കാഴ്ച കണ്ടിട്ടുണ്ടെങ്കില്‍ ആ പാവം കോഴിയുടെ ആത്മാവിന് പോലും ശാന്തി കിട്ടിക്കാണില്ല. അതെന്ത് പാപം ചെയ്തിട്ടാണോ എന്തോ)
എല്ലാവരുടേയും ശ്രദ്ധ തന്നിലേയ്ക്കാണ് എന്ന് അപ്പോള്‍ മാത്രമാണ് പിള്ളേച്ചന് മനസ്സിലാക്കുന്നത്. അവന് ആ എല്ലിന് കഷ്ണം വേഗം താഴെ വച്ചു, എന്നിട്ട് ഞങ്ങളെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. എല്ലാവരുടേയും നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടും അവന് മിണ്ടാതിരിയ്ക്കുന്നത് കണ്ട് മത്തന്‍ ദേഷ്യം വന്നു.
“ഡാ പരട്ട പിള്ളേ, നീ എന്നാടാ ചിക്കന്‍ പിന്നെയും തിന്നു തുടങ്ങിയത്? ഇനി ഒരിയ്ക്കലും നോണ്‍ വെജ് കഴിയ്ക്കില്ല എന്ന് പറഞ്ഞ ആളല്ലേ നീ? ഇപ്പോ എന്തു പറ്റി?”
പിള്ളേച്ചന് ആദ്യമൊന്ന് പരുങ്ങി. പിന്നെ, അതൊരു വല്യ സംഭവമൊന്നുമല്ല എന്ന രീതിയില്‍ ആരുടേയും മുഖത്തേയ്ക്ക് നോക്കാതെ മറുപടി പറഞ്ഞു.
“ അത് പിന്നെ, ഞാന്‍ ആ നെയ്യ് കൊണ്ടു വന്നിട്ടില്ല. അത് ഇനി കഴിയ്ക്കുന്നുമില്ല. ഒരു കുപ്പി കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു ഇനി അത് കഴിച്ചില്ലെങ്കിലും കുഴപ്പമൊന്നും ഇല്ല എന്ന്. ഇത്തവണ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ മീന്‍ കറി എല്ലാം കഴിച്ചിരുന്നു.”
പിള്ളേച്ചന് ഇത് പറഞ്ഞു തീര്‍ത്തതും മത്തനും സുധിയപ്പനും ബിമ്പുവും ജോബിയുമെല്ലാം പിള്ളേച്ചന്റെ ചുറ്റും കൂടിയതും മാത്രമേ ഞങ്ങള്‍ക്ക് ഓര്‍മ്മയുള്ളൂ. പിന്നെ ഞങ്ങള്‍ കാണുന്നത് ഒരു വളിച്ച ചിരിയോടെ ചെവിയും പൊത്തി ഇരിയ്ക്കുന്ന പിള്ളേച്ചനെയും ചീത്ത പറഞ്ഞ് ക്ഷീണിച്ച് പിന്തിരിയുന്ന ബാക്കിയുള്ളവരെയുമാണ്.
ഇതെന്താ കഥ എന്നറിയാതെ അന്തം വിട്ടിരിയ്ക്കുന്ന പെണ്‍കുട്ടികളോട് കാര്യം വിവരിയ്ക്കുമ്പോഴും സുധിയപ്പന്റെ ദേഷ്യം മുഴുവനും മാറിയിരുന്നില്ല. “ഒന്നര മാസം ഞങ്ങളെ കഷ്ടപ്പെടുത്തിയതാ അവന്. അത് കാരണം ഒരു മുട്ട വാങ്ങി തിന്നാന്‍ പോലും ഞങ്ങള്‍ക്ക് പറ്റാറില്ല. ഇവനെ പട്ടിണി കിടത്തണ്ടല്ലോ എന്ന് കരുതിയതു കൊണ്ടു മാത്രം. എന്തൊക്കെ ഡയലോഗായിരുന്നു... ഇനി നോണ്‍ തൊടില്ല, ഒരു തീരുമാനമെടുത്താല്‍ മാറ്റമില്ല. എന്നിട്ടിപ്പോ ആ അവന് ചിക്കന്‍ തിന്നാന്‍ ആരോഗ്യമില്ലാഞ്ഞിട്ട് ചിക്കന്‍ കാലെടുത്ത് ട്രെയിന്റെ ജനല്‍കമ്പിയില്‍ കെട്ടിത്തൂക്കി ഇട്ടിട്ട് കടിച്ച് പറിയ്ക്കുന്നത് പോലെയല്ലേ തിന്നത്? ”
അങ്ങനെ ഒരു ഒന്നൊന്നര മാസക്കാലം അവന്റെ ഒപ്പം ഞങ്ങളെ കൂടി വെജിറ്റേറിയന്‍ മാത്രം തീറ്റിച്ച ശേഷം പിള്ളേച്ചന് പൂര്‍വ്വാധികം ശക്തമായി നോണ്‍ വെജിറ്റേറിയന്‍ തന്നെ കഴിയ്ക്കാന്‍ ആരംഭിച്ചു. അതിനു ശേഷം മൂന്നു നാലു തവണ കൂടി പിള്ളേച്ചന് നോണ്‍ വെജ് ഭക്ഷണം ‘ എന്നെന്നേയ്ക്കുമായി ഉപേക്ഷിയ്ക്കുന്ന’തായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും കുറച്ച് കാലത്തിനു ശേഷം പഴയ പോലെ തിരിച്ചു വന്നിട്ടുണ്ട് എന്നതും ചരിത്രം.
അവസാനമായി, തഞ്ചാവൂരു നിന്നും പഠനമെല്ലാം അവസാനിപ്പിച്ച് പല വഴി പിരിഞ്ഞ ശേഷം മൂന്നു വര്‍ഷം കൂടെ കഴിഞ്ഞ് ഇവിടെ ബാംഗ്ലൂര്‍ വച്ച് ഞാന്‍ കാണുമ്പോഴും പിള്ളേച്ചന് വെജിറ്റേറിയന്‍ ആയിക്കഴിഞ്ഞിരുന്നു. പിന്നീട് രണ്ടു മൂന്നു മാസത്തിനു ശേഷം പഴയ പടി നോണ്‍ വെജിറ്റേറിയനായി തിരിച്ചു വരുകയും ചെയ്തു എന്ന് കൂടി പറഞ്ഞാലേ ഈ സംഭവം പൂര്‍ണ്ണമാകുകയുള്ളൂ .
Monday, July 6, 2009
പിള്ളേച്ചന് (നോണ്‍)വെജിറ്റേറിയനാണ്
എഴുതിയത്
ശ്രീ
at
8:01 AM
109
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Posts (Atom)