Monday, September 22, 2014

ഓർമ്മകളിൽ ഒരു അന്താക്ഷരി

അന്താക്ഷരി എന്ന കളി കളിയ്ക്കാത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സിനിമാ ഗാനങ്ങളുടെ ആദ്യ രണ്ടു വരികൾ/നാലുവരികള്‍ ഒരു ആൾ/ടീം പാടി, ആ  ഗാനത്തിന്റെ പല്ലവിയുടെ /അവസാന വരിയിലെ അവസാന വാക്കിന്റെ ആദ്യാക്ഷരം വച്ചു തുടങ്ങുന്ന ഗാനം മറ്റേയാൾ/ എതിർ ടീം പാടണം.  അങ്ങനെ പാടിയ ഗാനങ്ങൾ ആവർത്തിയ്ക്കാതെ, ഒരു മാല കോർത്തെടുക്കും പോലെ കോർത്തു കോർത്ത് അങ്ങനെ തുടരണം. എവിടെ വച്ച് പുതിയ ഗാനം പാടാൻ കഴിയാതാകുന്നോ ആ ആൾ/ടീം തോൽക്കും. അതാണ് മത്സരം.

വർ‌ഷം 1998. ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രീയ്ക്ക് പഠിയ്ക്കുന്നു (അന്ന് പ്ലസ് ടു അധികമില്ല). കൊരട്ടിയിൽ ഷഫീഖ് സാറിന്റെ അടുത്താണ് ട്യൂഷൻ. ശനിയാഴ്ച ഉൾ‌പ്പെടെ ആഴ്ചയിൽ‌ മൂന്ന് ദിവസം ഉണ്ട് ട്യൂഷൻ. കോളേജിലെ പ്രീഡിഗ്രി പഠനം വിരസമായിരുന്നെങ്കിലും ട്യൂഷൻ രസകരമാ‍യിരുന്നു. പല കോളേജിൽ‌ നിന്നുള്ളവരായിരുന്നു സഹപാഠികൾ‌. ഷഫീഖ് സാറാണെങ്കിൽ‌ ഒരു ജാഡയുമില്ലാതെ, എല്ലാവരേയും സ്നേഹത്തോടെ മാത്രം പഠിപ്പിയ്ക്കാനറിയാവുന്ന ഒരു അദ്ധ്യാപകനും. ഇടയ്ക്ക് വിരസത മാറ്റാൻ എന്തെങ്കിലുമൊക്കെ കഥകളും നുറുങുകളുമൊക്കെയായി സാർ നിറഞ്ഞു നിൽ‌ക്കും.

വെറുതേ ഒരു ട്യൂഷൻ‌ സെന്റർ‌ മാത്രമായിരുന്നില്ല അത്. കുട്ടികളുടെ അഭിപ്രായ പ്രകാരം വർഷത്തിൽ‌ ഒരു ടൂർ, വിശേഷ ദിവസങ്ങളിൽ‌ ആഘോഷങ്ങൾ‌, കലാപരിപാടികൾ‌ എന്നിവയൊക്കെ അവിടെ പതിവായിരുന്നു, പ്രത്യേകിച്ച് ക്രിസ്തുമസ്സിന്.  എല്ലാ വർ‌ഷവും ക്രിസ്തുമസ് അവധിയ്ക്ക് മുൻ‌പ് കാര്യമായ പരിപാടികൾ‌ പതിവായിരുന്നു.

1998 ലെ ഡിസംബറിൽ ഞങ്ങളുടെ ബാച്ചിന്റെ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം. മറ്റെന്തൊക്കെയോ കലാപരിപാടികൾ‌ക്ക് ശേഷം അവസാന ഇനമായ അന്താക്ഷരി തുടങ്ങുകയായി. ക്ലാസ്സിലെ ആൺകുട്ടികളും പെൺ‌കുട്ടികളും രണ്ടു ടീമായി തിരിഞ്ഞ് മത്സരം നടത്താൻ തീരുമാനമായി. ജഡ്ജ് ആയി ഷഫീഖ് സാറും.

അങ്ങനെ മത്സരം ആരംഭിച്ചു. “മലയാളം ഗാനങ്ങൾ‌ മാത്രം, ഒരു പാട്ടിന്റെ ആദ്യ രണ്ടു വരി മുഴുമിപ്പിയ്ക്കണം, രണ്ടാമത്തെ വരിയിലെ അവസാന വാക്കിന്റെ ആദ്യ അക്ഷരം വച്ച് എതിർ ടീം പാട്ട് തുടങ്ങണം“ ഇതായിരുന്നു ഞങ്ങളുടെ നിയമം.  രണ്ടു ടീമുകളും വാശിയോടെ മത്സരിച്ച് പാട്ടുകൾ പാടാൻ തുടങ്ങി. ഇടയ്ക്കൊക്കെ ചില്ലറ തർ‌ക്കങ്ങളും ബഹളങ്ങളുമൊക്കെയുണ്ടെങ്കിലും രണ്ടു ടീമുകളും വിട്ടു കൊടുക്കാൻ തയ്യാറാകാതെ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. ചിലപ്പോഴൊക്കെ ചില പാട്ടുകൾ രണ്ടു വരി പോലും മുഴുമിപ്പിയ്ക്കാതെ വരുമ്പോഴും മറ്റും സാർ ഇടപെട്ട് അതെല്ലാം പരിഹരിച്ചു കൊണ്ടിരുന്നു.

അങ്ങനെ സമയം കടന്നു പോയ്ക്കോണ്ടിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ ആണ് മത്സര സമയമായി കണക്കാക്കിയതെങ്കിലും, പ്രതീക്ഷിച്ചിരുന്നതിലും അധികം സമയമായിട്ടും രണ്ടു ടീമുകളും തോൽ‌ക്കാനോ വിട്ടു കൊടുക്കാനോ തയ്യാറാകാതെ വീറോടെ മത്സരം തുടരുകയാണ്. നിശ്ചിത സമയം കഴിഞ്ഞിട്ടും ആരും തോൽ‌ക്കാതിരുന്നതിനാൽ സമനില എന്ന ആശയവുമായി സാർ മുന്നോട്ടു വന്നെങ്കിലും രണ്ടു ടീമുകളുടേയും അഭ്യർ‌ത്ഥന പ്രകാരം കുറച്ചു നേരം കൂടി തുടരാൻ സാറിന് സമ്മതിയ്ക്കേണ്ടി വന്നു. മാ‍ത്രമല്ല, സാറും മത്സരം ആസ്വദിയ്ക്കുകയായിരുന്നു.

പിന്നെയും കുറേ സമയം കഴിഞ്ഞു, രണ്ടു ടീമുകളുടേയും സ്റ്റോക്കൊക്കെ ഏതാണ്ട് തീർ‌ന്ന മട്ടായി. ചില ഗാനങ്ങൾ‌ ആവർ‌ത്തിച്ച് പാടാൻ‌ രണ്ടു ടീമുകളും ശ്രമിയ്ക്കുന്നതിന്റെ പേരിൽ തർ‌ക്കങ്ങളും കൂടുതലായി. ഒരുപാട് ആലോചിച്ചു മാത്രം കഷ്ടിച്ച് ഒരു പാട്ട് ഒപ്പിച്ച് പാടി രക്ഷപ്പെടുന്ന സ്ഥിതി വരെ എത്തി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ‌  ചില വാക്കുകൾ‌ വന്നാൽ‌ ഇനി രക്ഷയില്ല എന്ന അവസ്ഥയായി.

അങ്ങനെയിരിയ്ക്കേ പെൺ‌കുട്ടികളുടെ ടീം ഒരു പാട്ടിന്റെ രണ്ടു വരി പാടി അവസാനിപ്പിച്ച് “ക” എന്ന അക്ഷരം ഞങ്ങൾ‌ക്കിട്ടു തന്നു. അതിനു തൊട്ടു മുൻ‌പും രണ്ടു മൂന്നു റൗണ്ടു മുൻ‌പും “ക” എന്ന അക്ഷരം ഞങ്ങളെ കുറേ വെള്ളം കുടിപ്പിച്ചിരുന്നു. അതു വച്ച് പാടാൻ കഴിയാവുന്ന, ഞങ്ങൾ‌ക്കറിയാവുന്ന പാട്ടുകളൊക്കെ തീർ‌ന്നിരുന്നു. അതു കൊണ്ടു തന്നെ വീണ്ടുമൊരു “ക” വന്നു വീണപ്പോഴേ ‘പണി പാളിയെടാ’ എന്നും പറഞ്ഞ് വസീമും മറ്റും കരച്ചിൽ തുടങ്ങി. ഒപ്പം തന്നെ പെൺ‌ കുട്ടികളുടെ ഭാഗത്തു നിന്ന് വിജയാഹ്ലാദവും തുടങ്ങി.

എങ്ങനെ രക്ഷപ്പെടും എന്ന് ഞങ്ങൾ‌ തല ആലോചിച്ചു കൊണ്ടിരിയ്ക്കേ സമയം കഴിയാൻ‌ പോകുന്നു എന്ന് ഷഫീഖ് സാർ മുന്നറിയിപ്പ് തന്നു. ‘ശ്രീയേ, ഒന്നോർ‌ത്തു നൊക്കെടാ... വേഗം‘ എന്നും പറഞ്ഞ് എന്റെ തൊട്ടപ്പുറത്തിരുന്ന അൿബർ‌ എന്നെ തോണ്ടി വിളിച്ചു കൊണ്ടിരിയ്ക്കുകയാണ്. [അതിനു മുൻ‌പ് പല തവണ പാട്ടുകൾ‌ കണ്ടെത്തി, എനിയ്ക്ക് ഞങ്ങളുടെ ടീമിനു വേണ്ടി രക്ഷകനാകാൻ‌ കഴിഞ്ഞിരുന്നു. പക്ഷേ അത്തവണ, എത്ര ആലോചിച്ചിട്ടും എനിയ്ക്ക് “ക” യിൽ‌ ആരംഭിയ്ക്കുന്ന, ആവർ‌ത്തിയ്ക്കാത്ത ഒരു ഗാനവും കണ്ടെത്താൻ കഴിയുന്നുണ്ടായിരുന്നില്ല]. ഞാൻ എന്റെ തല പുകച്ചു കൊണ്ടിരുന്നു.

അപ്പോഴേയ്ക്കും ‘സമയം തിരാൻ‌ പോകുന്നു’ എന്ന രണ്ടാമത്തെ വാണിങും ഷഫീഖ് സാറിൽ‌ നിന്നു വന്നു. പെട്ടെന്നാണ് എന്റെ തലയിൽ ഒരു ബൾ‌ബ് കത്തിയത്. ഈ സംഭവം നടക്കുന്നതിനും കുറച്ചു നാൾ‌ മാത്രം മുൻ‌പാണ് തൃശ്ശൂരു നിന്നും വരും വഴി ചാലക്കുടി ‘അക്കര‘യിൽ‌ ഞാനും വസീമും അൿബറും വിമലും ‘സമ്മർ‌ ഇൻ‌ ബത്‌ലെഹേം’ എന്ന ചിത്രം കണ്ടത്. അതിൽ‌ ജയറാമും അഞ്ച് നായികമാരും ചേർന്ന് പാടുന്ന ആ ഗാനം പെട്ടെന്ന് എന്റെ മനസ്സിലേയ്ക്ക് ഓടി വന്നു. [അക്കാലത്ത് ചാനലുകൾ‌ ഒന്നും അധികമില്ലാതിരുന്നതിനാലും എല്ലാവരും ദൂരദർ‌ശനെ മാത്രം ആശ്രയിച്ചിരുന്നതിനാലും പാട്ടുകൾ എല്ലാം ദിവസവും കാണാനും പെട്ടെന്ന് ഹിറ്റാകാനും സാധ്യത കുറവായിരുന്നു. അതു കൊണ്ടു തന്നെ ആ ഗാനം പോപ്പുലറായി വരുന്നതേയുണ്ടായിരുന്നുള്ളൂ. അന്ന് മത്സരത്തിനിടെ ആരുമത് പാടിയിട്ടുമുണ്ടായിരുന്നില്ല]. ആ ഗാനത്തിലെ ‘കൺ‌ഫ്യൂഷൻ തീർ‌ക്കണമേ’ എന്ന വരി ഓർ‌മ്മിച്ചെടുത്ത ഞാൻ‌ വേഗം വസീമിനോടും അൿബറിനോടും അത് ധൃതിയിൽ‌ പങ്കിട്ടു.

അത് കേട്ടതും എല്ലാവരും ആവേശത്തിലായി. വസീം ആകാവുന്നത്ര ഉച്ചത്തിൽ‌

" കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ "

എന്ന് ആവർ‌ത്തിച്ച് പാടാൻ തുടങ്ങി (ബാക്കി വരിയൊന്നും ആർ‌ക്കും വല്യ പിടിയില്ലായിരുന്നു). ഒപ്പം ആൺ‌കുട്ടികൾ‌ മുഴുവൻ അത് ഏറ്റു പിടിച്ചു. എന്നിട്ട് “ത” എന്നും “ശ” എന്നുമുള്ള വാക്കുകളിൽ‌ കുറച്ച് സംശയിച്ച് അവസാനം “ശ” എന്ന വാക്ക് പെൺ‌കുട്ടികൾ‌ക്ക് പാടാനായി ഇട്ടു കൊടുക്കുകയും ചെയ്തു.

അതോടെ പെൺ‌കുട്ടികളുടെ ഭാഗത്ത് നിശ്ശ്ബ്ദതയും നിരാശയും പടർ‌ന്നു. അവരും ഞങ്ങളെപ്പോലെ കയ്യിലെ സ്റ്റോക്കെല്ലാം തീർ‌ന്ന അവസ്ഥയിൽ തന്നെ ആയിരുന്നു. “ത” ആയാലും “ശ” ആയാലും ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലായിരുന്നു അവരും. അവർ‌ തോൽ‌വി സമ്മതിയ്ക്കേണ്ടി വരും എന്ന് ഏതാണ്ട് ഉറച്ചിരിയ്ക്കേ പെട്ടെന്ന് അവരുടെ ഇടയിൽ‌ നിന്ന് ആരോ ഷഫീഖ് സാറിനോട് വിളിച്ചു പറഞ്ഞു. 

“സാറേ, അതു ശരിയല്ല. അവർ‌ക്ക് ആ പാട്ട് ശരിയ്ക്കറിയില്ല. “ശ” അല്ല ഞങ്ങൾ‌ക്കുള്ള വാക്ക്.

അതെന്താണെന്നായി സാർ. സാറും ആ പാട്ട് കേട്ടിട്ടുണ്ടെന്നല്ലാതെ അത്ര പരിചയമുണ്ടായിരുന്നില്ല. അപ്പോഴേയ്ക്കും ആൺ‌കുട്ടികളും പെൺ‌കുട്ടികളും തർ‌ക്കം തുടങ്ങിയിരുന്നു.

“എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...“ കഴിഞ്ഞ്  “ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ“ എന്ന വരികൾ‌ക്കിടയിലും ചില വരികളുണ്ടെന്നും അതു കൊണ്ട് “ശ” ശരിയാകില്ല എന്നായി അവർ‌.
അതു ശരിയാണെന്ന് ഞങ്ങൾ‌ക്കും സമ്മതിയ്ക്കേണ്ടി വന്നു. “എന്നാൽ‌ ശരി, ‘തീര്‍ക്കണമേ‘ എന്നതിലെ ‘ത‘ വച്ചു പാടട്ടെ“ എന്നായി ഞങ്ങൾ‌. അതും അവർ‌ക്ക് കിട്ടുന്നുണ്ടായിരുന്നില്ല. ഞങ്ങൾ‌ വീണ്ടും അഹ്ലാദ പ്രകടനം തുടങ്ങി.

അപ്പോഴതാ, പെൺ‌കുട്ടികളുടെ ഇടയിൽ‌ നിന്നും വീണ്ടുമൊരു പ്രതിഷേധ സ്വരം! ആ ഗാനം അങ്ങനെയല്ല ആരംഭിയ്ക്കുന്നതെന്നും അതിനു മുൻ‌പ് മൂന്നാലു വരികൾ കൂടിയുണ്ടെന്നും അതു കൂടി ഞങ്ങൾ പാടിയാലേ അവർ സമ്മതിയ്ക്കൂ എന്നും അതല്ലെങ്കിൽ ഞങ്ങൾ‌ തോറ്റതായി പരിഗണിയ്ക്കണമെന്നുമായി അവരുടെ പുതിയ ആവശ്യം.

അതും നേരാണല്ലോ എന്ന് അപ്പോഴാണ് ഞങ്ങളും ഓർ‌ത്തത്. പാട്ടു പോലെ അല്ലാതെ, ജയറാം പ്രാർ‌ത്ഥിയ്ക്കുന്നതു പോലെ ഇരുന്ന് പറഞ്ഞു തുടങ്ങുന്ന ഇപ്പറഞ്ഞ നാലു വരികളിൽ നിന്നാണ് ആ ഗാനം ആരംഭിയ്ക്കുന്നത്. ആ അഭിപ്രായം സാറും ശരി വച്ചു.

ഞങ്ങൾ‌ പെട്ടതു പോലെയായി. ആ വരികൾ ആർ‌ക്കുമത്ര പിടിയില്ല. എല്ലാവരും വീണ്ടുമെന്റെ നേർക്ക് തിരിഞ്ഞു. ഞാനും ആ വരികൾ‌ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നെങ്കിലും എനിയ്ക്കും അത് അത്ര പിടുത്തമില്ലായിരുന്നു. എങ്കിലും ഒന്ന് ആഞ്ഞു ശ്രമിച്ചപ്പോൾ‌ [അഞ്ചു നായികലമാരെയും സൂചിപ്പിയ്ക്കുന്ന വരിയിലാണ് ആ ഗാനം തുടങുന്നതെന്ന് ചിത്രം കാണുമ്പോൾ, ആദ്യമായി ആ ഗാനം കാണിയ്ക്കുമ്പോൾ ഞാൻ‌ ശ്രദ്ധിച്ചിരുന്നു] എനിയ്ക്ക് ആ വരികളുടെ തുടക്കം ഒരു വിധം ഓർത്തെടുക്കാനായി. ഞാൻ തട്ടിമുട്ടി “പച്ചക്കിളി... പവിഴ...പാല്‍‌വര്‍ണ്ണമൊത്ത...പല കൊച്ചുങ്ങളഞ്ചെണ്ണം“ എന്ന വരി വിക്കി വിക്കി ഓർ‌ത്തെടുത്ത് അങ്ങനെ എന്തോ ആണെന്ന് പറഞ്ഞു.

അപ്പോഴേയ്ക്കും വസീമും അൿബറുമെല്ലാം അതേറ്റെടുത്തു. എന്നിട്ട് “എന്നാൽ‌ ഇനി പാട്, കേൾ‌ക്കട്ടെ... ഇന്നാ പിടിച്ചോ അക്ഷരം പിന്നേം ‘ക’ “ എന്ന് വിളിച്ചു കൂവി.
അതോടെ പെൺ‌കുട്ടികൾ‌ തീർ‌ത്തും പെട്ടു. ഞങ്ങൾ‌ക്ക് ആ വരികൾ‌ ഓർ‌ത്തെടുക്കാനായേക്കുമെന്ന് അവർ കരുതിയതല്ല. അതുമല്ല, ‘ക’ യിൽ‌ തുടങ്ങുന്ന ഇനിയുമൊരു പാട്ട് അവർ‌ക്കും അറിയില്ലായിരുന്നു. അങ്ങനെ നിരാശയോടെ അവർ‌ തോൽ‌വി സമ്മതിച്ചു.

ആൺ‌കുട്ടികളുടെ ആർ‌പ്പു വിളികൾ‌ക്കിടെ സാർ ഞങ്ങളെ വിജയികളായി പ്രഖ്യാപിച്ച്, ഒപ്പത്തിനൊപ്പം അത്ര നേരം നിന്ന്, നല്ല മത്സരം കാഴ്ച വച്ചതിന് പെൺകുട്ടികളെയും അഭിനന്ദിച്ച് തിരിയുമ്പോൾ‌ ഞാൻ‌ ബഹളത്തിലൊന്നും കൂടാതെ ഒരാശയക്കുഴപ്പത്തിൽ‌ ഇരിയ്ക്കുകയായിരുന്നു.

എന്നെ ശ്രദ്ധിച്ച ഷഫീഖ് സാർ എന്നോട് എന്താ കാര്യമെന്ന് ചോദിച്ചു. ഒന്നു കൂടെ ആലോചിച്ചു കൊണ്ട് ഞാൻ സാറിനോട് ചോദിച്ചു. - “അല്ല സാറേ ഇവിടിപ്പോ സത്യത്തിൽ ആരാ ജയിച്ചത്?”

അതു കേട്ട് അതിശയത്തോടെ സാർ പറഞ്ഞു “നിങ്ങളു തന്നെ. നിങ്ങൾ‌ക്ക് ആ പാട്ട് പാടിയൊപ്പിയ്ക്കാൻ‌ കഴിഞ്ഞല്ലോ. അപ്പോൾ‌ വിജയികൾ‌ നിങ്ങൾ‌ തന്നെ അല്ലേ?”

അടക്കിപ്പിടിച്ച ചിരിയോടെ ഞാൻ എന്റെ സംശയം സാറുമായി പങ്കു വച്ചു. “അതല്ല സാറേ, ഞങ്ങൾ ആ പാട്ടു പാടി എന്നതു നേരു തന്നെ. പെൺ‌കുട്ടികൾ ഞങ്ങളുടെ ജയം അംഗീകരിയ്ക്കുകയും ചെയ്തു. പക്ഷേ യഥാർ‌ത്ഥത്തിൽ “ക” യിൽ തുടങ്ങുന്ന പാട്ടു പാടുക എന്നതായിരുന്നില്ലേ ഞങ്ങൾ‌ നേടേണ്ടിയിരുന്ന ലക്ഷ്യം. പക്ഷേ, ഇതിപ്പോ ഞങ്ങൾ‌ പാടിയത്  “ക” യിൽ ആരംഭിയ്ക്കുന്ന “കൺ‌ഫ്യൂഷൻ‌ തീർ‌ക്കണമേ...” എന്ന പാട്ടാണോ അതോ “പ” യിൽ ആരംഭിയ്ക്കുന്ന “പച്ചക്കിളിപ്പവിഴ” എന്ന പാട്ടാണോ?”

ഇതു കേട്ടതും സാറും പൊട്ടിച്ചിരിച്ചു പോയി. അങ്ങനെ ഒരു കാര്യം അത്രയും നേരം സാറുൾ‌പ്പെടെ ആരും കാര്യമാക്കിയിരുന്നില്ല എന്നതാണ് സത്യം. എന്തായാലും ഇക്കാര്യം സാർ ചിരിയോടെ എല്ലാവരുടേയും ശ്രദ്ധയിൽ‌ പെടുത്തിയതോടെ രണ്ടു ടീമുകളേയും സംയുക്ത വിജയികളായി പ്രഖ്യാപിയ്ക്കാം എന്ന ഷഫീഖ് സാറിന്റെ അഭിപ്രായം ഞങ്ങളെല്ലാവരും നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തു.

എന്തായാലും ആ സംഭവം അന്നത്തെ മത്സരത്തിന്റെ പിരിമുറുക്കം ബാധിച്ചിരുന്ന ട്യൂഷൻ ക്ലാസ്സിലെ അന്തരീക്ഷത്തെ മയപ്പെടുത്തുവാൻ ശരിയ്ക്കും സഹായിച്ചു. എല്ലാവരും ചിരിയും വർ‌ത്തമാനങ്ങളുമായി അന്നത്തെ പരിപാടികളുടെ അവസാനം ഗംഭീരമാക്കി, സന്തോഷത്തോടെ പിരിഞ്ഞു.

***
ഗിരീഷ് പുത്തഞ്ചേരി എഴുതി, വിദ്യാസാഗർ‌ ഈണമിട്ട്, എം ജി ശ്രീകുമാർ‌ പാടിയ ആ ഗാനത്തിന്റെ ആദ്യ ഭാഗങ്ങൾ‌ ശരിയ്ക്കും ഇങ്ങനെ:

പച്ചക്കിളിപ്പവിഴപാല്‍‌വര്‍ണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം 
നില്‍പാണു ശംഭോ...
അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
ഈ നരകത്തില്‍നിന്നൊന്ന് കരകേറ്റ് ... ശംഭോ ശംഭോ 

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ... എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ (2)
തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
സങ്കടമീവിധമെന്തിനു തന്നതു സാംബസദാശിവനേ (2)
ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ

Tuesday, July 1, 2014

പുലി പിടുത്തം

ഇതെന്റെ അനുഭവ കഥ ഒന്നും അല്ല. പണ്ടെങ്ങോ പറഞ്ഞു കേട്ടിട്ടുള്ള ഒരു തമാശ ഇവിടെ പങ്കു വയ്ക്കുകയാണ്. [ഇതൊരു തമാശ ആയി എല്ലാവരും കണക്കാക്കിയാല്‍ മതി എന്നൊരു മുന്‍കൂര്‍ അറിയിപ്പുണ്ടേ... ]

ലോകത്തെ ഏറ്റവും മികച്ച പോലീസിനെ കണ്ടെത്താന്‍ ഒരു മത്സരം നടക്കുകയാണ്. ലോക പോലീസ് എന്നറിയപ്പെടുന്ന അമേരിയ്ക്കയുടെ പോലീസ് ഫോഴ്സ്, ബ്രിട്ടീഷ് പോലീസ്, റഷ്യന്‍ പോലീസ്, ആസ്ട്രേലിയന്‍ പോലീസ്, ആഫ്രിയ്ക്കന്‍ പോലീസ് അങ്ങനെ തുടങ്ങി പാക്കിസ്ഥാനി പോലീസും ശ്രീലങ്കന്‍ പോലീസും ഇന്ത്യന്‍ പോലീസും വരെ മത്സരാര്‍ത്ഥികളുടെ കൂട്ടത്തിലുണ്ട്. [ഇന്ത്യന്‍ പോലീസ് ഒരു മലയാളിയായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ അല്ലേ?]

മത്സരം നടക്കുന്ന സ്ഥലത്തിനടുത്തുള്ള ഘോര വനത്തിനുള്ളില്‍ ഒറ്റയ്ക്ക് കടന്ന് ഒരു പുലിയെ ജീവനോടെ പിടിച്ചു കൊണ്ടു വരണം. അതാണ് ഏറ്റവും മികച്ച പോലീസിനെ കണ്ടെത്താനുള്ള മാനദണ്ഡമായി കണക്കാക്കിയിട്ടുള്ളത്.

അങ്ങനെ മത്സര ദിവസം വന്നെത്തി. വിധികര്‍ത്താക്കളും കാണികളും മാധ്യമ പ്രതിനിധികളും ഉള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടം വന്നെത്തിക്കഴിഞ്ഞു. എല്ലാവരും അക്ഷമരായി മത്സരം കാണാന്‍ കാത്തിരിയ്ക്കുകയാണ്.

മത്സര സമയമായി. ആദ്യമായി അമേരിയ്ക്കന്‍ പോലീസ് തന്നെ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്നു.​
​ ​
കാണികളെല്ലാം ആകാംക്ഷയോടെ കാത്തിരിയ്ക്കേ, അമേരിയ്ക്കന്‍ പോലീസ് കുറേയേറെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കയ്യിലെടുത്ത് കാട്ടിലേക്ക് യാത്രയാ
യി. കുറച്ചു സമയത്തിനുള്ളില്‍ അമേരിയ്ക്കന്‍ പോലീസ് കാട്ടിനുള്ളിലേയ്ക്ക് നടന്ന് അപ്രത്യക്ഷനായി. വൈകാതെ കാട്ടിനുള്ളില്‍ നിന്ന് കുറേ ബീപ് ബീപ് ശബ്ദങ്ങളും അലാറങ്ങളും ഒപ്പം പുലിയുടെ ഭീകര ഗര്‍ജ്ജനവും കേള്‍ക്കുമാറായി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിജയശ്രീലാളിതനായി ചത്തുമലച്ചു കിടക്കുന്ന പുലിയുടെ വാലീല്‍ പിടിച്ച് വലിച്ചു കൊണ്ട് അമേരിയ്ക്കന്‍ പോലീസ് രംഗ പ്രവേശം ചെയ്തു. കാണികള്‍ വമ്പിച്ച കരഘോഷത്തോടെ അദ്ദേഹത്തെ വരവേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ അയാള്‍ക്ക് ചുറ്റും വട്ടമിട്ടു.

എങ്ങനെ പുലിയെ കീഴടക്കി എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അമേരിയ്ക്കന്‍ പോലീസ് ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു - "ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെക്‍നോളജീസ് കൈവശമുള്ളവരാണ് ഞങ്ങള്‍ അമേരിയ്ക്കക്കാര്‍. ഞങ്ങളുടെ സാങ്കേതിക വിദ്യകളുപയോഗിച്ച് ഒരു പുലിയെ പിടിയ്ക്കുക എന്നത് വളരെ നിസ്സാരമാണ്."

അടുത്തതായി ബ്രിട്ടീഷ് പോലീസ് പോകാനായി തയ്യാറെടുത്തു. കയ്യില്‍ അത്യന്താധുനിക വിദ്യകളുള്ള ഒരു തോക്കു മാത്രം കയ്യിലെടുത്ത് ബ്രിട്ടീഷ് പോലീസ് കാട്ടിലേയ്ക്ക് നടന്നു മറഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞു കാണും. കാടിനെയും നാടിനെയും നടുക്കിയ ഒരു പുലിയുടെ അലര്‍ച്ച മാത്രം കാണികള്‍ കേട്ടു. വൈകിയില്ല, അമേരിയ്ക്കക്കാരനെ പോലെ ചത്ത പുലിയുടെ വാലില്‍ പിടിച്ചു വലിച്ചു കൊണ്ട് ബ്രിട്ടീഷ് പോലീസും തിരികെ വന്നു. അയാളെയും കാണികള്‍ കയ്യടിച്ചു സ്വീകരിച്ചു.

പുലിയെ എങ്ങനെ കീഴ്പെടുത്തി എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അയാള്‍ മറുപടി പറ്ഞ്ഞു - "ലോകത്തെ ഏറ്റവും മികച്ച ആയുധങ്ങള്‍ കൈമുതലായിട്ടുള്ളവരാണ് ഞങ്ങള്‍ ബ്രിട്ടീഷുകാര്‍. ഇതു കണ്ടോ, ഈ തോക്കു കൊണ്ടുള്ള വെടി കൊണ്ടത് ആ ചത്തു പോയ പുലി പോലും മനസ്സിലാക്കും മുന്‍പ് അതിന്റെ കഥ കഴിയും. അത്ര നിസ്സാരമാണ് ഇത് ഞങ്ങള്‍ക്ക്."

അടുത്തതായി ആഫ്രിയ്ക്കന്‍ പോലീസ് രംഗത്തു വന്നു. മറ്റുള്ളവരെ അപേക്ഷിച്ച് കായിക ശേഷിയില്‍ മുന്നിലുള്ള അയാള്‍ ആയുധങ്ങളൊന്നും കൂടാതെ വെറും കയ്യോടെയാണ് കാട്ടിലേയ്ക്ക് പോയത്. അധികം വൈകാതെ കാടു കിടുങ്ങുമാറുള്ള പുലിയുടെ അലര്‍ച്ചയുടെ ഒപ്പം കാടു മുഴുവന്‍ കുലുങ്ങി വിറയ്ക്കുന്നതും കാണുമാറായി. വൈകിയില്ല, മൃതപ്രായനായ ഒരു പുലിയെ കഴുത്തിലിട്ട് വിജയ കാഹളം മുഴക്കി ആഫ്രിയ്ക്കന്‍ പോലീസ് തിരിച്ചു വന്നു.

കാണികള്‍ ആവേശത്തോടെ കയ്യടിച്ചു. സ്ഥിരം ചോദ്യവുമായി വന്ന മാധ്യമങ്ങളോട് അയാള്‍ പറഞ്ഞു - " ലോകത്തെ ഏറ്റവും ശക്തന്മാരാണ് ഞങ്ങള്‍ ആഫ്രിയ്ക്കന്‍ വംശജര്‍. ഞങ്ങള്‍ക്ക് ഒരു പുലിയെ കീഴടക്കാന്‍ ഒരായുധവും ആവശ്യമില്ല. ഈ വെറും കൈ കൊണ്ട് ഞങ്ങള്‍ ആരെയും എന്തിനേയും കീഴടക്കും". അയാള്‍ വീണ്ടും വിജയ കാഹളം മുഴക്കി.

തുടര്‍ന്ന് ആസ്ട്രേലിയ, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ അവസാനം ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും പാക്കിസ്ഥാനും ശ്രീലങ്കയും ചൈനയുമൊക്കെ മത്സരത്തില്‍ പങ്കെടുത്തു. എല്ലാവരും ഒന്നു രണ്ടു മണിക്കൂറിനുള്ളില്‍ ഒരു വിധത്തില്‍ ഓരോ പുലിയെയും കീഴടക്കി വിജയകരമായി തിരിച്ചു വന്നു. എന്നിട്ടും ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ പോലീസ് മാത്രം മത്സരത്തിന് ഇറങ്ങാതെ മിണ്ടാതിരിയ്ക്കുകയാണ്. ചെറിയ രാജ്യങ്ങള്‍ പോലും മത്സരത്തിനിറങ്ങിയിട്ടും ഏഷ്യന്‍ ശക്തിയും ലോക രാജ്യങ്ങളില്‍ എണ്ണപ്പെട്ട രാജ്യങ്ങളില്‍ ഒന്നുമായ ഇന്ത്യ മത്സരത്തിനിറങ്ങാത്തതെന്ത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പരസ്പരം ചോദിയ്ക്കാന്‍ തുടങ്ങി.​


വൈകാതെ മാധ്യമ പ്രതിനിധികള്‍ അത് നേരിട്ട് ഇന്ത്യന്‍ പോലീസിനോട് തന്നെ ചോദിയ്ക്കുവാന്‍ ആരംഭിച്ചു. വൈകാതെ കാണികളും അതേ ചോദ്യം ഏറ്റു പിടിച്ചു.
പേടിച്ചിട്ടായിരിയ്ക്കും എന്നും മറ്റും പറഞ്ഞ് മറ്റു രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യന്‍ പോലീസിനെ കളിയ്ക്കാന്‍ കൂടി തുടങ്ങിയതോടെ ഇന്ത്യന്‍ പോലീസിന് ഇരിയ്ക്കപ്പൊറുതി ഇല്ലാതായി. ​
അവസാനം സഹികെട്ട് അയാള്‍ എഴുന്നേറ്റു. എന്നിട്ട് അയാള്‍ എല്ലാവരോടുമായി പറഞ്ഞു - "നിങ്ങള്‍ക്കിപ്പോ എന്താ വേണ്ടേ? ഞാനും പോയി ഒരു പുലിയെ പിടിച്ചോണ്ടു വരണം, അത്രയല്ലേ ഉള്ളൂ? ഇപ്പോ തന്നെ പോകാം, പോരേ?"  ഇത്രയും പറഞ്ഞിട്ട്‌ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി, മനസ്സില്ലാ മനസ്സോടെ എന്ന വണ്ണം അയാൾ കാട്ടിലേയ്ക്ക് നടന്നു.​


സമയം കടന്നു പോയ്ക്കോണ്ടിരുന്നു. ഒരു മണിക്കൂര്‍... രണ്ടു മണിക്കൂര്‍... അങ്ങനെ മൂന്നു മണിക്കൂറും കഴിഞ്ഞു. സന്ധ്യ ആകാറായി, കാട്ടില്‍ കുറേശ്ശെ ഇരുള്‍ പരക്കാന്‍ തുടങ്ങി.
സംഘാടകരും മറ്റു മത്സരാർത്ഥികളും ഉത്കണ്ഠാകുലരാകാനും കാണികള്‍ അന്യോന്യം പിറുപിറുക്കാനും  തുടങ്ങി. എല്ലാവരും കൂടി അയാളെ നിര്‍ബന്ധിച്ച് പറഞ്ഞു വിട്ടതാണെന്ന മട്ടില്‍ സംസാരം പരന്നു. മറ്റു രാജ്യങ്ങളിലെ പോലീസ് പ്രതിനിധികള്‍ക്കും കുറ്റബോധം തോന്നിത്തുടങ്ങി. അവര്‍ കൂടി കളിയാക്കിയതു കൊണ്ടാണല്ലോ ഇന്ത്യക്കാരന്‍ താല്പര്യമില്ലാഞ്ഞിട്ടും മത്സരിയ്ക്കാനിറങ്ങിയത്?​


അവസാനം കാണികളില്‍ ചിലര്‍ മുന്നിട്ടിറങ്ങി, സംഘാടകരോട് പൊട്ടിത്തെറിച്ചു. "ഒരാളുടെ ജീവന്‍ വച്ച് കളിയ്ക്കേണ്ടിയിരുന്നില്ല, അയാളെ എല്ലാരും നിര്‍ബന്ധിച്ച്  തള്ളിവിട്ടതല്ലേ, നേരം ഇത്ര കഴിഞ്ഞിട്ടും അയാളുടെ ജീവന് അപകടം വല്ലതും പറ്റിയിട്ടുണ്ടെങ്കില്‍ എന്തു ചെയ്യും?" എന്നിങ്ങനെ പല തരം ചോദ്യങ്ങള്‍ കേട്ട് സംഘാടകരും പരിഭ്രാന്തരായി.

അവസാനം മറ്റു രാജ്യങ്ങളിലെ മത്സരാര്‍ത്ഥികള്‍ തന്നെ ഇന്ത്യന്‍ മത്സരാര്‍ത്ഥിയെ അന്വേഷിച്ചിറങ്ങാന്‍ മുന്നിട്ടിറങ്ങി. കാര്യത്തിന്റെ അടിയന്തിരാവസ്ഥ മനസ്സിലാക്കി മുഴുവന്‍ സംഘാടകരും, കാണികള്‍ പോലും തിരച്ചിലില്‍ സഹായിയ്ക്കാനായി ഒപ്പമിറങ്ങി. ഒട്ടും സമയം കളയാതെ എല്ലാവരും കൂടി കാട്ടിലേയ്ക്ക് വച്ചു പിടിച്ചു. കാടു മുഴുവന്‍ അരിച്ചു പെറുക്കാന്‍ തുടങ്ങി. ​


സമയം പിന്നെയും കടന്നു പോയ്ക്കോണ്ടിരുന്നു. എല്ലാവരും ഇന്ത്യന്‍ പോലീസിനെ തിരഞ്ഞു തിരഞ്ഞ് കാട്ടിനകത്തേയ്ക്ക്‌ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്‌. സമയം കടന്നു പോകും തോറും എല്ലാവരുടെ മുഖത്തും നിരാശ പടരാന്‍ തുടങ്ങി. അയാള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകുമെന്ന് തന്നെ ഭൂരിഭാഗം പേരും ഭയന്നു. താല്‍പര്യമില്ലാതിരുന്ന അയാളെ മത്സരിപ്പിയ്ക്കാന്‍ വിടേണ്ടിയിരുന്നില്ലെന്ന് എല്ലാവരും സ്വയം പഴിയ്ക്കാന്‍ തുടങ്ങി.

അപ്പോഴാണ് കുറച്ചപ്പുറത്ത് ചില ആക്രോശങ്ങളും അടിപിടി ശബ്ദങ്ങളും അവര്‍ ശ്രദ്ധിച്ചത്. എല്ലാവരുടെ മുഖത്തും പ്രതീക്ഷകള്‍ തളിരിട്ടു. എല്ലാവരും വേഗം ആവേശത്തോടെ ശബ്ദം കേട്ട ദിക്കു ലക്ഷ്യമാക്കി ഓടി.

അവിടെ ചെന്നപ്പോള്‍ അവര്‍ കണ്ടതെന്താണെന്നോ...

അവിടെ ഒരു ചെറു യുദ്ധം കഴിഞ്ഞ പ്രതീതി, കുറേ ചെടികളും മരങ്ങളുമെല്ലാം ഒടിഞ്ഞും ചതഞ്ഞും കിടപ്പുണ്ട്. മൂലയിലായി ഒരു വലിയ മരത്തില്‍ ഒരു ഭീമന്‍ കരടിയെ ചേര്‍ത്ത് കെട്ടിയിട്ടിരിയ്ക്കുന്നു.​ അവശനായ ആ കരടിയെ തലങ്ങും വിലങ്ങും പ്രഹരിയ്ക്കുകയാണ് നമ്മുടെ ഇന്ത്യന്‍ പോലീസ്.​ അയാളുടെ ഡ്രസ്സും മറ്റും കീറിപ്പറിഞ്ഞിട്ടുണ്ട്. അവിടവിടെയായി രക്തവും. അയാളും ക്ഷീണിച്ചവശനാണ്.​
​ 'ഇയാളെന്താ ഈ കാണിയ്ക്കുന്നത് ' എന്ന അത്ഭുതത്തോടെ, അയാള്‍ ജീവനോടെ ഉണ്ടല്ലോ എന്ന സമാധാനത്തോടെ എല്ലാവരും അയാളുടെ അടുത്തേയ്ക്ക് അടുത്തു.

അപ്പോഴാണ് കരടിയെ പ്രഹരിയ്ക്കുന്നതിനിടയില്‍ അയാള്‍ ആക്രോശിയ്ക്കുന്നത് അവര്‍ വ്യക്തമായി കേട്ടത്..." സത്യം പറഞ്ഞോ... നീ അല്ലേടാ പുലി? നീ തന്നെ അല്ലേടാ പുലി? സമ്മതിച്ചില്ലെങ്കില്‍ നീ ഇവിടുന്ന് ജീവനോടെ പോകില്ല. പറയെടാ, നീ അല്ലേടാ പുലി???"​


എല്ലാവരും ഇതു കേട്ട് സ്തബ്ദരായി. സംഘാടകരില്‍ ചിലര്‍ ബലമായി അടുത്തു ചെന്ന് അയാളെ തടഞ്ഞു നിര്‍ത്തി. എന്നിട്ട് ചോദിച്ചു. " താനെന്താ ഈ കാണിയ്ക്കുന്നത്? എന്തിനാ ഈ കരടിയെ ഇങ്ങനെ പിടിച്ച് കൊല്ലാക്കൊല ചെയ്യുന്നത്? തന്നോട് പുലിയെ പിടിയ്ക്കാനല്ലേ പറഞ്ഞത്? അതിനു താന്‍ ഈ കരടിയെ ഇങ്ങനെ ഉപദ്രവിയ്ക്കുന്നതെന്തിനാ?"

ക്ഷീണിത സ്വരത്തില്‍ അയാള്‍ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു. " ഓ... ഞാന്‍ ഈ കാടു മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും ഒരൊറ്റ പുലിയെ പോലും കണ്ടില്ല. മുന്‍പേ വന്നവര്‍ എല്ലാത്തിനേം പിടിച്ചെന്നു തോന്നുന്നു. അവസാനമാ ഇവനെയെങ്കിലും കയ്യില്‍ കിട്ടിയത്.  അതു പോട്ടെ, അപ്പഴേയ്ക്കും നിങ്ങളൊക്കെ എന്തിനാ ഇങ്ങു വന്നേ? ഇവന്‍ ഒരു വിധം സമ്മതിച്ചു വന്നതായിരുന്നു, ഇവനാണ് പുലി എന്ന്"

ഇതു കേട്ട് എല്ലാവരും വായും പൊളിച്ച് നില്‍ക്കുമ്പോള്‍ ആ കരടിയെ ഇടിച്ചു സമ്മതിപ്പിയ്ക്കാന്‍ കഴിയാത്ത നിരാശയോടെ അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു.

Tuesday, May 13, 2014

ഒരു എട്ടിന്റെ പണി - പിള്ളേച്ചന്‍ സ്പെഷ്യല്‍

ഞങ്ങള്‍ തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലം. അന്ന് 8 പേരാണ് റൂമില്‍ [ആ റൂം അറിയപ്പെട്ടിരുന്നത് "വൈറ്റ് ഹൌസ്" എന്നായിരുന്നു] ഉള്ളത്. രാവിലെ തന്നെ നേരത്തേ എഴുന്നേറ്റാലേ 9 മണിയോടെ കോളേജില്‍ പോകാന്‍ നേരമാകുമ്പോഴേയ്ക്കും എല്ലാവര്‍ക്കും റെഡിയാകാന്‍ ഒക്കുകയുള്ളൂ.[നാട്ടിലേതു പോലെ അല്ല, അവിടെ കോളേജില്‍ ഒരു കാരണവശാലും ലേറ്റ് ആയി ചെല്ലാനോ അവധി എടുക്കാനോ പറ്റില്ല].

 അതു കൊണ്ട് അഞ്ച് - അഞ്ചര മണി മുതല്‍ ഓരോരുത്തരായി ഉണര്‍ന്ന് കാര്യ പരിപാടികളിലേയ്ക്ക് കടക്കും. കുളിച്ച് റെഡിയായി, പ്രഭാത ഭക്ഷണം ഉണ്ടാക്കി കഴിച്ച്, ഉച്ച ഭക്ഷണം തയ്യാറാക്കി പായ്ക്ക് ചെയ്ത് ഡ്രെസ്സ് തേച്ചു മിനുക്കി വരുമ്പോഴേയ്ക്കും 9 മണി ആയിക്കാണും.

8 മുതല്‍ 9 വരെയുള്ള സമയത്ത് ആകെ തിരക്കും ഒച്ചപ്പാടും ബഹളവും ഒക്കെയാകും റൂമില്‍. എത്ര നേരത്തെയൊക്കെ എഴുന്നേറ്റാലും രണ്ടു മൂന്നു പേരെങ്കിലും മടി പിടിച്ച് എട്ടു മണി - എട്ടര വരെയൊക്കെ സമയം കളയും. അവസാനം എല്ലാവരും ഒരുമിച്ച് ഒരേ സമയത്താകും കുളിയ്ക്കാനും ഡ്രെസ്സ് അയേണ്‍ ചെയ്യാനുമൊക്കെ തിരക്കു കൂട്ടുക.

കൂട്ടത്തില്‍ സാധാരണയായി പിള്ളേച്ചന്‍ മാത്രം തന്റെ ചുമതലകളെല്ലാം കൃത്യമായി ചെയ്തു വച്ചിരിയ്ക്കും. അതു കൊണ്ടു തന്നെ കക്ഷി 9 മണിയ്ക്കു മുന്‍പേ തന്നെ പോകാന്‍ തയ്യാറായി കാണും. രാവിലെ തന്നെ കുളിച്ച് തയ്യാറാകുന്ന പതിവുള്ളതിനാലും ഡ്രെസ്സ് അയേണ്‍ ചെയ്യുന്നതു പോലുള്ള പരിപാടികള്‍ ഒറ്റയടിയ്ക്ക് അവധി ദിവസങ്ങളില്‍ തന്നെ ചെയ്തു വയ്ക്കാറുള്ളതിനാലും പിള്ളേച്ചന്‍ സാധാരണയായി രാവിലെ ആരെയും ശല്യപ്പെടുത്താറില്ല.

പക്ഷേ, ഒരു ദിവസം രാവിലെ ഇതേ പിള്ളേച്ചന്‍ ഞങ്ങള്‍ക്കിട്ട് നല്ലൊരു പണി തന്നെ തന്നു. അന്നാണെങ്കില്‍ ആദ്യത്തെ പിരിയഡ് തന്നെ HOD യുടെ ക്ലാസ്സ് ആണ്. നേരം വൈകാനേ പാടില്ലാത്തതാണ്.  അതും പോരാഞ്ഞ് HOD എടുക്കുന്ന ക്ലാസ്സില്‍ ലേറ്റ് ആയി ചെല്ലുന്ന കാര്യം ചിന്തിയ്ക്കുകയേ വേണ്ട. (പ്രത്യേകിച്ചു മലയാളികള്‍).

അന്ന് സമയം ഏതാണ്ട് എട്ടേ മുക്കാല്‍ - ഒമ്പത് മണി ആയിക്കാണും. സാധാരണ ആ സമയത്ത് പിള്ളേച്ചന്‍ നടയിറങ്ങാനുള്ള ഒരുക്കത്തിലാകാറാണ് പതിവ്. പക്ഷേ, അന്ന് പതിവില്ലാതെ കക്ഷി ബെഡ് റൂമില്‍ കണ്ണാടിയുടെ മുന്‍പില്‍ തന്നെ നില്‍പ്പാണ്. ഷോര്‍ട്ട് സൈറ്റ് കാരണം സ്ഥിരമായി കണ്ണട വച്ചിരുന്ന പിള്ളേച്ചന്‍ കണ്ണട മാറ്റി കണ്ണില്‍ ലെന്‍സ് വയ്ക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്.

ആ ലെന്‍സ് വയ്ക്കുന്ന ആ പ്രോസ്സസ് ആണെങ്കില്‍ ഒരു അഞ്ചു പത്തു മിനുട്ട് നീണ്ടു നില്‍ക്കുന്ന പരിപാടിയുമാണ്. ആ മുറിയിലെ ഫാന്‍ ഓഫാക്കി, അടുത്തുള്ള ആളുകളെ എല്ലാം മാറ്റി, കണ്ണാടിയ്ക്കു മുന്നില്‍ ചെന്ന് ലെന്‍സ് സൂക്ഷിയ്ക്കുന്ന ചെപ്പില്‍ നിന്ന് ഓരോ ലെന്‍സായി ശ്രദ്ധയോടെ എടുത്ത് ലിക്വിഡ് ഒഴിച്ച് തയ്യാറാക്കി അവസാനം കണ്ണട മാറ്റി ലെന്‍സ് ഓരോന്നായി കണ്ണില്‍ വയ്ക്കും. ഓരോ കണ്ണിലും വച്ച ശേഷം ഒരു കണ്ണടച്ച് കാഴ്ച ടെസ്റ്റ് ചെയ്യും. അങ്ങനെ സ്വയം ബോദ്ധ്യം വന്ന ശേഷം മാത്രം പുറത്തേയ്ക്ക് ഇറങ്ങും. അതാണ് പതിവ്. ഈ പരിപാടി സ്ഥിരമായതിനാലും എല്ലാവര്‍ക്കും പരിചിതമായതിനാലും അന്നേരം ആരും തന്നെ കക്ഷിയുടെ അടുത്തു പോകുകയോ ശല്യം ചെയ്യുകയോ പതിവില്ല.

പക്ഷേ, അന്ന് പത്തു പതിനഞ്ചു മിനുട്ട് കഴിഞ്ഞിട്ടും അവന്‍ കണ്ണാടിയ്ക്കു മുന്നില്‍ നിന്ന് അനങ്ങുന്നില്ല. ഓരോ കണ്ണടച്ചു പിടിച്ച് കാഴ്ച പരിശോധിയ്ക്കല്‍ തന്നെ പരിപാടി. കുറേ നേരമായിട്ടും ഈ പ്രക്രിയ അവസാനിയ്ക്കുന്നില്ലെന്ന് കണ്ട് സാധാരണയായി അവന്റെ കൂടെ കോളേജില്‍ പോകാനിറങ്ങാറുള്ള സഞ്ജു അവനോട് കാര്യമന്വേഷിച്ചു. അപ്പോഴാണ് കക്ഷി ആ സംശയം ഉന്നയിയ്ക്കുന്നത്. "ഒരു കണ്ണിലെ ലെന്‍സ് താഴെ എങ്ങാനും വീണു പോയോ" എന്ന് അവനൊരു സംശയം... ഒന്നു രണ്ടു തവണ ഒരു കണ്ണില്‍ ലെന്‍സ് വച്ചത് ശരിയായില്ല എന്ന് തോന്നിയതിനാല്‍ കക്ഷി അതെടുത്ത് വീണ്ടും വീണ്ടും ശരിയാക്കി വച്ചിരുന്നുവത്രെ. അതിനിടെ എപ്പോഴോ സംഗതി കയ്യില്‍ നിന്ന് പോയോ എന്നതാണ് സംശയം.

അപ്പോള്‍ തന്നെ സഞ്ജു എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഞാനും സഞ്ജുവും ആ മുറി ശ്രദ്ധയോടെ പരിശോധിയ്ക്കാന്‍ തുടങ്ങി. പിള്ളേച്ചനാണെങ്കില്‍  "എടാ, വേഗമാകട്ടെ. അത് വേഗം നോക്കിയെടുക്ക്. നേരം വൈകിയാല്‍ അതിന്റെ നനവ് പോയി, അത് ഉണങ്ങി ചുരുണ്ട് പോകും. പിന്നെ കണ്ടു പിടിയ്ക്കാന്‍ പറ്റില്ല" എന്നെല്ലാം പറഞ്ഞ് ബഹളം കൂട്ടാനും തുടങ്ങി.

ഒറ്റ നോട്ടത്തിലൊന്നും അത് കണ്ട് പിടിയ്ക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ ബാക്കിയുള്ളവരെ കൂടി സഹായത്തിനു വിളിച്ചു. എല്ലാവരും കാര്യത്തിന്റെ സീരിയസ്‌നെസ്സ് മനസ്സിലാക്കി മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് തിരയാന്‍ കൂടി. അവന്റെ കണ്ണിന്റെ കാര്യമല്ലേ, മാത്രവുമല്ല... അവന്‍ പറഞ്ഞതു പോലെ അതെങ്ങാനും ഉണങ്ങി ചുരുണ്ട് നശിച്ച് പോയാല്‍ പിന്നെ വീണ്ടും ഡോക്ടറെ കണ്ട് വേറെ ലെന്‍സ് ശരിയാക്കി വരുമ്പോഴേക്കും ദിവസങ്ങള്‍ പിടിയ്ക്കുകയും അവന്റെ കോളേജില്‍ പോക്കും പഠനവുമെല്ലാം അവതാളത്തിലാകുകയും ചെയ്യും.

അങ്ങനെ പിള്ളേച്ചനൊഴികെ എല്ലാവരും അവനു ചുറ്റും മുട്ടിലിഴഞ്ഞും കിടന്നുമെല്ലാം ആ മുറിയും തറയും എന്നു വേണ്ട, അവിടിരുന്ന ബാഗുകളും മേശയും കസേരയും താഴെ കിടക്കുന്ന കടലാസുകള്‍ പോലും ശ്രദ്ധയോടെ തിരയാന്‍ തുടങ്ങി.

അപ്പോഴാണ് ഞങ്ങളുടെ സഹപാഠിയും അയല്‍ വീട്ടിലെ താമസക്കാരനുമായ കിരണ്‍ എന്തോ ആവശ്യത്തിന് അങ്ങോട്ട് കയറി വന്നത്. അവന്‍ നോക്കുമ്പോള്‍ പിള്ളേച്ചന്‍ മാത്രം ഒരു മുറിയുടെ നടുക്ക് രാജകീയമായ സ്റ്റൈലില്‍  നില്‍പ്പുണ്ട്. ഞങ്ങള്‍ ബാക്കി ഏഴു പേരും അവനു ചുറ്റും ശയനപ്രദക്ഷിണം നടത്തുന്നു. "പിള്ളേച്ചനാണേല്‍ അവിടെ നോക്കെടാ, ഇവിടെ നോക്ക്" എന്നിങ്ങനെ ആജ്ഞകള്‍ നല്‍ക്കുന്നു. കിരണ്‍ ആദ്യം ഒന്ന് ഞെട്ടി. പിന്നെ കാര്യമറിഞ്ഞതോടെ ലെന്‍സ് തപ്പാന്‍ അവനും കൂടി.

​സമയം കഴിയുന്തോറും എല്ലാവരും ടെന്‍ഷനാകാന്‍ തുടങ്ങി. ആ ലെന്‍സ് ഏതാണ്ട് നഷ്ടപ്പെട്ടു എന്ന് തന്നെ ഞങ്ങളെല്ലാവരും ഉറപ്പിച്ചു...​
​ അപ്പോഴുണ്ട്, അതാ പിള്ളേച്ചന്റെ സന്തോഷത്തോടെയുള്ള ശബ്ദം " ഡാ, ഒരു മിനുട്ട്... ​
​ആ ലെന്‍സ് പോയിട്ടില്ലെന്ന് തോന്നുന്നു..."​
​ അവന്‍ ഒന്ന് നിര്‍ത്തി.​


"... പിന്നെ... ???" ഞങ്ങള്‍ എല്ലാവരും തലയുയര്‍ത്തി, കോറസായി ചോദിച്ചു.​


ചെറിയൊരു ചമ്മലോടെ പിള്ളേച്ചന്‍ തുടര്‍ന്നു " അത്.... അതെന്റെ കണ്ണില്‍ തന്നെ ഇരിപ്പുണ്ട്. സോറി...ഡാ!"​


​ എല്ലാവര്‍ക്കും ചിരിയും ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു. പോകാന്‍ തയ്യാറായിക്കൊണ്ടിരുന്നവരും കുളിയ്ക്കാന്‍ പോകാന്‍ നിന്നവരുമുള്‍പ്പെടെ എല്ലാവരെയും കുറച്ചു നേരം മുട്ടേലിഴയ്ക്കാനും നിലത്തു കിടന്ന് ഇഴയ്ക്കാനും മന:പൂര്‍വ്വമല്ലെങ്കിലും അവനെ കൊണ്ട് സാധിച്ചല്ലോ.  പിന്നെ ഒരു രണ്ടു മിനുട്ട് നേരം ​
​അതു വരെ കുളിയ്ക്കുക പോലും ചെയ്യാതിരുന്ന മത്തനും സുധിയപ്പനുമെല്ലാം ചീത്ത കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു.​


​അവസാനം എല്ലാവരും പോകാന്‍ തയ്യാറായി റൂമില്‍ നിന്നിറങ്ങുമ്പോഴേയ്ക്കും സമയം ഒമ്പതേ മുക്കാല്‍ കഴിഞ്ഞിരുന്നു.​
​ നാലു കിലോമീറ്ററോളം പോകാനുണ്ടെങ്കിലും നേരിട്ട് ബസ്സ് കിട്ടാത്ത റൂട്ട് ആയതിനാല്‍ എങ്ങനെയൊക്കെയോ ഏതോ ഒരു പാല്‍ [ആരോക്യ പാല്‍] വണ്ടിക്കാരുടെ കയ്യും കാലും പിടിച്ച് ഒരു വിധത്തില്‍ കോളേജില്‍ എത്തിപ്പെടുമ്പോഴേയ്ക്കും അവിടെ സെക്കന്റ് ബെല്‍ മുഴങ്ങുകയായിരുന്നു. ​


​ അതിനു ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷം പലപ്പോഴായും തമാശയ്ക്കും പകുതി കാര്യമായും ഞങ്ങള്‍ പിള്ളേച്ചനോട് ചോദിയ്ക്കാറുണ്ട്. "സത്യത്തില്‍ അന്ന് ലെന്‍സ് കാണാതായി എന്ന് പറഞ്ഞത് സത്യത്തില്‍ അത് നഷ്ടപ്പെട്ടതായി തോന്നിയിട്ട് പറഞ്ഞതോ അതോ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മന:പൂര്‍വ്വം ഒരു പണി തന്നതോ" എന്ന്. അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി മാത്രമാകും മിക്കപ്പോഴും പിള്ളേച്ചന്റെ മറുപടി.