നഴ്സറിയില്‍ ചേരുന്ന കാലത്ത് പഠനം എന്നു വച്ചാല്‍ എന്തോ മലമറിയ്ക്കുന്നത്ര വല്യ സംഭവം ആണെന്നായിരുന്നു കരുതിയിരുന്നത്. കുഞ്ഞായിരുന്ന നാളുകളില്‍, പ്രത്യേകിച്ചും സ്ലേറ്റും പുസ്തകവും ചോറുപാത്രവും പെട്ടിയിലില്‍ വച്ച് (ആദ്യകാലങ്ങളില്‍ ബാഗിനു പകരം അലൂമിനിയം പെട്ടിയായിരുന്നു) വാട്ടര്‍ ബോട്ടിലും കഴുത്തിലിട്ട് ചേട്ടനും കൂട്ടുകാരും പോകുന്നത് കാണുമ്പോഴുള്ള ഒരു.. ഒരു കൊതി. എങ്ങനെ എങ്കിലും സ്കൂളില്‍ പഠിയ്ക്കാന്‍ പോയാല്‍ മതി എന്നായിരുന്നു അന്നൊക്കെ ചിന്ത. മാത്രമല്ല, ചേട്ടനും കൂടി സ്കൂളില്‍ പോയാല്‍ പിന്നെ വീട്ടില്‍ ഞാന്‍ ഒറ്റയ്ക്കാകുകയും ചെയ്യും. അന്ന് എന്റെ പ്രായത്തിലുള്ള കളിക്കൂട്ടുകാരൊന്നും അയല്പക്കങ്ങളിലുണ്ടായിരുന്നുമി
അവസാനം ആറ്റുനോറ്റിരുന്ന സമയം സമാഗതമായി. എന്നെയും നഴ്സറി സ്കൂളില്‍ ചേര്‍ക്കുവാന്‍ തീരുമാനമായി. [ഈ സമയമായപ്പോഴേയ്ക്കും ഞങ്ങള്‍ കൊരട്ടിയില്‍ അച്ഛന്റെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് താമസം മാറിയിരുന്നു. പിന്നെ മൂന്നു വര്‍ഷം അവിടെയായിരുന്നു]. അതിന്റെ ഭാഗമായി അല്ലറ ചില്ലറ പര്‍ച്ചേസിങ്ങ് കൂടി. പുതിയ ബാഗ്... പുതിയ സ്ളേറ്റ്... പുതിയ ഉടുപ്പ്... പുതിയ ചെരുപ്പ്... പുതിയ കുട... (കുട ഉണ്ടായിരുന്നോ ആവോ. ഒരു താളത്തിന് അങ്ങ് പറഞ്ഞെന്നേയുള്ളൂ) ഞാനും പെരുത്ത് ഹാപ്പി.
അങ്ങനെ ഞാനും സ്കൂളിലേയ്ക്ക് ചേട്ടന്റെ കൂടെ യാത്രയായി. പക്ഷേ സ്കൂളില്‍ ചെന്നെത്തിയതോടെ ആകെ പകച്ചു. പ്രതീക്ഷിച്ചതു പോലെ ഒന്നുമല്ല. ആകെ ബഹളമയം. ഒച്ചയും ബഹളവും ഒപ്പം കരച്ചിലും ഓട്ടവും ഓടിച്ചിട്ടു പിടുത്തവും. ഇതെല്ലാം കണ്ടും കേട്ടും ഞാന്‍ കരയണോ വേണ്ടയോ എന്നറിയാതെ പകച്ചു നിന്നു. അപ്പോഴേയ്ക്കും അമ്മയും വേറേ രണ്ടു മൂന്നു ചേച്ചിമാരും ( അതവിടുത്തെ ടീച്ചര്‍മാരായിരുന്നു എന്ന് പിന്നീടറിഞ്ഞു) ചേര്‍ന്ന് എന്നെപ്പിടിച്ച് ഒരു മുറിയില്‍ കൊണ്ടിരുത്തി. ഞാന്‍ കരുതിയിരുന്നത് സ്കൂളെന്ന് പറയുന്നത് നമ്മുടെ വീടു പോലെ സുന്ദരമായ ഒരു കളിസ്ഥലമാണെന്നായിരുന്നു. പിന്നെ പഠിയ്ക്കാന്‍ ചേട്ടന്റെ കൂടെ പോകാമെന്ന് പറഞ്ഞപ്പോഴും ചേട്ടന്റെ ക്ലാസ്സില്‍ ചേട്ടന്റെ അടുത്തിരുന്ന് പഠിച്ചാല്‍ മതി എന്നൊക്കെയായിരുന്നു. അങ്ങനെയുള്ള എല്ലാ പ്രതീക്ഷകളും തെറ്റിപ്പോയെന്ന് മനസ്സിലാക്കുന്നത് അവിടെ ചെന്നപ്പോള്‍ മാത്രമാണ്.
നഴ്സറി ക്ലാസ്സില്‍ അങ്ങനെ എടുത്തു പറയാനും മാത്രം കൂട്ടുകാരെ ഒന്നും കിട്ടിയിരുന്നില്ല. ഭൂരിഭാഗം പേരും വന്നിരുന്നത് അവരവരുടെ അമ്മമാരുടെ കൂടെയായിരുന്നു. മാത്രമല്ല, മിക്കവാറും ദിവസം ക്ലാസ്സുകള്‍ ഉച്ച വരെ മാത്രവും. ഇന്നത്തെ LKG UKG പോലെയൊന്നുമല്ല, എഴുതാനും വായിയ്ക്കാനും എല്ലാം പഠിപ്പിയ്ക്കുക എന്നതു മാത്രമായിരുന്നു നഴ്സറി ക്ലാസ്സിന്റെ ലക്ഷ്യം. ഒപ്പം കൂട്ടമായി കുറേ പാട്ടുകളും കളികളും. ഇടയ്ക്ക് ബ്രേയ്ക്കിന് അവരവര്‍ കൊണ്ടു വന്നിട്ടുള്ള ബിസ്‌കറ്റും പാലും മറ്റും കഴിയ്ക്കാനുള്ള സമയവും കിട്ടും. ഇതൊന്നുമല്ല, അന്ന് ഏറ്റവും കൊതിയോടെ കാത്തിരുന്നത് (ഇന്നും ഓര്‍മ്മകളില്‍ കൊതിയോടെ ഓര്‍ക്കുന്നത്) ഓരോ ദിവസത്തേയും ക്ലാസ്സിന്റെ അവസാനം ലഭിച്ചിരുന്ന ഒരു ഉരുള ഉപ്പുമാവിനു വേണ്ടിയായിരുന്നു. ചെറു ചൂടോടെ അന്നത്തെ കുഞ്ഞിക്കൈ നിറയുമായിരുന്ന വിധത്തിലുള്ള ആ ഉപ്പുമാവിന്റെ രുചി ഒരിയ്ക്കലും നാവില്‍ നിന്നും പോകുമെന്ന് തോന്നുന്നില്ല. അതു കൊണ്ടൊക്കെ തന്നെ ക്ലാസ്സുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു.
നഴ്സറി ക്ലാസ്സില്‍ സ്ളേറ്റിനു പുറമേ ഒരു പുസ്തകം കൂടി ഉണ്ടായിരുന്നു. ചിത്രങ്ങളിലൂടെ അക്കങ്ങളെയും അക്ഷരങ്ങളെയും പരിചയപ്പെടുത്തുന്ന ഒരു പുസ്തകം. ഓരോ ദിവസവും എന്തെങ്കിലും ഹോം വര്‍ക്കും കാണും. ഓരോ ദിവസവും വീട്ടിലേയ്ക്ക് വന്നെത്തിയാല്‍ ആദ്യത്തെ പരിപാടി തന്നെ ഈ ഹോംവര്‍ക്ക് ചെയ്തു തീര്‍ക്കുക എന്നതായിരുന്നു. (അത്രയും ഉത്സാഹത്തോടെ പിന്നൊരു കാലത്തും ഹോംവര്‍ക്കുകള്‍ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല) അതു കഴിഞ്ഞേ ഡ്രെസ്സ് മാറുവാനോ ചായ കുടിയ്ക്കുവാനോ പോലും പോകുമായിരുന്നുള്ളൂ.
അതു പോലെ അവിടെ അന്നും യൂണിഫോമും ടൈയും നിര്‍ബന്ധമായിരുന്നു. പിന്നെ ഫുള്‍ സ്ളീവ് ഷര്‍ട്ട് ആണെങ്കില്‍ കൈ മടക്കി വയ്ക്കാതെ അത് ഫുള്‍ സ്ളീവ് ആയി തന്നെ ബട്ടന്‍സൊക്കെ ഇട്ട് ഇടണം. അതാണെങ്കില്‍ എന്നെക്കൊണ്ട് നടക്കുന്ന സംഗതി ആയിരുന്നില്ല. അതു കൊണ്ട് ഷര്‍ട്ടിടാടാനും ഊരാനും അച്ഛനോ അമ്മയോ സഹായിയ്ക്കേണ്ടതുണ്ടായിരുന്നു. പിന്നെ പിന്നെ ഷര്‍ട്ട് അഴിച്ചു മാറ്റാന്‍ ഞാനൊരു വഴി കണ്ടു പിടിച്ചു. ഹോം വര്‍ക്കൊക്കെ കഴിഞ്ഞാല്‍ ചാടിയെഴുന്നേറ്റ് ഷര്‍ട്ടിന്റെ ബട്ടന്‍സൊക്കെ അഴിച്ച് ദേഹത്തു നിന്നും ഊരി മാറ്റി താഴെ അങ്ങ് ഇടും (അപ്പോഴും രണ്ടു കൈയുടേയും ബട്ടന്‍സുകള്‍ അഴിയ്ക്കാത്തതിനാല്‍ അതു രണ്ടും അവിടെ തന്നെ കാണും). അടുത്തതായി നിലത്തു കിടക്കുന്ന ഈ ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് ഓരോ കയ്യും ആഞ്ഞു വലിയ്ക്കും. അപ്പോള്‍ ബട്ടന്‍സ് ഇട്ട ഷര്‍ട്ടിന്റെ കയ്യില്‍ നിന്നും എന്റെ കൈകള്‍ സ്വതന്ത്രമാകും. എത്ര എളുപ്പം. ബട്ടന്‍സ് അഴിച്ചു മാറ്റാന്‍ ആരെയും കാത്തു നില്ക്കേണ്ട ആവശ്യവുമില്ല.
അങ്ങനെ ഒരു ദിവസം പതിവു പോലെ ക്ലാസ്സു കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തി. അമ്മ ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ കയറിയ നേരം കൊണ്ട് ഞാന്‍ ഹോം വര്‍ക്കെല്ലാം ചെയ്തു തീര്‍ത്തു. അടുത്ത പടിയായി സ്ലേറ്റും പുസ്തകവുമെല്ലാം എടുത്തു വച്ചു, അന്നും ഫുള്‍സ്ലീവ് ഷര്‍ട്ട് ആയതിനാല്‍ ഷര്‍ട്ടിന്റെ ബട്ടന്‍സെല്ലാം അഴിച്ച് പതിവു പോലെ ഷര്‍ട്ട് നിലത്തെറിഞ്ഞു. അടുത്ത നിമിഷം അതിനു മുകളിലേയ്ക്ക് ചാടിക്കയറി വലത്തേ കൈ ആഞ്ഞു വലിച്ചു.
ഒരു നിമിഷം! ആ മുറിയും ഞങ്ങള്‍ താമസിയ്ക്കുന്ന ആ ബില്‍ഡിങ്ങും മാത്രമല്ല, ആ ക്വാര്‍ട്ടേഴ്സ് മൊത്തം കിടുങ്ങുമാറ് ഒരലര്‍ച്ച അവിടെ മുഴങ്ങി. ഞാന്‍ പോലും കുറച്ചു സമയമെടുത്തു ആ ശബ്ദം വന്നത് എന്റെ തന്നെ തൊണ്ടയില്‍ നിന്ന് തന്നെ ആണെന്ന് തിരിച്ചറിയാന്‍. അതെല്ലാം മനസ്സിലാക്കി വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ അലറിക്കരയാന്‍ ആരംഭിച്ചിരുന്നു. അപ്പോഴേയ്ക്കും അമ്മയും അയല്‍പക്കത്തെ ചേച്ചിമാരും പതുക്കെ പതുക്കെ ആ ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ മുഴുവനും അവിടെ വന്നു ചേര്‍ന്നു. വരുന്നവരെല്ലാം എന്താണ് കാര്യമെന്ന് ചോദിയ്ക്കുന്നുണ്ടെങ്കിലും "എന്റെ കൈ ... എന്റെ കൈ..." എന്നും പറഞ്ഞ് കരയുകയല്ലാതെ മറ്റൊന്നും ഞാന്‍ പറയുന്നുമില്ല.
എങ്കിലും ഷര്‍ട്ടിനു മുകളില്‍ കയറി നിന്ന് വലതു കൈ തളര്‍ത്തിയിട്ടു കൊണ്ടുള്ള എന്റെ നില്‍പ്പില്‍ നിന്നു തന്നെ അമ്മയ്ക്ക് കാര്യമെല്ലാം മനസ്സിലായി. അന്ന് പുതിയൊരു ഷര്‍ട്ടായിരുന്നു ഞാനിട്ടിരുന്നത്. അതിന്റെ കൈയ്ക്ക് അല്‍പ്പം ഇറുക്കം കൂടുതലുമായിരുന്നു. അതായിരുന്നു എന്റെ പതിവ് നമ്പര്‍ അവിടെ ഏല്‍ക്കാതിരുന്നത്. അമ്മ അക്കാര്യം പറഞ്ഞു മനസ്സിലാക്കി നാട്ടുകാരെ എല്ലാം സമാധാനിപ്പിച്ച് അയച്ചു. വന്നവരെല്ലാം എന്റെ കൈ പരിശോധിച്ച് ഒന്നും പറ്റിയിട്ടില്ലെന്ന് വിധിച്ച് സ്ഥലം കാലിയാക്കി. അമ്മയും അയല്‍പക്കത്തെ കുറച്ചു പേരും മാത്രം അവിടെ അവശേഷിച്ചു. അതോടൊപ്പം അമ്മ ഷര്‍ട്ടിന്റെ കൈയുടെ ബട്ടന്‍സ് അഴിച്ച് എന്റെ കൈ പതുക്കെ തിരുമ്മിയും മറ്റും ശരിയാക്കാനും തുടങ്ങിയിരുന്നു. പക്ഷേ ഞാന്‍ കരച്ചില്‍ നിര്‍ത്തുന്നില്ല. മാത്രമല്ല, വലതു കൈ അനക്കുന്നുമില്ല. ആരെങ്കിലും വന്ന് കയ്യില്‍ തൊട്ടാല്‍ കരച്ചില്‍ ഉച്ചത്തിലാക്കും, അത്ര തന്നെ.
നേരം കുറേ കഴിഞ്ഞിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്താതായപ്പോള്‍ എല്ലാവര്‍ക്കും കുറേശ്ശെ പേടിയായി തുടങ്ങി. ഇനി കൈയ്ക്ക് വല്ലതും പറ്റിക്കാണുമോ? വൈകാതെ ചേട്ടനെ പറഞ്ഞയച്ച് അച്ഛനെ ഓഫീസില്‍ നിന്നും വരുത്തിച്ചു. അച്ഛന്‍ വന്ന ശേഷം അച്ഛന്റെ വകയും ഒരു പരിശോധന നടത്തി. ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും കാണാനില്ല. അപ്പോഴേയ്ക്കും ഞാനും കരഞ്ഞു തളര്‍ന്ന് വലിയ വായിലെ കരച്ചിലെല്ലാം അവസാനിപ്പിച്ചു. പകരം ഒരു തരം മോങ്ങല്‍ മാത്രമായി. പക്ഷേ, എന്റെ കയ്യില്‍ തൊട്ടാല്‍ വിധം മാറും. പ്രധാന പ്രശ്നം എനിയ്ക്ക് കൈ അനക്കാന്‍ പറ്റുന്നില്ല എന്നതു തന്നെ. കൈ തളര്‍ത്തിയിട്ടിരിയ്ക്കുകയാണ്. ഉയര്‍ത്താന്‍ പറ്റില്ല, ഞാനോ മറ്റാരെങ്കിലുമോ ശ്രമിച്ചാല്‍ തന്നെ ഭയങ്കര വേദന. അപ്പോള്‍ ഞാന്‍ കരച്ചിലിന്റെ വോളിയം കൂട്ടും.
അവസാനം എന്നെ ഡോക്ടറുടെ അടുത്തേയ്ക് കെട്ടിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴേയ്ക്കും ഞാനൊരു 'രോഗി' ആയിക്കഴിഞ്ഞതിനാല്‍ അച്ഛന്‍ എന്നെ എടുത്ത് തോളിലിട്ട് ഡോക്ടറുടെ അടുത്തേയ്ക്ക് വച്ചു പിടിച്ചു. കുറച്ചു ദൂരം നടന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തി. (ഇതിനിടെ വഴിയില്‍ കാണുന്ന പരിചയക്കാരെല്ലാം തന്നെ സംഭവം വന്ന് അന്വേഷിച്ചിട്ടു പോയി, എന്റെ കിടപ്പ് കണ്ടാല്‍ കരഞ്ഞു തളര്‍ന്ന് എന്തോ അത്യാഹിതം സംഭവിച്ച മാതിരി തോന്നുമല്ലോ). അവസാനം ഡോക്ടറുടെ അടുക്കലെത്തി. ഡോക്ടര്‍ തന്നെക്കൊണ്ടാകും പോലെ എല്ലാം ശ്രമിച്ചു. ഒരു പ്രശ്നവും കണ്ടെത്താനായില്ല. ഉളുക്കിന്റേതായ ലക്ഷണങ്ങളും നീരും ഒന്നും കാണാനുമില്ല. പിന്നെ, കൂടുതല്‍ വേദന തോന്നിയാല്‍ കൊടുക്കാന്‍ പറഞ്ഞ് എന്തോ മരുന്നും തന്ന് പറഞ്ഞയച്ചു. കൈ ഒരു ദിവസത്തേയ്ക്ക് അനക്കണ്ട എന്നും പിറ്റേ ദിവസത്തേയ്ക്കും മാറിയില്ലെങ്കില്‍ നഴ്സറിയിലേയ്ക്ക് അയയ്ക്കണ്ട എന്നും കൂടി ഉപദേശിച്ചു. അതു കൂടി കേട്ടപ്പോള്‍ എനിയ്ക്ക് കൂടുതല്‍ സങ്കടമായി. (അന്ന് ഒരു ക്ലാസ്സ് മുടങ്ങുന്നത് വലിയ വിഷമമുള്ള കാര്യമായിരുന്നു).
അങ്ങനെ ഞങ്ങള്‍ തിരികേ ക്വാര്‍ട്ടേഴ്സിലേയ്ക്ക് നടക്കുകയായിരുന്നു. അച്ഛന്‍ തിരികേ പോരുന്ന വഴി മുഴുവന്‍ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. സമയം ഏതാണ്ട് ഇരുട്ടിത്തുടങ്ങി. ഞാന്‍ അച്ഛന്റെ തോളില്‍ തല ചായ്ച് തളര്‍ന്ന് കിടപ്പാണ്. അപ്പോഴേയ്ക്കും കരച്ചിലൊക്കെ ഒരുമാതിരി അടങ്ങി. വഴിയില്‍ വച്ച് അച്ഛന്റെ ഒരു സഹപ്രവര്‍ത്തകനെ കണ്ടു മുട്ടി. അവര്‍ രണ്ടു പേരും സംസാരിയ്ക്കുന്നതിനിടയില്‍ എന്നെയും കൊണ്ട് ആ സമയത്ത് എങ്ങോട്ടാണ് എന്ന ചോദ്യം വന്നു. അച്ഛന്‍ കാര്യം മൊത്തം വിവരിച്ചു. അതു കഴിഞ്ഞപ്പോള്‍ ആ ചേട്ടന് എന്റെ കൈ കാണണമെന്നായി. അദ്ദേഹം പതുക്കെ എന്റെ അടുക്കലെത്തി. എന്നിട്ട് "എന്താ മോനേ പറ്റിയത്? കൈ ഉളുക്കിയോ? കാണട്ടെ, ഏത് കയ്യാണ്? എന്താ പറ്റിയത്? ഇപ്പോ എന്താ കുഴപ്പം?" ഇങ്ങനെ തുടര്‍ച്ചയായി കുറേ ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു.
ഞാന്‍ പയ്യെ വിതുമ്പിക്കൊണ്ട് 'കൈ ഉളുക്കി, ഇപ്പൊ അനക്കാന്‍ പറ്റുന്നില്ല' എന്ന് പറഞ്ഞു.
"ആണോ? ഏത് കയ്യാ ഉളുക്കിയത്? ഇപ്പോ അനക്കാനേ പറ്റുന്നില്ലേ?" ആ ചേട്ടന്‍ പിന്നെയും കുറച്ച് സഹതാപത്തോടെ ചോദിച്ചു.
"ഈ കയ്യാണ് അനക്കാന്‍ പറ്റാത്തത്. ആദ്യം ഇത്രയും പൊക്കാന്‍ പറ്റുമായിരുന്നു. ഇപ്പോ ഇങ്ങനെ പൊക്കാനേ പറ്റുന്നില്ല" ഞാനെന്റെ വലത്തേ കൈ പൊക്കിപ്പിടിച്ച് അദ്ദേഹത്തെ കാണിച്ചു കൊണ്ട് വിശദീകരിച്ചു.
ഇതു കണ്ട് അച്ഛനും ആ ചേട്ടനും ഏതാനും നിമിഷങ്ങള്‍ അന്തം വിട്ട് നിന്നു, തുടര്‍ന്ന് ഒരുമിച്ച് പൊട്ടിച്ചിരിയ്ക്കാന്‍ തുടങ്ങി. എനിയ്ക്ക് കാര്യം മനസ്സിലാക്കാന്‍ പിന്നെയും കുറച്ചു സമയം കുഠെ വേണ്ടി വന്നു. കാരണം അത്രയും നേരം അനക്കുവാനോ പൊക്കിപ്പിടിയ്ക്കുവാനോ പറ്റുന്നില്ലെന്നും പറഞ്ഞ് ബഹളം വച്ചു കരഞ്ഞ അതേ കയ്യും പൊക്കിപ്പിടിച്ചു കൊണ്ടാണ് ഞാന്‍ ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്.
ഇടയ്ക്കെപ്പോഴോ എന്റെ കൈയ്യുടെ ഉളുക്കും വേദനയും നിശ്ശേഷം മാറിയിരുന്നു എന്ന സത്യം ഞാനും മനസ്സിലാക്കിയിരുന്നില്ല. ഉളുക്കിയ സമയത്ത് കൈയൊന്ന് ഇളകുമ്പോഴോ അനക്കുമ്പോഴോ ഉയര്‍ത്താന്‍ ശ്രമിയ്ക്കുമ്പോഴോ തോന്നിയിരുന്ന അസഹ്യമായ വേദന കാരണം പിന്നീട് അത്രയും നേരം ഞാനൊരു ശ്രമം പോലും നടത്താന്‍ കൂട്ടാക്കിയിരുന്നില്ലല്ലോ. എന്തു തന്നെ ആയിരുന്നാലും അത്രയും നേരത്തെ വിശ്രമം തന്നെ ആയിരുന്നു ആ ഉളുക്കിനു പറ്റിയ മരുന്നും.
അങ്ങനെ ഒരു വലിയ രോഗിയെപ്പോലെ അച്ഛന്റെ തോളത്ത് കയറിക്കിടന്ന് കരഞ്ഞു കൊണ്ടു പോയ ഞാന്‍ തിരികെ അച്ഛന്റെ കയ്യും പിടിച്ച് ഉളുക്കിക്കിടന്ന വലതു കൈയും വീശി ചിരിച്ചു കൊണ്ട് തിരികെ വീട്ടില്‍ വന്നു കയറുന്നതു കണ്ട അമ്മയും അയല്‍ക്കാരും അന്തം വിട്ടു. ഇടയ്ക്ക് വഴിയില്‍ വച്ചു നടന്ന സംഭവം മനസ്സിലാക്കാതിരുന്ന ഭൂരിഭാഗം അയല്‍ക്കാര്‍ക്കും എന്നെ ചികിത്സിച്ച ഡോക്ടറോഠുള്ള മതിപ്പും കൂടി എന്ന് പ്രത്യേകം പറയണ്ടല്ലോ.
ഇപ്പോഴും കുടുംബക്കാരെല്ലാം കൂടുന്ന ചില സദസ്സുകളില്‍ അച്ഛനുമമ്മയുമെല്ലാം ഈ പഴയ സംഭവം പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. എന്തായാലും അന്നത്തെ ആ അനുഭവത്തിനു ശേഷം പിന്നീട് കുറേ നാളുകള്‍... അല്ല, വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു വീണ്ടും ഫുള്‍സ്ലീവ് ഷര്‍ട്ടിനോടുള്ള എന്റെ ഭയം മാറിക്കിട്ടാന്‍.
Wednesday, January 26, 2011
ഒരു നഴ്സറിക്കാലം
എഴുതിയത്
ശ്രീ
at
7:06 PM
85
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Thursday, December 23, 2010
പാളിപ്പോയ ഒരു ക്രിസ്തുമസ്സ് സര്‍പ്രൈസ്
പിരിവിട്ട് കുറേ കാശു മുടക്കിയുള്ള പരിപാടികളൊന്നും വേണ്ടെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നു. അല്ലാതെ എല്ലാവരും കൂടി ഉത്സാഹിച്ച് ചെയ്താല്‍ നടക്കാവുന്ന എന്തെങ്കിലും മതി എന്നും തീരുമാനമായി. രണ്ടു മൂന്നു ദിവസം തലകുത്തിയിരുന്ന് ആലോചിച്ചിട്ടും ഒന്നും ഫിക്സ് ചെയ്യാനാകുന്നില്ല. ഓരോരുത്തരും ഓരോരോ ആശയങ്ങള്‍ പറയുന്നു... പക്ഷേ ഒന്നിനും ബഹുജന പിന്തുണ നേടാനാകുന്നുമില്ല. അവസാനം മത്തന്‍ ഒരു ഐഡിയ മുന്നോട്ട് വച്ചു. കോളേജ് ജംഗ്‌ഷനില്‍ ഒരു വമ്പന്‍ നക്ഷത്രം ഉണ്ടാക്കി തൂക്കുക. ഒപ്പം ഒരു വലിയ ക്രിസ്തുമസ് ട്രീയും.
ആ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടമായി. എന്തായാലും ഉണ്ടാക്കുമ്പോള്‍ നല്ല വലുപ്പത്തില്‍ തന്നെ ഒരെണ്ണം ഉണ്ടാക്കാമെന്ന് തന്നെ ഉറപ്പിച്ചു. മുളയുംഈറ്റയും കൊണ്ട് നക്ഷത്രമുണ്ടാക്കി, ചൈനീസ് പേപ്പര്‍ വാങ്ങി ഒട്ടിച്ച് ഭംഗിയാക്കണം. ഒപ്പം കുറേ ഡ്രോയിങ്ങ് പേപ്പര്‍ വാങ്ങി നന്നായി വരയ്ക്കാനറിയുന്ന ആരെക്കൊണ്ടെങ്കിലും കുറേ ആശംസ എഴുതി അവിടവിടെയായി ഒട്ടിയ്ക്കാമെന്നും കൂടെ അഭിപ്രായം വന്നു. അതും കൊള്ളാം എന്ന് എല്ലാവര്‍ക്കും തോന്നി. വിവിധ നിറങ്ങളിലുള്ള കുറേ ചൈനീസ് പേപ്പറും കുറേ ഡ്രോയിങ്ങ് പേപ്പറും വാങ്ങാനുള്ള ചിലവല്ലേയുള്ളൂ... നക്ഷത്രമുണ്ടാക്കാന്‍ വേണ്ട മുളയുംഈറ്റയും ട്രീ ഒരുക്കാന്‍ പറ്റിയ മരവും മത്തന്‍ ഏറ്റു. ഡ്രോയിങ്ങ് പേപ്പറും സ്കെച്ച് പേനകളും വാങ്ങിക്കൊടുത്താല്‍ ആശംസകള്‍ എഴുതി തരാമെന്ന് ക്ലാസ്സിലെ ചിത്രകാരനായ അഭിലാഷും സമ്മതിച്ചു.
അവധിയ്ക്കു മുന്‍പുള്ള അവസാന അദ്ധ്യയന ദിവസം കോളേജ് ജംഗ്ഷനില്‍ എല്ലാവരും ബസ്സിറങ്ങുമ്പോള്‍ എല്ലാവരെയും അമ്പരപ്പിയ്ക്കുന്ന തരത്തില്‍ വമ്പനൊരു ക്രിസ്തുമസ്സ് നക്ഷത്രം അവിടെയുള്ള മരത്തില്‍ പ്രത്യക്ഷപ്പെടണം. പിന്നെ ഒരു കാര്യമുള്ളത് സംഗതി അവസാന നിമിഷം വരെ രഹസ്യമായിരിയ്ക്കണം എന്നുള്ളതാണ്. തലേന്നു പോലും ആര്‍ക്കും അങ്ങനെയൊരു നീക്കമുണ്ടെന്ന് യാതൊരു സംശയത്തിനും ഇട കൊടുക്കരുത്. അതായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതിനു വേണ്ടി ഒരൊറ്റ ദിവസം രാത്രി മുഴുവന്‍ ഉറക്കമിളച്ച് നക്ഷത്രവും മറ്റും ഒരുക്കാന്‍ ഞങ്ങളെല്ലാം നിശ്ചയിച്ചു.
പക്ഷേ ആദ്യത്തെ പ്നാനില്‍ നേരിയ തിരിച്ചടി കിട്ടി. അവസാന രണ്ടു ദിവസം പനിയോ മറ്റോ കാരണം അഭിലാഷ് ക്ലാസ്സില്‍ വന്നില്ല. അവസാനം കൂട്ടത്തില്‍ ഭേദപ്പെട്ട പടം വരക്കാരന്‍ എന്ന നിലയ്ക്ക് ആ ദൌത്യം അവസാന നിമിഷം ബിമ്പുവിനെ ഏല്‍പ്പിച്ചു. ഞങ്ങളെല്ലാം കൂടി നക്ഷത്രവും ട്രീയും ഒരുക്കുന്ന നേരത്ത് ആശംസകളെല്ലാം എഴുതി ഉണ്ടാക്കുന്ന കാര്യം അവന്‍ ഏറ്റു.
അങ്ങനെ ആ ദിവസം വന്നു ചേര്‍ന്നു. അന്ന് ക്ലാസ് കഴിഞ്ഞെങ്കിലും മുന്‍ നിശ്ചയ പ്രകാരം ഞങ്ങളുടെ ഗ്യാങ്ങിലെ ആരും സ്വന്തം വീടുകളിലേയ്ക്ക് പോയില്ല. അവിടെ റൂമെടുത്ത് താമസിയ്ക്കുന്ന എനിയ്ക്കും സഞ്ജുവിനും കുല്ലുവിനും പുറമേ ഞങ്ങളുടെ റൂമില്‍ മത്തനും സുധിയപ്പനും ജോബിയും ബിമ്പുവും സുമേഷും കൂടി. അതു പോലെ അടുത്ത് മറ്റൊരു റൂമില്‍ താമസിയ്ക്കുന്ന ഗിരീഷും തോമയും സന്ദീപും അനീഷും ടോമി സാറും.
ഇക്കൂട്ടത്തിലെ 'ടോമി സാര്‍' എന്നത് ഒരു അദ്ധ്യാപകനാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. ഞങ്ങളുടെ ക്ലാസ്സിലെ തന്നെ ഒരു സുഹൃത്താണ് ടോമി. പക്ഷേ ആശാന്‍ സ്വയം അവനെ മറ്റുള്ളവര്‍ക്ക് പലപ്പോഴും പരിചയപ്പെടുത്തുന്നത് 'ഞാന്‍ ടോമി! ടോമി സാര്‍ എന്ന് വിളിയ്ക്കും' എന്നായിരുന്നു. അതല്ലെങ്കില്‍ ഞങ്ങളെല്ലാവരും കൂടെ എങ്ങോട്ടെങ്കിലും പോകുകയോ എന്തെങ്കിലും ചെയ്യാന്‍ പുറപ്പെടുകയോ ചെയ്യുന്നതു കണ്ടാല്‍ ഓടി വന്ന് "അളിയാ, ടോമി സാറിനെയും കൂട്ടെടാ..." എന്ന് പറയുന്ന അവന്റെ ശൈലി കടമെടുത്ത് ആദ്യമൊക്കെ ഞങ്ങളും പിന്നീട് ഞങ്ങളുടെ ക്ലാസ്സിലുള്ളവരും പതുക്കെ പതുക്കെ കോളേജ് മുഴുവനും... എന്തിന്, അവസാനം മൂന്നാം വര്‍ഷം അവസാനമാകുമ്പോഴേയ്ക്കും ആ നാട്ടുകാരും ഞങ്ങളുടെ അദ്ധ്യാപകര്‍ പോലും അവനെ 'ടോമി സാര്‍' എന്നായിരുന്നു വിളിച്ചിരുന്നത്.
അങ്ങനെ കോളേജ് പരിസരത്തു നിന്ന് അവസാനത്തെ വിദ്യാര്‍ത്ഥിയും ബസ്സ് കയറി എന്നുറപ്പിച്ച ശേഷമാണ് ഞങ്ങള്‍ വര്‍ണ്ണക്കടലാസുകള്‍ വാങ്ങാനും മറ്റും പുറപ്പെടുന്നതു തന്നെ .അതേ പോലെ ജംഗ്‌ഷനിലെ കടകളെല്ലാം അടച്ച് നാട്ടുകാരെല്ലാം ഉറക്കമായ ശേഷം വേണം ഈറ്റയും മുളക്കഷ്ണങ്ങളും ക്രിസ്തുമസ്സ് ട്രീ ഒരുക്കാന്‍ വേണ്ട മരവും മറ്റും കൊണ്ടു വരാനെന്നും നേരത്തേ ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. (കാരണം നാട്ടുകാര്‍ക്കും അതൊരു സര്‍പ്രൈസ് ആകണമല്ലോ)
അങ്ങനെ സമയം ഏതാണ്ട് ഒമ്പതര-പത്ത് ആകുന്നതു വരെ ഞങ്ങളെല്ലാം ഈ രണ്ടു റൂമുകളിലായി കാത്തിരുന്നു. അവിടുത്തെ എല്ലാ കടകളും അടച്ച് എല്ലാവരും സ്ഥലം വിട്ട ശേഷം ഞങ്ങള്‍ ഓരോരുത്തരായി ജംഗ്‌ഷനിലെത്തി. ഞങ്ങളല്ലാതെ അവിടെ ഒറ്റ മനുഷ്യനില്ല. പറ്റിയ സമയം തന്നെ. പക്ഷേ സമയം ഇത്രയായിട്ടും മത്തന്‍ എത്തിയിട്ടില്ല. മുള-ഈറ്റ ചീന്തുകളും ട്രീയും ഏറ്റിരിയ്ക്കുന്നത് അവനാണ്. സമയം പത്തു കഴിഞ്ഞു.. .പത്തര- പതിനൊന്നാകുന്നു. ഇതു വരെയും അവനെ കാണാനില്ല. ഓരോരുത്തരായി അവനെ ചീത്ത വിളിയ്ക്കാന്‍ തുടങ്ങി. അന്നത്തെ കാലമായതു കൊണ്ട് ആരുടെ കയ്യിലും മൊബൈലൊന്നുമില്ല. വീട്ടില്‍ പോയി വിളിയ്ക്കാനായി അവന്റേതല്ലാതെ വേറെ ഒരു വണ്ടിയും ഇല്ല. കാത്തിരിയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. അവസാനം ഏതാണ്ട് പതിനൊന്നോടെ അവന്‍ വന്നു, വന്നപാടേ ലേറ്റ് ആയതിന് ക്ഷമയും പറഞ്ഞു. അവന്റെ ചേട്ടായി വണ്ടിയുമായി വരാന്‍ വൈകിയതാണത്രേ കാരണം.
എന്തായാലും ഇനിയും കളയാന്‍ സമയമില്ലാത്തതിനാല്‍ അവനെ അപ്പോള്‍ തന്നെ ഈറ്റ എടുത്തു കൊണ്ടു വരാന്‍ പറഞ്ഞയച്ചു. ഒപ്പം സുധിയപ്പനേയും വിട്ടു. അര മണിക്കൂറിനുള്ളില്‍ ഒരു കെട്ട് ഈറ്റയും കുറച്ച് മുളന്തണ്ടുകളുമായി അവര്‍ തിരിച്ചെത്തി. അതോടെ എല്ലാവര്‍ക്കും ആവേശം തിരിച്ചു കിട്ടി. ഞങ്ങളെല്ലാം സമയം കളയാതെ പണി തുടങ്ങി. മത്തനെയും സുധിയപ്പനെയും വീണ്ടും പറഞ്ഞു വിട്ടു. ട്രീ ശരിയാക്കനുള്ള മരം വെട്ടി കൊണ്ടു വരണമല്ലോ. അവര്‍ വീണ്ടും തിരിച്ചു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവര്‍ വെറും കയ്യോടെ തിരിച്ചു വന്നു. മത്തന്‍ കണ്ടു വച്ചിരുന്ന മരം ഇപ്പോ അവിടെ കാണാനില്ലത്രേ. ട്രീ ഒരുക്കുന്നതിനായി അത് മറ്റാരോ പകലെപ്പോഴോ വന്ന് വെട്ടിക്കൊണ്ട് പോയി.
അവസാനം സമയക്കുറവു മൂലം ട്രീ പരിപാടി ഉപേക്ഷിയ്ക്കാമെന്ന് തീരുമാനമായി. മാത്രമല്ല, നക്ഷത്രം ഒരുക്കുന്നത് തന്നെ വിചാരിച്ചത്ര എളുപ്പമല്ല എന്ന് ഞങ്ങള്‍ അപ്പോഴേയ്ക്കും തിരിച്ചറിഞ്ഞിരുന്നു. ഒന്നാമതായി ഒരു പടു കൂറ്റന്‍ നക്ഷത്രത്തിന്റെ കോലമാണ് കെട്ടിയുണ്ടാക്കിക്കൊണ്ടിരിയ്ക്
മരത്തിനു മുകളില്‍ കയറി ആ വമ്പന്‍ നക്ഷത്രം എല്ലാവരും കാണത്തക്ക രീതിയില്‍ പ്രതിഷ്ഠിയ്ക്കുന്ന കാര്യും ആദ്യമേ ടോമി സാര്‍ ഏറ്റിരുന്നു. അപ്പോഴേയ്ക്കും ബിമ്പു ആ ഡ്രോയിങ്ങ് പേപ്പറുകള്‍ മുഴുവനും കൊണ്ട് ജംഗ്‌ഷനിലെത്തി. വരച്ചത് മുഴുവനും ഉണങ്ങിയിട്ടില്ലെങ്കിലും സമയം കളയാനില്ലാത്തതിനാല്‍ അതെല്ലാം കോളേജിലേയ്ക്കുള്ള വഴി മുഴുവനും ഒട്ടിയ്ക്കാനായി ബിമ്പുവും ജോബിയും ഉടനേ പുറപ്പെടുകയും ചെയ്തു.
അങ്ങനെ ഒരു വിധത്തില്‍ എല്ലാ പരിപാടികളും കഴിഞ്ഞപ്പോഴേയ്ക്കും സമയം ഏതാണ്ട് വെളുപ്പിന് മൂന്നര-നാലു മണിയോളമായി. എങ്കിലും ക്രിസ്തുമസ്സ് ട്രീ ഒഴികെയെല്ലാം ഭംഗിയായി ചെയ്യാനായല്ലോ എന്ന സംതൃപ്തിയില്‍ ഞങ്ങളെല്ലാവരും സന്തോഷത്തോടെ റൂമിലേയ്ക്ക് തിരികെ പോരുകയും ചെയ്തു. പിറ്റേന്ന് ജംഗ്‌ഷനിലെത്തുന്നവരെല്ലാം ആരാണ് ഈ പണി ചെയ്തത് എന്നോര്‍ത്ത് അത്ഭുതപ്പെടുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു. അതെല്ലാം ഓര്‍ത്ത് പിറ്റേന്ന് രാവിലെ എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കാഴ്ച ഒരുക്കാനായ ചാരിതാര്‍ത്ഥ്യത്തോടെ ഞങ്ങളെല്ലാം ഉറങ്ങാന്‍ കിടന്നു. ക്ഷീണം കാരണം വൈകാതെ ഉറങ്ങിപ്പോകുകയും ചെയ്തു.
പിറ്റേന്ന് രാവിലെ എട്ട് -എട്ടര ആയിട്ടാണ് കണ്ണു തുറന്നതു തന്നെ. വേഗം തന്നെ പ്രാഥമിക കൃത്യങ്ങളെല്ലാം തീര്‍ത്ത് ഒമ്പത്-ഒമ്പതരയോടെ ഞങ്ങളെല്ലാവരും ആവേശത്തോടെ ജംഗ്‌ഷനിലേയ്ക്ക് വച്ചു പിടിച്ചു. ജംഗ്‌ഷനില്‍ അപ്പോഴേയ്ക്കും നല്ലൊരു ജനക്കൂട്ടം ആ നക്ഷത്രത്തിനു ചുറ്റുമായി ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് അത്ര ഉറപ്പായിരുന്നു. അന്തം വിട്ടു നില്‍ക്കുന്ന അവരെല്ലാം ഈ പണി ഈ ഒരൊറ്റ രാത്രി കൊണ്ട് ആര് ഒപ്പിച്ചു എന്ന അമ്പരപ്പില്‍ നില്‍ക്കുന്നതും അത് ഞങ്ങളുടെ പ്രയത്നഫലമാണ് എന്നറിയുമ്പോള്‍ അവിടെ കൂടി നില്‍ക്കുന്നഎല്ലാവരും ഞങ്ങളെ അഭിനന്ദിയ്ക്കുന്നതുമെല്ലാം ഞങ്ങള്‍ മനക്കണ്ണില്‍ കണ്ടു.
ആ ആവേശത്തോടെ ജംഗ്‌ഷനിലേയ്ക്ക് തിരിയുമ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടു... അതാ, നക്ഷത്രം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന ആ മരത്തിനു ചുവട്ടില്‍ വലിയൊരു ആള്‍ക്കൂട്ടം! എല്ലാവരും പ്രതീക്ഷിച്ചതു പോലെ തന്നെ മരത്തിനു മുകളിലേയ്ക്ക് നോക്കി വിസ്മയിച്ചു നില്‍പ്പാണ്. "അളിയാ... ഏറ്റെടാ, ഏറ്റു. എന്തു മാത്രം പിള്ളേരാ കൂടിയിരിയ്ക്കുന്നതെന്നു നോക്കിക്കേ" മത്തനും സന്തോഷം അടക്കാനാകുന്നില്ല. ഞങ്ങളുടെയും സന്തോഷം അതിന്റെ പരമകോടിയിലെത്തി. അവിടന്നങ്ങോട്ട് ഞങ്ങള്‍ ഓടുകയായിരുന്നു എന്ന് പറയാം.
എന്നാല്‍ ആവേശത്തോടെ ഓടി മരച്ചുവട്ടിലെത്തി, മുകളിലേയ്ക്ക് നോക്കിയതും ഞങ്ങളുടെ കണ്ണൂ തള്ളിപ്പോയി. ഏതാണ്ട് നാലു മണിയോടെ ഞങ്ങള്‍ തയ്യാറാക്കി മരത്തില്‍ പൊക്കി ഉയര്‍ത്തി നിര്‍ത്തിയ, വര്‍ണ്ണക്കടലാസുകളുടെ ഗാംഭീര്യത്തില്‍ പളപളാ മിന്നിത്തിളങ്ങി നിന്നിരുന്ന ആ കൂറ്റന്‍ നക്ഷത്രത്തിന്റെ പ്രേതം പോലെ നക്ഷത്രത്തിന്റെ ഷേപ്പില്‍ വികൃതമായ ഒരസ്ഥികൂടം! താഴെ അവിടവിടെയായി പാറിപ്പറന്നു നടക്കുന്ന കുറേ വര്‍ണ്ണക്കടലാസുകള്‍!
ഞങ്ങളുടെ സപ്തനാഡികളും തകര്‍ന്നു. ആവേശമെല്ലാം ചോര്‍ന്ന് ഇനിയെന്തു ചെയ്യും എന്നോര്‍ത്ത് കുറച്ചിട ഞങ്ങള്‍ അവിടെ തന്നെ നിന്നു പോയി. കുറച്ചപ്പുറത്തായി ഗിരീഷും തോമായും സംഘവും ഞങ്ങളുടെ അതേ ഭാവത്തില്‍ നില്‍ക്കുന്നത് ഞങ്ങള്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ... അവിടെ കൂടിയിരിയ്ക്കുന്നവരെല്ലാം പുച്ഛത്തോടെ, പരിഹാസത്തോടെ ആ നക്ഷത്രം അവിടെ പ്രതിഷ്ഠിച്ചവരെ മതിയാവോളം കളിയാക്കിക്കൊണ്ട് തിരിച്ചു പോകുന്നുണ്ട്. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഒറ്റ വാക്കില്‍ അതു ചെയ്തവരെപ്പറ്റി ഏക കണ്ഠമായ അഭിപ്രായമായിരുന്നു... " മണ്ടന്‍മാര്‍. ഈറ്റ കൊണ്ട് നക്ഷത്രമുണ്ടാക്കുമ്പോള്‍ വെയിലു കൊണ്ട് അത് വികസിയ്ക്കും എന്ന് മനസ്സിലാക്കാനുള്ള കോമണ്‍സെന്‍സ് പോലുമില്ലാത്ത പമ്പരവിഡ്ഢികള്‍" എന്ന്.
അത് കേട്ടപ്പോഴാണ് ഞങ്ങള്‍ക്കും അക്കിടി മനസ്സിലായത്. അര്‍ദ്ധരാത്രിയില്‍ നല്ല മഞ്ഞുള്ള തണുപ്പില്‍ വരിഞ്ഞു മുറുക്കി നല്ല ഷെയ്‌പ്പില്‍ കെട്ടി വച്ച ഈറ്റ കഷ്ണങ്ങളെല്ലാം വെയിലു കൊണ്ട് വികസിച്ചപ്പോള്‍ വളഞ്ഞ് ഒട്ടിച്ചിരുന്ന കടലാസുകളെല്ലാം കീറി നാശമായിപ്പോയതാണ്. പറഞ്ഞിട്ടെന്തു കാര്യം! ഇപ്പോള്‍ കണ്ടാല്‍ നക്ഷത്രത്തിന്റെ ഒരു പേക്കോലം മാത്രം.
ആ കണ്ട കാഴ്ചയുടെ ക്ഷീണത്തില്‍ തകര്‍ന്ന ഹൃദയവുമായി, രാവിലത്തെ ഭക്ഷണം പോലുമുപേക്ഷിച്ച് കേളേജിലേയ്ക്കുള്ള വഴി നടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവശങ്ങളിലുമുള്ള മതിലുകളിലേയ്ക്ക് നോക്കി. എന്തായാലും ഇത്തവണ പ്രതീക്ഷ തെറ്റിയില്ല. മഷി ശരിയ്ക്കുണങ്ങും മുന്‍പേ പശ തേച്ച് ഒട്ടിച്ചതിനാല്‍ രാത്രിയിലെ മഞ്ഞിന്റെ സഹായത്താല്‍ ഡ്രോയിങ്ങ് പേപ്പറുകളെല്ലാം നിറമിളകി, എന്താണ് എഴുതിയിരിയ്ക്കുന്നതെന്നു പോലും വായിയ്ക്കാനാകാത്ത അവസ്ഥയിലായതിനാല്‍ അതൊന്നും ആരും ശ്രദ്ധിച്ചു പോലുമില്ല എന്നത് അപ്പോള്‍ ഒരാശ്വാസമായി തോന്നി.
ക്ലാസ്സില്‍ ചെന്നു കയറിയ ഉടനേ തന്നെ മത്തന്‍ ടോമിയോട് ജംഗ്‌ഷനില്‍ നക്ഷത്രം ഉണ്ടാക്കി വച്ച 'മണ്ടന്മാരെ' പറ്റി പറഞ്ഞ് കളിയാക്കി ചിരിയ്ക്കുന്നത് കേട്ടതിനാല്‍ മറ്റുള്ളവരാരും തല്‍ക്കാലം ഞങ്ങളെ സംശയിച്ചില്ല. പിന്നെയും കുറേ നാളു കഴിഞ്ഞ് ആ സംഭവത്തിന്റെ ജാള്യത എല്ലാം കുറച്ചൊന്ന് മാറിയ ശേഷമാണ് ആ സംഭവത്തിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തത്.
എന്തായാലും അത്രയും കഷ്ടപ്പെട്ട് ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ചെയ്ത അധ്വാനം മുഴുവനും വെള്ളത്തിലായിപ്പോയെങ്കിലും എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കാഴ്ച വയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതു വരെ ക്രിസ്തുമസ്സിന് അത്രയും മോശമായ ഒരു നക്ഷത്രം ആ നാട്ടുകാരാരും കണ്ടിട്ടുണ്ടായിരുന്നില്ലല്ലോ.
എഴുതിയത്
ശ്രീ
at
7:27 PM
116
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Thursday, November 18, 2010
ഒരു ശബരിമല യാത്ര
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ (വര്‍ഷം 1991) പഠിയ്ക്കുമ്പോഴായിരുന്നു എന്റെ ആദ്യത്തെ ശബരിമല യാത്ര. എന്നെ മലയ്ക്ക് കൊണ്ടു പോകാം എന്ന് അച്ഛനോ അമ്മയോ നേര്‍ച്ച നേര്‍ന്നിരുന്നു എന്നാണോര്‍മ്മ. മലയ്ക്ക് പോകണമെന്ന കാര്യം തീരുമാനിയ്ക്കുമ്പോള്‍ എനിയ്ക്ക് പ്രത്യേകിച്ച് എതിര്‍പ്പൊന്നും തോന്നിയില്ല. കുറച്ചൊരു ഉത്സാഹം തോന്നുകയും ചെയ്തു. അതു കൊണ്ടു തന്നെ യാതൊരു വിധ ഉപാധികളമില്ലാതെ ഞാനും സമ്മതിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോഴാണ് അതൊരു നിസ്സാര കാര്യമല്ല എന്ന് ബോധ്യം വന്നത്. ദിവസവും അഞ്ചു മണിയോടെ എഴുന്നേല്‍ക്കണം, കുളിയ്ക്കണം. കൊച്ചു വെളുപ്പാന്‍ കാലത്തേ അടുത്തുള്ള എല്ലാ ക്ഷേത്രങ്ങളിലേയ്ക്കും പോകണം, അതു പോലെ വൈകുന്നേരവും. ഇതിനെല്ലാം പുറമേ വൃത്തിയും വെടിപ്പുമായി, ശുദ്ധമായി നടക്കണം. കണ്ണില്‍ കണ്ടിടത്തെല്ലാം പോയി കളിയ്ക്കാനോ കണ്ടതെല്ലാം വലിച്ചു വാരി തിന്നാനോ പാടില്ല.
അന്ന് എല്ലാ ദിവസങ്ങളിലും എന്നെ അതിരാവിലെ കുത്തിപ്പൊക്കി എഴുന്നേല്‍പ്പിയ്ക്കാന്‍ അച്ഛന്‍ കുറേ പാടു പെട്ടിട്ടുണ്ട്. അഞ്ചരയ്ക്ക് എഴുന്നേറ്റേ പറ്റൂ എന്ന അച്ഛന്റെ നിര്‍ബന്ധം ഞാന്‍ ഗത്യന്തരമില്ലാതെ സമ്മതിച്ചിരുന്നെങ്കിലും അതിനു തൊട്ടു മുമ്പ് വിളിച്ചാല്‍ പോലും ഇനിയും രണ്ടു മിനുട്ട് കൂടി ഉണ്ടല്ലോ എന്നും പറഞ്ഞ് ഞാന്‍ മടി പിടിച്ചു കിടക്കും. പിന്നെ, എഴുന്നേറ്റാലും ഉറക്കം തൂങ്ങി, തണുപ്പു കാരണം കുളിയ്ക്കാന്‍ മടിച്ചു നില്‍ക്കുന്ന എന്റെ തലയില്‍ ആദ്യത്തെ കുടം വെള്ളം കമിഴ്ത്തുന്നതും മിക്കവാറും അച്ഛന്‍ തന്നെ ആയിരുന്നു. ഒന്നു നനഞ്ഞാല്‍ പിന്നെ കുളിച്ചു കയറാതെ നിവൃത്തിയില്ലല്ലോ. അങ്ങനെ കഷ്ടപ്പെട്ട് 41 ദിവസം നോമ്പും നോറ്റ് ഒരു വിധത്തില്‍ ആദ്യത്തെ ശബരിമല ദര്‍ശനം ഒരുവിധം അങ്ങു നടപ്പിലാക്കുകയായിരുന്നു എന്ന് പറയാം.
പക്ഷേ മുതിര്‍ന്ന ശേഷം അങ്ങനെയല്ല. സ്വന്തം ഇഷ്ടപ്രകാരമാണല്ലോ തീരുമാനങ്ങളെല്ലാമെടുക്കുന്നത്. അപ്പോള്‍ പണ്ട് കുഞ്ഞായിരിയ്ക്കുമ്പോള്‍ അച്ഛന്റെ കൂടെ കന്നിസ്വാമിയായി മല ചവിട്ടിയതു പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നും കഷ്ടപ്പാടുകളായി തോന്നില്ലല്ലോ (മാത്രമല്ല, ഇപ്പോള്‍ കുറച്ചു നേരത്തേ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴാണ് അന്നത്തെ ദിവസം കൂടുതല്‍ ആസ്വാദ്യകരമായി തോന്നാറുള്ളത്.). മണ്ഡലമാസമാകുമ്പോഴേയ്ക്കും പോകാനുള്ള തീരുമാനം വീട്ടില്‍ പറയും. പ്രത്യേകിച്ച് തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അങ്ങു പോകും, അത്ര തന്നെ. ഇനി മലയ്ക്ക് പോകുന്നില്ലെങ്കില്‍ കൂടി മണ്ഡലമാസം മുഴുവന്‍ വ്രതമെടുക്കുകയെങ്കിലും ചെയ്യാറുണ്ട്. ഒരിയ്ക്കല്‍ തഞ്ചാവൂര്‍ പഠിയ്ക്കുന്ന കാലത്ത് സുഹൃത്തുക്കളോടൊപ്പം നോമ്പെടുത്ത് അവിടെയുള്ള ഒരു അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ പോയി മാലയിടുക വരെ ചെയ്തിട്ടുണ്ട്. കെട്ടു നിറച്ച് പോയത് വീട്ടില്‍ നിന്നാണെന്ന് മാത്രം.
നാലഞ്ചു വര്‍ഷം മുന്‍പ് ഒരു മണ്ഡല കാലം. ആയിടയ്ക്ക് തുടര്‍ച്ചയായിട്ടുള്ള വര്‍ഷങ്ങളില്‍ ഞാനും ജിബീഷേട്ടനും ശബരിമലയ്ക്ക് പോയിരുന്നു. കൂടെ മിക്കവാറും സുധിയപ്പനും കാണും. തുലാം മാസമാകുമ്പൊഴേ നോമ്പ് നോറ്റ് മാലയിടും. വൃശ്ചികം അവസാനിയ്ക്കും മുന്‍പ് പോയി വരും. അങ്ങനെ പ്രത്യേകിച്ച് പ്ലാനിങ്ങൊന്നുമില്ലാതെ ഒരു ദിവസം വൈകുന്നേരത്തോടെ കെട്ടും നിറച്ച് വീട്ടില്‍ നിന്നിറങ്ങും. യാത്രയെല്ലാം KSRTC ബസ്സിലാണ്. അര്‍ദ്ധരാത്രിയോടെ പമ്പയിലെത്തും. അവിടെ കുളിച്ച് അപ്പോ തന്നെ മല കയറാന്‍ തുടങ്ങും. മിക്കവാറും നട തുറക്കുന്ന സമയമാകുമ്പോഴേയ്ക്കും ഞങ്ങള്‍ മലമുകളില്‍ സന്നിധാനത്ത് എത്തിയിട്ടുണ്ടാകും. ദര്‍ശനവും നെയ്യഭിഷേകവും മറ്റും കഴിഞ്ഞ് പ്രസാദവും വാങ്ങി, അവിടെ നിന്നും കിട്ടുന്ന നിവേദ്യച്ചോറും ഭക്ഷിച്ച് രാവിലെ തന്നെ മലയിറങ്ങും. അന്ന് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചേരും. ഇതാണ് പതിവ് അജണ്ട.
അങ്ങനെ ഒരു വര്‍ഷം പരിപാടികളെല്ലാം കഴിഞ്ഞ് പമ്പയില്‍ നിന്നും ഒരു കോട്ടയം KSRTC കിട്ടി. കോട്ടയം വരെ സുധിയപ്പനും ഞങ്ങള്‍ക്കൊപ്പമുണ്ട്. അവിടെ നിന്ന് അവന്‍ പിറവത്തേയ്ക്കും ഞാനും ജിബീഷേട്ടനും തൃശ്ശൂര്‍ക്കും ബസ്സ് കയറി. അത്യാവശ്യം തിരക്കുണ്ടായിരുന്നതിനാല്‍ ഇരിയ്ക്കാന്‍ കഴിഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും രണ്ടിടത്തായിട്ടാണ് സീറ്റ് കിട്ടിയത്. ഞാനിരുന്ന സീറ്റില്‍ നിന്നും രണ്ടു സീറ്റ് പുറകിലാണ് ജിബീഷേട്ടന്‍ ഇരുന്നിരുന്നത്. ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കുമ്പോള്‍ ആശാന്‍ കൂടെ യാത്ര ചെയ്യുന്ന, കാവി ജുബ്ബാ ധരിച്ച ഒരു സഹയാത്രികനുമായി കത്തി വയ്ക്കുന്നുണ്ടായിരുന്നു. പിന്നെയും രണ്ടു മൂന്നു തവണ നോക്കുമ്പോഴും രണ്ടു പേരും കാര്യമായ ചര്‍ച്ചയില്‍ തന്നെ മുഴുകിയിരിയ്ക്കുന്നതാണ് കണ്ടത്. അതിനിടയില്‍ ഇടയ്ക്കെപ്പോഴോ ഞാനൊന്ന് മയങ്ങിപ്പോയി.
പിന്നെ തിരിഞ്ഞു നോക്കുമ്പോള്‍ പുറകിലെ സീറ്റില്‍ ജിബീഷേട്ടന്‍ മാത്രമേ ഉള്ളൂ. കൂടെയിരുന്ന ജുബ്ബാക്കാരന്‍ എവിടെയോ ഇറങ്ങിക്കഴിഞ്ഞു. ജിബീഷേട്ടനാണെങ്കില്‍ മൂകനായി പുറത്തേയ്ക്കും നോക്കി ഇരിപ്പുണ്ട്. മുഖത്ത് നേരിയ ഒരു നിരാശ പോലെ. എന്തു പറ്റി എന്ന് ചോദ്യ രൂപേണ നോക്കിയപ്പോള്‍ 'ഒന്നുമില്ല, പിന്നെ പറയാം' എന്ന് ആംഗ്യ ഭാഷയിലൂടെ മറുപടി കിട്ടി. പിന്നെ ഞാനും ഒന്നും ചോദിച്ചില്ല. ആശാന്‍ ഇങ്ങനെ മൂഡ് ഓഫാകാന്‍ എന്താണ് കാരണമെന്നാലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയതുമില്ല.
എങ്കിലും അധികമാലോചിയ്ക്കാതെ ഞാനും അക്കാര്യം അങ്ങനെ വിട്ടു. ബസ്സ് അങ്കമാലി അടുത്തപ്പോഴേയ്ക്കും ഞാനിരുന്ന സീറ്റില്‍ ഒരു ഒഴിവ് വന്നതു കണ്ട് ഞാന്‍ വേഗം ജിബീഷ് ചേട്ടനെ അങ്ങോട്ട് ക്ഷണിച്ചു. മടിയൊന്നും കൂടാതെ ആശാന്‍ അവിടേയ്ക്ക് വന്ന് എന്റെ കൂടെ ഇരുന്നു. അപ്പോഴേയ്ക്കും മുഖത്ത് പഴയ ഉത്സാഹം തിരികെ കിട്ടിയിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പാടെ ചിരിയും തുടങ്ങി. കുറേ നേരത്തേയ്ക്ക് ഒന്നും പറയാതെ കക്ഷി ചിരിയോട് ചിരി തന്നെ. ഞാനാണെങ്കില്‍ കാര്യമറിയാതെ 'ബ്ലിങ്കസ്യാ' എന്നിരിയ്ക്കുകയാണ്. പിന്നെയും പിന്നെയും ചോദിച്ചപ്പോള്‍ ജിബീഷേട്ടന്‍ ചിരിച്ചു കൊണ്ടു തന്നെ കാര്യം വിവരിച്ചു.
കോട്ടയത്തു നിന്നും ബസ്സില്‍ കയറിയപ്പോള്‍ ജിബീഷ് ചേട്ടന്‍ പുറകിലെ സീറ്റിലാണ് ഇരുന്നത് എന്ന് പറഞ്ഞുവല്ലോ. കക്ഷിയുടെ കൂടെ ഒരു ജുബ്ബാക്കാരനും കയറിയിരുന്നു. യാത്ര തുടങ്ങി വൈകാതെ അയാള്‍ ജിബീഷ് ചേട്ടനോട് എവിടെ പോയി വരുന്നു എന്ന് അന്വേഷിച്ചുവത്രെ. ശബരിമല ദര്‍ശനം കഴിഞ്ഞു വരികയാണ് എന്ന് കേട്ടപ്പോള്‍ അയാള്‍ക്ക് കൂടുതല്‍ താല്പര്യമായി, ചേട്ടനോട് പേരും വീടുമെല്ലാം ചോദിച്ചു. യാതൊരു സന്ദേഹവും കൂടാതെ ആശാന്‍ മറുപടി പറഞ്ഞു ' എന്റെ പേര് അജയ്. വീട് ചാലക്കുടി'.
ഒരു പരിചയവുമില്ലാത്ത ഒരാളോട് സ്വന്തം പേര് പറഞ്ഞില്ലെങ്കില്‍ തന്നെ എന്തു വരാനാണ് എന്നായിരുന്നു ആശാന്‍ അപ്പോള്‍ ചിന്തിച്ചത്. മാത്രമല്ല, അയാളെ ഇനിയുമരാവര്‍ത്തി കാണാനുള്ള സാദ്ധ്യത പോലും വിരളമാണല്ലോ.[അക്കാലത്ത് ജിബീഷ് ചേട്ടന്‍ ക്രിക്കറ്റ് താരം 'അജയ് ജഡേജ'യുടെ ഒരു കടുത്ത ആരാധകനായിരുന്നു. വീട്ടില്‍ സ്വന്തം മുറിയില്‍ ജഡേജയുടെ ചിത്രങ്ങള്‍ ഒട്ടിയ്ക്കുക, കോളേജ് പഠന കാലത്ത് നോട്ട് ബുക്കിനായി ജഡേജയുടെ പടമുള്ള പുസ്തകങ്ങള്‍ വാങ്ങുക അങ്ങനെ തുടങ്ങി, സ്വന്തം പുസ്തകങ്ങളില്‍ സ്വന്തം പേര് 'അജയ് ജിബീഷ്' എന്നു വരെ എഴുതി തുടങ്ങിയിരുന്നു. ഞങ്ങള്‍ മലയ്ക്ക് പോയ സമയമെല്ലാം ജിബീഷ് ചേട്ടന്‍ പഠനമെല്ലാം നിര്‍ത്തി സ്കൂള്‍ മാഷായും ട്യഷന്‍ മാഷായും വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നു. ആ കാലമായപ്പോഴേയ്ക്കും ജഡേജ ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്തായെങ്കിലും ജിബീഷ് ചേട്ടന്റെ ആരാധനയ്ക്ക് കുറവുണ്ടായിരുന്നില്ല. അന്നും പുസ്തകങ്ങളില്‍ അജയ് ജിബീഷ് എന്ന് പേരെഴുതുന്ന സ്വഭാവവും ആശാന്‍ കൈവിട്ടിരുന്നില്ല. എന്തിന് അക്കാലത്തെല്ലാം ട്യൂഷന്‍ കുട്ടികള്‍ക്ക് ഒപ്പിട്ടു കൊടുക്കുന്നതു പോലും അജയ് എന്ന പേര് ചേര്‍ത്തിട്ടായിരുന്നു]
അങ്ങനെ ബസ്സില്‍ വച്ച് പരിചയപ്പെട്ട ആ അപരിചിതനുമായി ആശാന്‍ കുറേ സംസാരിച്ചു. ഇപ്പോള്‍ ശബരിമല എങ്ങനെ ഉണ്ട്, യാത്ര എങ്ങനെ ഉണ്ട്, അവിടുത്തെ സുരക്ഷാ സംവിധാനങ്ങള്‍ എങ്ങനെ, ഭക്ഷണം എങ്ങനെ എന്നു തുടങ്ങി അയാള്‍ ചോദിച്ചതിനെല്ലാം വിശദമായി മറുപടി പറയുകയും ചെയ്തു. അവസാനം അയാള്‍ക്ക് ഇറങ്ങേണ്ട സ്റ്റോപ് ആയപ്പോള്‍ അയാള്‍ എഴുന്നേറ്റ് യാത്ര പറയും നേരം ജിബീഷ് ചേട്ടന് ഒരിയ്ക്കല്‍ കൂടി കൈ കൊടുത്തു കൊണ്ടു ഇങ്ങനെ പറഞ്ഞത്രെ. "ഓകെ, മിസ്റ്റര്‍ അജയ്. പരിചയപ്പെട്ടതില്‍ സന്തോഷം. ഇനി താങ്കള്‍ക്ക് ഒരു സര്‍പ്രൈസ് ന്യൂസ്... ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഒരു ലേഖകനാണ്. പേര് .... ഞാന്‍ ഈ മണ്ഡലകാലത്തെ ശബരിമലവിശേഷങ്ങളെയും യാത്രയെയും പറ്റി ഒരു ഫീച്ചര്‍ തയ്യാറാക്കുന്നുണ്ട്. അതില്‍ തീര്‍ച്ചയായും താങ്കളുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും താങ്കളുടെ പേരും വിവരങ്ങളും പരാമര്‍ശിയ്ക്കുന്നതായിരിയ്ക്കും".
ഇത്രയും പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോയപ്പോഴാണ് പറ്റിയ അബദ്ധം ജിബീഷേട്ടന് ബോദ്ധ്യമായത്. യാതൊരു ചിലവുമില്ലാതെ നാലു പേര്‍ അറിയാവുന്ന രീതിയില്‍ ഒരു ഫീച്ചറില്‍ പേരും വിവരങ്ങളും വരേണ്ടിയിരുന്ന ഒരു അവസരം നിര്‍ദ്ദോഷകരമായ ഒരു കൊച്ചു കള്ളം മൂലം നഷ്ടപ്പെട്ടു പോയതിന്റെ ഫീലിങ്ങ്സായിരുന്നു കുറച്ചു നേരം മുന്‍പ് ഞാന്‍ ആ മുഖത്ത് കണ്ട മ്ലാനതയ്ക്കു കാരണം.
എന്തായാലും ആ ഒരു സംഭവം കൊണ്ടൊന്നും സ്വന്തം സ്വഭാവം മാറ്റാനൊന്നും ജിബീഷേട്ടന്‍ മിനക്കെട്ടില്ല കേട്ടോ. അന്നും ഇന്നും നിര്‍ദ്ദോഷകരമായ കള്ളങ്ങള്‍ പറയാനും അതുവഴി എന്തെങ്കിലും വേലകളൊപ്പിയ്ക്കാനും ആശാന് മടിയില്ല. ചിലപ്പോഴൊക്കെ ചക്കിനു വച്ചത് കൊക്കിനു കൊണ്ടതു പോലെ ആകാറുണ്ടെങ്കിലും അതു മൂലം ആസ്വാദ്യകരമായ ഒട്ടേറെ അനുഭവങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കാന്‍ ഞങ്ങള്‍ക്കും അവസരം ലഭിയ്ക്കാറുണ്ട്.
എഴുതിയത്
ശ്രീ
at
4:35 AM
102
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍