Tuesday, June 15, 2021

പട്ടം പറത്തുന്നവൻ

 പുസ്തകം: പട്ടം പറത്തുന്നവൻ

രചന: ഖാലിദ് ഹൊസൈനി 

പ്രസാധകർ: ഡിസി ബുക്സ് 

പേജ്: 328

വില: 330


1970 കൾ മുതൽ 2000 ലെ ആദ്യ ചില വർഷങ്ങൾ വരെ നീണ്ടു കിടക്കുന്ന അഫ്ഗാനിസ്താനിലെ ജീവിതം വരച്ചു കാട്ടുന്ന ഹൃദ്യമായ ഒരു നോവൽ ആണു പട്ടം പറത്തുന്നവൻ.

യുദ്ധാന്തരീക്ഷം നിലനിൽക്കുന്ന ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രതിസന്ധികൾ വായനക്കാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിയ്ക്കും എന്നതിൽ സംശയമില്ല.

കാബൂളിലെ ഒരു ധനികകുടുംബാംഗം ആയ അമീർ, അവന്റെ വീട്ടു ജോലിക്കാരൻ ആയ ഹസാര വിഭാഗത്തിൽ പെട്ട അലിയുടെ മകൻ  ഹസ്സൻ എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറഞ്ഞാണ് നോവൽ ആരംഭിക്കുന്നത്.   അമീറിന്റെ അച്ഛൻ അലിയെയും ഹസ്സനെയും കുടുംബാംഗങ്ങൾ എന്ന പോലെ തന്നെ ആണ് പരിഗണിച്ചിരുന്നത്. മിടുക്കൻ ആയ ഹസ്സനെ അഭിനന്ദിയ്ക്കാനും പ്രോത്സാഹിപ്പിയ്ക്കാനും മറക്കാത്ത അദ്ദേഹം  അതെ സമയം സ്വതവേ തണുപ്പൻ മട്ടുകാരൻ ആയ അമീറിന്റെ പ്രകൃതത്തിൽ  ചിലപ്പോഴെങ്കിലും തന്റെ നിരാശ പ്രകടമാക്കാറുമുണ്ട്. 

ഹസ്സന്റെ ആത്മാർത്ഥ സ്നേഹവും സൗഹൃദവും അമീറിനോടുള്ള അവന്റെ വിധേയത്വവും നമ്മുടെ മനസ്സ് കുളിർപ്പിയ്ക്കും. അതെ സമയം അമീറിന്റെ നിസ്സംഗതയും ഇടയിൽ വരുന്ന സമപ്രായക്കാരനായ അസീഫിന്റെ വികൃതമായ ക്രൂരത നിറഞ്ഞ കളികളും.

 

പട്ടം പറത്തുന്നതിൽ വിദഗ്ദനായ അമീറും പൊട്ടിയ പട്ടം ഓടി പിടിയ്ക്കാൻ അസാമാന്യ വൈദഗ്ദ്യം ഉള്ള ഹസ്സനും നമ്മേ ആവേശം കൊള്ളിയ്ക്കുന്നുണ്ട്.  എന്നാൽ ആവേശകരമായ ഒരു പട്ടം പറത്തൽ മത്സരത്തിനു ശേഷം അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ചില സംഭവങ്ങൾ ഉണ്ടാകുകയും അതെ തുടർന്ന് അവർ തമ്മിൽ വേർപിരിയേണ്ടി വരികയും ചെയ്യുന്നു. തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിൽ ഭരണമാറ്റവും അട്ടിമറികളും യുദ്ധവും ആരംഭിയ്ക്കുന്നതോടെ  ജനങ്ങൾ ആശങ്കാകുലരാകാനും പലായനം ചെയ്യാനും നിർബന്ധിതരാകുന്നു. മറ്റുള്ളവർക്ക് ഒപ്പം അമീറും അവന്റെ പിതാവും പാക്കിസ്ഥാനിലേക്കും പിന്നീട് അവിടെനിന്ന്  അമേരിക്കയിലേക്ക് കുടിയേറുന്നു. 


എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചിരുന്ന ജന്മികളിൽ നിന്ന് അഭയാർത്ഥികളെ പോലുള്ള അവരുടെ പിന്നീടുള്ള ജീവിതവും കണ്മുന്നിലെണ്ണ വണ്ണം വായനക്കാർക്ക് അനുഭവവേദ്യമാകുന്നുണ്ട്.


 പിന്നീട് വളരെ വർഷങ്ങൾക്കു ശേഷം അമീറിന് തന്റെ ജീവിതത്തിലെ ഒരു വലിയ തെറ്റ് തിരുത്താനുള്ള ഒരവസരം കൈവരുന്നു. രണ്ടും കല്പിച്ച്  അഫ്ഗാനിസ്ഥാനിലെയ്ക്ക് പോകുന്ന അമീറിന്റെ കാഴ്ചകളിലൂടെയുള്ള മാറിയ അഫ്ഗാനിസ്ഥാൻ ആണ് നാം പിന്നീട് കാണുന്നത്.  വായനക്കാരെ പൊള്ളിയ്ക്കുന്ന, അസ്വസ്ഥരാക്കുന്ന ഒട്ടനേകം കാഴ്ചകൾ... യുദ്ധം അഫ്ഗാനിസ്ഥാനെ എത്രമാത്രം നശിപ്പിച്ചു എന്ന് ആ അനുഭവ കാഴ്ചകൾ  കാണിച്ചു തരുന്നു. തുടർന്ന് സോറാബ് എന്ന ബാലനെ വീണ്ടെടുക്കാനുള്ള അമീറിന്റെ പ്രയത്നങ്ങളും നോവലിസ്റ്റ് വിവരിയ്ക്കുമ്പോൾ കുഞ്ഞു സോറാബിന്റെ ദുരിത ജീവിതവും കഷ്ടതകളും ജീവിതാനുഭവങ്ങളും  നമ്മുടെയും കണ്ണു നിറയ്ക്കും... തീർച്ച.



- ശ്രീ

Thursday, May 20, 2021

ഒറിജിൻ

 പുസ്തകം : ഒറിജിൻ

കഥാകൃത്ത് : ഡാൻ ബ്രൗൺ

വിവർത്തനം : സുരേഷ് എം ജി

പ്രസാധകർ : ഡി സി ബുക്ക്സ്

പേജ് : 584

വില : 599


"ചരിത്രം പരിശോധിക്കുക. ഭൂമിയിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ദൈവമക്കളാണ്. അവരുടെ ദൈവങ്ങൾ ഭീഷണിയിലാകുമ്പോൾ അവർ പ്രത്യേകിച്ചും അപകടകാരികളാകുന്നു."


ഡാൻ ബ്രൗണിന്റെ റോബർട്ട് ലാങ്ഡൻ സീരീസിലെ അഞ്ചാമത്തെ പുസ്തകം ആണ് ഒറിജിൻ. മുൻപിലത്തെ ലാങ്ഡൻ കഥകൾ ആയ Angels and demons, Davinci code, Lost Symbol, Inferno എന്നിവയുടെ അതേ ഫോർമുലയിൽ വരുന്ന ഒരു ത്രില്ലർ തന്നെ ആണ് ഒറിജിൻ. പതിവ് പോലെ ഈ പുസ്തകത്തിലും പ്രതിപാദിച്ചിരിയ്ക്കുന്ന കല, വാസ്തുശില്പവിദ്യ, സ്ഥലം, ശാസ്ത്രം, മത സ്ഥാപനങ്ങൾ എല്ലാം തന്നെ യഥാർഥ്യത്തിൽ ഉള്ളത് തന്നെ ആണ്. പേര് സൂചിപ്പിയ്ക്കുന്ന പോലെ തന്നെ ഭൂമിയിലെ ജീവന്റെ ഉൽപ്പത്തി യെ ആധാരമാക്കിയാണു ഇത്തവണ ഡാൻ ബ്രൗൺ നമ്മെ വിസ്മയിപ്പിയ്ക്കുന്നത്.


ഒറ്റ രാത്രിയിൽ നടക്കുന്ന ഉദ്വേഗ ജനകമായ സംഭവങ്ങൾ തന്നെ ആണ് ഈ കഥയിലും. ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിലെ ചിഹ്ന ശാസ്ത്രജ്ഞൻ പ്രൊഫസർ ലാങ്ഡൻ, തന്റെ പൂർവ്വ കാല ശിഷ്യനും നിരീശ്വര വാദിയും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ആയ എഡ്മണ്ട് കീർഷിന്റെ ക്ഷണ പ്രകാരം സ്പെയിനിലേയ്ക്ക് ചെന്നെത്തുകയാണ്.


ഈ ലോകത്തെ തന്നെ മാറ്റി മറിച്ചേക്കാവുന്ന തന്റെ ഒരു കണ്ടു പിടുത്തത്തെ ലോകർക്ക് മുൻപിൽ അവതരിപ്പിയ്ക്കാൻ (ഓൺലൈൻ ലൈവ് പ്രോഗ്രാം) വേണ്ടി ആയിരുന്നു വിശദാംശങ്ങൾ  ആരെയും അറിയിയ്ക്കാത്ത ഈ ചടങ്ങ്. തന്റെ വെളിപ്പെടുത്തൽ എല്ലാ മത നേതാക്കളെയും വിശ്വാസികളെയും ഒരു പക്ഷെ പ്രകോപിപ്പിച്ചേക്കാം എന്ന ആശങ്കയും താൻ അപായപ്പെട്ടേക്കാം എന്ന സൂചനയും കീർഷ്  ലാങ്ഡനെ അറിയിയ്ക്കുന്നു. 


ലോക മതവിശ്വാസങ്ങളുടെ അടിത്തറ തന്നെ ഇളക്കാൻ തക്ക ശക്തമായ... എല്ലാ മതങ്ങളുടെയും നില നിൽപ്പിനു തന്നെ ആധാരമായ ചോദ്യങ്ങൾ... നൂറ്റാണ്ടുകൾ അല്ല, മാനവ ചരിത്രത്തിന്റെ അത്ര തന്നെ പഴക്കം ചെന്ന രണ്ട് ചോദ്യങ്ങൾ... "നാം എവിടെ നിന്നു വരുന്നു? നാം എങ്ങോട്ട് പോകുന്നു?"  ഈ രണ്ട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ  തെളിവുകൾ ഉൾപ്പെടെ വെളിപ്പെടുത്തുവാൻ തുടങ്ങുന്ന അതെ നിമിഷത്തിൽ...  കീർഷിന്റെ മറ്റൊരു കണ്ടുപിടുത്തം ആയ വിൻസ്റ്റൺ  എന്നു പേരായ Artificial Intelligence ൽ പ്രവൃത്തിയ്ക്കുന്ന virtual computer ൽ നിന്ന് എന്തോ അപായ സൂചന കിട്ടുന്നു. ലാങ്ഡനു പക്ഷെ ഏതെങ്കിലും വിധത്തിൽ ഇടപെടാൻ ആകും മുൻപേ ഒരു  കൊലയാളിയുടെ വെടിയേറ്റ് തന്റെ കണ്ടുപിടുത്തം വെളിപ്പെടുത്തുന്നതിനു തൊട്ട് മുൻപ് കീർഷ്  കൊല്ലപ്പെടുകയാണ്.


കൊലപാതകി നിമിഷങ്ങൾക്കുള്ളിൽ രക്ഷപ്പെടുന്നു എങ്കിലും സ്പെയിനിലെ രാജകുടുംബത്തിന്റെ ഔദ്യോഗിക സുരക്ഷാ വിഭാഗമായ ഗാർഡിയാ റിയൽ ഏജന്റ്സ് സംശയത്തിന്റെ പേരിൽ ലാങ്ഡനെയും ബിൽബാവോ മ്യൂസിയം ഡയറക്ടറും സ്പെയിനിന്റെ നിയുക്ത റാണിയും കൂടിയായ ആംബ്ര വിദാലിനെയും പിടിച്ചു നിർത്തുന്നു.


എന്നാൽ ഈ കൊലപാതകത്തിന്റെ സൂത്രധാരന്മാർക്ക് രാജകൊട്ടാരവുമായി എന്തോ ബന്ധമുണ്ടെന്നു സംശയം തോന്നുന്ന ആംബ്ര ലാങ്ഡന്റെ ഒപ്പം വിൻസ്റ്റന്റെ സഹായത്തോടെ മ്യൂസിയത്തിൽ നിന്ന് രക്ഷപ്പെടുകയാണ്. എത്രയും വേഗം കീർഷിന്റെ കണ്ടുപിടുത്തത്തെ  ലോകർക്ക് മുൻപിൽ  അനാവരണം ചെയ്യുക എന്നത് അവരുടെ കർത്തവ്യത്തോടൊപ്പം സ്വന്തം നിരപരാധിത്വം തെളിയിയ്ക്കേണ്ട ബാധ്യതയും കൂടി ആയി മാറുന്നു.


മത നേതാക്കളുടെ പ്രതിനിധികൾ ആയ ബിഷപ്പ് ആന്റോണിയോ വാൾഡെസ്‌പീനോ, റബ്ബി കോവെസ്, അല്ലാമ അൽ ഫദൽ എന്നിവരും സ്പെയിൻ രാജകുമാരൻ ഡോൺ ജൂലിയൻ, ഗാർഡിയ കമാന്റർ ഡീഗോ ഗാർസ, അഡ്മിറൽ അവീല, മോനിക മാർട്ടിൻ, മാർകോ, പാൽമേറിയൻ സഭയും മാർപ്പാപ്പയും, ഫാദർ ജോവാക്വിം ബെന,  monte@iglesia.com എന്ന അജ്ഞാത ബ്ലോഗർ... അങ്ങനെ അനേകരിലൂടെ കഥ വികസിയ്ക്കുകയാണ്.


ഡാൻ ബ്രൗൺ കൃതികളും ശൈലിയും ഇഷ്ടപ്പെട്ടുന്ന ഒരാൾ എന്ന നിലയ്ക്ക് ഒറിജിൻ എന്നെ നിരാശപ്പെടുത്തിയില്ല. എനിയ്ക്ക് ഇഷ്ടം ആയെങ്കിലും  Davinci Code പോലെ എറ്റവും മികച്ചു നിൽക്കുന്ന ഒരു ആക്ഷൻ അഡ്വെഞ്ച്വർ പായ്ക്ക്ഡ് സസ്പെൻസ് ത്രില്ലർ അല്ല ഒറിജിൻ എന്നു പറയേണ്ടി വരും. പക്ഷെ, ഡാൻ ബ്രൗണിന്റെ വായനക്കാരെ തൃപ്തിപ്പെടുത്താനുള്ള ചേരുവകൾ എല്ലാം ഇതിലും ഉണ്ട്. 


അവസാന ഭാഗങ്ങൾ ഡാൻ ബ്രൗണിന്റെ സ്ഥിരം വായനക്കാർക്ക് ഏറെക്കൂറെ ഊഹിച്ചെടുക്കാൻ കഴിയുന്നതായിട്ടാണ്  അനുഭവപ്പെട്ടത്.  എന്നിരിയ്ക്കിലും എല്ലായ്പോഴും എന്ന പോലെ ഒറ്റയടിയ്ക്ക് വായിച്ചു തീർക്കാൻ പ്രലോഭിപ്പിയ്ക്കുന്ന എല്ലാം ഒറിജിൻ എന്ന ഈ പുസ്തകം നമുക്കായി കാത്തു  വയ്ക്കുന്നുണ്ട്.


- ശ്രീ

Thursday, April 15, 2021

ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക


വായിയ്ക്കുന്ന എല്ലാ പുസ്തകങ്ങളെ കുറിച്ചും കുറിപ്പ് എഴുതുന്ന പതിവില്ല. പക്ഷെ, എഴുതണം എന്നു കരുതിയവ ഒരിയ്ക്കലും അധികം നീണ്ടു പോകാറുമില്ല.  ഇതാദ്യമായിട്ടാണ് ഒരു പുസ്തകം വായിച്ച ശേഷം അതിന്റെ റിവ്യൂ ഇത്രയും നീണ്ടു പോകുന്നത്.


എച്മു ചേച്ചിയെ ബ്ലോഗ് എഴുതുന്ന കാലം മുതൽ അതായത് ഒരു പന്ത്രണ്ട് വർഷത്തോളമായി പരിചയമുണ്ട്. ചേച്ചി ബ്ലോഗിൽ എഴുതിയ 'കമ്പി കെട്ടിയ ഒരു ചൂരൽ' എന്ന ഒരനുഭവക്കുറിപ്പ് ആയിരുന്നു ഞാനാദ്യം വായിയ്ക്കുന്നത് എന്നാണോർമ്മ. അതുൾപ്പെട്ട മിക്ക കുറിപ്പുകളും വായനക്കാരെ അസ്വസ്ഥരാക്കും വിധം  വേദനിപ്പിയ്ക്കുന്ന അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകളായിരുന്നു. പലപ്പോഴും ചേച്ചിയുടെ കുറിപ്പുകൾ  വായിച്ച ശേഷം കമന്റ് ഒന്നും എഴുതാതെ മടങ്ങി പോരാറുണ്ട്. 


തുടർന്നുള്ള വർഷങ്ങൾക്കിടയിൽ ചേച്ചി ഫേസ്ബുക്കിലുൾപ്പെടെ എഴുത്തിൽ കൂടുതൽ സജീവമായി. അവിടെ എഴുതിയ കുറിപ്പുകൾ ഒരുപാട് വായനക്കാരെ ആകർഷിച്ചു.  പ്രശസ്തരായ പലരും ആ എഴുത്തുകളിലൂടെ മറയില്ലാതെ തുറന്നു കാട്ടപ്പെട്ടപ്പോൾ ആരാധകരും വിമർശകരും ഒരു പോലെ കൂടി. അവസാനം അത് അച്ചടിമഷി പുരണ്ട് ജനങ്ങളിലേക്ക് എത്തി... അതാണ് "ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക" എന്ന പുസ്തകം.


പേരിലെ വ്യത്യസ്തത പുസ്തകത്തിന്റെ ഉള്ളടക്കത്തിലും വായനക്കാർക്ക് കാണാനാകും. ആത്മകഥാംശമേറെയുള്ള ഒരു സൃഷ്ടി എന്നോ ഈ കാലഘട്ടത്തിലും പുരുഷാധിപത്യത്തിന്റെ നികൃഷ്ടമായ വശങ്ങൾ തുറന്നു കാട്ടുന്ന തുറന്നെഴുത്ത് എന്നോ ചവിട്ടിയരയ്ക്കപ്പെട്ടിടത്തു നിന്നും തളരാതെ ജീവിതത്തോട് പൊരുതി വിജയിച്ച, മറ്റു സ്ത്രീജനങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു സ്ത്രീജന്മത്തിന്റെ ആവിഷ്കാരം എന്നോ... എങ്ങനെ വേണമെങ്കിലും ഈ കൃതിയെ നമുക്ക് അടയാളപെടുത്താം.


ഇതുപോലൊരു തുറന്നെഴുത്തിന് മുതിരുമ്പോൾ, അതുമൊരു സ്ത്രീ മുന്നിട്ടിറങ്ങുമ്പോൾ അവർ നേരിടേണ്ടി വരുന്നത് ഒരു വലിയ സമൂഹത്തിനെയാണ്... നൂറു നൂറു ചോദ്യങ്ങളെയാണ്. എന്തു കൊണ്ട് അന്ന് ഇത് തുറന്നു പറഞ്ഞില്ല എന്നതുൾപ്പെടെ. (എല്ലാത്തിനും ഒരുത്തരം മാത്രം... ഇത് ജീവിതമാണ് സുഹൃത്തുക്കളെ. ഇവിടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുമ്പോൾ അപ്പോഴത്തെ പ്രായോഗിക ബുദ്ധിയ്ക്ക് മാത്രമാണ് പ്രസക്തി)



മനസ്സിനെ വളരെയധികം പിടിച്ചുലച്ച അനുഭവ വിവരണങ്ങളുടെ പൊള്ളുന്ന ചൂട് ആണോ അതോ  ഇതിലെ പ്രധാന കഥാപാത്രമായ 'ജോസഫ് എന്ന പ്രശസ്തൻ' ഞാനും കൂടി ഉൾപ്പെടുന്ന ആണുങ്ങളിൽ ഒരാൾ ആയതിന്റെ അപകർഷതാ ബോധം കാരണം ആണോ ഒരു വായനാനുഭവം എഴുതുക എന്നത് ഒരു ബാലികേറാമല പോലെ എനിയ്ക്ക് മുന്നിൽ നിന്നത് എന്നു വേർതിരിച്ചു പറയാൻ ആകുന്നില്ല. 


എങ്കിലും മറ്റൊരു വിധത്തിൽ ആലോചിയ്ക്കുമ്പോൾ ഇത് ഒരു പുരുഷമേധാവിത്വത്തിന്റെയോ മാനസിക വൈകൃതമുള്ള ഒരു പ്രശസ്തന്റെയോ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളുടെയോ മാത്രം കഥകൾ അല്ല.  എച്മു ചേച്ചിയുടെ അതിജീവനത്തിന്റെ കഥയാണ്. ഇത്ര ഭീകരമായ അവസ്‌ഥ തരണം ചെയ്ത് ഇന്ന്  ഈ നിലയിൽ എത്തിയത് കൊണ്ട് ഇതൊക്കെ കുറെ പേർ അറിഞ്ഞു. അതല്ല എങ്കിലോ... ഒരു കഷ്ണം കയറിലോ സാരിയിലോ ആരോരുമറിയാതെ തീരുമായിരുന്ന, ആർക്കും വേണ്ടാത്ത ഒരു ജീവിതം ആയേനെ. കാരണം നമ്മൾ അറിയാത്ത എത്രയോ എച്മു കുട്ടിമാർ നമ്മളറിയാതെ അങ്ങനെ ജീവിതം അവസാനിപ്പിച്ചു പരാജയം സമ്മതിച്ചു പോയിക്കാണും. അതിലും അധികമെത്രയോ പേർ പുറം ലോകം അറിയാതെ എല്ലാം ഉള്ളിലൊതുക്കി നമുക്കിടയിൽ ഇപ്പോഴും നീറി നീറി ജീവിയ്ക്കുന്നുണ്ടാകും. അങ്ങനെയുള്ളവർക്ക് ഒരു പ്രചോദനമാണ് എച്മു ചേച്ചിയുടെ ജീവിതവും കഥകളും. ഒപ്പം മനുഷ്യത്വം വറ്റാത്ത അപൂർവ്വം ചിലർ എങ്കിലും ഇനിയും ഈ ലോകത്ത് ബാക്കിയുണ്ട് എന്നു തെളിയിയ്ക്കുന്ന ചുരുക്കം ചില നന്മയുള്ള മനുഷ്യരും നമുക്ക് ഈ ലോകത്ത് ഇനിയും പ്രതീക്ഷ നൽകുന്നു.


 ജോസഫ്... എന്തു മനുഷ്യൻ(?) ആണയാൾ? അയാളെക്കാൾ എത്രയോ മുകളിൽ ആണ് പഠിപ്പും വിദ്യാഭ്യാസവും ഇല്ലാതെ രാത്രി കള്ളും കുടിച്ചു വന്ന് ഭാര്യയെ തല്ലുന്ന നിരക്ഷരനായ ഒരു കൂലിപ്പണിക്കാരൻ! അയാൾക്ക് ഒരൊറ്റ മുഖമേ കാണൂ... സമൂഹത്തിലും വീട്ടിലും. അയാൾക്ക് അഭിനയിയ്ക്കാനും അറിവുണ്ടാകില്ല. 


പക്ഷെ, ഇവിടെയോ?  ഒരു പ്രശസ്തൻ  ആയതിന്റെ എല്ലാ ആനുകൂല്യങ്ങളും ജോസഫ് അനുഭവിച്ചു. എല്ലാ സ്വാധീനങ്ങളും അയാൾ ഉപയോഗിച്ചു. തന്റെ വികൃതമായ മനസ്സും സ്വഭാവവും ഭംഗിയായി സമൂഹത്തിന്റെ മുന്നിൽ നിന്നും മറച്ചു വയ്ക്കാനും അയാൾക്ക് കഴിഞ്ഞു. എങ്കിലും വിശ്വസിച്ചു കൂടെ ഇറങ്ങിപ്പോന്ന ഇരുപതു വയസ്സ് പോലും തികയാത്ത പെണ്കുട്ടിയെ അയാൾ ഏതൊക്കെ വിധത്തിൽ പീഡിപ്പിച്ചു, എങ്ങനെയൊക്കെ ഉപയോഗിച്ചു... എന്തിന് അവർക്കുണ്ടായ ആ കുഞ്ഞോ... അത് വിവരിയ്ക്കാനോ ഓർക്കാനോ പോലും ഒരു വായനക്കാരന് പോലും സാധിയ്ക്കുന്നുണ്ടാകുമെന്നു തോന്നുന്നില്ല. അപ്പോൾ ആ പൊള്ളുന്ന അനുഭവങ്ങൾ നേരിൽ അനുഭവിച്ച എച്മു ചേച്ചിയുടെ അവസ്‌ഥ എന്തായിരിയ്ക്കും? അനുഭവങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നൊക്കെ പറയുന്നത് ഇതായിരിയ്ക്കണം.


ജോസഫ്‌ മാത്രമല്ല, ആ അച്ഛനോ... ഒരാളുടെ വ്യക്തിത്വം നിർണ്ണയിയ്ക്കുന്നത് അയാളുടെ ഔദ്യോഗിക പദവി അല്ല എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഡോക്ടർ ആയ ആ അച്ഛൻ. മകളുടെ തകർച്ചയിൽ സന്തോഷിയ്ക്കുന്ന ഒരച്ഛൻ ഉണ്ട് എന്നറിയുന്നത് തന്നെ ഏതൊരു അച്ഛനും അപമാനകരം ആണ്. അവസാന കാലത്തെങ്കിലും അയാൾക്ക് വീണ്ടുവിചാരം ഉണ്ടായെങ്കിൽ എന്ന് ആ പുസ്തകം വായിയ്ക്കുമ്പോൾ വെറുതെയെങ്കിലും ഒന്നാശിച്ചു പോയി.


ആ കുഞ്ഞിനെ അമ്മയിൽ നിന്നും മാറ്റി നിർത്തി വർഷങ്ങളോളം ഇരുവരെയും മാനസികമായി പീഡിപ്പിയ്ക്കാൻ ഇവർക്കൊക്കെ എങ്ങനെ മനസ്സു വന്നു? തിരിച്ചു കിട്ടുന്ന കുഞ്ഞിന്റെ പുതിയ ശീലങ്ങൾ അറിഞ്ഞു ചങ്ക് പൊട്ടി കരയുന്ന ആ അമ്മയ്ക്കൊപ്പം വായനക്കാരുടെ കണ്ണുനീർ വീണു നനഞ്ഞ എത്രയെത്ര പേജുകൾ! 


എങ്കിലും പപ്പനും ജയ്‌ഗോപാലും...  അതുപോലെ, ഇവരുടെ ജീവിതത്തിൽ  ഇടയ്ക്ക് വന്നു പോകുന്ന  സാന്ത്വനങ്ങളും പ്രതീക്ഷകളും നൽകുന്ന ചുരുക്കം ചിലരുടെ പിൻബലത്തോടെ ജീവിതം തിരിച്ചു പിടിയ്ക്കുന്ന ഈ കൊച്ചു കുടുംബത്തിന്റെ സന്തോഷകരമായ വിവരണങ്ങളോടെ പുസ്തകം അവസാനിയ്ക്കുമ്പോഴും വായനക്കാർ ഈ മുന്നൂറോളം പേജുകൾ പകർന്നു തന്ന നോവിൽ  നിന്നും തിരിച്ചു വന്നിട്ടുണ്ടാകില്ല എന്നുറപ്പ്. പിന്നെയും എത്ര നാൾ കഴിഞ്ഞാലും ഈ കഥാപാത്രങ്ങൾ നമുക്കുള്ളിൽ ഉണങ്ങാത്ത ഒരു മുറിവ് പോലെ നീറിക്കൊണ്ടിരിയ്ക്കും...


ഈ പുസ്തകം ഇനിയുമിനിയും ഒരുപാട് വായിയ്ക്കപ്പെടട്ടെ! എച്മു ചേച്ചിയെ പോലുള്ള ഇനിയും ഒരുപാട് സ്ത്രീജനങ്ങളുടെ  ഉയിർത്തെഴുന്നേല്പിന് ഒരു പ്രചോദനമാകട്ടെ! 

- ശ്രീ