Sunday, February 8, 2015

സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങളും അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങളും

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റിനെ കുറിച്ച് അറിവില്ലാത്തവരും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയമില്ലാത്തവരും വളരെ കുറഞ്ഞു കൊണ്ടിരിയ്ക്കുകയാണ്. ഇന്റര്‍നെറ്റ് നിലവില്‍ വന്നിട്ട് വര്‍ഷം ഒരുപാടായെങ്കിലും ഈ മാസ്മരിക മായാലോകം ഉലകം മുഴുവന്‍ കീഴടക്കാന്‍ ആരംഭിച്ചിട്ട് അധികനാളായിട്ടില്ല. രണ്ടു മൂന്നു വയസ്സായ കുട്ടികള്‍ മുതല്‍ വന്ദ്യ വയോധികരായ വൃദ്ധജനങ്ങള്‍ വരെ ഇന്ന് ഇന്റര്‍നെറ്റിന്റെ ലോകത്ത് വിലസി നടക്കുന്നു.

എന്തിനും എന്ന പോലെ ഇന്റര്‍നെറ്റിനും നല്ലതും ചീത്തയുമായ വശങ്ങള്‍ ഉണ്ട്.  ഇന്ന് എന്തു വിവരങ്ങള്‍ അറിയണമെങ്കിലും ആരോടെങ്കിലും ചോദിയ്ക്കാനോ പണ്ടത്തെ പോലെ ഗ്രന്ഥപുരകളിലും നിഘണ്ടുക്കളിലും കുത്തിയിരുന്ന് തിരഞ്ഞു കണ്ടു പിടിയ്ക്കുന്നതിനോ ആരും മിനക്കെടാറില്ല. എല്ലാ ഉത്തരങ്ങളും വിരല്‍ത്തുമ്പില്‍ എത്തിയ്ക്കാന്‍ അതും നിമിഷനേരം കൊണ്ടെത്തിയ്ക്കാന്‍ ഇന്റര്‍നെറ്റിനു കഴിയും. അതേ പോലെ തന്നെ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരിടത്തേയ്ക്ക് പോകേണ്ടി വന്നാല്‍ പോലും അവിടെ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ പറ്റുമോ എന്ന് മാത്രം ആലോചിച്ച് തല പുകച്ചാല്‍ മതിയെന്നായിരിയ്ക്കുന്നു. ഗൂഗിള്‍ മാപ്പു പോലുള്ള ആപ്ലിക്കേഷനുകള്‍ ആരുടേയും സഹായമില്ലാതെ നമ്മെ വേണ്ട സ്ഥലത്ത് കൃത്യമായി എത്തിച്ചിരിയ്ക്കും. ഇതു പോലെ ഒട്ടനവധി നല്ല ഗുണങ്ങള്‍ നമുക്ക് എടുത്തു കാട്ടാനാകും, ഈ അത്ഭുത പ്രതിഭാസത്തെ പറ്റി.

എന്നാല്‍ അതേ സമയം തന്നെ, ഒരുപാട് ചതിക്കുഴികളും കെണികളും ഇന്റര്‍നെറ്റിന്റെ കാണാപ്പുറങ്ങളില്‍ പതിയിരിയ്ക്കുന്നുണ്ടെന്നത് പലര്‍ക്കും അത്ര പിടിയുണ്ടാകില്ല. ഇനി അറിവുള്ളവര്‍ക്ക് തന്നെ വ്യക്തമായ ഒരു രൂപമുണ്ടാകണമെന്നില്ല, പലപ്പോഴും ചതിയില്‍ പെട്ടു കഴിഞ്ഞ ശേഷമാകും പലര്‍ക്കും തിരിച്ചറിവുണ്ടാകുക. ഒരൊറ്റ ക്ലിക്കില്‍ ലോകം മാറുന്ന ഈ സൈബര്‍ ലോകത്ത് അപ്പോഴേയ്ക്കും നമ്മുടെ തലവിധി തന്നെ മാറി മറിഞ്ഞിട്ടുണ്ടാകും.  സൈബര്‍ കെണികളില്‍ വീഴുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ. സൈബര്‍ ലോകത്തുള്ളവരില്‍ 60-70 % പേരും അറിഞ്ഞോ അറിയാതെയോ സൈബര്‍ കെണികളില്‍ പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

 ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ലത്തതാണ് ഇതിനൊക്കെ പ്രധാന കാരണം. ഇന്റര്‍നെറ്റ് ആദ്യമായി ഉപയോഗിയ്ക്കുന്നവര്‍ക്കു മാത്രമേ ഇത്തരം അബദ്ധങ്ങള്‍ പറ്റാറുള്ളൂ എന്ന് പലരും കരുതുന്നുണ്ടാകും. എന്നാല്‍ ആ ധാരണ തെറ്റാണ്. വര്‍ഷങ്ങളായി സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നവര്‍ പോലും സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകാറുണ്ട്. അശ്ലീല ചാറ്റിങ്ങുകളും, അക്കൌണ്ട് ഹാക്കിങ്ങുകളും ബ്ലാക്ക് മെയിലിങ്ങും ഉള്‍പ്പെടെ നിരവധി കേസുകളാണ് ദിവസവും റെജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. റെജിസ്റ്റര്‍ ചെയ്യപ്പെടുന്നവയേക്കാള്‍ ആരുമറിയാതെ പോകുന്നവയുടെ എണ്ണം അതിന്റെ എത്രയോ ഇരട്ടി വരും. സൈബര്‍ ക്രൈമുകള്‍ക്ക് ഇരയാകേണ്ടി വരുന്നവര്‍ പലപ്പോഴും എന്തു ചെയ്യണമെന്ന സംശയം കൊണ്ടും അറിവില്ലായ്മ കൊണ്ടും പലപ്പോഴും കേസുകള്‍ക്കു പുറകേ പോകാന്‍ മിനക്കെടാറില്ല. പേടി കൊണ്ടോ നാണക്കേടുകള്‍ കൊണ്ടോ ആരോടും പറയാതെ മിണ്ടാതിരിയ്ക്കുന്നതു കൊണ്ടോ ഒക്കെ കുറ്റവാളികള്‍ക്ക് വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരണ കൂടുന്നതായാണ് കാണുന്നത്.

ഒരാള്‍ മറ്റൊരാളുടെ അനുവാദം കൂടാതെ അയാളുടെ പേരോ ചിത്രങ്ങളോ അനുവാദമില്ലാതെ ഉപയോഗിയ്ക്കുന്നതും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതും പോലും കുറ്റകൃത്യങ്ങളില്‍ പെടുന്നു. എന്തിന്,  അനാവശ്യമായി അപരിചിതരില്‍ നിന്നു ലഭിയ്ക്കുന്ന മിസ്സ്‌ഡ് കോളുകള്‍ക്കെതിരെ പോലും കേസ് കൊടുക്കാന്‍ നമ്മുടെ നിയമത്തില്‍ വകുപ്പുണ്ടെന്ന് ഓര്‍മ്മിയ്ക്കുക. മൊബൈല്‍ ഫോണുകളില്‍ പോലും ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സുലഭമായതോടെ ആര്‍ക്കും (പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്)  പുറത്തിറങ്ങി നടക്കുമ്പോള്‍ വളരെയധികം ജാഗരൂകരായിരിയ്ക്കണം എന്നായിക്കഴിഞ്ഞു. തമാശയ്ക്കു വേണ്ടിയോ മറ്റൊരാളെ താറടിച്ചു കാണിയ്ക്കാന്‍ മന:പൂര്‍വ്വമായോ ഒരാളുടെ ചിത്രങ്ങളും മറ്റും എഡിറ്റു ചെയ്ത് പേരു മാറ്റി പ്രൊഫൈലുണ്ടാക്കിയും പോസ്റ്റുകള്‍ ഇട്ടും ഫെയ്സ്‌ബുക്കിലൂടെയും വാട്ട്സ്‌ആപ്പിലൂടെയും മറ്റും ഷെയര്‍ ചെയ്യുമ്പോള്‍ അവരറിയുന്നില്ല ഒരു പക്ഷേ അത് എത്ര മാത്രം ആ വ്യക്തിയെ, അവരുടെ ജീവിതത്തെ ബാധിച്ചേക്കാമെന്ന്. 

പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കി അവളെ അസഭ്യം പറഞ്ഞ് പോസ്റ്റിട്ടതില്‍ ബന്ധുക്കളും നാട്ടുകാരും കുറ്റപ്പെടുത്തിയതില്‍ മനം നൊന്ത് ആ കുട്ടിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തു വന്നിട്ട് അധിക നാളായിട്ടില്ല. പത്രങ്ങളിലും ന്യൂസ് മീഡിയകളിലും ഇപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്ന/കാണുന്ന ആത്മഹത്യാ കേസുകളിലേയ്ക്ക് വിശദമായ ഒരന്വേഷണവുമായി ഇറങ്ങിച്ചെന്നാല്‍ അതില്‍ അധികവും ചെന്നെത്തുന്നത് അധികമാരും അറിയാതെ പോകുന്ന സൈബര്‍ ക്രൈമുകളുടെ ഉള്ളറകളിലേയ്ക്കായിരിയ്ക്കും. 

ഓരോ വര്‍ഷവും സൈബര്‍ കുറ്റകൃത്യങ്ങളില്‍ 40-50% വരെ വര്‍ദ്ധനവുണ്ടെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്. 2015 ഇല്‍ അത് 3 ലക്ഷം വരെ ആയേക്കാമെന്ന് പറയപ്പെടുന്നു. കുറച്ചു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ സൈബര്‍ ലോകത്തെ ക്രിമിനലുകളുടെ ഇരയാകാതിരിയ്ക്കാന്‍ ഒരു പരിധി വരെ നമുക്കു കഴിയും. അതിനായി:

* ഫേസ്‌ബുക്ക്, ട്വിറ്റര്‍, പ്ലസ്സ്, വാട്ട്‌സ്‌ആപ്പ് മുതലായ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മീഡിയകളില്‍ നിങ്ങള്‍ക്ക് പരിചയമുള്ളവരെ മാത്രം സുഹൃദ് വലയങ്ങളിലേയ്ക്ക് ചേര്‍ക്കുക.
* വ്യകതിപരമായ വിവരങ്ങള്‍ അപരിചിതരോട്  വെളിപ്പെടുത്താതിരിയ്ക്കുക.
* സ്വന്തം പ്രൊഫൈലില്‍ അനാവശ്യമായി മൊബൈല്‍ നമ്പറും മെയില്‍ ഐഡികളും നല്‍കാതിരിയ്ക്കുക; ഇനി അത്യാവശ്യ വിവരങ്ങള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അത് പരിചയമുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയാവുന്ന വിധം സെറ്റ് ചെയ്യുക.
* അപരിചിതരില്‍ നിന്നു വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളോ മെയില്‍/ഫോര്‍വേഡ് മുതലായവയോ പൂര്‍ണ്ണമായും ഒഴിവാക്കുക.
* പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള മിസ്സ്‌ഡ് കോളുകളെ തീര്‍ത്തും അവഗണിയ്ക്കുക
​* ബന്ധുമിത്രാദികളെ പറ്റിയുള്ള വിവരങ്ങള്‍ അപരിചിതരുമായി പങ്കു വയ്ക്കാതിരിയ്ക്കുക.
* സ്വന്തം ഫേസ്‌ബുക്ക്/വാട്ട്‌സ്‌ആപ്പ് തുടങ്ങിയവയിലേയ്ക്ക് വരുന്ന അനാവശ്യമായ കമന്റുകളും ചിത്രങ്ങളും വീഡിയോകളും ഉടനടി നശിപ്പിച്ചു കളയുക​. (അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സ്വന്തം കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും സൂക്ഷിയ്ക്കുന്നതു പോലും കുറ്റകൃത്യമാണ്).
* തുടര്‍ച്ചയായി മെയിലുകള്‍, മെസ്സേജുകള്‍, എന്തിന് മിസ്സ്‌ഡ് കോളുകള്‍ വഴിയായാല്‍ പോലും ശല്യം നേരിടേണ്ടി വന്നാല്‍ സൈബര്‍ വിങ്ങില്‍ പരാതി പെടാന്‍ മടി കാണിയ്ക്കാതിരിയ്ക്കുക. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന മേഖലകളിലാണ് കുറ്റകൃത്യം വര്‍ദ്ധിയ്ക്കുന്നത്. സൈബര്‍ ലോകവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്.
 * സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തീവ്രതയനുസരിച്ച് പത്തു വര്‍ഷം വരെ തടവും അഞ്ചു കോടി വരെ പിഴയും ലഭിയ്ക്കാവുന്നതാണ്.


എങ്ങനെ പരാതിപ്പെടാം ?

കേരള പോലീസിന്റെ വെബ് സൈറ്റില്‍ വിശദമായി പരാതിപ്പെടാന്‍ കഴിയുന്ന നമ്പറുകള്‍, മെയില്‍ ഐഡികള്‍ എന്നിവ എല്ലാം നല്‍കിയിട്ടുണ്ട്. രേഖാമൂലം പരാതി എഴുതി അയക്കുന്നതാണ് ഏറെ ഫലപ്രദം. സൈബര്‍ കേസുകളില്‍ പരാതിക്കാരെക്കുറിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കും. അതിനാല്‍ പരാതിപ്പെടുന്നവര്‍ ഒരു കാരണവശാലും പേടിക്കേണ്ടതില്ല.

അതു പോലെ ഗൂഗിളിന്റെ വെബ്‌സൈറ്റുകളില്‍ മെയിലും മറ്റ് സോഷ്യല്‍ അക്കൌണ്ടുകളും സംരക്ഷിയ്ക്കേണ്ടതിനെ പറ്റി വിവരിയ്ക്കുന്നുണ്ട്

Sunday, December 21, 2014

ഒരു ക്യാമ്പും ക്രിസ്മസ് കാലവും

ലോകം മുഴുവന്‍ മതിമറന്നാഘോഷിയ്ക്കുന്ന സമയമാണ് ഡിസംബര്‍ മാസം. അഥവാ ഒന്നൂടെ സ്പഷ്ടമാക്കി പറഞ്ഞാല്‍ ക്രിസ്തുമസ്സ്-പുതുവത്സര കാലം. ഒരു വര്‍ഷം മുഴുവന്‍ നീണ്ടു നില്ക്കുന്ന... നല്ലതും ചീത്തയുമായ... ഓര്‍ത്തു വയ്ക്കേണ്ടതും മറക്കേണ്ടതുമായ... സന്തോഷം പകരുന്നതും സങ്കടപ്പെടുത്തുന്നതുമായ... അങ്ങനെയങ്ങനെ എല്ലാത്തരം ഓര്‍മ്മകളെയും മനസ്സില്‍ നിന്ന് മാറ്റി നിര്‍ത്തി, ഇനി വരാന്‍ പോകുന്ന പുതുവര്‍ഷത്തെ എല്ലാം മറന്ന് സ്വീകരിയ്ക്കാന്‍ തയ്യാറെടുക്കുന്നതിനും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ നമ്മെ വലിയൊരു അളവില്‍ സഹായിയ്ക്കുന്നുണ്ട്.

​ മനസ്സിന്റെയും ഉത്സവകാലമാണ് ക്രിസ്തുമസ്സ് കാലം. മറ്റെല്ലാ വിഷമതകളെയും മറന്ന് മനസ്സ് സന്തോഷം കൊണ്ട് നിറയ്ക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട് ക്രിസ്തുമസ്സ് നാളുകള്‍ക്ക്. എവിടെ തിരിഞ്ഞു നോക്കിയാലും പുല്‍ക്കൂടും, ക്രിസ്തുമസ്സ് ട്രീയും, തോരണങ്ങളും, പള്ളികളിലെ സ്പെഷല്‍ പ്രാര്‍ത്ഥനകളും കുര്‍ബാനകളും, ക്രിസ്മസ് കരോളുകളും, പടക്കം, കമ്പിത്തിരി തുടങ്ങി കുട്ടികളുടെ ആഘോഷങ്ങളും, എല്ലാത്തിനും പുറമേ ക്രിസ്മസ്സ് കേക്കുകളും... അങ്ങനെ പകരം വയ്ക്കാനില്ലാത്ത ഒരുപാടു പ്രത്യേകതകള്‍ ഉണ്ട് ക്രിസ്മസ്സ് നാളുകള്‍ക്ക്. പരസ്പരം സമ്മാനങ്ങളും ആശംസകളും കൈമാറി, ബന്ധങ്ങളും പരിചയങ്ങളും പുതുക്കാനും ക്രിസ്തുമസ്സ് നാളുകള്‍ നമ്മെ സഹായിയ്ക്കുന്നു.

എന്റെ മനസ്സിലുമുണ്ട് ഒരുപാട് ക്രിസ്തുമസ്സ് സ്മരണകള്‍. എങ്കിലും മനസ്സില്‍ ഏറ്റവും തെളിമയോടെ നില്‍ക്കുന്നത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഒരു ക്രിസ്തുമസ്സ് കാലമാണ്. ബിരുദ പഠനത്തിനായി ഞാന്‍ പിറവം ബി പി സി കോളേജില്‍ ചേര്‍ന്ന ആദ്യ വര്‍ഷത്തെ ക്രിസ്തുമസ്സ് കാലം.

​ ആ വര്‍ഷത്തെ NSS ദശദിന ക്യാമ്പ് നിശ്ചയിച്ചിരുന്ന സമയത്ത് സംഘടിപ്പിയ്ക്കാന്‍ സാധിയ്ക്കാതെ, അതിനുള്ള സമയം ഒത്തു കിട്ടിയത് ഡിസംബര്‍ അവസാനത്തോടെയായിരുന്നു. അതായത് കൃത്യം ക്രിസ്തുമസ്സ് നാളുകള്‍ക്കിടയില്‍. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരായ ബിജു സാറും ടിജി സാറും ഇക്കാര്യം NSS മീറ്റിങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഭൂരിഭാഗം പേരുടേയും മുഖം വാടി. വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം സ്വന്തം വീട്ടിലും നാട്ടിലും ക്രിസ്മസ്സ് ആഘോഷിയ്ക്കാന്‍ തന്നെയായിരിയ്ക്കുമല്ലോ എല്ലാവര്‍ക്കും ഇഷ്ടം. പക്ഷേ ബിജു സാറിന്റെയും ടിജി സാറിന്റെയും സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം മൂലം അവസാനം കുറച്ചു പേരെങ്കിലും  അവസാനം ക്യാമ്പില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചു.

ആദ്യം ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞങ്ങള്‍ക്കും താല്പര്യം തോന്നിയിരുന്നില്ല. പക്ഷേ, ഒരു വ്യത്യസ്തതയ്ക്കു വേണ്ടി അക്കൊല്ലം കോളേജില്‍ NSS ക്യാമ്പില്‍ അവിടത്തെ സുഹൃത്തുക്കളോടും നാട്ടുകാരോടുമൊപ്പം ക്രിസ്മസ് ആഘോഷിച്ചാലെന്ത് എന്ന ആശയം ഞങ്ങളുടെ കൂട്ടത്തിലേയ്ക്ക് ആദ്യം മുന്നോട്ടു വച്ചത് സുധിയപ്പനായിരുന്നു. ഞങ്ങളുടെ ടീമിലെ ആരെങ്കിലും പങ്കെടുക്കാമെന്നുണ്ടെങ്കില്‍ ഞാനും തയ്യാറാണെന്ന് ഞാന്‍ അപ്പഴേ പറഞ്ഞു. ആദ്യം ഒന്ന് സംശയിച്ചെങ്കിലും ജോബിയും ബിബിനും സഞ്ജുവും മത്തനും ഞങ്ങളുടെ ഒപ്പം നില്‍ക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ആവര്‍ഷത്തെക്രിസ്മസ് കാലം NSS ക്യാമ്പില്‍ തന്നെ ആകാമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. പതുക്കെ പതുക്കെ NSS അംഗങ്ങളില്‍ പലരും തീരുമാനം മാറ്റി, ക്യാമ്പില്‍ പങ്കെടുക്കാമെന്ന്  സമ്മതം മൂളി.

അങ്ങനെ ആളില്ലാതെ ക്യാമ്പ് വേണ്ടെന്ന് വയ്ക്കേണ്ടി വരുമോ എന്ന് സംശയിച്ചിടത്തുനിന്ന് 60 ലധികം പേര്‍ പങ്കെടുക്കാന്‍ പേരു കൊടുത്തതോടെ ബിജു സാറും ടിജി സാറും ആവേശത്തിലായി. ആ വര്‍ഷത്തെ ക്രിസ്തുമസ്, ക്യാമ്പിനിടയില്‍ ആയതു കൊണ്ടു തന്നെ ക്രിസ്തുമസ് ദിനം ആഘോഷങ്ങള്‍ക്കായി മാത്രം മാറ്റി വയ്ക്കാനും തീരുമാനമായി. കാരണം ഈ അറുപതു പേരും വീട്ടുകാരോടൊത്തുള്ള ആഘോഷം മാറ്റി വച്ച് വന്നിരിയ്ക്കുകയാണല്ലോ.

ആ വര്‍ഷത്തെ ക്യാമ്പ് ഡിസംബര്‍ 17 മുതല്‍ 26 വരെ ആയിരുന്നു. 17 ന് ക്രിസ്മസ്സ് ആഘോഷങ്ങള്‍ക്ക് ശേഷം കോളേജ് 10 ദിവസത്തേയ്ക്ക് അടച്ച് എല്ലാവരും ക്രിസ്മസ് അവധിയ്ക്കായി പോകുമ്പോള്‍ ഞങ്ങള്‍ 60 പേര്‍ ആ വര്‍ഷത്തെ ദശദിന ക്യാമ്പ് "മനസ്സു നന്നാകട്ടെ* ..." എന്ന് തുടങ്ങുന്ന NSS ഗാനത്തോടെ അന്ന് വൈകുന്നേരം ആഘോഷപൂര്‍വ്വം ആരംഭിയ്ക്കുകയായിരുന്നു. ആദ്യത്തെ അഞ്ചു ദിവസങ്ങള്‍ സ്ഥിരം NSS ക്യാമ്പിന്റെ രീതികളില്‍ തന്നെ നാടും റോഡും ക്യാമ്പസ്സും മറ്റും വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള സേവന പ്രവൃത്തികളും, ദിവസവും ഉച്ചയ്ക്കു ശേഷം നടത്താറുള്ള സെമിനാറുകളും, ശേഷം രാത്രി വൈകും വരെ തുടരാറുള്ള കലാപരിപാടികളും, ദിവസം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന തമാശകളും കുസൃതികളും ഒക്കെയായി കടന്നു പോയി.

എന്നാല്‍ ഡിസംബര്‍ 22 മുതല്‍ എല്ലാവരും ക്രിസ്തുമസ്സ് ആഘോഷമാക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ക്യാമ്പിലെ അംഗങ്ങളില്‍ നിന്നു തന്നെ ഒരു കരോള്‍ സംഘത്തെ തട്ടിക്കൂട്ടിയെടുത്തു. തരക്കേടില്ലാതെ പാടാനറിയുന്നവരെ തിരഞ്ഞെടുത്ത് കരോള്‍ ഗാനങ്ങള്‍ പ്രാക്ടീസ് ചെയ്യിച്ചു. ക്യാമ്പസ്സും കോളേജ് ജംഗ്ഷനുമെല്ലാം തോരണങ്ങളും മറ്റുമായി മോടി പിടിപ്പിച്ചു. ഇതിനിടെ കോളേജിന്റെ മ്യൂസിക് ട്രൂപ്പിന്റെ തന്നെ ഉപയോഗിയ്ക്കാതെ കിടന്നിരുന്ന ഒരു ട്രിപ്പിള്‍ ഡ്രം ജോബി എവിടുന്നോ തപ്പിയെടുത്തു. അത് നേരാം വണ്ണം ഉപയോഗിയ്ക്കാനറിയാവുന്ന ആരും തന്നെ ഇല്ലായിരുന്നെങ്കിലും ആ ചുമതലയും അവന്‍ തന്നെ ധൈര്യപൂര്‍വ്വം ഏറ്റെടുത്തു.

അങ്ങനെ അങ്ങനെ പ്രാക്ടീസ് എല്ലാം കഴിഞ്ഞ് ഡിസംബര്‍ 22 വൈകുന്നേരം ഇരുള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കോളേജിലെ NSS കരോള്‍ സംഘമായി കോളേജിനു സമീപത്തുള്ള വീടുകളിലേയ്ക്കിറങ്ങി. "യഹൂദിയായിലെ ഒരു ഗ്രാമത്തില്‍...", "പുല്‍ക്കുടിലില്‍, കാലിത്തൊട്ടിലില്‍...", "ദൈവം പിറക്കുന്നു മനുഷ്യനായ് ബെത്‌ലഹേമില്‍..."  എന്നീ കരോള്‍ ഗാനങ്ങളായിരുന്നു ഞങ്ങളുടെ ഹൈലൈറ്റ്. "ഹലേലൂയ... ഹലേലൂയ" എന്ന വരികളുടെ മാന്ത്രികത ശരിയ്ക്കും വിവരണാതീതമായിരുന്നു. അതിലേറെ അത്ഭുതം തോന്നിയത് കോളേജില്‍ വച്ച് കരോള്‍ പ്രാക്ടീസിനു പോലും ഇറങ്ങാതിരുന്ന പലരും ആവേശത്തോടെ പാട്ടുപാടാന്‍ തയ്യാറായി എന്നതും അവരെല്ലാവരും അതിമനോഹരമായി തന്നെ ഒരുമിച്ചു പാടി പരിപാടി കൊഴുപ്പിച്ചു എന്നതുമാണ്. സ്വയം മറന്ന് ഡ്രമ്മില്‍ താളമിട്ട് ജോബിയുടെ പെര്‍ഫോമന്‍സും ശ്രദ്ധ പിടിച്ചു പറ്റി. പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയത്. കോളേജില്‍ നിന്നു വന്ന കരോള്‍ സംഘത്തെ പിറവത്തെ സ്നേഹധനരായ എല്ലാ വീട്ടുകാരും അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു.

തൊട്ടടുത്ത ദിവസവും (ഡിസംബര്‍ 23) ഞങ്ങള്‍ കരോള്‍ ഗാനങ്ങളുമായി ഇറങ്ങി. ആദ്യ ദിവസത്തെ കോളേജ് കരോള്‍ സംഘത്തെ കുറിച്ച് കേട്ടറിഞ്ഞ നാട്ടുകാരില്‍ പലരും രണ്ടാമത്തെ ദിവസം ഞങ്ങളെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിച്ചിരുന്നു. കുറച്ചു ദൂരം നടക്കേണ്ടിയിരുന്നെങ്കിലും ഞങ്ങള്‍ അവരില്‍ പലരുടേയും ക്ഷണം സ്വീകരിച്ച് അവിടെയെല്ലാം പോയി, പാട്ടുപാടി. അവരെല്ലാവരും തന്നെ കേക്കുകളും പലഹാരങ്ങളും നല്ല തുക വീതം സംഭാവനകളും തന്നിട്ടായിരുന്നു ഞങ്ങളെ സ്വീകരിച്ചത്. പല സ്ഥലത്തു നിന്നും വയറു നിറഞ്ഞ കാരണം ഒരു വസ്തു പോലും തിന്നാന്‍ പറ്റാതെ ഇറങ്ങുമ്പോള്‍ അവരില്‍ പലരും കേക്കുകള്‍ ഞങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നിര്‍ബന്ധത്തോടെ പൊതിഞ്ഞു തന്ന് ഞങ്ങളെ യാത്രയാക്കി. ‌അങ്ങനെ കൊട്ടും പാട്ടും മറ്റുമായി ആഘോഷപൂര്‍വ്വം തിരിച്ചു കോളേജില്‍ തിരിച്ചു കയറുമ്പോഴേയ്ക്കും അന്ന് രാത്രി വളരെ വൈകിയിരുന്നു. പാടിയും നടന്നും അവശരായെങ്കിലും എല്ലാവരും ആവേശത്തിമര്‍പ്പിലായിരുന്നു.

സാധാരണയായി എല്ലാ ദിവസങ്ങളിലും എന്തൊക്കെ പരിപാടികള്‍ കഴിഞ്ഞാലും കോളേജില്‍ തിരിച്ചു പോയി പിറ്റേ ദിവസത്തെ പ്രോഗ്രാംസ് പ്ലാന്‍ ചെയ്ത് രാത്രി പ്രാര്‍ത്ഥനയും കഴിഞ്ഞ് പെണ്‍കുട്ടികളെ ഹോസ്റ്റലിലേയ്ക്ക് പറഞ്ഞയച്ച ശേഷമാണ് ഞങ്ങള്‍ ആണ്‍കുട്ടികള്‍ ഉറങ്ങാന്‍ കിടക്കാറുള്ളത്. ആണ്‍കുട്ടികളെല്ലാവരും കോളേജിലെ ഏതെങ്കിലും ക്ലാസ്സ് റൂമുകളില്‍ (മിക്കവാറും അവരവരുടെ ക്ലാസ് റൂമുകളില്‍)കിടക്കുമ്പോള്‍ ഞങ്ങളുടെ ഒപ്പം തന്നെയായിരുന്നു (തൊട്ടപ്പുറത്തെ ഓഫീസ് ബ്ലോക്കില്‍)ക്യാമ്പ് കോ ഓര്‍ഡിനേറ്റേഴ്സ് ആയിരുന്ന ബിജു സാറും ടിജി സാറും കോളേജിലെ പ്യൂണ്‍ (പ്യൂണ്‍ എന്നതിനേക്കാള്‍ ഞങ്ങളെല്ലാം ഒരു മുതിര്‍ന്ന ചേട്ടനെ പോലെ കണ്ടിരുന്ന) ബെന്നിച്ചേട്ടനും കിടന്നിരുന്നത്. എന്നാല്‍ അന്നത്തെ ദിവസം ഒരുപാട് വൈകിയതിനാല്‍ കോളേജിലേയ്ക്ക് പോകും വഴിയുള്ള ഹോസ്റ്റലിലേയ്ക്ക് തിരിയും വഴിയില്‍ വച്ച് തന്നെ കുറച്ചു നേരം എല്ലാവരും ഒത്തു കൂടി, പിറ്റേന്നത്തെ പ്ലാനുകള്‍ തയ്യാറാക്കി പ്രാര്‍ത്ഥനാഗാനവും ചൊല്ലി പെണ്‍കുട്ടികളെ ഹോസ്റ്റലിലേയ്ക്ക് കൊണ്ടു വിട്ട് മഞങ്ങള്‍ കോളേജിലേയ്ക്ക് തിരിച്ചു. അന്ന് രാത്രി ആ നിലാവില്‍ കോളേജിലേയ്ക്കുള്ള വഴിയില്‍ നിന്ന് എല്ലാവരും ഒരുമിച്ച് "ഞാനുറങ്ങാന്‍ പോകും മുന്‍പായ്... നേരുന്നിതാ നന്ദി നന്നായ് ... ഇന്നു നീ കാരുണ്യ പൂര്‍വ്വം തന്ന നന്മകള്‍ ഒക്കേക്കുമായി..." എന്ന ഗാനത്തിന്റെ മാസ്മരികത ഇന്നും മനസ്സില്‍ ഒരു കുളിര്‍മ്മയോടെ നില നില്‍ക്കുന്നു.

അടുത്ത ദിവസം ഡിസംബര്‍ 24 ന് ക്യാമ്പില്‍ അനുവദിച്ചു കിട്ടാറുള്ള തുകയും കരോളിനു പോയപ്പോള്‍ കിട്ടിയ സംഭാവനയും ചേര്‍ത്ത് ഞങ്ങള്‍ ക്യാമ്പംഗങ്ങളെല്ലാവരും കോളേജ് ബസ്സില്‍ വാഗമണ്ണിലേയ്ക്ക് ഒരു യാത്രയും തരപ്പെടുത്തി. അങ്ങനെ അടുത്ത ദിവസം ആ വര്‍ഷത്തെ ക്രിസ്തുമസ് ദിവസവും വന്നെത്തി. ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നു ആ ദിവസം. ക്രിസ്തുമസ് ആരവങ്ങളോടെ പരസ്പരം ആശംസകള്‍ നേര്‍ന്നു കൊണ്ടും കേക്കു മുറിച്ചും ആഘോഷത്തോടെ അന്നത്തെ ദിവസം ഉച്ച വരെ ഞങ്ങള്‍ ചിലവിട്ടു.

എന്നാല്‍ അതിലേറെ ഹൃദ്യമായ, മനസ്സിനെ സ്പര്‍ശിച്ച ഒരനുഭവമായിരുന്നു അന്ന് ഉച്ചയ്ക്ക് ശേഷം ഞങ്ങളെ കാത്തിരുന്നത്.  അവിടെ അടുത്തുള്ള ഒരു വൃദ്ധ സദനം സന്ദര്‍ശിയ്ക്കാം എന്ന തീരുമാനം ആദ്യം ഞങ്ങളെ നിരാശപ്പെടുത്തിയെങ്കിലും അവിടെ എത്തിയതോടെ എല്ലാവരുടേയും മനസ്സു മാറി. ആരുമില്ലാതെ വാര്‍ദ്ധക്യം ഏകാന്തതയോടെ നിശ്ശബ്ദമായി അനുഭവിയ്ക്കുന്നവരെ മാത്രമല്ല, എല്ലാവരും ഉണ്ടായിട്ടും ആര്‍ക്കും വേണ്ടാതെ പുറത്താക്കപ്പെട്ടവരും മക്കളും കൊച്ചു മക്കളും അമേരിയ്ക്കയിലും മറ്റും ആയതിനാല്‍ നോക്കാന്‍ ആളില്ലാതെ അവിടെ എത്തിപ്പെട്ടവരുമായ കുറേ വൃദ്ധ ജനങ്ങളെ ഞങ്ങളവിടെ കണ്ടു. ലോകം മുഴുവനും അന്നേ ദിവസം ക്രിസ്മസ്സ് ആഘോഷിയ്ക്കുമ്പോള്‍ മറ്റേതൊരു ദിവസവും എന്ന പോലെ യാതൊരു പ്രത്യേകതകളുമില്ലാതെ അന്നേ ദിവസത്തെ തള്ളി നീക്കുകയായിരുന്നു, അവിടുത്തെ അന്തേവാസികള്‍.

എന്നാല്‍ കോളേജില്‍ ഞങ്ങള്‍ തയ്യാറാക്കിയ ബിരിയാണിയും കരോളിനു പോയപ്പോള്‍ സമ്മാനമായി കിട്ടിയ കേക്കുകളും പലഹാരങ്ങളും ഒക്കെയായി ഞങ്ങള്‍ ചെന്നപ്പോള്‍ അത് അവര്‍ക്കും പ്രതീക്ഷിയ്ക്കാതെ കിട്ടിയ ഒരു ക്രിസ്മസ്സ് സമ്മാനമായി മാറുകയായിരുന്നു. അവസാനം, രണ്ടു മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ കണ്ടത് നിര്‍വ്വികാരതയോടെ ഞങ്ങളെ സ്വികരിച്ച അവരുടെ മുഖങ്ങളായിരുന്നില്ല, മറിച്ച് ചിരിയ്ക്കുന്ന മുഖത്തോടെയാണ് അവരെല്ലാവരും ഞങ്ങള്‍ക്ക് യാത്ര പറഞ്ഞത്. അതേ സമയം മനസ്സില്ലാ മനസ്സോടെ അവിടേയ്ക്ക് യാത്ര തിരിച്ച ഞങ്ങളാണെങ്കില്‍ നിറഞ്ഞ മനസ്സോടെയായിരുന്നു കോളേജിലേയ്ക്ക് മടങ്ങിയത്. ഞങ്ങളുടെ എല്ലാവരുടേയും ജീവിതത്തിലെ തന്നെ ഒരിയ്ക്കലും മറക്കാന്‍ പറ്റാത്ത ഒരു ക്രിസ്തുമസ് ദിനം ആയിരുന്നു അത്.

പിറ്റേ ദിവസത്തെ കലാശ പരിപാടികളോടെ ആ ദശദിന ക്യാമ്പ് അവസാനിച്ചു. എങ്കിലും എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരുപാടു നല്ല മുഹൂര്‍ത്തങ്ങള്‍... ഇന്നും ജീവിതത്തിലെ ഏറ്റവും നല്ല ക്രിസ്തുമസ്സ് നാളുകള്‍ എന്ന് മനസ്സു നിറഞ്ഞ് ഓര്‍ക്കാന്‍ കഴിയുന്ന ദിവസങ്ങള്‍... അതായിരുന്നു ആ ദശദിന ക്യാമ്പ് സമ്മാനിച്ചത്.
*********
​*മനസ്സു നന്നാവട്ടേ
മതമേതെങ്കിലുമാവട്ടേ
മാനവഹൃത്തിന്‍ ചില്ലയിലെല്ലാം
മാമ്പൂക്കള്‍ വിരിയട്ടേ... (മനസ്സു നന്നാവട്ടെ...)​

സൗഹൃദ സിദ്ധികള്‍ പൂത്താല്‍

സുവര്‍ണ്ണ നാഭ പരന്നാല്‍
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ... (മനസ്സു നന്നാവട്ടെ...)

സത്യം ലക്ഷ്യമതാവട്ടേ

ധര്‍മ്മം പാതയതാവട്ടേ
ഹൈന്ദവ ക്രൈസ്തവ  ഇസ്ലാമികരുടെ
കൈകളിണങ്ങീടട്ടേ... (മനസ്സു നന്നാവട്ടെ...)​

Thursday, November 27, 2014

പിള്ളേച്ചന്‍ നിഷ്കളങ്കനാണ്...


നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി അന്വേഷിച്ച് ബാംഗ്ലൂര്‍ വന്ന കാലം. അന്ന് ഞങ്ങള്‍ അഞ്ചുസുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു റൂമെടുത്ത് താമസിയ്ക്കുകയാണ്. പിള്ളേച്ചന്‍, രതീഷ്‌, സിബി, അനില്‍ എന്നിവരായിരുന്നു അന്ന് എന്റെ സഹ മുറിയന്മാര്‍...

ബാംഗ്ലൂരില്‍ ചിലവ് അധികമായതിനാല്‍ പാചകമെല്ലാം ഞങ്ങള്‍ തന്നെ ആയിരുന്നു. വല്ലപ്പോഴും മാത്രം പുറത്തു പോയി കഴിയ്ക്കും. അവധി ദിവസങ്ങളില്‍ എല്ലാത്തിനും ഒരു അമാന്തം കാണും. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കാനായാലും പാചകം ചെയ്യാനായാലും. അതും പോരാഞ്ഞ് എല്ലാവരും തുണി അലക്കലും മറ്റും തീര്‍ക്കുന്നതും അവധി ദിവസങ്ങളില്‍ തന്നെ ആയിരിയ്ക്കുമല്ലോ.

​ അങ്ങനെ ഒരു അവധി ദിവസം. ഞാന്‍ രാവിലെ ഉണര്‍ന്ന് പ്രഭാത കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് അലക്കും കുളിയും തീര്‍ത്ത് [ആരുമില്ലാത്തപ്പോള്‍ അലക്കിയില്ലെങ്കില്‍ അതിനും ക്യൂ ആകും] പതുക്കെ ടി വി യും ഓണാക്കി അതിന്റെ മുമ്പില്‍ ഇരിപ്പു പിടിച്ചു. ആരും ഉണര്‍ന്നിട്ടില്ലാത്തതിനാല്‍ ബ്രേക്ക്‍ഫാസ്റ്റ് തിരക്കിട്ട് ഉണ്ടാക്കേണ്ടതുമില്ലല്ലോ. സിബിയ്ക്ക് മാത്രം അക്കാലത്ത് നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. ബാക്കി എല്ലാവരും അവിടെ കിടന്ന് ഉറക്കമാണ്.

അപ്പോഴേയ്ക്കും സിബി ഓഫീസില്‍ നിന്ന് തിരിച്ചെത്തി. വന്ന ഉടനേ പല്ലു തേച്ച് മുഖവും കഴുകി അവന്‍ നേരെ അടുക്കളയിലേയ്ക്ക് പോയി, എന്നിട്ട് അവിടെ നിന്ന് എന്നോട്  വിളിച്ചു ചോദിച്ചു... "ബ്രേക്ക് ഫാസ്റ്റ് ഒന്നും ഉണ്ടാക്കാന്‍ തുടങ്ങിയിട്ടില്ലല്ലേടാ"

"ഇല്ലെടാ, എല്ലാരും ഉണരുമ്പോഴേയ്ക്കും മതിയല്ലോ"  ഞാന്‍ മറുപടി പറഞ്ഞു.

"എന്നാല്‍ ഞാന്‍ ഉണ്ടാക്കാമെടാ. ന്യൂഡില്‍സ് ഇരിപ്പുണ്ടല്ലോ. അപ്പോഴേയ്ക്കും അവന്മാര്‍ എഴുന്നേറ്റോളും. അതുമല്ല, എനിയ്ക്ക് വല്ലാത്ത വിശപ്പ്. വല്ലതും ഉണ്ടാക്കി കഴിച്ചിട്ട് വേണം ഒന്നുറങ്ങാന്‍."

"എന്നാല്‍ ഞാന്‍ പോയി പാലു വാങ്ങി വരാം" മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ ഞാന്‍ പാലു വാങ്ങാന്‍ പോയി.

പാലു വാങ്ങി ഞാന്‍ തിരിച്ചെത്തുമ്പോഴേയ്ക്കും സിബി തിരക്കിട്ട് ന്യൂഡില്‍സ് ശരിയാക്കുകയാണ്. അപ്പോഴേയ്ക്കും രതീഷും അനിലും ഉണര്‍ന്ന് പല്ലു തേപ്പും മറ്റ പരിപാടികളും കഴിഞ്ഞ് ടി വി യ്ക്ക് മുന്നില്‍ ഇരിപ്പായിട്ടുണ്ട്. പിള്ളേച്ചന്‍ മാത്രം പതിവു പോലെ ഉറക്കം വിട്ടെഴുന്നേറ്റിട്ടില്ല.

ഞാന്‍ ചായ തിളപ്പിച്ച് പകര്‍ത്തുമ്പോഴേയ്ക്കും സിബി ന്യൂഡില്‍സിന്റെ പണി തീര്‍ത്ത് എല്ലാവര്‍ക്കുമായി പ്ലേറ്റുകളില്‍ എടുത്തു കഴിഞ്ഞു. അവന്‍ തന്നെ ബെഡ് റൂമില്‍ പോയി പിള്ളേച്ചനെ കുലുക്കി വിളിച്ച് ബ്രേക്ക് ഫാസ്റ്റ് റെഡി ആയിട്ടുണ്ട് എന്നറിയിച്ച് ചായയും ഒരു പ്ലേറ്റ് ന്യൂഡില്‍സുമായി ടി വി യ്ക്ക് മുന്നിലെത്തി, മറ്റുള്ളവരെ കാക്കാതെ കഴിയ്ക്കാന്‍ തുടങ്ങി.

അതിനു പിറകെ ഞങ്ങള്‍ ഓരോരുത്തരായി പ്ലേറ്റും ചായയുമായി എത്തി, അപ്പോഴും പിള്ളേച്ചന്‍ ബെഡ് റൂമില്‍ നിന്ന് പുറത്തെത്തിയിരുന്നില്ല. അവന്റെ ഫുഡ്‌ അടുക്കളയിൽ തന്നെ  ഇരിപ്പാണ്.

ഞങ്ങള്‍ കഴിയ്ക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ഉറക്കപ്പിച്ചില്‍ പിള്ളേച്ചന്‍ ആടിയാടി ഞങ്ങള്‍ക്ക് മുന്നിലൂടെ അപ്പുറത്തെ മുറിയിലേയ്ക്കു പല്ലു തേയ്ക്കാനും മറ്റുമായി പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ആ മുറിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരിയ്ക്കുന്ന സിബിയുടെ മൊബൈല്‍ റിങ്ങ് ചെയ്യുന്ന കാര്യം പിള്ളേച്ചന് പല്ലു തേപ്പിനിടെ സിബിയെ വിളിച്ചറിയിച്ചു.

"നാശം പിടിയ്ക്കാന്‍... ഇതാരാണാവോ ഈ നേരത്ത് വിളിയ്ക്കുന്നത്. വിശന്ന് കണ്ണു കാണാന്‍ വയ്യ. ഇതൊന്ന് തിന്നാനും സമ്മതിയ്ക്കില്ല. " സിബി പ്രാകി കൊണ്ട് ഫോണെടുത്തു. അവന്റെ ഓഫീസിലെ ആരോ ആയതിനാല്‍ അവന്‍ കഴിച്ചു പകുതിയായ പ്ലേറ്റ് അടുക്കളയില്‍ വച്ച് ഫോണുമായി പുറത്തേയ്ക്ക് ഇറങ്ങി. അപ്പോഴേയ്ക്കും പിള്ളേച്ചനും പല്ലു തേപ്പൊക്കെ കഴിഞ്ഞ് അടുക്കളയില്‍ പോയി ഫുഡുമായി വന്ന് ഞങ്ങളുടെ കൂടെ ഇരിപ്പായി.

സിബിയുടെ ഫോണ്‍ വിളി കുറേ നേരം തുടര്‍ന്നു. അപ്പോഴേയ്ക്കും പിള്ളേച്ചനൊഴികെയുള്ള ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു തീര്‍ത്ത് പ്ലേറ്റും കഴുകി തിരിച്ച് വീണ്ടും ടിവിയ്ക്കു മുന്നില്‌ ഇരിപ്പു പിടിച്ചിരുന്നു.

അല്‍പ സമയത്തിനുള്ളില്‍ സിബി അപ്പോഴേയ്ക്കും ഫോണ്‍ വിളി അവസാനിപ്പിച്ച് തിരിച്ചു വന്നു. അത്രയും സമയം കളഞ്ഞതിന് ഫോണ്‍ വിളിച്ചവനെ അപ്പോഴും ചീത്ത പറഞ്ഞു കൊണ്ടാണ് കയറി വന്നത്. അവന്‍ വീണ്ടും അകത്തെ മുറിയില്‍ പോയി ഫോണ്‍ ചാര്‌ജ്ജ് ചെയ്യാന്‍ വച്ച ശേഷം അടുക്കളയിലേയ്ക്ക് പോയി.

ഒരു നിമിഷം കഴിഞ്ഞ് സിബി ദേഷ്യത്തില്‍ "ഇവിടെയിരുന്ന ആ പ്ലേറ്റ് എവിടെയാടാ"  എന്ന് വിളിച്ചു ചോദിയ്ക്കുന്നതു കേട്ടു. ഞങ്ങളെല്ലാവരും കാര്യം മനസ്സിലാക്കാതെ മിഴിച്ചിരിയ്ക്കുമ്പോള്‍ സിബി ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന് എല്ലാവരോടുമായി ചോദിച്ചു " എടാ, എന്റെ പ്ലേറ്റ് എവിടെയാടാ? ആരും കണ്ടില്ലേ? അതാരാ എടുത്തത്? "

ഞങ്ങള്‍ പരസ്പരം നോക്കി. എന്താണ് സംഭവമെന്ന് ആര്‍ക്കും പിടി കിട്ടിയില്ല. പിള്ളേച്ചന്‍ മാത്രം അതൊന്നും കാര്യമാക്കാതെ ടിവിയും കണ്ടു കൊണ്ട് സാവധാനം അവന്റെ പ്ലേറ്റില്‍ നിന്ന് കഴിച്ചു കൊണ്ടിരിയ്ക്കുകയാണ്.

സിബി കാര്യം ഒന്നു കൂടെ എല്ലാവരോടുമായി വിശദീകരിച്ചു. അതായത് താന്‍ തിന്നു പകുതിയാക്കിയ പ്ലേറ്റ് അടുക്കളയില്‍ വച്ചിട്ട് ഫോണ്‍ വിളിയ്ക്കാനായി പുറത്തു പോയതും തിരിച്ചു വന്നപ്പോ പ്ലേറ്റ് കാണുന്നില്ലെന്നും...

ഞങ്ങളാരും അങ്ങനെ തിന്നു പകുതിയാക്കിയ ഒരു പ്ലേറ്റ് അടുക്കളയില്‍ പാത്രം തിരിച്ചു വയ്ക്കാന്‍ പോയപ്പോള്‍ കണ്ടില്ലെന്ന് തീര്‍ത്തു പറഞ്ഞു. അപ്പോള്‍ സിബി പിള്ളേച്ചനു നേരെ തിരിഞ്ഞു. "ഡാ, പിള്ളേച്ചാ, നീ കണ്ടോ?"

 "എന്താടാ? എന്താ കാര്യം ?" ടിവിയില്‍ നിന്ന് ശ്രദ്ധ തിരിച്ചു കൊണ്ട് പിള്ളേച്ചന്റെ നിഷ്കളങ്കമായ മറുചോദ്യം .

സിബിയ്ക്ക് ദേഷ്യം വന്നു. "അപ്പോ ഇത്രേം നേരം ഞാനിവിടെ നിന്ന് പറഞ്ഞതൊന്നും നീ കേട്ടില്ലേ? നീ അല്ലേ അവസാനം പ്ലേറ്റ് എടുക്കാന്‍ അടുക്കളയില്‍ പോയത്. അപ്പോ എന്റെ പ്ലേറ്റ് അവിടിരിയ്ക്കുന്നത് നീ കണ്ടോ എന്നാ ഞാന്‍ ചോദിയ്ക്കുന്നത്?"

"കണ്ടു, അതിന്...?" പിള്ളേച്ചന്റെ ശാന്തമായ മറുപടി.

സിബിയ്ക്ക് കലിയിളകി. "എടാ, അതെവിടെ ആണെന്നാ ചോദിയ്ക്കുന്നത്. ഞാന്‍ തിന്ന് പകുതിയായപ്പോഴല്ലേ ഫോണ്‍ വന്നത്."

പിള്ളേച്ചന്റെ മുഖത്ത് ആശ്ചര്യം " അപ്പോ അതു നീ തിന്ന് മതിയാക്കി വച്ചതല്ലായിരുന്നോ... നീ മതിയാക്കിയതായിരിയ്ക്കും എന്നോര്‍ത്ത് അതും കൂടെ ഞാനെന്റെ പ്ലേറ്റിലേയ്ക്കിട്ടു, നിന്റെ പ്ലേറ്റ് കഴുകി വച്ചു"

അതും കൂടെ കേട്ടതോടെ സിബിയുടെ സകല കണ്‍ട്രോളും പോയി.  "എടാ... &%$#@, ഞാന്‍ തിന്നു മതിയാക്കിയതാണെന്ന് നീ കരുതി അല്ലേടാ പുല്ലേ... തിന്നോണ്ടിരിയ്ക്കുന്ന എന്നോട്, എന്റെ ഫോണ്‍ ബെല്ലടിയ്ക്കുന്നു എന്നും പറഞ്ഞ് പകുതിയ്ക്ക് നിര്‍ത്തിച്ചത് നീ തന്നെ അല്ലേടാ... എന്നിട്ട് ഇപ്പോ... നിന്നെ ഞാന്‍..."

ദേഷ്യവും സങ്കടവും കാരണം സിബി നിന്നു വിറച്ചു. എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി. എന്നിട്ട് പെട്ടെന്ന്,  പിള്ളേച്ചന്റെ കയ്യില്‍ നിന്ന് അവന്റെ പ്ലേറ്റ് പിടിച്ചു വാങ്ങി.

എന്നിട്ട് ദേഷ്യത്തില്‍ "ഇത്രേം കഴിച്ചാല്‍ മതി, നീ... എന്റെ തീറ്റ മുടക്കീട്ട് നീ മാത്രം അങ്ങനെ വയറു നിറച്ച് കഴിയ്ക്കണ്ട" എന്നും പറഞ്ഞ്, ആ പ്ലേറ്റില്‍ ബാക്കിയുള്ളത് നേരെ വേസ്റ്റ് ബാസ്കറ്റിലേയ്ക്ക് തട്ടി. (പിള്ളേച്ചന്‍ അപ്പോഴേയ്ക്കും അതിന്റെ മുക്കാല്‍ പങ്കും അകത്താക്കി കഴിഞ്ഞിരുന്നു. അതു മാത്രവുമല്ല, പിള്ളേച്ചന്‍ ഭക്ഷണം കഴിയ്ക്കുന്ന പ്രത്യേക ശൈലി പരിചയമുള്ളതിനാല്‍ മറ്റാരും അവന്റെ പ്ലേറ്റില്‍ നിന്നോ അവന്‍ കഴിച്ചതിന്റെ ബാക്കിയോ കഴിയ്ക്കാറില്ല).

വിശപ്പു മാറാത്തതിലെ ദേഷ്യത്തിലും പകരത്തിനു പകരം ചെയ്യാന്‍ പറ്റാത്തതിന്റെ ദുഖത്തിലും 'ഇത്രയുമെങ്കിലും തിരിച്ചു ചെയ്യാനായല്ലോ' എന്ന സമാധാനത്തോടെ വിശക്കുന്ന വയറിനെയും സമാധാനിപ്പിച്ച് സിബി ഉറങ്ങുവാനായി പോയി.

ഒരിടത്തിരുന്ന് കഴിച്ചു കൊണ്ടിരുന്ന സിബിയെ 'ഫോണ്‍ വരുന്നു' എന്നും പറഞ്ഞ് വിളിച്ചെഴുന്നേല്‍പ്പിച്ച് അവന്റെ തീറ്റ മുടക്കിയ പിള്ളേച്ചന്‍ തന്നെ, അവന്‍ കഴിച്ചു മതിയാക്കിയതായിരിയ്ക്കും എന്നു കരുതി, അവന്റെ ബാക്കി വന്ന ഫുഡും കൂടെ തട്ടി  എന്നു പറയുന്നതിലെ ലോജിക് എന്തായിരിയ്ക്കും എന്നു കരുതി അന്തം വിട്ടു നില്‍ക്കുകയായിരുന്ന ഞങ്ങളെ നോക്കി, ഒരു വളിച്ച ചിരി ചിരിച്ച്... "അവനെ കുറ്റം പറയാന്‍ പറ്റില്ലെടാ, അവന്‍ അത്രയ്യും അല്ലേ ചെയ്തുള്ളൂ" എന്നും പറഞ്ഞ് പിള്ളേച്ചന്‍ അടുത്ത മുറിയിലേയ്ക്ക് പോകുമ്പോള്‍, പലപ്പോഴും എന്ന പോലെ പിള്ളേച്ചനെ ശരിയ്ക്ക് പിടി കിട്ടാതെ കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുകയായിരുന്നു ഞങ്ങള്‍...