Monday, February 4, 2013

ഫിയൂസ്ക്യൂ


ബാംഗ്ലൂരില്‍ വന്ന് ജോലി കിട്ടിയ ശേഷം പരിചയപ്പെട്ട മലയാളികള്‍ കുറച്ചു പേരുണ്ടെങ്കിലും വളരെ അടുപ്പമുള്ള, എന്തും തുറന്നു പറയാവുന്നത്ര അടുപ്പമുള്ളവര്‍ ചുരുക്കമേയുള്ളൂ. അങ്ങനെയുള്ള ഒരാളാണ് എന്റെ സഹപ്രവര്‍ത്തകനായിരുന്ന പയസ് അഥവാ ഫിയൂസ് അഥവാ ഫിയൂസ് ക്യൂ. പയസ്സിന് ആ പേരു വന്ന കഥയാണിത്.  എന്തു കൊണ്ടോ ഞങ്ങളുടെ ടീമില്‍ ഒന്നിനു പുറകേ ഒന്നായി മലയാളികള്‍ വന്നു ചേര്‍ന്ന സമയമായിരുന്നു 2007-2009 കാലഘട്ടം.  ആദ്യം സോബു. പുറകേ ഞാന്‍. അതിനു പിന്നാലെ വന്ന ഏഴ് മലയാളികളില്‍ ആദ്യത്തെ ബാച്ചിലാണ് ബില്‍ബിയ്ക്കൊപ്പം പയസ്സും വന്നു ചേര്‍ന്നത്. (സരിത്, സുജിത്ത്, വിനീത്, അഭിലാഷ്, എന്‍ലിസ് എന്നിവരായിരുന്നു മറ്റുള്ളവര്‍).

ഞാന്‍ അവിടെ ജോയിന്‍ ചെയ്യാന്‍ വരുമ്പോള്‍ അവിടെ ആകെയുള്ള ഒരു മലയാളി സോബു മാത്രമായിരുന്നു. ഞങ്ങള്‍ അവിടെ ഒരുമിച്ച് ഏകദേശം ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്തവെങ്കിലും അവിടെ വച്ച് എടുത്തു പറയാവുന്ന, അതല്ലെങ്കില്‍ ഓര്‍ത്ത് ചിരിയ്ക്കാവുന്ന തമാശകളൊന്നും ഉണ്ടായിരുന്നില്ല. (ഞാനും സോബുവും സഞ്ജുവും എല്‍ദോയും ലിനക്സ് പഠിച്ചത് ഒരുമിച്ചാണ്. അന്നത്തെ ചില സംഭവങ്ങള്‍ പിന്നീട് എഴുതാം). എന്നാല്‍ അതിനു ശേഷം മലയാളികളുടെ ഒരു കൂട്ടം തന്നെ വന്നു ചേര്‍ന്നതു കൊണ്ടാകണം പിന്നീടുള്ള ഒന്നു രണ്ടു വര്‍ഷം രസകരമായിരുന്നു. ഓരോ ദിവസവും എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകും അല്ലെങ്കില്‍ ഉണ്ടാക്കും. ബ്രേയ്ക്ക് ഫാസ്റ്റ്, ലഞ്ച് ഇടയ്ക്ക് ചായ കുടിയ്ക്കാന്‍ പോകുമ്പോള്‍... അങ്ങനെ എപ്പോഴായാലും ഞങ്ങള്‍ മലയാളിക്കൂട്ടം ഒരുമിച്ചു തന്നെ ആയിരിയ്ക്കും.

ഓരോ ദിവസവും കഫെയില്‍ എല്ലാവരും ഒത്തു കൂടുമ്പോള്‍ എല്ലാവര്‍ക്കും കൂടി പറഞ്ഞു ചിരിയ്ക്കാന്‍ എന്തെങ്കിലും ഒക്കെ കാണും. നേര്‍ച്ചക്കോഴി എന്നൊക്കെ പറയും പോലെ മിക്കവാറും നറുക്ക് വീഴുക പയസ്സിനു തന്നെ ആയിരിയ്ക്കും. ഇനി ഒന്നുമില്ലെങ്കിലും അവന്‍ മന:പൂര്‍വ്വമോ അല്ലാതെയും എന്തേലും ഒപ്പിച്ച് എടുക്കുകയും ചെയ്യും... കാര്യം എന്ത് ജോലി അവനെ ഏല്‍പ്പിച്ചാലും അവന്‍ അത് ചെയ്ത് തീര്‍ക്കുമെങ്കിലും ആ ഒരു കാര്യം നടന്നു കിട്ടാന്‍ മാനേജരായാലും ശരി, മറ്റാരായാലും ശരി ഒരു മൂന്നു നാലു തവണ എങ്കിലും അവന് Reminder Mail അയച്ചേ തീരൂ. മാത്രമല്ല, അത് എന്നത്തേയ്ക്കാണോ തീര്‍ക്കേണ്ടത് ആ ദിവസമേ അവന്‍ ആ വര്‍ക്ക് ചെയ്യുകയുമുള്ളൂ... എന്നാല്‍ മറ്റേതെങ്കിലും ടീമില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിലോ... ഒരു വാക്കു പറഞ്ഞാല്‍ മതി, സ്വന്തം വര്‍ക്ക് പെന്റിങ്ങ് ആക്കിയിട്ടാണെങ്കിലും അവന്‍ അവരെ സഹായിയ്ക്കുകയും ചെയ്യും. അങ്ങനെ തുടങ്ങി ചില പ്രത്യേകതകളൊക്കെ ഉണ്ട് ആശാന്റെ രീതികളില്‍.  ചിലപ്പോഴൊക്കെ ഡാറ്റാ സെന്ററില്‍ ഞങ്ങളുടെ ടീമില്‍ ആളില്ലാത്ത സമയത്തോ മറ്റോ എനിയ്ക്കെന്തെങ്കിലും സഹായം വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവനോട് ഫ്രീയാണോ എന്ന് ചോദിച്ചാല്‍ അപ്പോ തന്നെ അവന്‍ എന്റെ കൂടെ വരികയും എന്റെ വര്‍ക്കില്‍ എന്നെ സഹായിയ്ക്കുകയുമൊക്കെ ചെയ്യും. എന്നിട്ട് എല്ലാം കഴിയുമ്പോഴായിരിയ്ക്കും അവന്‍ പറയുക ' എന്റെ ആവശ്യം കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്ക്കോട്ടെ, ശ്രീ? എന്നെ ഒരു പണി ഏല്‍പ്പിച്ചിട്ടാണ് ബില്‍ബി ഇങ്ങോട്ട് വിട്ടത്. ഇനി അതു ചെയ്യട്ടെ' എന്നൊക്കെ... അതാണ് അവന്‍!

അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പറയാനുണ്ട്. പക്ഷേ, ഇവിടെ ഇപ്പോള്‍ പറഞ്ഞു വന്നത് പയസ്സിന്റെ പേരിന് പരിവര്‍ത്തനം വന്ന കഥ ആണ്.  പയസ്സും ബില്‍ബിയും ടീമില്‍ ചേരുമ്പോള്‍ അന്നത്തെ ടീമിലുള്ള മലയാളികളല്ലാത്ത സഹപ്രവര്‍ത്തകര്‍ക്ക് ഒരു കൌതുകമായിരുന്നു.  രണ്ടു മലയാളികള്‍... രണ്ടു പേരും ഒരേ സെക്ഷനില്‍ (അന്ന് അവര്‍ Asset Management Team ലായിരുന്നു). പോരാത്തതിന് രണ്ടാളും എപ്പോഴും ഒരുമിച്ചേ നടക്കൂ... അങ്ങനെയങ്ങനെ. അക്കാലത്ത് വിന്‍ഡോസ് ഡാറ്റാ സെന്റര്‍ ടീമിലെ സതീഷാണ് ആദ്യമേ തന്നെ പയസ്സിന്റെ പേര് പയസ്സ് എന്നത് പിയൂസ് എന്ന് വിളിച്ചു തുടങ്ങിയത്. കര്‍ണ്ണാടകക്കാരനായ സതീഷിനോട് ഞങ്ങളെല്ലാം എത്ര തവണ ആ പേര് തിരുത്തി പറയിച്ചിട്ടും അവന്‍ പിന്നെയും 'പിയൂസ്' എന്ന വിളി തന്നെ തുടര്‍ന്നു. പതുക്കെ പതുക്കെ മറ്റുള്ളവരും അവനെ തമാശയ്ക്ക് പിയൂസ്സേ എന്ന് വിളിയ്ക്കാന്‍ തുടങ്ങി. അതേ പോലെ കോട്ടയം ജില്ലക്കാരനായ പയസ്സ് ആ നാട്ടുകാരായ പലരെയും എന്ന പോലെ പോലെ മിക്കപ്പോഴും "ഭ" എന്ന വാക്ക്  തെറ്റായി (തെറ്റാണെന്ന് അവന്‍ സമ്മതിയ്ക്കില്ല) "ഫ" എന്നാണ് ഉച്ചരിച്ചിരുന്നത്. (ഉദാ: ഭൂമി എന്നതിന് "ഫൂമി", ഭയങ്കരം, ഭീഭത്സം എന്നതിനൊക്കെ "ഫയങ്കരം", "ഫീഫത്സം" അങ്ങനെയങ്ങനെ. [മിക്കവാറും ഈ പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിയുമ്പോ എനിയ്ക്കൊരു അടി ഉറപ്പാ].  അങ്ങനെ പയസ്സിന് "ഫ" യോടുള്ള അമിത സ്നേഹം എന്ന ആ ഒറ്റക്കാരണം കൊണ്ടു തന്നെ പതുക്കെ പതുക്കെ ഞങ്ങളൊക്കെ അവന്റെ പേര് പിന്നെയും മാറ്റി "ഫിയൂസ്" എന്നാക്കി.

അങ്ങനെ നാളുകള്‍ കടന്നു പോയി. ഇതിനിടയില്‍ എപ്പോഴോ അന്നത്തെ മാനേജര്‍ ആയ സുധീര്‍ പയസ്സിനോടും ബില്‍ബിയോടും അവരുടെ വര്‍ക്കുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചാര്‍ട്ട് ആക്കുന്നതിനും അതു വച്ച്  ഡയഗ്രങ്ങള്‍ വരച്ച് അദ്ദേഹത്തിന് സബ്‌മിറ്റ് ചെയ്യുവാനും ആവശ്യപ്പെട്ടു. ഡയഗ്രങ്ങള്‍ വരയ്ക്കാനുള്ള സൌകര്യത്തിന്  "മൈക്രോസോഫ്റ്റ് വിഷ്യോ (Microsoft Visio)" എന്ന  സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്നത് നന്നായിരിയ്ക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

അതിന്റെ അടുത്ത ദിവസം തന്നെ രാവിലെ ഞാനും ബില്‍ബിയും ഒരുമിച്ച് ഇരുന്ന് വര്‍ക്ക് ചെയ്യുകയായിരുന്നു. ബില്‍ബി തലേന്ന് സുധീര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷ്യോ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ആവശ്യമായ ഡയഗ്രങ്ങള്‍ വരയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.

അപ്പോഴാണ് ഒരു ചായയും കൊണ്ട് പയസ്സ് ആ മുറിയിലേയ്ക്ക് കടന്നു വന്നത്. ഞങ്ങളെ രണ്ടാളെയും വിഷ് ചെയ്ത് അവന്‍ അപ്പുറത്തെ ഒരു കസേരയില്‍ പോയിരുന്നു. എന്നിട്ട് ലാപ്‌ടോപ്പും ഓന്‍ ചെയ്ത് നേരെ യൂ ട്യൂബും ലോഡ് ചെയ്യുന്നതും നോക്കി ഇരിപ്പായി. (അത് അന്ന് അവന്റെ രു വീക്ക് നെസ്സ് ആയിരുന്നു. എത്ര പെന്റിങ്ങ് വര്‍ക്ക് ഉണ്ടെങ്കിലും എത്ര നേരം വൈകി ഓഫീസിലെത്തിയാലും ശരി... ആദ്യം തന്നെ അവന്‍ ചെയ്യുന്ന കാര്യം ലാപ് ടോപ്പ് തുറന്ന് യൂ ട്യൂബ് തുറക്കുക എന്നതായിരുന്നു, അതില്‍ എന്തെങ്കിലുമൊക്കെ കുറച്ചു നേരം നോക്കിയ ശേഷം സ്വന്തം ജീമെയിലും മറ്റും നോക്കിയ ശേഷം മാത്രമേ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ നോക്കാനായി ഔട്ട്ലുക്ക് പോലും തുറക്കൂ.)

അപ്പോഴാണ് ബില്‍ബി എന്തോ വരയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അവന്‍ അവിടെ തന്നെ ഇരുന്നു കൊണ്ട് ബില്‍ബിയോട് വിളിച്ചു ചോദിച്ചു "അതെന്നാടാ ബില്‍ബീ, നീ ഈ ചെയ്യുന്നേ?"

"ഇന്നലെ സുധീര്‍ പറഞ്ഞത് നീ മറന്നു പോയോ? വിഷ്യോ ഉപയോഗിച്ച് നമ്മളോട് ചില ചാര്‍ട്ടും ഡയഗ്രവും ഒക്കെ വരച്ച് പുള്ളിയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞില്ലേ? പുള്ളിയ്ക്ക് ആത് ഏതോ മീറ്റിങ്ങിന് കാണിയ്ക്കേണ്ടതാണെന്ന്"  ബില്‍ബി മറുപടി പറഞ്ഞു. അപ്പോഴാണ് പയസ്സ് യൂ ട്യൂബും നോക്കി കൊണ്ടിരിയ്ക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അതു കണ്ട് സ്വല്‍പം ദേഷ്യത്തില്‍ ബില്‍ബി തുടര്‍ന്നു " നീ ആ യൂ ട്യൂബ് ക്ലോസ് ചെയ്യുന്നുണ്ടോ? രാവിലെ വന്നാല്‍ അപ്പോ തുടങ്ങും... എന്നിട്ട് ആ വിഷ്യോ ഇന്‍സ്റ്റാള്‍ ചെയ്ത് മറ്റേ ഡയഗ്രം ശരിയാക്കാന്‍ നോക്ക്"

സത്യത്തില്‍ പയസ്സ് അന്നു വരെ വിഷ്യോ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല (കേട്ടിട്ടുണ്ടെന്നല്ലാതെ അന്ന് ഞാനും അത് ഉപയോഗിച്ചിട്ടില്ലായിരുന്നു കേട്ടോ). അതു കൊണ്ട് അവന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സെര്‍ച്ച് ചെയ്യുന്ന URL ഓപ്പണ്‍ ചെയ്ത് ബില്‍ബിയോട് വീണ്ടും ചോദിച്ചു. "എന്നാടാ, ആ സോഫ്റ്റ്‌വെയറിന്റെ പേരെന്നാന്നാ പറഞ്ഞേ?"

തന്റെ പണികള്‍ തുടരുന്നതിനിടയില്‍ തിരിഞ്ഞു നോക്കാതെ തന്നെ ബില്‍ബി മറുപടി പറഞ്ഞു "വിഷ്യോ... മൈക്രോസോഫ്റ്റ് വിഷ്യോ"

പയസ്സിന് കാര്യം ശരിയ്ക്ക് പിടി കിട്ടിയില്ല. ആശയക്കുഴപ്പത്തോടെ അവന്‍ വീണ്ടും ചോദിച്ചു. "എന്നതാണെന്ന്? M i c r o f t ... പിന്നെന്താ??? നീ ആ വിഷ്യോ ന്റെ സ്പെല്ലിങ്ങ് ഒന്ന് പറഞ്ഞേ..."

അപ്പോഴേയ്ക്കും ബില്‍ബി ചിരിച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു. "ഇവന്റെ ഒരു കാര്യം നോക്കിയേ ശ്രീ... ഇപ്പോഴാണ് അത് തപ്പുന്നത് തന്നെ" തുടര്‍ന്ന് വീണ്ടും അവനോട് പറഞ്ഞു. എടാ... വിഷ്യോ... "അതായത്  "V"... "

അപ്പോഴേയ്ക്കും ഞാനും  ഇടയില്‍ കയറി പറഞ്ഞു "... I..."

അതേ... "V... I....S...I..." ബില്‍ബി തുടര്‍ന്നു.

"ആ പിന്നെ...? "പയസ്സിന് സ്പെല്ലിങ്ങ് മുഴുവനും അറിയണം.

ചിരിച്ചു കൊണ്ട് തമാശ പോലെ ഞാന്‍ ഇടയില്‍ പറഞ്ഞു..."Q" [ സമ്മര്‍ ഇന്‍ ബത്ലെഹേം എന്ന ചിത്രത്തില്‍ 'ജലന്തര്‍' എന്ന സ്ഥലത്തിന്റെ സ്പെല്ലിങ്ങ് ജയറാം കലാഭവന്‍ മണിയെ കൊണ്ട് പറയിപ്പിയ്ക്കുമ്പോള്‍ ജലന്തറിന്റെ സ്പെല്ലിങ്ങ് "Q.. U...E..." എന്നും പറഞ്ഞ് മണി പറയുന്ന സീനിനെ പറ്റി ഞങ്ങളെല്ലാവരും തന്നെ ഇടയ്ക്കിടെ പറഞ്ഞു ചിരിയ്ക്കാറുള്ളതോര്‍ത്ത്  പെട്ടെന്ന് പറഞ്ഞതാണ്]

"...O... അപ്പോഴേയ്ക്കും ബില്‍ബി സ്പെല്ലിങ്ങ് പറഞ്ഞു തീര്‍ത്തതായിരുന്നു. എന്നാലും ഞാന്‍ പറഞ്ഞതിലെ തമാശ പെട്ടെന്ന് ഉള്‍ക്കൊണ്ട് ബില്‍ബിയും അതില്‍ പങ്കു ചേര്‍ന്നു കൊണ്ട് ചിരിച്ചു കൊണ്ട് ആവര്‍ത്തിച്ചു... "തന്നെ തന്നെ... V... I...S...I...Q...O..."

തുടര്‍ന്ന് ഞാനും ബില്‍ബിയും സമ്മര്‍ ഇന്‍ ബത്‌ലേഹേമിലെ ആ സീനിനെ പറ്റി വീണ്ടും എന്തൊക്കെയോ പറഞ്ഞ് അതോര്‍ത്ത് ചിരിച്ചു വര്‍ത്തമാനം പറഞ്ഞ് ഞങ്ങളുടെ വര്‍ക്ക് തുടരുമ്പോള്‍ പുറകിലിരുന്ന് പയസ്സ്  "ശ്ശേ! "No Matching Word Found" എന്ന് പിറുപിറുക്കുന്നത് കേട്ടു.

തുടര്‍ന്ന് ബില്‍ബിയോടായി പറഞ്ഞു. "എടാ ബില്‍ബീ, നീ എവിടുന്നാ ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്തെടുത്തത്? ഈ ഓഫീസ് സൈറ്റില്‍ നിന്ന് തന്നെ ആണോ അതോ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതാണോ? എനിയ്ക്ക് ഇത് തപ്പിയിട്ട് കിട്ടുന്നില്ലല്ലോ"

"നീ ഇതെവിടെയാ തപ്പി നോക്കിയത്. ഞാന്‍ അവിടുന്ന് തന്നെ ഇന്ന് രാവിലെ അത് ഇന്‍സ്റ്റാള്‍ ചെയ്തതാണല്ലോ. ഞാന്‍ നോക്കട്ടെ" എന്നും പറഞ്ഞ് ബില്‍ബി എഴുന്നേറ്റ് പയസ്സിന്റെ അടുത്തേയ്ക്ക് ചെന്നു.

പയസ്സിന്റെ അടുത്തെത്തി, അവന്റെ ലാപ്‌ടോപ്പിലേയ്ക്ക് കുനിഞ്ഞ് നോക്കിയതും ബില്‍ബി പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ വിളിച്ചു "എന്റെ ശ്രീയേയ്... ഒന്നിങ്ങ് വന്നേ... ഇത് നോക്കിയേ, ഇവനെന്താ ഈ കാണിച്ചു വച്ചിരിയ്ക്കുന്നത് എന്ന്"

അവിടെ എന്താണ് സംഭവിച്ചിരിയ്ക്കുക എന്നറിയാനുള്ള ആകാംക്ഷയോടെ ഞാനും വേഗം അങ്ങോട്ട് എഴുന്നേറ്റ് ചെന്ന് അവനെന്താണ് ചെയ്തത് എന്ന് നോക്കി. എന്താണ് സംഭവം എന്ന് മനസ്സിലായതും എനിയ്ക്കും ചിരിയടക്കാന്‍ പറ്റാതായി.  ഞാനും ബില്‍ബിയും ചിരിച്ചു മറിയുന്നതും കണ്ടു കൊണ്ടാണ് സുജിത്ത് അങ്ങോട്ട് കയറി വന്നത്. ഞങ്ങള്‍ രണ്ടാളും ചിരിച്ചു കൊണ്ടു നില്‍ക്കുന്നതും കാര്യം മനസ്സിലാകാതെ പയസ്സ് അന്തം വിട്ടിരിയ്ക്കുന്നതും കണ്ട് അവനും കാര്യമന്വേഷിച്ചു. ബില്‍ബി സംഭവം ചുരുക്കി പറഞ്ഞിട്ട് സുജിത്തിനെയും പയസ്സിന്റെ ലാപ്‌ടോപ്പ് കാണിച്ചു കൊടുത്തു. സുജിത്തും തന്റെ സ്വതസിദ്ധമായ അട്ടഹാസം പോലുള്ള ചിരിയോടെ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു.

അപ്പോഴും കാര്യം മനസ്സിലാകാതെ പയസ്സ് ചോദിച്ചു "നിങ്ങളെന്നാത്തിനാടാ ഈ ചിരിയ്ക്കുന്നേ? ഇതിലെങ്ങനെയാ അത് സെര്‍ച്ച് ചെയ്ത് എടുക്കുന്നേ എന്ന് പറയ്"

സുജിത്ത് പയസ്സിന്റെ പുറത്ത് തമാശയ്ക്ക് അടിച്ചു കൊണ്ട് ചോദിച്ചു. "ഇതെന്താടാ പയസ്സേ... വിഷ്യോ ന്റെ സ്പെല്ലിങ്ങിലെന്തിനാ ഒരു Q?"

"ങ് ഹേ? അതെന്താ, Q വേണ്ടേ?" പയസ്സിന് സംശയം മാറിയില്ല.

"എടാ, അത് ഞാന്‍ ഇടയ്ക്ക് കയറി ചുമ്മാ പറഞ്ഞതല്ലേ? സമ്മര്‍ ഇന്‍ ബത്‌ലെഹേം എന്ന ചിത്രത്തില്‍ മണി സ്പെല്ലിങ്ങ് പറഞ്ഞതു പോലെ വെറുതേ ബില്‍ബി പറഞ്ഞതിനിടയില്‍ പറഞ്ഞതല്ലേ? നമ്മള്‍ എത്ര തവണ ആ സിനിമയിലെ ആ തമാശയെ പറ്റി പറഞ്ഞ് ചിരിച്ചിരിയ്ക്കുന്നു. നിനക്ക് എന്നിട്ടും അത് മനസ്സിലായില്ലായിരുന്നോ?"   ഞാന്‍ ചിരി നിറുത്താതെ തന്നെ കുറച്ചു കൂടെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു.

"അതു ശരി. ശ്രീ അത് തമാശയ്ക്ക് പറഞ്ഞതായിരുന്നല്ലേ.. ഞാനോര്‍ത്ത് V...I...S...I...Q...O... എന്ന് തന്നെ ആണ് വിഷ്യോ യുടെ സ്പെല്ലിങ്ങ് എന്ന്. ശ്ശേ!"

ചെറിയ ജാള്യത കലര്‍ന്ന ചിരിയോടെ പയസ്സ് ഉരുവിട്ടു. എന്നിട്ട് visio എന്ന് സെര്‍ച്ച് ചെയ്തു. "ആഹ്... ഇപ്പോ സംഗതി കിട്ടി ട്ടോ"  അവനും ഞങ്ങളുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.

"എന്നാലും എന്റെ പിയൂസ്സേ... വിഷ്യോ എന്ന വാക്കിന് Q എന്ന് ആരെങ്കിലും സ്പെല്ലിങ്ങ് പറഞ്ഞാലും നിനക്ക് അതും കൂടി ചേര്‍ത്ത് തപ്പി നോക്കാന്‍ എങ്ങനെ തോന്നിയെടാ?" സുജിത്തിന് പിന്നെയും വിസ്മയം.

"എടാ... അതേയ്... ചില വാക്കുകളില്‍ ചില ആല്‍ഫബെറ്റ്സ് സൈലന്റായി വരാറില്ലേ? ഉദാഹരണമായി OFTEN എന്ന വാക്കില്‍ T പോലെ, ഞാനോര്‍ത്തു വിഷ്യോ യില്‍ അതേ പോലെ ഈ Q യും സൈലന്റായിരിയ്ക്കും എന്ന്..." പയസ്സ് ചിരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി.

തുടര്‍ന്നങ്ങോട്ട് ഈ കഥ അവിടെയുള്ള മലയാളികള്‍ക്കിടയില്‍ പടരാന്‍ അധിക സമയം വേണ്ടി വന്നില്ല. ആ സംഭവത്തോടെ പയസ്സിന്റെ പേരിന് പിന്നെയും പരിണാമം സംഭവിച്ചു എന്നതാണ് മറ്റൊരു കാര്യം.

അവിടുന്നങ്ങോട്ട് ഞങ്ങള്‍ക്കിടയില്‍ പയസ്സ് "ഫിയൂസ്ക്യൂ" എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.  അതു പിന്നെയും ചുര്ങ്ങിചുരുങ്ങി വെറും "ക്യൂ" എന്ന് മാത്രമായി പലപ്പോഴും. "ക്യൂ എവിടെ" , "ഇന്ന്  ക്യൂ വിനെ കണ്ടില്ലല്ലോ", "എടാ  നമ്മുടെ ക്യൂ അവിടുണ്ടോ" എന്നൊക്കെയുള്ള രീതിയിലുള്ള സംഭാഷണങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പതിവായി.

അതു മാത്രമല്ല... രാവിലെ ഓഫീസ് ചാറ്റില്‍ വിഷ് ചെയ്യുമ്പോള്‍ പോലും "GoodQ Morning" എന്നോ "QMorning" എന്നോ അതുമല്ലെങ്കില്‍ "GMQ" എന്നോ ഒക്കെ പരസ്പരം വിഷ് ചെയ്യലും പതിവായി. പക്ഷേ ഓരോ വാചകത്തിന്റെയും കൂടെ ബ്രായ്ക്കറ്റില്‍ മറ്റൊന്നു കൂടി ഉണ്ടാകും (Q is silent)

മുന്‍കൂര്‍ ജാമ്യം: ഈ പോസ്റ്റ് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കോ പയസ്സിനെയും അവന്റെ രീതികളെയും അറിയുന്നവര്‍ക്കോ അല്ലാതെ മറ്റുള്ളവര്‍ക്ക് അത്രയ്ക്ക് രസകരമായി തോന്നുമോ എന്നറിയില്ല. 

Monday, January 7, 2013

കള്ളന്‍ പത്രോസ് സ്വാമി

ഇതു ഞങ്ങളുടെ അയല്‍നാട്ടില്‍ നടന്ന സംഭവമാണ്. ഏതൊരു നാട്ടിലും എന്ന പോലെ ആ നാട്ടിലുമുണ്ടായിരുന്നു ഒരു കൊച്ചു കള്ളന്‍. പേര് പത്രോസ് (യഥാര്‍ത്ഥ പേരല്ല). കള്ളന്‍ എന്നു വച്ചാല്‍ ജഗജില്ലിയായ പെരുങ്കള്ളനൊന്നുമല്ല, ഒരു പാവം സാധാ കള്ളന്‍. അതായതു വിയര്‍പ്പിന്റെ അസുഖമുള്ളതു കൊണ്ട് പണിയെടുക്കാന്‍ മടിച്ച് കൊച്ചു കൊച്ചു മോഷണങ്ങളുമായി ജീവിയ്ക്കുന്ന ഒരു കുഞ്ഞു കള്ളന്‍. മീശമാധവന്‍ എന്ന ചിത്രത്തിലെ ദിലീപിനെ പോലെ ആ നാടിന്റെ സ്വന്തം കള്ളന്‍.

പക്ഷേ, അവിടെയും വ്യത്യാസമെന്തെന്നാല്‍ പത്രോസ് ഒരിയ്ക്കലും വലിയ വലിയ മോഷണങ്ങള്‍ക്ക് പോകാറില്ല. വീടോ കടയോ മറ്റോ കുത്തിത്തുറക്കാനോ ഓട് പൊളിച്ച് അകത്തു കയറാനോ ആള്‍ക്കാരെ ഉപദ്രവിച്ച് സ്വര്‍ണ്ണവും മറ്റും മോഷ്ടിയ്ക്കാനോ ഒന്നും പത്രോസ് മുതിരാറില്ല. പകരം ആരെങ്കിലുമൊക്കെ രാത്രി കാലങ്ങളില്‍ മുറ്റത്തു ബാക്കി വച്ചിട്ടു പോകുന്ന ചെറിയ ചെമ്പുകള്‍, കിണ്ടികള്‍, കിണ്ണങ്ങള്‍ അങ്ങനെയങ്ങനെ സ്വന്തം കൊക്കിലൊതുങ്ങുന്ന സാധങ്ങളുമെടുത്ത് അന്നന്നത്തെ ചിലവിനുള്ള വക തേടാനുള്ളത്ര ചില്ലറ മോഷണങ്ങള്‍ മാത്രമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സാധാരണ നാടന്‍ മോഷ്ടാവായിരുന്നു പത്രോസ്.

ഇതിന്റെ ഗുണമെന്തെന്നാല്‍ ആദ്യമൊക്കെ  ചില്ലറ മോഷണങ്ങളായതു കൊണ്ടോ വല്ല ചെമ്പോ ഉരുളിയോ കിണ്ടിയോ മോഷണം പോയെന്നു പറഞ്ഞ് പോലീസില്‍ പരാതിപ്പെടാനുള്ള നാട്ടുകാരുടെ മടി കൊണ്ടോ ഒക്കെ പത്രോസ് പലപ്പോഴും വലിയ പരിക്കുകള്‍ പറ്റാതെ രക്ഷപ്പെട്ടു പോന്നു. മോഷ്ടിയ്ക്കുന്ന സാധനങ്ങള്‍ പാത്രങ്ങളും മറ്റുമായതിനാല്‍ പത്രോസിന് അതെല്ലാം എളുപ്പത്തില്‍ വിറ്റു കാശാക്കാനും കഴിഞ്ഞു. മേലനങ്ങാതെ തിന്നാന്‍ മോഷണം ഒരു എളുപ്പവഴിയാണെന്നു കണ്ട പത്രോസാകട്ടെ തരം കിട്ടുമ്പോഴെല്ലാം ഈ പരിപാടി ആവര്‍ത്തിയ്ക്കാനും തുടങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ നാട്ടുകാര്‍ക്ക് പാത്രങ്ങളും മറ്റും വിശ്വസിച്ച് വീടിനു പുറത്തു വച്ച് ഉറങ്ങാന്‍ പോകാനുള്ള ധൈര്യം നഷ്ടമായി. എന്നാലും പലയിടത്തു നിന്നായി തന്റെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം സംഘടിപ്പിയ്ക്കാന്‍ പത്രോസിന് കഴിഞ്ഞിരുന്നു.

'പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍' എന്നാണല്ലോ. ഈ മോഷണങ്ങള്‍ ഒരു തുടര്‍ക്കഥയായപ്പോള്‍ പത്രോസിനും അക്കിടി പറ്റി. ഒരിയ്ക്കല്‍ നാട്ടുകാര്‍ ആശാനെ കയ്യോടെ പിടി കൂടി ചില 'കാര്യപരിപാടി'കള്‍ക്ക് ശേഷം പോലീസിലേല്‍പ്പിച്ചു. പോലീസുകാരുടെ കയ്യില്‍ നിന്ന് ആദ്യത്തെ ഇടി കിട്ടിയ ആ നിമിഷം തന്നെ നമ്മുടെ പത്രോസ് എല്ലാ കുറ്റവും ഏറ്റു പറഞ്ഞു. എന്നു മുതല്‍, എന്തൊക്കെ, എവിടെ നിന്നൊക്കെ മോഷ്ടിച്ചു എന്നതിന്റെ സ്ഥിതി വിവരക്കണക്കുകള്‍ അണുവിട തെറ്റാതെ പോലീസുകാരോട് പറഞ്ഞു കൊടുത്തു.

സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയ ഉടനേ പത്രോസ് തീരുമാനിച്ചു. ഇനി ഈ പരിപാടിയ്ക്കില്ല. അടുത്ത ദിവസം പത്രോസ് പതിവു പോലെ പണിയ്ക്കു പോകുകയും ചെയ്തു. പക്ഷേ, അപ്പോഴേയ്ക്കും നാട്ടുകാര്‍ പത്രോസിന് 'കള്ളന്‍ പത്രോസ്' എന്ന വിളിപ്പേര് ചാര്‍ത്തിക്കൊടുത്തു കഴിഞ്ഞിരുന്നു. പണിയ്ക്കു പോകുമ്പൊഴും വരുമ്പോഴുമെല്ലാം ആളുകള്‍ ഒളിഞ്ഞും തെളിഞ്ഞും പത്രോസിനെ കള്ളന്‍ എന്ന് വിളിയ്ക്കാനും തുടങ്ങി. അങ്ങനെ കുറച്ചു നാള്‍ തുടര്‍ന്നപ്പോള്‍ പത്രോസിന് വീണ്ടും തോന്നി. എന്തായാലും കള്ളന്‍ എന്ന പേര് വീണു. മാത്രമല്ല, വീണ്ടും പണിയെടുക്കാന്‍ മടി തോന്നിത്തുടങ്ങി. മോഷ്ടിച്ച് ജീവിയ്ക്കുന്നതിന്റെ സുഖമാണെങ്കില്‍ ഒരിയ്ക്കല്‍ അനുഭവിച്ചതുമാണല്ലോ. പതിയെ പതിയെ
പത്രോസ്  മോഷണത്തിലേയ്ക്ക് തന്നെ മടങ്ങി.

ഇത്തവണ ആളുകള്‍ അറിയുമെന്നുള്ള ചമ്മലൊന്നും ആശാനെ അലട്ടിയില്ല. അതു കൊണ്ട് തരം കിട്ടുമ്പോഴൊക്കെ മോഷണം തുടര്‍ന്നു. ഇടയ്ക്കിടെ പിടിയ്ക്കപ്പെടും, നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിയ്ക്കും. പതിവു പോലെ ആദ്യ ഇടിയ്ക്കു തന്നെ സത്യമെല്ലാം പറഞ്ഞ് തൊണ്ടി (വിറ്റു കാശാക്കിയിട്ടില്ലെങ്കില്‍) കയ്യോടെ പോലീസിനോ ഉടമസ്ഥനോ കൈമാറി തിരിച്ച് ഇറങ്ങും. വൈകാതെ വീണ്ടും ഇതേ പരിപാടികള്‍ ആവര്‍ത്തിയ്ക്കും.

അങ്ങനെയങ്ങനെ നാട്ടില്‍ ചില്ലറ മോഷണങ്ങള്‍ എന്തു നടന്നാലും നാട്ടുകാരും പോലീസും കള്ളന്‍ പത്രോസിനെ പിടി കൂടാന്‍ തുടങ്ങി. എവിടെ നിന്നെങ്കിലും പാത്രങ്ങളോ മറ്റോ കളവു പോയി എന്ന് ആരെങ്കിലും പോലീസില്‍ പരാതി പറഞ്ഞാല്‍ ഉടനേ ഒരു പോലീസ് ജീപ്പ് പത്രോസിന്റെ വീടിനു മുന്നിലെത്തും. ആശാനെയും പൊക്കിയെടുത്ത് തിരിച്ചു പോകും. പോലീസ് സ്റ്റേഷനിലെത്തി രണ്ട് ഇടി കൊണ്ടു കഴിഞ്ഞാല്‍ സാധനവും തിരിച്ചേല്‍പ്പിച്ച് പത്രോസ് തിരിച്ച് വീട്ടിലെത്തും. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇതൊരു പതിവു കാഴ്ചയായിരുന്നു.

അങ്ങനെയിരിയ്ക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മണ്ഡലമാസക്കാലം. നാടു മുഴുവനുമുള്ള വിശ്വാസികള്‍ മാലയിട്ട് നോമ്പെടുത്ത് ശബരിമലയ്ക്ക് പോകുന്ന സമയം. ആയിടെ ഒരു രാത്രി ആ നാട്ടിലെ ഒരു കല്യാണ വീട്ടില്‍ നിന്ന് രണ്ടു മൂന്ന് വലിയ ബിരിയാണി ചെമ്പുകള്‍ മോഷണം പോയി. കല്യാണ സദ്യയൊരുക്കാന്‍ കൊണ്ടു വന്ന ചെമ്പുകളാണ് നഷ്ടപ്പെട്ടത്. അതും നല്ല വില വരുന്ന വലിയ ചെമ്പു പാത്രങ്ങള്‍... പിറ്റേന്ന് നേരം വെളുത്തപ്പോള്‍ വീട്ടുകാര്‍ സംഭവമറിഞ്ഞു. സംഗതി നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ ആളുകള്‍ എല്ലാവരും ഒരേയൊരു കാര്യം  തന്നെ പറഞ്ഞു ''മോഷണം പോയത് പാത്രങ്ങളാണെങ്കില്‍ അതിനു പിന്നില്‍ കള്ളന്‍ പത്രോസ് തന്നെ''!

വൈകാതെ പോലീസ് സ്റ്റേഷനിലേയ്ക്ക് പരാതിയുമായി ആളു പോയി. പതിവിന്‍ പടി പോലീസ് ജീപ്പ് നേരെ പത്രോസിന്റെ വീട്ടിലേയ്ക്ക് പറന്നു. അധികം വൈകാതെ നാട്ടുകാരെല്ലാവരും കണ്ടു, പത്രോസിനെയും പൊക്കിയെടുത്ത് ജീപ്പ് തിരിച്ചു പോകുന്നത്. പക്ഷേ, ഇത്തവണ സ്റ്റേഷനിലെത്തി എത്ര ഇടി കിട്ടിയിട്ടും പത്രോസ് കുറ്റം സമ്മതിച്ചില്ല. കാരണം ഇത്തവണത്തെ കളവില്‍ പത്രോസിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല എന്നതു തന്നെ. ഓരോ ഇടി കിട്ടുമ്പോഴും പത്രോസ് കരഞ്ഞു പറഞ്ഞു, അത്രയും വലിയ മോഷണങ്ങള്‍ താന്‍ ചെയ്യാറില്ല എന്ന്. പോലീസുകാര്‍ക്കും സംശയം തോന്നാതിരുന്നില്ല. ചെറിയ കളവുകളേ പത്രോസ് ചെയ്യാറുള്ളൂ എന്നത് മാത്രമല്ല, ആദ്യത്തെ ഇടിയ്ക്കു തന്നെ ആശാന്‍ സത്യം പറയാറുമുണ്ടല്ലോ. എന്തായാലും ഒരു തീരുമാനമാകാത്തതിനാല്‍ തല്‍ക്കാലം പോലീസുകാര്‍ പത്രോസിനെ ലോക്കപ്പില്‍ തന്നെ ഇടാന്‍ തീരുമാനിച്ചു.

ലോക്കപ്പില്‍ കിടക്കുമ്പോള്‍ പത്രോസ് ആലോചിച്ചു. പല തവണ മോഷണം നടത്തിയിട്ടുണ്ടെങ്കിലും ഈയൊരു അനുഭവം ഇതാദ്യമാണ്. ഇങ്ങനെ ലോക്കപ്പില്‍ കിടക്കേണ്ടി വന്നിട്ടുമില്ല, ഇത്രയധികം ഇടിയും കൊള്ളേണ്ടി വന്നിട്ടില്ല. അതും ചെയ്യാത്തെ കുറ്റത്തിന്. അങ്ങനെ ലോക്കപ്പില്‍ ഇടി കൊണ്ട വേദനയുമായി കിടക്കുമ്പോള്‍ പത്രോസ് മനം നൊന്ത് പ്രാര്‍ത്ഥിച്ചു....  ഈ ചെയ്യാത്ത കുറ്റത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ എന്ന്. ഒപ്പം പത്രോസിന് മറ്റൊരു വഴി കൂടി തോന്നി. ഇത് ഇപ്പോള്‍ മണ്ഡലമാസമല്ലേ? ഇവിടെ കിടക്കുമ്പോള്‍ തന്നെ യഥാര്‍ത്ഥ മോഷ്ടാവിനെ അയ്യപ്പ സ്വാമിയുടെ കൃപ കൊണ്ട് പോലീസുകാര്‍ക്ക് കണ്ടെത്താനായാലോ? അങ്ങനെയാണെങ്കില്‍ ചെയ്യാത്തെ കുറ്റത്തിനു താന്‍ ലോക്കപ്പില്‍ കിടക്കേണ്ടല്ലോ. അങ്ങനെ ആ യഥാര്‍ത്ഥ മോഷ്ടാവിനെ ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് കണ്ടു പിടിയ്ക്കാനായാല്‍ ഇത്തവണ തനിയ്ക്കും നോമ്പ് നോറ്റ് ശബരിമലയ്ക്ക് പോകണം.

യാദൃശ്ചികമോ ശരിയ്ക്കും സ്വാമി കടാക്ഷമോ എന്നറിയില്ല, എന്തായാലും തൊട്ടടുത്ത ദിവസം തന്നെ പോലീസിന് മറ്റൊരു കള്ളനെ കിട്ടി. ചോദ്യം ചെയ്യലിനിടയില്‍ ആ കല്യാണ വീട്ടിലെ ചെമ്പുകളും മറ്റും മോഷ്ടിച്ചത് അയാളാണെന്നും പാത്രങ്ങള്‍ എവിടെ, ആര്‍ക്ക് വിറ്റു കാശാക്കി എന്നുമെല്ലാം അയാള്‍ സമ്മതിച്ചു. അങ്ങനെ നമ്മുടെ പത്രോസിനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു.

യാദൃശ്ചികമായാലും അല്ലെങ്കിലും ആ കള്ളനെ തൊട്ടടുത്ത ദിവസം തന്നെ പിടികൂടാനായത് അയ്യപ്പ സ്വാമിയുടെ കൃപ കൊണ്ടാണെന്ന് തന്നെ പത്രോസ് ഉറച്ചു വിശ്വസിച്ചു. അതു കൊണ്ടു തന്നെ വീട്ടിലെത്തിയ ഉടനെ പത്രോസ് അക്കാര്യം വീട്ടിലെ മറ്റംഗങ്ങളോടായി വെളിപ്പെടുത്തി."ഞാന്‍ ഇത്തവണ ശബരിമലയ്ക്ക് പോകുന്നു. ഇന്നു തന്നെ വ്രതം തുടങ്ങുകയാണ്". ഇതു കേട്ട് പത്രോസിന്റെ അപ്പനുമമ്മയും സഹോദരങ്ങളും എന്നു വേണ്ട ഭാര്യ പോലും പുച്ഛിച്ചു ചിരിച്ചു. പോലീസിന്റെ ഇടി കൊണ്ടതിന്റെ ആ ഒരു ഹാങ്ങ് ഓവര്‍ ആയിരിയ്ക്കും എന്നേ അവര്‍ കരുതിയുള്ളൂ. പക്ഷേ, പത്രോസ് അപ്പോള്‍ തന്നെ കുളിച്ചു വന്ന് വീടും പരിസരവും സ്വന്തം മുറിയുമെല്ലാം വൃത്തിയാക്കുന്നതു കണ്ടപ്പോള്‍ വീട്ടുകാരുടെ ചിരി മാഞ്ഞു, അമ്പരപ്പായി. അടുത്തതായി ടൌണില്‍ പോയി അയ്യപ്പ സ്വാമിയുടെ ചില്ലിട്ട വലിയ ഒരു ചിത്രവും അതിനു മുന്നില്‍ തിരിയിട്ടു കത്തിയ്ക്കാന്‍ ഒരു കൊച്ചു നിലവിളക്കും ചന്ദനത്തിരിയുമെല്ലാമായി അയാള്‍ വീണ്ടുമെത്തിയപ്പോള്‍ എല്ലാവര്‍ക്കും അമ്പരപ്പായി. അന്നുച്ചയ്ക്ക് ചോറിനു കറിയായി വീട്ടില്‍ നിന്നും കൊടുത്ത മീന്‍കറി പത്രോസ് തൊട്ടില്ല. മാത്രമല്ല, ഇനി ഒരു പത്തു നാല്പതു ദിവസത്തേയ്ക്ക് വീട്ടിലെല്ലാവരും നോണ്‍ വെജിറ്റേറിയന്‍ ഉപേക്ഷിയ്ക്കണമെന്നും ശുദ്ധിയോടെ വീടും പരിസരവും നോക്കണമെന്നും കൂടി പറഞ്ഞപ്പോള്‍ എല്ലാവരുടെയും മുഖം ചുളിഞ്ഞു.

തൊട്ടടുത്ത ദിവസം രാവിലെ തന്നെ പത്രോസ് പുഴയില്‍ പോയി കുളിച്ച് ശുദ്ധിയായി തിരിച്ചു വീട്ടിലെത്തി തന്റെ മുറിയില്‍ ആണിയടിച്ച് തൂക്കിയ അയ്യപ്പ സ്വാമിയുടെ ചിത്രത്തിനു മുന്നില്‍ തിരി തെളിച്ച് തനിയ്ക്കറിയാവുന്ന രീതിയിലെല്ലാം ശരണം വിളിച്ച് തന്റെ വ്രതം തുടങ്ങി. എന്നിട്ട് രാവിലെ തന്നെ മടിയെല്ലാം മാറ്റി പഴയതു പോലെ കൂലിപ്പണിയ്ക്ക് പോയി. പക്ഷേ, വീട്ടിലാര്‍ക്കും പത്രോസിന്റെ ഈ മാറ്റം ദഹിച്ചില്ല. അവരാരും തന്നെ അയാള്‍ പറഞ്ഞതൊന്നും മുഖവിലയ്ക്കെടുത്തില്ല. അവര്‍ പതിവു പോലെ മീനും ഇറച്ചിയുമെല്ലാം വാങ്ങി പാകം ചെയ്ത് കഴിച്ചു, വൈകുന്നേരം പത്രോസിന് ചോറിനൊപ്പം അതൊക്കെ വിളമ്പുകയും ചെയ്തു. ഇതു കണ്ട്  വിഷമത്തിലായ അയാള്‍ വീണ്ടും ഭാര്യയോടും അമ്മയോടുമെല്ലാം തല്കാലത്തേയ്ക്ക് മത്സ്യമാംസങ്ങള്‍ ഉപേക്ഷിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും അവരത് കേട്ടതായി പോലും നടിച്ചില്ല.

നിവൃത്തിയില്ലാതായപ്പോള്‍ പിറ്റേന്ന് മുതല്‍ പത്രോസ് വീട്ടില്‍ നിന്നും ഭക്ഷണം കഴിയ്ക്കാതായി. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം പണിയ്ക്കു പോകുന്ന സുഹൃത്തുക്കള്‍ക്കൊപ്പമായി ഭക്ഷണം. അവരില്‍ തന്നെ മലയ്ക്കു പോകാന്‍ മാലയിട്ട ചില സ്വാമിമാരുമുണ്ടായിരുന്നു. അവരോട് ചോദിച്ച് വ്രതാനുഷ്ഠാനത്തിന്റെ രീതികളെല്ലാം മനസ്സിലാക്കി, കൂടുതല്‍ ശരണമന്ത്രങ്ങള്‍ പഠിച്ചു.
അവരുടെ സഹായത്തോടെ ഒരു രുദ്രാക്ഷമാല വാങ്ങി പൂജിച്ച് മാലയിട്ടു. പതിവില്ലാതെ ജീവിതത്തില്‍ ഒരു അടുക്കും ചിട്ടയുമെല്ലാം പത്രോസിന് അനുഭവപ്പെട്ടു. മോഷണ ചിന്തകള്‍ മുഴുവനായും മാറി നിന്നു.

പക്ഷേ, വീട്ടില്‍ പത്രോസിന് പരീക്ഷണ കാലമായിരുന്നു. ഒരു ദിവസം പത്രോസ് പണി കഴിഞ്ഞ് സന്ധ്യയ്ക്ക് വീട്ടിലെത്തിയ ശേഷം കുളിച്ച് ശരണം ജപിയ്ക്കാന്‍ മുറിയിലെത്തിയപ്പോള്‍ അയ്യപ്പ സ്വാമിയുടെ ഫോട്ടോ അപ്രത്യക്ഷമായിരിയ്ക്കുന്നു. അന്വേഷിച്ചിട്ടും വീട്ടില്‍ ആരും മറുപടി പറഞ്ഞില്ല. കുറേ നേരത്തെ അന്വേഷണത്തിനൊടുവില്‍ അയാള്‍ക്ക് ആ ഫോട്ടോ അടുക്കളയിലെ സ്റ്റോര്‍ റൂമില്‍ മീന്‍കറി പാത്രത്തിനടിയില്‍ നിന്ന് കിട്ടി. മീന്‍ ചട്ടി വച്ചിരുന്നത് ഈ ചിത്രത്തിനു മുകളിലായിരുന്നു. പിന്നീടൊരിയ്ക്കല്‍ വ്രതത്തിന് ഒരു ബലം കൂട്ടാനോ എന്തോ ഒരു തുളസീ മാല കൂടി വാങ്ങി വച്ചിരുന്നു. അത് ഇടാന്‍ തീരുമാനിച്ചതിന്റെ തലേന്ന് വീണ്ടും ആ ചിത്രവും ആ മാലയും മുറിയില്‍ നിന്ന് കാണാതായി. പഴയതു പോലെ തന്നെ സ്റ്റോര്‍ റൂമില്‍ പരതിയെങ്കിലും പരാജയപ്പെട്ട് അടുക്കളയിലെത്തിയ പത്രോസ്
അടുക്കളയിലേയ്ക്ക് അന്വേഷിച്ചു ചെന്നപ്പോള്‍ അടുക്കളയില്‍ കോഴിക്കറി പാചകം ചെയ്തു കൊണ്ടിരിയ്ക്കുന്ന പെങ്ങളെ  കണ്ടു. പെങ്ങളോട്  അതെപ്പറ്റി ചോദിച്ചെങ്കിലും അറിയില്ല എന്ന മറുപടി ആണ് കിട്ടിയത്. എന്നാല്‍ ആ മറുപടിയില്‍ വിശ്വാസം വരാതെ അവിടെ എല്ലയിടത്തും ഒന്നു കൂടി നടന്നു നോക്കിയ അയാള്‍ കാണുന്നത് തിളയ്ക്കുന്ന കോഴിക്കറി പാത്രത്തിനരികിലുള്ള ആണിയില്‍ പുകയും കരിയും  ചൂടുമേറ്റ് കിടക്കുന്ന തന്റെ അയ്യപ്പ സ്വാമിയെയാണ്. ഒപ്പം, ഇടാനായി മാറ്റി വച്ച ആ തുളസീമാലയും. ആ കാഴ്ച കണ്ട് പത്രോസിന്റെ കണ്ണു നിറഞ്ഞു. കറി പാകം ചെയ്തു കൊണ്ടിരുന്ന പെങ്ങളോട് അങ്ങനെ ചെയ്യരുത്, പാപമാണ്, ഈശ്വരന്‍ ഏതായാലും അവരെ പരീക്ഷിയ്ക്കരുത് എന്നൊക്കെ പറഞ്ഞേങ്കിലും അവിടെയും പുച്ഛത്തോടെയുള്ള ഒരു ചിരിയായിരുന്നു പത്രോസിനുള്ള മറുപടി. പത്രോസ് ആ ചിത്രവും മാലയും തിരിച്ചെടുത്ത് കഴുകി വൃത്തിയാക്കി. ചിത്രം വീണ്ടും മുറിയില്‍ വച്ച്  മാല കഴുത്തിലിട്ടു വീണ്ടും പണിയ്ക്കു പോയി.

അന്ന് വൈകുന്നേരം പണി കഴിഞ്ഞ് തിരിച്ചെത്തിയ പത്രോസിനെ ഒരു വാര്‍ത്ത കാത്തിരിപ്പുണ്ടായിരുന്നു. അന്നുച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കുന്നതിനിടെ ഇറച്ചിയുടെ എല്ല് തൊണ്ടയില്‍ കുടുങ്ങി പെങ്ങളെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയിരിയ്ക്കുകയാണ് എന്ന്. സംഗതി സീരിയസ് അല്ലെങ്കിലും ഒരു മൈനര്‍ ഓപ്പറേഷന്‍ വേണ്ടി വന്നത്രെ. കാര്യം അതത്ര നല്ല വാര്‍ത്ത അല്ലെങ്കിലും ഈ സംഭവം പത്രോസിന്റെ ഭക്തി വര്‍ദ്ധിപ്പിച്ചു. അയാള്‍ അത് ഒരു മുന്നറിയിപ്പ് എന്ന പോലെ വീട്ടുകാരെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു.

അയാള്‍ പറഞ്ഞതു പോലെ ഇനിയൊരു പരീക്ഷണം വേണ്ട എന്നു കരുതിയിട്ടോ കുറച്ചൊക്കെ വിശ്വാസം വന്നിട്ടോ എന്തോ പിന്നീട് ആരും പത്രോസിനെ ശല്യം ചെയ്യാന്‍ മുതിര്‍ന്നില്ല. രണ്ടു മൂന്നു ദിവസത്തിനു ശേഷം കെട്ടു നിറച്ച് ഇരുമുടിക്കെട്ടുമേന്തി, കന്നി അയ്യപ്പനായി പത്രോസ് തന്റെ സ്വാമിമാരായ സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലയിലേയ്ക്ക് തിരിച്ചു. അങ്ങനെ പമ്പയിലെത്തിയ പത്രോസ് എല്ലാവരെയും പോലെ പമ്പയാറില്‍ മുങ്ങിക്കുളിയ്ക്കാനിറങ്ങി. മൂന്നു തവണ മുങ്ങി പൊങ്ങിക്കഴിഞ്ഞ  ശേഷമാണ് പത്രോസ് അക്കാര്യം ശ്രദ്ധിച്ചത്. കഴുത്തില്‍ ഒരൊറ്റ മാലയില്ല! അത് മുങ്ങലിനിടയിലെങ്ങനെയോ അവ നഷ്ടപ്പെട്ടിരിയ്ക്കുന്നു.

മാല നഷ്ടപ്പെട്ടതറിഞ്ഞ പത്രോസിന് പരിഭ്രാന്തിയായി. തന്റെ വ്രതമെടുക്കലില്‍ പറ്റിയ വീഴ്ച കൊണ്ടാകുമോ അവ നഷ്ടപ്പെട്ടത്. എന്തു ചെയ്യും എന്നറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ പെട്ടെന്ന് പമ്പയാറിന്റെ കരയില്‍ നില്‍ക്കുന്ന ഒരു വൃദ്ധ സ്വാമി തന്റെ നേരെ നോക്കുന്നത് പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടു. അങ്ങോട്ടൊന്നും ചോദിയ്ക്കാതെ തന്നെ അയാള്‍ പത്രോസിനോട് പറഞ്ഞു. "പേടിയ്ക്കണ്ട, നഷ്ടപ്പെട്ട ആ  മാലകള്‍ക്ക് ശുദ്ധിയില്ല, അതാണ് അത് നഷ്ടപ്പെട്ടത്. അതു സാരമാക്കണ്ട, ഇതാ ഈ മാലയിട്ട് മുങ്ങിക്കുളിച്ച് മല കയറിക്കോളൂ" ഇതും പറഞ്ഞ് അയാള്‍ മറ്റൊരു മാല പത്രോസിനു നേരെ നീട്ടി. ആശ്വാസത്തോടെ പത്രോസ് ആ മാല വാങ്ങി പ്രാര്‍ത്ഥനയോടെ കഴുത്തിലണിഞ്ഞ് വീണ്ടും മുങ്ങി നിവര്‍ന്ന് കരയ്ക്കു കയറി. നന്ദി പറയാനായി ആ വൃദ്ധ സ്വാമിയെ തിരഞ്ഞെങ്കിലും അയാള്‍ ആള്‍ക്കൂട്ടത്തിലെങ്ങോ അപ്രത്യക്ഷനായിരുന്നു.

തുടര്‍ന്ന് ശരണം വിളികളോടെ മറ്റു സ്വാമിമാര്‍ക്കൊപ്പം പത്രോസ് സ്വാമിയും മല കയറി. പതിനെട്ടാം പടിയും കടന്ന് അയ്യപ്പ സ്വാമിയെ ആദ്യമായി ദര്‍ശിച്ച് അഭിഷേകങ്ങളെല്ലാം കഴിഞ്ഞ് സാവധാനം മലയിറങ്ങി. തിരിച്ച് വീട്ടിലെത്തുമ്പോഴേയ്ക്കും മനസ്സു കൊണ്ട് പത്രോസ് ഒരു പ്രതിജ്ഞ എടുത്തിരുന്നു. ഇനിയൊരിയ്ക്കലും താന്‍ മോഷ്ടിയ്ക്കില്ല. അറിയാവുന്ന പോലെ മാന്യമായ് തൊഴിലെടുത്ത് ഇനിയുള്ള കാലം ജീവിയ്ക്കും. മാത്രമല്ല, പറ്റുമ്പോഴെല്ലാം ശബരിമലയ്ക്ക് പോകുകയും ചെയ്യും.

ആ സംഭവത്തിനു ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. പത്രോസ് കൂലിപ്പണിയെടുത്താണെങ്കിലും ഇന്ന് സംതൃപ്തനായി, സുഖമായി ജിവിയ്ക്കുന്നു. പത്രോസിന് ഇന്ന് ആ നാട്ടില്‍ മാന്യമായ് ഒരു സ്ഥാനമുണ്ട്. കള്ളന്‍ പത്രോസ് എന്ന പേര് ഇന്ന് നാട്ടുകാര്‍ മറന്നു കഴിഞ്ഞ മട്ടാണ്. പകരം പലര്‍ക്കും അയാള്‍ ഇന്ന് പത്രോസ് സ്വാമിയാണ്. പല തവണ മലയ്ക്കു പോയതിനാല്‍ എങ്ങനെയോ വന്നു പോയ പേര്. അന്നത്തെ സംഭവങ്ങളെ കുറിച്ച് ചോദിയ്ക്കുന്നവരോട് പത്രോസ് ഇന്നും ഉറപ്പിച്ചു പറയുന്നു... അന്ന് പമ്പയില്‍ വച്ച് തനിയ്ക്കു മാല തന്ന് സമാധാനിപ്പിച്ച് അപ്രത്യക്ഷനായത് മറ്റാരുമല്ല, അയ്യപ്പ സ്വാമി തന്നെ ആണെന്ന്.

പത്രോസിന്റെ ധാരണ സത്യം തന്നെ ആയാലും അല്ലെങ്കിലും ഇന്ന് പത്രോസ് സന്തോഷവാനാണ്. അതു പോലെ അയാളുടെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും.

Monday, December 17, 2012

ഒരു വര്‍ഷം കൂടി യാത്രയാകുന്നു


അങ്ങനെ 2012 ന്റെ അവസാനനാളുകളിലേയ്ക്ക് നമ്മളെല്ലാവരും വന്നെത്തിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കപ്പുറത്ത് ഒരു പുതിയ വര്‍ഷം നമ്മെ കാത്തിരിയ്ക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും എന്തെല്ലാമായിരിയ്ക്കും പുതുവര്‍ഷം കാത്തു വച്ചിരിയ്ക്കുന്നതെന്ന് നമുക്കറിയില്ല. നല്ലതോ ചീത്തയോ... അതെന്തു തന്നെ ആയാലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

പണ്ടെല്ലാം ഓരോ പുതുവര്‍ഷം അടുക്കുന്തോറൂം ആകാംക്ഷയോടെ കാത്തിരിയ്ക്കാറുള്ളത് പുതു വര്‍ഷത്തെ കലണ്ടര്‍ ആയിരുന്നു. ഡിസംബറിലെ പരീക്ഷയെക്കാളും അവധിയെക്കാളും ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത് വരും വര്‍ഷത്തെ കലണ്ടറിനെ ആയിരിയ്ക്കും. ആ ദിവസങ്ങളില്‍ സ്കൂള്‍ വിട്ടു വന്നാല്‍ അച്ഛന്‍ ജോലി കഴിഞ്ഞ് വരുന്നത് കാത്തിരിയ്ക്കും. പുതിയ കലണ്ടറും കൊണ്ടാണോ വരവ് എന്നറിയാന്‍ തന്നെ.

എന്തു കൊണ്ടെന്നറിയില്ല, ആ കലണ്ടര്‍ കാണുന്നതും ഒന്നെടുത്ത് മറിച്ചു നോക്കുന്നതുമെല്ലാം ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു. ചിത്രങ്ങളുള്ള കലണ്ടറുകളോടായിരുന്നു അന്നൊക്കെ കൂടുതലിഷ്ടം. മനോരമയുടെയോ മാതൃഭൂമിയുടെയോ ഒരു കലണ്ടര്‍ എന്തായാലും കാശു കൊടുത്ത് വാങ്ങും. അതു കൂടാതെ ബാങ്കുകളുടെയോ ടെക്സ്റ്റൈല്‍ ഷോപ്പുകളുടെയോ ജ്വല്ലറികളുടെയോ ഒക്കെ കലണ്ടറുകളും കിട്ടും. അവയിലായിരിയ്ക്കും ചിത്രങ്ങള്‍ എന്നതു കൊണ്ട് അതൊക്കെ ആയിരിയ്ക്കും കൂടുതലിഷ്ടം. പിന്നെ പിന്നെ, വളര്‍ന്നു വരുന്തോറും അങ്ങനെയുള്ള കൌതുകങ്ങള്‍ കുറേയൊക്കെ കുറഞ്ഞെങ്കിലും ഇപ്പോഴും ആദ്യമായി വരും വര്‍ഷത്തെ കലണ്ടര്‍ കാണുമ്പോ ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ട്.

അമ്മ വീട്ടില്‍ ചെല്ലുമ്പോള്‍ മലയാളം അക്കങ്ങളിലുള്ള ചില കലണ്ടറുകളും
പണ്ടൊക്കെ കാണാറുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങളായി അത്തരം കലണ്ടറുകള്‍ കാണാറേയില്ല.  അതു പോലെ ഉള്ള കലണ്ടറുകളൊക്കെ ഇപ്പോള്‍ ഇറങ്ങുന്നുണ്ടോ എന്തോ...

0 1 2 3 4 5 6 7 8 9 10 100 1000 ¼ ½ ¾
൦

മലയാളം അക്കങ്ങള്‍

എന്തൊക്കെ ആയാലും ഒരു വര്‍ഷം അവസാനിച്ച് പുതിയതൊന്ന് തുടങ്ങാന്‍ പോകുന്ന അവസരത്തില്‍, അതായത് ഡിസംബര്‍ മാസത്തിന്റെ അവസസാന നാളുകളില്‍ മനസ്സില്‍ തോന്നുന്നത് സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. തീര്‍ച്ചയായും പുതിയ ഒരു വര്‍ഷത്തിന്റെ വരവ് മനസ്സിനെ ആവേശം കൊള്ളിയ്ക്കാറുണ്ട്. എങ്കിലും ഇത്ര നാളും നമ്മുടെ കൂടെ തന്നെ ഉണ്ടായിരുന്നതെന്തോ നമ്മെ വിട്ടു പോകുകയാണ് എന്ന ഒരു തോന്നലും മനസ്സിനെ വിടാതെ പിന്തുടരും. ഒരിയ്ക്കലും...  ഇനി ഒരിയ്ക്കലും പോയ് മറയുന്ന ഈ ദിവസങ്ങള്‍ നമുക്ക് തിരികേ ലഭിയ്ക്കില്ലല്ലോ എന്ന് ഓര്‍മ്മ വരുന്നത് ഡിസംബറിന്റെ ഈ അവസാന നാളുകളിലാണ്.

വര്‍ഷാവസാനത്തില്‍ മാത്രമല്ല, ഏതൊരു ദിവസവും അങ്ങനെ തന്നെയല്ലേ എന്ന് ആലോചിച്ചാല്‍ അതിലൊരു പ്രത്യേകതയും തോന്നില്ല എന്നത് വാസ്തവം തന്നെ. കഴിഞ്ഞു പോകുന്ന ഓരോ ദിവസങ്ങളും തിരിച്ചു കിട്ടാത്തവ തന്നെ. പക്ഷേ, ആ ചിന്തകള്‍ ശക്തമാകുന്നത് ഇതു പോലെയുള്ള നാളുകളിലാണ് എന്ന് മാത്രം.  ഒരു വര്‍ഷാവസാനം എന്നു പറയുന്നത് വെറുതേ 2012 എന്നതില്‍ നിന്ന് 2013 ലേയ്ക്കുള്ള മാറ്റം മാത്രമല്ലല്ലോ. അത് സംഭവ ബഹുലമായ 365 ദിവസങ്ങളുടെ അവസാനവും കൂടിയാണ്. ഈ കഴിഞ്ഞ ഒരു വര്‍ഷ കാലയലവില്‍ എന്തെല്ലാം സംഭവിച്ചു കഴിഞ്ഞു എന്ന് നമ്മളോരോരുത്തരും ഒരോ വര്‍ഷാവസാനത്തിലെങ്കിലും ഒന്ന് ഓര്‍ത്തു നോക്കാറില്ലേ? ഡിസംബര്‍ മാസത്തിന്റെ അവസാനമടുക്കുമ്പോഴേയ്ക്കും ജനുവരി മുതല്‍ ഇങ്ങോട്ടുള്ള 12 മാസങ്ങളിലെ പ്രധാന സംഭവങ്ങളെല്ലാം തന്നെ, അതു നല്ലതോ ചീത്തയോ ആകട്ടെ ഒന്നു കൂടെ നമ്മുടെ മനസ്സിലെത്താതിരിയ്ക്കില്ല.

അതു മാത്രമല്ല, നമ്മുടെയെല്ലാം ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷം കൂടി നാമെല്ലാം ജീവിച്ചു തീര്‍ത്തു കഴിഞ്ഞിരിയ്ക്കുന്നു, അഥവാ നമ്മുടെയെല്ലാം ആയുസ്സിലെ ഒരു വര്‍ഷം കൂടി നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു എന്ന് സമ്മതിയ്ക്കാതെ വയ്യല്ലോ. ആരോ പറഞ്ഞതു പോലെ എനിയ്ക്കിപ്പോള്‍ 30 വയസ്സായി എന്നു പറയുന്നതിന്റെ അര്‍ത്ഥം 'ഞാന്‍ 30 വര്‍ഷം ജീവിച്ചു കഴിഞ്ഞു' എന്നോ 'എന്റെ ആയുസ്സിലെ 30 വര്‍ഷങ്ങള്‍ മരിച്ചു കഴിഞ്ഞു' എന്നോ ആകാമല്ലോ.

അതുമിതും പറഞ്ഞ് ഒരു പുതുവര്‍ഷത്തിന്റെ സുഖം നഷ്ടപ്പെടുത്തുന്നില്ല. നഷ്ടപ്പെട്ടതിനേ ഓര്‍ത്ത് വിഷമിയ്ക്കാതെ വരാനിരിയ്ക്കുന്ന നല്ല നാളുകളെ കുറിച്ച് നമുക്ക് ഓര്‍ക്കാം.
ഒരുപാടു വര്‍ഷങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്. എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്. അത് എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.

2013 ലെ മലയാളം കലണ്ടര്‍ വേണ്ടവര്‍ക്ക് ഇവിടെ നോക്കാം.


നമുക്ക് യാത്ര പറയാന് സമയമായിരിയ്ക്കുന്നു...
2012ന്റെ തീരങ്ങളില് നിന്നും…
പ്രതീക്ഷകളുടെ കൂടാരത്തിലേയ്ക്ക്...
സ്വപ്നങ്ങള് പൂക്കൂന്ന പുതിയൊരു പുലരിയിലേയ്ക്ക്...
നന്മയും സ്നേഹവും വിരിയുന്ന താഴ്വാരത്തിലേയ്ക്ക്...
താളങ്ങള് നഷ്ടപ്പെടാത്ത സൌഹൃദങ്ങളുടെ ലോകത്തേയ്ക്ക്...
നീലക്കുറിഞ്ഞികള് പൂത്തു നില്‍‌ക്കുന്ന മൊട്ടക്കുന്നുകളിലേയ്ക്ക്...
ഓര്‍മകള് കാത്തുസൂക്ഷിക്കുന്ന ഒരു നല്ല നാളെയുടെ തീരത്തിലേയ്ക്ക്...
സ്വപ്നങ്ങളുറങ്ങുന്ന തീരത്തിന് കൂട്ടായ് എന്നും നമ്മുടെ ഇന്നലെകള് ഉണ്ടായിരിയ്ക്കട്ടെ...
യാത്രയാകുന്ന 2012ന്... നന്ദി! നല്‍കിയ ഓര്‍‌മ്മകള്‍‌ക്ക്... സൌഹൃദങ്ങള്‍‌ക്ക്...
 

കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്. 
വരാനിരിയ്ക്കുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിയ്ക്കട്ടെ!

എല്ലാവര്‍ക്കും ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍