പുസ്തകം : സിംഹമുദ്ര
രചന : ശിവൻ എടമന
പ്രസാധകർ : ഡി സി ബുക്ക്സ്
വില : 380 രൂപ (310 പേജുകൾ)
2020-ലെ ഡിസി ബുക്സ് ക്രൈം ഫിക്ഷൻ പുരസ്കാരം നേടിയിരുന്ന ന്യൂറോ ഏരിയ എന്ന അത്യുജ്ജ്വല ത്രില്ലറിനു ശേഷം ശിവൻ എടമന എഴുതുന്ന മറ്റൊരുഗ്രൻ ത്രില്ലർ...
'Surely some revelation is at hand;
Surely the Second Coming is at hand'
"ഭൂമിയിൽ അരാജകത്വം നടമാടി ത്തുടങ്ങുമ്പോൾ രണ്ടാം വരവുണ്ടാകും!"
ജപ്പാനിലെ കാമികാസെ കോർപ്പറേഷനിൽ ജോലി ചെയ്യുന്ന ടെക് സാവികളായ ഇരട്ട സഹോദരങ്ങൾ ജയനും ഹരിയും. അതിലൊരാളെ - ജയനെ, കാണാതാകുന്നു. രണ്ടാമത്തെയാൾ ഹരി കേരളത്തിലേയ്ക്കെത്തുന്നു. കാമികാസെ കോർപ്പറേഷൻറെ ബയോടെക്നോളജി ലാബിൽനിന്നു കൈക്കലാക്കിയ ഒരു രഹസ്യവസ്തുവും കൊണ്ട്. അയാളുടെ പാർട്‌ണർ ജാസ്‌മിൻ, ഇവരുടെ സുഹൃത്ത് ബിജോയിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഒരു പ്രകാരത്തിൽ ജപ്പാൻ അധോലോകത്തിലെ യാക്കുസ എന്ന സംഘടനയുടെ കയ്യിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് കേരളത്തിലേയ്ക്കെത്തുന്നു. അവരെ പിൻതുടരുന്ന ഒരു ക്വട്ടേഷൻ ഗാങ്. അതിനു പുറമെ, എഡിജിപി നടരാജ് പരശുറാമിന്റെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ഡി വൈ എസ് പി അദിതി രാജൻ. പൊലീസിനു വേണ്ടത് ഹരിയെ. ക്വട്ടേഷൻ ഗാങ്ങിന് വേണ്ടതും അയാളെ തന്നെ. ജാസ്മിന്റെ കൂട്ടിന് ആകെയുള്ളത് അവളുടെ ഇക്ക ഹമീദ് അഷ്റഫ് റാവുത്തർ മാത്രം.
ഇതിനിടെ, ഒരു ദിവസം കേരള-തമിഴ്‌നാട് അതിർത്തി പ്രദേശത്ത് ഒരു മരണം സംഭവിക്കുന്നു. അതാരും ശ്രദ്ധിയ്ക്കുന്നില്ല. എന്നാൽ അടുത്ത ദിവസം കേരളത്തിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അതേ രീതിയിലുള്ള മറ്റൊന്ന് നടക്കുമ്പോൾ പ്രശ്നം ഗുരുതരമാകുന്നു. 24 മണിക്കൂറിനു ശേഷം വീണ്ടും കേരള - തമിഴ്‌നാട് അതിർത്തിയിൽ അതേ രീതിയിലുള്ള ഒരു മരണം കൂടി സംഭവിക്കുന്നതോടെ കളി മുറുകുന്നു.
എന്തു കൊണ്ട് പത്മനാഭ സ്വാമി ക്ഷേത്രം, എങ്ങനെ ഇരകൾ ഇത് വരെ ആരും കേൾക്കാത്ത തരത്തിൽ ഭീകരമായി മരണപ്പെടുന്നു? എന്തിന് അവർ കൊല്ലപ്പെടുന്നു? എന്താണ് ആ സിംഹമുദ്രയ്ക്ക് പിന്നിലുള്ള വലിയ രഹസ്യം? മാർത്താണ്ഡവർമ്മയുമായി ഈ സംഭവങ്ങൾക്കുള്ള ബന്ധമെന്ത് ?
നൂറ്റാണ്ടുകൾ മുൻപുള്ള ചരിത്രവും നാനോ ടെക്നോളജി പോലുള്ള അത്യന്താധുനിക സാങ്കേതികവിദ്യയും ഇഴചേരുന്ന ഒരു പ്രമേയമാണ് ഈ നോവലിന്റേത്. മനുഷ്യന്റെ അധികാരഭ്രമവും ആഗ്രഹങ്ങളും കാലദേശഭേദമന്യേ എങ്ങനെ നിലനിൽക്കുന്നു എന്ന് ഈ കൃതി ചർച്ച ചെയ്യുന്നു.
ആദ്യ പേജ് മുതൽ വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണം. 'നാനോ ടെക്നോളജി'യെക്കുറിച്ചും 'റിമോട്ട് റിലേ സിങ്ക് പ്രോട്ടോക്കോളി'നെക്കുറിച്ചും നോവലിലെ വിശദീകരണങ്ങൾ കൗതുകകരമാണ്. ഒരു മുടിനാരിന്റെ പത്തുകോടിയിലൊരംശം മാത്രം വലിപ്പമുള്ള യന്ത്രങ്ങളെ പരിചയപ്പെടുത്തുന്നത് മലയാള സാഹിത്യത്തിൽ ഒരുപക്ഷേ ഇത് ആദ്യമായാകും. അതും ഇത്രയും കൃത്യതയോടെ, മടുപ്പില്ലാതെ, ആകാംക്ഷ ജനിപ്പിയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്.
അതു പോലെ മുന്നൂറു വർഷങ്ങൾക്ക് മുൻപത്തെ തിരുവാങ്കോട് രാജവംശവും മാർത്താണ്ഡവർമ്മയുടെ തന്ത്രങ്ങളും തെക്കുംകൂർ സ്വരൂപവും പത്മനാഭപുരം കൊട്ടാരവും അന്നത്തെ രഹസ്യഭാഷയായ മൂലഭദ്രിയും എല്ലാം നല്ല പങ്കു വഹിയ്ക്കുന്നുണ്ട് ഈ നോവലിൽ. ഒരു മികച്ച ഹിസ്റ്റോറിക്കൽ സയൻസ് ഫിക്ഷൻ ത്രില്ലർ എന്ന് സിംഹമുദ്ര എന്ന ഈ നോവലിനെ നിസ്സംശയം പറയാം... ന്യൂറോ ഏരിയ പോലെ, മലയാളത്തിൽ ഒരു ഡാൻ ബ്രൗൺ നോവൽ വായിയ്ക്കുന്ന സുഖം!
-ശ്രീ