നാട്ടില്‍ മദ്ധ്യ വേനലവധിയായി പറയപ്പെടുന്ന ഏപ്രില്‍ മെയ് മാസങ്ങള്‍ പേരു സൂചിപ്പിയ്ക്കും പോലെ തന്നെ പൊതുവേ ചൂടുകാലമാണ്. എങ്കിലും ആ കൊടും ചൂട് അവസാനിയ്ക്കുമ്പോഴേയ്ക്കും തുടങ്ങും മഴക്കാലം. സാധാരണ മെയ് അവസാനത്തോടെ തന്നെ ആയിരിയ്ക്കും വര്ഷക്കാലത്തിന്റെ ആരംഭം. ജൂണ്‍ മാസത്തില്‍ വേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുന്ന ദിവസമാകുമ്പോഴേയ്ക്കും വര്‍ഷക്കാലം ഇടവപ്പാതി എന്ന ഓമനപ്പേരില്‍ അതിന്റെ തനിനിറം കാട്ടിത്തുടങ്ങിയിട്ടുമുണ്ടാകും
ഉടനേയൊരു വിവാഹം എന്ന ചിന്തയൊന്നും മനസ്സിലുണ്ടായിരുന്നതേയില്ല. പക്ഷേ രണ്ടര വര്‍ഷം മുന്‍പ് ചേട്ടന്റെ വിവാഹം കഴിഞ്ഞതോടെ എല്ലാവരുടെയും നോട്ടം എന്നിലായി (പ്രത്യേകിച്ചും നാട്ടിലെ ബ്രോക്കര്‍മാരുടെ). ഒരുവിധം ഇത്രനാളും ഓരോ ന്യായങ്ങള്‍ പറഞ്ഞ് പിടിച്ചു നിന്നതായിരുന്നു. പക്ഷേ, കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളോരോന്നായി വിവാഹം കഴിച്ചു കഴിഞ്ഞതോടെ വീട്ടില്‍ പറഞ്ഞു നില്‍ക്കാനുള്ള അവസാന പിടിവള്ളിയും നഷ്ടപ്പെട്ടു. എങ്കിലും കഴിഞ്ഞ വര്‍ഷം വരെ ഓരോന്ന് പറഞ്ഞ് വീട്ടുകാര്‍ക്ക് പിടി കൊടുക്കാതെ നിന്നു, കാരണം മനസ്സു കൊണ്ട് ഒരു വിവാഹത്തിന് തയ്യാറെടുത്തിരുന്നില്ല. പക്ഷേ, കഴിഞ്ഞ വര്‍ഷം ഓണാവധിയ്ക്ക് ബന്ധുക്കള്‍ എല്ലവരും ഒത്തു ചേര്‍ന്നപ്പോള്‍ രക്ഷയില്ലെന്നായി. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ, തൃപ്തികരമായ ഒരു മറുപടിയും പറയാനാകാതെ ഞാനും പതറി. എങ്കിലും അവസാനം അവരുടെയൊക്കെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു എനിയ്ക്കും വഴങ്ങേണ്ടി വന്നു. എന്നാലും തിരക്കൊന്നും വേണ്ട, വല്ല ആലോചനയും വന്നാല്‍ കൊള്ളാവുന്നതാണെങ്കില്‍ ആലോചിയ്ക്കാം എന്ന വ്യവസ്ഥയില്‍ ഒപ്പു വച്ച് കൊണ്ട് തല്ക്കാലം ഞാനവിടെ നിന്ന് തലയൂരി.
പക്ഷേ, അവരുണ്ടോ വിടുന്നു... ഞാനൊന്ന് ഓകെ മൂളാന്‍ കാത്തിരിയ്ക്കുകയായിരുന്നു എല്ലാവരും. അപ്പോഴേ അവര്‍ക്കെല്ലാം എന്റെ കണ്ടീഷന്‍സൊക്കെ അറിയണം. അങ്ങനെ ഒന്ന് അതു വരെ പ്ലാന്‍ ചെയ്തില്ലായിരുന്നെങ്കിലും മറുപടി പറയാന്‍എനിയ്ക്കത്ര കാത്തിരിയ്ക്കേണ്ടി വന്നില്ല. കാരണം അങ്ങനെ അധികം കണ്ടീഷന്‍സൊന്നും എനിയ്ക്കുണ്ടായിരുന്നില്ല എന്നതു കൊണ്ടു തന്നെ. ഒരു സാധാരണ പെണ്‍കുട്ടി ആയിരിയ്ക്കണം, മിനിമം ഡിഗ്രി വരെ എങ്കിലും വിദ്യാഭ്യാസം ഉണ്ടായിരിയ്ക്കണം, നാട്ടില്‍ നിന്ന് ഒരുപാട് ദൂരെ നിന്നുള്ള ആലോചന ആകരുത് എന്നീ സാധാരണ നിബന്ധനകള്‍ക്കൊപ്പം ഒരേയൊരു കാര്യമാണ് എടുത്തു പറഞ്ഞത്. പെണ്‍കുട്ടിയുടെ ഉയരം! എനിയ്ക്ക് ആവശ്യത്തിലേറെ ഉയരമുള്ളതിനാല്‍ (കാര്യം 186 സെ.മീ (6.1 അടി)ഉണ്ടെങ്കിലും അതിന്റെ അഹങ്കാരമൊന്നുമില്ലാട്ടോ) പെണ്‍കുട്ടിയ്ക്കും മിനിമം ഒരു 165സെ.മീ. (5. 5 അടി) എങ്കിലും വേണം എന്നു മാത്രം. അപ്പോഴേ അവരെല്ലാവരും കൂടെ എന്നെ തിന്നാന്‍ വന്നു. ഈ 6.1 എന്നു പറയുന്നതൊക്കെ ലോകത്തെങ്ങുമില്ലാത്ത ഉയരമാണെന്നും പറഞ്ഞ് എല്ലാവരും കൂടെ എന്നെ കളിയാക്കി. പെണ്‍കുട്ടികള്‍ക്ക് 160 സെ.മീ. പോലും നല്ല ഉയരമാണെന്നുമൊക്കെ അവര്‍... സംഗതി ശരിയാണെങ്കിലും ലിമിറ്റഡ് എഡിഷന് ഡിമാന്റ് കൂടുതലാണെന്ന് പറഞ്ഞിട്ട് ആരു കേള്‍ക്കാന്‍? ... ഹും!
അപ്പോഴും പെണ്ണുകാണാന്‍ പോക്ക് എന്ന ചടങ്ങ് ഒരു ബാലികേറാമല ആയി തന്നെ എന്റെ മനസ്സില്‍ അവശേഷിച്ചു. ആ ചടങ്ങിന്റെ ചമ്മല് മാക്സിമം കുറയ്ക്കാന്‍ ഒരു വഴിയും ആദ്യമേ തന്നെ കണ്ടെത്തി. ഒരു ആലോചന വന്നാല്‍ ഫോട്ടോയും മറ്റു വിവരങ്ങളും പരസ്പരം കൈമാറി രണ്ടു കൂട്ടര്‍ക്കും തൃപ്തികരമായി തോന്നിയാല്‍ ജാതകവും നോക്കി കുഴപ്പമില്ല എന്നുറപ്പായാല്‍ മാത്രമേ ഞാന്‍ പെണ്ണുകാണാന്‍ തയ്യാറാകൂ എന്ന ആ കണ്ടീഷന്‍ വീട്ടുകാരെല്ലാം സമ്മതിച്ചു. ജാതകത്തിലൊന്നും അത്ര വിശ്വാസം ഇല്ലാത്തതു കൊണ്ട് എനിയ്ക്ക് നാളും ജാതകവും മറ്റും ഒരു പ്രശ്നമായിരുന്നില്ല. എങ്കിലും ഒട്ടു മിക്ക പെണ് വീട്ടുകാര്‍ക്കും ജാതകം നിര്‍ബന്ധമായിരുന്നു. അതു കൊണ്ട് ആ കാര്യമെല്ലാം പെണ്‍വീട്ടുകാര്‍ക്ക് വിട്ടു. അങ്ങനെ പരസ്പരം ഇഷ്ടമായ ഒന്നു രണ്ട് ആലോചനകള്‍ ജാതകം നോക്കുന്ന ചടങ്ങു വരെ എത്തിയപ്പോഴാണ് മനസ്സിലായത്. എന്റെ ജാതകത്തില്‍ ചെറിയ എന്തോ ദോഷമുണ്ടത്രെ. അതു കൊണ്ട് അതേ പോലെ ദോഷമുള്ള പെണ്‍കുട്ടിയെ മാത്രമേ കെട്ടാന്‍ പറ്റൂ എന്ന്.
അങ്ങനെ വന്നപ്പോള്‍ എനിയ്ക്ക് എന്റെ കണ്ടീഷനില്‍ ചെറിയ ഇളവ് ചെയ്യേണ്ടി വന്നു. എന്റെ ഉയരം പെണ്കുട്ടിയ്ക്കോ വീട്ടുകാര്‍ക്കോ അത്ര പ്രശ്നമായി തോന്നുന്നില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ഉയരം കുറച്ചു കുറഞ്ഞാലും സാരമില്ല എന്നായി. (ഒന്നൊന്നര ഇഞ്ച് ഉയരമൊക്കെ ഹീലുള്ള ചെരുപ്പൊക്കെ ഇടുവിച്ച് അഡ്ജസ്റ്റ് ചെയ്ത് ശരിയാക്കി തരാമെന്ന് ചേച്ചിമാരൊക്കെ രഹസ്യമായി ഉറപ്പും തന്നു) എന്നാലും ഒരു നാലഞ്ചു പെണ്ണു കാണലിനുള്ളില്‍ പറ്റിയതൊരെണ്ണം ഒത്തു വന്നാല്‍ മതിയായിരുന്നു എന്നായിരുന്നു പ്രാര്‍ത്ഥന.
എന്തായാലും ആ പ്രാര്‍ത്ഥന വൃഥാവിലായില്ല. ആലോചന തുടങ്ങി രണ്ടു മാസത്തിനുള്ളില്‍ തന്നെ, നാലാമത്തെ പെണ്ണു കാണല്‍ യാത്ര തന്നെ ക്ലിക്ക്ഡ്!!! എന്റെ അടുത്ത സുഹൃത്തായ അനില്‍ (ഇപ്പോള്‍ ഷാര്‍ജയില്‍) വഴിയാണ് ആ ആലോചന വന്നത്. കല്യാണാലോചന തുടങ്ങാമെന്ന് ഏതാണ്ട് തീരുമാനമായ കാലം തൊട്ടേ അവന് ഈ കല്യാണാലോചനയുമായി വന്നിരുന്നെങ്കിലും ഉയരക്കുറവു പ്രശ്നമാകുമോ എന്ന സംശയത്താല്‍ അത് ആദ്യം പരിഗണിച്ചിരുന്നില്ല. അന്ന് ജാതകവും ദോഷവുമൊന്നും ശ്രദ്ധിച്ചിരുന്നില്ലല്ലോ. രണ്ടു മൂന്ന് ആലോചനകള്‍ക്ക് ശേഷമാണ് (അവന് ക്രിസ്തുമസ് ലീവിന് നാട്ടിലെത്തിയ അവസരത്തില്‍) ഒരു ദിവസം യാദൃശ്ചികമായി എന്റെ വീട്ടിലെത്തി, അച്ഛനുമായി സംസാരിയ്ക്കുമ്പോള്‍ ഞാന്‍ എന്റെ കണ്ടീഷനില്‍ റിഡക്ഷന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന കാര്യം അനില്‍ അറിയുന്നത്.
ഉയരത്തിന്റെ കാര്യത്തിലെ കടുംപിടുത്തത്തില്‍ നിന്ന് ഞാന്‍ കുറച്ച് അയഞ്ഞിട്ടുണ്ട് എന്ന് അച്ഛന് സൂചിപ്പിച്ചതും അനില്‍ അപ്പഴേ അച്ഛനോട് പഴയ ആ ആലോചനയുടെ കാര്യം സുചിപ്പിച്ചു. (ആദ്യ തവണ അക്കാര്യം അച്ഛനമ്മമാരുടെ അടുത്തേയ്ക്കെത്തിയില്ലായിരുന്
ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടതിനാല് രണ്ടു വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും ഓരോ സന്ദര്‍ശനം നടത്തിയ ശേഷം നിശ്ചയത്തിന്റേയും വിവാഹത്തിന്റേയും എല്ലാം ദിവസങ്ങള്‍ തീരുമാനിയ്ക്കാം എന്നായി. മോതിരം മാറലും ജാതക കൈമാറ്റവും എല്ലാം ഫെബ്രുവരി 20 ന് എന്ന് തീരുമാനിച്ചു.. അപ്പോള്‍ അവര്‍ക്ക് മാര്‍ച്ച് കഴിഞ്ഞേ കല്യാണത്തിന് ഒരുങ്ങാനാകൂ എന്നും അതില്‍ ഞങ്ങള്‍ക്ക് അസൌകര്യമുണ്ടോ എന്നറിയണമെന്നുമായി അവര്‍. മാര്‍ച്ച് അല്ല, ഏപ്രില്‍ കൂടി കഴിഞ്ഞിട്ട് ആലോചിയ്ക്കുന്നതാണ് കൂടുതല്‍ സൌകര്യമെന്ന് ഞങ്ങളും. (ചേച്ചിയുടെ പ്രസവം മാര്‍ച്ച് അവസാനത്തോടെയാണ് പറഞ്ഞിരുന്നത്. അതും കഴിഞ്ഞ് ചേച്ചിയ്ക്കും കുഞ്ഞിനും കൂടി കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിയണം എന്നു ഞങ്ങള്‍ക്കും ആഗ്രഹമുണ്ടായിരുന്നു.) അങ്ങനെയാണ് അവസാനം മെയ് മാസത്തില്‍ സൌകര്യപ്രദമായ ഒരു ദിവസം കല്യാണം നടത്താം എന്ന തീരുമാനത്തിലെത്തിയതും എല്ലാവര്ക്കും എത്തിച്ചേരാന്‍ പറ്റുന്നതു കൂടി പരിഗണിച്ച് ഒരു ഞായറാഴ്ച (2011 മെയ് 22) കല്യാണ ദിവസമായി നിശ്ചയിച്ചതും.
അപ്പോ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ... കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമായി. 2011 മെയ് 22 ഞായറാഴ്ച ഞാനും വര്‍ഷയും വിവാഹിതരാകുകയാണ്. ഈ സന്തോഷവും ഇവിടെ ഈ ബൂലോകത്തെ സുഹൃത്തുക്കളോട് പങ്കു വയ്ക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും പ്രതീക്ഷിയ്ക്കുന്നു. ഒപ്പം എല്ലാവരേയും ആ ചടങ്ങിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്യുന്നു.
മുഹൂര്‍ത്തം: കൊടകര - കോടാലി കടമ്പോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ രാവിലെ 10നും 11 നും ഇടയ്ക്ക്;
റിസപ്ഷന്: 3മുതല്‍ 6 വരെ എന്റെ വീട്ടില്‍( കൊരട്ടി- ചെറുവാളൂര്‍)
വഴി: http://maps.goo