ചുറ്റുവട്ടങ്ങളിലുള്ള ക്ഷേത്രങ്ങളുടെയും പള്ളികളുടെയും മറ്റും ബാഹുല്യം നിമിത്തം കുട്ടിക്കാലം ഉത്സവങ്ങളും പെരുന്നാളുകളും മൂലം സമ്പന്നമായിരുന്നു, പ്രത്യേകിച്ച് അവധിക്കാലങ്ങള്‍. ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഉത്സവം കൊടിയേറുന്നത് ഫെബ്രുവരി അവസാനമോ മാര്‍ച്ചില്‍ പരീക്ഷക്കാലത്തോ ആയിരിയ്ക്കും. അതു കൊണ്ടു തന്നെ മിക്കവാറും ഉത്സവം തീരുമ്പോഴേയ്ക്കും മദ്ധ്യ വേനലവധി തുടങ്ങിയിട്ടുണ്ടാകും. പലപ്പോഴും എങ്ങനെയെങ്കിലും പരീക്ഷയെല്ലാം ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ മതി എന്ന അവസ്ഥയിലായിരിയ്ക്കും മാര്‍ച്ച് മാസം തള്ളി നീക്കുക. എന്നിട്ട് വേണമല്ലോ ഉത്സവത്തിന്റെ പേരും പറഞ്ഞ് കൂട്ടുകാരോടൊത്ത് അമ്പലപ്പറമ്പും ചുറ്റുമുള്ള പരിസരങ്ങളും മുഴുവന്‍ ചുറ്റി നടക്കാന്‍. ഉത്സവക്കാലമായതിനാല്‍ വീട്ടില്‍ നിന്ന് കാര്യമായ നിയന്ത്രണവുമുണ്ടാകാറില്ല.
ഉത്സവദിനങ്ങളില്‍ രാവിലെ പോലും ക്ഷേത്ര പരിസരം ആളുകളെ കൊണ്ട് നിറഞ്ഞിരിയ്ക്കും. വൈകുന്നേരമാകുമ്പോഴേയ്ക്കും പറയുകയും വേണ്ട. ആ ചുറ്റുവട്ടങ്ങളിലുള്ള എല്ലാ വീടുകളിലേയും ഒരുമാതിരി എല്ലാവരും തന്നെ അമ്പലത്തിനകത്തും അമ്പലപ്പറമ്പിലുമൊക്കെയായി ഹാജരുണ്ടാകും. (ഇന്ന് ഉത്സവമായാലും പെരുന്നാളായാലും ശരി, അതിലൊന്നിലും ആര്‍ക്കുമത്ര താല്പര്യം പോരാ. വിവിധ ചാനലുകളും മറ്റുമായി മിക്കവാറും മുഴുവന്‍ സമയവും എല്ലാവരും ടിവിയ്ക്കു മുന്നിലായിരിയ്ക്കുമല്ലോ)
അന്നൊക്കെ ഞങ്ങളെല്ലാം പരീക്ഷകളെല്ലാം എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാല്‍ പിന്നെ ഉത്സവകാലം ആഘോഷിയ്ക്കാന്‍ തുടങ്ങുകയായി. ഉത്സവം നടക്കുന്ന എല്ലാ ക്ഷേത്രങ്ങളിലുമായി കറങ്ങി നടക്കുകയാണ് അന്നത്തെ പ്രധാന കാര്യപരിപാടികളിലൊന്ന്. ഓരോ ക്ഷേത്രത്തിലെയും ഉത്സവ പരിപാടികള്‍ താരതമ്യം ചെയ്യുക, എവിടെയാണ് ആളുകള്‍ കൂടുതലുണ്ടായിരുന്നതെന്ന കണക്കെടുക്കുക, എവിടുത്തെ ആനയാണ് വലുത്, ഏതാനയ്ക്കാണ് തലയെടുപ്പ് അങ്ങനെയങ്ങനെ പോകും ഞങ്ങളുടെ ഉത്തരവാദിത്വങ്ങള്‍. ആനകളായിരുന്നു എക്കാലത്തും ഉത്സവങ്ങളുടെ ആകര്‍ഷണം. ഉത്സവ സീസണ്‍ തുടങ്ങാറാകുമ്പോഴേയ്ക്കും ആനകളെല്ലാം ഓരോന്നായി നാട്ടിലേയ്ക്കെത്തിത്തുടങ്ങും. നാട്ടുകാരുടെ സ്വന്തം ആനയായ ചങ്ക്രമത്ത് മഹേശ്വരന്‍ തുടങ്ങി പേരുകേട്ട പല ആനകളും പലപ്പോഴായി നാട്ടിലെത്തുക പതിവാണ്.
പിന്നെയങ്ങോട്ട് കുറേ നാളേയ്ക്ക് നാട്ടിലെ പ്രധാന സംസാരവിഷയം ഈ ആനകളായിരിയ്ക്കും. കൊച്ചു കുട്ടികള്‍ മുതല്‍ കുഴിയിലേയ്ക്ക് കാലും നീട്ടിയിരിയ്ക്കുന്നവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും അവിടെ ആ വര്‍ഷത്തെ ഉത്സവത്തിനു വന്നു ചേര്‍ന്നിട്ടുള്ള ഒരുമാതിരി എല്ലാ ആനകളുടെയും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം പരിചിതമായിരിയ്ക്കും. ഉത്സവത്തിന്റെ നോട്ടീസ് കയ്യില്‍ കിട്ടുമ്പോള്‍ പോലും അത്തവണത്തെ കലാപരിപാടികള്‍ ഏതൊക്കെ എന്ന് നോക്കുന്നതിലും മുന്‍പ് നോക്കുക ഏത് ആനയാണ് അത്തവണ ഉത്സവത്തിനെത്തുക എന്നതായിരിയ്ക്കും. അവസാനം ആനകള്‍ വന്നു തുടങ്ങിയാലോ... ഉത്സവത്തിന് എഴുന്നള്ളിയ്ക്കണമെന്നൊന്നുമില്ല. ആനകളെ കെട്ടിയിടുന്ന പറമ്പുകളിലും മറ്റുമായി അതിനെ കാണാന്‍ നാട്ടുകാര്‍ വന്നും പോയുമിരിയ്ക്കും. പലപ്പോഴും കൂട്ടത്തിലെ ധൈര്യവാന്മാര്‍ അതിനെ അടുത്തു കിട്ടിയാല്‍ ഒന്ന് തൊട്ടു നോക്കാന്‍ വരെ ധൈര്യപ്പെടാറുണ്ട്.
ഉത്സവത്തിനായി കൊണ്ടു വരുന്ന ആനകള്‍ ഒന്നാം ഉത്സവ ദിവസത്തിനും രണ്ടു ദിവസം മുന്‍പേ നാട്ടിലെത്താറാണ് പതിവ്. അവയ്ക്ക് വേണ്ട ഭക്ഷണം പാപ്പാന്മാരും ശിങ്കിടികളും നാടു മുഴുവന്‍ കറങ്ങി സംഘടിപ്പിയ്ക്കും. ചിലപ്പോഴെല്ലാം ആനകളെയും കൊണ്ട് പാപ്പാന്മാര്‍ അവയ്ക്കുള്ള ഭക്ഷണം സംഘടിപ്പിയ്ക്കാന്‍ നാട്ടിലേയ്ക്കിറങ്ങും. അതാകുമ്പോള്‍ പനമ്പട്ടയും മറ്റും ആന തന്നെ ചുമന്ന് കൊണ്ടു പോയ്ക്കോളുമല്ലോ. അങ്ങനെ ഒരു തവണ ഞങ്ങളുടെ വീടിനടുത്ത് വന്ന ആന ഒരു പ്രശ്നമുണ്ടാക്കിയ കഥ ഒരിയ്ക്കല്‍ ഞാനെഴുതിയിട്ടുണ്ട്. അപൂര്‍വ്വം അവസരങ്ങളില്‍ ഉത്സവത്തിനായി കൊണ്ടു വന്ന ആനകള്‍ ഇതു പോലെ ചെറിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന അവസരങ്ങളുമുണ്ടാകാറുണ്ട്. പക്ഷേ അതൊന്നും ആളുകള്‍ക്ക് ആനകളോടും ഉത്സവത്തോടുമുള്ള കമ്പം കുറയാനുള്ള കാരണമാകാറില്ല.
അങ്ങനെ ഒരു ഉത്സവക്കാലം. ഉത്സവം മൂന്നു നാലു ദിവസം പിന്നിട്ടു കഴിഞ്ഞു. അങ്ങനെ ഒരു ദിവസം വൈകുന്നേരം പതിവു പോലെ ഞങ്ങളെല്ലാവരും വൈകീട്ടത്തെ ദീപാരാധന തൊഴുവാനും ഉത്സവം കാണാനുമായി അമ്പലത്തിലേയ്ക്ക് പുറപ്പെട്ടു. എല്ലാത്തവണത്തേയും എന്ന പോലെ ഉത്സവവും കണ്ട് എല്ലാ കലാപരിപാടികളും കൂടി കഴിഞ്ഞ ശേഷമേ വീട്ടിലേയ്ക്ക് മടങ്ങി വരൂ എന്നൊക്കെ വീരവാദം പറഞ്ഞിട്ടാണ് അമ്പലത്തിലേയ്ക്ക് ഞങ്ങള്‍ അന്നും ഇറങ്ങിയത്. പക്ഷേ പതിവു പോലെ രാത്രി കുറേ കഴിഞ്ഞപ്പോഴേയ്ക്കും ഉറക്കം വന്നു തുടങ്ങിയപ്പോള്‍ ഉത്സവം പകുതിയായപ്പോഴേയ്ക്ക് ഞാനും ചേട്ടനുമെല്ലാം പതിയേ തിരിച്ച് വീട്ടിലേയ്ക്കു പോന്നു. അന്നത്തെ അലച്ചിലിന്റെ ക്ഷീണവും മറ്റും കാരണം അധികം വൈകാതെ ഭക്ഷണവും കഴിച്ച് ഞാനും ചേട്ടനും ഉറങ്ങാന്‍ കിടന്നു. ഞാന്‍ വൈകാതെ ഉറക്കം പിടിയ്ക്കുകയും ചെയ്തു.
ഇടയ്ക്കെപ്പോഴോ ആരോ എന്നെ കുലുക്കി വിളിച്ച് ഉണര്‍ത്തുന്നതു പോലെ തോന്നിയിട്ടാണ് ഞാന്‍ കണ്ണു തുറന്നത്. കുറച്ചു നേരത്തേയ്ക്ക് ഒന്നും മനസ്സിലായില്ല. ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നു. ആകെ ഒച്ചയും ബഹളവും തന്നെ. ഉറക്കച്ചടവോടെ കണ്ണും തിരുമ്മി നോക്കുമ്പോള്‍ ഒരു പിടി ചൂട്ടും കയ്യില്‍ പിടിച്ചു കൊണ്ട് ചേട്ടന്‍ അടുത്തു നിന്ന് എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. ഉറക്കച്ചടവില്‍ എനിയ്ക്കൊന്നും മനസ്സിലായില്ല. മാത്രമല്ല, ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തിയതിലെ നീരസത്തോടെ ഞാന്‍ വീണ്ടും കിടക്കയിലേയ്ക്ക് തന്നെ ചരിഞ്ഞു. ചേട്ടന്‍ വീണ്ടും എന്നെ വിളിച്ചുണര്‍ത്തി. എന്നിട്ട് വീണ്ടും തിരക്കു പിടിച്ച് എന്തൊക്കെയോ പറഞ്ഞു. അതില്‍ നിന്ന് 'എടാ, അമ്പലത്തില്‍ ആന ഇടഞ്ഞു, ഇങ്ങോട്ടു വരാന്‍ സാധ്യതയുണ്ടെന്ന് കേട്ടു' എന്നത് മാത്രം ഞാന്‍ കേട്ടു. 'ഓ... അതു സാരമില്ല. ഞാനിപ്പോ വരുന്നില്ല, ഞാന്‍ പിന്നെങ്ങാനും കണ്ടോളാം' എന്നും പറഞ്ഞ് ഞാന്‍ വീണ്ടും പുതപ്പെടുത്ത് തല വഴി മൂടി.
എന്റെ മറുപടി കേട്ട് ചേട്ടന്‍ കുറച്ചു നേരം അന്തിച്ചു നിന്നു. പിന്നെ ദേഷ്യത്തില്‍ എന്റെ പുതപ്പെടുത്ത് വലിച്ചെറിഞ്ഞ് എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒന്നൂടെ സ്പഷ്ടമായി പറഞ്ഞു. 'എടാ മണ്ടാ, ആന ഇടഞ്ഞത് കണ്ടു രസിയ്ക്കാനല്ല നിന്നോട് എഴുന്നേറ്റു വരാന്‍ പറഞ്ഞത്. ഉത്സവത്തിനിടെ ഇടഞ്ഞ ആന ചങ്ങലയും പൊട്ടിച്ച് അമ്പലത്തില്‍ നിന്ന് ഇറങ്ങി ഓടി. അത് ചിലപ്പോള്‍ നമ്മുടെ വീടിന്റെ ഭാഗത്തേയ്ക്കും വരാന്‍ സാധ്യത ഉണ്ടെന്ന് ദാ ഇപ്പോള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. വേഗം എഴുന്നേറ്റ് ടെറസ്സിന്റെ മുകളില്‍ കയറിക്കോ... എല്ലാവരും അവിടെയുണ്ട്'
എന്റെ ഉറക്കമെല്ലാം പമ്പ കടന്നു. ചേട്ടന്‍ അപ്പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ പോലും ഞാന്‍ നിന്നില്ല എന്നു തോന്നുന്നു, ആ വാചകം അവസാനിയ്ക്കും മുന്‍പേ ഞാന്‍ ടെറസ്സിനു മുകളിലെത്തിയിരുന്നു. മുന്‍പൊരിയ്ക്കല്‍ ഇടഞ്ഞ ആനയ്ക്കു മുന്‍പില്‍ നെഞ്ചും വിരിച്ചു നിന്ന് ധൈര്യം കാണിച്ചത് മറക്കാറായിട്ടില്ലാത്തതിനാല്‍ വീണ്ടുമൊരു റിസ്ക് എടുക്കേണ്ട എന്നൊരു തീരുമാനമെടുക്കാന്‍ എനിയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല. അവിടെയെത്തുമ്പോഴതാ, അയല്‍പ്പക്കത്തുള്ളവരെല്ലാം തന്നെ അവിടെ ഹാജരായിട്ടുണ്ട്. (അന്ന് ആ ഏരിയായില്‍ ഉള്ള ഒരേയൊരു വാര്‍ക്ക വീട് ഞങ്ങളുടേതായിരുന്നു). അധികം വൈകാതെ കുറേ ചൂട്ടും മണ്ണെണ്ണയും മറ്റുമായി ചേട്ടനും ടെറസ്സിലേയ്ക്കു വന്നു. ആനയെങ്ങാനും അങ്ങോട്ട് വന്നാല്‍ തല്‍ക്കാലത്തേയ്ക്ക് തടുത്തു നിര്‍ത്താന്‍ തീ ഉപകരിച്ചേക്കുമല്ലോ. എല്ലാവരും ടെറസ്സില്‍ എത്തിയ ശേഷം അയല്‍ക്കാരുടെ പട്ടിയും ടെറസ്സിലേയ്ക്കുള്ള അവസാനത്തെ പടിയില്‍ കയറി ഇരിപ്പു പിടിച്ചു.
ടെറസ്സില്‍ ഇരിയ്ക്കുമ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കാമായിരുന്നു, ക്ഷേത്രത്തില്‍ നിന്നുള്ള അനൌണ്‍സ്മെന്റ്... പേടിയോടെയുള്ള ആ ഇരിപ്പിനിടയിലും അയല്‍പക്കത്തെ കരുണന്‍ വല്യച്ഛന്റെ തമാശകള്‍ ഇടയ്ക്കിടയ്ക്ക് എല്ലാവരെയും ചിരിപ്പിച്ചിരുന്നു എന്നതാണ് നേര്. ഇടയ്ക്കിടയ്ക്ക് 'ആന ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. അവിടെയുള്ള വീട്ടുകാര്‍ ജാഗ്രത പാലിയ്ക്കാന്‍ അപേക്ഷ' എന്ന് വിളിച്ചു പറയുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങളുടെ ടെറസ്സ് നിശ്ശബ്ദമാകും. എല്ലാവരും ചെറിയൊരു പേടിയോടെ ഒരു ചങ്ങലക്കിലുക്കത്തിനു കാതോര്‍ത്തു നില്‍ക്കും. അടുത്ത അനൌണ്‍സ്മെന്റില്‍ ആന മറ്റേതെങ്കിലും ഭാഗത്തേവൈക്ക് തിരിഞ്ഞു എന്ന് പറയുന്നതു കേള്‍ക്കുമ്പോള്‍ വീണ്ടും ശ്വാസം നേരെ വീഴും. ഇതിനിടെ ആന ഏതോ പോസ്റ്റ് തട്ടിയിട്ടതിന്റെ ഫലമായി കറന്റും പോയതിനാല്‍ ചുറ്റുപാടും ഇരുട്ടാകുകയും ചെയ്തു. പിന്നെയുള്ള അനൌണ്‍സ്മെന്റ് ആനയുടെ ചങ്ങലക്കിലുക്കം മാത്രം കേട്ടിട്ടായിരുന്നു. (ജനറേറ്റര്‍ ഉണ്ടായിരുന്നതിനാല്‍ മൈക്ക് സെറ്റും ക്ഷേത്രപരിസരത്തെ ചുരുക്കം ട്യൂബ് ലൈറ്റുകളും പ്രവര്‍ത്തനക്ഷമമായിരുന്നു).
ആന ഇടഞ്ഞ വിവരങ്ങളും ആന അതാത് സമയങ്ങളില്‍ ഏത് ഭാഗത്താണ് എത്തിയിട്ടുള്ളത് എന്നുള്ളതുമെല്ലാം മൈക്കിലൂടെ വിളിച്ചു പറഞ്ഞത് നാട്ടുകാരനായ ഒരു മാഷ് ആയിരുന്നു. അതിനടില്‍ കറന്റു പോയതോടെ ആനയെ കാണാതായെങ്കിലും ചങ്ങലക്കിലുക്കത്തില്‍ നിന്ന് ആന ഉദ്ദേശ്ശം ഏതു ഭാഗത്താണ് എന്ന് മൈക്കിലൂടെ അറിയിപ്പു കൊടുത്തു കൊണ്ട് മാഷ് പിടിച്ചു നിന്നു. ഇതിനിടെ ക്ഷേത്രത്തിന്റെ വടക്കേ ഭാഗത്തെങ്ങോ ചങ്ങലക്കിലുക്കം കേട്ട് 'ആന ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുണ്ട്... പരിസരവാസികള്‍ ശ്രദ്ധിയ്ക്കുക' എന്നു വിളിച്ചു പറഞ്ഞ മാഷിനെ ക്ഷേത്രത്തിനകത്ത് തന്നെ സേഫായി ഇരിയ്ക്കുകയായിരുന്ന ഒരു പോലീസുകാരന്‍ ചീത്ത പറഞ്ഞ് അനൌണ്‍സ്മെന്റ് നിര്‍ത്തിച്ചു. കാരണം, ആന വടക്കു ഭാഗത്ത് എന്ന് മാഷ് വിളിച്ചു പറയുന്ന സമയത്ത് യഥാര്‍ത്ഥത്തില്‍ അതേ ആന മാഷ് വിളിച്ചു പറയുന്ന സ്ഥലത്തിനടുത്തു കൂടെ കടന്നു പോകുകയായിരുന്നു. വടക്കു ഭാഗത്തെങ്ങോ വേറെ എന്തോ ചങ്ങല കിലുങ്ങിയ ശബ്ദമാണ് പാവം മാഷ് ശ്രദ്ധിച്ചത് എന്നു മാത്രം. തെറ്റായ അനൌണ്‍സ്മെന്റ് വരുത്തി വച്ചേക്കാവുന്ന അപകടം കണക്കിലെടുത്താണ് ഇതു മനസ്സിലാക്കിയ പോലീസ് അദ്ദേഹത്തെ വിലക്കിയത്. പിന്നീട് ആനയെ തളച്ച ശേഷമാണ് അക്കാര്യം അറിയിയ്ക്കാന്‍ വീണ്ടും മൈക്ക് പ്രവര്‍ത്തിപ്പിച്ചത്.
എന്തായാലും മണിക്കൂറുകള്‍ ആ പരിസരത്തെ ജനങ്ങളെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം നേരം വെളുക്കുന്നതിനു മുന്‍പ് തന്നെ ആനയെ തളയ്ക്കാന്‍ കഴിഞ്ഞു. മണിക്കൂറുകളോളം നാടു മുഴുവനും ഓടി നടന്ന ശേഷം ആന കുറച്ചൊന്ന് അടങ്ങുകയും അങ്ങനെ ക്ഷേത്രപരിസരത്ത് പ്രധാന ഗോപുരത്തിനടുത്തോ മറ്റോ എത്തിയപ്പോള്‍ പാപ്പാന്‍ അതിന്റെ പുറത്തേയ്ക്ക് തഞ്ചത്തില്‍ കയറിപ്പറ്റുകയുമായിരുന്നു എന്ന് ദൃക്‍സാക്ഷികള്‍ പറഞ്ഞറിഞ്ഞു.
ആനയെ തളച്ചു എന്ന അറിയിപ്പ് മൈക്കിലൂടെ കേട്ടിട്ടും പിന്നെയും കുറേ നേരം കൂടെ ഞങ്ങളെല്ലാവരും ആ ടെറസ്സിനു മുകളില്‍ തന്നെ കഴിച്ചു കൂട്ടി. അവസാനം ഏതാണ്ട് നേരം വെളുക്കാറായപ്പോഴാണ് ഓരോരുത്തരായി അവരവരുടെ വീടുകളിലേയ്ക്ക് പോകാന്‍ തുടങ്ങിയത്. അധികം നാശനഷ്ടങ്ങളൊന്നുമുണ്ടാകാതെ ആനയെ തളയ്ക്കാന്‍ പറ്റിയെങ്കിലും അന്നത്തെ ആ ഒരു രാത്രി നാട്ടുകാര്‍ക്ക് ഒരു കാളരാത്രി തന്നെ ആയിരുന്നു. അന്ന് രാത്രി നടത്താനിരുന്ന നാടകം ഉപേക്ഷിയ്ക്കേണ്ടിയും വന്നു. ക്ഷേത്രപരിസരത്തെ ഒറ്റ വീട്ടുകാരും അന്ന് ഉറങ്ങിയില്ലെന്ന് മാത്രമല്ല, ആനയും നാട്ടുകാരും ഉത്സവം കാണാനെത്തിയവരുമെല്ലാം ഓടിയ കൂട്ടത്തില്‍ ആ പരിസരത്തെ മിക്ക പറമ്പുകളിലെയും വിളകള്‍ പലതും നശിയ്ക്കുകയും ചെയ്തു.
ഇന്ന് ഈ സംഭവത്തിനു ശേഷം പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഉത്സവത്തിന്റെയും ആഘോഷങ്ങളുടെയും രീതികളും കുറേ മാറി. ഞങ്ങളുടെ പിഷാരത്ത് ക്ഷേത്രത്തില്‍ തന്നെ ഉത്സവത്തിനു വരുന്ന ആനകളുടെ എണ്ണം ഇപ്പോള്‍ 7 ആയി. പക്ഷേ പഴയ പൊലിമയെല്ലാം ഇന്നത്തെ ഉത്സവക്കാലങ്ങള്‍ക്ക് എന്നേ നഷ്ടമായിക്കഴിഞ്ഞു.
Sunday, February 27, 2011
ഓര്‍മ്മകളില്‍ ഒരുത്സവമേളം
എഴുതിയത് ശ്രീ at 7:09 PM
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Post Comments (Atom)
71 comments:
നാട്ടില്‍ ഇത് ഉത്സവ കാലത്തിന്റെ ആരംഭം. ഉത്സവകാലത്തെ കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ നല്ല നിറമുള്ള ഓര്‍മ്മകള്‍ ലഭിയ്ക്കുന്നത് കുട്ടിക്കാലത്തേതു തന്നെ. അങ്ങനെയുള്ള ഒരു പഴയ ഉത്സവകാലത്തെ ഓര്‍മ്മക്കുറിപ്പാണ് ഇത്തവണ.
ആ ഒരു രാത്രിയുടെ ഓര്‍മ്മകളെ ഞങ്ങള്‍ അനുഭവിച്ച അതേ തീവ്രതയില്‍ എഴുതി ഫലിപ്പിയ്ക്കാനാകുമെന്ന് തോന്നുന്നില്ല. എങ്കിലും അത് ഇവിടെ പകര്‍ത്തി വയ്ക്കുന്നു എന്ന് മാത്രം.
ഓര്‍മ്മകളിലെ ഉത്സവം.
ആനപ്രേമം.
പിന്നെ ആന നല്‍കിയ കാളരാത്രി.
രസകരമായി പറഞ്ഞ ഓര്‍മ്മകിലുക്കം.
ആശംസകള്‍ ശ്രീ.
ആന രാത്രി കൊള്ളാം
ആനക്ക് അനുഭവപെട്ട മനുഷ്യരാത്രി കഷ്ട്ടായി
ആനകളെ വെറുതെ വിടുക
നന്നായ് ഈ ഉത്സവ ഓര്‍മ്മ. പാവം ആന,അതും നല്ലോണം പേടിച്ചിട്ടുണ്ടാകും.
കഴിഞ്ഞവര്‍ഷം മേളത്തിനിടയില്‍ തിടമ്പുമായിനില്‍ക്കുന്ന ആന തുമ്മിയപ്പോള്‍ എല്ലാരും പേടിച്ചോടി. പിന്നെ തുമ്മിയതാണെന്നറിഞ്ഞപ്പോള്‍ ഭയങ്കര ചമ്മലായിരുന്നു.ഓരോ പൂരത്തിനുമുണ്ടാവും ഓരോകഥ പറയാന്‍.......:)
പഴയ പൊലിമ ഇന്നത്തെ ഒരു ഉത്സവത്തിനും ഇല്ലാ തന്നെ.
ഉത്സവങ്ങള്‍ക്ക് എന്നും ഒരു പ്രത്യേക അനുഭൂതി തന്നെയുണ്ട്. എന്നും ഇഷ്ടപ്പെടുന്ന കാര്യമാണ് ഉത്സവപ്പറമ്പില്‍ കറങ്ങി നടക്കുന്നത്. ആനപ്പാച്ചിലിന്റെ അകമ്പടിയോടെയുള്ള ഈ ഉത്സവവിവരണം കലക്കിയിട്ടുണ്ട്. ഒപ്പം പിന്നോട്ട് തിരിഞ്ഞു നോക്കാന്‍ ഒരു പ്രചോദനവും.
ആനകള്‍ക്ക് എഴുത്തും വായനയും അറിയാമായിരുന്നെങ്കില്‍ !!
ശ്രീക്കുട്ടാ... ആനകള്‍ക്കൊക്കെ നല്ല ഓര്‍മ്മശക്തിയാണെന്നാ കേട്ടത്... ഇതെങ്ങാനും വായിച്ചാല്‍ ആന ബാംഗളൂര്‍ വരെ തേടിയെത്തും കേട്ടോ...
മുന്‍പൊരിയ്ക്കല്‍ ഇടഞ്ഞ ആനയ്ക്കു മുന്‍പില്‍ നെഞ്ചും വിരിച്ചു നിന്ന് ധൈര്യം കാണിച്ചത് മറക്കാറായിട്ടില്ലാത്തതിനാല്‍ വീണ്ടുമൊരു റിസ്ക് എടുക്കേണ്ട എന്നൊരു തീരുമാനമെടുക്കാന്‍ എനിയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല...
ക്ഷ ഇഷ്ടായീന്നങ്ങട് വെയ്ക്ക
ആന എത്ര ഉത്സവം കലക്കിയാലും ആനയില്ലാതെ ഉത്സവമുണ്ടാവുമോ
ഭേഷ്....
അന്നത്തെ ആന മതിപ്പും ആനരാത്രിയും ... ആ ഭീകരാന്തരീക്ഷം ഒരു മറ്ക്കാത്ത രാത്രിയുടെ ഓർമ്മയായി...
ഒട്ടും പൊലിമ നഷ്ട്ടപ്പെടാതെ ചാരുതയായി തന്നെ വർണ്ണിച്ചിരിക്കുന്നു.
നിറങ്ങള്‍ നിറഞ്ഞ ഓര്‍മ്മകള്‍.
നന്നായിരിക്കുന്നു.
ആശംസകള്‍!!
ചെറുവാടി മാഷേ...
ആദ്യ കമന്റിനു നന്ദി മാഷേ.
ഹാഷിം...
ഒരു കണക്കിന് അതും ശരിയാണ്. അന്ന് ആ ഇടഞ്ഞ ആനയുടെ പിറകെയായി അന്നത്തെ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും.അവര്‍ക്ക് അതൊരു ഹരമായിരുന്നു.
മുല്ല ...
അതെ, പേടിച്ചില്ലെങ്കിലും മൊത്തത്തിലുള്ള ബഹളം ആനയെയും വെകിളി പിടിപ്പിച്ചു കാണണം.
കമന്റിനു നന്ദി.
പ്രയാണ്‍ ...
ശരിയാണ് ചേച്ചീ. ഓരോ ഉത്സവകാലത്തിനുമുണ്ടാകും ഇതേപോലെ ഒരുപാട് കഥകള്‍.
എത്രയൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞാലും ആനയുടെ ആ വലിപ്പം വച്ച് അവനൊന്ന് ഇടഞ്ഞാലത്തെ അവസ്ഥ! അതായിരിയ്ക്കും ഒരു തുമ്മലിനു പോലും ആളുകളെ ഭയപ്പെടുത്താന്‍ കഴിഞ്ഞത്
:)
ആളവന്‍താന്‍ ...
വളരെ ശരിയാണ്. കുട്ടികള്‍ക്കോ മുതിര്‍ന്നവര്‍ക്കോ ഇന്ന് ഉത്സവകാലങ്ങള്‍ പഴയ ആവേശം നല്‍കുന്നില്ലെന്ന് തോന്നുന്നു. (എന്റെ കാര്യവും വ്യത്യസ്ഥമല്ല)
Shukoor മാഷേ...
അതൊരു സുഖമുള്ള കാലമായിരുന്നു. വളരെ നന്ദി മാഷേ.
രമേശ്‌അരൂര്‍...
എന്നിട്ട് വേണം എന്റെ ആപ്പീസു പൂട്ടാന്‍ ല്ലേ? ;)
വിനുവേട്ടാ...
ഞാന്‍ ബാംഗ്ലൂര്‍ നിന്നു താമസം മാറ്റണോ ;)
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! ...
വളരെ നന്ദി. (അങ്ങനെ നെഞ്ചു വിരിച്ച് നില്‍ക്കേണ്ടി വന്ന സംഭവം മുന്‍പൊരിയ്ക്കല്‍ എഴുതിയിരുന്നു) :)
അലി ഭായ്...
വളരെ ശരി. എത്രയൊക്കെ ആയാലും ആനയില്ലാതെ എന്തുത്സവം!
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM...
വളരെ നന്ദി മാഷേ. അന്നത്തെ ആ ഒരു രാത്രിയുടെ ഭീകരത അന്നത്തേക്കാള്‍ ഇന്ന് ആലോചിയ്ക്കുമ്പോഴാണ് ശരിയ്ക്കു മനസ്സിലാക്കുന്നത്. കാരണം അന്ന് അത്ര പേടി തോന്നേണ്ട പ്രായമായില്ലായിരുന്നു :)
ഞാന്‍:ഗന്ധര്‍വന്‍ ...
വളരെ നന്ദി മാഷേ.
മാഷേ,കഴിഞ്ഞ ഏപ്രിൽ മെയ് നാട്ടിൽ തകർത്തതാ,ഇത്തവണ ഓണത്തിനു ആർമാദിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോൾ കൊതിപ്പിക്കരുത്....
ശ്രി അണ്ണാ, ആനയും കൊണ്ട് വന്നത് നന്നായി കുറെ കാലമായി ആനയെ കണ്ടിട്ട് ഇപ്പൊ ആ പൂതി മാറി.
സ്നേഹാശംസകള്‍
ഇവിടെ ആനയിറങ്ങിയത് അറിയാനിത്തിരി വൈകി.. ഭാഗ്യം, ഞാന്‍ വരുന്നതിനു മുന്നെ തന്നെ ആനയെ തളച്ചല്ലോ.. :)
അനൌണ്സ് മെന്‍റ് കേട്ട് ആനയ്ക് വഴി തെറ്റണ്ട എന്ന് കരുതി പോലീസുകാരന്‍ ബുദ്ധിപരമായി വിലക്കിയതാവണം..
ആനപ്പുരാണം കേമം !
ഉത്സവത്തിന്റെ ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് . ഓര്‍മകളില്‍ മാത്രമേ ഉത്സവങ്ങളുള്ളൂ എന്ന് ഇടയ്ക്കു തോന്നിപ്പോകും . പോസ്റ്റ് ഇഷ്ടമായി .
ഉത്സവങ്ങള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ശ്രീയുടെ ഈ പോസ്റ്റും !
ആശംസകള്‍..
ശ്രീയുടെ സമഗ്രമായ വിവരണത്തിലൂടെ ആ രാത്രി ഞാനും അനുഭവിച്ചു.
നന്നായി .പക്ഷെ ഏതോ ആ ആനയെ കുറിച്ച് ഓര്‍ത്തു സങ്കടം തോന്നി.
ആശംസകള്‍
ശ്രീ.,ആ രാത്രി വല്ലാത്ത ടെന്‍ഷന്‍ പിടിച്ച രാത്രിയായിരിക്കുമല്ലേ.ആനകളെ ഇങ്ങനെ നിരത്തി നെറ്റിപ്പട്ടമൊക്കെ കെട്ടി നിര്‍ത്തുന്നത് കാണാനിഷ്ടമെങ്കിലും ഇങ്ങനെ ഇടയുന്നതും,പാവം ആനകളുടെ തീരാത്ത കഷ്ടപ്പാടുകളും ഓര്‍ക്കുമ്പോള്‍ ഇതൊന്നും വേണ്ടാന്നു തോന്നും.:(
'ആന ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തേയ്ക്ക് തിരിഞ്ഞിട്ടുണ്ട്............ശ്രീ ഓടിക്കോ .........................
ശരിയാണ്. ഉത്സവങ്ങള്‍ തുടങ്ങുന്നത് പരീക്ഷക്കാലം കഴിയുന്ന കാലത്താണ്. അവസാനത്തെ പരീക്ഷയും കഴിയുമ്പോള്‍ ഒരു മേളം തന്നെയാവും മനസ്സില്‍. ഇപ്പൊ ആ കാലത്തെ ഓര്‍ത്തു ബ്ലോഗിലൂടെ
പങ്കുവെക്കാം എന്നല്ലാതെ വേറെന്തു മേളം?
എന്റെ മറുപടി കേട്ട് ചേട്ടന്‍ കുറച്ചു നേരം അന്തിച്ചു നിന്നു.. ഇത് ചുമ്മാ ശ്രീ അപ്പൊ ഉറക്കതില്ലല്ലേ (വെറുതെ)..
ഈ ഉത്സവകാലത്ത് അത്യാഹിതങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം
ഓര്‍മ്മകളെ വീണ്ടും ആ പഴയ ഉത്സവരാത്രിയിലേക്ക് മടക്കിക്കൊണ്ടുപോയി...
പിന്നെ 1993 ലെ മാര്‍ച്ചിലെ ഒരു വ്യാഴാഴ്ച ആണ് ഈ സംഭവം നടന്നത്.(എന്റെ 9 ആം ക്ലാസ്സിലെ എക്സാം നടക്കുന്നതിനിടെ)...
പിന്നെ അന്ന് നാടകം ആയിരുന്നില്ല... ഗാനമേള....
നമ്മുടെ കൊച്ചമ്മൂമ്മയും , പിന്നെ ചിറ്റയുടെ അനിയത്തി രമചേച്ചിയുടെ ഹസ് ബന്റ് രത്നന്‍ ചേട്ടനും ഉത്സവത്തിന് പോയിരുന്നു.
നമ്മള്‍ ടെറസ്സില്‍ ഇരുന്ന് ഏറെകഴിഞ്ഞാണ് അവരെല്ലാം എത്തിച്ചേര്‍ന്നത്...
:)
nikukechery...
അപ്പോ ഇത്തവണത്തെ വരവും മോശമാകാതിരിയ്ക്കട്ടെ :)
കുന്നെക്കാടന്‍ ...
ഇങ്ങോട്ട് ആദ്യമാണെന്ന് തോന്നുന്നല്ലോ... സ്വാഗതം.
ജിമ്മിച്ചാ...
ഇവിടെ കണ്ടതില്‍ വളരെ സന്തോഷം. ആ അനൌണ്‍സ്‌മെന്റ് അങ്ങനെ തുടര്‍ന്നിരുന്നെങ്കില്‍ ചിലപ്പോ ആര്‍ക്കെങ്കിലും പണി കിട്ടിയേനെ. കാരണം വിളിച്ചു പറയുന്നതും വിശ്വസിച്ച് ആരെങ്കിലും നേരെ ആനയുടെ മുന്നില്‍ ചാടിയാലോ...
arjun karthika ...
ശരിയാണെന്ന് പറയേണ്ടി വരും. ചുരുങ്ങിയ പക്ഷം എന്റെ കാര്യത്തിലെങ്കിലും. പഴയ ഓര്‍മ്മകളിലേ ഉത്സവത്തിനു പൊലിമ തോന്നുന്നുള്ളൂ.
Villagemaan ...
വളരെ നന്ദി മാഷേ
കുമാരേട്ടാ...
വളരെ സന്തോഷം :)
the man to walk with ...
ആ ആനയുടെ കാര്യവും ശരി തന്നെ. പക്ഷേ അന്നത്തെ ആ രാത്രി അത് മൂലം പേടിച്ച നാട്ടുകാരോ :)
Rare Rose ...
ഹോ...ആ രാത്രിയെ പറ്റി ഇപ്പോള്‍ ആലോചിയ്ക്കുമ്പോഴാണ് കൂടുതല്‍ പേടി തോന്നുന്നത്.
അന്ന് ആ ആന അധികം അനിഷ്ട സംഭവങ്ങള്‍ക്കൊന്നും ഇടയാക്കാതിരുന്നതിനാല്‍ തളച്ച ശേഷവും അതിനു പ്രശ്നമൊന്നും ഉണ്ടായില്ല എന്നാണോര്‍മ്മ.
MyDreams ...
ഹ ഹ. ആ അനൌണ്‍സ്‌മെന്റ് ഇന്നും നല്ല പോലെ ഓര്‍മ്മയുണ്ട്.
Sukanya ചേച്ചീ...
വളരെ ശരിയാണ് ചേച്ചി.
ഇന്നത്തെ ഉത്സവങ്ങളുടെ മേളമെല്ലാം ഓര്‍മ്മകളില്‍ മാത്രമായി.
പ്രദീപൻസ് ...
അതെയതെ. ഈ ഉത്സവകാലത്ത് അത്യാഹിതങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം :)
ഹഹ... ഗണേശന്റെ കാര്യം ഞാന്‍ കഴിഞ്ഞ മാസം പറഞ്ഞെ ഒള്ളരുന്നു.... ഉത്സവകാലം ആയാല്‍...ആദ്യം ഓര്‍മ്മ വരനെ ആന കഥകളാ അല്ലെ...
nannayirkunnu...
Well written. Perhaps these are the days we get in touch with everyone, share laugh, tears. Overall this get together during these festival makes Keralites different from others. My wishes.
{NB: The converter is not working :-) }
ചെറുപ്പത്തില്‍ ഉത്സവം ശരിക്കും ആഘോഷിച്ചിട്ടുണ്ട്
ആന എത്തുന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെ അതിന്റെ പിന്നാലെ കൂടും അവസാന ദിവസം എത്തുമ്പോള്‍ മനസ്സ് വിങ്ങി പൊട്ടി തുടങ്ങും പിന്നെ കുറച്ചു ദിവസം ഉത്സവം ആന ചെണ്ട ഇതെല്ലാം സ്ഥിരമായി കാണും സ്വപ്നത്തില്‍
ഇന്ന് എല്ലാം വെറും ഓര്‍മ്മകള്‍
Sri!
ana idanju valiya oru athyahitham thanne undaya sambhavam njangaluTe ampalathil undayittundu. orkkan kudi ishtamalla athu, njangalude valappilayirunnu aa anaye thalachirunnathu...
(comments ezhuthiya kalam marannu... :)
പണ്ടു് കോഴിക്കോട്ടുള്ള വീട്ടിനടുത്തു് അമ്പലത്തിൽ ഒരിക്കൽ ആനയെ കൊണ്ടുവന്നു. അമ്പലത്തിനു മുന്നിൽ അമ്പലക്കുളമാണു്. ആന ഉൽസവത്തിനു് വന്നതാണു് എന്നോർക്കാതെ നേരെ കുളത്തിലേക്കിറങ്ങി നീരാട്ടായി. "കേറി വാ ആനേ" എന്നു് പാപ്പാൻ അപേക്ഷിച്ചപ്പൊ "പോടാ പുല്ലേ" എന്ന മട്ടിൽ ആന ഒന്നു് മൂളി. കുറേ കഴിഞ്ഞു് ബോർ അടിച്ചപ്പൊ ആന എഴുന്നേറ്റ് പോയത്രെ. അതിൽ പിന്നെ ഉൽസവത്തിനു് ആനയെ എഴുന്നള്ളിക്കാറില്ല. കാരണം വരുന്ന വഴിക്കു് അമ്പലത്തിനു് മുമ്പ് കുളം വരും.
ഇത് കൊള്ളാം..
ശ്രീ,ഉറക്കമൊഴിച്ച് ഉത്സവം കണ്ടിരുന്ന പഴയ കാലം ഓർത്തു ഈ നല്ല കൂറിപ്പു കണ്ടപ്പോൾ, നന്ദി. ആ, ഇന്ന് എന്റെ വീടിനു തൊട്ടടുത്ത് മണപ്പുള്ളിക്കാവിൽ വേല(ഉത്സവമാണ്) ആനകൾ (ഇടയുമോ ആവോ) പാലക്കാടൻ പഞ്ചവാദ്യത്തിന്റെ മേളകൊഴുപ്പ്,വെ ടിക്കെട്ട്, ഞാൻ കാണാൻ പോവുകയാണ്, എന്താ വരുന്നോ?
നല്ല ഓർമ്മകൾ.. ഇന്റർനെറ്റും, റിയാലിറ്റിഷോകളും, സീരിയലുകളുടെയും ഈ കാലത്ത് ഉത്സവങ്ങളും, പെരുന്നാളുകളും ആഘോഷിക്കാൻ ആർക്കാണ് നേരം..
കണ്ണനുണ്ണി ...
വളരെ ശരി, ആനകളില്ലാതെ എന്തുത്സവം :)
വരികളിലൂടെ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
Pranavam Ravikumar a.k.a. Kochuravi ...
ശരിയാണ്. ഇതു പോലുള്ള ഉത്സവകാലത്തേയുള്ളൂ ഇപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒരുമിച്ച് കൂടുന്നതും മറ്റും.
സന്ദര്‍ശനത്തിനും വായനയ്ക്കും കമന്റിനും നന്ദി.
ramanika ...
ആ ഓര്‍മ്മകള്‍ കൂടി ഇവിടെ പങ്കുവച്ചതിനു നന്ദി മാഷേ
P.R ചേച്ചീ...
ആന ഇടഞ്ഞ അനിഷ്ട സംഭവങ്ങള്‍ വീണ്ടുമൊരിയ്ക്കല്‍ കൂടി ഓര്‍ക്കാന്‍ ആരും ഇഷ്ടപ്പെടാനിടയില്ല.
ഇവിടെയും നാശനഷ്ടങ്ങളൊന്നും കാര്യമായി ഉണ്ടാകാതിരുന്നതു കൊണ്ടു കൂടിയാകണം ഇന്നും നാട്ടിലെല്ലാവരും ലാഘവത്തോടെ ആ കാര്യം വീണ്ടുമോര്‍ക്കുന്നത്.
[പറഞ്ഞതു പോലെ ഈ വഴിയൊക്കെ കണ്ടിട്ട് കാലമൊരുപാടായല്ലോ]
ചിതല്‍/chithal ...
പാവം ആന. കുറേക്കാലം കൂടി വെള്ളം കണ്ടതാകും. ആ അനുഭവം ഇവിടെ പങ്കു വച്ചതിനു നന്ദി :)
പിള്ളേച്ചന്‍ ...
നന്ദി :)
ശ്രീനാഥന്‍ മാഷേ...
മണപ്പുള്ളിക്കാവിലെ വേല പൊടിപാറട്ടെ :)
വരാന്‍ പറ്റാത്തതിനാല്‍ വിശേഷങ്ങള്‍ പോസ്റ്റാക്കിയാല്‍ മതി മാഷേ :)
sijo george ...
വളരെ ശരിയാണ് മാഷേ.
നല്ല ഓര്‍മ്മകള്‍ ശ്രീ
നന്നായിരിക്കുന്നു ശ്രീ..
ആശംസകള്‍..
ശ്രീ.. ആനക്കഥ വളരെ ഗംഭീരായീട്ടൊ... എന്റെ മനസ്സിൽ അത്തരം കഥകൾ ഇന്ന് ഓർമ്മയിൽ മാത്രം. ഉത്സവകാലത്തൊന്നും നാട്ടിൽ വരാൻ കഴിയാറില്ല. ഇന്ന് ടീവിയിൽ കാണുന്ന ഉത്സവ-ആനക്കഥകളേയുള്ളു.
ആശംസകൾ....
ആനകളെ മനുഷ്യര്‍ക്ക് ഇനിയും മനസിലായിട്ടില്ല ..
അല്ല ആരെയും മനസിലായിട്ടില്ല ..:)
ഈ ആനക്കഥയും നന്നായി .:)
പാവം ആന ..നിങ്ങളൊയൊക്കെ പേടിച്ച് ഒരു രാത്രി.. കഷ്ടം !
ഓടോ :
പിന്നെ, അടുത്ത ഉതസവത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയില്ലേ ?:)
ഇനി മുതല്‍ ഉത്സവങ്ങള്‍ക്ക് ആന്യ്ക്കു പകരം JCBയെ നെറ്റിപ്പട്ടമൊക്കെ കെട്ടിച്ച് എഴുന്നെള്ളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതാകുമ്പോള്‍ ഇടയുകയൊന്നുമില്ലല്ലോ..
njanippol bankil aanu shree pazhayathu pole onnum nadakkoola
ennalum ezhuth nammal nirthilla ketto nammude aradakare orthittonnumalla :-) ezhuthuka ennathu nammude aagraha prakaram mathram anallo allathe kazhivu kondonnum allallo.....
എത്ര ഇടയുമെന്നു പറഞ്ഞാലും ആന ഉണ്ടെങ്കിൽ കാണാൻ പോകാതിരിക്കുന്നതെങ്ങനാ ശ്രീ. ഇവിടൊക്കെ ഘോഷയാത്രയുടെ പൊലിമ തീരുമാനിക്കുന്നത് ആനയുടെ എണ്ണമാണ്.
ആന-ഉത്സവക്കഥ നന്നായിരിക്കുന്നു.
:)
njaan ithokke miss cheyyunnu.ippo,aana odiya kathayum,poorangalum okke t.v.yil kaanunnu.. mattoru nalla postinu nandhi..
sorry 4 no malayalam..
ആന ഇടഞ്ഞതും ഒരു പാപ്പാനേ കുത്തി കൊല്ലുന്നതും മാറും കുറച്ചു നാള്‍ മുന്‍പ് ഒരു സീ ടി യില്‍ കാണുകയുണ്ടായി..എന്നിരുന്നാലും ഇന്ന് ക്ഷേത്രങ്ങളില്‍ ആന ഇല്ലങ്ങില്‍ പൂരത്തിനായാല്‍ പോലും ആരും മടിക്കുന്നു ഒന്ന് പോകാന്‍ .ഈശ്വരന്മാരെക്കള്‍ സ്ഥാനം ആനക്ക്..പാപ്പാന്മാരുടെ ഉപദ്രവവും ചൂടത്തുള്ള നടത്തിക്കലും കോടതി നിര്‍ത്തിച്ചു എന്നതാണ് വല്യ കാര്യം..
മാഷിന്റെ അനവുണ്‍സുമെന്റ്റ് കലക്കി ...
--
അഭി ...
വളരെ നന്ദി.
അഞ്ജു / 5u ...
നന്ദി
വീ കെ മാഷേ...
സന്തോഷം, നന്ദി.
സന്യാസി ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
ബഷീര്‍ക്കാ...
വളരെ നന്ദി. ഇപ്രാവശ്യത്തെ ഉത്സവം ദാ തുടങ്ങാറായി.
പാവത്താൻ ...
അതൊരു ഐഡിയയാണല്ലോ മാഷേ :)
രാഹുല്‍ ...
തിരക്കിനിടയിലും സന്ദര്‍ശനത്തിനു നന്ദി.
sreee ...
വളരെ ശരിയാണ് ചേച്ചീ. ആനകളുടെ എണ്ണത്തിലാണ് ഉത്സവത്തിന് റേറ്റ് നിശ്ചയിയ്ക്കുന്നത്.
നന്ദു | naNdu | നന്ദു ...
വളരെ നന്ദി.
സ്മിതേച്ചീ...
നാട്ടിലില്ലാത്തപ്പോഴാണല്ലോ ഇത്തരം ഓര്‍മ്മകള്‍ക്ക് ഇരട്ടി മധുരം, അല്ലേ?
ചീരം ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
സുജിത് കയ്യൂര്‍ ...
ഈ അമ്പതാം കമന്റിനു നന്ദി.
എന്തൊക്കെയാ മാഷെ നാട്ടുവിശേഷങ്ങള്‍ .... സുഖല്ലേ ....
ഇഷ്ട്ടായി, ഈ ആനക്കഥ...!
Njangalude nattile ulsavavum kazhinju. Innale:)
Post ne kurich parayan marannu. Veendum vannu:):-). Othiri ishtayi. Nalla rasamundayirunnu vayikkan. Enthokkeyo parayanamennund , mood shariyalla. Nakkinte thumbil thadanju nilkunnu vakkukal
അനുഭവകഥനം നന്നായി.
എന്റെ ചെറുപ്പത്തില്‍ വീടിനടുത്തുള്ള പറമ്പില്‍ നിന്ന് ആനയെ കുളിപ്പിക്കുമായിരുന്നു.അതൊരു കാഴ്ചയാണ്..
പഴക്കുലകള്‍ ഈസിയായി വിഴുങ്ങുന്നത് ഞാന്‍ മിഴിച്ച കണ്ണുകളോടെ നോക്കി നിന്നിട്ടുണ്ട്.അപ്പോള്‍ ഉമ്മ പറയും ,ഇതിനൊരു മദം പൊട്ടലുണ്ട് ,അപ്പൊ നമ്മുടെ വാതിലൊക്കെ അത് പറിച്ചെടുത്തോണ്ട് പോകും..അതിനാല്‍ ആന ആ പറമ്പിലുള്ള ദിവസങ്ങള്‍ ഞാന്‍ ഭീതിയോടെയായിരുന്നു കഴിഞ്ഞിരുന്നത്.
ഇപ്പൊ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ ദിവസങ്ങളൊക്കെയും മനസ്സിലോടിയെത്തി.
നല്ല പോസ്റ്റ്.
പഴയ ആ നല്ല കാലങ്ങൾ ഓർമ്മിപ്പിച്ചു. എന്റെ കുഞ്ഞുന്നാളിൽ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് വീട്ടിലുള്ള എല്ലാവരും പോകുമായിരുന്നു. പായും പേപ്പറുമൊക്കെയായാണ് പോകുന്നത്, ഇട്ടിരിക്കാനും,ഞങ്ങൾ കൂട്ടികൾ ഉറങ്ങുകയാണെങ്കിൽ കിടക്കാനും. രാവിലെ വെടിക്കെട്ട് ഒക്കെ കഴിഞ്ഞാവും മടക്കം. ആ കാലങ്ങളൊക്കെ എന്തു രസമായിരുന്നു.
ആന എഴുന്നെള്ളത്ത് ഇനിയിപ്പോൾ പതിയെ ഇല്ലാതാകും. ഇവിടെ അടുത്തൊരു ക്ഷേത്രത്തിൽ ഇപ്പോൾ പല്ലക്കിലാണ് ദേവിയെ പുറത്തെഴുന്നെള്ളിച്ചത്. ഈ മാതൃക തുടർന്നാലായി. ഒരു കണക്കിനു അത് നല്ലതു തന്നെ. ആനകൾക്ക് വിശ്രമവുമാകും, അവ ഇടയുക പോലുള്ള ഭീഷണിയുമില്ല. നല്ല പോസ്റ്റ് ശ്രീ.
നല്ല മേളം. താളം^എഴുത്തിന്
Hi Sree..
എപ്പോളും സജീവമായ ബ്ലോഗുകള്‍ എഴുതാന്‍ ശ്രീക്ക് ഇനിയും കഴിയട്ടെ എന്നു ആശംസിക്കുന്നു..
യാദൃശ്ചികമായി ആണെങ്കിലും ഒരിക്കല്‍ കൂടി എന്റ്റെ ബ്ലോഗില്‍ വന്നതിനു നന്ദി..
പ്രേം...
ഒരുപാടു കാലത്തിനു ശേഷമാണല്ലോ മാഷേ? :)
ഷമീര്‍ തളിക്കുളം ...
വളരെ നന്ദി
കിങ്ങിണിക്കുട്ടി...
വീണ്ടും വന്നതില്‍ സന്തോഷം. വിശേഷങ്ങളെന്തായാലും പങ്കു വയ്ക്കൂ :)
പള്ളിക്കരയില്‍ ...
നന്ദി മാഷേ
mayflowers ...
ശരിയാണ്, കുട്ടിക്കാലത്ത് ആനകളെ ഇതേ പോലെ അമ്പലത്തിനടുത്തുള്ള പറമ്പുകളില്‍ തള്ച്ചിട്ടിരിയ്ക്കുമ്പോള്‍ ആരെങ്കിലും 'ദാ ആന ഇത്തിരി പിശകാട്ടോ' എന്നോ മറ്റോ പറയുന്നത് കേട്ടാല്‍ പിന്നെ അവസാനം വരെ ആ പേടി മനസ്സിലുണ്ടാകും.
ഗീത ചേച്ചീ...
വീണ്ടും കണ്ടതില്‍ സന്തോഷം. ചേച്ചി പറഞ്ഞത് പോലെ തന്നെയായിരുന്നു ഞങ്ങളുടെ നാട്ടിലും. ഉത്സവകാലത്ത് ഓരോ വീട്ടുകാരും കുറേ കടലാസും പുതപ്പുമെല്ലാമായിട്ടായിരിയ്ക്കും പരിപാടികള്‍ കാണാനായി പുറപ്പെടുന്നത്. എല്ലാ കുടുംബങ്ങളും കൂടി അങ്ങനെ ഒരുമിച്ച് സമയം ചിലവിടുന്നതും മറ്റും ഒരു രസം തന്നെയായിരുന്നു.
ഒരില വെറുതെ ...
വളരെ നന്ദി, പ്രോത്സാഹനത്തിന്.
Priya ...
അവിടെ യാദൃശ്ചികമായി എത്തുകയായിരുന്നു. എന്തേ ഇപ്പോ എഴുത്തൊക്കെ കുറച്ചോ...
എന്തായാലും ഇവിടം വീണ്ടും സന്ദര്‍ശിച്ചതിന് നന്ദി.
എഴുത്ത് നന്നയിട്ടുണ്ട്..
ആശംസകൾ...
നല്ല ഓർമ്മകൾ..
'ആന ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. അവിടെയുള്ള വീട്ടുകാര്‍ ജാഗ്രത പാലിയ്ക്കാന്‍ അപേക്ഷ' ഹ ഹ....
ഓര്‍മ്മകളിലെ ചങ്ങലക്കിലുക്കങ്ങള്‍ നന്നായിരിക്കുന്നു..
"'ആന ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്തേയ്ക്ക് തിരിഞ്ഞിട്ടുണ്ട്. അവിടെയുള്ള വീട്ടുകാര്‍ ജാഗ്രത പാലിയ്ക്കാന്‍ അപേക്ഷ' "
നമ്മുടെ സര്‍ക്കാര്‍ പാലത്തിനടുത്ത് എഴുതി വയ്ക്കുന്ന ബോര്‍ഡ് പോലെ ഉണ്ടല്ലൊ അറിയിപ്പ്.
"പാലം അപകടത്തില്‍ സൂക്ഷിക്കുക"
കടന്നു പോകുന്ന വണ്ടി, പാലം തകര്‍ന്നു അതിലുള്ളവര്‍ ചത്താല്‍ അപ്പോള്‍ പറയാമല്ലൊ ഞാന്‍ അപ്പൊശേ ബോര്‍ഡ് എഴുതി വച്ചതാ ശ്രദ്ധ വേണം
അല്ലെ ഹ ഹ ഹ :)
ഞാൻ നേരത്തെ വായിച്ചു, കമന്റിടുകയും ചെയ്തു. പക്ഷേ, എന്റെ കമ്പ്യൂട്ടർ ഇടഞ്ഞതുകൊണ്ട് ഇപ്പോ എഴുതിയ കമന്റ് ഇടുവാൻ മനസ്സില്ല എന്നു പറഞ്ഞു. പിന്നെ
കുറെ ദിവസമായി, കരിമ്പും പഴക്കുലയും തേങ്ങാപ്പൂളുമൊക്കെ കൊടുത്തു നോക്കുന്നു. എന്നാലും മുഴുവൻ തളയ്ക്കാൻ പറ്റിയിട്ടില്ല.
വളരെ നന്നായി എഴുതി ശ്രീ, അഭിനന്ദനങ്ങൾ.
വീണ്ടും ഒരുത്സവക്കാലം.അയവിറക്കാൻ കുറേ ഓർമ്മകളും.
പല കാരണങ്ങൾ കൊണ്ട് ബ്ലോഗ് വായനയൊന്നും ശരിക്കു നടക്കുന്നില്ല ശ്രീ.അതാ വൈകിയതു്.
പാവം ആനകള്‍ അല്ലെ..
ഞങ്ങളുടെ നാട്ടിലും ഉണ്ട് കുറെ ഉത്സവങ്ങള്‍..
ചേട്ടനെ എന്റെ പുതിയ പോസ്ടുകളിലെക്കൊന്നും കാണുന്നില്ലല്ലോ ,എന്നെയുമായി തെറ്റാണോ ?
ശ്രീയുടെ അക്ഷരങ്ങളിലൂടെ ഉത്സവ പറമ്പ് മൊത്തം ഞാനും കറങ്ങി, വായ്നോക്കി, ഇന്ജിമുട്ടായി തിന്നു, അഞ്ചു പൈസയ്ക്ക് നാല് നിലക്കടടല വാങ്ങി, വളക്കച്ച്ചവടക്കാരന്റെ ഗമ നോക്കി, സെറ്റ് സാരിയുടുത്ത ചേച്ചിമാരുടെ മുടിഞ്ഞ ഫിഗരില്‍ കിനാവ് കണ്ടു, ആനയോട്ടത്തില്‍ മരം കേറി വിറച്ചു..!!
നന്ദി ശ്രീ..ഓര്‍മകള്‍ക്ക് ആശംസകള്‍...!!
പ്രിയ ശ്രീ.. കൊള്ളാം നന്നായിട്ടുണ്ട് ..ട്ടോ ,
ഇനി എഴുതുമ്പോള്‍ അക്ഷരങ്ങള്‍ കുറച്ചു കൂടി വലുതാക്കി പോസ്റ്റ് ചെയ്യുക ,
വായിക്കുന്നവര്‍ക്ക് അത് എളുപ്പം ആയിരിക്കും ,
ഇനിയും ദാരാലം എഴതണം ട്ടോ,,...
ആ പഴയ കാലത്തേക്ക് ഒരു പോക്ക് ... നന്നായി
ആശംസകള്‍ .............
ശ്രീ .. നന്നായി ..എഴുതി ..
ആനയ്ക്ക് പകരം മാനോ മയിലോ ഒക്കെ ആയിരുന്നെങ്കില്‍ പല ഉത്സവങ്ങളും കലങ്ങില്ലായിരുന്നു .... ആളുകള്‍ ചാവില്ലായിരുന്നു ...
Post a Comment