കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ഏറ്റവും തെളിമയോടെ നില്ക്കുന്ന ഒന്നാണ് ചില രാത്രികളില്‍ തറവാട്ടില്‍ കിടക്കാന്‍ പോകുന്നത്. ഞങ്ങളുടെ വീടിന്റെ തൊട്ടപ്പുറമായിരുന്നു തറവാടെങ്കിലും അവധി ദിവസങ്ങളിലൊഴികെ അവിടെ കിടന്നുറങ്ങാനൊന്നും അച്ഛനുമമ്മയും മിക്കവാറും സമ്മതിയ്ക്കാറില്ല (അതല്ലെങ്കില്‍ തറവാട്ടില്‍ അമ്മൂമ്മമാര് ഒറ്റയ്ക്കാകുന്ന ദിവസങ്ങളാകണം). കാരണം അവിടെ പോയിരുന്ന് വല്ലതും കളിച്ചു കൊണ്ടിരിയ്ക്കുകയോ വര്‍ത്തമാനം പറഞ്ഞ് സമയം കളയുകയോ ചെയ്യുകയല്ലാതെ ഞങ്ങളുടെ പഠനം ഒന്നും നടക്കില്ല എന്ന കാര്യം അവര്‍ക്ക് നന്നായി അറിയാം. അതു കൊണ്ടു തന്നെ കഴിയുന്നതും ഞാനും ചേട്ടനും തറവാട്ടില്‍ അമ്മൂമ്മമാര്‍ക്കൊപ്പം പോയി കിടക്കാനുള്ള അവസരം ഒരിയ്ക്കലും മിസ്സാക്കാറില്ല. മാര്‍ച്ച് മാസം പരീക്ഷകള്‍ കഴിയാന്‍ കാത്തിരിയ്ക്കുകയായിരിയ്ക്കും ഞങ്ങള്‍. അവസാനത്തെ പരീക്ഷ കഴിയുന്ന അന്ന് മുതല്‍ പിന്നെ കുറേ കാലത്തേയ്ക്ക് കിടപ്പ് തറവാട്ടിലായിരിയ്ക്കും. അതു മാത്രമല്ല, മാര്‍ച്ച് – ഏപ്രില്‍ മാസമായാല്‍ അമ്മായിയുടെ മക്കളായ നിതേഷ് ചേട്ടനും നിഷാന്ത് ചേട്ടനുമെല്ലാം അവധിക്കാലം ചിലവിടാന്‍ അവിടേയ്ക്കെത്തും.
അന്ന് ഞങ്ങളുടെ വീടിനേക്കാള്‍ സൌകര്യമെല്ലാം കുറവാണ് തറവാട്ടു വീടിന്. വാര്‍ക്ക വീടല്ല, ഓട് മേഞ്ഞതാണ്. കയറി ചെല്ലുന്ന വരാന്തയിലും അടുക്കളയിലും മാത്രമേ സിമന്റ് തറയുള്ളൂ. മറ്റെല്ലാ മുറികളും ചാണകം മെഴുകിയതാണ്. വീടിന്റെ പിന്നാമ്പുറത്തെ ഒരു ഭാഗം ഓല മേഞ്ഞതാണ്. കിടക്കാന്‍ കട്ടിലില്ല. ചാണകം മെഴുകിയ നിലത്ത് തഴപ്പായ വിരിച്ച് അതിലാണ് കിടപ്പ്. എന്തിന്, ഭക്ഷണം കഴിയ്ക്കുന്നതു പോലും നിലത്തിരുന്നാണ്. ശക്തമായ മഴക്കാലത്ത് ഓടിട്ടതെങ്കിലും ചില മുറികളിലെങ്കിലും ചോര്‍ച്ച ഉണ്ടാകും. അവിടെയെല്ലാം ഉണങ്ങിയ ഓലക്കീറുകളുണ്ടാകും. പലപ്പോഴും മഴ പെയ്യുന്ന നേരത്ത് ഭിത്തിയില്‍ കോണി ചാരി ചോര്‍ച്ച തോന്നുന്നിടങ്ങളിലെ ഓടുകള്‍ അനക്കി വിടവ് ഇല്ലാതാക്കുന്നതും ഓലക്കീറുകള്‍ വച്ച് ചോര്‍ച്ച തടയുന്നതും കുട്ടികളായ ഞങ്ങളാരുടെയെങ്കിലും ഡ്യുട്ടി ആയിരുന്നു. (അന്ന് അത്തരം ജോലികളൊക്കെ ഒരു ക്രെഡിറ്റ് ആയിരുന്നു)
യാതൊരു വിധ ആര്‍ഭാടങ്ങളുമില്ലാത്ത അവധിക്കാലം ആയിരുന്നെങ്കില്‍ക്കൂടിയും ആ കാലത്തെ ഒരു ജീവിതസുഖം ഒന്നും ഒരിയ്ക്കലും മറക്കില്ല. ഒരു മദ്ധ്യവേനലവധി മുഴുവനും എങ്ങനെയെല്ലാം കളിച്ചു തീര്‍ക്കാം എന്നതിനെല്ലാം പരിക്ഷക്കാലത്തു തന്നെ പ്ലാന്‍ ഉണ്ടാക്കിയിട്ടുണ്ടാകും. കളിവീടു കെട്ടല്‍, കള്ളനും പോലീസും, കിളിത്തട്ട്, ആറൂമാസം, ഊഞ്ഞാലാട്ടം, നാടന്‍ പന്തുകളി, കുട്ടിയും കോലും, ഒളിച്ചു കളി, നിധി വേട്ട, കരുനീക്കം, നൂറാം കോല്, മോതിരം, ഏറു പന്ത് അങ്ങനെയങ്ങനെ ഒട്ടേറെ നാടന്‍ കളികള്‍… പകലു മുഴുവന്‍ കളിച്ചു നടന്ന് രാത്രിയാകുമ്പോള്‍ വീട്ടില്‍ വന്ന് കുളിച്ച് വസ്ത്രം മാറി അമ്മൂമ്മയുടെ വിളിയ്ക്കായി കാതോര്ത്തിരിയ്ക്കും. അതല്ലെങ്കില്‍ ചിലപ്പോള്‍ അച്ഛന് പോകാന്‍ സമ്മതിച്ചില്ലെന്നു വരും. (പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടല്ല, എങ്കിലും ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛന് സാമാന്യം ഗൌരവക്കാരനായിരുന്നു. ഒരു തരത്തിലുള്ള ദുഃസ്വാതന്ത്ര്യവും അനുവദിയ്ക്കില്ല. പിന്നീട്, വളര്‍ന്ന് വരുന്തോറും അച്ഛന്റെ സമീപനത്തില്‍ മാറ്റം വന്നു തുടങ്ങി. ഇപ്പോഴാണെങ്കില്‍ അച്ഛനും ചേട്ടനും ഞാനും സുഹൃത്തുക്കളെ പോലെയായി.)
രാത്രിയായിട്ടും ഞങ്ങളെ അങ്ങോട്ട് കണ്ടില്ലെങ്കില്‍ അച്ഛമ്മ [അച്ഛന്റെ അമ്മ] വീട്ടിലേയ്ക്ക് വരും. എന്നിട്ട് ഒരു ശുപാര്‍ശ പോലെ അച്ഛനോട് പറയും “എടാ, അവരെ അങ്ങോട്ട് പറഞ്ഞു വിട്”
അച്ഛന് ഗൌരവം വിടാതെ പറയും “എന്തിനാ ഇപ്പോ അവിടെ പോയി കിടക്കുന്നത്? ഇവിടെ എന്താ കുഴപ്പം”
എന്നിട്ട് പറയും “ ശരി. ഭക്ഷണം കഴിച്ചിട്ട് പോയാല്‍ മതി”
ഞങ്ങള്‍ വീണ്ടും പ്രതീക്ഷയോടെ അച്ഛമ്മയെ നോക്കും. അതു മനസ്സിലാക്കി അച്ഛമ്മ വീണ്ടും ഇടപെടും “ അതു വേണ്ട, അവര്‍ക്കും കൂടിയുള്ള ഭക്ഷണം ഞാന്‍ ഇട്ടിട്ടുണ്ട്’
“മക്കളിങ്ങു വാ...” അച്ഛന് വീണ്ടും എന്തെങ്കിലും പറയാന്‍ ശ്രമിയ്ക്കുമ്പോഴേയ്ക്കും അച്ഛമ്മ ഞങ്ങളെ വിളിച്ചു കഴിഞ്ഞിരിയ്ക്കും .
പിന്നെ അച്ഛന് ഒന്നും പറയില്ല. മിക്കവാറും ദിവസങ്ങളില്‍ ഈ നാടകം അരങ്ങേറാറുണ്ട്. അന്നത്തെ തറവാട്ടു വീട്ടിലെ കഷ്ടപ്പാടുകള്‍ കൂടി കണക്കിലെടുത്താണ് അച്ഛന് ഞങ്ങളെ തടയുന്നത് എന്ന് മനസ്സിലാക്കാനുള്ള അറിവൊന്നും അന്ന് ഞങ്ങള്‍ക്കും ഉണ്ടായിരുന്നില്ല. പലപ്പോഴും അച്ഛന് തന്നെയാകും തറവാട്ടിലേയ്ക്ക് അരിയും അത്യാവശ്യം സാമാനങ്ങളുമെല്ലാം വാങ്ങി കൊടുക്കുന്നത്. പിന്നെ കറി വയ്ക്കാനുള്ള വകുപ്പെല്ലാം കൊച്ചമ്മൂമ്മ സ്വന്തം പറമ്പില്‍ നിന്ന് കണ്ടെത്തിക്കോളും. അത് ചിലപ്പോള്‍ ചക്കയാകാം, മാങ്ങയാകാം, മരച്ചീനിയാകാം, കാച്ചിലോ ചീരയോ അങ്ങനെ എന്തുമാകാം. പക്ഷെ അത് സ്വന്തം കൈപ്പടയില്‍ കൊച്ചമ്മൂമ്മ ഉണ്ടാക്കി തരുമ്പോഴുള്ള ആ സ്വാദ്! അത് ജീവിതത്തില്‍ വേറെ ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല, അതിപ്പോള്‍ വെറുതേ ഉള്ളിയും മുളകും ചാലിച്ച ചമ്മന്തിയായാല് പോലും. (ഈ കാര്യത്തില്‍ അമ്മയും ചിറ്റയുമെല്ലാം കൊച്ചമ്മൂമ്മയ്ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുള്ളതാണ്)
രാത്രിയായാല്‍ അച്ഛമ്മയുടെ കൂടെയായിരിയ്ക്കും ഞങ്ങള്‍ കുട്ടികളെല്ലാം കിടക്കുക. (കുട്ടികളെ ഇഷ്ടമൊക്കെ ആണെങ്കിലും രാത്രിയിലെ ഉറക്കം തടസ്സപ്പെടുമെന്നതിനാല്‍ കൊച്ചമ്മൂമ്മ ആ സാഹസത്തിനു മുതിരാറില്ല.) ഞങ്ങളാണെങ്കില് ഉറങ്ങാന്‍ കിടന്നാലും സിനിമാക്കഥകളും പ്രേതകഥകളും സ്കൂളിലെ വീരസ്യങ്ങളുമെല്ലാം പറഞ്ഞ് ഉറങ്ങുമ്പോഴേയ്ക്കും ഒരു നേരമാകും. ഈ ബഹളം കാരണം അച്ഛമ്മയ്ക്കും അത്രയും നേരം ഉറങ്ങാന്‍ പറ്റില്ല. ഇനി ഉറങ്ങിക്കഴിഞ്ഞാലോ ഞങ്ങള്‍ കുട്ടികളില്‍ ആര്‍ക്കെങ്കിലും രാത്രി മൂത്രമൊഴിയ്ക്കാന്‍ മുട്ടിയാല്‍ അതിനും അച്ഛമ്മയെ വിളിച്ചുണര്‍ത്തണം. കാരണം, അക്കാലത്ത് വീടിനകത്ത് അതിനുള്ള സൌകര്യമില്ല. രാത്രി ഇരുട്ടത്ത് മുറ്റത്തേക്കിറങ്ങാതെ വേറെ വഴിയില്ല. പേടി കാരണം ഞങ്ങളാരും രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങുകയുമില്ല. (ചുരുക്കി പറഞ്ഞാല്‍ കൂട്ടു കിടക്കാന്‍ വരുന്ന ഞങ്ങളുള്ള രാത്രികളില്‍ പാവം അച്ഛമ്മയുടെ ഉറക്കം കഷ്ടിയാണ് എന്ന് ചുരുക്കം)
ആ മൂന്ന് നാലു വര്‍ഷമായിരുന്നു (എന്റെ നാലാം ക്ലാസ്സു മുതല്‍ എഴാം ക്ലാസ്സു വരെയുള്ള പഠന കാലയളവ്) എനിയ്ക്ക് തറവാടുമായി ഏറ്റവും അടുപ്പമുള്ള കാലഘട്ടം. ആ സമയത്ത് തറവാട്ടു വീട്ടില്‍ മിക്കപ്പോഴും അമ്മൂമ്മമാര് (അച്ഛമ്മയും കൊച്ചമ്മൂമ്മയും) മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞച്ഛന് ജോലി തേടി ബോംബെയ്ക്ക് പോയിരിയ്ക്കുന്ന സമയമായതു കൊണ്ട് അക്കാലങ്ങളില്‍ ചിറ്റയും കണ്ണനും മാളയിലുള്ള ചിറ്റയുടെ വീട്ടില്‍ തന്നെ ആയിരിയ്ക്കും. അതിനു മുന്‍പ് മുന്നാലു വര്‍ഷം ഞങ്ങള്‍ കൊരട്ടി പ്രസ്സ് ക്വാര്‍ട്ടേഴ്സിലായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സിലായപ്പോഴേയ്ക്കും കുഞ്ഞച്ഛന് ഗള്‍ഫില്‍ മോശമല്ലാത്ത ഒരു ജോലിയില്‍ പ്രവേശിയ്ക്കുകയും തറവാടിന്റെ അവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാകുകയും ചെയ്തു. അപ്പോഴേയ്ക്കും കണ്ണനും സ്കൂളില്‍ ചേരേണ്ട സമയമായതിനാല്‍ ചിറ്റയും കണ്ണനും തിരിച്ച് തറവാട്ടില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. പിന്നീട് വിരലിലെണ്ണാവുന്ന തവണയേ തറവാട്ടില്‍ വന്ന് അമ്മുമ്മമാര്‍ക്ക് കൂട്ടു കിടക്കേണ്ടി വന്നിട്ടുള്ളൂ.
സാമാന്യം കഷ്ടപ്പാടുകള്‍ക്കിടയില്‍ തന്നെയാണ് ഞാനും എന്റെ സ്കൂള്‍ വിദ്യാഭ്യാസകാലഘട്ടം കഴിച്ചു കൂട്ടിയത്. ചെറുതെങ്കിലും സ്വന്തം പേരിലുള്ള പറമ്പില്‍ ഒരു കൊച്ചു വീട് എന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാനായി ലോണെടുക്കേണ്ടി വന്നിരുന്നതിനാല്‍, അച്ഛനു കിട്ടുന്ന ശമ്പളത്തില്‍ നിന്ന് മാസാമാസം ലോണ്‍ ഇനത്തിലുള്ള ‘അടവ്’ കഴിഞ്ഞു കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു അക്കാലത്ത് ഞങ്ങളുടെയും ജീവിതം. ഓരോ മാസവും അവസാനത്തോടടുക്കുമ്പോള്‍ അച്ഛനുമമ്മയ്ക്കും പേടിയായിരിയ്ക്കും. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ കുടുംബത്തിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍ മതി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍.
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലത്ത് ഒരു ദിവസം. സ്കൂളില്‍ യുവജനോത്സവ ദിനം ആയിരുന്നു. അന്ന് എനിയ്ക്ക് ചെറിയ പനി വന്നു. അത്ര കാര്യമാക്കിയില്ലെങ്കിലും അടുത്തുള്ള നെല്ലിശ്ശേരി ഡോക്ടറെ പോയി കാണിയ്ക്കണം എന്നുണ്ട് അമ്മയ്ക്ക്. പക്ഷെ ഫീസ് 10 രൂപ വേണം (അന്ന് 10 രൂപ മതി). പക്ഷേ മാസാവസാനമായതിനാല്‍ വീട്ടില്‍ ഒറ്റ പൈസ എടുക്കാനില്ല. അമ്മ എന്നോട് തന്നെ പറഞ്ഞു, “മോനേ, നീ അച്ഛമ്മയോട് പോയി ചോദിച്ചു നോക്ക്, ഒരു പത്തു രൂപ കടം തരാനുണ്ടാകുമോ“ എന്ന്.
ഞാന്‍ അപ്പോള്‍ തന്നെ അച്ഛമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞുവെങ്കിലും അവിടെയും പൈസ ഉണ്ടായിരുന്നില്ല. കാര്യമറിഞ്ഞപ്പോള്‍ അച്ഛമ്മയ്ക്കും വിഷമമായി. എന്നെ ചേര്‍ത്തു പിടിച്ച് “ അമ്മൂമ്മയുടെ കയ്യില്‍ പൈസ ഇല്ലല്ലോ മോനേ. മക്കള്‍ക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ പോലും അമ്മൂമ്മയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ” എന്നും പറഞ്ഞ് കരഞ്ഞു.
കയ്യില്‍ പണമില്ലെന്ന് കരുതി കരയുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ലെങ്കിലും ഞാന്‍ അത് അമ്മയുടെ അടുത്ത് പോയി പറഞ്ഞു, അമ്മൂമ്മ കരഞ്ഞു എന്ന് കേട്ട് അമ്മയ്ക്കും വിഷമമായി, അമ്മൂമ്മയോട് ചോദിയ്ക്കേണ്ടിയിരുന്നില്ല എന്നും പറഞ്ഞു. എന്തായാലും വൈകാതെ പനി വക വയ്ക്കാതെ ഞാന്‍ ചേട്ടന്റെ കൂടെ യുവജനോത്സവത്തിന് പോയി.
എന്നാല്‍ അന്ന് ഡോക്ടറെ കാണാനുള്ള പൈസയ്ക്കു വേണ്ടി അധികം വിഷമിയ്ക്കേണ്ടി വന്നില്ല എന്നുള്ളത് യാദൃശ്ചികം. കാരണം തൊട്ടു മുന്‍പത്തെ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങിയതിന്റെ പേരില്‍ സ്കൂളില്‍ നിന്നും ലഭിയ്ക്കുന്ന സമ്മാനം എനിയ്ക്കായിരുന്നു. സമ്മാനം ഏറ്റുവാങ്ങാന്‍ എന്റെ പേര് വിളിയ്ക്കുന്നത് കേട്ട് ഞാന്‍ ഞെട്ടി. അങ്ങനെ ഒരു പരിപാടി ഉണ്ടെന്ന് അറിയില്ലായിരുന്ന ഞാന്‍ പകച്ചു നിന്നപ്പോള്‍ ചേട്ടനും ജിബീഷേട്ടനും സലീഷേട്ടനും ചേര്‍ന്ന് എന്നെ ഉന്തിത്തള്ളി സ്റ്റേജില്‍ കയറ്റി വിടുകയായിരുന്നു.
സമ്മാനം കിട്ടിയ കവറുമായി തിരിച്ച് വീട്ടിലെത്തിയ ഞാന്‍ അത് അമ്മയെ ഏല്‍പ്പിച്ചു. അമ്മയ്ക്ക് സന്തോഷമായി. എന്നോട് തന്നെ കവര്‍ തുറന്ന് നോക്കാന്‍ പറഞ്ഞത് കേട്ട് ഞാന്‍ അപ്രകാരം ചെയ്തു. “പത്തിന്റെ അഞ്ചു പുത്തന്‍ നോട്ടുകള്‍” (അക്കാലത്ത് ഇറങ്ങിയിരുന്ന നേരിയ പച്ച നിറമുള്ള കറുത്ത ആ 5 പത്തു രൂപാ നോട്ടുകള്‍ ഇന്നും എന്റെ മനസ്സില്‍ അതേ പോലെയുണ്ട്).അപ്പോള്‍ തന്നെ അമ്മ എന്നോട് പറഞ്ഞു “മോനേ, നീ ഇത് കൊണ്ടു പോയി അച്ഛമ്മയെയും കാണിച്ചു കൊടുത്ത് അനുഗ്രഹം വാങ്ങണം. സമ്മാനം കിട്ടിയതാണ് എന്നും പറയണം”
ഞാന്‍ അതുമായി തറവാട്ടിലേയ്ക്ക് ഓടി അച്ഛമ്മയെ കണ്ട് കാര്യം പറഞ്ഞു. മുറി അടിച്ചു വാരുകയായിരുന്ന അച്ഛമ്മ ചൂല് താഴെയിട്ട് ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു. പിന്നെ വീണ്ടും എന്നെ ചേര്‍ത്തു പിടിച്ച് വാത്സല്യത്തോടെ തലയില്‍ തടവി. ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. ഇത്തവണ അത് സന്തോഷം കൊണ്ടാണ് എന്ന് മാത്രം എനിയ്ക്ക് മനസ്സിലായി.
കാലം പിന്നെയും കടന്നു പോയി. സ്കൂള്‍ ജീവിതവും കലാലയ ജീവിതവും കഴിഞ്ഞ് ഞാന്‍ പിന്നെയും വളര്‍ന്നു. കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു എന്നത് ശരി തന്നെ. പക്ഷേ പിന്നീട് ഒരിയ്ക്കലും എന്റെ പഠനത്തിനിടയ്ക്ക് പൈസയ്ക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്നത് ഒരു പക്ഷേ അച്ഛമ്മയുടെ മൌനാനുഗ്രഹം മൂലമാകാം.
തറവാടിനെ പറ്റിയുള്ള ഓര്‍മ്മകളില്‍ തെളിഞ്ഞു നില്‍ക്കുന്നത് ഈ അച്ഛമ്മയുടെ മുഖം തന്നെയാണ്. തന്റേതായ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്റെ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ അച്ഛമ്മ അധ്വാനിച്ചതും ചിലവഴിച്ചതും ആ വീടിനും തന്റെ മക്കള്‍ക്കും വേണ്ടിയായിരുന്നു. തീരെ ചെറിയ പ്രായത്തില്‍ തന്നെ ഭര്‍ത്താവ് (എന്റെ അച്ഛീച്ഛന്) മരിച്ച് വിധവയായ അമ്മൂമ്മയ്ക്ക് അന്ന് ആകെയുണ്ടായിരുന്ന സമ്പാദ്യം ഒരു കൊച്ച് ഓലപ്പുരയും മൂന്നു മക്കളും മാത്രമയിരുന്നു. പിന്നീട് അച്ഛമ്മയും കൊച്ഛമ്മയും അടുത്തുള്ള ഓട്ടു കമ്പനിയില്‍ പണിയ്ക്ക് പോയി, കുറേശ്ശെ കുറേശ്ശെയാണ് ആ വീടിന്റെയും കുടുംബത്തിന്റെയും അവസ്ഥ നേരെയാക്കിയെടുത്തത്. പത്തു മുപ്പത്തഞ്ച് കൊല്ലം മുന്‍പ് ദൂരെ സ്ഥലങ്ങളില്‍ നിന്നും തലച്ചുമടായി മണ്ണ് ചുമന്നു കൊണ്ടു വന്ന് ആ ചെളി ചവിട്ടിക്കുഴച്ച് വീടിന്റെ തറയും ചുമരുകളും കെട്ടിയുണ്ടാക്കിയ കഥകളും ഒരു നേരത്തെ കഞ്ഞിയ്ക്കുള്ള വക പോലും ഇല്ലാതെ ദിവസങ്ങളോളം പട്ടിണി കിടന്നിട്ടുള്ള കഥകളും ഓട്ടു കമ്പനിയില്‍ പണിയെടുത്ത് ബോണസ്സായി കിട്ടിയ 100 രൂപ കൊണ്ട് സ്വന്തം മകള്‍ക്ക് (ഞങ്ങളുടെ അമ്മായിയ്ക്ക്) ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണമാല വാങ്ങിയ കഥകളും എല്ലാം അച്ഛമ്മ ഓര്‍ത്ത് പറയുമ്പോള്‍ വെറുമൊരു പഴമ്പുരാണം എന്നതിനപ്പുറം ഒന്നും തന്നെ എനിയ്ക്ക് തോന്നിയിരുന്നില്ല. അതിന്റെയെല്ലാം വില മനസ്സിലാക്കാന്‍ പിന്നെയും കുറേ കാലം കഴിയേണ്ടി വന്നു.
പലപ്പോഴും നിസ്സഹായയായി നില്‍ക്കേണ്ടി വരുമ്പോള്‍ അച്ഛമ്മയ്ക്ക് ആകെ ചെയ്യാന്‍ കഴിഞ്ഞിരുന്നത് ശബ്ദമില്ലാതെ കരയുക എന്നതായിരുന്നു. അതിനു ശേഷവും പലപ്പോഴും അച്ഛമ്മയുടെ ആ കരച്ചില് ഞാന്‍ കണ്ടിട്ടുണ്ട്. തിളച്ച വെള്ളം വീണ് ദേഹം മുഴുവന്‍ പൊള്ളി ഞാന്‍ കിടക്കുന്നത് കണ്ടപ്പോഴും വീട് വൃത്തിയാക്കുന്നതിനിടെ ബെര്‍ത്തില്‍ നിന്നും തെന്നി വീണ അച്ഛന്റെ തലയില്‍ നിന്ന് ചോര ചീറ്റുന്നത് കണ്ടപ്പോഴും എല്ലാം അച്ഛമ്മ ഞങ്ങളുടെ അവസ്ഥ കണ്ട് കണ്ണീരൊഴുക്കി. അവസാനമായി സ്വന്തം ഭാഗമായി കിട്ടിയ ആ തറവാടും പറമ്പും വിറ്റ് കുഞ്ഞച്ഛനും കുടുംബവും യാത്രയായ ദിവസവും അച്ഛമ്മ കുറേ കരഞ്ഞു. ആ വീടുമായി അച്ഛമ്മയ്ക്ക് അത്ര അടുപ്പമുണ്ടായിരുന്നു.
അവസാന നാളുകളില്‍ അച്ഛമ്മ ഞങ്ങളുടെ വിട്ടിലായിരുന്നു. അവസാനത്തെ രണ്ടു മൂന്നു മാസം മിക്കവാറും കിടപ്പ് തന്നെ ആയിരുന്നു. കഷ്ടപ്പാടുകളിലൂടെയാണ് കടന്നു വന്നതെങ്കിലും അവസാനം മക്കളും കൊച്ചു മക്കളും എല്ലാം ഒരുവിധം കരപറ്റി എന്ന സമാധാനത്തോടെ, എന്റെ ചേട്ടന്റെ വിവാഹവും കൂടിയ ശേഷമാണ് ( ഈ തലമുറയില്‍ ഞങ്ങളുടെ കുടുംബത്തിലെ ആദ്യ വിവാഹം) കഴിഞ്ഞ മാര്‍ച്ച് മാസം പത്താം തീയതി അച്ഛമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞത്. അച്ഛമ്മ മരിച്ച് അധികം വൈകാതെ കൊച്ചമ്മൂമ്മയും അവിടേയ്ക്ക് തന്നെ യാത്രയായി. പലപ്പോഴും ചില്ലറ സൌന്ദര്യ പിണക്കങ്ങള്‍ അവര്‍ തമ്മില്‍ ഉണ്ടാകാറുണ്ടെങ്കിലും ഒരാളെ പിരിഞ്ഞിരിയ്ക്കാന്‍ മറ്റെയാള്‍ക്ക് ഒരു കാലത്തും കഴിഞ്ഞിരുന്നില്ലല്ലോ.
----------------------------------------------------------------------------------
ഈ എഴുതിയത് ഒരോര്‍മ്മ കുറിപ്പായോ അനുഭവ വിവരണമായോ പറയാന്‍ പറ്റില്ല എന്നറിയാം. എന്നും ഞങ്ങളുടെ എല്ലാവരുടേയും ഓര്‍മ്മകളില്‍ ജീവിയ്ക്കുന്ന അച്ഛമ്മയ്ക്ക് ഒരു കൊച്ചു മകന്റെ സമര്‍പ്പണം മാത്രം.
ചിത്രം കടപ്പാട്: ഗൂഗിള്‍