ഏതാണ്ട് 12 വര്‍ഷം മുന്‍പാണ്. ഞാനന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുകയാണ്. പ്രീഡിഗ്രി പഠനകാലം ഒരിയ്ക്കലും മറക്കാന്‍ കഴിയില്ല. അത്രയ്ക്ക് ബോറിങ്ങ് ആയിരുന്നു. എല്ലാ ദിവസവും തിരക്കോടു തിരക്ക്. ദിവസവും രാവിലെ ഏഴ് - ഏഴര മണി ആകുമ്പോഴേയ്ക്കും കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നിറങ്ങണം. എന്നാലേ സമയത്ത് കോളേജിലെത്താന്‍ പറ്റൂ. വൈകുന്നേരം ക്ലാസ്സ് വിട്ട ഉടനേ ബാഗുമെടുത്ത് ഇറങ്ങി ഓടിയില്ലെങ്കില്‍ 'ചോറ്റാനിക്കര അമ്മ' അങ്ങ് പോകും. ആ സമയത്ത് ബസ്സ് കിട്ടിയില്ല എങ്കില്‍ പിന്നത്തെ കാര്യം പറയാതിരിയ്ക്കുകയാണ് ഭേദം. രണ്ടു മൂന്നു ബസ്സില്‍ കൊള്ളാവുന്നത്ര പേരെയും വഹിച്ചു കൊണ്ടായിരിയ്ക്കും പിന്നീടുള്ള കുറേ ബസ്സുകള്‍ വരുന്നത്. സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികളെക്കൊണ്ട് തിങ്ങി നിറഞ്ഞ ആ ബസ്സുകളില്‍ യാത്ര ചെയ്യണമെങ്കില്‍ ജിംനാസ്റ്റിക്സും കരാട്ടേ കളരി തുടങ്ങിയ ആയോധനകലകളും എന്തിന് ഞാണിന്മേല് കളി വരെ അറിഞ്ഞിരിയ്ക്കണം. അങ്ങനെ ബസ്സില്‍ തൂങ്ങി കൊരട്ടിയില്‍ എത്തുമ്പോഴേയ്ക്കും ട്യൂഷന് തുടങ്ങിക്കാണും.
ഇതെല്ലാം കഴിഞ്ഞ് വീട്ടില്‍ വന്നു കയറുമ്പോള്‍ നേരം ഇരുട്ടിക്കഴിഞ്ഞിരിയ്ക്കും. പഠിയ്ക്കാന്‍ പോയിട്ട് നേരെ ചൊവ്വേ ഭക്ഷണം കഴിയ്ക്കാന്‍ പോലും തോന്നാറില്ല. ചുരുക്കിപ്പറഞ്ഞാല്‍ കഷ്ടപ്പാടും ദുരിതവും തന്നെ. കോളേജില്‍ ചെന്നാലും ഒരു വിധ നേരം പോക്കുകളും ഇല്ല. ക്ലാസ്സിലെ 90% കുട്ടികളും ബു.ജികള്. എല്ലാവര്ക്കും ക്ലാസിനകത്തും പുറത്തും സംസാരിയ്ക്കാന്‍ പഠിയ്ക്കുന്ന കാര്യങ്ങള്‍ മാത്രം. എല്ലാവരും വലിയ ഓരോ പുസ്തകങ്ങളും ലൈബ്രറിയില്‍ നിന്നും എടുത്ത് അതും കെട്ടിപ്പിടിച്ച് ഇരിയ്ക്കുന്നുണ്ടാകും, ഏത് നേരവും. എല്ലാവര്ക്കും എന്‍ട്രന്‍സ് പരീക്ഷ എന്ന ചിന്ത മാത്രം. (അന്ന് ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല എന്നതും കൂടി കൂട്ടി വായിയ്ക്കുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകും. പെണ്‍കുട്ടികള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എല്ലാവരും ഏത് നേരവും പഠനം പഠനം എന്നും പറഞ്ഞ് ബുജികളായി നടക്കില്ലായിരുന്നു എന്ന് ഉറപ്പല്ലേ?)
അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ചിലരുടെ മക്കളും എന്‍ട്രന്‍സ് കോച്ചിങ്ങിന് പോകുന്നുണ്ടായിരുന്നു. അങ്ങനെ വൈകാതെ ആ കുരിശ് എന്റെ തലയിലും വീണു. ആ അഭിപ്രായം വന്നത് അച്ഛന്റെ ഓഫീസിലെ സുഹൃത്തുകളുടെ അടുത്ത് നിന്ന് തന്നെ. 5000 - 7000 റാങ്കിനുള്ളില്‍ വന്നാലേ എവിടെയെങ്കിലും സീറ്റ് കിട്ടൂ(ഞാന്‍ പഠിയ്ക്കുന്ന കാലത്ത് ഇന്നത്തെയത്ര സീറ്റുകളും ഉണ്ടായിരുന്നില്ല), അതു കൊണ്ട് കോച്ചിങ്ങിനു പോകാതെ രക്ഷയില്ല, പത്താം ക്ലാസ്സില്‍ മോശമല്ലാത്ത മാര്‍ക്ക് കിട്ടിയതു കൊണ്ട് എന്നെയും നിര്‍ബന്ധമായി കോച്ചിങ്ങിനു വിടണം എന്നെല്ലാം അവര്‍ പറയുന്നത് കേട്ട് എന്നെയും കോച്ചിങ്ങിന് വിടാന്‍ തീരുമാനമായി. അവസാനം താല്പര്യമില്ലാഞ്ഞിട്ടും എല്ലാവരുടേയും നിര്‍ബന്ധത്താല്‍ ഞാനും എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേര്‍ന്നു. തൃശ്ശൂര്‍ പി.സി. തോമസ് സാറിന്റെ കോച്ചിങ്ങ് സെന്റര്‍ എല്ലാം ആദ്യമേ നിറഞ്ഞു കഴിഞ്ഞിരുന്നതിനാല്‍ തൃശ്ശൂര്‍ തന്നെയുള്ള ജയറാം സാറിന്റെ അടുത്താണ് എന്നെ ചേര്‍ത്തത്. ആകെയുണ്ടായിരുന്ന ഒരു ആശ്വാസം എന്റെ നാട്ടിലെ സുഹൃത്തുക്കളായ വസീമും അക്ബറും അതേ സെന്ററില്‍ ഉണ്ടായിരുന്നു എന്നതാണ്. അങ്ങനെ പോക്കും വരവുമെല്ലാം ഞങ്ങള്‍ ഒരുമിച്ചായി. ശനിയും ഞായറും തൃശ്ശൂര്‍ക്ക് പോകണം. ആഴ്ചയില്‍ ആകെ കിട്ടിയിരുന്ന ഒഴിവു സമയം കൂടെ അങ്ങനെ നഷ്ടപ്പെട്ടു.
അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. 1998 ജനുവരിയിലെ ഒരു തണുത്ത പ്രഭാതം. ഞാനും വസീമും അക്ബറും കൂടി തൃശ്ശൂര്‍ക്ക് പോകുകയാണ്. കൊച്ചു വെളുപ്പാന്‍ കാലത്ത് തന്നെ വീട്ടില്‍ നിന്നിറങ്ങി ചാലക്കുടി ബസ്സ് സ്റ്റാന്റില്‍ എത്തി. ഒരു തൃശ്ശൂര്‍ ഓഡിനറി അവിടെ കിടപ്പുണ്ട്. ഡ്രൈവര്‍ ബസ്സിന്റെ ചില്ലു തുടച്ചു കൊണ്ട് അവിടെ നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ നേരെ അടുത്ത് ചെന്ന് ബസ്സ് എപ്പോള്‍ പോകും എന്ന് ചോദിച്ചു.
“അങ്ങനെയൊന്നുമില്ല മക്കളേ. കണ്ടക്ടര്‍ വന്നാല്‍ ഉടനേ നമുക്ക് പോകാം. നിങ്ങള്‍ കയറിക്കോ” ഒരു ചെറിയ ചിരിയോടെ ഡ്രൈവറുടെ മറുപടി.
മറുപടി കേട്ട് ഒന്ന് പകച്ചുവെങ്കിലും ഞങ്ങള്‍ ബസ്സില്‍ കയറിയിരുന്നു. ഡ്രൈവര്‍ സീറ്റിനു തൊട്ടു പുറകിലെ സീറ്റിലാണ് ഞങ്ങളുടെ ഇരിപ്പ്. ബസ്സ് ഏതാണ്ട് നിറഞ്ഞിട്ടുണ്ട്. അപ്പോഴേയ്ക്കും ഡ്രൈവറും സീറ്റില്‍ കയറി ഇരുപ്പായി. എല്ലാവരും കണ്ടക്ടറെ കാത്തിരിപ്പാണ്. എന്തായാലും അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും കണ്ടക്ടര്‍ വന്നു. അയാള്‍ വന്ന് കയറിയതും ഡബിള്‍ ബെല്ലടിച്ചു. അങ്ങനെ എല്ലാവരുടേയും കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തു.
ബസ്സ് ഏതാണ്ട് പോട്ട ധ്യാനകേന്ദ്രം അടുത്തു കാണും. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ ബസ്സിനു പുറകിലെ ബഹളം കേട്ടാണ് തിരിഞ്ഞു നോക്കിയത്. അവിടെ ബാക്കിലെ ലോങ് സീറ്റിനടുത്ത് ഒരു പൊതിക്കെട്ടും ഉയര്‍ത്തിപ്പിടിച്ച് കണ്ടക്ടര്‍ എന്തോ പറയുകയാണ്. ഞങ്ങള്‍ സംസാരമെല്ലാം നിര്‍ത്തി അങ്ങോട്ട് ശ്രദ്ധിച്ചു.
കണ്ടക്ടര്‍ ആ പൊതിക്കെട്ടിന്റെ ഉടമയെ അന്വേഷിയ്ക്കുകയാണ്. ആരും ഉത്തരം പറയുന്നില്ല. ഓരോരുത്തരുടെ അടുത്തായി ടിക്കറ്റ് ചോദിച്ച് അവസാനം ബാക്ക് സീറ്റില്‍ എത്തിയപ്പോഴാണ് ആ പൊതി അയാളുടെ ശ്രദ്ധയില്‍ പെട്ടത് എന്നു തോന്നുന്നു. ബാക്ക് സീറ്റില്‍ ഒരു മൂലയിലാണ് അത് ഇരുന്നിരുന്നത്. സാമാന്യം വലുപ്പമുള്ള പൊതിയാണ്. കണ്ടക്ടര്‍ വീണ്ടും വീണ്ടും ചോദിച്ചിട്ടും ആരും ഉത്തരവാദിത്വം ഏല്‍ക്കാനില്ല.
അപ്പോഴേയ്ക്കും ഓരോരുത്തരായി ഓരോ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി. താന്‍ ബസ്സില്‍ കയറുമ്പോള്‍ മുതല്‍ ആ പൊതി അവിടെ തന്നെ ഇരുപ്പുണ്ടായിരുന്നു എന്ന് ലോങ്ങ് സീറ്റില്‍ ഇരിയ്ക്കുന്ന ഒരാള്‍. അത് ശരിയാണെന്ന് വേറെ ഒന്നു രണ്ടു പേരും കൂടെ സമ്മതിച്ചു.
“ഇനി വല്ല ബോംബോ മറ്റോ ആയിരിയ്ക്കുമോ? ഇപ്പോഴത്തെ കാലമാണേ... ഒന്നും പറയാനൊക്കില്ല” ബസ്സിന്റെ മുന്‍ വശത്ത് ഞങ്ങളുടെ പിറകിലെ സീറ്റില്‍ നിന്ന് ഒരു മദ്ധ്യ വയസ്കനായ മാന്യന്റെ (കടപ്പാട്: അയ്യപ്പ ബൈജു) കമന്റ്.
അത് കേട്ടതും ബസ്സില്‍ അവിടവിടെയായി പിറുപീറുക്കലുകള് തുടങ്ങി. കണ്ടക്ടറും ഒന്ന് ഞെട്ടി എന്ന് തോന്നുന്നു. അയാള്‍ വേഗം ആ പൊതി അവിടെ തന്നെ വച്ചിട്ട് പുറകോട്ട് മാറി.
പെട്ടെന്ന് തന്നെ ബസ്സില്‍ അതൊരു ചര്‍ച്ചാ വിഷയമായി. ആ പൊതി ബസ്സിലുള്ള ആരുടേയുമല്ല. അത് ആര് കൊണ്ടു വച്ചു എന്ന് ആര്‍ക്കും ഒട്ടറിയുകയുമില്ല. അതിരാവിലെ ബസ്സ് ഗാരേജില്‍ നിന്ന് ഇറക്കിയിടുമ്പോള്‍ അങ്ങനെ ഒന്ന് അവിടെ ഉണ്ടായിരുന്നില്ല എന്ന് ഉറപ്പാണ് എന്ന് കണ്ടക്ടര്‍. ഇടയ്ക്കിടെ തിരിഞ്ഞ് നോക്കിക്കൊണ്ട് വണ്ടി ഓടിച്ചു കൊണ്ടിരുന്ന ബസ്സ് ഡ്രൈവറും അത് ശരി വച്ചു.
വല്ല ബോംബോ മറ്റോ ആണെങ്കില്‍ അതെടുത്ത് പുറത്തേക്കെറിയാന്‍ ഒരാളുടെ ഉപദേശം. എറിഞ്ഞാല്‍ പൊട്ടിയാലോ എന്ന് വേറൊരാളുടെ പേടി. എന്തായാലും അതിനടുത്ത് പോകാന്‍ എല്ലാവര്ക്കും ഭയം. അപ്പോഴേയ്ക്കും ബാക്ക് സീറ്റ് മുഴുവന്‍ കാലിയായി. സീറ്റില്ലെങ്കിലും വേണ്ടില്ല, റിസ്കെടുക്കാന്‍ വയ്യ എന്ന ഭാവത്തില്‍ അവിടെ ഇരുന്നിരുന്നവരെല്ലാവരും മുന്പോട്ട് കയറി നില്‍പ്പായി.
കണ്ടക്ടര്‍ സീറ്റ് അതിനടുത്തായതു കൊണ്ട് അയാള്‍ക്ക് ഇരിക്കപ്പൊറുതിയുമില്ല. അല്പം കഴിഞ്ഞ് നികൃഷ്ടമായ എന്തോ ഒന്ന് അറച്ചറച്ച് എടുക്കുന്നത് പോലെ കണ്ടക്ടര്‍ ആ പൊതി അതീവ ശ്രദ്ധയോടെ എടുത്തു കൊണ്ട് ബസ്സിന്റെ മുന്‍പിലേയ്ക്ക് വന്നു. എന്നിട്ട് അത് മുന്‍ വശത്ത് എന്‍ജിന്റെ അടുത്തായി ശ്രദ്ധയോടെ കൊണ്ടു വച്ചു. എന്നിട്ട് ഡ്രൈവറോടായി പറഞ്ഞു. “ഇതിവിടെ ഇരുന്നോട്ടെ. ആരെങ്കിലും അന്വേഷിച്ച് വരുമ്പോള്‍ കൊടുക്കാം”
ഇത് കണ്ടതും ഡ്രൈവറുടെ ഭാവം മാറി. “ഹേയ്! അത് ശരിയാവില്ല. അതിവിടെ നിന്നെടുക്ക്. അവിടെ തന്നെ വച്ചാല്‍ മതി”
“അതെയതെ. അത് പുറകില്‍ തന്നെ വച്ചാല്‍ മതി. വെറുതേ എന്തിനാ...” ഞങ്ങളുടെ പിന് സീറ്റിലെ മാന്യന്റെ കമന്റ് വീണ്ടും.
“അല്ല, ഒന്നും ഉണ്ടായിട്ടല്ല. അത് ബാക്ക് സീറ്റില്‍ നിന്നെങ്ങാന്‍ കുലുക്കത്തില്‍ താഴെ വീണാലോ എന്ന് കരുതീട്ടാ. അതവിടെ ഇരിയ്ക്കട്ടേന്നേ” വിളറിയ മുഖത്തോടെ ഇത്രയും പറഞ്ഞൊപ്പിച്ച് കണ്ടക്ടര്‍ പിന്നിലേയ്ക്ക് നടന്നു കഴിഞ്ഞു.
പിന്നെയും പിന്നെയും വിളിച്ചു പറഞ്ഞിട്ടും കണ്ടക്ടര്‍ വരാതായപ്പോള്‍ ഡ്രൈവര്‍ വണ്ടി ചവിട്ടി നിറുത്തി. “തമാശ കളിയ്ക്കരുത്. ഇതിവിടെ ഒന്നും വയ്ക്കാന്‍ പറ്റില്ല. പിന്നില്‍ തന്നെ വച്ചാല്‍ മതി” എന്നും പറഞ്ഞ് അയാള്‍ ആ പൊതി ശ്രദ്ധിച്ച് എടുത്തു കൊണ്ട് പുറകിലേയ്ക്ക് ഓടി. എന്നിട്ട് അത് കണ്ടക്ടറുടെ മടിയില്‍ കൊണ്ട് വച്ചിട്ട് തിരികേ ഓടി വന്നു.
ചെറിയ പേടിയോടെയാണിരുന്നിരുന്നത് എങ്കിലും ഈ കാഴ്ചകള്‍ ബസ്സിലെ ഭൂരിഭാഗത്തെയും ചിരിപ്പിച്ചു.
നിവൃത്തിയില്ലാതെ കണ്ടക്ടര്‍ ആ പൊതി വീണ്ടും ബാക്ക് സീറ്റില്‍ തന്നെ പ്രതിഷ്ഠിച്ചു. എന്നിട്ട് മുന്പില് വന്ന് നില്‍പ്പായി. അപ്പോഴേയ്ക്കും ഞങ്ങളുടെ പുറകിലെ സീറ്റിലിരുന്ന ആള് വീണ്ടും ഇടപെട്ടു. “നിങ്ങള്‍ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും അതും കൊണ്ട് നടക്കാതെ അതൊന്ന് തുറന്ന് നോക്കൂ.”
അപ്പോഴേയ്ക്കും കണ്ടക്ടറുടെ നിയന്ത്രണം വിട്ടു. “എന്നാല്‍ താന്‍ പോയി അതെടുത്ത് തുറന്ന് നോക്ക്”
അതോടെ ചമ്മിയ അയാള്‍ ഒന്നടങ്ങി. അപ്പോഴേയ്ക്കും ബസ്സിലെ വേറെ ആരോ പറഞ്ഞു “എന്നാല്‍ ഒരു പണി ചെയ്യൂ. വണ്ടി നേരെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേയ്ക്ക് വിടൂ. അവരു നോക്കട്ടെ”
അത് എല്ലാവരും ശരി വച്ചു. മാത്രമല്ല, തൊട്ടു മുന്‍പത്തെ മാസം (ഡിസംബര്‍ ആറിന്) തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും ഒരു ബോംബ് ഭീഷണി കഴിഞ്ഞിരിയ്ക്കുന്ന സമയമായിരുന്നു അത്.
ആ നിര്‍ദ്ദേശം കൊള്ളാമെന്ന് ഡ്രൈവര്‍ക്കും തോന്നി. അയാള്‍ വണ്ടിയുടെ സ്പീഡ് കൂട്ടി. തുടര്‍ന്നുള്ള സ്റ്റോപ്പുകളിലൊന്നും വണ്ടി നിര്‍ത്തിയില്ല. തൊട്ടടുത്ത പുതുക്കാട് പോലീസ് സ്റ്റേഷനായിരുന്നു അയാളുടെ ലക്ഷ്യം. വഴിയില്‍ ആളുകള്‍ കൈ കാണിച്ചിട്ടും അവിടെ ഒന്നും നിര്‍ത്താതെ വണ്ടി പാഞ്ഞു. വെറുമൊരു ഓര്‍ഡിനറി ബസ്സിന്റെ മരണപ്പാച്ചില്‍ കണ്ട് വഴിയിലെല്ലാം ആളുകള്‍ കണ്ണും തള്ളി നിന്നു. വഴിയ്ക്ക് ഒന്നു രണ്ട് ഫാസ്റ്റുകളെ പോലും ഓവര്‍ടേക്ക് ചെയ്ത് ഞങ്ങള്‍ പറന്നു.
ഞങ്ങളുടെ തൊട്ടു പുറകില്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് വരുന്നുണ്ടായിരുന്നു. അവരും കുറച്ചു നേരമായി ഞങ്ങളുടെ വണ്ടിയുടെ തൊട്ടു പിറകേ തന്നെ ഉണ്ട്. അവര്‍ ഹോണടിച്ചിട്ടും കടത്തി വിടാന്‍ മിനക്കെടാതെ ഞങ്ങള്‍ പായുകയാണ്.
അങ്ങനെ വണ്ടി ഏതാണ്ട് പുതുക്കാട് അടുത്തു. പോലിസ് സ്റ്റേഷന്റെ അടുത്തെത്തിയതും ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി സ്ലോ ചെയ്തു. അത്രയും നേരം പുറകില്‍ നിന്ന് ഹോണടിച്ചിട്ടും ഞങ്ങളെ ഓവര്‍ടേക്ക് ചെയ്യാന്‍ പറ്റാതിരുന്ന സൂപ്പര്‍ ഫാസ്റ്റിന് ഞങ്ങളുടെ ഓര്‍ഡിനറിയുടെ മുന്നില്‍ കയറാന്‍ കഴിഞ്ഞത് അപ്പോഴാണ്. എന്നാല്‍ അവര്‍ അങ്ങ് പോയ്ക്കോളും എന്ന് കരുതിയ ഞങ്ങളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ആ സൂപ്പര്‍ ഫാസ്റ്റ് ഞങ്ങളുടെ ബസ്സിനു മുന്പില് ചവിട്ടി നിര്‍ത്തി അതില്‍ നിന്ന് കണ്ടക്ടറും വേറൊരാളും ഇറങ്ങി വന്നു.
സൂപ്പര്‍ ഫാസ്റ്റിലെ കണ്ടക്ടര്‍ ഞങ്ങളുടെ ഡ്രൈവറുടെ അടുത്തേക്ക് വന്ന്, അത്രയും നേരം ഹോണടിച്ചിട്ടും വണ്ടി നിര്‍ത്തുകയോ അവരെ കയറ്റി വിടാന്‍ സമ്മതിയ്ക്കുകയൊ ചെയ്യാതിരുന്നത് എന്തെന്ന് കുറച്ച് ദേഷ്യത്തോടെ ചോദിച്ചു കൊണ്ട് തിരിഞ്ഞു നടന്നു . ബസ്സിലെ സംഭവങ്ങളുടെ ഒരു ചുരുക്കം എങ്ങനെ പറയണം എന്ന് സംശയിച്ച് പരുങ്ങി നിന്ന ഡ്രൈവര്‍ കാണുന്നത് സൂപ്പര്‍ ഫാസ്റ്റിലെ കണ്ടക്ടര്‍ക്കൊപ്പം ഇറങ്ങിയ ആള് അതിവേഗം ഞങ്ങളുടെ ബസ്സിലേയ്ക്ക് ഓടിക്കയറുന്നതാണ്.
ഞങ്ങളെല്ലാവരും മിഴിച്ചു നില്‍ക്കേ അയാള്‍ ഞങ്ങളുടെ കണ്ടക്ടറോട് ചോദിച്ചു. “എന്റെ ഒരു ബാഗ് ഈ വണ്ടിയില്‍ ഉണ്ടായിരുന്നു. അത് കിട്ടിയോ?”
മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ അയാള്‍ തുടര്‍ന്നു “ വണ്ടി ചാലക്കുടി സ്റ്റാന്‍ഡില്‍ വച്ച് ഞാനതില്‍ കയറിയതാണ്. പോകാന്‍ സമയമുണ്ടല്ലോ എന്ന് കരുതി ഒരു ചായ കുടിയ്ക്കാനിറങ്ങിയ നേരം കൊണ്ട് വണ്ടി വിട്ടു പോയി. പിന്നാലെ ഓടിയിട്ടും കിട്ടിയില്ല. പിന്നെ പുറകേ വന്ന ആ സൂപ്പര്‍ ഫാസ്റ്റും പിടിച്ച് പോന്നു.”
ഇത്രയും കേട്ടതോടെ പിന്നെ ആര്‍ക്കും ഒന്നും ചോദിയ്ക്കാനോ പറയാനോ തോന്നിയില്ല. “വെറുതേ മനുഷ്യരെ പേടിപ്പിച്ചു” എന്നും പറഞ്ഞ് കണ്ടക്ടര്‍ അനാഥ പ്രേതം പോലെ ബാക്ക് സീറ്റില്‍ കിടന്ന പൊതി അയാള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോള്‍ മല പോലെ വന്നതെന്തോ എലി പോലെ പോയല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്‍ മറ്റു യാത്രക്കാരെല്ലാവരും.
ഇങ്ങനെ ഒരു ഫുള്‍ സീറ്റ് ബാക്കില്‍ കിടക്കുന്നുണ്ടായിട്ടും ഇത്രയും പേരെന്താ വെറുതേ കമ്പിയില്‍ തുങ്ങി നില്‍ക്കുന്നത് എന്ന അതിശയത്തോടെ അയാള്‍ പൊതിയുമെടുത്ത് പുറകിലെ ഒരു സീറ്റില്‍ സ്ഥാനം പിടിച്ചു. അപ്പോഴേയ്ക്കും നിന്നിരുന്നവര്‍ ഓരോരുത്തരായി പുറകിലെ സീറ്റില്‍ ചെന്നിരിയ്ക്കാനും തുടങ്ങി. “എന്നാലും വെറുമൊരു ഓര്‍ഡിനറി ആയിരുന്നിട്ടും നിങ്ങള്‍ ഇതെന്തൊരു സ്പീഡിലാ ഇങ്ങ് പോന്നത്. എത്ര നേരമായി ഞങ്ങള്‍ നിങ്ങളെ ഒന്ന് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിയ്ക്കുന്നു എന്നറിയാമോ?” അയാള്‍ ആരോടെന്നില്ലാതെ ചോദിച്ചു.
“പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും” ഞങ്ങളുടെ പുറകിലെ സീറ്റില്‍ കുറേ നേരം മിണ്ടാതെ ഇരുന്ന മാന്യന്റെ വായില്‍ നിന്ന് ആശ്വാസത്തോടെയുള്ള ഈ പറച്ചില് കേട്ട് ബസ്സില്‍ കൂട്ടച്ചിരി ഉയരുമ്പോള്‍ സംഭവിച്ചതെന്ത് എന്നറിയാതെ അന്തം വിട്ടിരിയ്ക്കുകയായിരുന്നു സംഭവ ബഹുലമായ പൊതിയുടെ ഉടമയായ ബസ്സിലെ ആ പുതിയ യാത്രക്കാരന്...
Friday, January 8, 2010
ഒരു ബോംബ് ഭീഷണി
എഴുതിയത്
ശ്രീ
at
6:02 AM
122
comments
Labels: അനുഭവ കഥ
Subscribe to:
Posts (Atom)