നാട്ടില്‍ രണ്ടു മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നാലഞ്ചു ക്ഷേത്രങ്ങളാണ് ഉള്ളത്. ശിവനും കൃഷ്ണനും അയ്യപ്പനും ഭഗവതിയുമൊക്കെയായി എല്ലാവരും ചുറ്റിലുമുണ്ട്. അതു കൊണ്ടു തന്നെ പുതുവര്‍ഷം തുടങ്ങി അധികം കഴിയും മുന്‍പേ നാട് ഉത്സവ ലഹരിയിലായിരിയ്ക്കും. ഞങ്ങളുടെ ഈ ഉത്സവകാലം ജനുവരി അവസാനം മുതല്‍ മുതല്‍ ഏപ്രില്‍ വരെ നീണ്ടു നില്ക്കും.
അതു പോലെ ഒരു ഉത്സവകാലത്ത് പത്തു പതിനഞ്ചു വര്‍ഷം മുന്‍പു നടന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്. ഞാനും ചേട്ടനുമെല്ലാം അന്ന് സ്കൂളില്‍ പഠിയ്ക്കുകയാണ്. അങ്ങനൊരു ദിവസം കുറച്ചകലെയുള്ള ശിവ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറിക്കഴിഞ്ഞു. ഞങ്ങളെല്ലാവരും പലപ്പോഴായി ക്ഷേത്രദര്‍ശനം നടത്താറുണ്ടെങ്കിലും ഉത്സവദിവസങ്ങളില്‍ കുട്ടികള്‍ എല്ലാവരും ഒരുമിച്ചാണ് പോകാറുള്ളത്. [രാത്രി സമയങ്ങളില്‍ ഒറ്റയ്ക്കു വരുക എന്നത് അക്കാലത്ത് ചിന്തിക്കാനേ പറ്റില്ലായിരുന്നു].
വൈകുന്നേരമായി. അന്ന് ഉത്സവ പരിപാടികളില്‍ ഗാനമേളയോ മറ്റോ ആണ്. എന്തായാലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു സംഭവം. അതു കൊണ്ടു തന്നെ ഞങ്ങളെല്ലാവരും മുന്‍കൂറായി വീട്ടില്‍ നിന്നും അനുവാദം വാങ്ങി. എന്നെയും ചേട്ടനെയും കൂടാതെ സംഗനും അയല്പക്കത്തെ ജിബീഷേട്ടനും സുധീഷും സുജിത്തും സൂരജുമെല്ലാം ഉണ്ടായിരുന്നു. എല്ലാവരും മുന്‍പേ പറഞ്ഞുറപ്പിച്ചതിന് പ്രകാരം വൈകുന്നേരമായപ്പോഴേയ്ക്കും കുളിച്ചൊരുങ്ങി തയ്യാറായി.
ഏതാണ്ട് ഒരു അഞ്ചു മണിയോടെ എല്ലാവരും ക്ഷേത്രത്തിലേയ്ക്ക് വച്ചു പിടിച്ചു. നാട്ടു വിശേഷങ്ങളും കേട്ടു കേള്വികളും സിനിമാക്കഥകളും തമാശകളും എല്ലാം പറഞ്ഞ് ആടിപ്പാടി പതുക്കെയാണ് നടത്തം. അങ്ങനെ ക്ഷേത്രത്തില്‍ എത്തി ദീപാരാധന കഴിഞ്ഞ്, തൊഴുത് പ്രസാദവും വാങ്ങി അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍പ്പായി. പിന്നെ രാത്രി ഗാനമേള തുടങ്ങുന്നതു വരെയുള്ള സമയമത്രയും ചിലവിടുന്നത് ഉത്സവക്കാഴ്ചകളിലൂടെയും അമ്പലപ്പറമ്പിലും വഴിയരികിലും എല്ലാം പൊടിപൊടിയ്ക്കുന്ന വഴിയോരക്കച്ചവടക്കഴ്ചകള് കണ്ടു കൊണ്ടുമാണ്. അതിനിടെ ഏറ്റവും സമയം ചിലവിടുന്നത് കിലുക്കിക്കുത്ത് പോലെയുള്ള ആള്‍ത്തിരക്കുള്ള ‘നിരോധിത കല’കള്‍ കാഴ്ച വയ്ക്കുന്ന കച്ചവടക്കാരന്റെ മുന്നിലോ അമ്പലപ്പറമ്പില്‍ നെഞ്ചും വിരിച്ച് പനമ്പട്ടയും മറ്റും തട്ടിവിടുന്ന ആനകളുടെ ചുറ്റുവട്ടത്തോ ആയിരിയ്ക്കും.
അങ്ങനെ അന്നത്തെ ഉത്സവശേഷം രാത്രി ഗാനമേളയും കഴിഞ്ഞ് ഞങ്ങളെല്ലാവരും അമ്പലപ്പറമ്പില്‍ നിന്നും വീട്ടിലേയ്ക്ക് തിരിച്ചു. സമയം ഏതാണ്ട് ഒരു മണിയെങ്കിലും കഴിഞ്ഞു കാണും. മെയിന്‍ റോഡില്‍ നിന്നും ഞങ്ങളുടെ ചെമ്മണ് റോഡിലേയ്ക്ക് കടക്കുന്നതു വരെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. കാരണം സ്ട്രീറ്റ് ലൈറ്റും മറ്റും ഉണ്ടായിരുന്നു. പോരാത്തതിന് ഉത്സവം കഴിഞ്ഞ് പോകുന്ന ചില ആളുകളെയും കാണാമായിരുന്നു. എല്ലാവരും ചിരിച്ചു തമാശ പറഞ്ഞ് നടന്നു.
പക്ഷേ ടാര്‍ റോഡില്‍ നിന്നും ഞങ്ങളുടെ ഇടവഴിയിലേയ്ക്ക് തിരിയുന്ന സ്ഥലമായപ്പോഴേയ്ക്കും കഥ മാറി. ഞങ്ങളുടെ ആ ചെറിയ വഴി മുഴുവന്‍ ഇരുട്ടു മൂടി കിടക്കുകയാണ്. വഴിയുടെ വശങ്ങളിലുള്ള ഒറ്റ വീട്ടില്‍ പോലും വെളിച്ചമില്ല. ആ റോഡിലേയ്ക്ക് കടന്ന നിമിഷം മുതല്‍ അകാരണമായ ഒരു ഭയം എല്ലാവരിലും പ്രകടമായി. അതു വരെ മുന്‍പേ നടന്നിരുന്നവര്‍ (ഞാനും) ഓരോരുത്തരായി പതിയേ പുറകോട്ട് പിടിയ്ക്കാന്‍ തുടങ്ങി.
വെളിച്ചമില്ല എന്നതു മാത്രമായിരുന്നില്ല ആ ഭയത്തിന്റെ കാരണം. ഞങ്ങള്‍ക്ക് പോകുന്ന വഴിയ്ക്ക് റോഡരുകിലായി ഒരു പൊളിഞ്ഞ ക്ഷേത്രമുണ്ട്. ‘കുറുപ്പന്മാരുടെ അമ്പലം’ എന്നറിയപ്പെടുന്ന ആ കൊച്ചു ക്ഷേത്രം പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ അവിടെയുള്ള ഒരു കുടുംബക്കാരുടെ കുടുംബ ക്ഷേത്രമായിരുന്നു. വളരെ പണ്ട് പൂജയും മറ്റുമുണ്ടായിരുന്ന ആ ക്ഷേത്രം വര്‍ഷങ്ങളായി നശിച്ചു കാടു പിടിച്ച് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. അതെ പറ്റി നാട്ടുകാര്‍ക്കിടയില്‍ നല്ലതല്ലാത്ത പല കഥകളും പ്രചരിച്ചിട്ടുമുണ്ടായിരുന്നു. മൊത്തത്തില്‍ ഭയപ്പെടുത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിയ്ക്കാന്‍ അത് ധാരാളമായിരുന്നു. എന്തിനധികം, പകല്‍ സമയത്തു പോലും അതിനടുത്തു കൂടെ നടക്കുമ്പോള്‍ അറിയാതെ അങ്ങോട്ടേയ്ക്ക് ഒരു നോട്ടം ചെന്നാല്‍ മതി, എന്തെന്നറിയാത്ത ഒരു തരിപ്പ് തോന്നുമായിരുന്നു എന്നതാണ് സത്യം.
അന്നു രാത്രിയും ഞങ്ങള്‍ക്ക് സ്വന്തം വീടുകളിലേയ്ക്ക് പോകണമെങ്കില്‍ ആ ക്ഷേത്രത്തിനരികിലൂടെ തന്നെ പോകുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. രാത്രി അത്രയും വൈകിയതില്‍ സ്വയം പ്രാകിക്കൊണ്ട് പരസ്പരം കൈ കോര്‍ത്ത് പിടിച്ച് ഒറ്റക്കെട്ടായി ഞങ്ങള്‍ പതുക്കെ പതുക്കെ നടന്നു. ക്ഷേത്രത്തിന് തൊട്ടു മുന്‍പായിരുന്നു സൂരജിന്റെ വീട്. അവിടെയെത്തിയപ്പോള്‍ ഉള്ള ധൈര്യം മുഴുവനുമെടുത്ത് ഒറ്റ ഓട്ടത്തിന് അവന് വീടെത്തി. ഞങ്ങള്‍ ബാക്കി എല്ലാവരും നടത്തം തുടര്‍ന്നു. അങ്ങനെ ക്ഷേത്രമടുക്കുന്തോറും ഞങ്ങളുടെ നടത്തത്തിന്റെ വേഗം കൂടി കൂടി വന്നു. കൃത്യം ക്ഷേത്രത്തിനു മുന്‍പിലൂടെ കടന്നു പോകുമ്പോള്‍ ഞങ്ങളെല്ലാവരും നടത്തത്തില്‍ നിന്നും ചെറിയ തോതില്‍ ഓട്ടത്തിലേയ്ക്ക് ചുവടു മാറിക്കഴിഞ്ഞിരുന്നു എന്നു തന്നെ പറയാം.
ആ സമയം ഞാനായിരുന്നു കൂട്ടത്തില്‍ ഏറ്റവും പുറകില്‍ നടന്നിരുന്നത്. നോക്കരുതെന്ന് കരുതിയിരുന്നുവെങ്കിലും ക്ഷേത്രത്തിന്റെ മുന്‍വശം കടന്നു പോകുന്ന സമയത്ത് അറിയാതെ ഞാന്‍ ആ ഭാഗത്തേയ്ക്ക് ഒന്നു പാളി നോക്കി. അപ്പോള്‍ പെട്ടെന്ന് ആ ക്ഷേത്രമുറ്റത്ത് എന്തോ കിടക്കുന്നതു പോലെ എനിയ്ക്കു തോന്നി. ഞാന്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അപ്പോള്‍ കണ്ട കാഴ്ച! ആ കൂരിരുട്ടില്‍ തൃകോണാകൃതില്‍ ക്ഷേത്രമുറ്റത്ത് അവ്യക്തമായ ഒരു രൂപം. ഞാന്‍ നോക്കി നില്‍ക്കേ ആ രൂപം ഒന്ന് അനങ്ങി. അടുത്ത നിമിഷം അത് വലുതായി വരുന്നതു പോലെ എനിയ്ക്കു തോന്നി.
എന്റെ തൊണ്ട വറ്റി വരണ്ടു. ഭയം കാരണം ഞാനൊന്ന് വിറച്ചു. ഒരു വിധത്തില്‍ ഞാന്‍ തൊട്ടു മുമ്പില്‍ പോകുകയായിരുന്ന ജിബീഷ് ചേട്ടനെ തോണ്ടി വിളിച്ചു കൊണ്ട് “ദേ, നോക്കിയേ ജിബീഷ് ചേട്ടാ, എന്താ അത്?” എന്ന് പറഞ്ഞതും അത് മുഴുവനാക്കും മുന്‍പ് തന്നെ ജിബീഷ് ചേട്ടന് തിരിഞ്ഞു നോക്കാതെ എല്ലാവരോടുമായി “ഓടിക്കോടാ” എന്ന് പറഞ്ഞതും ഞങ്ങളെല്ലാവരും ഓട്ടം തുടങ്ങിയതും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു.
ആ ഓട്ടം എല്ലാവരും നിര്‍ത്തിയത് ഞങ്ങളുടെ വീടിനു മുന്പിലായിരുന്നു. ഓട്ടം തുടങ്ങുമ്പോള്‍ ഏറ്റവും പുറകിലായിരുന്നെങ്കിലും ഏറ്റവുമാദ്യം ഓടിയെത്തിയത് ഞാനായിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. എല്ലാവരും എനിയ്ക്കു ചുറ്റും വട്ടം കൂടി നിന്നു കൊണ്ട് ചോദിച്ചു “എന്താ കാര്യം? നീ എന്താ കണ്ടത്?” എന്ന്. ഭയം മൂലം എല്ലാവരും കുറേശ്ശെ വിറയ്ക്കുന്നുണ്ടായിരുന്നു.
അത് എന്താണെന്ന് എനിയ്ക്കും പിടി കിട്ടിയില്ലല്ലോ. വെളുത്ത എന്തോ ഒന്ന് അവിടെ കണ്ട കാര്യം മാത്രം ഞാന്‍ പറഞ്ഞു. അതെന്തായിരിയ്ക്കും എന്ന് ഞങ്ങള്‍ പരസ്പരം ചോദിച്ചു. അപ്പോള്‍ വിറയാര്‍ന്ന ശബ്ദത്തില്‍ സുധീഷ് പറഞ്ഞു. “വല്ല പ്രേതമോ മറ്റോ ആയിരിയ്ക്കുമോടാ? അവിടെ അങ്ങനെ പലതും കാണാറുണ്ടെന്ന് എന്റെ അച്ഛാച്ചനും മിനിക്കുഞ്ഞമ്മയുമൊക്കെ പറയാറുള്ളതാ...” അതു കൂടി കേട്ടതോടെ എല്ലാവരുടെയും നല്ല ജീവന് പോയി.
അപ്പോഴേയ്ക്കും ഞങ്ങളുടെ വീട്ടിലെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. പുറത്തെ അടക്കിപ്പിടിച്ച സംസാരം കേട്ട് അച്ഛന് ഉണര്ന്നിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങള്‍ വരേണ്ട സമയമായെന്ന് അച്ഛനറിയാമല്ലോ. ചേട്ടന് പെട്ടെന്ന് ചാടിക്കയറി എല്ലാവരോടുമായി പറഞ്ഞു “ആരും തല്ക്കാലം ഈ സംഭവം മിണ്ടരുത്. വല്ലതും കണ്ട് പേടിച്ചു എന്നോ മറ്റോ പറഞ്ഞാല്‍ പിന്നെ രാത്രിയില്‍ ഒരു പരിപാടി കാണാനും അനുവാദം കിട്ടില്ല”. എല്ലാവരും അത് സമ്മതിച്ചു. അതിനിടെ വാതില്‍ തുറന്ന് അച്ഛന് വരാന്തയില്‍ എത്തിയിരുന്നു. ആ സമയത്ത് അച്ഛനെ കണ്ടപ്പോള്‍ എല്ലാവ്ര്ക്കും കുറച്ചൊരു ആശ്വാസമായി. ആ ഒരു ധൈര്യത്തില്‍ എല്ലാവരും അവരവരുടെ വീടുകളിലേയ്ക്കും പോയി.
പിന്നീട് കുറേക്കാലത്തേയ്ക്ക് ആ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കാതിരിയ്ക്കാന്‍ ഞങ്ങളെല്ലാവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുറേക്കാലത്തിനു ശേഷം അയല്‍വീട്ടുകാരെല്ലാം കൂടി കൂടിയിരുന്ന് പരദൂഷണങ്ങള്‍ പങ്കു വച്ചു കൊണ്ടിരുന്ന ഒരവസരത്തിലാണ് ഞങ്ങള്‍ ഈ സംഭവം അവര്‍ക്കു മുന്പില് അവതരിപ്പിയ്ക്കുന്നത്. ഞങ്ങള്‍ കണ്ട കാഴ്ച അവരോട് വിശദീകരിച്ചു കഴിഞ്ഞതും അവര്‍ ചിരി തുടങ്ങി. കാര്യമറിയാതെ പകച്ചു നില്ക്കുന്ന ഞങ്ങളോട് അവര്‍ പറഞ്ഞു. “ ഈ പിള്ളേരുടെ ഒരു കാര്യം. എടാ, അത് രാത്രി ആ കുറുപ്പത്തി മൂത്രമൊഴിയ്ക്കാന്‍ തെങ്ങിന് ചുവട്ടില്‍ പോയിരുന്നതായിരിയ്ക്കും. അവര്‍ എഴുന്നേറ്റു വരുന്നതായിരിയ്ക്കും നിങ്ങള്‍ കണ്ടത്. ഇങ്ങനെ ഓരോ പേടിത്തൊണ്ടന്മാര്”
ആ വീട്ടിലെ അമ്മൂമ്മയെയാണ് (കുറുപ്പത്തി എന്ന് നാട്ടുകാര്‍ വിളിയ്ക്കും) രാത്രി ഞങ്ങള്‍ കണ്ടത് എന്നത് അപ്പോഴാണ് ഞങ്ങള്‍ക്കും ബോധ്യമായത്. സ്ഥിരമായി വെളുത്ത വസ്ത്രം മാത്രം ധരിച്ചിരുന്ന ആ അമ്മൂമ്മ ക്ഷേത്രമുറ്റത്തിനോട് ചേര്‍ന്നുള്ള അവരുടെ പറമ്പിലെ തെങ്ങിന് ചുവട്ടില്‍ നിന്നും എഴുന്നേറ്റ് വരുന്നത് കണ്ടതു കൊണ്ടായിരിയ്ക്കണം ഒരു വെളുത്ത തൃകോണം വലുതായി വലുതായി വരുന്നു എന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ തോന്നിയത്. [ആ ക്ഷേത്രമുറ്റവും അവരുടെ തറവാടിന്റെ മുറ്റവും തൊട്ടു തൊട്ട് കിടക്കുന്നതു കൊണ്ട് ക്ഷേത്രത്തിനോട് ചേര്‍ന്നു നിന്നിരുന്ന തെങ്ങിന് ചുവട്ടില്‍ നിന്ന് ആ അമ്മൂമ്മ എഴുന്നേറ്റ് വരുന്ന നേരത്താകണം ഞങ്ങള്‍ അതു വഴി കടന്നു പോയത്. റോഡില്‍ നിന്നു കൊണ്ട് കണ്ടപ്പോള്‍ ക്ഷേത്രമുറ്റത്ത് ഒരു രൂപം എന്നതു പോലെ എനിയ്ക്കു തോന്നിയതാകണം]
എന്തായാലും അന്ന് കുറേക്കാലത്തേയ്ക്ക് ഞങ്ങളെ പേടിപ്പിയ്ക്കാന്‍ ആ സംഭവത്തിനു കഴിഞ്ഞു. ഇന്ന് ആ അമ്മൂമ്മയോ ക്ഷേത്രമോ ഒന്നും അവിടെയില്ല. ചെമ്മണ്‍പാത പോലും ടാറിട്ടു കഴിഞ്ഞു, പോരാത്തതിന് സ്ട്രീറ്റ് ലൈറ്റും വന്നു. എന്നാലും ഇപ്പോഴും രാത്രികാലങ്ങളില്‍ ആ വഴിയിലൂടെ നടക്കുന്നതിനിടയില്‍ ആ ഭാഗത്തെത്തുമ്പോള്‍ കണ്ണുകള്‍ അറിയാതെ അവിടെയൊക്കെ ഒന്നു പരതും... ഒന്നുമുണ്ടായിട്ടല്ല, എന്നാലും...
Thursday, March 12, 2009
ക്ഷേത്രമുറ്റത്തെ പ്രേതം
എഴുതിയത്
ശ്രീ
at
6:14 AM
107
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Posts (Atom)