ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അവധി ദിവസം. അച്ഛന്റെ അമ്മവീടായ മൂത്തകുന്നം എന്ന സ്ഥലത്ത് ഒരു കല്യാണത്തിനു ഞങ്ങള്‍ക്കും ക്ഷണം ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കളായതിനാല്‍ പോകാതെ തരമില്ല. അന്ന് ഞങ്ങള്‍ കൊരട്ടിയില്‍ ഗവ: ക്വാര്‍ട്ടേഴ്സില്‍ താമസിയ്ക്കുകയാണ്. മൂത്തകുന്നത്ത് കല്യാണത്തിന് സമയത്ത് തന്നെ എത്തണമെങ്കില്‍ കൊച്ചു വെളുപ്പാന്‍ കാലത്തു തന്നെ വീട്ടില്‍ നിന്നും പുറപ്പെടണം. രണ്ടു മൂന്നു ബസ്സ് മാറിക്കയറണം. ഇടയ്ക്ക് ഒരു ബോട്ടുയാത്രയും.
അതിരാവിലെ തന്നെ വല്ലപ്പോഴും ഉണ്ടാകാറുള്ള ഇത്തരം യാത്രകളെ എനിയ്ക്കും ചേട്ടനും തീരെ ഇഷ്ടമായിരുന്നില്ല. എന്നാലും മൂത്തകുന്നത്തേയ്ക്കാണ് എന്നറിഞ്ഞതു കൊണ്ടു മാത്രം ചെറിയൊരു ഇഷ്ടവുമുണ്ടായിരുന്നു. കാരണം ഇടയിലുള്ള ആ ബോട്ടുയാത്ര തന്നെ. രാവിലെ തന്നെ ഉറക്കത്തില്‍ നിന്നും പൊക്കിയെടുത്ത് കുളിപ്പിയ്ക്കുന്നതിന്റേയും വെറും വയറ്റില്‍ കുറേ ദൂരം നടത്തുന്നതിന്റെയും (കുറച്ച് നടക്കാനുമുണ്ട് ബസ്സ് സ്റ്റോപ്പിലേയ്ക്ക്) മറ്റും ദേഷ്യം മാറുന്നത് ഈ ബോട്ടുയാത്രയിലാണ്. കാഴ്ചകളും കണ്ട് തണുത്ത കാറ്റേറ്റ് കുറച്ചു സമയം ബോട്ടില്‍ സഞ്ചരിയ്ക്കുന്നത് ഒരു പ്രത്യേക രസം ആയിരുന്നു.
അങ്ങനെ കല്യാണവീട്ടില്‍ അധികം വൈകാതെ തന്നെ എത്തി. മുഹൂര്‍ത്തം ആകാന്‍ സമയം ഇനിയും ബാക്കി. മാത്രവുമല്ല, വിവാഹം ആ വീട്ടിലായിരുന്നില്ല. കുറച്ചകലെയുള്ള ഒരു ക്ഷേത്രത്തിലാണ്. അങ്ങോട്ടാണെങ്കില്‍ പുറപ്പെടാന്‍ ഇനിയും ധാരാളം സമയവുമുണ്ട്. ഞങ്ങളാണെങ്കില് കുറച്ചു ദൂരെ നിന്ന് ഈ കല്യാണം കൂടാന്‍ വേണ്ടി മാത്രം കഷ്ടപ്പെട്ട് വന്നതല്ലേ? ഞങ്ങള്‍ കുട്ടികളെ കണ്ട് (ഞാനും ചേട്ടനും കൂടാതെ മാമന്റെ മക്കളും എല്ലാം എത്തിയിരുന്നു) ആ വീട്ടിലെ ഒരു അമ്മൂമ്മയ്ക്ക് വല്ലാത്ത വിഷമം. [എന്റെ അച്ഛമ്മയുടെ അനുജത്തി ആയിരുന്നു ആ അമ്മൂമ്മ. മൂത്തകുന്നത്തെ കൊച്ചമ്മ എന്നാണ് അവരെ ഞങ്ങള്‍ കുട്ടികളെല്ലാവരും വിളിച്ചിരുന്നത്. എന്തു കൊണ്ടോ വിവാഹം കഴിയ്ക്കാതിരുന്ന അവര്‍ക്ക് ഞങ്ങള്‍ കുട്ടികളെ വല്യ ഇഷ്ടമായിരുന്നു. ] പാവം കുട്ടികള്‍ വിശന്നിരിയ്ക്കുകയാകും. ഇനി കല്യാണമെല്ലാം കഴിഞ്ഞ് ഭക്ഷണത്തിനു സമയമാകുമ്പോഴേയ്ക്കും കുറേ വൈകുമല്ലോ . അതു കൊണ്ട് രാവീലെ തന്നെ അതെല്ലാം കണക്കാക്കി കുറേ ഇഡ്ഢലി ഉണ്ടാക്കി വച്ചിട്ടുണ്ടെന്നും തല്ക്കാലം എല്ലാവരും അതു കഴിയ്ക്കാനും അവര്‍ നിര്‍ബന്ധിച്ചു. ഞങ്ങള്‍ കുട്ടികള്‍ക്ക് അത്ര വിശപ്പൊന്നും തോന്നിയില്ലെങ്കിലും അമ്മയും അമ്മായിയും എല്ലാം കൂടെ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങളും കഴിച്ചേയ്ക്കാം എന്ന തീരുമാനത്തിലെത്തി.
അങ്ങനെ ഞങ്ങള്‍ കുട്ടിപ്പട്ടാളം മുഴുവന്‍ തീന് മേശയ്ക്കു ചുറ്റും സന്നിഹിതരായി. ഞങ്ങള്‍ക്കു മുന്നിലായി മേശയ്ക്കു നടുവില്‍ വലിയൊരു പാത്രം നിറയെ ഇഡ്ഢലിയും ഒപ്പം സാമ്പാറൂം ചട്നിയും പഞ്ചസാരയും അണിനിരന്നു. പിന്നെ അമാന്തിച്ചില്ല, എല്ലാവരുടേയും കൈകള്‍ ഇഡ്ഢലി പാത്രത്തിലേയ്ക്കും സാമ്പാര്‍/ചട്നി/പഞ്ചസാര പാത്രങ്ങലിലേയ്ക്കും മാറി മാറി സഞ്ചരിച്ചു. അന്ന് ഞാനാണ് കൂട്ടത്തിലെ കുഞ്ഞന്‍. അതു കൊണ്ടു തന്നെ ഞാനാദ്യം കേറി കയ്യിട്ടില്ല. (അല്ലേലും എനിയ്ക്ക് നിങ്ങളൊക്കെ കരുതുന്ന അത്രയ്ക്ക് ആക്രാന്തം ഒന്നുമില്ല).
എല്ലാവരും കാണിയ്ക്കുന്നതു പോലെ തന്നെ ആകാം എന്നു കരുതി ഞാനും രണ്ട് ഇഡ്ഢലി എടുത്ത് എന്റെ പ്ലേറ്റില്‍ വച്ചു. ആ ഒരു ഇഡ്ഢലി എന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നര ഇഡ്ഢലി വരും. കൂടെ സാമ്പാറും എടുത്ത് ഒരു പിടി പിടിയ്ക്കാം എന്ന കണക്കു കൂട്ടലില്‍ സാമ്പാറും ഒഴിച്ചു. അന്ന് ഞാന്‍ നഴ്സറിയിലോ മറ്റോ പഠിയ്ക്കുന്ന കാലമാണ്. നേരാം വണ്ണം ഒന്നും തനിയേ തിന്നു തുടങ്ങിയിട്ടില്ല. പ്ലേറ്റില്‍ രണ്ട് യമണ്ടന്‍ ഇഡ്ഢലിയും ആവശ്യത്തിലധികം സാമ്പാറുമായി ഞാനൊന്നു കൂടി ചുറ്റും നോക്കി. ഇല്ല, സഹായത്തിന് ഒരു കുഞ്ഞു പോലുമില്ല. കൂടെയുള്ളവന്മാരെല്ലാം (എന്റെ ചേട്ടന് ഉള്‍പ്പെടെ) സ്വന്തം പ്ലേറ്റുമായി മല്പ്പിടുത്തത്തിലാണ്. അവര്‍ക്കൊന്നും എന്നെ ശ്രദ്ധിയ്ക്കാന്‍ നേരമില്ല.
സമയം കഴിയുന്തോറും അടുത്തുള്ള പ്ലേറ്റുകളിലേയ്ക്ക് ഇഡ്ഢലി വരുകയും തീരുകയും ചെയ്തു കൊണ്ടിരുന്നു. ഇനിയും ചിന്തിച്ചു നില്ക്കാന് നേരമില്ല എന്നു മനസ്സിലാക്കി ഞാന്‍ കളത്തിലിറങ്ങാന്‍ തന്നെ തീരുമാനിച്ചു. എന്നാലും അഹങ്കാരത്തിനൊരു കുറവും ഇല്ലാത്തതു കൊണ്ട് അമ്മയെ സഹായത്തിനു വിളിയ്ക്കാനൊന്നും നിന്നില്ല. കല്യാണവീട്ടിലെ തിരക്കുകള്‍ക്കിടയില്‍ അമ്മ അതത്ര ശ്രദ്ധിച്ചുമില്ല.
ഗണപതിയെ മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ ഇഡ്ഢലിയില്‍ കൈ വച്ചു. എന്തോ ഒരു അപാകത. അതിനു പതിവില്ലാത്ത കട്ടി. വിരലു കൊണ്ട് ഒന്ന് ഞെക്കി നോക്കി. ഞെങ്ങുന്നുണ്ട്... ഇഡ്ഢലിയല്ല, എന്റെ വിരല്‍. അല്ലാതെ ഇഡ്ഢലിയ്ക്ക് ഒരു മാറ്റവുമില്ല. വിരലുകള്‍ കൊണ്ട് ഒരു കഷ്ണം പതുക്കെ അടര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു, രക്ഷയില്ല. ഒരു പ്ലേറ്റ് സാമ്പാറില്‍ മുങ്ങിക്കിടന്നിട്ടും അവന്റെയൊരു അഹങ്കാരം... ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഞാന്‍ സര്‍വ്വ ശക്തിയും സംഭരിച്ച് ഇഡ്ഢലിയില്‍ ഒറ്റ ഞെക്ക് .
പ്ലീീീശ്!
ഹല്ല പിന്നെ! എന്റടുത്താ കളി? ആ ഇഡ്ഢലിയുടെ ഒരു പീസ് എന്റെ കയ്യിലിരുന്നു. അത് ആശ്വാസത്തോടെ ശാപ്പിടാന്‍ തുടങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്... അല്ലാ, എന്റെ പ്ലേറ്റിലെ ആ ബാക്കി കഷ്ണം ഇഡ്ഢലി എവിടെ? അപ്പോഴതാ എല്ലാവരും എന്നെ തന്നെ നോക്കി മിഴിച്ചിരിയ്ക്കുന്നു. ചിലര്‍ ചിരിച്ചും തുടങ്ങി. ഞാന്‍ എന്നെ തന്നെ ഒന്നു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. എന്റെ ശക്തമായ ബലപ്രയോഗം കൊണ്ട് ആ ബാക്കി വന്ന കഷ്ണം ഇഡ്ഢലി ഏതാണ്ട് ഒരു തവി സാമ്പാറിനൊപ്പം തെറിച്ച് എന്റെ ഷര്‍ട്ടില്‍ തന്നെ ആണ് വന്നു വീണത്. നല്ല വെളുത്ത് ഉജാലയിലെ പരസ്യത്തിലെ ഷര്‍ട്ടു പോലെ ഇരുന്നിരുന്ന എന്റെ വെള്ള ഷര്‍ട്ട് ഇപ്പോള്‍ സര്‍ഫ് എക്സലിന്റെ “കറ നല്ലതാണ്” എന്ന പരസ്യത്തിലേതു പോലെ ആയി.
അപ്പോഴേയ്ക്കും അമ്മയും അമ്മായിയും കൊച്ചമ്മയും എല്ലാം അങ്ങോട്ടെത്തി. അന്ന് സര്‍ഫ് കമ്പനിക്കാര് ആ പരസ്യം ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്തതു കൊണ്ടാകണം ആ കോലത്തില്‍ എന്നെ കണ്ടിട്ട് അമ്മയ്ക്ക് അത്ര ചിരി ഒന്നും വന്നില്ല. മാത്രമല്ല, ഇവനേക്കൊണ്ട് തോറ്റല്ലോ എന്ന ഒരു ഭാവം വരുകയും ചെയ്തു. വൈകാതെ അമ്മ എന്നെ ആ കൂട്ടത്തില്‍ നിന്നും പൊക്കിയെടുത്ത് കിണറ്റിന് കരയില്‍ കൊണ്ടു പോയി. എന്റെ ദേഹമെല്ലാം തുടച്ച് വൃത്തിയാക്കി എങ്കിലും ആ ഷ്ര്ട്ട് ഒന്നു കൂടി കഴുകേണ്ടി വന്നു.
അപ്പോഴേയ്ക്കും മുഹൂര്‍ത്തം ആകാറായതിനാല്‍ ബാക്കി എല്ലാവരും ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു തുടങ്ങിയിരുന്നു. ചേട്ടന്മാരെല്ലാം എന്നെ കളിയാക്കി കൊണ്ട് കല്യാണത്തിനു പോയി. പക്ഷേ ഷര്‍ട്ട് ഉണങ്ങാതെ ഞാന്‍ എങ്ങനെ പോകും? (സ്റ്റെപ്പിനി ഡ്രസ്സ് ഒന്നും കരുതിയിരുന്നുമില്ല). ഫലം, കല്യാണം കൂടാന്‍ കഴിയാതെ എനിയ്ക്കും അമ്മയ്ക്കും ആ വീട്ടില്‍ തന്നെ കുറേ നേരം കൂടി നില്‍ക്കേണ്ടി വന്നു. എന്നാലും ഉച്ചയ്ക്ക് സദ്യയ്ക്കു മുന്‍പ് ഷര്‍ട്ട് ഉണങ്ങിയതു കാരണം അത് മാത്രം മിസ്സാക്കിയില്ല. അതു കാരണം എന്റെ ചേട്ടനും ബന്ധുക്കള്‍ക്കും എല്ലാം കുറേ നാളേയ്ക്ക് പറഞ്ഞു ചിരിയ്ക്കാന്‍ ഒരു വകയായി.
എന്തൊക്കെ ആയാലും ആ സംഭവത്തിനു ശേഷം കുറേ നാളേയ്ക്ക് “ഇഡ്ഢലി” യുമായി ഞാന്‍ ശത്രുതയിലായിരുന്നു. ഇഡ്ഢലിയോടു മാത്രമല്ല, വെള്ള ഷര്‍ട്ടിനോടും. ഇപ്പോള്‍ ഏതാണ്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ന് മൂത്തകുന്നത്തേയ്ക്കു പോകാന്‍ ബോട്ടുയാത്ര വേണ്ട, പകരം അവിടെ പാലം വന്നു. എന്നാലും ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ അങ്ങോട്ട് പോകാറില്ല. കാരണം, സ്നേഹനിധിയായ ആ അമ്മൂമ്മ, ഞങ്ങളുടെ ‘മൂത്തകുന്നത്തെ കൊച്ചമ്മ’ ഇന്ന് ജീവിച്ചിരിപ്പില്ല.
ഇന്നും ‘ഇഡ്ഢലി - സാമ്പാര്‍’ എന്ന കോമ്പിനേഷന്‍ എവിടെ കണ്ടാലും ഞാന്‍ ആ പഴയ സംഭവം ഓര്‍ക്കും.
Thursday, July 17, 2008
ഇഡ്ഢലിപുരാണം
എഴുതിയത്
ശ്രീ
at
1:21 PM
71
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Subscribe to:
Posts (Atom)