ഏതാണ്ട് ഒരു മാസം മുന്‍പു തന്നെ തീര്‍ച്ചയാക്കിയിരുന്നതാണ് ഇത്തവണത്തെ നാട്ടില്‍പ്പോക്ക്. കാരണം ഫെബ്രുവരി മൂന്നിന് രണ്ടു കല്യാണമാണ് ഉണ്ടായിരുന്നത്. ഒന്ന്, ഒരു പെങ്ങളുടെ (അമ്മയുടെ അനുജത്തിയുടെ മകളുടെ അതായത്, എന്റെ ചിറ്റയുടെ മകളുടെ) അടുത്തത് മാഷിന്റെ (എന്നു വച്ചാല്‍ എന്റെ സഹമുറിയനായിരുന്ന, ജേഷ്ഠതുല്യനായ ഒരു സുഹൃത്തിന്റെ). വീട്ടിലേയ്ക്ക് ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു, മാഷുടെ കല്യാണം തീരെ ഒഴിവാക്കാനാകാത്തതാണ് എന്നും അതിനാല്‍ പ്രഥമ പരിഗണന അതിനായിരിയ്ക്കും, അതിനു ശേഷം സാധിയ്ക്കുമെങ്കില്‍ അടുത്ത വിവാഹത്തിനും എത്താന്‍ ശ്രമിയ്ക്കാമെന്നും. സുഹൃത്തുക്കളുമായുള്ള എന്റെ ബന്ധം ശരിയ്ക്കും അറിയാമായിരുന്നതിനാല്‍ അമ്മയും ചിറ്റയും അധികം നിര്‍ബന്ധിച്ചില്ല (ഭാഗ്യം!).
മാഷുടെ വിവാഹത്തില്‍ പങ്കെടുക്കുക എന്നതിനേക്കാള്‍ കുറേ നാളുകള്‍ക്കു ശേഷം ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് എല്ലാവര്ക്കും ഒത്തു ചേരാനൊരു വേദി എന്നതായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ ചടങ്ങിന്റെ പ്രാധാന്യം. അവസാന നിമിഷം വരെ മത്തനും സുധിയും എത്തിച്ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടു പേര്‍ക്കും വരാനൊക്കില്ല എന്ന അറിയിപ്പു വന്നത് ഞങ്ങളെ കുറച്ചു വിഷമിപ്പിച്ചു. (ലീവു കിട്ടാത്തതു കൊണ്ട് ബിമ്പുവും ഇപ്പോള്‍ ആസ്ത്രേലിയന്‍ പര്യടനത്തിലായതു കൊണ്ട് കുല്ലുവും വരില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു)
അങ്ങനെ ഫെബ്രുവരി ഒന്നാം തീയ്യതി വൈകുന്നേരം 8 മണിയ്ക്ക് കല്ലടയുടെ വണ്ടിയിലാണ് ഞാനും പിള്ളേച്ചനും നാട്ടിലേയ്ക്ക് തിരിച്ചത്. വളരെ പ്ലാനിങ്ങോടെ ആയിരുന്നു യാത്ര. അതായത് വെളുപ്പിന് ഒരു ഏഴ്- എട്ട് മണിയ്ക്കുള്ളില്‍ ഞങ്ങള്‍ രണ്ടു പേരും എന്റെ വീട്ടിലിറങ്ങി കുളിയും ബ്രേക്ക് ഫാസ്റ്റും കഴിച്ച് കുറച്ചു സമയം അച്ഛനോടും അമ്മയോടും ഒപ്പം ചിലവഴിച്ച ശേഷം സമയം കളയാതെ നേരെ എറണാകുളം വഴി പിള്ളേച്ചന്റെ വീട്ടിലും ഒന്നു തല കാട്ടി, നേരെ പിറവത്തേയ്ക്ക് ബിട്ടുവിന്റെ കൂടെ പോകണം. അപ്പോള്‍ ഉച്ചയ്ക്ക് 1 മണിയോടെ ജോബിയുടെ വീട്ടിലെത്താം. അവിടെ നിന്ന് ഉച്ചയൂണും കഴിഞ്ഞ് സമയം കളയാതെ നേരെ കോട്ടയത്തേയ്ക്ക്. എന്നിട്ട് വൈകുന്നേരത്തിനു മുന്‍പ് മാഷുടെ വീട്ടിലെത്തണം. ഇതായിരുന്നു, പ്ലാന്‍.
എന്നാല്‍ വാളയാര്‍ ചെക്ക്പോസ്റ്റിനടുത്ത് അനാവശ്യമായി ആ കശ്മലന്മാര് രണ്ടു മണിക്കൂറോളം ബസ്സ് നിര്‍ത്തിയിട്ടത് ഞങ്ങളുടെ പ്ലാനിങ്ങിനെ കാര്യമായി ബാധിച്ചു. 7മണിയ്ക്കു പകരം ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ സമയം 10. അച്ഛനും അമ്മയും അവിടുത്തെ കല്യാണത്തിനു പോകാന്‍ തയ്യാറായി, ഞങ്ങളെയും കാത്തിരിയ്ക്കുകയായിരുന്നു. അതു കൊണ്ട് ഒട്ടും സമയം കളയാതെ പ്രാഥമിക കൃത്യങ്ങളും ഭക്ഷണവും അര-മുക്കാല്‍ മണിക്കൂറിനുള്ളില്‍ സാധിച്ച് അതിനിടയില്‍ തന്നെ അത്യാവശ്യം വിശേഷങ്ങളും കൈമാറി ഞാനും പിള്ളേച്ചനും വീട്ടില്‍ നിന്നിറങ്ങി. പറ്റിയാല്‍ അടുത്ത ദിവസത്തെ വിവാഹത്തിന് ഞാനെത്തിയേയ്ക്കാം എന്നു അവരോട് പറഞ്ഞെങ്കിലും “അത് നടന്നതു തന്നെ” എന്ന ഒരു മാതിരി ആക്കിയ രീതിയിലാണ് അവര്‍ പ്രതികരിച്ചത്. [എന്റെയല്ലേ അച്ഛനുമമ്മയും... അവര്‍ക്കറിഞ്ഞു കൂടേ എന്നെ എന്ന ഭാവത്തില്‍] എന്തായാലും നാട്ടിലെത്തിയ സ്ഥിതിയ്ക്ക് പോകും വഴി തറവാട്ടിലൊന്നു കയറി അമ്മൂമ്മമാരെയും കണ്ടു.
ആദ്യത്തെ പ്ലാനിങ്ങ് തെറ്റിയതു കാരണം പിള്ളേച്ചന്റെ വീട്ടില്പോക്ക് ക്യാന്‍സല്‍ ചെയ്തു.[അവന് ഒരു മാസം മുന്‍പാണ് വീട്ടില്‍ പോയിട്ട് വന്നത് എന്നതിനാല്‍ അതത്ര വിഷയമായില്ല] നേരെ പിറവത്തേയ്ക്കു തിരിച്ചു. കൃത്യ സമയത്തിന് ബസ്സ് എല്ലാം കിട്ടിയതു കൊണ്ട് പറഞ്ഞ സമയത്തില്‍ നിന്നും വലിയ വ്യത്യാസമില്ലാതെ ഒന്നരയോടെ ജോബിയുടെ വീട്ടിലെത്തി. വൈകാതെ അവിടെ നിന്നും ഉച്ചഭക്ഷണവും കഴിച്ച് അവന്റെ കുഞ്ഞുവാവയെയും കുറച്ചു നേരം കളിപ്പിച്ച് മമ്മിയോടും മറ്റും വിശേഷങ്ങളും പങ്കു വച്ച് രണ്ടരയോടെ അവിടെ നിന്നിറങ്ങി. കോട്ടയം വരെ കാറിലാണ് പോകുന്നത് എന്നതിനാല്‍ സൂക്ഷിയ്ക്കണം എന്നുപദേശിയ്ക്കാന്‍ മമ്മി മറന്നില്ല [ഞങ്ങളെ നല്ല വിശ്വാസം ആണേയ്]. ബിട്ടു പിറവം ടൌണിലുള്ള സുധിയുടെ കടയിലേയ്ക്ക് വരാമെന്നു പറഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ നേരെ അങ്ങോട്ടാണ് പോയത്. അവിടെ അമ്മയുമായി സുധിയെപ്പറ്റി സംസാരിച്ചിരിയ്ക്കുമ്പോഴേയ്ക്കും ബിട്ടുവും അങ്ങെത്തി.
അവന്റെ വയറിനു നല്ല സുഖമില്ല എന്നും പറഞ്ഞ് ‘പുതിന് ഹാര’ വാങ്ങും നേരം ‘എന്റെ കാറു വൃത്തികേടാക്കരുതേ പൊന്നളിയാ... വേണേല്‍ മൂന്നു നാലു കോര്‍ക്കു കൂടെ വാങ്ങിയ്ക്കോ’ എന്നു ജോബി പിറുപിറുക്കുന്നുണ്ടായിരുന്നു.
എന്തായാലും അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴാണ് ബിട്ടു പറയുന്നത്, അപ്പോള്‍ മഞ്ജുവേച്ചി പിറവത്തുണ്ടെന്ന് (അവന്റെ ചേച്ചിയാണ്, ഞങ്ങളുടേയും. മാത്രമല്ല, 3 വര്‍ഷം ബിപിസി കോളേജില്‍ ഞങ്ങളുടെ ടീച്ചറും ആയിരുന്നു). കണ്ടിട്ട് നാളൊരുപാടായതിനാലും എന്തായാലും ഞങ്ങള്‍ക്ക് പോകേണ്ടത് ആ വഴി തന്നെ ആയതിനാലും വണ്ടി അങ്ങോട്ട് വിട്ടു. അളിയനും അവിടെ ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും ആള് അവിടെ എത്തിയിരുന്നില്ല. എന്തായാലും മഞ്ജുവേച്ചിയേയും കുട്ടികളേയും കണ്ട് മഞ്ജുവേച്ചിയുടെ നിര്‍ബന്ധപ്രകാരം അവിടെ നിന്നും ചായയും കുടിച്ച് സമയം കളയാതെ യാത്ര പറഞ്ഞിറങ്ങി. മൂന്നു വര്‍ഷത്തോളം ആ വീട്ടിലെ സ്ഥിര സന്ദര്‍ശകരായിരുന്ന ഞങ്ങള്‍ക്ക് അവിടെ നിന്നിറങ്ങിയതിനു ശേഷമാണ് വല്ലാത്ത ഒരു നൊസ്റ്റാള്‍ജിക് ഫീലിങ്ങും മഞ്ജുവേച്ചിയുടെ കൂടെ നിന്ന് ഓരോ ഫോട്ടോ എടുക്കാന്‍ മറന്നല്ലോ എന്ന ഓര്‍മ്മയും വന്നത്.
പോകുന്ന വഴി ബിപിസി കോളേജിന്റെ ജംക്ഷനു മുന്നില്‍ ജോബി വണ്ടിയൊന്നു നിര്‍ത്തി. എല്ലാവരും പഴയ അതേ ആവേശത്തോടെ ചാടിയിറങ്ങി, കോളേജിലേയ്ക്കുള്ള വഴിയരികില്‍ ഒരു നിമിഷം നിന്നു. അവധി ദിവസമായിരുന്നതിനാല്‍ കോളേജ് ഗേറ്റ് അടച്ചിരിയ്ക്കുകയാകും എന്നറിയാമായിരുന്നതിനാലും സമയക്കുറവു മൂലവും ആ കുന്നു കയറാന്‍ മുതിര്‍ന്നില്ല. എങ്കിലും ആ കവലയിലെ ഞങ്ങളുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന മണിച്ചേട്ടന്റെ കടയില്‍ ഒന്നു കയറി. ചേട്ടനവിടെ ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍ അറിയിയ്ക്കാന്‍ ചേച്ചിയോട് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. ശശി ചേട്ടന് നാലഞ്ചു വര്‍ഷം മുന്‍പു തന്നെ ഗവഃ ജോലി കിട്ടി ഹോട്ടല്‍ നിര്‍ത്തി പോയിരുന്നു.
ഞങ്ങളുടെ പഴയ താമസസ്ഥലം വഴി പോകാമെന്നു ഞാന്‍ പറഞ്ഞെങ്കിലും അതു വേണ്ടെന്നു വച്ചു. ആ സ്ഥലവും ഓര്‍മ്മകളും വല്ലാത്ത നഷ്ടബോധമാണ് എപ്പോഴും നല്‍കുന്നത് എന്നതു തന്നെ കാരണം. ഇലഞ്ഞി - മോനിപ്പള്ളി വഴി യാത്ര തുടര്‍ന്നു. വഴിയില്‍ ഇടയ്ക്ക് ഒരിടത്ത് വണ്ടി നിര്‍ത്തി ഞങ്ങളെല്ലാവരും പുറത്തിറങ്ങി. അവിടെ നിന്ന് ഒന്നു രണ്ട് ഫോട്ടോസ് എല്ലാം എടുത്ത് പിന്നെയും യാത്ര. പിന്നീട് കോട്ടയം എത്തും വരെ എങ്ങും നിര്‍ത്തിയില്ല. ഇടയ്ക്ക് HNL (Hindusthan News Print Limited) ലെ മനം മടുപ്പിയ്ക്കുന്ന ചീഞ്ഞ മണം ഉണ്ടായിരുന്നത് കാറിനകത്ത് കുറച്ചു നേരത്തെ തമാശയ്ക്ക് വഴിയൊരുക്കി.
ഇതിനിടയില്‍ എല്ലാവരുടേയും വിശേഷങ്ങളും മറ്റും പരസ്പരം പങ്കു വച്ച് കോട്ടയത്തെത്തി. മാഷുടെ വീടെത്തും മുന്‍പ് എന്തെങ്കിലും കഴിച്ചിട്ടാകാം യാത്ര എന്ന ബിട്ടുവിന്റെ നിര്‍ദ്ദേശപ്രകാരം AIDA റെസ്റ്റോറന്റില്‍ കയറി ലഘുവായി ശാപ്പാടടിച്ചു (ബില്ല് അത്ര ലഘു ആയിരുന്നില്ലാട്ടോ) അവിടെയും രണ്ടുമൂന്ന് ചിത്രങ്ങളെടുത്ത ശേഷം നേരെ മാഷുടെ വീട്ടിലേയ്ക്ക് തിരീച്ചു. വീട് ആര്‍ക്കും നല്ല പിടി ഉണ്ടായിരുന്നില്ല. നാട്ടകം പോളിടെക്നിക്ക് വരെ പോകാനറിയാമായിരുന്നു. അവിടെ എത്തിയിട്ട് മാഷെ വിളിച്ചു.
“പോളി ടെക്നിക്കിന്റെ ഗേറ്റ് കഴിഞ്ഞ് അടുത്ത് വലതു വശത്തുള്ള അമ്പലത്തിന്റെ അരികിലൂടെയുള്ള വഴിയിലൂടെ നേരെ താഴേയ്ക്ക് ഇറങ്ങി വരുക”എന്ന് മറുപടിയും കിട്ടി. കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണും കട്ടു ചെയ്ത് അമ്പലത്തിനരികിലുള്ള റോഡ് വഴി വണ്ടി തിരിച്ചു. ‘നേരെ താഴേയ്ക്ക് ഇറങ്ങി വരുക’ എന്നാണ് ഫോണിലൂടെ പറഞ്ഞതെങ്കിലും അതൊരു കയറ്റമായിരുന്നു എന്നത് ഒഴിവാക്കിയാല്‍ പ്രശ്നമൊന്നും തോന്നിയില്ല. നേരെ ചെല്ലുമ്പോള്‍ അതാ, ഒരു കല്യാണവീട്. സന്തോഷമായി! നേരെ അങ്ങോട്ടു വിട്ടു.
“ബാംഗ്ലൂരു ജോലി ചെയ്യുന്ന സുനിലിന്റെ വീടല്ലേ ഇത്” എന്ന ചോദ്യത്തിന് ‘സുനിലിന്റെ വീടു തന്നെ. പക്ഷേ ബാംഗ്ലൂരു ജോലിയുള്ള ആളല്ല, വാര്ക്കപ്പണിക്കാരന് സുനിലിന്റെയോ മറ്റോ വീടാണ്’ എന്നു മറുപടി കിട്ടി.
വേറെ ഏതെങ്കിലും ഒരു സുനിലിന്റെ വീട് അവിടെ ഉണ്ടോ എന്നന്വേഷിച്ചപ്പോള്‍ അതിനടുത്തുള്ള മറ്റൊരു വഴി ഒരാള്‍ കാണിച്ചു തന്നു. ആ വഴിയിലൂടെ പോയാല്‍ ഒരു കല്യാണവീടുണ്ടത്രേ. നേരെ ആ വഴിയ്ക്കു തിരിച്ചു. ഓട്ടോ പോലും പോകാന്‍ മടിയ്ക്കുന്ന ഒരു പൊട്ടിപ്പൊളിഞ്ഞ കൊച്ചു വഴി. എങ്കിലും ആ വഴി കുറച്ചു പോയി, അവിടെ കണ്ട ആളോട് ചോദിച്ചു, ബാംഗ്ലൂരു ജോലി ചെയ്യുന്ന, അടുത്ത ദിവസം വിവാഹിതനാകുന്ന സുനിലിന്റെ രണ്ടു നില വീട്.
അയാളും പറഞ്ഞു ‘ആ വഴിയ്ക്ക് പോയാല്‍ ഒരു സുനിലിന്റെ കല്യാണ വീടുണ്ട്. പക്ഷേ, രണ്ടു നില അല്ല, മാത്രമല്ല, പയ്യന് ബാംഗ്ലൂരുകാരനല്ല, കാര്‍ ഡ്രൈവര്‍ സുനിലാണ്. അതുമല്ലെങ്കില്‍ കുറച്ചങ്ങോട്ട് മാറി വേറൊരു സുനിലിന്റെ വിവാഹമുണ്ട്. പക്ഷേ, അയാളും ബാംഗ്ലൂരല്ല, സോഡാക്കമ്പനിയിലെ പണിക്കാരനായ സുനിലാണ്”
ഞങ്ങള്‍ക്കാകെ കണ്‍ഫ്യൂഷനായി. ഇത്രയധികം സുനിലുമാര് കോട്ടയത്ത് ഒരേ ദിവസം വിവാഹിതരാകുന്നോ ? പിന്നെയും സമയം കളയാന്‍ നില്‍ക്കാതെ വീണ്ടും മാഷുടെ വീട്ടിലേയ്ക്ക് വിളിച്ചുമാഷുടെ അനുജനാണ് ഫോണെടുത്തത് .അവന് പറയുമ്പോഴാണറിയുന്നത് ആ വഴി അല്ല, പോളി ടെക്നിക്കിന്റെ അടുത്തു നിന്നും നേരെ പോന്നാല്‍ ഒരു അമ്പലവും പള്ളിയുമുള്ള കവലയിലെത്തും. അവിടെ നിന്നും വലത്തോട്ടുള്ള വഴിയ്ക്കാണ് പോകേണ്ടത് എന്ന്. എന്നിട്ട് ആ വഴി നേരെ ഇറക്കം ഇറങ്ങി ചെല്ലുമ്പോള്‍ ഒരു സില്‍്വര്‍ കളര്സ്കോര്പ്പിയോ നിറുത്തി ഇട്ടിരിയ്ക്കുന്നതു കാണാം. അതിനു തൊട്ടുമുന്നിലാണ് വീട് എന്ന്.
അതെന്ത് അടയാളം എന്നാലോചിച്ച് നേരെ വച്ചു പിടിച്ചു. പറഞ്ഞതു പോലെ ഇറക്കമെല്ലാം ഇറങ്ങി ചെല്ലുമ്പോഴുണ്ട് അതാ പാഞ്ഞു പോകുന്നു, ഞങ്ങളുടെ അടയാളം... അതായത് സില്‍്വര്‍ കളറുള്ള ആ സ്കോര്‍പ്പിയോ.
ഇനിയിപ്പോ ആ വണ്ടിയുടെ പിന്നാലെ വച്ചു പിടിച്ച് അതു നിര്‍ത്തുന്ന സ്ഥലത്തിനു മുന്നിലുള്ളതായിരിയ്ക്കുമോ മാഷുടെ വീട് എന്ന ഡൌട്ട് ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി. കുറേ ആളുകള്‍ കൂടി നില്ക്കുന്ന സ്ഥലമെത്തിയപ്പോല് ചോദിച്ച് ഉറപ്പു വരുത്തി. ഭാഗ്യം! അതു തന്നെ മാഷുടെ വീട്.
കാര്‍ ഒരിടത്ത് ഒതുക്കി പാര്‍ക്കു ചെയ്ത് നേരെ മാഷുടെ വീട്ടിലേയ്ക്കു നടന്നു. വീട്ടുമുറ്റത്ത് പന്തലില്‍ നിറയെ ആള്ക്കാര്. ഞങ്ങളെ കണ്ട് ‘സുഹൃത്തുക്കളാണല്ലേ... വാ, അകത്തേയ്ക്ക് കയറൂ’ എന്നും പറഞ്ഞ് ഒരാള്‍ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അകത്ത് കയറി അവിടെ കണ്ട ഒരു സോഫായില്‍ നിരന്നിരുന്നു. ജോബി ഇരുന്നതിനടുത്ത് ഒരു വലിയ ഗിഫ്റ്റ് പായ്ക്കറ്റ് ഇരിപ്പുണ്ടായിരുന്നു. അവിടെ ഇരിയ്ക്കാനുള്ള ബുദ്ധിമുട്ടില്‍ അവനാ പായ്ക്കറ്റ് എടുത്ത് അടുത്തു കണ്ട ടേബിളിലേയ്ക്ക് മാറ്റി വയ്ക്കുന്നതും കണ്ടു കൊണ്ടാണ് മാഷുടെ അച്ഛനുമമ്മയും അങ്ങോട്ട് വന്നത്. അവരുടെ ഭാവത്തില്‍ നിന്ന് ആ ഗിഫ്റ്റ് ഞങ്ങള്‍ കൊണ്ടു വന്നതാണെന്ന് ധരിച്ചിട്ടുണ്ടെന്ന് തോന്നി. എന്തായാലും അതു പിന്നെ, തിരുത്താന്‍ പോയില്ല. (സാധാരണയായി, നല്ല അടുപ്പമുള്ള സുഹൃത്തുക്കളുടെ വീട്ടില്‍ വിവാഹത്തിനും മറ്റും പോകുമ്പോള്‍ ഞങ്ങള്‍ സമ്മാനങ്ങളൊന്നും കൊടുക്കുന്ന പതിവില്ല).
അച്ഛനോടും അമ്മയോടും കുശലാന്വേഷണം കഴിഞ്ഞിട്ടാണ് മാഷിനെ അന്വേഷിച്ചത്. മാഷും മറ്റു കൂട്ടുകാരും കൂടി കുറച്ചപ്പുറത്തുള്ള പുഴയോരത്തേയ്ക്ക് പോയിട്ടുണ്ടെന്ന് മറുപടി കിട്ടി. ‘നിങ്ങളും വേഗമങ്ങോട്ട് ചെല്ല്’ എന്ന രീതിയില്‍ അവിടെ നിന്നിരുന്ന ചില ബന്ധുക്കള്‍ ചിരിച്ചു കൊണ്ട് പറഞ്ഞതില്‍ എന്തോ ചെറിയ പന്തികേട് തോന്നാതിരുന്നില്ല. മാഷുടെ അനുജന്റെ കൂടെ ഞങ്ങളും പുഴയോരത്തേയ്ക്ക് നടക്കുന്നതിനിടയില്‍ ‘വേഗം ചെല്ല്’ ‘കഴിഞ്ഞു കാണില്ല’ എന്നെല്ലാം അവര്‍ പറയുന്നതു കേട്ടപ്പോള്‍ ആ സംശയം ബലപ്പെട്ടു. അവരെല്ലാം ചെറിയ രീതിയില്‍ മിനുങ്ങാന്‍ പോയതാകണം. ഞങ്ങളും കഴിയ്ക്കുന്ന കൂട്ടത്തിലാണെന്ന് കരുതിയാകണം ‘വേഗം ചെല്ല്’ എന്നെല്ലാം പറയുന്നത്. എന്തായാലും ഒന്നും മിണ്ടാതെ അങ്ങോട്ട് വച്ചടിച്ചു. ഞങ്ങള്‍ക്കാര്‍ക്കും അത്തരം ശീലങ്ങലില്ലെന്ന് അവരെങ്ങനെ അറിയാന്‍?
അവിടെ എത്തിയപ്പോള്‍ സംഭവം ശരിയാണ്. മാഷിന്റെ കമ്പനിയിലെ ബോസ്സ് ഉള്‍പ്പെടെ എല്ലാവരും സാമാന്യം ഫിറ്റാണ്. ബോസ്സും ഒരു സഹപ്രവര്‍ത്തകനും അവിടെ പുഴയരികെ കെട്ടിയിട്ടിരിയ്ക്കുന്ന ഒരു കൊച്ചു വഞ്ചിയില്‍ കയറിയിരുന്ന് “കുട്ടനാടന്‍ പുഞ്ചയിലെ...” സ്റ്റൈലില്‍ തുഴയുന്നു. ആരൊക്കെയോ അതിന്റെ ഫോട്ടോസെടുക്കുന്നു. അവിടെ കൂട്ടത്തില്‍ ഞങ്ങളുടെ ലിനക്സ് സാറും മാഷിന്റെ ഉറ്റ സുഹൃത്തുമായ ലിജു സാറുമുണ്ട്. എന്നെയും ബിട്ടുവിനെയും കണ്ട ലിജു സാര്‍ ഓടി വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിച്ചപ്പഴേ മനസ്സിലായി, സാറും മോശമാക്കിയിട്ടില്ല.
സമയം ഇരുട്ടായി തുടങ്ങി. അപ്പോഴേയ്ക്കും നല്ല ഫോമില്‍ നില്ക്കുന്ന മാഷുടെ കൂട്ടുകാര്‍ക്കെല്ലാം ഒരാഗ്രഹം. അവിടെ നില്ക്കുന്ന നോര്‍ത്തിന്ത്യനായ മാഷുടെ ബോസ്സിനിട്ട് നാലെണ്ണം പൊട്ടിച്ചാലോ എന്ന്. കുറച്ചു നേരം കൂടെ കൊതുകു കടിയും കൊണ്ട് അവിടെ നില്ക്കുന്ന കാര്യത്തിലും അടുത്ത റൌണ്ട് മയക്കുവെടി എപ്പോള്‍ തുടങ്ങണം എന്ന കാര്യത്തിലുമെല്ലാം ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കിലും ബോസ്സിനെ ഒന്നു പെരുമാറിയാല്‍ കൊള്ളാം എന്ന കാര്യത്തില്‍ എല്ലാവര്ക്കും ഏക കണ്ഠമായ അഭിപ്രായമായിരുന്നു. എന്തിന്, ഇതൊന്നുമറിയാതെ അപ്പോള്‍ മാത്രം തിരുവനന്തപുരത്തു നിന്നും എത്തിച്ചേര്‍ന്ന ജുംസു (മാഷുടെയും ഞങ്ങളുറ്റെയും മറ്റൊരു സുഹൃത്ത്) പോലും ആദ്യ ദര്‍ശനത്തില്‍ തന്നെ ബോസ്സിനെ കണ്ട് ഇഷ്ടപ്പെടാതെ, അങ്ങോട്ട് വിളിച്ച് മാറ്റി നിര്‍ത്തി രണ്ടെണ്ണം കൊടുത്താലെന്ത് എന്ന അഭിപ്രായമാണ് പറഞ്ഞത്.
സമയം ഇരുട്ടി തുടങ്ങിയതോടെ ഞങ്ങളെല്ലാവരും പുഴയോരത്തു നിന്നും മാഷുടെ വീട്ടുമുറ്റത്തെത്തി. പിന്നെ,തൊട്ടയല്‍പ്പക്കത്തുള്ള അവരുടെ ബന്ധുവീടിനു മുറ്റത്ത് തമ്പടിച്ചു. അപ്പോഴേയ്ക്കും മാഷുടെ സുഹൃത്തുക്കള്‍ രണ്ടാം റൌണ്ട് ആരംഭിച്ചിരുന്നു. ആ സമയം ഞങ്ങളും ലിജു സാറും ജുംസുവും കുറേ നേരം കൂടി അവിടെ സംസാരിച്ചിരുന്നു. സമയം ഏതാണ്ട് 8 മണി ആയപ്പോള്‍ ജോബിയാണ് ഒരു പുതിയ ഐഡിയ പറഞ്ഞത്. “അവിടെ അന്ന് എന്തായാലും നമ്മള് ഇരിയ്ക്കുന്നതു കൊണ്ട് പ്രയോജനമൊന്നുമില്ല. ഫുഡ്ഡിനു ശേഷം മാഷുടെ മറ്റു സുഹൃത്തുക്കള്‍ മൂന്നാം റൌണ്ട് ആരംഭിയ്ക്കുമെന്ന് ആദ്യമേ പറഞ്ഞു കഴിഞ്ഞു. അതില്‍ താല്പര്യമില്ലാത്ത സ്ഥിതിയ്ക്ക് നമ്മളിവിടെ നില്ക്കുന്നതിലെന്തര്ത്ഥം? നമുക്കൊരു സിനിമയ്ക്കു പോയാലോ?”
എല്ലാവര്ക്കും സമ്മതം. കാര്യം മാഷിനെ അറിയിച്ചു. മാഷു പറഞ്ഞു. “അതിനെന്താ. നിങ്ങള്‍ പോയ്ക്കോളൂ. പക്ഷേ, ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. മാത്രമല്ല, നിങ്ങള്‍ക്കു താമസിയ്ക്കാന്‍ റൂം ബുക്ക് ചെയ്തിട്ടുണ്ട്. അത് അനിയന് കാണിച്ചു തരും.പിന്നെ, രാവിലെ 7 മണി ആകുമ്പോഴേയ്ക്കും ഇങ്ങെത്തണം”
അല്ലെങ്കിലും ഭക്ഷണം കഴിഞ്ഞിട്ടേ പോകൂ എന്ന് ഞങ്ങളും തീര്‍ത്തു പറഞ്ഞു. സമയം 8.30 ആയപ്പോഴേയ്ക്കും, വിശപ്പില്ലെങ്കിലും മാഷുടെ അനിയനെക്കൊണ്ട് ഞങ്ങള്‍ ഭക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യിച്ചു. എന്നിട്ട് ആദ്യം തന്നെ കയറീരുന്ന് ശാപ്പാടടിച്ചു. പിന്നെ നേരെ ഞങ്ങള്‍ക്കു വേണ്ടി ബുക്കു ചെയ്തിരിയ്ക്കുന്ന റൂമിലേയ്ക്ക് പോയി. ലഗ്ഗേജെല്ലാം അവിടെ ഡൌണ്‍ലോഡ് ചെയ്തിട്ട് കോട്ടയത്തേയ്ക്ക് തിരിച്ചു. ‘അനുപമ’ തീയേറ്ററിനരികില്‍ എത്തിയപ്പോള്‍ അവിടെ ‘കഥ പറയുമ്പോള്‍’ തുടങ്ങുന്നു. വണ്ടിയെല്ലാം പാര്‍ക്കു ചെയ്ത് അങ്ങോട്ട് ഓടിക്കയറി.
സിനിമ മോശമായില്ല. മനോഹരമെന്നൊന്നും പറയാനില്ലെങ്കിലും അധികം ബഹളങ്ങളൊന്നുമില്ലാത്ത, ബോറടിപ്പിയ്ക്കാത്ത സിനിമ. അതു കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സമയം 11.30 ആയി. തിരിച്ച് റൂമിലേയ്ക്ക്. അവിടെ എത്തി, ബുക്ക് ചെയ്തിട്ടിരുന്ന രണ്ടു റൂമുകളിലൊന്നില്‍ ഞാനും ജോബിയും മറ്റേതില്‍ ബിട്ടുവും പിള്ളയും ചേക്കേറി.
കുറേ നേരം കൂടി ഓരോരോ കാര്യങ്ങളും സംസാരിച്ച് സംസാരിച്ച് ഉറങ്ങാന്‍ കിടന്നു. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാല്‍ സുഖമായി ഉറങ്ങി.
വെളുപ്പിന് 6 മണി ആയപ്പോഴേയ്ക്കും എല്ലാവരും ഉണര്‍ന്നു. ഏഴരയ്ക്കുള്ളില്‍ റെഡി ആയി, മാഷുടെ വീട്ടിലേയ്ക്ക് ഇറങ്ങി. അവിടെ എത്തിയപ്പോള്‍ മാഷിനെ ഒരുക്കിക്കൊണ്ടിരിയ്ക്കുകയാണ്. ഞങ്ങളും ഒപ്പം കൂടി. അതു കഴിഞ്ഞ് ചായ കുടിയും കഴിഞ്ഞ് എട്ടരയോടെ വിവാഹം നടക്കുന്ന ക്ഷേത്രത്തിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. അത് ചെങ്ങന്നൂര്‍ -ബുധനൂര്‍ എന്ന സ്ഥലത്ത് ഉള്ള ഒരു ക്ഷേത്രത്തിലായിരുന്നു.
ഏതാണ്ട് ഒരു മണിക്കൂറോളം യാത്ര ചെയ്ത് ഞങ്ങള്‍ ഒമ്പതരയോടെ ക്ഷേത്രനടയിലെത്തി. മുഹൂര്‍ത്തം 10.30 നും 11.00 നും ഇടയ്ക്കായിരുന്നതിനാല് പിന്നെയും കുറേ നേരം കൂടെ അവിടവിടെയായി ചുറ്റിപ്പറ്റി നിന്നു. കത്തി വച്ചും പരസ്പരം കളിയാക്കിയും പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് ചിരിച്ചും ഞങ്ങളെല്ലാവരും നില്ക്കുമ്പോള് വിവാഹ ജീവിതത്തെപ്പറ്റി മാഷിനു ക്ലാസ്സെടുക്കുന്ന തിരക്കിലായിരുന്നു, ജോബി.
അങ്ങനെ 10.30 ആയപ്പോള്‍ എല്ലാവരും കൂടി മാഷിനെ കല്യാണ മണ്ഡപത്തിലേയ്ക്ക് ആനയിച്ചു. പിന്നെ, പൂജാ ചടങ്ങുകള്‍ക്കൊടുവില്‍ കൃത്യം 10.50 ന് മാഷ് ലക്ഷ്മിയുടെ കഴുത്തില്‍ താലി കെട്ടി. (ഇതേ സമയത്ത് മുഹൂര്‍ത്തം അറിയിയ്ക്കാനായി ഞാന്‍ മത്തനും ബിബിനും സുധിയ്ക്കും ഓരോ റിങ്ങ് കൊടുത്തു. അതു മനസ്സിലാക്കിയിട്ടാവണം, മത്തന്‍ ഉടനേ തന്നെ ദുബായില്‍ നിന്ന് വിളിച്ചു. അങ്ങനെ മാഷിനോട് നേരിട്ട് ആശംസകളറിയിച്ച ശേഷം ഞങ്ങളോടെല്ലാവരോടും അവന് സംസാരിയ്ക്കുകയും ചെയ്തു.). താലികെട്ടിനും തുടര്‍ന്നുള്ള പൂജാവിധികള്‍ക്കും ശേഷം ഫോട്ടോസെഷന് നടക്കുന്ന നേരം കൊണ്ട് ഞങ്ങള്‍ കലവറയിലേയ്ക്ക് മാര്‍ച്ച് ചെയ്തു. മോശമല്ലാത്ത രീതിയില്‍ തന്നെ സദ്യയും അകത്താക്കി പുറത്തെത്തുമ്പോഴും മാഷ് ഫോട്ടോസിനു പോസ് ചെയ്തു കൊണ്ടിരിയ്ക്കുകയായിരുന്നു. ഇതിനിടയില്‍ ഞങ്ങളെല്ലാവരും ചേര്‍ന്നു നില്ക്കുന്ന കുറച്ചു ചിത്രങ്ങളും എടുത്തു.
പിന്നീട് മാഷിനോടും ലക്ഷ്മിയോടും ഒപ്പം അവിടെ എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങള്‍ യാത്ര തിരിച്ചു. പരുമല പള്ളി അവിടെ അടുത്തായിരുന്നതിനാല്‍ പോകും വഴി അവിടെ ഒന്നു കയറി. തുടര്‍ന്ന് ബിട്ടുവിനെ അവന്റെ വീട്ടില്‍ ഇറക്കാനായി തിരുവല്ലയിലുള്ള അവന്റെ വീട്ടിലും കയറി. അവിടെ അച്ഛനോടും അമ്മയോടും കുറച്ചു നേരം സംസാരിച്ചിരുന്നു. അവരുടെ പുതിയ വീടിന്റെ പണി നടക്കുകയായിരുന്നു. അവിടെയും ഞങ്ങള്‍ കയറി നോക്കി. പോകാന്‍ നേരം അച്ഛന് പ്രത്യേകം സൂചിപ്പിച്ചു, മിക്കവാറും ജൂലൈയില്‍ സഞ്ജുവിന്റെ വിവാഹം ഉണ്ടാകുമെന്നും അതുകൊണ്ട് എല്ലാവരും അവിടെ ഹാജരുണ്ടാകണമെന്നും. 7 വര്‍ഷം മുന്‍പ് മഞ്ജുവേച്ചിയുടെ ആദ്യത്തെ കുഞ്ഞിന്റെ മാമോദീസ ഞങ്ങളെല്ലാവരും പങ്കെടുത്ത് ആഘോഷമാക്കിയ കാര്യവും ആ സമയത്ത് അമ്മ ഓര്‍മ്മിപ്പിച്ചു. ആ ഓര്‍മ്മകളുമായി അവരോട് യാത്ര പറഞ്ഞ് ഞങ്ങള്‍ നേരെ എറണാകുളത്തേയ്ക്ക് വച്ചു പിടിച്ചു.
അവസാനം എറണാകുളം സൌത്ത് റെയില്‍്വേ സ്റ്റേഷനില്‍ ഞങ്ങളെ ഇറക്കി വിട്ടിട്ട് ജോബി ഇടപ്പള്ളിയിലെ വീട്ടിലേയ്ക്ക് പോയി. പ്രകൃതീയുടെ വിളി അസഹ്യമാകുന്നു എന്നും പറഞ്ഞ് വളരെ ധൃതിയിലാണ് അവന് പോയത്. തുടര്‍ന്ന് ട്രെയിനില്‍ ഒരു വിധത്തില്‍ സീറ്റ് കണ്ടെത്തി അവിടെ ഇരിപ്പായപ്പോഴേയ്ക്കും ഞാനും പിള്ളേച്ചനും ശരിയ്ക്കും തളര്‍ന്നിരുന്നു. മാത്രമല്ല, സീറ്റു റിസര്‍വ്വു ചെയ്യാന്‍ വൈകിയതു കാരണം ഞങ്ങള്‍ രണ്ടാള്‍ക്കും കൂടി ഒരൊറ്റ സീറ്റാണ് കിട്ടിയത്. അതില്‍ ഒരു വിധത്തില്‍ അഡ്ജസ്റ്റു ചെയ്ത് ഇരുന്ന് നേരം വെളുപ്പിച്ചു.
അങ്ങനെ വെളുപ്പിന് 5 മണിയോടെ ബാംഗ്ലൂര്‍ റെയില്‍്വേ സ്റ്റേഷനിലിറങ്ങി. അവിടെ നിന്നും 6 മണിയോടെ മഡിവാളയില്‍ ഉള്ള റൂമെത്തിയപ്പോഴേയ്ക്കും ശരീര വേദനയും ജലദോഷവും കാരണം ഞാന്‍ ക്ഷീണിച്ചിരുന്നു എങ്കിലും എല്ലാം ഭംഗിയായതിന്റെ ഒരു ആത്മ സംതൃപ്തിയുമുണ്ടായിരുന്നു, ഒപ്പം എല്ലാവരും ഒരുമിച്ചു കൂടിയതിന്റെ ഒരു സന്തോഷവും. (മത്തനും സുധിയും ബിമ്പുവും കുല്ലുവും ഉണ്ടായിരുന്നില്ലെങ്കില്‍ തന്നെയും)
ഇനി എന്നാണാവോ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒന്നുകൂടി ഒത്തു ചേരാനാകുക…?
