Tuesday, May 29, 2007
എകാന്തതയുടെ കാവല്ക്കാരന്
എഴുതിയത്
ശ്രീ
at
7:44 PM
10
comments
Labels: കഥ
Sunday, May 27, 2007
ഭ്രാന്തന്
ഞാന്‍ കുറേ നേരമായി ആ ക്ഷേത്രഗോപുരത്തിനു മുന്‍പിലായി കാത്തു നില്‍ക്കുകയായിരുന്നു… എന്റെ സുഹൃത്ത് വരുമെന്നു പറഞ്ഞ സമയം കഴിഞ്ഞിരിക്കുന്നു… എങ്കിലും ആ ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന ഭക്തിഗാനങ്ങളുടെ ഈരടികളും ശ്രദ്ധിച്ച് ഞാന്‍ അവിടെ തന്നെ നിന്നു…. മാത്രമല്ല, പോയിട്ട് എനിക്കത്ര ധൃതിയും ഉണ്ടായിരുന്നില്ല
അങ്ങനെ നില്‍ക്കുമ്പോഴാണ് ഞാന്‍ ആല്‍ത്തറയില്‍ കുനിഞ്ഞു കൂടി ഇരിക്കുന്ന ആ മനുഷ്യനെ ശ്രദ്ധിച്ചത്. ഏതാണ്ട് പിഞ്ഞിക്കീറിത്തുടങ്ങിയ വേഷം. അലസമായി നീണ്ടു വളര്‍ന്നു നില്ക്കുന്ന താടിയുംതലമുടിയും. ഇടയ്ക്കിടെ അയാള്‍ ചെറുതായി ചിരിക്കുന്നുണ്ട്. ഒറ്റ നോട്ടത്തില്‍ ഒരു ഭ്രാന്തന്. പക്ഷേ, അയാളുടെ കണ്ണുകള്‍ക്കെന്തോ പ്രത്യേകത പോലെ …. ഞാന്‍ അയാളെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു… അവിടെ അയാള്ക്കരികിലൂടെ ക്ഷേത്രത്തിലേക്കു പോകുന്നവരില്‍ ഒട്ടുമിക്കവരും അയാളെ ഗൌനിക്കുന്നേയില്ല. വേറെ ചിലര്‍ അശ്രീകരം എന്ന മട്ടില്‍ മുഖം കോട്ടി വഴി മാറി നടന്നു പോകുന്നു. സ്വന്തം സുഖ സൌകര്യങ്ങളുടെ പോരായ്മകളെപ്പറ്റി ഈശ്വരനോടു പരാതി പറയാന്‍ പോകുന്നവര്‍ക്ക് സ്വന്തം സഹജീവിയെ പറ്റി ചിന്തിക്കാന്‍ നേരമെവിടെ?
ഞാന്‍ അയാളെ തന്നെ ശ്രദ്ധിച്ചു നിന്നു. അവിടെ പോകുന്നവരെയോ വരുന്നവരെയോ അയാള്‍ ശ്രദ്ധിക്കുന്നില്ല. ആരുടെ മുന്‍പിലും കൈ നീട്ടുന്നുമില്ല. അയാളുടെ നോട്ടം വല്ലപ്പോഴും പതിയുന്നത്, ക്ഷേത്രത്തില്‍ നിന്നും ചിലര്‍ പൊതിഞ്ഞു കൊണ്ടു പോകുന്ന നിവേദ്യച്ചോറിലേക്കു മാത്രം. പക്ഷേ, ആരും അതു കാണുന്നില്ല. അല്ലെങ്കില്‍ കണ്ടതായി ഭാവിക്കുന്നില്ല.
അങ്ങനെ നോക്കി നില്‍ക്കെ രണ്ടു മൂന്നു കുസൃതിപ്പിള്ളേര് ആ വഴിക്കു വന്നു. അവര്‍ അയാളില്‍ നിന്നും കുറച്ചകലെ മാറി നിന്ന് എന്തൊക്കെയോ കളികള്‍ തുടങ്ങി. അയാളുടെ ശ്രദ്ധയും അവരിലേക്കായി. അവര്‍ ഓലപ്പന്തോ മറ്റോ കളിക്കുകയാണെന്നു തോന്നുന്നു. ഇടയ്ക്ക് അവരില്‍ ഒരുവന് എറിഞ്ഞ പന്ത് അയാളുടെ തൊട്ടടുത്താണ് വീണത്. അത് അയാള്‍ കൈ നീട്ടി എടുത്തു. പക്ഷേ, അത് അവര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതിനു പകരം അയാള്‍ അതും കയ്യില്‍ വച്ച് എന്തോ ഓര്‍ക്കുന്നതു പോലെ അതിലേയ്ക്കു തന്നെ നോക്കിയിരിക്കുന്നതാണ് ഞാന്‍ കണ്ടത്. ആ കുട്ടികള്‍ ആ പന്ത് കൊടുക്കാന്‍ അയാളോടു വിളിച്ചു പറഞ്ഞത് അയാള്‍ കേട്ടതേയില്ലെന്നു തോന്നി.
പെട്ടെന്ന് കൂട്ടത്തില്‍ ധൈര്യം കൂടുതലുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരുവന് ഓടിച്ചെന്ന് അയാളുടെ കയ്യില്‍ നിന്നും അതു തട്ടിപ്പറിച്ചു വാങ്ങി. എന്നിട്ടു തിരിഞ്ഞോടി. പിന്നെ, പെട്ടെന്നു തിരിഞ്ഞു, കണ്ടു നില്ക്കുന്ന എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയുന്നതിനും മുന്‍പേ കുനിഞ്ഞ് താഴെ നിന്നും ഒരു കല്ലെടുത്ത് അയാള്‍ക്കു നേരെ വലിച്ചെറിഞ്ഞു. അത് അയാളുടെ തലയിലാണ് കൊണ്ടതെന്നു തോന്നുന്നു. പിന്നെ, അവന്മാര് അവിടെ നിന്നില്ല. രണ്ടു പേരും ദൂരെയ്ക്ക് ഓടി മറഞ്ഞു. എന്നാല്‍ ഏറു കൊണ്ടിട്ടും അയാള്‍ തല ഒന്നു തടവുക പോലും ചെയ്യാതെ ഉറക്കെ ചിരിക്കുകയാണ് ചെയ്തത്…
ഇതേ കാഴ്ച കണ്ടു കൊണ്ട് അതു വഴി കടന്നു പോയ രണ്ടു പേര് പിറുപിറുക്കുന്നതു കേട്ടു…” തനി ഭ്രാന്തന് തന്നെ”.
അതു കേട്ടപ്പോഴും അയാള്‍ ചിരിച്ചു…. ആ ചിരി കുറേ നേരത്തേയ്ക്കു നീണ്ടു നിന്നു.
പിന്നെയും കുറച്ചു സമയം കഴിഞ്ഞു. ക്ഷേത്രത്തിനകത്തു നിന്നും ഒരു മുത്തശ്ശി പുറത്തേയ്ക്കു വന്നു, കൂടെ കൈ വിരലില്‍ തൂങ്ങി ഒരു കൊച്ചു മാലാഖയെ പോലുള്ള കുഞ്ഞും. അയാളുടെ നോട്ടം അവരിലേയ്ക്കായി. അപ്പോഴും അയാള്‍ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.
ആ മുത്തശ്ശിയും കൊച്ചു മോളും പുറത്തിറങ്ങി. അപ്പോള്‍ അവിടെ വന്ന ഒരാളോട് മുത്തശ്ശി എന്തോ കുശലം ചോദിച്ചു നില്ക്കുന്നതു കണ്ടു. അവരുടെ പരിചയക്കാരനായിരിക്കണം. അയാളാകട്ടെ തന്റെ കയ്യിലെ പ്രസാദത്തില്‍ നിന്ന് കുറച്ചു പൂക്കളെടുത്ത് ആ കുട്ടിയുടെ കയ്യില്‍ വച്ചു കൊടുത്തു.
അവര്‍ സംഭാഷണങ്ങളില്‍ മുഴുകി നില്ക്കുമ്പോള് ആ കുട്ടി അവരുടെ അടുത്തു നിന്നും കുറച്ചു മാറി നിന്ന് കളി തുടങ്ങി. അപ്പോഴാണ് ആ കുട്ടിയും അയാളെ കണ്ടത്. ആദ്യം ആശങ്കയോടെ മാറി നിന്നെങ്കിലും അല്‍പ്പം കഴിഞ്ഞപ്പോള്‍ ആ കുട്ടി കൌതുകത്തോടെ അയാള്‍ക്കടുത്തേയ്ക്കു ചെന്നു, എന്നിട്ട് കയ്യിലിരുന്ന പൂക്കള്‍ അയാള്‍ക്കു നേരെ നീട്ടി. ഒരു നിമിഷം സംശയിച്ചു നിന്ന അയാള്‍ ആ പൂക്കള്‍ പതിയെ വാങ്ങി… ആ കുട്ടിയുടെ മുഖത്ത് ഒരു ചിരി വിടര്‍ന്നു. പക്ഷേ, അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു.
അപ്പോഴാണ് ആ മുത്തശ്ശി അതു കണ്ടത്. അവര്‍ വേഗം വന്ന് ആ കുട്ടിയെ എടുത്തു കൊണ്ട് തിരിഞ്ഞു നടന്നു…ശാസന പോലെ ആ കുഞ്ഞിനോട് അവരെന്തോ പറയുന്നുമുണ്ടായിരുന്നു…
അപ്പോഴേയ്ക്കും എന്റെ സുഹൃത്തും വന്നു കഴിഞ്ഞിരുന്നു. അവന് വൈകിയതിനു ക്ഷമ പറയുകയായിരുന്നു, വൈകാനുള്ള കാരണവും. പക്ഷേ, ഞാനത് ശ്രദ്ധിക്കാതെ പതിയെ തിരിഞ്ഞു നോക്കി. അയാള്‍ ഞാന്‍ കൊടുത്ത ആ പൊതിച്ചോറ് ആര്‍ത്തിയോടെ ഉണ്ണുന്നു. അപ്പോഴും മറ്റേ കയ്യില്‍ ആ കുട്ടി കൊടുത്ത പൂക്കള്‍ അയാള്‍ മുറുക്കെ പിടിച്ചിരുന്നു.
എഴുതിയത്
ശ്രീ
at
5:00 PM
30
comments
Labels: അനുഭവ കഥ
Friday, May 25, 2007
എന്റെ പുനര്‍ജന്മവും കാത്ത്…
ജന്മാന്തരങ്ങള്‍ക്കുമപ്പുറം...
കാലത്തിനും
മായ്ച്ചു കളയാന്‍ കഴിയാത്ത
ഓര്‍മ്മകളുണ്ട്….
വേര്‍പാടിനും
മുറിച്ചു മാറ്റാന്‍ പറ്റാത്ത
ബന്ധങ്ങളുണ്ട്...
വാക്കുകള്‍ കൊണ്ടും
വരച്ചു കാണിക്കാന്‍കഴിയാത്ത
സൌഹൃദങ്ങളുണ്ട്…
മിഴികള്‍ കൊണ്ടു
മറച്ചു പിടിക്കാന്‍ കഴിയാത്ത
കണ്ണുനീര് തുള്ളികളുമുണ്ട്…
അവിടെ,
കണ്ണുനീരിന്റെ നനവുണ്ട്….
ഹൃദയത്തിന്റെ നൈര്‍മല്യമുണ്ട്….
സ്നേഹത്തിന്റെ ചൂടുണ്ട്…
വിവരണാതീതമായ
മറ്റെന്തൊക്കെയോ ഉണ്ട്...
ഒരായിരം പ്രതീക്ഷകളോടെ
ഞാന്‍ ഉറ്റു നോക്കുന്നു....
ജന്മാന്തരങ്ങള്ക്കുമപ്പുറത്തേയ്ക്ക്....
ഞാന്‍ കാത്തിരിക്കുന്നു…
എന്റെ പുനര്‍ജന്മവും കാത്ത്…
എഴുതിയത്
ശ്രീ
at
6:21 AM
5
comments
Labels: കവിത പോലെ
Sunday, May 20, 2007
ഒരു കുറ്റബോധത്തിന്റെ കഥ
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന സമയം അന്ന് ചിലപ്പോഴെല്ലാം എന്തെങ്കിലും കാര്യങ്ങള്‍ക്കായി (മിക്കവാറും ഹോസ്പിറ്റല്‍ കേസായിരിക്കും) എറണാകുളത്ത് പോകേണ്ടി വരാറുണ്ട്… മിക്കവാറും ട്രെയിനിലായിരിക്കും പോക്കും വരവും.
അങ്ങനെ ഒരിക്കല്‍ എന്തോ കാര്യത്തിനായി ഞാനും അച്ഛനും എറണാകുളത്തു പോയിട്ട് തിരിച്ചു വരാനായി റെയില്‍വേ സ്റ്റേഷനിലെത്തി. വണ്ടി വരേണ്ട സമയമാകുന്നേയുള്ളൂ… ടിക്കറ്റ് കൌണ്ടറില്‍ നല്ല തിരക്കുണ്ട്… കൌണ്ടറില്‍ മാത്രമല്ല, എല്ലായിടത്തും… പല നാടുകളില്‍ നിന്നുമുള്ള ഒരുപാടാളുകളെ കണ്ട് ഞാന്‍ പകച്ചു നില്ക്കുമ്പോള് അച്ഛന് എന്നോടു പറഞ്ഞു- “ മോനിവിടെ ഇരുന്നോ… അച്ഛന് പോയി ടിക്കറ്റെടുത്തു കൊണ്ടു വേഗം വരാം… “
പക്ഷേ, അവിടെ ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റയ്ക്കു നില്ക്കാന് എനിക്കു പേടി… ഞാന്‍ സമ്മതിച്ചില്ല. “ടിക്കറ്റെടുക്കാന്‍ ഞാനും വരാം…” .
വെറുതെ തിരക്കിനിടയില്‍ എന്നെക്കൂടി ക്യൂവില്‍ നിര്‍ത്തേണ്ടെന്നു കരുതിയാണ് അച്ഛന് അങ്ങനെ പറഞ്ഞത്. പിന്നെ, എന്റെ നിര്‍ബന്ധം കാരണം അച്ഛന് കൂടെ ചെല്ലാന്‍ സമ്മതിച്ചു.
ക്യൂവില്‍ പിന്നിലായി ഞാനും അച്ഛനും നില്പ്പു തുടങ്ങി. കുറേ നേരം കൊണ്ട് ഞങ്ങളും കൌണ്ടറിനടുത്തെത്താറായി. അപ്പോള്‍ തിരുവനന്തപുരം വണ്ടിയോ മറ്റോ പുറപ്പെടാനുള്ള സമയമായി എന്ന് വിളിച്ചു പറയുന്നതു കേള്‍ക്കാനുണ്ട്.( ഏതു വണ്ടിയാണെന്ന് ഇന്നു ഞാന്‍ ഓര്‍ക്കുന്നില്ല).
അപ്പോഴാണ് ഒരു ചേട്ടന് കയ്യിലൊരു ബാഗുമായി ഓടി വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. അദ്ദേഹം ടിക്കറ്റ് കൌണ്ടറിലെ തിരക്കു കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ്…
അദ്ദേഹത്തിനു പോകേണ്ട വണ്ടിയാണ് പ്ലാറ്റ്ഫോമിലെത്തിയിരിക്കുന്നത് എന്നും അതു കൊണ്ട് ക്യൂവിന് ഇടയില്‍ കയറാന്‍ അനുവദിക്കാമോ എന്നും ചോദിച്ച് അദ്ദേഹം എന്റെ പുറകില്‍ നില്ക്കുന്ന ഒന്നു രണ്ടു പേരോട് അഭ്യര്‍ത്ഥിക്കുന്നത് കേട്ടു… പക്ഷേ, അവര്‍ സമ്മതിച്ചില്ല. എന്തു ചെയ്യണമെന്നറിയാതെ ദൈന്യഭാവത്തില്‍ നില്ക്കുന്ന അദ്ദേഹം അപ്പോഴാണ് എന്നെ ശ്രദ്ധിച്ചത്.
ഒരു പ്രതീക്ഷയോടെ അദ്ദേഹം എന്റ്റടുത്തു വന്ന് കുനിഞ്ഞ് നിന്ന് എന്നോടു പതുക്കെ ചോദിച്ചു “ മോനെ, ചേട്ടന് ഒരു ടിക്കറ്റെടുത്തു തരാമോ? വണ്ടി ഇപ്പോ പോകും”
പക്ഷേ, ജീവിതത്തില്‍ അന്നു വരെ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ലാത്ത എനിക്ക് അത് എന്തോ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന ധാരണയായിരുന്നു. അതു കൊണ്ട് ഞാന്‍ പറഞ്ഞു “ അയ്യോ… ടിക്കറ്റെടുക്കാനൊന്നും എനിക്കറിയില്ല. അച്ഛനാണ് ഞങ്ങളുടെ ടിക്കറ്റെടുക്കുന്നത്”
അപ്പോഴേയ്ക്കും ഞങ്ങള്‍ക്കുള്ള ടിക്കറ്റ് അച്ഛന് എടുത്ത് ക്യൂവിനു പുറത്തേയ്ക്കു കടന്നു കഴിഞ്ഞിരുന്നു. തൊട്ടു പിന്നാലെ ഞാനും പുറത്തേയ്ക്കിറങ്ങി.
അച്ഛന്റെ കൂടെ നടക്കുമ്പോള്‍ ഞാനൊന്നു തിരിഞ്ഞു നോക്കി. ഇനി വലിയ പ്രതീക്ഷയില്ലാത്ത മട്ടില്‍ അദ്ദേഹം നിരാശനായി നില്ക്കുന്നു.
എന്തോ ഒരു കുറ്റബോധം പോലെ എനിക്കു തോന്നി, ഞാന്‍ അച്ഛനെ തോണ്ടി വിളിച്ച് നടന്ന സംഭവങ്ങള്‍ പറഞ്ഞു. തിരക്കിനിടയില്‍ അച്ഛന് അതൊന്നും അറിഞ്ഞിരുന്നില്ല.
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അച്ഛന് എന്നെ കുറ്റപ്പെടുത്തി,അതെന്താണ് ഞാന്‍ അങ്ങനെ ചെയ്യാതിരുന്നത് എന്നും ചോദിച്ചു. അതു കേട്ട് എനിക്കും വിഷമമായി. അതു കണ്ട് അച്ഛന് പതുക്കെ എന്നോടു പറഞ്ഞു “മോനേ, നമുക്കു ചെയ്യാവുന്ന എന്തു സഹായവും നമ്മള് മറ്റുള്ളവര്‍ക്കു ചെയ്തു കൊടുക്കണം… ഇപ്പോള്‍ സാരമില്ല. നിനക്ക് അറിവില്ലാഞ്ഞിട്ടല്ലേ… ഇനിയെങ്കിലും ഈ കാര്യം എപ്പോഴും ഓര്‍മ്മയില്‍ വേണം, കേട്ടോ”
ഞാന്‍ സമ്മതിച്ചു. പിന്നീടിന്നു വരെ ഒരിക്കലും അച്ഛന് പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. കഴിയുന്നതു പോലെയെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കാറുമുണ്ട്.
എങ്കിലും ഇന്നും ഓര്‍ക്കുമ്പോള്‍ എനിക്കു വല്ലാത്ത കുറ്റബോധം തോന്നും…. ആ ടിക്കറ്റ് എനിക്ക് എടുത്തു കൊടുക്കാമായിരുന്നു. അല്ലെങ്കില്‍ അപ്പോള്‍ തന്നെ അച്ഛനോടു പറയാമായിരുന്നു. അതുമല്ലെങ്കില്‍ ഞാന്‍ നിന്നിടത്തു നില്ക്കാനെങ്കിലും അദ്ദേഹത്തെ അനുവദിക്കാമായിരുന്നു. പക്ഷേ, അപ്പോള്‍ അതൊന്നും എനിക്കു തോന്നിയില്ലല്ലോ.
എഴുതിയത്
ശ്രീ
at
2:38 PM
17
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Tuesday, May 15, 2007
എന്റെ പൊതു വിജ്ഞാനം
ഞങ്ങളുടെ സ്കൂളിലേക്ക് (NSHS, വാളൂര്‍)ഞാന്‍ വന്നു ചേരുന്നത് നാലാം ക്ലാസ്സു മുതലാണ്. (മൂന്നാം ക്ലാസ്സു വരെ കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ L P സ്കൂളിലായിരുന്നു പഠനം). ഞങ്ങളുടെ നാട്ടിന് പുറത്തുള്ള, വീടിനടുത്തു തന്നെയുള്ള ആ സ്കൂള്‍ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ തുടങ്ങുന്നത് അവിടെ നിന്നുമാണ്.
സ്ക്കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു കലാ പരിപാടികളും മത്സരങ്ങളും നടക്കുന്ന സമയം. അങ്ങനെ സംഘടിപ്പിച്ച പൊതു വിജ്ഞാന മത്സരത്തില്‍ ഞാനും പങ്കെടുത്തു.അന്നേ ദിവസം മത്സരം നടക്കുന്ന ക്ലാസ്സ് മുറിയില്‍ ഞാനും എന്റെ കുറച്ചു സഹപാഠികളും എത്തി. നോക്കിയപ്പോള്‍ അവിടെ നിറയെ ചേട്ടന്മാര്…. കൂടുതല്‍ പേരും എങ്ങനെയെങ്കിലും ഒന്നോ രണ്ടോ പിരിയഡ് ഒഴിവാക്കാമല്ലോ എന്നു കരുതി വന്നവരാണെന്ന് അവരുടെ ഭാവങ്ങളില്‍ നിന്നു തന്നെ മനസ്സിലാക്കാം. എന്തായാലും ഞങ്ങള്‍ കുട്ടികള്‍ ആകെ അഞ്ചാറു പേരെയുള്ളൂ…. ഞങ്ങളും അവിടെ ആസനസ്ഥരായി.
വൈകാതെ, ക്വിസ്സ് മാസ്റ്റര്‍ ലീലാവതി ടീച്ചര്‍ ക്ലാസ്സിലെത്തി. ടീച്ചര്‍ ഞങ്ങള്‍ പ്രൈമറി ക്ലാസ്സുകാരെ അവിടെ പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നി. എന്നാല്‍ ഞങ്ങള്‍ അഞ്ചാറു പീക്കിരികള്‍ക്കു വേണ്ടി വീണ്ടും മിനക്കെടേണ്ടല്ലോ എന്നു കരുതിയാകാണം, ഞങ്ങളോടും സീനിയേഴ്സിന്റെ കൂടെ തന്നെ ഇരിക്കാന്‍ പറഞ്ഞു…. എല്ലാവര്ക്കും ഒരേ ചോദ്യങ്ങള്‍ തന്നെ… മാര്‍ക്കിടുമ്പോള്‍ മാത്രം ഞങ്ങളെ പ്രത്യ്യേകം തരം തിരിച്ച് നോക്കിയാല്‍ മതിയല്ലോ….
അങ്ങനെ മത്സരം തുടങ്ങി…. മലവെള്ളപ്പാച്ചില്‍ പോലെ ചോദ്യങ്ങള്‍ വന്നു… അറിയാവുന്നത് എഴുതിയും അറിയാത്തവയ്ക്ക് അന്തം വിട്ടിരുന്നും ഞാന്‍ സമയം കളഞ്ഞു. ഇടയ്ക്കിടെ ചില നേരമ്പോക്കുകളെല്ലാം പറഞ്ഞ് ടീച്ചര്‍ സന്ദര്‍ഭത്തിന്റെ പിരിമുറുക്കം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അങ്ങനെ ചോദ്യങ്ങളെല്ലാം കഴിഞ്ഞു…. വൈകാതെ മൂല്യനിര്‍ണ്ണയം തുടങ്ങി…. ചോദ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു….” ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരന് ആര്?” (വര്‍ഷം 1990 ആണേ….).
അന്ന് ക്രിക്കറ്റ് എന്നു വച്ചാല്‍ എനിക്കറിയാവുന്നത് കപില്‍ ദേവിനെ മാത്രം…. ഞാന്‍ അതായിരുന്നു എഴുതി വച്ചതും…. തെറ്റാണെന്നു മനസ്സിലായത് ടീച്ചര്‍ ഉത്തരം പറഞ്ഞപ്പോഴാണ്…. (അതു വേറാരുമായിരുന്നില്ല, നമ്മുടെ സച്ചിന് തന്നെ!). അങ്ങനെ ഞങ്ങള്‍ പ്രൈമറി ക്ലാസ്സുകാരുടെ ഉത്തരങ്ങളെല്ലാം നോക്കിക്കഴിഞ്ഞപ്പോള്‍ രോഹിത് എന്ന എന്റെ ഒരു സുഹൃത്തിനൊപ്പം ഏറ്റവും കൂടുതല്‍ പോയന്റ് എനിക്കുമുണ്ട്….
ഉടനെ തന്നെ, ടീച്ചര്‍ ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും മാത്രമായി ഒരു ടൈ ബ്രേക്കര്‍ ചോദ്യം തന്നു…. അതിന് ഞങ്ങള്‍ രണ്ടു പേരും ശരിയുത്തരം തന്നെ എഴുതി…. ടീച്ചര്‍ അടുത്ത ചോദ്യവും പറഞ്ഞു…. അതിനും ഞ്ങ്ങളുടെ രണ്ടു പേരുടെയും ഉത്തരങ്ങള്‍ ശരി തന്നെ… ടീച്ചര്‍ മൂന്നാമതും ചോദിച്ചു…. (എനിക്ക് അന്നത്തെ ചോദ്യങ്ങളില്‍ ആകെ രണ്ടെണ്ണമേ ഓര്‍മ്മയുള്ളൂ…. ഒന്നു നേരത്തെ സൂചിപ്പിച്ചല്ലോ. എനിക്ക് ഇന്നും ഓര്‍മ്മയുള്ള രണ്ടാമത്തെ ചോദ്യം ഇതായിരുന്നു ….)
“ ലോകത്തിലെ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ഏത്?”
ചോദ്യം കേട്ട ഉടന്‍ തന്നെ എന്റെ മനസ്സിലേക്ക് ‘ഒട്ടകപ്പക്ഷി‘യുടെ രൂപം ഓടിയെത്തി… അതു ശരിയാണെന്ന് എനിക്കു നല്ല ഉറപ്പുമുണ്ടായിരുന്നു… ഞാന്‍ ധൃതിയില്‍ ഉത്തരക്കടലാസില്‍ എഴുതി വച്ചു…”ഒട്ടകം”. എഴുതിക്കഴിഞ്ഞു തല ചെരിച്ചു നോക്കുമ്പോള്‍ എന്റെ സുഹൃത്ത് ആലോചനയിലാണ്… ഞാന്‍ ആത്മ വിശ്വാസത്തോടെ ഇരിക്കുന്നതു കണ്ട ടീച്ചറ് ഉത്തരക്കടലാസുമായി ചെല്ലാന്‍ പറഞ്ഞു… ഞാന്‍ സന്തോഷത്തോടെ നടന്നു ചെന്ന് ആ കടലാസ് ടീച്ചറെ കാണിച്ചു…. എന്റെ ഉത്തരം കണ്ട ടീച്ചറ് “ഒട്ടകമോ?” എന്നും ചോദിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു…. ടീച്ചറുടെ അപ്രതീക്ഷിതമായ ചിരി കണ്ട് അമ്പരന്നു നില്ക്കുമ്പോള് എന്റെ സുഹൃത്ത് ശരിയുത്തരമായ ഒട്ടകപ്പക്ഷി എന്നെഴുതിയ കടലാസും കൊണ്ടു വന്ന് ടീച്ചറെ കാണിക്കുന്നതും ടീച്ചറ് ചിരി നിര്‍ത്താന്‍ പാടു പെട്ടു കൊണ്ട് അതില്‍ ശരി എന്ന മാര്‍ക്കിടുന്നതും എന്റെ കടലാസ് മാറ്റി വക്കുന്നതും ഞാന്‍ കണ്ടു….
സഹതാപത്തോടെ എന്നെ നോക്കി, തനിക്കു രണ്ടാം സ്ഥാനമാണ് കേട്ടോഎന്നു പറയുന്ന ടീച്ചറെ പിന്നിലാക്കി എന്റെ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോഴും ഞാനാലോചിച്ചത്…. ഒട്ടകപ്പക്ഷി തന്നെയാണല്ലോ ഞാനും എഴുതിയത് , പിന്നെന്താണ് പ്രശ്നം പറ്റിയത് എന്നായിരുന്നു…(പക്ഷി എന്നു ചോദ്യത്തില്‍ തന്നെ പറയുന്ന സ്ഥിതിയ്ക്ക് ഞാന്‍ ഒട്ടകം എന്നെഴുതിയാല്‍ പോരേ എന്നാണ് അന്ന് ഞാന്‍ സത്യത്തില്‍ ചിന്തിച്ചത്).
എഴുതിയത്
ശ്രീ
at
6:13 AM
33
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍