ഞാന്‍ ബ്ലോഗില്‍ എന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങി എന്നറിഞ്ഞപ്പോള്‍ എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ പറഞ്ഞു, ഞങ്ങളുടെ കോളേജ് ജീവിതത്തിലെയും NSS ക്യാമ്പിലേയും മറക്കാനാകാത്ത ചില സംഭവങ്ങള്‍ കൂടി ഇതില്‍ ചേര്‍ക്കണമെന്ന്. അപ്പോഴാണ് ഈ സംഭവം എന്റെ ഓര്‍മ്മയില്‍ വന്നത്.
ഞങ്ങളുടെ എന്‍ എസ്സ് എസ്സ് ക്യാമ്പുകളെല്ലാം ആഘോഷമായിരുന്നു. ഒരുപാടു ചിരിക്കാനും ഓര്‍ത്തു വയ്ക്കാനുമുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ക്യാമ്പുകളില്‍ നിന്നും ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. ബാച്ചുകള്ക്കിടയിലെ വാശികളും അകല്‍ച്ചകളുമില്ലാതെ, ആണ്കുട്ടികളേന്നോ പെണ്‍കുട്ടികളെന്നോ വേര്‍തിരിവില്ലാതെ, അദ്ധ്യാപകരെന്നോ വിദ്യാര്‍ത്ഥികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെ ഒന്നു ചേരുന്ന ദിവസങ്ങളായിരുന്നൂ ക്യാമ്പിലെ ദിനങ്ങള്‍…
(ക്യാമ്പില്‍ നിന്നും 3 വര്‍ഷങ്ങള്‍ കൊണ്ടു കിട്ടിയ വിശേഷങ്ങളും അനുഭവങ്ങളും പങ്കു വയ്ക്കാനാണെങ്കില്‍ അത് ഒരുപാടുണ്ട്… അതെല്ലാം ഓരോന്നായി വഴിയേ പറയാം)
സാധാരണയായി ക്യാമ്പില്‍ ആകെയുള്ള 40-60 പേരെ 4 ബാച്ചുകളാക്കി തിരിച്ച് ഓരോ ബാച്ചുകള്‍ക്കും ഓരോ ഡ്യൂട്ടി നല്‍കുകയാണ് പതിവ്. അങ്ങനെ ഒരു തവണ ക്യാമ്പിനിടയ്ക്ക് ക്യാമ്പസ് സൌന്ദര്യ വല്‍ക്കരണം നടക്കുന്ന സമയം (എന്നു വച്ചാല്‍ കോളേജ് ക്യാമ്പസ്സിലെ കാടും പടലവുമെല്ലാം വെട്ടി നശിപ്പിക്കുക, ചപ്പു ചവ്വറുകള് തീയിടുക, പൂന്തോട്ടം വൃത്തിയാക്കുക… ഇതെല്ലാമാണ് പണികള്‍)
അങ്ങനെ ക്ലാസ്സ് റൂമുകള്‍ക്കടുത്തുള്ള കുറെ ചപ്പു ചവറുകള്‍ തീയിടുകയായിരുന്നു, ഞങ്ങള്‍…. ചവറുകളെല്ലാം അടിച്ചു കൂട്ടി അവിടെ ചെടികള്‍ നട്ടിരിക്കുന്നതിനടുത്തായി ഞങ്ങള്‍ തീയിട്ടു. തുടര്‍ന്ന് അവിടെ നിന്നും അല്‍പ്പം മാറി അടുത്ത ഏരിയ വൃത്തിയാക്കാന്‍ തുടങ്ങി. പെട്ടെന്ന് ചപ്പു ചവറുകള്‍ ദൂരെ കൊണ്ടു കളയാന്‍ പോയ ജൂനിയേഴ്സ് ആരോ ഓടി വന്നു പറഞ്ഞു- “ ചേട്ടാ, ദേ, അവിടെ നമ്മള് ചവറിനു തീയിട്ടത് കാറ്റില്‍ പടര്‍ന്നു പിടിച്ചു… ഇപ്പോള്‍ അതു കെടുത്തിയില്ലെങ്കില്‍ ആ ചെടികളെല്ലാം കത്തി നശിക്കും”
കേട്ട പാടെ, ഞാനും രണ്ടു മൂന്നു സുഹൃത്തുക്കളും കൂടി അങ്ങോട്ടോടി ചെന്നു നോക്കി. ശരിയാണ്. തീ പടര്‍ന്നു തുടങ്ങി… ഞങ്ങള്‍ മണ്ണു വാരിയിട്ടിട്ടും തല്ലിക്കെടുത്താന്‍ നോക്കിയിട്ടും രക്ഷയില്ല. ഞാന്‍ വേഗം അവിടെ നിന്നും അപ്പുറത്തേയ്ക്കോടി, വെള്ളം കൊണ്ടു വന്ന് ഒഴിക്കാതെ തീ കെടില്ല. വെള്ളം എടുക്കണമെങ്കില്‍ കുറച്ചു താഴെ പോകണം. അങ്ങോട്ടോടുമ്പോഴുണ്ട്, ഞങ്ങളുടെ ജൂനിയറായ മാളു(പേര് യഥാര്‍ത്ഥമല്ല) എന്ന കുട്ടി എതിരേ വരുന്നു. ഞാന്‍ ഓടി വരുന്ന കണ്ട് മാളു എന്നോടു കാര്യമന്വേഷിച്ചു. ഞാന്‍ വിശദീകരിക്കാനൊന്നും നിന്നില്ല. അത്യാവശ്യമായി കുറച്ചു വെള്ളം വേണമെന്നു മാത്രം പറഞ്ഞു….
“അതിനെന്താ, ഞാന്‍ പോയി എടുത്തു കൊണ്ടു വരാം” എന്നും പറഞ്ഞ് മാളു താഴേക്കു പോയി. വേഗം വരണമെന്നു പറഞ്ഞിട്ട് ഞാന്‍ വീണ്ടും തീ പടര്ന്നിടത്തേയ്ക്ക് ഓടി.
ഈ സമയമെല്ലാം ഞങ്ങള്‍ ബാക്കിയുള്ളവര്‍ ഏതു വിധേനയും തീ കെടുത്തുവാന്‍ ഉള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു.
കുറച്ചു നേരം കഴിഞ്ഞിട്ടും വെള്ളം കൊണ്ടൂ വരാമെന്നു പറഞ്ഞിരുന്ന മാളുവിനെ കാണാനില്ല. ഞാന്‍ അക്ഷമനായി നില്ക്കുമ്പോഴേക്കും സംഭവമറിഞ്ഞ് താഴെ പണി ചെയ്തു കൊണ്ടിരുന്ന ചില സുഹൃത്തുക്കള്‍ ഒന്നു രണ്ടൂ ബക്കറ്റ് വെള്ളവുമായെത്തി. അങ്ങനെ ഒരു വിധത്തില്‍ വലിയകുഴപ്പങ്ങളൊന്നും പറ്റാതെ ഞങ്ങള്‍ തീയും കെടുത്തി ആശ്വാസത്തോടെ അപ്പുറത്തേയ്ക്കു ചെല്ലുമ്പോഴുണ്ട് മാളു പതുക്കെ മൂളിപ്പാട്ടും പാടി നടന്നു വരുന്നു. എന്നിട്ട് കയ്യിലിരുന്ന ഗ്ലാസ്സ് എന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു “ഇതാ ചേട്ടാ... എന്തായാലും തണുത്ത വെള്ളമായിക്കോട്ടെ എന്നു കരുതി, ഞാന്‍ അപ്പുറത്തെ ഓഫീസിന്റെ ബ്ലോക്കില്‍ പോയി കൂളറില്‍ നിന്നും ആണ് വെള്ളമെടുത്തത്”
എന്തു മറുപടി പറയണമെന്നറിയാതെ ഞാന്‍ കുറച്ചു നേരം ആ ഗ്ലാസ്സും കയ്യില്‍ പിടിച്ചു നിന്നു.
തീ പിടിച്ച സംഭവമൊന്നും അറിയാതിരുന്ന മാളു കരുതിയത് ഞാന്‍ കുടിക്കാനായി വെള്ളം ചോദിച്ചതാണെന്നാണ്.
അന്നത്തെ ക്യാമ്പു വാര്‍ത്തകളിലെ പ്രധാന വാര്‍ത്തയായിരുന്ന ഈ സംഭവം കുറെ നാളത്തേയ്ക്ക് ഞങ്ങള്‍ക്കു പറഞ്ഞു ചിരിക്കാനും മാളുവിനെ കളിയാക്കാനുമുള്ള സംഭവമായിരുന്നു.( ഓരോ ദിവസത്തേയും അബദ്ധങ്ങളും തമാശകളുമെല്ലാം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അന്നന്നത്തെ ക്യാമ്പു വാര്‍ത്തകളായി രാത്രി ചേരുന്ന യോഗത്തിന്റെ അവസാനം വായിച്ചു കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു)
----------------------------------------------------------------------------------
ഇന്ന് ഓര്‍ക്കുമ്പോള്‍ അതിലെ തമാശയെക്കാള്‍ ചെറിയൊരു വേദനയാണ് തോന്നുന്നത്. ബിരുദ പഠനത്തിനു ശേഷം മാളു വിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അസുഖം മൂലം കുറെ നാള് കിടപ്പിലായിരുന്ന മാളു രണ്ടു വര്‍ഷം മുന്‍പ് ഈ ലോകത്തോട് വിട പറഞ്ഞു.
എങ്കിലും മാളുവിന്റെ നിഷ്ക്കളങ്കമായ ആ മുഖവും കാപട്യമില്ലാത്ത ചിരിയും ‘പാറപ്പുറത്തു ചിരട്ടയിട്ടുരയ്ക്കുന്നതു പോലെ’ എന്നു ഞങ്ങള്‍ തമാശയ്ക്കു കളിയാക്കാറുള്ള ആ ശബ്ദവും ഞങ്ങള്‍ക്കെന്നല്ല, പരിചയപ്പെട്ടിട്ടുള്ള ആര്‍ക്കും മറക്കാനാകുമെന്നു തോന്നുന്നില്ല.
Friday, April 27, 2007
ഓര്‍മ്മയില്‍ ഒരു നിമിഷം
എഴുതിയത്
ശ്രീ
at
7:58 AM
12
comments
Labels: ഓര്‍മ്മക്കുറിപ്പുകള്‍
Monday, April 16, 2007
ഓര്‍ക്കൂട്ട് അഥവാ ഓര്‍മ്മക്കൂട്
മലയാളീകരിച്ചു പറഞ്ഞാല്‍
അത് ഓര്‍മ്മകളുടെ ഒരു കൂടാണ്.
കൈമോശം വന്നു പോയതും
കാലങ്ങളായി നിലനില്ക്കുന്നതുമുള്പ്പെടെ
ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള
ഓര്‍മ്മകളുടെ ഒരു കൂട്...
എന്നോ കൈവിട്ടു പോയ
വളരെപഴകിയ
ചില കൂട്ടുകെട്ടുകള്‍ പോലും
നമുക്കിവിടെ നിന്നും
തിരിച്ചു കിട്ടിയേക്കാം.
പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍
കൂടെയുണ്ടായിരുന്ന ആ പഴയ
കളിക്കൂട്ടുകാരന/കൂട്ടുകാരിയെ...
അറിവിന്റെ ആദ്യാക്ഷരങ്ങള്‍
ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ...
ബാല്യ കൌമാരങ്ങളില്‍
ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്
പരസ്പരം കരുതിയിരുന്ന
ആത്മ മിത്രത്തെ....
ഏതോ ഒരു യാത്രയ്ക്കിടയില്‍
പരിചയപ്പെട്ട ആ
പുതിയ സുഹൃത്തിനെ...
അങ്ങനെയങ്ങനെ......
എല്ലാ ബന്ധങ്ങളെയും
നമുക്കിവിടെ ഒരു കുടക്കീഴില്
അണിനിരത്താം....
പരസ്പരം പങ്കു വയ്ക്കാം...
അതാണ് ഓര്‍ക്കുട്ട്...
നമ്മെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഓര്‍മ്മകളാണ്.
ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍മ്മകള്‍...
ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍ഭരമായ
ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍...
Orkut :2004 January 24 - 2014 September 30
***********************************************
കഴിഞ്ഞു പോയ
ഓരോ നാഴികകളും
ഓര്‍മ്മകളാണ്...
ഓരോ നിമിഷവും
നാം ആരുടെയൊക്കെയോ
ഓര്‍മ്മകളില്‍ ജീവിക്കുകയാണ്...
വരാനിരിക്കുന്ന
ഓരോ നിമിഷങ്ങളും
ഒളിമങ്ങാത്ത ഓര്‍മ്മകളായിരിക്കണം...
എഴുതിയത്
ശ്രീ
at
7:53 AM
10
comments
Labels: കവിത പോലെ
Friday, April 6, 2007
ഗണേശ സ്തുതി
പഴവങ്ങാടിയില്‍ വാഴും ദേവാ ഗജമുഖ ഭഗവാനേ
ദര്‍ശനപുണ്യം നല്കീ ഞങ്ങള്‍ക്കഭയം നല്കണമേ…
അവിലും മലരും പഴവും നിന് തിരു നടയില്‍ നേദിയ്ക്കാം
ഓം ശിവ നന്ദനാ ഉണ്ണി ഗണേശാ ഗണപതി ഭഗവാനേ… (പഴവങ്ങാടിയില്‍)
വിഘ്നേശ്വരനേ വിശ്വവിരാജിത ഗണപതി ഭഗവാനേ
നിന് തിരു നാമം ചൊല്ലീ ദിനവും നിന്നെ പൂജിയ്ക്കാം…
പാലമൃതേകാം പാല്‍പ്പായസവും പതിവായ് നേദിയ്ക്കാം
ഓം ഗണനായക പാര്‍വ്വതിപുത്രാ ഗണപതി ഭഗവാനേ… (പഴവങ്ങാടിയില്‍)
നിന് ചേവടിയില്‍ തേങ്ങയുടയ്ക്കാം പൂജകള്‍ ചെയ്തീടാം
വിഘ്നമകറ്റീ മോക്ഷം നല്‍കുക ചുണ്ടെലി വാഹനനേ…
ആശ്രിതവത്സലാ പ്രണവ സ്വരൂപാ പരമേശ്വരസുതനേ
ഓംകാരാത്മക കോമളരൂപാ ഗണപതി ഭഗവാനേ…(പഴവങ്ങാടിയില്‍)
എഴുതിയത്
ശ്രീ
at
10:50 AM
4
comments
Labels: ലളിതഗാനം
Wednesday, April 4, 2007
ക്യാമ്പസ് പ്രണയങ്ങള്‍
ഓരോ
ക്യാമ്പസ് പ്രണയവും
അവിടുത്തെ വരണ്ട മണല്‍ത്തരികളെ
നനച്ചു കടന്നു പോകുന്ന
നനുത്ത വേനല്‍ മഴകളാണ്...
എന്നാല്‍,
ഓരോ
നഷ്ട പ്രണയവും
ആ ക്യാമ്പസ്സിനെ കണ്ണീരണിയിക്കുന്ന
മരണ ദൂതുകളാണ്...
***************************************
ക്യാമ്പസ്സുകളില്‍ മൊട്ടിട്ട്
വിരിഞ്ഞു സുഗന്ധം പരത്തുന്ന
പ്രണയ പുഷ്പങ്ങളെത്ര....
വിടരും മുന്‍പേ
കൊഴിഞ്ഞു വീണവയെത്ര...
പക്ഷേ,
ക്യാമ്പസ്സുകള്‍ക്ക് അധികവും പറയാനുള്ളത്
കൊഴിഞ്ഞ പൂക്കളുടെ കഥകളായതെന്തേ...?
എഴുതിയത്
ശ്രീ
at
9:22 PM
11
comments
Labels: കവിത പോലെ
Sunday, April 1, 2007
♫പഴയ ആത്മസുഹൃത്തിന്...♫
ഇത് ഒരു കവിതയല്ല. ഒരു ലളിതഗാനം പോലെ എഴുതിയതാണ്. ഗായകനായ എന്റെ പ്രിയസുഹൃത്ത് ‘ കുല്ലൂ’ ഇത് സംഗീതം നല്കി അക്കാലത്ത് ഞങ്ങളുടെ കോളേജില്‍... സുഹൃത് സദസ്സുകളില്‍ എല്ലാം പാടിയിരുന്നൂ... എന്റെ സുഹൃത്തുക്കള്‍ക്കൂം ഏറെ ഇഷ്ടമായിരുന്ന ആ ഗാനത്തിന്റെ വരികള്‍ ഇതാ...
ആദ്യമായ് നാം കണ്ട പുണ്യദിനം...
ആ ദിനം തൊട്ടെനിക്കില്ലൊരു സ്വപ്നവും
നിന്നെക്കുറിച്ചുള്ള സ്മരണകളില്ലാതെ,
നിന്നെക്കുറിച്ചുള്ള... സ്മരണകളില്ലാതെ....(ഓര്‍ക്കുന്നുവോ)
പാവനമായ നിന് കുളിര്മന്ദഹാസത്തില്
മയങ്ങി നില്‍ക്കാറുണ്ടു ഞാന്‍ പലപ്പോഴും(2)
ഉണ്ണാനിരുന്നാലും ഉറങ്ങാന്‍ കിടന്നാലും
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം,
നിന്നെക്കുറിച്ചുള്ള... ഓര്‍മ്മകള്‍ മാത്രം... (ഓര്‍ക്കുന്നുവോ)
അന്നു നാം തമ്മില്‍ പിരിയുന്ന നേരം
പൊട്ടിക്കരഞ്ഞുപോയ് നാം രണ്ടുപേരും(2)
ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടാതെ
കെട്ടിപ്പിടിച്ചു നാം ഏറെ നേരം നിന്നൂ....
കെട്ടിപ്പിടിച്ചു നാം... ഏറെ നേരം നിന്നൂ... (ഓര്‍ക്കുന്നുവോ)
ഇന്നിതാ എത്രയോ കാലം കഴിഞ്ഞൂ
പണ്ടത്തെ സൌഹൃദം ഇപ്പോഴുമുണ്ടോ (2)
ഇല്ലെന്നു ചൊല്ലുവാന്‍ ഒട്ടും മടിക്കേണ്ട
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടു
കാലത്തിനൊത്തല്ലോ നമ്മളും മാറേണ്ടൂ...
കാലത്തിനൊത്തല്ലോ... നമ്മളും മാറേണ്ടൂ... ”♫
എഴുതിയത്
ശ്രീ
at
11:48 AM
3
comments
Labels: ലളിതഗാനം