പ്രിയ കവി അനിൽ പനച്ചൂരാൻറെ സ്മരണകളിൽ * അറബിക്കഥ എന്ന ചിത്രത്തിലെ 'ചോര വീണ...' എന്ന ഗാനത്തിന്റെ ഈണത്തില്‍ ഞങ്ങളുടെ ബിപിസി 99 ബാച്ചിനു വേണ്ടി എഴുതിയത് പേരു കേട്ട നാട്ടില്‍ നിന്നുയര്‍ന്നു വന്നൊരാലയം വേദനയിൽ നൂറു നൂറു വാക്കുകള്‍ പൊഴിയ്ക്കവേ ഓർക്കുവിൻ സതീർത്ഥ്യരേ നമ്മൾ വാണ വേദിയിൽ ആരവങ്ങൾ കയ്യൊഴിഞ്ഞു ബാക്കിയായ ബഞ്ചുകൾ... ബി പി സീ... ബി പി സീ... പച്ച മണ്ണു വെട്ടി മാറ്റി നട്ടു നമ്മളീ മരം ആഴ്ചയിൽ നനയ്ക്കുവാൻ മത്സരിച്ചനാളുകൾ പൂവുകൾ പറിച്ചിടാതെ കാത്തിരുന്നതോർക്കണം ക്യാമ്പസ്സിന്റെ മോടി കൂട്ടി മാറ്റിടുന്ന ക്യാമ്പുകൾ കട്ടിമണ്ണു വെട്ടി മാറ്റി കണ്ടെടുത്ത ഗ്രൗണ്ടിതിൽ മത്സരിച്ചു മതി വരാതെ പടിയിറങ്ങി ബാച്ചുകൾ സ്വന്ത ജീവിതത്തിൽ നിന്നു മാറ്റി വച്ച രാത്രികൾ നടു കഴച്ചു കുഴിയെടുത്തു നാട്ടിയെത്ര തോരണം... സ്മരണകൾക്കു തീ പിടിച്ചു നീറിടുന്ന ക്യാമ്പസ്സിൽ ചോദ്യമായി വന്നലച്ചു 'നിങ്ങളെന്നെ ഓർക്കുമോ?' റാങ്കുകാർക്കു ജന്മമേറെയേകിയ കലാലയം കണ്ണു നീരിൽ മങ്ങിടുന്ന കാഴ്ചയായ് മാറിയോ... ബി പി സീ... ബി പി സീ... തിരിച്ചു പോകുവാൻ നമുക്കെളുപ്പമല്ലതോർക്കണം മിഴി തുടച്ചു വഴി തെളിച്ചു യാത്ര നമ്മൾ തുടരണം യാത്ര ചെയ്യുവാൻ കരുത്തു നേടണം, ഹതാശരായ് വഴി പിഴച്ചു പോയിടാതെ പൊരുതി നമ്മൾ നേടണം നാളെ യെന്ന നാളുകൾ പ്രചോദനമായ് മാറണം നാൾവഴിയിലെന്നും വീര ഗാഥകൾ രചിയ്ക്കണം നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും നമ്മളൊന്നു തന്നെ സത്യം അന്നുമിന്നുമെന്നുമേ നല്ല സൗഹൃദങ്ങളോ മരിയ്ക്കുകില്ലൊരിയ്ക്കലും നമ്മളൊന്നു തന്നെ സത്യം... അന്നുമിന്നുമെന്നുമേ
Friday, August 2, 2024
Sunday, July 14, 2024
ഹാക്കർ എക്സ് രണ്ടാമൻ
പുസ്തകം : ഹാക്കർ എക്സ് രണ്ടാമൻ രചന : ആദർശ് എസ് പ്രസാധകർ : ഡി സി ബുക്ക്സ് വില : 399 പുസ്തകപരിചയം : ഡാർക്ക്നെറ്റ് എന്ന ആദ്യ പുസ്തകം കൊണ്ടു തന്നെ ഒട്ടനേകം മലയാളി വായനക്കാരുടെ മനസ്സിൽ ഇടം നേടിയ എഴുത്തുകാരൻ ആണ് ആദർശ് എസ്. മലയാളി വായനക്കാർക്ക് അതു വരെ അത്ര പരിചിതമല്ലാത്ത സൈബർ ലോകത്തിന്റെ, നാം പലപ്പോഴും അറിയാതെ പോകുന്ന ഒരു വശം തുറന്നു കാണിച്ച ഗംഭീരമായ ഒരു ക്രൈം ത്രില്ലർ ആയിരുന്നു ഡാർക്ക് നെറ്റ്. അതേ പുസ്തകത്തിന്റെ എഴുത്തുകാരനിൽ നിന്നും മറ്റൊരു രചന പ്രതീക്ഷിയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. അവസാനം, ആ കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ആ വാർത്തയും വന്നു. ആദർശിന്റെ രണ്ടാമത്തെ പുസ്തകം വരുന്നു... ഹാക്കർ എക്സ് രണ്ടാമൻ. സത്യം പറഞ്ഞാൽ... വളരെയധികം പ്രതീക്ഷയോടെയും ഒപ്പം ഉള്ളിൽ അല്പം പേടിയോടെയും കൂടിയാണു ഹാക്കർ എക്സ് ഓർഡർ ചെയ്തത്. ആദ്യത്തെ പുസ്തകം നൽകിയ സംതൃപ്തി തന്നെ ആണ് പ്രതീക്ഷയ്ക്ക് കാരണം. എന്നാൽ, ആ പുസ്തകം വായനക്കാരൻ എന്ന നിലയിൽ എന്നിൽ ആദ്യമേ രൂപപ്പെടുത്തിയ ഒരു പ്രതീക്ഷ ഉണ്ട്. അടുത്ത രചനയെ ആ ഒരു തലത്തിനും മുകളിൽ നാമറിയാതെ തന്നെ പ്രതീക്ഷിച്ചു പോകുന്നത് കൊണ്ടു തന്നെ ആ നിലവാരത്തിൽ തന്നെ ആദർശിനു പുതിയ പുസ്തകം നമുക്ക് നൽകാൻ കഴിയുമോ എന്ന ചിന്ത ആയിരുന്നു മേൽ പറഞ്ഞ പേടിയ്ക്ക് കാരണം. പക്ഷെ, പുസ്തകം കയ്യിൽ കിട്ടി, വായിയ്ക്കാൻ തുടങ്ങിയതോടെ ഇപ്പറഞ്ഞ പേടിയ്ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്ന് ഉറപ്പായി. ആദ്യ പുസ്തകത്തെ പോലെ തന്നെ, സൈബർ ലോകവും ശാസ്ത്രവും ഹാക്കിങ്ങും എല്ലാം ഏതൊരു സാധാരണക്കാരനായ വായനക്കാരനും മനസ്സിലാക്കാൻ കഴിയുന്നത്ര ലളിതമായും സമഗ്രമായും എന്നാൽ ഒട്ടും തന്നെ വലിച്ചു നീട്ടൽ ഇല്ലാതെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിച്ചു കൊണ്ട് എഴുതുവാൻ ആദർശിനു ഇത്തവണയും കഴിഞ്ഞിട്ടുണ്ട്. പേജുകൾ മറിയുന്നതും അദ്ധ്യായങ്ങൾ മാറി മാറി വരുന്നതും നാം അറിയുകയേയില്ല. വായന തുടങ്ങിയാൽ വായിച്ചവസാനിപ്പിയ്ക്കാതെ എഴുന്നേൽക്കാൻ തോന്നാത്ത തരത്തിൽ വായനക്കാരെ കഥയിൽ കുരുക്കിയിടാൻ ഹാക്കർ എക്സ് രണ്ടാമനു സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം. വർഷങ്ങളായി ജർമ്മനിയിലെ ഒരു സ്ഥാപനത്തിൽ പ്രവർത്തിയ്ക്കുന്ന വിശാലിന് ഇങ്ങു കേരളത്തിൽ നിന്ന് ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ ഉള്ള ക്ഷണം ലഭിയ്ക്കുന്നു. ആ കത്ത് യഥാർത്ഥത്തിലുള്ള ഒരു ക്ഷണക്കത്ത് അല്ലെന്ന് പെട്ടെന്ന് തിരിച്ചറിയുന്ന വിശാലിന് അതെന്തു കൊണ്ട് തനിയ്ക്ക് അയച്ചു കിട്ടി എന്നും ആരയച്ചു എന്നും അറിയാൻ കൗതുകം തോന്നുന്നു. ഒപ്പം നാട്ടിലുള്ള തന്റെ പഴയ സഹപാഠികളെ വർഷങ്ങൾക്ക് ശേഷം കാണുവാനും അതൊരു അവസരമായി കണ്ട് വിശാൽ ലീവെടുത്ത് നാട്ടിലേയ്ക്ക് തിരിയ്ക്കുന്നു. പ്രശസ്തമായ ഒരു ഗവേഷണ സ്ഥാപനമായ സയൻസ് സോസൈറ്റിയുടെ കോർ കമ്മറ്റിയംഗവും ജനകീയ സോഷ്യൽ ആക്റ്റീവിസ്റ്റും അതിലുപരി ഇവരുടെ അദ്ധ്യാപിക കൂടി ആയിരുന്ന പ്രതിഭ ടീച്ചറെ ഒന്ന് കാണുക എന്നതും വിശാലിന്റെ വരവിന്റെ പുറകിലെ ഉദ്ദേശങ്ങളിൽ ഒന്നായിരുന്നു. എന്നാൽ നാട്ടിലെത്തുന്ന വിശാലിനെ കാത്തിരുന്നത് പ്രതിഭ ടീച്ചർ ദുരൂഹമായ സാഹചര്യത്തിൽ സയൻസ് സോസൈറ്റിയിൽ നിന്നും അപ്രത്യക്ഷയായെന്ന വാർത്തയാണ്. പ്രതിഭ ടീച്ചറുമായി വളരെ ആത്മബന്ധം വച്ചു പുലർത്തുന്ന, അമ്മ നഷ്ടപ്പെട്ട, അച്ഛനുമായി അകന്നു കഴിയുന്ന ശ്രീബാലയ്ക്ക് ടീച്ചറെ തിരിച്ചു നൽകണം എന്ന് വിശാൽ ആഗ്രഹിയ്ക്കുന്നു. അവർക്കൊപ്പം അവരുടെ മറ്റൊരു ആത്മ സുഹൃത്തും സ്ഥലം ഇൻസ്‌പെക്ടറും കൂടി ആയ കെവിൻ മോസസും ചേരുന്നു. വിശാലിന് താമസിയ്ക്കാൻ വാസ സ്ഥലം ശരിയാക്കുന്നത് ഇവരുടെ മറ്റൊരു സഹപാഠിയായ അന്നയുടെ ഗസ്റ്റ് ഹൗസിലാണ്. സയൻസ് സൊസൈറ്റിയിൽ നിന്ന് അവരുടെ കോർ കമ്മറ്റിയംഗമായ പ്രതിഭ ദേവി അപ്രത്യക്ഷമായതോടൊപ്പം വളരെ പ്രധാനപ്പെട്ട ചില റിപ്പോർട്ടുകളും കാണാതായത് സയൻസ് സോസൈറ്റിയിലെ ഉന്നതർക്കിടയിൽ ആശങ്ക പകരുന്നു. സുരക്ഷാ വിഭാഗം തലവൻ ഗാവിൻ ഐസക് ന്റെ മേൽനോട്ടത്തിൽ ടെക്കിയായ സൂരജ് ന്റെയും തന്റെ വലംകൈ ആയ അമീറിന്റെയും സഹായത്തോടെ പൂർണ്ണമായ തോതിൽ ഒരു സൈബർ അന്വേഷണം ആരംഭിയ്ക്കുന്നു. അവരുടെ വെബ്സൈറ്റിൽ ഹാക്കർ എക്സ് എന്ന അജ്ഞാതൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളും ഭീഷണിപ്പെടുത്തിക്കൊണ്ടും മുന്നറിയിപ്പ് നൽകിക്കൊണ്ടും അയയ്ക്കുന്ന ഈമെയിലുകളും ക്യാമ്പസിൽ നിന്ന് കിട്ടുന്ന ഒരു മുഖം മൂടിയും ഈ അവസരത്തിൽ പരസ്പരം ബന്ധപ്പെട്ടതാണോ എന്ന സംശയം അവരിൽ ബലപ്പെടുത്തുന്നു. ഇതിനിടെ സയൻസ് സോസൈറ്റിയിൽ ഒരു ശവശരീരം കണ്ടെത്തുന്നു. ഇതോടെ എസ് പി ത്രിലോകപതിയുടെ നേതൃത്വത്തിൽ കെവിൻ ഉൾപ്പെടുന്ന പോലീസ് സംഘവും അന്വേഷണം ഊർജ്ജിതമാക്കുന്നു. ഇതിനിടെ വിശാലിനെ സംശയിയ്ക്കത്തതായ തരത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ കെവിനെ ആശയക്കുഴപ്പത്തിൽ ആക്കുന്നു. ശരിയ്ക്കും ഡാൻ ബ്രൗൺ കഥകളെ അനുസ്മരിപ്പിയ്ക്കുന്ന തരത്തിൽ ഒരേ സമയം ഉദ്വേഗജനകവും അറിവ് പകരുന്നതുമായ തരത്തിൽ ആണ് ആദർശ് ഈ പുസ്തകം എഴുതിയിരിയ്ക്കുന്നത്. ആരാലും അതുവരെ കണ്ടു പിടിയ്ക്കാൻ കഴിയാത്ത, വാടകക്കൊലയാളിയായ സ്നൈപ്പറെ അവതരിപ്പിയ്ക്കുന്നതെല്ലാം മലയാള നോവലുകളെക്കാൾ ഡാൻ ബ്രൗൺ കഥകളുടെ നിലവാരത്തിൽ തന്നെ ആണ്. അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനക്കാർ ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത സംഭവ വികാസങ്ങളും കഥയെ കൂടുതൽ മികച്ചതാക്കുന്നു. സൈബർ ലോകത്തെ കുറിച്ച് സാധാരണക്കാർക്ക് അറിയാത്ത ഒരുപാട് പുതിയ അറിവുകൾ ഈ കഥയിലൂടെ വായനക്കാർക്ക് മനസ്സിലാക്കാൻ സാധിയ്ക്കുന്നുണ്ട്. ചില ചോദ്യങ്ങൾ ബാക്കി വച്ചു കൊണ്ട് ആണെങ്കിലും, നല്ലൊരു ത്രില്ലർ സിനിമ പോലെ ഗംഭീരമായ ഒരു ക്ലൈമാക്സിൽ കഥ പര്യവസാനിക്കുന്നു. ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഡാർക്ക് നെറ്റ് പോലെ, ഹാക്കർ എക്സ് രണ്ടാമനും മികച്ച ഒരു വായനാനുഭവം സമ്മാനിക്കും എന്നുറപ്പാണ്. - ശ്രീ
എഴുതിയത് ശ്രീ at 11:50 AM 0 comments
Friday, January 12, 2024
കാന്തമല ചരിതം (1,2,3 ഭാഗങ്ങൾ)
പുസ്തകം : കാന്തമല ചരിതം (1,2,3 ഭാഗങ്ങൾ)
രചയിതാവ് : വിഷ്ണു എം സി
വിഭാഗം : നോവൽ
ഭാഷ : മലയാളം
പ്രസാധകർ : ലോഗോസ് ബുക്ക്സ്
Rating : 4/5
പുസ്തക പരിചയം :
സാഹസിക വായനകൾ ഇഷ്ടപ്പെടുന്ന ആർക്കും, ഏതു പ്രായക്കാർക്കും വായിക്കാവുന്ന പുസ്തകങ്ങൾ ആണ് വിഷ്ണു എം സി യുടെ കാന്തമല ചരിതം പരമ്പരയിലെ മൂന്ന് പുസ്തകങ്ങൾ. ഹിസ്റ്റോറിക്കൽ മിത്തിക്കൽ ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്നവയാണു ഈ പുസ്തകങ്ങൾ.
കാന്തമലയുടെ ചരിത്രം ഈ മൂന്നു പുസ്തകങ്ങളിലായി വായിച്ചറിയുന്ന നേരമത്രയും വായനക്കാരൻ മലയാളികൾ മുൻപ് പരിചയിയ്ക്കാത്ത മറ്റൊരു ലോകത്ത് ആയിരിയ്ക്കും എന്നുറപ്പാണ്.
നീണ്ട നാളുകളുടെ പ്രയത്നങ്ങൾക്ക് ഒടുവിൽ ആണ് കഥാകൃത്ത് ഈ നോവൽ ത്രയത്തിലെ ആദ്യ പുസ്തകം എഴുതി തുടങ്ങിയത് തന്നെ. മൂന്നു ഭാഗങ്ങൾ ഇറങ്ങാനും മൂന്നിലധികം വർഷങ്ങളും വേണ്ടി വന്നു. വ്യക്തമായ, ആഴത്തിലുള്ള ഗവേഷണമില്ലാതെ എഴുതാനാകാത്ത വിഷയമായതു കൊണ്ടു തന്നെ ആ ദൈർഘ്യം സ്വാഭാവികം തന്നെയെന്ന് സമ്മതിയ്ക്കേണ്ടി വരും.
ഇതിൽ സ്വാമി അയ്യപ്പനുണ്ട്, ശബരിമലയുണ്ട്, കാന്തമലയുണ്ട്, ഈജിപ്തിലെ ഒരു കാലഘട്ടമുണ്ട്, അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളുണ്ട്.
‘കാന്തമല ചരിതം, അഖിനാതെന്റെ നിധി’ എന്ന പുസ്തകത്തിൽ നിന്നാണ് ഈ കഥ പറയാൻ തുടങ്ങുന്നത്. ആരും കാണാത്ത, ആരും പോകാത്ത കാന്തമലയിലെ ക്ഷേത്രത്തെ കുറിച്ച് അറിയാനാണ് നായകനായ മിഥുൻ യാത്ര തുടങ്ങുന്നത്. എന്നാൽ കാന്തമലയെ ചുറ്റി ഒരു വലിയ രഹസ്യം തന്നെയുണ്ട്. അതിനുള്ളിലുള്ളത് ലോകത്തെത്തന്നെ തകർക്കാൻ ശേഷിയുള്ള ഒരു രഹസ്യമാണ്, അതിനെ തേടി അവിടേയ്ക്ക് പോയവരാരും തിരികെ വന്നിട്ടില്ല. നിഗൂഢ ശക്തികളുടെ നിയന്ത്രണത്തിലുള്ള ആ കാട്ടിലേക്കാണ് അതിന്റെ രഹസ്യമന്വേഷിച്ച് മിഥുൻ യാത്ര പോകുന്നത്. അവിടെ വച്ച് അവന് ഒന്നുമെഴുതാത്ത ഒരു പുസ്തകം ലഭിക്കുന്നു, എന്നാൽ അതിലൂടെ അവൻ തിരിച്ചറിഞ്ഞതും അനുഭവിച്ചറിഞ്ഞതും കാന്തമലയുടെ ചരിത്രം തന്നെ ആയിരുന്നു.
എന്താണ് കാന്തമലയും ഈജിപ്തിലെ ഫറവോയും തമ്മിലുള്ള ബന്ധം? ഒരുപാട് രഹസ്യങ്ങളുടെ ഉത്തരങ്ങൾ ആണ് മൂന്ന് പുസ്തകങ്ങളിലായി നമ്മെ കാത്തിരിയ്ക്കുന്നത്. ചരിത്രവും കൽപ്പനയും വിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കഥയിലൂടെ കടന്നു പോകുമ്പോൾ ഇവ തമ്മിലുള്ള അതിരുകൾ ഇല്ലാതാകുന്നതും വായനക്കാർക്ക് അനുഭവിച്ചറിയാം.
ഒന്നാം ഭാഗം റിലീസ് ചെയ്ത് കൃത്യം ഒരു വർഷത്തിനു ശേഷം ഇറങ്ങിയ 'അറോലക്കാടിന്റെ രഹസ്യം' എന്ന രണ്ടാം ഭാഗത്തിൽ ആഴവർ നമ്പിയും ഉദയനും ചിന്നത്തായിയും കരിമലയരയനും ബാബറും കടുത്തയും നീലിയും കാളിയനും ആദം സബ്രയും നേഫ്രിതിതിയും മലയരയരും തുറയരയരും ശബരിമല കാടുകളും പാണ്ട്യ രാജ്യവും മൂവായിരം വർഷം മുൻപത്തെ ഈജിപ്തും അവിടുത്തെ ഫറവോമാരും ഒക്കെ നിറഞ്ഞാടുകയാണ്. രത്തപ്പറവൈ എന്ന പ്രാകൃതവും ക്രൂരവുമായ ശിക്ഷാരീതിയിലൂടെ നിലയ്ക്കൽ കാവൽ പടത്തലവനായ കുഞ്ഞമ്പു ചേകോനെ ചിന്ന കൊലപ്പെടുത്ത വിവരണം ഏതൊരു വായനക്കാരനും ഉൾക്കിടിലത്തോടെ അല്ലാതെ വായിച്ചു മുഴുമിപ്പിയ്ക്കാൻ ആകില്ലെന്നുറപ്പ്.
ഈ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ഏതാണ്ടു രണ്ടര വർഷങ്ങങ്ങൾക്ക് ശേഷമാണ് മൂന്നാമത്തെയും അവസാനത്തെയും ഭാഗമായ യുദ്ധകാണ്ഠം ഇറങ്ങുന്നത്.
"ജീവന്റെ കല്ല്" വീണ്ടെടുക്കാനും സംരക്ഷിയ്ക്കാനും സ്വന്തം ജീവൻ പോലും കളയാൻ തയ്യാറായ ഒരു കൂട്ടം ആളുകളുടെ ത്രസിപ്പിയ്ക്കുന്ന പോരാട്ടം ആണ് മൂന്നാം ഭാഗം. ഇതിൽ മണികണ്ടനും മിഥുനും ശ്രീജിത്തിനും ഒപ്പം വാവരും വെളുത്തച്ചനും പഞ്ചമിയും പൂങ്കൊടിയും കമ്മാരപ്പണിക്കരുമെല്ലാം വായനക്കാരെ ഹരം കൊള്ളിയ്ക്കുന്നുണ്ട്. ഇവർക്ക് ഒപ്പം മൂവായിരം വർഷങൾക്ക് മുൻപത്തെ ഈജിപ്തിൽ നിന്ന് തുത്തമോസ്, അഖിനാതെൻ, നെഫ്രിതിതി, നെഹസി, താമോസ്, സെമ്പുലി ... അങ്ങനെ ഒരുപിടി കഥാപാത്രങ്ങൾ. ഒന്നാം ഭാഗവും രണ്ടാം ഭാഗവും ബാക്കി വച്ചത് എല്ലാം ഈ മൂന്നാം ഭാഗത്തിൽ പൂരിപ്പിയ്ക്കപ്പെടുന്നുണ്ട്.
ചരിത്രകഥകളിലെ വീര മണികണ്ഠനെ മലയരയരുടെ കണ്ടന്റെ മകൻ മണികണ്ടനായി അവതരിപ്പിക്കുന്ന കഥാകൃത്ത് നാമറിയാത്ത, അഥവാ സൗകര്യപൂർവ്വം വിസ്മൃതിയിലാക്കിയ ഗോത്രവംശജരുടേതു കൂടിയായ യഥാർത്ഥ ചരിത്രത്തിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കു കൂടിയാണ് ഈ പുസ്തകങ്ങങ്ങളിലൂടെ നമുക്ക് നൽകുന്നത്.
മൂവായിരം വർഷങ്ങൾക്ക് മുൻപുള്ള ഈജിപ്തിലെ ഫറവോമാരെയും നെഹസിയുടെ മെഡ്ജെയ് പ്രസ്ഥാനത്തിലെ പോരാളികളെയും ആയിരം വർഷം മുൻപുള്ള പാണ്ട്യരെയും ആഴ് വർ നമ്പിയുടെ കൊണ്ടെയ് വീരന്മാരെയും ഈ ആധുനിക കാലത്തുള്ളവരെയും ഒരുമിച്ചു ഒരൊറ്റ ക്യാൻവാസിൽ യുക്തിഭദ്രമായി അവതരിപ്പിയ്ക്കുക എന്നത് നിസ്സാര കാര്യമല്ല. അവിടെ അറോലക്കാടിനെ കൊള്ളയടിയ്ക്കാൻ വന്നവരും ആ രഹസ്യം സംരക്ഷിക്കാൻ ഇറങ്ങിയവരും എല്ലാം ഒത്തു ചേരുന്നു.
ഈ കഥാപാത്രങ്ങൾക്കൊപ്പം ഈജിപ്തിലെ മരുഭൂമിയിലൂടെയും അറോല കാടുകളിലൂടെയും ഉള്ള ഒരു ഗംഭീര യാത്രയാണ് ഈ പുസ്തകം. അവിടെ നാം നടുക്കുന്ന യുദ്ധ രംഗങ്ങൾ കാണും... രക്തം മരവിപ്പിയ്ക്കുന്ന കൊടും ക്രൂരതകൾക്ക് സാക്ഷിയാകും... ചിലപ്പോൾ ടൈം ട്രാവൽ ചെയ്യും. ടൈം ലൂപ്പിൽ പെട്ട് ഉഴറും.
മലയാളത്തിൽ ഇത്തരത്തിലുള്ള കഥകൾ തീർച്ചയായും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പുസ്തകങ്ങൾക്കായി വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ നടത്തിയ വിഷ്ണുവിന് എല്ലാ ഭാവുകളും... ഒപ്പം കാന്തമല ചരിതം പുസ്തകങ്ങൾ കൂടുതൽ വായനക്കാരിലേയ്ക്ക് എത്തട്ടെ എന്നും ആശംസിയ്ക്കുന്നു. പുതിയ പുസ്തകങ്ങൾക്കായി കാത്തിരിയ്ക്കുന്നു.
- ശ്രീ
എഴുതിയത് ശ്രീ at 9:29 AM 1 comments
Labels: ലേഖനം