Tuesday, May 17, 2016

ജനാധിപത്യം



തിരഞ്ഞെടുപ്പുകളും പ്രകടന പത്രികകളും വാഗ്ദാനപ്പെരുമഴകളും കണ്ടും കേട്ടും മടുത്തു. എന്നിട്ടോ ഭരണം കയ്യില്‍ കിട്ടിയാല്‍ എല്ലാം വെറും പുക!  ഇത്തവണയും സ്ഥിതിഗതികള്‍ വ്യത്യസ്തമാകുമെന്ന് കരുതുന്നില്ല, നോക്കാം...

എന്നാലും കുറച്ചു വേറിട്ട രീതിയില്‍ നാം ചിന്തിച്ചു തുടങ്ങേണ്ട സമയമായില്ലേ? അങ്ങനൊരു ചിന്ത പങ്കു വയ്ക്കുകയാണ് ഇവിടെ.

ജനങ്ങള്‍ വാഗ്ദാനങ്ങള്‍ കേട്ട് വോട്ട് ചെയ്യുന്ന ശീലം ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. ചുരുങ്ങിയ പക്ഷം വോട്ട് ചെയ്ത് ഭരണത്തിലേയ്ക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതു പോലെ തന്നെ, അഞ്ചു വര്‍ഷം ഭരിച്ചവരുടെ ഭരണം വിലയിരുത്തി, ഏറ്റവും മോശം ഭരണാധികാരികളെ മിനിമം പത്തു വര്‍ഷത്തേയ്ക്കെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നും ഡീബാര്‍ ചെയ്യാനുമുള്ള അധികാരം മറ്റൊരു വോട്ടിങ്ങിലൂടെ രേഖപ്പെടുത്താനും നടപ്പില്‍ വരുത്താനുമുള്ള നിയമം വേണം. അങ്ങനെ ഡീബാര്‍ ചെയ്യപ്പെടുന്ന പ്രതിനിധികള്‍ അധികാരങ്ങളില്ലാതെ ജനങ്ങള്ക്കിടയില്‍ പ്രവര്‍ത്തിച്ച് വീണ്ടും 10 വര്‍ഷം കഴിഞ്ഞിട്ടു മാത്രം വീണ്ടും മത്സരിയ്ക്കട്ടെ. അപ്പോള്‍ കാണാം, കുറേയെങ്കിലും അഴിമതി കുറയുമോ എന്ന്.

അതു പോലെ ജനപ്രതിനിധികള്‍ ആകാന്‍ ചില യോഗ്യതകളും നിര്‍ബന്ധമാക്കണം - മിനിമം ഇത്ര വിദ്യാഭ്യാസ യോഗ്യത, മിനിമം ഇത്ര പ്രായം, മാക്സിമം ഇത്ര പ്രായം... ഇങ്ങനെയൊക്കെ. എങ്കിലേ ഭരണം കയ്യില്‍ കിട്ടിയാല്‍ വോട്ട് ചെയ്ത് ജയിപ്പിച്ച പൊതുജനങ്ങളെന്ന കഴുതകളോടുള്ള പുച്ഛം അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ഇല്ലാതിരിയ്ക്കൂ... ഇതിപ്പോ വോട്ട് ചെയ്യാന്‍ മാത്രം മതിയല്ലോ ജനങ്ങളെ. അതു കഴിഞ്ഞാല്‍ പുല്ലുവില...

വോട്ട് ചെയ്ത് അഞ്ചു വര്‍ഷത്തേയ്ക്ക് അധികാരമേല്‍പ്പിയ്ക്കുന്ന ജനങ്ങള്‍ക്ക് തന്നെ വര്‍ഷത്തിലൊരിയ്ക്കലോ രണ്ടു വര്‍ഷം കൂടുമ്പോഴോ ഒരു "അപ്രൈസല്‍ വോട്ടിങ്ങ്" പോലെ നടത്തി,  കാലാവധി കഴിയും വരെ ഇവര്‍ തന്നെ തുടരണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാനുള്ള അവകാശം കൂടി കൊടുത്താല്‍ എങ്ങനെയിരിയ്ക്കും എന്ന ഒരു ആലോചന... അത്ര മാത്രം

ഇനി അഴിമതി കുറഞ്ഞാലോ, നാടിനു നേട്ടം വല്ലതും ഉണ്ടായാലോ എന്നൊക്കെ ഒരതിമോഹം

​ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചോദിച്ചാല്‍... എനിയ്ക്കറിയില്ല. :(

22 comments:

  1. ശ്രീ said...

    തിരഞ്ഞെടുപ്പു സമയമല്ലേ, വെറുതേ ഒരു ചിന്ത പങ്കു വയ്ക്കുന്നു

  2. സുധി അറയ്ക്കൽ said...

    ഇങ്ങനെയൊക്കെ ചിന്തിയ്ക്കാൻ പാടുണ്ടോ??നമ്മൾ സഹിഷ്ണുതയുടെ പര്യായമായ മലയാളികൾ ഇങ്ങനെ അസഹിഷ്ണുക്കളായാൽ കൊള്ളാമോ!?!!?!?

  3. Muralee Mukundan , ബിലാത്തിപട്ടണം said...

    യു.കെയിൽ തിരെഞ്ഞെടുപ്പുകളിലേക്ക്
    ജാതി -മത -ദേശീയ- വംശീയതകളൊന്നും
    നോക്കാതെ പൊതുജനത്തിന് സ്വീകാര്യരാ‍യ
    സ്ഥാനാർത്ഥികളെ അഭിപ്രായ വോട്ടെടുപ്പുകൾക്ക്
    ശേഷം നിർണ്ണയിച്ചാണ് പാർട്ടികൾ മത്സരിപ്പിക്കുന്നത് .
    രണ്ടോ , മാക്സിമം മൂന്ന് ടേമിൽ കൂ‍ടുതൽ ഒരു പാർട്ടിയും -
    ഒരു കാൻഡിഡേറ്റിനും ചാൻസ് കൊടുക്കുന്നില്ല ...! അവനവന്റെ
    ജനാധിപത്യ പ്രതിനിധി സ്ഥാനം കഴിഞ്ഞാൾ സ്വന്തം ജോലികളിലേക്ക്
    മടങ്ങി പോകുന്ന രാജ്യത്തിനും ,പ്രജകൾക്കും വേണ്ടി പ്രവർത്തിച്ച് ഊഴം
    പൂർത്തിയാക്കുന്നവർ ....
    ഇതെല്ലാം കണ്ട് നാട്ടിൽ അധികാര കസേരകൾ പിടിവിടാതെ , ജീവിതാന്ത്യം
    വരെ മത്സരിച്ച് - ജാതി മത പ്രീണനങ്ങളിൽ കൂപ്പ് കൂത്തിയുള്ള പാർട്ടികളും രാഷ്ട്രീയവു
    മൊക്കെയാണ് ഇന്നുള്ളത് ...
    വാഴ്വേമായം...!

  4. ഷിഖ മേരി (SHIKHA MARY) said...

    ശ്രീയുടെ അഭിപ്രായങ്ങൾ എന്നു തൊട്ടെ ഞാനും ചിന്തിക്കുന്നതാ . അതായതു മിനിമം വിദ്യാഭ്യാസ യോഗ്യത , മിനിമം പ്രായം , മാക്സിമം പ്രായം . അതുപൊലെ നെഗറ്റീവ്‌ വോട്ടിംഗ്‌ , സാധാരണ ജനങ്ങളെ പോലെ ഇടയ്കെങ്കിലും ജീവിക്കാൻ ഒരവസരം . ശ്രീയുടെ അഭിപ്രായത്തോടു ഞാൻ പൂർണമായി യോജിക്കുന്നു . അധികാരത്തിന്റെ ലഹരി തലയ്ക്ക്കു പിടിച്ചാൽ പിന്നെ എങ്ങനെയും മരണം വരെ അതു നിലനിർത്താൻ ഉള്ള ശ്രമം ആണു ഇവരെ കൊണ്ടു ഇതെല്ലാം ചെയ്യിക്കുന്നതു . സുധി പറഞ്ഞ പൊലെ എല്ലാം സഹിച്ചിരിക്കുന്നതു കൊണ്ടാ പിന്നെയും പിന്നെയും നമ്മൾ വിഡ്ഡികൾ ആക്കപ്പെടുന്നതു . ഒരു പ്രാവശ്യം എങ്കിലും ആകുന്നത്ര ജനങ്ങൾ ഇലക്‌ഷൻ ബഹിഷ്ക്കരിച്ചിരുന്നെങ്കിൽ എന്നു മോഹിച്ചു പോകുന്നു . നാടോടിക്കാറ്റിലെ ശ്രീനിവാസൻ പറഞ്ഞപൊലെ " എത്രയോ നല്ല നടക്കാത്ത സ്വപ്നങ്ങൾ " .

  5. ശ്രീ said...

    സുധി

    ആദ്യ കമന്റിനു നന്ദി. ആരു മാറി മാറി ഭരിച്ചാലും വ്യത്യാസമൊന്നും കാണാത്തതിലുള്ള ഒരു വിഷമം കൊണ്ട് എഴുതിയതാ... :)

    മുരളി മാഷേ...
    ശരിയാണ്. ഒരിയ്ക്കല്‍ അധികാരത്തിന്റെ സുഖം പിടിച്ചു കഴിഞ്ഞാല്‍ പിന്നെ, അതു പിടി വിടാതിരിയ്ക്കാനായി എന്തും ചെയ്യാം, പറയാം എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ.

    ഷിഖ ചേച്ചീ...

    വളരെ ശരിയാണ്. നിവൃത്തിയില്ലാതെ ജനങ്ങള്‍ ഓരോ തവണയും വിഡ്ഢികളാക്കപ്പെടുകയാണ്. ഇത്തവണയെങ്കിലും ഇവന്മാരു വന്നാല്‍ എന്തെങ്കിലും ചെയ്യുമായിരിയ്ക്കും എന്ന പ്രതീക്ഷയില്‍ മെനക്കെട്ട് വോട്ടു ചെയ്ത് ജയിപ്പിച്ചു വിടുന്ന ജന പ്രതിനിധികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്താലോ എന്ന പ്രതീക്ഷ!

  6. കൊച്ചു ഗോവിന്ദൻ said...

    (കിലുക്കത്തിലെ ഇന്നസെന്റ് സ്റ്റൈലിൽ) "ഹ്മ്മ്... ഇതൊക്കെ കൊറേ കേട്ടട്ട്ണ്ട്...!"

  7. ശ്രീ said...

    കൊച്ചു ഗോവിന്ദാ.... (പട്ടണപ്രവേശത്തിലെ 'പ്രഭാകരാ...' എന്ന സ്റ്റൈലില്‍) ;)

  8. Suvis said...

    എന്റെ അഭിപ്രായത്തില്‍ ഇടതും വലതും മാറി മാറി വരുന്ന കേരളത്തില്‍ വെറുതെ തിരഞ്ഞെടുപ്പ് നടത്തി ഖജനാവ് കാലിയാക്കണോ..രണ്ടു കൂട്ടരും ഒരു കരാര്‍ ഉ ണ്ടാക്കിയാല്‍ പോരെ..പഞ്ച വത്സര പദ്ധതി പോലെ ഒാരോ അഞ്ച് വര്‍ഷത്തേക്കും ഓരോ മുന്നണി മാറി ഭരിക്കട്ടെ... പിന്നെ നേതാക്കള്‍ക്ക് രാഷ്ട്രീയമല്ലാതെ ഉപജീവനമാര്‍ഗ്ഗം വേറെ വേണമെന്ന് നിര്‍ബന്ധമാക്കുക..ഒരു ഇന്ത്യന്‍ പ്രണയകഥയില്‍ പറയുന്ന പോലെ അത്രേം കൈയ്യിട്ടു വാരല്‍ കുറഞ്ഞു കിട്ടുമല്ലോ..

  9. ശ്രീ said...

    "പിന്നെ നേതാക്കള്‍ക്ക് രാഷ്ട്രീയമല്ലാതെ ഉപജീവനമാര്‍ഗ്ഗം" അതൊരു വലിയ പോയന്റ് ആണ്. രാഷ്ട്രീയം തന്നെ ഒരു "പണി" ആയി കൊണ്ടു നടക്കുമ്പോള്‍ വരുമാനമാര്‍ഗവും അതു തന്നെയാകും.

  10. വിനുവേട്ടന്‍ said...

    ഞാൻ പറയാൻ വച്ച കമന്റ്‌ അവസാന വാക്യമായി ശിഖ എടുത്ത്‌ പ്രയോഗിച്ചു... ഇനി ഇപ്പോ എന്താ ചെയ്യുക...

  11. Dwayakshari said...

    ഇലക്ഷൻ പ്രഖ്യപിച്ചു കഴിഞ്ഞ് അപ്പോൾ മുതൽ കേൾക്കുന്ന കാര്യങ്ങൾ ഇലക്ഷൻ കഴിഞ്ഞ് ചർച്ച ചെയ്യുന്നതാണ് രാഷ്ട്രീയം !!!

  12. Anonymous said...

    എനിക്ക് പറയാനുള്ളത് NOTA എടുത്ത് കളയണം. അല്ലെങ്കില്‍ അത് ഫലപ്രദമാവാന്‍ കുറച്ചു പരിഷ്കാരങ്ങള്‍ വേണം. അതായത് നോട്ട ഒന്നാം സ്ഥാനത് വന്നാല്‍ ഇപ്പോള്‍ തൊട്ടടുത്ത സ്ഥാനത് എത്തിയ സ്ഥാനാര്‍ഥി ആണല്ലോ ജയിക്കുന്നത്. അത് മാറ്റി, അപ്പോള്‍ മത്സരിച്ച സ്വന്തന്ത്രര്‍ ഉള്‍പ്പെടെ എല്ലാവരെയും ഒഴിവാക്കി, പുതിയ ആളുകളെ മത്സരിപ്പിക്കണം. അല്ലങ്കില്‍ നോട്ട വെറുതെ ഒരു ബട്ടന്‍ ആയി ഒതുങ്ങിപ്പോകും.

  13. ശ്രീ said...

    നന്ദി, വിനുവേട്ടന്‍, Sasi Vksasi...
    Anonymous...
    ശരിയാണ്. NOTA കൊണ്ട് ഇപ്പോ ഒരുപകാരവുമില്ല. അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്ശം നടക്കണമെങ്കില്‍ NOTA ഒന്നാമതായാല്‍ വേറെ ഇലക്ഷന്‍ നടത്തണം.

  14. ഫൈസല്‍ ബാബു said...

    നല്ല കണ്സപറ്റ് ശ്രീ ,,, നടക്കില്ല എങ്കിലും വെറുതെ സ്വപ്നം കാണാലോ :)

  15. ManzoorAluvila said...

    ശ്രീ ആശയം കൊള്ളാം ..നടന്നാല്‍ നാട് നന്നാവും ..

  16. Areekkodan | അരീക്കോടന്‍ said...

    എന്റെ അഭിപ്രായത്തില്‍ എം.എല്‍.എ ആകുന്നതിന് മുമ്പ് അഞ്ച് വര്‍ഷമെങ്കിലും സ്ത്യ്ത്യര്‍ഹമായ ജനസേവനം ചെയ്തതിന്റെ,തഹസില്‍ദാരോ അതിനു മുകളിലോ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ നല്‍കിയ “എക്പീരിയന്‍സ്” സര്‍ട്ടിഫിക്കറ്റ് കൂടി ഉണ്ടായിരിക്കണം.

  17. ശ്രീ said...

    സത്യം തന്നെ, ഫൈസല്‍ ഭായ്

    മന്‍സൂര്‍ ഇക്കാ...
    അതെ, എന്തെങ്കിലും വ്യത്യാസം വന്നേനെ.

    അരീക്കോടന്‍ മാഷേ...
    ശരിയാണ്. അങ്ങനെ എന്തെങ്കിലുമൊക്കെ ഒരു ചെയിഞ്ച് വേണ്ടതാണ്.

  18. Bipin said...

    ഇവിടെ എത്താൻ അൽപ്പംതാമസിച്ചു പോയി. കാരണവും അത് തന്നെ. തെരഞ്ഞെടുപ്പ്.

    പറഞ്ഞ കാര്യങ്ങൾ എല്ലാം കേരളത്തിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് തന്നെ.( ആഗ്രഹിക്കാത്ത ന്യുന പക്ഷം ഏതാണെന്ന് മനസ്സിലായല്ലോ. ഇതിൽ ഉൾപ്പെട്ട് ശരീരം അനങ്ങാതെ ജീവിക്കുന്ന രാഷ്ട്രീയക്കാർ, പിന്നെ വിവരം ഇല്ലാതെ കൊടിയുടെ പിറകെ പോയി സ്വയം ജന്മം പാഴാക്കുന്ന കുറേപ്പേരും ). പക്ഷേ ഇക്കാര്യങ്ങൾ ഒക്കെ നടപ്പിലാക്കേണ്ടത് ആരാ? ഇവർ തന്നെ. അത് കൊണ്ട് പറയാം എന്നല്ലാതെ ഒരു പ്രതീക്ഷയും വേണ്ട.ഏതായാലും ഇത്തരം ചിന്തകൾ നല്ലത് തന്നെ.

  19. ശ്രീ said...

    സത്യം തന്നെ, ബിപിന്‍ മാഷേ. ഇതൊക്കെ സാധാരണക്കാരുടെ "നടക്കാത്ത സ്വപ്നങ്ങള്‍" എന്ന് മാറ്റി നിര്‍ത്താനേ കഴിയൂ... കമന്റിനു നന്ദി

  20. keraladasanunni said...

    ഇതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തേണ്ടത് ഈ രാഷ്ട്രീയക്കാരല്ലേ. അവരതു ചെയ്യുമോ.

  21. വീകെ said...

    ഒരഞ്ചുവർഷം കിട്ടിയിരുന്നെങ്കിൽ നാലു പുത്തനുണ്ടാക്കാമായിരുന്നൂ....
    പിന്നെ ഞാനീ വഴിക്ക് വരുമായിരുന്നില്ല....
    പ്ലീസ് ഒരവസരം തരൂ.....

    [അല്ലാതെ ഈ നടക്കാത്ത സ്വപ്നങ്ങൾക്കു പിന്നാലെ നടക്കാതെ, കുറച്ചു പ്രാക്റ്റിക്കലായി ചിന്തിക്കൂ ശ്രീ....]

  22. നളിനകുമാരി said...

    വേണ്ടത് തന്നെ പക്ഷെ പൂച്ചക്കാര് മണി കെട്ടും?