നാട്ടില്‍ ഇപ്പോള്‍ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും കാലമാണല്ലോ. കഴിഞ്ഞ ദിവസം അത്താഴ ശേഷം അടുത്ത റൂമിലെ സുഹൃത്തുക്കള്‍ക്കൊപ്പം പഴയ പെരുന്നാള്‍ ഓര്‍മ്മകള്‍ അയവിറക്കുന്ന വേളയില്‍ അതിലൊരു സുഹൃത്ത് (തല്‍ക്കാലം യഥാര്‍ത്ഥ പേരു വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ നമുക്കവനെ ജോര്‍ജ്ജ് എന്ന് വിളിയ്ക്കാം) അവനും അവന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കും പറ്റിയ ഒരു അക്കിടി അക്കൂട്ടത്തില്‍ പങ്കു വച്ചു.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് അവര്‍ നാട്ടില്‍ ബിരുദ വിദ്യാര്‍ത്ഥികളാണ്. പഠനത്തില്‍ ആരും അത്ര മോശമൊന്നുമല്ലെങ്കിലും അത്യാവശ്യം തരികിടകളുമായി കഴിഞ്ഞു കൂടുന്നു. എന്നു വച്ചാല്‍ വല്ലപ്പോഴും തരം കിട്ടുമ്പോള്‍ ക്ലാസ് കട്ടു ചെയ്ത് കറങ്ങാന്‍ പോകുകയും, സിനിമയ്ക്ക് പോകുകയും ഒക്കെ... അക്കൂട്ടത്തില്‍ സുഹൃത്തുക്കളില്‍ ആരുടെയെങ്കിലും വീടുകളില്‍ എന്തെങ്കിലും ആഘോഷങ്ങളോ പള്ളിപ്പെരുന്നാളോ ഒക്കെ ഒത്തു വരുമ്പോള്‍ എങ്ങനേലും കൂട്ടം ചേര്‍ന്ന് ഒന്നു മിനുങ്ങാനുള്ള വക ഒപ്പിയ്ക്കുക എന്നതായിരുന്നു അവരുടെ പരമപ്രധാനമായ ലക്ഷ്യം.
അങ്ങനെയിരിയ്ക്കേയാണ് ആ വര്‍ഷത്തെ പെരുന്നാള്‍ കാലം വന്നെത്തിയത്. കാത്ത് കാത്തിരുന്നു വന്നെത്തിയ പെരുന്നാള്‍ ആഘോഷിയ്ക്കുവാന്‍ തന്നെ നാല്‍വര്‍സംഘം തീരുമാനിച്ചു. അന്ന് ചില്ലറ വല്ലതും ഒപ്പിയ്ക്കുക എന്നത് ഇന്നത്തെ പോലെ അത്ര എളുപ്പമല്ല. പെരുന്നാള്‍ ദിനങ്ങള്‍ ഓരോന്നായി അവിടെവിടെയായി കറങ്ങി നടന്നും മറ്റും സമയം കളഞ്ഞ്, ഓരോരുത്തരായി അന്നു വരെ അരിഷ്ടിച്ചു പിടിച്ച്, കിട്ടിയ തുക മുഴുവനും പെരുന്നാളിന്റെ അവസാന ദിവസത്തേയ്ക്ക് വേണ്ടി മാറ്റി വച്ചു. അങ്ങനെ ആരോരുമറിയാതെ അവര്‍ രണ്ടു കുപ്പി ബിയര്‍ വാങ്ങി രഹസ്യമായി ഒളിപ്പിച്ചു വച്ചു. പെരുന്നാളിന്റെ അവസാന ദിവസം രാത്രി രഹസ്യമായി എവിടെയെങ്കിലും കൂടിയിരുന്ന് സംഗതി ഫിനിഷ് ചെയ്യണം, അതാണ് ലക്ഷ്യം. അവസാന ദിവസമായതിനാല്‍ കുറച്ചു വൈകി വീട്ടിലെത്തിയാലും പ്രശ്നമില്ലല്ലോ.
അങ്ങനെ ആ സുദിനം വന്നെത്തി. പകല്‍ മുഴുവന്‍ നാലു പേരും പള്ളിയിലും പരിസരത്തും പ്രാര്‍ത്ഥനയും മറ്റുമായി കുടുംബാംഗങ്ങളുടെ കൂടെ തന്നെ കൂടി. (രാത്രി കൂട്ടുകാരുടെ കൂടെ പോകുമ്പോള്‍ കുടുംബത്തില്‍ നിന്ന് എതിര്‍പ്പുണ്ടാകരുതല്ലോ). രാത്രി വൈകിയ ശേഷം അടുത്തുള്ള വാഴത്തോപ്പില്‍ ഒത്തു കൂടാനാണ് പ്ലാന്‍. ബിയര്‍ കുപ്പികള്‍ രണ്ടും രഹസ്യമായി അവിടെ ഒളിപ്പിച്ചു വച്ചിരിയ്ക്കുകയാണ്.
സമയം രാത്രിയായി. പള്ളിയിലെ പരിപാടികള്‍ എല്ലാം ഏതാണ്ട് കഴിഞ്ഞു. എല്ലാവരും പള്ളി മുറ്റത്താണ്. നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും എല്ലാം ചുറ്റിലുമുണ്ട്. ഇനി വേറെ ആരുമറിയാതെ നാലു പേര്‍ക്കും തിരക്കിനിടയില്‍ നിന്ന് വലിഞ്ഞ് അവിടെ എത്തിപ്പെട്ടാല്‍ മാത്രം മതി. ഓരോരുത്തരായി ആരുടെയും ശ്രദ്ധയില്‍ പെടാതെ പതുക്കെ കൂട്ടത്തില്‍ നിന്ന് വലിയാന്‍ തുടങ്ങി. പക്ഷേ, ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ഇടയില്‍ പെട്ടു കിടക്കുകയായിരുന്നു, നമ്മുടെ ജോര്‍ജ്ജ്. അവന്റെ ബന്ധുക്കള്‍ പലരും പെരുന്നാള്‍ പ്രമാണിച്ച് വീട്ടിലെത്തിയിട്ടുണ്ട്. അവരുടെയെല്ലാവരുടെയും മക്കളുടെ ഉത്തരവാദിത്വം അവനെയാണ് വീട്ടുകാര്‍ ഏല്‍പ്പിച്ചിരുന്നത്. അവര്‍ക്ക് എല്ലാവര്‍ക്കും പീപ്പിയും ബലൂണും കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി കൊടുത്ത്, അവരെയെല്ലാം പെറുക്കി കൂട്ടി അവരുടെ ഒപ്പം നില്‍ക്കുകയായിരുന്നു അവന്‍. സമയം വൈകുന്തോറും അവന്റെ ക്ഷമ നശിച്ചു കൊണ്ടിരിയ്ക്കുകയാണ്. തന്റെ സുഹൃത്തുക്കള്‍ മൂന്നു പേരും തന്നെ മാത്രം കാത്തു നില്‍ക്കുകയാണെന്ന ബോധ്യവും തന്റെ കൂടെയുള്ള കുട്ടികളെ ഒഴിവാക്കാതെ ഒന്നും നടക്കില്ലെന്ന അറിവും അവനെ ഭ്രാന്തു പിടിപ്പിച്ചു. ഇടയ്ക്ക് ഒന്നു രണ്ടു തവണയായി ചെല്ലാനായി സുഹൃത്തുക്കളുടെ സിഗ്നല്‍ കിട്ടി. അവസാനം ഒരു വിധത്തില്‍ അവന്‍ കുട്ടികളുടെ ഉത്തരവാദിത്വം മുഴുവന്‍ ഒരു വിധത്തില്‍ അവന്റെ പെങ്ങളെ ഏല്‍പ്പിച്ച് അവിടെ നിന്നും സ്കൂട്ടായി.
സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് അവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഓടുകയായിരുന്നു. അവരുടെ അടുത്തെത്തും മുന്‍പ് തന്നെ അവന്‍ തിരക്കു കൂട്ടി. "വാടാ, വേഗം പോകാം". എല്ലാവരും ആവേശത്തോടെ പോകാനൊരുങ്ങുമ്പോള്‍ അതാ പുറകില്‍ നിന്നൊരു വിളി
"അളിയാ... ജോര്‍ജ്ജേ..."
എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി. അതാ നില്‍ക്കുന്നു, ജോര്‍ജ്ജിന്റെ ബാല്യ കാല സുഹൃത്ത് ജോസ്. ജോര്‍ജ്ജിന്റെ പഴയ ഒരു സഹപാഠിയായിരുന്നു ജോസ്. ഒരു അടുത്ത സുഹൃത്ത് എന്നൊന്നും പറയാനാകില്ല,മാത്രവുമല്ല... ജോസ് വേറെ ഏതോ നാട്ടിലാണ് പഠിയ്ക്കുന്നത്. കുറേ നാളായി കാണാറുമില്ല.
ജോര്‍ജ്ജിന്റെ സുഹൃത്തുക്കള്‍ അമ്പരന്ന് ചോദ്യഭാവത്തോടെ നില്‍പ്പാണ്. ഇവനിപ്പോ എവിടുന്നു വന്നു ചാടി എന്ന ഭാവത്തില്‍ വലിയ താല്പര്യമില്ലെങ്കിലും ജോര്‍ജ്ജ് ഒരു ചിരി മുഖത്തു വരുത്തി കൊണ്ട് ജോസിനെ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തി. ജോസ് ഒരു ശുദ്ധനാണെങ്കിലും തന്റെയും സുഹൃത്തുക്കളുടെയും ടൈപ്പ് അല്ലാതിരുന്നതിനാല്‍ ജോര്‍ജ്ജിന് കക്ഷിയോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. ജോസാണെങ്കില്‍ അന്നു വരെ കാണിയ്ക്കാത്ത ആത്മാര്‍ത്ഥതയോടെ അവരുടെ ഒപ്പം നടന്ന് ജോര്‍ജ്ജിനോട് ആവേശത്തോടെ സംസാരിച്ചു കൊണ്ടുമിരിയ്ക്കുകയാണ്.
ജോര്‍ജ്ജിന്റെ സുഹൃത്തുക്കള്‍ക്ക് ക്ഷമ നശിയ്ക്കാന്‍ തുടങ്ങി. ആകെ ഉള്ളത് രണ്ടു കുപ്പിയാണ്. അത് പങ്കു വയ്ക്കാന്‍ ഇനി ഒരാള്‍ കൂടി വരുന്നത് അവര്‍ക്ക് ആലോചിയ്ക്കാനേ വയ്യ. അവര്‍ എങ്ങനെയെങ്കിലും ഈ മാരണത്തെ ഒഴിവാക്കാന്‍ ജോര്‍ജ്ജിനോട് ആംഗ്യങ്ങളിലൂടെ സൂചന നല്‍കി. ജോര്‍ജ്ജും അതു തന്നെയാണ് ശ്രമിയ്ക്കുന്നത്, പക്ഷേ കക്ഷിയ്ക്ക് പോകാനൊട്ടു ഭാവവുമില്ല.
ജോസ് തനിയേ ഒഴിഞ്ഞു പോകുന്ന ലക്ഷണമൊന്നും കാണിയ്ക്കുന്നില്ല. അവസാനം ജോര്‍ജ്ജ് ഒരു സാഹസത്തിനു തയ്യാറായി. (ജോസറിയാതെ) സുഹൃത്തുക്കള്‍ക്ക് സൂചന നല്‍കിയ ശേഷം അവന്‍ ജോസിനെയും കൂട്ടി കൂട്ടത്തില്‍ നിന്ന് മാറി നടന്നു. "മറ്റു പലതിലേയ്ക്കും കക്ഷിയുടെ ശ്രദ്ധ തിരിച്ചു വിട്ട് അവനെ വേറെ എങ്ങോട്ടെങ്കിലും കൂട്ടിക്കൊണ്ടു പോയി ആള്‍ക്കൂട്ടത്തില്‍ വിട്ട് 'തിരക്കിനിടെ കൂട്ടം തെറ്റിപ്പോയെന്ന ഭാവത്തില്‍' മുങ്ങുക, എന്നിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കൂടി തങ്ങളുടെ പ്ലാന്‍ പ്രകാരം മുമ്പോട്ടു പോകുക" ഇതായിരുന്നു അവന്റെ പ്ലാന്‍.
അങ്ങനെ അവനെയും കൂട്ടി ജോര്‍ജ്ജ് പെട്ടിക്കടകളും മറ്റുമുള്ളിടത്തേയ്ക്ക് ചുമ്മാ കറങ്ങാനെന്ന ഭാവേന പോയി. സൂത്രത്തില്‍ ആ തിരക്കില്‍ അവനെ വിട്ട്, തിരക്കില്‍ മിസ്സായി എന്ന ഭാവേന അവിടെ നിന്ന് വലിഞ്ഞു. ജോര്‍ജ്ജ് തന്റെ സുഹൃത്തുക്കളുടെ അടുത്തേയ്ക്ക് തിരികെ എത്തും മുന്‍പേ എവിടെ നിന്നെന്നറിയില്ല, "അളിയാ, തിരക്കില്‍ നിന്നെ പെട്ടെന്ന് കാണാതായെടാ" എന്നും പറഞ്ഞു കൊണ്ട് ജോസ് വീണ്ടും ഓടിയെത്തി. മുഖത്ത് ജോസിനെ തിരിച്ചു കിട്ടിയ ആശ്വാസ ഭാവം പ്രകടിപ്പിച്ച്, എന്നാല്‍ മനസ്സില്‍ അവനെ പ്രാകിക്കൊണ്ട് ജോര്‍ജ്ജ് അടുത്ത സ്ഥലത്തേയ്ക്ക് വച്ചു പിടിച്ചു. ഇത്തവണയും കഥ മാറിയില്ല. ജോസിനെ ഒരിടത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടെങ്കിലും അവന്‍ വീണ്ടും ജോര്‍ജ്ജിനെ കണ്ടു പിടിച്ചു. വീണ്ടും രണ്ടു മൂന്നു തവണ ഇതേ ശ്രമങ്ങള്‍ ജോര്‍ജ്ജ് നടത്തിയെങ്കിലും ഓരോ തവണയും ഒരു ബൂമറാങ്ങ് പോലെ ജോസ് അവനെ തേടി കണ്ടുപിടിച്ച് തിരിച്ചു വന്നു കൊണ്ടിരുന്നു.
അവസാനം ജോസിനെ ഒഴിവാക്കാന്‍ ശ്രമിച്ച് ജോര്‍ജ്ജിന്റെയും, ജോര്‍ജ്ജിനെ കാത്തു നിന്ന് അവന്റെ സുഹൃത്തുക്കളുടെയും ക്ഷമ നശിച്ചു. അങ്ങനെ നിവൃത്തിയില്ലാതെ അവര്‍ തങ്ങളുടെ "ഓപ്പറേഷന്‍ ബിയര്‍ പ്ലാനില്‍" ജോസിനെ കൂടി പങ്കെടുപ്പിയ്ക്കാന്‍ നിര്‍ബന്ധിതരായി. വളരെ വിഷമത്തോടെ, (എന്നാല്‍ ബൈ ചാന്‍സ്... ജോസ് എങ്ങാനും നിരസിച്ചെങ്കിലോ എന്ന കുഞ്ഞു പ്രതീക്ഷ ഉള്ളില്‍ വച്ച്) നാല്‍വര്‍ സംഘം ജോസിനെ തങ്ങളുടെ രഹസ്യ അജണ്ടയിലേയ്ക്ക് ക്ഷണിയ്ക്കുമ്പോള്‍ സന്തോഷത്തോടെ (അവരുടെ പ്രതീക്ഷയുടെ ആ കുഞ്ഞു നാളം നിഷ്കരുണം ഊതിക്കെടുത്തി) ആ ക്ഷണം സ്വീകരിച്ചു കൊണ്ട് ജോസ് അവരുടെ കൂടെ കൂടി.
എന്തായാലും ആ രണ്ടു കുപ്പി ബിയര്‍ അവരുടെ തല്‍ക്കാലത്തെ വിഷമങ്ങളെല്ലാം മാറ്റി. ആകെ രണ്ടു ബോട്ടിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അവര്‍ ഉള്ളത് അഞ്ചു പേര്‍ക്കായി പങ്കു വച്ചു. കുറേശ്ശെ ആസ്വദിച്ചു കുടിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ ഓരോന്ന് പറയുന്ന കൂട്ടത്തില്‍ ജോസ് മൂന്നു നാലു തവണ ജോര്‍ജിനെ തിരക്കില്‍ കാണാതായതും ഓരോ തവണയും വീണ്ടും കണ്ടുപിടിയ്ക്കാനായതുമെല്ലാം സൂചിപ്പിച്ചു.
മനസ്സില്‍ തികട്ടി വന്ന ദേഷ്യവും നിരാശയും കടിച്ചമര്‍ത്തി, തെല്ലൊരു അതിശയത്തോടെ ജോര്‍ജ്ജ് ജോസിനോട് ചോദിച്ചു "എന്നാലും ഈ രാത്രി ഇത്രയും തിരക്കിനിടയിലും നീയെന്നെ എങ്ങനെ കണ്ടു പിടിച്ചെടാ???"
ചെറിയൊരു ചിരിയോടെ ജോസ് പറഞ്ഞു "അതിനാടാ ബുദ്ധി ഉപയോഗിയ്ക്കണമെന്ന് പറയുന്നത്. ഓരോ തവണയും നിന്നെ കാണാതാകുമ്പോള്‍ ഞാന്‍ നേരെ മുകളിലേയ്ക്ക് നോക്കും. ഒരു ചുവന്ന ഹൈഡ്രജന്‍ ബലൂണ്‍ എവിടെയെങ്കിലും പറക്കുന്നുണ്ടോ എന്ന്. സത്യത്തില്‍ നിന്റെ കയ്യിലെ ആ ബലൂണാണ് ഓരോ തവണയും എന്നെ രക്ഷിച്ചത്. ഭാഗ്യമായി, അല്ലേ അളിയാ? അല്ലെങ്കില്‍ നമുക്ക് ഇന്ന് ഇങ്ങനെ കൂടാന്‍ പറ്റുമായിരുന്നോ???"
"അതെയതെ... ശരിയ്ക്കും ഭാഗ്യമായി" തന്റെ ബന്ധുക്കളുടെ കുട്ടികള്‍ക്ക് ബലൂണും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്ത കൂട്ടത്തില്‍ ഒരു കൌതുകം തോന്നി, ഒരു ഹൈഡ്രജന്‍ ബലൂണ്‍ തന്റെ കയ്യില്‍ തന്നെ പിടിയ്ക്കാന്‍ തോന്നിയ ആ നിമിഷത്തെ മനസ്സില്‍ ശപിച്ചു കൊണ്ട് ജോര്‍ജ്ജ് അറിയാതെ പറഞ്ഞു പോയി.
19 comments:
ഇപ്പോള്‍ പെരുന്നാള്‍ കാലമാണ് നാട്ടിലെങ്ങും. പഴയ പെരുന്നാള്‍ ഒര്‍മ്മകള്‍ ഇവിടുത്തെ സുഹൃത്തുക്കള്‍ക്കൊപ്പം പരസ്പരം പങ്കു വയ്ക്കുന്ന കൂട്ടത്തില്‍ അവരിലൊരാള്‍ പങ്കു വച്ച രസകരമായ ഒരു അനുഭവമാണ് ഇത്തവണ...
Anubhavangal.......
Aashamsakal.
സത്യം പറ ശ്രീ... സത്യമായിട്ടും ഈ ബലൂൺ കഥ സത്യമാണോ...? സംഭവം രാത്രിയാണ് നടക്കുന്നത്... നോട്ട് ദി പോയിന്റ്... :)
സംഭവം എന്തായാലും ചിരിച്ചു പോയീട്ടോ... കിലുക്കത്തിൽ രേവതിയെ ഒഴിവാക്കാൻ മോഹൻലാൽ പെടുന്ന പെടാപ്പാട് ഓർത്തുപോയി...
ഹ ഹ ഹ ആകപ്പാടെ ഉള്ള രണ്ടു കുപ്പി അതും ബീയർ അഞ്ച് പേർ കഷ്ടം തോന്നുന്നു.
എന്നാലും കിലുക്കം സിനിമയായിരുന്നു മനസിൽ ഓടിയെത്തിയത് :)
അങ്ങിനെ ഹൈഡ്രജൻ ബലൂൺ പാരയായി അല്ലെ - ജോസാണ് ഇവിടുത്തെ താരം....
നല്ല കഥ.
ജോർജ് പിന്നെ ജീവിതത്തിൽ ഒരിക്കലും ബലൂണ്‍ വാങ്ങി കാണില്ല.
ആദ്യ മായി ബീയർ കുടിച്ചത് ഓർമ വരുന്നു. രഹസ്യമായി കൂട്ടുകാരൻറെ ലോഡ്ജ് മുറിയിൽ. തണുക്കാത്ത ബീയർ കുപ്പിയിൽ നിന്നും നേരിട്ട്. ഓരോ കവിളും കുടിച്ചിട്ട് കയ്പ്പ് മാറ്റാൻ ചെറിയ പ്ലാസ്റ്റിക് കവറിലുള്ള നാരങ്ങാ അച്ചാർ തിന്നും. ഒരു കുപ്പി കുടിച്ചു. ഫിറ്റ്. ചുറ്റും അച്ചാറിന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് കൂടുകൾ നിറയെ.
സംഭവം കലക്കീട്ടാ.. എന്നാലും സ്വന്തം അനുഭവം അല്ലാത്തതിന്റെ ഒരു കുറവ് അനുഭവപ്പെട്ടു.. ;)
ഈ വിനുവേട്ടന്റെ ഒരു കാര്യം.. ഇതിനാണ് പറയുന്നത്, വല്ലപ്പോഴുമൊക്കെ നാട്ടിൽ പോയി പെരുന്നാൾ കൂടണമെന്ന്.. പെരുന്നാളല്ലേ.. ആകെ മൊത്തം ലൈറ്റൊക്കെയിട്ട് സെറ്റപ്പായിരിക്കും..
(ആ സമയത്ത്, ഭൂമിയിൽ പാറി നടക്കുന്ന പെൺകുട്ട്യോളെ കണ്ടുപിടിക്കാൻ ഒരു പാടുമില്ല.. അപ്പോപ്പിന്നെ മാനത്ത് പാറിക്കളിക്കുന്ന ഒരു ബലൂണിന്റെ കാര്യം പറയാനില്ലല്ലൊ.. ല്ലേ ശ്രീക്കുട്ടാ.. :) )
അന്നത്തെ പെരുന്നാളുകളിൽ കിട്ടിയ ചില കിന്നരി നോട്ടങ്ങളൂടെ നിറവ് ,ജാക്കിച്ചാന്മാരെ ഓടിച്ച് വിട്ട് ഹീറൊയാകുമ്പോഴുള്ള മികവ്, പിന്നീട് കിട്ടുന്ന വട്ടേപ്പവും ,വൈനും കഴിച്ചുള്ള ഉണർവ്വ്...
ജോസിനെപ്പോലെയുള്ള എത്രയെത്ര അന്നമ്മുടക്കി പാരകളെ ഒരു തടിച്ച ബീഡിയിലോ മറ്റോ ഒതുക്കി എത്ര ‘കാര്യം‘ നടത്തിയിരിക്കുന്നൂ ...!
എല്ലാം ഓർമ്മയിൽ ഓടിയെത്തുകയാണല്ലോ ശ്രീ ഇത് വായിച്ചപ്പോൾ..
ജോസാരാ മോന്‍?
രസായി.
ഏറ്റവുമൊടുവിൽ ഒരു ഉത്സവത്തിന് പോയത്... അല്ല... അത് പറഞ്ഞത് പോലെ ഒരു പള്ളിപ്പെരുന്നാളായിരുന്നു... പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴായിരുന്നു അത്... മുളങ്കുന്നത്ത്കാവിനടുത്തുള്ള പൂമലയിൽ... അന്ന് വി.ഡി.രാജപ്പന്റെ ചികയുന്ന സുന്ദരി കഥാപ്രസംഗവും കണ്ട് വകയിൽ ഒരു അമ്മാവന്റെ കൂടെ (ഈ അമ്മാവൻ അപ്പോൾ സെന്റ് തോമസിൽ തന്നെ ഡിഗ്രി രണ്ടാം വർഷം പഠിക്കുകയായിരുന്നു. എന്റെ ഗുരുജിയും ജോക്കറും പിന്നെ ഞാനും എന്ന പോസ്റ്റിലെ ഗുരുജി) രാത്രി രണ്ട് മണിക്ക് കുറ്റാക്കൂരിരുട്ടത്ത് പത്താഴക്കുണ്ട് ഡാമും താണ്ടി വനത്തിലൂടെയുള്ള യാത്രയൊക്കെ ഓർത്തിട്ട് ഇപ്പോൾ പേടിയാവുന്നു...
പി. മാലങ്കോട്...
ആദ്യ കമന്റിനു നന്ദി മാഷേ
വിനുവേട്ടാ...
കഥ നടന്നതു തന്നെ ആണ് വിനുവേട്ടാ. സംഭവത്തിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമേ മാറ്റിയിട്ടുള്ളൂ. (ശരിയായ പേരു കൊടുത്താലും പ്രശ്നമില്ല എന്ന് അവന്‍ പറഞ്ഞെങ്കിലും ഞാന്‍ മനപൂര്‍വ്വം പേരു മാറ്റിയെന്നേ ഉള്ളൂ)
രാത്രിയാണ് സംഭവമെങ്കിലും പെരുന്നാള്‍ രാവ് അല്ലേ? അത്യാവശ്യം വെളിച്ചമുണ്ടാകുമല്ലോ. ആളുകള്‍ തിങ്ങി നിറഞ്ഞതു കൊണ്ട് അതിനിടയില്‍ ഒരാളെ ഒഴിവാക്കാന്‍ എളുപ്പമാണല്ലോ എന്ന് എന്റെ സുഹൃത്ത് കരുതി
:)
പണിയ്ക്കര്‍ സാര്‍...
അതേയതെ, ഏതാണ്ട് അങ്ങനെയൊക്കെ തന്നെ.
Pradeep Kumar...
സത്യമാണ് മാഷേ
Bipin ...
ഹഹ, അതു കൊള്ളാം മാഷേ
ജിമ്മിച്ചാ...
ദതാണ്.
സന്തോഷം, ജിമ്മിച്ചാ
മുരളി മാഷേ...
അതെല്ലാം ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചെന്നറീഞ്ഞതില്‍ സന്തോഷം
റാംജി മാഷേ...
വായനയ്ക്കും കമന്റിനും നന്ദി
വിനുവേട്ടാ...
ജിമ്മിച്ചന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയതു കണ്ടാ? ;)
ശരിയാണ്, അന്നൊക്കെ ഏത് രാത്രിയും ഏതു വഴിയും പ്രശ്നമല്ലായിരുന്നു അല്ലേ? [പിന്നെ, ഗുരുജിയെ ഓര്‍മ്മയുണ്ട്]
ഇതാ പറഞ്ഞത് പെരുന്നാളിന് പോകുമ്പോ ബലൂണൊന്നും വാങ്ങരുതെന്ന്...
നന്നായി ശ്രീ
:)
രസകരമായ അനുഭവം.
മൂന്നാലു പ്രാവശ്യം ജോർജ്ജ് മുങ്ങിയിട്ടും അത് മനഃപ്പൂർവ്വമായിരുന്നുവെന്ന് തിരിച്ചറിയാതെ പോയത് മനഃപ്പൂർവ്വമായിരിക്കും...!
ആശംസകൾ...
ഇനിയെങ്കിലും ഇങ്ങനെയുള്ള കള്ളത്തരങ്ങള്‍ കാണിക്കുമ്പോള്‍ ഹൈഡ്രജന്‍ ബലൂണ്‍ കൊണ്ട് നടക്കരുത് ...ഇതൊരു പാഠമായിരിക്കട്ടേ..:)
ഒരു ബലൂൺ കാരണം കഥ ക്ലിക്കായെങ്കിലും നിങ്ങൾക്ക് കിക്കവാൻ പറ്റിയില്ല അല്ലെ.
ഏടാ ശ്രീ ബലൂണൊന്നും ഇല്ലാതെ തന്നെ ഞാൻ നിന്നെ എപ്പഴെങ്കിലുമൊക്കെ കണ്ടെത്തും.
സംഭവം കിടിലനായി... :-)
ഫോളോ ചെയ്യാന്‍ പറ്റില്ലേ..?
ശ്രീയുടെ എല്ല പോസ്റ്റുകളും ആദ്യം മുതലേ വായിച്ചു വരികയാണു.
പൊങ്ങിപ്പറക്കുന്ന ഒരു ഹൈഡ്രജൻ ബലൂണിന്റെ കാര്യം ഓർത്താൽ തന്നെ ചിരി വരും. ഹ ഹ ഹ .
Post a Comment