കുട്ടിക്കാലത്ത് വാര്‍ഷിക പരീക്ഷയെല്ലാം കഴിഞ്ഞ് 2 മാസത്തെ അവധിക്കാലം എങ്ങനെയൊക്കെ അടിച്ചു പൊളിയ്ക്കാം എന്നുള്ളതിന്റെ ആലോചനകള്‍ ഫെബ്രുവരി മാസം തന്നെ തുടങ്ങും. തൊട്ടടുത്ത മാസം നടക്കാന്‍ പോകുന്ന വാര്‍ഷിക പരീക്ഷയെ കുറിച്ച് ഒരിയ്ക്കലെങ്കിലും ടെന്‍ഷനടിച്ചിട്ടുള്ളതായി ഓര്‍മ്മയില്ല, പത്താം ക്ലാസ്സില്‍ പോലും. മറിച്ച് സ്കൂളടച്ചാല്‍ ആരൊക്കെ കളിയ്ക്കാന്‍ കാണും, എന്തൊക്കെ കളിയ്ക്കും ഇങ്ങനെയൊക്കെയുള്ള ചിന്തകളായിരിയ്ക്കും മനസ്സില്‍.
പലപ്പോഴും അവധിക്കാലത്ത് കളിയ്ക്കാനുള്ള കളികളുടെ ലിസ്റ്റ് പോലും തയ്യാറാക്കി വച്ചിട്ടുണ്ട്... ഇനിയെങ്ങാനും ആ സമയത്ത് ഏതെങ്കിലും കളികള്‍ മറന്നു പോയാലോ... അവധിക്കാലത്ത് ബന്ധുവീടുകളില്‍ നില്‍ക്കാന്‍ പോകുമ്പോഴും നമ്മുടെ വീട്ടിലും അയല്‍പക്കങ്ങളിലുമൊക്കെ ബന്ധുക്കളും അവരുടെ കുട്ടികളുമൊക്കെ അവധിക്കാലമാഘോഷിയ്ക്കാന്‍ വരുമ്പോഴുമൊക്കെയായിരിയ്ക്കും പുതിയ പുതിയ കളികളൊക്കെ ചിലപ്പോള്‍ പഠിയ്ക്കാന്‍ കഴിയുന്നത്.
അങ്ങനെ പകര്‍ന്നുകിട്ടിയ പല കളികളുടെയും നേരിയ ഓര്‍മ്മകളേ ഇപ്പോഴുള്ളൂ... പലതും ഓര്‍മ്മയില്ല. ഇപ്പോഴത്തെ കാലത്തെ കുട്ടികള്‍ അത്തരം കളികളൊന്നും കളിയ്ക്കുന്നത് കാണാറുമില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും ടിവിയും ചാനലുകളും കമ്പ്യൂട്ടര്‍ ഗെയിമുകളുമൊക്കെ മതിയല്ലോ.
പക്ഷേ... അന്നൊക്കെ എത്രയൊക്കെ കണക്കു കൂട്ടലുകള്‍ നടത്തിയാലും അവധിക്കാലം ആദ്യത്തെ കുറച്ചു നാളുകള്‍ കഴിഞ്ഞാല്‍ വിരസമാകുകയാണ് പതിവ്. മിക്കവാറും വിഷു അടുക്കുന്നതോടെ അയല്‍പക്കങ്ങളിലെ കൂട്ടുകാരൊക്കെ അവരവരുടെ ബന്ധുവീടുകളിലേയ്ക്കും മറ്റുമായി പോയിക്കഴിഞ്ഞിരിയ്ക്കും. ഞങ്ങളാണെങ്കില്‍ അങ്ങനെ അമ്മ വീട്ടിലോ ബന്ധുവീടുകളിലോ പോയി നില്‍ക്കുന്നത് കുറവാണ്.
അയല്‍പക്കങ്ങളില്‍ നിന്ന് ജിബീഷേട്ടനും സുധീഷും സുജിത്തും മാത്രമാകും മിക്കവാറും അവധിക്കാലമായാല്‍ ഉണ്ടാകുക. പിന്നെ, ഞാനും ചേട്ടനും മാത്രമാകും വിഷുക്കാലമെല്ലാം കഴിഞ്ഞാല്‍. ഞങ്ങള്‍ രണ്ടാളും കൂടി എന്തു കളിയ്ക്കാനാണ് ? കുറച്ചു നാള്‍ കഴിയുമ്പോഴേയ്ക്കും ബോറടിയാകും. പിന്നെ ബന്ധുക്കളാരെങ്കിലുമൊക്കെ വരാന്‍ പ്രാര്‍ത്ഥിച്ച് കാത്തിരിപ്പായിരിയ്ക്കും. ബന്ധുക്കള്‍ ഒരുപാടുണ്ടെങ്കിലും അങ്ങനെ വന്ന് നില്‍ക്കാനൊന്നും അധികമാരുമുണ്ടാകാറില്ല. പിന്നെ, ആകെ സാധ്യതയുള്ളവര്‍ അമ്മായിയുടെ 3 മക്കളാണ്. (അതില്‍ നിതേഷ് ചേട്ടനെ പറ്റി മുന്‍പൊരിയ്ക്കല്‍ പറഞ്ഞിട്ടുണ്ട്).
അതു പോലെ ഒരു മധ്യവേനലവധിക്കാലം... ആദ്യ കുറച്ചു ദിവസങ്ങളിലെ അര്‍മ്മാദത്തിനു ശേഷം ഒരുമാതിരി എല്ലാവരും അവധിക്കാലം ആഘോഷിയ്ക്കാനായി പലയിടങ്ങളിലേയ്ക്കായി പോയിത്തുടങ്ങി. അങ്ങനെയിരിയ്ക്കെ, അവസാനം അമ്മായിയുടെ രണ്ടാമത്തെ മകനായ നിഷാന്ത് ചേട്ടന്‍ തറവാട്ടിലേയ്ക്ക് വന്നു. ഒരാഴ്ച അവിടെ നില്‍ക്കാമെന്ന പ്ലാനിലാണ് ചേട്ടന്‍ എന്നറിഞ്ഞപ്പോള്‍ ഞങ്ങളും ഹാപ്പിയായി. കുറഞ്ഞത് ഒരാഴ്ചത്തേക്കെങ്കിലും കളിയ്ക്കാന്‍ ഒരു കൂട്ടായല്ലോ.
പിന്നെ, കുറച്ചു നാള്‍ നിഷാന്ത് ചേട്ടനും ഞങ്ങള്‍ക്കൊപ്പം കൂടി. എങ്കിലും അപ്പോഴും ഞങ്ങള്‍ 5 പേരേ കളിയ്ക്കാനുള്ളൂ. നിഷാന്ത് ചേട്ടനെ കൂടാതെ, ഞാനും ചേട്ടനും പിന്നെ അയല്‍പക്കത്തെ സുധീഷും സുജിത്തും. അതായത് 4 -5 പേര്‍ക്ക് കളിയ്ക്കാവുന്ന കളികളൊക്കെയേ കളിയ്ക്കാനാകൂ എന്നര്‍ത്ഥം. എവിടേലും അടങ്ങിയൊതുങ്ങി ഇരുന്നുള്ള കളികള്‍ മാറ്റി നിര്‍ത്തിയാല്‍ രസകരമായ കളികള്‍ അധികമൊന്നുമില്ലാത്ത അവസ്ഥ. (അത് നമുക്ക് പറഞ്ഞിട്ടുള്ളതല്ലല്ലോ. രാത്രിയോ നട്ടുച്ചയ്ക്കോ ഒഴികെ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിയ്ക്കുന്ന കാര്യം അക്കാലത്ത് ആലോചിയ്ക്കാനേ വയ്യായിരുന്നു).അങ്ങനെയാണ് ഞങ്ങള്‍ ആ ഒരാഴ്ച 'മോതിരം' എന്ന കളിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ കളിയ്ക്കാണെങ്കില്‍ അധികം ആളുകള്‍ വേണമെന്നില്ല, മിനിമം 4 പേര്‍ ഉണ്ടായാല്‍ മതി. കൂടുതല്‍ എത്ര വേണമെങ്കിലും ആകാം.
അതായത് കളി ഇങ്ങനെ ആണ്. ആദ്യം ആകെയുള്ള ആളുകള്‍ രണ്ടു ടീമുകളായി തിരിയും (ടീം A, ടീം B എന്ന് കരുതുക). ഓരോ ടീമിനും ഓരോ ക്യാപ്റ്റനുണ്ടാകും. എന്നിട്ട് രണ്ടു ടീമുകളും ഒരു ഗ്രൌണ്ടിലോ തുറസ്സായ ഏതെങ്കിലും സ്ഥലത്തോ ഉദ്ദേശ്ശം 50-100 മീറ്റര്‍ അകലത്തില്‍ മുഖാമുഖമായി നിലയുറപ്പിയ്ക്കും. അടുത്തതായി ഓരോ ടീമുകളും അവര്‍ നില്‍ക്കുന്നിടത്തായി ഒരു Starting line വരയ്ക്കും. എന്നിട്ട്, ടീമംഗങ്ങളെല്ലാം ആ വരയില്‍ നിരന്ന് നില്‍ക്കും. ഇനി രണ്ടു ടീമിന്റെയും സമ്മതപ്രകാരം ഒരു മോതിരം തിരഞ്ഞെടുക്കും (ആ മോതിരം ഒരേയൊരെണ്ണമേ ഉണ്ടാകാന്‍ പാടുള്ളു. രണ്ടു ടീമിലുമായി മറ്റാരുടെയും കയ്യില്‍ അതേ പോലത്തെ മോതിരം ഉണ്ടാകരുത്). ഇരു ടീമുകളിലെയും അംഗങ്ങള്‍ അവരുടെ കൈകള്‍ പിറകിലേയ്ക്ക് പിടിച്ചിരിയ്ക്കും. എന്നിട്ട് ടോസ് നേടുന്ന ടീമിന്റെ (ഉദാ: ടീം A) ക്യാപ്റ്റന്‍ തന്റെ ടീമിലെ ഓരോ അംഗങ്ങളുടെയും പിറകിലൂടെ നടന്ന് പിറകിലേയ്ക്ക് പിടിച്ചിരിയ്ക്കുന്ന കൈകളില്‍ മോതിരം വയ്ക്കുന്നതായി ഭാവിയ്ക്കും. ഇതിനിടെ ആരുടെയെങ്കിലും കയ്യില്‍ ആ മോതിരം നിക്ഷേപിയ്ക്കും. അതല്ലെങ്കില്‍ അത് ക്യാപ്റ്റന് സ്വന്തം കയ്യില്‍ തന്നെ വയ്ക്കാം. ആരുടെ കയ്യിലാണ് മോതിരം വയ്ക്കുന്നതെന്ന് എതിര്‍ ടീമിന് മനസ്സിലാക്കാന്‍ അവസരം കൊടുക്കാതെയാകും അത് ചെയ്യുക. അതിനു ശേഷം ക്യാപ്റ്റന്‍ മുമ്പോട്ട് വന്ന് എതിര്‍ ടീമിനോട് ചോദിയ്ക്കും "ആരുടെ കയ്യില്‍ മോതിരം?"
അടുത്തത് എതിര്‍ ടീമിന്റെ (ഉദാ: ടീം B) ഊഴമാണ്. അവരുടെ ക്യാപ്റ്റന്‍ ഒരു ഊഹം വച്ച് ഉത്തരം പറയണം. ആ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാല്‍ ആ മോതിരം രണ്ടാമത്തെ ക്യാപ്റ്റന് ലഭിയ്ക്കും. അപ്പോള്‍ ആദ്യം ചെയ്തതെല്ലാം ആ ടീമുകാര്‍ക്ക് ചെയ്യാം. എന്നിട്ട് ചോദ്യം ചോദിയ്ക്കാം . മറിച്ച് ഉത്തരം തെറ്റാണെങ്കില്‍ ആദ്യത്തെ ടീമിനു തന്നെ ആദ്യ ജയം. അവര്‍ക്ക് തന്നെ വീണ്ടും ചോദ്യമാവര്‍ത്തിയ്ക്കാം. മാത്രമല്ല, ടീമംഗങ്ങളില്‍ ആരുടെ കയ്യിലാണോ മോതിരമുള്ളത് അയാള്‍ക്ക് അപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് ഒരു ചാട്ടം കൊണ്ട് എത്ര ദൂരത്ത് എത്താമോ അവിടെ കയറി നില്‍ക്കാം (ടീമംഗങ്ങള്‍ തൊട്ടുരുമ്മി നില്‍ക്കാന്‍ പാടില്ല, എതിര്‍ടീം പറയുന്ന ഉത്തരം ശരിയാണെങ്കില്‍ കയ്യിലുള്ള മോതിരം അടുത്തയാള്‍ക്ക് കൊടുക്കാന്‍ പാടില്ലല്ലോ). അങ്ങനെ ഇരു ടീമുകളും എതിര്‍ ടീമുകളുടെ നേരെ മുന്നേറിക്കൊണ്ടിരിയ്ക്കും. അവസാനം ഏതെങ്കിലും ഒരു ടീമിലെ ഒരാളെങ്കിലും എതിര്‍ ടീമിന്റെ starting line കടന്നാല്‍ ആ ടീം ജയിയ്ക്കും.
ഇതായിരുന്നു കളി. ചേട്ടനും നിഷാന്ത് ചേട്ടനും ഈ കളിയില്‍ ആദ്യം അല്പം താല്പര്യം തോന്നിയില്ലെങ്കിലും എന്റെയും സുധീഷിന്റെയും നിര്‍ബന്ധത്തില്‍ കളിയ്ക്കാന്‍ കൂടാമെന്ന് സമ്മതിച്ചു. പക്ഷേ, എപ്പോഴും ചേട്ടനും നിഷാന്ത് ചേട്ടനും തന്നെ ഒരു ടീമായി കളിയ്ക്കും. പകരം എതിര്‍ ടീമില്‍ ഞങ്ങള്‍ക്ക് 3 പേര്‍ക്ക് കളിയ്ക്കാം. കുട്ടികളായതിനാലും കളിയ്ക്കേണ്ടത് ഞങ്ങളുടെ ആവശ്യമായതിനാലും ഞങ്ങള്‍ എല്ലാ ഡിമാന്റുകളും അംഗീകരിച്ചു.
അന്ന് ആകെയുള്ളത് ഞങ്ങള്‍ 5 പേര്‍. ആരുടെയും കയ്യില്‍ ഒരൊറ്റ മോതിരം പോലും എടുക്കാനില്ലാതിരുന്നതിനാല്‍ നിഷാന്ത് ചേട്ടന്‍ എവിടെയെല്ലാമോ തിരഞ്ഞ് ഒരു പ്രത്യേക തരം മാര്‍ബിള്‍ കഷ്നം പോലത്തെ തിളക്കമുള്ള ചെറിയ കല്ല് തപ്പിയെടുത്തു കൊണ്ടു വന്നു. അങ്ങനത്തെ കല്ല് അവിടെങ്ങും വേറെ കണ്ടിട്ടില്ലാത്തതിനാല്‍ മോതിരത്തിനു പകരം അതുപയോഗിയ്ക്കാന്‍ ഞങ്ങള്‍ തീരുമാനമായി.
അങ്ങനെ കളി തുടങ്ങി. കളി എല്ലാം രസമായിരുന്നു എങ്കിലും ആ ഒരാഴ്ച കളിച്ചിട്ട് ഒരൊറ്റ തവണ പോലും ഞങ്ങളുടെ ടീമിന് ജയിയ്ക്കാനായില്ല. എല്ലാ തവണയും ചേട്ടനും നിഷാന്ത് ചേട്ടനുമുള്ള ടീം തന്നെ ജയിയ്ക്കും. വല്ലപ്പോഴുമൊരിയ്ക്കലാകും മോതിരം (ആ കല്ല്) ഞങ്ങളുടെ ടീമിലെത്തുക. അത് തിരിച്ച് അവരുടെ ടീമിലെത്തിയാല്‍ തീര്‍ന്നു. പിന്നെ, ഞങ്ങള്‍ക്ക് ഒരു രക്ഷയുമുണ്ടാകില്ല. ഓരോ ദിവസവും 'ഇന്നെങ്കിലും ഒരു തവണ നമുക്ക് ജയിയ്ക്കണം' എന്ന വാശിയില്‍ ഞങ്ങള്‍ കളി തുടങ്ങും. പക്ഷേ, എല്ലാ ദിവസവും ഇതു തന്നെ അവസ്ഥ.
അവസാനം ഒരാഴ്ച കഴിഞ്ഞു, വെക്കേഷനെല്ലാം കഴിഞ്ഞ് നിഷാന്ത് ചേട്ടന്‍ തിരിച്ചു പോകേണ്ട ദിവസമായി. അന്ന് പോകും മുന്‍പ് അവസാന്മായി ഒരിയ്ക്കല്‍ കൂടി ഞങ്ങള്‍ മോതിരം കളിച്ചു. അന്നെങ്കിലും ഒന്ന് ജയിയ്ക്കണമെന്ന വാശി ഉണ്ടായിരുന്നിട്ടും കാര്യമുണ്ടായില്ല, അന്നും പതിവു പോലെ ഞങ്ങള്‍ തോറ്റു. ആ കളിയും തോറ്റ് നിരാശരായി നില്‍ക്കുമ്പോള്‍ ചേട്ടനും നിഷാന്ത് ചേട്ടനും ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് പറഞ്ഞു "എല്ലാ കളിയിലും നിങ്ങള്‍ തോറ്റു പോയി എന്ന് കരുതി വിഷമിയ്ക്കുകയൊന്നും വേണ്ട കേട്ടോ. ഇതാ ഇതു കണ്ടോ?"
ഇതും പറഞ്ഞു കൊണ്ട് രണ്ടാളും ഒരുമിച്ച് അവരുടെ കൈകള്‍ നീട്ടിപ്പിടിച്ചു. അതാ, രണ്ടു പേരുടെ കയ്യിലുമിരിയ്ക്കുന്നു ആ തിളങ്ങുന്ന കല്ല്!! രണ്ടിനും ഏതാണ്ട് ഒരേ നിറം, വലുപ്പം. പെട്ടെന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസം! അപ്പോള്‍ ഇതും വച്ചു കൊണ്ടാണ് അവര്‍ അത്രയും ദിവസം ഞങ്ങളെ കബളിപ്പിച്ച് എല്ലാ കളിയും ജയിച്ചത്... കല്ല തപ്പിയെടുത്തപ്പോള്‍ ഒരേ പോലത്തെ രണ്ടെണ്ണം കിട്ടിയ കാര്യം നിഷാന്ത് ചേട്ടന്‍ അപ്പോഴാണ് വെളിപ്പെടുത്തിയത്. ആ കല്ല് ഒരേയൊരെണ്ണമേ ഉള്ളൂ എന്ന് വിശ്വസിച്ച് കളിച്ച ഞങ്ങള്‍ പിന്നെങ്ങനെ ജയിയ്ക്കാനാണ്!
അവര്‍ തന്നെ നേരിട്ടു വന്ന് തുറന്നു പറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, കള്ളത്തരം കാണിച്ചാണ് അവര്‍ എല്ലാ കളികളും ജയിച്ചതെന്നറിഞ്ഞപ്പോഴും ഞങ്ങള്‍ക്ക് അവരോട് ദേഷ്യമൊന്നും തോന്നിയില്ല. മാത്രവുമല്ല, ഞങ്ങള്‍ക്കു വേണ്ടിയാണല്ലോ അവര്‍ കളിയ്ക്കാനെങ്കിലും തയ്യാറായത്.
ഇന്നിപ്പോള്‍ നാട്ടില്‍ വീണ്ടും പരീക്ഷാ കാലം. എന്തു കൊണ്ടോ പഴയ സ്കൂള്‍ കാലത്തെ ഓര്‍ത്തപ്പോള്‍ അന്നത്തെ അവധിക്കാലമാണ് പെട്ട്ന്ന് ഓര്‍മ്മയില്‍ വന്നത്. പക്ഷേ, ഇന്നത്തെ കുട്ടികള്‍ പഴയ കളികളൊക്കെ കളിയ്ക്കുന്നുണ്ടാകുമോ ആവോ. ഞങ്ങള്‍ "മോതിരം" എന്ന് പേരിട്ട് വിളിച്ചിരുന്ന ഈ കളി ഈയടുത്ത കാലത്തൊന്നും ഞങ്ങളുടെ നാട്ടിലെ കുട്ടികളാരും കളിയ്ക്കുന്നത് കണ്ടതായി ഓര്‍മ്മയില്ല.
49 comments:
നാട്ടില്‍ വീണ്ടും പരീക്ഷാ കാലം. എന്തു കൊണ്ടോ പഴയ സ്കൂള്‍ കാലത്തെ ഓര്‍ത്തപ്പോള്‍ അന്നത്തെ അവധിക്കാലമാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത്.
കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം ... ഒരു പഴയ അവധിക്കാല ഓര്‍മ്മക്കുറിപ്പ്!
eth enthuttu kali.. onnu podappa..
ninne pattichille ? ennittum ninnakku onnum thonniyille? mandan..
പോസ്റ്റ് ഞാൻ വായിച്ചില്ല. ശ്രീയെ കണ്ടപ്പോൾ ഓടിവന്നതാണ്. എന്തു പറ്റി, ഒരുപാട് കാലമായല്ലോ കണ്ടിട്ട്. വായിക്കാൻ വീണ്ടും വരാട്ടോ.
ശ്രീയേ ആകെ കൺഫ്യൂഷൻ അടിപ്പിച്ചു
നാലു പേരുണ്ട് അത് രണ്ടു ടീമാക്കി അപ്പോൾ ഓരോ ടീമിലും ഈരണ്ടു പേർ
അതിലോരോന്നിനും ഓരോ കാപ്റ്റൻ
രണ്ടു പേരുള്ള ടീമിൽ ടീമംഗങ്ങളെ ചുറ്റി നടക്കാൻ ആകെ ഒരാളല്ലെ ഉള്ളു. അപ്പോൽ മോതിരം അയാളുടെ കയ്യിൽ തന്നെ വേണ്ടിവരില്ലെ നിക്ഷേപിക്കാൻ?
നിങ്ങൾ മൂന്നു പേർ ഉള്ളതു കൊണ്ട് നിങ്ങളിൽ രണ്ടുപേരിൽ ആരുടെ എങ്കിലും കയ്യിൽ ആകാം.
പക്ഷെ നിങ്ങളുടെ ചേട്ടന്റെ ടീം രണ്ടുപേരല്ലെ ഉള്ളു.
പിന്നെ നിങ്ങൾ എങ്ങനെ തോറ്റു? നിങ്ങളായിരുന്നല്ലൊ എപ്പോഴും ജയിക്കേണ്ടിയിരുന്നത്?
പണ്ടത്തെ കളി കളൊന്നും അറിയാത്ത പുത്തൻ തലമുറക്ക് ആയതിന്റെ ത്രില്ലുകൾ കാണിച്ച് കൊടുക്കുവാനും, പഴയ തലമുറക്ക് ആയത് അയവിറക്കനും വേണ്ടി...
നീണ്ട ഒരിടവേളക്ക് ശേഷം ശ്രീ ,
ഒരു മനോഹരമായ പഴയ അവധിക്കാല ഓര്‍മ്മക്കുറിപ്പ് ബൂലോഗർക്ക് കാഴ്ച്ചവെച്ചിരിക്കുന്നൂ...
പിന്നെ അന്നുണ്ടായിരുന്ന അമ്പസ്താനി,കിളിമാസ്,പമ്പരം കൊത്ത്, ഗോലിക്കായ കൊണ്ടുള്ള കുഴിത്തപ്പി ,ചുട്ടിയും കോലും ...എന്നിവയോടൊപ്പം ഈ ‘മോതിരം’ കളി ഞങ്ങളും കളിച്ചിട്ടുണ്ട് കേട്ടൊ ഭായ്...
Anonymous...
ആദ്യ കമന്റിനു നന്ദി. അന്ന് കളിയ്ക്കുക എന്നതിലേ ത്രില്‍ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ചും വളരെ കുറച്ച് അംഗങ്ങളുള്ളപ്പോള്‍ . ഒരുപാടു പേരുള്ള ടീമാകുമ്പോഴായിരുന്നു ജയവും തോല്‍വിയുമെല്ലാം അത്രയ്ക്ക് സന്തോഷവും വിഷമവും തന്നിരുന്നത്.
എഴുത്തുകാരി ചേച്ചീ...
വീണ്ടും കണ്ടതില്‍ വളരെ സന്തോഷം കേട്ടോ. :)
പണിയ്ക്കര്‍ മാഷേ...
ആ മോതിരം വേണമെങ്കില്‍ ക്യാപ്റ്റന് സ്വന്തം കയ്യിലും വയ്ക്കാമല്ലോ. അതാണ് ഒരു ടീമില്‍ മിനിമം പേര്‍ വേണമെന്ന് പറഞ്ഞത്.
ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ അല്ലേ? :)
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം...
'മോതിരം' കളിച്ചിട്ടുള്ള ഒരാള്‍ കൂടി ഇവിടെ വന്നെത്തിയതില്‍ വളരെ സന്തോഷം മാഷേ.
ഈ കളിയുടെ ഒരു വകഭേദം ആയിരുന്നു ഞങ്ങളുടേത്
ഇതിൽ കളിക്കാരിൽ രണ്ടു പേർ ഒഴികെ ബാക്കി എല്ലാവരും വട്ടത്തിൽ ഇരിക്കും.
ഇരിക്കുന്നവർ കൈകൾ പിന്നിൽ പിടിച്ചിരിക്കും
ഓഴിവായവരിൽ ഒരാൾ തന്റെ കയ്യിലിരിക്കുന്ന കല്ലുമായി ഇരിക്കുന്നവരുടെ പിന്നിൽ കൂടി ഓരോപ്പ്രുത്തരുടെയും കൈക്കുമ്പിളിൽ തന്റെ കയ്യും മുട്ടിച്ചു നടക്കും അതിനിടയിൽ ആരെങ്കിലും ഒരാളുടെ കയ്യിലേക്ക് തന്റെ കയ്യിലുള്ള ഒരു കല്ല് വച്ചു കൊടുക്കും
ആ നേരമത്രയും "പശുവേ പശുവേ പുല്ലിന്നാ, പുലിയെ പുലിയെ കല്ലിന്നാ" എന്നു വിളിഒച്ചു പറയുന്നും ഉണ്ടാകും.
ഒന്നു രണ്ടു കറക്കം കഴിഞ്ഞ് ആരുടെ കയ്യിലാണ് കല്ലെന്നു ഒഴിവാക്കിയ മറ്റെ ആൾ പറയണം
അങ്ങനെ എങ്ങാണ്ട് ആയിരുന്നു ആ കളി
അതു കൊള്ളാമല്ലോ മാഷേ. അങ്ങനെ ഒരു കളി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതായി അറിവില്ല.
പണ്ടത്തെ എത്രയോ കളികളാണ് പതുക്കെ പതുക്കെ ഇല്ലാതായത്, അല്ലേ?
ശ്രീയെ കണ്ടപ്പോ ഓടി വന്നതാണ്. പോസ്റ്റ് വായിച്ചു
കുറെ സമയം പഴയതും പുതിയതുമായ കളികളെപ്പറ്റിയൊക്കെ ഓർത്ത് വെറുതെ ഇരുന്നു.
പണിയ്ക്കർ സാർ എഴുതിയ പോലെയുള്ള കളി ഞങ്ങൾ കളിയ്ക്കുമായിരുന്നു. കല്ലിനു പകരം പൂക്കളായിരുന്നുവെന്ന് മാത്രം. അതു മിയ്ക്കവാറും ചെമ്പരത്തിപ്പൂക്കളുമായിരുന്നു.
ഇത്ര ഇടവേളയില്ലാതെ എഴുതൂ എന്ന അപേക്ഷയോടെ......
ഹഹഹ..!
ഇഷ്ടായി..!
ഈ കള്യൊക്കെ നുമ്മളെത്ര കളിച്ചതാ..!!
നമ്മളോടാ കളി..!!
അടുത്ത ബ്ലോഗ് മീറ്റിനു ഒന്നു പരീക്ഷിച്ചാലോ..?
ശ്രീയുടെ 'അജ്ഞാത വാസം' കഴിഞ്ഞോ ആവോ..?
നന്നായെഴുതീട്ടോ
ആശംസകളോടെ..പുലരി
കുറേ നാളുകൾക്ക് ശേഷം പോസ്റ്റുമായി വന്ന ശ്രീയ്ക്ക് സ്വാഗതം... ശ്രീയുടെ പോസ്റ്റുകളിലെ ഗൃഹാതുരത്വം എന്തൊരു രസമാണ്... ആശംസകൾ...
കളി ഇഷ്ട്ടപ്പെട്ടു
മറന്നത് പലതും ഓര്‍മിപ്പിച്ചു
ശ്രീ.. ഞങ്ങളും കളിച്ചിട്ടുണ്ട് ഈ കളി..അമ്മേടെ വീട്ടില്‍ പോകുമ്പോ.. അവടെ വെക്കേഷന് അമ്മേടെ ചേച്ചിമാരടേം പിന്നെ അമ്മാമന്റേം മക്കളൊക്കെ ഉള്ളോണ്ട് ടീമില്‍ മെമ്പര്‍മാര്‍ക്ക് ക്ഷാമം ഉണ്ടായിരുന്നില്ല.. വേറേം ഇതേ ടൈപ്പ് കൊറേ കളികളുണ്ടായിരുന്നു.... എന്തു രസമായിരുന്നു!!!
കുട്ടിക്കാലത്ത് കാര്യമായ ഉത്തരവാദിത്തം ഒന്നും ഇല്ലായിരുന്നല്ലോ അതായിരിക്കും എല്ലാര്ക്കും കുട്ടിക്കാലം ഇത്ര ഇഷ്ടം
Echmu ചേച്ചീ...
സമയക്കുറവാണ് ചേച്ചീ, പ്രശ്നം. (പിന്നെ മടിയും ഇല്ലാതില്ല).
പഴയ കളികളൊക്കെ ആരെങ്കിലുമൊക്കെ ഓര്‍ത്തെടുത്ത് എവിടേലുമൊക്കെ അപ്‌ഡേറ്റ് ചെയ്താല്‍ എത്ര നന്നായിരുന്നു, അല്ലേ?
ചുരുങ്ങിയ പക്ഷം വരും തലമുറകള്‍ക്ക് ഒരു റെഫറന്‍സ് ആയേനെ :)
പ്രഭന്‍ ക്യഷ്ണന്‍ ...
വളരെ നന്ദി മാഷേ. വീണ്ടും വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം. :)
വിനുവേട്ടാ...
വളരെ നന്ദി.
ramanika ...
മാഷേ, വായനയ്ക്കും കമന്റിനും നന്ദി.
മൈലാഞ്ചി ചേച്ചീ...
ഇതേ കളി അറിയുന്നവര്‍ വേറെയുമുണ്ട് എന്നറിയുന്നതില്‍ സന്തോഷം. ഇവിടെ വീണ്ടും വന്നതിനു നന്ദി ട്ടോ.
Anonymous ...
ശരിയാണ്. അന്ന് വേറെ ഒന്നും ആലോചിയ്ക്കേണ്ടതില്ലല്ലോ.
വായനയ്ക്കും കമന്റിനും നന്ദി. :)
ശ്രീ.. എനിക്കു് വളരെ വളരെ ഇഷ്ടപ്പെട്ടു.
ഞങ്ങൾ “കോട്ട” എന്നൊരു കളി കളിക്കുമായിരുന്നു. പക്ഷെ അതു് 4 പേരെ വച്ചു് കളിക്കാൻ രസമില്ല. ഒരു 6-7 പേർ എങ്കിലും ഉള്ളതാണു് നല്ലതു്. പിന്നെ എത്ര കളിച്ചാലും മടുക്കാത്ത ഒളിച്ചുകളിയും കള്ളൻ-പോലീസ് കളിയും. ഇത്തിരി കൂടി മുതിർന്നപ്പോൾ നീർക്കുതിരകളായി 3-4 മണിക്കൂർ വീതം കുളത്തിൽ നീന്തൽ മുതലായവയും പരീക്ഷിച്ചിരുന്നു.
ങാ.. അതൊക്കെ ഓരോ കാലം.
ശോ ഈ കളിയെ കുറിച്ച ഇപ്പൊ ആണ് അറിഞ്ഞത് ,എന്ത് ചെയ്യാം ഇനി കളിക്കാന്‍ വയ്യ ,ഐജ് ഓവറായി ,
ശ്രീ, എന്താ മുന്പ് ഈ കളിയെ കുറിച്ച് ഒരു സൂചന പോലും തന്നില്ല ,
കുറച്ചു കാലത്തിനു ശേഷം ശ്രീയുടെ ഒരു പോസ്റ്റ് വായിക്കുന്നു ,എന്നാലും മുന്‍പത്തെ പോസ്റ്റ് പോലെ അത്ര നന്നായില്ലട്ടോ
കളികള്‍ ഒരു സൌഭാഗ്യമാണ് .ഇന്ന് കുട്ടികള്‍ കളിക്കുന്നത് നാളെ ആ കളികള്‍ കൊണ്ട് അവര്‍ക്ക് ഒരു ജീവിതം കെട്ടിപ്പൊക്കണം എന്ന ചിന്തയും കൂടി കാണും .
പക്ഷെ നമ്മുടെ ബാല്യം ഒരു ഓര്‍മ മാത്രമായി നില്‍ക്കുമ്പോള്‍ ....
ആ നല്ല ദിനങ്ങളെ ഓര്‍ക്കാന്‍ സാധിപ്പിച്ചതിനു വളരെ നന്ദി.ആശംസകള്‍ .
ചില കളികള്‍ കളിക്കാനുള്ളത് മാത്രമാണ്.ജയവും തോല്‍വിയും അലട്ടാതെ ഒരു കൂട്ടായ്മയുടെ സന്തോഷം അനുഭവിക്കാനായി മാത്രം.ഇന്നത്തെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നതും അതാണ്.
ഓര്‍മ്മപ്പെടുത്തലിനു നന്ദി
ഈ കളി എന്നല്ല പഴയ ഒരു കളിയും ഇന്നത്തെ കുട്ടികള്‍ കളിക്കുന്നില്ല എന്നാണ് തോന്നുന്നത്. അല്ലെങ്കില്‍ തന്നെ പിള്ളാരെ കളിക്കാന്‍ ഏതു മാതാപിതാക്കളാണ് ഇപ്പോള്‍ വിടുന്നത്. അഥവാ കളിച്ചാല്‍ തന്നെ ഒരേയൊരു ക്രിക്കറ്റ് മാത്രം.
മോതിരം കളി മാത്രമല്ല, അന്നത്തെ ഓലപ്പന്ത് കൊണ്ടുള്ള ഏറു കളിയും, കുട്ടിയും കോലും കളിയും, അത്തരം നിരവധി കളികള്‍....
എല്ലാം ഓര്‍മ്മിപ്പിക്കാന്‍ സഹായിച്ചതിന് നന്ദി ശ്രീ.
ശ്രീ, കുറേ കാലമായല്ലോ കണ്ടിട്ട്. "കുടുംബ"ശ്രീ ആയതിന്റെ തിരക്കായിരിക്കും അല്ലേ? കുട്ടിക്കാലത്തിന്റെ നൊസ്റ്റാള്‍ജിയ നിറഞ്ഞ പോസ്റ്റ് നന്നായി..അവധിക്കാലത്ത് വിരുന്നുകാര്‍ വരാന്‍ വേണ്ടി കാത്തിരുന്നതിന്റെ നോവ് ഞാനും അറിഞ്ഞിട്ടുള്ളതാണ്. അന്ന് ഞങ്ങള്‍ കളിച്ചിരുന്ന കളികളില്‍ നൂറാം കോല്, പുളിങ്കുരു എറ്റി കളിക്കല്‍, കൊത്തംകല്ല്..പിന്നെയും പേരറിയാത്ത ഏതൊക്കെയോ കളികള്‍..ഒരു പക്ഷെ ഇന്ന് അതെല്ലാം അന്യം നിന്ന് പോയിരിയ്ക്കുമോ എന്തോ..
ചിതല്‍/chithal ...
ശരിയാ മാഷേ, അതൊരു കാലം!
വായനയ്ക്കും കമന്റിനും നന്ദീട്ടോ.
MyDreams ...
ചിലപ്പോള്‍ എല്ലായിടത്തും ഈ കളികള്‍ ഉണ്ടായിരിയ്ക്കണമെന്നില്ലല്ലോ. അതായിരിയ്ക്കും അറിയാതെ പോയത്. എന്തായാലും കമന്റിനു നന്ദി :)
ഗീതാകുമാരി ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
നാരദന്‍ ...
ശരിയാണ്, പലപ്പൊഴും കുട്ടിക്കാലത്തെ കളികള്‍ക്ക് ജയവും തോല്‍വിയും പ്രശ്നമാകാറില്ല, മറിച്ച് മുതിര്‍ന്ന കുട്ടികള്‍ക്കിടയില്‍ വാശി കൂടുതല്‍ കാണാറുമുണ്ട്.
പട്ടേപ്പാടം റാംജി ...
ശരിയാണ് മാഷേ. അത്തരം കളികളൊന്നും തന്നെ ഇന്നത്തെ കുട്ടികള്‍ കളിയ്ക്കുന്നത് കാണാറേയില്ല.
Suvis ...
എഴുത്ത് കുറഞ്ഞതിന്റെ കാരണം ഒരു പരിധി വരെ തിരക്കു തന്നെ ആണ് ചേച്ചീ. പിന്നെ, മടിയും.
കുട്ടിക്കാലവും അന്നത്തെ കളികളും എല്ലാം ഓര്‍ക്കാന്‍ ഈ പോസ്റ്റ് സഹായകമായെന്നറിഞ്ഞതില്‍ സന്തോഷം :)
ശ്രീ പഴയ കളികളൊക്കെ മറന്ന്വോന്നു കരുതിയിരിക്കയായിരുന്നു....:)
പൊയ്പ്പോയ കാലം ശെരിക്കും ഓര്‍മ്മകളില്‍ എത്തിയ നല്ലൊരു ഓര്‍മ്മക്കുറിപ്പ് ..ഭാവുകങ്ങള്‍ ശ്രീ.
അങ്ങിനെ എത്രഎത്ര കളികള്‍.കാലം മാറി.കോലവും മാറി.പുതിയപുതിയ കുട്ടികളും പുതിയപുതിയ കളികളും.അതില്‍ സന്തോഷിക്കുക.
പഴയ കാലത്തെ കളികളെല്ലാം തന്നെ ആരോഗ്യദായകങ്ങളായിരുന്നു. ഇന്നത്തെ കളികളൊക്കെയും പൊണ്ണത്തടിയുണ്ടാക്കാനും...!!
ശ്രീ, പെണ്ണു കെട്ടിയതിനു ശേഷം ഇങ്ങോട്ടു തിരിഞ്ഞു നോക്കീല്ലാല്ലെ...ഹാ.. ഹാ...
ആശംസകൾ...
കളികള്‍ അന്യമായി കൊണ്ടിരിക്കുന്നു കയ്യാങ്കളികള്‍ അരങ്ങു തകര്‍ക്കുന്നു ഇന്ന്.. പഴയകാല നല്‍സ്മരണകളുണര്‍ത്തി പതിവുപോലെ ശ്രീയുടെ പോസ്റ്റ്.. ഞാനാ കാലത്തേക്ക് വീണ്ടും തിരിച്ച് പോയി.. നന്ദി. ഒരു പാട് നന്ദി
പ്രയാണ്‍ ചേച്ചീ...
ഇല്ല, ഇവിടൊക്കെ തന്നെ ഉണ്ട് ട്ടോ :)
sidheek Thozhiyoor ...
സന്തോഷം, മാഷേ. വായനയ്ക്കും കമന്റിനും നന്ദി.
vettathan ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
വീ കെ മാഷേ...
ശരിയാ മാഷേ. കാലം മാറിയില്ലേ? :)
ബഷീര്‍ക്കാ...
വളരെ സന്തോഷം. വീണ്ടും ഇവിടെ വന്നതിനും വായനയ്ക്കും കമന്റിനും നന്ദി.
Sreeyum, Sreeyude Kalikalum ...!
Manoharam, Ashamsakal...!!!
( Leta vanthalum Sree latesta varuven ...)
ഇന്ന് ക്രിക്കറ്റാണല്ലോ കുട്ടികള്‍ക്ക് പ്രിയം.
പഴയ കളികളെല്ലാം പോയ്മറഞ്ഞു.
നന്നായി എഴുതി.നല്ല ശൈലി.
തുടര്‍ന്നും എഴുതുക.
എല്ലാവിധ ആശംസകളും...
അവധിക്കാല നൊസ്റ്റാൾജിയ ഇഷ്ടപ്പെട്ടു ശ്രീ..
അങ്ങനെ ഒരു കബളിപ്പിക്കൽ(കളിക്കൽ) ഓർമ്മ അയവിറക്കി അല്ലേ ?ഞങ്ങൾ ഈ കളിക്ക് പറയുക 'ആരുടെ കയ്യിൽ മോതിരം' കളിക്കാൻ പൊകുക എന്നാ. അതിലും ചെറുതാക്കിയ ഒരു പേര് ഞാൻ പറഞ്ഞ് കേട്ടിട്ടില്ല. എന്തായാലും കാര്യങ്ങൾ നന്നായി ട്ടോ. ആശംസകൾ.
Welcome back Sree.
ഈ മോതിരം കളി കുറേ കളിച്ചിട്ടുണ്ട്. ഇതുപോലെ എത്രയോ കളികള്‍ അന്യം നിന്ന് പോയിരിക്കുന്നു. ഉദാഹരണത്തിന് 'വട്ടുകളി' എന്ന ഞങ്ങള്‍ വിളിച്ചിരുന്ന ഗോലികളി . എല്ലാ വര്‍ഷവും അതിനൊരു സീസന്‍ ഉണ്ടാവും. അന്ന് പറങ്കിയണ്ടി വിറ്റ് കിട്ടുന്ന ചില്ലറ കൊണ്ടാണ് ഞങ്ങള്‍ മിക്കവാറും ഗോലികള്‍ വാങ്ങിയിരുന്നത്. സ്കൂളിലും പറമ്പിലുമൊക്കെ എവിടെയും ഗോളികളിക്കാരുടെ ബഹളമായിരിക്കും.
അതൊക്കെ ഇപ്പോള്‍ ഓര്‍മ്മയായില്ലേ ? ഇന്നത്തെ കുട്ടികള്‍ക്ക് അതൊക്കെ കമ്പ്യൂട്ടര്‍ ഗെയിം ആയികിട്ടിയാല്‍ ചിലപ്പോള്‍ കളിച്ചേക്കും. ( അത്രയെങ്കിലും നാം അവര്‍ക്ക് വേണ്ടി ചെയ്യണം എന്നാണു എന്റെ അഭിപ്രായം.)
ആ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്തിനു നന്ദി.
satheeshharipad.blogspot.com
ആദ്യായാണ് ശ്രീയുടെ പോസ്റ്റ് വായിക്കണേ ..ഈ കളികള്‍ കുട്ടിക്കാലം ഓര്‍മ്മപ്പെടുത്തി എന്നെയും ..:)
Sureshkumar Punjhayil ...
വീണ്ടും ഇവിടെ വന്നതില്‍ സന്തോഷം മാഷേ.
c.v.thankappan...
സ്വാഗതം, വായന്യ്ക്കും കമന്റിനും നന്ദി.
കുമാരേട്ടാ...
വളരെ സന്തോഷം. :)
(പേര് പിന്നെ പറയാം) ...
സ്വാഗതം, അരുണേക്ഷ്.
അവിടെയും ഈ കളി ഉണ്ടായിരുന്നു അല്ലേ?
വായനയ്ക്കും കമന്റിനും നന്ദി ട്ടോ.
മണ്ടൂസന്‍ ...
വളരെ സന്തോഷം, വായനയ്ക്കും കമന്റിനും നന്ദി.
Satheesh Haripad ...
വീണ്ടും കണ്ടതില്‍ സന്തോഷം. :)
ശരിയാണ്, ആരെങ്കിലുമൊക്കെ ഇത്തരം കളികളെ പറ്റിയുള്ള വിവരങ്ങളൊക്കെ എവിടേലുമൊക്കെ അപ്‌ലോഡ് ചെയ്തില്ലെങ്കില്‍ അധികം വൈകാതെ ഈ കളികളൊക്കെ ഓര്‍മ്മയില്‍ പോലും ഇല്ലാതെ വരും...
kochumol(കുങ്കുമം) ...
സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി.
ആദ്യമായാണിങ്ങനെയൊരു കളിയുടെ അറിയുന്നത്...
ഇനി ഈ കളികളൊക്കെ വയസ്സാം കാലത്ത് കളിക്കാം.. എന്തോ പറയാനാ.. ഇപ്പോൾ കമ്പ്യൂട്ടറു കളിക്കും നമ്മള് കാണും എന്നായിരിക്കുന്നു…
എന്തായാലും നല്ല പോസ്റ്റ്.. പഴയകാലത്തെ ഓർമ്മിപ്പിച്ചു.. ഭാവുകങ്ങൾ
ഇന്നത്തെ ബാല്യം കമ്പ്യൂട്ടര്‍ ഗേമിലും ടി വി യിലുമൊക്കെ സമയം കൊല്ലുമ്പോള്‍ ഇത് പോലത്തെ കളികളുമായി ബാല്യം ആഘോക്ഷിച്ചിരുന്ന ആ നാളുകള്‍ വേദനയോടെ ഓര്‍ക്കുന്നു ..
ഇല്ല, ശ്രീ. ഇന്നത്തെ കുട്ടികള്‍ക്ക് ഈ ഭാഗ്യമൊന്നുമില്ല.
അവര്‍ ഒറ്റക്കുള്ള ലോകത്തിരുന്നു കംമ്പ്യൂട്ടര്‍ കളിക്കുന്നു.
കൊള്ളാം ഭായ്
ഇതു വായിച്ചപ്പോള്‍ പണ്ടത്തെ കാലത്തേക്ക് ഞാനും ഒന്ന് പോയി. അന്നൊക്കെ ഇതു പോലത്തെ ഒരു പാട് കളികള്‍ കളിച്ചിരുന്നു. ഇന്ന് ആ കളികളൊക്കെ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് വഴിമാറിയില്ലേ...
ഞാനിവിടെ ഒരു കമന്റ് ഇട്ടതാരുന്നല്ലൊ ശ്രീ..അതെവിടെ പോയി? നോക്കിയെ സ്പാമില്‍ എങ്ങാനും ഉണ്ടോ എന്ന്?
റിയാസ് (ചങ്ങാതി) ...
സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.
മാനവധ്വനി ...
ശരിയാണ്. ഇപ്പോ ഇത്തരം കളികളൊക്കെ ഇല്ലാതായിക്കൊണ്ടിരിയ്ക്കുകയാണ്.
ഹരിശ്രീ ...
:)
വേണുഗോപാല്‍ ...
അതെ മാഷേ. ഇന്നത്തെ കുട്ടികള്‍ക്ക് ഇങ്ങനെയുള്ള കളികള്‍ ഒന്നുമില്ല എന്ന് തോന്നുന്നു.
മുകിൽ ...
ശരിയാണ് ചേച്ചീ.
വായനയ്ക്കും കമന്റിനും നന്ദി ട്ടോ.
SumeshVasu ...
നന്ദി മാഷേ.
സുനി ...
വളരെ ശരിയാണ്. ഇപ്പോള്‍ കമ്പ്യൂട്ടര്‍ കളികളേ ഉള്ളൂ.
വായനയ്ക്കും കമന്റിനും നന്ദി.
അനശ്വര ...
കമന്റ് ഇട്ടാലും ഇല്ലെങ്കിലും കുഴപ്പമില്ല കേട്ടോ. വായിയ്ക്കുന്നുണ്ട് എന്നറിയുന്നത് തന്നെ സന്തോഷം.
:)
അയ്യോ ശ്രീ ചേട്ടാ ഈ കളി ഞാന്‍ ആദ്യം കേള്‍ക്കുവാ.. ഏതായാലും കൂട്ടുകാര് നല്ലോണം പറ്റിച്ചു അല്ലെ ..ഹി ഹി
ഇഷ്ടപ്പെട്ടു
ഇഷ്ടപ്പെട്ടു
Nammude naattil..
Kolaa kolaa munthiri... Nari nari chuttivaa
ingane aayirunnu....
കളികള്‍ മറക്കാത്ത ഒരു തലമുറ ഇപ്പൊഴും അവശേഷിക്കുന്നുണ്ട്.
നല്ല ഓര്‍മ്മകള്‍. മോതിരം കളി ഞാനും കേട്ടിട്ടില്ല. വേറെ പല കളികളിലും, ഇങ്ങിനെ വിരുതന്മാര്‍ കള്ളക്കളി കാണിച്ചത് അവര്‍തന്നെ ഇനിയൊരവസരത്തില്‍ പറയുമ്പോള്‍ നമുക്ക് തമാശയേ തോന്നാരുള്ളൂ. അത്തരം അനുഭവങ്ങള്‍ എനിക്കും ഉണ്ട്. അതൊക്കെ വഴിയെ ബ്ലോഗില്‍ ആക്കും ഞാന്‍..
Post a Comment