ഈയടുത്ത കാലത്ത് ഒരിയ്ക്കല്‍ നാട്ടില്‍ വച്ച് ഒരു ദിവസം ഞാനും എന്റെ ഒരു സുഹൃത്തും കൂടി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. അന്ന് തൃശ്ശൂര്‍ നിന്നും ചാലക്കുടിയ്ക്ക് വരുകയായിരുന്നു ഞങ്ങള്‍. ഒരു കെ.എസ്. ആര്.ടി.സി. ഫാസ്റ്റ് പാസഞ്ചറിലെ മൂന്നു പേര്‍ക്കിരിയ്ക്കാവുന്ന ഒരു സീറ്റില്‍ അറ്റത്തുള്ള സീറ്റാണ് എനിയ്ക്ക് ഇരിയ്ക്കാന്‍ കിട്ടിയത്. അതിലെ മറ്റു രണ്ടു സീറ്റുകളില്‍ ഒരു ഫാമിലി ആണ് ഇരുന്നിരുന്നത്. ഒരു ചേട്ടനും ചേച്ചിയും ഏകദേശം മൂന്നു നാലു വയസ്സു പ്രായം തോന്നിപ്പിയ്ക്കുന്ന അവരുടെ കുട്ടിയും. സൈഡ് സീറ്റില്‍ ആ ചേച്ചിയും നടുക്കത്തെ സീറ്റില്‍ ആ ചേട്ടനും ചേട്ടന്റെ മടിയില്‍ ആ കുട്ടിയും.
അവര്‍ ഒരു യാത്ര കഴിഞ്ഞു വരുന്നതു പോലെ തോന്നിച്ചു. കയ്യില്‍ സാമാന്യം വലിയ രണ്ട് ബാഗുകള്‍ ഉണ്ട്. പോരാത്തതിന് എല്ലാവരുടെയും മുഖത്ത് നല്ല യാത്രാക്ഷീണവും, പ്രത്യേകിച്ച് ആ കുട്ടിവളരെ ക്ഷീണിതനാണെന്ന് മുഖത്തു നിന്ന് തന്നെ മനസ്സിലാക്കാമായിരുന്നു.
“എവിടേയ്ക്കാ? എറണാകുളത്തേയ്ക്കാണോ?” അടുത്തിരിയ്ക്കുന്ന ആളല്ലേ എന്ന് കരുതിയോ എന്റെ നോട്ടം കണ്ടിട്ടോ എന്നറിയില്ല, ആ ചേട്ടന് എന്നോട് കുശലം ചോദിച്ചു. [അതൊരു എറണാകുളം ഫാസ്റ്റ് ആയിരുന്നു]
“അല്ല, ഞാന്‍ ചാലക്കുടിയില്‍ ഇറങ്ങും. ചേട്ടനോ?” ഞാന്‍ തിരിച്ചു ചോദിച്ചു.
“ഞങ്ങള്‍ ആലുവയ്ക്കാ. ഗുരുവായൂര്‍ക്ക് പോയി വരുന്ന വഴിയാ. ഇന്നലെ രാത്രി പോയതാ”
തല്ക്കാലം ആ സംഭാഷണം അവിടെ അവസാനിച്ചു. ബസ്സ് ഓടിക്കൊണ്ടിരുന്നു. വൈകാതെ പോട്ടയും കഴിഞ്ഞ് ചാലക്കുടി അടുക്കാറായിക്കാണും. നോര്‍ത്തില്‍ ബസ്സിറങ്ങണോ അതോ സൌത്തില്‍ ഇറങ്ങിയാല്‍ മതിയോ എന്ന് ആലോചിച്ചിരിയ്ക്കുകയായിരുന്നു ഞാന്‍.
പെട്ടെന്ന് അപ്രതീക്ഷിതമായി ആ ചേട്ടന്റെ മടിയിലിരുന്ന കുട്ടി ഛര്‍ദ്ദിയ്ക്കാന്‍ തുടങ്ങി. ഒട്ടും പ്രതീക്ഷിയ്ക്കാതെ ഇരുന്നതിനാല്‍ എനിയ്ക്ക് ഒഴിഞ്ഞു മാറാനും ആ ചേട്ടന് കുട്ടിയെ മാറ്റിപ്പിടിയ്ക്കാനും സമയം കിട്ടുന്നതിനു മുന്‍പ് ആദ്യത്തെ ഛര്‍ദ്ദിലിന്റെ നല്ലൊരു ഭാഗം എന്റെ പാന്റ്സില്‍ വീണു. അപ്പോഴേയ്ക്കും ചേച്ചി കുട്ടിയെ വാങ്ങി ജനലിനടുത്ത് സൌകര്യമായി ബാക്കി ഛര്‍ദ്ദിയ്ക്കാവുന്ന രീതിയില്‍ പിടിച്ചു നിര്‍ത്തി.
അപ്പോഴേയ്ക്കും ആളുകളുടെ ശ്രദ്ധ ഞങ്ങളിലായി. ഞങ്ങളുടെ അവസ്ഥ കണ്ടപ്പോള്‍ ചിലരുടെ മുഖത്ത് സഹതാപം. ചിലര്‍ക്ക് അറപ്പ്. മറ്റു ചിലര്‍ക്ക് ചിരിയും. എല്ലാവരും ശ്രദ്ധിയ്ക്കുന്നതറിഞ്ഞപ്പോള്‍ എനിയ്ക്കും ഒരു ചമ്മല്. എന്റെ പാന്റ്സ് വൃത്തികേടായി എന്നു കണ്ട് ആ ചേട്ടന്റെ മുഖം എന്തു ചെയ്യണം എന്നറിയാതെ വിളറി. എങ്കിലും ഞാന്‍ ഒന്നും പറയാതെ കര്‍ച്ചീഫും ബാഗില്‍ നിന്ന് കുറച്ച് കടലാസുകളും എടുത്ത് പാന്റ്സ് വൃത്തിയാക്കി. അവര്‍ രണ്ടു പേരും അപ്പോഴേയ്ക്കും അവരുടെ ബാഗിലെ കുപ്പിയില്‍ നിന്ന് വെള്ളവും വേറെ ഒന്നു രണ്ടു തുണികളും എല്ലാം എടുത്ത് ‘കാല് തുടച്ചു തരാം, പാന്റ്സ് വൃത്തിയാക്കി തരാം’ എന്നെല്ലാം പറഞ്ഞ് അത്രയും നേരം മുഴുവനും സോറി പറഞ്ഞു കൊണ്ടിരിയ്ക്കുകയായിരുന്നു.
എന്നാല്‍ ഞാന്‍ വെറുതേ അവരുടെ മുഖത്ത് നോക്കി ഒരു ചെറു ചിരിയോടെ, അതൊന്നും സാരമില്ല എന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ച് ഇറങ്ങാനായി എഴുന്നേറ്റു (അപ്പോഴേയ്ക്കും ബസ്സ് ചാലക്കുടി എത്തിയിരുന്നു). ഞാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴും ആ ചേട്ടന് പിന്നെയും പിന്നെയും സോറി പറയുന്നുണ്ടായിരുന്നു. ഞാന്‍ പ്രത്യേകിച്ച് ദേഷ്യമൊന്നും പ്രകടിപ്പിയ്ക്കാത്തതിന്റെ ആശ്വാസവും അവരുടെ മുഖത്ത് കണ്ടു കൊണ്ട് ആ സംതൃപ്തിയോടെയാണ് ഞാന്‍ ബസ്സിറങ്ങിയത്.
ബസ്സിറങ്ങിയ ശേഷം ഞാന്‍ ആദ്യം ചെയ്തത് ബാഗ് സുഹൃത്തിന്റെ കയ്യില്‍ കൊടുത്ത് അടുത്തു കണ്ട പൈപ്പിന്റെ ചുവട്ടില്‍ പോയി കാലും പാന്റ്സും വൃത്തിയാക്കുക എന്നതായിരുന്നു. കാലു വൃത്തിയാക്കുന്ന സമയത്ത് ഞാനറിയാതെ എന്റെചുണ്ടില്‍ വിരിഞ്ഞ ചിരി കണ്ടിട്ടാകണം എന്റെ സുഹൃത്ത് കാരണമന്വേഷിച്ചു.
ഞാനപ്പോള്‍ പത്തിരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു സംഭവം ഓര്‍ക്കുകയായിരുന്നു. അന്ന് ഞങ്ങളെല്ലാവരും കൊരട്ടിയില്‍ പ്രസ്സ് ക്വാര്‍ട്ടേഴ്സില്‍ താമസിയ്ക്കുകയാണ്. അന്ന് ഇടയ്ക്കിടെ ഞങ്ങള്‍ക്ക് ഒരു ഗുരുവായൂര്‍ ട്രിപ്പ് ഉണ്ടാകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ തലേ ദിവസം തന്നെ അത്യാവശ്യം ഡ്രസ്സും മറ്റും പായ്ക്ക് ചെയ്ത് അങ്ങോട്ട് പുറപ്പെടും. എന്നിട്ട് അവിടെ അടുത്ത് എവിടെയെങ്കിലും ഒരു ലോഡ്ജ് എടുത്ത് അവിടെ താമസിച്ച് പിറ്റേന്ന് അതിരാവിലെ 3 മണിയ്ക്ക് നിര്‍മ്മാല്യം തൊഴുവാനായി ക്ഷേത്രത്തില്‍ പോകും.
3 മണിയ്ക്ക് നിര്‍മ്മാല്യം തൊഴണമെന്നുണ്ടെങ്കില്‍ 2 മണിയ്ക്കെങ്കിലും ഉണര്‍ന്ന് കുളിച്ച് റെഡിയാകണം. അന്നൊക്കെ അത് തീരെ ഇഷ്ടമില്ലാതെ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തില്‍ ചെയ്യുന്നു എന്നേയുള്ളൂ. പിന്നീട് ദര്‍ശനം ലഭിയ്ക്കാനായിട്ടുള്ള നീണ്ട ക്യൂവില്‍ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും നില്‍ക്കണം. അതും കഴിഞ്ഞ് ക്ഷേത്ര ദര്‍ശനവും വഴിപാടുകളും എല്ലാം കഴിയുമ്പോഴേയ്ക്കും വിശപ്പും ക്ഷീണവും കാരണം ഞാന്‍ ഒരു പരുവമായിട്ടുണ്ടാകും. ഇതെല്ലാം കഴിഞ്ഞാല്‍ ഉടനേ തിരിച്ച് വീട്ടിലേയ്ക്കുള്ള ബസ്സ് യാത്രയും. അന്ന് എനിയ്ക്ക് ഏറ്റവും വെറുപ്പുള്ള ഒന്നാണ് തിരക്കുള്ള ബസ്സിലെ നീണ്ട ബസ്സ് യാത്ര.
അങ്ങനെ ഒരു ദിവസം ഇതേ പോലെ ഒരു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ മടങ്ങുകയായിരുന്നു. ഞാനും അച്ഛനും അമ്മയും ചേട്ടനും ഉണ്ട്. അന്നും യാത്ര ഒരു കെ. എസ്. ആര്.ടി,സി. യില്‍ തന്നെ ആയിരുന്നു. അച്ഛനും അമ്മയും ഓരോ സീറ്റുകളിലും അവരുടെ മടിയിലായി ഞാനും ചേട്ടനും അങ്ങനെയാണ് ഇരിപ്പ്. അച്ഛന്റെ അപ്പൂറത്തുള്ള സീറ്റില്‍ ഒരു അപ്പൂപ്പനും. നീണ്ടു വെളുത്ത താടി വച്ച വെള്ള ഷര്‍ട്ടും വെള്ള മുണ്ടുമുടുത്ത ആ അപ്പൂപ്പന്റെ രൂപം ഇന്നുംമായാതെ എന്റെ മനസ്സിലുണ്ട്.
എന്തായാലും യാത്ര തുടങ്ങി എത്ര നേരം കഴിഞ്ഞു കാണുമെന്നറിയില്ല. പെട്ടെന്ന് എനിയ്ക്ക് മനം പുരട്ടല്‍ പോലെ തോന്നി. അച്ഛനോട് എനിയ്ക്ക് ഛര്‍ദ്ദിയ്ക്കാന്‍ തോന്നുന്നു എന്ന് പറഞ്ഞു തീര്‍ന്നില്ല, ഞാന്‍ ആ കൃത്യം ഭംഗിയായി നിര്‍വ്വഹിച്ചും കഴിഞ്ഞു. അതും കൃത്യമായി തൊട്ടപ്പുറത്തിരുന്ന ആ പാവം അപ്പൂപ്പന്റെ മടിയിലേയ്ക്ക്. അപ്പോഴേയ്ക്കും അമ്മ കയ്യില്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കൂടെടുത്ത് ബാക്കി എല്ലാം അതില്‍ ശേഖരിച്ച് പുറത്തേയ്ക്ക് കളഞ്ഞു. എങ്കിലും ആ അപ്പുപ്പന്റെ മുണ്ട് വൃത്തികേടായി.
അന്ന് അദ്ദേഹത്തെ എന്ത് പറഞ്ഞ് സമാധാനിപ്പിയ്ക്കും എന്നറിയാതെ വിഷമിയ്ക്കുന്ന എന്റെ അച്ഛനമ്മമാരുടെയും എന്നാല്‍ ആ സംഭവത്തിന് ഒട്ടും തന്നെ പ്രാധാന്യം കൊടുക്കാതെ തീരെ നിസ്സാരമാക്കി ചിരിച്ചു കൊണ്ട് അച്ഛനെയും അമ്മയേയും സമാശ്വസിപ്പിയ്ക്കുന്ന ആ അപ്പൂപ്പന്റെയും ചിത്രങ്ങള്‍ ഞാന്‍ ഇന്നും നല്ലതു പോലെ ഓര്‍ക്കുന്നു.
ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സംഭവങ്ങള്‍ മറ്റൊരു രീതിയില്‍ ആവര്‍ത്തിയ്ക്കുകയും അന്നത്തെ കഥയിലെ വില്ലനായ എനിയ്ക്കു തന്നെ ആ പഴയ അപ്പൂപ്പന്റെ അനുഭവം വരുകയും ചെയ്യുമ്പോള്‍ എന്റെ കൂടെ യാത്ര ചെയ്ത ആ ഫാമിലിയോട് എനിയ്ക്കെങ്ങനെ ദേഷ്യപ്പെടാന്‍ കഴിയും?
അന്നത്തെ സംഭവം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്തും ചിരിച്ചു പോയി. “വെറുതേയല്ല കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് ആളുകള്‍ പറയുന്നത് ” എന്ന ഡയലോഗും തട്ടിവിട്ട്,എന്റെ ബാഗ് തിരിച്ചേല്‍പ്പിച്ച് അവന് അവന്റെ ബസ്സ് വരുന്നത് കണ്ട് എന്നോട് യാത്ര പറഞ്ഞ് നടന്നകന്നു. എന്റെ ബസ്സന്വേഷിച്ച് ചാലക്കുടി ബസ്സ് സ്റ്റാന്റിലേയ്ക്ക് ഞാനും.
Tuesday, October 6, 2009
തനിയാവര്‍ത്തനം
എഴുതിയത്
ശ്രീ
at
11:03 AM
128
comments
Labels: അനുഭവ കഥ
Subscribe to:
Posts (Atom)