Tuesday, February 10, 2009

ഒരു പിടി ചോറിന്റെ വില

കാലം 1950 കളുടെ അവസാന പാദം. സമയം ഉച്ച കഴിഞ്ഞു കാണും. കേരളത്തിലെ ഒരു കൊച്ചു നാട്ടിന്‍‌പുറം. അവിടെ ഒരു ഓലപ്പുര. വീടിനു മുറ്റത്ത് മൂന്നു കുട്ടികള്‍. മൂത്തവന് ഏതാണ്ട് 10 -11വയസ് പ്രായം കാണും. ഒരു നരച്ച ട്രൌസര്‍ മാത്രമാണ് വേഷം. അവന്‍ കൂട്ടത്തിലെ ഇളയ കുഞ്ഞിനെ എടുത്തു കൊണ്ടു മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. നിര്‍ത്താതെ കരഞ്ഞു കൊണ്ടിരിയ്ക്കുന്ന, മൂന്നോ നാലോ വയസ് മാത്രം പ്രായമായ ആ കുഞ്ഞിന്റെ കരച്ചിലടക്കാനുള്ള ശ്രമത്തിലാണ് അവന്‍. ഇവരുടെ കൂടെ നടന്ന്, കുഞ്ഞിന്റെ കരച്ചില്‍ നിറുത്താനായി പലതും പറഞ്ഞു രസിപ്പിയ്ക്കാന്‍ നോക്കുന്ന ഒരു കൊച്ചു പാവാടക്കാരി.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തൊട്ടടുത്ത വീട്ടിലെ ഒരു സ്ത്രീ വീടിനു പുറത്തേയ്ക്കു വരുന്നു. പതിയെ, ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അവര്‍ വേലിയരുകിലേയ്ക്ക് വരുന്നു. എന്നിട്ട് ആ കുട്ടികളെ കൈ കാട്ടി വിളിയ്ക്കുന്നു. ഒന്നു ശങ്കിച്ച ശേഷം കുഞ്ഞിനെ അനുജത്തിയുടെ കൈയിലേല്‍പ്പിച്ച് കൂട്ടത്തിലെ മുതിര്‍ന്നവന്‍ വേലിയരുകിലേയ്ക്ക് ചെല്ലുന്നു. അവന്റെ തളര്‍ന്ന്‍ വാടിയ മുഖത്തേയ്ക്കു നോക്കി അവര്‍ പതിയെ ചോദിച്ചു.


“എന്താ മോനേ വാവ കരയുന്നത്? കുറച്ചു നേരമായല്ലോ...”
“അറീല്യ അമ്മൂട്ടിയമ്മേ... അവന്‍ ഉറങ്ങുന്നില്ല”

“അമ്മ പണിയ്ക്കു പോയിട്ട് വരാരായോ?”

“വൈകുന്നേരമേ വരൂ”

“മക്കള്‍ ഉച്ചയ്ക്ക് വല്ലതും കഴിച്ചോ” അവര്‍ വാത്സല്യത്തോടെ ചോദിച്ചു.
അവന്‍ ഒരു നിമിഷം നിശബ്ദനായി. പിന്നെ തല താഴ്ത്തി പതുക്കെ പറഞ്ഞു. “ഉവ്വ്. ഞങ്ങള്‍ കഞ്ഞി കുടിച്ചു”

“ഉവ്വോ? എന്തായിരുന്നു കൂട്ടാന്‍? മോന്‍ എന്റെ മുഖത്തു നോക്കി പറയ്” അവര്‍ വീണ്ടും ചോദിച്ചു.

“അത്... അത്...” അവന്‍ മുഴുമിപ്പിയ്ക്കാതെ പതുക്കെ മുഖമുയര്‍ത്തി. ആ കണ്ണുകളില്‍ ഉരുണ്ടു വരുന്ന നീര്‍മുത്തുകള്‍ അവര്‍ കണ്ടു.

“നുണ പറഞ്ഞതാണല്ലേ? കുട്ടാ, കുഞ്ഞിനെ ഇങ്ങനെ പട്ടിണിയ്ക്കിടാമോ? വിശന്നിട്ടാകും അവന്‍ കരഞ്ഞത്. മോനിവിടെ നില്ല്. ഞാനിതാ വരുന്നു” അവര്‍ പെട്ടെന്ന് വീടിനകത്തേയ്ക്കു പോയി.

അല്പ സമയത്തിനകം തിരിച്ചു വരുമ്പോള്‍ അവരുടെ കയ്യില്‍ സാരിത്തലപ്പു കൊണ്ടു മറച്ചു പിടിച്ച ഒരു കൊച്ചു പാത്രം. അതില്‍ കഞ്ഞിയില്‍ നിന്നും കോരിയെടുത്ത കുറച്ച് ചോറും അരികില്‍ എന്തോ കറിയും. അപ്പോഴും അവര്‍ ചുറ്റുപാടും നോക്കുന്നുണ്ട്. വേഗം തന്നെ വേലിയരികിലെത്തി ആ പാത്രം അവനു കൊടുത്തിട്ട് അവര്‍ പറഞ്ഞു.


“മോന്‍ വേഗം പോയി ഈ ചോറ് കൊച്ചിന് കൊടുക്ക്. പാത്രം ഞാന്‍ പിന്നെ വാങ്ങിക്കോളാം” മടിച്ചു മടിച്ചാണെങ്കിലും അവന്‍ ആ പാത്രം വാങ്ങി. അതുമായി വീട്ടിലേയ്ക്ക് ഓടി. കുറച്ചു കഴിഞ്ഞപ്പോള്‍‍ കുഞ്ഞിന്റെ കരച്ചില്‍ നിന്നു. രംഗം ശാന്തമായി.

‌‌‌**********************************************

എനിയ്ക്ക് ഓര്‍മ്മ വച്ച കാലം മുതല്‍ എന്റെവീട്ടില്‍ ഒരു പതിവുണ്ട്. ഞങ്ങള്‍ക്ക് കുറച്ച് നെല്‍പ്പാടം ഉണ്ടായിരുന്നു. (ഇപ്പോഴും ഉണ്ട് എങ്കിലും കൊയ്ത്തും മറ്റും വല്ലപ്പോഴുമായി. പണിക്കാരെ കിട്ടാനില്ല എന്നതു തന്നെ പ്രധാന കാരണം) എല്ലാ വര്‍ഷവും കൊയ്ത്തും മെതിയും കഴിഞ്ഞ് നെല്ല് അളന്നു മുറിയില്‍ കൂട്ടി, പണിക്കാര്‍ പിരിഞ്ഞു പോയിക്കഴിഞ്ഞാല്‍ അച്ഛന്‍ ആദ്യം ചെയ്യുന്ന ഒരു കാര്യമുണ്ട്. അതില്‍ നിന്നും രണ്ടോ മൂന്നോ പറ നെല്ല് അളന്ന് ഒരു ചാക്കിലാക്കി അയല്‍‌പക്കത്തെ വീട്ടിലേയ്ക്കു പോകും. എന്നിട്ട്, ആ നെല്ല് അവിടുത്തെ അമ്മൂട്ടി അമ്മൂമ്മയെ ഏല്‍പ്പിയ്ക്കും. എന്നാല്‍ അതിനു പണമോ മറ്റോ പകരം വാങ്ങുന്നതും കണ്ടിട്ടില്ല. ഈ സംഭവം എന്റെ ബാല്യത്തിലെ എല്ലാ കൊയ്ത്തു കാലത്തും ആവര്‍ത്തിയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ എന്നോ ഒരിയ്ക്കല്‍ ഞാന്‍ അച്ഛനോട് ചോദിച്ചു, ‘എന്തിനാണ് അച്ഛാ, അവര്‍ക്ക് വെറുതേ ഇങ്ങനെ നെല്ല് കൊടുക്കുന്നത്’ എന്ന്. അതിന് അച്ഛന്‍ മറുപടി പറഞ്ഞത് ഒരു കഥയാണ്. പിന്നീട് പലപ്പോഴും കേട്ടിട്ടുള്ള, ഒരിയ്ക്കലും മടുപ്പിയ്ക്കാത്ത ആ കഥയുടെ ചുരുക്കമാണ് മുകളില്‍ പറഞ്ഞിരിയ്ക്കുന്നത്.

കുട്ടിക്കാലത്ത് പലപ്പോഴും അച്ഛന്‍ പറഞ്ഞതു മുഴുവന്‍ മനസ്സിലാകാറില്ല. എങ്കിലും അങ്ങനെ ചെയ്യേണ്ടത് അച്ഛന്റെ ഒരു കടമയാണ് എന്ന് മാത്രം മനസ്സിലാക്കിയിരുന്നു. പിന്നീട് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രായമായപ്പോള്‍ മുകളില്‍ എഴുതിയിരിയ്ക്കുന്ന സംഭവങ്ങള്‍ പല തവണ ഞാന്‍ എന്റെ മനസ്സില്‍ കണ്ടിട്ടുണ്ട്. പലപ്പോഴും അതെല്ലാം ആലോചിച്ച് കണ്ണു നിറഞ്ഞിട്ടുമുണ്ട്. ആ കൂട്ടത്തിലെ മുതിര്‍ന്ന ആ കുട്ടി എന്റെ അച്ഛനായിരുന്നു. കൂടെ ഉണ്ടായിരുന്നത് എന്റെ അമ്മായിയും കുഞ്ഞച്ഛനും. സ്നേഹമയിയായ ആ അയല്‍ക്കാരി, അമ്മൂട്ടിയമ്മൂമ്മ ഇന്ന് ഭൂമുഖത്തില്ല.

പത്തു വയസ്സോളം പ്രായമുള്ളപ്പോഴാണ് അച്ഛന് സ്വന്തം അച്ഛനെ നഷ്ടപ്പെടുന്നത്. ക്ഷയരോഗിയായിരുന്ന അച്ഛീച്ചനെ അധിക നാള്‍ ശുശ്രൂഷിയ്ക്കാനും ചികിത്സിയ്ക്കാനും അക്കാലത്ത് വീട്ടുകാര്‍ക്ക് കഴിവില്ലായിരുന്നു. മൂന്നു കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും പട്ടിണി മാറ്റാന്‍ കൊച്ചമ്മൂമ്മ (അച്ചന്റെ അമ്മായി)അടുത്തുള്ള ഓട്ടുകമ്പനിയില്‍ പണിയ്ക്കു പോയി തുടങ്ങി. അതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം ആ കുടുംബത്തിലെ ദാരിദ്ര്യം മാറ്റാന്‍ തികയാതെ വന്നപ്പോള്‍ (അന്ന് അച്ഛീച്ചന്റെ അനുജനും അസുഖബാധിതനായി കീടപ്പിലായിരുന്നു) അമ്മൂമ്മയും പണിയ്ക്കു പോകാന്‍ നിര്‍ബന്ധിതയായി. അങ്ങനെ ഇളയ കുഞ്ഞിനെ നോക്കാനായി എന്റെ അച്ഛന് പഠനം നിറുത്തേണ്ടി വന്നു. പഠിയ്ക്കാന്‍ മിടുക്കനായിരുന്നിട്ടും അച്ഛന്റെ വിദ്യാഭ്യാസം പന്ത്രണ്ടാം വയസ്സില്‍ അവസാനിപ്പിയ്ക്കേണ്ടി വന്നു.

പലപ്പോഴും ഒരു നേരമാണ് വീട്ടില്‍ അടുപ്പു പുകഞ്ഞിരുന്നത്. അതു കൊണ്ടു തന്നെ പട്ടിണി അവര്‍ക്ക് ഒരു കൂടപ്പിറപ്പായിരുന്നു. അങ്ങനെയുള്ള ഒരു ദിവസത്തെ അനുഭവമാണ് മുകളില്‍ എഴുതിയിരിയ്ക്കുന്നത്. അക്കാലങ്ങളിലെല്ലാം വീടുകളില്‍ അമ്മായിയമ്മ ഭരണമായിരുന്നു. അയലത്തെ വീട്ടിലും സ്ഥിതി അതു തന്നെ. മരുമക്കള്‍ക്ക് ഭക്ഷണം വിളമ്പുന്നതു പോലും അമ്മായിയമ്മ തന്നെ. കുറഞ്ഞാലും കൂടിയാലും (ഒരിയ്ക്കലും കൂടാറില്ല എന്നത് മറ്റൊരു സത്യം) മിണ്ടാതെ, തരുന്നത് കഴിച്ചിട്ടു പോകണം. ആ അവസ്ഥയിലാണ് സ്വന്തം പാത്രത്തിലെ കഞ്ഞിയില്‍ നിന്നും ഊറ്റിയെടുത്ത് കിട്ടുന്ന ഒരു പിടി ചോറ് ആ അമ്മായിയമ്മ കാണാതെ അയല്‍‌പക്കത്തെ കുഞ്ഞിന് കൊണ്ടു കൊടുക്കാനുള്ള സന്മനസ്സ് ആ നല്ല അയല്‍ക്കാരി കാണിച്ചത് എന്നോര്‍ക്കണം. ഒരിയ്ക്കലല്ല, പല തവണ.

കാലം കടന്നു പോയി. പതുക്കെ പതുക്കെ ഞങ്ങളുടെ കുടുംബം കഷ്ടപ്പാടുകളില്‍ നിന്നും മോചനം നേടി. പിന്നീട് വളര്‍ന്നു വലുതായ ശേഷവും ആ നന്ദിയും കടപ്പാടും അച്ഛന്‍ ഒരിയ്ക്കലും മറന്നിട്ടില്ല. സ്വന്തമായി കുറച്ചു നെല്‍പ്പാടം വാങ്ങി, അവിടെ കൃഷി തുടങ്ങിയ ശേഷം അമ്മൂട്ടിയമ്മൂമ്മയുടെ മരണം വരെ ഒരിയ്ക്കല്‍ പോലും അയല്‍‌ വീട്ടിലേയ്ക്ക് അതിലൊരു പങ്ക് കൊടുക്കുന്നതില്‍ അച്ഛന്‍ മുടക്കു വരുത്തിയിട്ടില്ല. മരണ ശേഷവും അത് തുടര്‍ന്നിരുന്നുവെങ്കിലും മക്കളെല്ലാം ഭാഗം വച്ച് പിരിഞ്ഞ് പല വീടുകളില്‍ ആയപ്പോള്‍ ഈയടുത്ത കാലത്ത് അതു നിര്‍ത്തി. മാത്രമല്ല, ഇപ്പോള്‍ കൃഷിയും പഴയ പോലെ ഇല്ല.

മറ്റു ബന്ധുക്കളെക്കാള്‍ അച്ഛന് കടപ്പാടും സ്നേഹവും ആ അമ്മൂമ്മയോടായിരുന്നു. അമ്മൂട്ടിയമ്മൂമ്മയ്ക്കും അച്ഛനെ വല്യ സ്നേഹമായിരുന്നു, സ്വന്തം മകനെപ്പോലെ. ആ സ്നേഹം ആവോളം അനുഭവിയ്ക്കാനുള്ള ഭാഗ്യം കുട്ടിക്കാലത്ത് ഞങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.

കുട്ടിക്കാലത്ത് ഭക്ഷണം മുഴുവന്‍ കഴിയ്ക്കാതിരിയ്ക്കുമ്പോഴും തരുന്ന ഭക്ഷണം ഇഷ്ടപ്പെടാതെ, കുറച്ച് കഴിച്ച് മതിയെന്നു പറഞ്ഞ് കളയുമ്പോഴുമെല്ലാം അച്ഛന്‍ വഴക്കു പറയുമായിരുന്നു. ‘നിങ്ങള്‍ക്കൊന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് അറിയില്ല മക്കളേ’ എന്നു പറയും. അന്നൊന്നും അതില്‍ കാര്യമുണ്ടെന്ന് തോന്നിയിരുന്നില്ല. പക്ഷേ, വളര്‍ന്നു മനസ്സിലാക്കാനുള്ള പ്രാ‍യമായപ്പോള്‍ അച്ഛന്‍ പറയുന്നത് എന്തു കൊണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നു. ഒരു പക്ഷേ, അതു കൊണ്ടു കൂടിയാകാം ഇന്നും അല്പം പോലും ഭക്ഷണം വെറുതേ കളയാന്‍ തോന്നാത്തത്.

ഇന്ന് അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം എനിയ്ക്കറിയാം, അച്ഛന്‍ ചെയ്തിരുന്നതിന്റെ അര്‍ത്ഥം എന്താണെന്ന്. അന്നത്തെ ഒരു പിടി ചോറിനു പകരമാവില്ല ഞങ്ങള്‍ തിരിച്ചു ചെയ്യുന്നതൊന്നും എന്നും. ഈ ഫെബ്രുവരിയില്‍ അമ്മൂട്ടിയമ്മൂമ്മയുടെ പത്താം ചരമ വാര്‍ഷികമാണ്. ഈയവസരത്തില്‍ ഈ പോസ്റ്റ് ആ സ്നേഹനിധിയായ അമ്മൂമ്മയുടെ സ്മരണകള്‍ക്കു മുമ്പില്‍ സമര്‍പ്പിയ്ക്കുന്നു.