Monday, February 4, 2013

ഫിയൂസ്ക്യൂ


ബാംഗ്ലൂരില്‍ വന്ന് ജോലി കിട്ടിയ ശേഷം പരിചയപ്പെട്ട മലയാളികള്‍ കുറച്ചു പേരുണ്ടെങ്കിലും വളരെ അടുപ്പമുള്ള, എന്തും തുറന്നു പറയാവുന്നത്ര അടുപ്പമുള്ളവര്‍ ചുരുക്കമേയുള്ളൂ. അങ്ങനെയുള്ള ഒരാളാണ് എന്റെ സഹപ്രവര്‍ത്തകനായിരുന്ന പയസ് അഥവാ ഫിയൂസ് അഥവാ ഫിയൂസ് ക്യൂ. പയസ്സിന് ആ പേരു വന്ന കഥയാണിത്.  എന്തു കൊണ്ടോ ഞങ്ങളുടെ ടീമില്‍ ഒന്നിനു പുറകേ ഒന്നായി മലയാളികള്‍ വന്നു ചേര്‍ന്ന സമയമായിരുന്നു 2007-2009 കാലഘട്ടം.  ആദ്യം സോബു. പുറകേ ഞാന്‍. അതിനു പിന്നാലെ വന്ന ഏഴ് മലയാളികളില്‍ ആദ്യത്തെ ബാച്ചിലാണ് ബില്‍ബിയ്ക്കൊപ്പം പയസ്സും വന്നു ചേര്‍ന്നത്. (സരിത്, സുജിത്ത്, വിനീത്, അഭിലാഷ്, എന്‍ലിസ് എന്നിവരായിരുന്നു മറ്റുള്ളവര്‍).

ഞാന്‍ അവിടെ ജോയിന്‍ ചെയ്യാന്‍ വരുമ്പോള്‍ അവിടെ ആകെയുള്ള ഒരു മലയാളി സോബു മാത്രമായിരുന്നു. ഞങ്ങള്‍ അവിടെ ഒരുമിച്ച് ഏകദേശം ഒരു വര്‍ഷത്തോളം വര്‍ക്ക് ചെയ്തവെങ്കിലും അവിടെ വച്ച് എടുത്തു പറയാവുന്ന, അതല്ലെങ്കില്‍ ഓര്‍ത്ത് ചിരിയ്ക്കാവുന്ന തമാശകളൊന്നും ഉണ്ടായിരുന്നില്ല. (ഞാനും സോബുവും സഞ്ജുവും എല്‍ദോയും ലിനക്സ് പഠിച്ചത് ഒരുമിച്ചാണ്. അന്നത്തെ ചില സംഭവങ്ങള്‍ പിന്നീട് എഴുതാം). എന്നാല്‍ അതിനു ശേഷം മലയാളികളുടെ ഒരു കൂട്ടം തന്നെ വന്നു ചേര്‍ന്നതു കൊണ്ടാകണം പിന്നീടുള്ള ഒന്നു രണ്ടു വര്‍ഷം രസകരമായിരുന്നു. ഓരോ ദിവസവും എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകും അല്ലെങ്കില്‍ ഉണ്ടാക്കും. ബ്രേയ്ക്ക് ഫാസ്റ്റ്, ലഞ്ച് ഇടയ്ക്ക് ചായ കുടിയ്ക്കാന്‍ പോകുമ്പോള്‍... അങ്ങനെ എപ്പോഴായാലും ഞങ്ങള്‍ മലയാളിക്കൂട്ടം ഒരുമിച്ചു തന്നെ ആയിരിയ്ക്കും.

ഓരോ ദിവസവും കഫെയില്‍ എല്ലാവരും ഒത്തു കൂടുമ്പോള്‍ എല്ലാവര്‍ക്കും കൂടി പറഞ്ഞു ചിരിയ്ക്കാന്‍ എന്തെങ്കിലും ഒക്കെ കാണും. നേര്‍ച്ചക്കോഴി എന്നൊക്കെ പറയും പോലെ മിക്കവാറും നറുക്ക് വീഴുക പയസ്സിനു തന്നെ ആയിരിയ്ക്കും. ഇനി ഒന്നുമില്ലെങ്കിലും അവന്‍ മന:പൂര്‍വ്വമോ അല്ലാതെയും എന്തേലും ഒപ്പിച്ച് എടുക്കുകയും ചെയ്യും... കാര്യം എന്ത് ജോലി അവനെ ഏല്‍പ്പിച്ചാലും അവന്‍ അത് ചെയ്ത് തീര്‍ക്കുമെങ്കിലും ആ ഒരു കാര്യം നടന്നു കിട്ടാന്‍ മാനേജരായാലും ശരി, മറ്റാരായാലും ശരി ഒരു മൂന്നു നാലു തവണ എങ്കിലും അവന് Reminder Mail അയച്ചേ തീരൂ. മാത്രമല്ല, അത് എന്നത്തേയ്ക്കാണോ തീര്‍ക്കേണ്ടത് ആ ദിവസമേ അവന്‍ ആ വര്‍ക്ക് ചെയ്യുകയുമുള്ളൂ... എന്നാല്‍ മറ്റേതെങ്കിലും ടീമില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിലോ... ഒരു വാക്കു പറഞ്ഞാല്‍ മതി, സ്വന്തം വര്‍ക്ക് പെന്റിങ്ങ് ആക്കിയിട്ടാണെങ്കിലും അവന്‍ അവരെ സഹായിയ്ക്കുകയും ചെയ്യും. അങ്ങനെ തുടങ്ങി ചില പ്രത്യേകതകളൊക്കെ ഉണ്ട് ആശാന്റെ രീതികളില്‍.  ചിലപ്പോഴൊക്കെ ഡാറ്റാ സെന്ററില്‍ ഞങ്ങളുടെ ടീമില്‍ ആളില്ലാത്ത സമയത്തോ മറ്റോ എനിയ്ക്കെന്തെങ്കിലും സഹായം വേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ അവനോട് ഫ്രീയാണോ എന്ന് ചോദിച്ചാല്‍ അപ്പോ തന്നെ അവന്‍ എന്റെ കൂടെ വരികയും എന്റെ വര്‍ക്കില്‍ എന്നെ സഹായിയ്ക്കുകയുമൊക്കെ ചെയ്യും. എന്നിട്ട് എല്ലാം കഴിയുമ്പോഴായിരിയ്ക്കും അവന്‍ പറയുക ' എന്റെ ആവശ്യം കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്ക്കോട്ടെ, ശ്രീ? എന്നെ ഒരു പണി ഏല്‍പ്പിച്ചിട്ടാണ് ബില്‍ബി ഇങ്ങോട്ട് വിട്ടത്. ഇനി അതു ചെയ്യട്ടെ' എന്നൊക്കെ... അതാണ് അവന്‍!

അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പറയാനുണ്ട്. പക്ഷേ, ഇവിടെ ഇപ്പോള്‍ പറഞ്ഞു വന്നത് പയസ്സിന്റെ പേരിന് പരിവര്‍ത്തനം വന്ന കഥ ആണ്.  പയസ്സും ബില്‍ബിയും ടീമില്‍ ചേരുമ്പോള്‍ അന്നത്തെ ടീമിലുള്ള മലയാളികളല്ലാത്ത സഹപ്രവര്‍ത്തകര്‍ക്ക് ഒരു കൌതുകമായിരുന്നു.  രണ്ടു മലയാളികള്‍... രണ്ടു പേരും ഒരേ സെക്ഷനില്‍ (അന്ന് അവര്‍ Asset Management Team ലായിരുന്നു). പോരാത്തതിന് രണ്ടാളും എപ്പോഴും ഒരുമിച്ചേ നടക്കൂ... അങ്ങനെയങ്ങനെ. അക്കാലത്ത് വിന്‍ഡോസ് ഡാറ്റാ സെന്റര്‍ ടീമിലെ സതീഷാണ് ആദ്യമേ തന്നെ പയസ്സിന്റെ പേര് പയസ്സ് എന്നത് പിയൂസ് എന്ന് വിളിച്ചു തുടങ്ങിയത്. കര്‍ണ്ണാടകക്കാരനായ സതീഷിനോട് ഞങ്ങളെല്ലാം എത്ര തവണ ആ പേര് തിരുത്തി പറയിച്ചിട്ടും അവന്‍ പിന്നെയും 'പിയൂസ്' എന്ന വിളി തന്നെ തുടര്‍ന്നു. പതുക്കെ പതുക്കെ മറ്റുള്ളവരും അവനെ തമാശയ്ക്ക് പിയൂസ്സേ എന്ന് വിളിയ്ക്കാന്‍ തുടങ്ങി. അതേ പോലെ കോട്ടയം ജില്ലക്കാരനായ പയസ്സ് ആ നാട്ടുകാരായ പലരെയും എന്ന പോലെ പോലെ മിക്കപ്പോഴും "ഭ" എന്ന വാക്ക്  തെറ്റായി (തെറ്റാണെന്ന് അവന്‍ സമ്മതിയ്ക്കില്ല) "ഫ" എന്നാണ് ഉച്ചരിച്ചിരുന്നത്. (ഉദാ: ഭൂമി എന്നതിന് "ഫൂമി", ഭയങ്കരം, ഭീഭത്സം എന്നതിനൊക്കെ "ഫയങ്കരം", "ഫീഫത്സം" അങ്ങനെയങ്ങനെ. [മിക്കവാറും ഈ പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിയുമ്പോ എനിയ്ക്കൊരു അടി ഉറപ്പാ].  അങ്ങനെ പയസ്സിന് "ഫ" യോടുള്ള അമിത സ്നേഹം എന്ന ആ ഒറ്റക്കാരണം കൊണ്ടു തന്നെ പതുക്കെ പതുക്കെ ഞങ്ങളൊക്കെ അവന്റെ പേര് പിന്നെയും മാറ്റി "ഫിയൂസ്" എന്നാക്കി.

അങ്ങനെ നാളുകള്‍ കടന്നു പോയി. ഇതിനിടയില്‍ എപ്പോഴോ അന്നത്തെ മാനേജര്‍ ആയ സുധീര്‍ പയസ്സിനോടും ബില്‍ബിയോടും അവരുടെ വര്‍ക്കുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചാര്‍ട്ട് ആക്കുന്നതിനും അതു വച്ച്  ഡയഗ്രങ്ങള്‍ വരച്ച് അദ്ദേഹത്തിന് സബ്‌മിറ്റ് ചെയ്യുവാനും ആവശ്യപ്പെട്ടു. ഡയഗ്രങ്ങള്‍ വരയ്ക്കാനുള്ള സൌകര്യത്തിന്  "മൈക്രോസോഫ്റ്റ് വിഷ്യോ (Microsoft Visio)" എന്ന  സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്നത് നന്നായിരിയ്ക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

അതിന്റെ അടുത്ത ദിവസം തന്നെ രാവിലെ ഞാനും ബില്‍ബിയും ഒരുമിച്ച് ഇരുന്ന് വര്‍ക്ക് ചെയ്യുകയായിരുന്നു. ബില്‍ബി തലേന്ന് സുധീര്‍ ആവശ്യപ്പെട്ടതനുസരിച്ച് വിഷ്യോ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് ആവശ്യമായ ഡയഗ്രങ്ങള്‍ വരയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു.

അപ്പോഴാണ് ഒരു ചായയും കൊണ്ട് പയസ്സ് ആ മുറിയിലേയ്ക്ക് കടന്നു വന്നത്. ഞങ്ങളെ രണ്ടാളെയും വിഷ് ചെയ്ത് അവന്‍ അപ്പുറത്തെ ഒരു കസേരയില്‍ പോയിരുന്നു. എന്നിട്ട് ലാപ്‌ടോപ്പും ഓന്‍ ചെയ്ത് നേരെ യൂ ട്യൂബും ലോഡ് ചെയ്യുന്നതും നോക്കി ഇരിപ്പായി. (അത് അന്ന് അവന്റെ രു വീക്ക് നെസ്സ് ആയിരുന്നു. എത്ര പെന്റിങ്ങ് വര്‍ക്ക് ഉണ്ടെങ്കിലും എത്ര നേരം വൈകി ഓഫീസിലെത്തിയാലും ശരി... ആദ്യം തന്നെ അവന്‍ ചെയ്യുന്ന കാര്യം ലാപ് ടോപ്പ് തുറന്ന് യൂ ട്യൂബ് തുറക്കുക എന്നതായിരുന്നു, അതില്‍ എന്തെങ്കിലുമൊക്കെ കുറച്ചു നേരം നോക്കിയ ശേഷം സ്വന്തം ജീമെയിലും മറ്റും നോക്കിയ ശേഷം മാത്രമേ ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ നോക്കാനായി ഔട്ട്ലുക്ക് പോലും തുറക്കൂ.)

അപ്പോഴാണ് ബില്‍ബി എന്തോ വരയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അവന്‍ അവിടെ തന്നെ ഇരുന്നു കൊണ്ട് ബില്‍ബിയോട് വിളിച്ചു ചോദിച്ചു "അതെന്നാടാ ബില്‍ബീ, നീ ഈ ചെയ്യുന്നേ?"

"ഇന്നലെ സുധീര്‍ പറഞ്ഞത് നീ മറന്നു പോയോ? വിഷ്യോ ഉപയോഗിച്ച് നമ്മളോട് ചില ചാര്‍ട്ടും ഡയഗ്രവും ഒക്കെ വരച്ച് പുള്ളിയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞില്ലേ? പുള്ളിയ്ക്ക് ആത് ഏതോ മീറ്റിങ്ങിന് കാണിയ്ക്കേണ്ടതാണെന്ന്"  ബില്‍ബി മറുപടി പറഞ്ഞു. അപ്പോഴാണ് പയസ്സ് യൂ ട്യൂബും നോക്കി കൊണ്ടിരിയ്ക്കുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അതു കണ്ട് സ്വല്‍പം ദേഷ്യത്തില്‍ ബില്‍ബി തുടര്‍ന്നു " നീ ആ യൂ ട്യൂബ് ക്ലോസ് ചെയ്യുന്നുണ്ടോ? രാവിലെ വന്നാല്‍ അപ്പോ തുടങ്ങും... എന്നിട്ട് ആ വിഷ്യോ ഇന്‍സ്റ്റാള്‍ ചെയ്ത് മറ്റേ ഡയഗ്രം ശരിയാക്കാന്‍ നോക്ക്"

സത്യത്തില്‍ പയസ്സ് അന്നു വരെ വിഷ്യോ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നില്ല (കേട്ടിട്ടുണ്ടെന്നല്ലാതെ അന്ന് ഞാനും അത് ഉപയോഗിച്ചിട്ടില്ലായിരുന്നു കേട്ടോ). അതു കൊണ്ട് അവന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സെര്‍ച്ച് ചെയ്യുന്ന URL ഓപ്പണ്‍ ചെയ്ത് ബില്‍ബിയോട് വീണ്ടും ചോദിച്ചു. "എന്നാടാ, ആ സോഫ്റ്റ്‌വെയറിന്റെ പേരെന്നാന്നാ പറഞ്ഞേ?"

തന്റെ പണികള്‍ തുടരുന്നതിനിടയില്‍ തിരിഞ്ഞു നോക്കാതെ തന്നെ ബില്‍ബി മറുപടി പറഞ്ഞു "വിഷ്യോ... മൈക്രോസോഫ്റ്റ് വിഷ്യോ"

പയസ്സിന് കാര്യം ശരിയ്ക്ക് പിടി കിട്ടിയില്ല. ആശയക്കുഴപ്പത്തോടെ അവന്‍ വീണ്ടും ചോദിച്ചു. "എന്നതാണെന്ന്? M i c r o f t ... പിന്നെന്താ??? നീ ആ വിഷ്യോ ന്റെ സ്പെല്ലിങ്ങ് ഒന്ന് പറഞ്ഞേ..."

അപ്പോഴേയ്ക്കും ബില്‍ബി ചിരിച്ചു കൊണ്ട് എന്റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു. "ഇവന്റെ ഒരു കാര്യം നോക്കിയേ ശ്രീ... ഇപ്പോഴാണ് അത് തപ്പുന്നത് തന്നെ" തുടര്‍ന്ന് വീണ്ടും അവനോട് പറഞ്ഞു. എടാ... വിഷ്യോ... "അതായത്  "V"... "

അപ്പോഴേയ്ക്കും ഞാനും  ഇടയില്‍ കയറി പറഞ്ഞു "... I..."

അതേ... "V... I....S...I..." ബില്‍ബി തുടര്‍ന്നു.

"ആ പിന്നെ...? "പയസ്സിന് സ്പെല്ലിങ്ങ് മുഴുവനും അറിയണം.

ചിരിച്ചു കൊണ്ട് തമാശ പോലെ ഞാന്‍ ഇടയില്‍ പറഞ്ഞു..."Q" [ സമ്മര്‍ ഇന്‍ ബത്ലെഹേം എന്ന ചിത്രത്തില്‍ 'ജലന്തര്‍' എന്ന സ്ഥലത്തിന്റെ സ്പെല്ലിങ്ങ് ജയറാം കലാഭവന്‍ മണിയെ കൊണ്ട് പറയിപ്പിയ്ക്കുമ്പോള്‍ ജലന്തറിന്റെ സ്പെല്ലിങ്ങ് "Q.. U...E..." എന്നും പറഞ്ഞ് മണി പറയുന്ന സീനിനെ പറ്റി ഞങ്ങളെല്ലാവരും തന്നെ ഇടയ്ക്കിടെ പറഞ്ഞു ചിരിയ്ക്കാറുള്ളതോര്‍ത്ത്  പെട്ടെന്ന് പറഞ്ഞതാണ്]

"...O... അപ്പോഴേയ്ക്കും ബില്‍ബി സ്പെല്ലിങ്ങ് പറഞ്ഞു തീര്‍ത്തതായിരുന്നു. എന്നാലും ഞാന്‍ പറഞ്ഞതിലെ തമാശ പെട്ടെന്ന് ഉള്‍ക്കൊണ്ട് ബില്‍ബിയും അതില്‍ പങ്കു ചേര്‍ന്നു കൊണ്ട് ചിരിച്ചു കൊണ്ട് ആവര്‍ത്തിച്ചു... "തന്നെ തന്നെ... V... I...S...I...Q...O..."

തുടര്‍ന്ന് ഞാനും ബില്‍ബിയും സമ്മര്‍ ഇന്‍ ബത്‌ലേഹേമിലെ ആ സീനിനെ പറ്റി വീണ്ടും എന്തൊക്കെയോ പറഞ്ഞ് അതോര്‍ത്ത് ചിരിച്ചു വര്‍ത്തമാനം പറഞ്ഞ് ഞങ്ങളുടെ വര്‍ക്ക് തുടരുമ്പോള്‍ പുറകിലിരുന്ന് പയസ്സ്  "ശ്ശേ! "No Matching Word Found" എന്ന് പിറുപിറുക്കുന്നത് കേട്ടു.

തുടര്‍ന്ന് ബില്‍ബിയോടായി പറഞ്ഞു. "എടാ ബില്‍ബീ, നീ എവിടുന്നാ ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്തെടുത്തത്? ഈ ഓഫീസ് സൈറ്റില്‍ നിന്ന് തന്നെ ആണോ അതോ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതാണോ? എനിയ്ക്ക് ഇത് തപ്പിയിട്ട് കിട്ടുന്നില്ലല്ലോ"

"നീ ഇതെവിടെയാ തപ്പി നോക്കിയത്. ഞാന്‍ അവിടുന്ന് തന്നെ ഇന്ന് രാവിലെ അത് ഇന്‍സ്റ്റാള്‍ ചെയ്തതാണല്ലോ. ഞാന്‍ നോക്കട്ടെ" എന്നും പറഞ്ഞ് ബില്‍ബി എഴുന്നേറ്റ് പയസ്സിന്റെ അടുത്തേയ്ക്ക് ചെന്നു.

പയസ്സിന്റെ അടുത്തെത്തി, അവന്റെ ലാപ്‌ടോപ്പിലേയ്ക്ക് കുനിഞ്ഞ് നോക്കിയതും ബില്‍ബി പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ വിളിച്ചു "എന്റെ ശ്രീയേയ്... ഒന്നിങ്ങ് വന്നേ... ഇത് നോക്കിയേ, ഇവനെന്താ ഈ കാണിച്ചു വച്ചിരിയ്ക്കുന്നത് എന്ന്"

അവിടെ എന്താണ് സംഭവിച്ചിരിയ്ക്കുക എന്നറിയാനുള്ള ആകാംക്ഷയോടെ ഞാനും വേഗം അങ്ങോട്ട് എഴുന്നേറ്റ് ചെന്ന് അവനെന്താണ് ചെയ്തത് എന്ന് നോക്കി. എന്താണ് സംഭവം എന്ന് മനസ്സിലായതും എനിയ്ക്കും ചിരിയടക്കാന്‍ പറ്റാതായി.  ഞാനും ബില്‍ബിയും ചിരിച്ചു മറിയുന്നതും കണ്ടു കൊണ്ടാണ് സുജിത്ത് അങ്ങോട്ട് കയറി വന്നത്. ഞങ്ങള്‍ രണ്ടാളും ചിരിച്ചു കൊണ്ടു നില്‍ക്കുന്നതും കാര്യം മനസ്സിലാകാതെ പയസ്സ് അന്തം വിട്ടിരിയ്ക്കുന്നതും കണ്ട് അവനും കാര്യമന്വേഷിച്ചു. ബില്‍ബി സംഭവം ചുരുക്കി പറഞ്ഞിട്ട് സുജിത്തിനെയും പയസ്സിന്റെ ലാപ്‌ടോപ്പ് കാണിച്ചു കൊടുത്തു. സുജിത്തും തന്റെ സ്വതസിദ്ധമായ അട്ടഹാസം പോലുള്ള ചിരിയോടെ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നു.

അപ്പോഴും കാര്യം മനസ്സിലാകാതെ പയസ്സ് ചോദിച്ചു "നിങ്ങളെന്നാത്തിനാടാ ഈ ചിരിയ്ക്കുന്നേ? ഇതിലെങ്ങനെയാ അത് സെര്‍ച്ച് ചെയ്ത് എടുക്കുന്നേ എന്ന് പറയ്"

സുജിത്ത് പയസ്സിന്റെ പുറത്ത് തമാശയ്ക്ക് അടിച്ചു കൊണ്ട് ചോദിച്ചു. "ഇതെന്താടാ പയസ്സേ... വിഷ്യോ ന്റെ സ്പെല്ലിങ്ങിലെന്തിനാ ഒരു Q?"

"ങ് ഹേ? അതെന്താ, Q വേണ്ടേ?" പയസ്സിന് സംശയം മാറിയില്ല.

"എടാ, അത് ഞാന്‍ ഇടയ്ക്ക് കയറി ചുമ്മാ പറഞ്ഞതല്ലേ? സമ്മര്‍ ഇന്‍ ബത്‌ലെഹേം എന്ന ചിത്രത്തില്‍ മണി സ്പെല്ലിങ്ങ് പറഞ്ഞതു പോലെ വെറുതേ ബില്‍ബി പറഞ്ഞതിനിടയില്‍ പറഞ്ഞതല്ലേ? നമ്മള്‍ എത്ര തവണ ആ സിനിമയിലെ ആ തമാശയെ പറ്റി പറഞ്ഞ് ചിരിച്ചിരിയ്ക്കുന്നു. നിനക്ക് എന്നിട്ടും അത് മനസ്സിലായില്ലായിരുന്നോ?"   ഞാന്‍ ചിരി നിറുത്താതെ തന്നെ കുറച്ചു കൂടെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു.

"അതു ശരി. ശ്രീ അത് തമാശയ്ക്ക് പറഞ്ഞതായിരുന്നല്ലേ.. ഞാനോര്‍ത്ത് V...I...S...I...Q...O... എന്ന് തന്നെ ആണ് വിഷ്യോ യുടെ സ്പെല്ലിങ്ങ് എന്ന്. ശ്ശേ!"

ചെറിയ ജാള്യത കലര്‍ന്ന ചിരിയോടെ പയസ്സ് ഉരുവിട്ടു. എന്നിട്ട് visio എന്ന് സെര്‍ച്ച് ചെയ്തു. "ആഹ്... ഇപ്പോ സംഗതി കിട്ടി ട്ടോ"  അവനും ഞങ്ങളുടെ ചിരിയില്‍ പങ്കു ചേര്‍ന്നു.

"എന്നാലും എന്റെ പിയൂസ്സേ... വിഷ്യോ എന്ന വാക്കിന് Q എന്ന് ആരെങ്കിലും സ്പെല്ലിങ്ങ് പറഞ്ഞാലും നിനക്ക് അതും കൂടി ചേര്‍ത്ത് തപ്പി നോക്കാന്‍ എങ്ങനെ തോന്നിയെടാ?" സുജിത്തിന് പിന്നെയും വിസ്മയം.

"എടാ... അതേയ്... ചില വാക്കുകളില്‍ ചില ആല്‍ഫബെറ്റ്സ് സൈലന്റായി വരാറില്ലേ? ഉദാഹരണമായി OFTEN എന്ന വാക്കില്‍ T പോലെ, ഞാനോര്‍ത്തു വിഷ്യോ യില്‍ അതേ പോലെ ഈ Q യും സൈലന്റായിരിയ്ക്കും എന്ന്..." പയസ്സ് ചിരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി.

തുടര്‍ന്നങ്ങോട്ട് ഈ കഥ അവിടെയുള്ള മലയാളികള്‍ക്കിടയില്‍ പടരാന്‍ അധിക സമയം വേണ്ടി വന്നില്ല. ആ സംഭവത്തോടെ പയസ്സിന്റെ പേരിന് പിന്നെയും പരിണാമം സംഭവിച്ചു എന്നതാണ് മറ്റൊരു കാര്യം.

അവിടുന്നങ്ങോട്ട് ഞങ്ങള്‍ക്കിടയില്‍ പയസ്സ് "ഫിയൂസ്ക്യൂ" എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.  അതു പിന്നെയും ചുര്ങ്ങിചുരുങ്ങി വെറും "ക്യൂ" എന്ന് മാത്രമായി പലപ്പോഴും. "ക്യൂ എവിടെ" , "ഇന്ന്  ക്യൂ വിനെ കണ്ടില്ലല്ലോ", "എടാ  നമ്മുടെ ക്യൂ അവിടുണ്ടോ" എന്നൊക്കെയുള്ള രീതിയിലുള്ള സംഭാഷണങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ പതിവായി.

അതു മാത്രമല്ല... രാവിലെ ഓഫീസ് ചാറ്റില്‍ വിഷ് ചെയ്യുമ്പോള്‍ പോലും "GoodQ Morning" എന്നോ "QMorning" എന്നോ അതുമല്ലെങ്കില്‍ "GMQ" എന്നോ ഒക്കെ പരസ്പരം വിഷ് ചെയ്യലും പതിവായി. പക്ഷേ ഓരോ വാചകത്തിന്റെയും കൂടെ ബ്രായ്ക്കറ്റില്‍ മറ്റൊന്നു കൂടി ഉണ്ടാകും (Q is silent)

മുന്‍കൂര്‍ ജാമ്യം: ഈ പോസ്റ്റ് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കോ പയസ്സിനെയും അവന്റെ രീതികളെയും അറിയുന്നവര്‍ക്കോ അല്ലാതെ മറ്റുള്ളവര്‍ക്ക് അത്രയ്ക്ക് രസകരമായി തോന്നുമോ എന്നറിയില്ല.